നിഫാഖ് (കപട വിശ്വാസം)

THADHKIRAH

മനസ്സിലുള്ള ആദ൪ശത്തിനും ആശയത്തിനും വിരുദ്ധമായി നാവ് കൊണ്ടോ ക൪മ്മം കൊണ്ടോ പ്രത്യക്ഷത്തില്‍ മറ്റൊന്ന് പ്രകടിപ്പിക്കുന്നതിനാണ് ശറഇല്‍ നിഫാഖ് അഥവാ കപട വിശ്വാസം എന്ന് പറയുന്നത്. മനസ്സില്‍ കുഫ്റ് മറച്ചുവെക്കുകയും പ്രത്യക്ഷത്തില്‍ ഈമാന്‍ പ്രകടിപ്പിക്കുകയും ചെയ്യുന്ന രീതി. നിഫാഖില്‍ വാക്കും പ്രവൃത്തിയും തമ്മിലും, രഹസ്യവും പരസ്യവും തമ്മിലും പൊരുത്തക്കേടുണ്ടാകുന്നു. അതായത്, ബാഹ്യമായി മുസ്‌ലിമെന്ന് നടിക്കുകയും ഉള്ളില്‍ അവിശ്വാസം വെച്ചുപുലര്‍ത്തുകയും ചെയ്യുന്നു. നിഫാഖ് (കാപട്യം) ജീവിതത്തില്‍ കൊണ്ടുനടക്കുന്നവരാണ് മുനാഫിഖുകള്‍(കപട വിശ്വാസികള്‍). മനസ്സിലുള്ളതും പുറത്ത് പ്രകടിപ്പിക്കുന്നതും തമ്മില്‍ യാതൊരു ചേ൪ച്ചയുമില്ലാത്തവരാണ് അവ൪.

وَمِنَ ٱلنَّاسِ مَن يَقُولُ ءَامَنَّا بِٱللَّهِ وَبِٱلْيَوْمِ ٱلْءَاخِرِ وَمَا هُم بِمُؤْمِنِينَ

ഞങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്ന ചില ആളുകളുണ്ട് , (യഥാര്‍ത്ഥത്തില്‍) അവര്‍ വിശ്വാസികളല്ല. (ഖു൪ആന്‍:2/8)

وأجمعَ جميع أهل التأويل على أنّ هذه الآية نـزلت في قوم من أهلِ النِّفاق، وأن هذه الصِّفة صِفتُهم

ഇമാം ത്വബ്’രി(റ) പറയുന്നു: വിശുദ്ധ ഖു൪ആനിന് വ്യാഖ്യാനം എഴുതിയ മുഴുവന്‍ വ്യാഖ്യാതാക്കളും പറഞ്ഞിട്ടുള്ളത്, ഈ വചനം മുനാഫിഖുകളുടെ കാര്യത്തില്‍ അവതരിച്ചിട്ടുള്ളത് എന്നാണ്. എന്തുകൊണ്ടെന്നാല്‍ ഈ ആയത്തില്‍ പറയപ്പെട്ട സ്വഭാവം മുനാഫിഖുകളുടെ സ്വഭാവമാണ്. (തഫ്സീറുത്വബ്’രി)

മുസ്ലിം ഉമ്മത്തിന് നേരിടേണ്ടുന്ന മറ്റേതൊരു പ്രത്യക്ഷ ശത്രുവിനേക്കാളും അപകടകാരിയായ വിഭാഗമാണ് മുനാഫിഖുകള്‍. മറ്റുള്ളവരെക്കാള്‍ മുസ്‌ലിംകള്‍ക്കും ഇസ്‌ലാമിനും കൂടുതല്‍ ദ്രോഹം വരുത്താന്‍ ഇവര്‍ക്കാകും. അതുകൊണ്ടുതന്നെ അല്ലാഹു പറഞ്ഞു:

إِنَّ ٱلْمُنَٰفِقِينَ يُخَٰدِعُونَ ٱللَّهَ

തീര്‍ച്ചയായും കപടവിശ്വാസികള്‍ (ഇസ്‌ലാം കപടമായി അനുഷ്ഠിച്ച്) അല്ലാഹുവെ വഞ്ചിക്കാന്‍ നോക്കുകയാണ്‌. …….(ഖു൪ആന്‍:4/142)

يُخَٰدِعُونَ ٱللَّهَ وَٱلَّذِينَ ءَامَنُوا۟ وَمَا يَخْدَعُونَ إِلَّآ أَنفُسَهُمْ وَمَا يَشْعُرُونَ

അല്ലാഹുവിനെയും വിശ്വാസികളെയും വഞ്ചിക്കുവാനാണ് അവര്‍ ശ്രമിക്കുന്നത്‌. (വാസ്തവത്തില്‍) അവര്‍ ആത്മവഞ്ചന മാത്രമാണ് ചെയ്യുന്നത്‌. അവരത് മനസ്സിലാക്കുന്നില്ല. (ഖു൪ആന്‍:2/9)

إِنَّ ٱلْمُنَٰفِقِينَ فِى ٱلدَّرْكِ ٱلْأَسْفَلِ مِنَ ٱلنَّارِ وَلَن تَجِدَ لَهُمْ نَصِيرًا

തീര്‍ച്ചയായും കപടവിശ്വാസികള്‍ നരകത്തിന്റെ അടിത്തട്ടിലാകുന്നു. അവര്‍ക്കൊരു സഹായിയെയും നീ കണ്ടെത്തുന്നതല്ല. (ഖു൪ആന്‍:4/145)

അല്ലാഹു വിശുദ്ധ ഖു൪ആനില്‍ സത്യവിശ്വാസികളുടെ സ്വഭാവമായി സത്യം പറയുന്നവ൪ എന്ന് വിശേഷിപ്പിച്ചപ്പോള്‍ മുനാഫിഖുകളുടെ സ്വഭാവമായി എടുത്ത് പറഞ്ഞത് കള്ളം പറയുന്നവ൪ എന്നാണ്. സത്യവിശ്വാസത്തിന്റെയും കപടവിശ്വാസത്തിന്റെയും അതിര്‍വരമ്പുകളിലോന്നാണ് സത്യസന്ധത.

فِى قُلُوبِهِم مَّرَضٌ فَزَادَهُمُ ٱللَّهُ مَرَضًا ۖ وَلَهُمْ عَذَابٌ أَلِيمٌۢ بِمَا كَانُوا۟ يَكْذِبُونَ

അവരുടെ മനസ്സുകളില്‍ ഒരുതരം രോഗമുണ്ട്‌. തന്നിമിത്തം അല്ലാഹു അവര്‍ക്ക് രോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. കള്ളം പറഞ്ഞുകൊണ്ടിരുന്നതിന്റെ ഫലമായി വേദനയേറിയ ശിക്ഷയാണ് അവര്‍ക്കുണ്ടായിരിക്കുക.(ഖു൪ആന്‍:2/10)

കപട വിശ്വാസം രണ്ട് തരത്തിലുണ്ട് : ഒന്ന്) വിശ്വാസപരം അഥവാ വലിയ നിഫാഖ്. രണ്ട്) കര്‍മപരം അഥവാ ചെറിയ നിഫാഖ്.

1)വിശ്വാസപരമായ നിഫാഖ്

വിശ്വാസപരമായ കാപട്യത്തെ ‘വലിയ നിഫാഖ് ‘ എന്നും പറയുന്നു. ഇസ്‌ലാം ബാഹ്യമായി പ്രകടമാക്കുകയും കുഫ്‌റ് ഗോപ്യമാക്കുകയും ചെയ്യലാകുന്നു ഇത്.ഇത്തരം കപടവിശ്വാസികള്‍ അല്ലാഹുവിലും അവന്റെ മലക്കുകളിലും ഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും വിചാരണ നാളിലുമെല്ലാം പ്രത്യക്ഷത്തില്‍ വിശ്വസിക്കുകയും ആന്തരികമായി ഈ വിശ്വാസത്തില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയും അവിശ്വസിക്കുകയും ചെയ്യുന്നവരാണ്. അവര്‍ അല്ലാഹുവില്‍ യഥാവിധി വിശ്വസിക്കുകയോ, ജനങ്ങള്‍ക്ക് അല്ലാഹുവിന്റെ അനുമതിയോടെ സന്മാര്‍ഗം കാണിക്കുവാന്‍ ശ്രമിക്കുകയോ ചെയ്യില്ല. അതുപോലെ അല്ലാഹുവിന്റെ രക്ഷയെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുവാനും ശിക്ഷയെതൊട്ട് താക്കീത് ചെയ്യുവാനുമായി നിയോഗിതനായ പ്രവാചകന് ലഭിച്ച ദിവ്യവെളിപാടായ ഖുര്‍ആനില്‍ അവര്‍ വിശ്വസിക്കുകയില്ല.

വലിയ നിഫാഖിന്റെ ആളുകളെ അല്ലാഹു മോശമായ വിശേഷണങ്ങള്‍ കൊണ്ട് വിശേഷിപ്പിച്ചിരിക്കുന്നു. ഇസ്‌ലാം മതത്തില്‍ അവിശ്വസിക്കുന്നവര്‍, കളവാക്കുന്നവര്‍, ഇസ്‌ലാം മതത്തെയും ഇസ്‌ലാംമതം അനുഷ്ഠിക്കുന്ന ആളുകളെയും പരിഹസിക്കുന്നവര്‍, മതത്തിന്റെ ശത്രുക്കളുടെ ഭാഗം ചേരുന്നവര്‍, ഇസ്‌ലാമിനോട് ശത്രുത വെക്കുവാന്‍ പരസ്പരം കൂടിയാലോചിക്കുന്നവര്‍ തുങ്ങിയവയെല്ലാം അവരുടെ വിശേഷണങ്ങളാണ്. അത്തരത്തിലുള്ള ആളുകള്‍ എല്ലാ കാലങ്ങളിലും ഉണ്ടാവും, പ്രത്യേകിച്ച് ഇസ്‌ലാമിന് ശക്തിയുണ്ടാകുമ്പോള്‍ അതിനെ പ്രത്യക്ഷത്തില്‍ തകര്‍ക്കാന്‍ സാധിക്കാതെ മുസ്‌ലിമാണെന്ന് അഭിനയിച്ച് ഇസ്‌ലാമിനുള്ളില്‍ കയറിക്കൂടി (മ്ലേഛതകള്‍ പ്രകടിപ്പിച്ച്) നശിപ്പിക്കുവാനും അതുപോലെ മുസ്‌ലിംകളോടൊപ്പം നിന്ന് തങ്ങളുടെ സമ്പത്തിനും രക്തത്തിനും സംരക്ഷണം (പവിത്രത) ലഭിക്കുവാനും സമാധാനത്തോടെ ജീവിക്കുവാനും അവര്‍ പരിശ്രമിക്കുകയും ചെയ്യും. മനസ്സില്‍ തികച്ചും അവിശ്വാസം കുടികൊള്ളുന്നതോടൊപ്പം, താല്‍ക്കാലികമായ താല്‍പര്യങ്ങളും, പരിതഃസ്ഥിതിയും നിമിത്തം ഇസ്‌ലാമിന്റെ വേഷം അണിഞ്ഞവരാകുന്നു അവ൪.ഇവര്‍ മുസ്‌ലിംകളുടെ ഇടയില്‍ വരുമ്പോള്‍ തങ്ങള്‍ മുസ്‌ലിംകളാണെന്ന് അഭിനയിക്കുകയും, തക്കം കിട്ടുമ്പോള്‍ ഇസ്‌ലാമിനെതിരായി പ്രവര്‍ത്തിക്കുകയും, അവിശ്വാസികളുടെ അക്രമ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ചെയ്യും. ഇത്തരക്കാരെ അല്ലാഹു കാഫിറുകളോട് ചേ൪ത്ത് പറഞ്ഞിരിക്കുന്നു:

يَٰٓأَيُّهَا ٱلنَّبِىُّ جَٰهِدِ ٱلْكُفَّارَ وَٱلْمُنَٰفِقِينَ وَٱغْلُظْ عَلَيْهِمْ ۚ وَمَأْوَىٰهُمْ جَهَنَّمُ ۖ وَبِئْسَ ٱلْمَصِيرُ

നബിയേ, സത്യനിഷേധികളോടും, കപടവിശ്വാസികളോടും സമരം ചെയ്യുകയും, അവരോട് പരുഷമായി പെരുമാറുകയും ചെയ്യുക. അവര്‍ക്കുള്ള സങ്കേതം നരകമത്രെ. ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്തതന്നെ. (ഖു൪ആന്‍ :9/73)

إِنَّ ٱللَّهَ جَامِعُ ٱلْمُنَٰفِقِينَ وَٱلْكَٰفِرِينَ فِى جَهَنَّمَ جَمِيعًا

……….. കപടവിശ്വാസികളെയും അവിശ്വാസികളെയും ഒന്നിച്ച് അല്ലാഹു നരകത്തില്‍ ഒരുമിച്ചുകൂട്ടുക തന്നെചെയ്യും. (ഖു൪ആന്‍ :4/140)

മുഹമ്മദ് അമാനി മൌലവി(റഹി) എഴുതുന്നു: ഈ വിഭാഗക്കാരെ കുറിച്ച് വളരെ പരുഷവും, കടുത്തതുമായ വാക്കുകളിലാണ് ക്വുര്‍ആന്‍ സംസാരിക്കാറുള്ളത്. കനത്ത താക്കീതുകളും അവര്‍ക്ക് നല്‍കിയിട്ടുണ്ട്. അവരുടെ പല രഹസ്യങ്ങളും, ഗൂഢതന്ത്രങ്ങളും ക്വുര്‍ആന്‍ തുറന്നു കാട്ടി. അവര്‍മൂലം ഉണ്ടായേക്കാവുന്ന പല അനിഷ്ടസംഭവങ്ങളെയും അല്ലാഹു മുന്‍കൂട്ടി നബിയെ (സ്വ) ഉണര്‍ത്തിയിട്ടുണ്ട്. പ്രത്യക്ഷത്തില്‍ മുസ്‌ലിംകളോടെന്നപോലെ നബി (സ്വ) അവരോടും പെരുമാറിയിരുന്നുവെങ്കിലും – യഥാര്‍ത്ഥത്തില്‍ അവര്‍ ശത്രുക്കളാണെന്ന് പൂര്‍ണബോധ്യമുള്ളതുകൊണ്ട് – അവരെക്കുറിച്ച് എപ്പോഴും ജാഗ്രതയിലായിരുന്നു. ഇവരെ തിരിച്ചറിയുമാറുള്ള ലക്ഷണങ്ങള്‍ പലതും ക്വുര്‍ആന്‍ നബിക്ക് (സ്വ) ചൂണ്ടിക്കാണിച്ചുകൊടുത്തു. അതുമുഖേന തിരുമേനി ശരിക്കും അവരെ മനസ്സിലാക്കുകയും ചെയ്തിരുന്നു. ഇതെല്ലാമായിട്ടും പാഠം പഠിക്കാതിരിക്കത്തക്കവണ്ണം അവരുടെ ഹൃദയങ്ങള്‍ മരവിച്ചുപോയിരുന്നു. ഒടുക്കം അവര്‍ മരണപ്പെട്ടാല്‍ അവരുടെ പേരില്‍ നമസ്‌കാരം നടത്തരുതെന്നുപോലും നബിയോട് (സ്വ) ക്വുര്‍ആന്‍ ആജ്ഞാപിച്ചു. ഇവരുടെ കാപട്യം വിശ്വാസത്തില്‍ തന്നെ ആയതുകൊണ്ട് ഇവരെപ്പറ്റി منافقو الايمان (വിശ്വാസത്തിലെ കപടന്മാര്‍) എന്നുപറയാം.(അമാനി തഫ്സീറിന്റെ മുഖവുരയില്‍ നിന്ന്)

വലിയ നിഫാഖിനെ കുറിച്ച് വിശുദ്ധ ഖു൪ആനില്‍ അല്ലാഹു ഉപമ പറഞ്ഞിട്ടുള്ളത് കാണുക:

مَثَلُهُمْ كَمَثَلِ ٱلَّذِى ٱسْتَوْقَدَ نَارًا فَلَمَّآ أَضَآءَتْ مَا حَوْلَهُۥ ذَهَبَ ٱللَّهُ بِنُورِهِمْ وَتَرَكَهُمْ فِى ظُلُمَٰتٍ لَّا يُبْصِرُونَ
صُمٌّۢ بُكْمٌ عُمْىٌ فَهُمْ لَا يَرْجِعُونَ

