മുസ്ലിംകളില്‍ പണം കൊണ്ടും ആരോഗ്യം കൊണ്ടും കഴിവുള്ളവർക്ക് ജീവിതത്തിൽ ഒരു തവണ ബാധ്യതയായിട്ടുള്ള കാര്യമാണ് മക്കയില്‍ ചെന്ന് ‘ഉംറ നി൪വ്വഹിക്കുക’ എന്നുള്ളത്.
ﻭَﺃَﺗِﻤُّﻮا۟ ٱﻟْﺤَﺞَّ ﻭَٱﻟْﻌُﻤْﺮَﺓَ ﻟِﻠَّﻪِ ۚ
നിങ്ങള്‍ അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറയും പൂര്‍ണ്ണമായി നിര്‍വ്വഹിക്കുക ….(ഖു൪ആന്‍:2/196)
قال الشيخ ابن باز : الصواب أن العمرة واجبة مرة في العمر كالحج
ശൈഖ് ഇബ്നു ബാസ് رحمه الله പറഞ്ഞു : ജീവിതത്തിൽ ഒരു തവണ ഹജ്ജ് ചെയ്യൽ നിർബന്ധമായത് പോലെ ഉംറ ചെയ്യലും നിർബന്ധമാണ് എന്നാണ് ശരിയായ വീക്ഷണം. (മജ്മൂഅ് ഫതാവാ ഇബ്നു ബാസ്:16/355)
ഒന്നിലധികം തവണ ഉംറ നിര്‍വഹിക്കുന്നത് സുന്നത്താണ്. നബി(സ്വ) അതിനെ പ്രോല്‍സാഹിപ്പിച്ചിട്ടുള്ളതായി കാണാം.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : الْعُمْرَةُ إِلَى الْعُمْرَةِ كَفَّارَةٌ لِمَا بَيْنَهُمَا، وَالْحَجُّ الْمَبْرُورُ لَيْسَ لَهُ جَزَاءٌ إِلاَّ الْجَنَّةُ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) അരുളി: ഒരു ഉംറ മുതല്‍ മറ്റേ ഉംറ വരേക്കും സംഭവിക്കുന്ന പാപങ്ങള്‍ക്ക് ആ ഉംറ പ്രായശ്ചിതമാണ്. പരിശുദ്ധമായ ഹജ്ജിന്റെ പ്രതിഫലം സ്വര്‍ഗ്ഗം മാത്രമാണ്. (ബുഖാരി:1773)
عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ تَابِعُوا بَيْنَ الْحَجِّ وَالْعُمْرَةِ فَإِنَّهُمَا يَنْفِيَانِ الْفَقْرَ وَالذُّنُوبَ كَمَا يَنْفِي الْكِيرُ خَبَثَ الْحَدِيدِ وَالذَّهَبِ وَالْفِضَّةِ وَلَيْسَ لِلْحَجَّةِ الْمَبْرُورَةِ ثَوَابٌ إِلاَّ الْجَنَّةُ ”
അബ്ദില്ലാഹിബ്നു മസ്ഊദിൽ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഹജ്ജും ഉംറയും ആവർത്തിക്കുക. അവ രണ്ടും ഉല ഇരുമ്പിന്റെയും വെള്ളിയുടെയും മാലിന്യങ്ങൾ വൃത്തിയാക്കുന്നതുപോലെ ദാരിദ്ര്യവും പാപവും നീക്കം ചെയ്യും. (തിർമിദി:810)
فَإِذَا كَانَ رَمَضَانُ اعْتَمِرِي فِيهِ فَإِنَّ عُمْرَةً فِي رَمَضَانَ حَجَّةٌ
നബി(സ്വ) പറഞ്ഞു: റമളാന്‍ മാസത്തില്‍ നീ ഉംറ ചെയ്യുക. നിശ്ചയം റമളാനില്‍ ഒരു ഉംറ ചെയ്യുന്നത് ഒരു ഹജ്ജിന് തുല്യമാണ്. (ബുഖാരി:1782)
എന്നാല്‍ ഒരിക്കല്‍ ഉംറ നി൪വ്വഹിച്ച് വീണ്ടും മീഖാത്തില്‍ പോയി ഇഹ്റാമില്‍ പ്രവേശിച്ച് അതേ യാത്രയില്‍ തന്നെ ഒന്നിലധികം തവണ ഉംറ നിര്‍വഹിക്കുകയെന്നത് നബിയുടേയും(സ്വ) സ്വഹാബികളുടെയും മാതൃകക്ക് എതിരാണ്. നബി(സ്വ) തൻറെ ജീവിതത്തിൽ നാല് ഉംറ മാത്രമാണ് നിർവഹിച്ചിട്ടുള്ളത്. ഒന്ന് ഹജ്ജിനോടൊപ്പം മറ്റു മൂന്നെണ്ണം മൂന്നു വ്യത്യസ്ത യാത്രകളിലുമാണ്. ഒരു യാത്രയിൽ ഒന്നിലധികം ഉംറ ചെയ്യുന്ന രീതി നബിയുടെ മാതൃകയിൽ ഇല്ല. മക്കം ഫത്ഹിനോട് അനുബന്ധിച്ച് നബി(സ്വ) ആഴ്ചകളോളം മക്കയിൽ താമസിച്ചിട്ടും ഒന്നിലധികം ഉംറ നിർവഹിച്ചിട്ടില്ല. ഓരോ ദിവസവും ഉംറ ചെയ്യാന്‍ സൗകര്യമുണ്ടായിരുന്നിട്ടും ആ യാത്രയില്‍ ഒരേയൊരു ഉംറ മാത്രമാണവര്‍ നിര്‍വഹിച്ചത്. നബിചര്യ പിൻപറ്റലാണ് പുണ്യം. അതുമാത്രമാണ് പ്രതിഫലാർഹവും. എന്നാല്‍ മദീന സന്ദ൪ശനത്തിന് പോകുകയും അവിടെ നിന്ന് തിരിച്ച് നാട്ടിലേക്ക് വരാതെ വീണ്ടും ഉംറക്കായി മക്കയിലേക്ക് വരുന്നവ൪ക്ക് ഉംറ നിര്‍വഹിക്കാവുന്നതാണ്.
ഉംറ നി൪വ്വഹിക്കുന്നതിന് ഹജ്ജിനെ പോലെ പ്രത്യേക കാലമില്ല. ഏതുകാലത്തും ഏത് സമയത്തും ഉംറ നിര്‍വഹിക്കാവുന്നതാണ്.
ഉംറയുടെ ക൪മ്മങ്ങള്‍ പ്രധാനമായും നാലെണ്ണമാകുന്നു.ഇഹ്‌റാം, ത്വവാഫ്, സഅ്‌യ്, തലമുണ്ഡനം അല്ലെങ്കില്‍ മുടി മുറിക്കല്‍ എന്നിവയാണവ.
എന്താണ് മീഖാത്ത് ?
ഹജ്ജും ഉംറയും ഉദ്ദേശിച്ച് വിവിധ നാടുകളില്‍ നിന്ന് മക്കയില്‍ വരുന്നവ൪ക്ക് ഇഹ്റാമില്‍ പ്രവേശിക്കുവാന്‍ നബി(സ്വ) നി൪ണ്ണയിച്ചു തന്ന സ്ഥലങ്ങളാണ് മീഖാത്ത്. മക്കയില്‍ എത്തുന്നതിന്റെ കിലോമീറ്ററുകള്‍ അകലെയാണ് മീഖാത്തുകള്‍. ഈ മീഖാത്തുകളിലെല്ലാം കുളിക്കാനും വൃത്തിയാകാനുമൊക്കെ സൌകര്യങ്ങളുണ്ട്. വ്യത്യസ്ത നാല് ദിക്കുകളിലായി അഞ്ച് മീഖാത്തുകളാണുള്ളത്. നമ്മുടെ നാട്ടില്‍ നിന്ന് വിമാനത്തില്‍ ജിദ്ദ വഴി പോകുന്നവരുടെ മീഖാത്ത് ഖ൪നുല്‍ മനാസില്‍ എന്ന സ്ഥലമാണ്. ഇത് വിമാനം ജിദ്ദയില്‍ എത്തുന്നതിന് മുമ്പുള്ള സ്ഥലമാണ്. മദീനയില്‍ നിന്ന് മക്കയിലേക്ക് വരുന്നവരുടെ മീഖാത്ത് ദുല്‍ഹുലൈഫ(ഇപ്പോഴത്തെ പേര് അബ്യാ൪ അലി) എന്ന സ്ഥലമാണ്. മീഖാത്തില്‍ വെച്ച് ഹജ്ജിലോ ഉംറയിലോ പ്രവേശിക്കുന്നതിനായി മനസ്സില്‍ കരുതുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നതോടെയാണ് ഒരാള്‍ ഇഹ്റാമില്‍ പ്രവേശിക്കുന്നത്.
ഉംറയുടെ മുന്നൊരുക്കങ്ങള്‍
ഉംറയുടെ ക൪മ്മങ്ങള്‍ പ്രധാനമായും നാലെണ്ണമാണ്. ഇഹ്റാമില്‍ പ്രവേശിക്കുന്നതോടെയാണ് ഒരാളുടെ ഉംറ ആരംഭിക്കുന്നത്. നമ്മുടെ നാടുകളില്‍ നിന്ന് നാം വിമാനത്തിലാണ് ഉംറക്കായി പോകുന്നതുകൊണ്ട്, നമ്മുടെ മീഖാത്തിലെത്തുന്നത് വിമാനത്തിലായിരിക്കും.അതുകൊണ്ട് വിമാനത്തില്‍ വെച്ച് തന്നെ നാം ഇഹ്റാമില്‍ പ്രവേശിക്കേണ്ടതുണ്ട്. വിമാനത്തില്‍ വെച്ച് ഇഹ്റാമിന്റേതായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രയാസമായതിനാല്‍ നമ്മുടെ വീട്ടില്‍ നിന്ന് തന്നെ ചില മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്.
ശരീരത്തില്‍ നിന്ന് നഖം, മുടി, കഷ ഗുഹ്യ ഭാഗങ്ങളിലെ രോമങ്ങള്‍ എന്നിവ നീക്കാനനുണ്ടെങ്കില്‍ നീക്കേണ്ടതാണ്. കാരണം ഇഹ്റാമില്‍ പ്രവേശിച്ചാല്‍ ഉംറ കഴിയുന്നതുവരെ ഇതൊന്നും നീക്കാന്‍ പാടില്ല. അതിന് ശേഷം ഇഹ്റാമിനായി നിയ്യത്ത് ചെയ്ത് കുളിക്കുക. ഇഹ്റാമിന് വേണ്ടി കുളിക്കുന്നത് പുരുഷന്‍മാ൪ക്കും സ്ത്രീകള്‍ക്കും സുന്നത്താണ്. സ്ത്രീ ആ൪ത്തവകാരിയോ പ്രസവാശുദ്ധിയിലുള്ളവളോ ആണെങ്കില്‍ പോലും. മീഖാത്തില്‍ വെച്ച് കുളിക്കാനും വസ്തം മാറാനും സൌകര്യമുണ്ടങ്കിലും നാം മീഖാത്തിലെത്തുമ്പോള്‍ വിമാനത്തിലായിരിക്കുമെന്നതിനാലാണ് വീട്ടില്‍ നിന്ന് തന്നെ ഇഹ്റാമിനായി ഒരുങ്ങുന്നത്. കുളിച്ച ശേഷം (പുരുഷന്‍മാ൪ക്ക് മാത്രം) ശരീരത്തിലും താടിയിലും സുഗന്ധം പൂശാവുന്നതാണ്.
عَنْ عَائِشَةَ، – رضى الله عنها – قَالَتْ نُفِسَتْ أَسْمَاءُ بِنْتُ عُمَيْسٍ بِمُحَمَّدِ بْنِ أَبِي بَكْرٍ بِالشَّجَرَةِ فَأَمَرَ رَسُولُ اللَّهِ صلى الله عليه وسلم أَبَا بَكْرٍ يَأْمُرُهَا أَنْ تَغْتَسِلَ وَتُهِلَّ
ഹജ്ജത്തുല്‍ വിദാഇന്റെ സന്ദ൪ഭത്തില്‍ ദുല്‍ ഖുലൈഫായില്‍ വെച്ച് അബൂബക്കറിന്റെ ഭാര്യ അസ്മ (റ) മഹമ്മദ് എന്ന കുട്ടിയെ പ്രസവിച്ചു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: നീ കുളിച്ചു ഒരു വസ്ത്രം കൊണ്ട് കെട്ടിവെച്ച് ഇഹ്റാമില്‍ പ്രവേശിച്ചുകൊള്ളുക.(മുസ്ലിം:1209)
عَنْ عَائِشَةَ، – رضى الله عنها – قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا أَرَادَ أَنْ يُحْرِمَ يَتَطَيَّبُ بِأَطْيَبِ مَا يَجِدُ ثُمَّ أَرَى وَبِيصَ الدُّهْنِ فِي رَأْسِهِ وَلِحْيَتِهِ بَعْدَ ذَلِكَ
ആയിശ(റ) പറയുന്നു: നബി(സ്വ) ഇഹ്റാമിന് ഉദ്ദേശിച്ചാല്‍ തന്റെ ഏറ്റവും നല്ല സുഗന്ധവസ്തു ഉപയോഗിക്കുമായിരുന്നു. ഇഹ്റാമിന് ശേഷവും അതിന്റെ തിളക്കം അവിടുത്തെ തലയിലും താടിയിലും ഞാന്‍ ദ൪ശിച്ചിരുന്നു.(മുസ്ലിം:1190)
ഇഹ്റാമിന്റെ വസ്ത്രം വീട്ടില്‍ നിന്ന് ധരിക്കണമെന്നില്ല. കാരണം എയ൪പോ൪ട്ടില്‍ വെച്ച് ഇഹ്റാമിന്റെ വസ്ത്രം ധരിക്കാനുള്ള സൌകര്യമുണ്ട്. സാധാരണ നാം ധരിക്കുന്ന വസ്ത്രം ധരിച്ച് വീട്ടില്‍ നിന്ന് പുറപ്പെടാവുന്നതാണ്. ഉംറക്ക് പുറപ്പെടുന്നതിന് മുന്നോടിയായി എന്തെങ്കിലും സുന്നത്ത് നമസ്കാരങ്ങള്‍ നബി(സ്വ) പഠിപ്പിച്ചിട്ടില്ല. എന്നാല്‍ വുളുവെടുത്ത് വുളുവിന്റെ രണ്ട് റക്അത്ത് സുന്നത്ത് നമസ്കാരം നി൪വ്വഹിച്ച് ദുആ ചെയ്ത് പുറപ്പെടാവുന്നതാണ്.
വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോള്‍ വലത് കാല്‍ വെച്ചാണ് ഇറങ്ങേണ്ടത്. അതോടൊപ്പം ഇപ്രകാരം പറയുക.
بِسْمِ اللهِ تَوَكَّلْتُ عَلَى اللهِ وَلاَ حَوْلَ وَلاَ قُوَّةَ إِلاّ بِاللهِ
ബിസ്മില്ലാഹ്, തവക്കല്‍ത്തു അലല്ലാഹ്, ലാഹൗല വലാ ഖുവ്വത്ത ഇല്ലാബില്ലാഹ്
അല്ലാഹുവിന്റെ നാമത്തില്‍ (ഞാന്‍ പുറപ്പെടുന്നു), ഞാന്‍ (എല്ലാ കാര്യങ്ങളും) അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നു. അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയും കഴിവുമില്ല.
നബി (സ്വ) അരുളി : ഒരാള്‍ തന്റെ വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ ഇപ്രകാരം പറഞ്ഞാല്‍ അയാള്‍ അല്ലാഹുവിന്റെ നേര്‍മാര്‍ഗ്ഗത്തിലായി. അയാള്‍ക്ക് അല്ലാഹു മതിയാകുന്നവനായി. അയാള്‍ അല്ലാഹുവിന്റെ സംരക്ഷണത്തിലായി. പിശാചുക്കള്‍ അയാള്‍ക്ക് കീഴടങ്ങിയതായി. ശേഷം പിശാച് മറ്റു പിശാചുക്കളോടു പറയും : ‘ഒരാള്‍ അല്ലാഹുവിന്റെ നേര്‍മാര്‍ഗ്ഗത്തിലായാല്‍, അയാള്‍ അല്ലാഹുവിന്റെ സംരക്ഷണത്തിലായാല്‍ നിനക്കെന്ത് ചെയ്യാനാകും? (സുനനു അബൂദാവൂദ് :5095 – തി൪മുദി :3666 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അതിന് ശേഷം ഇപ്രകാരവും പ്രാ൪ത്ഥിക്കാവുന്നതാണ്.
اللّهُـمَّ إِنِّـي أَعـوذُ بِكَ أَنْ أَضِـلَّ أَوْ أُضَـل ، أَوْ أَزِلَّ أَوْ أُزَل ، أَوْ أَظْلِـمَ أَوْ أَُظْلَـم ، أَوْ أَجْهَلَ أَوْ يُـجْهَلَ عَلَـيّ
അല്ലാഹുമ്മ ഇന്നീ അഊദുബിക്ക അൻ അളില്ല ,അവ് ഉളല്ല ,അവ് അസില്ല ,അവ് ഉസല്ല, അവ് അള്’ലിമ ,അവ് ഉള്’ലമ ,അവ് അജ്ഹല ,അവ് യുജ്ഹല അലയ്യ
അല്ലാഹുവേ ഞാൻ (സ്വയം) വഴിതെറ്റുകയോ , (മറ്റാരെങ്കിലും മുഖേനെ) വഴിതെറ്റിക്കപ്പെടുകയോ ചെയ്യുന്നതിൽ നിന്നും ഞാൻ (ഇസ്ലാമില്‍ നിന്നും) (സ്വയം) വ്യതിചലിക്കുകയോ , (മറ്റാരെങ്കിലും മുഖേനെ) വ്യതിചലിപ്പിക്കപ്പെടുകയോ ചെയ്യുന്നതിൽ നിന്നും ഞാൻ (ആരെയെങ്കിലും) ആക്രമിക്കുകയോ (മറ്റാരെങ്കിലും മുഖേനെ ഞാന്‍) ആക്രമിക്കപ്പെടുകയോ ചെയ്യുന്നതിൽ നിന്നും ഞാൻ (സ്വയം) വിഡ്ഢിത്തം പ്രവ൪ക്കുകയോ (മറ്റാരെങ്കിലും മുഖേനെ) വിഡ്ഢിയാക്കപ്പെടുകയോ ചെയ്യുന്നതിൽ നിന്നും നിന്നോട് ഞാൻ രക്ഷ തേടുന്നു.(സുനനു അബൂദാവൂദ് :5094 – ഇബ്നുമാജ :3884 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അതിന് ശേഷം വലത് കാല്‍ വെച്ച് അല്ലാഹുവിന്റെ നാമത്തില്‍ (بِسْـمِ اللهِ) വാഹനത്തില്‍ പ്രവേശിക്കുക. ശേഷം അല്ലാഹുവിനെ സ്തുതിക്കുക( الْحَمْـدُ لله)
വാഹനത്തില്‍ കയറുമ്പോഴുള്ള പ്രാ൪ത്ഥന
بِسْـمِ اللهِ وَالْحَمْـدُ لله، سُـبْحانَ الّذي سَخَّـرَ لَنا هذا وَما كُنّا لَهُ مُقْـرِنين، وَإِنّا إِلى رَبِّنا لَمُنـقَلِبون، الحَمْـدُ لله، الحَمْـدُ لله، الحَمْـدُ لله، اللهُ أكْـبَر، اللهُ أكْـبَر، اللهُ أكْـبَر، سُـبْحانَكَ اللّهُـمَّ إِنّي ظَلَـمْتُ نَفْسي فَاغْـفِرْ لي، فَإِنَّهُ لا يَغْفِـرُ الذُّنوبَ إِلاّ أَنْـت
ബിസ്മില്ലാഹി വല്‍ഹംദുലില്ലാഹ്, സുബ്ഹാനല്ലദീ സഖറ ലനാ ഹാദ വമാ കുന്നാ ലഹു മുഖ്’രിനീന്‍, വഇന്നാ ഇലാ റബ്ബിനാ ല മുന്‍ഖലിബൂന്‍, അല്ഹംദുലില്ലാഹ്, അല്ഹംദുലില്ലാഹ്, അല്ഹംദുലില്ലാഹ്, അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍, സുബ്ഹാനക്ക അല്ലാഹുമ്മ ഇന്നീ ളലംതു നഫ്സീ ഫഗ്ഫിര്‍ലീ, ഫഇന്നഹു ലാ യഗ്ഫിറു ദുനൂബ ഇല്ലാ അന്‍ത.
അല്ലാഹുവിന്റെ നാമത്തില്‍. എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിനാണ്. ഈ വാഹനം ഞങ്ങള്‍ക്ക് പ്രയോജനപ്രദമാക്കി തന്നവനായ അല്ലാഹു എത്രയധികം പരിശുദ്ധന്‍. അത് പ്രയോജന പ്രദമാക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. നിശ്ചയം, ഞങ്ങള്‍ ഞങ്ങളുടെ റബ്ബിലേക്ക് മടങ്ങേണ്ടവരാകുന്നു. അല്ലാഹുവിനാണ് സ൪വ്വ സ്തുതിയും. അല്ലാഹുവിനാണ് സ൪വ്വ സ്തുതിയും. അല്ലാഹുവിനാണ് സ൪വ്വ സ്തുതിയും. അല്ലാഹുവാണ് ഏറ്റവും വലിയവന്‍. അല്ലാഹുവാണ് ഏറ്റവും വലിയവന്‍. അല്ലാഹുവാണ് ഏറ്റവും വലിയവന്‍. അല്ലാഹുവേ, നീ എത്രയധികം പരിശുദ്ധനാണ് നിശ്ചയം, ഞാന്‍ എന്നോട് തന്നെ അക്രമം (പാപം) ചെയ്തിരിക്കുന്നു. അതിനാല്‍ എനിക്ക് നീ പൊറുത്ത് തരേണമേ. നീയല്ലാതെ പാപങ്ങള്‍ ഏറ്റവും കൂടുതല്‍ പൊറുക്കുകയില്ല.(സുനനു അബൂദാവൂദ് :2602 – തി൪മുദി :3446 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അങ്ങനെ നാം വിദൂരമായ ഒരു യാത്ര ആരംഭിക്കുകയായി. എന്തെങ്കിലും കാഴ്ചകള്‍ കാണാനോ മറ്റോ അല്ല നാം ഈ യാത്ര ചെയ്യുന്നത്. അല്ലാഹുവിങ്കല്‍ സ്വീകരിക്കപ്പെടുന്ന ഉംറയാകുന്നു നമ്മുടെ ലക്ഷ്യം. ഉംറ കഴിഞ്ഞ് അവിടെയുള്ള സമയത്തെല്ലാം അഞ്ച് നേരത്തെ ഫര൪ള് നമസ്കാരം വിശുദ്ധ ഹറമില്‍ തന്നെ നമുക്ക് ജമാഅത്തായി നമസ്കരിക്കേണ്ടതുണ്ട്. അല്ലാഹു തൃപ്തിപ്പെടുന്ന ധാരാളം ക൪മ്മങ്ങള്‍ നി൪വ്വഹിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. ഈ യാത്രയില്‍ അരുതാത്ത കാഴ്ചകളും മറ്റുമെല്ലാം നമ്മുടെ കണ്‍മുന്നില്‍ പെടാം. അതില്‍ നിന്നെല്ലാം വിട്ട് നിക്കാന്‍നല്ല തഖ്’വ ആവശ്യമാണ്. വീട്ടില്‍ ചിലപ്പോള്‍ നമ്മുടെ കുടുംബാംങ്ങള്‍ നമ്മുടെ അസാന്നിദ്ധ്യത്തില്‍ ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടാകും. തിരിച്ചു വരുമ്പോള്‍ നമ്മുടെ കുടുംബത്തില്‍ എന്തെങ്കിലും പ്രയാങ്ങള്‍ ബാധിക്കുന്നത് നാം ഇഷ്ടപ്പെടുന്നില്ല. ഇവിടെയാണ് യാത്ര ചെയ്യുന്ന സന്ദ൪ഭത്തിലെ നബിയുടെ(സ്വ) പ്രാ൪ത്ഥനയുടെ പ്രസക്തി.
اللَّهُمَّ إِنَّا نَسْأَلُكَ فِي سَفْرِنَا هَذَا الْبِرَّ وَالتَّقْوَى ، وَمِنَ الْعَمَلِ مَا تَرْضَى ، اللَّهُمَّ هَوِّنْ عَلَيْنَا سَفْرِنَا هَذَا وَاطْوَعَّنَّا بَعْدهُ ، اللَّهُمَّ أَنْتَ الصَّاحِبُ فِي السَّفَرِ، وَالْخَلِيفَةُ فِي الأَهْلِ، اللَّهُمَّ إِنِّي أَعُوْذُ بِكَ مِنْ وَعْثَاءِ السَّفَرِ، وَكآبَةِ الْمَنْظَرِ وَسُوءِ المُنْقَلَبِ فِي الْمَالِ وَالأَهْلِ
അല്ലാഹുമ്മ ഇന്നാ നസ്അലുക്ക ഫീ സഫരിനാ ഹാദല്‍ ബിര്‍റ വത്തഖ്’വാ, വമിനല്‍ അമലി മാ തര്‍ള്വാ, അല്ലാഹുമ്മ ഹവ്വിന്‍ അലൈനാ സഫരിനാ ഹാദാ വത്’വി അന്നാ ബുഅ്ദഹു, അല്ലാഹുമ്മ അന്‍ത സ്വാഹിബു ഫീ സ്വഫരി വല്‍ഖലീഫതു ഫീല്‍ അഹ്ലി, അല്ലാഹുമ്മ ഇന്നീ അഊദുബിക്ക മിന്‍ വഅ്സാഇ സ്വഫര്‍ വകാബതില്‍ മുന്‍ളര്‍, വ സൂഇല്‍ മുന്‍ഖലബി ഫീല്‍ മാലി വല്‍ അഹ്ലി.
അല്ലാഹുവേ, ഞങ്ങളുടെ ഈ യാത്രയില്‍ നന്മ ചെയ്യലും (ബിര്‍റ്) നിന്നെ ഭയന്ന്‍ തിന്മ വെടിയലും (തഖ്’വ), നീ തൃപ്തിപ്പെടുന്ന സല്‍ക്കര്‍മ്മം ചെയ്യാനുള്ള തൌഫീഖും ഞങ്ങള്‍ നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ, ഈ യാത്ര ഞങ്ങള്‍ക്ക് സുഖകരമാക്കിതരികയും ഇതിന്റെ ദൂരം എളുപ്പത്തില്‍ മറികടക്കുവാനുള്ള കഴിവ് തരികയും ചെയ്യേണമേ.അല്ലാഹുവേ, യാത്രയിലെ കൂട്ടുകാരനും കുടുംബത്തിലെ (എനിക്ക്) പകരമുള്ളവനും നീയാണ്.അല്ലാഹുവേ, യാത്രാ ക്ലേശത്തില്‍ നിന്നും ദുഃഖകരമായ കാഴ്ചയില്‍ നിന്നും കുടുംബത്തിലും സമ്പത്തിലും വിപത്ത് നിറഞ്ഞ അനന്തരഫലം ഉണ്ടാകുന്നതില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു.(മുസ്ലിം:1342)
എയ൪പോ൪ട്ടില്‍ വെച്ച് നാം ധരിച്ചിട്ടുള്ള വസ്തം മാറി ഇഹ്റാമിന്റെ വസ്ത്രം ധരിക്കണം. വീട്ടില്‍ നിന്നു തന്നെ ധരിച്ച് വന്നാലും കുഴപ്പമില്ല. ഓരോരുത്തരുടെയും എയ൪പ്പോ൪ട്ടിലേക്കുള്ള യാത്രയുടെ ദൂരത്തിന്റേയും സൌകര്യത്തിന്റേയും അവസ്ഥ വെച്ച് ഇക്കാര്യം തീരുമാനിക്കാവുന്നതാണ്.
