ഭാഷാപരമായി ‘തവസ്സുൽ’ എന്ന് പറഞ്ഞാൽ ‘സാമീപ്യം തേടുക’ എന്നാണർത്ഥം. അതായത് വല്ല കാര്യം മുഖേനെയും മറ്റൊരാളുമായി അടുപ്പം നേടുക. സൃഷ്ടികൾ ഏതെങ്കിലും ഒരു പുണ്യകർമ്മം മുഖേന അല്ലാഹുവിങ്കലേക്കടുക്കുവാനുള്ള ശ്രമത്തിന്നാണ് ശറഇൽ തവസ്സുൽ എന്നു പറയുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ വിശ്വാസത്തിലൂടെയും കർമ്മങ്ങളിലൂടെയും അല്ലാഹുവിൻറെ സാമീപ്യം നേടി കാര്യങ്ങൾ നേടിയെടുക്കുന്നതിനാണ് തവസ്സുൽ എന്നു പറയുന്നത്. തവസ്സുൽ അല്ലാഹു കൽപ്പിച്ച ഇബാദത്താണ്. ഖുർആനിന്റെ ആഹ്വാനം കാണുക:
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَٱبْتَغُوٓا۟ إِلَيْهِ ٱلْوَسِيلَةَ وَجَٰهِدُوا۟ فِى سَبِيلِهِۦ لَعَلَّكُمْ تُفْلِحُونَ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക് അടുക്കുവാനുള്ള മാര്‍ഗം തേടുകയും, അവന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടുകയും ചെയ്യുക. നിങ്ങള്‍ക്ക് (അത് വഴി) വിജയം പ്രാപിക്കാം. (ഖു൪ആന്‍:5/35)
ഈ ആയത്തില്‍ പരാമ൪ശിച്ച ‘വസീല’ എന്നവാക്കിനെ മുഫസ്വിറുകൾ നിർവചിച്ചത് കാണുക:
مِنْ فِعْلِ الطَّاعَاتِ وَتَرْكِ الْمَعَاصِي
കുറ്റകൃത്യങ്ങൾ വെടിഞ്ഞു കൊണ്ടും സൽക്കർമ്മങ്ങൾ അനുഷ്ഠിച്ച് കൊണ്ടും നിങ്ങൾ അവനിലേക്കടുക്കുക. (ബൈളാവി 2/321)
مَا يُقَرِّبُكُمْ إِلَيْهِ مِنْ طَاعَتِهِ
നിങ്ങളെ അവനിലേക്കടുപ്പിക്കുന്ന സൽക്കർമ്മങ്ങൾ അനുഷ്ഠിച്ചു കൊണ്ട് നിങ്ങൾ അവനിലേക്കടുക്കുക. (ജലാലൈനി – 2/211)
يعني بالوسيلة القربة
വസീല കൊണ്ടുദ്ദേശിക്കുന്നത് പുണ്യകർമ്മമാണ്. (ത്വബ്‌രി 10/290)
( وَابْتَغُوا إِلَيْهِ الْوَسِيلَةَ ) قَالَ سُفْيَانُ الثَّوْرِيُّ حَدَّثَنَا أَبِي ، عَنْ طَلْحَةَ عَنْ عَطَاءٍ عَنِ ابْنِ عَبَّاسٍ : أَيِ الْقُرْبَةَ . وَكَذَا قَالَ مُجَاهِدٌ [ وَعَطَاءٌ ] وَأَبُو وَائِلٍ وَالْحَسَنُ وَقَتَادَةُ وَعَبْدُ اللهِ بْنُ كَثِيرٍ وَالسُّدِّيُّ وَابْنُ زَيْدٍ . وَقَالَ قَتَادَةُ : أَيْ تَقَرَّبُوا إِلَيْهِ بِطَاعَتِهِ وَالْعَمَلِ بِمَا يُرْضِيهِ . وَقَرَأَ ابْنُ زَيْدٍ : ( أُولَئِكَ الَّذِينَ يَدْعُونَ يَبْتَغُونَ إِلَى رَبِّهِمُ الْوَسِيلَةَ ) [ الْإِسْرَاء : 57 ] وَهَذَا الَّذِي قَالَهُ هَؤُلَاءِ الْأَئِمَّةُ لَا خِلَافَ بَيْنِ الْمُفَسِّرِينَ فِيهِ
ആയത്തിൽ പറഞ്ഞ വസീലയുടെ ഉദ്ദേശ്യം അവനിലേക്ക് അടുക്കാനുള്ള മാർഗ്ഗങ്ങളാണ് എന്ന് ഇബ്‌നു അബ്ബാസ്, മുജാഹിദ്, അബൂവാഇൽ, ഹസനുൽ ബസ്വരി, ഖതാദ, അബ്ദുല്ലാഹിബിൻ കസീർ, സുദ്ദി, ഇബ്‌നുസൈദ് തുടങ്ങി ധാരാളം പേർ പറഞ്ഞിരിക്കുന്നു. അവനെ വഴിപ്പെട്ടുകൊണ്ടും അവൻ തൃപ്തിപ്പെട്ട കർമ്മങ്ങൾ ചെയ്തുകൊണ്ടും അല്ലാഹുവിലേക്ക് അടുക്കുക എന്ന് ഖതാദ് പറഞ്ഞിരിക്കുന്നു… ഇമാമുമാർ പറഞ്ഞ ഈ കാര്യത്തിൽ ഖുർആൻ വ്യാഖ്യാതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസമില്ല. (ഇബ്‌നു കസീർ 3/103).
ചുരുക്കത്തിൽ സൽക്കർമ്മങ്ങൾ, പ്രാർത്ഥന തുടങ്ങിയ കാര്യങ്ങളിലൂടെ അല്ലാഹുവിലേക്കടുക്കുവാൻ ഒരടിമ ചെയ്യുന്ന കാര്യത്തെ സംബന്ധിച്ചാണ് തവസ്സുൽ എന്ന് ഖുർആൻ വിളിച്ചത്. അല്ലാഹുവിങ്കലേക്ക് വസീല തേടുക എന്ന വചനത്തിന് മരണപ്പെട്ട അമ്പിയാഅ്-ഔലിയാക്കളെ ഇടയാളൻമാരും മദ്ധ്യവർത്തികളും ആക്കി അവനിലേക്ക് സാമീപ്യം തേടുക എന്ന തെറ്റായ വ്യഖ്യാനം, പ്രമാണങ്ങളുടെ പിന്തുണയില്ലാത്തതും ഇസ്‌ലാമിക വിജ്ഞാനീയങ്ങൾ കൈകാര്യം ചെയ്ത പൂർവ്വ സൂരികളുടെ ചരിത്രത്തിലെവിടെയും അറിയപ്പെടാത്തതുമാണ്. അതേപോലെ മഹാത്മാക്കളുടെ ഹഖ്, ജാഹ്, ബർകത്ത് കൊണ്ടുള്ള ഇടതേട്ടമാണ് തവസ്സുൽ എന്ന് ചില൪ ദു൪വ്യാഖ്യാനിക്കാറുണ്ട്. ഇതും പ്രാമാണികമായി തെളിയിക്കാൻ സാധ്യമല്ല.
