എന്താണ് രിബാത്വ് ?
ഇസ്‌ലാമിന് വേണ്ടി യുദ്ധഭൂമിയിൽ കാവൽ നിൽക്കുന്നതിനാണ് ‘രിബാത്വ്’ എന്നു പറയുക. ഏറെ പ്രതിഫലാർഹമായ ഒരു പുണ്യകർമ്മമാകുന്നു ഇത്.
عَنْ سَهْلِ بْنِ سَعْدٍ السَّاعِدِيِّ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : رِبَاطُ يَوْمٍ فِي سَبِيلِ اللَّهِ خَيْرٌ مِنَ الدُّنْيَا وَمَا عَلَيْهَا، وَمَوْضِعُ سَوْطِ أَحَدِكُمْ مِنَ الْجَنَّةِ خَيْرٌ مِنَ الدُّنْيَا وَمَا عَلَيْهَا
സഹ്ലിബ്നു സഅ്ദിൻ അസ്സാഇദിയ്യിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ മാർഗത്തിൽ ഒരു ദിവസം കാവൽ നിൽക്കൽ ഈ ലോകവും അതിലെ സകലതും ലഭിക്കുന്നതിനേക്കാൾ ഉത്തമമാണ്. (ബുഖാരി:2892)
عَنْ سَلْمَانَ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ “ رِبَاطُ يَوْمٍ وَلَيْلَةٍ خَيْرٌ مِنْ صِيَامِ شَهْرٍ وَقِيَامِهِ وَإِنْ مَاتَ جَرَى عَلَيْهِ عَمَلُهُ الَّذِي كَانَ يَعْمَلُهُ وَأُجْرِيَ عَلَيْهِ رِزْقُهُ وَأَمِنَ الْفَتَّانَ ” .
സൽമാൻ(റ) പറയുന്നു: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: ഒരു രാവും പകലും അല്ലാഹുവിന്റെ മാർഗത്തിൽ കാവൽ നിൽക്കൽ ഒരു മാസം നോമ്പ് അനുഷ്ഠിക്കുകയും നമസ്കരിക്കുകയും ചെയ്യുന്നതിനേക്കാൾ ഉത്തമമാണ്. ആ അവസ്ഥയിൽ അവൻ മരണപ്പെട്ടാൽ അവൻ പ്രവർത്തിച്ച കർമ്മങ്ങൾ അന്ത്യനാൾ വരെയും ചെയ്തുകൊണ്ടിരിക്കുന്നതായി രേഖപ്പെടുത്തും. അവന് (ബർസഖിൽ) ഉപജീവനം നൽകപ്പെടും. ഖബ്ര്‍ ശിക്ഷയില്‍ നിന്ന് അവന് നി൪ഭയത്വം നല്‍കും. (മുസ്ലിം:1913)
عَنْ فَضَالَةَ بْنِ عُبَيْدٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : كُلُّ الْمَيِّتِ يُخْتَمُ عَلَى عَمَلِهِ، إِلاَّ الْمُرَابِطَ فَإِنَّهُ يَنْمُو لَهُ عَمَلُهُ إِلَى يَوْمِ الْقِيَامَةِ وَيُؤَمَّنُ مِنْ فَتَّانِ الْقَبْرِ
ഫളാലത്തബ്നു ഉബൈദില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ഓരോ മയ്യിത്തിന്റെയും അമലുകള്‍ അവരുടെ മരണത്തോടെ മുറിയും, അല്ലാഹുവിന്റെ മാ൪ഗത്തില്‍ അതി൪ത്തി കാവല്‍ നിന്നവന്റേത് ഒഴികെ. അവരുടെ അമലുകള്‍ക്ക് ഖിയാമത്ത് നാള്‍വരെ അല്ലാഹു പ്രതിഫലം നല്‍കും. ഖബ്ര്‍ ശിക്ഷയില്‍ നിന്ന് അവ൪ക്ക് നി൪ഭയത്വം നല്‍കും. (അബൂദാവൂദ് : 2500 – സ്വഹീഹ് അല്‍ബാനി)