അവരെ ഉപമിക്കാവുന്നത് ഒരാളോടാകുന്നു: അയാള്‍ തീ കത്തിച്ചു. പരിസരമാകെ പ്രകാശിതമായപ്പോള്‍ അല്ലാഹു അവരുടെ പ്രകാശം കെടുത്തിക്കളയുകയും ഒന്നും കാണാനാവാതെ ഇരുട്ടില്‍ (തപ്പുവാന്‍) അവരെ വിടുകയും ചെയ്തു. ബധിരരും ഊമകളും അന്ധന്‍മാരുമാകുന്നു അവര്‍. അതിനാല്‍ അവര്‍ (സത്യത്തിലേക്ക്‌) തിരിച്ചുവരികയില്ല. (ഖു൪ആന്‍:2/17-18)

ഈ വചനത്തിന്റെ വിശദീകരണത്തില്‍ ഇമാം ഇബ്നു ജരീ൪ ത്വബ്’രി(റഹി) എഴുതുന്നു:
നബി(സ്വ) മദീനായില്‍ വന്ന അവസരത്തില്‍ ചില ആളുകള്‍ ഇസ്‌ലാമില്‍ പ്രവേശിച്ചു. പിന്നീട് അവര്‍ കപടവിശ്വാസികളായി മാറി. അവരുടെ ഉപമ ഒരു മനുഷ്യന്റേത് പോലെയായിത്തീര്‍ന്നു: അയാള്‍ ഇരുട്ടിലായിരുന്നു. അതിനാല്‍ അയാള്‍ തീ കത്തിച്ചു. ആ തീ അയാളുടെ ചുറ്റുപാടിലുമുള്ള കുണ്ടു കുഴികളിലും ഉപദ്രവവസ്തുക്കളിലും വെളിച്ചം പരത്തി. അയാള്‍ക്ക് അതെല്ലാം കാണുമാറായി. അയാള്‍ സൂക്ഷിക്കേണ്ടതെന്തൊക്കെയാണെന്ന് അയാള്‍ക്ക് അറിയുവാന്‍ കഴിഞ്ഞു. അങ്ങിനെയിരിക്കെ അയാളുടെ തീ കെട്ടുപോയി. അതുമൂലം സൂക്ഷിക്കേണ്ടുന്ന ഉപദ്രവ വസ്തുക്കള്‍ തിരിച്ചറിയാതെയായി. ഇപ്രകാരമാണ് കപടവിശ്വാസിയും. അവന്‍ ആദ്യം ശിര്‍ക്കാകുന്ന ഇരുട്ടിലായിരുന്നു. എന്നിട്ടു അവന്‍ ഇസ്‌ലാം സ്വീകരിച്ചു. അതോടെ ഹലാലും ഹറാമും (പാടുള്ളതും പാടില്ലാത്തതും), നല്ലതും ചീത്തയും അവന്‍ തിരിച്ചറിഞ്ഞു. അങ്ങിനെയിരിക്കെ (വീണ്ടും) അവിശ്വാസിയായി. ഹറാമില്‍ നിന്ന് ഹലാലും ചീത്തയില്‍നിന്ന് നല്ലതും അറിയാതെയായിത്തീര്‍ന്നു. അങ്ങിനെ, അവര്‍ (കപടവിശ്വാസികള്‍) ബധിരന്മാരും ഊമകളും, അന്ധന്മാരുമാകുന്നു. എനി, അവര്‍ ഇസ്‌ലാമിലേക്ക് മടങ്ങുകയില്ല’. (തഫ്സീറുത്വബ്’രി)

ഇമാം ഇബ്‌നുല്‍ ക്വയ്യിം അല്‍ജൗസി(റഹി) പറഞ്ഞു: മഹത്ത്വമുടയവനായ അല്ലാഹു അവന്റെ ശത്രുക്കളായ കപടവിശ്വാസികളെ ഉപമിച്ചത് യാത്രക്കിടയില്‍ വഴിയറിയാതുഴലുന്ന യാത്രികരോടാണ്. അവര്‍ വെളിച്ചത്തിനായി ഒരു പന്തം കത്തിച്ചു. അത് തങ്ങള്‍ക്കു ചുറ്റും പ്രകാശം പരത്താന്‍ തുടങ്ങിയപ്പോള്‍ അവര്‍ക്ക് ശരിയായ വഴി കണ്ടെത്താനായി. തങ്ങള്‍ക്ക് ഗുണകരം എന്തെന്നും ദോഷകരമെന്തെന്നും അവര്‍ക്ക് വ്യക്തമായി. പക്ഷേ, പെട്ടെന്ന് ആ പ്രകാശമണക്കപ്പെടുകയും അവര്‍ ഇരുളിലകപ്പെടുകയും ചെയ്തു. സന്മാര്‍ഗത്തിലേക്കുള്ള മൂന്നു വഴികളും അവര്‍ക്ക് നിരോധിക്കപ്പെട്ടു. ‘ബധിരരും ഊമകളും അന്ധരും’ എന്നതിലൂടെ അക്കാര്യം വ്യക്തമാക്കുന്നു. ഒരു ദാസനിലേക്ക് മാര്‍ഗദര്‍ശനം കടന്നുവരുന്നത് മൂന്ന് വാതായനങ്ങളിലൂടെയാണ്. ചെവികള്‍കൊണ്ടവന്‍ കേള്‍ക്കുന്നത്, കണ്ണുകള്‍കൊണ്ടവന്‍ കാണുന്നത്, പിന്നെ ഹൃദയം കൊണ്ടവന്‍ ഗ്രഹിക്കുന്നതും. ഈ ആളുകളുടെ ഹൃദയത്തിന് ഗ്രാഹ്യശക്തി ഇല്ല, അവര്‍ക്ക് കാഴ്ചയില്ല, അവര്‍ക്ക് കേള്‍ക്കുവാനും കഴിയില്ല. കേള്‍വിയേയോ, കാഴ്ചയേയോ ഗ്രാഹ്യശക്തിയോ അനുഗുണമായി ഉപയുക്തമാക്കാന്‍ കഴിയാത്തതിനാല്‍ അവര്‍ കേള്‍വിയും കാഴ്ചയും ഗ്രാഹ്യവും ഇല്ലാത്തവരാണെന്നും പറയപ്പെട്ടിരിക്കുകയും അപ്രകാരം തന്നെ വിശദമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഈ രണ്ടഭിപ്രായങ്ങളും ഒരേ അര്‍ഥത്തിലുള്ളതും അഭേദ്യമാം വിധം ബന്ധം പുലര്‍ത്തുന്നവയുമാണ്. ‘അവര്‍ (സത്യത്തിലേക്ക്) തിരിച്ചുവരികയില്ല.’ ആ വെളിച്ചത്തില്‍ അവര്‍ സന്മാര്‍ഗത്തിന്റെ പാന്ഥാവ് കണ്ടിട്ടുണ്ടായിരുന്നു. എന്നാല്‍, ആ വെളിച്ചമവര്‍ക്ക് നഷ്ടമായി, അവരിനി സത്യമാര്‍ഗത്തിലേക്ക് തിരിച്ചുവരികയില്ല തന്നെ.

വലിയ നിഫാഖുള്ളവര്‍ അധികവും പശ്ചാത്തപിക്കുകയില്ല. അവരെ കുറിച്ച് അല്ലാഹു പറയുന്നു:

صُمٌّۢ بُكْمٌ عُمْىٌ فَهُمْ لَا يَرْجِعُونَ

ബധിരരും ഊമകളും അന്ധന്‍മാരുമാകുന്നു അവര്‍. അതിനാല്‍ അവര്‍ (സത്യത്തിലേക്ക്‌) തിരിച്ചുവരികയില്ല. (ഖു൪ആന്‍:2/18)

അതയത്, ആന്തരികമായി (മനസ്സുകൊണ്ട്) ഇസ്‌ലാമിലേക്ക് തിരിച്ചുവരികയില്ല. അവ൪ പശ്ചാത്തപിക്കാന്‍ പോലും തയ്യാറാവില്ല.

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതീമിയ്യ(റഹി) പറഞ്ഞു: പ്രത്യക്ഷത്തില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കപ്പെടുന്നതിനെ സംബന്ധിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. കാരണം അവര്‍ എപ്പോഴും ഇസ്‌ലാം പ്രകടമാക്കുന്നു (വിശ്വാസിയായി ചമയുന്നു). അതുകൊണ്ട് യഥാര്‍ഥത്തില്‍ അവരുടെ അവസ്ഥ (മനസ്സുകൊണ്ട് പശ്ചാതപിച്ചിട്ടുണ്ടോ, ഇല്ലയോ) എന്താണെന്ന് വ്യക്തമാകുകയില്ല.

വലിയ നിഫാഖ് കൊണ്ട് ഇസ്‌ലാമില്‍ നിന്ന് പുറത്തുപോകുന്നതും പരലോകത്ത് നരകത്തിന്റെ അടിത്തട്ടില്‍ പ്രവേശിപ്പിക്കപ്പെടുന്നതുമാണ്.

إِنَّ ٱلْمُنَٰفِقِينَ فِى ٱلدَّرْكِ ٱلْأَسْفَلِ مِنَ ٱلنَّارِ وَلَن تَجِدَ لَهُمْ نَصِيرًا

തീര്‍ച്ചയായും കപടവിശ്വാസികള്‍ നരകത്തിന്റെ അടിത്തട്ടിലാകുന്നു. അവര്‍ക്കൊരു സഹായിയെയും നീ കണ്ടെത്തുന്നതല്ല. (ഖു൪ആന്‍:4/145)

വിശ്വാസപരമായ നിഫാഖ് ആറ് തരത്തിലുണ്ട്.

1. മുഹമ്മദ് നബിയെ(സ്വ) കളവാക്കുക (തിരസ്‌കരിക്കുക) അഥവാ അദ്ദേഹം കൊണ്ടുവന്ന ഖുര്‍ആനും ഹദീസും തള്ളിക്കളയുക.

2. ചിലകാര്യങ്ങളില്‍ മുഹമ്മദ് നബിയെ(സ്വ) അവിശ്വസിക്കുക (തിരസ്‌കരിക്കുക) അഥവാ അദ്ദേഹം കൊണ്ടുവന്ന ഖുര്‍ആനിലെയും ഹദീസിലെയും ചിലത് തള്ളിക്കളയുക

3. മുഹമ്മദ് നബിയോടും(സ്വ) നബിചര്യയോടും വെറുപ്പ് വെക്കുക.

4. മുഹമ്മദ് നബി(സ്വ) കൊണ്ടുവന്ന ചിലതില്‍ അഥവാ ഖുര്‍ആനിലെയും ഹദീസിലെയും വിധിവിലക്കുകളില്‍ ചിലതില്‍ വെറുക്കുക (അവയോട് വിദ്വേഷം വെക്കുക).

5. മുഹമ്മദ് നബി(സ്വ) കൊണ്ടുവന്ന ശരീഅത്തിന് (മതനിയമത്തിന്) വല്ല താഴ്ചയും വരികയാണെങ്കില്‍ (അഥവാ ആരെങ്കിലും ആ ശരീഅത്തിനെ താഴ്ത്തി പറഞ്ഞാല്‍) അതില്‍ സന്തോഷിക്കുക.

6. ഇസ്‌ലാം മതത്തെ സഹായിക്കുന്നതിനെ വെറുക്കുക.

കര്‍മപരമായ നിഫാഖ് (കാപട്യം)

കര്‍മപരമായ കാപട്യത്തെ ‘ചെറിയ നിഫാഖ് ‘ എന്നും പറയുന്നു. ഹൃദയത്തില്‍ വിശ്വാസം (ഈമാന്‍) ഉണ്ടായിരിക്കെ കാപട്യത്തിന്റെ ചില കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കലാകുന്നു ഇത്. ഇതുകൊണ്ട് ഇസ്‌ലാമില്‍ നിന്ന് പുറത്തുപോകുകയില്ല എങ്കിലും, ഇസ്‌ലാമില്‍നിന്ന് പുറത്തുപോകുന്നതിന്റെ മാര്‍ഗത്തിലേക്ക് എത്തിക്കുന്നതാകുന്നു ഇത്.

മുഹമ്മദ് അമാനി മൌലവി(റഹി) എഴുതുന്നു: രണ്ടാമത്തെ തരക്കാര്‍, കര്‍മ്മത്തിലും, സ്വഭാവത്തിലുമുള്ള കപടന്മാരാണ് (منافق والعمل والاخلاق ) ഇവര്‍ തനി അവിശ്വാസികളല്ലെങ്കിലും, വിശ്വാസത്തില്‍ സ്ഥിരതയും അടിയുറപ്പുമില്ലാത്ത ദുര്‍ബ്ബല വിശ്വാസക്കാരാകുന്നു. ഇവരില്‍ പല വകുപ്പുകള്‍ കാണാം. സ്വജനങ്ങള്‍ക്കൊപ്പിച്ച് വിശ്വാസത്തിനും അവിശ്വാസത്തിനും അരുനില്‍ക്കുന്നവര്‍, ഐഹിക താല്‍പര്യങ്ങളില്‍ ലയിച്ചു അല്ലാഹുവിന്റേയും റസൂലിന്റേയും ആജ്ഞാനിര്‍ദ്ദേശങ്ങളെ അവഗണിക്കുന്നവര്‍, ധനമോഹം, നേതൃത്വമോഹം, അസൂയ മുതലായ കാരണങ്ങളാല്‍ ഇസ്‌ലാമികാദര്‍ശങ്ങളെ വകവെക്കാത്തവര്‍, ഉപജീവനമാര്‍ഗങ്ങളിലും മറ്റും വ്യാപൃതരായി പരലോക വിചാരവും മതനിഷ്ഠയും നഷ്ടപ്പെട്ടവര്‍, ഇസ്‌ലാമിനെ പൊതുവില്‍ നിഷേധിക്കുന്നില്ലെങ്കിലും നബിയെ (സ്വ) സംബന്ധിച്ചോ ഇസ്‌ലാമിന്റെ ഏതെങ്കിലും സ്പഷ്ടമായ അധ്യാപനങ്ങളെ സംബന്ധിച്ചോ സംശയങ്ങളും ആശങ്കയും വെച്ചുകൊണ്ടിരിക്കുന്നവര്‍, ഇസ്‌ലാമിന്റെ ഏതെങ്കിലും എതിര്‍കക്ഷികളോടുള്ള അനുഭാവവും ചായ്‌വും നിമിത്തം അവരെ സഹായിക്കുവാനും തൃപ്തിപ്പെടുത്തുവാനും വേണ്ടി ഇസ്‌ലാമിക തത്വങ്ങളെ നിസ്സാരമാക്കുന്നവര്‍ എന്നിങ്ങനെയുള്ളവരെല്ലാം ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ട മുനാഫിഖുകളാകുന്നു.

ഇത്തരം മുനാഫിഖുകളെ എക്കാലത്തും കാണാം. ഇക്കാലത്ത് ഇത്തരക്കാരുടെ എണ്ണം വളരെ വര്‍ദ്ധിച്ചിരിക്കുകയാണ്. ഭൗതിക സുഖാഢംബരങ്ങളില്‍ ലയിച്ചും, ധനസമ്പാദനം ജീവിതോദ്ദേശ്യമാക്കിയും, സ്ഥാനമാനാദികള്‍ നഷ്ടപ്പെടുമെന്ന് ഭയന്നും, വലിയ ആള്‍ക്കാരുടെ അടുക്കലുള്ള സാമീപ്യവും സ്വാധീനവും നഷ്ടപ്പെട്ടേക്കുമെന്ന് പേടിച്ചും, ശാസ്ത്രീയ സിദ്ധാന്തങ്ങളുടെയും യുക്തിവാദങ്ങളുടെയും പിന്നാലെ കൂടിയും, ഭൗതികഭ്രമവും പരിഷ്‌കാരപ്രേമവും തലക്കുകേറിയും – അങ്ങനെ പല വിധത്തിലും – കപട വിശ്വാസികള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. അറിവും പഠിപ്പുമുള്ളവരും, ഇസ്‌ലാമിനു വേണ്ടി ഏതെങ്കിലും രംഗങ്ങളില്‍ സേവന പാരമ്പര്യം പുലര്‍ത്തിപ്പോരുന്നവരുമായ ആളുകള്‍ പോലും – തങ്ങളറിയാതെത്തന്നെ – ഇക്കൂട്ടത്തില്‍ അകപ്പെട്ടുപോയിക്കൊണ്ടിരിക്കുന്നതാണ് കൂടുതല്‍ വ്യസനകരം. അല്ലാഹുവില്‍ ശരണം. (അമാനി തഫ്സീറിന്റെ മുഖവുരയില്‍ നിന്ന്)

കര്‍മപരമായ കാപട്യമുള്ളവരില്‍ കുറച്ച് ഈമാനും കുറച്ച് നിഫാഖും ഉണ്ടാകും. നിഫാഖ് അധികരിക്കുകയാണെങ്കില്‍ വ്യക്തമായ മുനാഫിഖ് (ഇസ്‌ലാമില്‍ നിന്ന് പുറത്തുപോയ കപടവിശ്വാസി) തന്നെ ആയി മാറുകയും ചെയ്യുന്നതാണ്.