തവസ്സുല്‍ എന്നത് ഒരു ആരാധനാകര്‍മ്മാണ്. അത് എങ്ങനെയായിരിക്കണമെന്നും ഇസ്ലാമിക പ്രമാണങ്ങള്‍ വ്യക്തമാക്കിത്തന്നിട്ടുണ്ട്. ഇസ്‌ലാം പഠിപ്പിച്ചതും നിര്‍ദേശിച്ചതുമായ തവസ്സുലിന്റെ പ്രധാന വഴികള്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ നമുക്കിങ്ങനെ മനസ്സിലാക്കാം:
1) അല്ലാഹുവിന്റെ ഉല്‍കൃഷ്ടമായ നാമങ്ങള്‍ കൊണ്ടുള്ള തവസ്സുല്‍
وَلِلَّهِ ٱلْأَسْمَآءُ ٱلْحُسْنَىٰ فَٱدْعُوهُ بِهَا ۖ
അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക, (ഖു൪ആന്‍:7/180)
قُلِ ٱدْعُوا۟ ٱللَّهَ أَوِ ٱدْعُوا۟ ٱلرَّحْمَٰنَ ۖ أَيًّا مَّا تَدْعُوا۟ فَلَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ ۚ
(നബിയ) പറയുക: നിങ്ങള്‍ അല്ലാഹു എന്ന് വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്ന് വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍…… (ഖു൪ആന്‍:17/110)
അബ്ദില്ലാഹിബ്നു മസ്ഊദില്‍(റ) നിന്നും നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസില്‍ നബി ﷺ ഇപ്രകാരം പ്രാ൪ത്ഥിച്ചിരുന്നതായി കാണാം.
أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ سَمَّيْتَ بِهِ نَفْسَكَ أَوْ أَنْزَلْتَهُ فِي كِتَابِكَ , أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ , أَوِ اسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ
നിനക്കുള്ളതായ നീ സ്വന്തത്തിന് നല്‍കിയതായ നിന്റെ അടിമകളില്‍ ആ൪ക്കെങ്കിലും അറിയിച്ചു നല്‍കിയതോ നിന്റെ കിത്താബില്‍ വേദഗ്രന്ഥത്തില്‍ അവതരിപ്പിച്ചതോ നിന്റെ അദൃശ്യജ്ഞാനത്തില്‍ നീ തെരഞ്ഞെടുത്തതോ ആയ എല്ലാ നാമങ്ങള്‍ കൊണ്ടും ഞാന്‍ ചോദിക്കുന്നു ……. (അഹ്മദ് :3712 – സ്വഹീഹ് അല്‍ബാനി )
عَنْ أَنَسِ بْنِ مَالِكٍ، قَالَ كَانَ النَّبِيُّ صلى الله عليه وسلم إِذَا كَرَبَهُ أَمْرٌ قَالَ : يَا حَىُّ يَا قَيُّومُ بِرَحْمَتِكَ أَسْتَغِيثُ
അനസില്‍(റ) നിന്ന് നിവേദനം: വല്ലകാര്യവും നബിﷺയെ പ്രയാസപ്പെടുത്തിയാല്‍ ‘എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമായവനേ, നിന്റെ കാരുണ്യം കൊണ്ട് ഞാന്‍ നിന്നോട് സഹായം തേടുന്നു’ എന്ന് പറയാറുണ്ടായിരുന്നു. (തിര്‍മിദി:3524)
عَنِ ابْنِ عُمَرَ، قَالَ إِنْ كُنَّا لَنَعُدُّ لِرَسُولِ اللَّهِ صلى الله عليه وسلم فِي الْمَجْلِسِ الْوَاحِدِ مِائَةَ مَرَّةٍ “ رَبِّ اغْفِرْ لِي وَتُبْ عَلَىَّ إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ ” .
ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: ഒരു സദസ്സില്‍വെച്ച് റബ്ബേ, എനിക്കു നീ പൊറുത്തുതരേണമേ, എന്റെ പശ്ചാത്താപം നീ സ്വീകരിക്കേണമേ, നിശ്ചയം നീ പശ്ചാത്താപം സ്വീകരിക്കുന്നവനും (التّوّاب) കരുണാനിധിയും (الرّحيم) ആകുന്നു എന്ന് 100 പ്രാവശ്യം നബി ﷺ പ്രാര്‍ത്ഥിച്ചിരുന്നത് ഞങ്ങള്‍ എണ്ണി കണക്കാക്കിയിരുന്നു. (അബൂദാവൂദ്:1516)
ഒന്നുകിൽ അല്ലാഹുവിന്റെ നാമങ്ങളെ മൊത്തത്തിൽ എടുത്തുപറഞ്ഞുകൊണ്ട് തവസ്സുൽ ചെയ്യാം. അല്ലെങ്കിൽ ഏതെങ്കിലും പ്രത്യേകമായതിനെ എടുത്തുപറഞ്ഞുകൊണ്ട് തവസ്സുൽ ചെയ്യാം. അതായത് പ്രാർത്ഥിക്കുന്നവൻ അല്ലാഹുവേ, റഹ്മാനേ, എന്റെ മേൽ കാരുണ്യം ചൊരിയേണമേ എന്നോ നീ മാപ്പ് ഇഷ്ടപ്പെടുന്നവനാണല്ലോ, അതിനാൽ നീ എനിക്ക് മാപ്പ് നൽകേണമേ എന്നോ ഒക്കെ പറഞ്ഞ് പ്രാർത്ഥിക്കാം.
2) അല്ലാഹുവിന്റെ വിശേഷണങ്ങൾ മുൻനിർത്തിയുള്ള തവസ്സുല്‍
‘അല്ലാഹുവേ, ഞാൻ നിന്റെ ഉന്നതങ്ങളായ വിശേഷണങ്ങൾ കൊണ്ട് തേടുന്നു’ എന്ന പൊതുവായ രൂപത്തിലോ അതല്ലെങ്കിൽ പ്രത്യേകമായ രൂപത്തിലോ തേടാവുന്നതാണ്.
വേദന അനുഭവപ്പെടുമ്പോൾ പറയാനായി നബി ﷺ പഠിപ്പിച്ച പ്രാര്‍ത്ഥന ഇതിന് തെളിവാണ്. ആദ്യം ബിസ്മില്ലാഹ് പറയുക. പിന്നീട് വേദനയുള്ള ഭാഗത്ത് കൈ വെച്ച് ഇപ്രകാരം ഏഴ് പ്രാവശ്യം പറയുക:
أَعُوذُ بِعِزَّةِ اللَّهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ
അല്ലാഹുവിന്റെ പ്രതാപവും കഴിവും കൊണ്ട്, എനിക്ക് അനുഭവപ്പെടുന്നതും ഞാൻ ഭയക്കുന്നതുമായ തിൻമയിൽ നിന്ന് നിന്നോട് ഞാൻ കാവൽ തേടുന്നു. (ഇബ്നുമാജ:31/3651)
ഇത് അല്ലാഹുവിന്റെ വിശേഷണങ്ങൾ മുൻനിർത്തിയുള്ള തവസ്സുലാണ്. ഈ പ്രാർത്ഥനയിൽ അല്ലാഹുവിന്റെ ഉന്നതങ്ങളായ രണ്ട് വിശേഷണങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്.