عَنِ ابْنِ عَبَّاسٍ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : عَيْنَانِ لاَ تَمَسُّهُمَا النَّارُ عَيْنٌ بَكَتْ مِنْ خَشْيَةِ اللَّهِ وَعَيْنٌ بَاتَتْ تَحْرُسُ فِي سَبِيلِ اللَّهِ
ഇബ്നു അബ്ബാസിൽ(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: രണ്ട് കൂട്ട൪, അവരുടെ കണ്ണുകള്‍ നരകം സ്പർശിക്കുകയില്ല. അല്ലാഹുവിനെ ഭയന്ന് കരഞ്ഞ കണ്ണ്, അല്ലാഹുവിന്റെ മാ൪ഗ്ഗത്തില്‍ കാവല്‍ നിന്ന കണ്ണ്. (തിർമിദി :1639)
രിബാത്വിന്റെ പ്രതിഫലം ലഭിക്കുന്ന കർമ്മങ്ങൾ
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” أَلاَ أَدُلُّكُمْ عَلَى مَا يَمْحُو اللَّهُ بِهِ الْخَطَايَا وَيَرْفَعُ بِهِ الدَّرَجَاتِ ” . قَالُوا بَلَى يَا رَسُولَ اللَّهِ . قَالَ ” إِسْبَاغُ الْوُضُوءِ عَلَى الْمَكَارِهِ وَكَثْرَةُ الْخُطَا إِلَى الْمَسَاجِدِ وَانْتِظَارُ الصَّلاَةِ بَعْدَ الصَّلاَةِ فَذَلِكُمُ الرِّبَاطُ ”
അബൂഹുറൈറ (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു: ‘അല്ലാഹു പാപങ്ങള്‍ മായ്ക്കുകയും പദവികളെ ഉയര്‍ത്തുകയും ചെയ്യുന്ന കാര്യങ്ങളെ ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടയോ?’ അവര്‍ (സ്വഹാബികൾ) പറഞ്ഞു: ‘അതെ.’ നബി ﷺ പറഞ്ഞു: ‘ക്ലേശകരമായ അവസ്ഥയില്‍ വുദൂഅ് സമ്പൂര്‍ണമായി ചെയ്യലും പള്ളികളിലേക്ക് ധാരാളമായുള്ള കാല്‍വെപ്പുകളും ഒരു നമസ്‌കാരത്തിനുശേഷം മറ്റൊരു നമസ്‌കാരത്തെ കാത്തിരിക്കലും. അതത്രെ രിബാത്വ്.’ (മുസ്‌ലിം:251)
രിബാത്വിന്റെ പ്രതിഫലം ലഭിക്കുന്ന കർമ്മങ്ങളായി മൂന്ന് കാര്യങ്ങളാണ് ഈ ഹദീസിൽ നബി ﷺ പറഞ്ഞിട്ടുള്ളത്. അതാകട്ടെ ഒന്നു മനസ്സുവെക്കുകയാണെങ്കിൽ നമുക്ക് ചെയ്യാൻ കഴിയുന്നതും.
(ഒന്ന്) പ്രയാസ സമയത്ത് നന്നായി വുദൂഅ് എടുക്കുക
ഉദാഹരണത്തിന് അതിശൈത്യമുള്ള ഒരു സമയത്ത് ചൂട് വെള്ളം ലഭിച്ചില്ലെന്നിരിക്കുക, അപ്പോൾ തണുത്ത വെള്ളം കൊണ്ട് തന്നെ വുദൂഅ് പൂർത്തിയാക്കുന്നു. അപ്രകാരം തന്നെ ഉഷ്ണകാലത്ത് ചൂടുള്ള വെള്ളം ഉപയോഗിക്കേണ്ടി വരുന്നു. ഈ പ്രയാസങ്ങൾ സഹിക്കുന്നവർക്ക് രിബാത്വിന്റെ പ്രതിഫലം ലഭിക്കും. തഹജ്ജുദിനും സുബ്ഹിക്കുമൊക്കെ വുളൂഅ് ചെയ്യുമ്പോൾ തണുപ്പാണെങ്കിലും നന്നായി പൂർണ്ണമായി വുളൂഅ് ചെയ്യുക.
