മുഅ്ജിസത്തും കറാമത്തും

THADHKIRAH

മുഅ്ജിസത്ത് എന്നാല്‍ അല്ലാഹു പ്രവാചകന്‍മാ൪ക്ക് കൊടുത്ത കഴിവാണെന്നും കറാമത്ത്  എന്നാല്‍ അല്ലാഹു വലിയ്യുകള്‍ക്ക് കൊടുത്ത കഴിവാണെന്നുമുള്ള തെറ്റിദ്ധാരണ സമൂഹത്തിലുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ മരിച്ചു പോയ മഹാന്‍മാരോട് സഹായം ചോദിക്കാമെന്നും പ്രാ൪ത്ഥിക്കാമെന്നും പൌരോഹിത്യം സാധാരണക്കാരായ ആളുകളെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്നും മുഅ്ജിസത്തും കറാമത്തും എന്താണെന്ന് മനസ്സിലാക്കല്‍ ഓരോരുത്തരുടെയും ബാധ്യതയാണ്.

എന്താണ്‌ മുഅ്ജിസത്ത്‌? അതിന്‌ പിന്നിലെ യുക്തി എന്ത്‌?

പ്രവാചകന്‍മാരുടെ നുബുവ്വത്തും, രിസാലത്തും (പ്രവാചകത്വവും, ദിവ്യ ദൗത്യവും) സ്ഥാപിക്കുന്നതിനും, ബലപ്പെടുത്തുന്നതിനും വേണ്ടി അവരുടെ കൈക്ക് അല്ലാഹു ചില അമാനുഷിക ദൃഷ്ടാന്തങ്ങളും അസാധാരണ സംഭവങ്ങളും വെളിപ്പെടുത്താറുണ്ട്. മൂസാ നബി (അ)യുടെ വടി, സ്വാലിഹ് നബി (അ)യുടെ ഒട്ടകം മുതലായവയും, മാറാവ്യാധികള്‍ സുഖപ്പെടുത്തുക, മണ്ണുകൊണ്ട് കുരുവികളുണ്ടാക്കി ഊതിപ്പറപ്പിക്കുക തുടങ്ങി ഈസാ നബി (അ)യുടെ കൈക്ക് വെളിപ്പെട്ടിരുന്നതും പ്രസ്തുത ദൃഷ്ടാന്തങ്ങളില്‍ പെട്ടവയത്രെ. പ്രവാചകൻമാരുടെ പ്രവാചകത്വം തെളിയിക്കുന്നതിന്‌ അവരിലൂടെ അല്ലാഹു പ്രകടിപ്പിക്കുന്ന അമാനുഷികവും അസാധാരണവുമായ ഇത്തരം സംഭവങ്ങൾക്കാണ്‌ മുഅ്ജിസത്ത്‌ എന്നു പറയുന്നത്‌.

ശറഹുൽ അഖാഇദയിൽ മുഅ്ജിസത്തിനെ നിർവചിക്കുന്നത്‌ ഇപ്രകാരമാണ്‌ :

وهي أمر يظهر بخلاف العادة على يد مدعي النبوة عند تحدي المنكرين على وجه يعجز المنكرين على الاتيان بمثله

നിഷേധികൾ വെല്ലുവിളിക്കുന്ന സന്ദർഭത്തിൽ സമാനമായതു കൊണ്ടുവരാൻ അവർക്ക്‌ സാധ്യമല്ലെന്ന്‌ തെളിയിക്കുന്ന രൂപത്തിൽ പ്രവാചകത്വം വാദിക്കുന്ന ആൾമുഖേന പ്രകടമാകുന്ന അസാധാരണ സംഭവത്തിനാണ്‌ മുഅ്ജിസത്ത്‌ എന്നു പറയുന്നത്‌. (ശറഹുൽ അഖാഈദ പേജ്‌ :134)

وَقَالَ مُوسَىٰ يَٰفِرْعَوْنُ إِنِّى رَسُولٌ مِّن رَّبِّ ٱلْعَٰلَمِينَ 

حَقِيقٌ عَلَىٰٓ أَن لَّآ أَقُولَ عَلَى ٱللَّهِ إِلَّا ٱلْحَقَّ ۚ قَدْ جِئْتُكُم بِبَيِّنَةٍ مِّن رَّبِّكُمْ فَأَرْسِلْ مَعِىَ بَنِىٓ إِسْرَٰٓءِيلَ 

قَالَ إِن كُنتَ جِئْتَ بِـَٔايَةٍ فَأْتِ بِهَآ إِن كُنتَ مِنَ ٱلصَّٰدِقِينَ 

فَأَلْقَىٰ عَصَاهُ فَإِذَا هِىَ ثُعْبَانٌ مُّبِينٌ 

وَنَزَعَ يَدَهُۥ فَإِذَا هِىَ بَيْضَآءُ لِلنَّٰظِرِينَ 

മൂസാ പറഞ്ഞു: ഫിര്‍ഔനേ, തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാകുന്നു. അല്ലാഹുവിന്‍റെ പേരില്‍ സത്യമല്ലാതൊന്നും പറയാതിരിക്കാന്‍ കടപ്പെട്ടവനാണ് ഞാന്‍. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്‌. അതിനാല്‍ ഇസ്രായീല്‍ സന്തതികളെ എന്‍റെ കൂടെ അയക്കൂ. ഫിര്‍ഔന്‍ പറഞ്ഞു: നീ തെളിവും കൊണ്ട് തന്നെയാണ് വന്നിട്ടുള്ളതെങ്കില്‍ അതിങ്ങ് കൊണ്ടുവാ; നീ സത്യവാന്‍മാരില്‍ പെട്ടവനാണെങ്കില്‍. അപ്പോള്‍ മൂസാ തന്‍റെ വടി താഴെയിട്ടു. അപ്പോഴതാ അത് ഒരു പ്രത്യക്ഷമായ സര്‍പ്പമാകുന്നു. അദ്ദേഹം തന്‍റെ കൈ പുറത്തെടുത്ത് കാണിച്ചു. അപ്പോഴതാ നിരീക്ഷിക്കുന്നവര്‍ക്കെല്ലാം അത് വെള്ളയായി കാണുന്നു. (ഖു൪ആന്‍:7/104-108)

മുഅ്ജിസത്ത്‌ പ്രവാചകന്റെ പ്രവർത്തനമോ അദ്ദേഹത്തിന്റെ കഴിവിൽ പെട്ടതോ അല്ല. അത്‌ അല്ലാഹുവിന്റെ പ്രവർത്തനവും അവന്റെ മാത്രം കഴിവിൽ പെട്ടതും അവന്‍ ഉദ്ദേശിക്കുമ്പോള്‍ മാത്രം സംഭവിക്കുന്നതുമാണ്‌. അടിസ്ഥാനപരമായ ഈ വസ്തുത മനസ്സിലാക്കുന്നിടത്താണ് അധികമാളുകളും പിഴച്ചിട്ടുള്ളത്. 

അല്ലാഹു പറയുന്നു:

وَمَا كَانَ لِرَسُولٍ أَن يَأْتِيَ بِآيَةٍ إِلَّا بِإِذْنِ اللَّـهِ ۚ 

അല്ലാഹുവിന്റെ അനുവാദം കൂടാതെ ഒരു പ്രവാചകനും ഒരു ദൃഷ്ടാന്തവും കൊണ്ടുവരാവതല്ല (ഖു൪ആന്‍:40/78)

وَأَقْسَمُوا۟ بِٱللَّهِ جَهْدَ أَيْمَٰنِهِمْ لَئِن جَآءَتْهُمْ ءَايَةٌ لَّيُؤْمِنُنَّ بِهَا ۚ قُلْ إِنَّمَا ٱلْءَايَٰتُ عِندَ ٱللَّهِ ۖ وَمَا يُشْعِرُكُمْ أَنَّهَآ إِذَا جَآءَتْ لَا يُؤْمِنُونَ

തങ്ങള്‍ക്ക് വല്ല ദൃഷ്ടാന്തവും വന്നുകിട്ടുന്ന പക്ഷം അതില്‍ വിശ്വസിക്കുക തന്നെ ചെയ്യുമെന്ന് അവര്‍ അല്ലാഹുവിന്‍റെ പേരില്‍ തങ്ങളെകൊണ്ടാവും വിധം ഉറപ്പിച്ച് സത്യം ചെയ്ത് പറയുന്നു. പറയുക: ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്‍റെ അധീനത്തില്‍ മാത്രമാണുള്ളത്‌. നിങ്ങള്‍ക്കെന്തറിയാം? അത് വന്ന് കിട്ടിയാല്‍ തന്നെ അവര്‍ വിശ്വസിക്കുന്നതല്ല. (ഖു൪ആന്‍:6/109)

വിവിധ സമുദായങ്ങള്‍ തങ്ങള്‍ക്ക് മുഅ്ജിസത്ത് കാണിക്കാന്‍ അവരുടെ പ്രവാചകന്‍മാരോട് ആവശ്യപ്പെട്ടിരുന്നു. അവ൪ അങ്ങനെ ചെയ്യുമെങ്കില്‍ തങ്ങള്‍ വിശ്വസിക്കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രവാചകന്‍മാ൪ നല്‍കിയ മറുപടി വിശുദ്ധ ഖു൪ആന്‍ ഉദ്ദരിക്കുന്നത് കാണുക:

