ബറാഅത്ത് നോമ്പും ബറാഅത്ത് രാവും

THADHKIRAH

നമ്മുടെ നാടുകളില്‍ ശഅബാൻ 15 ന് സുന്നത്ത് നോമ്പ് (ബറാഅത്ത് നോമ്പ്) അനുഷ്ഠിക്കുന്നതിനായി പള്ളികളില്‍ നിന്നും ഉല്‍ബോധനം നടത്തുന്നത് കാണാറുണ്ട്. അതേപോലെ ശഅബാന്‍ പതിനഞ്ചാം രാവില്‍ പ്രത്യേകം ഇബാദത്തുകൾ നിർവ്വഹിക്കുകയും മധുരം കൊടുത്തും പ്രത്യേകം ഭക്ഷണം പാകം ചെയ്തുമെല്ലാം ആഘോഷിക്കുകയും ചെയ്യുന്ന രീതിയും കണ്ടുവരുന്നുണ്ട്. ഇസ്ലാമിക പ്രമാണങ്ങളില്‍ ശഅബാൻ 15 ന് നോമ്പ് അനുഷ്ഠിക്കുന്നതിന് എന്തെങ്കിലും തെളിവുണ്ടോ? ശഅബാന്‍ പതിനഞ്ചാം രാവില്‍ പ്രത്യേകം ഇബാദത്തുകൾ നിർവ്വഹിക്കുന്നതിനും മധുരം കൊടുത്തും പ്രത്യേകം ഭക്ഷണം പാകം ചെയ്തും ആഘോഷിക്കുന്നതിനും എന്തെങ്കിലും തെളിവുണ്ടോ? ഈ വിഷയം സത്യവിശ്വാസികള്‍ ഗൌരവപൂ൪വ്വം പഠിക്കേണ്ടതുണ്ട്.

ശഅബാന്‍ മാസത്തില്‍ പൊതുവേ നോമ്പ് പിടിക്കലും ശഅബാന്‍ മാസത്തിന്റെ ഭൂരിഭാഗം ദിവസങ്ങളും നോമ്പെടുക്കലും നബി ﷺ യുടെ സുന്നത്താണ്. എല്ലാ ഹിജ്റ മാസങ്ങളിലെയും 13, 14, 15 ദിവസങ്ങള്‍ അയ്യാമുല്‍ ബീളിന്റെ ദിവസങ്ങള്‍ എന്ന നിലക്ക് നോമ്പെടുക്കലും സുന്നത്താണ്. എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും നോമ്പെടുക്കുന്നതും സുന്നത്താണ്. അതേപോലെ ദാവൂദ് നബിയുടെ (അ) നോമ്പ് എന്ന് നബി ﷺ പഠിപ്പിച്ച ഒന്നിടവിട്ട് നോമ്പെടുക്കുന്നതും സുന്നത്താണ്. ആ നിലക്കെല്ലാം ശഅബാന്‍ പതിനഞ്ചിന് ഒരാള്‍ നോമ്പെടുക്കുകയാണെങ്കില്‍ അത് അനുവദനീയമാണ്. എന്നാല്‍ അതല്ലാതെ ശഅബാന്‍ പതിനഞ്ചിന് മാത്രം പ്രത്യേകമായ നോമ്പുണ്ട് എന്ന് വാദിക്കുകയും, ബറാഅത്ത് നോമ്പ് എന്ന പേരില്‍ ആളുകളോട് ശഅബാന്‍ പതിനഞ്ച് നോമ്പെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നത് ബിദ്അത്താണ്.

ശഅബാൻ 15 ന് നോമ്പ് അനുഷ്ഠിക്കണമെന്ന് പറയുന്നവ൪ ഹാജരാക്കുന്ന തെളിവ് പരിശോധിക്കാം.

عَنْ عَلِيِّ بْنِ أَبِي طَالِبٍ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ ‏ إِذَا كَانَتْ لَيْلَةُ النِّصْفِ مِنْ شَعْبَانَ فَقُومُوا لَيْلَهَا وَصُومُوا يَوْمَهَا

ശഅബാൻ പതിനഞ്ചാം രാവായിക്കഴിഞ്ഞാൽ അതിന്റെ രാത്രിയിൽ നിങ്ങൾ നിന്ന് നമസ്‌കരിക്കുക, അതിന്റെ പകലിൽ നിങ്ങൾ നോമ്പനുഷ്ഠിക്കുക…. (ഇബ്നു മാജ:5/1451)

ശൈഖ് അൽബാനി (റഹി) പറഞ്ഞു: ഇതിന്റെ സനദ് കെട്ടിയുണ്ടാക്കപ്പെട്ടതാണ്.(സിൽസിലതുൽ അഹാദീസിദ്ദ്വഈഫ :2132)

ഈ ഹദീസ് موضوع ആയ ഹദീസ്, അഥവാ കെട്ടിച്ചമക്കപ്പെട്ട ഹദീസ് ആണെന്നാണ് മറ്റ് മുഹദ്ദിസീങ്ങളും രേഖപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല ശഅബാന്‍ പതിനഞ്ച് പ്രത്യേകമായി നോമ്പ് നോല്‍ക്കുന്നതോ, അതിന്റെ രാവ് പ്രത്യേകമായി നിന്ന് നമസ്കരിക്കുന്നതോ പരാമര്‍ശിക്കുന്നതായി വന്ന എല്ലാ റിപ്പോര്‍ട്ടുകളും ഒന്നുകില്‍ കെട്ടിച്ചമക്കപ്പെട്ട ഹദീസുകളോ (موضوع) അതല്ലെങ്കില്‍ ദുര്‍ബലമായ ഹദീസുകളോ ആണ് എന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. ഇമാം ഇബ്നുല്‍ ജൗസി (റ) തന്റെ കെട്ടിച്ചമക്കപ്പെട്ട ഹദീസുകള്‍ പരാമര്‍ശിക്കുന്ന كتاب الموضوعات എന്ന ഗ്രന്ഥത്തില്‍ പേജ് 440 മുതല്‍ 445 വരെയുള്ള ഭാഗത്തും, പേജ് 1010 മുതല്‍ 1014 വരെയുള്ള ഭാഗത്തും അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ ബൈഹഖി തന്റെ شعب الإيمان എന്ന ഗ്രന്ഥത്തിലും (ഹദീസ് 3841) , ഇമാം അബുല്‍ഖത്താബ് ബ്നു ദഹിയ أداء ما وجي എന്ന ഗ്രന്ഥത്തിലും (പേജ് : 79- 80) , ഇമാം അബൂ ശാമ അശാഫിഇ الباعث على إنكار البدع والحوادث എന്ന ഗ്രന്ഥത്തിലും (പേജ് : 124 – 137) ശഅബാന്‍ പതിനഞ്ചിന് പ്രത്യേകമായി നോമ്പോ നമസ്കാരമോ പറയുന്നതായി വന്ന ഹദീസുകള്‍ എല്ലാം കെട്ടിച്ചമക്കപ്പെട്ടതോ ദുര്‍ബലമായതോ ആയ ഹദീസുകള്‍ ആണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ശാഫിഈ മദ്ഹബിലെ പണ്ഡിതനായ ഇമാം ഇബ്നു ഹജറുല്‍ ഹൈതമി (റഹി) പറഞ്ഞു:

وَأَمَّا صَوْمُ يَوْمِهَا فَهُوَ سُنَّةٌ مِنْ حَيْثُ كَوْنُهُ مِنْ جُمْلَةِ الْأَيَّامِ الْبِيضِ لَا مِنْ حَيْثُ خُصُوصُهُ وَالْحَدِيثُ الْمَذْكُورُ عَنْ ابْنِ مَاجَهْ ضَعِيفٌ

അപ്പോൾ ബറാഅത്ത് രാവിന്റെ പകലിൽ നോമ്പെടുക്കൽ ആ പകൽ അയ്യാമുൽ ബീളിന്റെ (എല്ലാ ഹിജ്റ മാസങ്ങളിലെയും 13, 14, 15 ദിവസങ്ങള്‍) കൂട്ടത്തിൽ പെട്ടതാണെന്ന നിലക്ക് സുന്നത്താകുന്നു. ആ പകലിന്റെ പ്രത്യേകതയിലല്ല. (ശഅബാൻ പതിനഞ്ചിന്റെ പകലിൽ നോമ്പനുഷ്ഠിക്കണമെന്നുള്ള) ഇബ്നു മാജയുടെ ഹദീസ് ദുര്‍ബലമാണ് (2/38) ( അല്‍ ഫതാവല്‍ കുബ്റ – രണ്ടാം വാള്യം, നോമ്പ് എന്ന അദ്ധ്യായം)

നമ്മുടെ നാട്ടില്‍ ബറാഅത്ത് നോമ്പ് സുന്നത്താണെന്ന് ഇന്ന് വാദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ പണ്ഢിതന്‍മാ൪ പോലും ഇത് ബിദ്അത്താണെന്ന് മുമ്പ് പറഞ്ഞിട്ടുള്ളത് കാണുക:

ചോദ്യം: “ബറാഅത്തിന് പ്രത്യേക നോമ്പ് സുന്നത്താണെന്ന് തൃക്കരിപ്പൂരിലെ ഒരു മുസ്‌ലിയാര്‍ വാദിക്കുന്നു. മറ്റൊരു മുസ്‌ലിയാര്‍ സുന്നത്തില്ല എന്നും വാദിക്കുന്നു. ഈ വിഷയത്തില്‍ ശാഫിഈ മദ്ഹബിന്റെ ബലപ്പെട്ട അഭിപ്രായവും തീരുമാനവും വിവരിച്ചു എഴുതിത്തരുവാന്‍ വിനീതമായി അപേക്ഷിക്കുന്നു”. എന്ന് ടി.കെ. മൊയ്തു മുസ്ല്യാ൪

