നാം തൗബ ചെയ്യാറുണ്ടോ?

THADHKIRAH

‘തൗബ’യുടെ ഭാഷാര്‍ത്ഥം ‘മടക്കം’ എന്നാണ്. ശറഇല്‍ ‘തൗബ’ കൊണ്ടുള്ള ഉദ്ദേശ്യം ‘അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുക’ എന്നതാകുന്നു.

മനുഷ്യന്‍ തെറ്റുകള്‍ ചെയ്യുന്ന പ്രകൃതിയിലാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അല്ലാഹുവിന്റെ പ്രത്യേക സംരക്ഷണമുള്ള പ്രവാചകന്മാരല്ലാത്തവ൪ക്ക് പാപസുരക്ഷിതത്വമില്ല. മനുഷ്യനെ തെറ്റിലേക്ക് നയിക്കുന്ന ധാരാളം സാഹചര്യങ്ങള്‍ ചുറ്റുപാടുമുണ്ട്. മനുഷ്യന്റെ മുഖ്യ ശത്രുവായ പിശാചിന്റെ പ്രേരണയാല്‍ മനുഷ്യ മനസ്സ് തെറ്റ് ചെയ്യാന്‍ വെമ്പല്‍ കൊള്ളാറുമുണ്ട്.

ﻭَﻣَﺎٓ ﺃُﺑَﺮِّﺉُ ﻧَﻔْﺴِﻰٓ ۚ ﺇِﻥَّ ٱﻟﻨَّﻔْﺲَ ﻷََﻣَّﺎﺭَﺓٌۢ ﺑِﭑﻟﺴُّﻮٓءِ ﺇِﻻَّ ﻣَﺎ ﺭَﺣِﻢَ ﺭَﺑِّﻰٓ ۚ ﺇِﻥَّ ﺭَﺑِّﻰ ﻏَﻔُﻮﺭٌ ﺭَّﺣِﻴﻢٌ

ഞാന്‍ എന്റെ മനസ്സിനെ കുറ്റത്തില്‍ നിന്ന് ഒഴിവാക്കുന്നില്ല. തീര്‍ച്ചയായും മനസ്സ് ദുഷ് പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. എന്റെ രക്ഷിതാവിന്റെ കരുണ ലഭിച്ച മനസ്സൊഴികെ. തീര്‍ച്ചയായും എന്റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.(ഖു൪ആന്‍: 12/53)

പൈശാചിക പ്രേരണകള്‍ക്കും സ്വന്തം ദേഹേച്ഛകള്‍ക്കും അടിമപ്പെടുമ്പോഴാണ് മനുഷ്യന്‍ തെറ്റുകള്‍ ചെയ്യുന്നത്. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒരു തെറ്റ് സംഭവിച്ച് പോയാല്‍ ഉടന്‍ അല്ലാഹുവിനെ ഓ൪ക്കുകയും ആ തെറ്റില്‍ നിന്ന് പിന്‍മാറുകയും അല്ലാഹുവിനോട് പൊറുക്കലിനെ ചോദിക്കുകയുമാണ് വേണ്ടത്

عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏:‏ ‏ ‏ كُلُّ بَنِي آدَمَ خَطَّاءٌ وَخَيْرُ الْخَطَّائِينَ التَّوَّابُونَ

അനസ് (റ) വില്‍ നിവേദനം:നബി ﷺ പറഞ്ഞു: ‘ആദം സന്തതികളില്‍ മുഴുവനും തെറ്റ് ചെയ്യുന്നവരാണ്. എന്നാല്‍ തെറ്റ് ചെയ്യുന്നവരില്‍ ഉത്തമര്‍ പശ്ചാത്തപിക്കുന്നവരും’.(ഇബ്നു മാജ:37/4392)

അധികമാളുകളും വിചാരിച്ചിട്ടുള്ളത് തൌബ എന്നാല്‍ അത് ഇസ്തിഗ്ഫാ൪ പോലെയാണെന്നാണ്. യഥാ൪ത്ഥത്തില്‍ തൌബ എന്നത് ഇസ്തിഗ്ഫാറല്ല.

ﻭَﺃَﻥِ ٱﺳْﺘَﻐْﻔِﺮُﻭا۟ ﺭَﺑَّﻜُﻢْ ﺛُﻢَّ ﺗُﻮﺑُﻮٓا۟ ﺇِﻟَﻴْﻪِ

നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക ……… (ഖു൪ആന്‍: 11/3)

أَفَلَا يَتُوبُونَ إِلَى ٱللَّهِ وَيَسْتَغْفِرُونَهُۥ ۚ وَٱللَّهُ غَفُورٌ رَّحِيمٌ

ആകയാല്‍ അവര്‍ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുകയും, അവനോട് പാപമോചനം തേടുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.(ഖു൪ആന്‍:5/74)

തൗബയും ഇസ്തിഗ്ഫാറും വെവ്വേറെയുള്ളതാണെന്നും ഈ ആയത്തുകളില്‍ നിന്നും ഗ്രഹിക്കാം. ‘ഇസ്തിഗ്ഫാര്‍’ എന്നാല്‍ ‘പാപമോചനാര്‍ഥന നടത്തുക’ എന്നാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ തൌബയെന്നാല്‍ ചെയ്തുപോയ തെറ്റിനെ ഓ൪ത്ത് ചില പ്രത്യേക നിബന്ധനയോടെ അല്ലാഹുവിനോട് പശ്ചാത്തപിച്ച് അല്ലാഹുവിലേക്ക് മടങ്ങലാണ്. പാപമോചനവും പശ്ചാത്താപവും കൊണ്ടല്ലാതെ പാപങ്ങൾ മായ്ക്കപെടുകയില്ല.

قال ابن الجوزي رحمه الله : المعاصي سلسلة في عنق العاصي لا يفكه منها إلا الاستغفار والتوبة

ഇബ്നുൽ ജൗസി رحمه الله പറഞ്ഞു: പാപങ്ങൾ പാപിയുടെ കഴുത്തിലെ ചങ്ങലയാണ്, പാപമോചനവും, പശ്ചാത്താപവും കൊണ്ടല്ലാതെ അതഴിക്കുക സാധ്യമല്ല. (التذكرة في الوعظ – 96)

തൌബയുടെ നിബന്ധനകള്‍

ചെറുതും വലുതും രഹസ്യവും പരസ്യവുമായ എല്ലാ കുറ്റങ്ങളില്‍നിന്നും തൗബ ചെയ്യല്‍ നിര്‍ബന്ധമാണെന്നാണ് പ്രബലാഭിപ്രായം. ഒരു തെറ്റില്‍ നിന്ന് പശ്ചാത്തപിച്ച് മടങ്ങുന്നതിന് മൂന്ന് നിബന്ധനകളുണ്ട്.

1) ചെയ്ത തെറ്റില്‍ നിന്ന് പൂര്‍ണമായും മുക്തനാവുക

തെറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പശ്ചാത്താപത്തിന് യാതൊരു പ്രസക്തിയുമില്ല. അതുകൊണ്ടുതന്നെ ഒന്നാമതായി ചെയ്ത തെറ്റില്‍ നിന്ന് പൂര്‍ണമായും മുക്തനാവുക. തെറ്റില്‍ നിന്ന് ഒഴിവാകുന്നത് അല്ലാഹുവിന് വേണ്ടിയാവണം അഥവാ അവനെ ഭയന്നുകൊണ്ടാകണം. അല്ലാഹുവില്‍നിന്നല്ലാതെ വല്ലതും പേടിച്ചോ ജനങ്ങളെ കാണിക്കാനോ കുറ്റങ്ങള്‍ ഒഴിവാക്കിയാല്‍ അത് തൗബയുടെ ഭാഗമായി പരിഗണിക്കപ്പെടുകയില്ല.

قال الإمام ابن بـــاز رحمه الله تعالى : العلاج الحقيقي للذنوب يكون بالتوبة إلى الله و ترك المعاصي و الصدق في ذلك. [مجموع الفتاوى (٥/١٧٥)]

ഇബ്നു ബാസ്‌ (റഹി) പറഞ്ഞു : പാപങ്ങൾക്കുള്ള യഥാർത്ഥ പ്രതിവിധി അല്ലാഹുവിലേക്കുള്ള തൗബ കൊണ്ടും , പാപം ഉപേക്ഷിച്ചു കൊണ്ടും , അതിൽ സത്യസന്ധത പുലർത്തിക്കൊണ്ടുമായിരിക്കും.

2) ചെയ്ത തെറ്റിനെ ഓ൪ത്ത് ആത്മാ൪ത്ഥമായി ഖേദിക്കുക.

ചെയ്ത തെറ്റിനെ ഓ൪ത്ത് ആത്മാ൪ത്ഥമായി ഖേദിച്ചാല്‍ മാത്രമേ തൌബക്ക് പ്രസക്തിയുള്ളൂ. ജനങ്ങളുടെ സ്തുതി സമ്പാദിക്കാനോ ആക്ഷേപത്തില്‍നിന്ന് രക്ഷപ്പെടാനോ മറ്റോ ഉള്ള ഖേദപ്രകടനമല്ല ആവശ്യമായത്. അങ്ങനെയായാല്‍ തൗബയായി പരിഗണിക്കപ്പെടുകയില്ല. ഖേദം അല്ലാഹുവിന് വേണ്ടി മാത്രമായിരിക്കുകയും വേണം.

