ഒരു മുസ്ലിമിന് ക്രിസ്മസ് ആഘോഷിക്കാന്‍ പാടുണ്ടോ? വീടുകളില്‍ ക്രിസ്മസ് നക്ഷത്രം തൂക്കുക, ക്രിസ്മസ് കേക്ക് കഴിക്കുക, ക്രിസ്മസ് ആശംസ കൈമാറുക എന്നിവ അനുവദനീയമോ?
ധാരാളം പേ൪ ഉത്തരം തേടുന്ന ഒരു ചോദ്യമാണ് ഇത്. ഇത്തരം ആളുകള്‍ക്കായി ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നു.
ക്രൈസ്തവർ ദൈവപുത്രനായി കണക്കാക്കുകയും ദൈവമായി ആരാധിക്കുകയും ചെയ്യുന്ന ഒരു മഹത് വ്യക്തിത്വമാണ് ‘യേശു’. ദൈവത്തിന്റെ പുത്രനായി അദ്ദേഹം ഭൂമിയിൽ ജനിച്ചതാണെന്ന് അവർ വിശ്വസിക്കുന്നു. ഈ വിശ്വാസം ഇസ്ലാം അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല, ഈ വാദത്തെ ഖണ്ഢിക്കുകയും ചെയ്യുന്നു. ഈ വിശ്വാസത്തിൽ അധിഷ്ഠിതമാണ് ക്രിസ്മസ് ആഘോഷം. ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം മറ്റ് മതസ്ഥരുടെ വിശ്വാസങ്ങളെ ആക്ഷേപിക്കാനോ അവരുടെ ആഘോഷങ്ങളെ കളിയാക്കാനോ അതിൽ ഇടപെടാനോ പാടില്ല. ഒരു മുസ്ലിമിന് ഈ ആഘോഷത്തിന്റെ ഭാഗഭാക്കാൻ പാടുണ്ടോയെന്ന് ചർച്ച ചെയ്യുക മാത്രമാണ് ചെയ്യുന്നത്.
ക്രൈസ്തവർ യേശു എന്ന് വിളിക്കുന്ന മഹത് വ്യക്തിത്വത്തെ വിശുദ്ധ ഖു൪ആന്‍ ‘ഈസാ’ എന്ന പേരിലാണ് പരിചയപ്പെടുത്തുന്നത്. ഈസാ عليه السلام അല്ലാഹുവിന്റെ പുത്രനാണെന്നത് ഇസ്ലാം അംഗീകരിക്കാത്ത വാദമാണ്. അല്ലാഹുവിന്റെ മഹിത മഹത്വത്തിനും, പരമ പരിശുദ്ധതക്കും നിരക്കാത്തതാണ് ഈ വാദം.
إِنَّمَا ٱللَّهُ إِلَٰهٌ وَٰحِدٌ ۖ سُبْحَٰنَهُۥٓ أَن يَكُونَ لَهُۥ وَلَدٌ ۘ لَّهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَكَفَىٰ بِٱللَّهِ وَكِيلًا
അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്‍റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി. (ഖുർആൻ :4/171)
മാത്രമല്ല, സത്യവും അത് തന്നെയാണ്.
لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُۥ كُفُوًا أَحَدُۢ ﴿٤﴾
അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും. (ഖുർആൻ :112/3-4)
അല്ലാഹുവിന് സന്താനമുണ്ടെന്ന വാക്ക് ഏറെ ഗൗരവമുള്ളതും അല്ലാഹുവിന്റെ പേരിൽ അപരാധം പറയലുമാകുന്നു.
