പ്രാര്‍ത്ഥന : കെ. ഉമര്‍ മൗലവി

THADHKIRAH

ബുദ്ധിയും ബോധവുമുള്ള ജീവിയാണ് മനുഷ്യന്‍. അതിനാല്‍ ആവശ്യങ്ങളെ പറ്റിയും അപകടങ്ങളെ കുറിച്ചും മുന്‍കൂട്ടി അവന്‍ മനസ്സിലാക്കുന്നു. ആവശ്യങ്ങള്‍ നേടിയെടുക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും പ്ലാനിട്ടു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ മിക്കവാറും കാര്യങ്ങള്‍ സ്വന്തം പരിശ്രമത്താല്‍ നേടാന്‍ കഴിയുന്നില്ല. അപകടങ്ങള്‍ മിക്കതും ഒഴിവാക്കുവാന്‍ സാധ്യമാകുന്നില്ല.

ഉദാഹരണം: മഴ ജീവന്റെ നിലനില്‍പിന് ആവശ്യമാണ്. എന്നാല്‍ അതുസംബന്ധമായി മനുഷ്യന് യാതൊന്നും കഴിയുകയില്ല. അതുപോലെ മനുഷ്യരെ കൂട്ടത്തോടെ കൊന്നൊടുക്കുകയും ഒട്ടേറെ ദുരിതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നവയാണ് ഭൂകമ്പം, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയവ. അതും മനുഷ്യനിയന്ത്രണത്തിനപ്പുറമാണ്.

ഇങ്ങനെ രണ്ടുഘട്ടങ്ങള്‍. നാം എന്തുചെയ്യും? ഒന്നും കഴിയില്ല. കൈമലര്‍ത്തി അന്തംവിട്ട് ഇരിക്കുകതന്നെ. ഇത്തരം വിഷമസന്ധിയില്‍ പ്രവാചകന്മാര്‍ മനുഷ്യരെ പഠിപ്പിച്ചു: കാര്‍മേഘങ്ങളുടെയും കാറ്റിന്റെയും സ്രഷ്ടാവും നിയന്താവുമാരാണോ അവനോട് അപേക്ഷിക്കുക. ”യജമാനേ! അടിയങ്ങള്‍ പാവങ്ങളാകുന്നു. മഴ ലഭിക്കാതെ ഞങ്ങള്‍ അത്യധികം കഷ്ടത്തിലായിരിക്കുന്നു. ഞങ്ങളുടെ തലക്കുമീതെ നീങ്ങിക്കൊണ്ടിരിക്കുന്ന, കാറ്റു തള്ളി കൊണ്ടുപോകുന്ന ഈ മേഘങ്ങളെ തടഞ്ഞുനിര്‍ത്തി ഞങ്ങളുടെ നാട്ടില്‍ മഴപെയ്യിച്ച് ഞങ്ങളെ അനുഗ്രഹിക്കേണമേ!” ഇപ്രകാരം അപേക്ഷിക്കുകയല്ലാതെ മറ്റു പോംവഴിയൊന്നുമില്ല. ഇതാണ് പ്രാര്‍ഥന.

എന്നാല്‍ എല്ലാ അപേക്ഷകള്‍ക്കും പ്രാര്‍ഥന എന്നു പറയില്ല. നമ്മുടെ ഒരാളെ രോഗശമനത്തിനായി ആശുപത്രിയില്‍ കിടത്തിയാല്‍ വേണ്ടപ്പെട്ടവരോട് നാം അപേക്ഷിക്കുമ്പോള്‍ അതിന് പ്രാര്‍ഥന എന്ന് പറയാറില്ലല്ലോ. നമ്മുടെ ഒരു കുട്ടിയെ കോളേജില്‍ ചേര്‍ക്കാന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അധികൃതരോട് ഞാന്‍ പ്രാര്‍ഥിച്ചു എന്ന് ആരും പറയുന്നില്ലല്ലോ. അപ്പോള്‍ അപേക്ഷയും പ്രാര്‍ഥനയും തമ്മില്‍ വ്യത്യാസമുണ്ട്. ഏതടിസ്ഥാനത്തിലാണീ വ്യത്യാസം?

