ഈമാനും ഇസ്ലാമും

THADHKIRAH

‘ഈമാൻ’, ‘ഇസ്ലാം’ എന്നീ പദങ്ങൾ കേൾക്കാത്ത മുസ്ലിംകളുണ്ടാകില്ല. എന്നാൽ ഇവ തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചും ഇവ തമ്മിലുള്ള ബന്ധത്തെ കുറിച്ചും ചിന്തിച്ചിട്ടുണ്ടോ?

‘ഈമാൻ’ എന്നത് വിശ്വാസത്തെ കുറിക്കുന്നു. നബി ﷺ യുടെ അടുക്കലേക്ക് ജിബ്‌രീല്‍ عليه السلام വന്ന് സംസാരിച്ച ഹദീസില്‍ ഇപ്രകാരം കാണാം:

قَالَ: فَأَخْبِرْنِي عَنْ الْإِيمَانِ. قَالَ: أَنْ تُؤْمِنَ بِاَللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ.قَالَ: صَدَقْت.

ജിബ്രീൽ ചോദിച്ചു: ‘ഈമാന്‍ എന്താണെന്ന അറിയിച്ച്‌ തന്നാലും’  അപ്പോള്‍ നബി ﷺ പറഞ്ഞു: ‘ഈമാന്‍ എന്നാല്‍ അല്ലാഹുവിലും അവന്റെ മലക്കുകളിലും, അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ പ്രവാചകന്മാരിലും, അവസാന നാളിലും, വിശ്വസിക്കലാകുന്നു. നീ ഖദ്റില്‍, അതിന്റെ നന്‍മയിലും അതിന്റെ തിന്‍മയിലും വിശ്വസിക്കലുമാണ് ഈമാന്‍.’ ജിബ്രീൽ പറഞ്ഞു: ‘നീ സത്യം പറഞ്ഞു’.

إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ إِذَا ذُكِرَ ٱللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ ءَايَٰتُهُۥ زَادَتْهُمْ إِيمَٰنًا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ

അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച് നടുങ്ങുകയും, അവന്‍റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍. (ഖുർആൻ:8/2)

إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَرَسُولِهِۦ ثُمَّ لَمْ يَرْتَابُوا۟ وَجَٰهَدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ فِى سَبِيلِ ٱللَّهِ ۚ أُو۟لَٰٓئِكَ هُمُ ٱلصَّٰدِقُونَ

അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കുകയും പിന്നീട് സംശയിക്കാതിരിക്കുകയും, തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവരാരോ അവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍. അവര്‍ തന്നെയാകുന്നു സത്യവാന്‍മാര്‍. (ഖുർആൻ:49/15)

قال الحسن البصرى :  ليس الايمان بالتمني ولا بالتحلي ، ولكن هو ما وقر في القلب وصدقه بالعمل

ഇമാം ഹസനുൽ ബസ്വരി رحمه الله പറഞ്ഞു: ഹൃദയത്തില്‍ രൂഢമായതും പ്രവര്‍ത്തനം സത്യപെടുത്തുന്നതുമാണ് ഈമാന്‍. അല്ലാതെ വ്യാമോഹങ്ങള്‍ കൊണ്ടോ ഉടയാടകള്‍ കൊണ്ടോ ഉണ്ടാകുന്നതല്ല.

നബി ﷺ യുടെ സ്വഹാബികളെ കുറിച്ച് അല്ലാഹു പറഞ്ഞതു കാണുക:

وَلَٰكِنَّ ٱللَّهَ حَبَّبَ إِلَيْكُمُ ٱلْإِيمَٰنَ وَزَيَّنَهُۥ فِى قُلُوبِكُمْ

എങ്കിലും അല്ലാഹു നിങ്ങള്‍ക്ക് സത്യവിശ്വാസത്തെ പ്രിയങ്കരമാക്കിത്തീര്‍ക്കുകയും, നിങ്ങളുടെ ഹൃദയങ്ങളില്‍ അത് അലംകൃതമായി തോന്നിക്കുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍ :49/7)

وقوله : ( ولكن الله حبب إليكم الإيمان وزينه في قلوبكم ) أي : حببه إلى نفوسكم وحسنه في قلوبكم .

