മൂസാ നബി عليه السلام യുടെ കാലത്ത് ഈജിപ്റ്റ് ഭരിച്ചിരുന്ന ഏറ്റവും വലിയ അക്രമിയായ ഭരണാധികാരിയായിരുന്നു ഫിർഔൻ. ഫിർഔനിന്റെ അക്രമത്തെ കുറിച്ചും പീഢനത്തെ കുറിച്ചും വിശുദ്ധ ഖുർആൻ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
فَقَالَ أَنَا۠ رَبُّكُمُ ٱلْأَعْلَىٰ
അവന്‍ (ഫിർഔൻ) പറഞ്ഞു: ഞാന്‍ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവാകുന്നു. (ഖു൪ആന്‍:79/24)
وَإِنَّ فِرْعَوْنَ لَعَالٍ فِى ٱلْأَرْضِ وَإِنَّهُۥ لَمِنَ ٱلْمُسْرِفِينَ
തീര്‍ച്ചയായും ഫിര്‍ഔന്‍ ഭൂമിയില്‍ ഔന്നത്യം നടിക്കുന്നവന്‍ തന്നെയാകുന്നു. തീര്‍ച്ചയായും അവന്‍ അതിരുകവിഞ്ഞവരുടെ കൂട്ടത്തില്‍ത്തന്നെയാകുന്നു. (ഖു൪ആന്‍:10/83)
وَأَضَلَّ فِرْعَوْنُ قَوْمَهُۥ وَمَا هَدَىٰ
ഫിര്‍ഔന്‍ തന്‍റെ ജനതയെ ദുര്‍മാര്‍ഗത്തിലാക്കി. അവന്‍ നേര്‍വഴിയിലേക്ക് നയിച്ചില്ല. (ഖു൪ആന്‍:20/79)
അക്രമിയായ ഭരണാധികാരിയായിരുന്ന ഫിർഔനിന്റെ ഭാര്യയായിരുന്നു ആസിയ ബിന്‍ത് മുസാഹിം. അവർ സത്യവിശ്വാസം സ്വീകരിച്ചിരുന്നു. ഫിർഔൻ മൂസാ നബി عليه السلام യെയും വിശ്വാസികളെയും ഉന്മൂലനം ചെയ്യാന്‍ തയ്യാറായപ്പോള്‍ അതിനെതിരില്‍ അവര്‍ പ്രതികരിച്ചു. തന്റെ വിശ്വാസം അവര്‍ പരസ്യപ്പെടുത്തുകയും ചെയ്തു. ഫിര്‍ഔനിന്റെ അക്രമങ്ങളോ അഭീഷ്ടങ്ങളോ വകവെക്കാതെ, അവര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും, ആ വിശ്വാസം നിലനിര്‍ത്തുവാന്‍ വേണ്ടി വമ്പിച്ച ത്യാഗങ്ങള്‍ വരിക്കുകയും, എല്ലാം അല്ലാഹുവില്‍ അര്‍പ്പിക്കുകയും ചെയ്തു. അങ്ങിനെ അവര്‍ക്ക് അല്ലാഹുവിങ്കല്‍ മഹത്തായ സ്ഥാനമാനങ്ങള്‍ ലഭിക്കുകയും ചെയ്തു. സത്യവിശ്വാസികള്‍ക്ക് ഉദാഹരണമായി രണ്ട് വനിതകളെയാണ് അല്ലാഹു വിശുദ്ധ ഖുർആനിൽ എടുത്തുപറയുന്നത്. ഒന്ന്, ഫിർഔനിന്റെ ഭാര്യ ആസിയയും മറ്റൊന്ന്, ഇംറാന്റെ മകൾ മർയമും ആണ്. ഈയൊരു പദവിയിലേക്ക് അല്ലാഹു ആസിയയെ ഉയർത്തി.
