മതം എന്താണ് എന്നതിനെ സംബന്ധിച്ച് വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളും നിരീക്ഷണങ്ങളും നിലവിലുണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണ്. ചില മതങ്ങള്‍ അല്ലെങ്കില്‍ ദര്‍ശനങ്ങള്‍ വിശ്വാസ മേഖലയില്‍ മാത്രം ഒതുങ്ങുകയും സാമൂഹിക, സാംസ്‌കാരിക രംഗത്ത് ഇടപെടേണ്ടതിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാതിരിക്കുകയും ചെയ്യുന്നത് നമുക്ക് കാണാന്‍ സാധിക്കും. വേറെ ചില മതങ്ങള്‍ അല്ലെങ്കില്‍ ദര്‍ശനങ്ങള്‍ സാമൂഹികമേഖലയെ മാത്രം പരിഗണിക്കുകയും വിശ്വാസ മേഖലയെ തള്ളുകയും ചെയ്യുന്നു.ഇത് രണ്ടും പരിഗണിക്കുകയും എന്നാല്‍ സ്വഭാവ, സാംസ്‌കാരിക മേഖലയെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകുകയും ചെയ്യുന്ന മതങ്ങളും ദര്‍ശനങ്ങളുമുണ്ട്.
എന്നാല്‍ ഇതില്‍നിന്നെല്ലാം വിഭിന്നമായി സമഗ്രവും സമ്പൂര്‍ണവുമായ ഒരു കാഴ്ചപ്പാടാണ് ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്നത്. ഈ വിഷയത്തിലെ ഇസ്ലാമിന്റെ നിലപാട് അല്ലാഹു ഒരു വചനത്തിലൂടെ വിവരിക്കുന്നത് കാണുക.:
لَّيْسَ ٱلْبِرَّ أَن تُوَلُّوا۟ وُجُوهَكُمْ قِبَلَ ٱلْمَشْرِقِ وَٱلْمَغْرِبِ وَلَٰكِنَّ ٱلْبِرَّ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ وَٱلْمَلَٰٓئِكَةِ وَٱلْكِتَٰبِ وَٱلنَّبِيِّۦنَ وَءَاتَى ٱلْمَالَ عَلَىٰ حُبِّهِۦ ذَوِى ٱلْقُرْبَىٰ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينَ وَٱبْنَ ٱلسَّبِيلِ وَٱلسَّآئِلِينَ وَفِى ٱلرِّقَابِ وَأَقَامَ ٱلصَّلَوٰةَ وَءَاتَى ٱلزَّكَوٰةَ وَٱلْمُوفُونَ بِعَهْدِهِمْ إِذَا عَٰهَدُوا۟ ۖ وَٱلصَّٰبِرِينَ فِى ٱلْبَأْسَآءِ وَٱلضَّرَّآءِ وَحِينَ ٱلْبَأْسِ ۗ أُو۟لَٰٓئِكَ ٱلَّذِينَ صَدَقُوا۟ ۖ وَأُو۟لَٰٓئِكَ هُمُ ٱلْمُتَّقُونَ
നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം എന്നാല്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്‍മാരിലും വിശ്വസിക്കുകയും, സ്വത്തിനോട് പ്രിയമുണ്ടായിട്ടും അത് ബന്ധുക്കള്‍ക്കും, അനാഥകള്‍ക്കും, അഗതികള്‍ക്കും, വഴിപോക്കന്നും, ചോദിച്ചു വരുന്നവര്‍ക്കും, അടിമമോചനത്തിന്നും നല്‍കുകയും, പ്രാര്‍ത്ഥന (നമസ്കാരം) മുറപ്രകാരം നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, കരാറില്‍ ഏര്‍പെട്ടാല്‍ അത് നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്‍മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു (ദോഷബാധയെ) സൂക്ഷിച്ചവര്‍. (ഖു൪ആന്‍:2/177)
കിഴക്കോട്ടോ പടിഞ്ഞാറോട്ടോ മുഖംതിരിക്കുക എന്നതിലല്ല അഥവാ മതത്തിന്റെ ബാഹ്യമായ ചില ആചാരങ്ങള്‍ സ്വീകരിക്കുകയോ കേവലം ഒരു ചടങ്ങെന്നോണം ചില നിശ്ചിത കര്‍മങ്ങള്‍ നിര്‍വഹിക്കുകയോ ഭക്തിയുടെ ചില അംഗീകൃത രൂപങ്ങള്‍ പ്രകടിപ്പിക്കുകയോ ചെയ്യുന്നതിലല്ല പുണ്യമുള്ളത്. പിന്നെ എന്തിലാണ് പുണ്യമുള്ളത്? ആദ്യമായി ഒരു മനുഷ്യന്‍ വിശ്വസിക്കേണ്ട മര്‍മ്മപ്രധാനമായ വിശ്വാസകാര്യങ്ങള്‍ അല്ലാഹു എണ്ണിപ്പറയുന്നു:
(1) അല്ലാഹുവിലുള്ള വിശ്വാസം: അതായത്, അല്ലാഹുവിന്‍റെ അസ്തിത്വം, ഏകത്വം, അധികാരാവകാശങ്ങള്‍, ഉല്‍കൃഷ്ടഗുണങ്ങള്‍ എന്നിവയിലെല്ലാം വിശ്വസിക്കുക.