ഉംറയുടെ റുക്നുകള്‍
ഇഹ്റാം ത്വവാഫ്, സഅ്യ് എന്നിവ ഉംറയുടെ റുക്നുകളാണ്. ഇവയില്‍ ഏതെങ്കിലും ഒന്ന് നഷ്ടപ്പെട്ടാല്‍ ഉംറ നിഷ്ഫലമായിപ്പോകും.
ഉംറയുടെ വാജിബാത്തുകള്‍
മീഖാത്തില്‍ വെച്ച് ഇഹ്റാം ചെയ്യല്‍, മുടി വടിക്കുകയോ വെട്ടുകയോ ചെയ്യല്‍ എന്നിവ ഉംറയുടെ വാജിബാത്തുകളാണ്. ഇവയില്‍ ഏതെങ്കിലും ഒന്ന് നഷ്ടപ്പെടുകയാണെങ്കില്‍ മൃഗബലി നടത്തേണ്ടതാണ്.
ഇഹ്‌റാം
ഹജ്ജിന്റേയും ഉംറയുടേയും ക൪മ്മങ്ങളില്‍ പ്രവേശിക്കുന്നതിനാണ് ഇഹ്‌റാം എന്നു പറയുന്നത്. അഥവാ ഹജ്ജിന്റേയും ഉംറയുടേയും ക൪മ്മങ്ങളില്‍ പ്രവേശിക്കുന്ന നിയ്യത്തും അതിന്റെ വസ്ത്രം ധരിക്കലുമാണ് ഇഹ്റാം കൊണ്ടുള്ള വിവക്ഷ. ഇഹ്‌റാമില്‍ പ്രവേശിക്കുന്നതോടുകൂടി ഉംറ കഴിയുന്നതുവരെ പലതും നിഷിദ്ധമായിത്തീരുന്നു. അതുകൊണ്ടാണ് ഈ പേര് സിദ്ധിച്ചത്.
ഇഹ്റാമിന് വേണ്ടി കുളിക്കുന്നത് പുരുഷന്‍മാ൪ക്കും സ്ത്രീകള്‍ക്കും സുന്നത്താണ്. ശരീരത്തില്‍ സുഗന്ധം പൂശുന്നത് പുരുഷന്‍മാ൪ക്ക് മാത്രവും സുന്നത്താണ്. ഇഹ്റാമിന് വേണ്ടി കുളിക്കാനും വസ്ത്രം മാറാനുമുള്ള സൌകര്യങ്ങള്‍ മീഖാത്തിലുണ്ടായിരിക്കും. എന്നാല്‍ നാം വിമാനത്തിലാണ് മീഖാത്തിലെത്തുന്നതിനാല്‍ ആ സമയത്ത് നാം ഇഹ്റാമിന്റെ വസ്ത്രം ധരിച്ചിട്ടുണ്ടായിരിക്കും. വിമാനം മീഖാത്തിലെത്തിയെന്ന അറിയിപ്പ് ലഭിക്കുമ്പോള്‍ ഉംറയുടെ നിയത്ത് ചെയ്യണം. ഉംറ നി൪വ്വഹിക്കണമെന്നുള്ള അല്ലാഹുവിന്റെ വിളിക്ക് ഞാന്‍ ഉത്തരം നല്‍കിയിരിക്കുന്നു അഥവാ ഉംറ നി൪വ്വഹിക്കുന്നതിനായി ഞാനിതാ എത്തിയിരിക്കുന്നുവെന്ന് മനസ്സില്‍ കരുതലാണ് നിയത്ത്. അതോടൊപ്പം അത് പ്രഖ്യാപിക്കുകയും ചെയ്യണം.
لبيك اللهم عمرة
ലബ്ബൈക്കല്ലാഹുമ്മ ഉംറത്തന്‍
ഹജ്ജിനും ഉംറക്കും മാത്രമേ നിയ്യത്ത് പറയേണ്ടതുള്ളൂ. മറ്റ് കർമ്മങ്ങൾക്ക് നിയ്യത്ത് പറയൽ സുന്നത്ത് പോലുമില്ല. ഇതോടുകൂടി നാം ഇഹ്‌റാമില്‍ പ്രവേശിച്ചു കഴിഞ്ഞു. ഇഹ്‌റാമില്‍ പ്രവേശിച്ചതോടു കൂടി ചില കാര്യങ്ങള്‍ നമുക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.
ഇഹ്‌റാമില്‍ നിഷിദ്ധമായ കാര്യങ്ങള്‍ (സ്ത്രീകള്‍ക്കും പുരുഷന്‍മാ൪ക്കും തുല്യ ബാധകം)
- നഖം മുറിക്കല്‍
- മുടി വെട്ടല്‍
- വിവാഹം, വിവാഹാന്വേഷണം
- സുഗന്ധം ഉപയോഗിക്കല്‍
- പക്ഷിമൃഗാദികളെ വേട്ടയാടല്‍
- ഭാര്യ ഭ൪തൃ വേഴ്ചകള്‍, അത്തരത്തിലുള്ള സംസാരങ്ങള്‍
വിമാനത്തില്‍ വെച്ചോ റൂമില്‍ വെച്ചോ നഖം കടിക്കുകയോ താടിയും മുടിയും വലിച്ച് പറിക്കുകയോ ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ സംസാരത്തില്‍ ഏതെങ്കിലും വിവാഹകാര്യങ്ങളൊക്കെ വരാതിരിക്കാനും ഭാര്യാഭ൪ത്താക്കന്‍മാരാണെങ്കില്‍ സല്ലാപങ്ങളില്‍ ഏ൪പ്പെടാതിരിക്കാനും ശ്രദ്ധിക്കണം.
ഇഹ്‌റാമിന്റെ വേഷം (പുരുഷന്‍മാ൪ക്ക്)
പുരുഷൻമാർക്ക് ഉടുക്കാന്‍ ഒരു മുണ്ടും പുതക്കാന്‍ ഒരു മേൽമുണ്ടുമാണ് ഇഹ്‌റാമിന്റെ വേഷം. മേല്‍മുണ്ട് രണ്ടറ്റം മാറിലേക്ക് വരത്തക്കവണ്ണം പുതക്കുകയാണ് വേണ്ടത്. ഷര്‍ട്ട്, പാന്റ്‌സ്, അടിവസ്ത്രങ്ങൾ, സോക്സ് എന്നിവ ധരിക്കുവാനോ, തലമറക്കാനോ പാടുള്ളതല്ല. ചെരുപ്പ് ഉപയോഗിക്കാം. എന്നാല്‍ ഷൂ ഉപയോഗിക്കരുത്.
ഇഹ്‌റാമിന്റെ വേഷം (സ്ത്രീകള്‍ക്ക്)
സ്ത്രീകൾ മുഖവും മുൻകൈയ്യും ഒഴികെ ശരീരം മുഴുവനും മറയുന്ന വസ്ത്രം ധരിച്ചിരിക്കണം. നിഖാബ് പോലെ കെട്ടിവെക്കുന്ന തരത്തിലുള്ള മുഖം മറക്കുന്ന വസ്ത്രം ധരിക്കാൻ പാടില്ല. എന്നാൽ തലയിൽ ഇട്ടിരിക്കുന്ന വസ്ത്രം മുഖത്തേക്ക് താഴ്ത്തി ഇടാം. സ്ത്രീകള്‍ക്ക് അടി വസ്ത്രങ്ങളെല്ലാം ധരിക്കാം.
തല്‍ബിയത്ത്
ഹജ്ജിലും ഉംറയിലും പ്രത്യേകമായി ചൊല്ലുന്ന കീ൪ത്തനമാണ് തല്‍ബിയത്ത്. തല്‍ബിയത്തിന്റെ രൂപം ഇപ്രകാരമാണ്.
لَبَّيْكَ اللَّهُمَّ لَبَّيْكَ، لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ، إِنَّ الْحَمْدَ والنِّعْمَةِ، لَكَ والمُلْكُ، لَا شَرِيكَ لَكَ
ലബ്ബയ്കല്ലാഹുമ്മ ലബ്ബയ്ക്, ലബ്ബയ്ക ലാ ശരീക ലക ലബ്ബയ്ക്, ഇന്നല്‍ ഹംദ, വന്നിഅ്മത്ത, ലക വല്‍ മുല്‍ക്, ലാ ശരീക ലക
അല്ലാഹുവേ, നിന്റെ വിളിക്ക് ഞാനിതാ ഉത്തരം നല്‍കിയിരിക്കുന്നു. നിന്റെ വിളി ഞാന്‍ കേട്ടെത്തിയിരിക്കുന്നു. നിനക്ക് (ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിലോ സംരക്ഷണത്തിലോ ആരാധനക്കര്‍ഹനാകുവാനുള്ള അധികാരത്തിലോ ഒന്നും യഥാര്‍ത്ഥത്തില്‍) യാതൊരു പങ്കുകാരുമില്ല. നിന്റെ വിളിക്ക് ഞാനിതാ ഉത്തരം ചെയ്തിരിക്കുന്നു. നിശ്ചയം, എല്ലാ സ്തുതിയും നന്ദിയും നിനക്കാണ്. (കാരണം) എല്ലാ അനുഗ്രഹങ്ങളും നിന്നില്‍ നിന്നാണ്. (എല്ലാറ്റിലും) പരമാധികാരവും നിനക്കാണ്. (ഇവയൊന്നിലും) നിനക്ക് യാതൊരു പങ്കുകാരുമില്ലതന്നെ.
ഇബ്നു ഉമര്‍ (റ) നിവേദനം : അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നബിയുടെ(സ്വ) തല്‍ബിയത്ത് ഇപ്രകാരമായിരുന്നു.(ബുഖാരി:1549 – മുസ്ലിം:1184)
ജനങ്ങളോട് ഹജ്ജിന് വരാനായി ഇബ്റാഹീമിന്റേയും മുഹമ്മദ് നബിയുടേയും നാവിലൂടെ അല്ലാഹു പ്രഖ്യാപിച്ച വിളിയുടെ ഉത്തരമാണ് തല്‍ബിയത്തിന്റെ വിവക്ഷ. لَبَّيْكَ اللَّهُمَّ لَبَّيْكَ (ലബ്ബയ്കല്ലാഹുമ്മ ലബ്ബയ്ക്) എന്ന് പറയുന്നതിന്റെ അ൪ത്ഥം നാഥാ നിന്നെ അനുസരിച്ചുകൊണ്ട് ഞാനിതാ ഉത്തരം നല്‍കി വന്നിരിക്കുന്നു എന്നാണ്. കാരണം അല്ലാഹുവാണ് തന്റെ ദാസന്‍മാരെ ഹജ്ജിനും ഉംറക്കുമായി ക്ഷണിച്ചത്.
ﻭَﺃَﺫِّﻥ ﻓِﻰ ٱﻟﻨَّﺎﺱِ ﺑِﭑﻟْﺤَﺞِّ ﻳَﺄْﺗُﻮﻙَ ﺭِﺟَﺎﻻً ﻭَﻋَﻠَﻰٰ ﻛُﻞِّ ﺿَﺎﻣِﺮٍ ﻳَﺄْﺗِﻴﻦَ ﻣِﻦ ﻛُﻞِّ ﻓَﺞٍّ ﻋَﻤِﻴﻖٍ
(നാം ഇബ്രാഹീമിനോട് പറഞ്ഞു:) ജനങ്ങള്‍ക്കിടയില്‍ നീ തീര്‍ത്ഥാടനത്തെപറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാ വിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവര്‍ നിന്റെയടുത്ത് വന്നു കൊള്ളും.(ഖു൪ആന്‍:22/27)
عن أبي هريرة أن رسول الله ﷺ قال:ما أَهَلَّ مُهِلٌّ قطُّ إلَّا بُشِّرَ، ولا كَبَّرَ مُكَبِّرٌ قطُّ إلَّا بُشِّرَ ، قيل: بالجنة؟ قال : نَعَمْ.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തൽബിയത്ത് ചൊല്ലുന്നവൻ അതിന്റെ ശബ്ദം മുഴക്കുമ്പോഴും തക്ബീർ ചൊല്ലുന്നവൻ അതു മുഴക്കുമ്പോഴും സന്തോഷവാർത്ത ലഭിക്കാതിരിക്കുകയില്ല. സഹാബിമാർ ചോദിച്ചു: സ്വർഗം ലഭിക്കുമെന്ന സന്തോഷ വാർത്തയാണോ? നബിﷺ പറഞ്ഞു: അതെ. ( سلسلة الصحيحة: ١٦٢١)
വിമാനം മീഖാത്തിലെത്തിയപ്പോഴാണ് നാം ഇഹ്റാമില്‍ പ്രവേശിച്ചത്. അവിടം മുതല്‍ വിമാനത്തില്‍ വെച്ചും എയ൪പോ൪ട്ടില്‍ വെച്ചും അവിടെ നിന്ന് വാഹനത്തില്‍ കയറി യാത്ര ചെയ്യുമ്പോഴുമെല്ലാം തല്‍ബിയത്ത് ചൊല്ലിക്കൊണ്ടിരിക്കണം. പുരുഷന്‍മാര്‍ ഉറക്കെയും, സ്‌ത്രീകള്‍ തങ്ങള്‍ക്ക് കേള്‍ക്കുന്ന രീതിയിലുമാണ് തല്‍ബിയത്ത് ചൊല്ലേണ്ടത്. ശബ്ദം ഉയ൪ത്തുന്നതിലൂടെ തൌഹീദിനെ പ്രഖ്യാപിക്കുകയും അല്ലാഹുവിന്റെ ഒരു ചിഹ്നത്തെ പ്രകടമാക്കുകയുമാണ് ചെയ്യുന്നത്. എയ൪പോ൪ട്ടില്‍ നിന്നും വാഹനത്തില്‍ നമുക്ക് നിശ്ചയിച്ചിട്ടുള്ള റൂമിലേക്കായിരിക്കും പോകുന്നത്. എല്ലാ സമയത്തും തല്‍ബിയത്ത് ചൊല്ലിക്കൊണ്ടേയിരിക്കണം. നമ്മുടെ സാധന സാമഗ്രികളെല്ലാം റൂമില്‍ ഇറക്കി വെച്ച് ആവശ്യമെങ്കില്‍ കുറച്ച് സമയം നമുക്ക് വിശ്രമിക്കാവുന്നതാണ്. ടോയ്ലറ്റില്‍ പോകുന്നതിനോ കുളിക്കുന്നതിനോ ഇഹ്റാമിന്റെ മറ്റൊരു വസ്ത്രം ധരിക്കുന്നതിനോ വിരോധമില്ല. കുളിക്കുമ്പോള്‍ സോപ്പ് ഉപയോഗിക്കാനോ ശേഷം സുഗന്ധം പൂശാനോ പാടില്ല. കാരണം നാം ഇഹ്റാമിലാണ്. ഇഹ്റാമില്‍ സുഗന്ധം ഉപയോഗിക്കല്‍ നിഷിദ്ധമാണ്. റൂമിലായാലും തല്‍ബിയത്തിന്റെ കാര്യം മറക്കരുത്. ഇനി ഉംറയുടെ ക൪മ്മങ്ങള്‍ക്കായി കഅബയിലേക്കാണ് പോകുന്നത്. മസ്ജിദുല്‍ ഹറാമിലേക്ക് കടന്ന് അതിനകത്ത് കൂടെയാണ് കഅബയിലേക്ക് പോകുന്നത്.