ഉദാഹരണത്തിലൂടെ ലളിതമായി മനസ്സിലാക്കാം. ‘അല്ലാഹുവേ, രക്ഷിക്കണേ’ എന്നൊരാള്‍ പ്രാര്‍ഥിക്കുമ്പോള്‍ ഈ അപേക്ഷ അല്ലാഹുവിങ്കല്‍ എത്തുമെന്നുള്ളത് ഉറപ്പായ കാര്യമാണ്. എന്നാല്‍ അഭൗതികമായ മാര്‍ഗത്തിലാണ് ഇതെന്ന് നമുക്കറിയാം. കത്ത്, കമ്പി, ഫോണ്‍, ടെലക്‌സ്, ഫാക്‌സ് തുടങ്ങിയ ഒരു മാര്‍ഗവും ഇതിന്നാവശ്യമില്ല. പക്ഷേ, വിവരം അല്ലാഹുവിങ്കല്‍ നിമിഷവ്യത്യാസം കൂടാതെ എത്തുന്നു. അതാണ് അഭൗതിക മാര്‍ഗം. അദൃശ്യമാര്‍ഗം എന്നും പറയുന്നു. ‘മറഞ്ഞവഴി’ എന്ന് ലളിതമായ പ്രയോഗം. പ്രാര്‍ഥിച്ചവനെ അല്ലാഹു രക്ഷിക്കുകയാണെങ്കില്‍ അതിന്റെ മാര്‍ഗവും മറഞ്ഞ വഴിതന്നെ. ഇതാണ് പ്രാര്‍ഥനയുടെ സ്വഭാവം. ഒരു വാചകത്തില്‍ ഒതുക്കിപ്പറഞ്ഞാല്‍ ‘അദൃശ്യമായ മാര്‍ഗത്തിലൂടെ സമര്‍പ്പിക്കുകയും അദൃശ്യമായ മാര്‍ഗത്തിലൂടെ കൈകാര്യം ചെയ്യപ്പെടുകയും ചെയ്യുന്ന അപേക്ഷ’- അതാണ് പ്രാര്‍ഥന.

ഒരു സുന്നി മുസ്‌ല്യാര്‍ ഒരിക്കല്‍ പ്രസംഗിച്ചു: ”ഒരാള്‍ കിണറ്റില്‍ വീണാല്‍ കരയിലുള്ളവനെ വിളിച്ചു രക്ഷതേടലും മുഹ്‌യിദ്ദീന്‍ ശൈഖിനെ വിളിച്ചു രക്ഷതേടലും ഒരുപോലെയാകുന്നു. അതായത് കരയിലുള്ളവനെ വിളിച്ചു രക്ഷതേടുന്നതില്‍ ആക്ഷേപമില്ലാത്തതുപോലെയാണ് ശൈഖിനെ വിളിക്കുന്നതും. അത് അപേക്ഷയാണ്, പ്രാര്‍ഥനയല്ല” ഇതാണ് മുസ്‌ല്യാരുടെ വാദം. യഥാര്‍ഥത്തില്‍ ഇതുരണ്ടും അടിസ്ഥാനപരമായി വ്യത്യാസമുണ്ടല്ലോ. ആദ്യത്തേത് തികച്ചും ഭൗതികമാണ്. അതുകൊണ്ട് അവിടെ പ്രാര്‍ഥന ഇല്ല. രണ്ടാമത്തേതില്‍ അപേക്ഷ സമര്‍പ്പിക്കുന്ന മാര്‍ഗം അദൃശ്യമാണ്. മറഞ്ഞവഴിയാണ്. അത് സ്വീകരിക്കലും അപ്രകാരംതന്നെ. അതിനാല്‍ ഇത് ശരിയായ പ്രാര്‍ഥനയാകുന്നു.

നബി ﷺ പഠിപ്പിച്ചു ‘പ്രാര്‍ഥനയാണ് ആരാധന’ എന്ന്. ആരാധന അല്ലാഹുവിനു മാത്രമെ പാടുള്ളൂഎന്ന് ക്വുര്‍ആനില്‍ ഉടനീളം ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ‘പ്രാര്‍ഥനയാണ് ആരാധന’ എന്ന് പ്രവാചകന്‍ വിശദീകരിക്കുകയും ചെയ്തു. അപ്പോള്‍ പ്രാര്‍ഥന അല്ലാഹുവിനോട് മാത്രമെ പാടുള്ളൂ എന്ന് സുതരാം വ്യക്തമായി. മറ്റാരോടും പ്രാര്‍ഥിക്കരുതെന്നും വ്യക്തമായി. പ്രാര്‍ഥിച്ചാല്‍ മനുഷ്യന്‍ കാഫിറാകും എന്നാണ് വിധി.