മറുപടി: (ഇബ്നു ഹജറുല്‍ ഹൈതമിയുടെ (റഹി) ഫതാവല്‍ കുബ്റയിലെ മേല്‍ കൊടുത്തിട്ടുള്ള ഉദ്ദരണി എടുത്തു കൊടുത്ത ശേഷം എഴുതുന്നു) “മേല്‍പറഞ്ഞ ഇബാറത്ത് കൊണ്ട് ബറാഅത്തിന്റെ നോമ്പ് അയ്യാമുല്‍ ബീളില്‍ പെട്ടതായ നിലക്ക് സുന്നത്താണെന്നല്ലാതെ സ്വന്തം ബറാഅത്തിന്റെ നോമ്പായ നിലക്കു സുന്നത്തില്ലെന്നു സ്ഥിരപ്പെട്ടു. എന്നാല്‍ ഇബ്‌നുമാജ(റ)ന്റെ സുന്നത്താണെന്നുള്ള ഹദീസ് ളഈഫാണ്.” എന്ന് കണ്ണിയത്ത് അഹ്മ്മദ് മുസ്‌ലിയാര്‍ (ഒപ്പ്), 1.10.1978, പ്രസി:സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. ( കണ്ണിയത്ത് സ്മരണിക/പേജ്: 104)

ശഅബാന്‍ പതിനഞ്ചാം രാവില്‍ പ്രത്യേകം ഇബാദത്തുകൾ നിർവ്വഹിക്കുന്നതിനുവേണ്ടി ഹാജരാക്കുന്ന തെളിവുകള്‍ പരിശോധിക്കാം.

يَا عَلِيُّ، مَنْ صَلَّى لَيْلَةَ النِّصْفِ مِئَةَ رَكْعَةٍ بِأَلْفِ قُلْ هُوَ اللَّهُ أَحَدٌ، قَضَى اللَّهُ لَهُ كُلَّ حَاجَّةٍ طَلَبَهَا تِلْكَ الَّيْلَةِ

അല്ലയോ അലീ, ആരെങ്കിലും ശഅബാനിന്റെ പതിനഞ്ചാം രാവിൽ ആയിരം قُلْ هُوَ اللهُ أَحَد (സൂറ. ഇഖ്ലാസ്) ഓതി നൂറ് റക്അത്ത് നമസ്കരിച്ചാല്‍ ആ രാത്രിയിൽ അവൻ മൂന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും അല്ലാഹു അവന് നിറവേറ്റി നൽകും.

ഇമാം ഇബ്നുൽ ഖയ്യിം (റഹി) പറഞ്ഞു: ഇത് മൗളൂഅ് (കെട്ടിയുണ്ടാക്കിയത്) ആണ് . (അൽമാനാറുൽ മുനീഫ് :78)

مَنْ قَرَأَ لَيْلَةَ النِّصْفِ مِنْ شَعْبَانَ أَلْفَ مَرَّةٍ قُلْ هُوَ اللَّهُ أَحَدٌ بَعَثَ اللَّهُ إِليْهِ مِئَةَ أَلْفِ مَلَكٍ يُبَشِّرُونَهُ

ആരെങ്കിലും ശഅബാനിന്റെ പതിനഞ്ചാം രാവിൽ ആയിരം തവണ قُلْ هُوَ اللَّهُ أَحَدٌ (സൂറ. ഇഖ്ലാസ്) പാരായണം ചെയ്‌താല്‍ അവനിലേക്ക്‌ അല്ലാഹു ആയിരം മലക്കുകളെ സന്തോഷവാർത്ത അറിയിക്കിന്നവരായി നിയോഗിക്കും.

ഇമാം ഇബ്നുൽ ഖയ്യിം (റഹി) പറഞ്ഞു: ഇത് മൗളൂഅ് (കെട്ടിയുണ്ടാക്കിയത്) ആണ് . (അൽമാനാറുൽ മുനീഫ് :78)

عَنْ عَائِشَةَ، قَالَتْ فَقَدْتُ رَسُولَ اللَّهِ صلى الله عليه وسلم لَيْلَةً فَخَرَجْتُ فَإِذَا هُوَ بِالْبَقِيعِ فَقَالَ ‏”‏ أَكُنْتِ تَخَافِينَ أَنْ يَحِيفَ اللَّهُ عَلَيْكِ وَرَسُولُهُ ‏”‏ ‏.‏ قُلْتُ يَا رَسُولَ اللَّهِ إِنِّي ظَنَنْتُ أَنَّكَ أَتَيْتَ بَعْضَ نِسَائِكَ ‏.‏ فَقَالَ ‏”‏ إِنَّ اللَّهَ عَزَّ وَجَلَّ يَنْزِلُ لَيْلَةَ النِّصْفِ مِنْ شَعْبَانَ إِلَى السَّمَاءِ الدُّنْيَا فَيَغْفِرُ لأَكْثَرَ مِنْ عَدَدِ شَعْرِ غَنَمِ كَلْبٍ ‏”‏ ‏.‏ وَفِي الْبَابِ عَنْ أَبِي بَكْرٍ الصِّدِّيقِ ‏.‏ قَالَ أَبُو عِيسَى حَدِيثُ عَائِشَةَ لاَ نَعْرِفُهُ إِلاَّ مِنْ هَذَا الْوَجْهِ مِنْ حَدِيثِ الْحَجَّاجِ ‏.‏ وَسَمِعْتُ مُحَمَّدًا يُضَعِّفُ هَذَا الْحَدِيثَ وَقَالَ يَحْيَى بْنُ أَبِي كَثِيرٍ لَمْ يَسْمَعْ مِنْ عُرْوَةَ وَالْحَجَّاجُ بْنُ أَرْطَاةَ لَمْ يَسْمَعْ مِنْ يَحْيَى بْنِ أَبِي كَثِيرٍ ‏.

ആയിശയില്‍(റ) നിന്ന് നിവേദനം: ഒരു രാത്രി നബി ﷺ എന്റെ അടുത്ത് നിന്ന് അപ്രത്യക്ഷനായി. ഞാൻ നബി ﷺ യെ അന്വേഷിച്ചു പുറപ്പെട്ടു. ഞാന്‍ നോക്കിയപ്പോള്‍ അവിടുന്ന് ബഖീഅ് ഖബർസ്ഥാനിൽ നില്‍ക്കുന്നതായി കണ്ടു. നബി ﷺ ചോദിച്ചു: അല്ലാഹുവും അവന്റെ റസൂൽ ﷺ യും നിന്നോട് അതിക്രമം ചെയ്തുവെന്ന് നീ വിചാരിക്കുന്നുവോ (നിന്റെ അവസരം ഞാന്‍ മറ്റു് ഭാര്യമാരുടെ അടുക്കല്‍ ഉപയോഗപ്പെടുത്തിയെന്നാണോ നീ കരുതിയത്‌ എന്നർത്ഥം) ഞാന്‍ പറഞ്ഞു: തിരുദൂതരെ, താങ്കള്‍ മറ്റ് ഭാര്യമാരുടെ അടുക്കല്‍ പോയെന്നാണ് ഞാന്‍ കരുതിയത്‌. അപ്പോള്‍ നബി ﷺ പറഞ്ഞു: “നിശ്ചയം ശഅബാനിന്റെ പതിനഞ്ചാം രാവില്‍ അല്ലാഹു ഭൂമിയോട് അടുത്ത ആകാശത്തേക്ക്‌ കടന്നുവരും, കല്‍ബ്‌ ഗോത്രക്കാരുടെ ആടുകളുടെ മുടിയുടെ എണ്ണത്തേക്കാള്‍ പൊറുത്തു കൊടുക്കുകയും ചെയ്യും.

ഇമാം തിർമിദി(റഹി) പറയുന്നു :

وَفِي الْبَابِ عَنْ أَبِي بَكْرٍ الصِّدِّيقِ ‏.‏ قَالَ أَبُو عِيسَى حَدِيثُ عَائِشَةَ لاَ نَعْرِفُهُ إِلاَّ مِنْ هَذَا الْوَجْهِ مِنْ حَدِيثِ الْحَجَّاجِ ‏.‏ وَسَمِعْتُ مُحَمَّدًا يُضَعِّفُ هَذَا الْحَدِيثَ وَقَالَ يَحْيَى بْنُ أَبِي كَثِيرٍ لَمْ يَسْمَعْ مِنْ عُرْوَةَ وَالْحَجَّاجُ بْنُ أَرْطَاةَ لَمْ يَسْمَعْ مِنْ يَحْيَى بْنِ أَبِي كَثِيرٍ ‏.