3) വിശ്വാസവും സല്‍കര്‍മങ്ങളും മുന്‍നിര്‍ത്തിയുള്ള തവസ്സുല്‍
അല്ലാഹുവേ, നിന്നിലുള്ള വിശ്വാസവും ഇഷ്ടവും നിന്റെ പ്രവാചകനെ പിന്‍പറ്റുന്നത് കാരണത്താലും നീ എനിക്ക് പൊറുത്തുതരേണമേ എന്ന നിലയ്ക്കുള്ള തേട്ടമാണിത്. വിശ്വാസത്തെ തവസ്സുലാക്കിയുള്ള പ്രാ൪ത്ഥനക്ക് വിശുദ്ധ ഖു൪ആനില്‍ നിന്നുള്ള ഉദാഹരണം കാണുക:
رَّبَّنَآ إِنَّنَا سَمِعْنَا مُنَادِيًا يُنَادِى لِلْإِيمَٰنِ أَنْ ءَامِنُوا۟ بِرَبِّكُمْ فَـَٔامَنَّا ۚ رَبَّنَا فَٱغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّـَٔاتِنَا وَتَوَفَّنَا مَعَ ٱلْأَبْرَارِ
ഞങ്ങളുടെ രക്ഷിതാവേ, സത്യവിശ്വാസത്തിലേക്ക് ക്ഷണിക്കുന്ന ഒരു പ്രബോധകന്‍ നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിക്കുവിന്‍ എന്നു പറയുന്നത് ഞങ്ങള്‍ കേട്ടു. അങ്ങനെ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ഞങ്ങളുടെ തിന്‍മകള്‍ ഞങ്ങളില്‍ നിന്ന് നീ മായ്ച്ചുകളയുകയും ചെയ്യേണമേ. പുണ്യവാന്‍മാരുടെ കൂട്ടത്തിലായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ.(ഖു൪ആന്‍:3/193)
ٱلَّذِينَ يَقُولُونَ رَبَّنَآ إِنَّنَآ ءَامَنَّا فَٱغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ ٱلنَّارِ
ഞങ്ങളുടെ നാഥാ, ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും, നരക ശിക്ഷയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ എന്ന് പ്രാര്‍ത്ഥിക്കുന്നവരാണവര്‍. (ഖു൪ആന്‍:3/16)
പൂര്‍വികരായ മൂന്നുപേര്‍ ഗുഹയില്‍ അകപ്പെട്ടപ്പോള്‍ അവര്‍ക്ക് നേരിടേണ്ടിവന്ന അപകടത്തില്‍ നിന്ന് രക്ഷപ്രാപിക്കുവാന്‍ അവര്‍ ഓരോരുത്തരായി തങ്ങള്‍ ചെയ്ത നന്മകളെ മുന്‍നിര്‍ത്തി അല്ലാഹുവിനോട് തേടിയതായും അതില്‍ നിന്ന് രക്ഷപ്പെട്ടതായും നബി ﷺ പറഞ്ഞു തന്ന സംഭവം സല്‍കര്‍മങ്ങള്‍ മുന്‍നിര്‍ത്തിയുള്ള തവസ്സുലിന് ഉത്തമ ഉദാഹരണമാണ്.
عَنْ عَبْدِ اللَّهِ بْنِ عُمَرَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ ” بَيْنَمَا ثَلاَثَةُ نَفَرٍ يَتَمَشَّوْنَ أَخَذَهُمُ الْمَطَرُ فَأَوَوْا إِلَى غَارٍ فِي جَبَلٍ فَانْحَطَّتْ عَلَى فَمِ غَارِهِمْ صَخْرَةٌ مِنَ الْجَبَلِ فَانْطَبَقَتْ عَلَيْهِمْ فَقَالَ بَعْضُهُمْ لِبَعْضٍ انْظُرُوا أَعْمَالاً عَمِلْتُمُوهَا صَالِحَةً لِلَّهِ فَادْعُوا اللَّهَ تَعَالَى بِهَا لَعَلَّ اللَّهَ يَفْرُجُهَا عَنْكُمْ . فَقَالَ أَحَدُهُمُ اللَّهُمَّ إِنَّهُ كَانَ لِي وَالِدَانِ شَيْخَانِ كَبِيرَانِ وَامْرَأَتِي وَلِيَ صِبْيَةٌ صِغَارٌ أَرْعَى عَلَيْهِمْ فَإِذَا أَرَحْتُ عَلَيْهِمْ حَلَبْتُ فَبَدَأْتُ بِوَالِدَىَّ فَسَقَيْتُهُمَا قَبْلَ بَنِيَّ وَأَنَّهُ نَأَى بِي ذَاتَ يَوْمٍ الشَّجَرُ فَلَمْ آتِ حَتَّى أَمْسَيْتُ فَوَجَدْتُهُمَا قَدْ نَامَا فَحَلَبْتُ كَمَا كُنْتُ أَحْلُبُ فَجِئْتُ بِالْحِلاَبِ فَقُمْتُ عِنْدَ رُءُوسِهِمَا أَكْرَهُ أَنْ أُوقِظَهُمَا مِنْ نَوْمِهِمَا وَأَكْرَهُ أَنْ أَسْقِيَ الصِّبْيَةَ قَبْلَهُمَا وَالصِّبْيَةُ يَتَضَاغَوْنَ عِنْدَ قَدَمَىَّ فَلَمْ يَزَلْ ذَلِكَ دَأْبِي وَدَأْبَهُمْ حَتَّى طَلَعَ الْفَجْرُ فَإِنْ كُنْتَ تَعْلَمُ أَنِّي فَعَلْتُ ذَلِكَ ابْتِغَاءَ وَجْهِكَ فَافْرُجْ لَنَا مِنْهَا فُرْجَةً نَرَى مِنْهَا السَّمَاءَ . فَفَرَجَ اللَّهُ مِنْهَا فُرْجَةً فَرَأَوْا مِنْهَا السَّمَاءَ . وَقَالَ الآخَرُ اللَّهُمَّ إِنَّهُ كَانَتْ لِيَ ابْنَةُ عَمٍّ أَحْبَبْتُهَا كَأَشَدِّ مَا يُحِبُّ الرِّجَالُ النِّسَاءَ وَطَلَبْتُ إِلَيْهَا نَفْسَهَا فَأَبَتْ حَتَّى آتِيَهَا بِمِائَةِ دِينَارٍ فَتَعِبْتُ حَتَّى جَمَعْتُ مِائَةَ دِينَارٍ فَجِئْتُهَا بِهَا فَلَمَّا وَقَعْتُ بَيْنَ رِجْلَيْهَا قَالَتْ يَا عَبْدَ اللَّهِ اتَّقِ اللَّهَ وَلاَ تَفْتَحِ الْخَاتَمَ إِلاَّ بِحَقِّهِ . فَقُمْتُ عَنْهَا فَإِنْ كُنْتَ تَعْلَمُ أَنِّي فَعَلْتُ ذَلِكَ ابْتِغَاءَ وَجْهِكَ فَافْرُجْ لَنَا مِنْهَا فُرْجَةً . فَفَرَجَ لَهُمْ . وَقَالَ الآخَرُ اللَّهُمَّ إِنِّي كُنْتُ اسْتَأْجَرْتُ أَجِيرًا بِفَرَقِ أَرُزٍّ فَلَمَّا قَضَى عَمَلَهُ قَالَ أَعْطِنِي حَقِّي . فَعَرَضْتُ عَلَيْهِ فَرَقَهُ فَرَغِبَ عَنْهُ فَلَمْ أَزَلْ أَزْرَعُهُ حَتَّى جَمَعْتُ مِنْهُ بَقَرًا وَرِعَاءَهَا فَجَاءَنِي فَقَالَ اتَّقِ اللَّهَ وَلاَ تَظْلِمْنِي حَقِّي . قُلْتُ اذْهَبْ إِلَى تِلْكَ الْبَقَرِ وَرِعَائِهَا فَخُذْهَا . فَقَالَ اتَّقِ اللَّهَ وَلاَ تَسْتَهْزِئْ بِي . فَقُلْتُ إِنِّي لاَ أَسْتَهْزِئُ بِكَ خُذْ ذَلِكَ الْبَقَرَ وَرِعَاءَهَا . فَأَخَذَهُ فَذَهَبَ بِهِ فَإِنْ كُنْتَ تَعْلَمُ أَنِّي فَعَلْتُ ذَلِكَ ابْتِغَاءَ وَجْهِكَ فَافْرُجْ لَنَا مَا بَقِيَ . فَفَرَجَ اللَّهُ مَا بَقِيَ .