ഈ തത്ത്വം ഗ്രഹിച്ചാല്‍ വസ്തുതകള്‍ വേര്‍തിരിയുന്നത് കാണാം. ‘അല്ലാഹുവേ രക്ഷിക്കണേ’ എന്ന് പ്രാര്‍ഥിച്ചവര്‍ അല്ലാഹുവിനെ ആരാധിച്ചു. ‘മുഹ്‌യിദ്ദീന്‍ ശൈഖേ രക്ഷിക്കണേ’ എന്നു പ്രാര്‍ഥിച്ചവര്‍ ശൈഖിനെ ആരാധിച്ചു. ‘ഗുരുവായൂരപ്പാ രക്ഷിക്കണേ’ എന്നു പ്രാര്‍ഥിക്കുന്നവര്‍ അപ്പനെ ആരാധിക്കുന്നു. ‘ബദ്‌രീങ്ങളേ കാക്കണേ’ എന്നു പ്രാര്‍ഥിച്ചാല്‍ മുന്നൂറ്റിപ്പതിമൂന്ന് പുണ്യാത്മാക്കളെയാണ് ആരാധിക്കുന്നത്. ബദ്ദീങ്ങള്‍ 313 പേരാണല്ലോ. അവരെല്ലാവരും ഈ പ്രാര്‍ഥന കേള്‍ക്കുമോ? എന്താണ് ഈ സുന്നിമുസ്‌ല്യാക്കള്‍ വാദിക്കുന്നത്?

”പ്രാര്‍ഥന ആരാധനയുടെ മജ്ജയാകുന്നു” എന്നും നബി ﷺ പറഞ്ഞു. പ്രാര്‍ഥനാനിര്‍ഭരമല്ലാത്ത കര്‍മങ്ങള്‍ എത്ര ഭക്തിസാന്ദ്രമായി കാഴ്ചക്കാര്‍ക്ക് അനുഭവപ്പെട്ടാലും അത് ഇബാദത്താകുകയില്ല. ആരാധന കര്‍മരൂപത്തിലും വാക്‌രൂപത്തിലും മാത്രമല്ല മനസ്സില്‍ കരുതല്‍ കൊണ്ടും ഉണ്ടാകുന്നു. ഇതുതന്നെ പ്രവര്‍ത്തിക്കലും ഉപേക്ഷിക്കലുമുണ്ട്. അതായത് സല്‍പ്രവൃത്തി ചെയ്യല്‍ ആരാധന, ദുഷ്‌കൃത്യം ഉപേക്ഷിക്കല്‍ ആരാധന. നല്ലവാക്കുകള്‍ പറയല്‍ ആരാധന, ചീത്തവാക്ക് ഉപേക്ഷിക്കലും ആരാധനതന്നെ. നല്ല വിചാരങ്ങള്‍ ആരാധന, ചീത്ത വിചാരം ഉപേക്ഷിക്കല്‍ ആരാധന. ഇവിടെയെല്ലാം ഒരു നിബന്ധനയുണ്ട്. അതാണ് കാര്യത്തിന്റെ കഴമ്പ്. അല്ലാഹുവിന്റെ പ്രതിഫലവും സ്‌നേഹവും ആഗ്രഹിക്കുകയും കോപവും ശിക്ഷയും ഭയപ്പെടുകയും ചെയ്യുന്ന പ്രാര്‍ഥനയുടെ മനസ്സായിരിക്കണം പ്രാര്‍ഥിക്കുന്നതിന്റെയും ഉപേക്ഷിക്കുന്നതിന്റെയും പ്രേരകം. ബാങ്ക് കേട്ടാല്‍ ജമാഅത്തില്‍ പങ്കെടുക്കാന്‍ വിശ്വാസികള്‍ പള്ളിയിലേക്ക് പോകുന്നു. അല്ലാഹുവിന്റെ പൊരുത്തവും പരലോകമോക്ഷവും ആശിക്കുകയെന്ന പ്രാര്‍ഥനയാണ് അവരെ ഇവിടെ ചലിപ്പിക്കുന്നത്. അതിനാല്‍ ആ പോക്കുതന്നെ ഇബാദത്താണ്. എന്നാല്‍ ജാറങ്ങള്‍, വിഗ്രഹപ്രതിഷ്ഠകള്‍, കനീസകള്‍ എന്നിവിടങ്ങളിലേക്കു ഭക്ത്യാദരപൂര്‍വമുള്ള യാത്രയും ആരാധനയാകുന്നു. അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ഥനയുടെ മനസ്സാണ് മനുഷ്യരെ ഇവിടങ്ങളിലേക്ക് ചലിപ്പിക്കുന്നത്. അതിനാല്‍ ആ നടത്തം ശിര്‍ക്കിന്റെ ആരാധനയായിത്തീര്‍ന്നു. അന്നദാനം, ദാനധര്‍മങ്ങള്‍ തുടങ്ങിയവയും ആരാധനയാകുന്നു. ഇവിടെ അല്ലാഹുവിന്റെ പൊരുത്തമാണ് ആശിക്കുന്നതെങ്കില്‍ അല്ലാഹുവിനുള്ള ആരാധന, അപരന്മാരുടെ പൊരുത്തമാണ് ഇച്ഛിക്കുന്നതെങ്കില്‍ അവര്‍ക്കുള്ള ആരാധന. ഭൗതികമായ കീര്‍ത്തിയോ മറ്റു നേട്ടങ്ങളോ ലക്ഷ്യമാക്കിയതാണെങ്കില്‍ അത് ആരാധനയാകുന്നില്ല, പാഴ്‌വേല മാത്രം. ‘പ്രാര്‍ഥനയാണ് ആരാധനയുടെ മജ്ജ’ എന്ന് നബിﷺ പഠിപ്പിച്ചതിന്റെ പൊരുള്‍ അല്‍പം ചിന്തിച്ചാല്‍ ലളിമതായി ഗ്രഹിക്കാവുന്നതേയുള്ളു. ഉള്‍ക്കൊള്ളാന്‍ യാതൊരു പ്രയാസവുമില്ല. ആരാധനകളില്‍ ഏറ്റവും പ്രധാനമായത് നമസ്‌കാരംതന്നെ. എന്നാല്‍ ജനപ്രീതിക്കുവേണ്ടി നമസ്‌കരിക്കുന്നവന്റെ മനസ്സില്‍ പ്രാര്‍ഥന ഇല്ല. മജ്ജയില്ലാത്ത അസ്ഥി പോലെ നിര്‍ജീവമായ ഒരു കൂട്.