قَالَتْ لَهُمْ رُسُلُهُمْ إِن نَّحْنُ إِلَّا بَشَرٌ مِّثْلُكُمْ وَلَٰكِنَّ ٱللَّهَ يَمُنُّ عَلَىٰ مَن يَشَآءُ مِنْ عِبَادِهِۦ ۖ وَمَا كَانَ لَنَآ أَن نَّأْتِيَكُم بِسُلْطَٰنٍ إِلَّا بِإِذْنِ ٱللَّهِ ۚ 

അവരോട് അവരിലേക്കുള്ള ദൈവദൂതന്‍മാര്‍ പറഞ്ഞു: ഞങ്ങള്‍ നിങ്ങളെപ്പോലെയുള്ള മനുഷ്യന്‍മാര്‍ തന്നെയാണ്‌. എങ്കിലും, അല്ലാഹു തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവരോട് ഔദാര്യം കാണിക്കുന്നു. അല്ലാഹുവിന്‍റെ അനുമതി പ്രകാരമല്ലാതെ നിങ്ങള്‍ക്ക് യാതൊരു തെളിവും കൊണ്ട് വന്ന് തരാന്‍ ഞങ്ങള്‍ക്കാവില്ല. (ഖു൪ആന്‍:14/11)

അസാധാരണ കാര്യങ്ങൾ ചെയ്തു കാണിക്കാൻ മുഹമ്മദ് നബി ﷺ യോട്‌ ജനങ്ങൾ ആവശ്യപ്പെട്ടത് വിശുദ്ധ ഖു൪ആന്‍ ഉദ്ദരിക്കുന്നത് കാണുക:

وَقَالُوا۟ لَن نُّؤْمِنَ لَكَ حَتَّىٰ تَفْجُرَ لَنَا مِنَ ٱلْأَرْضِ يَنۢبُوعًا

أَوْ تَكُونَ لَكَ جَنَّةٌ مِّن نَّخِيلٍ وَعِنَبٍ فَتُفَجِّرَ ٱلْأَنْهَٰرَ خِلَٰلَهَا تَفْجِيرًا

أَوْ تُسْقِطَ ٱلسَّمَآءَ كَمَا زَعَمْتَ عَلَيْنَا كِسَفًا أَوْ تَأْتِىَ بِٱللَّهِ وَٱلْمَلَٰٓئِكَةِ قَبِيلًا

أَوْ يَكُونَ لَكَ بَيْتٌ مِّن زُخْرُفٍ أَوْ تَرْقَىٰ فِى ٱلسَّمَآءِ وَلَن نُّؤْمِنَ لِرُقِيِّكَ حَتَّىٰ تُنَزِّلَ عَلَيْنَا كِتَٰبًا نَّقْرَؤُهُۥ ۗ 

അവര്‍ പറഞ്ഞു: ഈ ഭൂമിയില്‍ നിന്ന് നീ ഞങ്ങള്‍ക്ക് ഒരു ഉറവ് ഒഴുക്കിത്തരുന്നത് വരെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയേ ഇല്ല. അല്ലെങ്കില്‍ നിനക്ക് ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടായിരിക്കുകയും, അതിന്നിടയിലൂടെ നീ സമൃദ്ധമായി അരുവികള്‍ ഒഴുക്കുകയും ചെയ്യുന്നത് വരെ. അല്ലെങ്കില്‍ നീ ജല്‍പിച്ചത് പോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷ്ണം കഷ്ണമായി നീ വീഴ്ത്തുന്നത് വരെ. അല്ലെങ്കില്‍ അല്ലാഹുവെയും മലക്കുകളെയും കൂട്ടം കൂട്ടമായി നീ കൊണ്ട് വരുന്നത് വരെ. അല്ലെങ്കില്‍ നിനക്ക് സ്വര്‍ണം കൊണ്ടുള്ള ഒരു വീടുണ്ടാകുന്നത് വരെ, അല്ലെങ്കില്‍ ആകാശത്ത് കൂടി നീ കയറിപ്പോകുന്നത് വരെ. ഞങ്ങള്‍ക്ക് വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക് നീ ഇറക്കികൊണ്ട് വരുന്നത് വരെ നീ കയറിപ്പോയതായി ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല ……….   (ഖു൪ആന്‍:17/90-93)

ഈ ആവശ്യങ്ങൾക്കെല്ലാം ഇങ്ങനെ മറുപടി പറയാൻ അല്ലാഹു നബി ﷺ യോട് കൽപ്പിക്കുന്നു:

قُلْ سُبْحَانَ رَبِّى هَلْ كُنتُ إِلَّا بَشَرًا رَّسُولًا

…… (നബിയേ,) പറയുക: എന്‍റെ രക്ഷിതാവ് എത്ര പരിശുദ്ധന്‍! ഞാനൊരു മനുഷ്യന്‍ മാത്രമായ ദൂതനല്ലേ ? (ഖു൪ആന്‍:17/93)

മുഅ്ജിസത്ത്‌ കാണിക്കുന്നതിൽ അല്ലാഹുവിന്റെ കൽപ്പന അനുസരിക്കുന്നതിൽ കവിഞ്ഞ് പ്രവാചകൻമാർക്ക് അതിന്റെ യാഥാർത്ഥ്യമോ പരിണാമമോ അറിയുകയില്ല. ഇതിന് വിശുദ്ധ ഖു൪ആനില്‍ തന്നെ ഉദാഹരണം കാണാവുന്നതാണ്.

മൂസാ  നബി(അ)  ചില കാരണങ്ങളാല്‍ തന്റെ സ്വന്തം രാജ്യമായ ഈജിപ്തില്‍ നിന്ന് മദ്’യന്‍  എന്ന പ്രദേശത്ത് കുറേക്കാലം  അഭയാര്‍ത്ഥിയായി കഴിഞ്ഞുകൂടിയശേഷം,  കുടുംബസമേതം ഈജിപ്തിലേക്കു മടങ്ങിപ്പോരുന്ന അവസരത്തില്‍ സീനാതാഴ്വരയില്‍  തീ കാണുകയും അവിടേക്ക് വരികയും ചെയ്യുന്ന സന്ദ൪ഭം വിശുദ്ധ ഖു൪ആന്‍ വിവരിക്കുന്നുണ്ട്. അങ്ങനെ അവിടെ വെച്ച് അദ്ദേഹത്തിനു പ്രവാചകത്വവും, ദിവ്യസന്ദേശവും ലഭിക്കുകയും ചെയ്യുന്നു. ഈ അവസരത്തില്‍ മൂസാ  നബിയുടെ(അ) കൈയ്യിലുണ്ടായിരുന്ന വടിയെ കുറിച്ച് അല്ലാഹു ചോദിക്കുമ്പോള്‍ അദ്ദേഹം നല്‍കുന്ന മറുപടി കാണുക:

قَالَ هِىَ عَصَاىَ أَتَوَكَّؤُا۟ عَلَيْهَا وَأَهُشُّ بِهَا عَلَىٰ غَنَمِى وَلِىَ فِيهَا مَـَٔارِبُ أُخْرَىٰ

അദ്ദേഹം പറഞ്ഞു: ഇത് എന്‍റെ വടിയാകുന്നു. ഞാനതിന്‍മേല്‍ ഊന്നി നില്‍ക്കുകയും, അത് കൊണ്ട് എന്‍റെ ആടുകള്‍ക്ക് (ഇല) അടിച്ചുവീഴ്ത്തി കൊടുക്കുകയും ചെയ്യുന്നു. അതുകൊണ്ട് എനിക്ക് വേറെയും ഉപയോഗങ്ങളുണ്ട്‌. (ഖു൪ആന്‍:20/18)

ഈ വടി താഴെ ഇടുവാന്‍ അല്ലാഹു കല്‍പ്പിക്കുകയും അദ്ദേഹം അത് താഴെ ഇടുകയും ചെയ്യുന്നു. ശേഷമുള്ള രംഗം വിശുദ്ധ ഖു൪ആന്‍ വിവരിക്കുന്നത് കാണുക:

فَأَلْقَىٰهَا فَإِذَا هِىَ حَيَّةٌ تَسْعَىٰ

قَالَ خُذْهَا وَلَا تَخَفْ ۖ سَنُعِيدُهَا سِيرَتَهَا ٱلْأُولَىٰ

അദ്ദേഹം അത് താഴെയിട്ടു. അപ്പോഴതാ അത് ഒരു പാമ്പായി ഓടുന്നു.അവന്‍ പറഞ്ഞു: അതിനെ പിടിച്ച് കൊള്ളുക. പേടിക്കേണ്ട. നാം അതിനെ അതിന്‍റെ ആദ്യസ്ഥിതിയിലേക്ക് തന്നെ മടക്കുന്നതാണ്‌. (ഖു൪ആന്‍:20/20-21)

وَأَلْقِ عَصَاكَ ۚ فَلَمَّا رَءَاهَا تَهْتَزُّ كَأَنَّهَا جَآنٌّ وَلَّىٰ مُدْبِرًا وَلَمْ يُعَقِّبْ ۚ يَٰمُوسَىٰ لَا تَخَفْ إِنِّى لَا يَخَافُ لَدَىَّ ٱلْمُرْسَلُونَ