3) തെറ്റുകളിലേക്ക് ഇനി ഒരിക്കലും മടങ്ങുകയില്ലെന്ന് ഉറച്ചു തീരുമാനിക്കുക

നാളെ അല്ലെങ്കില്‍ ഇനി ഒരവസരം കിട്ടിയാല്‍ വീണ്ടും തെറ്റിലേക്ക് മടങ്ങുമെന്ന് വിചാരിക്കുന്നവന് തൌബയില്ല. അതുകൊണ്ട് തൌബ ചെയ്യുന്നവന്‍ ഇനി ഔരിക്കലും തനിക്ക് സംഭവിച്ച് പോയ തെറ്റിലേക്ക് മടങ്ങില്ലെന്ന് ദൃഢ നിശ്ചയം ചെയ്യണം. ഈ തീരുമാനവും അല്ലാഹുവിന് വേണ്ടി മാത്രമായിരിക്കണം.

മേല്‍ പറഞ്ഞിട്ടുള്ള മൂന്ന് കാര്യങ്ങളില്‍ ‘ഇഖ്‌ലാസ് ’ നി൪ബന്ധമാണ് അഥവാ ഈ മൂന്ന് കാര്യങ്ങളും അല്ലാഹുവിന് വേണ്ടിയായിരിക്കണം ചെയ്യേണ്ടത്. അതേപോലെ ഈ മൂന്നു നിബന്ധനകളില്‍ ഒന്ന് ഒഴിവായാല്‍ തൌബ ഉണ്ടാവുകയില്ല.

وَلَمَّا كَانَتِ التَّوْبَةُ مِنَ الْأَعْمَالِ الْعَظِيمَةِ، الَّتِي قَدْ تَكُونُ كَامِلَةً بِسَبَبِ تَمَامِ الْإِخْلَاصِ وَالصِّدْقِ فِيهَا، وَقَدْ تَكُونُ نَاقِصَةً عِنْدَ نَقْصِهِمَا، وَقَدْ تَكُونُ فَاسِدَةً إِذَا كَانَ الْقَصْدُ مِنْهَا بُلُوغَ غَرَضٍ مِنَ الْأَغْرَاضِ الدُّنْيَوِيَّةِ، وَكَانَ مَحَلُّ ذَلِكَ الْقَلْبَ الَّذِي لَا يَعْلَمُهُ إِلَّا اللَّهُ

തൗബ(പശ്ചാത്താപം) എന്നത് ഒരു മഹത്തായ കർമമാണ്. ഇഖ്‌ലാസോടും സത്യസന്ധതയോടും കൂടിയാകുമ്പോൾ അത് പൂർണമായിരിക്കും. എന്നാൽ അവ രണ്ടും കുറയുമ്പോൾ തൗബ അപൂർണമായിരിക്കുകയും ചെയ്യും. മാത്രവുമല്ല ഭൗതിക ലക്ഷ്യങ്ങൾക്കാകുമ്പോൾ അത് അധർമം കൂടിയാണ്. ഇതെല്ലാം സംഭവിക്കുന്നത് ഹൃദയത്തിനകത്താണ്. അതറിയാൻ അല്ലാഹുവിന് മാത്രമെ കഴിയൂ. (തഫ്സീറുസ്സഅ്ദി – സൂറ:ശൂറാ ആയത്ത് 25)

ചെയ്ത തെറ്റ് ജനങ്ങളുടെ ‘ഹഖു’മായി ബന്ധപ്പെട്ടതാണെങ്കില്‍ മേല്‍ വിവരിച്ച മൂന്നു കാര്യങ്ങള്‍ക്കു പുറമെ നാലാമതൊരു നിബന്ധന കൂടിയുണ്ട്. തെറ്റുമായി ബന്ധപ്പെട്ട വ്യക്തിയുടെ ഹഖിനെ ഒഴിവാക്കണം. അതായത് മറ്റൊരാളുടെ സ്വത്ത് അന൪ഹമായി സ്വന്തമാക്കിയതിനാണ് തൌബ ചെയ്യുന്നതെങ്കില്‍ അയാളുടെ സ്വത്ത് അയാള്‍ക്ക് മടക്കിക്കൊടുക്കണം. ഒരാളെ കുറിച്ച് ആരോപണം പറഞ്ഞതാണെങ്കില്‍ അയാളെ കണ്ട് പൊരുത്തം ചോദിക്കണം.

وَهُوَ ٱلَّذِى يَقْبَلُ ٱلتَّوْبَةَ عَنْ عِبَادِهِۦ وَيَعْفُوا۟ عَنِ ٱلسَّيِّـَٔاتِ وَيَعْلَمُ مَا تَفْعَلُونَ

അവനാകുന്നു തന്റെ ദാസന്‍മാരില്‍ നിന്ന് പശ്ചാത്താപം സ്വീകരിക്കുന്നവന്‍. അവന്‍ ദുഷ്കൃത്യങ്ങള്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത് അവന്‍ അറിയുകയും ചെയ്യുന്നു.(ഖു൪ആന്‍:42/25)

هَذَا بَيَانٌ لِكَمَالِ كَرَمِ اللَّهِ تَعَالَى وَسِعَةِ جُودِهِ وَتَمَامِ لُطْفِهِ، بِقَبُولِ التَّوْبَةِ الصَّادِرَةِ مِنْ عِبَادِهِ حِينَ يُقْلِعُونَ عَنْ ذُنُوبِهِمْ وَيَنْدَمُونَ عَلَيْهَا، وَيَعْزِمُونَ عَلَى أَنْ لَا يُعَاوِدُوهَا، إِذَا قَصَدُوا بِذَلِكَ وَجْهَ رَبِّهِمْ، فَإِنَّ اللَّهَ يَقْبَلُهَا بَعْدَ مَا انْعَقَدَتْ سَبَبًا لِلْهَلَاكِ، وَوُقُوعِ الْعُقُوبَاتِ الدُّنْيَوِيَّةِ وَالدِّينِيَّةِ. وَيَعْفُو عَنِ السَّيِّئَاتِ وَيَمْحُوهَا، وَيَمْحُو أَثَرَهَا مِنَ الْعُيُوبِ، وَمَا اقْتَضَتْهُ مِنَ الْعُقُوبَاتِ، وَيُعُودُ التَّائِبُ عِنْدَهُ كَرِيمًا، كَأَنَّهُ مَا عَمِلَ سُوءًا قَطْ، وَيُحِبُّهُ وَيُوَفِّقُهُ لِمَا يُقِرُّ بِهِ إِلَيْهِ.

അല്ലാഹുവിന്റെ ഔദാര്യവും അതിന്റെ പൂർണതയും വിശാലതയും അവന്റെ സമ്പൂർണ സ്‌നേഹവുമാണ് ഇവിടെ വ്യക്തമാക്കുന്നത്. തന്റെ ദാസന്മാരിൽനിന്ന് ഇഹലോകത്തും പരലോകത്തും ശിക്ഷ ലഭിക്കുന്നതും നാശത്തിന് കാരണവുമായേക്കാവുന്ന ഒരു തെറ്റ് സംഭവിച്ചതിനുശേഷം അവര്‍, പാപങ്ങളെ പിഴുതെറിയുകയും അത് സംഭവിച്ചുപോയതിൽ ഖേദിക്കുകയും തങ്ങളുടെ രക്ഷിതാവിന്റെ പ്രീതി ആഗ്രഹിച്ച് അതിലേക്ക് മടങ്ങില്ലെന്ന് തീരുമാനിക്കുകയും ചെയ്യുമ്പോൾ അവരുടെ പശ്ചാത്താപം സ്വീകരിച്ചുകൊണ്ട്  അല്ലാഹു ദുഷ്‌കൃത്യങ്ങൾക്ക് മാപ്പ് നൽകുകയും അതിനെ മായ്ച്ചു കളയുകയും ചെയ്യുന്നു. അതുമൂലമുണ്ടാകുന്ന തകരാറുകളെയും ലഭിച്ചേക്കാവുന്ന ശിക്ഷയെയും ഇല്ലാതാക്കുന്നു. അങ്ങനെ പശ്ചാത്തപിക്കുന്നവൻ മാന്യനാകുന്നു; തീരെ തിന്മ പ്രവർത്തിക്കാത്തവനെപ്പോലെ. അവനെ അല്ലാഹു സ്‌നേഹിക്കുകയും അവന്റെ സാമീപ്യം ലഭിക്കാനുള്ള വഴിയൊരുക്കിക്കൊടുക്കുകയും ചെയ്യുന്നു. (തഫ്സീറുസ്സഅ്ദി – സൂറ:ശൂറാ ആയത്ത് 25)

ഏതെങ്കിലും ഒരു തെറ്റിന് തൗബ ചെയ്താല്‍ ആ തെറ്റില്‍ നിന്ന് തൗബ ശരിയാകുകുന്നതും മറ്റു തെറ്റുകള്‍ അവന്റെ മേല്‍ ബാക്കി നില്‍ക്കുന്നതുമാണെന്നാണ് പ്രബലാഭിപ്രായം.

അല്ലാഹു തന്റെ ദാസന്മാരെ തൗബ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതായി വിശുദ്ധ ഖുര്‍ആനില്‍ കാണാം

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ تُوبُوٓا۟ إِلَى ٱللَّهِ تَوْبَةً نَّصُوحًا عَسَىٰ رَبُّكُمْ أَن يُكَفِّرَ عَنكُمْ سَيِّـَٔاتِكُمْ وَيُدْخِلَكُمْ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നിഷ്കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്തേക്കാം. ………(ഖു൪ആന്‍:66/8)

توبة نصوحا ( നിഷ്കളങ്കമായ പശ്ചാത്താപം) എന്നതിന്റെ ഉദ്ദേശം തെറ്റില്‍ നിന്ന് മാറി നിന്നുകൊണ്ട് അതിലേക്ക് ഇനി മടങ്ങില്ലെന്ന ദൃഢനിശ്ചയത്തോടെ ആത്മാ൪ത്ഥമായി ഖേദിച്ചു മടങ്ങുക എന്നാകുന്നു.