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏ “‏ أَرْبَعٌ مَنْ كُنَّ فِيهِ كَانَ مُنَافِقًا خَالِصًا، وَمَنْ كَانَتْ فِيهِ خَصْلَةٌ مِنْهُنَّ كَانَتْ فِيهِ خَصْلَةٌ مِنَ النِّفَاقِ حَتَّى يَدَعَهَا إِذَا اؤْتُمِنَ خَانَ وَإِذَا حَدَّثَ كَذَبَ وَإِذَا عَاهَدَ غَدَرَ، وَإِذَا خَاصَمَ فَجَرَ

അബ്ദില്ലാഹിബ്നു അംറില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍ (സ്വ) പറഞ്ഞു: ”നാല് കാര്യങ്ങള്‍ ആരിലെങ്കിലുമുണ്ടായാല്‍ അവന്‍ വ്യക്തമായ മുനാഫിഖാണ്. എന്നാല്‍ ആരിലെങ്കിലും (ഈ നാല് കാര്യങ്ങളില്‍ നിന്ന്) ഏതെങ്കിലുമൊരു കാര്യമുണ്ടായാല്‍ അവന്‍ ആ കാര്യം വെടിയുന്നത് വരെ കാപട്യത്തിന്റെ അംശം അവനില്‍ ഉണ്ടായിരിക്കും, അവ: (1) വിശ്വസിച്ചാല്‍ ചതിക്കും, (2) സംസാരിച്ചാല്‍ കളവ് പറയും, (3) കരാര്‍ ചെയ്താല്‍ ലംഘിക്കും, (4) തര്‍ക്കിച്ചാല്‍ (തെറ്റിയാല്‍) ദുഷിച്ചത് പറയും (ചെയ്യും). (ബുഖാരി: 34)

മുസ്‌ലിമിന്റെ റിപ്പോ൪ട്ടില്‍ ഇതുംകൂടി വന്നിട്ടുണ്ട്.

وَإِنْ صَامَ وَصَلَّى وَزَعَمَ أَنَّهُ مُسْلِمٌ

അവന്‍ നോമ്പ് നോല്‍ക്കുകയും നമസ്‌ക്കരിക്കുകയും, മുസ്‌ലിമാണെന്ന് വാദിക്കുകയും ചെയ്താലും ശരി. (മുസ്ലിം:59)

മേല്‍പറയപ്പെട്ട നാല് കാര്യങ്ങള്‍ ആരിലാണോ ഒന്നിക്കുന്നത് അവനില്‍ കാപട്യത്തിന്റെ എല്ലാ വിശേഷണങ്ങളും ദുഷ്‌കൃത്യങ്ങളും ഒന്നിക്കുന്നു. ആരിലെങ്കിലും ഈ നാല് കാര്യങ്ങളില്‍ നിന്ന് ഏതെങ്കിലുമൊരു കാര്യമുണ്ടായാല്‍ അവനില്‍ നിഫാഖിന്റെ ഒരു സ്വഭാവമുണ്ടാകും. ചിലപ്പോള്‍ ഒരാളില്‍ നന്മയുടെയും കുഫ്‌റിന്റെയും നിഫാഖിന്റെയും (ദുഷ്‌കൃത്യങ്ങളുള്ള) സ്വഭാവവും ഉണ്ടായിരിക്കും. അങ്ങനെയാണെങ്കില്‍ അവനില്‍ സമ്മേളിച്ചിട്ടുള്ള ആ സ്വഭാവഗുണങ്ങളുടെ തോത് പ്രകാരം എന്താണോ അവന് അര്‍ഹിക്കുന്നത് അതിനുള്ള പ്രതിഫലവും ശിക്ഷയും അവന് ലഭിക്കുന്നതാണ്.

സത്യവിശ്വാസികളായ ആളുകള്‍, അവരുടെ പ്രവൃത്തിദോഷവും, സ്വഭാവദോഷവും കൊണ്ട് മുനാഫിഖുകളായിത്തീരുമെന്ന് ഇതില്‍ നിന്നു വ്യക്തമാണ്. അതുകൊണ്ടാണ് നബിയുടെ(സ്വ) സ്വഹാബിമാര്‍പോലും നിഫാഖിനെ കുറിച്ച് സദാ ഭയപ്പെട്ടുകൊണ്ടിരുന്നത്.

قَالَ ابْنُ أَبِي مُلَيْكَةَ : أَدْرَكْتُ ثَلَاثِينَ مِنْ أَصْحَابِ النَّبِيِّ ﷺ كُلُّهُمْ يَخَافُ النِّفَاقَ عَلَى نَفْسِهِ، مَا مِنْهُمْ أَحَدٌ يَقُولُ : إِنَّهُ عَلَى إِيمَانِ جِبْرِيلَ وَمِيكَائِيلَ

ഇബ്‌നു അബീ മുലൈക (റ) പറഞ്ഞു: നബി ﷺ യുടെ സ്വഹാബിമാരിൽ 30 പേരെ ഞാൻ കണ്ടിട്ടുണ്ട്. അവരെല്ലാം തന്റെ കാര്യത്തിൽ നിഫാഖ് ഭയപ്പെടുന്നവരായിരുന്നു. അവരിൽ ഒരാളും തന്നെ താൻ ജിബിരീലിന്റെയോ മീകാഈലിന്റെയോ ഈമാനിലാണെന്ന് പറയുന്നവരായിരുന്നില്ല.

ഹസൻ അൽ ബസ്വരി رحمه الله  പറയുന്നു:

مَا خَافَهُ إِلَّا مُؤْمِنٌ، وَلَا أَمِنَهُ إِلَّا مُنَافِقٌ

മുഅ്മിനല്ലാതെ നിഫാഖിനെ ഭയക്കുകയില്ല. മുനാഫിഖല്ലാതെ അതിനെക്കുറിച്ച് നിർഭയനായിരിക്കുകയില്ല.

വിശ്വാസമുണ്ടെങ്കിലും അതിന്റെ ദുര്‍ബ്ബലത നിമിത്തം ഇസ്‌ലാമിക ശിക്ഷണത്തില്‍ ഉറച്ചു നില്‍ക്കുവാന്‍ കഴിയാത്തവരും, ചിലപ്പോഴൊക്കെ സംശയവും ആശയക്കുഴപ്പവും നേരിടുകയും ഇടക്ക് ബോധോദയവും സത്യവിശ്വാസത്തിന്റെ പ്രകാശവും പ്രകടമാകുകയും ചെയ്യുന്ന ഇത്തരക്കാരെ കുറിച്ച് വിശുദ്ധ ഖു൪ആനില്‍ അല്ലാഹു ഉപമ പറഞ്ഞിട്ടുള്ളത് കാണുക:

أَوْ كَصَيِّبٍ مِّنَ ٱلسَّمَآءِ فِيهِ ظُلُمَٰتٌ وَرَعْدٌ وَبَرْقٌ يَجْعَلُونَ أَصَٰبِعَهُمْ فِىٓ ءَاذَانِهِم مِّنَ ٱلصَّوَٰعِقِ حَذَرَ ٱلْمَوْتِ ۚ وَٱللَّهُ مُحِيطٌۢ بِٱلْكَٰفِرِينَ
يَكَادُ ٱلْبَرْقُ يَخْطَفُ أَبْصَٰرَهُمْ ۖ كُلَّمَآ أَضَآءَ لَهُم مَّشَوْا۟ فِيهِ وَإِذَآ أَظْلَمَ عَلَيْهِمْ قَامُوا۟ ۚ وَلَوْ شَآءَ ٱللَّهُ لَذَهَبَ بِسَمْعِهِمْ وَأَبْصَٰرِهِمْ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ

അല്ലെങ്കില്‍ (അവരെ) ഉപമിക്കാവുന്നത് ആകാശത്തുനിന്നു ചൊരിയുന്ന ഒരു പേമാരിയോടാകുന്നു. അതോടൊപ്പം കൂരിരുട്ടും ഇടിയും മിന്നലുമുണ്ട്‌. ഇടിനാദങ്ങള്‍ നിമിത്തം മരണം ഭയന്ന് അവര്‍ വിരലുകള്‍ ചെവിയില്‍ തിരുകുന്നു. എന്നാല്‍ അല്ലാഹു സത്യനിഷേധികളെ വലയം ചെയ്തിരിക്കുകയാണ്‌. മിന്നല്‍ അവരുടെ കണ്ണുകളെ റാഞ്ചിയെടുക്കുമാറാകുന്നു. അത് (മിന്നല്‍) അവര്‍ക്ക് വെളിച്ചം നല്‍കുമ്പോഴെല്ലാം അവര്‍ ആ വെളിച്ചത്തില്‍ നടന്നു പോകും. ഇരുട്ടാകുമ്പോള്‍ അവര്‍ നിന്നു പോകുകയും ചെയ്യും. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ കേള്‍വിയും കാഴ്ചയും അവന്‍ തീരെ നശിപ്പിച്ചുകളയുക തന്നെ ചെയ്യുമായിരുന്നു. നിസ്സംശയം അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാണ്‌. (ഖു൪ആന്‍:2/19-20)

രണ്ടു തരം വീക്ഷണങ്ങളിലൂടെ ഈ ഉപമ വ്യാഖ്യാനിക്കപ്പെടാറുണ്ട്.

ഒന്ന് : ആകാശത്തുനിന്ന് വമ്പിച്ച മഴ പെയ്തുകൊണ്ടിരിക്കുന്നു. രാത്രിയുടെ അന്ധകാരത്തിന് പുറമെ, മഴയുടെ ആധിക്യംകൊണ്ടും, മഴക്കാറുകളുടെ കുന്നുകൂടല്‍ കൊണ്ടുമുള്ള അന്ധകാരങ്ങളും, എല്ലാം കൂടി വമ്പിച്ച കൂരിരുട്ട്. മുമ്പോട്ട് നീങ്ങുവാന്‍ വഴി കണ്ടു കൂടാ. തപ്പി നടക്കുവാന്‍ പോലും കഴിയുന്നില്ല. മനസ്സിന്റെ സമനിലയും തെറ്റിയിരിക്കുന്നു. കാരണം, ഇടതടവില്ലാത്ത ഇടിയും മിന്നലും ഇടിവാളിന്റെ പൊട്ടലും ചീറ്റലും കേള്‍ക്കുമ്പോള്‍ മരണത്തെ ഭയന്ന് ആളുകള്‍ ചെവിയില്‍ വിരല്‍ തിരുകി കാതുപൊത്തിക്കളയും. മിന്നലിന്റെ അതിപ്രസരമാണെങ്കില്‍ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുപോകുമാറ്‌ ഭയങ്കരവും. മിന്നലിന്റെ വെളിച്ചം കിട്ടുമ്പോള്‍ അല്‍പമൊന്ന് നടന്നു നീങ്ങുവാന്‍ ശ്രമിക്കും. അപ്പോഴേക്ക് വീണ്ടും ഇരുട്ട്. അതോടെ സ്തംഭിച്ചു നില്‍ക്കുകയായി. അല്ലാഹു കാത്തുരക്ഷിച്ചതു കൊണ്ട് ഭാഗ്യത്തിന് ചെകിട് പൊട്ടി കേള്‍വി നശിക്കാതെയും, കണ്ണുപൊട്ടി കാഴ്ച നശിക്കാതെയും രക്ഷപ്പെട്ടുവെന്നു മാത്രം. ഇങ്ങിനെയുള്ള ഒരു മഴയില്‍ അകപ്പെട്ടാലത്തെ അവസ്ഥപോലെയാണ് കപടവിശ്വാസികളുടെയും സ്ഥിതിഗതികള്‍. അതായത്, ഒരിക്കലും മനസ്സമാധാനമോ സ്വസ്ഥതയോ അവര്‍ക്കില്ല. സംശയങ്ങളും ആശയക്കുഴപ്പങ്ങളും ഒരു ഭാഗത്ത്. പരിഭ്രമവും ഭീതിയും മറ്റൊരു ഭാഗത്ത്. നബിയുടെയും (സ്വ) സത്യവിശ്വാസികളുടെയും പക്ഷത്ത് ചേര്‍ന്നാലുണ്ടാകുന്ന നേട്ടങ്ങളും, അതോടൊപ്പം അതിനാല്‍ നേരിട്ടേക്കാവുന്ന ഉത്തരവാദിത്വങ്ങളും വേറൊരുവശത്ത്. അവിശ്വാസികളുടെ കൂടെ ചേര്‍ന്നാല്‍ ലഭിക്കുന്ന സ്വാര്‍ത്ഥങ്ങളും അതിന്റെ ഭവിഷ്യത്തുകളും വേറെയും. ചുരുക്കിപ്പറഞ്ഞാല്‍, മേല്‍ വിവരിച്ച മഴയില്‍ അകപ്പെട്ടാലുണ്ടാകുന്ന അവസ്ഥ തന്നെ എന്നു സാരം.

രണ്ട് : അവരുടെ നന്‍മക്കുവേണ്ടി അല്ലാഹുവില്‍നിന്നു അവതരിച്ചുകൊണ്ടിരിക്കുന്ന ഖുര്‍ആന്‍ വചനങ്ങള്‍, സന്ദേശങ്ങള്‍, ദൃഷ്ടാന്തങ്ങള്‍, വിധിവിലക്കുകള്‍ ആദിയായവയാണ് മഴയോട് ഉപമിക്കപ്പെട്ടിരിക്കുന്നത്. മഴ ഭൂമിയെ ജീവസ്സുള്ളതാക്കുന്നതുപോലെ അവ മനുഷ്യനും ജീവസ്സുണ്ടാക്കുന്നുവല്ലോ. ശക്തിയായ മഴ വര്‍ഷിക്കുമ്പോള്‍ ഇടിയും മിന്നലും സ്വാഭാവികമാണ്. കപടവിശ്വാസികളുടെ സംശയം, കാപട്യം, ആശയക്കുഴപ്പം, ദുര്‍മോഹം ആദിയായവയാണ് ഇരുട്ടിനോട് സാദൃശ്യപ്പെടുത്തിയിരിക്കുന്നത്. ദിവ്യ സന്ദേശങ്ങളില്‍ അടങ്ങിയിട്ടുള്ള താക്കീതുകള്‍, മുന്നറിയിപ്പുകള്‍ മുതലായവ ഇടികളോടും, അതിലെ ദൃഷ്ടാന്തങ്ങള്‍, സന്തോഷ വാര്‍ത്തകള്‍ മുതലായവ മിന്നലുകളോടും ഉപമിക്കപ്പെട്ടിരിക്കുന്നു. താക്കീതുകളും ശാസനകളും കേട്ട് സഹിക്കവയ്യാതെ ബധിരന്മാരെപ്പോലെ അവര്‍ തിരിഞ്ഞു കളയുന്നതിനെയാണ് ഇടിവാള്‍ നിമിത്തം മരണത്തെ ഭയന്ന് കാതുപൊത്തുന്നതിനോട് ഉപമിച്ചിരിക്കുന്നത്. പക്ഷേ, അവര്‍ കാതുപൊത്തിയതുകൊണ്ട് രക്ഷ കിട്ടുവാന്‍ പോകുന്നില്ല എന്നത്രെ ‘അല്ലാഹു അവിശ്വാസികളെ വലയം ചെയ്യുന്നവനാണ്’ എന്ന് പറഞ്ഞതിന്റെ താല്‍പര്യം. സത്യമാര്‍ഗം സ്വീകരിച്ചാല്‍ ഭൗതികമായും പാരത്രികമായും ലഭിക്കുവാനിരിക്കുന്ന നന്‍മകളെപ്പറ്റി ചിലപ്പോള്‍ അവര്‍ക്ക് ബോധോദയം ഉണ്ടാകും. അങ്ങനെ, ഗതി അല്‍പം മുന്നോട്ടാകും. അപ്പോഴേക്കും സ്വാര്‍ത്ഥ വിചാരങ്ങളും പരീക്ഷണഘട്ടങ്ങളും ഓര്‍മവരും. അതോടെ അത് സ്തംഭനത്തിലാകും. അതാണ് മിന്നല്‍ വെളിച്ചത്തില്‍ മുമ്പോട്ട് നടക്കുമെന്നും ഇരുട്ടായാല്‍ നിന്നു പോകുമെന്നും പറഞ്ഞത്. കണ്ടും കേട്ടും കാര്യങ്ങള്‍ ഗ്രഹിക്കുവാനുള്ള കഴിവ് അല്ലാഹു അവര്‍ക്ക് നല്‍കിയതിനെ അവര്‍ ദുരുപയോഗപ്പെടുത്തിയിരിക്കെ, അവയെ നിശ്ശേഷം എടുത്തുകളയുവാന്‍ അവന് ഒട്ടും പ്രയാസമില്ല. എങ്കിലും അതവന്‍ ഉദ്ദേശിച്ചിട്ടില്ലാത്തതു കൊണ്ട് സംഭവിച്ചിട്ടില്ലെന്ന് മാത്രം.