മസ്ജിദുല്‍ ഹറാമിലേക്ക് പ്രവേശിക്കുമ്പോള്‍ ഇപ്രകാരം പ്രാ൪ത്ഥിക്കുക.
بِسْمِ اللهِ ، وَالصَّلاةُ وَالسَّلاَمُ عَلَى رَسُولِ اللهِ اَللهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ
ബിസ്മില്ലാഹി, വസ്സ്വലാതു വസ്സലാമു അലാ റസൂലില്ലാഹി, അല്ലാഹുമ്മ ഫ്‌തഹ്ലീ അബ്’വാബ റഹ്മതിക.
അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവിന്റെ ദൂതന്റെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും രക്ഷയുമുണ്ടാകട്ടെ. അല്ലാഹുവേ, നിന്റെ കാരുണ്യത്തിന്റെ കവാടങ്ങള്‍ നീ എനിക്ക് തുറന്നു തരേണമേ.(സ്വഹീഹ് അല്‍ബാനി)
തുട൪ന്ന് ചൊല്ലുക:
أَعُوذُ بِاللهِ الْعَظِيمِ, وَبِوَجْهِهِ الُكَرِيمِ, وَسُلْطَانِهِ الْقَدِيمِ, مِنَ الشَّيْطَانِ الرَّجِيمِ
അഊദു ബില്ലാഹില്‍ അളീം, വബി വജിഹില്‍ കരീം, വ സുല്‍ത്താനിഹില്‍ ഖ്വദീം, മിന ശൈത്വാനിര്‍റജീം.
അതിമഹാനായ അല്ലാഹുവിനെ കൊണ്ടും, അതിമഹനീയമായ അവന്റെ വജ്ഹ് (മുഖം, തൃപ്തി) കൊണ്ടും, അനശ്വരമായ അവന്റെ ആധിപത്യം മുഖേനയും ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവോട് ഞാന്‍ രക്ഷ ചോദിക്കുന്നു.
ഭക്തിയോടും വിനയത്തോടും കൂടിയായിരിക്കണം വിശുദ്ധ ഹറമില്‍ പ്രവേശിക്കേണ്ടത്. ഇവിടെ എത്തിച്ചേരാന്‍ കഴിഞ്ഞത് അല്ലാഹുവിന്റെ മഹാനുഗ്രഹം കൊണ്ടാണെന്ന് ഓ൪ക്കണം. മസ്ജിദുല്‍ ഹറാമിനകത്ത് കൂടിയാണ് കഅബയുടെ മുറ്റത്തേക്ക് പ്രവേശിക്കുന്നത്. ആദ്യമായി കഅബ കാണുമ്പോള്‍ ഒരു പ്രത്യേക നി൪വൃതി ഉണ്ടായിരിക്കും. കഅ്ബയോടടുക്കുമ്പോള്‍ നമ്മുടെ മനസ്സിലുണ്ടാകേണ്ടത് അല്ലാഹുവിനെ മാത്രം ആരാധിക്കുവാനായി ആദ്യം നിര്‍മിക്കപ്പെട്ട ഒരു ഭവനത്തിനടുത്താണ് ഞാനുള്ളത് എന്നതാണ്.
ﺇِﻥَّ ﺃَﻭَّﻝَ ﺑَﻴْﺖٍ ﻭُﺿِﻊَ ﻟِﻠﻨَّﺎﺱِ ﻟَﻠَّﺬِﻯ ﺑِﺒَﻜَّﺔَ ﻣُﺒَﺎﺭَﻛًﺎ ﻭَﻫُﺪًﻯ ﻟِّﻠْﻌَٰﻠَﻤِﻴﻦَ
തീര്‍ച്ചയായും മനുഷ്യര്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയില്‍ ഉള്ളതത്രെ. (അത്) അനുഗൃഹീതമായും ലോകര്‍ക്ക് മാര്‍ഗദര്‍ശകമായും (നിലകൊള്ളുന്നു).(ഖു൪ആന്‍ :3/96)
കഅബയുടെ മുറ്റത്ത് എത്തുന്നതുവരെയും തല്‍ബിയത്ത് ചൊല്ലിക്കൊണ്ടിരിക്കണം. അതിനടുത്ത് എത്തിക്കഴിഞ്ഞാല്‍ തല്‍ബിയത്ത് അവസാനിപ്പിക്കാവുന്നതാണ്.
ത്വവാഫ്
കഅബയെ പ്രദക്ഷിണം ചെയ്യുന്നതിന്നാണ് ത്വവാഫ് എന്നു പറയുന്നത്. വുളുവോട് കൂടിയായിരിക്കണം ത്വവാഫ് ചെയ്യേണ്ടത്. അഥവാ ത്വവാഫ് ചെയ്യുന്നതിന്നിടയില്‍ വുളു മുറിഞ്ഞാല്‍ ത്വവാഫ് നിര്‍ത്തിവെക്കേണ്ടതും ഉടനെതന്നെ വുളുവെടുത്ത് വന്നശേഷം ബാക്കിയുള്ളത് പൂര്‍ത്തിയാക്കേണ്ടതുമാണ്. ഏഴ് പ്രാവശ്യമാണ് ത്വവാഫ് ചെയ്യേണ്ടത്. കഅ്‌ബയുടെ തെക്കുകിഴക്ക് മൂലയില്‍ സ്ഥിതിചെയ്യുന്ന ഹജറുല്‍ അസ്‌വദിന്റെ അടുത്തുനിന്നായിരിക്കണം ത്വവാഫ് ആരംഭിക്കേണ്ടത്.
ത്വവാഫ് ആരംഭിക്കുന്നതിന് മുമ്പ് പുരുഷന്മാർ മുണ്ടിന്റെ മദ്ധ്യഭാഗം വലത് കക്ഷത്തിലൂടെയെടുത്ത് രണ്ടറ്റം ഇടതു ചുമലിൽ കെട്ടിവെക്കണം. വലത് തോള്‍ വെളിവായിരിക്കണം. ഇടതുതോള്‍ മറഞ്ഞുമിരിക്കണം. ഇപ്രകാരം മുണ്ട് ധരിക്കുന്നതിന് ഇള്തിബാഹ് എന്നാണ് പറയുന്നത്. ത്വവാഫ് തുടങ്ങുന്ന സമയത്ത് മാത്രമേ മേല്‍മുണ്ട് ഇപ്രകാരം ഇടേണ്ടതുള്ളൂ. അതുകഴിഞ്ഞാല്‍ മേല്‍മുണ്ടുകൊണ്ട് തല മറയാത്ത വിധത്തില്‍ പുതക്കുകയാണ് വേണ്ടത്. അങ്ങനെ പുതച്ച അവസ്ഥയിലാണ് സഅ്‌യ് ചെയ്യേണ്ടത്. ചിലയാളുകള്‍ ഇഹ്‌റാമില്‍ പ്രവേശിക്കുന്ന സന്ദര്‍ഭം മുതല്‍ തന്നെ മേല്‍മുണ്ട് ഇപ്രകാരം ഇടാറുണ്ട്. അത് പ്രവാചകന്റെ മാതൃകക്ക് വിരുദ്ധമാണ്. ഇവിടെ സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് നി൪ദ്ദേശങ്ങളൊന്നുമില്ല.
ത്വവാഫിനായി നേരെ ഹജറുൽ അസ്വദിന്റെ അടുത്തേക്ക് എത്തണം. ഹജറുല്‍ അസ്‌വദിനെ ചുംബിക്കാന്‍ കഴിയുമെങ്കില്‍ ചുംബിക്കാവുന്നതാണ്. എന്നാല്‍ അതിനായി തിക്കിത്തിരക്കേണ്ടതില്ല. അതിനെ ചുംബിക്കാന്‍ കഴിയില്ലെങ്കില്‍ വലത് കൈ കൊണ്ടോ, വടികൊണ്ടോ തൊട്ട് അത് ചുംബിക്കാം.
ഇബ്നു ഉമ൪(റ) കൈകൊണ്ട് തടവിയ ശേഷം തന്റെ കൈ ചുംബിച്ചിരുന്നു. അദ്ദേഹം പറഞ്ഞു: നബി(സ്വ) അങ്ങനെ ചെയ്യുന്നതായി കണ്ടതിന് ശേഷം ഞാന്‍ അത് ഒഴിവാക്കിയിട്ടില്ല.(ബുഖാരി-മുസ്ലിം)
عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ طَافَ النَّبِيُّ صلى الله عليه وسلم فِي حَجَّةِ الْوَدَاعِ عَلَى بَعِيرٍ، يَسْتَلِمُ الرُّكْنَ بِمِحْجَنٍ. تَابَعَهُ الدَّرَاوَرْدِيُّ عَنِ ابْنِ أَخِي الزُّهْرِيِّ عَنْ عَمِّهِ
ഇബ്നു അബ്ബാസ്(റ) പറയുന്നു: ഹജ്ജത്തുൽ വദാഇൽ നബി(സ്വ) ഒട്ടകപ്പുറത്തിരുന്നാണ് ത്വവാഫ് ചെയ്തത്. അപ്പോൾ ഒരു വടികൊണ്ട് ഹജറുൽ അസ് വദിനെ തൊട്ടു.(ബുഖാരി: 1607)
അതിനും പ്രയാസമാണെങ്കില്‍ അതിന്റെ നേരെ നിന്ന് വലത് കൈ ഉയര്‍ത്തി ആംഗ്യം കാണിച്ച് بسم الله والله أكبر ബിസ്മില്ലാഹി വല്ലാഹു അക്ബർ (അല്ലാഹുവിന്റെ നാമത്തിൽ, അല്ലാഹു ഏറ്റവും വലിയവനാണ്) എന്ന് ചൊല്ലി ത്വവാഫ് ആരംഭിക്കണം. ഈ രീതിയില്‍ അഥവാ ഹജറുല്‍ അസ്വദിനെ നേരെ വലംകൈ ചൂണ്ടുന്ന സന്ദ൪ഭത്തില്‍ കൈ ചുംബിക്കേണ്ടതില്ല. ഇതോടൊപ്പം ഇപ്രകാരവും പറയാവുന്നതാണ്.
اللهم إيمانا بك وتصديقا بكتابك ووفاءا بعهدك واتباعا لسنة نبيك محمد صلعم
‘അല്ലാഹുമ്മ ഈമാനന്‍ ബിക, വതസ്വ്ദീഖന്‍ ബികിതാബിക, വവഫാഅന്‍ ബി അഹ്ദിക, വത്തിബാഅന്‍ ലി സുന്നത്തി നബിയ്യിക മുഹമ്മദിന്‍ (സ്വ)
അല്ലാഹുവേ, നിന്നില്‍ വിശ്വസിച്ച്, നിന്റെ ഗ്രന്ഥത്തെ ജീവിതം കൊണ്ട് സത്യപ്പെടുത്തി, നിന്നോടുള്ള കരാറുകള്‍ പൂര്‍ത്തീകരിച്ച്, നിന്റെ പ്രവാചകന്റെ പാത അനുധാവനം ചെയ്തുകൊണ്ട് ഞാന്‍ എന്റെ കര്‍മം ആരംഭിക്കുന്നു.
തിരക്കുള്ള സന്ദ൪ഭത്തില്‍ ഹജറുല്‍ അസ്‌വദില്‍ നിന്നും അകലെയായിരിക്കും നാം. അത്തരം സന്ദ൪ഭങ്ങളില്‍ ഹജറുല്‍ അസ്‌വദിന്റെ ഭാഗം അടയാളപ്പെടുത്തിക്കൊണ്ട് ലൈന്‍ ഇട്ടിട്ടുള്ളത് ശ്രദ്ധിച്ച് അവിടെ നിന്ന് ത്വവാഫ് ആരംഭിക്കണം.
ആദ്യത്തെ മൂന്ന് ത്വവാഫില്‍ ഇരുകാലുകളും അടുപ്പിച്ച് വെച്ച് ധൃതിയിലാണ് പുരുഷന്‍മാ൪ നടക്കേണ്ടത്. ഈ നടത്തത്തിന് ‘റമല്‍’ എന്നാണ് പറയുന്നത്. സ്ത്രീകള്‍ക്ക് ഇത് ബാധകമല്ല.
عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ سَعَى النَّبِيُّ صلى الله عليه وسلم ثَلاَثَةَ أَشْوَاطٍ وَمَشَى أَرْبَعَةً فِي الْحَجِّ وَالْعُمْرَةِ
ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: നബി(സ്വ) മൂന്ന് പ്രാവശ്യം കാലുകള്‍ അടുപ്പിച്ച് ധൃതിയില്‍(റമല്‍)നടന്നു. നാല് പ്രാവശ്യം സാധാരണ നടത്തവും അവിടുന്നു നിര്‍വ്വഹിച്ചു. ഹജ്ജിലും ഉംറയിലും. (ബുഖാരി:1604)
ത്വവാഫില്‍ പ്രത്യേകമായ മറ്റ് പ്രാര്‍ത്ഥനകളൊന്നും പഠിപ്പിക്കപ്പെട്ടിട്ടില്ല. ത്വവാഫില്‍ നമുക്ക് അറിയാവുന്ന ഏത് പ്രാ൪ത്ഥനകളും ദിക്റുകളും നി൪വ്വഹിക്കാവുന്നതാണ്. അതേപോലെ ഖു൪ആന്‍ പാരായണം ചെയ്യാവുന്നതാണ്. നമ്മുടെ ആവശ്യങ്ങളും കാര്യങ്ങളും നമ്മുടെ ഭാഷയില്‍ അല്ലാഹുവിനോട് ചോദിക്കാവുന്നതാണ്. ഐഹികവും പാരത്രികവുമായ ഏതു കാര്യത്തിന് വേണ്ടിയും നമുക്ക് പ്രാര്‍ത്ഥിക്കാം. പാരത്രികവുമായ കാര്യങ്ങള്‍ക്കാണ് ഒരു സത്യവിശ്വാസി എപ്പോഴും മുന്‍ഗണന നല്‍കേണ്ടത്.അമീ൪ പ്രാ൪ത്ഥന ചൊല്ലിക്കൊടുക്കുകയും കൂടെയുള്ളവ൪ ഉച്ചത്തില്‍ ഏറ്റുപറയുകയും ചെയ്യുന്ന രീതി ശരിയല്ല. ഓരോരുത്തര്‍ക്കും ആവശ്യമുള്ള കാര്യങ്ങള്‍ തികഞ്ഞ ഭയഭക്തിയോടും വിനയത്തോടും ആത്മാര്‍ത്ഥതയോടുംകൂടി അല്ലാഹുവിന്റെ മുമ്പില്‍ സമര്‍പ്പിക്കാനുള്ള അസുലഭാവസരമാണ് വന്നുകിട്ടിയിരിക്കുന്നത്. അതുകൊണ്ടുതന്നെ നാം നേരിട്ട് സര്‍വശക്തനും സര്‍വ്വജ്ഞനുമായ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയാണ് വേണ്ടത്.
ഹജറുല്‍ അസ്‌വദിന്റെ അടുത്തായിട്ടാണ് കഅ്‌ബയുടെ ഏകവാതില്‍ സ്ഥിതി ചെയ്യുന്നത്. അതിന് അടുത്തുകൂടി കഅ്‌ബയെ ഇടതുഭാഗത്താക്കിയാണ് ത്വവാഫ് ചെയ്യേണ്ടത്. ഹജറുല്‍ അസ്വദിന് തൊട്ട് ശേഷമുള്ള മൂലയുടെ ഭാഗത്ത് അ൪ദ്ധ വൃത്താകൃതിയില്‍ മതില്‍ പോലെ കെട്ടിയുണ്ടാക്കിയ ഒരു ഭാഗമാണ് ഹിജ്റ്. അത് ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കണം ത്വവാഫ് ചെയ്യേണ്ടത്. കാരണം അത് കഅ്‌ബയില്‍ ഉള്‍പ്പെട്ടതാണ്. ശേഷം മൂന്നാമത്തെ മൂലയും കഴിഞ്ഞ് നാലാമത്തെ മൂലയിലെത്തുമ്പോള്‍ (ഹജറുല്‍ അസ്‌വദിന്ന് തൊട്ട് മുമ്പുള്ള മൂല – റുക്‌നുല്‍ യമാനി ) ത്വവാഫിന് ഇടയില്‍ ആ മൂല വലത് കൈകൊണ്ട് തൊടാവുന്നതാണ്. എന്നാല്‍ ഹജറുല്‍ അസ്‌വദ് ചുംബിച്ചതുപോലെ ചുംബിക്കാനോ കൈയോ വടിയോ തൊട്ട് ചുംബിക്കാനോ എന്തെങ്കിലും പ്രത്യേക ദിക്റുകള്‍ പറയാനോ പാടില്ല. ആ മൂല വലത് കൈകൊണ്ട് തൊടാന്‍ പറ്റുമെങ്കില്‍ അത് മാത്രം ചെയ്യുക. അല്ലാത്തപക്ഷം നടന്നു നീങ്ങിയാല്‍ മതി. എന്നാല്‍ റുകുനുല്‍ യമാനി മുതല്‍ ഹജറുല്‍ അസ്‌വദ് വരെ ഇപ്രകാരം പ്രാ൪ത്ഥിക്കല്‍ സുന്നത്താണ്.
رَبَّنَا آتِنَا في الدُّنْيَا حسَنَةً وفي الآخِرَةِ حسَنةً وقِنَا عذَابَ النَّارِ
റബ്ബനാ ആതിനാ ഫിദ്ദുന്‍യാ ഹസന, വഫില്‍ ആഖിറതി ഹസനത്തന്‍, വഖിനാ അദാബന്നാര്‍.
ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ക്ക് ഈ ലോകത്ത് നീ നന്മ (സല്‍ക്കര്‍മ്മങ്ങള്‍, മാപ്പ്, സൗഖ്യം …) നല്‍കേണമേ. പരലോകത്തും നീ ഞങ്ങള്‍ക്ക് നന്മ (പ്രതിഫലവര്‍ദ്ധനവ്, മാപ്പ്, സ്വര്‍ഗീയ ജീവിതം..) നല്‍കേണമേ. നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ. (സുനനുഅബൂദാവൂദ് :1892 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അങ്ങനെ ഹജറുല്‍ അസ്‌വദിന്റെ അടുത്തെത്തുമ്പോള്‍ ഒരു ത്വവാഫ് പൂ൪ത്തിയായി. ഇങ്ങനെ ഏഴ് തവണ ത്വവാഫ് ചെയ്യണം. ഓരോ തവണയും ഹജറുല്‍ അസ്‌വദിന്റെ നേരെയെത്തുമ്പോള്‍ വലത് കൈ ഉയര്‍ത്തി اللهُ أَكْـبَر അല്ലാഹു അക്ബര്‍ എന്ന് പറയണം. ഇവിടെയും കൈ ചുംബിക്കേണ്ടതില്ല.
عَنِ ابْنِ عَبَّاسٍ، قَالَ طَافَ رَسُولُ اللَّهِ صلى الله عليه وسلم عَلَى بَعِيرِهِ، وَكَانَ كُلَّمَا أَتَى عَلَى الرُّكْنِ أَشَارَ إِلَيْهِ، وَكَبَّرَ.
ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം : നബി(സ്വ) ഒരിക്കല്‍ ഒട്ടക പുറത്ത് ഇരുന്നുകൊണ്ട് കഅബയെ ത്വവാഫ് ചെയ്തു. അദ്ദേഹം ഹജറുല്‍ അസ്വദിനെ നേരെ വന്നപ്പോഴെല്ലാം അതിലേക്ക് ആംഗ്യം കാണിക്കുക മാത്രമാണ് ചെയ്തത്. എന്നിട്ട് പറഞ്ഞു: “അല്ലാഹു അക്ബർ”. (ബുഖാരി:5293)
ത്വവാഫ് ഒരാരാധന തന്നെയാണെങ്കിലും ത്വവാഫിന് ഇടയില്‍ അത്യാവശ്യമായി വല്ലതും സംസാരിക്കുന്നതുകൊണ്ട് വിരോധമില്ല. എന്നാല്‍ തമാശ പറഞ്ഞ് ചിരിച്ച് നടക്കുവാനോ കുശലാന്വേഷണങ്ങള്‍ നടത്തി നടക്കുവാനോ അനാവശ്യ സംസാരങ്ങളില്‍ ഏര്‍പ്പെട്ട് വിലപ്പെട്ട സമയം പാഴാക്കിക്കളയാനോ പാടുള്ളതല്ല. അതെല്ലാം പ്രതിഫലം നഷ്‌ടപ്പെടുത്തുന്നതാണെന്ന് ഓര്‍ക്കേണ്ടതാണ്.
ത്വവാഫ് ചെയ്യുന്നതിന്നിടയില്‍ ദാഹിക്കുകയോ, ക്ഷീണിക്കുകയോ ചെയ്‌താല്‍ വെള്ളം കുടിക്കുന്നതിനും വിശ്രമിക്കുന്നതിന്നും വിരോധമില്ല. തദവസരത്തില്‍ പൂര്‍ത്തിയാക്കിയ എണ്ണം പരിഗണിക്കാവുന്നതും ബാക്കിയുള്ളത് നിര്‍വ്വഹിച്ചാല്‍ മതിയാകുന്നതുമാണ്. ത്വവാഫിന്റെ ഇടയില്‍ നമസ്‌കാരത്തിന്നുള്ള ഇഖാമത്ത് കേട്ടാല്‍ ഉടനെ നമസ്‌കാരത്തില്‍ പ്രവേശിക്കുകയും നമസ്കാരാനന്തരം ത്വവാഫ് ബാക്കിയുള്ളത് പൂര്‍ത്തിയാക്കേണ്ടതാണ്. ത്വവാഫിനിടയിൽ വുളു നഷ്ടപ്പെട്ടാൽ വീണ്ടും വുളുവെടുത്ത് ആദ്യ എണ്ണത്തെ പരിഗണിച്ച് ബാക്കി പൂർത്തിയാക്കേണ്ടതാണ്.
ത്വവാഫിന്റെ ഇടയിൽ എത്ര തവണ നിർവ്വഹിച്ചു എന്ന എണ്ണത്തിൽ സംശയമുണ്ടായാൽ ഉറപ്പുള്ളതായ എണ്ണത്തെ അവലംബിച്ച് ബാക്കി എണ്ണം പൂർത്തിയാക്കേണ്ടതാണ്. നാലോ അഞ്ചോ എന്നിങ്ങനെ രണ്ട് എണ്ണത്തില്‍ സംശയത്തില്‍ നില്‍ക്കുകയാണെങ്കില്‍ കുറഞ്ഞ എണ്ണമായ നാലില്‍ ഫിക്സ് ചെയ്യുകയും ബാക്കി പൂർത്തിയാക്കേണ്ടതുമാണ്.
ത്വവാഫ് പൂ൪ത്തിയായിക്കഴിഞ്ഞാള്‍ മുണ്ട് കക്ഷത്തില്‍ നിന്ന് മാറ്റി തല മറയാത്തവിധം പുതക്കുക. ത്വവാഫില്‍ മാത്രമേ ഇള്തിബാഹ് സുന്നത്തുള്ളൂ. അതിന് ശേഷം മഖാമ് ഇബ്റാഹീമിന്റെ പിന്നിൽ നിന്ന് കഅബക്ക്നേരെ തിരിഞ്ഞ് രണ്ട് റക്അത്ത് നമസ്കരിക്കണം. ആദ്യറക് അത്തിൽ ഫാതിഹക്ക് ശേഷം സൂറത്തുൽ കാഫിറൂനും (ഖുൽ യാ അയ്യുഹൽ കാഫിറൂൻ) രണ്ടാം റക്അത്തിൽ സൂറത്തുൽ ഇഖ്ലാസും (ഖുൽ ഹുവല്ലാഹു അഹദ്) പാരായണം ചെയ്യണം.
മഖാമു ഇബ്‌റാഹീം
ഇബ്‌റാഹീം നബിയും (അ) മകന്‍ ഇസ്‌മായീലും (അ) കൂടിയാണ് കഅബ നിര്‍മ്മിച്ചത്. കഅ്‌ബ നിര്‍മാണത്തില്‍ പടവ് ആളുയരത്തിലെത്തിയപ്പോള്‍ തുടര്‍ പടവിനായി ഒരു പാറയില്‍ കയറി നിന്നിട്ടാണ് കഅ്‌ബാ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ആ കല്ലാണ് മഖാമു ഇബ്‌റാഹീം എന്നറിയപ്പെടുന്നത്. കഅ്‌ബയുടെ വാതിലില്‍ നിന്ന് കുറച്ചകലെയായി ആളുകള്‍ക്ക് നോക്കിയാല്‍ കാണത്തക്കവിധം ഒരു കണ്ണാടിക്കൂട്ടിലാണ് അത് ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ളത്. ആ കണ്ണാടിക്കൂട് സ്‌പര്‍ശിക്കുന്നതിലോ തൊട്ടു മുത്തുന്നതിലോ പുണ്യമൊന്നുമില്ല. എന്നാല്‍ ത്വവാഫ് കഴിഞ്ഞശേഷം അതിന്റെ പിന്നില്‍ ഖിബ്‌ലക്ക് അഭിമുഖമായി നിന്ന് രണ്ട് റക്അത്ത് നമസ്‌കരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യണം. മഖാമു ഇബ്‌റാഹീനെ മുന്നിലാക്കി നമസ്‌ക്കരിക്കാന്‍ സൗകര്യപ്പെടാത്തപക്ഷം പിന്നിലേക്ക് മാറി നിന്ന് ഹറമില്‍ വെച്ച് നമസ്‌കാരം നിര്‍വഹിക്കാവുന്നതാണ്.
ﻭَٱﺗَّﺨِﺬُﻭا۟ ﻣِﻦ ﻣَّﻘَﺎﻡِ ﺇِﺑْﺮَٰﻫِۦﻢَ ﻣُﺼَﻠًّﻰ
….ഇബ്രാഹീം നിന്ന് പ്രാര്‍ത്ഥിച്ച സ്ഥാനത്തെ നിങ്ങളും നമസ്കാര (പ്രാര്‍ത്ഥന) വേദിയായി സ്വീകരിക്കുക…… (ഖു൪ആന്‍ :2/125)
قال قتادة: أمروا بالصلاة عند مقام إبراهيم ولم يؤمروا بمسحه وتقبيله
ഖതാദ(റ) പറഞ്ഞു: മഖാമു ഇബ്‌റാഹീമിന്റെ അടുക്കല്‍ വെച്ച് നമസ്കരിക്കുവാന്‍ നമ്മോട് കല്‍പ്പിച്ചിരിക്കുന്നു. എന്നാല്‍ അത് തൊടുവാനോ ചുംബിക്കുവാനോ നമ്മോട് കല്‍പ്പിച്ചിട്ടില്ല.(തഫ്‌സീർ അൽ ബഗവി)
قَالَ ابْنَ عُمَرَ: قَدِمَ النَّبِيُّ صلى الله عليه وسلم فَطَافَ بِالْبَيْتِ سَبْعًا، وَصَلَّى خَلْفَ الْمَقَامِ رَكْعَتَيْنِ، وَطَافَ بَيْنَ الصَّفَا وَالْمَرْوَةِ، وَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ.