ഈ വിഷയത്തിൽ അബൂ ബക്കർ സിദ്ദീഖില്‍(റ) നിന്ന് ഒരു ഹദീസും ഉണ്ട്. ആയിശയില്‍(റ) നിന്നുള്ള ഈ ഹദീസ് ഹജ്‌ജാജു ബ്നു അർതാത്തിൽ നിന്നല്ലാതെ എനിക്കറിയില്ല .മുഹമ്മദ് (ഇമാം ബുഖാരി) ഈ ഹദീസ് ദുർബലം ആണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. യഹ്‌യ ബ്നു അബീ കസീർ ഉർവയിൽ നിന്നോ ഹജ്‌ജാജു ബ്നു അർതാത്, യഹ്‌യ ബ്നു അബീ കസീർ എന്നിവരിൽ നിന്നോ ഈ ഹദീസ് നേരിട്ട് കേട്ടിട്ടില്ല എന്നും മുഹമ്മദ് (ഇമാം ബുഖാരി) പറയുന്നു. (തിർമിദി:739)

أَتَانِي جِبْرِيلُ عَلَيْهِ السَّلَامُ فَقَالَ: هَذِهِ لَيْلَةُ النِّصْفِ مِنْ شَعْبَانَ، وَللَّهِ فِيهَا عُتَقَاءُ مِنَ النَّارِ بِعَدَدِ شُعُورِ غَنَمِ بَنِي كَلْبٍ.

ജിബ്‌രീൽ എന്റെയടുക്കൽ വന്നുകൊണ്ടു പറഞ്ഞു: ഇത് ശഅബാൻ പതിനഞ്ചാം രാവാണ്. ഈ രാത്രിയിൽ ബനൂ കൽബ് ഗോത്രത്തിലെ ആടുകളുടെ രോമങ്ങളോളം ആളുകളെ അല്ലാഹു നരകത്തിൽ നിന്നും മോചിപ്പിക്കും.

ശൈഖ് അൽബാനി (റഹി) പറഞ്ഞു: വളരെ ദുർബമായതാണിത്. (ദ്വഈഫുത്തർഗീബ് :1247)

ശഅബാന്‍ പതിനഞ്ചാം രാവില്‍ പ്രത്യേകം ഇബാദത്തുകൾ നിർവ്വഹിക്കുന്നതിന് യാതൊരു തെളിവുമില്ലെന്ന് മനസ്സിലാക്കാം. തെളിവായി ഹാജരാക്കുന്നതോ കെട്ടിച്ചമച്ചതോ വളരെ ദു൪ബലമോ ആയ ചില റിപ്പോ൪ട്ടുകളും.

ഇമാം നവവി (റഹി) പറയുന്നു:

الصلاة المعروفة بصلاة الرغائب , وهي ثنتا عشرة ركعة تصلى بين المغرب والعشاء ليلة أول جمعة في رجب , وصلاة ليلة نصف شعبان مائة ركعة وهاتان الصلاتان بدعتان ومنكران قبيحتان ولا يغتر بذكرهما في كتاب قوت القلوب , وإحياء علوم الدين , ولا بالحديث المذكور فيهما فإن كل ذلك باطل ، ولا يغتر ببعض من اشتبه عليه حكمهما من الأئمة فصنف ورقات في استحبابهما فإنه غالط في ذلك , وقد صنف الشيخ الإمام أبو محمد عبد الرحمن بن إسماعيل المقدسي كتابا نفيسا في إبطالهما فأحسن فيه وأجاد رحمه الله

സ്വലാത്തുര്‍ റഗാഇബ് എന്നറിയപ്പെടുന്ന (ആഗ്രഹസഫലീകരണ) നമസ്കാരം, അതായത് റജബ് മാസത്തിലെ ആദ്യത്തെ ജുമുഅ ദിവസം മഗ്രിബിനും ഇഷാക്കും ഇടയില്‍ നമസ്കരിക്കുന്ന പന്ത്രണ്ട് റകഅത്ത് നമസ്കാരം, അതുപോലെ ശഅബാന്‍ പതിനഞ്ചിന് നമസ്കരിക്കുന്ന നൂറ് റകഅത്ത് നമസ്കാരം ഇവ രണ്ടും ബിദ്അത്താണ്. അവ അങ്ങേയറ്റം വലിയ തിന്മയും മ്ലേച്ചവുമാണ്. ‘ഖൂതുല്‍ ഖുലൂബ്’ എന്ന ഗ്രന്ഥത്തിലോ, ‘ഇഹ്’യാ ഉലൂമുദ്ദീന്‍’ എന്ന ഗ്രന്ധത്തിലോ അവ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നതിനാലോ, അതുമായി ബന്ധപ്പെട്ട ഹദീസ് കണ്ടോ ആരും തന്നെ വഞ്ചിതരാവേണ്ടതില്ല. അവയെല്ലാം തന്നെ ബാത്വിലാണ്. അതുപോലെ അതിന്റെ മതവിധി വ്യക്തമല്ലാത്തതിനാല്‍ അത് പുണ്യകരമാണ് എന്ന നിലക്ക് കൃതിയെഴുതിയ ഇമാമീങ്ങളുടെ വാക്കുകള്‍ കണ്ടും ആരും വഞ്ചിതരാകേണ്ട. കാരണം അവര്‍ക്ക് ആ വിഷയത്തില്‍ തെറ്റുപറ്റിയിരിക്കുന്നു. ശൈഖ് ഇമാം അബൂ മുഹമ്മദ്‌ അബ്ദു റഹ്മാന്‍ ബ്ന്‍ ഇസ്മാഈല്‍ അല്‍ മഖ്ദിസി ആ രണ്ട് നമസ്കാരങ്ങളും (ബിദ്അത്തും) വ്യാജവുമാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് വളരെ വിലപ്പെട്ട ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. വളരെ നല്ല രൂപത്തില്‍ വസ്തുനിഷ്ഠമായി അദ്ദേഹം ആ രചന നിര്‍വഹിച്ചിരിക്കുന്നു. അല്ലാഹു അദ്ദേഹത്തിന് കരുണ ചെയ്യട്ടെ. (അല്‍മജ്മൂഅ് : 3/548)

ഇമാം നവവിയുടെ(റഹി) ഗുരുവര്യനായ ശൈഖ് ശിഹാബുദ്ദീന്‍ അബൂശാമ (റഹി) പറയുന്നു:

وزينَ الشيطانُ لهم جعلها من أجل شعائر المسلمين

…….. ഇതെല്ലാം പിശാച്‌ അവർക്ക്‌ അലങ്കാരമായി കാണിച്ചുകൊടുക്കുകയും അവർ അത്‌ മുസ്‌ലിംകളുടെ അടിസ്ഥാന ആരാധനകളുടെ ഭാഗമെന്ന നിലക്ക്‌ നിർവ്വഹിച്ച് പോരികയും ചെയ്യുന്നു. (അൽബാഇസ്‌ അലാ ഇൻകാരിൽ ബിദഇ വൽ ഹവാദിസ്‌ : 124)

ഇമാം അബൂശാമ(റഹി) അദ്ദേഹത്തിന്റെ الباعث على إنكار البدع والحوادث എന്ന ഗ്രന്ഥത്തില്‍ ഇമാം അബൂബക്ക൪ അത്ത്വ൪തൂശി(റ) പറഞ്ഞതായി രേഖപ്പെടുത്തുന്നു.

وقال أبو بكر وروى ابن وضاح عن زيد بن أسلم، قال: ما أدركنا أحداً من مشيختنا ولا فقهائنا يلتفتون إلى النصف من شعبان، ولا يلتفتون إلى حديث مكحول، ولا يرون لها فضلاً على ما سواها. قال وقيل لابن أبي مليكة: إن زيادا النميري يقول:إن أجر ليلة النصف من شعبان كأجر ليلة القدر، فقال: لو سمعته وبيدي عصا لضربته وكان زياد قاصاً

അബൂബക്ക൪ അത്ത്വ൪തൂശി(റ) പറയുന്നു: ഇബ്നു വല്ലാഹ് സൈദു അസ്ലമില്‍ നിന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞതായി നിവേദനം ചെയ്യുന്നു: നമ്മുടെ പണ്ഢിതന്‍മാരില്‍ ഒരാളും തന്നെ ശഅ്ബാന്‍ പതിനഞ്ചാം രാവിന് പ്രത്യേകതയുള്ളതായി കാണുകയോ പ്രസ്തുത ദിവസത്തെ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായോ നമ്മുടെ ശ്രദ്ധയില്‍പെട്ടിട്ടില്ല. മക്ഹൂലിന്റെ ഹദീസിനെയും അവ൪ ഗണ്യമാക്കിയിരുന്നില്ല. മറ്റ് രാവിനേക്കാള്‍ യാതൊരു പ്രത്യേക ഗുണവും അതിനുള്ളതായി അവരാരും വിചാരിച്ചിരുന്നില്ല. അബൂബക്ക൪ അത്ത്വ൪തൂശി(റ) പറയുന്നു: ഇബ്നു അബൂമുലൈക പറയപ്പെട്ടു: ശഅ്ബാന്‍ പതിനഞ്ചാം രാവിന്റെ മഹത്വം ലൈലത്തുല്‍ ഖദ്റിന്റേത് പോലെയാണെന്ന് സിയാതുന്നമീരി പറയുന്നു: ഇബ്നു അബൂമുലൈക മറുപടി പറഞ്ഞത് ഇപ്രകാരമാണ്: ‘അങ്ങിനെ പറയുന്നത് ഞാന്‍ കേള്‍ക്കുകയും അന്നേരം എന്റെ കയ്യില്‍ ഒരു വടിയുമുണ്ടായിരുന്നുവെങ്കില്‍ തീര്‍ച്ചയായും നാം അവനെ അടിക്കുമായിരുന്നു. ( الباعث على إنكار البدع والحوادث )