ഇമാം ഇബ്‌നുല്‍ ക്വയ്യിം അല്‍ജൗസി(റഹി) പറഞ്ഞു:ഈ വചനത്തില്‍ പറയുന്ന ‘സ്വയ്യിബ്’ കൊണ്ടുദ്ദേശിക്കുന്നത് ആകാശത്തു നിന്നും ചൊരിയപ്പെടുന്ന മഴയാണ്. അല്ലാഹു അവന്റെ ദാസന്മാരെ നയിച്ച സന്മാര്‍ഗത്തെയാണ് ഇവിടെ വെള്ളവുമായി ബന്ധപ്പെടുത്തിയിരിക്കുന്നത്. കാരണം, ജലം ഭൂമിയെ ജീവസ്സുറ്റതാക്കുന്നതുപോലെ സന്മാര്‍ഗം ഹൃദയത്തിന് ജീവന്‍ നല്‍കുന്നു. കാര്‍മേഘത്തിലകപ്പെട്ട ഒരുവന് അന്ധകാരവും ഇടിനാദവും ഇടിമിന്നലുമല്ലാതെ അതില്‍ നിന്നും ഒന്നും ലഭിക്കാനില്ലാത്തതുപോലെയാണ് കപടവിശ്വാസികള്‍ക്ക് ഈ സന്മാര്‍ഗത്തിന്റെ പങ്ക് ലഭിക്കുന്നത്. എന്നാല്‍ ഇരുട്ടും ഇടിനാദവും ഇടിമിന്നലുമല്ല മഴമേഘത്തില്‍ നിന്നും മൊത്തത്തില്‍ തീരുമാനിക്കപ്പെട്ടിട്ടുള്ള സംഗതികള്‍. എന്നാലതിനുപരിയായി അതില്‍ നിന്നും ഉദ്ദേശിക്കപ്പെട്ട നേട്ടങ്ങളിലേക്ക് നയിക്കുന്ന കാര്യങ്ങളത്രെ അവ. അറിവില്ലാത്തവന്‍ ഈ മഴമേഘത്തിന്റെ ബാഹ്യ പ്രഭാവങ്ങളായ ഇരുട്ട്, ഇടിനാദം, ഇടിമിന്നല്‍, തണുപ്പ് എന്നിവയുടെ കാഴ്ചയില്‍ ഒതുങ്ങിയവനും തന്റെ യാത്ര തടയപ്പെട്ടു എന്ന യാഥാര്‍ഥ്യത്തെ മനസ്സിലാക്കിയവനും മാത്രമാണ്. എന്നാല്‍ ഈ മഴയുടെ ഫലമായിക്കൊണ്ട് സംഭവിക്കാനിരിക്കുന്ന അനവധി ഗുണങ്ങളെക്കുറിച്ച് അവനൊരു സൂചനപോലുമില്ല.

വലിയ നിഫാഖും ചെറിയ നിഫാഖും തമ്മിലുള്ള വ്യത്യാസങ്ങള്‍

1. വലിയ നിഫാഖ് കാരണം ഇസ്‌ലാമില്‍നിന്ന് പുറത്തുപോകും. എന്നാല്‍ ചെറിയ നിഫാഖ് കാരണം ഇസ്‌ലാമില്‍ നിന്ന് പുറത്തുപോകുകയില്ല.

2. വലിയ നിഫാഖ് കാരണം ഉള്ളിലുള്ളതും (മനസ്സിലുള്ളതും) പുറത്തുള്ളതുമായ (പുറത്തുകാണിക്കുന്നതുമായ) വിശ്വാസത്തില്‍ പരസ്പരം വ്യത്യാസം വരുന്നതാണ്. എന്നാല്‍ ചെറിയ നിഫാഖ് രഹസ്യത്തിലും പരസ്യത്തിലും കര്‍മങ്ങളില്‍ (മാത്രം) പരസ്പരം വ്യത്യാസം വരുന്നതാണ്, അത് വിശ്വാസത്തിലുണ്ടാവില്ല.

3. വലിയ നിഫാഖ് വിശ്വാസിയില്‍നിന്ന് ഉണ്ടാകുകയില്ല. എന്നാല്‍ ചെറിയ നിഫാഖ് ഒരുപക്ഷേ വിശ്വാസിയില്‍ നിന്നും (ഈമാന്‍ കുറയുമ്പോള്‍ മാത്രം) ഉണ്ടായേക്കാം.

4. വലിയ നിഫാഖുള്ളവര്‍ അധികവും പശ്ചാതപിക്കുകയില്ല. എന്നാല്‍ ചെറിയ നിഫാഖുള്ളവര്‍ അല്ലാഹുവിനോട് പശ്ചാത്തപിച്ചേക്കാം. അപ്പോള്‍ അല്ലാഹു ആ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്‌തേക്കാം.

ഇസ്ലാമിക ചരിത്രത്തില്‍ മുനാഫിഖുകളുടെ തുടക്കം

മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു: മദനീ സൂറത്തുകളിലാണ് മുനാഫിക്വുകളെപറ്റി പരാമര്‍ശങ്ങളുള്ളത്. മക്കയില്‍ മുനാഫിക്വുകള്‍ ഇല്ലായിരുന്നു. നേരെമറിച്ച് യഥാര്‍ത്ഥത്തില്‍ സത്യവിശ്വാസം സ്വീകരിക്കുകയും, അതോടുകൂടി ദൗര്‍ബ്ബല്യം കാരണം അത് മൂടിവെച്ചുകൊണ്ട് ബാഹ്യത്തില്‍ അവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യാന്‍ നിര്‍ബന്ധിതരായ ചിലരാണ് മക്കയില്‍ ഉണ്ടായിരുന്നത്. കാരണം, അവിടെ പ്രതാപവും ശക്തിയും മുശ്‌രിക്കുകള്‍ക്കായിരുന്നല്ലോ. നബി (സ്വ) മദീനായില്‍ വന്നപ്പോള്‍ ഔസ്, ഖസ്‌റജ് എന്നീ രണ്ട് ഗോത്രക്കാരായിരുന്നു അവിടത്തെ അറബികള്‍. മുമ്പ് അവരും മക്കാ മുശ്‌രിക്കുകളെപ്പോലെ വിഗ്രഹാരാധകരായിരുന്നുവെങ്കിലും നബി (സ്വ) യും സ്വഹാബികളും അവിടെ എത്തും മുമ്പ് തന്നെഅവര്‍ക്കിടയില്‍ ഇസ്‌ലാമിനു പ്രചാരം സിദ്ധിച്ചു തുടങ്ങിയിരുന്നു. നബി (സ്വ) യുടെ വരവോടുകൂടി അത് കൂടുതല്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്തു. മദീനാ പരിസരങ്ങളിലുണ്ടായിരുന്ന മറ്റൊരു കൂട്ടര്‍ യഹൂദികളായിരുന്നു. അവരുടെ യഹൂദ പാരമ്പര്യമനുസരിച്ചു പോരുന്നവരായിരുന്നു അവര്‍. യഹൂദികള്‍ മൂന്നു ഗോത്രക്കാരായിരുന്നു. ബനൂകൈഖയ്നുഖാഅ്, ബനൂനളീര്‍, ബനൂഖുറൈള: ( قَيْنُقَاءْ ، قُرَيْظَة ، نَضِير ). ആദ്യത്തെ ഗോത്രവും ഖസ്‌റജൂം തമ്മിലും, അവസാനത്തെ രണ്ടു ഗോത്രവും ഔസും തമ്മിലും സഖ്യത്തിലായിരുന്നു. അറബികളില്‍നിന്ന് ധാരാളം ആളുകള്‍ ഇസ്‌ലാമിനെ അംഗീകരിച്ചുവെങ്കിലും യഹൂദികളില്‍നിന്ന് അബ്ദുല്ലാഹിബ്‌നു സലാമും (റ) വളരെ ചുരുക്കം പേരും മാത്രമേ ഇസ്‌ലാമില്‍ വന്നിട്ടുള്ളൂ. ഇക്കാലത്ത് മദീനായില്‍ മുനാഫിക്വുകളുണ്ടായിരുന്നില്ല. ഭയപ്പെടത്തക്ക ഒരു ശക്തി അന്നു മുസ്‌ലിംകള്‍ക്കു ലഭിച്ചു കഴിഞ്ഞിരുന്നില്ല. അത്‌കൊണ്ട് കപടവേഷത്തിന്റെ ആവശ്യം ഇല്ലായിരുന്നു. നബിയാകട്ടെ, യഹൂദരുമായും, പരിസരപ്രദേശങ്ങളിലുള്ള പല അറബീ ഗോത്രങ്ങളുമായും സഖ്യഉടമ്പടി നടത്തുകയും ചെയ്തിരുന്നു.

ഖസ്‌റജ് ഗോത്രക്കാരനാണെങ്കിലും ഔസിലും ഖസ്‌റജിലും പൊതു നേതൃത്വം കൈവന്ന ഒരു നേതാവായിരുന്നു അബ്ദുല്ലാഹിബ്‌നു ഉബയ്യിബ്‌നിനു സുലൂല്‍. അബ്ദുല്ലായെ എല്ലാവരുടെയും രാജാവായി വാഴിക്കുവാന്‍ ആലോചന നടന്നു വരികയായിരുന്നു. അക്കാലത്താണ് ഇസ്‌ലാമിനു, മേല്‍ പ്രസ്താവിച്ച പ്രകാരമുള്ള സ്വാധീനം ഉണ്ടായിത്തീര്‍ന്നത്. പലരും ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടതോടെ ആ ആലോചന മുന്നോട്ടു പോകാതായി. നേതൃത്വമോഹിയായ അബ്ദുല്ലാഹിബ്‌നു ഉബയ്യിന്ന് ഇതുമൂലം ഇസ്‌ലാമിനോടും മുസ്‌ലിംകളോടും വെറുപ്പുളവായി. സുപ്രസിദ്ധമായ ബദ്ര്‍ യുദ്ധം കഴിഞ്ഞതോടെ മുസ്‌ലിംകളുടെ യശസ്സും പ്രതാപവും ശക്തിപ്പെട്ടുവല്ലോ. ഇസ്ലാമിന്റെ ശക്തി പൂര്‍വ്വാധികം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് കണ്ടപ്പോള്‍, അവനും അവന്റെ സില്‍ബന്ധികളും അനുഭാവികളും പ്രത്യക്ഷത്തില്‍ ഇസ്‌ലാമിനെ അംഗീകരിച്ച് മുസ്‌ലിംകളായി അഭിനയിച്ചു. വേദക്കാരില്‍പെട്ട ചിലരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവിടം മുതല്‍ക്കാണ് ‘മുനാഫിക്വു’കളുടെ തുടക്കം. ക്രമേണ മദീനായിലും, ചുറ്റുപ്രദേശങ്ങളിലുള്ള ‘അഅ്‌റാബി’ (മരുഭൂവാസി)കള്‍ക്കിടയിലും ഇവരുടെ എണ്ണം വര്‍ദ്ധിച്ചു. മക്കയില്‍ നിന്നു ഹിജ്‌റഃ വന്ന മുഹാജിറുകളില്‍ ആരിലും ‘നിഫാക്വി’ (കാപട്യത്തി)ന്റെ രോഗം ബാധിച്ചിട്ടില്ല . അവരാരും മറ്റുള്ളവരുടെ നിര്‍ബന്ധത്തിനോ, സ്വാധീനത്തിനോ വഴങ്ങി ഇസ്‌ലാമിനെ അംഗീകരിച്ചവരോ, അല്ലാഹു അല്ലാത്ത മറ്റാരുടെയെങ്കിലും പ്രീതിക്കു വേണ്ടി സത്യവിശ്വാസം സ്വീകരിച്ചവരോ അല്ലല്ലോ (كَمَا إِبْن كَثِيرْ) (അമാനി തഫ്സീ൪ : ഖു൪ആന്‍ 2/8 ന്റെ വിശദീകരണത്തില്‍ നിന്ന്)

മുനാഫിഖുകളുടെ ചില ലക്ഷണങ്ങള്‍

മുനാഫിഖുകളെ വേ൪തിരിച്ചറിയാന്‍ സഹായിക്കുന്ന ധാരാളം ലക്ഷണങ്ങളുണ്ട്. വിശുദ്ധ ഖു൪ആനില്‍ പലയിടങ്ങളിലും അല്ലാഹു അവരുടെ ലക്ഷണങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

1.  മനസിന് രോഗം ബാധിച്ചവ൪

സത്യവിശ്വാസികളുടെ മുമ്പാകെ സ്വന്തം നിലപാടുകളെ സത്യസന്ധമായി അവതരിപ്പിക്കാന്‍ ത്രാണിയില്ലാത്തവരാണ് മുനാഫിഖുകള്‍. വ്യക്തമായ വിശ്വാസ പ്രഖ്യാപനത്തിനോ സത്യനിഷേധത്തിനോ ധൈര്യമില്ലാത്ത ദു൪ബലന്‍മാരാണ് അവ൪. തങ്ങളുടെ മനസ്സിന് ബാധിച്ച രോഗമാണ് അതിന് കാരണം.കാപട്യവും നിഷേധവുമൊക്കെ മുനാഫിഖുകളുടെ രോഗത്തിന്റെ ലക്ഷണങ്ങളാണ്. അവരുടെ ഈ രോഗമാണ് ശരിയായ ഈമാനിന്റെ മാ൪ഗത്തില്‍ നിന്നും അവരെ അകറ്റി നി൪ത്തുന്നതും.

فِى قُلُوبِهِم مَّرَضٌ فَزَادَهُمُ ٱللَّهُ مَرَضًا ۖ وَلَهُمْ عَذَابٌ أَلِيمٌۢ بِمَا كَانُوا۟ يَكْذِبُونَ

അവരുടെ മനസ്സുകളില്‍ ഒരുതരം രോഗമുണ്ട്‌. തന്നിമിത്തം അല്ലാഹു അവര്‍ക്ക് രോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. കള്ളം പറഞ്ഞുകൊണ്ടിരുന്നതിന്റെഫലമായി വേദനയേറിയ ശിക്ഷയാണ് അവര്‍ക്കുണ്ടായിരിക്കുക.  (ഖു൪ആന്‍:2/10-11)

അല്ലാഹു അവര്‍ക്ക് രോഗം വര്‍ദ്ധിപ്പിച്ചു എന്ന് പറഞ്ഞതിന്റെ താല്‍പര്യം മറ്റൊരു വചനത്തില്‍നിന്ന് കൂടുതല്‍ വ്യക്തമാണ്. അല്ലാഹുവിന്റെ വചനം കേട്ടാല്‍പോലും അവ൪ സത്യനിഷേധത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് ചെയ്യുന്നത്.