അല്ലാഹു വിരോധിച്ചവ ഉപേക്ഷിക്കുന്നതും ഇബാദത്താകുന്നു. പക്ഷേ, അല്ലാഹുവിന്റെ സ്‌നേഹം കാംക്ഷിച്ചും ശിക്ഷ ഭയന്നുമായിരിക്കണം ഈ ഉപേക്ഷിക്കല്‍. വ്യഭിചാരം, മറ്റു ലൈംഗിക വൈകൃതങ്ങള്‍, മദ്യപാനം, പലിശ, മദ്യവില്‍പന, മോഷണം, കളവുപറയല്‍, പരദൂഷണം, കുടുംബങ്ങള്‍ക്കിടയിലും സ്‌നേഹജനങ്ങളെയും തമ്മിലകറ്റാന്‍ ഏഷണി ഉണ്ടാക്കല്‍, അഹങ്കാരം, അസൂയ തുടങ്ങിയ മ്ലേഛതകളും ദുര്‍ഗുണങ്ങളും അല്ലാഹു വിരോധിച്ചവയില്‍ പെട്ടതാണല്ലോ. അല്ലാഹുവിനോടുള്ള ഭയഭക്തിനിമിത്തം ഇവകള്‍ ഉപേക്ഷിക്കുന്നപക്ഷം അത് മഹത്തായ ആരാധനയാകുന്നു. പ്രവര്‍ത്തിക്കാതിരിക്കല്‍ എന്നതാണ് ഇവിടെ ഇബാദത്തായിത്തീരുന്നത്.