(2) അന്ത്യനാളിലുള്ള വിശ്വാസം: അതായത്, ഐഹിക ജീവിതത്തിന് ശേഷം രണ്ടാമതൊരു ജീവിതം കൂടിയുണ്ട്. ഈ ജീവിതത്തില്‍ ചെയ്ത സകല കര്‍മങ്ങളെക്കുറിച്ചും അവിടെ വെച്ച് ചോദ്യം ചെയ്യപ്പെടുകയും പ്രതിഫലം നല്‍കപ്പെടുകയും ചെയ്യും. സല്‍കര്‍മികള്‍ക്ക് രക്ഷയും ദുഷ്‌കര്‍മികള്‍ക്ക് ശിക്ഷയുമായിരിക്കും ഫലം ആദിയായ വിശ്വാസം.
(3) മലക്കുകളിലുള്ള വിശ്വാസം: മലക്കുകള്‍ എന്ന ഒരുതരം ആത്മീയ ജീവികളുണ്ട്. അവര്‍ അല്ലാഹുവിന്‍റെ ആജ്ഞയനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. അല്ലാഹുവിന് അവര്‍ സ്‌തോത്രകീര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കും. ഈ ലോകവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അവര്‍ മുഖാന്തരം അല്ലാഹു നടത്താറുണ്ട്. അല്ലാഹുവിനും അവന്‍റെ പ്രവാചകന്‍മാരായ റസൂലുകള്‍ക്കുമിടയിലുള്ള ദൗത്യവാഹകന്‍മാര്‍ മലക്കുകളാണ്. എന്നിങ്ങിനെയുള്ള വിശ്വാസങ്ങള്‍
(4) വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം: അല്ലാഹു അവന്‍റെ പ്രവാചകന്‍മാര്‍ക്ക് നല്‍കിയിട്ടുള്ള വേദഗ്രന്ഥങ്ങളില്‍ പൊതുവിലും മൊത്തമായും വിശ്വസിക്കുക, ഖുര്‍ആന്‍ അവസാനത്തെ ഗ്രന്ഥവും ലോകാവസാനം വരെ നിലനില്‍ക്കുന്നതുമാകകൊണ്ട് അതില്‍ പ്രത്യേകം വിശദമായും വിശ്വസിക്കുക.
(5) പ്രവാചകന്‍മാരില്‍ വിശ്വസിക്കുക: പേരറിയപ്പെട്ടവരും അല്ലാത്തവരുമായി മുന്‍ കഴിഞ്ഞ എല്ലാ പ്രവാചകന്‍മാരിലും പൊതുവെയും അന്ത്യപ്രവാചകനായ മുഹമ്മദ് നബിയില്‍ (സ്വ) പ്രത്യേകമായും വിശ്വസിക്കുക.
ഇതാണ് വിശ്വാസകാര്യങ്ങളില്‍ പ്രധാനമായ വിഷയങ്ങള്‍. അല്ലാഹുവിന്‍റെ വിധിവ്യവസ്ഥകള്‍ ( القضاء والقدر ) സ്വര്‍ഗനരകങ്ങള്‍ എന്നിവയിലുള്ള വിശ്വാസങ്ങള്‍ ഒന്നാമത്തെയും രണ്ടാമത്തെയും വിഷയങ്ങളുടെ വിശദാംശങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്.
പുണ്യമെന്നത് ഈ വിശ്വാസ കാര്യങ്ങളില്‍ മാത്രംഒതുങ്ങുന്നതല്ല. പ്രസ്തുത വചനത്തിലൂടെ തുട൪ന്ന് അതാണ് അല്ലാഹു പറയുന്നത്.