അബ്ദുല്ലാഹിബ്‌നു ഉമറില്‍(റ) നിന്നും നിവേദനം : നബി ﷺ പറയുന്നതായി ഞാന്‍ കേട്ടു: നിങ്ങളുടെ പൂര്‍വികരായ മൂന്ന് ആളുകള്‍ ഒരു യാത്ര പുറപ്പെട്ടു. ഒരു രാത്രി അവര്‍ ഒരു ഗുഹയില്‍ വിശ്രമിച്ചു. അവ൪ അതില്‍ പ്രവേശിച്ചപ്പോള്‍ അപ്രതീക്ഷിതമായി മലമുകളില്‍ നിന്നും ഉരുണ്ട് വന്ന ഒരു പാറ ഗുഹാമുഖം മൂടിക്കളഞ്ഞു. നമ്മുടെ സല്‍കര്‍മങ്ങള്‍ മുന്‍നിര്‍ത്തി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാലല്ലാതെ ഇവിടെ നിന്നും നമുക്ക് രക്ഷപ്പെടാനാവില്ല എന്ന് അവര്‍ പരസ്പരം അഭിപ്രായപ്പെട്ടു. അവരില്‍ ഒരാള്‍ പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ, എനിക്ക് പ്രായം ചെന്ന മാതാപിതാക്കളുണ്ടായിരുന്നു. അവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനു മുമ്പായി എന്റെ കുടുംബത്തിനോ ഭൃത്യ൪ക്കോ ഞാനൊന്നും നല്‍കാറുണ്ടായിരുന്നില്ല. ഒരു ദിവസം ഞാന്‍ കാലികള്‍ക്ക് ഇല തേടി കുറെ ദൂരം പോയി. മടങ്ങിവരുമ്പോഴേക്ക് അവര്‍ ഉറങ്ങിപ്പോയിരുന്നു. അവ൪ക്ക് രാത്രി ഭക്ഷണവുമായി ഞാന്‍ പാല്‍ കറന്ന് ചെന്നപ്പോഴും അവര്‍ ഉറങ്ങുകയായിരുന്നു. അവരെ വിളിച്ചുണ൪ത്തുന്നതും അവര്‍ക്കു മുമ്പായി കുടുംബത്തിനും ഭൃത്യ൪ക്കും ഭക്ഷണം കൊടുക്കുന്നതും എനിക്ക് അരോചകമായി തോന്നി. പാത്രം കയ്യില്‍ പിടിച്ചു ഞാന്‍ ഉറക്കമൊഴിച്ചു കാത്തുനിന്നു. പ്രഭാതം വിടരുന്നതുവരെ അവ൪ ഉണരുന്നതും കാത്ത് ഞാന്‍ നിന്നു. കുട്ടികള്‍ എന്റെ കാല്‍ക്കല്‍ വിശന്ന് കരയുന്നുണ്ടായിരുന്നു. രാവിലെ അവ൪ ഉണര്‍ന്നു പാല്‍ കുടിച്ചു. അവരെ കുടിപ്പിച്ചു. “അല്ലാഹുവേ, നിന്റെ തൃപ്തി ആഗ്രഹിച്ചാണ് ഞാന്‍ ഇങ്ങനെ ചെയ്തതെങ്കില്‍ ഞങ്ങളെ മൂടിയിട്ടുള്ള ഈ പാറ നീക്കേണമേ!”.അപ്പോള്‍ പാറ അല്‍പം നീങ്ങി. എന്നാല്‍ ആ വിടവിലൂടെ അവര്‍ക്കു പുറത്തു കടക്കാന്‍ പറ്റുമായിരുന്നില്ല.രണ്ടാമത്തെ ആള്‍ പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ, എനിക്കൊരു പിതൃവ്യ പുത്രിയുണ്ടായിരുന്നു. ഞാന്‍ അവളെ സ൪വ്വോപരി സ്നേഹിച്ചിരുന്നു. പുരുഷന്‍ എങ്ങനെ സ്ത്രീകളെ ഇഷ്ടപ്പെടുമോ അത്ര തീവ്രമായി ഞാന്‍ അവളെ ഇഷ്ടപ്പെട്ടു. അവളുമായി വേഴ്ച നടത്താന്‍ ഞാന്‍ ആഗ്രഹിച്ചുവെങ്കിലും അവളത് നിരസിച്ചു കളഞ്ഞു. പിന്നീട് അവള്‍ക്ക് ക്ഷാമ വന്നപ്പോള്‍ അവള്‍ എന്നെ സമീപിച്ചു. അവളുടെ ശരീരം എനിക്ക് അനുവദിച്ചുതരാം എന്ന വ്യവസ്ഥയില്‍ ഞാനവള്‍ക്ക് നൂറ്റി ഇരുപത് ദീനാര്‍ നല്‍കി. അങ്ങനെ ഞാന്‍ അവളില്‍ കഴിവുള്ളവനായപ്പോള്‍ ഞാന്‍ അവളുടെ രണ്ട് കാലുകള്‍ക്കിടയില്‍ ഇരുന്നു. അപ്പോള്‍ അവള്‍ പറഞ്ഞു: അല്ലാഹുവെ സൂക്ഷിക്കുക (ഭയപ്പെടുക), അവകാശമില്ലാതെ (നിക്കാഹ് വഴി അനുവദനീയമാവാതെ) എന്റെ ചാരിത്ര്യം നശിപ്പിക്കരുത്. അവളെനിക്ക് എല്ലാറ്റിനേക്കാളും പ്രിയപ്പെട്ടവളായിരുന്നിട്ടും തല്‍ക്ഷണം ഞാന്‍ അവളില്‍ നിന്നും പിന്‍മാറി. അവള്‍ക്ക് നല്‍കിയിരുന്ന പണം ഞാന്‍ വിട്ടുകൊടുക്കുകയും ചെയ്തു. “അല്ലാഹുവെ, ഞാനിത് ചെയ്തത് നിന്റെ പ്രീതി കാംക്ഷിച്ചു കൊണ്ടാണെങ്കില്‍ ഞങ്ങള്‍ അകപ്പെട്ടതില്‍ നിന്നു ഞങ്ങളെ രക്ഷപ്പെടുത്തേണമേ.” പാറ അല്‍പം നീങ്ങി. എന്നാല്‍ ആ വിടവിലൂടെ അവര്‍ക്കു പുറത്തു കടക്കാന്‍ കഴിയുമായിരുന്നില്ല.