വിശുദ്ധ ഖു൪ആനിന്റെ മൂന്ന് വ്യത്യസ്ത അവതരണ ഘട്ടങ്ങള്‍

THADHKIRAH

വിശുദ്ധ ഖു൪ആനിന് മൂന്ന് വ്യത്യസ്ത അവതരണ ഘട്ടങ്ങളുണ്ടെന്നാണ് പണ്ഢിതന്‍മാ൪ അഭിപ്രായപ്പെടുന്നത്.

1.അല്ലാഹുവിന്റെ സത്തയില്‍ നിന്ന് ലൌഹിന്‍ മഹ്ഫൂളിലേക്കുള്ള (സംരക്ഷിത ഫലകത്തിലേക്കുള്ള) അവതരണം

بَلْ هُوَ قُرْءَانٌ مَّجِيدٌ ‎﴿٢١﴾‏ فِى لَوْحٍ مَّحْفُوظِۭ ‎﴿٢٢﴾‏

അല്ല, അത് മഹത്വമേറിയ ഒരു ഖുര്‍ആനാകുന്നു. ലൌഹിന്‍ മഹ്ഫൂളിലാണ് (സംരക്ഷിതമായ ഒരു ഫലകത്തിലാണ്) അതുള്ളത്‌. (ഖു൪ആന്‍ :85/21-22)

അല്ലാഹുവിങ്കല്‍ പ്രത്യേകം സൂക്ഷിക്കപ്പെട്ട ഒരു ജ്ഞാനരേഖയാണ് ലൌഹിന്‍ മഹ്ഫൂളെന്നാണ് പണ്ഢിതന്‍മാ൪ വിവക്ഷിക്കുന്നത്. സംരക്ഷിത ഫലകത്തിലേക്കുള്ള ഖു൪ആനിന്റെ അവതരണം നടന്നിട്ടുള്ളത് അല്ലാഹുവിന് മാത്രം അറിയാവുന്ന രീതിയിലും സമയത്തുമാണ് . അത്രമാത്രമേ നമുക്ക് അറിയുകയുള്ളൂ.

2. സംരക്ഷിത ഫലകത്തില്‍ നിന്ന് ഒന്നാം ആകാശത്തിലേക്കുള്ള അവതരണം

إِنَّآ أَنزَلْنَٰهُ فِى لَيْلَةٍ مُّبَٰرَكَةٍ ۚ إِنَّا كُنَّا مُنذِرِينَ

തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു.(ഖു൪ആന്‍ :44/3)

إِنَّآ أَنزَلْنَٰهُ فِى لَيْلَةِ ٱلْقَدْرِ

തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. (ഖു൪ആന്‍ :97/1)

ഈ അവതരണം ഖു൪ആന്‍ മുഴുവനായും ഒന്നിച്ചുള്ള രണ്ടാം ഘട്ടത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ് പണ്ഢിതന്‍മാ൪ വിവക്ഷിക്കുന്നത്.

عن ابن عباس قال : أنزل القرآن جملة إلى سماء الدنيا في ليلة القدر ، ثم نزل بعد ذلك في عشرين سنة ، قال : ( ولا يأتونك بمثل إلا جئناك بالحق وأحسن تفسيرا ) ، وقوله ( وقرآنا فرقناه لتقرأه على الناس على مكث ونزلناه تنزيلا ) [ الإسراء : 106 ] .

ഇബ്നു അബ്ബാസ്(റ) പറഞ്ഞു: ‘നിര്‍ണയത്തിന്റെ രാത്രിയില്‍ ഖു൪ആന്‍ മൊത്തമായി ഒന്നാമത്തെ ആകാശത്തിലേക്ക് ഇറങ്ങി. പിന്നീട് ഇരുപതോളം വ൪ഷങ്ങളിലായി അതിന് ശേഷം അവതരിക്കുകയുണ്ടായി’. എന്നിട്ട് അദ്ദേഹം പാരായണം ചെയ്തു:  അവര്‍ ഏതൊരു പ്രശ്നവും കൊണ്ട് നിന്‍റെ അടുത്ത് വരികയാണെങ്കിലും അതിന്‍റെ യാഥാര്‍ത്ഥ്യവും ഏറ്റവും നല്ല വിവരണവും നിനക്ക് നാം കൊണ്ട് വന്ന് തരാതിരിക്കില്ല.(സൂറ: ഫു൪ഖാൻ:33).  നീ ജനങ്ങള്‍ക്ക് സാവകാശത്തില്‍ ഓതികൊടുക്കേണ്ടതിനായി ഖുര്‍ആനിനെ നാം പല ഭാഗങ്ങളായി വേര്‍തിരിച്ചിരിക്കുന്നു. നാം അതിനെ ക്രമേണയായി ഇറക്കുകയും ചെയ്തിരിക്കുന്നു (അൽ ഇസ്റാഅ്:106). (നസാഇ)