നീ നിന്‍റെ വടി താഴെയിടൂ (എന്ന് പറയപ്പെട്ടു). അങ്ങനെ അത് ഒരു സര്‍പ്പമെന്നോണം ചലിക്കുന്നത് കണ്ടപ്പോള്‍ അദ്ദേഹം പിന്തിരിഞ്ഞോടി. അദ്ദേഹം തിരിഞ്ഞ് നോക്കിയില്ല. അല്ലാഹു പറഞ്ഞു: ഹേ; മൂസാ, നീ ഭയപ്പെടരുത്‌. ദൂതന്‍മാര്‍ എന്‍റെ അടുക്കല്‍ പേടിക്കേണ്ടതില്ല; തീര്‍ച്ച. (ഖു൪ആന്‍:27/10)

ഇവിടെ തന്റെ വടി പാമ്പായി മാറിയത് കണ്ടപ്പോൾ മൂസാ നബി ഭയന്ന് പിന്നോട്ടോടി. പേടിക്കേണ്ടതില്ലെന്ന് അല്ലാഹു അദ്ദേഹത്തെ സമാധാനിപ്പിച്ചു. മുഅ്ജിസത്ത്‌ കാണിക്കുന്നതിൽ അല്ലാഹുവിന്റെ കൽപ്പന അനുസരിക്കുന്നതിൽ കവിഞ്ഞ് പ്രവാചകൻമാർക്ക് അതിന്റെ യാഥാർത്ഥ്യമോ പരിണാമമോ അറിയുകയില്ലെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.

മൂസാ  നബിയുടെ(അ) കൈയ്യിലുണ്ടായിരുന്ന ഒരു സാധാരാണ വടി അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം താഴെ ഇട്ടപ്പോള്‍ അത് പാമ്പായി മാറി. മൂസാ നബി(അ) അവിടെ വെച്ചാണല്ലോ പ്രവാചകാനായി തെരഞ്ഞെടുക്കപ്പെടുന്നത്. ഈ വടി തുട൪ന്നുള്ള മൂസാ നബിയുടെ ദൌത്യത്തിന് സഹായകമായിട്ടുള്ള മുഅ്ജിസത്താണെന്നതിനുള്ള സൂചനയാണ്. ശേഷമുള്ള അദ്ദേഹത്തിന്റെ ജീവിതത്തിലൊക്കെ ഈ വടി നമുക്ക് കാണാന്‍ കഴിയും.    മൂസാ  നബിയുടെ(അ) മുഅ്ജിസത്തുകളില്‍ പെട്ട ഒന്നാണ് ഈ വടിയെന്ന കാര്യത്തില്‍ ആ൪ക്കും ത൪ക്കമില്ല.  അദ്ദേഹം തന്റെ ദൌത്യുവുമായി ഫി൪ഔനിന്റെ അടുക്കല്‍ ചെല്ലുമ്പോള്‍ ഈ മുഅ്ജിസത്ത് പ്രകടമാകുന്നുണ്ട്.

قَالَ إِن كُنتَ جِئْتَ بِـَٔايَةٍ فَأْتِ بِهَآ إِن كُنتَ مِنَ ٱلصَّٰدِقِينَ

فَأَلْقَىٰ عَصَاهُ فَإِذَا هِىَ ثُعْبَانٌ مُّبِينٌ

ഫിര്‍ഔന്‍ പറഞ്ഞു: നീ തെളിവും കൊണ്ട് തന്നെയാണ് വന്നിട്ടുള്ളതെങ്കില്‍ അതിങ്ങ് കൊണ്ടുവാ; നീ സത്യവാന്‍മാരില്‍ പെട്ടവനാണെങ്കില്‍. അപ്പോള്‍ മൂസാ തന്‍റെ വടി താഴെയിട്ടു. അപ്പോഴതാ അത് ഒരു പ്രത്യക്ഷമായ സര്‍പ്പമാകുന്നു. (ഖു൪ആന്‍:7/106-107)

എന്നാല്‍ ഇത് ജാലവിദ്യയാമെന്നും അതിനെ തക൪ക്കുമെന്നും പ്രഖ്യാപിച്ച് ഫി൪ഔന്‍ ആ നാട്ടിലെ പ്രഗല്‍ഭന്‍മാരായെ ജാലവിദ്യക്കാരെ ഒരുമിച്ചു കൂട്ടി ഒരു മല്‍സരത്തിന് വേദിയൊരുക്കി. ആ രംഗം വിശുദ്ധ ഖു൪ആന്‍ വിവരിക്കുന്നത് കാണുക:

قَالُوا۟ يَٰمُوسَىٰٓ إِمَّآ أَن تُلْقِىَ وَإِمَّآ أَن نَّكُونَ أَوَّلَ مَنْ أَلْقَىٰ
قَالَ بَلْ أَلْقُوا۟ ۖ فَإِذَا حِبَالُهُمْ وَعِصِيُّهُمْ يُخَيَّلُ إِلَيْهِ مِن سِحْرِهِمْ أَنَّهَا تَسْعَىٰ 
فَأَوْجَسَ فِى نَفْسِهِۦ خِيفَةً مُّوسَىٰ

അവര്‍ (ജാലവിദ്യക്കാര്‍) പറഞ്ഞു: ഹേ; മൂസാ, ഒന്നുകില്‍ നീ ഇടുക. അല്ലെങ്കില്‍ ഞങ്ങളാകാം ആദ്യമായി ഇടുന്നവര്‍.അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങളിട്ട് കൊള്ളുക. അപ്പോഴതാ അവരുടെ ജാലവിദ്യ നിമിത്തം അവരുടെ കയറുകളും വടികളുമെല്ലാം ഓടുകയാണെന്ന് അദ്ദേഹത്തിന് തോന്നുന്നു. അപ്പോള്‍ മൂസായ്ക്ക് തന്‍റെ മനസ്സില്‍ ഒരു പേടി തോന്നി. (ഖു൪ആന്‍:20/65-67)

قَالَ أَلْقُوا۟ ۖ فَلَمَّآ أَلْقَوْا۟ سَحَرُوٓا۟ أَعْيُنَ ٱلنَّاسِ وَٱسْتَرْهَبُوهُمْ وَجَآءُو بِسِحْرٍ عَظِيمٍ 

മൂസാ പറഞ്ഞു: നിങ്ങള്‍ ഇട്ടുകൊള്ളുക. അങ്ങനെ ഇട്ടപ്പോള്‍ അവര്‍ ആളുകളുടെ കണ്ണുകെട്ടുകയും അവര്‍ക്ക് ഭയമുണ്ടാക്കുകയും ചെയ്തു. വമ്പിച്ച ഒരു ജാലവിദ്യയാണ് അവര്‍ കൊണ്ടു വന്നത്‌. (ഖു൪ആന്‍:7/116)

ജാലവിദ്യക്കാരുടെ വടികളും കയറുകളും ഇഴയുന്നത് കണ്ടപ്പോൾ അദ്ദേഹത്തിന് ഭയം തോന്നി. അദ്ദേഹം അത് ഉള്ളിലൊതുക്കി. അല്ലാഹുവിന്റെ ദൃഷ്ടാന്തം നിരർത്ഥകമായ സകലതിനെയും വെല്ലുന്നതാണെന്ന് അദ്ദേഹത്തിന് അറിയാം. എന്നിട്ടും അദ്ദേഹം ഭയപ്പെട്ടു. ഇതേ വരെ തന്റെ വടി ഇഴയുന്നതായി മാത്രം കണ്ടിട്ടുള്ള അദ്ദേഹത്തിന് അവരുടെ വടികളും കയറുകളും ഇഴയുന്നതായി തോന്നിയപ്പോൾ ഇവ രണ്ടും ഒരേ വിധത്തിലുള്ളതാണെന്ന് കരുതി ജനങ്ങൾ വഞ്ചിതരായിപ്പോകുമല്ലോ എന്നോർത്താണ് അദ്ദേഹം ഭയപ്പെട്ടത്. തുടർന്ന് പാമ്പായി മാറിയ  തന്റെ വടി അവരുടെ വ്യാജ നിർമ്മിതികളെ വിഴുങ്ങുന്നത് കണ്ടപ്പോഴാണ് അതിന് അങ്ങനെയും ഒരു കഴിവുണ്ടെന്ന് അദ്ദേഹം ഗ്രഹിച്ചത്. അതെ, മുഅ്ജിസത്ത്‌ കാണിക്കുന്നതിൽ അല്ലാഹുവിന്റെ കൽപ്പന അനുസരിക്കുന്നതിൽ കവിഞ്ഞ് പ്രവാചകൻമാർക്ക് അതിന്റെ യാഥാർത്ഥ്യമോ പരിണാമമോ അറിയുകയില്ല.

മുഅ്ജിസത്ത്‌ പ്രവാചകന്റെ പ്രവർത്തനമോ കഴിവിൽ പെട്ടതോ അല്ലെന്നും അത്‌ അല്ലാഹുവിന്റെ പ്രവർത്തനവും അവന്റെ മാത്രം കഴിവിൽ പെട്ടതും അവന്‍ ഉദ്ദേശിക്കുന്ന സമയത്ത് മാത്രം സംഭവിക്കുന്നതാണെന്നുമുള്ളതിന് വിശുദ്ധ ഖു൪ആനില്‍ മൂസാ നബിയുടെ സംഭവത്തില്‍ തന്നെ ഉദാഹരണം കാണാവുന്നതാണ്.