ബലാഉകള്‍ (ദുരിതങ്ങള്‍) നീങ്ങുവാനും ദീര്‍ഘായുസ്സ് ലഭിക്കാനും ദാരിദ്ര്യം മാറാനുമെന്ന പേരില്‍ ആറ് റക്അത്ത് നമസ്‌കാരം ചില൪ നിര്‍വഹിക്കുന്നു. അതേപോലെ ശഅ്ബാന്‍ പതിനഞ്ചിനാണ് ഓരോരുത്തരുടേയും ഒരു വര്‍ഷത്തേക്കുള്ള ഉപജീവനവും മറ്റും കണക്കാക്കുകയെന്നും അതുകൊണ്ട് ഭക്ഷണ വിശാലതക്കും , ആയുസ് വര്‍ദ്ധനവിനും, മരണപ്പെട്ടുപോയിട്ടുള്ളവരുടെ നന്മക്ക് വേണ്ടിയും പ്രസ്തുത ദിവസത്തില്‍ മൂന്ന് യാസീനുകള്‍ പാരായണം ചെയ്യുന്നതും കണ്ടുവരുന്നു. ഇതെല്ലാം മതത്തിലെ പുത്തനാചാരവും പ്രമാണങ്ങളുടെ യാതൊരു പിന്‍ബലമില്ലാത്തതുമാണ്. വിശുദ്ധ ഖു൪ആന്‍ അല്ലാഹുവിന്റെ കലാം(സംസാരം) ആണ്. അതിലെ ഏതെങ്കിലും സൂറത്ത് പാരായണം ചെയ്താല്‍ ഇന്ന പ്രതിഫലം ലഭിക്കുമെന്ന് പറയേണ്ടത് അല്ലാഹുവോ അവന്റെ റസൂൽ ﷺ യോ ആണ്. സൂറ: അല്‍ മുല്‍ക്ക് പാരായണം ചെയ്യുന്നത് ഖബ്റിലെ ശിക്ഷയില്‍ നിന്ന് രക്ഷ ലഭിക്കാന്‍ കാരണമാണ്, സൂറ: അൽബഖറ പാരായണം ചെയ്യുന്ന വീടുകളിൽ നിന്ന് പിശാച് അകന്ന് പോകുന്നതാണ് എന്നെല്ലാം നബി ﷺ പഠിപ്പിച്ചതുപോലെ. എന്നാല്‍ ഇതേപോലെ ശഅ്ബാന്‍ പതിനഞ്ചാം രാവിന് മൂന്ന് യാസീന്‍ പാരായണം ചെയ്താല്‍ ഇന്ന പ്രതിഫലം ലഭിക്കണമെന്ന് പറയണമെങ്കില്‍ അല്ലാഹുവോ അവന്റെ റസൂൽ ﷺ യോ പറയണം. പ്രമാണങ്ങളില്‍ സ്ഥിരപ്പെടാതെ, ശഅബാന്‍ പതിനഞ്ചാം രാവില്‍ മൂന്ന് യാസീന്‍ പാരായണം ചെയ്താല്‍ ഇന്ന പ്രതിഫലം ലഭിക്കുമെന്ന് ഒരാള്‍ പറഞ്ഞാല്‍ അവന്‍ അല്ലാഹുവോ അവന്റെ റസൂൽ ﷺ യോ പറയാത്തത് പറയുന്നവനായി മാറുന്നു.

ﻓَﻤَﻦْ ﺃَﻇْﻠَﻢُ ﻣِﻤَّﻦِ ٱﻓْﺘَﺮَﻯٰ ﻋَﻠَﻰ ٱﻟﻠَّﻪِ ﻛَﺬِﺑًﺎ ﺃَﻭْ ﻛَﺬَّﺏَ ﺑِـَٔﺎﻳَٰﺘِﻪِ

അപ്പോള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, അവന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുതള്ളുകയോ ചെയ്തവനേക്കാള്‍ കടുത്ത അക്രമി ആരുണ്ട്‌?…    (ഖു൪ആന്‍:7/37)

عَنْ سَلَمَةَ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ : ‏ مَنْ يَقُلْ عَلَىَّ مَا لَمْ أَقُلْ فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ

സലമയില്‍(റ)നിന്ന് നിവേദനം. നബി ﷺ ഇപ്രകാരം പറഞ്ഞതായി ഞാൻ കേട്ടു: പറയാത്ത കാര്യം ഞാൻ പറഞ്ഞുവെന്ന് എന്റെ പേരിൽ ആരെങ്കിലും ആരോപിച്ചാൽ അവൻ നരകത്തിൽ അവന്റെ ഇരിപ്പിടം ഒരുക്കികൊള്ളട്ടെ.   (ബുഖാരി: 109)

മലക്കുകളും ജിബ്രീലും ഭൂമിയിലേക്ക് പ്രത്യേകമായി ഇറങ്ങിവരുമെന്നും അല്ലാഹു നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ ലൌഹുല്‍ മഹ്ഫൂളില്‍ നിന്നും മലക്കുകള്‍ക്ക് മുന്‍കട്ടി വിവരിച്ചു കൊടുക്കപ്പെടുമെന്നും പറയുന്നത് റമളാനിലാണ്. അതായത് എല്ലാ കാര്യങ്ങളുടെയും മൂലരേഖയായ ‘ലൌഹുല്‍ മഹ്ഫൂള്വി’ല്‍ നിന്ന് അതതു കൊല്ലങ്ങളില്‍ ലോകത്തു നടക്കുന്നതും, നടക്കേണ്ടതുമായ കാര്യങ്ങള്‍ മലക്കുകള്‍ക്കു ലൈലത്തുല്‍ ഖദ്റിന്റെ രാത്രിയില്‍ വിവരിച്ചുകൊടുക്കുമെന്ന് ഖു൪ആന്‍:44/4 വചനത്തിന്റെ വ്യാഖ്യാനമായി പ്രധാന മുഫസ്സിറുകള്‍ പൊതുവില്‍ അംഗീകരിച്ചിട്ടുണ്ട്. എന്നിട്ടും അതെല്ലാം ശഅബാന്‍ പതിനഞ്ചിനാണെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ആയുസിനും രിസ്കിനും വേണ്ടി ബിദ്അത്ത് ചെയ്യിപ്പിക്കുന്ന പണ്ഢിതന്‍മാ൪ അല്ലാഹുവിനെ സൂക്ഷിക്കുകയെന്ന് മാത്രം ഓ൪മ്മിപ്പിക്കുന്നു.

ശഅബാന്‍ പതിനഞ്ചാം രാവില്‍ മധുരം കൊടുത്തും പ്രത്യേകം ഭക്ഷണം പാകം ചെയ്തുമെല്ലാം ആഘോഷിക്കുന്നതും മതത്തിലെ പുത്തനാചാരമാണ്. കാരണം അല്ലാഹുവിന്റെ റസൂൽ  ﷺ യോ, സ്വഹാബത്തോ ആരും തന്നെ അപ്രകാരം ചെയ്തതായി യാതൊരു തെളിവുമില്ല.

ശൈഖ് ഇബ്‌നു ബാസ് (റഹി) പറഞ്ഞു: ശഅബാൻ 15 ന്റെ പകലിൽ (ബറാഅത്ത് നോമ്പ് എന്ന പേരിൽ) പ്രത്യേകമായി നോമ്പെടുക്കലും രാത്രിയിലെ പ്രത്യേക നമസ്കാരവും വെറുക്കപ്പെട്ട ബിദ്അത്താണ്. ദീനിൽ അതിന് യാതൊരു അടിസ്ഥാനവുമില്ല. നേരെമറിച്ച് അത് സ്വഹാബത്തിന്റെ കാലശേഷം ദീനിൽ കടന്നുകൂടിയ പുത്തൻ ആചാരമാണ്. നബി ﷺ പറഞ്ഞു: “ആരെങ്കിലും നമ്മുടെ ദീനിൽ ഇല്ലാത്ത ഒരു കാര്യം ദീനിൽ കൊണ്ടുവന്നാൽ അത് തള്ളപ്പെടേണ്ടതാണ്.” (മുത്തഫഖുൻ അലൈഹി). ഈ ദിവസത്തെ പകലിലോ രാത്രിയിലോ ഇബാദത്തുകൾക്കോ ആഘോഷങ്ങൾക്കോ പ്രത്യേകമായി ശ്രേഷ്ഠത ഉണ്ടായിരുന്നെങ്കിൽ ഈ ഉമ്മത്തിന് അതിന് നിർദേശം നൽകുകയും അദ്ദേഹം (റസൂൽ ﷺ ) സ്വയം പ്രവർത്തിച്ചു കാണിക്കുകയും സ്വഹാബികളിലൂടെ അത് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുമായിരുന്നു. ജനങ്ങളിൽ ഏറ്റവും നല്ല ജനതയാണവർ. നബിമാരെക്കഴിഞ്ഞാൽ ജനങ്ങളോട് ഏറ്റവും കൂടുതൽ ഗുണകാംക്ഷയുള്ള ജനതയുമാണവർ. (മജ്മൂഉൽ ഫതാവ: 2/882)

ശൈഖ് ഇബ്നുറജബ്(റഹി): ശഅ്ബാന്‍ പതിനഞ്ച് പുണ്യദിനമായി കരുതലും അന്ന് പ്രത്യേകം ആഘോഷങ്ങള്‍ സംഘടിപ്പിക്കലും ബിദ്അത്ത് (അനാചാരം) ആകുന്നു. ഇത് സംബന്ധമായി വന്നിട്ടുള്ളതായ എല്ലാ ഹദീസുകളും ദുര്‍ബലമായതാണ്, അവയില്‍ ചിലതാകട്ടെ വ്യാജനിര്‍മ്മിതവുമാണ്. (ഇബ്നുറജബ് കിതാബുല്‍ ലത്വാ ഇഫ്).