(രണ്ട്) പള്ളിയിലേക്ക് നടന്ന് പോകുക
ജമാഅത്ത് നമസ്കാരത്തിന് പള്ളിയിലേക്ക് നടന്നുപോകുന്നവർക്ക് രിബാത്വിന്റെ പ്രതിഫലം ലഭിക്കും. അത്തരക്കാർക്കുള്ള മറ്റ് പ്രതിഫലം കൂടി കാണുക:
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ تَطَهَّرَ فِي بَيْتِهِ ثُمَّ مَشَى إِلَى بَيْتٍ مِنْ بُيُوتِ اللَّهِ لِيَقْضِيَ فَرِيضَةً مِنْ فَرَائِضِ اللَّهِ كَانَتْ خَطْوَتَاهُ إِحْدَاهُمَا تَحُطُّ خَطِيئَةً وَالأُخْرَى تَرْفَعُ دَرَجَةً
ബുറൈദയില്‍(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹുവിനോടുള്ള നി൪ബന്ധ ബാധ്യതയായ നമസ്കാരം നി൪വ്വഹിക്കുന്നതിനായി തന്റെ വീട്ടില്‍ നിന്ന് വുളു ചെയ്ത് ശുദ്ധി വരുത്തി അല്ലാഹുവിന്റെ ഭവനങ്ങളില്‍ പെട്ട ഏതെങ്കിലും ഒരു പള്ളിയിലേക്ക് പുറപ്പെടുന്നപക്ഷം അവന്റെ കാലടികള്‍ വെക്കുന്നതിനനുസരിച്ച് ഓരോ പാപങ്ങള്‍ ഉതി൪ന്ന് പോകുകയും പദവികള്‍ ഉയ൪ത്തപ്പെടുകയും ചെയ്യാതിരിക്കില്ല. (മുസ്ലിം:666)
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: حِينَ يَخْرُجُ الرَّجُلُ مِنْ بَيْتِهِ إِلَى مَسْجِدِهِ فَرِجْلٌ تُكْتَبُ حَسَنَةً وَرِجْلٌ تَمْحُو سَيِّئَةً
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ വീട്ടില്‍ നിന്നും പള്ളിയിലേക്ക് പുറപ്പെടുമ്പോള്‍ അവന്റെ ഒരു കാല്‍ ഒരു നന്‍മ രേഖപ്പെടുത്തുകയും ഒരു കാല്‍ ഒരു തിന്മ മായ്ച്ച് കളയുകയും ചെയ്യുന്നു.(നസാഇ:705 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
(മൂന്ന്) ഒരു നമസ്കാരത്തിന് ശേഷം മറ്റൊരു നമസ്കാരത്തെ പ്രതീക്ഷിച്ച് ഇരിക്കൽ
ഒരു നമസ്‌കാരം കഴിഞ്ഞാൽ അടുത്ത നമസ്‌കാരത്തിനായി പ്രതീക്ഷിക്കുകയും ചെയ്യുക എന്നത് രിബാത്വിന്റെ പ്രതിഫലം ലഭിക്കുന്ന കാര്യങ്ങളിൽ പെട്ടതാണ്. ഉദാഹരണത്തിന് ഒരാൾ മഗ്രിബ് നിസ്കരിച്ചതിന് ശേഷം തന്റെ മുസല്ലയിൽ ഇശാഅ് നിസ്കാരവും പ്രതീക്ഷിച്ച് ഇരിക്കുക. ഇതിനെയാണ് ‘രിബാത്വ്’ എന്ന് നബി ﷺ വിശേഷിപ്പിച്ചിട്ടുള്ളത്.
അതിനാൽ, മഗ്’രിബ് നിസ്കരിക്കുകയും, എന്നിട്ട് ഇശാഇന്റെ സമയം ആവുന്നത് വരേയ്ക്കും അതിനെയും പ്രതീക്ഷിച്ച് ഇരിക്കുക എന്നത് പ്രാവർത്തികമാക്കാൻ പരമാവധി പരിശ്രമിക്കുക. അത്തരക്കാർക്ക് രിബാത്വിന്റെ പ്രതിഫലത്തിന് പുറമേ വേറെയും പ്രതിഫലം ലഭിക്കും:
عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ صَلَّيْنَا مَعَ رَسُولِ اللَّهِ ـ صلى الله عليه وسلم ـ الْمَغْرِبَ فَرَجَعَ مَنْ رَجَعَ وَعَقَّبَ مَنْ عَقَّبَ فَجَاءَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ مُسْرِعًا قَدْ حَفَزَهُ النَّفَسُ و قَدْ حَسَرَ عَنْ رُكْبَتَيْهِ فَقَالَ “ أَبْشِرُوا هَذَا رَبُّكُمْ قَدْ فَتَحَ بَابًا مِنْ أَبْوَابِ السَّمَاءِ يُبَاهِي بِكُمُ الْمَلاَئِكَةَ يَقُولُ انْظُرُوا إِلَى عِبَادِي قَدْ قَضَوْا فَرِيضَةً وَهُمْ يَنْتَظِرُونَ أُخْرَى ” .