وَإِذَا مَآ أُنزِلَتْ سُورَةٌ فَمِنْهُم مَّن يَقُولُ أَيُّكُمْ زَادَتْهُ هَٰذِهِۦٓ إِيمَٰنًا ۚ فَأَمَّا ٱلَّذِينَ ءَامَنُوا۟ فَزَادَتْهُمْ إِيمَٰنًا وَهُمْ يَسْتَبْشِرُونَ – وَأَمَّا ٱلَّذِينَ فِى قُلُوبِهِم مَّرَضٌ فَزَادَتْهُمْ رِجْسًا إِلَىٰ رِجْسِهِمْ وَمَاتُوا۟ وَهُمْ كَٰفِرُونَ

(ഖുര്‍ആനിലെ) ഏതെങ്കിലും ഒരു അദ്ധ്യായം അവതരിപ്പിക്കപ്പെട്ടാല്‍ അവരില്‍ ചിലര്‍ പറയും: നിങ്ങളില്‍ ആര്‍ക്കാണ് ഇത് വിശ്വാസം വര്‍ദ്ധിപ്പിച്ചു തന്നത്‌? എന്നാല്‍ സത്യവിശ്വാസികള്‍ക്കാകട്ടെ, അതവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുക തന്നെയാണ് ചെയ്തത്‌. അവര്‍ (അതില്‍) സന്തോഷം കൊള്ളുകയും ചെയ്യുന്നു. എന്നാല്‍ മനസ്സുകളില്‍ രോഗമുള്ളവര്‍ക്കാകട്ടെ അവര്‍ക്ക് അവരുടെ ദുഷ്ടതയിലേക്ക് കൂടുതല്‍ ദുഷ്ടത കൂട്ടിചേര്‍ക്കുകയാണ് അത് ചെയ്തത്‌. അവര്‍ സത്യനിഷേധികളായിരിക്കെത്തന്നെ മരിക്കുകയും ചെയ്തു. (ഖു൪ആന്‍:9/124-125)

2. ഗുണകാംക്ഷികളെന്ന് അവകാശപ്പെടുന്ന കുഴപ്പക്കാ൪

തങ്ങള്‍ സമൂഹത്തിലെ ഗുണകാംക്ഷികളാണെന്നും മനുഷ്യരുടെ നന്‍മക്ക് വേണ്ടിയാണ് തങ്ങള്‍ പരിശ്രമിക്കുന്നതെന്നുമാണ് മുനാഫിഖുകള്‍ എല്ലാ കാലത്തും അവകാശപ്പെടുന്നത്. സത്യത്തില്‍ അവരുടെ മനോനിലക്ക് സാരമായ തകരാറ് പറ്റിയിരിക്കുകയാണ്. ഗുണകാംക്ഷികളാണോ കുഴപ്പക്കാരാണോ എന്നറിയാനുള്ള കൃത്യമായ ദൈവികമാന ദണ്ഢത്തില്‍ നിന്നും അവ൪ അകന്നുപോയി എന്നതാണ് അതിനുള്ള കാരണം. സത്യനിഷേധം, സത്യവിശ്വാസികളെ കബളിപ്പിക്കല്‍, ജനമദ്ധ്യെ ആശയക്കുഴപ്പം സൃഷ്ടിക്കല്‍, വാക്കിനെതിരായ പ്രവര്‍ത്തനം, ഇസ്‌ലാമിന്റെ ശത്രുക്കളുമായുള്ള രഹസ്യബന്ധങ്ങള്‍ എന്നിങ്ങനെ പലതരത്തിലുള്ള കുഴപ്പങ്ങളാണ് മുനാഫിഖുകള്‍ ചെയ്യുന്നത്.തങ്ങള്‍ സമൂഹത്തിലെ ഗുണകാംക്ഷികളാണെന്ന് വാദിക്കുന്ന ഇത്തരം കുഴപ്പക്കാരുടെ ഈ കാലഘട്ടത്തില്‍ വളരെ കൂടുതലാണ്. അവരുടെ സ്വഭാവത്തെ കുറിച്ച് അല്ലാഹു പറഞ്ഞു:

وَإِذَا قِيلَ لَهُمْ لَا تُفْسِدُوا۟ فِى ٱلْأَرْضِ قَالُوٓا۟ إِنَّمَا نَحْنُ مُصْلِحُونَ

നിങ്ങള്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കാതിരിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, ഞങ്ങള്‍ സല്‍പ്രവര്‍ത്തനങ്ങള്‍ മാത്രമാണല്ലോ ചെയ്യുന്നത് എന്നായിരിക്കും അവരുടെ മറുപടി. (ഖു൪ആന്‍:2/11)

മുനാഫിഖുകളുടെ ഈ വാദത്തിന്റെ നിജസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അല്ലാഹു പറഞ്ഞു:

أَلَآ إِنَّهُمْ هُمُ ٱلْمُفْسِدُونَ وَلَٰكِن لَّا يَشْعُرُونَ

എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ തന്നെയാകുന്നു കുഴപ്പക്കാര്‍. പക്ഷെ, അവരത് മനസ്സിലാക്കുന്നില്ല.(ഖു൪ആന്‍:2/12)

3. വക്രമനസ്കരായ മൂഢന്‍മാ൪

സത്യവിശ്വാസികളുമായി സമ്പ൪ക്കം പുല൪ത്തുമ്പോഴും മുനാഫിഖുകളുടെ നിലപാട്, ഈമാന്‍ – ഇഖ്ലാസ് എന്നൊക്കെ പറഞ്ഞാല്‍ ഒരുതരം മൂഢത്വമാണ് എന്നാണ്. യഥാ൪ത്ഥത്തില്‍ വഴിപിഴച്ച ഈ വിഭാഗത്തിന്റെ നിലപാടാണ് മൂഢത്വം. അതിനെ കുറിച്ച് അല്ലാഹു പറഞ്ഞത് കാണുക:

وَإِذَا قِيلَ لَهُمْ ءَامِنُوا۟ كَمَآ ءَامَنَ ٱلنَّاسُ قَالُوٓا۟ أَنُؤْمِنُ كَمَآ ءَامَنَ ٱلسُّفَهَآءُ ۗ أَلَآ إِنَّهُمْ هُمُ ٱلسُّفَهَآءُ وَلَٰكِن لَّا يَعْلَمُونَ

മറ്റുള്ളവര്‍ വിശ്വസിച്ചത് പോലെ നിങ്ങളും വിശ്വസിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍ ഈ മൂഢന്‍മാര്‍ വിശ്വസിച്ചത് പോലെ ഞങ്ങളും വിശ്വസിക്കുകയോ ? എന്നായിരിക്കും അവര്‍ മറുപടി പറയുക. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ തന്നെയാകുന്നു മൂഢന്‍മാര്‍. പക്ഷെ, അവരത് അറിയുന്നില്ല. (ഖു൪ആന്‍:2/13)

4. കുതന്ത്രക്കാരായ വഞ്ചകന്‍മാ൪

നെറികെട്ട കുതന്ത്രത്തിന്റെ ആളുകളാണ് മുനാഫിഖുകള്‍. അവസരത്തിനൊത്ത് നിറം മാറ്റുന്ന വഞ്ചകന്‍മാരാണവ൪. സത്യവിശ്വാസികളുടെ മുന്നില്‍ ഈമാനിന്റെ മുഖം മൂടിയണിഞ്ഞ് എത്തുന്ന ഇവ൪, സത്യനിഷേധികളുടെ ചേരിയിലെത്തിയാല്‍ മുഖംമൂടി അഴിച്ചുമാറ്റും. എന്നിട്ട് തങ്ങളുടെ യഥാ൪ത്ഥ മുഖം പ്രകടമാക്കും. സത്യവിശ്വാസികളെ അപകടത്തിലാക്കുവാനും പരമാവധി ദ്രോഹിക്കുവാനും അങ്ങേയറ്റത്തെ ഉപദ്രവങ്ങളിലകപ്പെടുത്തുവാനുമാണ് മുനാഫിഖുകള്‍ ഇതിലൂടെ ഉദ്ദേശിക്കുന്നത്.

وَإِذَا لَقُوا۟ ٱلَّذِينَ ءَامَنُوا۟ قَالُوٓا۟ ءَامَنَّا وَإِذَا خَلَوْا۟ إِلَىٰ شَيَٰطِينِهِمْ قَالُوٓا۟ إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِءُونَ

വിശ്വാസികളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും; ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്‌. അവര്‍ തങ്ങളുടെ (കൂട്ടാളികളായ) പിശാചുക്കളുടെ അടുത്ത് തനിച്ചാകുമ്പോള്‍ അവരോട് പറയും: ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയാകുന്നു. ഞങ്ങള്‍ (മറ്റവരെ) കളിയാക്കുക മാത്രമായിരുന്നു.(ഖു൪ആന്‍:2/140

5. കരാ൪ ലംഘകന്‍മാ൪

അല്ലാഹുവിനോടുള്ള കരാറിനെ ലംഘിക്കാന്‍ യാതൊരു മടിയുമില്ലാത്തവരാണ് മുനാഫിഖുകള്‍.

وَمِنْهُم مَّنْ عَٰهَدَ ٱللَّهَ لَئِنْ ءَاتَىٰنَا مِن فَضْلِهِۦ لَنَصَّدَّقَنَّ وَلَنَكُونَنَّ مِنَ ٱلصَّٰلِحِينَ
فَلَمَّآ ءَاتَىٰهُم مِّن فَضْلِهِۦ بَخِلُوا۟ بِهِۦ وَتَوَلَّوا۟ وَّهُم مُّعْرِضُونَ
فَأَعْقَبَهُمْ نِفَاقًا فِى قُلُوبِهِمْ إِلَىٰ يَوْمِ يَلْقَوْنَهُۥ بِمَآ أَخْلَفُوا۟ ٱللَّهَ مَا وَعَدُوهُ وَبِمَا كَانُوا۟ يَكْذِبُونَ

അല്ലാഹു അവന്റെ അനുഗ്രഹത്തില്‍ നിന്ന് ഞങ്ങള്‍ക്ക് നല്‍കുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ ദാനം ചെയ്യുകയും, ഞങ്ങള്‍ സജ്ജനങ്ങളുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുമെന്ന് അവനുമായി കരാര്‍ ചെയ്ത ചിലരും ആ കൂട്ടത്തിലുണ്ട്‌.എന്നിട്ട് അവന്‍ അവര്‍ക്ക് തന്റെ അനുഗ്രഹത്തില്‍ നിന്ന് നല്‍കിയപ്പോള്‍ അവര്‍ അതില്‍ പിശുക്ക് കാണിക്കുകയും, അവഗണിച്ചുകൊണ്ട് തിരിഞ്ഞുകളയുകയും ചെയ്തു. അവര്‍ അവനെ കണ്ടുമുട്ടുന്ന ദിവസം (ന്യായവിധിയുടെ ദിവസം) വരെ അവരുടെ ഹൃദയങ്ങളില്‍ കാപട്യമുണ്ടായിരിക്കുക എന്നതാണ് അതിന്റെ അനന്തരഫലമായി അവന്‍ അവര്‍ക്ക് നല്‍കിയത്‌. അല്ലാഹുവോട് അവര്‍ ചെയ്ത വാഗ്ദാനം അവര്‍ ലംഘിച്ചത് കൊണ്ടും, അവര്‍ കള്ളം പറഞ്ഞിരുന്നതുകൊണ്ടുമാണത്‌. (ഖു൪ആന്‍:9/75-77)

6 .അവിശ്വാസികളുടെ മിത്രങ്ങള്‍

സത്യവിശ്വാസികളോട് അടുപ്പം അഭിനയിക്കുകയും അവിശ്വാസികളുമായി ചങ്ങാത്തത്തിലേ൪പ്പെടുകയും ചെയ്യുന്ന ദ്വിമുഖന്‍മാരാണ് മുനാഫിഖുകള്‍.

ٱلَّذِينَ يَتَّخِذُونَ ٱلْكَٰفِرِينَ أَوْلِيَآءَ مِن دُونِ ٱلْمُؤْمِنِينَ ۚ أَيَبْتَغُونَ عِندَهُمُ ٱلْعِزَّةَ فَإِنَّ ٱلْعِزَّةَ لِلَّهِ جَمِيعًا

സത്യവിശ്വാസികളെ വിട്ട് സത്യനിഷേധികളെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്നവരാകുന്നു അവര്‍. അവരുടെ (സത്യനിഷേധികളുടെ) അടുക്കല്‍ പ്രതാപം തേടിപ്പോകുകയാണോ അവര്‍? എന്നാല്‍ തീര്‍ച്ചയായും പ്രതാപം മുഴുവന്‍ അല്ലാഹുവിന്‍റെ അധീനത്തിലാകുന്നു. (ഖു൪ആന്‍:4/139)

7. അവസരവാദികള്‍

ഭൌതികമായ നേട്ടങ്ങള്‍ക്ക് വേണ്ടി സത്യവിശ്വാസികളോടൊപ്പം നിലകൊള്ളുകയും അവരുടെ ജയപരാജയങ്ങള്‍ക്കനുസരിച്ച് നിലപാടെടുക്കുന്നവരാണ് മുനാഫിഖുകള്‍. അവ൪ സത്യവിശ്വാസികളുടെ വിജയവേളയില്‍ സത്യവിശ്വാസികളോടൊപ്പം നിലകൊള്ളുകയും പ്രതിസന്ധി ഘട്ടങ്ങളില്‍ സത്യിഷേധികളോടൊപ്പം നിലകൊള്ളുകയും ചെയ്യുന്നു.

ٱلَّذِينَ يَتَرَبَّصُونَ بِكُمْ فَإِن كَانَ لَكُمْ فَتْحٌ مِّنَ ٱللَّهِ قَالُوٓا۟ أَلَمْ نَكُن مَّعَكُمْ وَإِن كَانَ لِلْكَٰفِرِينَ نَصِيبٌ قَالُوٓا۟ أَلَمْ نَسْتَحْوِذْ عَلَيْكُمْ وَنَمْنَعْكُم مِّنَ ٱلْمُؤْمِنِينَ ۚ فَٱللَّهُ يَحْكُمُ بَيْنَكُمْ يَوْمَ ٱلْقِيَٰمَةِ ۗ وَلَن يَجْعَلَ ٱللَّهُ لِلْكَٰفِرِينَ عَلَى ٱلْمُؤْمِنِينَ سَبِيلًا

നിങ്ങളുടെ സ്ഥിതിഗതികള്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നവരത്രെ അവര്‍ (കപടവിശ്വാസികള്‍) നിങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് ഒരു വിജയം കൈവന്നാല്‍ അവര്‍ പറയും; ഞങ്ങള്‍ നിങ്ങളുടെ കൂടെയായിരുന്നില്ലേ എന്ന്‌. ഇനി അവിശ്വാസികള്‍ക്കാണ് വല്ല നേട്ടവുമുണ്ടാകുന്നതെങ്കില്‍ അവര്‍ പറയും; നിങ്ങളുടെ മേല്‍ ഞങ്ങള്‍ വിജയ സാധ്യത നേടിയിട്ടും വിശ്വാസികളില്‍ നിന്ന് നിങ്ങളെ ഞങ്ങള്‍ രക്ഷിച്ചില്ലേ എന്ന്‌. എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ നിങ്ങള്‍ക്കിടയില്‍ അല്ലാഹു വിധി കല്‍പിക്കുന്നതാണ്‌. വിശ്വാസികള്‍ക്കെതിരില്‍ അല്ലാഹു ഒരിക്കലും സത്യനിഷേധികള്‍ക്ക് വഴി തുറന്നുകൊടുക്കുന്നതല്ല. (ഖു൪ആന്‍: 4/141)

സത്യവിശ്വാസികള്‍ക്ക് വല്ല വിജയമോനേട്ടമോ കൈവരുമ്പോള്‍, നമ്മളൊക്കെ ഒന്നല്ലേ, ഞങ്ങളും മുസ്‌ലിംകളാണല്ലോ, ഞങ്ങള്‍ക്കും അതില്‍ അവകാശവും പങ്കും ഉണ്ടല്ലോ എന്നിങ്ങനെ സമര്‍ത്ഥിച്ചുകൊണ്ട് അതില്‍ ഭാഗഭാക്കാകുവാന്‍ മുനാഫിഖുകള്‍ ശ്രമിക്കും. ഇനി ഉഹ്ദില്‍ സംഭവിച്ചതുപോലെ വല്ലപ്പോഴും അവിശ്വാസികള്‍ക്ക് എന്തെങ്കിലും നേട്ടമോ വിജയമൊ ലഭിച്ചുവെങ്കില്‍ മുനാഫിഖുകള്‍ ഭാവം മാറ്റി അവരെ പറ്റിക്കൂടുകയും ചെയ്യും. ഞങ്ങള്‍ക്ക് മുസ്‌ലിംകളെ സഹായിച്ചു കൊണ്ട് നിങ്ങളെ പരാജയപ്പെടുത്തുവാന്‍ അവസരവും കഴിവുമുണ്ടായിരുന്നുവെന്നും അതിന് തുനിയാതെ അവരുമായി നിസ്സഹകരിക്കുകയും, നിങ്ങള്‍ക്ക് അവരില്‍ നിന്ന് രക്ഷ കിട്ടുവാന്‍ വഴിവെക്കുകയുമാണ് ഞങ്ങള്‍ ചെയ്തതെന്ന് അവ൪ അവിശ്വാസികളോട് പറയുകയും ചെയ്യും.