ബറാഅത്ത് രാവ് ആഘോഷിക്കുന്നത് ബിദ്അത്താണെന്ന കാര്യത്തിൽ ഭൂരിപക്ഷം പണ്ഡിതൻമാരും ഏകോപിച്ചിരിക്കുന്നുവെന്ന് സൌദ്യ അറേബ്യയിലെ മുന്‍ ഗ്രാന്റ് മുഫ്തിയായിരുന്ന ശൈഖ് ഇബ്നുബാസ്(റഹി) പ്രസ്താവിച്ചിട്ടുണ്ട്. (മജ്മൂഉൽ ഫത്വാവാ വ മക്വാലാത് മുതനവ്വിഅ് ഇബ്നുബാസ്:1/186)

സൗദ്യ അറേബ്യയിലെ ഫത്’വക്ക് വേണ്ടിയുള്ള സ്ഥിരം കമ്മിറ്റി (അല്ലജ്നദ്ദാഇമ ലിൽ ഇഫ്താഅ്) ശഅബാൻ പതിനഞ്ചാം രാവ് ആഘോഷിക്കുന്നത് ബിദ്അത്താണെന്ന് ഫത്’വ നൽകിയിട്ടുണ്ട്. (ഫതാവല്ലജ്ന:3/82)

ലജ്നതുദ്ദാഇമയുടെ മറ്റൊരു ഫത്’വയില്‍ ഇപ്രകാരം കാണാം: ലൈലത്തുല്‍ ഖദ്റോ അതുപോലുള്ള മറ്റു രാവുകളോ ആഘോഷിക്കരുത്. അതുപോലെ ഏതെങ്കിലും പ്രത്യേക അവസരങ്ങളില്‍ ഉദാ: ശഅബാന്‍ പതിനഞ്ചാം രാവ്, ഇസ്റാഅ് മിഅ്റാജ് , മൗലിദുന്നബവി തുടങ്ങിയ ആഘോഷങ്ങള്‍ നിഷിദ്ധമാണ്. കാരണം അല്ലാഹുവിന്റെ റസൂൽ ﷺ യോ സ്വഹാബത്തോ ആരും തന്നെ അപ്രകാരം ചെയ്തതായി സ്ഥിരപ്പെട്ടിട്ടില്ല. ‘നമ്മുടെ മതത്തില്‍ ഇല്ലാത്ത ഒരു കാര്യത്തെ (മതത്തിന്‍റെ പേരില്‍) ആരെങ്കിലും കടത്തിക്കൂട്ടിയാല്‍ അത് മടക്കപ്പെടുന്നതാണ്’ എന്ന് അല്ലാഹുവിന്റെ റസൂൽ ﷺ പഠിപ്പിച്ചിട്ടുമുണ്ട്. (ഫതാവ ലജ്നതുദ്ദാഇമ : 2/257-258)

ഇമാം ഇബ്നു ഹജറുല്‍ ഹൈതമി (റഹി) പറഞ്ഞു:

وَجَمِيعُ مَا رُوِيَ مِنْ الْأَحَادِيثِ الْمُشْتَهِرَةِ فِي فَضَائِلِ هَذِهِ اللَّيْلَةِ وَلَيْلَةِ نِصْفِ شَعْبَانَ بَاطِلٌ كَذِبٌ لَا أَصْلَ لَهُ وَإِنْ وَقَعَ فِي بَعْضِ كُتُبِ الْأَكَابِرِ كَالْإِحْيَاءِ لِلْغَزَالِيِّ وَغَيْرِهِ.

റജബ് മാസത്തിലെ ആദ്യ വെള്ളിയാഴ്ച രാത്രിയുമായി സ്രേഷ്ടതയുമായി ബന്ധപ്പെട്ട മുഴുവന്‍ ഹദീസുകളും, അതുപോലെ ശഹബാന്‍ 15 രാവുമായി ബന്ധപ്പെട്ട സകല ഹദീസുകളും ബാത്വിലാണ്, കളവാണ്, യാതൊരു അടിസ്ഥാനവും ഇല്ല, ഇമാം ഗസാലിയെ പോലെയുള്ള ധാരാളം മഹാന്മാരുടെ ഗ്രന്ഥങ്ങളില്‍ ഇത് വന്നിട്ടുണ്ടെങ്കില്‍ പോലും. (ഫതാവല്‍ കുബറാ)

സത്യവിശ്വാസികളുടെ തന്നെ ഏതൊരു ക൪മ്മവും അല്ലാഹു സ്വീകരിക്കണമെങ്കില്‍ രണ്ട് കാര്യം നി൪ബന്ധമാണ്. 1) ചെയ്യുന്ന ക൪മ്മം അല്ലാഹുവിന്റെ പൊരുത്തം ഉദ്ദേശിച്ചുള്ളതായിരിക്കുക (ഇഖ്’ലാസ്.) 2) ചെയ്യുന്ന ക൪മ്മം നബി ﷺ യുടെ ചര്യക്കനുസൃതമായിരിക്കണം(സുന്നത്ത്.) ചെയ്യുന്ന ക൪മ്മം അല്ലാഹുവിന്റെ പൊരുത്തം മാത്രം ഉദ്ദേശിച്ചുള്ളതാണെങ്കിലും അതിന് നബി ﷺ യുടെ മാതൃകയില്ലെങ്കില്‍ അത് തള്ളപ്പെടും. ബിദ്അത്തായ ക൪മ്മം അല്ലാഹു സ്വീകരിക്കുകയില്ല എന്ന൪ത്ഥം.

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم :‏ مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ

ആയിശയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നമ്മുടെ ഈ കാര്യത്തിൽ (ദീനിൽ) അതിൽ ഇല്ലാത്തത്‌ പുതുതായി വല്ലവനും ഉണ്ടാക്കിയാൽ അത് തള്ളേണ്ടതാണ്‌. (ബുഖാരി:2697)

ബറാഅത്ത് നോമ്പ് സുന്നത്താണെന്ന് വാദിക്കുന്നവ൪ തങ്ങളുടെ വാദം സ്ഥാപിക്കുന്നതിനുവേണ്ടി പല കുതന്ത്രങ്ങളും പ്രയോഗിക്കാറുണ്ട്. അതില്‍ പെട്ട ഒന്നാണ്, വിശുദ്ധ ഖുര്‍ആനില്‍ ഈ രാവിന്റെ മഹത്വം പറഞ്ഞിട്ടുണ്ടെന്ന കളവ് ജനങ്ങളോട്‌ പറയുന്നത്. വിശുദ്ധ ഖുര്‍ആനില്‍ ഇതിന്റെ മഹത്വം പറഞ്ഞിട്ടുണ്ടെന്ന്‌ പറഞ്ഞാല്‍ പിന്നെ ജനങ്ങള്‍ അത്‌ സ്വീകരിക്കുമെന്നും അവ൪ കണക്കുകൂട്ടുന്നു. അവ൪തന്നെ എഴുതിയത് കാണുക.

വിശുദ്ധ ക്വുര്‍ആനിലും ബറാഅത്ത്‌ രാവിനെക്കുറിച്ച്‌ (ശഅ്‌ബാന്‍ പകുതിയുടെ രാത്രി) പരാമര്‍ശമുണ്ട്‌. `വ്യക്തമാക്കുന്ന ഈഗ്രന്ഥം തന്നെയാണ്‌ സത്യം. അനുഗ്രഹീതമായ ഒരു രാത്രിയില്‍ നാം അതിനെ അവതരിപ്പിച്ചു. (വി.ക്വു. 44-2,3) ഈ സൂക്തത്തിലെ ലൈലത്തുല്‍ മുബാറക്‌ (അനുഗ്രഹീത രാവ്‌) എന്നത്‌ ശഅ്‌ബാന്‍ പതിനഞ്ചിന്റെ രാവാണെന്നാണ്‌ പണ്‌ഡിതാഭിപ്രായം’ (ചന്ദ്രിക 2005. സപ്‌തംബര്‍ 20. പി.പി.മുഹമ്മദ്‌ സ്വാലിഹ്‌ അന്‍വരി)

ബറകത്താക്കപ്പെട്ട രാത്രി നാം ക്വുര്‍ആനിനെ ഇറക്കി. ശഅ്‌ബാന്‍ പതിനഞ്ചാണ്‌ ഈ ബര്‍കത്താക്കപ്പെട്ട രാവ്‌. മനുഷ്യനെ അപഥ സഞ്ചാരത്തില്‍ നിന്നും നേര്‍മാര്‍ഗത്തിലേക്ക്‌ നയിക്കുന്ന പരിശുദ്ധ ക്വുര്‍ആനിന്റെ അവതരണത്തിന്‌ തുടക്കം കുറിച്ചത്‌ ഈ ബറാഅത്ത്‌ രാവിലായിരുന്നു. അതുകൊണ്ട്‌ തന്നെ ഇതിന്‌ ധാരാളം പ്രത്യേകതകള്‍ ഉണ്ട്‌. (സന്തുഷ്‌ട കുടുംബം മാസിക 2003 ഒക്‌ടോബര്‍).