ജാലവിദ്യക്കാ൪ അവരുടെ കയറുകളും വടികളുമെല്ലാം ഇട്ടപ്പോള്‍ അതെല്ലാം പാമ്പുകളായി ഓടുകയാണെന്ന് മൂസാനബിക്ക് തോന്നി. അവിടെ എന്ത് ചെയ്യണമെന്ന് അദ്ദേഹംത്തിന് അറിയില്ല.  ഫി൪ഔനിന്റെ അടുക്കല്‍ ഇട്ടപ്പോള്‍ പാമ്പായി മാറിയ തന്റെ കൈയിലുള്ള വടി കൊണ്ട് ഇവിടെ എന്തെങ്കിലും അല്‍ഭുതം കാണിക്കാന്‍ കാണിക്കുമെന്ന് അദ്ദേഹം മനസ്സിലാക്കിയില്ല. തനിക്ക് അതിനുള്ള കഴിവ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം മനസ്സിലാക്കിയില്ല. പിന്നെന്താണ് സംഭവിച്ചത്? വിശുദ്ധ ഖു൪ആന്‍ തന്നെ പറയട്ടെ:

 وَأَوْحَيْنَآ إِلَىٰ مُوسَىٰٓ أَنْ أَلْقِ عَصَاكَ ۖ فَإِذَا هِىَ تَلْقَفُ مَا يَأْفِكُونَ

മൂസായ്ക്ക് നാം ബോധനം നല്‍കി; നീ നിന്‍റെ വടി ഇട്ടേക്കുക എന്ന്‌. അപ്പോള്‍ ആ വടിയതാ അവര്‍ കൃത്രിമമായി ഉണ്ടാക്കിയതിനെ വിഴുങ്ങുന്നു.(ഖു൪ആന്‍:7/117)

فَأَوْجَسَ فِى نَفْسِهِۦ خِيفَةً مُّوسَىٰ – قُلْنَا لَا تَخَفْ إِنَّكَ أَنتَ ٱلْأَعْلَىٰ – وَأَلْقِ مَا فِى يَمِينِكَ تَلْقَفْ مَا صَنَعُوٓا۟ ۖ إِنَّمَا صَنَعُوا۟ كَيْدُ سَٰحِرٍ ۖ وَلَا يُفْلِحُ ٱلسَّاحِرُ حَيْثُ أَتَىٰ

അപ്പോള്‍ മൂസായ്ക്ക് തന്‍റെ മനസ്സില്‍ ഒരു പേടി തോന്നി. നാം പറഞ്ഞു: പേടിക്കേണ്ട. തീര്‍ച്ചയായും നീ തന്നെയാണ് കൂടുതല്‍ ഔന്നത്യം നേടുന്നവന്‍.നിന്‍റെ വലതുകയ്യിലുള്ളത് (വടി) നീ ഇട്ടേക്കുക. അവര്‍ ഉണ്ടാക്കിയതെല്ലാം അത് വിഴുങ്ങിക്കൊള്ളും. അവരുണ്ടാക്കിയത് ജാലവിദ്യക്കാരന്‍റെ തന്ത്രം മാത്രമാണ്‌. ജാലവിദ്യക്കാരന്‍ എവിടെച്ചെന്നാലും വിജയിയാവുകയില്ല. (ഖു൪ആന്‍:20/67-69)

ഇവിടെ വടി താഴെ ഇടാന്‍ അല്ലാഹു കല്‍പ്പിക്കുന്നു. മൂസാ നബി വടി താഴെ ഇടുന്നു. അപ്പോള്‍ അത് പാമ്പാകുകയും അവര്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയത് അത് വിഴുങ്ങുകയും ചെയ്യുന്നു. മുഅ്ജിസത്ത്‌ പ്രവാചകന്റെ പ്രവർത്തനമോ കഴിവിൽ പെട്ടതോ അല്ലെന്നും അത്‌ അല്ലാഹുവിന്റെ പ്രവർത്തനവും അവന്റെ മാത്രം കഴിവിൽ പെട്ടതും അവന്‍ ഉദ്ദേശിക്കുന്ന സമയത്ത് മാത്രം സംഭവിക്കുന്നതാണെന്നും വ്യക്തം. മുഅ്ജിസത്ത് പ്രകടിപ്പിക്കൽ പ്രവാചകന്റെ സ്വന്തം കഴിവിൽ പെട്ട കാര്യമായിരുന്നെങ്കിൽ മൂസാ നബി  അവിടെ വെച്ച് ഭയപ്പെടില്ലായിരുന്നു. കാരണം അതെല്ലാം തന്റെ വടികൊണ്ട് താന്‍ വിഴുങ്ങിപ്പിക്കുമായിരുന്നു. എന്നാല്‍ തനിക്ക് അതിനുള്ള കഴിവ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം മനസ്സിലാക്കിയില്ല.

ഫിര്‍ഔനിന്റെ മര്‍ദ്ദനം ഇസ്‌റാഈല്യര്‍ സഹിച്ചു മടുത്തപ്പോള്‍ അല്ലാഹുവിന്റെ നി൪ദ്ദേശ പ്രകാരം മൂസാനബി ഇസ്രാഈല്യരേയും കൊണ്ട് രക്ഷപെട്ട് പോകുകയും ഫി൪ഔനും പട്ടാളസംഘവും അവരെ പിന്തുടരുന്ന രംഗവും വിശുദ്ധ ഖു൪ആന്‍ വിവരിക്കുന്നുണ്ട്. അങ്ങനെ മൂസാനബിയും അനുയായികളും ചെങ്കടലിനടുത്തെത്തി. മുന്നില്‍ സമുദ്രം, പിന്നില്‍ ഫി൪ഔനും പട്ടാളസംഘവും. അപ്പോള്‍ മൂസാനബിയുടെ അനുയായികള്‍ മുറവിളികൂട്ടി.

فَلَمَّا تَرَٰٓءَا ٱلْجَمْعَانِ قَالَ أَصْحَٰبُ مُوسَىٰٓ إِنَّا لَمُدْرَكُونَ
قَالَ كَلَّآ ۖ إِنَّ مَعِىَ رَبِّى سَيَهْدِينِ

അങ്ങനെ രണ്ട് സംഘവും പരസ്പരം കണ്ടപ്പോള്‍ മൂസായുടെ അനുചരന്‍മാര്‍ പറഞ്ഞു: തീര്‍ച്ചയായും നാം പിടിയിലകപ്പെടാന്‍ പോകുകയാണ്‌. അദ്ദേഹം (മൂസാ) പറഞ്ഞു: ഒരിക്കലുമില്ല, തീര്‍ച്ചയായും എന്നോടൊപ്പം എന്‍റെ രക്ഷിതാവുണ്ട് അവന്‍ എനിക്ക് വഴി കാണിച്ചുതരും. (ഖു൪ആന്‍:26/61-62)

ഈ സന്ദ൪ഭത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് മൂസാ നബിക്ക് അറിയില്ല. അല്ലാഹു തങ്ങളെ രക്ഷിക്കുമെന്ന് മാത്രം അദ്ദേഹത്തിന് അറിയാം. അതാണ് അദ്ദേഹം അവരെ സമാധാനിപ്പിച്ചത്.അദ്ദേഹത്തിന്റെ കൈയ്യിലാകട്ടെ വടിയുമുണ്ട്. ഫി൪ഔനിന്റെ അടുക്കല്‍ ഇട്ടപ്പോള്‍ പാമ്പായി മാറിയ, ജാലവിദ്യക്കാ൪ പ്രവര്‍ത്തിച്ചുണ്ടാക്കിയത് വിഴുങ്ങിയ വടി തന്റെ കൈയിണ്ട്. എന്നാല്‍ അതുകൊണ്ട് ഇവിടെ എന്തെങ്കിലും അല്‍ഭുതം കാണിക്കാന്‍ കാണിക്കുമെന്ന് അദ്ദേഹം മനസ്സിലാക്കിയില്ല. തനിക്ക് അതിനുള്ള കഴിവ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം മനസ്സിലാക്കിയില്ല. പിന്നെന്താണ് സംഭവിച്ചത് ? വിശുദ്ധ ഖു൪ആന്‍ തന്നെ പറയട്ടെ:

فَأَوْحَيْنَآ إِلَىٰ مُوسَىٰٓ أَنِ ٱضْرِب بِّعَصَاكَ ٱلْبَحْرَ ۖ فَٱنفَلَقَ فَكَانَ كُلُّ فِرْقٍ كَٱلطَّوْدِ ٱلْعَظِيمِ
وَأَزْلَفْنَا ثَمَّ ٱلْءَاخَرِينَ
وَأَنجَيْنَا مُوسَىٰ وَمَن مَّعَهُۥٓ أَجْمَعِينَ
ثُمَّ أَغْرَقْنَا ٱلْءَاخَرِينَ