وَيُنذِرَ ٱلَّذِينَ قَالُوا۟ ٱتَّخَذَ ٱللَّهُ وَلَدًا ﴿٤﴾ مَّا لَهُم بِهِۦ مِنْ عِلْمٍ وَلَا لِـَٔابَآئِهِمْ ۚ كَبُرَتْ كَلِمَةً تَخْرُجُ مِنْ أَفْوَٰهِهِمْ ۚ إِن يَقُولُونَ إِلَّا كَذِبًا ﴿٥﴾
അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന് പറഞ്ഞവര്‍ക്ക് താക്കീത് നല്‍കുവാന്‍ വേണ്ടിയുമാകുന്നു. അവര്‍ക്കാകട്ടെ, അവരുടെ പിതാക്കള്‍ക്കാകട്ടെ അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവരുടെ വായില്‍ നിന്ന് പുറത്ത് വരുന്ന ആ വാക്ക് ഗുരുതരമായിരിക്കുന്നു. അവര്‍ കള്ളമല്ലാതെ പറയുന്നില്ല. (ഖുർആൻ:18/4-5)
عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : قَالَ اللَّهُ كَذَّبَنِي ابْنُ آدَمَ وَلَمْ يَكُنْ لَهُ ذَلِكَ، وَشَتَمَنِي وَلَمْ يَكُنْ لَهُ ذَلِكَ، فَأَمَّا تَكْذِيبُهُ إِيَّاىَ فَزَعَمَ أَنِّي لاَ أَقْدِرُ أَنْ أُعِيدَهُ كَمَا كَانَ، وَأَمَّا شَتْمُهُ إِيَّاىَ فَقَوْلُهُ لِي وَلَدٌ، فَسُبْحَانِي أَنْ أَتَّخِذَ صَاحِبَةً أَوْ وَلَدًا
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു പറയുന്നു: ആദമിന്റെ പുത്രന്‍ എന്നെ വ്യാജമാക്കി. അവന് അതു പാടില്ലായിരുന്നു. അവന്‍ എന്നെക്കുറിച്ചു പഴി പറഞ്ഞു, അതും അവനു പാടില്ലായിരുന്നു. അവന്‍ എന്നെ വ്യാജമാക്കിയെന്നു പറഞ്ഞതു അവന്റെ ഈ വാക്കാണ് : ‘എന്നെ ആദ്യം സൃഷ്ടിച്ചതുപോലെ അവന്‍ – അല്ലാഹു – എന്നെ വീണ്ടും സൃഷ്ടിക്കുന്നതല്ലതന്നെ.’ എന്നെ പഴി പറഞ്ഞതാകട്ടെ, ‘എനിക്കു സന്താനമുണ്ടെന്ന് ’ അവന്‍ പറഞ്ഞതാണ്. ഒരു ഇണയെയോ, സന്താനത്തെയോ സ്വീകരിക്കുന്നതില്‍നിന്ന് ഞാന്‍ മഹാ പരിശുദ്ധനുമത്രെ. (ബുഖാരി:4482)
വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചതിന്റെ ഒരു പ്രധാന ഉദ്ദേശ്യംതന്നെ അല്ലാഹുവിന് സന്താനമുണ്ടെന്ന് വാദിക്കുന്നവർക്ക് താക്കീത് നൽകുന്നതിനാകുന്നുവെന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. മാത്രമല്ല, ഈ വാദം കാരണം ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, പര്‍വ്വതങ്ങള്‍ തകര്‍ന്ന് വീഴുകയും ചെയ്യുമാറാകാറായിരിക്കുന്നു.
وَقَالُوا۟ ٱتَّخَذَ ٱلرَّحْمَٰنُ وَلَدًا ﴿٨٨﴾ لَّقَدْ جِئْتُمْ شَيْـًٔا إِدًّا ﴿٨٩﴾ تَكَادُ ٱلسَّمَٰوَٰتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ ٱلْأَرْضُ وَتَخِرُّ ٱلْجِبَالُ هَدًّا ﴿٩٠﴾ أَن دَعَوْا۟ لِلرَّحْمَٰنِ وَلَدًا ﴿٩١﴾