ശഅബാന്‍ പതിനഞ്ചിന്റെ മഹത്വം സ്ഥാപിക്കുന്നതിന് വേണ്ടി വിശുദ്ധ ഖുര്‍ആന്‍ ദു൪വ്യാഖ്യാനിക്കുകയാണ് ഇവ൪ ചെയ്തിട്ടുള്ളത്. ഖു൪ആന്‍ അവതരിച്ചത് ബറാഅത്ത് രാവിലെന്നാണ് അവ൪ വരുത്തിത്തീ൪ക്കുന്നത്. യഥാ൪ത്ഥത്തില്‍ ഇത് വിശുദ്ധ ഖുര്‍ആനിന്റെ ഖണ്ഡിതമായ തെളിവുകള്‍ക്ക് കടകവിരുദ്ധമാണ്. ലൈലത്തുല്‍ മുബാറക്‌ (അനുഗ്രഹീത രാവ്‌) എന്നത്‌ ശഅ്‌ബാന്‍ പതിനഞ്ചിന്റെ രാവാണെന്നതിന് അവ൪ തെളിവ് പിടിച്ച വിശുദ്ധ ഖു൪ആനിലെ വചനം കാണുക.

ﺇِﻧَّﺎٓ ﺃَﻧﺰَﻟْﻨَٰﻪُ ﻓِﻰ ﻟَﻴْﻠَﺔٍ ﻣُّﺒَٰﺮَﻛَﺔٍ ۚ ﺇِﻧَّﺎ ﻛُﻨَّﺎ ﻣُﻨﺬِﺭِﻳﻦَ

തീര്‍ച്ചയായും നാം അതിനെ (ഖു൪ആനിനെ) ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു. (ഖു൪ആന്‍:44/3)

ഇവിടെ ഖുര്‍ആന്‍ പറയുന്നത്, അതിനെ ഒരു അനുഗ്രഹീത രാവിലാണ് അവതരിപ്പിച്ചിട്ടുള്ളതെന്നാണ്. പ്രസ്തുത രാവ് കൊണ്ട് ഉദ്ദേശിക്കുന്നത് ലൈലത്തുല്‍ ഖദ്റാണെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നുണ്ട് .

ﺇِﻧَّﺎٓ ﺃَﻧﺰَﻟْﻨَٰﻪُ ﻓِﻰ ﻟَﻴْﻠَﺔِ ٱﻟْﻘَﺪْﺭِ

തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) ലൈലത്തുല്‍ ഖദ്റില്‍ (നിര്‍ണയത്തിന്റെ രാത്രിയില്‍) അവതരിപ്പിച്ചിരിക്കുന്നു. (ഖു൪ആന്‍:97/1)

ലൈലത്തുല്‍ ഖദ്൪ റമാദാനിലാണെന്ന കാര്യം ഏകാഭിപ്രായമുള്ള വിഷയവുമാണ്. നബി ﷺ  അത് വ്യക്തമാക്കിയിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أَتَاكُمْ رَمَضَانُ شَهْرٌ مُبَارَكٌ فَرَضَ اللَّهُ عَزَّ وَجَلَّ عَلَيْكُمْ صِيَامَهُ تُفْتَحُ فِيهِ أَبْوَابُ السَّمَاءِ وَتُغْلَقُ فِيهِ أَبْوَابُ الْجَحِيمِ وَتُغَلُّ فِيهِ مَرَدَةُ الشَّيَاطِينِ لِلَّهِ فِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ

നിങ്ങള്‍ക്കിതാ അനുഗ്രഹീതമായ ഒരുമാസം, റമളാന്‍ വന്നെത്തിയിരിക്കുന്നു. …………. അതില്‍ ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ഒരു രാത്രിയുണ്ട്. (നസാഇ – അല്‍ബാനി: 4/129 നമ്പര്‍:2106)

മാത്രമല്ല, ഖുര്‍ആന്‍ അവതരിച്ചിട്ടുള്ളത് റമളാനിലാണെന്ന കാര്യം ഖുര്‍ആനില്‍ തന്നെ വന്നിട്ടുമുണ്ട്.

ﺷَﻬْﺮُ ﺭَﻣَﻀَﺎﻥَ ٱﻟَّﺬِﻯٓ ﺃُﻧﺰِﻝَ ﻓِﻴﻪِ ٱﻟْﻘُﺮْءَاﻥُ ﻫُﺪًﻯ ﻟِّﻠﻨَّﺎﺱِ ﻭَﺑَﻴِّﻨَٰﺖٍ ﻣِّﻦَ ٱﻟْﻬُﺪَﻯٰ ﻭَٱﻟْﻔُﺮْﻗَﺎﻥِ ۚ

ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. ……. (ഖു൪ആന്‍: 2/185)

ഖു൪ആന്‍:44/3 ല്‍ പരാമ൪ശിച്ചിട്ടുള്ള രാവ് ശഅബാന്‍ പതിനഞ്ചിന്റെ രാവല്ലെന്നും അത് ലൈലത്തുല്‍ ഖദ്റാണെന്നും വ്യക്തം. ഈ വചനത്തിന്റെ വിശദീകരണത്തില്‍ മുഫസ്സിറുകള്‍ അക്കാര്യം വിശദീകരിച്ചിട്ടുണ്ട്.

الليلة المباركة ليلة القدر ……. وقال عكرمة : الليلة المباركة هاهنا ليلة النصف من شعبان . والأول أصح لقوله تعالى : إنا أنزلناه في ليلة القدر

(ഇവിടെ പറഞ്ഞ) ലൈലത്തുല്‍ മുബാറക (എന്നതുകൊണ്ടുള്ള ഉദ്ദേശ്യം) ലൈലത്തുല്‍ ഖദ്റാകുന്നു. അത് ശഅബാന്‍ പതിനഞ്ചാം രാവാണെന്ന് ഇക്’രിമ പറഞ്ഞിട്ടുണ്ട്. (എന്നാല്‍) ആദ്യം പറഞ്ഞതാണ് ലൈലത്തുല്‍ ഖദ്൪ എന്നതാണ് ഏറ്റവും പ്രബലമായിട്ടുള്ളത്. എന്തുകൊണ്ടെന്നാല്‍ അല്ലാഹു പറഞ്ഞിട്ടുണ്ട്. തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) ലൈലത്തുല്‍ ഖദ്റില്‍ (നിര്‍ണയത്തിന്റെ രാത്രിയില്‍) അവതരിപ്പിച്ചിരിക്കുന്നു. (ഖു൪ത്വുബി)

ومن قال : إنها ليلة النصف من شعبان – كما روي عن عكرمة – فقد أبعد النجعة فإن نص القرآن أنها في رمضان

ആരെങ്കിലും പ്രസ്തുത അനുഗ്രഹീതരാവ് ശഅ്ബാന്‍ പതിനഞ്ചിനാണെന്ന് പറഞ്ഞാല്‍ അവന്‍ സത്യത്തില്‍ നിന്നും വളരെ ദൂരം അകലെയാണ്, കാരണം ഖുര്‍ആനിന്റെ നസ്സ് (ഖണ്ഡിതമായ അഭിപ്രായം) അത് റമളാന്‍ മാസത്തിലാണെന്ന് തന്നെയാണ്. (തഫ്സീര്‍ ഇബ്നുകസീര്‍ :4/13).

وأما القائلون بأن المراد من الليلة المباركة المذكورة في هذه الآية هي ليلة النصف من شعبان ، فما رأيت لهم فيه دليلا يعول عليه ، وإنما قنعوا فيه بأن نقلوه عن بعض الناس ، فإن صح عن رسول الله – صلى الله عليه وسلم – فيه كلام فلا مزيد عليه ، وإلا فالحق هو الأول

എന്നാല്‍ ഈ ആയത്തില്‍ പറയപ്പെട്ട ലൈലത്തുല്‍ മുബാറക കൊണ്ടുള്ള ഉദ്ദേശ്യം ശഅബാന്‍ പതിനഞ്ചാം രാവാണെന്ന് പറയുന്നവ൪ക്ക് അവലംബയോഗ്യമായ ഒരു രേഖയും ഞാന്‍ കണ്ടിട്ടില്ല. ഈ വിഷയത്തില്‍ ചില ആളുകളില്‍ നിന്ന് അവ൪ ഉദ്ദരിച്ചിട്ടുള്ള ചില ഉദ്ദരണികള്‍ കൊണ്ട് അവ൪ തൃപ്തിയടയുക മാത്രമാണ് ചെയ്തിട്ടുള്ളത്. റസൂൽ ﷺ യിൽ നിന്നും ഈ വിഷയത്തില്‍ വല്ല വചനങ്ങളും സ്ഥിരപ്പെട്ടു വന്നിരുന്നുവെങ്കില്‍ അതിലുപരിയായി മറ്റൊന്നും വേണ്ടതില്ല. അതില്ലാത്ത സ്ഥിതിക്ക് ശരിയായിട്ടുള്ളത് ആദ്യം പറഞ്ഞത് – അഥവാ ലൈലത്തുല്‍ മുബാറക കൊണ്ടുദ്ദേശ്യം ലൈലത്തുല്‍ ഖദ്റാണ് എന്നത് -തന്നെയാണ്. (തഫ്സീറുല്‍ കബീ൪)

വിശുദ്ധ ഖു൪ആന്‍ അവതരിച്ചത് റമദാനാകുന്നുവെന്ന് അല്ലാഹു ഖണ്ഢിതമായി പറഞ്ഞിരുന്നത് ഇവിടെ സൂറത്തുല്‍ ദുഖാനില്‍ ‘അനുഗ്രഹീത രാത്രി’ എന്ന തന്റെ വാക്കുകൊണ്ട് അതിന്റെ അവതരണ സമയം രാത്രിയിലാണെന്നും നി൪ണ്ണയിച്ചു പറഞ്ഞിരിക്കുകയാണ് ചെയ്തിട്ടുള്ളത്. അതിനാല്‍, ആരെങ്കിലും അത് (ലൈലത്തുല്‍ മുബാറക ) (റമളാനിലെ ലൈലത്തുല്‍ ഖദ്൪ അല്ലാത്ത) മറ്റൊരു രാത്രിയിലാണെന്ന് ജല്‍പ്പിച്ചാല്‍ അവന്‍ അല്ലാഹുവിന്റെ മേല്‍ ഗുരുതരമായ കള്ളം ആരോപിച്ചിരിക്കുന്നു. അവന്‍ തെറ്റ് പറ്റിയവനും സത്യത്തില്‍ നിന്ന് ബഹുദൂരം അകന്നവനുമാണ്.