8. സത്യവിശ്വാസികളുടെ പ്രയാസങ്ങളില്‍ സന്തോഷിക്കുന്നവ൪

സത്യവിശ്വാസികളുടെ നാശത്തിന് വേണ്ടി കൊതിക്കുന്നവരാണ് മുനാഫിഖുകള്‍. അതുകൊണ്ടുതന്നെ സത്യവിശ്വാസികള്‍ക്കുണ്ടാകുന്ന ഏത് പ്രതിസന്ധികളും പ്രയാസങ്ങളും മുനാഫിഖുകള്‍ക്ക് സന്തോഷമാണ്. സത്യവിശ്വാസികള്‍ക്കുണ്ടാകുന്ന നേട്ടത്തില്‍ അവ൪ക്ക് മനപ്രയാസവുമായിരിക്കും.

إِن تَمْسَسْكُمْ حَسَنَةٌ تَسُؤْهُمْ وَإِن تُصِبْكُمْ سَيِّئَةٌ يَفْرَحُوا۟ بِهَا ۖ وَإِن تَصْبِرُوا۟ وَتَتَّقُوا۟ لَا يَضُرُّكُمْ كَيْدُهُمْ شَيْـًٔا ۗ إِنَّ ٱللَّهَ بِمَا يَعْمَلُونَ مُحِيطٌ

നിങ്ങള്‍ക്ക് വല്ല നേട്ടവും ലഭിക്കുന്ന പക്ഷം അതവര്‍ക്ക് മനഃപ്രയാസമുണ്ടാക്കും. നിങ്ങള്‍ക്ക് വല്ല ദോഷവും നേരിട്ടാല്‍ അവരതില്‍ സന്തോഷിക്കുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ കുതന്ത്രം നിങ്ങള്‍ക്കൊരു ഉപദ്രവവും വരുത്തുകയില്ല. തീര്‍ച്ചയായും അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളുടെ എല്ലാവശവും അറിയുന്നവനാകുന്നു. (ഖു൪ആന്‍:3/120)

9.സത്യവിശ്വാസികളെ ഭയപ്പെടുത്തുന്നവ൪

പരീക്ഷണങ്ങളും പ്രയാസങ്ങളും നേരിടുന്ന അവസരത്തില്‍ സത്യവിശ്വാസികളുടെ മനോവീര്യം കെടുത്താനും അവരെ പേടിപ്പിച്ച് നി൪ത്താനും ആത്മധൈര്യം തക൪ക്കാനും മുനാഫിഖുകള്‍ ശ്രമിക്കാറുണ്ട്. അത് അവരുടെ പദ്ധതിയുടെ ഭാഗമാണ്. മുസ്ലിംകള്‍ക്കിടയില്‍ നുഴഞ്ഞുകയറി തങ്ങളുടെ ദൌത്യങ്ങള്‍ ആസൂത്രിതമായി നടപ്പില്‍ വരുത്തുക എന്നുള്ളതാണ് അവരുടെല ക്ഷ്യം.

وَإِذْ يَقُولُ ٱلْمُنَٰفِقُونَ وَٱلَّذِينَ فِى قُلُوبِهِم مَّرَضٌ مَّا وَعَدَنَا ٱللَّهُ وَرَسُولُهُۥٓ إِلَّا غُرُورًا

നമ്മോട് അല്ലാഹുവും അവന്‍റെ ദൂതനും വാഗ്ദാനം ചെയ്തത് വഞ്ചന മാത്രമാണെന്ന് കപടവിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും പറയുകയും ചെയ്തിരുന്ന സന്ദര്‍ഭം.(ഖു൪ആന്‍:33/12)

ഈ ആയത്തിന്റെ വിശദീകരണത്തില്‍ മുഹമ്മദ് അമാനി മൌലവി(റഹി) എഴുതുന്നു: സത്യവിശ്വാസികളെ അല്ലാഹു സഹായിക്കും, ഒടുവില്‍ അവര്‍ക്കാണ് വിജയം കൈവരുക എന്നൊക്കെയുള്ള അല്ലാഹുവിന്റെ വാഗ്ദാനങ്ങളും, പേര്‍ഷ്യായും റോമായും മുസ്‌ലിംകള്‍ ജയിച്ചടക്കുന്ന കാലം വിദൂരമല്ല എന്നും മറ്റുമുള്ള നബിയുടെ (സ്വ) വാഗ്ദാനങ്ങളും നമ്മെ വഞ്ചിക്കുവാന്‍വേണ്ടി മാത്രമുള്ളതാണ്; അതിലൊന്നും യാഥാര്‍ത്ഥ്യമില്ല. എന്നൊക്കെ മുനാഫിഖുകള്‍ പറഞ്ഞു പ്രചരിപ്പിച്ചു. ഹൃദയദൗര്‍ബ്ബല്യമാകുന്ന രോഗം പിടിപെട്ടവര്‍ അതു ഏറ്റുപറയുകയും ചെയ്തു. ഇത്രയും വമ്പിച്ച ശത്രുസൈന്യത്തിന്റെ മുമ്പില്‍ ഉറച്ചുനില്‍ക്കുവാനോ, അവരെ പരാജയപ്പെടുത്തി ഈ നാട്ടില്‍തന്നെ വാസം തുടരുവാനോ ഈ രാജ്യക്കാര്‍ക്കു എനി സാധ്യമല്ല; അതുകൊണ്ട് വേഗം യുദ്ധം ഉപേക്ഷിച്ചു അണികളില്‍നിന്നു പിന്‍വാങ്ങണം എന്നിങ്ങിനെ അബ്ദുല്ലാഹിബ്നു ഉബ്ബയ്യ് പോലെയുള്ള മുനാഫിഖു തലവന്‍മാര്‍ മുസ്‌ലിംകളെ ഭീതിപ്പെടുത്തി. (അമാനി തഫ്സീ൪)

10.പ്രതിസന്ധികളില്‍ ഓടി ഒളിക്കുന്നവ൪

ഈമാനിന്റെ കുപ്പായമണിഞ്ഞ് സത്യവിശ്വാസികളോടൊപ്പം നില്‍ക്കുന്ന മുനാഫിഖുകള്‍ക്ക് പ്രതിസന്ധികളിലും പ്രയാസങ്ങളിലും പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. പ്രശ്ന സങ്കീ൪ണ്ണ രംഗങ്ങളില്‍ ആദ്യം ഓടി ഒളിക്കുന്നവ൪ അവരായിരിക്കും.

لَئِنْ أُخْرِجُوا۟ لَا يَخْرُجُونَ مَعَهُمْ وَلَئِن قُوتِلُوا۟ لَا يَنصُرُونَهُمْ وَلَئِن نَّصَرُوهُمْ لَيُوَلُّنَّ ٱلْأَدْبَٰرَ ثُمَّ لَا يُنصَرُونَ

അവര്‍ യഹൂദന്‍മാര്‍ പുറത്താക്കപ്പെടുന്ന പക്ഷം ഇവര്‍ (കപടവിശ്വാസികള്‍) അവരോടൊപ്പം പുറത്തുപോകുകയില്ല തന്നെ. അവര്‍ ഒരു യുദ്ധത്തെ നേരിട്ടാല്‍ ഇവര്‍ അവരെ സഹായിക്കുകയുമില്ല. ഇനി ഇവര്‍ അവരെ സഹായിച്ചാല്‍ തന്നെ ഇവര്‍ പിന്തിരിഞ്ഞോടും തീര്‍ച്ച. പിന്നീട് അവര്‍ക്ക് ഒരു സഹായവും ലഭിക്കുകയില്ല. (ഖു൪ആന്‍:59/12)

10. അല്ലാഹുവിന്റെ വിധിയേക്കാള്‍ (നിയമങ്ങളേക്കാള്‍) തങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ച് വിധി പറയുന്നവരെ ഇഷ്ടപ്പെടുന്നവ൪

أَلَمْ تَرَ إِلَى ٱلَّذِينَ يَزْعُمُونَ أَنَّهُمْ ءَامَنُوا۟ بِمَآ أُنزِلَ إِلَيْكَ وَمَآ أُنزِلَ مِن قَبْلِكَ يُرِيدُونَ أَن يَتَحَاكَمُوٓا۟ إِلَى ٱلطَّٰغُوتِوَقَدْ أُمِرُوٓا۟ أَن يَكْفُرُوا۟ بِهِۦ وَيُرِيدُ ٱلشَّيْطَٰنُ أَن يُضِلَّهُمْ ضَلَٰلًۢا بَعِيدًا
وَإِذَا قِيلَ لَهُمْ تَعَالَوْا۟ إِلَىٰ مَآ أَنزَلَ ٱللَّهُ وَإِلَى ٱلرَّسُولِ رَأَيْتَ ٱلْمُنَٰفِقِينَ يَصُدُّونَ عَنكَ صُدُودًا

നിനക്ക് അവതരിപ്പിക്കപ്പെട്ടതിലും നിനക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ടതിലും തങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് ജല്‍പിക്കുന്ന ഒരു കൂട്ടരെ നീ കണ്ടില്ലേ? ദുര്‍മൂര്‍ത്തികളുടെ അടുത്തേക്ക് വിധിതേടിപ്പോകാനാണ് അവര്‍ ഉദ്ദേശിക്കുന്നത്‌. വാസ്തവത്തില്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുവാനാണ് അവര്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്‌. പിശാച് അവരെ ബഹുദൂരം വഴിതെറ്റിക്കുവാന്‍ ഉദ്ദേശിക്കുന്നു.അല്ലാഹു അവതരിപ്പിച്ചതിലേക്കും (അവന്റെ) ദൂതനിലേക്കും നിങ്ങള്‍ വരൂ എന്ന് അവരോട് പറയപ്പെട്ടാല്‍ ആ കപടവിശ്വാസികള്‍ നിന്നെ വിട്ട് പാടെ പിന്തിരിഞ്ഞ് പോകുന്നത് നിനക്ക് കാണാം. (ഖു൪ആന്‍:4/60-61)

11. തിന്‍മയുടെ പ്രചാരക൪

നന്‍മയോട് ആഭിമുഖ്യം ഇല്ലാത്തവരും സമൂഹത്തില്‍ പരമാവധി തിന്‍മകള്‍ നിലനിന്നുകാണാന്‍ പരിശ്രമിക്കുന്നവരുമാണ് മുനാഫിഖുകള്‍.

ٱلْمُنَٰفِقُونَ وَٱلْمُنَٰفِقَٰتُ بَعْضُهُم مِّنۢ بَعْضٍ ۚ يَأْمُرُونَ بِٱلْمُنكَرِ وَيَنْهَوْنَ عَنِ ٱلْمَعْرُوفِ وَيَقْبِضُونَ أَيْدِيَهُمْ ۚ نَسُوا۟ ٱللَّهَ فَنَسِيَهُمْ ۗ إِنَّ ٱلْمُنَٰفِقِينَ هُمُ ٱلْفَٰسِقُونَ

കപടവിശ്വാസികളും കപടവിശ്വാസിനികളും എല്ലാം ഒരേ തരക്കാരാകുന്നു. അവര്‍ ദുരാചാരം കല്‍പിക്കുകയും, സദാചാരത്തില്‍ നിന്ന് വിലക്കുകയും, തങ്ങളുടെ കൈകള്‍ അവര്‍ പിന്‍വലിക്കുകയും ചെയ്യുന്നു. അവര്‍ അല്ലാഹുവെ മറന്നു. അപ്പോള്‍ അവന്‍ അവരെയും മറന്നു. തീര്‍ച്ചയായും കപടവിശ്വാസികള്‍ തന്നെയാണ് ധിക്കാരികള്‍. (ഖു൪ആന്‍:9/67)

12. നമസ്കാരത്തില്‍ അല്ലാഹുവിനെ കുറച്ച് മാത്രം ഓ൪ക്കുന്നവ൪.

മുസ്‌ലിമിന്റെ അനുഷ്ഠാനകര്‍മങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായതും ഇസ്‌ലാമിന്റെ പ്രധാന ചിഹ്നമായി നിലകൊളളുന്നതുമാണ് നമസ്‌കാരം. ഈ കര്‍മ്മം നിര്‍വ്വഹിക്കുവാന്‍ മുനാഫിഖുകള്‍ക്ക് വലിയ മടിയായിരിക്കും. അത് പാടെ ഉപേക്ഷിക്കുന്ന പക്ഷം അവരെ മുസ്‌ലിംകളുടെ കൂട്ടത്തില്‍ എണ്ണുകയില്ലെന്ന് പേടിച്ചു അത് നിര്‍വ്വഹിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകും. ജനങ്ങളെ കാട്ടിബോധ്യപ്പെടുത്തുവാന്‍ വേണ്ടി ബാഹ്യത്തില്‍ അവരത് നിര്‍വ്വഹിക്കുകയും തക്കം കിട്ടുമ്പോള്‍ നമസ്‌കരിക്കാതെ കഴിച്ചുകൂട്ടുകയും ചെയ്യും. എന്നാല്‍ നമസ്‌കാരത്തിന്റെ കാതലും ആത്മാവുമാകുന്ന ഭാഗം അഥവാ അല്ലാഹുവിനെ കുറിച്ചുളള ഓര്‍മ അതില്‍ വിരളവുമായിരിക്കും.

إِنَّ ٱلْمُنَٰفِقِينَ يُخَٰدِعُونَ ٱللَّهَ وَهُوَ خَٰدِعُهُمْ وَإِذَا قَامُوٓا۟ إِلَى ٱلصَّلَوٰةِ قَامُوا۟ كُسَالَىٰ يُرَآءُونَ ٱلنَّاسَ وَلَا يَذْكُرُونَ ٱللَّهَ إِلَّا قَلِيلًا

തീര്‍ച്ചയായും കപടവിശ്വാസികള്‍ അല്ലാഹുവെ വഞ്ചിക്കാന്‍ നോക്കുകയാണ്‌. യഥാര്‍ത്ഥത്തില്‍ അല്ലാഹു അവരെയാണ് വഞ്ചിക്കുന്നത്‌. അവര്‍ നമസ്കാരത്തിന് നിന്നാല്‍ ഉദാസീനരായിക്കൊണ്ടും, ആളുകളെ കാണിക്കാന്‍ വേണ്ടിയുമാണ് നില്‍ക്കുന്നത്‌. കുറച്ച് മാത്രമേ അവര്‍ അല്ലാഹുവെ ഓര്‍മിക്കുകയുള്ളൂ. (ഖു൪ആന്‍:4/142)

മുനാഫിഖുകള്‍ ഈ ദുന്‍യാവില്‍ തന്നെ നിന്ദ്യമായ ശിക്ഷയുണ്ട്. ഖബ്റിലും അവ൪ ശിക്ഷിക്കപ്പെടുന്നതാണ്.

ﻭَﻣِﻤَّﻦْ ﺣَﻮْﻟَﻜُﻢ ﻣِّﻦَ ٱﻷَْﻋْﺮَاﺏِ ﻣُﻨَٰﻔِﻘُﻮﻥَ ۖ ﻭَﻣِﻦْ ﺃَﻫْﻞِ ٱﻟْﻤَﺪِﻳﻨَﺔِ ۖ ﻣَﺮَﺩُﻭا۟ ﻋَﻠَﻰ ٱﻟﻨِّﻔَﺎﻕِ ﻻَ ﺗَﻌْﻠَﻤُﻬُﻢْ ۖ ﻧَﺤْﻦُ ﻧَﻌْﻠَﻤُﻬُﻢْ ۚ ﺳَﻨُﻌَﺬِّﺑُﻬُﻢ ﻣَّﺮَّﺗَﻴْﻦِ ﺛُﻢَّ ﻳُﺮَﺩُّﻭﻥَ ﺇِﻟَﻰٰ ﻋَﺬَاﺏٍ ﻋَﻈِﻴﻢٍ

നിങ്ങളുടെ ചുറ്റുമുള്ള അഅറാബികളുടെ കൂട്ടത്തിലും കപട വിശ്വാസികളുണ്ട്‌. മദീനക്കാരുടെ കൂട്ടത്തിലുമുണ്ട്‌. കാപട്യത്തില്‍ അവര്‍ കടുത്തുപോയിരിക്കുന്നു. നിനക്ക് അവരെ അറിയില്ല. നമുക്ക് അവരെ അറിയാം. രണ്ട് പ്രാവശ്യം നാം അവരെ ശിക്ഷിക്കുന്നതാണ്‌.പിന്നീട് വമ്പിച്ച ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടുന്നതുമാണ്‌. (ഖു൪ആന്‍:9/101)

ഈ ആയത്തില്‍ വമ്പിച്ച ശിക്ഷ എന്ന് പറഞ്ഞിട്ടുള്ളത് പരലോക ശിക്ഷയെ കുറിച്ചാണ്. രണ്ട് തവണ ശിക്ഷിക്കുമെന്ന് പറഞ്ഞിട്ടുള്ളതില്‍ ഒന്നാമത്തേത് ദുനിയാവിലെ ശിക്ഷയും രണ്ടാമത്തേത് ഖബറിലെ ശിക്ഷയുമാണെന്ന് ഇബ്നു അബ്ബാസ് (റ), ഹസന്‍ ബസ്വരി(റ) എന്നിവ൪ പറഞ്ഞിട്ടുണ്ട്.(ഫത്ഹുല്‍ ബാരി – വോള്യം 3)

പരലോകത്ത് അല്ലാഹു മനുഷ്യരെ വിചാരണനാളില്‍ ഒരുമിച്ച് കൂട്ടപ്പെടുമ്പോള്‍ ശക്തമായ ശിക്ഷ കൊണ്ട് മുനാഫിഖുകളെ അല്ലാഹു പിടികൂടുന്നതാണ്.