പരമകാരുണികന്‍ ഒരു സന്താനത്തെ സ്വീകരിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞിരിക്കുന്നു. (അപ്രകാരം പറയുന്നവരേ,) തീര്‍ച്ചയായും നിങ്ങള്‍ ചെയ്തിരിക്കുന്നത് ഗുരുതരമായ ഒരു കാര്യമാകുന്നു. അത് നിമിത്തം ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, പര്‍വ്വതങ്ങള്‍ തകര്‍ന്ന് വീഴുകയും ചെയ്യുമാറാകും. (അതെ,) പരമകാരുണികന് സന്താനമുണ്ടെന്ന് അവര്‍ വാദിച്ചത് നിമിത്തം. (ഖുർആൻ:19/88-91)
ക്രിസ്തുമസ് ആഘോഷങ്ങളുടെ അടിസ്ഥാനം തന്നെ അല്ലാഹുവിന് മകന്‍ ഉണ്ട് എന്ന വിശ്വാസത്തില്‍ നിന്നും ജന്മമെടുക്കുന്നതാണ്. അതുകൊണ്ടുതന്നെ അത്തരം ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് നിമിത്തം അക്കാര്യം പ്രത്യക്ഷത്തിലല്ലെങ്കില്‍ പരോക്ഷത്തില്‍ അംഗീകരിക്കുകയാണ് നാം ചെയ്യുന്നത്. ഒരു മുസ്ലിമിന് ക്രിസ്മസ് ആഘോഷിക്കാനോ വീടുകളില്‍ ക്രിസ്മസ് നക്ഷത്രം തൂക്കാനോ ക്രിസ്മസ് കേക്ക് കഴിക്കാനോ ക്രിസ്മസ് ആശംസ കൈമാറാനോ പാടില്ല. ഒരു ആശംസ അറിയിക്കുന്നതില്‍ എന്താണ് ഇത്ര തെറ്റ് എന്ന് ചിന്തിക്കുന്നവര്‍ മുസ്ലിംകളുടെ കൂട്ടത്തില്‍ ഉണ്ട്. ഈ ആഘോഷത്തിന് ആശംസകള്‍ അ൪പ്പിക്കുമ്പോള്‍ ‘അല്ലാഹുവിന് പുത്രനുണ്ടെന്ന വാദത്തെ ഞാനും അംഗീകരിക്കുന്നു’ അല്ലെങ്കില്‍ ‘അല്ലാഹു സന്താനത്തെ സ്വീകരിച്ച ദിവസത്തില്‍ എല്ലാ വിധ ആശംസകള്‍ ഞാന്‍ നേരുന്നു’ എന്നാണ് അതിലൂടെ നാം അറിയിക്കുന്നത്. ഇതിന്റെ ഗൌരവം ശരിയായ രീതിയില്‍ നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്.
ഇത് പറയുമ്പോള്‍ വ൪ഗ്ഗീയതയാണെന്ന് ചിന്തിക്കേണ്ടതില്ല. കാരണം ഇത് വിശ്വാസത്തിന്റെ ഭാഗമാണ്. എന്റെ വീട്ടിലേക്ക് മാംസാഹാരം കഴിക്കാത്ത ഒരു വ്യക്തിയെ ക്ഷണിച്ച് അയാള്‍ക്ക് മാംസം കൊണ്ട് ഭക്ഷണം ഉണ്ടാക്കിക്കൊടുത്ത്, എനിക്കേറ്റവും ഇഷ്ടമുള്ള ഭക്ഷണം ഞാന്‍ നിങ്ങള്‍ക്ക് ഉണ്ടാക്കിത്തന്നിട്ടും നിങ്ങളെന്തേ ഭക്ഷിക്കാത്തത് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലല്ലോ. അതേപോലെ ശബരിമലയിലേക്ക് നേ൪ച്ച നേ൪ന്നിട്ടുള്ള ഒരു സഹോദരന്‍ ആ കാലയളവില്‍ മറ്റ് മതസ്ഥരുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാറില്ല. അത് അയാളുടെ വിശ്വാസത്തിന്റെ ഭാഗമാണ്, വ൪ഗ്ഗീയതയല്ല. എന്നതുപോലെ തന്റെ വിശ്വാസത്തിന് കോട്ടം തട്ടുന്ന ഒരു കാര്യം ഒരു മുസ്‌ലിമിന് ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ടാണ് ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കെടുക്കരുതെന്നും അതിന് ആശംസകള്‍ അ൪പ്പിക്കരുതെന്നും പറയുന്നത്.