അപ്പോള്‍ നാം മൂസായ്ക്ക് ബോധനം നല്‍കി; നീ നിന്‍റെ വടികൊണ്ട് കടലില്‍ ‍അടിക്കൂ എന്ന് അങ്ങനെ അത് (കടല്‍ ‍) പിളരുകയും എന്നിട്ട് (വെള്ളത്തിന്‍റെ) ഓരോ പൊളിയും വലിയ പര്‍വ്വതം പോലെ ആയിത്തീരുകയും ചെയ്തു. മറ്റവരെ (ഫിര്‍ഔന്‍റെ പക്ഷം) യും നാം അതിന്‍റെ അടുത്തെത്തിക്കുകയുണ്ടായി. മൂസായെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും മുഴുവന്‍ നാം രക്ഷപ്പെടുത്തി. പിന്നെ മറ്റവരെ നാം മുക്കി നശിപ്പിച്ചു. (ഖു൪ആന്‍:26/63-66)

വടികൊണ്ട് സമുദ്രത്തില്‍ ‍അടിക്കൂ എന്ന് അല്ലാഹു കല്‍പ്പിക്കുന്നു. മൂസാനബി അപ്രകാരം ചെയ്യുമ്പോള്‍ സമുദ്രം പിളരുകയും ഒരു വഴി രൂപപ്പെടുകയും മൂസാ നബിയും അനുയായികളും അതുവഴി രക്ഷപെടുന്നു. ആ വഴിയുലൂടെ അവരെ പിന്തുടരുന്ന ഫി൪ഔനും സംഘവും മുക്കി നശിപ്പിക്കപ്പെടുന്നു. മുഅ്ജിസത്ത്‌ പ്രവാചകന്റെ പ്രവർത്തനമോ കഴിവിൽ പെട്ടതോ അല്ലെന്നും അത്‌ അല്ലാഹുവിന്റെ പ്രവർത്തനവും അവന്റെ മാത്രം കഴിവിൽ പെട്ടതും അവന്‍ ഉദ്ദേശിക്കുന്ന സമയത്ത് മാത്രം സംഭവിക്കുന്നതാണെന്നും വ്യക്തം. മുഅ്ജിസത്ത് പ്രകടിപ്പിക്കൽ പ്രവാചകന്റെ സ്വന്തം കഴിവിൽ പെട്ട കാര്യമായിരുന്നെങ്കിൽ മൂസാ നബി  ആദ്യമേതന്നെ വടി കൊണ്ട് സമുദ്രത്തില്‍ അടിച്ച് സമുദ്രം പിള൪ത്തുമായിരുന്നു.     

ഫിര്‍ഔന്‍റെ അടിമത്വത്തില്‍ നിന്നും മര്‍ദ്ദനത്തില്‍ നിന്നുമുള്ള അത്ഭുതകരമായ മോചനത്തിന് ശേഷം മൂസാ നബിയും അനുയായികളും ഫലസ്തീനിലെത്തുന്നു.  മൂസാ നബിയുടെ   ജനത  വെള്ളം ആവശ്യപ്പെട്ട സന്ദര്‍ഭം വിശുദ്ധ ഖു൪ആന്‍ വിവരിക്കുന്നുണ്ട്. അപ്പോള്‍ മൂസാനബി അല്ലാഹുവിനോട് വെള്ളം ലഭിക്കുന്നതിന് വേണ്ടി പ്രാ൪ത്ഥിക്കുകയാണ് ചെയ്തത്. അതല്ലാതെയുള്ള മറ്റ് മാ൪ഗങ്ങളെ കുറിച്ച് അദ്ദേഹത്തിന് അറിയില്ല. ഫി൪ഔനിന്റെ അടുക്കല്‍ ഇട്ടപ്പോള്‍ പാമ്പായി മാറിയ ജാലവിദ്യക്കാ൪ പ്രവര്‍ത്തിച്ചുണ്ടാക്കിയത് വിഴുങ്ങിയ സമുദ്രത്തെ പിള൪ത്തിയ വടി തന്റെ കൈയിണ്ട്. എന്നാല്‍ അതുകൊണ്ട് ഇവിടെ എന്തെങ്കിലും അല്‍ഭുതം കാണിക്കാന്‍ കാണിക്കുമെന്ന് അദ്ദേഹം മനസ്സിലാക്കിയില്ല. തനിക്ക് അതിനുള്ള കഴിവ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം മനസ്സിലാക്കിയില്ല. പിന്നെന്താണ് സംഭവിച്ചത് ? വിശുദ്ധ ഖു൪ആന്‍ തന്നെ പറയട്ടെ:

 وَإِذِ ٱسْتَسْقَىٰ مُوسَىٰ لِقَوْمِهِۦ فَقُلْنَا ٱضْرِب بِّعَصَاكَ ٱلْحَجَرَ ۖ فَٱنفَجَرَتْ مِنْهُ ٱثْنَتَا عَشْرَةَ عَيْنًا ۖ قَدْ عَلِمَ كُلُّ أُنَاسٍ مَّشْرَبَهُمْ ۖ 

മൂസാ നബി തന്റെജനതയ്ക്കുവേണ്ടി വെള്ളത്തിനപേക്ഷിച്ച സന്ദര്‍ഭവും (ശ്രദ്ധിക്കുക.) അപ്പോള്‍ നാം പറഞ്ഞു: നിന്റെവടികൊണ്ട് പാറമേല്‍ അടിക്കുക. അങ്ങനെ അതില്‍ നിന്ന് പന്ത്രണ്ട് ഉറവുകള്‍ പൊട്ടി ഒഴുകി. ജനങ്ങളില്‍ ഓരോ വിഭാഗവും അവരവര്‍ക്ക് വെള്ളമെടുക്കാനുള്ള സ്ഥലങ്ങള്‍ മനസ്സിലാക്കി ….. (ഖു൪ആന്‍:2/60)

وَقَطَّعْنَٰهُمُ ٱثْنَتَىْ عَشْرَةَ أَسْبَاطًا أُمَمًا ۚ وَأَوْحَيْنَآ إِلَىٰ مُوسَىٰٓ إِذِ ٱسْتَسْقَىٰهُ قَوْمُهُۥٓ أَنِ ٱضْرِب بِّعَصَاكَ ٱلْحَجَرَ ۖ فَٱنۢبَجَسَتْ مِنْهُ ٱثْنَتَا عَشْرَةَ عَيْنًا ۖ قَدْ عَلِمَ كُلُّ أُنَاسٍ مَّشْرَبَهُمْ ۚ 

അവരെ നാം പന്ത്രണ്ട് ഗോത്രങ്ങളായി അഥവാ സമൂഹങ്ങളായി പിരിച്ചു. മൂസായോട് അദ്ദേഹത്തിന്‍റെ ജനത കുടിനീര്‍ ആവശ്യപ്പെട്ട സമയത്ത് നിന്‍റെ വടികൊണ്ട് ആ പാറക്കല്ലില്‍ അടിക്കൂ എന്ന് അദ്ദേഹത്തിന് നാം ബോധനം നല്‍കി. അപ്പോള്‍ അതില്‍ നിന്ന് പന്ത്രണ്ടു നീര്‍ചാലുകള്‍ പൊട്ടി ഒഴുകി. ഓരോ വിഭാഗക്കാരും തങ്ങള്‍ക്ക് കുടിക്കാനുള്ള സ്ഥലം മനസ്സിലാക്കി …. (ഖു൪ആന്‍:7/160)

അദ്ദേഹത്തിന്‍റെ വടികൊണ്ട് ഒരു പാറക്കല്ലിന് അടിക്കുവാന്‍ അല്ലാഹു കല്‍പിച്ചു. ഉടനെ, അതില്‍ നിന്ന് പന്ത്ര് നീരുറവകള്‍ പൊട്ടി ഒഴുകി. ഇസ്‌റാഈല്യര്‍ പന്ത്രണ്ട് ഗോത്രങ്ങളായിരുന്നുവല്ലോ. തമ്മില്‍ തിരക്കും വഴക്കും കൂടാതിരിക്കുവാന്‍ അല്ലാഹു ഓരോ ഗോത്രത്തിനും ഓരോ ഉറവ് പ്രത്യേകം ഒഴുക്കിക്കൊടുത്തു. ഓരോ ഗോത്രത്തിന്‍റെതും ഇന്നതാണെന്ന് പ്രത്യേകം നിര്‍ണയിക്കപ്പെടുകയും ചെയ്തു. മുഅ്ജിസത്ത്‌ പ്രവാചകന്റെ പ്രവർത്തനമോ കഴിവിൽ പെട്ടതോ അല്ലെന്നും അത്‌ അല്ലാഹുവിന്റെ പ്രവർത്തനവും അവന്റെ മാത്രം കഴിവിൽ പെട്ടതും അവന്‍ ഉദ്ദേശിക്കുന്ന സമയത്ത് മാത്രം സംഭവിക്കുന്നതാണെന്നും വ്യക്തം. മുഅ്ജിസത്ത് പ്രകടിപ്പിക്കൽ പ്രവാചകന്റെ സ്വന്തം കഴിവിൽ പെട്ട കാര്യമായിരുന്നെങ്കിൽ അനുയായികള്‍ വെള്ളം ആവശ്യപ്പെട്ട സമയത്ത് തന്നെ മൂസാ നബി വടി കൊണ്ട് പാറയുടെ മേല്‍ അടിക്കുമായിരുന്നു. അദ്ദേഹം അല്ലാഹുവിനോട് പ്രാ൪ത്ഥിക്കുകയും അല്ലാഹുവിന്റെ നി൪ദ്ദേശമനുസരിച്ച് പ്രവ൪ത്തിക്കുകയുമാണ് ചെയ്തത്.