وَضَرَبَ ٱللَّهُ مَثَلًا لِّلَّذِينَ ءَامَنُوا۟ ٱمْرَأَتَ فِرْعَوْنَ إِذْ قَالَتْ رَبِّ ٱبْنِ لِى عِندَكَ بَيْتًا فِى ٱلْجَنَّةِ وَنَجِّنِى مِن فِرْعَوْنَ وَعَمَلِهِۦ وَنَجِّنِى مِنَ ٱلْقَوْمِ ٱلظَّٰلِمِينَ
സത്യവിശ്വാസികള്‍ക്ക് ഒരു ഉപമയായി അല്ലാഹു ഫിര്‍ഔന്‍റെ ഭാര്യയെ എടുത്തു കാണിച്ചിരിക്കുന്നു. അവള്‍ പറഞ്ഞ സന്ദര്‍ഭം: എന്‍റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിത്തരികയും, ഫിര്‍ഔനില്‍ നിന്നും അവന്റെ പ്രവര്‍ത്തനത്തില്‍ നിന്നും എന്നെ നീ രക്ഷിക്കേണമേ. അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ. (ഖുർആൻ:66/11)
وهذه المرأة هي آسية بنت مزاحم ، رضي الله عنها
ഈ വനിത ആസിയ ബിന്‍ത് മുസാഹിം رضي الله عنها യാണ്. (തഫ്സീർ ഇബ്നുകസീർ)
وهي آسية بنت مزاحم رضي الله عنها
അവൾ ആസിയ ബിന്‍ത് മുസാഹിം رضي الله عنها യാണ്. (തഫ്സീറുസ്സഅ്ദി)
വിശ്വാസികള്‍ക്കായി ഒരുക്കിവെച്ചിട്ടുള്ള സ്വര്‍ഗത്തിലെ അനുഭൂതികള്‍ക്കായി ഫിര്‍ഔനിന്റെ കൊട്ടാരത്തിലെ എല്ലാവിധ സുഖസൗകര്യങ്ങളും വെടിയാന്‍ അവര്‍ തയ്യാറായി.
عن أبي هريرةَ رضي اللهُ عنه: أنَّ فِرعونَ أوْتَدَ لامرأتِهِ أربعةَ أوتادٍ في يديها ورجليها فكان إذا تَفَرَّقوا عنها أطلقتها الملائِكَةُ فقالتْ: رَبِّ ابْنِ لِي عِنْدَكَ بَيْتًا فِي الْجَنَّةِ وَنَجِّنِي مِنْ فِرْعَوْنَ وَعَمَلِهِ وَنَجِّنِي مِنَ الْقَوْمِ الظَّالِمِينَ فكشَفَ لها عَن بيْتها في الجنةِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: (തന്റെ ഭാര്യയായ ആസിയാ മൂസാ നബിയിൽ വിശ്വസിച്ച കാര്യം ഫിർഔൻ അറിഞ്ഞപ്പോൾ) ഫിർഔൻ തന്റെ ഭാര്യയുടെ രണ്ട് കൈകളിലും രണ്ട് കാലുകളിലുമായി നാല് ആണികൾ അടിച്ചു. അങ്ങനെ അവർ വിട്ടുപോയപ്പോൾ മലക്കുകൾ വന്നു ആസിയാ ബീവിക്ക് തണലേകി. അവർ പ്രാര്‍ത്ഥിച്ചു: എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിത്തരികയും, ഫിര്‍ഔനില്‍ നിന്നും അവന്റെ പ്രവര്‍ത്തനത്തില്‍ നിന്നും അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യണമേ. അപ്പോൾ സ്വർഗത്തിലെ വീട് കാണിച്ചുകൊടുത്തു. (അബൂയഅ്ല)
فوصفها الله بالإيمان والتضرع لربها، وسؤالها لربها أجل المطالب، وهو دخول الجنة، ومجاورة الرب الكريم، وسؤالها أن ينجيها الله من فتنة فرعون وأعماله الخبيثة، ومن فتنة كل ظالم، فاستجاب الله لها، فعاشت في إيمان كامل، وثبات تام، ونجاة من الفتن،
തന്റെ രക്ഷിതാവിന് വിനയവും വിശ്വാസവും കാണിച്ചെന്നാണ് അല്ലാഹു അവരെക്കുറിച്ച് പറഞ്ഞത്. അവരുടെ ആവശ്യമാകട്ടെ മഹത്ത്വമേറിയതും. അത് സ്വര്‍ഗപ്രവേശമാണ്; അത്യുദാരനായ രക്ഷിതാവിന്റെ സാമീപ്യവും. ഫിര്‍ഔനിന്റെ കുഴപ്പങ്ങളില്‍ നിന്നും മോശമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും രക്ഷപ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു; എല്ലാ അക്രമികളുടെയും പീഡനങ്ങളില്‍ നിന്നും. അല്ലാഹു അവരുടെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കി. പൂര്‍ണവിശ്വാസത്തോടെ അവര്‍ ജീവിച്ചു; പൂര്‍ണ സ്ഥൈര്യത്തോടെ, എല്ലാ പീഡനങ്ങളില്‍ നിന്നും രക്ഷപ്പെട്ട്. (തഫ്സീറുസ്സഅ്ദി)
അതുകൊണ്ടാണ് നബി ﷺ ഇപ്രകാരം പറഞ്ഞിട്ടുള്ളത്.