ഇബ്നു ഉമർ(റ) പറഞ്ഞു:നബി(സ്വ) മക്കയില്‍ വരികയും കഅബയെ ഏഴ് പ്രാവശ്യം ത്വവാഫ് ചെയ്യുകയും ചെയ്തു. പിന്നീട് മഖാമു ഇബ്രാഹീമിന്റെ പിന്നില്‍ നിന്ന് രണ്ട് റക്അത്ത് നമസ്കരിക്കുകയും ശേഷം സഫാ മ൪വ്വക്കിടയില്‍ നടക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം നിങ്ങള്‍ക്ക് നിങ്ങളുടെ പ്രവാചകനില്‍ ഉത്തമമായ മാതൃകയുണ്ട് എന്ന വചനം പാരായണം ചെയ്യുകയും ചെയ്തു. (ബുഖാരി:395 , 1623,മുസ്ലിം 1234)
മഖാമു ഇബ്രാഹീമിന്റെ പിന്നില്‍ നമസ്കരിച്ച ശേഷം സംസം വെള്ളം കുടിക്കുക.
عَنْ أَبِي ذَرٍّ، رضى الله عنه عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِنَّهَا مُبَارَكَةٌ إِنَّهَا طَعَامُ طُعْمٍ
അബൂദ൪റില്‍(റ) നിന്ന് നിവേദനം:റസൂല്‍(സ്വ) പറഞ്ഞു: തീ൪ച്ചയായും അത് (സംസം) അനുഗ്രഹീതമാണ്. തീ൪ച്ചയായും അത് ഭക്ഷണത്തിന് ഭക്ഷണവുമാണ്.(മുസ്ലിം)
عَنْ أَبِي ذَرٍّ، رضى الله عنه عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِنَّهَا مُبَارَكَةٌ وَهِيَ طَعَامُ طٌعْمٍ، وَشِفَاءُ سُقْمِ
അബൂദർറിൽ(റ) നിന്ന് നിവേദനം: സംസം ഭക്ഷണത്തിന് ഭക്ഷണവും രോഗത്തിന് ശമനവുമാണ്. (ബസാർ – സ്വഹീഹ് അൽബാനി)
عَنْ جَابِرَ بْنَ عَبْدِ اللَّهِ، يَقُولُ سَمِعْتُ رَسُولَ اللَّهِ ـ صلى الله عليه وسلم ـ يَقُولُ : مَاءُ زَمْزَمَ لِمَا شُرِبَ لَهُ
ജാബിർ ബ്നു അബ്ദില്ലയിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സംസം വെള്ളം എന്തിനാണോ കുടിക്കുന്നത് അതിനുള്ളതാകുന്നു. (ഇബ്നുമാജ:25/3178 – സ്വഹീഹ് അല്‍ബാനി)
സഅ്‌യ്
നടത്തത്തിന്റെയും ഓട്ടത്തിന്റെയും ഇടയിലുള്ള വേഗതയോടുകൂടിയ നടത്തത്തിനാണ് സഅ്‌യ് എന്നു പറയുന്നത്. മസ്‌ജിദുല്‍ ഹറാമിനു പുറത്ത് സ്ഥിതി ചെയ്‌തിരുന്ന സാമാന്യം ഉയരമുള്ള രണ്ട് കുന്നുകളായിരുന്നു സ്വഫയും മര്‍വയും. പിന്നീട് പള്ളി വികസിപ്പിച്ചപ്പോള്‍ അതിന്റെ ഉള്ളിലായിട്ടാണ് ഇപ്പോള്‍ അത് സ്ഥിതിചെയ്യുന്നത്. സ്വഫയുടെ ഭാഗത്തേക്ക് പള്ളിയിലൂടെ തന്നെ കടന്നുചെല്ലാനുള്ള മാര്‍ഗമുണ്ട്. മുമ്പുണ്ടായിരുന്ന കുന്നുകളൊന്നും ഇപ്പോഴവിടെ കാണുകയില്ല. അതിന്റെ മുകള്‍ഭാഗത്തുണ്ടായിരുന്ന കുറച്ചുഭാഗം മാത്രമേ ഇപ്പോള്‍ അവിടെ അവശേഷിക്കുന്നുള്ളൂ. സ്വഫയില്‍നിന്ന് മര്‍വയിലേക്ക് പോകുന്നതിന്നും അവിടെനിന്ന് തിരിച്ച് സ്വഫയിലേക്ക് തന്നെ എത്തുന്നതിന്നും വേറെ വേറെ രണ്ടു ട്രാക്കുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അവക്കിടയിലായി വീല്‍ചെയറുകളിലിരുന്ന് സഅ്‌യ് നടത്താനും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.
സ്വഫയിൽ നിന്നായിരിക്കണം സഅ്യ് തുടങ്ങേണ്ടത്. സ്വഫാ മലയുടെ അടുത്തെത്തുമ്പോള്‍ ഖു൪ആന്‍ 2/158 ആയത്ത് പാരായണം ചെയ്യുക.
ﺇِﻥَّ ٱﻟﺼَّﻔَﺎ ﻭَٱﻟْﻤَﺮْﻭَﺓَ ﻣِﻦ ﺷَﻌَﺎٓﺋِﺮِ ٱﻟﻠَّﻪِ ۖ ﻓَﻤَﻦْ ﺣَﺞَّ ٱﻟْﺒَﻴْﺖَ ﺃَﻭِ ٱﻋْﺘَﻤَﺮَ ﻓَﻼَ ﺟُﻨَﺎﺡَ ﻋَﻠَﻴْﻪِ ﺃَﻥ ﻳَﻄَّﻮَّﻑَ ﺑِﻬِﻤَﺎ ۚ ﻭَﻣَﻦ ﺗَﻄَﻮَّﻉَ ﺧَﻴْﺮًا ﻓَﺈِﻥَّ ٱﻟﻠَّﻪَ ﺷَﺎﻛِﺮٌ ﻋَﻠِﻴﻢٌ
തീര്‍ച്ചയായും സ്വഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു. കഅ്ബാ മന്ദിരത്തില്‍ ചെന്ന് ഹജ്ജോ ഉംറഃയോ നിര്‍വഹിക്കുന്ന ഏതൊരാളും അവയിലൂടെ പ്രദക്ഷിണം നടത്തുന്നതില്‍ കുറ്റമൊന്നുമില്ല. ആരെങ്കിലും സല്‍കര്‍മ്മം സ്വയം സന്നദ്ധനായി ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു കൃതജ്ഞനും സര്‍വ്വജ്ഞനുമാകുന്നു. (ഖു൪ആന്‍: 2/158)
നബിയുടെ(സ്വ) ഹജ്ജ്, ജാബിര്‍(റ) വിശദീകരിച്ചപ്പോള്‍ പറഞ്ഞു: നബി(സ്വ) സ്വഫാ മലയുടെ അടുത്തെത്തിയപ്പോള്‍ ഇപ്രകാരം പാരായണം ചെയ്തിരുന്നു.
ശേഷം നബി (സ്വ) പറഞ്ഞു:
أَبْدَأُ بِمَا بَدَأَ اللهُ بِهِ
അബ്’ദഉ ബിമാ ബദഅല്ലാഹു ബിഹി
അല്ലാഹു ആരംഭിച്ചത് കൊണ്ട് ഞാനും ആരംഭിക്കുന്നു
ശേഷം, നബി (സ്വ) സ്വഫാ മലയില്‍ കയറി സ്വഫയിൽകയറി കഅബക്ക്നേരെ തിരിഞ്ഞുനിന്ന് لَا إِلَهَ إِلَّا اللهُ اللهُ أَكْـبَر (ലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍) എന്ന് പറഞ്ഞു
ശേഷം (സ്വഫാ മലയില്‍ വെച്ച്) ഇപ്രകാരം പറഞ്ഞു:
لَا إِلهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ وهُوَ عَلى كُلِّ شَيءٍ قَديرٌ، لَا إِلَهَ إِلَّا اللهُ وَحْدَهُ أَنْجَزَ وَعْدَهُ، وَنَصَرَ عَبْدَهُ وَهَزَمَ الأَحْزَابَ وَحْدَهُ
ലാ ഇലാഹ ഇല്ലല്ലാഹു, വഹ്ദഹു, ലാ ശരീക്കലഹു, ലഹുല്‍ മുല്‍ക്കു, വലഹുല്‍ ഹംദു, വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍, ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു, അന്‍ജസ വഅ്ദഹു, വനസ്വറ അബ്ദഹു, വഹസമല്‍ അഹ്സാബ വഹ്ദഹു
യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരം അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ (അല്ലാഹു) സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്. യാഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ (അല്ലാഹു) ഏകനാണ്. അവന്‍ തന്റെ വാഗ്ദാനം പാലിച്ചു. അവന്‍ തന്റെ അടിമയെ സഹായിച്ചു. ശത്രു സേനകളെ അവന്‍ ഒറ്റക്ക് പരാജയപ്പെടുത്തി.(മുസ്ലിം:1218)
നബി (സ്വ) ഇപ്രകാരം മൂന്ന്‍ പ്രാവശ്യം പറഞ്ഞു. ഓരോ പ്രാവശ്യത്തിനുമിടയില്‍ അവിടുന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു. നാമും ഇപ്രകാരം ചെയ്യുകയും അവിടെ നിന്നുകൊണ്ട് ധാരാളം പ്രാ൪ത്ഥിക്കുകയും ചെയ്യണം.
അതിന് ശേഷം അവിടെ നിന്നിറങ്ങി മർവയിലേക്ക് നടക്കുക. പച്ച നിറംകൊണ്ട് അടയാളമിട്ട സ്ഥലത്ത് പുരുഷൻമാർ വളരെവേഗത്തിൽ നടക്കണം (സ്ത്രീകൾക്കിത് ബാധകമല്ല). ആ ഭാഗം കഴിഞ്ഞാല്‍ പിന്നെ മര്‍വയിലെത്തുന്നതുവരെ നടക്കുക. ഏകദേശം 450 മീറ്റ൪ ആണ് അവിടേക്കുള്ള ദൂരം.ഈ നടത്തത്തില്‍ പ്രത്യേകമായ പ്രാര്‍ത്ഥനകളൊന്നും പഠിപ്പിക്കപ്പെട്ടിട്ടില്ല. നമുക്ക് അറിയാവുന്ന ഏത് പ്രാ൪ത്ഥനകളും ദിക്റുകളും നി൪വ്വഹിക്കാവുന്നതാണ്. അതേപോലെ ഖു൪ആന്‍ പാരായണം ചെയ്യാവുന്നതാണ്. ത്വവാഫിന്റെ ഭാഗത്ത് പറഞ്ഞതു പോലെ അല്ലാഹുവിനോട് ധാരാളം പ്രാ൪ത്ഥിക്കുക.സ്വഫയില്‍നിന്ന് മര്‍വയിലെത്തിയാല്‍ ഒരു സഅ്‌യ് പൂര്‍ത്തിയായി.
മര്‍വയിലെത്തിയാല്‍ അവിടെ നിന്നുകൊണ്ട് സ്വഫയില്‍ നി൪വ്വഹിച്ച ദിക്റുകള്‍ അതേപോലെ നി൪വ്വഹിക്കുകയും ധാരാളം പ്രാ൪ത്ഥിക്കുകയും ചെയ്യണം. അതിന് ശേഷം സ്വഫയിലേക്കുള്ള നടക്കണം. നേരത്തെ ചെയ്തത് പോലെ പച്ച നിറംകൊണ്ട് അടയാളമിട്ട സ്ഥലത്ത് പുരുഷൻമാർ വളരെ വേഗത്തിൽ നടക്കണം (സ്ത്രീകൾക്കിത് ബാധകമല്ല). ആ ഭാഗം കഴിഞ്ഞാല്‍ പിന്നെ സ്വഫയിലെത്തുന്നതുവരെ നടക്കുക. ദിക്റുകളും പ്രാ൪ത്ഥനകളും ഖു൪ആന്‍ പാരായണവും നി൪വ്വഹിക്കുക. മര്‍വയില്‍നിന്ന് സ്വഫയിലെത്തിയാല്‍ രണ്ടാമത്തെ സഅ്‌യ് പൂര്‍ത്തിയായി. ഇങ്ങനെ ഏഴ് സഅ്യ് പൂ൪ത്തിയാക്കണം. സഅ്യിന്റെ ആരഭത്തില്‍ സ്വഫയില്‍ നിന്നുകൊണ്ടും മ൪വ്വയില്‍ നിന്നുകൊണ്ടും കഅ്ബയെ നോക്കി ചൊല്ലേണ്ട ദിക്റുകള്‍ മറക്കരുത്.
സഅ്‌യ് ചെയ്യുന്നതിനിടയില്‍ വുളു മുറിഞ്ഞാല്‍ സഅ്‌യ് നിര്‍ത്തിവെക്കേണ്ടതില്ല. കാരണം സഅ്‌യിന്ന് വുളു നിര്‍ബന്ധമില്ല. ദാഹിക്കുകയോ, ക്ഷീണിക്കുകയോ ചെയ്‌താല്‍ വെള്ളം കുടിക്കുന്നതിനും വിശ്രമിക്കുന്നതിന്നും വിരോധമില്ല. തദവസരത്തില്‍ പൂര്‍ത്തിയാക്കിയ എണ്ണം പരിഗണിക്കാവുന്നതും ബാക്കിയുള്ളത് നിര്‍വ്വഹിച്ചാല്‍ മതിയാകുന്നതുമാണ്. സഅ്യിന്റെ ഇടയില്‍ നമസ്‌കാരത്തിന്നുള്ള ഇഖാമത്ത് കേട്ടാല്‍ ഉടനെ നമസ്‌കാരത്തില്‍ പ്രവേശിക്കുകയും നമസ്കാരാനന്തരം സഅ്യ് ബാക്കിയുള്ളത് പൂര്‍ത്തിയാക്കേണ്ടതുമാണ്.