രണ്ടാമതായി ശഅബാൻ 15 ന് പകലില്‍ നോമ്പും രാത്രിയില്‍ പ്രത്യേകം ഇബാദത്തുകളും നിർവ്വഹിക്കുന്നതിന് നബി ﷺ പറഞ്ഞിട്ടുണ്ടെന്നാണ് ബറാഅത്ത് നോമ്പിന്റെയും ബറാഅത്ത് രാവിന്റെയും ആളുകള്‍ സമ൪ത്ഥിക്കുന്നത്. അതിന് വേണ്ടി ഹാജരാക്കുന്ന തെളിവുകളോ കെട്ടിച്ചമച്ചതോ വളരെ ദു൪ബലമോ ആയ ചില റിപ്പോ൪ട്ടുകളും. അത് ആളുകള്‍ മനസ്സിലാക്കുമ്പാള്‍ അവ൪ അടുത്ത തന്ത്രം പ്രയോഗിക്കും. അവ൪തന്നെ എഴുതിയത് കാണുക:

ബറാഅത്തുരാവിലും അതുപോലുള്ള മറ്റു ദിനങ്ങളിലുമുള്ള ആരാധനകള്‍ പരാമര്‍ശിച്ചു വന്ന ഹദീസുകളും മറ്റും ളഈഫാണെങ്കിലും ഫളാഇലുല്‍ അഅ്മാലില്‍ അവ സ്വീകാര്യമാണെന്നാണ് പണ്ഡിതഭാഷ്യം (സിറാജ്/2000 നവംബര്‍ 11, ശനി)

ശഅബാൻ 15 ന് പകലില്‍ നോമ്പും രാത്രിയില്‍ പ്രത്യേകം ഇബാദത്തുകളും നിർവ്വഹിക്കുന്നതിന് തങ്ങള്‍ ഹാജരാക്കിയ തെളിവുകള്‍ ളഈഫാണെങ്കിലും അഥവാ ദു൪ബലമാണെങ്കിലും ഫളാഇലുല്‍ അഅ്മാലില്‍ അഥവാ പ്രസ്തുത ക൪മ്മങ്ങള്‍ നി൪വ്വഹിക്കുന്നതിന് അവ സ്വീകാര്യമാണെന്നാണ് അവ൪ പറയുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ ഇമാം ഇബ്നു ഹജറിൽ അസ്ഖലാനി(റഹി) പറയുന്നത് കാണുക:

اِشْتُهِرَ أَنَّ أَهْلَ العِلْمِ يَتَسَامَحُونَ فِي إِيرَادِ الأَحَادِيثِ فِي الفَضَائِلِ وَإِنْ كَان فِيهَا ضَعْفٌ، مَا لَمْ تَكُنْ مَوْضُوعَةً. وَيَنْبَغِي مَعَ ذَلِكَ اِشْتِرَاطُ أَنْ يَعْتَقِدَ العَامِلُ كُون ذَلِكَ الحَدِيثُ ضَعِيفًا، وَأَنَّ لَا يُشْهِرَ بِذَلِكَ، لِئَلَّا يَعْمَلَ المَرْءُ بِحَدِيثٍ ضَعِيفٍ، فَيُشَرَّعُ مَا لَيْسَ بِشَرَعٍ، أَوْ يَرَاهُ بَعْضُ الجُهَّالِ فَيَظُنُّ أَنَّهُ سَنَةٌ صَحِيحَةٌ. وَقَدْ صَرَّحَ بِمَعْنَى ذَلِكَ الأُسْتَاذُ أَبُو مُحَمَّدٌ بِنِ عَبْد السَّلَامِ وَغَيْرُهُ. وَلِيَحَذَرِ المَرْءُ مِنْ دُخُولِهِ تَحْتَ قَوْلِهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ” « مَنْ حَدَّثَ عَنِّى بِحَدِيثٍ وَهُوَ يَرَى أَنَّهُ كَذِبٌ فَهُوَ أَحَدُ الْكَذَّابِينَ » فَكَيْفَ بِمَنْ عَمِلَ بِهِ ؟ وَلَا فَرْقَ فِي العَمَلِ بِالحَدِيثِ فِي الأَحْكَامِ، أَوْ فِي الفَضَائِلِ، إِذْ الكُلُّ شَرَعٌ.

എന്നാല്‍ അല്‍പം ദുര്‍ബലതയുള്ള ഹദീസുകള്‍ – അവ നബി ﷺ യുടെ പേരില്‍ കെട്ടിച്ചമച്ചതല്ലെങ്കില്‍ – പുണ്യകര്‍മങ്ങളുടെ വിഷയത്തില്‍ ഉദ്ധരിക്കുന്നതില്‍ സഹിഷ്ണുത പുലര്‍ത്തുന്ന സമീപനമാണ് ചില പണ്ഡിതന്മാര്‍ സ്വീകരിച്ചിട്ടുള്ളത്. എങ്കില്‍ കൂടി കർമങ്ങള്‍ ചെയ്യുന്നവർ പ്രസ്തുത ഹദീസ് ദുര്‍ബലമാണെന്നുതന്നെ വിശ്വസിക്കല്‍ അനിവാര്യമായ ഉപാധിയാണ്. അതുപോലെ പ്രസ്തുത ഹദീസിന് പ്രചാരം കൊടുക്കാതിരിക്കേണ്ടതുമാണ്. ദുര്‍ബലമായ ഹദീസ് കൊണ്ട് ആളുകള്‍ കര്‍മം ചെയ്യാതിരിക്കാനും തദ്വാര ശറഅ് അനുശാസിക്കാത്ത കാര്യം ശറഅ് ആയി ഗണിക്കപ്പെടാതിരിക്കാനും, അല്ലെങ്കില്‍ വിവരമില്ലാത്തവര്‍ അത് ശരിയായ സുന്നത്താണെന്ന് ധരിക്കാതിരിക്കാനും വേണ്ടിയാണ് അങ്ങനെ ചെയ്യേണ്ടി വരുന്നത്. അബൂ മുഹമ്മദ് ബിന്‍ അബ്ദിസ്സലാമിനെപ്പോലുള്ള ഗുരുവര്യന്മാര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കളവാണെന്ന് മനസ്സിലാക്കി, എന്നില്‍നിന്നുള്ളതാണെന്ന വ്യാജേന ആരെങ്കിലും ഒരു ഹദീസ് പറഞ്ഞാല്‍ അവന്‍ കള്ളം പറയുന്നവരുടെ കൂട്ടത്തിലെ ഒരുവനായി എന്ന തിരുവചനത്തിന്റെ മുന്നറിയിപ്പില്‍ പെട്ടുപോകുന്നത് അവനവന്‍ സൂക്ഷിച്ചുകൊള്ളട്ടെ. കേവലം പറയുന്നതിന്റെ കാര്യമാണിത്, എങ്കില്‍ പിന്നെ കര്‍മം ചെയ്യുന്നവന്റെ കാര്യമോ? ദുര്‍ബല ഹദീസനുസരിച്ച് പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ വിധി വിലക്കുകളുടെ വിഷയത്തിലോ, പുണ്യകര്‍മങ്ങളുടെ വിഷയത്തിലോ എന്ന വ്യത്യാസത്തിന്റെ പ്രശ്‌നം തന്നെയില്ല. കാരണം എല്ലാം ശറഅ് കാര്യങ്ങള്‍ തന്നെ.( تَبْيِينُ العَجَبِ بِمَا وَرَدَ فِي فَضْلِ رَجَبِ: ص 12 )

സത്യത്തിന്റെ മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വരുമ്പാള്‍ അവ൪ അവസാനത്തെ അടവും പ്രയോഗിക്കും. അതായത് ബറാഅത്ത് നോമ്പിനും മറ്റുമുള്ള കാര്യങ്ങള്‍ക്കുള്ള അവരുടെ അടുത്ത ന്യായം സലഫി പണ്ഢിതനായ ശൈഖ് അല്‍ബാനി(റഹി) വരെ ബറാഅത്ത് രാവിന്റെ ശ്രേഷ്ടത പറയുന്ന ഹദീസ് സ്വീകരിക്കാമെന്ന് പറഞ്ഞുവെന്നാണ്. യഥാ൪ത്ഥത്തില്‍ ഇത് ശൈഖ് അല്‍ബാനിയുടെ(റഹി) പേരിലുള്ള ഇവരുടെ കള്ളപ്രചരണമാണ്. ഈ വിഷയത്തില്‍ ശൈഖ് അല്‍ബാനി (റ) പറഞ്ഞിട്ടുള്ളത് എന്താണെന്ന് പരിശോധിക്കാം.