മറ്റ് പ്രവാചകന്‍മാരെ പോലെ മുഹമ്മദ് നബി ﷺ യിലൂടെയും മുഅ‍്ജിസത്തുകൾ പ്രകടമായിട്ടുണ്ട്. ബദ്ര്‍ യുദ്ധ വേളയില്‍ നബി ﷺ ഒരു പിടി മണ്ണ് വാരി ശത്രുക്കളുടെ നേരെ എറിഞ്ഞു. അത് അവരുടെ മുഴുവന്‍ പേരുടെയും കണ്ണുകളില്‍ വീഴ്ത്തുകയും അവരുടെ പരാജയത്തിന് സഹായകരമാകുകയും ചെയ്തു. നബി ﷺ മുഖേനെ അല്ലാഹു വെളിപ്പെടുത്തിയ ഒരു അസാധാരാണ സംഭവമായിരുന്നു അത്. ഈ സംഭവത്തെ കുറിച്ച് ഖു൪ആന്‍ പറയുന്നത് കാണുക:

 وَمَا رَمَيْتَ إِذْ رَمَيْتَ وَلَٰكِنَّ ٱللَّهَ رَمَىٰ ۚ 

(നബിയേ,) നീ എറിഞ്ഞ സമയത്ത് നീ എറിഞ്ഞിട്ടുമില്ല. പക്ഷെ അല്ലാഹുവാണ് എറിഞ്ഞത്‌. (ഖു൪ആന്‍:8/17)

മുഅ്ജിസത്ത്‌ പ്രവാചകന്റെ പ്രവർത്തനമോ കഴിവിൽ പെട്ടതോ അല്ലെന്നും അത്‌ അല്ലാഹുവിന്റെ പ്രവർത്തനവും അവന്റെ മാത്രം കഴിവിൽ പെട്ടതും അവന്‍ ഉദ്ദേശിക്കുന്ന സമയത്ത് മാത്രം സംഭവിക്കുന്നതുമാണ്. എന്നിരിക്കെ മുഅ്ജിസത്ത് കൊണ്ട് സഹായിക്കണമെന്ന്‌ പ്രവാചകൻമാരോട്‌ ആവശ്യപ്പെടുന്നത്‌ നിരർത്ഥകമാണ്‌.

വിശുദ്ധ ഖു൪ആന്‍ ഏറ്റവും വലിയ മുഅ്ജിസത്ത്

അതാതു കാലദേശങ്ങളിലുള്ള ജനങ്ങളുടെ പക്വതക്കും, പരിതഃസ്ഥിതികള്‍ക്കും അനുസരിച്ച വിധത്തിലായിരുന്നു പ്രവാചകന്‍മാരില്‍ നിന്ന് മുഅ്ജിസത്ത് പ്രത്യക്ഷപ്പെട്ടിരുന്നത്. ഒരു പ്രവാചകന്‍ മുഖേനെ അല്ലാഹു വെളിപ്പെടുത്തുന്ന ഒരു മുഅ്ജിസത്തിന് ദൃക്സാക്ഷികളാകുന്നവ൪ക്കെ അത് നേ൪ക്ക് നേരെ തെളിവാകുകയുള്ളൂ എന്നത് ഒരു വസ്തുതയാണ്. തന്നിമിത്തം പിന്‍തലമുറക്കാ൪ അതിന്റെ വിശ്വാസിതയില്‍ സംശയിക്കുക സ്വാഭാവികമാണ്. അതുകൊണ്ട് മനുഷ്യരാശി ബുദ്ധിപരമായി പക്വത പ്രാപിക്കുകയും  മുഹമ്മദ് നബി ﷺ യോട് കൂടി പ്രവാചക ശൃംഖല അല്ലാഹു പൂ൪ത്തിയാക്കുകയും ചെയ്തപ്പോള്‍ എക്കാലക്ക൪ക്കും നോക്കിക്കാണാവുന്നതും ലോകാവസാനം വരെ നിലനില്‍ക്കുന്നതുമായ ശാശ്വത ദൃഷ്ടാന്തമാണ് അവന്‍ അദ്ദേഹത്തിന് നല്‍കിയത്. മനുഷ്യ ഭാഷയില്‍ പാരായണം ചെയ്യപ്പെടുന്ന അല്ലാഹുവിന്റെ ദിവ്യവചനങ്ങളാകുന്ന വിശുദ്ധ ഖു൪ആനാണ് ആ ദൃഷ്ടാന്തം. കാലാകാലങ്ങളില്‍ ഭൂമുഖത്ത് പിറന്ന് വീഴുന്ന ഓരോ മനുഷ്യനെയും വെല്ലുവിളിച്ചുകൊണ്ട് അത് കാല ചക്രത്തോടൊപ്പം കറങ്ങിക്കൊണ്ടിരിക്കുന്നു.  

قُل لَّئِنِ ٱجْتَمَعَتِ ٱلْإِنسُ وَٱلْجِنُّ عَلَىٰٓ أَن يَأْتُوا۟ بِمِثْلِ هَٰذَا ٱلْقُرْءَانِ لَا يَأْتُونَ بِمِثْلِهِۦ وَ لَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا

(നബിയേ,) പറയുക: ഈ ഖുര്‍ആന്‍ പോലൊന്ന് കൊണ്ട് വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന് അവര്‍ കൊണ്ട് വരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കുന്നതായാല്‍ പോലും. (ഖുര്‍ആന്‍:17/88)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏:‏ مَا مِنَ الأَنْبِيَاءِ مِنْ نَبِيٍّ إِلاَّ قَدْ أُعْطِيَ مِنَ الآيَاتِ مَا مِثْلُهُ آمَنَ عَلَيْهِ الْبَشَرُ وَإِنَّمَا كَانَ الَّذِي أُوتِيتُ وَحْيًا أَوْحَى اللَّهُ إِلَىَّ فَأَرْجُو أَنْ أَكُونَ أَكْثَرَهُمْ تَابِعًا يَوْمَ الْقِيَامَةِ‏

അബൂഹുറൈറയില്‍(റ) നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു:മനുഷ്യര്‍ക്കു വിശ്വസിക്കുവാന്‍ വേണ്ടുന്നത്ര ദൃഷ്ടാന്തങ്ങള്‍ നല്കപ്പെട്ടിട്ടില്ലാത്ത ഒരു നബിയും ഇല്ലതന്നെ. എനിക്ക് നല്കപ്പെട്ടിരിക്കുന്നത് അല്ലാഹു എനിക്ക് തന്നിട്ടുള്ള ‘വഹ്‌യ്’ തന്നെയാകുന്നു. അതുകൊണ്ട് ക്വിയാമത്ത് നാളില്‍ ഞാന്‍ അവരെക്കാള്‍ പിന്‍ഗാമികളുള്ളവനായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. (മുസ്ലിം:152)

മൂസാ നബി (അ)ക്ക് അദ്ദേഹത്തിന്‍റെ കൈയും, വടിയും, സ്വാലിഹ് നബി (അ)ക്ക് ഒട്ടകവും ശത്രുക്കളെ വെല്ലുവിളിച്ചുകൊണ്ടുള്ള പ്രവാചകത്വ ദൃഷ്ടാന്തങ്ങളായിരുന്നു. അവ ബാഹ്യദൃഷ്ടി കൊണ്ട് തന്നെ മനസ്സിലാക്കാവുന്ന ദൃഷ്ടാന്തങ്ങള്‍ ആയിരുന്നുവെങ്കില്‍ നബി ﷺ  യുടെ പ്രവാചകത്വം സ്ഥാപിക്കുന്നതിന് നിശ്ചയിക്കപ്പെട്ടത് ബുദ്ധി കൊണ്ട് മനസ്സിലാക്കാവുന്ന ദൃഷ്ടാന്തം ആയരുന്നു. അത് വിശുദ്ധ ഖുര്‍ആന്‍ ആണ്.

അല്ലാഹു  പ്രവാചകന്മാരിലൂടെ പ്രകടമാക്കിയ മുഅ്ജിസത്തുകള്‍ അവരുടെ കാലശേഷം നിലനിന്നതിന് തെളിവില്ല.  മൂസായുടെ കൈ അദ്ദേഹത്തോടൊപ്പം ഖബ്ര്‍ പൂകി. വടി, നിഷ്പ്രഭമായി. ഈസായുടെ മുഅ്ജിസത്തുകളും അങ്ങനെ തന്നെ. എന്നാല്‍ നബി ﷺയുടെ ഒരു മുഅ്ജിസത്ത് മാത്രം നിലനിന്നു. അത് വിശുദ്ധ ഖുര്‍ആനാണ്. ലോകത്തെ വെല്ലുവിളിച്ചുകൊണ്ട് അത് ഇന്നും ജൈത്രയാത്ര തുടരുന്നു. അന്ത്യനാള്‍ വരെ അത് നിലനില്‍ക്കുകയും ചെയ്യും. 

ആരാണ് വലിയ്യ് ? എന്താണ്‌ കറാമത്ത്‌? 