3. ഒന്നാം ആകാശത്ത് നിന്ന് നബിയുടെ(സ്വ) ഹൃദയത്തിലേക്ക് അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം 23 വ൪ഷങ്ങള്‍ക്കുള്ളില്‍ അല്‍പാല്‍പമായി ജിബ്രീല്‍(അ) മുഖേന അവതരിച്ചത്.

وَإِنَّهُۥ لَتَنزِيلُ رَبِّ ٱلْعَٰلَمِينَ ‎﴿١٩٢﴾‏ نَزَلَ بِهِ ٱلرُّوحُ ٱلْأَمِينُ ‎﴿١٩٣﴾‏ عَلَىٰ قَلْبِكَ لِتَكُونَ مِنَ ٱلْمُنذِرِينَ ‎﴿١٩٤﴾‏ بِلِسَانٍ عَرَبِىٍّ مُّبِينٍ ‎﴿١٩٥﴾

തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു. വിശ്വസ്താത്മാവ് (ജിബ്‌രീല്‍) അതും കൊണ്ട് ഇറങ്ങിയിരിക്കുന്നു.നിന്റെ ഹൃദയത്തിലാണ് (അത് ഇറക്കി തന്നിട്ടുള്ളത്). നീ താക്കീത് നല്‍കുന്നവരുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടിയത്രെ അത്‌. സ്പഷ്ടമായ അറബി ഭാഷയിലാണ് (അത് അവതരിപ്പിച്ചത്‌). (ഖു൪ആന്‍ :26/192-195)

ദീര്‍ഘമായ 23 വര്‍ഷങ്ങള്‍ക്കിടയില്‍ പലപ്പോഴായി ചെറുഭാഗങ്ങളായാണ് ഖുര്‍ആന്‍ മുഹമ്മദ്‌ നബിക്ക്(സ്വ) അവതരിച്ചത്.

وَقُرْءَانًا فَرَقْنَٰهُ لِتَقْرَأَهُۥ عَلَى ٱلنَّاسِ عَلَىٰ مُكْثٍ وَنَزَّلْنَٰهُ تَنزِيلًا

നീ ജനങ്ങള്‍ക്ക് സാവകാശത്തില്‍ ഓതികൊടുക്കേണ്ടതിനായി ഖുര്‍ആനിനെ നാം (പല ഭാഗങ്ങളായി) വേര്‍തിരിച്ചിരിക്കുന്നു. നാം അതിനെ ക്രമേണയായി ഇറക്കുകയും ചെയ്തിരിക്കുന്നു.(ഖു൪ആന്‍ :17/106)

وَقَالَ ٱلَّذِينَ كَفَرُوا۟ لَوْلَا نُزِّلَ عَلَيْهِ ٱلْقُرْءَانُ جُمْلَةً وَٰحِدَةً ۚ كَذَٰلِكَ لِنُثَبِّتَ بِهِۦ فُؤَادَكَ ۖ وَرَتَّلْنَٰهُ تَرْتِيلًا

സത്യനിഷേധികള്‍ പറഞ്ഞു: ഇദ്ദേഹത്തിന് ഖുര്‍ആന്‍ ഒറ്റതവണയായി ഇറക്കപ്പെടാത്തതെന്താണ് ? അത് അപ്രകാരം (ഘട്ടങ്ങളിലായി അവതരിപ്പിക്കുക) തന്നെയാണ് വേണ്ടത്‌. അത് കൊണ്ട് നിന്റെ ഹൃദയത്തെ ഉറപ്പിച്ച് നിര്‍ത്തുവാന്‍ വേണ്ടിയാകുന്നു. ശരിയായ സാവകാശത്തോടെ നാമത് പാരായണം ചെയ്ത് കേള്‍പിക്കുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍ :25/32)

Leave a Reply

Your email address will not be published.

Similar Posts