അതായത്: നിങ്ങൾക്ക് നിങ്ങളുടെ സ്വന്തത്തിൽ ഇഷ്ടമുള്ളതാക്കി തരികയും, ഹൃദയത്തിൽ നല്ലതാക്കി തരികയും ചെയ്തു. (ഇബ്നുകസീർ)

ഈമാന്‍ ഹൃദയത്തിലുള്ള വിശ്വാസമാണെങ്കിൽ ഇസ്‌ലാമാകട്ടെ ആ വിശ്വാസത്തിന്റെ അടിസ്‌ഥാനത്തിലുള്ള അനുസരണവും പ്രവർത്തനവുമാണ്. നബി ﷺ യുടെ അടുക്കലേക്ക് ജിബ്‌രീല്‍ عليه السلام വന്ന് സംസാരിച്ച ഹദീസില്‍ ഇപ്രകാരം കാണാം:

قَالَ: يَا مُحَمَّدُ أَخْبِرْنِي عَنْ الْإِسْلَامِ. فَقَالَ رَسُولُ اللَّهِ صلى الله عليه و سلم الْإِسْلَامُ أَنْ تَشْهَدَ أَنْ لَا إلَهَ إلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَتُقِيمَ الصَّلَاةَ، وَتُؤْتِيَ الزَّكَاةَ، وَتَصُومَ رَمَضَانَ، وَتَحُجَّ الْبَيْتَ إنْ اسْتَطَعْت إلَيْهِ سَبِيلًا. قَالَ: صَدَقْت .

ജിബ്രീൽ ചോദിച്ചു: ‘അല്ലയോ മുഹമ്മദ്, ഇസ്ലാം എന്താണെന്ന് അറിയിച്ച് തന്നാലും?’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘ഇസ്ലാം എന്നാല്‍, അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും, മുഹമ്മദ്‌ അവന്റെ റസൂല്‍(ദൂതന്‍) ആണെന്നും നീ സാക്ഷ്യപ്പെടുത്തലും, നമസ്കാരം നിലനിര്‍ത്തലും, നിര്‍ബന്ധദാനമായ സകാത്ത് കൊടുക്കലും, റമളാന്‍ മാസത്തില്‍ വൃതമനുഷ്ടിക്കലും, കഴിയുമെങ്കില്‍ പരിശുദ്ധ ഹജ്ജ് കര്‍മ്മം ചെയ്യലുമാകുന്നു.’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘താങ്കള്‍ സത്യം പറഞ്ഞു’.

ഈമാൻ ഉൾക്കൊണ്ടവർ ആരാണെന്ന് പറഞ്ഞതിന് ശേഷം അവരുടെ അടയാളമായി അല്ലാഹു പറഞ്ഞിട്ടുള്ളതുകൂടി കാണുക.

إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ إِذَا ذُكِرَ ٱللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ ءَايَٰتُهُۥ زَادَتْهُمْ إِيمَٰنًا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ ‎﴿٢﴾‏ ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَمِمَّا رَزَقْنَٰهُمْ يُنفِقُونَ ‎﴿٣﴾‏ أُو۟لَٰٓئِكَ هُمُ ٱلْمُؤْمِنُونَ حَقًّا ۚ لَّهُمْ دَرَجَٰتٌ عِندَ رَبِّهِمْ وَمَغْفِرَةٌ وَرِزْقٌ كَرِيمٌ ‎﴿٤﴾

അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച് നടുങ്ങുകയും, അവന്‍റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍.  നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവര്‍. അവര്‍ തന്നെയാണ് യഥാര്‍ത്ഥത്തില്‍ വിശ്വാസികള്‍. അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ പല പദവികളുണ്ട്‌. പാപമോചനവും ഉദാരമായ ഉപജീവനവുമുണ്ട്‌. (ഖു൪ആന്‍:8/2-4)