قال الحسن البصري رحمه الله : التوبة النصوح أن تُبغِض الذّنب كما أحببته، وتستغفر منه إذا ذكرته

ഹസനുല്‍ ബസ്വ്രി رحمه الله പറഞ്ഞു: നിഷ്കളങ്കമായ തൗബയെന്നാൽ നീ തിന്മയെ എപ്രകാരം ഇഷ്ടപ്പെട്ടിരുന്നവോ അതുപോലെ നീ അതിനെ വെറുക്കുകയും, അതിനെ കുറിച്ച് ഓർമ വരുമ്പോഴെല്ലാം ഉടനെ അതിൽ നിന്നും ഇസ്തിഗ്ഫാർ ചെയ്യലുമാണ്. تفسير ابن كثير【٨/١٦٩】

ﻓَﻤَﻦ ﺗَﺎﺏَ ﻣِﻦۢ ﺑَﻌْﺪِ ﻇُﻠْﻤِﻪِۦ ﻭَﺃَﺻْﻠَﺢَ ﻓَﺈِﻥَّ ٱﻟﻠَّﻪَ ﻳَﺘُﻮﺏُ ﻋَﻠَﻴْﻪِ ۗ ﺇِﻥَّ ٱﻟﻠَّﻪَ ﻏَﻔُﻮﺭٌ ﺭَّﺣِﻴﻢٌ

എന്നാല്‍, അക്രമം ചെയ്ത് പോയതിനു ശേഷം വല്ലവനും പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്താല്‍ തീര്‍ച്ചയായും അല്ലാഹു അവന്റെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമത്രെ.(ഖു൪ആന്‍ :5/39)

قَالَ رَسُولُ اللَّهِ صلى الله عليه وسلم:‏ التَّائِبُ مِنَ الذَّنْبِ كَمَنْ لاَ ذَنْبَ لَهُ

നബി ﷺ പറഞ്ഞു: തൗബ ചെയ്തവൻ പാപങ്ങൾ ഇല്ലാത്തവനെപ്പോലെയാണ്. (ത്വബ്റാനി)

عَنْ أَبِي مُوسَى، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : إِنَّ اللَّهَ عَزَّ وَجَلَّ يَبْسُطُ يَدَهُ بِاللَّيْلِ لِيَتُوبَ مُسِيءُ النَّهَارِ وَيَبْسُطُ يَدَهُ بِالنَّهَارِ لِيَتُوبَ مُسِيءُ اللَّيْلِ حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا

അബൂമൂസയിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീർച്ചയായും ഉന്നതനായ അല്ലാഹു രാത്രിയിൽ തന്റെ കരം നീട്ടുന്നു പകലിൽ പാപം ചെയ്തവർക്ക്‌ പൊറുത്തുകൊടുക്കാനായി , അവൻ പകലിൽ കരം നീട്ടുന്നു , രാത്രിയിൽ പാപം ചെയ്തവർക്ക്‌ പൊറുത്തുകൊടുക്കാനായി, സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നതുവരെ (അല്ലാഹു അപ്രകാരം ചെയ്തു കൊണ്ടിരിക്കും). (മുസ്‌ലിം:2759)

അല്ലാഹുവിന്റെ ഒരു ദാസന്‍ തെറ്റുകളില്‍ നിന്നെല്ലാം പശ്ചാത്തപിച്ച് മടങ്ങുമ്പോഴെല്ലാം അല്ലാഹു സന്തോഷിക്കുന്നതാണെന്ന് നബി ﷺ അറിയിച്ച് തന്നിട്ടുണ്ട്.

عَنْ أَنَسُ بْنُ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: لَلَّهُ أَشَدُّ فَرَحًا بِتَوْبَةِ عَبْدِهِ حِينَ يَتُوبُ إِلَيْهِ مِنْ أَحَدِكُمْ كَانَ عَلَى رَاحِلَتِهِ بِأَرْضِ فَلاَةٍ فَانْفَلَتَتْ مِنْهُ وَعَلَيْهَا طَعَامُهُ وَشَرَابُهُ فَأَيِسَ مِنْهَا فَأَتَى شَجَرَةً فَاضْطَجَعَ فِي ظِلِّهَا قَدْ أَيِسَ مِنْ رَاحِلَتِهِ فَبَيْنَا هُوَ كَذَلِكَ إِذَا هُوَ بِهَا قَائِمَةً عِنْدَهُ فَأَخَذَ بِخِطَامِهَا ثُمَّ قَالَ مِنْ شِدَّةِ الْفَرَحِ اللَّهُمَّ أَنْتَ عَبْدِي وَأَنَا رَبُّكَ ‏.‏ أَخْطَأَ مِنْ شِدَّةِ الْفَرَحِ

അനസിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:യാത്രാമദ്ധ്യേ മരുഭൂമിയില്‍ വെച്ച് ഭക്ഷണവും വെള്ളവും ചുമന്നിരുന്ന ഒട്ടകം നിങ്ങളിലൊരാള്‍ക്ക് നഷ്ടപ്പെട്ടു. തെരഞ്ഞു പിടിക്കുന്നതിനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ട് ഒരു വൃക്ഷ ചുവട്ടില്‍ ഇരിക്കുമ്പോഴതാ ഒട്ടകം അവന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. മൂക്കുകയര്‍ പിടിച്ച് അതിരറ്റ സന്തോഷത്താല്‍ അവന്‍ പറഞ്ഞുപോയി. അല്ലാഹുവേ, നീ എന്റെ ദാസനും ഞാന്‍ നിന്റെ നാഥനുമാണ്. സന്തോഷാധിക്യത്താല്‍ അദ്ദേഹം മാറി പറഞ്ഞതാണ്. അയാളേക്കാള്‍ ഉപരിയായി തന്റെ ദാസന്റെ പശ്ചാത്താപത്തില്‍ സന്തോഷിക്കുന്നവനാണ് അല്ലാഹു.(മുസ്ലിം:2747)

عَنِ ابْنَ عُمَرَ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: يَا أَيُّهَا النَّاسُ تُوبُوا إِلَى اللَّهِ فَإِنِّي أَتُوبُ فِي الْيَوْمِ إِلَيْهِ مِائَةَ مَرَّةٍ

അഗർറ് ബ് നു യസാറിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലയോ ജനങ്ങളേ, നിങ്ങൾ അല്ലാഹുവിങ്കലേക്ക്‌ പശ്ചാത്തപിക്കുകയും പാപമോചനം തേടുകയും ചെയ്യുക. നിശ്ചയം ഞാൻ ദിനം പ്രതി നൂറു പ്രാവശ്യം പശ്ചാത്തപിക്കുന്നു.(മുസ്‌ലിം: 2702)

ശൈഖുല്‍ ഇസ്‌ലാം ഇബ്നുതൈമിയ്യ (റഹി) പറഞ്ഞു: തന്‍റെ പാപം എത്രവലുതാണെങ്കിലും,അല്ലാഹുവിന്‍റെ കാരുണ്യത്തെതൊട്ട് നിരാശനാവുകയെന്നത് ഒരാള്‍ക്കും അനുവദനീയമല്ല.  (അല്‍ഫത്താവ-16-19)

قال شيخ الإسلام ابن تيمية رحمه الله : من رأى أنه لا ينشرح صدره،ولا يحصل له حلاوة الإيمان ونور الهداية فليكثر التوبة والاستغفار

ശൈഖുൽ ഇസ്ലാം ഇബ്ന് തൈമിയ്യ(റഹി) പറഞ്ഞു: ഹൃദയ വിശാലതയും ഈമാന്റെ മാധുര്യവും സന്മാർഗത്തിന്റെ പ്രകാശവും അനുഭവപ്പെടാത്തവർ തൗബയും ഇസ്തിഗ്ഫാറും വർദ്ധിപ്പിച്ചു കൊള്ളട്ടെ (അൽ ഫതാവാ അൽ കുബ്റാ :5/6)

ഒരു സത്യവിശ്വാസി അല്ലാഹുവിനോട് മാത്രമാണ് തൌബ ചെയ്യേണ്ടത്.കാരണം അവന്‍ മാത്രമാണ് പാപം പൊറുത്തു കൊടുക്കുന്നത്.

…. وَمَن يَغْفِرُ الذُّنُوبَ إِلَّا اللَّهُ ….

….അല്ലാഹു അല്ലാതെ ആരാണ് പാപങ്ങള്‍ പൊറുക്കുക?…(ഖു൪ആന്‍: 3/135)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: مَنْ تَابَ قَبْلَ أَنْ تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا تَابَ اللَّهُ عَلَيْهِ

അബൂഹുറൈറയിൽ(റ) നിന്ന്:നബി ﷺ പറഞ്ഞു: സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നതിന് മുമ്പായി വല്ലവനും പശ്ചാത്തപിച്ചാൽ അല്ലാഹു അത് സ്വീകരിക്കുന്നതാണ്. (മുസ്‌ലിം:2703)

عَنِ ابْنِ عُمَرَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِنَّ اللَّهَ يَقْبَلُ تَوْبَةَ الْعَبْدِ مَا لَمْ يُغَرْغِرْ

അബ്ദുല്ലാഹി ബ്നു ഉമർ(റ) വിൽ നിന്ന്: നബി ﷺ പറഞ്ഞു: റൂഹ് തൊണ്ടക്കുഴിയിൽ എത്തുന്നത് വരെ തൻ്റെ അടിമയുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്. (തിർമുദി: 3537)

തൌബയുടെ ശ്രേഷ്ടതകള്‍

1. പാപം പൊറുക്കപ്പെടും

أَفَلَا يَتُوبُونَ إِلَى ٱللَّهِ وَيَسْتَغْفِرُونَهُۥ ۚ وَٱللَّهُ غَفُورٌ رَّحِيمٌ

ആകയാല്‍ അവര്‍ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുകയും, അവനോട് പാപമോചനം തേടുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖു൪ആന്‍:5/74)