പ്രാര്‍ഥനയുടെ മഹത്ത്വം വിവരണാതീതമാകുന്നു. അതിന്റെ ആവശ്യവും അനിവാര്യതയും കേവലംസ്വാഭാവികമാണുതാനും. മനുഷ്യന്‍ അറിഞ്ഞും അറിയാതെയും സദാ പ്രാര്‍ഥനയ്ക്കു വിധേയനാണ്. ബുദ്ധിയും ബോധവുമാണ് കാരണം. തന്റെ കഴിവുകേടിനെക്കുറിച്ച് അവന്‍ ബോധവാനാണ്. ആവശ്യങ്ങള്‍ നേടാനും അപകടങ്ങള്‍ ഒഴിവായിക്കിട്ടുവാനും തന്നോട് സ്‌നേഹവും കഴിവുമുള്ളവരോട് അപേക്ഷിക്കല്‍ പതിവാണല്ലോ. അഭയകേന്ദ്രമായി കാണുന്നിടത്തേക്കാണ് മനസ്സ് തിരിയുക. എല്ലാ കഴിവുകളുടെയും ഉടമസ്ഥനും സര്‍വജ്ഞനും സൃഷ്ടികളോട് ഏറ്റവും കരുണയുള്ളവനുമാണ് അല്ലാഹു എന്ന് ദൃഢമായി വിശ്വസിക്കുന്നവന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കും. യേശുക്രിസ്തുവിന് ഇത്തരം ഗുണങ്ങള്‍ ഉണ്ടെന്നാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് അവരുടെ പ്രാര്‍ഥന യേശുവിനോടാകുന്നു. ഗുരുവായൂരപ്പന്‍, ശബരിമല ശാസ്താവ്, വേളാങ്കണ്ണി മാതാവ്, നാഗൂരാണ്ടവന്‍, മുഹ്‌യിദ്ദീന്‍ ശൈഖ് ഇങ്ങനെ എണ്ണമറ്റ ആരാധ്യന്മാര്‍ ലോകത്തുണ്ട്. ഇവരോടെല്ലാം ജനം പ്രാര്‍ഥിക്കുന്നു. പ്രാര്‍ഥനയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെല്ലാം വിവിധ നേര്‍ച്ച വഴിപാടുകള്‍ അര്‍പ്പിക്കുന്നു. എല്ലാം അഭൗതികമായ മാര്‍ഗത്തിലൂടെ (മറഞ്ഞവഴിയിലൂടെ) രക്ഷ ആഗ്രഹിച്ചും ശിക്ഷ ഭയന്നും ചെയ്യുന്ന കര്‍മങ്ങളാകുന്നു. ഈ ആശയും ഭയവും നിമിത്തം മനസ്സില്‍ രൂപപ്പെടുന്നതാണ് പ്രര്‍ഥന. അത് ഭൗതികമായി മനുഷ്യന്‍ പരസ്പരം നടത്തുന്ന അപേക്ഷയും സഹായവും പോലെ അല്ലെന്ന് ഈ വിശദീകരണത്തില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്.

എന്നാല്‍ അദൃശ്യ വിശ്വാസമില്ലാത്ത, അനാത്മവാദികളില്‍ പ്രാര്‍ഥനയുടെ ചില രൂപഭാവങ്ങള്‍ പ്രകടമാകുന്നത് കാണാം. ‘ഇന്‍ക്വിലാബ് സിന്ദാബാദ്’ എന്ന് ആവേശപൂര്‍വം വിൡച്ചുപറയാറുണ്ടല്ലോ. വിപ്ലവം വിജയിക്കട്ടെ എന്നാണിതിനര്‍ഥം. അയായത് വിപ്ലവം ഉണ്ടാക്കാന്‍ ഞങ്ങള്‍ക്കു കഴിയും. പക്ഷേ, അത് വിജയിപ്പിക്കാന്‍ കഴിയുകയില്ലെന്ന് തീര്‍ച്ച! അതിനാല്‍ വിജയിക്കട്ടെ എന്ന ഒരുതരം പ്രാര്‍ഥന  അവര്‍ പതിവാക്കിയിരിക്കുന്നു. ആരോടെന്നില്ല, ലക്ഷ്യമില്ലാത്ത പ്രാര്‍ഥന! മേല്‍വിലാസമെഴുതാതെ കത്ത് പോസ്റ്റുചെയ്യുകയാണ്. മേല്‍വിലാസം തെറ്റിച്ച് പോസ്റ്റുചെയ്യുന്നവര്‍ മറ്റൊരു വിഭാഗം. യഥാര്‍ഥ അവകാശിക്കുതന്നെ അപേക്ഷ അയക്കുന്ന ബുദ്ധിമാന്മാരും മനുഷ്യരില്‍ ഉണ്ട്. അവര്‍ എന്നും ന്യൂനപക്ഷമാണ്. പ്രാര്‍ഥന മനുഷ്യനെ ആകമാനം വലയം ചെയ്യുന്നു. യഥാര്‍ഥ ചിന്തയും ബോധവുമുള്ളവര്‍ മനുഷ്യപ്രകൃതിയില്‍ അന്തര്‍ലീനമായ ഈ സ്വഭാവത്തെ നേര്‍വഴിയില്‍ ചലിപ്പിച്ചു സ്വയം സംസ്‌കരിക്കപ്പെടുന്നു. ആ കൂട്ടരാണ് യഥാര്‍ഥത്തില്‍ വിജയികള്‍, ശാശ്വതമായ രക്ഷ ലഭിക്കുന്നവരും. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ! 

(സല്‍സബീല്‍ മാസിക, 1996 ഒക്‌ടോബര്‍ 20)

Leave a Reply

Your email address will not be published.

Similar Posts