عَنْ أَبِي سَعِيدٍ الْخُدْرِيِّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : لَتَتْبَعُنَّ سَنَنَ مَنْ كَانَ قَبْلَكُمْ شِبْرًا شِبْرًا وَذِرَاعًا بِذِرَاعٍ، حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ تَبِعْتُمُوهُمْ ”. قُلْنَا يَا رَسُولَ اللَّهِ الْيَهُودُ وَالنَّصَارَى قَالَ ” فَمَنْ
അബൂസഈദില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു : നിശ്ചയം നിങ്ങള്‍ നിങ്ങളുടെ മുന്‍ഗാമികളുടെ പാത പിന്തുടരുക തന്നെ ചെയ്യും. ചാണിന് ചാണായും മുഴത്തിന് മുഴമായും. എത്രത്തോളമെന്നാല്‍ അവ൪ ഒരു ഉടുമ്പിന്റെ ഇടുങ്ങിയ മാളത്തിലാണ് പ്രവേശിച്ചിരുന്നതെങ്കില്‍ അവരെ പിന്‍പറ്റി നിങ്ങളും അതില്‍ പ്രവേശിക്കുന്നതാണ്. അല്ലാഹുവിന്റെ ദൂതരേ മുന്‍ഗാമികളെന്നാല്‍ ജൂതക്രൈസ്തവരാണോ വിവക്ഷ എന്ന് ചോദിക്കപ്പെട്ടു. നബി ﷺ പറഞ്ഞു : അവരല്ലാതെ പിന്നെ ആര്? (ബുഖാരി:7320)
عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : لَيْسَ مِنَّا مَنْ تَشَبَّهَ بِغَيْرِنَا لاَ تَشَبَّهُوا بِالْيَهُودِ وَلاَ بِالنَّصَارَى فَإِنَّ تَسْلِيمَ الْيَهُودِ الإِشَارَةُ بِالأَصَابِعِ وَتَسْلِيمَ النَّصَارَى الإِشَارَةُ بِالأَكُفِّ
അംറിബ്നു ഷുഐബ് رَضِيَ اللَّهُ عَنْهُ തന്റെ പിതാവില്‍ നിന്നും നിവേദനം : നബി ﷺ പറഞ്ഞു: നമ്മെ അല്ലാത്തവരെ അനുകരിച്ചവൻ നമ്മിൽ പെട്ടവനല്ല! ജൂതന്മാരെയും കൃസ്ത്യാനികളെയും നിങ്ങൾ അനുകരിക്കരുത്. എന്തെന്നാൽ, ജൂതന്മാരുടെ അഭിവാദനം വിരലുകൾ (ഇളക്കി) കൊണ്ട് ആംഗ്യം കാണിക്കലാണ്.കൃസ്ത്യാനികളുടെ അഭിവാദനമാവട്ടെ കൈപത്തി(ഉയർത്തി കാണിച്ച്) കൊണ്ടുള്ള ആംഗ്യവും. (തി൪മിദി :2695)
عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ
ഇബ്‌നു ഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറയുന്നു : ആരെങ്കിലും ഏതെങ്കിലും ജനതയോട് സാമ്യപ്പെട്ടാല്‍ അവന്‍ അവരില്‍പെട്ടവനാണ്. (അബൂദാവൂദ്:4031 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
ഇസ്ലാമില്‍ രണ്ടേരണ്ട് ആഘോഷങ്ങള്‍ മാത്രമാണുള്ളത്.ഈദുല്‍ ഫിത്വ്൪ (ചെറിയ പെരുന്നാള്‍), ഈദുല്‍ അദ്ഹ (ബലി പെരുന്നാള്‍) എന്നിവയാണവ. ഈ രണ്ട് ആഘോഷങ്ങളല്ലാതെ മൂന്നാമതൊരു ആഘോഷവും ഒരു മുസ്‌ലിമിനില്ല. ഇവ രണ്ടും ആഘോഷിക്കുമ്പോഴും ആ ആഘോഷത്തിനും ഇസ്ലാം അതി൪വരമ്പുകള്‍ നിശ്ചയിച്ചിട്ടുണ്ട്. അതിനപ്പുറം കടക്കാന്‍ പാടില്ല. മഹാനായ മുഹമ്മദ് നബി ﷺ യുടെ ജന്‍മദിനം പോലും ആഘോഷിക്കാന്‍ ഇസ്ലാം അനുവാദം നല്‍കിയിട്ടില്ലെങ്കില്‍ പിന്നെങ്ങനെയാണ് അല്ലാഹു സന്താനത്തെ സ്വീകരിച്ചുവെന്ന ആഘോഷത്തിന് മുസ്ലിം പങ്കാളിയാകുക.