ﺛُﻢَّ ﺇِﻥَّ ﺭَﺑَّﻚَ ﻟِﻠَّﺬِﻳﻦَ ﻋَﻤِﻠُﻮا۟ ٱﻟﺴُّﻮٓءَ ﺑِﺠَﻬَٰﻠَﺔٍ ﺛُﻢَّ ﺗَﺎﺑُﻮا۟ ﻣِﻦۢ ﺑَﻌْﺪِ ﺫَٰﻟِﻚَ ﻭَﺃَﺻْﻠَﺤُﻮٓا۟ ﺇِﻥَّ ﺭَﺑَّﻚَ ﻣِﻦۢ ﺑَﻌْﺪِﻫَﺎ ﻟَﻐَﻔُﻮﺭٌ ﺭَّﺣِﻴﻢٌ

പിന്നെ തീര്‍ച്ചയായും നിന്റെ രക്ഷിതാവ്‌, അവിവേകം മൂലം തിന്‍മ പ്രവര്‍ത്തിക്കുകയും പിന്നീട് അതിന് ശേഷം ഖേദിച്ചുമടങ്ങുകയും (ജീവിതം) നന്നാക്കിത്തീര്‍ക്കുകയും ചെയ്തവര്‍ക്ക് (വിട്ടുവീഴ്ച ചെയ്യുന്നവനാകുന്നു.) തീര്‍ച്ചയായും നിന്റെ രക്ഷിതാവ് അതിന് ശേഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍: 16/119)

ٱﻟَّﺬِﻳﻦَ ﻳَﺤْﻤِﻠُﻮﻥَ ٱﻟْﻌَﺮْﺵَ ﻭَﻣَﻦْ ﺣَﻮْﻟَﻪُۥ ﻳُﺴَﺒِّﺤُﻮﻥَ ﺑِﺤَﻤْﺪِ ﺭَﺑِّﻬِﻢْ ﻭَﻳُﺆْﻣِﻨُﻮﻥَ ﺑِﻪِۦ ﻭَﻳَﺴْﺘَﻐْﻔِﺮُﻭﻥَ ﻟِﻠَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﺭَﺑَّﻨَﺎ ﻭَﺳِﻌْﺖَ ﻛُﻞَّ ﺷَﻰْءٍ ﺭَّﺣْﻤَﺔً ﻭَﻋِﻠْﻤًﺎ ﻓَﭑﻏْﻔِﺮْ ﻟِﻠَّﺬِﻳﻦَ ﺗَﺎﺑُﻮا۟ ﻭَٱﺗَّﺒَﻌُﻮا۟ ﺳَﺒِﻴﻠَﻚَ ﻭَﻗِﻬِﻢْ ﻋَﺬَاﺏَ ٱﻟْﺠَﺤِﻴﻢِ

സിംഹാസനം വഹിക്കുന്നവരും അതിന്റെ ചുറ്റിലുള്ളവരും (മലക്കുകള്‍) തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീര്‍ത്തനം നടത്തുകയും അവനില്‍ വിശ്വസിക്കുകയും, വിശ്വസിച്ചവര്‍ക്ക് വേണ്ടി (ഇപ്രകാരം) പാപമോചനം തേടുകയും ചെയ്യുന്നു: ഞങ്ങളുടെ രക്ഷിതാവേ, നിന്റെ കാരുണ്യവും അറിവും സകല വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. ആകയാല്‍ പശ്ചാത്തപിക്കുകയും നിന്റെ മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവര്‍ക്ക് നീ പൊറുത്തുകൊടുക്കേണമേ അവരെ നീ നരകശിക്ഷയില്‍ നിന്ന് കാക്കുകയും ചെയ്യേണമേ……….(ഖു൪ആന്‍ :40/7)

عَنْ أَبِي عُبَيْدَةَ بْنِ عَبْدِ اللَّهِ، عَنْ أَبِيهِ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏:‏ ‏ ‏ التَّائِبُ مِنَ الذَّنْبِ كَمَنْ لاَ ذَنْبَ لَهُ ‏‏.‏

നബി ﷺ പറഞ്ഞു: പാപങ്ങളിൽനിന്നും തൗബ ചെയ്തു മടങ്ങിയവൻ പാപം ചെയ്യാത്തവരെ പോലെയാണ്. (ഇബ്നുമാജ: 4250)

ഇമാം നവവി رَحِمَهُ ٱللَّٰهُ പറയുന്നു:

لَوْ تَكَرَّرَ الذَّنْب مِائَة مَرَّة أَوْ أَلْف مَرَّة أَوْ أَكْثَر , وَتَابَ فِي كُلّ مَرَّة , قُبِلَتْ تَوْبَته , وَسَقَطَتْ ذُنُوبه , وَلَوْ تَابَ عَنْ الْجَمِيع تَوْبَة وَاحِدَة بَعْد جَمِيعهَا صَحَّتْ تَوْبَته.

നൂറ് തവണയോ ആയിരം തവണയോ അതിനെക്കാൾ കൂടുതലോ പാപങ്ങൾ ആവർത്തിച്ചു ചെയ്താലും തൗബ ചെയ്യുമ്പോഴെല്ലാം അവന്‍റെ തൗബ സ്വീകരിക്കപ്പെടും. അവന്‍റെ പാപങ്ങൾ കൊഴിഞ്ഞു പോകും. എല്ലാ തെറ്റിൽ നിന്നും ഒന്നിച്ചു ഒറ്റ തൗബ ചെയ്താലും അവന്‍റെ തൗബ സ്വീകാര്യയോഗ്യമാണ്.

2. തിന്മകളെ നന്മകളാക്കി മാറ്റും.

إِلَّا مَن تَابَ وَءَامَنَ وَعَمِلَ عَمَلًا صَٰلِحًا فَأُو۟لَٰٓئِكَ يُبَدِّلُ ٱللَّهُ سَيِّـَٔاتِهِمْ حَسَنَٰتٍ ۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًا

പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാര്‍ക്ക് അല്ലാഹു തങ്ങളുടെ തിന്‍മകള്‍ക്ക് പകരം നന്‍മകള്‍ മാറ്റികൊടുക്കുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായിരിക്കുന്നു.(ഖു൪ആന്‍:25/70)

തിന്‍മകളെ നന്‍മകളായി മാറ്റുമെന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം, ചെയ്ത പാപങ്ങള്‍ക്കു പ്രതിഫലം ലഭിക്കുമെന്നല്ല. അവയ്ക്ക് നിശ്ചയിക്കപ്പെട്ട ശിക്ഷകള്‍ ഒഴിവാക്കപ്പെടുകയും, പശ്ചാത്തപിച്ചതിന് നല്ല പ്രതിഫലം നല്‍കപ്പെടുകയും ചെയ്യുന്നുവെന്നാണ്. കൂടാതെ, പശ്ചാത്തപിക്കുന്നതിനു മുമ്പ് ചെയ്തുവന്നിരുന്ന തിന്‍മയുടെ സ്ഥാനത്ത് നന്‍മകള്‍ പ്രവര്‍ത്തിച്ച്‌ പുണ്യം നേടുവാന്‍ സഹായം ലഭിക്കുകയും ചെയ്യുന്നു. ശിര്‍ക്കിനും അവിശ്വാസത്തിനും അധ൪മ്മത്തിനും വേണ്ടി നിലകൊണ്ടിരുന്നവരും, അക്രമത്തിലും പാപങ്ങളിലും മുഴുകിയിരുന്നവരുമായ ധാരാളം ആളുകള്‍, അതില്‍നിന്ന് പശ്ചാത്തപിച്ച് മടങ്ങിയശേഷം തൌഹീദിനും സുന്നത്തിനും വേണ്ടി ജീവിതകാലം മുഴുവന്‍ സേവനങ്ങളും, ത്യാഗങ്ങളും അനുഷ്ഠിച്ചുവന്ന ചരിത്രങ്ങള്‍ കാണാവുന്നതാണ്.

إِلَّا مَن تَابَ وَءَامَنَ وَعَمِلَ صَٰلِحًا فَأُو۟لَٰٓئِكَ يَدْخُلُونَ ٱلْجَنَّةَ وَلَا يُظْلَمُونَ شَيْـًٔا

എന്നാല്‍ പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു. അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്‌. അവര്‍ ഒട്ടും അനീതിക്ക് വിധേയരാവുകയില്ല. (ഖു൪ആന്‍:19/60)

അമാനി മൗലവി ‎رحمه الله ഇതിന്റെ വിശദീകരണത്തില്‍ എഴുതുന്നു: മനുഷ്യന്‍ എത്രതന്നെ പിഴച്ചുപോയാലും, അതില്‍നിന്നു ഖേദിച്ചു പശ്ചാത്തപിക്കുന്ന പക്ഷം, നിശ്ചയമായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കും. അവന്‍ കാരുണ്യവാനും കരുണാനിധിയുമാകുന്നു. പശ്ചാത്താപത്തിന്‍റെ അടിസ്ഥാനം ശരിയായ വിശ്വാസവും, അതിന്‍റെ അനിവാര്യഫലം സല്‍ക്കര്‍മ്മവുമാണ്. അതിനാല്‍, അതു രണ്ടും പ്രകടമാകുമ്പോഴേ പശ്ചാത്താപം യഥാര്‍ത്ഥമായിത്തീരുകയുള്ളു. ഇത്തരത്തിലുള്ള പശ്ചാത്താപം മൂലം, ചെയ്തുപോയ പാപങ്ങള്‍ പൊറുക്കപ്പെടുമെന്നു മാത്രമല്ല, പാപം ചെയ്യാത്തവനെപ്പോലെ ആയിത്തീരുകയും ചെയ്യുന്നു. ‘അവര്‍ ഒട്ടും അക്രമിക്കപ്പെടുകയില്ല’ (وَلَا يُظْلَمُونَ شَيْئًا) എന്ന വാക്യത്തില്‍ നിന്നു തന്നെ ഇതു മനസ്സിലാക്കാം. ‘പാപത്തില്‍ നിന്നു പശ്ചാത്തപിക്കുന്നവന്‍ പാപമില്ലാത്തവനെപോലെയാകുന്നു.’ (التًائِبُ مِن الذَنبِ كمن لا ذنبَ له) എന്നു നബി വചനത്തിലും വന്നിട്ടുണ്ട്. അത്രയുമല്ല, പാപങ്ങളുടെ സ്ഥാനത്തു കാരുണ്യവാനായ അല്ലാഹു പുണ്യകര്‍മ്മങ്ങളുടെ പ്രതിഫലം നല്‍കുകകൂടി ചെയ്യുന്നതാണെന്നു സൂറത്തുല്‍ ഫുര്‍ഖാനില്‍ നമ്മെ അറിയിക്കുന്നു.