‘തങ്ങളുടെ സ്വത്തുക്കള്‍, അതിനോട് ഏറെ ഇഷ്ടം ഉണ്ടായിട്ടും കുടുംബബന്ധം ഉള്ളവര്‍ക്കും അനാഥര്‍ക്കും പാവങ്ങള്‍ക്കും നല്‍കുക. അടിമമോചനത്തിനും ചോദിച്ചുവരുന്നവര്‍ക്കും വഴിപോക്കന്മാര്‍ക്കും നല്‍കുക’ എന്നാണ് അല്ലാഹു തുട൪ന്ന് പറഞ്ഞിരിക്കുന്നത്. അതായത് അവശതയും പ്രയാസവുമനുഭവിക്കുന്ന, സമൂഹത്തില്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ആളുകളെ സാമ്പത്തികമായി സഹായിക്കുക. അവര്‍ക്ക് ഒരുകൈത്താങ്ങായി മാറുക. ഇതും പുണ്യമാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.
ﻟَﻦ ﺗَﻨَﺎﻟُﻮا۟ ٱﻟْﺒِﺮَّ ﺣَﺘَّﻰٰ ﺗُﻨﻔِﻘُﻮا۟ ﻣِﻤَّﺎ ﺗُﺤِﺒُّﻮﻥَ ۚ
നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുന്നത് വരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല…….(ഖു൪ആന്‍:3/92)
عَنْ أَبِى هُرَيْرَةَ ـ رضى الله عنه ـ قَالَ جَاءَ رَجُلٌ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ أَىُّ الصَّدَقَةِ أَعْظَمُ أَجْرًا قَالَ : أَنْ تَصَدَّقَ وَأَنْتَ صَحِيحٌ شَحِيحٌ، تَخْشَى الْفَقْرَ وَتَأْمُلُ الْغِنَى، وَلاَ تُمْهِلُ حَتَّى إِذَا بَلَغَتِ الْحُلْقُومَ قُلْتَ لِفُلاَنٍ كَذَا، وَلِفُلاَنٍ كَذَا، وَقَدْ كَانَ لِفُلاَنٍ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: ഒരാള്‍ അല്ലാഹുവിന്‍റെ പ്രവാചകന്റെ അടുത്തു വന്നു പറഞ്ഞു: പ്രവാചകരേ, ദാനധര്‍മ്മങ്ങളില്‍ ഏറ്റവും പുണ്യമേറിയത് ഏതാണ്? നബി(സ്വ) പ്രത്യുത്തരം നല്‍കി: നീ ആരോഗ്യവാനായിരിക്കുക, ധനം വിട്ടു കൊടുക്കാന്‍ നിനക്ക് മടിയുണ്ടായിരിക്കുക, ദാരിദ്യത്തെക്കുറിച്ച് ഭയവും ധനം സമ്പാദിച്ചാല്‍ കൊള്ളാമെന്ന് നിനക്ക് ആഗ്രഹവും ഉണ്ടായിരിക്കുക. ഈ പരിതസ്ഥിതിയില്‍ നല്‍കുന്ന ദാനമാണ് ഏറ്റവും പുണ്യകരം. അന്നേരം നീ ദാനത്തെ പിന്നിലേക്ക് നീക്കി വെക്കരുത്. അങ്ങനെ ജീവിതം തൊണ്ടക്കുഴിയില്‍ എത്തുന്ന നേരം നീ പറയും. ഇത്ര ഇന്നവന്നു കൊടുക്കണം. ഇത്ര ഇന്നവന് കൊടുക്കണം എന്നെല്ലാം. യഥാര്‍ത്ഥത്തിലോ ആ ധനം ആ ഘട്ടത്തില്‍ ഇന്നവന്റേതായി കഴിഞ്ഞിരിക്കുകയാണ്. (ബുഖാരി:1419
അതോടൊപ്പം തന്നെ നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും ചെയ്യുന്നവര്‍ കൂടിയാണ് പുണ്യവാന്മാര്‍ എന്നും അല്ലാഹു പറഞ്ഞിരിക്കുന്നു. നമസ്‌കാരം നിലനിര്‍ത്തുക എന്നത് സ്രഷ്ടാവിനോടുള്ള ബാധ്യതയാണ്. അഞ്ച് നേരവും സ്രഷ്ടാവ് നിര്‍ബന്ധമാക്കിയ ഏറ്റവും മഹനീയമായ ഈ ആരാധന നിര്‍വഹിക്കുക.