ഈമാൻ കൂടാതെയുള്ള ഇസ്‌ലാം അല്ലാഹുവിങ്കൽ സ്വീകാര്യമല്ല. ഈമാന്റെ അനിവാര്യ ഫലമത്രെ ഇസ്‌ലാം. അതേസമയത്ത് ഇസ്‌ലാം ഉണ്ടായതുകൊണ്ട് ഈമാൻ ഉണ്ടായിക്കൊള്ളണമെന്നില്ല. അല്ലാഹു പറയുന്നത് കാണുക:

قَالَتِ ٱلْأَعْرَابُ ءَامَنَّا ۖ قُل لَّمْ تُؤْمِنُوا۟ وَلَٰكِن قُولُوٓا۟ أَسْلَمْنَا وَلَمَّا يَدْخُلِ ٱلْإِيمَٰنُ فِى قُلُوبِكُمْ

ഗ്രാമീണ അറബികള്‍ പറയുന്നു; ‘ഞങ്ങള്‍ ഈമാൻ ഉൾക്കൊണ്ടിരിക്കുന്നു’ എന്ന്‌. നീ പറയുക: ‘നിങ്ങള്‍ ഈമാൻ ഉൾക്കൊണ്ടിട്ടില്ല’. എന്നാല്‍ ‘ഞങ്ങൾ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു’ എന്ന് നിങ്ങള്‍ പറഞ്ഞു കൊള്ളുക. ഈമാൻ നിങ്ങളുടെ ഹൃദയങ്ങളില്‍ പ്രവേശിച്ചു കഴിഞ്ഞിട്ടില്ല. (ഖു൪ആന്‍:49/14)

ഈമാനുള്ളവരെല്ലാം ഇസ്‌ലാമുള്ളവർ ആയിരിക്കുമെന്ന് തീര്‍ച്ചയാണ്. പക്ഷെ, ഇസ്‌ലാമുള്ളവരെല്ലാം യഥാര്‍ത്ഥ ഈമാനുള്ളവരായിക്കൊള്ളണമെന്നില്ല. അവരില്‍ കപടന്മാരും ഉണ്ടാകാവുന്നതാണ്. എന്നാൽ, ഹൃദയത്തിൽ വിശ്വാസമുണ്ടോ എന്നറിയുവാൻ മനുഷ്യനു സാധ്യമല്ല. അല്ലാഹുവിന് മാത്രമേ അതറിയുകയുള്ളൂ. എങ്കിലും, ഇസ്‌ലാമിനെ അംഗീകരിച്ചു കാണുന്ന ഏവരെക്കുറിച്ചും അവർ മുസ്‌ലിമും മുഅ്മിനും ആണെന്ന് അഥവാ ഇസ്‌ലാമും ഈമാനും കൂടിയുണ്ടെന്നു  വിധി കൽപിക്കുവാനെ നമുക്ക് നിർവ്വാഹമുള്ളൂ. ഇസ്ലാമിന്റെ നിയമവും അത് തന്നെ.

ലക്ഷ്യവും, തെളിവും വർദ്ധിക്കുന്തോറും ഈമാൻ ശക്തിപ്പെട്ടുകൊണ്ടിരിക്കും. സൽക്കർമങ്ങൾ അതിനെ പോഷിപ്പിക്കുകയും ചെയ്യും. നേരെമറിച്ച് ആശയക്കുഴപ്പങ്ങളും സംശയങ്ങളും ഈമാനെ ക്ഷയിപ്പിക്കുകയും, ദുഷ്ക്കർമങ്ങൾ അതിനു തേയ്മാനം വരുത്തുകയും ചെയ്യും.

അഹ്‌ലുസ്സുന്ന:വൽ ജമാഅത്തിലെ പണ്ഡിതന്മാരുടെ അഭിപ്രായമനുസരിച്ച് ഇസ്‌ലാമും ഈമാനും ഒന്നിച്ച് ഖുർആനിലോ ഹദീസിലോ വന്നാൽ അതിന് മേൽ പറഞ്ഞതുപോലെ രണ്ട് അർത്ഥങ്ങളാണുണ്ടാവുക.  അപ്പോൾ ഇസ്‌ലാം ബാഹ്യമായ പ്രവർത്തനങ്ങളെയും ഈമാൻ ആന്തരികമായ പ്രവർത്തനങ്ങളുയുമാണ് സൂചിപ്പിക്കുന്നത്. എന്നാൽ അത് രണ്ടും വെവ്വേറെ വന്നാൽ, ഒന്ന് മറ്റൊന്നിനെ ഉൾകൊള്ളുന്നതാണ്.