മൂന്നാമത്തെ ആള്‍ പ്രാര്‍ത്ഥിച്ചു: അല്ലാഹുവെ, ഞാന്‍ കുറെ ജോലിക്കാരെ ജോലിക്കു വിളിച്ചിരുന്നു. അവരില്‍ ഒരാള്‍ക്കൊഴികെ എല്ലാവ൪ക്കും ഞാന്‍ കൂലി നല്‍കുകയും ചെയ്തിരുന്നു. (അവന്‍ കൂലി വാങ്ങാതെ പോയി). അവന്റെ കൂലി സംഖ്യ ഞാന്‍ വള൪ത്തികൊണ്ടുവന്നു. അങ്ങനെ അത് വലിയൊരു സമ്പത്തായി മാറി. കുറെ കാലം കഴിഞ്ഞു പ്രസ്തുത തൊഴിലാളി എന്റെ അടുത്തു വന്നു. അയാള്‍ പറഞ്ഞു: അല്ലാഹുവിന്റെ ദാസാ, എനിക്കെന്റെ കൂലി തരണം. ഞാന്‍ പറഞ്ഞു: ഈ കൊണുന്ന ഒട്ടകങ്ങളും ആടുകളും അടിമകളുമെല്ലാം നിന്റെ കൂലിയാണ്. അയാള്‍ പറഞ്ഞു: അല്ലാഹുവിന്റെ ദാസാ, എന്നെ പരിഹസിക്കരുത്. ഞാന്‍ പറഞ്ഞു: ഞാന്‍ നിങ്ങളെ പരിഹസിക്കുകയല്ല. അങ്ങനെ അയാള്‍ ഒന്നും ബാക്കിയാക്കാതെ അതെല്ലാം തെളിച്ച് കൊണ്ടുപോയി. :അല്ലാഹുവെ, ഞാന്‍ ഈ പ്രവ൪ത്തിച്ചത് നിന്റെ പൊരുത്തം ഉദ്ദേശിച്ചാണെങ്കില്‍ ഞങ്ങള്‍ അകപ്പെട്ടതില്‍ നിന്നും ഞങ്ങളെ നീ രക്ഷപ്പെടുത്തേണമേ.” അപ്പോള്‍ ആ പാറ മുഴുവനായും നീങ്ങി. (അവര്‍ പുറത്തു കടന്ന് രക്ഷപെടുകയും ചെയ്തു (മുസ്ലിം:2743)
4) ജീവിക്കുന്ന നല്ലവരുടെ പ്രാര്‍ത്ഥന കൊണ്ടുള്ള തവസ്സുല്‍
ഖുര്‍ആനിലും സുന്നത്തിലും അറിവ് നേടി ജീവിതത്തില്‍ നന്മയും സൂക്ഷ്മതയും കാത്ത് സൂക്ഷിക്കുന്നവര്‍ തന്റെ അടുക്കലുണ്ടെങ്കില്‍ അവരോട് പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെടുന്ന രീതിയാണിത്. ഒരും സംഭവം കാണുക:
عَنْ أَنَسٍ، قَالَ بَيْنَمَا رَسُولُ اللَّهِ صلى الله عليه وسلم يَخْطُبُ يَوْمَ الْجُمُعَةِ إِذْ جَاءَ رَجُلٌ فَقَالَ يَا رَسُولَ اللَّهِ، قَحَطَ الْمَطَرُ فَادْعُ اللَّهَ أَنْ يَسْقِيَنَا. فَدَعَا فَمُطِرْنَا، فَمَا كِدْنَا أَنْ نَصِلَ إِلَى مَنَازِلِنَا فَمَا زِلْنَا نُمْطَرُ إِلَى الْجُمُعَةِ الْمُقْبِلَةِ. قَالَ فَقَامَ ذَلِكَ الرَّجُلُ أَوْ غَيْرُهُ فَقَالَ يَا رَسُولَ اللَّهِ ادْعُ اللَّهَ أَنْ يَصْرِفَهُ عَنَّا. فَقَالَ رَسُولُ اللَّهِ صلى الله عليه وسلم “ اللَّهُمَّ حَوَالَيْنَا وَلاَ عَلَيْنَا ”. قَالَ فَلَقَدْ رَأَيْتُ السَّحَابَ يَتَقَطَّعُ يَمِينًا وَشِمَالاً يُمْطَرُونَ وَلاَ يُمْطَرُ أَهْلُ الْمَدِينَةِ.
അനസില്‍(റ) നിന്നും നിവേദനം : നബി ﷺ വെള്ളിയാഴ്ച ഖുതുബ പറഞ്ഞു കൊണ്ടിരിക്കെ ഒരു സ്വഹാബി വന്നു പറഞ്ഞു : ‘അല്ലാഹുവിന്റെ റസൂലേ, മഴ കിട്ടാതായിട്ടുണ്ട്, മഴ വർഷിപ്പിക്കാൻ അല്ലാഹുവിനോട് ദുആ ചെയ്താലും’. നബി ﷺ ദുആ ചെയ്യുകയും അല്ലാഹു മഴ വർഷിപ്പിക്കുകയും ചെയ്തു. തൊട്ടടുത്ത വെള്ളിയാഴ്ച ദിവസം വരെ ആ മഴ നിർത്താതെ പെയ്തു. അപ്പോൾ ഒരു സ്വഹാബി നബിﷺയോട് പറഞ്ഞു : ‘മഴ ഞങ്ങളെ തൊട്ട് മാറ്റാൻ അല്ലാഹുവിനോട് ദുആ ചെയ്താലും’. നബി ﷺ പ്രാ൪ത്ഥിച്ചു: “അല്ലാഹുവേ, പാതയോരങ്ങളിലും മറ്റും മഴയെ വർഷിപ്പിക്കേണമേ” ( ബുഖാരി:1015)
قَالُوا۟ يَٰٓأَبَانَا ٱسْتَغْفِرْ لَنَا ذُنُوبَنَآ إِنَّا كُنَّا خَٰطِـِٔينَ
അവര്‍ (യഅ്ഖൂബ് നബിയുടെ മക്കള്‍) പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങള്‍ക്കു വേണ്ടി ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുകിട്ടാന്‍ താങ്കള്‍ പ്രാര്‍ത്ഥിക്കണേ, തീര്‍ച്ചയായും ഞങ്ങള്‍ തെറ്റുകാരായിരിക്കുന്നു. (ഖു൪ആന്‍:12/97)
عَنْ أَنَسٍ، أَنَّ عُمَرَ بْنَ الْخَطَّابِ ـ رضى الله عنه ـ كَانَ إِذَا قَحَطُوا اسْتَسْقَى بِالْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ فَقَالَ اللَّهُمَّ إِنَّا كُنَّا نَتَوَسَّلُ إِلَيْكَ بِنَبِيِّنَا فَتَسْقِينَا وَإِنَّا نَتَوَسَّلُ إِلَيْكَ بِعَمِّ نَبِيِّنَا فَاسْقِنَا. قَالَ فَيُسْقَوْنَ.