إِلَّا مَن تَابَ وَآمَنَ وَعَمِلَ عَمَلًا صَالِحًا فَأُولَـٰئِكَ يُبَدِّلُ اللَّـهُ سَيِّئَاتِهِمْ حَسَنَاتٍ – سورة الفرقان – ٧٠

‘….. പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ – അവരാകട്ടെ, അവരുടെ തിന്മകളെ അല്ലാഹു നന്മകളാക്കി മാറ്റിക്കളയുന്നതാണ്.’ (അമാനി തഫ്സീ൪ – ഖു൪ആന്‍ : 19/60 ന്റെ വിശദീകരണം)

3. അല്ലാഹുവിന്റെ ഇഷ്ടം ലഭിക്കുന്നു.

ജീവിതത്തില്‍ തെറ്റുകള്‍ സംഭവിച്ചാല്‍ അതില്‍ നിന്നെല്ലാം മടങ്ങി പശ്ചാത്താപിക്കുന്നവരെ അലലാഹു ഇഷ്ടപ്പെടുന്നു.

ﺇِﻥَّ ٱﻟﻠَّﻪَ ﻳُﺤِﺐُّ ٱﻟﺘَّﻮَّٰﺑِﻴﻦَ ﻭَﻳُﺤِﺐُّ ٱﻟْﻤُﺘَﻄَﻬِّﺮِﻳﻦَ

…തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. അവന്‍ ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു.(ഖു൪ആന്‍:2/222)

4. ഐഹിക ജീവിതത്തില്‍ സൌഖ്യം ലഭിക്കും.

ﻭَﺃَﻥِ ٱﺳْﺘَﻐْﻔِﺮُﻭا۟ ﺭَﺑَّﻜُﻢْ ﺛُﻢَّ ﺗُﻮﺑُﻮٓا۟ ﺇِﻟَﻴْﻪِ ﻳُﻤَﺘِّﻌْﻜُﻢ ﻣَّﺘَٰﻌًﺎ ﺣَﺴَﻨًﺎ ﺇِﻟَﻰٰٓ ﺃَﺟَﻞٍ ﻣُّﺴَﻤًّﻰ ﻭَﻳُﺆْﺕِ ﻛُﻞَّ ﺫِﻯ ﻓَﻀْﻞٍ ﻓَﻀْﻠَﻪُۥ ۖ ﻭَﺇِﻥ ﺗَﻮَﻟَّﻮْا۟ ﻓَﺈِﻧِّﻰٓ ﺃَﺧَﺎﻑُ ﻋَﻠَﻴْﻜُﻢْ ﻋَﺬَاﺏَ ﻳَﻮْﻡٍ ﻛَﺒِﻴﺮٍ

നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുക. എങ്കില്‍ നിര്‍ണിതമായ ഒരു അവധിവരെ അവന്‍ നിങ്ങള്‍ക്ക് (ഐഹിക ജീവിതത്തില്‍) നല്ല സൌഖ്യമനുഭവിപ്പിക്കുകയും, ഉദാരമനസ്ഥിതിയുള്ള എല്ലാവര്‍ക്കും തങ്ങളുടെ ഉദാരതയ്ക്കുള്ള പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്‌. നിങ്ങള്‍ തിരിഞ്ഞുകളയുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തിലെ ശിക്ഷ നിങ്ങളുടെ മേല്‍ ഞാന്‍ നിശ്ചയമായും ഭയപ്പെടുന്നു.(ഖു൪ആന്‍: 11/3)

അല്ലാഹുവിനോട് ഇസ്തിഗ്ഫാറും (പാപമോചനം) തൌബയും (പശ്ചാത്താപം) നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഐഹിക ജീവിതത്തില്‍ സൌഖ്യം ലഭിക്കും. മാത്രമല്ല, നേര്‍വഴിക്ക് ജീവിച്ചും നന്‍മകള്‍ പ്രവര്‍ത്തിച്ചുംകൊണ്ട് ശ്രേഷ്ടമായ നിലപാട് സമ്പാദിച്ചുവെച്ചിട്ടുള്ള ഓരോ വ്യക്തിക്കും അവരുടെ യഥാര്‍ത്ഥ പദവി ഇരു ജീവിതത്തിലും അംഗീകരിക്കപ്പെടുകയും ചെയ്യും. നേരെമറിച്ച് ഇതൊന്നും സ്വീകരിക്കുവാന്‍ തയ്യാറില്ലാതെ പിന്‍തിരിഞ്ഞു കളയുന്നപക്ഷം, ഖിയാമത്ത് നാളാകുന്ന ആ ഭയങ്കര ദിവസത്തില്‍ അവ൪ വമ്പിച്ച ശിക്ഷക്ക് വിധേയരായിത്തീരുന്നതാണ്.

5. മഴ ലഭിക്കും
6. അല്ലാഹു ശക്തി വ൪ദ്ധിപ്പിച്ച് തരും

ﻭَﻳَٰﻘَﻮْﻡِ ٱﺳْﺘَﻐْﻔِﺮُﻭا۟ ﺭَﺑَّﻜُﻢْ ﺛُﻢَّ ﺗُﻮﺑُﻮٓا۟ ﺇِﻟَﻴْﻪِ ﻳُﺮْﺳِﻞِ ٱﻟﺴَّﻤَﺎٓءَ ﻋَﻠَﻴْﻜُﻢ ﻣِّﺪْﺭَاﺭًا ﻭَﻳَﺰِﺩْﻛُﻢْ ﻗُﻮَّﺓً ﺇِﻟَﻰٰ ﻗُﻮَّﺗِﻜُﻢْ ﻭَﻻَ ﺗَﺘَﻮَﻟَّﻮْا۟ ﻣُﺠْﺮِﻣِﻴﻦَ

എന്റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. എന്നിട്ട് അവങ്കലേക്ക് തൌബ ചെയ്യുകയും (ഖേദിച്ചുമടങ്ങുകയും) ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് സമൃദ്ധമായി മഴ അയച്ചുതരികയും, നിങ്ങളുടെ ശക്തിയിലേക്ക് അവന്‍ കൂടുതല്‍ ശക്തി ചേര്‍ത്തുതരികയും ചെയ്യുന്നതാണ്‌. നിങ്ങള്‍ കുറ്റവാളികളായിക്കൊണ്ട് പിന്തിരിഞ്ഞ് പോകരുത്‌.(ഖു൪ആന്‍: 11/52)

7. വിജയം ലഭിക്കും

وَتُوبُوٓا۟ إِلَى ٱللَّهِ جَمِيعًا أَيُّهَ ٱلْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ

സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം (ഖു൪ആന്‍:24/31)

ചെയ്തു പോയ തെറ്റ് എത്ര വലുതാണെങ്കിലും അവന്റെ തൌബ ആത്മാ൪ത്ഥമാമെങ്കില്‍ അല്ലാഹു അത് പൊറുത്തു തരും. തെറ്റിന്റെ വലുപ്പം ഓ൪ത്ത് അല്ലാഹു തനിക്ക് പൊറുത്തു തരില്ലെന്നോ൪ത്ത് ആരും നിരാശപ്പെടരുത്.

قُلْ يَٰعِبَادِىَ ٱلَّذِينَ أَسْرَفُوا۟ عَلَىٰٓ أَنفُسِهِمْ لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِ ۚ إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعًا ۚ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ

പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്‌. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.(ഖു൪ആന്‍:39/53)

ﻗَﺎﻝَ ﻭَﻣَﻦ ﻳَﻘْﻨَﻂُ ﻣِﻦ ﺭَّﺣْﻤَﺔِ ﺭَﺑِّﻪِۦٓ ﺇِﻻَّ ٱﻟﻀَّﺎٓﻟُّﻮﻥَ

അദ്ദേഹം (ഇബ്രാഹീം നബി) പറഞ്ഞു: തന്റെ രക്ഷിതാവിന്റെ കാരുണ്യത്തെപ്പറ്റി ആരാണ് നിരാശപ്പെടുക? വഴിപിഴച്ചവരല്ലാതെ.(ഖു൪ആന്‍: 15/56)

നൂറ് ആളുകളെ വധിച്ച മനുഷ്യന്റെ സംഭവം നബി ﷺ  നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്