ഖു൪ആന്‍ 2/158 ആയത്തില്‍ ‘ഹജ്ജും ഉംറയും നിര്‍വഹിക്കുന്നവര്‍ സ്വഫാ മര്‍വക്കിടയില്‍ സഅ്‌യ് നടത്തുന്നതില്‍ കുറ്റമില്ല’ എന്ന് പറയാന്‍ പ്രത്യേക കാരണമുണ്ട് : ജാഹിലിയ്യ കാലത്ത് സ്വഫായില്‍ ‘ഇസാഫ്’ എന്നും മര്‍വയില്‍ ‘നാഇല’ എന്നും പേരുള്ള വിഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. മക്കാ വിജയത്തിന് ശേഷം അവിടെ നിന്ന് വിഗ്രഹങ്ങള്‍ തുടച്ച് നീക്കിയിട്ടും വിശ്വാസികള്‍ക്ക് അവിടെ സഅ്‌യ് ചെയ്യുമ്പോള്‍ അത് അവരുടെ മനസ്സില്‍ പ്രയാസങ്ങള്‍ സൃഷ്ടിച്ചിരുന്നു. നിങ്ങള്‍ വിഷമിക്കേണ്ടതില്ലെന്നും അവിടെ സഅ്‌യ് നടത്തുന്നത് കുറ്റകരമായ പ്രവര്‍ത്തനമല്ലെന്നുമാണ് അല്ലാഹു ഈ ആയത്തിലൂടെ പറയുന്നത്.
തല മുണ്ഡനം ചെയ്യലും മുടി വെട്ടിച്ചെറുതാക്കലും
സഅ്യ് പൂർത്തിയായാൽ തല മുണ്ഡനം ചെയ്യുകയോ മുടി വെട്ടിച്ചെറുതാക്കുകയോ ചെയ്യണം.
ﻣُﺤَﻠِّﻘِﻴﻦَ ﺭُءُﻭﺳَﻜُﻢْ ﻭَﻣُﻘَﺼِّﺮِﻳﻦَ
…….തല മുണ്ഡനം ചെയ്തവരും മുടി വെട്ടിയവരും ആയികൊണ്ട് … (ഖു൪ആന്‍: 48/27)
عَنْ عَبْدِ اللَّهِ بْنِ عُمَرَ ـ رضى الله عنهما ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” اللَّهُمَّ ارْحَمِ الْمُحَلِّقِينَ ”. قَالُوا وَالْمُقَصِّرِينَ يَا رَسُولَ اللَّهِ قَالَ ” اللَّهُمَّ ارْحَمِ الْمُحَلِّقِينَ ”. قَالُوا وَالْمُقَصِّرِينَ يَا رَسُولَ اللَّهِ قَالَ ” وَالْمُقَصِّرِينَ ”. وَقَالَ اللَّيْثُ حَدَّثَنِي نَافِعٌ ” رَحِمَ اللَّهُ الْمُحَلِّقِينَ ” مَرَّةً أَوْ مَرَّتَيْنِ. قَالَ وَقَالَ عُبَيْدُ اللَّهِ حَدَّثَنِي نَافِعٌ وَقَالَ فِي الرَّابِعَةِ ” وَالْمُقَصِّرِينَ ”.
ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: നബി(സ) പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ!. മുടി മുണ്ഡനം ചെയ്തവരെ നീ അനുഗ്രഹിക്കേണമേ! പ്രവാചകരേ! മുടി വെട്ടിയവരേയും എന്ന് പ്രാര്‍ത്ഥിച്ചാലും എന്ന് സഹാബിമാര്‍ ആവശ്യപ്പെട്ടു. വീണ്ടും നബി പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ! തല മുണ്ഡനം ചെയ്തവരെ നീ അനുഗ്രഹിക്കേണമേ! അനുചരന്മാര്‍ പറഞ്ഞു: പ്രവാചകരേ! മുടി വെട്ടിയവരേയും. അന്നേരം നബി(സ) പ്രാര്‍ത്ഥിച്ചു: മുടി വെട്ടിയവരേയും. നാഫിഅ്(റ) പറയുന്നു: നാലാം പ്രാവശ്യമാണ് നബി(സ) മുടി വെട്ടിയവരേയും എന്ന് പ്രാര്‍ത്ഥിച്ചത്. (ബുഖാരി: 1727)
പുരുഷന്മാർ തല മുണ്ഡനം ചെയ്യലാണ് ഉത്തമം. മുടി വെട്ടുകയാണങ്കിൽ തലയുടെ എല്ലാ ഭാഗത്ത് നിന്നും മുടി വെട്ടേണ്ടതാണ്. അല്ലാതെ രണ്ടോ മൂന്നോ മുടിയുടെ അറ്റം മാത്രം വെട്ടുന്ന രീതി ശരിയല്ല. സ്ത്രീകൾ ഒരു വിരൽതുമ്പ് നീളത്തിൽ മുടിയുടെ അറ്റം വെട്ടിയാൽ മതി. തല മുണ്ഡനം ചെയ്യുകയോ മുടി വെട്ടുകയോ ചെയ്യുന്നതോട് കൂടി ഉംറയുടെ ക൪മ്മങ്ങള്‍ പൂർത്തിയായി.
സഅ്യ് ചെയ്യുന്നവ൪ അറിഞ്ഞിരിക്കേണ്ട ചരിത്രം
ഇസ്മാഈല്‍ (അ) മുലകുടിക്കുന്ന കാലത്ത്, ഭാര്യ ഹാജറിനെയും(റ), കുഞ്ഞിനെയും കൂട്ടി ഇബ്രാഹീം (അ) മക്കായില്‍ വന്നു. അന്ന് മക്കായില്‍ ജനവാസമില്ല. ജലശൂന്യവും ഫലശൂന്യവുമായ പാറക്കുന്നുകളും, മണല്‍ക്കാടുകളും മാത്രമുള്ള മരുപ്രദേശമായിരുന്നു മക്ക. ഇബ്രാഹീം (അ), ഇന്ന് കഅ്ബ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് – നാലുഭാഗവും പാറക്കുന്നുകളാല്‍ ആവൃതമായ ആ താഴ്വരയില്‍ – അല്ലാഹുവിന്റെ നി൪ദ്ദേശാനുസരണം അവരെ കുടിയിരുത്തിക്കൊണ്ടു തിരിച്ചുപോവുകയാണ്. അദ്ദേഹത്തിന്റെ പിന്നാലെ ചെന്ന പത്‌നി ഇബ്രാഹീമിനോട് ചോദിച്ചു: അല്ലയോ ഇബ്രാഹീം, മനുഷ്യരോ മറ്റെന്തെങ്കിലും വസ്തുക്കളോ ഇല്ലാത്ത ഈ മരുഭൂവില്‍ ഞങ്ങളെ തനിച്ചാക്കി എങ്ങോട്ടാണ് താങ്കള്‍ പോകുന്നത്? പലതവണ ചോദിച്ചെങ്കിലും അദ്ദേഹം തിരിഞ്ഞു നോക്കിയതു പോലുമില്ല. കാരണം അല്ലാഹുവിന്റെ വാഗ്ദാനം നിറവേറ്റപ്പെടുക തന്നെ ചെയ്യും എന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. അല്ലാഹുവിന്റെ കല്‍പനയാണെങ്കില്‍ അതില്‍ നിന്ന് തടയുക സാധ്യമല്ല എന്ന് ഭാര്യക്കും നല്ല ബോധ്യമുണ്ടായിരുന്നു. അവ൪ ചോദിച്ചു: അല്ലാഹുവിന്റെ കല്‍പനയാണോ ഇത്. അദ്ദേഹം അതെ എന്നു മറുപടി പറഞ്ഞു. ഇത് കേട്ടപ്പോള്‍ അവ൪ പറഞ്ഞു: എങ്കില്‍ ഞങ്ങള്‍ക്ക് ഒന്നും സംഭവിക്കുകയില്ല. ഇത് പറഞ്ഞ് ഹാജറ(റ) തിരിഞ്ഞു നടന്നു. സത്യവിശ്വാസികളുടെ നേതാവായ ആ ഭര്‍ത്താവിന്റെയും, അവരുടെ സത്യവിശ്വാസിനിയായ ആ ഭാര്യയുടെയും വിശ്വാസശക്തി എത്ര വലുത്.
ഇബ്രാഹീം(അ) ആ ചെറു കുടുംബത്തെ പുറംതള്ളിയതോ ഉപേക്ഷിച്ചതോ അല്ല. അല്ലാഹുവിന്റെ തീരുമാനം നടപ്പാക്കിയതാണ്. അവരില്‍ നിന്നും കണ്ണ് മറഞ്ഞപ്പോള്‍ അദ്ദേഹം അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു.
ﺭَّﺑَّﻨَﺎٓ ﺇِﻧِّﻰٓ ﺃَﺳْﻜَﻨﺖُ ﻣِﻦ ﺫُﺭِّﻳَّﺘِﻰ ﺑِﻮَاﺩٍ ﻏَﻴْﺮِ ﺫِﻯ ﺯَﺭْﻉٍ ﻋِﻨﺪَ ﺑَﻴْﺘِﻚَ ٱﻟْﻤُﺤَﺮَّﻡِ ﺭَﺑَّﻨَﺎ ﻟِﻴُﻘِﻴﻤُﻮا۟ ٱﻟﺼَّﻠَﻮٰﺓَ ﻓَﭑﺟْﻌَﻞْ ﺃَﻓْـِٔﺪَﺓً ﻣِّﻦَ ٱﻟﻨَّﺎﺱِ ﺗَﻬْﻮِﻯٓ ﺇِﻟَﻴْﻬِﻢْ ﻭَٱﺭْﺯُﻗْﻬُﻢ ﻣِّﻦَ ٱﻟﺜَّﻤَﺮَٰﺕِ ﻟَﻌَﻠَّﻬُﻢْ ﻳَﺸْﻜُﺮُﻭﻥَ
ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളില്‍ നിന്ന് (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയില്‍, നിന്റെ പവിത്രമായ ഭവനത്തിന്‍റെ (കഅ്ബയുടെ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുവാന്‍ വേണ്ടിയാണ് (അങ്ങനെ ചെയ്തത്.) അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്‌വുള്ളതാക്കുകയും, അവര്‍ക്ക് കായ്കനികളില്‍ നിന്ന് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദികാണിച്ചെന്ന് വരാം. (ഖു൪ആന്‍:14/37)
അങ്ങനെ ഹാജറയും(റ) കുഞ്ഞും ആ കുന്നിന്‍ പ്രദേശത്ത് ഒറ്റപ്പെട്ടു. കൈവശമുണ്ടായിരുന്ന വെള്ളവും തീര്‍ന്നു. മാതാവിനും, കുഞ്ഞിനും ദാഹം വര്‍ദ്ധിച്ചു. വല്ല യാത്രക്കാരുമായും കണ്ടുമുട്ടി അല്‍പം വെള്ളം കിട്ടുമോ എന്നു അന്വേഷിക്കുവാന്‍ മാതാവ് കുഞ്ഞിനെ അവിടെ കിടത്തി പുറപ്പെടുന്നു. ദൂരത്തേക്ക് എത്തിനോക്കുന്നതിനുവേണ്ടി ഒരു ഭാഗത്ത് സ്വഫാ കുന്നിന്മേല്‍ കയറുന്നു. ആരെയും കാണുന്നില്ല. ഉടനെ മറുഭാഗത്തു മര്‍വാ കുന്നിന്മേല്‍ കയറിനോക്കുന്നു. ആരെയും കാണുന്നില്ല. ഏഴ് തവണ രണ്ട് കുന്നുകളിലുമായി അങ്ങുമിങ്ങും അവര്‍ നടന്നു. ആരെയും കണ്ടുകിട്ടിയില്ല.പരിക്ഷീണതയായി നിരാശയോടെ അവള്‍ തന്റെ കുഞ്ഞിന്റെയരികിലേക്ക് തിരിച്ചു. കുഞ്ഞ് കിടക്കുന്നതിന്റെ അടുത്തുനിന്ന് അവര്‍ ഒരു ശബ്ദം കേട്ട് നോക്കുമ്പോള്‍ അതാ ഒരു നീരുറവ. അല്ലാഹു ജിബ്‌രീലിനെ(അ) കുഞ്ഞിന്റെയരികിലേക്ക് അയച്ചിരുന്നു. കുഞ്ഞിന്റെ പാദമുദ്രയേറ്റ സ്ഥലത്ത് ജിബ്‌രീല്‍ തന്റെ ചിറക് കൊണ്ട് അടിക്കുകയും അല്ലാഹു തീരുമാനിച്ചതനുസരിച്ച് അവിടെ നിന്നും ഉറവ പൊട്ടിയൊഴുകുകയും ചെയ്തു. അവ൪ വെള്ളമെടുത്ത് കുഞ്ഞിന് നല്‍കി. വെള്ളം നിയന്ത്രണവിധേയമല്ലാത്ത രീതിയില്‍ ഒഴുകിയപ്പോള്‍ അവ൪ പറഞ്ഞു. സം.. സം.. (അടങ്ങൂ.. അടങ്ങൂ..) അങ്ങനെ ആ നീരുറവക്ക് സംസം എന്ന പേര് വന്നുചേര്‍ന്നു. ഈ നീരുറവ നിമിത്തമാണ്, ക്രമേണ ആളുകള്‍ വന്നുകൂടി മക്കായില്‍ ജനവാസമുണ്ടായത്. ഇബ്റാഹീമിന്റെ പ്രാ൪ത്ഥനക്ക് അല്ലാഹു ഉത്തരം നല്‍കിയെന്ന് പറയുന്നതാണ് ശരി.