അനസില്‍(റ) നിന്ന് നിവേദനം:നിശ്ചയം ജനങ്ങള്‍ക്കു വരള്‍ച്ച അനുഭവപ്പെടുമ്പോള്‍ ഉമര്‍(റ) അബ്ബാസ്(റ) നെ ‘തവസ്സുലാക്കി’ മഴ തേടാറുണ്ടായിരുന്നു. ഉമ൪(റ) ഇപ്രകാരം പറയുമായിരുന്നു: അല്ലാഹുവേ, ഞങ്ങള്‍ ഞങ്ങളുടെ നബിയെ നിന്നിലേക്ക് തവസ്സുലാക്കാറുണ്ടായിരുന്നു. അപ്പോള്‍ ഞങ്ങള്‍ക്ക് നീ മഴ നല്‍കാറുമുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ നബിയുടെ എളാപ്പയെ നിന്നിലേക്ക് തവസ്സുലാക്കി അപേക്ഷിക്കുന്നു. ഞങ്ങള്‍ക്ക് നീ മഴ നല്‍കേണമേ. അങ്ങനെ അവ൪ക്ക് മഴ ലഭിക്കാറുണ്ടായിരുന്നു. (ബുഖാരി1010)
5) തൌഹീദ് എടുത്ത് പറഞ്ഞ് തവസ്സുലാക്കുക
وَذَا ٱلنُّونِ إِذ ذَّهَبَ مُغَٰضِبًا فَظَنَّ أَن لَّن نَّقْدِرَ عَلَيْهِ فَنَادَىٰ فِى ٱلظُّلُمَٰتِ أَن لَّآ إِلَٰهَ إِلَّآ أَنتَ سُبْحَٰنَكَ إِنِّى كُنتُ مِنَ ٱلظَّٰلِمِينَ
فَٱسْتَجَبْنَا لَهُۥ وَنَجَّيْنَٰهُ مِنَ ٱلْغَمِّ ۚ وَكَذَٰلِكَ نُۨجِى ٱلْمُؤْمِنِينَ
ദുന്നൂനി നെയും (ഓര്‍ക്കുക.) അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദര്‍ഭം. നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു. അനന്തരം ഇരുട്ടുകള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു: നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു. അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും ദുഃഖത്തില്‍ നിന്ന് അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു. സത്യവിശ്വാസികളെ അപ്രകാരം നാം രക്ഷിക്കുന്നു. (ഖു൪ആന്‍:21/87-88)
6) പരമമായ വിനയവും താഴ്മയും പ്രകടിപ്പിക്കുന്നതിലൂടെ തവസ്സുല്‍ ചെയ്യുക
كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ فَكَذَّبُوا۟ عَبْدَنَا وَقَالُوا۟ مَجْنُونٌ وَٱزْدُجِرَ
فَدَعَا رَبَّهُۥٓ أَنِّى مَغْلُوبٌ فَٱنتَصِرْ
അവര്‍ക്ക് മുമ്പ് നൂഹിന്‍റെ ജനതയും നിഷേധിച്ചു കളഞ്ഞിട്ടുണ്ട്. അങ്ങനെ നമ്മുടെ ദാസനെ അവര്‍ നിഷേധിച്ച് തള്ളുകയും ഭ്രാന്തന്‍ എന്നു പറയുകയും ചെയ്തു. അദ്ദേഹം വിരട്ടി ഓടിക്കപ്പെടുകയും ചെയ്തു. അപ്പോള്‍ അദ്ദേഹം തന്‍റെ രക്ഷിതാവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചു: ഞാന്‍ പരാജിതനാകുന്നു. അതിനാല്‍ (എന്‍റെ) രക്ഷയ്ക്കായി നീ നടപടി സ്വീകരിക്കണമേ. (ഖു൪ആന്‍:54/9-10)
وَأَيُّوبَ إِذْ نَادَىٰ رَبَّهُۥٓ أَنِّى مَسَّنِىَ ٱلضُّرُّ وَأَنتَ أَرْحَمُ ٱلرَّٰحِمِينَ
അയ്യൂബിനെയും (ഓര്‍ക്കുക.) തന്‍റെ രക്ഷിതാവിനെ വിളിച്ച് കൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാര്‍ത്ഥിച്ച സന്ദര്‍ഭം: എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ. (ഖു൪ആന്‍:21/83)
7. പ്രാർത്ഥിക്കുന്നയാളുടെ അവസ്ഥയെ എടുത്തുപറഞ്ഞ് തവസ്സുല്‍ ചെയ്യുക
മൂസാ നബി(അ)യുടെ ഒരു പ്രാർത്ഥന വിശുദ്ധ ഖുർആൻ ഉദ്ദരിക്കുന്നത് കാണുക:
فَسَقَىٰ لَهُمَا ثُمَّ تَوَلَّىٰٓ إِلَى ٱلظِّلِّ فَقَالَ رَبِّ إِنِّى لِمَآ أَنزَلْتَ إِلَىَّ مِنْ خَيْرٍ فَقِيرٌ
അങ്ങനെ അവര്‍ക്കു വേണ്ടി അദ്ദേഹം (അവരുടെ കാലികള്‍ക്ക്) വെള്ളം കൊടുത്തു. പിന്നീടദ്ദേഹം തണലിലേക്ക് മാറിയിരുന്നിട്ട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു: എന്‍റെ രക്ഷിതാവേ, നീ എനിക്ക് ഇറക്കിത്തരുന്ന ഏതൊരു നന്‍മയ്ക്കും ഞാന്‍ ആവശ്യക്കാരനാകുന്നു. (ഖു൪ആന്‍:28/24)
സക്കരിയാനബി(അ) വയസ്സായ സമയത്ത് ഒരു അനന്തരാവകാശിയെ ലഭിക്കുന്നതിനായി പ്രാർത്ഥിച്ച ഒരു പ്രാർത്ഥന വിശുദ്ധ ഖുർആൻ ഉദ്ദരിക്കുന്നത് കാണുക:
قَالَ رَبِّ إِنِّى وَهَنَ ٱلْعَظْمُ مِنِّى وَٱشْتَعَلَ ٱلرَّأْسُ شَيْبًا وَلَمْ أَكُنۢ بِدُعَآئِكَ رَبِّ شَقِيًّا
وَإِنِّى خِفْتُ ٱلْمَوَٰلِىَ مِن وَرَآءِى وَكَانَتِ ٱمْرَأَتِى عَاقِرًا فَهَبْ لِى مِن لَّدُنكَ وَلِيًّا
അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്‍റെ എല്ലുകള്‍ ബലഹീനമായിക്കഴിഞ്ഞിരിക്കുന്നു. തലയാണെങ്കില്‍ നരച്ചു തിളങ്ങുന്നതായിരിക്കുന്നു. എന്‍റെ രക്ഷിതാവേ, നിന്നോട് പ്രാര്‍ത്ഥിച്ചിട്ട് ഞാന്‍ ഭാഗ്യം കെട്ടവനായിട്ടില്ല. എനിക്ക് പുറകെ വരാനുള്ള ബന്ധുമിത്രാദികളെപ്പറ്റി എനിക്ക് ഭയമാകുന്നു. എന്‍റെ ഭാര്യയാണെങ്കില്‍ വന്ധ്യയുമാകുന്നു. അതിനാല്‍ നിന്‍റെ പക്കല്‍ നിന്ന് നീ എനിക്ക് ഒരു ബന്ധുവെ (അവകാശിയെ) നല്‍കേണമേ. (ഖു൪ആന്‍:19/4-5)
ഇവിടെ അവസ്ഥയെ ബോധ്യപ്പെടുത്തിയാണ് പ്രാർത്ഥിച്ചത്. ഇതും വസീലക്കുള്ള ഉദാഹരണമാണ്.
8) പാപം ഏറ്റ് പറഞ്ഞ് തവസ്സുലാക്കുക
قَالَ رَبِّ إِنِّى ظَلَمْتُ نَفْسِى فَٱغْفِرْ لِى فَغَفَرَ لَهُۥٓ ۚ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ
അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തുതരേണമേ. അപ്പോള്‍ അദ്ദേഹത്തിന് അവന്‍ പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.(ഖു൪ആന്‍:28/24)
9) അല്ലാഹു ചെയ്തുതന്ന അനുഗ്രഹങ്ങള്‍ എടുത്ത് പറഞ്ഞുകൊണ്ട് തവസ്സുലാക്കുക
ഇസ്തിഗ്ഫാറിന്റെ നേതാവായി നബി ﷺ പഠിപ്പിച്ചിട്ടുള്ള പ്രാര്‍ത്ഥനയാണ് സയ്യിദുല്‍ ഇസ്തിഗ്ഫാര്‍. ‘പാപമോചന പ്രാര്‍ത്ഥനയുടെ നേതാവ് ‘ എന്നാണ് ‘സയ്യിദുല്‍ ഇസ്തിഗ്ഫാര്‍’ എന്നതിന്റെ സാരം. അല്ലാഹു ചെയ്തു തന്നിട്ടുള്ള അനുഗ്രങ്ങളെ മുന്‍നി൪ത്തി പ്രാ൪ത്ഥിക്കുന്നതിനുള്ള ഉദാഹരണമാണിത്.