അബ്ദുല്ലാഹ് ഇബ്നു അംറ്(റ) പറയുന്നു: ഞങ്ങൾ അല്ലാഹുവിന്റെ റസൂലിന്റെ ﷺ കൂടെ മഗ്‌രിബ് നമസ്കരിച്ചു. ചിലർ പള്ളിയിൽ നിന്ന് പിരിഞ്ഞുപോയി മറ്റു ചിലർ അടുത്ത നമസ്കാരത്തിനു കാത്തിരുന്ന് പള്ളിയിൽ തന്നെ ഇരുന്നു. അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ കിതച്ചുകൊണ്ട്, കാൽമുട്ടുകൾ വെളിവാവുമാറ് വസ്ത്രം പാറിപ്പിച്ചുകൊണ്ട് ധൃതിയിൽ തിരിച്ചുവന്നു. എന്നിട്ട് തിരുമേനി ﷺ പറഞ്ഞു: നിങ്ങൾ സന്തോഷിക്കുക. എന്തെന്നാൽ, നിങ്ങളുടെ റബ്ബ് സ്വർഗ്ഗത്തിന്റെ ഒരു കവാടം തുറക്കുകയും മലക്കുകളുടെ മുന്നിൽ നിങ്ങളെക്കുറിച്ച് അഭിമാനത്തോടെ ഇപ്രകാരം പറയുകയും ചെയ്തിരിക്കുന്നു: “എന്റെ ദാസന്മാരെ നോക്കൂ; അവർ ഒരു നിർബന്ധ നമസ്കാരം നിറവേറ്റിക്കഴിഞ്ഞ്, മറ്റൊന്നിനുവേണ്ടി കാത്തിരിക്കുന്നു.” (ഇബ്നു മാജ 801)
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : الْمَلاَئِكَةُ تُصَلِّي عَلَى أَحَدِكُمْ مَا دَامَ فِي مُصَلاَّهُ الَّذِي صَلَّى فِيهِ، مَا لَمْ يُحْدِثْ، تَقُولُ اللَّهُمَّ اغْفِرْ لَهُ اللَّهُمَّ ارْحَمْهُ
അബൂഹുറൈറ (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു:വുളൂഅ് മുറിയാത്ത അവസ്ഥയില്‍ ഒരാള്‍ താന്‍ നമസ്കരിച്ച സ്ഥലത്തുതന്നെ ഇരിക്കുന്ന സമയത്ത് മലക്കുകള്‍ അവനുവേണ്ടി പാപമോചനത്തിന് തേടുന്നതാണ്. അവര്‍ പറയും: അല്ലാഹുവേ, ഇവന് നീ പൊറുത്തു കൊടുക്കേണമേ, അല്ലാഹുവേ, ഇവന് നീ പൊറുത്തു കൊടുക്കേണമേ. (ബുഖാരി:445)
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : لاَ يَزَالُ الْعَبْدُ فِي صَلاَةٍ مَا كَانَ فِي مُصَلاَّهُ يَنْتَظِرُ الصَّلاَةَ وَتَقُولُ الْمَلاَئِكَةُ اللَّهُمَّ اغْفِرْ لَهُ اللَّهُمَّ ارْحَمْهُ . حَتَّى يَنْصَرِفَ أَوْ يُحْدِثَ . قُلْتُ مَا يُحْدِثُ قَالَ يَفْسُو أَوْ يَضْرِطُ
അബൂഹുറൈറ (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു: ‘ഒരു ദാസന്‍ തന്റെ മുസ്വല്ലയില്‍ നമസ്കാരത്തെ കാത്തിരിക്കുന്ന സമയമത്രയും അവന്‍ നമസ്കാരത്തിലായിരിക്കും. മലക്കുകള്‍ (അവന് വേണ്ടി) പ്രാ൪ത്ഥിക്കും: അല്ലാഹുവേ ഇദ്ദേഹം പിരിഞ്ഞു പോകുന്നതുവരേയോ അല്ലെങ്കില്‍ ഇയാള്‍ക്ക് വുളു നഷ്ടമാകുന്നതുവരെയോ ഇദ്ദേഹത്തിന് പൊറുക്കേണമേ, ഇദ്ദേഹത്തോട് കരുണ കാണിക്കേണമേ. ഞാന്‍ ചോദിച്ചു:എന്താണ് വുളൂഇനെ നഷ്ടമാക്കുക? നബി(സ്വ) പറഞ്ഞു: കീഴ്’വായു പോകലാണ്.(മുസ്ലിം:649)