 

അല്ലാഹുവിന്റെ സാമീപ്യം ലഭിച്ചവനാണ് വലിയ്യ്. വിശ്വാസരംഗത്തും കര്‍മരംഗത്തും സ്വഭാവരംഗത്തും അല്ലാഹുവിന്റെ കല്‍പ്പനകളും നിരോധനങ്ങളും പാലിച്ച് അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ക്കൊത്ത് ജീവിക്കുന്നതിലൂടെ അല്ലാഹുവില്‍ നിന്നും ലഭിക്കുന്ന പ്രത്യേക സ്ഥാനമാണ് വിലായത്ത്. അറബിക്കോളേജില്‍ പഠിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങിയവനോ, പ്രത്യേക വേഷംധരിച്ച് സമൂഹത്തില്‍ നിന്ന് ഭിന്നമായി ജീവിക്കുന്നവനോ അല്ല വലിയ്യ്. അല്ലാഹുവിനെയും റസൂലിനെയും അനുസരിച്ച് ഭയഭക്തിയോടെ ജീവിക്കുന്നവനാണ് യഥാര്‍ഥ വലിയ്യ്. 

أَلَآ إِنَّ أَوْلِيَآءَ ٱللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
ٱلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ

ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ മിത്രങ്ങളാരോ അവര്‍ക്ക് യാതൊരു ഭയവുമില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (ഖു൪ആന്‍:10/62-63)

അല്ലാഹുവിനെ ഭയപ്പെട്ടു ജീവിക്കുന്ന വലിയ്യുകള്‍ക്ക് അല്ലാഹു നൽകുന്ന ആദരവാണ്‌ കറാമത്ത്‌. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അല്ലാഹുവിന്റെ വലിയ്യുകളിലൂടെ അല്ലാഹു നടപ്പാക്കുന്ന അസാധാരണ സംഭവമാണ് കറാമത്ത്.   കറാമത്ത്‌ പ്രാവർത്തികമാക്കുന്നത്‌ അല്ലാഹുവാണ്‌. പ്രവാചകൻമാർ ഉദ്ദേശിക്കുമ്പോഴെല്ലാം മുഅ്ജിസുത്തുകൾ പ്രകടമാവാത്തതു പോലെ തന്നെ  വലിയ്യുകൾ ഉദ്ദേശിക്കുന്ന സന്ദർഭങ്ങളില്‍ കറാമത്തും പ്രകടമാവുന്നതല്ല.

അല്ലാഹുവിനെ ഭയപ്പെട്ടു ജീവിക്കുന്ന വലിയ്യുകള്‍ക്ക് അല്ലാഹു നൽകുന്ന ആദരവാണല്ലോ കറാമത്ത്‌. അതോടൊപ്പം ചിലപ്പോള്‍ അവന്റെ വിശ്വാസത്തിന് ബലം നല്‍കുവാനും അല്ലെങ്കില്‍ അവനുള്‍ക്കൊണ്ടത്  സത്യമാണെന്ന് ബോധ്യപ്പെടുത്തുവാനും കറാമത്ത് പ്രകടമാക്കും. കറാമത്ത് ഉണ്ടാവുക എന്നത് വിലായത്തിന്റെ നിബന്ധന(ശര്‍ത്വ്)യൊന്നുമല്ല. വലിയ്യായ എല്ലാവ്യക്തികള്‍ക്കും കറാമത്ത് ഉണ്ടാകണമെന്നുമില്ല. അതേപോലെ നുബുവ്വത്തും രിസാലത്തും ഒരാളില്‍ ഉണ്ടായാല്‍ പിന്നീട് അത് അവനില്‍ നിന്നും നീങ്ങിപ്പോവുകയില്ല. എന്നാല്‍ വിലായത്ത് അങ്ങനെയല്ല; അത് അവനില്‍ നിന്നും ഇല്ലാതാകാം.

കറാമത്തിനും വിശുദ്ധ ഖു൪ആനിലും തിരുസുന്നത്തിലും  ധാരാളം ഉദാഹരണങ്ങള്‍ കാണാവുന്നതാണ്. ഈസാ നബിക്ക് ശേഷമുളള സമൂഹത്തില്‍ ജനങ്ങളെ വിഗ്രഹാരാധന ചെയ്‌യുവാന്‍ നിര്‍ബ്ബന്ധിച്ചിരുന്ന ഒരു രാജാവുണ്ടായിരുന്നു. എന്നാല്‍ അതിന് വഴങ്ങാതെ തൌഹീദില്‍ ഉറച്ചു നിന്ന ഏതാനും യുവാക്കള്‍ അവിടെ ഉണ്ടായിരുന്നു. രാജാവ് അവരെ മര്‍ദ്ദിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെങ്കിലും അവര്‍ തങ്ങളുടെ വിശ്വാസത്തില്‍നിന്നു പിന്‍മാറിയില്ല. അങ്ങനെ വിശ്വാസ സംരക്ഷണത്തിനായി അവ൪ ആ നാട് വിടുന്നു. ഒരു മലയിലെ  ഗുഹയില്‍ അവ൪ അഭയം പ്രാപിച്ചു. അവരുടെ കൂടെ ഒരു നായയുമുണ്ടായിരുന്നു. അവിടെ വെച്ച് അല്ലാഹു അവര്‍ക്കു ഒരു ഉറക്ക് നല്‍കി. . എന്നാല്‍ സാധാരണ ഉറങ്ങിക്കിടക്കുന്നവരില്‍ ഉണ്ടാകാറുള്ള മറ്റ് യാതൊരു മാറ്റവും അവരില്‍ കാണപ്പെടുമായിരുന്നില്ല. ഇടക്കിടെ അവര്‍, ചരിഞ്ഞും മറിഞ്ഞും കിടക്കുകയും ചെയ്തിരുന്നു. അവരെല്ലാവരും ഇടവിട്ട് തിരിഞ്ഞും മറിഞ്ഞും കിടന്നുകൊണ്ടിരുന്നതിനാല്‍ പുറത്തുനിന്ന് വല്ലവരും അകത്തേക്ക് എത്തിനോക്കിയാല്‍  അവര്‍ ഉണര്‍ന്നുകിടക്കുകയാണെന്ന് തോന്നിപ്പോകുകയും, പേടിച്ചോടുകയും ചെയ്തേക്കും. എന്തോ ആവശ്യാര്‍ത്ഥം കുറച്ചു യുവാക്കള്‍ അവിടെ വിശ്രമിക്കുന്നു, ഒരു കൂറ്റന്‍ നായ പടിവാതുക്കല്‍ പാറാവുമുണ്ട്, എന്ന ഒരു പ്രതീതിയായിരിക്കും നോക്കുന്നവ൪ക്ക് അനുഭവപ്പെടുക. അങ്ങനെ ഗുഹാവാസികളുടെ ശരീരം സംരക്ഷിച്ച് നി൪ത്തുകയും ചെയ്യുന്നു. പിന്നീട് 309 വ൪ഷങ്ങള്‍ക്ക് ശേഷം അല്ലാഹു അവരെ ഉറക്കത്തില്‍നിന്ന് ഉണ൪ത്തി എഴുന്നേല്‍പ്പിച്ചു. കാലം ഇത്രയും ദീ൪ഘിച്ചതോ നാട്ടിലെ മാറ്റങ്ങളോ ഒന്നും അറിഞ്ഞിരുന്നില്ല.  ഈ സംഭവം വിശുദ്ധ ഖു൪ആന്‍ സൂറ: അല്‍ കഹ്ഫിന്റെ 9 മുതല്‍ 26 വരെയുള്ള വചനങ്ങളില്‍ വിവരിക്കുന്നുണ്ട്. അങ്ങനെ അന്ത്യനാള്‍ വരെയും അസ്ഹാബുല്‍ കഹ്ഫിനെ (ഗുഹാവാസികളെ) വിശുദ്ധ ഖു൪ആനിലൂടെ ലോകം സ്മരിക്കുന്നു. ഭരണവും നാടും എതിരായിട്ടും അവ൪ വിരലില്‍ എണ്ണാവുന്നവ൪  മാത്രമായിട്ടും അല്ലാഹു അവരെ സംരക്ഷിച്ചു. ഇത് അവരുടെ കറാമത്താണ്.

ഈസാ നബി(അ)യുടെ മാതാവായ മറിയം(അ) കുഞ്ഞുന്നാള്‍ മുതല്‍ ബൈത്തുല്‍ മുഖദ്ദസിലാണ് താമസിച്ചു വന്നിരുന്നത്. അവരുടെ സംരക്ഷണം സക്കരിയാ നബി(അ) ആയിരുന്നു ഏറ്റെടുത്തിരുന്നത്. മറിയമിന്റെ അടുക്കല്‍ ചിലപ്പോള്‍ ചെല്ലുമ്പോഴൊക്കെയും അവിടെ സാധാരണഗതിയില്‍ അവിടെ ഉണ്ടായിരിക്കാന്‍ സാധ്യതയില്ലാത്ത ഭക്ഷണ സാധനങ്ങള്‍ അദ്ദേഹം കാണുമായിരുന്നു. അതില്‍ അദ്ദേഹത്തിന് ആശ്ചര്യം തോന്നി. അദ്ദേഹം ചോദിച്ചു : മര്‍യമേ, നിനക്കെവിടെ നിന്നാണ് ഇത് കിട്ടുന്നത്? മറിയം(അ) പറഞ്ഞു :   ഇത് അല്ലാഹുവിന്‍റെ പക്കല്‍ നിന്നു കിട്ടുന്നതാണ്. 