പരിപൂര്‍ണവിശ്വാസത്തോടൊപ്പം അതിന്‍റെ സിദ്ധാന്തങ്ങള്‍ നിരുപാധികമായി സ്വീകരിക്കുന്നവരാരോ അവരാണ് അതിന്‍റെ ഭാഷയില്‍ മുഅ്മിനുകള്‍ (സത്യവിശ്വാസികള്‍). ഈ അടിസ്ഥാനത്തിലുള്ള നടപടിക്രമങ്ങളും, അനുഷ്ഠാനമുറകളും, ആചാരമര്യാദകളും സ്വീകരിക്കുന്നവരെക്കുറിച്ചാണ് അത് ‘മുസ്‌ലിംകള്‍’ എന്നു പറയുന്നതും. (അമാനി തഫ്സീ൪ – ആമുഖത്തിൽ നിന്നും)

ഇസ്‌ലാമിനെ പ്രാവര്‍ത്തികമാക്കുകവഴി അല്ലാഹുവിനു കീഴ്പെട്ട്‌ അനുസരണം കാണിക്കുന്നവന്‍ എന്നത്രെ ‘മുസ്‌ലിം’ (مسلم) എന്ന വാക്കിന്‍റെ വിവക്ഷ. മനപൂര്‍വ്വം സത്യവിശ്വാസം സ്വീകരിച്ചവന്‍ എന്നാണ് ‘മുഅ്മിന്‍’ എന്ന വാക്കിന്‍റെ താല്‍പര്യം. ചിലപ്പോള്‍ ഈ വാക്കുകള്‍ (ഇസ്‌ലാം – ഈമാന്‍ എന്നിവയും, മുസ്‌ലിം – മുഅ്മിന്‍ എന്നിവയും) ഒരേ ഉദ്ദേശ്യത്തിലും ഉപയോഗിക്കാറുണ്ട്. ഇസ്ലാമില്ലാത്ത ഈമാന്‍കൊണ്ടു പ്രയോജനമില്ല; ഈമാനില്ലാത്ത ഇസ്‌ലാംകൊണ്ടും പ്രയോജനമില്ല. അഥവാ ശരിയായ ഈമാനുണ്ടെങ്കില്‍ ഇസ്‌ലാം ഉണ്ടാകാതിരിക്കുവാന്‍ നിവൃത്തിയില്ല. യഥാര്‍ത്ഥ മുസ്‌ലിം മുഅ്മിനല്ലാതാകുവാനും തരമില്ല. ഇതാണതിനു കാരണം. ചുരുക്കത്തില്‍ രണ്ടു വാക്കിന്‍റെയും സാക്ഷാല്‍ വിവക്ഷ വ്യത്യസ്തങ്ങളാണെങ്കിലും, പ്രായോഗികമായി നോക്കുമ്പോള്‍ അവ പരസ്പം വേറിട്ടുനില്‍ക്കുവാന്‍ നിര്‍വ്വാഹമില്ലാത്തതാകുന്നു. യഥാര്‍ത്ഥത്തിലുള്ള ഈമാന്‍ ഹൃദയത്തില്‍ സ്ഥലം പിടിക്കാതെ ബാഹ്യത്തില്‍ ഇസ്‌ലാമിലെ അനുഷ്ഠാനങ്ങള്‍ സ്വീകരിച്ചുവരുന്നവരെ മുനാഫിഖുകള്‍ (കപടവിശ്വാസികള്‍) എന്നു തരംതിരിക്കുന്നതു ഇതുകൊണ്ടാകുന്നു. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 33/35 ന്റെ വിശദീകരണം)

Leave a Reply

Your email address will not be published.

Similar Posts