ഉംറ കഴിഞ്ഞാല്‍
ഉംറ കഴിഞ്ഞാല്‍ നമ്മുടെ നാടുകളിലേക്ക് തിരിച്ചു പോകാമെങ്കിലും വിദൂരത്ത് നിന്ന് വരുന്ന നമ്മെ പോലെയുള്ളവ൪ ഏതാനും ദിവസത്തേക്ക് കൂടി അവിടെതന്നെ താമസിക്കുന്നവരായിരിക്കും. ചരിത്രപരമായി പ്രാധാന്യമർഹിക്കുന്ന സ്ഥലങ്ങൾ സന്ദർശിക്കുന്നതും ചരിത്രങ്ങള്‍ ഓ൪ക്കുന്നതും അനുവദനീയമാണ്. എന്നാൽ കൂടുതൽ പുണ്യം ലഭിക്കാൻ കൈവന്ന സമയങ്ങളും സ്ഥലങ്ങളും നഷ്ടപ്പെടുത്തിയുള്ള സന്ദർശനങ്ങൾ കുറക്കുന്നതു തന്നെയാണുത്തമം. അവിടെയുള്ള സമയത്തെല്ലാം അഞ്ച് നേരത്തെ ഫര൪ള് നമസ്കാരം വിശുദ്ധ ഹറമില്‍ തന്നെ നമുക്ക് ജമാഅത്തായി നമസ്കരിക്കാന്‍ വേണ്ടി ശ്രമിക്കണം. മസ്ജിദുൽഹറാമിൽ വെച്ചുള്ള നമസ്‌കാരം ഇതരപള്ളികളിൽ നമസ്കരിക്കുന്നതിനേക്കാൾ ഒരു ലക്ഷം മടങ്ങ് ശ്രേഷ്ഠകരമാണ്.
عن جابر بن عبدالله: صلاةٌ في مسجدي هذا أفضلُ من ألفِ صلاةٍ فى سواه إلا المسجدَ الحرامَ، فصلاةٌ في المسجدِ الحرامِ أفضلُ من مئةِ ألفِ صلاةٍ [فيما سواه]
ജാബിർ ബിൻ അബ്ദില്ലാഹം رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: എന്റെ ഈ പള്ളിയില്‍ (മസ്ജിദുന്നബവി) നടത്തുന്ന നമസ്‌കാരത്തിന് മറ്റുള്ള പള്ളികളില്‍ നമസ്‌കരിക്കുന്നതിനെക്കാള്‍ ആയിരം മടങ്ങ് പ്രതിഫലമുണ്ട്. എന്നാല്‍ മസ്‌ജിദുല്‍ഹറാം അതില്‍ നിന്നൊഴിവാണ്. അതില്‍ ഒരു വഖ്‌ത്ത് നമസ്‌കരിക്കുന്നവന് ഒരു ലക്ഷം മടങ്ങ് പ്രതിഫലമുണ്ട്. (മറ്റെല്ലാ കാര്യങ്ങളിലും) (അഹ്‌മദ്)
عَنْ أَبِي ذَرٍّ، قَالَ ـ رضى الله عنه ـ قَالَ قُلْتُ يَا رَسُولَ اللَّهِ، أَىُّ مَسْجِدٍ وُضِعَ فِي الأَرْضِ أَوَّلُ قَالَ ” الْمَسْجِدُ الْحَرَامُ ”. قَالَ قُلْتُ ثُمَّ أَىٌّ قَالَ ” الْمَسْجِدُ الأَقْصَى ”. قُلْتُ كَمْ كَانَ بَيْنَهُمَا قَالَ ” أَرْبَعُونَ سَنَةً،…. ”.
അബുദര്‍റ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ആദ്യമായി ഭൂമിയില്‍ സ്ഥാപിതമായ പളളി ഏതാണ്. നബി ﷺ പറഞ്ഞു: (മക്കയിലുള്ള) മസ്ജിദുല്‍ഹറാം. പിന്നീട് ഏത് പളളിയാണെന്ന് ഞാന്‍ ചോദിച്ചു. നബി ﷺ പറഞ്ഞു: (ഫലസ്തീനിലുള്ള) ബൈത്തുല്‍ മുഖദ്ദസ്. എത്രകൊല്ലം ഇടവിട്ടാണ് അവ രണ്ടും സ്ഥാപിതമായത്? നബി ﷺ പറഞ്ഞു: നാല്പത് കൊല്ലം ഇടവിട്ട്. (ബുഖാരി:3366)
വിശുദ്ധ ഹറമില്‍ വെച്ച് ധാരാളം ഇബാദത്തുകള്‍ നി൪വ്വഹിക്കാന്‍ ശ്രദ്ധിക്കണം. അല്ലാഹു തൃപ്തിപ്പെടുന്ന ധാരാളം ക൪മ്മങ്ങള്‍ നി൪വ്വഹിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. അതേപോലെ സൌകര്യാ൪ത്ഥം ഉംറയുടെ ഭാഗമായിട്ടല്ലാതെയും നമുക്ക് ത്വവാഫ് നി൪വ്വഹിക്കാവുന്നതാണ്.
قال اِبْنِ عُمَر : سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ” إِنَّ مَسْحَهُمَا كَفَّارَةٌ لِلْخَطَايَا ” . وَسَمِعْتُهُ يَقُولُ ” مَنْ طَافَ بِهَذَا الْبَيْتِ أُسْبُوعًا فَأَحْصَاهُ كَانَ كَعِتْقِ رَقَبَةٍ ” . وَسَمِعْتُهُ يَقُولُ ” لاَ يَضَعُ قَدَمًا وَلاَ يَرْفَعُ أُخْرَى إِلاَّ حَطَّ اللَّهُ عَنْهُ بِهَا خَطِيئَةً وَكَتَبَ لَهُ بِهَا حَسَنَةً
ഇബ്നു ഉമ൪(റ) പറഞ്ഞു: അല്ലാഹുവിനെ റസൂല്‍(സ്വ) പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട് : ആരെങ്കിലും ഈ ഗേഹം ഏഴ് തവണ പ്രദക്ഷിണം നടത്തുകയും അത് (തെറ്റാതെ) കണക്കാക്കുകയും ചെയ്താല്‍ ഒരു അടിമയെ മോചിപ്പിക്കുന്നത് പോലെയാകുന്നു. റസൂല്‍(സ്വ) പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട്.അവന്‍ ഒരു കാല്‍ വെക്കുകയും മറ്റേ കാല്‍ വെക്കുകയും ചെയ്യുമ്പോള്‍ അല്ലാഹു അവനില്‍ നിന്ന് ഒരു പാപം ഇറക്കിവെക്കുകയും ഒരു നന്‍മ അവന് അതിനാല്‍ എഴുതുകയും ചെയ്യും.(തി൪മിദി :959)
മക്കയില്‍ താമസിക്കുമ്പോള്‍ ആ നാടിന്റെ പവിത്രത കളങ്കപ്പെടുത്തുന്ന യാതൊരു പ്രവ൪ത്തനങ്ങളും നമ്മില്‍ നിന്ന് ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
عَنِ ابْنِ عَبَّاسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم يَوْمَ الْفَتْحِ فَتْحِ مَكَّةَ : إِنَّ هَذَا الْبَلَدَ حَرَّمَهُ اللَّهُ يَوْمَ خَلَقَ السَّمَوَاتِ وَالأَرْضَ فَهُوَ حَرَامٌ بِحُرْمَةِ اللَّهِ إِلَى يَوْمِ الْقِيَامَةِ
ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: മക്കാ വിജയ ദിവസം നബി(സ്വ) പറഞ്ഞു: ആകാശ ഭൂമികളെ സൃഷ്ടിച്ചത് മുതല്‍ ഈ നാട് അല്ലാഹു പവിത്രമാക്കിയിരിക്കുന്നു. അന്ത്യനാള്‍ വരേക്കും അത് പവിത്രമായി തന്നെ നിലനില്‍ക്കുകയും ചെയ്യും. (മുസ്ലിം:2/986)
മദീനാ സന്ദ൪ശനം
മദീന സന്ദ൪ശനം ഹജ്ജിന്റെയോ ഉംറയുടേയോ ഭാഗമല്ലെന്നുള്ള വസ്തുത പ്രത്യേകം മനസ്സിലാക്കണം. പ്രത്യേകം പുണ്യം പ്രതീക്ഷിച്ച് യാത്ര ചെയ്യാന്‍ നബി(സ്വ) അനുവദിച്ചിട്ടുള്ള മൂന്ന് പള്ളികളിലൊന്ന് മദീനാ പള്ളിയാണ്. പ്രസ്തുത പുണ്യമുദ്ദേശിച്ച് മദീനയില്‍ പോകല്‍ സുന്നത്താണ്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ “ لاَ تُشَدُّ الرِّحَالُ إِلاَّ إِلَى ثَلاَثَةِ مَسَاجِدَ الْمَسْجِدِ الْحَرَامِ، وَمَسْجِدِ الرَّسُولِ صلى الله عليه وسلم وَمَسْجِدِ الأَقْصَى
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: മൂന്ന് പള്ളികളിലേക്കല്ലാതെ നിങ്ങൾ (പുണ്യം പ്രതീക്ഷിച്ച്) യാത്ര ചെയ്യരുത്. മസ്‌ജിദുൽ ഹറാം, റസൂലിന്റെ(സ്വ) പള്ളി (മദീനയിലെ മസ്ജിദുന്നബവി), മസ്‌ജിദുൽ അഖ്‌സാ എന്നിവയാണവ. (ബുഖാരി: 1189)
മദീനാ പള്ളിയില്‍ വെച്ചുള്ള നമസ്കാരത്തിന് മറ്റ് പള്ളികളിൽ വെച്ചുള്ള നമസ്കാരത്തേക്കാൾ ആയിരം മടങ്ങ് ശ്രേഷ്ഠകരമാണ്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ: صَلاَةٌ فِي مَسْجِدِي هَذَا خَيْرٌ مِنْ أَلْفِ صَلاَةٍ فِيمَا سِوَاهُ إِلاَّ الْمَسْجِدَ الْحَرَامَ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: എന്റെ ഈ പള്ളിയിൽ വെച്ചുള്ള നമസ്‌കാരം ഇതരപള്ളികളിൽ വെച്ചുള്ള നമസ്കാരത്തേക്കാൾ ആയിരം മടങ്ങ് ശ്രേഷ്ഠകരമാണ്. മസ്‌ജിദുൽ ഹറാം ഒഴികെ (കാരണം മസ്ജിദുൽഹറാമിൽ വെച്ചുള്ള നമസ്‌കാരം ഇതരപള്ളികളിൽ നമസ്കരിക്കുന്നതിനേക്കാൾ ഒരു ലക്ഷം മടങ്ങ് ശ്രേഷ്ഠകരമാണ്) (ബുഖാരി: 1190)
നബിയുടെ വീടിന്റേയും (ഇപ്പോൾ ഖബർ സ്ഥിതിചെയ്യുന്നസ്ഥലം) മിമ്പറിന്റേയും ഇടക്കുള്ള സ്ഥലത്തെ റൌള എന്നാണ് നബി(സ്വ) വിശേഷിപ്പിച്ചിട്ടുള്ളത്. അവിടെ വെച്ച് സുന്നത്ത് നമസ്കരിക്കുന്നതും പ്രാ൪ത്ഥിക്കുന്നതും പുണ്യകരമാണ്. നബിയുടെ(സ്വ) ഖബറിനല്ല റൌള എന്നുപറയുകയെന്നത് പ്രത്യേകം മനസ്സിലാക്കേണ്ടതാണ്.
عَنْ عَبْدِ اللَّهِ بْنِ زَيْدٍ الْمَازِنِيِّ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَا بَيْنَ بَيْتِي وَمِنْبَرِي رَوْضَةٌ مِنْ رِيَاضِ الْجَنَّةِ
അബൂഹുറൈറؓയിൽ(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: എന്റെ ഭവനത്തിന്റെയും എന്റെ മിമ്പറിന്റെയും ഇടയ്ക്കുള്ള സ്ഥലം സ്വർഗ പൂങ്കാവനങ്ങളിൽ പെട്ട ഒരു പൂങ്കാവനമാണ്. (ബുഖാരി:1195)
മദീനക്ക് അടുത്തുള്ള, നബി(സ്വ) മദീനയിലെത്തി ആദ്യമായി നി൪മ്മിച്ച പള്ളിയായ മസ്ജിദുല്‍ ഖുബാഇല്‍ വെച്ചുള്ള നമസ്കാരത്തിന് ഉംറയുടെ പ്രതിഫലമാണുള്ളത്.
عَنْ سَهْلُ بْنُ حُنَيْفٍ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ : مَنْ تَطَهَّرَ فِي بَيْتِهِ، ثُمَّ أَتَى مَسْجِدَ قُبَاءٍ، فَصَلَّى فِيهِ صَلاَةً، كَانَ لَهُ كَأَجْرِ عُمْرَةٍ
സഹ്ലുബ്നു ഹുനൈഫിൽ(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ആരെങ്കിലും തന്റെ വീട്ടിൽ വെച്ച് ശുദ്ധി വരുത്തിയ ശേഷം ഖുബാ പള്ളിയിൽ വന്ന് അവിടെ ഒരു നമസ്കാരം നടത്തിയാൽ അവന് ഉംറക്ക് സമാനമായ പ്രതിഫലമുണ്ട്. (ഇബ്നുമാജ:1412)
عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ كَانَ النَّبِيُّ صلى الله عليه وسلم يَأْتِي قُبَاءً رَاكِبًا وَمَاشِيًا. زَادَ ابْنُ نُمَيْرٍ حَدَّثَنَا عُبَيْدُ اللَّهِ عَنْ نَافِعٍ فَيُصَلِّي فِيهِ رَكْعَتَيْنِ.
ഇബ്‌നു ഉമർ (റ)വിൽ നിന്ന് നിവേദനം: നബി ﷺ കാൽനടയായും വാഹനത്തിലേറിയും ഖുബായിൽ സന്ദർശിക്കുകയും അവിടെ രണ്ടു റകഅത്ത് നമസ്‌കരിക്കുകയും ചെയ്തിരുന്നു. (ബുഖാരി: 1194)
അതേപോലെ മദീനയിലെത്തുന്ന പുരുഷന്‍മാ൪ക്ക് നബിയുടെയും(സ്വ) അബൂബക്കറിന്റേയും(റ) ഉമറിന്റേയും(റ) ഖബ്റുകള്‍ സന്ദ൪ശിക്കലും അവ൪ക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടേയെന്ന സലാം പറയലും സുന്നത്താണ്.ധാരാളം സ്വഹാബിമാരെ മറമാടിയ ബഖീഅ് ഖബറിടം, ഹംസ(റ)ന്റെ ഖബറിടമായ ഉഹ്ദ് താഴ്വര എന്നിവയെല്ലാം സന്ദ൪ശിക്കാവുന്നതാണ്.