اللَّهُمَّ أَنْتَ رَبِّي ، لا إِلَه إِلاَّ أَنْتَ خَلَقْتَني وأَنَا عَبْدُكَ ، وأَنَا على عهْدِكَ ووعْدِكَ ما اسْتَطَعْتُ ، أَعُوذُ بِكَ مِنْ شَرِّ ما صنَعْتُ ، أَبوءُ لَكَ بِنِعْمتِكَ علَيَ ، وأَبُوءُ بذَنْبي فَاغْفِرْ لي ، فَإِنَّهُ لا يغْفِرُ الذُّنُوبِ إِلاَّ أَنْتَ
അല്ലാഹുവെ നീയാണ് എന്റെ രക്ഷിതാവ്, നീയല്ലാതെ ആരാധ്യനില്ല, നീ എന്നെ സൃഷ്ടിച്ചു, ഞാന്‍ നിന്റെ അടിമയാണ്, എന്റെ കഴിവനുസരിച്ച് നിന്നോടുള്ള വാഗ്ദത്വത്തിലും കരാറിലും അധിഷ്ടിതനാണ് ഞാന്‍. ഞാന്‍ ചെയ്തുപോയ എല്ലാ തിന്‍മകളില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു. നീ എനിക്ക് ചെയ്ത അനുഗ്രഹങ്ങളെയും ഞാന്‍ ചെയ്തു കൂട്ടുന്ന തിന്‍മകളെയും ഞാന്‍ ഏറ്റു സമ്മതിക്കുന്നു. അതുകൊണ്ട് നീ എനിക്ക് പൊറുത്തു തരേണമേ! നിശ്ചയം, നീയല്ലാതെ പാപങ്ങള്‍ വളരെയധികം പൊറുക്കുന്നവനില്ല. (ബുഖാരി:6306)
ശി൪ക്കായി തീരുന്ന തവസ്സുല്‍
ഒരാള്‍ ഒരു നബിയുടെയോ വലിയിന്റെയോ ഖബ്റിന് സമീപം ചെന്ന് എന്നെ താങ്കള്‍ സഹായിക്കണേ, രോഗം ശിഫയാക്കണേ, പ്രയാസങ്ങള്‍ നീക്കി തരേണമേ എന്നിങ്ങനെയുള്ള തേട്ടമോ അല്ലെങ്കില്‍ താങ്കള്‍ എന്റെ കാര്യം അല്ലാഹുവിനോട് പറയേണമേ താങ്കള്‍ പറഞ്ഞാല്‍ അല്ലാഹു അത് സാധിപ്പിച്ച് തരുമെന്ന തേട്ടമോ അല്ലെങ്കില്‍ അവരുടെ ഖബ്റിന് ചുറ്റും ത്വവാഫ് ചെയ്യുകയോ പോലുള്ള കാര്യങ്ങള്‍ ശി൪ക്കായി തീരുന്ന തവസ്സുലിന് ഉദാഹരണമാണ്. ഇത് തന്നെയാണ് അറേബ്യന്‍ മുശ്രിക്കുകളും ചെയ്തിരുന്നത്. അവര്‍ അവരുടെ ആരാധ്യന്‍മാരോട് പ്രാ൪ത്ഥിക്കുകയും പലവിധ ആരാധനകള്‍ ചെയ്തുകൊണ്ട് അവരുടെ സാമീപ്യം ആഗ്രഹിക്കുകയും ചെയ്തിരുന്നു. ഇവ൪ സൃഷ്ടിക്കാനും ഉപജീവനം നല്‍കാനും എല്ലാം നിയന്ത്രിക്കാനും കഴിവുള്ളവരാണെന്നൊന്നും അവ൪ വിശ്വസിച്ചിരുന്നില്ല. ഞങ്ങള്‍ അവരെ ആരാധിക്കുന്നത് അല്ലാഹുവിങ്കലേക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കുന്നതിന് വേണ്ടി മാത്രമാകുന്നുവെന്നും ഇവ൪ അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങളുടെ ശുപാ൪ശകരാണ് എന്നുമാണ് അവ൪ അതിന് ന്യായം പറഞ്ഞിരുന്നത്. ഇതാകട്ടെ ഏറ്റവും വലിയ ശി൪ക്കാകുന്നു.
ﺃَﻻَ ﻟِﻠَّﻪِ ٱﻟﺪِّﻳﻦُ ٱﻟْﺨَﺎﻟِﺺُ ۚ ﻭَٱﻟَّﺬِﻳﻦَ ٱﺗَّﺨَﺬُﻭا۟ ﻣِﻦ ﺩُﻭﻧِﻪِۦٓ ﺃَﻭْﻟِﻴَﺎٓءَ ﻣَﺎ ﻧَﻌْﺒُﺪُﻫُﻢْ ﺇِﻻَّ ﻟِﻴُﻘَﺮِّﺑُﻮﻧَﺎٓ ﺇِﻟَﻰ ٱﻟﻠَّﻪِ ﺯُﻟْﻔَﻰٰٓ ﺇِﻥَّ ٱﻟﻠَّﻪَ ﻳَﺤْﻜُﻢُ ﺑَﻴْﻨَﻬُﻢْ ﻓِﻰ ﻣَﺎ ﻫُﻢْ ﻓِﻴﻪِ ﻳَﺨْﺘَﻠِﻔُﻮﻥَ ۗ ﺇِﻥَّ ٱﻟﻠَّﻪَ ﻻَ ﻳَﻬْﺪِﻯ ﻣَﻦْ ﻫُﻮَ ﻛَٰﺬِﺏٌ ﻛَﻔَّﺎﺭٌ
അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം. അവന് പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. തീര്‍ച്ചയായും നുണയനും നന്ദികെട്ടവനു-മായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.(ഖു൪ആന്‍:39/3)
ﻭَﻳَﻌْﺒُﺪُﻭﻥَ ﻣِﻦ ﺩُﻭﻥِ ٱﻟﻠَّﻪِ ﻣَﺎ ﻻَ ﻳَﻀُﺮُّﻫُﻢْ ﻭَﻻَ ﻳَﻨﻔَﻌُﻬُﻢْ ﻭَﻳَﻘُﻮﻟُﻮﻥَ ﻫَٰٓﺆُﻻَٓءِ ﺷُﻔَﻌَٰٓﺆُﻧَﺎ ﻋِﻨﺪَ ٱﻟﻠَّﻪِ ۚ ﻗُﻞْ ﺃَﺗُﻨَﺒِّـُٔﻮﻥَ ٱﻟﻠَّﻪَ ﺑِﻤَﺎ ﻻَ ﻳَﻌْﻠَﻢُ ﻓِﻰ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَﻻَ ﻓِﻰ ٱﻷَْﺭْﺽِ ۚ ﺳُﺒْﺤَٰﻨَﻪُۥ ﻭَﺗَﻌَٰﻠَﻰٰ ﻋَﻤَّﺎ ﻳُﺸْﺮِﻛُﻮﻥَ
അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. (നബിയേ,) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിന് അറിയാത്ത വല്ലകാര്യവും നിങ്ങളവന് അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.(ഖു൪ആന്‍:10/18)
ശൈഖുൽ ഇസ്ലാം മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ്(റഹി) പറയുന്നു: ആരെങ്കിലും അവന്റെയും അല്ലാഹുവിന്റെയും ഇടയിൽ മധ്യവർത്തികളെ ഉണ്ടാക്കുകയും അവരോട് പ്രാർത്തിക്കുകയും അവരോട് ശുപാർശയെ ചോദിക്കുകയും അവരുടെ മേൽ ഭാരമേൽപ്പിക്കുകയും ചെയ്താൽ അവൻ അവിശ്വാസിയായി എന്നതിൽ ഏകാഭിപ്രായമുണ്ട്.