فَتَقَبَّلَهَا رَبُّهَا بِقَبُولٍ حَسَنٍ وَأَنۢبَتَهَا نَبَاتًا حَسَنًا وَكَفَّلَهَا زَكَرِيَّا ۖ كُلَّمَا دَخَلَ عَلَيْهَا زَكَرِيَّا ٱلْمِحْرَابَ وَجَدَ عِندَهَا رِزْقًا ۖ قَالَ يَٰمَرْيَمُ أَنَّىٰ لَكِ هَٰذَا ۖ قَالَتْ هُوَ مِنْ عِندِ ٱللَّهِ ۖ إِنَّ ٱللَّهَ يَرْزُقُ مَن يَشَآءُ بِغَيْرِ حِسَابٍ

അങ്ങനെ അവളുടെ (മര്‍യമിന്‍റെ) രക്ഷിതാവ് അവളെ നല്ല നിലയില്‍ സ്വീകരിക്കുകയും, നല്ല നിലയില്‍ വളര്‍ത്തിക്കൊണ്ടു വരികയും, അവളുടെ സംരക്ഷണച്ചുമതല അവന്‍ സകരിയ്യായെ ഏല്‍പിക്കുകയും ചെയ്തു. മിഹ്‌റാബില്‍ (പ്രാര്‍ത്ഥനാവേദിയില്‍) അവളുടെ അടുക്കല്‍ സകരിയ്യാ കടന്നു ചെല്ലുമ്പോഴെല്ലാം അവളുടെ അടുത്ത് എന്തെങ്കിലും ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം ചോദിച്ചു: മര്‍യമേ, നിനക്ക് എവിടെ നിന്നാണിത് കിട്ടിയത്‌? അവള്‍ മറുപടി പറഞ്ഞു. അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്നതാകുന്നു. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്ക് നോക്കാതെ നല്‍കുന്നു.(ഖു൪ആന്‍:3/37)

വലിയ്യുകൾ ഉദ്ദേശിക്കുന്ന സന്ദർഭങ്ങളിലെല്ലാം കറാമത്ത് പ്രകടമാവുന്നതല്ലെന്നും  കറാമത്ത്‌ പ്രാവർത്തികമാക്കുന്നത്‌ അല്ലാഹുവാണെന്നും ഈ രണ്ട് സംഭവത്തില്‍ നിന്നും വ്യക്തമാണ്. ഔലിയാക്കള്‍ മരിച്ച് കഴിഞ്ഞാല്‍ അവ൪ ഖബ്റില്‍ കിടന്നുകൊണ്ട് എല്ലാം അറിയുമെന്ന പൗരോഹിത്യത്തിന്റെ പ്രചരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അസ്ഹാബുല്‍ കഹ്ഫിന്റെ സംഭവം മനസ്സിലാക്കിത്തരുന്നു. അവരെ കുറച്ച് കാലത്തേക്ക് അല്ലാഹു ഉറക്കി കിടത്തിയപ്പോള്‍ പോലും അവ൪ക്ക് ചുറ്റും നടന്നതെന്തെന്ന് അറിയാന്‍ കഴിഞ്ഞില്ല.  അവ൪ അല്ലാഹുവിന്റെ ഔലിയാക്കൾ ആയിട്ടു പോലും! അതെ, ചിന്തിക്കുന്നവ൪ക്ക് ഗുണപാഠമുണ്ട്.

നബി ﷺ യുടെ രണ്ട് അനുയായികളായ ഉസൈദ്, അബ്ബാദ്(റ) എന്നിവരെ സംബന്ധിച്ച് ഉദ്ദരിക്കപ്പെടുന്ന ഒരു സംഭവം കാണുക:

عَنْ أَنَسٍ ـ رضى الله عنه ـ أَنَّ رَجُلَيْنِ، خَرَجَا مِنْ عِنْدِ النَّبِيِّ صلى الله عليه وسلم فِي لَيْلَةٍ مُظْلِمَةٍ، وَإِذَا نُورٌ بَيْنَ أَيْدِيهِمَا حَتَّى تَفَرَّقَا، فَتَفَرَّقَ النُّورُ مَعَهُمَا‏..‏

അനസില്‍(റ) നിന്ന് നിവേദനം: രണ്ട് പേ൪ നബി ﷺ യുടെ അടുക്കല്‍ നിന്ന് കൂരിരുട്ടുള്ള രാത്രിയില്‍ പുറപ്പെട്ടു. അപ്പോള്‍ ഒരു പ്രകാശം അവരുടെ മുമ്പിലൂടെ (അവരെ വഴി കാണിച്ചുകൊണ്ടു) വന്നു. അവ൪ വേ൪പിരിയുന്നതുവരെയും അത് തുട൪ന്നു. അങ്ങനെ അവ൪ വേ൪പിരിഞ്ഞപ്പോള്‍ പ്രകാശവും വേ൪പിരിഞ്ഞ് അവ൪ ഓരോരുത്തരുടെ കൂടെയായി. (ബുഖാരി : 3805)

 

തങ്ങൾക്ക്‌ കറാമത്തുണ്ടെന്ന്‌ പറഞ്ഞ്‌ ചിലർ വലിയ്യുകളായി രംഗ പ്രവേശനം ചെയ്യുന്നു. എന്നാൽ കറാമത്തുള്ളവർ എങ്ങനെ ജീവിക്കണമെന്ന്മുഹ്‌യിദ്ധീൻ ശൈഖ്‌‌ؒ (റഹി) പറയുന്നത് കാണുക:

لأن من شرط الولاية كتمان الكرامات

തീർച്ചയായും വിലായത്തിന്റെ നിബന്ധനയിൽ പെട്ടതാണ്‌ കറാമത്തുകൾ മറച്ചുവെക്കൽ (ഗുൻയ: 2/163)

അപ്പോൾ കറാമത്ത്‌ പരസ്യപ്പെടുത്തേണ്ട കാര്യമല്ല എന്ന്‌ വ്യക്തമായി. എങ്കിൽ കറാമത്ത്‌ കഥകൾ പറഞ്ഞ്‌ പ്രചരിപ്പിക്കുന്നവരുടെ ചൂഷണ മനസ്സ്‌ തിരിച്ചറിയാൻ നമുക്ക്‌ സാധിക്കണം. കാരണം നബി ﷺയുടെ സ്വഹാബികളിൽ പലർക്കും പലവിധ കറാമത്തുകള്‍ പ്രകടമായിട്ടുണ്ട്‌. പക്ഷേ, അതിന്റെ പേരിൽ പ്രചാരണങ്ങൾ അഴിച്ചുവിട്ട്‌ ആത്മീയ ഗുരുക്കളായി അവരെ അവരോധിച്ച്‌ ആരാധനാകേന്ദ്രങ്ങൾ പണിയാൻ നമ്മുടെ മുൻഗാമികൾ തുനിഞ്ഞിട്ടില്ല. അതിനാൽ തനിക്ക്‌ വിലായത്തുണ്ട്‌ എന്ന്‌ അവകാശപ്പെട്ടു വരുന്നവർ യഥാർത്ഥ വലിയ്യുകളല്ല അതാണ്‌ മുഹ്യുദ്ദീൻ ശൈഖ്‌‌ؒ(റഹി)യുടെ വാചകത്തിന്റെ ശരിയായ വിവക്ഷ.

മുഅ്ജിസത്ത് കൊണ്ട് പ്രവാചകനും കറാമത്ത്‌ കൊണ്ട്‌ വലിയ്യും തന്നെ സഹായിക്കും എന്ന വിശ്വാസത്തിൽ സഹായം തേടാമോ?

പ്രവാചകൻമാരിലൂടെ അല്ലാഹു പ്രകടിപ്പിക്കുന്ന അമാനുഷികവും അസാധാരണവുമായ സംഭവങ്ങൾക്കാണ്‌ മുഅ്ജിസത്ത്‌ എന്നു പറയുന്നത്‌. വലിയ്യിനോടുള്ള ആദരവായി അല്ലാഹു വെളിപ്പെടുത്തുന്ന കാര്യമാണ്‌ കറാമത്ത്‌. ഇത്‌ മുഖേന മരിച്ചു പോയ ഏതെങ്കിലും പ്രവാചകനോടോ വലിയ്യിനോട്‌ സഹായം തേടുന്നത്‌ വിഢിത്തമാണ്‌. ഔലിയാക്കൾക്ക്‌ സ്വന്തം ശരീരത്തെ പോലും സംരക്ഷിക്കാൻ സാധിക്കാത്ത സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്‌. ശത്രുക്കളാൽ വധിക്കപ്പെട്ട മൂന്ന്‌ ഖലീഫ മാരുടെയും പല സ്വഹാബിമാരുടെയും ചരിത്രം അതിന്‌ സാക്ഷിയാണ്‌. പ്രവാചകന്മാരുടെ മുഅ്ജിസത്ത് – ഖുര്‍ആനൊഴിച്ചുള്ളത് – തന്നെയും അവരുടെ മരണത്തോടു കൂടി ഒടുങ്ങുമെങ്കില്‍ പിന്നെ വലിയ്യുകളുടെ കറാമത്തിന്റെ കാര്യം പറയേണ്ടതുണ്ടോ? 

                

Leave a Reply

Your email address will not be published.

Similar Posts