عَنْ أَبِي سَعِيدٍ الْخُدْرِيِّ، أَنَّ نَبِيَّ اللَّهِ صلى الله عليه وسلم قَالَ ‏ :كَانَ فِيمَنْ كَانَ قَبْلَكُمْ رَجُلٌ قَتَلَ تِسْعَةً وَتِسْعِينَ نَفْسًا فَسَأَلَ عَنْ أَعْلَمِ أَهْلِ الأَرْضِ فَدُلَّ عَلَى رَاهِبٍ فَأَتَاهُ فَقَالَ إِنَّهُ قَتَلَ تِسْعَةً وَتِسْعِينَ نَفْسًا فَهَلْ لَهُ مِنَ تَوْبَةٍ فَقَالَ لاَ ‏.‏ فَقَتَلَهُ فَكَمَّلَ بِهِ مِائَةً ثُمَّ سَأَلَ عَنْ أَعْلَمِ أَهْلِ الأَرْضِ فَدُلَّ عَلَى رَجُلٍ عَالِمٍ فَقَالَ إِنَّهُ قَتَلَ مِائَةَ نَفْسٍ فَهَلْ لَهُ مِنْ تَوْبَةٍ فَقَالَ نَعَمْ وَمَنْ يَحُولُ بَيْنَهُ وَبَيْنَ التَّوْبَةِ انْطَلِقْ إِلَى أَرْضِ كَذَا وَكَذَا فَإِنَّ بِهَا أُنَاسًا يَعْبُدُونَ اللَّهَ فَاعْبُدِ اللَّهَ مَعَهُمْ وَلاَ تَرْجِعْ إِلَى أَرْضِكَ فَإِنَّهَا أَرْضُ سَوْءٍ ‏.‏ فَانْطَلَقَ حَتَّى إِذَا نَصَفَ الطَّرِيقَ أَتَاهُ الْمَوْتُ فَاخْتَصَمَتْ فِيهِ مَلاَئِكَةُ الرَّحْمَةِ وَمَلاَئِكَةُ الْعَذَابِ فَقَالَتْ مَلاَئِكَةُ الرَّحْمَةِ جَاءَ تَائِبًا مُقْبِلاً بِقَلْبِهِ إِلَى اللَّهِ ‏.‏ وَقَالَتْ مَلاَئِكَةُ الْعَذَابِ إِنَّهُ لَمْ يَعْمَلْ خَيْرًا قَطُّ ‏.‏ فَأَتَاهُمْ مَلَكٌ فِي صُورَةِ آدَمِيٍّ فَجَعَلُوهُ بَيْنَهُمْ فَقَالَ قِيسُوا مَا بَيْنَ الأَرْضَيْنِ فَإِلَى أَيَّتِهِمَا كَانَ أَدْنَى فَهُوَ لَهُ ‏.‏ فَقَاسُوهُ فَوَجَدُوهُ أَدْنَى إِلَى الأَرْضِ الَّتِي أَرَادَ فَقَبَضَتْهُ مَلاَئِكَةُ الرَّحْمَةِ

അബൂസഈദ് അല്‍ ഖുദ്‌രിയില്‍ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ‘തൊണ്ണൂറ്റി ഒമ്പത് ആളുകളെ കൊലപ്പെടുത്തിയ ഒരു മനുഷ്യന്‍ നിങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്നു. അങ്ങനെ അയാള്‍ ലോകത്തെ ഏറ്റവും വലിയ പണ്ഡിതനെ കുറിച്ച് അന്വേഷിക്കുകയും ഒരു പുരോഹിതന്റെ അടുക്കല്‍ ചെന്നിട്ട് ചോദിക്കുകയും ചെയ്തു: ‘തൊണ്ണൂറ്റി ഒമ്പത് ആളുകളെ കൊന്നവന് പശ്ചാത്താപമുണ്ടോ’? പുരോഹിതന്‍ പറഞ്ഞു: ‘ഇല്ല’. അങ്ങനെ അയാള്‍ ആ പുരോഹിതനെ കൊല്ലുകയും നൂറ് എണ്ണം പൂര്‍ത്തീകരിക്കുകയും ചെയ്തു. പിന്നീട് അയാള്‍ മറ്റൊരു വലിയ പണ്ഡിതനെ കുറിച്ച് അന്വേഷിക്കുകയും ഒരു പണ്ഡിതന്റെ അടുത്ത് ചെന്നിട്ട് അദ്ദേഹത്തോട് ചോദിച്ചു: ‘നൂറാളുകളെ കൊന്നവന് പശ്ചാത്താപമുണ്ടോ’? പണ്ഡിതന്‍ പ്രതിവചിച്ചു: ‘തീര്‍ച്ചയായും. ആരാണ് അവന്റെയും തൗബയുടെയും ഇടയില്‍ മറയിടുക’? അദ്ദേഹം തുടര്‍ന്നു: ‘നീ ഇന്ന ഇന്ന രാജ്യത്തേക്ക് പോവുക. അവിടെ അല്ലാഹുവിനെ ആരാധിക്കുന്ന ആളുകളുണ്ടാവും. അവരോടൊപ്പം നീ അല്ലാഹുവിനെ ആരാധിക്കുക. നിന്റെ പഴയ നാട്ടിലേക്ക് പോവരുത്. അത് ദുഷിച്ച സ്ഥലമാണ്’. അങ്ങനെ ആ മനുഷ്യന്‍ പണ്ഡിതന്‍ പറഞ്ഞ സ്ഥലത്തേക്ക് പുറപ്പെട്ടു. വഴിമധ്യേ അയാള്‍ മരണമടഞ്ഞു. അയാളുടെ കാര്യത്തില്‍ കാരുണ്യത്തിന്റെ മലക്കുകളും ശിക്ഷയുടെ മലക്കുകളും തമ്മില്‍ തര്‍ക്കിച്ചു. കാരുണ്യത്തിന്റെ മാലാഖമാര്‍ പറഞ്ഞു: ‘അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച ഹൃദയവുമായിട്ടാണ് ഇയാള്‍ വന്നിരിക്കുന്നത്’. ശിക്ഷയുടെ മലക്കുകള്‍ പറഞ്ഞു: ‘ഇയാള്‍ ഇതുവരെ തീരെ നന്മ ചെയ്തിട്ടില്ല’. അപ്പോള്‍ മനുഷ്യരൂപത്തില്‍ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു. എന്നിട്ട് പറഞ്ഞു: ‘നിങ്ങള്‍ ഈ രണ്ട് ഭൂമികള്‍ക്കിടയിലെ (അയാളുടെ പഴയ നാടും അയാള്‍ പോവാനുദ്ദേശിച്ച നാടും) ദൂരം അളക്കുക; ഏതാണോ അടുത്ത് നില്‍ക്കുന്നത് അത് അയാള്‍ക്കുള്ളതാകുന്നു’. അങ്ങനെ അവര്‍ അളക്കുകയും അയാള്‍ പോവാന്‍ ഉദ്ദേശിച്ച സ്ഥലമാണ് കൂടുതല്‍ അടുത്തത് എന്ന് അവര്‍ക്ക് ബോധ്യപ്പെടുകയും ചെയ്തു. അങ്ങനെ ആ മനുഷ്യനെ കാരുണ്യത്തിന്റെ മാലാഖമാര്‍ സ്വീകരിക്കുകയും ചെയ്തു.'(മുസ്‌ലിം: 2766)

ജുഹൈന ഗോത്രക്കാരിയായ ഒരു സ്‌ത്രീ നബി ﷺ യുടെ മുമ്പാകെ വന്നു തന്റെ പാപമേറ്റു പറഞ്ഞ്‌ പ്രവാചകനില്‍ നിന്ന്‌ ശിക്ഷയേറ്റുവാങ്ങി മരണം പൂകിയ സംഭവം ഹദീസുകളില്‍ കാണാം.

عَنْ عِمْرَانَ، بْنِ حُصَيْنٍ أَنَّ امْرَأَةً، مِنْ جُهَيْنَةَ أَتَتْ نَبِيَّ اللَّهِ صلى الله عليه وسلم وَهِيَ حُبْلَى مِنَ الزِّنَى فَقَالَتْ يَا نَبِيَّ اللَّهِ أَصَبْتُ حَدًّا فَأَقِمْهُ عَلَىَّ فَدَعَا نَبِيُّ اللَّهِ صلى الله عليه وسلم وَلِيَّهَا فَقَالَ ‏”‏ أَحْسِنْ إِلَيْهَا فَإِذَا وَضَعَتْ فَائْتِنِي بِهَا ‏”‏ ‏.‏ فَفَعَلَ فَأَمَرَ بِهَا نَبِيُّ اللَّهِ صلى الله عليه وسلم فَشُكَّتْ عَلَيْهَا ثِيَابُهَا ثُمَّ أَمَرَ بِهَا فَرُجِمَتْ ثُمَّ صَلَّى عَلَيْهَا فَقَالَ لَهُ عُمَرُ تُصَلِّي عَلَيْهَا يَا نَبِيَّ اللَّهِ وَقَدْ زَنَتْ فَقَالَ ‏”‏ لَقَدْ تَابَتْ تَوْبَةً لَوْ قُسِمَتْ بَيْنَ سَبْعِينَ مِنْ أَهْلِ الْمَدِينَةِ لَوَسِعَتْهُمْ وَهَلْ وَجَدْتَ تَوْبَةً أَفْضَلَ مِنْ أَنْ جَادَتْ بِنَفْسِهَا لِلَّهِ تَعَالَى ‏”‏ ‏.‏