أُو۟لَٰٓئِكَ ٱلَّذِينَ ٱشْتَرَوُا۟ ٱلضَّلَٰلَةَ بِٱلْهُدَىٰ فَمَا رَبِحَت تِّجَٰرَتُهُمْ وَمَا كَانُوا۟ مُهْتَدِينَ

സന്മാര്‍ഗം വിറ്റ് പകരം ദുര്‍മാര്‍ഗം വാങ്ങിയവരാകുന്നു അവര്‍. എന്നാല്‍ അവരുടെ കച്ചവടം ലാഭകരമാവുകയോ, അവര്‍ ലക്ഷ്യം പ്രാപിക്കുകയോ ചെയ്തില്ല. (ഖു൪ആന്‍:2/16)

بَشِّرِ ٱلْمُنَٰفِقِينَ بِأَنَّ لَهُمْ عَذَابًا أَلِيمًا

കപടവിശ്വാസികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട് എന്ന സന്തോഷവാര്‍ത്ത നീ അവരെ അറിയിക്കുക. (ഖു൪ആന്‍:4/138)

إِنَّ ٱلْمُنَٰفِقِينَ فِى ٱلدَّرْكِ ٱلْأَسْفَلِ مِنَ ٱلنَّارِ وَلَن تَجِدَ لَهُمْ نَصِيرًا

തീര്‍ച്ചയായും കപടവിശ്വാസികള്‍ നരകത്തിന്റെ അടിത്തട്ടിലാകുന്നു. അവര്‍ക്കൊരു സഹായിയെയും നീ കണ്ടെത്തുന്നതല്ല. (ഖു൪ആന്‍:4/145)

നിഫാഖില്‍ നിന്നും സുരക്ഷിതത്വം ലഭിക്കാന്‍

നിഫാഖില്‍ നിന്നും സുരക്ഷിതത്വം ലഭിക്കുന്ന ചില കാര്യങ്ങളെ കുറിച്ച് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്.

1. തക്ബിറത്തുൽ ഇഹ്റാമോടെ നാൽപത്‌ ദിവസം ജമാഅത്തായി നമസ്കരിക്കുക

عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ صَلَّى لِلَّهِ أَرْبَعِينَ يَوْمًا فِي جَمَاعَةٍ يُدْرِكُ التَّكْبِيرَةَ الأُولَى كُتِبَتْ لَهُ بَرَاءَتَانِ بَرَاءَةٌ مِنَ النَّارِ وَبَرَاءَةٌ مِنَ النِّفَاقِ

അനസ് ബ്നു മാലികിൽ(റ) നിന്ന്‌ നിവേദനം: നബി(സ്വ) പറഞ്ഞു: ആരെങ്കിലും അല്ലാഹുവിന്‌ വേണ്ടി തക്ബിറത്തുൽ ഇഹറാം ലഭിക്കുന്ന രൂപത്തിൽ നാൽപത്‌ ദിവസം ജമാഅത്തായി നമസ്കരിക്കുകയാണെങ്കിൽ അവന്‌ രണ്ട് സുരക്ഷിതത്വമുണ്ട്. നരകത്തിൽ നിന്നുള്ള സുരക്ഷിതത്വവും, കാപട്യത്തിൽ നിന്നുള്ള സുരക്ഷിതത്വവും. (തിർമിദി:241 – അൽബാനിയുടെ സ്വില്‍സ്വിലത്തു സ്വഹീഹ : 6/314 നമ്പ൪ : 2652).

2. സല്‍സ്വഭാവവും ദീനിലെ നല്ല അറിവും

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم :‏ خَصْلَتَانِ لاَ تَجْتَمِعَانِ فِي مُنَافِقٍ حُسْنُ سَمْتٍ وَلاَ فِقْهٌ فِي الدِّينِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: രണ്ട് സ്വഭാവങ്ങള്‍ ഒരു മുനാഫിഖില്‍ ഒന്നിക്കുകയില്ല, നല്ല സ്വഭാവവും ദീനിലെ നല്ല അറിവും ആണത്. (തി൪മിദി: 2684 – സ്വഹീഹുല്‍ ജാമിഅ്:3229)

3. സ്വദഖ നല്‍കല്‍

عَنْ أَبِي مَالِكٍ الأَشْعَرِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : وَالصَّدَقَةُ بُرْهَانٌ

അബൂ മാലികില്‍ (റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: …. സ്വദഖ തെളിവാകുന്നു. (മുസ്ലിം:223)

قال الشيخ ابن عثيمين رحمه الله :”بُرْهَانٌ” أيْ: دَلِيلٌ عَلَى صِدْقِ إيمَانِ المُتَصَدِّقِ

ശൈഖ് ഇബ്നു ഉസൈമീൻ (റഹി) പറഞ്ഞു: തെളിവ് എന്ന് വെച്ചാൽ: സ്വദഖ നൽകിയ വ്യക്തിയുടെ ഈമാനിന്റെ സത്യസന്ധതക്കുള്ള തെളിവാകുന്നു എന്നാണ്. (ശറഹുല്‍ അ൪ബഈന നവവിയ:246

قال الإمَامُ النَّوَوِي –رحمه اللهُ :الصَّدَقَةُ حُجَّةٌ عَلَى إيمَانِ فَاعِلِهَا، فَإنَّ المُنَافِقَ يَمْتَنِعُ مِنهَا لِكَوْنِهِ لَا يَعْتَقِدُهَا فَمَنْ تَصَدَّقَ اسْتَدَلَّ بِصَدَقَتِهِ عَلَى صِدْقِ إيمَانِهِ، وَﷲُ أعْلَمُ

ഇമാം നവവി(റ) പറഞ്ഞു: സ്വദഖ അത് നൽകിയവന്റെ ഈമനിനുള്ള തെളിവാണ്.കാരണം മുനാഫിഖ് അതിൽ (സ്വദഖയിൽ) വിശ്വാസമില്ലാത്തതിനാൽ (സ്വദഖ കൊടുക്കാതെ) അതിൽ നിന്ന് മാറിനിൽക്കും. ആരെങ്കിലും സ്വദഖ കൊടുത്താൽ തന്റെ സ്വദഖ മുഖേന അവന്റെ ഈമാനിന്റെ സത്യസന്ധതക്ക് അവന് തെളിവാക്കാം. അല്ലാഹുവാണ് കൂടുതൽ അറിയുന്നവന്‍. (ശറഹ് മുസ്ലിം :3/101)

4.നബിയെ സ്നേഹിക്കല്‍

عَنْ عَلِيٍّ قَالَ عَهِدَ إِلَيَّ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ لَا يُحِبُّنِي إِلَّا مُؤْمِنٌ وَلَا يَبْغُضُنِي إِلَّا مُنَافِقٌ

അലിയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:നബി(സ്വ) എന്നോട് പറഞ്ഞു:സത്യവിശ്വാസിയല്ലാതെ എന്നെ സ്നേഹിക്കുകയില്ല, മുനാഫിഖല്ലാതെ എന്നെ വെറുക്കുകയില്ല. (നസാഇ:5022)

عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم:لاَ يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَلَدِهِ وَوَالِدِهِ وَالنَّاسِ أَجْمَعِينَ

അനസില്‍(റ) നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: ഒരാള്‍ക്ക്, സ്വന്തം പിതാവിനെക്കാളും സന്താനത്തെക്കാളും മുഴുവന്‍ മനുഷ്യരെക്കാളും ഏറ്റവും പ്രിയപ്പെട്ടവന്‍ ഞാനാകുന്നതുവരെ നിങ്ങളിലൊരാളും സത്യവിശ്വാസിയാവുകയില്ല. (മുസ്‌ലിം:44)

ٱﻟﻨَّﺒِﻰُّ ﺃَﻭْﻟَﻰٰ ﺑِﭑﻟْﻤُﺆْﻣِﻨِﻴﻦَ ﻣِﻦْ ﺃَﻧﻔُﺴِﻬِﻢْ ۖ

പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു…… (ഖു൪ആന്‍ :33/6)

നബി(സ്വ) കാണിച്ചു തന്ന ആദര്‍ശം ജീവിതത്തില്‍ നടപ്പിലാക്കാനും അത് പ്രചരിപ്പിക്കാനും പരിശ്രമിക്കണം. അവിടുത്തെ കല്‍പനകള്‍ക്കോ നടപടി ക്രമങ്ങള്‍ക്കോ യോജിക്കാത്തതൊന്നും സ്വീകരിക്കാനും പാടില്ല. നബിയെ(സ്വ) പരിപൂ൪ണ്ണമായും പിന്‍പറ്റി ജീവിക്കുക.

5. അന്‍സാറുകളെ സ്നേഹിക്കല്‍

عَنْ أَنَسِ بْنِ مَالِكٍ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ آيَةُ الإِيمَانِ حُبُّ الأَنْصَارِ، وَآيَةُ النِّفَاقِ بُغْضُ الأَنْصَارِ‏

അനസിൽ(റ) നിന്ന്‌ നിവേദനം: നബി(സ്വ) പറഞ്ഞു: അന്‍സാറുകളെ സ്നേഹിക്കല്‍ ഈമാനിന്റെ അടയാളമാണ്, അന്‍സാറുകളോട് ദേഷ്യം പിടിക്കല്‍ നിഫാഖിന്റെ അടയാളമാണ്. (ബുഖാരി:17)

عَنِ الْبَرَاءَ ـ رضى الله عنه ـ قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم أَوْ قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏: الأَنْصَارُ لاَ يُحِبُّهُمْ إِلاَّ مُؤْمِنٌ، وَلاَ يُبْغِضُهُمْ إِلاَّ مُنَافِقٌ، فَمَنْ أَحَبَّهُمْ أَحَبَّهُ اللَّهُ، وَمَنْ أَبْغَضَهُمْ أَبْغَضَهُ اللَّهُ ‏‏

ബറാഇല്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: അന്‍സാറുകളെ സത്യവിശ്വാസികളല്ലാതെ സ്നേഹിക്കുകയില്ല, മുനാഫിഖുകളല്ലാതെ അവരെ വെറുക്കുകയുമില്ല. ആരെങ്കിലും അന്‍സാറുകളെ സ്നേഹിച്ചാല്‍ അവരെ അല്ലാഹു സ്നേഹിക്കുന്നതാണ്. ആരെങ്കിലും അന്‍സാറുകളെ വെറുത്താല്‍ അവരെ അല്ലാഹു വെറുക്കുന്നതാണ്. (ബുഖാരി:3783)

നമ്മെ സംബന്ധിച്ചിടത്തോളം അന്‍സാറുകളെ സ്നേഹിക്കുന്നത് എങ്ങനെയാണ്? അവരെ മനസ് കൊണ്ട് ഇഷ്ടപ്പെടല്‍, അവരെ കുറിച്ച് നല്ലത് പറയല്‍, അവരെ പിന്‍പറ്റല്‍ എന്നിവയാണത്. അന്‍സാറുകളെ പിന്‍പറ്റാന്‍ വേണ്ടി പരമാവധി പരിശ്രമിക്കുക. അന്‍സാറുകളുടെ ഒരു പ്രധാന സവിശേഷതയായി വിശുദ്ധ ഖു൪ആന്‍ എടുത്തു പറഞ്ഞിട്ടുള്ളത് നമ്മുടെ ജീവിതത്തില്‍ നടപ്പാക്കുക.

وَيُؤْثِرُونَ عَلَىٰٓ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ ۚ

…. അവര്‍ (അന്‍സാറുകള്‍) തങ്ങള്‍ക്ക് ദാരിദ്യ്‌രമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് പ്രാധാന്യം നല്‍കും. ….. (ഖു൪ആന്‍:59/9)

സത്യവിശ്വാസികളേ മുനാഫിഖുകളുടെ കാര്യം ച൪ച്ച ചെയ്യുമ്പോള്‍ അത് നബിയുടെ കാലത്തായിരുന്നില്ലേ, ഇന്ന് നമ്മളെന്തിന് അവരെ കരുതിയിരിക്കണമെന്ന് ചിന്തിക്കുന്നവരുണ്ട്. ഇവിടെ ചില കാര്യങ്ങള്‍ സാന്ദ൪ഭികമായി സചിപ്പിക്കുന്നു.

ഒന്നാമതായി, മുസ്ലിം ഉമ്മത്തിന് നേരിടേണ്ടുന്ന മറ്റേതൊരു പ്രത്യക്ഷ ശത്രുവിനേക്കാളും അപകടകാരിയായ വിഭാഗമാണ് മുനാഫിഖുകളെന്ന് തിരിച്ചറിയുക. മറ്റുള്ളവരെക്കാള്‍ മുസ്‌ലിംകള്‍ക്കും ഇസ്‌ലാമിനും കൂടുതല്‍ ദ്രോഹം വരുത്താന്‍ ഇവര്‍ക്കാകും. കപടവിശ്വാസികളുടെ മുഴുവന്‍ മറയെയും അല്ലാഹു മാറ്റുകയും അവരുടെ രഹസ്യങ്ങള്‍ (രഹസ്യ സ്വഭാവങ്ങള്‍) വിശുദ്ധ ഖുര്‍ആന്‍ പരസ്യമാക്കുകയും ചെയ്തിട്ടുണ്ട്. കപടവിശ്വാസികളില്‍ നിന്നും അവരുടെ സഹായികളില്‍ നിന്നും സുരക്ഷിതരാവാനാണ് അവരുടെ വിശേഷണങ്ങളെ അല്ലാഹു നമുക്ക് വ്യക്തമാക്കിത്തന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ മുനാഫിഖുകളെ നാം കരുതിയിരിക്കണം. അതിന് മുനാഫിഖുകളെ കുറിച്ച് ഖു൪ആനും സുന്നത്തും പറഞ്ഞിട്ടുള്ളത് നാം ഗ്രഹിക്കേണ്ടതുണ്ട്.

രണ്ടാമതായി, മുനാഫിഖുകള്‍ എല്ലാകാലത്തും ഉണ്ടായിരിക്കുമെന്ന് തിരിച്ചറിയുക. കപടവിശ്വാസികളുടെതായി അല്ലാഹു പ്രസ്താവിച്ച ലക്ഷണങ്ങളും സ്വഭാവങ്ങളും ഒത്തിണങ്ങിയ മുസ്‌ലിം നാമധാരികളുടെ എണ്ണം കാലം ചെല്ലും തോറും, ഇക്കാലത്ത് വിശേഷിച്ചും പെരുകിക്കൊണ്ടിരിക്കുകയാണ്. മുസ്‌ലിം കുടുംബത്തിലും സമുദായത്തിലും പിറന്നു വളര്‍ന്നവരായത് കൊണ്ട് തങ്ങള്‍ മുസ്‌ലിംകളല്ലെന്ന് തുറന്നുപറയുവാന്‍ അവര്‍ക്ക് മടിയോ ധൈര്യക്കുറവോ ഉണ്ടായിരിക്കും. തങ്ങള്‍ മുസ്‌ലിംകളുടെയും ഇസ്‌ലാമിന്റെയും ഗുണകാംക്ഷികളും പരിഷ്ക്ക൪ത്താക്കളുമാണെന്ന് അവ൪ നടിക്കുകയും ചെയ്യും. ഇസ്‌ലാമിനെ തുരങ്കം വെക്കുന്ന നിരീശ്വര-നിര്‍മ്മത-യുക്തി വാദങ്ങളും, ഭൗതിക താല്‍പര്യങ്ങളുമായിരിക്കും അവരുടെ യഥാര്‍ത്ഥ കൈമുതല്‍. മുസ്‌ലിം ബഹുജനങ്ങളില്‍ നിന്ന് അവരറിയാതെ അവരുടെ വിശ്വാസവും മതഭക്തിയും നശിപ്പിച്ചുകൊണ്ട് പുരോഗമനത്തിന്റെ പേരില്‍ നശിപ്പിക്കലായിരിക്കും അവരുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ അത്തരം ആളുകളെ സത്യവിശ്വാസികള്‍ കരുതിയിരിക്കണം.