ﺇِﻥَّ ٱﻟﺼَّﻠَﻮٰﺓَ ﻛَﺎﻧَﺖْ ﻋَﻠَﻰ ٱﻟْﻤُﺆْﻣِﻨِﻴﻦَ ﻛِﺘَٰﺒًﺎ ﻣَّﻮْﻗُﻮﺗًﺎ
തീര്‍ച്ചയായും നമസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധ ബാധ്യതയാകുന്നു.(ഖു൪ആന്‍ :4/103)
സ്രഷ്ടാവിനോടുള്ള ബാധ്യതയായ നമസ്കാരം നി൪വ്വഹിക്കണമെന്ന് പറയുമ്പോള്‍തന്നെ അതിനോട് ചേ൪ത്ത് സൃഷ്ടികളോടുള്ള ബാധ്യതയില്‍ പ്രധാനമായ സകാത്ത് അ൪ഹരായ ആളുകള്‍ക്ക് നല്‍കണമെന്നും പറഞ്ഞിരിക്കുന്നു. അത് സമൂഹത്തോടുള്ള ബാധ്യതയാണ്.
إِنَّمَا ٱلصَّدَقَٰتُ لِلْفُقَرَآءِ وَٱلْمَسَٰكِينِ وَٱلْعَٰمِلِينَ عَلَيْهَا وَٱلْمُؤَلَّفَةِ قُلُوبُهُمْ وَفِى ٱلرِّقَابِ وَٱلْغَٰرِمِينَ وَفِى سَبِيلِ ٱللَّهِ وَٱبْنِ ٱلسَّبِيلِ ۖ فَرِيضَةً مِّنَ ٱللَّهِ ۗ وَٱللَّهُ عَلِيمٌ حَكِيمٌ
ദാനധര്‍മ്മങ്ങള്‍ – അതായത് സക്കാത്ത് – (നല്‍കേണ്ടത്) ദരിദ്രന്‍മാര്‍ക്കും, അഗതികള്‍ക്കും, അതിന്‍റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇസ്ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ (മോചനത്തിന്‍റെ) കാര്യത്തിലും, കടം കൊണ്ട് വിഷമിക്കുന്നവര്‍ക്കും, അല്ലാഹുവിന്‍റെ മാര്‍ഗത്തിലും, വഴിപോക്കന്നും മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്. (ഖു൪ആന്‍ :9/60)
അപ്പോള്‍ ഒരേസമയം സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള ബന്ധവും സൃഷ്ടിയും തന്റെ കൂടെയുള്ള മറ്റു സൃഷ്ടികളും തമ്മിലുള്ള ബന്ധവും ഊട്ടിയുറപ്പിക്കണം. അതിലാണ് പുണ്യം എന്ന് ഇസ്‌ലാം പഠിപ്പിക്കുകയാണ്.
പിന്നീട് സാമൂഹ്യജീവിതത്തില്‍ ശ്രദ്ധിക്കേണ്ട സുപ്രധാനമായ മറ്റൊരു വിഷയം പറയുന്നു: ‘കരാറുകള്‍ പാലിക്കണം.’ സത്യസന്ധത എന്നത് പ്രധാനപ്പെട്ടതാണ്.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَوْفُوا۟ بِٱلْعُقُودِ ۚ
സത്യവിശ്വാസികളേ, നിങ്ങള്‍ കരാറുകള്‍ നിറവേറ്റുക ……. (ഖു൪ആന്‍:5/1)
വിജയികളായ വിശ്വാസികളുടെ സ്വഭാവഗുണങ്ങള്‍ വിശുദ്ധ ഖു൪ആന്‍ എണ്ണിപ്പറഞ്ഞതില്‍ ഒന്ന്, അവ൪ കരാറുകള്‍ പാലിക്കുന്നവരാണെന്നാണ്.
وَٱلَّذِينَ هُمْ لِأَمَٰنَٰتِهِمْ وَعَهْدِهِمْ رَٰعُونَ
തങ്ങളുടെ അനാമത്തുകളും കരാറുകളും പാലിക്കുന്നവരുമത്രേ (ആ വിജയം പ്രാപിച്ചവരായ വിശ്വാസികള്‍) (ഖു൪ആന്‍:23/8)
സാമൂഹിക ജീവിതത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങളില്‍ പെട്ടതാണ് കരാര്‍പാലനവും സത്യം പറയലും. അവയുടെഅഭാവമാണ് ലോകത്ത് കാണപ്പെടുന്ന ഒട്ടനവധി പ്രതിസന്ധികള്‍ക്കും പിന്നിലുള്ള കാരണങ്ങളില്‍ ചിലതെന്ന് കാണാനാവും.