അബൂനുജൈദി(റ) യിൽ നിന്ന്: ജുഹൈന ഗോത്രത്തിൽപ്പെട്ട അവിഹിത ബന്ധത്തിൽ ഗർഭിണിയായ ഒരു സ്ത്രീ പ്രവാചകനെ സമീപിച്ചു പറഞ്ഞു: പ്രവാചകരേ(ﷺ), ഞാനൊരു മഹാപാപം ചെയ്തിരിക്കുന്നു. എൻ്റെ മേൽ ശിക്ഷ നടപ്പാക്കിയാലും. പ്രവാചകൻ(ﷺ) അവളുടെ രക്ഷിതാവിനെ വിളിച്ച്, അവളോട് മാന്യമായി പെരുമാറണമെന്ന് കൽപിച്ചു. അവൾ പ്രസവിച്ചാൽ കൊണ്ടുവരാനും പറഞ്ഞു. അയാൾ അങ്ങനെ ചെയ്തു. നബി ﷺ  അവളെ ശിക്ഷിക്കാൻ കൽപിച്ചു. വസ്ത്രം ശരീരത്തിൻ കെട്ടിയ ശേഷം അവൾക്ക് ശിക്ഷ നടപ്പാക്കി. അവൾ കല്ലെറിയപ്പെട്ടു. ശേഷം നബി ﷺ  അവൾക്കായി നമസ്കരിച്ചു. അപ്പോൾ ഉമർ(റ) ചോദിച്ചു: ഈ വ്യഭിചാരിണിയുടെ മേൽ താങ്കൾ നമസ്കരിക്കുകയോ? നബി ﷺ പറഞ്ഞു:  അവൾ പശ്ചാത്തപിച്ചവളാണ്. അവളുടെ പശ്ചാത്താപം മദീനക്കാരിൽ എഴുപത് പാപികൾക്ക് വിഭജിക്കപ്പെടുന്നുവെങ്കിൽ അതവർക്ക് (അവരുടെ പാവങ്ങൾക്ക്) ധാരാളമായിരിക്കും. അല്ലാഹുവിനുവേണ്ടി സ്വശരീരത്തെ ബലികഴിച്ചവളേക്കാൾ ഉത്തമയായി നീ ആരെയെങ്കിലും കണ്ടിട്ടുണ്ടോ? (മുസ്‌ലിം: 1696)

തൗബയില്ലാത്ത ഒരു പാപവുമില്ല. അഥവാ മുഴുവൻ പാപങ്ങൾക്കും തൗബയുണ്ട്. ശിർക്ക് ചെയ്തവർക്ക് പോലും തൗബയുണ്ട്.

قال الشيخ الإسلام ابن تيمية – رحمه الله : فإن الله يغفر للعبد اي ذنب تاب منه, فمن تاب من الشرك غفر الله له , ومن تاب من الكبائر غفر الله له

ശൈഖുല്‍ ഇസ്‌ലാം ഇബ്നുതൈമിയ്യ (റഹി) പറഞ്ഞു: ”തീര്‍ച്ചയായും അല്ലാഹു ഒരടിമക്ക് ഏത് പാപമായാലും,അവന്‍ അതില്‍നിന്ന് തൗബചെയ്ത് മടങ്ങിയാല്‍ പൊറുത്ത് കൊടുക്കുന്നതാണ്.ആരെങ്കിലും ശിര്‍ക്കില്‍നിന്ന് തൗബചെയ്താല്‍ അവന്ക്ക് അല്ലാഹു പൊറുത്ത്കൊടുക്കും.ആരെങ്കിലും വന്‍പാപങ്ങളില്‍നിന്ന് തൗബ ചെയ്താല്‍ അവന്ക്കും അല്ലാഹു പൊറുത്ത്കൊടുക്കും.”مجموع الفتاوي 11/1

قال الشيخ الإسلام ابن تيمية – رحمه الله :من تاب من ذنبه -أيّ ذنب كان- توبة صحيحة لم يخرج بذلك عن السابقين والمقتصدين.

ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ (റഹി) പറഞ്ഞു: ആരെങ്കിലും തന്റെ പാപങ്ങളിൽ നിന്ന് ശരിയായ നിലക്ക് തൗബ ചെയ്ത് മടങ്ങിയാൽ -അവന്റെ പാപങ്ങൾ എന്തു തന്നെയാണെങ്കിലും – അതുകൊണ്ട് അവന് നന്മകളിൽ മുന്നേറിയ ‘സാബിഖീങ്ങളിലോ’ ഇടത്തരക്കാരായ ‘മുഖ്തസ്വിദീ’ങ്ങളിലോ ഉള്ള സ്ഥാനം നഷ്ടപ്പെടുകയില്ല.

قال ابن تيمية رحمه الله :والذنوب تنقص الإيمان فإذا تاب العبد أحبه الله وقد ترتفع درجته بالتوبة .

ഇബ്നുതൈമിയ (റഹി) പറഞ്ഞു: തിൻമകൾ ഈമാനിനെ കുറച്ച് കളയും.. അടിമ തൗബ ചെയ്താൽ അല്ലാഹു അവനെ ഇഷ്ടപ്പെടുകയും, തൗബ കൊണ്ട് അവന്റെ പദവി ഉയരുകയും ചെയ്യും.[أمراض القلوب وشفاؤها ٥٧]

ഒരു ദിവസത്തിലെ ഏത് സമയത്തും തൌബ നി൪വ്വഹിക്കാവുന്നതാണ്. രാത്രിയുടെ അവസാന സമയങ്ങളില്‍ തൌബ നി൪വ്വഹിക്കുന്നത് ശ്രേഷ്ടകരമാണ്.

عَنْ أَبَا أُمَامَةَ، رَضِيَ اللَّهُ عَنْهُعَنِ النَّبِيِّ صلى الله عليه وسلم قَالَ:‏ أَقْرَبُ مَا يَكُونُ الرَّبُّ مِنَ الْعَبْدِ فِي جَوْفِ اللَّيْلِ الآخِرِ فَإِنِ اسْتَطَعْتَ أَنْ تَكُونَ مِمَّنْ يَذْكُرُ اللَّهَ فِي تِلْكَ السَّاعَةِ فَكُنْ

അബൂഉമാമ(റ) വില്‍ നിവേദനം:നബി ﷺ പറഞ്ഞു: റബ്ബ് തന്റെ അടിമയോട് ഏറ്റവും അടുക്കുന്നത് രാത്രിയുടെ അവസാനത്തിലാണ്. ആ സമയം അല്ലാഹുവിന് സ്തുതികീര്‍ത്തനങ്ങളര്‍പ്പിക്കുന്നവരെ പോലെ നിനക്കാകുവാന്‍ സാധിക്കുമെങ്കില്‍ നീ അപ്രകാരമാകുക. (സുനനുത്തി൪മിദി :3579 – സ്വഹീഹ് ജാമിഅ് :1173)

അല്ലാഹുവുമായുള്ള ബന്ധം ഉറപ്പിക്കുകയും വളര്‍ത്തുകയും വിപുലപ്പെടുത്തുകയും ചെയ്യുക എന്നുള്ളത് സത്യവിശ്വാസികളുടെ ബാധ്യതയാണ്. അല്ലാഹു സത്യവിശ്വാസികളുടെ തൌബ സ്വീകരിക്കുവാന്‍ തയ്യാറായി നില്‍ക്കുകയാണ്. എന്നാല്‍ തൌബ ചെയ്യാറുണ്ടോയെന്ന കാര്യം ഗൌരവമായി ആലോചിക്കേണ്ടതാണ്.

عَنْ أَبِي مُوسَى، عَنِ النَّبِيِّ صلى الله عليه وسلم قَالَ:إِنَّ اللَّهَ عَزَّ وَجَلَّ يَبْسُطُ يَدَهُ بِاللَّيْلِ لِيَتُوبَ مُسِيءُ النَّهَارِ وَيَبْسُطُ يَدَهُ بِالنَّهَارِ لِيَتُوبَ مُسِيءُ اللَّيْلِ حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا

അബൂമൂസാ(റ) വില്‍ നിവേദനം:നബി ﷺ പറഞ്ഞു:രാത്രി കാലങ്ങളില്‍ തെറ്റു ചെയ്തവരോട് പൊറുക്കുവാന്‍ അല്ലാഹു പകലില്‍ തന്റെ കൈകള്‍ നീട്ടുന്നു. പകലില്‍ തെറ്റു ചെയ്തവരോട് പൊറുക്കുവാന്‍ അല്ലാഹു രാത്രിയില്‍ തന്റെ കൈകള്‍ നീട്ടുന്നു. (മുസ്‌ലിം:2759)

عَنْ أَنَسٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم يَرْوِيهِ عَنْ رَبِّهِ، قَالَ ‏: إِذَا تَقَرَّبَ الْعَبْدُ إِلَىَّ شِبْرًا تَقَرَّبْتُ إِلَيْهِ ذِرَاعًا، وَإِذَا تَقَرَّبَ مِنِّي ذِرَاعًا تَقَرَّبْتُ مِنْهُ بَاعًا، وَإِذَا أَتَانِي مَشْيًا أَتَيْتُهُ هَرْوَلَةً

അനസ് റ) വില്‍ നിവേദനം:നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞിരിക്കുന്നു : എന്റെ അടിമ എന്നിലേക്ക് ഒരു ചാൺ അടുത്താൽ ഞാൻ അവന്നിലേക്ക് ഒരു മുഴം അടുക്കും. അവൻ എന്നിലേക്ക് ഒരു മുഴം അടുത്താൽ ഞാൻ അവന്നിലേക്ക് ഒരു വാര അടുക്കും. അവൻ എന്നിലേക്ക് നടന്ന് വന്നാൽ ഞാനങ്ങോട്ട് ഓടിച്ചെല്ലും (ബുഖാരി: 7536)

നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ചെറുപാപങ്ങള്‍ നമ്മുടെ ചില ക൪മ്മങ്ങളിലൂടെ തന്നെ അല്ലാഹു നമുക്ക് പൊറുത്തുതരുന്നുണ്ട്. എന്നാല്‍ വന്‍പാപങ്ങള്‍ പൊറുത്തുകിട്ടുന്നതിന് തൌബ ചെയ്യുക തന്നെ വേണം. വന്‍പാപമെന്നാല്‍ ശി൪ക്കും കുഫ്റും വ്യഭിചാരവും കൊലപാതകവും പോലെയുള്ള ചില പാപങ്ങള്‍ മാത്രമാണെന്നാണ് അധിമളുകളും ധരിച്ചു വെച്ചിട്ടുള്ളത്. മനുഷ്യന്‍ നിസ്സാരമായി ഗണിച്ചിരിക്കുന്ന പല പാപങ്ങളും വന്‍പാപങ്ങളില്‍ പെട്ടതായിട്ടാണ് സലഫുകള്‍ മനസ്സിലാക്കിയിരുന്നത്.