عَنْ معاذ بن جبل رضي الله عنه عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ : يطلع الله إلى خلقه في ليلة النصف من شعبان فيغفر لجميع خلقه إلا لمشرك أو مشاحن

മുആദ് ബ്ന്‍ ജബലില്‍ (റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ശഅബാന്‍ പതിനഞ്ചിന്റെ രാവില്‍ അല്ലാഹു തന്റെ സൃഷ്ടികളിലേക്ക് നോക്കുകയും മുശ്രിക്കോ, പകയോ വിദ്വേഷമോ വെച്ച് പുലര്‍ത്തുന്നവനോ അല്ലാത്ത സകല സൃഷ്ടികള്‍ക്കും അവന്‍ പൊറുത്ത് കൊടുക്കുകയും ചെയ്യും. (ത്വബറാനി: 20/108 – ഇബ്നു ഹിബ്ബാന്‍: 12/481)

قال الشيخ الألباني رحمه الله : حديث صحيح ، روي عن جماعة من الصحابة من طرق مختلفة يشد بعضها بعضا و هم معاذ ابن جبل و أبو ثعلبة الخشني و عبد الله بن عمرو و أبي موسى الأشعري و أبي هريرة و أبي بكر الصديق و عوف ابن مالك و عائشة .

ശൈഖ് അല്‍ബാനി (റ) പറയുന്നു: ഈ ഹദീസ് സ്വഹീഹാണ്. വ്യത്യസ്ഥ പരമ്പരകളിലൂടെ ഒരു പറ്റം സ്വഹാബിമാരില്‍ നിന്നും ഇത് ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. ആ റിപ്പോര്‍ട്ടുകള്‍ പരസ്പരം മറ്റൊന്നിനെ ബലപ്പെടുത്തുന്നു. മുആദ് ബ്ന്‍ ജബല്‍ (റ), അബൂ സഅലബ (റ), അബ്ദല്ലാഹ് ബ്ന്‍ അംറുബ്നുല്‍ ആസ്വ് (റ), അബൂ മൂസ അല്‍അശ്അരി (റ), അബൂഹുറൈറ (റ), അബൂ ബക്കര്‍ സ്വിദ്ദീഖ് (റ), ഔഫ്‌ ബ്ന്‍ മാലിക്ക് (റ), ആഇശ (റ) എന്നീ സ്വഹാബിമാരില്‍ നിന്നാണ് അത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്‌. (സ്വില്‍സ്വിലത്തു സ്വഹീഹ : വോ: 3 പേജ്: 135)

إِنَّ اللَّهَ يَطَّلِعُ عَلَى عِبَادِهِ فِي لَيْلَةِ النِّصْفِ مِنْ شَعْبَانَ، فَيَغْفِرُ لِلْمُؤْمِنِينَ، وَيُمْلِي لِلْكَافِرِينَ، وَيَدَعُ أًهْلَ الحِقْدِ بِحِقْدِهِمْ حَتَّى يَدَعُوهُ

നബി ﷺ പറഞ്ഞു: നിശ്ചയമായും അല്ലാഹു ശഅബാൻ പകുതിയുടെ രാവിൽ (പതിനഞ്ചാം രാവ്) തന്റെ അടിമകളിലേക്ക് നോക്കും. എന്നിട്ട് സത്യവിശ്വാസികൾക്ക്‌ പൊറുത്തുകൊടുക്കുകയും കാഫിറുകൾക്ക് അവധി നീട്ടിയിട്ടുകൊടുക്കുകയും പരസ്പരം പകയിലും വിദ്വേഷത്തിലും കഴിയുന്നവരെ അവ൪ അതുപേക്ഷിക്കുന്നതുവരെ (അവരെ പരിഗണിക്കാതെ) ഒഴിവാക്കുകയും ചെയ്യും. (സ്വഹീഹുൽജാമിഅ് :1898)

ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട ഹദീസുകളുടെ കാര്യത്തില്‍ പണ്ഢിതന്‍മാ൪ രണ്ട് നിലപാടിലാണ്. ഒന്ന്) ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട മുഴുവന്‍ ഹദീസുകളും കെട്ടിച്ചമച്ചതോ ദു൪ബലമായതോ ആണ്. രണ്ട്) ശഅബാന്‍ പതിനഞ്ചിന്റെ രാവില്‍ അല്ലാഹു മുശ്രിക്കോ, പകയോ വിദ്വേഷമോ വെച്ച് പുലര്‍ത്തുന്നവനോ അല്ലാത്ത തന്റെ സൃഷ്ടികള്‍ക്ക് പൊറുത്ത് കൊടുക്കുമെന്ന് പറയുന്ന ഹദീസ് സ്വീകാര്യമാണ്. ശൈഖ് അല്‍ബാനി (റ) ഇതില്‍ രണ്ടാമത്തെ നിലപാടുകാരനാണ്.

ഒന്നാമത്തെ നിലപാടുകാ൪ ഈ ഹദീസ് ദുര്‍ബലമാണെന്ന അഭിപ്രായക്കാരാണ്. കാരണം ഈ ഹദീസിന്റെ സനദില്‍ ‘മക്ഹൂല്‍ അശാമി’ എന്ന് പറയുന്ന വ്യക്തിയുണ്ട്‌. അദ്ദേഹം ഹദീസ് നിദാനശാസ്ത്രപ്രകാരം മുദല്ലിസ് ആണ്. നേരിട്ട് കേട്ടു എന്ന് പരാമര്‍ശിക്കാത്ത (عن) പ്രയോഗിച്ചു വന്ന അദ്ദേഹത്തിന്‍റെ ഹദീസുകള്‍ സ്വീകാര്യമല്ല. ഇത് ഇമാം ദഹബി അദ്ദേഹത്തിന്റെ (السير) എന്ന ഗ്രന്ഥത്തില്‍ (Vol:5 Page: 156) വ്യക്തമാക്കിയിട്ടും ഉണ്ട്. എന്നാല്‍ ദുര്‍ബലമെങ്കിലും റിപ്പോര്‍ട്ടുകളുടെ ആധിക്യം കാരണത്താലാണ് ശൈഖ് അല്‍ബാനി (റ), അതുപോലെ തുഹ്ഫതുല്‍ അഹ്വവദിയില്‍ മുബാറക്ഫൂരി തുടങ്ങിയ ചില പണ്ഡിതന്മാര്‍ ഈ റിപ്പോര്‍ട്ടുകള്‍ പരസ്പരം ബലപ്പെടുത്തുന്നതിനാല്‍ സ്വീകാര്യം എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ശൈഖ് ഇബ്നു ബാസ് (റ) ശൈഖ് ഇബ്നു ഉസൈമീന്‍ (റ) തുടങ്ങിയവരെല്ലാം ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് യാതൊരു റിപ്പോര്‍ട്ടും സ്വീകാര്യമായി വന്നിട്ടില്ല എന്ന അഭിപ്രായക്കാരാണ്.

ശഅബാന്‍ പതിനഞ്ചിന്റെ രാവില്‍ അല്ലാഹു (മുശ്രിക്കോ, പകയോ വിദ്വേഷമോ വെച്ച് പുലര്‍ത്തുന്നവനോ അല്ലാത്ത) തന്റെ സൃഷ്ടികള്‍ക്ക് പൊറുത്ത് കൊടുക്കുമെന്ന് പറയുമ്പോള്‍ അതെങ്ങനെയാണ് ബറാഅത്ത് നോമ്പിനും ബറാഅത്ത് രാവിനും തെളിവാകുന്നത്. ഈ ദിവസം എന്തങ്കിലും ആരാധനയോ ആഘോഷങ്ങളോ നടത്താന്‍ ശൈഖ് അല്‍ബാനിയോ (റ) അഹ്ലുസുന്നയുടെ മറ്റേതെങ്കിലും പണ്ഢിതന്‍മാരോ പറഞ്ഞിട്ടില്ല. കാരണം നബി ﷺ യിൽ നിന്നോ നബി ﷺ യിൽ നിന്ന് ദീന്‍ നേരിട്ട് പഠിച്ച സ്വഹാബികളില്‍ നിന്നോ അതിന് യാതൊരു മാതൃകയുമില്ല.

ചുരുക്കത്തില്‍ ശഅബാൻ പതിനഞ്ചിന് ബറാഅത്ത് നോമ്പ് അനുഷ്ഠിക്കാനോ ശഅബാൻ പതിനഞ്ചാം രാവില്‍ പ്രത്യേകമായ യാതൊരു ക൪മ്മവും ചെയ്യാന്‍ യാതൊരു തെളിവില്ലെന്ന് മനസ്സിലാക്കുക. സത്യം മനസ്സിലാക്കിയിട്ടും ഇത്തരം ബിദ്അത്തുകളോട് ഇഷ്ടം തോന്നുന്നുവെങ്കില്‍ അല്ലാഹു പറഞ്ഞിട്ടുള്ളത് ഓ൪ക്കുക.

ﻗَﺎﻝَ ﺭَﺏِّ ﺑِﻤَﺎٓ ﺃَﻏْﻮَﻳْﺘَﻨِﻰ ﻷَُﺯَﻳِّﻨَﻦَّ ﻟَﻬُﻢْ ﻓِﻰ ٱﻷَْﺭْﺽِ ﻭَﻷَُﻏْﻮِﻳَﻨَّﻬُﻢْ ﺃَﺟْﻤَﻌِﻴﻦَ

അവന്‍(പിശാച്) പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത് അവര്‍ക്കു ഞാന്‍ (അനിസ്ലാമിക പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും, തീര്‍ച്ച.(ഖു൪ആന്‍ : 15/39)

Leave a Reply

Your email address will not be published.

Similar Posts