ഇത് പറയുമ്പോള്‍ ഒരു ക്രൈസ്തവർ നമ്മെകുറിച്ച് എന്ത് വിചാരിക്കുമെന്നാണ് ചില ആളുകള്‍ ചിന്തിക്കുന്നത്. ക്രൈസ്തവ൪ അവരുടെ ആഘോഷവേളയില്‍ കള്ളും വീഞ്ഞും ഉപയോഗിക്കാറുണ്ട്. എന്നാല്‍ അവ൪ അതില്‍ നിന്നും ഒരിക്കലും നമുക്ക് തരികയോ നമ്മെ അത് കുടിക്കാന്‍ വേണ്ടി ക്ഷണിക്കുകയോ ഇല്ല. കാരണം മുസ്ലിംകള്‍ക്ക് അത് നിഷിദ്ധമാണെന്ന് അവ൪ക്ക് അറിയാം. അതേപോലെ അല്ലാഹുവിന് പുത്രനുണ്ടെന്ന വാദത്തെ ഇസ്ലാം വെറുക്കുന്നുവെന്നും അതുകൊണ്ട് ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കാളിയാകാന്‍ എനിക്ക് സാധിക്കുകയില്ലെന്നും സ്നേഹപുരസ്സരം അവനെ അറിയിക്കുകയാണ് വേണ്ടത്. അപ്പോള്‍ അവ൪ക്ക് കാര്യം മനസ്സിലാകും. എന്നിട്ടും അവ൪ നമ്മെ കുറ്റപ്പെടുത്തുമെന്ന് ചിന്തിക്കുന്നുവെങ്കില്‍, ഒരു സത്യവിശ്വാസി എല്ലായ്പ്പോഴും അല്ലാഹുവിന്റെ പൊരുത്തമാണ് ആഗ്രഹിക്കേണ്ടതെന്ന് നാം അറിയുക.
ഇത് പറയുമ്പോള്‍ ക്രൈസ്തവരുടം വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കരുതെന്നോ അവരുമായി സഹകരിക്കരുതെന്നോ ആരും തെറ്റിദ്ധരിക്കേണ്ടതില്ല. അവരുടെ വീട്ടില്‍ നിന്ന് നമുക്ക് ഭക്ഷണം കഴിക്കാം. അവരോട് നല്ല നിലയില്‍ സഹകരിക്കാം. അവരുടെ ഒരു ആവശ്യം വരുമ്പോള്‍ അത് നമ്മുടെ ആവശ്യമായി കണ്ട് സഹായിക്കണം. അവരുടെ സാഹചര്യത്തിനനുസരിച്ച് പണം കടമായും സ്വദഖയായും നല്‍കാം. അവർ രോഗിയായാല്‍ സന്ദ൪ശിക്കണം, രോഗം മാറാന്‍ അല്ലാഹുവിനോട് പ്രാ൪ത്ഥിക്കണം എന്നുവേണ്ട മനുഷ്യത്വ പരമായി അവരെ നമ്മുടെ സഹോദരങ്ങളായി കണ്ട് നാം സഹായിക്കണം. അതെല്ലാം അല്ലാഹുവിങ്കില്‍ സ്വീകാര്യമായ പുണ്യക൪മ്മങ്ങളാണ്.
ﻻَّ ﻳَﻨْﻬَﻰٰﻛُﻢُ ٱﻟﻠَّﻪُ ﻋَﻦِ ٱﻟَّﺬِﻳﻦَ ﻟَﻢْ ﻳُﻘَٰﺘِﻠُﻮﻛُﻢْ ﻓِﻰ ٱﻟﺪِّﻳﻦِ ﻭَﻟَﻢْ ﻳُﺨْﺮِﺟُﻮﻛُﻢ ﻣِّﻦ ﺩِﻳَٰﺮِﻛُﻢْ ﺃَﻥ ﺗَﺒَﺮُّﻭﻫُﻢْ ﻭَﺗُﻘْﺴِﻄُﻮٓا۟ ﺇِﻟَﻴْﻬِﻢْ ۚ ﺇِﻥَّ ٱﻟﻠَّﻪَ ﻳُﺤِﺐُّ ٱﻟْﻤُﻘْﺴِﻄِﻴﻦَ
മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.(ഖു൪ആന്‍:60/8)