عَنْ أَنَسٍ ـ رضى الله عنه ـ قَالَ: إِنَّكُمْ لَتَعْمَلُونَ أَعْمَالاً هِيَ أَدَقُّ فِي أَعْيُنِكُمْ مِنَ الشَّعَرِ، إِنْ كُنَّا نَعُدُّهَا عَلَى عَهْدِ النَّبِيِّ صلى الله عليه وسلم الْمُوبِقَاتِ

അനസ്(റ) പറഞ്ഞു:നിശ്ചയം നിങ്ങള്‍ ചില പ്രവ൪ത്തനങ്ങള്‍ ചെയ്യുന്നു. അത് നിങ്ങളുടെ കണ്ണില്‍ ഒരു രോമത്തേക്കാള്‍ വളരെ ലോലമാണ്. നബി ﷺ യുടെ കാലഘട്ടത്തില്‍ (സല്‍കര്‍മ്മങ്ങളെ) നശിപ്പിച്ചുകളയുന്ന വന്‍പാപമായിട്ടാണ് ഞങ്ങള്‍ അവയെ കണ്ടിരുന്നത്.(ബുഖാരി:6492)

ഇബ്നുല്‍ഖയ്യിം (റഹി) പറഞ്ഞു: ”തീര്‍ച്ചയായും ഒരടിമ തെറ്റ് ചെയ്യുന്നവനായിക്കൊണ്ടേയിരിക്കും. (ആ തെറ്റ്)അവന് നിസാരമാകുന്നത് വരെയും, അവന്‍റെ ഹൃദയത്തില്‍ ചെറുതാകുന്നത് വരേയും(ചെയ്തുകൊണ്ടേയിരിക്കും). അത് നാശത്തിന്‍റെ അടയാളമാകുന്നു. എന്നാല്‍ ഒരടിമയുടെ കണ്ണില്‍ പാപം ചെറുതാകുംമ്പോഴെല്ലാം, അല്ലാഹുവിന്‍റെയടുക്കല്‍ വമ്പിച്ചതായിരിക്കും.” الجواب الكافي ٣٨

പാപങ്ങള്‍ ജീവിതത്തിലുണ്ടാകുമ്പോള്‍ അതുകാരണം നമ്മുടെ ഹൃദയത്തില്‍ പാപത്തിന്റെ ചെറിയ അടയാളം വന്നുചേരുന്നു. സുകൃതങ്ങളിലൂടെയും പശ്ചാത്താപത്തിന്റെ കണ്ണുനീരിലൂടെയും അത് മായച്ചുകളഞ്ഞിട്ടില്ലെങ്കില്‍ കാലക്രമേണ അത് വലുതായിത്തീരും. നന്‍മകളോട് രാജിയാവാനും ഏത് വലിയ തിന്മകളിലും ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഏര്‍പ്പെടാനും അത് കാരണവുമാകും. അതുകൊണ്ടുതന്നെ തൌബ ചെയ്യാതെ മറന്നുജീവിക്കുകയാണെങ്കില്‍ അവ പാപങ്ങള്‍ നമ്മില്‍ ഒരുമിച്ചുകൂടി നമ്മെ നശിപ്പിച്ചുകളയും.

قال ابن تيمية رحمه الله تعالى من رأى أنه لا ينشرح صدره، ولا يحصل له حلاوة الإيمان، ونور الهداية فليكثر التوبة والإستغفار

ശൈഖുൽ ഇസ്ലാം ഇബ്നു തീമിയ (റഹി) പറഞ്ഞു : ആർക്കെങ്കിലും തന്റെ മനസ്സിന് വിശാലമാവുന്നില്ലെന്നോ ഈമാനിന്റെ മാധുര്യം ലഭിക്കുന്നില്ലെന്നോ ഹിദായത്തിന്റെ വെളിച്ചം ലഭിക്കുന്നില്ലന്നോ തോന്നുകയാണെങ്കിൽ അവൻ തൗബയും പാപമോചനവും വർധിപ്പിക്കട്ടെ.(അൽ ഫതാവാ: 5/62)

ഇബ്നുല്‍ഖയ്യിം (റഹി)പറഞ്ഞു: തെറ്റ് ചെയ്യുന്നവന്‍ തൗബ ചെയ്യുംമ്പോഴുണ്ടാവുന്ന ആനന്ദവും,സന്തോഷവും മനസിലാക്കിയിരുന്നെങ്കില്‍, തെറ്റിന്‍റെ ആനന്ദത്തേക്കാളും, സന്തോഷത്തേക്കാളും തൗബ ചെയ്യുന്നതിനെ ഇരട്ടിയായി അവന്‍ വര്‍ദ്ധിപ്പിക്കും. തൗബ ചെയ്യുന്നതിലേക്ക് ധൃതിപ്പെടല്‍ അവന്‍ തെറ്റിന്‍റെ ആനന്ദത്തിലേക്ക് ധൃതിപ്പെടുന്നതിനേക്കാള്‍ ഏറ്റവും മഹത്തരമാകുന്നു. الروح ٢٤٨

قال الحافظ ابن رجب رحمه الله:‏إحذروا المعاصي فإنها تحرم المغفرة ، في مواسم الرحمة. [ لطائف المعارف (ص295) ]

ഇബ്നു റജബ്‌ (റഹി) പറഞ്ഞു : നിങ്ങൾ തിന്മകളെ സൂക്ഷിക്കുക , കാരണം അത്‌ കാരുണ്യത്തിന്റെ സീസണുകളിൽ പാപമോചനത്തെ തടയും.

قال شيخ الإسلام ابن تيمية رحمه الله: ليس من شرط المُتقِين ونحوهم أن لا يقع منهم ذنب ، ولا أن يكونوا معصومين من الخطأ والذنوب؛ فإن هذا لو كان كذلك لم يكن في الأمة مُتَّقٍ. بل من تاب من ذنوبه دخل في المُتقِين ، ومن فعل ما يُكفِّر سيئاته دخل في المُتَّقِين.

ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു : മുത്തഖീങ്ങളാകാൻ അവരിൽ ഒരു തെറ്റും സംഭവിക്കരുതെന്നോ തെറ്റു കുറ്റങ്ങളിൽ നിന്നും സുരക്ഷിതരാകണമെന്നോ നിബന്ധനയൊന്നും ഇല്ല. അങ്ങനെയായിരുന്നു കാര്യമെങ്കിൽ ഈ സമുദായത്തിൽ ഒരു മുത്തഖിയും ഉണ്ടാകുമായിരുന്നില്ല. എന്നാൽ ആരാണോ തന്റെ പാപങ്ങങ്ങളിൽ നിന്നും പശ്ചാത്തപിച്ച് മടങ്ങുകയും തിന്മകൾ മായ്ച്ചു കളയുന്ന നന്മകളില്‍ ഏർപ്പെടുകയും ചെയ്യുന്നത് അവൻ മുത്തഖീങ്ങളിൽ ഉൾപ്പെടുന്നതാണ്. (മിൻഹാജുസ്സുന്ന:7/82)

قال شيخ الإسلام ابن تيمية رحمه الله: فإن آدم – عليه السلام – لما أذنب تاب فاجتباه ربه وهداه ، وإبليس أصر واستكبر واحتج بالقدر ؛ فلعنه وأقصاه ، فمن تاب كان آدمياً ، ومن أصرّ واحتج بالقدر كان إبليسياً ، فالسعداء يتبعون أباهم آدم، والأشقياء يتبعون عدوهم إبليس .

ഇബ്നു തൈമിയ رحمه الله പറഞ്ഞു: ആദം നബി (അ) തിന്മ ചെയ്തപ്പോൾ അദ്ദേഹം പശ്ചാത്തപിക്കുകയുണ്ടായി. അതിനെത്തുടർന്ന് അല്ലാഹു അദ്ദേഹത്തെ തിരഞ്ഞെടുക്കയും നേർമാർഗ്ഗത്തിലാക്കുകയും ചെയ്തു. എന്നാൽ ഇബ്ലീസ് തിന്മയിൽ അടിയുറച്ചു നിൽക്കുകയും അഹങ്കരിക്കുകയും അല്ലാഹുവിന്റെ വിധിയെ തിന്മ സംഭവിച്ചതിന്റെ കാരണം ആക്കുകയും ചെയ്തു. അതിനാൽ അല്ലാഹു അവനെ ശപിക്കുകയും ആട്ടിയകറ്റുകയും ചെയ്തു. ആരെങ്കിലും പശ്ചാത്തപിച്ചാൽ അവൻ മനുഷ്യനായിത്തീർന്നിരിക്കുന്നു. ആരെങ്കിലും തിന്മയിൽ അടിയുറച്ചു നിൽക്കുകയും അല്ലാഹുവിന്റെ വിധിയെ തിന്മ സംഭവിച്ചതിന്റെ കാരണം ആക്കുകയും ചെയ്താൻ അവൻ ഇബ് ലീസുമായിരിക്കുന്നു. ഭാഗ്യവാന്മാർ തങ്ങളുടെ പിതാവായ ആദം നബി (അ)യുടെ പാത പിന്തുടരുന്നതാണ്. ഭാഗ്യംകെട്ടവർ അവരുടെ ശത്രുവായ ഇബ്ലീസിനെ പിന്തുടരുന്നതാണ്. [മജ്മൂഉൽ ഫതാവാ:8/243]

Leave a Reply

Your email address will not be published.

Similar Posts