عَنْ أَبِي مُوسَى الأَشْعَرِيِّ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : كَمَلَ مِنَ الرِّجَالِ كَثِيرٌ، وَلَمْ يَكْمُلْ مِنَ النِّسَاءِ إِلاَّ مَرْيَمُ بِنْتُ عِمْرَانَ، وَآسِيَةُ امْرَأَةُ فِرْعَوْنَ، وَفَضْلُ عَائِشَةَ عَلَى النِّسَاءِ كَفَضْلِ الثَّرِيدِ عَلَى سَائِرِ الطَّعَامِ
അബൂമൂസൽ അശ്അരിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺപറഞ്ഞു: പുരുഷന്മാരിൽ പൂർണ്ണത നേടിയവർ ധാരാളമുണ്ട്. (എന്നാൽ) സ്ത്രീകളിൽ പൂർണ്ണത നേടിയവർ ഇല്ല, ഇംറാന്റെ മകൾ മർയമും ഫിര്‍ഔന്‍റെ ഭാര്യയായ ആസിയയും അല്ലാതെ. മറ്റ് സ്ത്രീകളേക്കാൾ ആഇശയുടെ ശ്രേഷ്ഠത മറ്റ് ഭക്ഷണങ്ങളേക്കാൾ താരിദിന്റെ (മാംസവും മറ്റും ചേര്‍ത്തുണ്ടാകുന്ന ഭക്ഷണം) ശ്രേഷ്ഠത പോലെയാണ്. (ബുഖാരി:3769)
عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ رضى الله عنهما قال رسول الله صلى الله عليه وسلم : أفضلُ نِساءِ أهلِ الجنةِ خديجةُ بنتُ خُوَيْلِدٍ، وفاطمةُ بنتُ محمدٍ، ومريمُ بنتُ عِمْرانَ، وآسِيَةُ بنتُ مُزاحِمٍ امرأةُ فِرْعَوْنَ
അബ്ദില്ലാഹിബ്നു അബ്ബാസ് رضى الله عنهما യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വർഗ സ്ത്രീകളിലെ ശ്രേഷ്ഠവതികൾ ഖദീജ ബിൻത് ഖുവൈലിദ്, ഫാത്വിമ ബിൻത് മുഹമ്മദ്, മർയം ബിൻത് ഇംറാൻ, ഫിർഔന്റെ ഭാര്യയായ ആസിയ ബിൻത് മുസാഹിം എന്നിവരാണ്. (അഹ്മദ്)
ഏറ്റവും വലിയ സത്യനിഷേധിയും ദൈവധിക്കാരിയുമായ ഫിര്‍ഔന്റെ ഭാര്യ അന്ത്യനാള്‍വരെയുള്ള സത്യവിശ്വാസികള്‍ക്ക് മാതൃകയാണെന്ന് അല്ലാഹു നമ്മെ അറിയിക്കുന്നതില്‍ നമുക്കേറെ പഠിക്കാനുണ്ട്. സത്യനിഷേധിയുടെ ഭാര്യയായി എന്നതുകൊണ്ട് അവരുടെ സത്യവിശ്വാസത്തിന് ഒരു പോറലും സംഭവിച്ചില്ല. മര്‍ദനങ്ങള്‍ അവരുടെ വിശ്വാസത്തിന് മാറ്റുകൂട്ടുകയാണുണ്ടായത്. ആര് സത്യവിശ്വാസം സ്വീകരിച്ചുവോ അവര്‍ സുരക്ഷിതരായി.
അല്ലാഹുവിന്റെ മതത്തിന്റെ ആദര്‍ശം ഹൃദയത്തിലേക്ക് പ്രവേശിച്ചാലുണ്ടാകുന്ന കരുത്താണ് ആസിയ رضي الله عنها യുടെ ജീവിതത്തില്‍ നാം കാണുന്നത്. ഭര്‍ത്താവായ ഫിര്‍ഔന്‍ അല്ലാഹുവിന്റെ ദീനിനെതിരില്‍ കല്‍പിച്ചപ്പോള്‍ അല്ലാഹുവിന് വേണ്ടി ഭര്‍ത്താവിന്റെ മര്‍ദനം സ്വീകരിച്ചു. അല്ലാഹുവിന്റെയും റസൂലിന്റെയും കല്‍പനക്ക് എതിരായി ഭര്‍ത്താവ് കല്‍പിക്കുമ്പോള്‍ അതിന് അനുഗുണമായി നില്‍ക്കുന്നവര്‍ക്ക് ധൈര്യം നല്‍കുന്ന ചരിത്രമാണ് ആസിയ رضي الله عنها യുടെ ചരിത്രം.