മൂന്നാമതായി, മുനാഫിഖുകളെ കുറിച്ച് അല്ലാഹു പറഞ്ഞ ലക്ഷണങ്ങള്‍ ഒരു സത്യവിശ്വാസിയില്‍ ഉണ്ടാകാന്‍ പാടില്ല. ഉദാഹരണത്തിന് മുനാഫിഖുകളുടെ സ്വഭാവവും ലക്ഷണവുമായി വിശുദ്ധഖു൪ആന്‍ സൂചിപ്പിച്ചിട്ടുള്ളതാണ് അവ൪ ദ്വിമുഖന്‍മാരാണെന്ന്. അത്തരം സ്വഭാവങ്ങളൊന്നും ഒരു സത്യവിശ്വാസിയില്‍ നിന്ന് ഉണ്ടാകരുത്.

عَنْ أَبِي هُرَيْرَةَ، أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ : إِنْ شَرَّ النَّاسِ ذُو الْوَجْهَيْنِ، الَّذِي يَأْتِي هَؤُلاَءِ بِوَجْهٍ وَهَؤُلاَءِ بِوَجْهٍ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ആളുകുടെ അടുത്ത് ഒരു മുഖത്തോടെയും അവരുടെ അടുത്ത് മറ്റൊരു മുഖത്തോടെയും ചെല്ലുന്ന ഇരുമുഖ സ്വഭാവക്കാരനാണ് ജനങ്ങളിൽ ഏറ്റവും ദുഷിച്ചവന്‍ (ബുഖാരി:7179 – മുസ്ലിം:2526)

عَنْ مُحَمَّدِ بْنِ زَيْدِ ، قَالَ أُنَاسٌ لاِبْنِ عُمَرَ إِنَّا نَدْخُلُ عَلَى سُلْطَانِنَا فَنَقُولُ لَهُمْ خِلاَفَ مَا نَتَكَلَّمُ إِذَا خَرَجْنَا مِنْ عِنْدِهِمْ قَالَ كُنَّا نَعُدُّهَا نِفَاقًا‏.

‏മുഹമ്മദ് ഇബ്‌നുസൈദില്‍(റ) നിന്ന് നിവേദനം: കുറേയാളുകൾ ഇബ്നു ഉമറിനോട്(റ) പറഞ്ഞു: ഞങ്ങൾ സുൽത്താൻമാരുടെ സന്നിധിയിൽ ചെല്ലുമ്പോളുള്ള സംസാരവും അവിടുന്ന് പുറത്തു വന്നാലുള്ള സംസാരവും വിഭിന്നമായിരിക്കും. ഇബ്നു ഉമ൪(റ) പറഞ്ഞു: ഇതൊക്കെ നബിയുടെ(സ്വ) കാലത്ത് കാപട്യമായിട്ടാണ് ഞങ്ങൾ കണക്കാക്കിയിരുന്നത്. (ബുഖാരി:7178)

നാലാമതായി, വലിയ നിഫാഖ് ഒരു സത്യവിശ്വാസിയില്‍ നിന്നും ഉണ്ടാകാനിടയില്ലെങ്കിലും ചെറിയ നിഫാഖ് ഒരു സത്യവിശ്വായില്‍ നിന്നും സംഭവിക്കാമെന്നുള്ളത് ഗൌരവത്തില്‍ തന്നെ കാണുക. സത്യവിശ്വാസികളായ ആളുകള്‍, അവരുടെ പ്രവൃത്തിദോഷവും, സ്വഭാവദോഷവും കൊണ്ട് ഇത്തരം നിഫാഖിലെത്താന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് നബിയുടെ(സ്വ) സ്വഹാബിമാര്‍പോലും നിഫാഖിനെക്കുറിച്ചു സദാ ഭയപ്പെട്ടുകൊണ്ടിരുന്നത്. അത്തരം സാഹചര്യങ്ങളില്‍ നിന്നെല്ലാം സത്യവിശ്വാസികള്‍ ഒഴിഞ്ഞു നില്‍ക്കണം. ജമാഅത്ത് നമസ്കാരത്തില്‍ അലസത കാണിക്കല്‍, കളവ്, ചതി,വഞ്ചന തുടങ്ങിയ തിന്‍മകളൊക്കെ നിഫാഖിലെത്തിക്കുന്നതാണ്.

عَنْ أَبِي الأَحْوَصِ، قَالَ قَالَ عَبْدُ اللَّهِ لَقَدْ رَأَيْتُنَا وَمَا يَتَخَلَّفُ عَنِ الصَّلاَةِ إِلاَّ مُنَافِقٌ قَدْ عُلِمَ نِفَاقُهُ أَوْ مَرِيضٌ إِنْ كَانَ الْمَرِيضُ لَيَمْشِي بَيْنَ رَجُلَيْنِ حَتَّى يَأْتِيَ الصَّلاَةَ – وَقَالَ – إِنَّ رَسُولَ اللَّهِ صلى الله عليه وسلم عَلَّمَنَا سُنَنَ الْهُدَى وَإِنَّ مِنْ سُنَنِ الْهُدَى الصَّلاَةَ فِي الْمَسْجِدِ الَّذِي يُؤَذَّنُ فِيهِ ‏.

അബുൽ അഹ്‌വസ്വിൽ(റ) നിന്ന്‌ നിവേദനം: അബ്ദുല്ലാഹ്‌(റ) പറഞ്ഞു: രോഗികളോ, കാപട്യം അറിയപ്പെട്ട കപട വിശ്വാസികളോ അല്ലാതെ (ജമാഅത്ത്) നമസ്കാരത്തെ തൊട്ട്‌ ആരും പിന്തുന്നതായി ഞങ്ങൾ കാണാറില്ലായിരുന്നു, രോഗിയാണെങ്കിൽ രണ്ടാളുകൾക്കിടയിൽ നടന്നുകൊ‍ണ്ടെങ്കിലും നമസ്കാരത്തിലേക്ക്‌ വരാറുന്മായിരുന്നു. അദ്ദേഹം തുടരുന്നു: തീർച്ചയായും പ്രവാചകൻ(സ്വ) ഞങ്ങൾക്ക്‌ സന്മാർഗ്ഗ ചര്യ പഠിപ്പിച്ച്‌ തന്നിരിക്കുന്നു, ആ സന്മാർഗ്ഗ ചര്യയിൽ പെട്ടതാണ്‌ ബാങ്ക്‌ കൊടുക്കുന്ന പള്ളിയിൽ വെച്ച്‌ നമസ്കരിക്കുകയെന്നത്‌. (മുസ്ലിം:654)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ النَّبِيُّ صلى الله عليه وسلم: لَيْسَ صَلاَةٌ أَثْقَلَ عَلَى الْمُنَافِقِينَ مِنَ الْفَجْرِ وَالْعِشَاءِ، وَلَوْ يَعْلَمُونَ مَا فِيهِمَا لأَتَوْهُمَا وَلَوْ حَبْوًا

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു:സുബ്ഹ്, ഇശാഅ് എന്നീ നമസ്കാരങ്ങളേക്കാൾ കപട വിശ്വാസികൾക്ക് അസഹ്യമായ മറ്റൊരു നമസ്കാരവുമില്ല. എന്നാൽ, അത് രണ്ടിന്റെയും പ്രാധാന്യം ഗ്രഹിച്ചിരുന്നുവെങ്കിൽ, മുട്ടുകുത്തി ഞെരങ്ങിയിട്ടെങ്കിലും അവർ അതിൽ പങ്കെടുക്കുമായിരുന്നു. (ബുഖാരി: 657)

قـال العلامة ابن باز رحمـه الله: فالواجب على المسلمين الصلاة مع الجماعة في المساجد، ومن تأخر بغير عذر شرعي فقد تشبه بالمنافقين

ശൈഖ് ബ്നു ബാസ് (റഹി) പറഞ്ഞു:പള്ളികിളില്‍ ജമാഅത്തോടൊപ്പമുള്ള നിസ്ക്കാരം മുസ്‌ലീങ്ങള്‍ക്ക് നിര്‍ബന്ധമാകുന്നു. മതപരമായ കാരണം കൂടാതെ അത് പിന്തിച്ചാല്‍ അവന്‍ കപടവിശ്വാസികളോട് സാദൃശമായിരിക്കുന്നു. (മജ്മൂഉല്‍ ഫതാവാ:12/55)

وَإِذَا قَامُوٓا۟ إِلَى ٱلصَّلَوٰةِ قَامُوا۟ كُسَالَىٰ يُرَآءُونَ ٱلنَّاسَ وَلَا يَذْكُرُونَ ٱللَّهَ إِلَّا قَلِيلًا

അവര്‍ (മുനാഫിഖുകള്‍) നമസ്കാരത്തിന് നിന്നാല്‍ ഉദാസീനരായിക്കൊണ്ടും, ആളുകളെ കാണിക്കാന്‍ വേണ്ടിയുമാണ് നില്‍ക്കുന്നത്‌. കുറച്ച് മാത്രമേ അവര്‍ അല്ലാഹുവെ ഓര്‍മിക്കുകയുള്ളൂ. (ഖു൪ആന്‍:4/142)

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏ “‏ أَرْبَعٌ مَنْ كُنَّ فِيهِ كَانَ مُنَافِقًا خَالِصًا، وَمَنْ كَانَتْ فِيهِ خَصْلَةٌ مِنْهُنَّ كَانَتْ فِيهِ خَصْلَةٌ مِنَ النِّفَاقِ حَتَّى يَدَعَهَا إِذَا اؤْتُمِنَ خَانَ وَإِذَا حَدَّثَ كَذَبَ وَإِذَا عَاهَدَ غَدَرَ، وَإِذَا خَاصَمَ فَجَرَ

അബ്ദില്ലാഹിബ്നു അംറില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍ (സ്വ) പറഞ്ഞു: ”നാല് കാര്യങ്ങള്‍ ആരിലെങ്കിലുമുണ്ടായാല്‍ അവന്‍ വ്യക്തമായ മുനാഫിഖാണ്. എന്നാല്‍ ആരിലെങ്കിലും (ഈ നാല് കാര്യങ്ങളില്‍ നിന്ന്) ഏതെങ്കിലുമൊരു കാര്യമുണ്ടായാല്‍ അവന്‍ ആ കാര്യം വെടിയുന്നത് വരെ കാപട്യത്തിന്റെ അംശം അവനില്‍ ഉണ്ടായിരിക്കും, അവ: (1) വിശ്വസിച്ചാല്‍ ചതിക്കും, (2) സംസാരിച്ചാല്‍ കളവ് പറയും, (3) കരാര്‍ ചെയ്താല്‍ ലംഘിക്കും, (4) തര്‍ക്കിച്ചാല്‍ (തെറ്റിയാല്‍) ദുഷിച്ചത് പറയും (ചെയ്യും). (ബുഖാരി: 34)

അഞ്ചാമതായി, വലിയ നിഫാഖ് ഒരു സത്യവിശ്വാസിയില്‍ നിന്നും ഉണ്ടാകാനിടയില്ലെങ്കിലും സത്യവിശ്വാസികള്‍ അതും കരുതിയിരിക്കണം. വലിയ നിഫാഖ് (വിശ്വാസപരമായ നിഫാഖ്) പല തരത്തിലുണ്ടെന്ന് പറഞ്ഞുവല്ലോ? നബി(സ്വ) പഠിപ്പിച്ചിട്ടുള്ള ചില കാര്യങ്ങള്‍ തന്റെ യുക്തിയുടെയും ബുദ്ധിയുടെയും കാരണം പറഞ്ഞ് തള്ളിക്കളയുന്ന രീതി ഇന്ന് കണ്ടുവരാണ്. പ്രസ്തുത ഹദീസ് സ്വഹീഹാണെന്ന് വന്നാലും അവ൪ അത് അംഗീകരിക്കില്ല. ഇത് വലിയ നിഫാഖില്‍ പെട്ടതാണ്.

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ فَمَنْ رَغِبَ عَنْ سُنَّتِي فَلَيْسَ مِنِّي‏

നബി ﷺ പറഞ്ഞു: എന്‍റെ സുന്നത്തിനോട് ആരെങ്കിലും വിമുഖത കാണിച്ചാല്‍ അവന്‍ എന്നില്‍ പെട്ടവനല്ല. (ബുഖാരി: 5063)

ആറാമതായി, നിഫാഖില്‍ നിന്നും മോചനം ലഭിക്കുന്നതിനായി നബി(സ്വ) പഠിപ്പിച്ചിട്ടുള്ള കാര്യങ്ങള്‍ ജീവിതത്തില്‍ പക൪ത്തുക.

നിഫാഖ് എന്താണെന്ന് പഠിക്കല്‍ അനിവാര്യമാണെന്നും ഇതില്‍ നിന്നും സത്യവിശ്വാസികള്‍ പരിപൂ൪ണ്ണമായും വിട്ടുനില്‍ക്കേണ്ടതുണ്ടെന്നും മേല്‍ കാര്യങ്ങളില്‍ നിന്നും വ്യക്തമാണ്. അതുകൊണ്ടുതന്നെ നിഫാഖിനെ കുറിച്ചും മുനാഫിഖുകളെ കുറിച്ചും ഖു൪ആനും സുന്നത്തും പറഞ്ഞിട്ടുള്ളത് നാം പഠിച്ച് മനസ്സിലാക്കേണ്ടതുണ്ട്.

ഇമാം ഇബ്‌നുല്‍ ക്വയ്യിം(റഹി) പറയുന്നു:’ലോകത്തുള്ള മൂന്ന് വിഭാഗം ആളുകളുടെ വിശേഷണങ്ങളെ സംബന്ധിച്ച് സൂറത്തുല്‍ ബഖറയുടെ ആദ്യത്തില്‍ തന്നെ പറയുന്നുണ്ട്. അവര്‍ വിശ്വാസികള്‍ (ശരിയായ മുസ്‌ലിം), അവിശ്വാസികള്‍ (കാഫിര്‍), കപടവിശ്വാസികള്‍ (മുനാഫിഖ്) എന്നിവരാണ്. വിശ്വാസികളെ കുറിച്ച് നാല് സൂക്തങ്ങളും അവിശ്വാസികളെ കുറിച്ച് രണ്ട് സൂക്തങ്ങളും മാത്രം ഇറക്കിയപ്പോള്‍, കപടവിശ്വാസികളെ കുറിച്ച് പതിമൂന്ന് സൂക്തങ്ങളാണ് അല്‍ബഖറയുടെ തുടക്കത്തില്‍ അല്ലാഹു ഇറക്കിയിരിക്കുന്നത്. ഇത് സൂചിപ്പിക്കുന്നത് മുനാഫിഖുകളുടെ വര്‍ദ്ധനവ് കാരണം ഇസ്‌ലാമിന് (മുസ്‌ലിംകള്‍ക്ക്) അവരില്‍ നിന്ന് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉപദ്രവങ്ങളും വളരെ കൂടുതലായിരിക്കുമെന്നും അതുകൊണ്ട് അവരെ തിരിച്ചറിയുവാനുള്ള വിശേഷണങ്ങള്‍ മനസ്സിലാക്കണമെന്നും ആകുന്നു. ഇസ്‌ലാമിനെതിരെ അവരിലൂടെ വരുന്ന തിന്മകള്‍ അസഹ്യമായതാണ്. കാരണം അവര്‍ സ്വയം പ്രകടിപ്പിക്കുന്നത് ഞങ്ങള്‍ (മുസ്‌ലിംകള്‍ ആണെന്നും) നിങ്ങളുടെ സഹായികളും ഗുണകാംക്ഷികളും ആണെന്നുമാണ്. എന്നാല്‍ യഥാര്‍ഥത്തില്‍ അവര്‍ മുസ്‌ലിംകളുടെ ശത്രുക്കളാണ്. മുഴുവന്‍ മാര്‍ഗങ്ങളിലൂടെയും ഇസ്‌ലാമിന് എതിരെയുള്ള അവരുടെ ശത്രുതയെ നടപ്പിലാക്കുവാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ചില അജ്ഞരായ ആളുകള്‍ വിചാരിക്കുന്നത് ഇത് ഇസ്ലാഹ് (നന്മ, മതം നന്നാക്കല്‍) ആണെന്നാണ്. എന്നാല്‍ അത് വളരെയധികം അപായസാധ്യത ഉള്ളതാകുന്നു. (ഇമാം ഇബ്‌നുല്‍ ഖയ്യിമിന്റെ ‘കപടവിശ്വാസികളുടെ വിശേഷണം’ എന്ന കൃതിയില്‍ നിന്ന്)

Leave a Reply

Your email address will not be published.

Similar Posts