കഷ്ടപ്പാടുകള്‍ ഉണ്ടാകുമ്പോള്‍, രോഗങ്ങളും മറ്റു പ്രയാസങ്ങളും ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍, യുദ്ധഘട്ടങ്ങളില്‍ എല്ലാം തന്നെ അങ്ങേയറ്റം ക്ഷമയവലംബിക്കുന്ന ആളുകളും പുണ്യവാന്മാര്‍ തന്നെ.
ﻭَﻟَﻨَﺒْﻠُﻮَﻧَّﻜُﻢ ﺑِﺸَﻰْءٍ ﻣِّﻦَ ٱﻟْﺨَﻮْﻑِ ﻭَٱﻟْﺠُﻮﻉِ ﻭَﻧَﻘْﺺٍ ﻣِّﻦَ ٱﻷَْﻣْﻮَٰﻝِ ﻭَٱﻷَْﻧﻔُﺲِ ﻭَٱﻟﺜَّﻤَﺮَٰﺕِ ۗ ﻭَﺑَﺸِّﺮِ ٱﻟﺼَّٰﺒِﺮِﻳﻦَ
കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.(ഖു൪ആന്‍:2/155)
عَنْ صُهَيْبٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : عَجَبًا لأَمْرِ الْمُؤْمِنِ إِنَّ أَمْرَهُ كُلَّهُ خَيْرٌ وَلَيْسَ ذَاكَ لأَحَدٍ إِلاَّ لِلْمُؤْمِنِ إِنْ أَصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْرًا لَهُ وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ فَكَانَ خَيْرًا لَهُ
അബൂ യഹ്’യാ സുഹൈബില്‍(റ) നിന്ന് നിവേദനം:നബി(സ്വ) പറഞ്ഞു: വിചിത്രമാണ് ഈ സത്യവിശ്വാസിയുടെ കാര്യം. അവന്റെ എല്ലാ കാര്യങ്ങളും അവന് ഗുണകരമാണ്. ഇത് സത്യവിശ്വാസികൾക്കല്ലാതെ മറ്റാർക്കുമില്ല. സന്തോഷം ഉണ്ടാകുമ്പോൾ അവൻ നന്ദി കാണിക്കുന്നു. അങ്ങനെ അത് പുണ്യമായിതീരുന്നു. ദുരന്തം സംഭവിച്ചാൽ ക്ഷമപാലിക്കുന്നു. അങ്ങനെ അതും ഗുണകരമായിത്തീരുന്നു. (മുസ്‌ലിം: 2999)
മതത്തെ ഇപ്രകാരം സമഗ്രമായി ഉള്‍ക്കൊണ്ട പുണ്യവാന്മാരെ സംബന്ധിച്ച് അല്ലാഹു പറയുന്നത് അവരാണ് സത്യസന്ധര്‍ എന്നും ധര്‍മനിഷ്ഠയുള്ളവര്‍ എന്നുമാണ്.
മതത്തെ സംബന്ധിച്ചുള്ള സമ്പൂര്‍ണമായ ഒരു കാഴ്ചപ്പാട് ഈ വചനം മുന്നോട്ടുവെക്കുന്നുണ്ട്. കേവലം ചില വിശ്വാസകാര്യങ്ങള്‍ മാത്രമല്ല മതം, മറിച്ച് അതോടൊപ്പം ആരാധനാകര്‍മങ്ങളും സമൂഹത്തിന്റെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞുകൊണ്ട് സഹായിക്കലും സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള ബന്ധവും സൃഷ്ടികളും സൃഷ്ടികളും തമ്മിലുള്ള ബന്ധവും ഊട്ടിയുറപ്പിക്കലും കരാര്‍പാലിക്കലും അതോടൊപ്പം പ്രയാസങ്ങളിലും പ്രതിസന്ധികളിലും ക്ഷമയവലംബിക്കലുമെല്ലാം മതത്തിന്റെ കാര്യങ്ങളാണ്. ഈ നന്മകളെല്ലാം ഉള്‍ക്കൊണ്ട് ജീവിക്കുന്നവനാണ് യഥാര്‍ഥ മതവിശ്വാസി എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ഈ ഒരു തത്ത്വം നാം ഉള്‍ക്കൊള്ളുകയും പ്രചരിപ്പിക്കുകയും ചെയ്യുക.