നമ്മുടെ നാടുകളില്‍ മരണപ്പെട്ട മഹാന്‍മാരെ തവസ്സുലാക്കി പ്രാ൪ത്ഥിക്കുന്നതിന് ആളുകളെ പൌരോഹിത്യം പ്രേരിപ്പിക്കാറുണ്ട്. അതിനായി കെട്ടിഉയ൪ത്തിയ മഖ്ബറകളിലേക്ക് അവ൪ ആളുകളെ ക്ഷണിക്കാറുണ്ട്. ഇതിനൊന്നും മതത്തില്‍ യാതൊരു അടിസ്ഥാനവുമില്ല. നബി ﷺ ജീവിച്ചിരിക്കെ അദ്ദേഹത്തെകൊണ്ട് ആളുകള്‍ പ്രാ൪ത്ഥിപ്പിച്ചിരുന്നു. മഴക്ക് വേണ്ടി നബി ﷺ മിമ്പറില്‍ വെച്ച് നടത്തിയ പ്രാ൪ത്ഥന ഉദാഹരണമാണ്. ചില അവസരങ്ങളില്‍ നബി സ്വഹാബികളെയും കൂട്ടി മഴക്ക് വേണ്ടി നമസ്കരിക്കുമായിരുന്നു. എന്നാല്‍ നബിﷺയുടെ കാലശേഷം സ്വഹാബികളാരുംതന്നെ നബിയെ തവസ്സുലാക്കി പ്രാ൪ത്ഥിച്ചിട്ടില്ല. ഉമറിന്റെ(റ) കാലത്ത് മഴക്ക് ക്ഷാമം ഉണ്ടായപ്പോഴോ അദ്ദേഹം നബിﷺയെ തവസ്സുലാക്കി പ്രാ൪ത്ഥിച്ചിട്ടില്ല. ജീവിച്ചിരിക്കുന്ന അബ്ബാസ്(റ)വിനെ കൊണ്ട് അല്ലാഹുവിനോട് പ്രാ൪ത്ഥിപ്പിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ പ്രാ൪ത്ഥന കാണുക:
اللهم إنه لم ينزل بلاء إلا بذنب، ولم يكشف إلا بتوبة، وقد توجه القوم بي إليك لمكاني من نبيك، وهذه أيدينا إليك بالذنوب ونواصينا إليك بالتوبة فاسقنا الغيث
അല്ലാഹുവേ, നമ്മുടെ പാപങ്ങൾ മുഖേനയാണ് ഈ പ്രയാസം വന്നു ചേർന്നിട്ടുള്ളത്, തൗബ കൊണ്ടല്ലാതെ അത് നീങ്ങിപ്പോവുകയില്ല, റസൂലിന്റെ അടുത്ത് എനിക്കുള്ള സ്ഥാനം കാരണം ജനങ്ങൾ എന്നെ സമീപിച്ചിരിക്കുകയാണ്. ഞങ്ങൾ നിന്നിലേക്ക് കൈ ഉയർത്തുകയാണ്, അല്ലാഹുവേ മഴ വർഷിപ്പിച്ചു തരണമേ…” (ഫത്ഹുല്‍ബാരി)
ബിദ്അത്തായി തീരുന്ന തവസ്സുല്‍
നബിﷺയോ സ്വഹാബത്തോ ചെയ്തിട്ടില്ലാത്ത കാര്യങ്ങള്‍ കൊണ്ട് ആരാധനകളര്‍പ്പിക്കലാണത്. ഒരാള്‍ ഒരു ഖബ്റിനടുത്ത് ചെന്ന് അല്ലാഹുവിനോട് മാത്രം പ്രാ൪ത്ഥിക്കുന്നു. ഈ വലിയിന്റെ ഖബ്റിനടുത്ത് നിന്ന് പ്രാ൪ത്ഥിച്ചാല്‍ വേഗം ഉത്തരം ലഭിക്കുമെന്ന് അയാള്‍ വിശ്വസിക്കുന്നു. അല്ലെങ്കില്‍ ദീന്‍ യാതൊരു പ്രത്യേകതയും കല്‍പ്പിച്ചിട്ടില്ലാത്ത ഒരു പ്രത്യേത സ്ഥലത്ത് , ഒരു നിശ്ചിത പ്രദേശത്ത് വെച്ച് പ്രാ൪ത്ഥിക്കുക, ആരാധനകള്‍ നടത്തുക അങ്ങനെ അല്ലാഹുവിലേക്ക് അടുക്കാന്‍ ശ്രമിക്കുക അല്ലെങ്കില്‍ നബിﷺയുടെ ഹഖ് കൊണ്ട്, ഇന്ന വലിയിന്റെ ഹഖ് (അവകാശം) കൊണ്ട്, ജാഹ് (സ്ഥാനം)കൊണ്ട്, ബറകത്ത്(അനുഗ്രഹം) കൊണ്ട്, ചോദിക്കുന്നവരുടെ ഹഖ് കൊണ്ട്, വിശ്വാസികളുടെ ഹഖ് കൊണ്ട് അല്ലാഹുവിനോട് ചോദിക്കുക ഇതെല്ലാം മതം അനുവദിക്കാത്ത തവസ്സുലാണ്. മഹാന്മാരുടെ ഹഖ്, ജാഹ്, ബർകത്തുകൾ കൊണ്ടുള്ള തവസ്സുലിന് വിശുദ്ധ ഖു൪ആനിന്റേയോ സ്വഹീഹായ ഹദീസുകളുടെയോ പിന്‍ബലമില്ലാത്തതാണ്.
ഇമാം കാസാനി(റഹി) പറയുന്നത് കാണുക:
ويكره للرجل أن يقول في دعائه أسألك بحق أنبيائك ورسلك وبحق فلان لأنه لا حق لأحد على الله سبحانه وتعالى جل شأنه
ഒരാൾ തന്റെ പ്രർത്ഥനയിൽ ‘നിന്റെ അമ്പിയാക്കളുടെയും റസൂലുകളുടെയും ഹഖിനെ മുൻ നിർത്തി ഞാൻ നിന്നോട് ചോദിക്കുന്നു, ഇന്ന വ്യക്തിയുടെ ഹഖിനെ മുൻ നിർത്തി ഞാൻ ചോദിക്കുന്നു’ എന്നിങ്ങനെ പറയൽ കറാഹത്താണ്. കാരണം അല്ലാഹുവിന്റെ മേൽ ആർക്കും യാതൊരു ഹഖും ഇല്ല. (ബദാഇഉ സ്സ്വനാഇഅ്)