വിവിധ മതങ്ങളിലും ജാതികളിലും വിഭാഗങ്ങളിലും പെട്ടവർ സൗഹൃദത്തോടെ കഴിയുന്ന നാടാണ് കേരളം. ഇവിടെ മുസ്ലിംകളല്ലാത്തവരിലേക്ക് ഇസ്ലാം വെറുപ്പും മുസ്ലിം വിദ്വേഷവും വാര്‍ത്തെടുക്കുന്നതിനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ മുമ്പേതന്നെ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഭൂരിഭാഗം ജനങ്ങളും അത് അവഗണിക്കുകയാണ് ചെയ്തിട്ടുള്ളത്. ഈ അടുത്ത കാലത്തായി ഇവിടെ ചില സ്ഥാപിത താല്‍പര്യക്കാര്‍ ഇസ്‌ലാംഭീതി വളര്‍ത്തുന്നതില്‍ അതീവതല്‍പരരാണ്. ഹിന്ദുത്വത്തിന്റെ പേരിൽ ഒരു വിഭാഗം ഇത്തരം പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്. എന്നാൽ ഇപ്പോൾ ചില ക്രൈസ്തവ പാതിരിമാരും പുരോഹിതൻമാരും ചില ക്രൈസ്തവ സംഘടനകളും ഇസ്ലാം വെറുപ്പും മുസ്ലിം വിദ്വേഷവും പ്രചരിപ്പിക്കുന്നത് കാണുന്നു. ഇത് ഒറ്റപ്പെട്ട സംഭവമെന്ന നിലക്ക് അവഗണിക്കുമ്പോൾ ദിനം പ്രതി വർദ്ധിക്കുന്നു. ഇത്തരം സാഹചര്യത്തിൽ മുസ്ലിംകൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളും സ്വീകരിക്കേണ്ട നിലപാടുകളും സൂചിപ്പിക്കുന്നു.
ഒന്നാമതായി, സത്യവിശ്വാസികളെ പല രൂപത്തില്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുക എന്നുള്ളത് അല്ലാഹുവിന്റെ നടപടിക്രമത്തില്‍ പെട്ടതാണ്. അല്ലാഹു അത് സത്യവിശ്വാസികളോടായി എടുത്തുപറഞ്ഞിട്ടുള്ള സംഗതിയാണ്.
ﻭَﻟَﻨَﺒْﻠُﻮَﻧَّﻜُﻢ ﺑِﺸَﻰْءٍ ﻣِّﻦَ ٱﻟْﺨَﻮْﻑِ ﻭَٱﻟْﺠُﻮﻉِ ﻭَﻧَﻘْﺺٍ ﻣِّﻦَ ٱﻷَْﻣْﻮَٰﻝِ ﻭَٱﻷَْﻧﻔُﺲِ ﻭَٱﻟﺜَّﻤَﺮَٰﺕِ ۗ ﻭَﺑَﺸِّﺮِ ٱﻟﺼَّٰﺒِﺮِﻳﻦَ
കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. (ഖു൪ആന്‍:2/155)
സത്യവിശ്വാസികള്‍ക്കുനേരെ വരുന്ന വിവിധ പരീക്ഷണങ്ങളെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ അല്ലാഹു ആദ്യം പറഞ്ഞത് ‘ഭയം’ കൊണ്ടുള്ള പരീക്ഷണത്തെക്കുറിച്ചാണ്. അത് എല്ലാ കാലവും വിശ്വാസികള്‍ക്ക് നേരിടേണ്ടി വരുമെന്നര്‍ഥം.
ഏകദൈവാരാധനയില്‍ വിട്ടുവീഴ്ച ചെയ്യാത്ത മുസ്‌ലിമിന് ശത്രുക്കള്‍ സ്വാഭാവികം. യഥാര്‍ത്ഥ വിശ്വാസികളെ പരീക്ഷിക്കുവാന്‍ വേണ്ടി ഇസ്‌ലാമിന്റെ ശത്രുക്കളെ സൃഷ്ടിക്കുക എന്നതുംഅല്ലാഹുവിന്റെ നടപടിക്രമം തന്നെ.
وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِىٍّ عَدُوًّا مِّنَ ٱلْمُجْرِمِينَ ۗ وَكَفَىٰ بِرَبِّكَ هَادِيًا وَنَصِيرًا
അപ്രകാരം തന്നെ ഓരോ പ്രവാചകനും കുറ്റവാളികളില്‍പെട്ട ശത്രുക്കളെ നാം ഏര്‍പെടുത്തിയിരിക്കുന്നു. മാര്‍ഗദര്‍ശകനായും സഹായിയായും നിന്റെ റബ്ബ് തന്നെ മതി. (ഖു൪ആന്‍:25/31)
തുടക്കക്കാര്‍ അനുഭവിച്ച പീഡനങ്ങളും പ്രയാസങ്ങളും ഭീഷണികളും പരിഹാസങ്ങളും അവസാനകാലത്തുള്ളവര്‍ക്കും അനുഭവിക്കേണ്ടി വരും.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : بَدَأَ الإِسْلاَمُ غَرِيبًا وَسَيَعُودُ كَمَا بَدَأَ غَرِيبًا فَطُوبَى لِلْغُرَبَاءِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഇസ്‌ലാം ആരംഭിച്ചത് തികച്ചും അപരിചിതമായ അവസ്ഥയിലാണ്. അതേ അവസ്ഥയിലേക്കു തന്നെ ഇസ്‌ലാം തിരിച്ചു പോകും. അപരിചിതർക്ക് മംഗളം. (മുസ്‌ലിം:145)
രണ്ടാമതായി, ജൂതക്രൈസ്തവരിൽ നിന്നും ബഹുദൈവാരാധകരില്‍ നിന്നും ആക്ഷേപങ്ങളും, പരിഹാസങ്ങളും ഉണ്ടാകാമെന്നും അല്ലാഹു അറിയിച്ചിട്ടുണ്ട്.
لَتُبۡلَوُنَّ فِيٓ أَمۡوَٰلِكُمۡ وَأَنفُسِكُمۡ وَلَتَسۡمَعُنَّ مِنَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ مِن قَبۡلِكُمۡ وَمِنَ ٱلَّذِينَ أَشۡرَكُوٓاْ أَذٗى كَثِيرٗاۚ وَإِن تَصۡبِرُواْ وَتَتَّقُواْ فَإِنَّ ذَٰلِكَ مِنۡ عَزۡمِ ٱلۡأُمُورِ
തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുകളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്. നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരായ (ജൂതക്രൈസ്തവരിൽ) നിന്നും ബഹുദൈവാരാധകരില്‍ നിന്നും നിങ്ങള്‍ ധാരാളം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരികയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു. (ഖുർആൻ:3/186)
ഇസ്‌ലാമിനെയോ, നബി ﷺ യെയോ, മുസ്‌ലിംകളെയോ, ഖുര്‍ആനിനെയോ, മത ചിഹ്നങ്ങളെയോ, ധാര്‍മ്മിക മൂല്യങ്ങളെയോ, ഇസ്ലാമിക നിയമങ്ങളെയോ ബാധിക്കുന്ന എല്ലാ ആക്ഷേപങ്ങളും, പരിഹാസങ്ങളും, ഭീഷണികളും, എതിര്‍ പ്രചാരണങ്ങളുമൊക്കെ അതില്‍ ഉള്‍പ്പെടും. ഇത് ഉൾക്കൊണ്ടിട്ടുള്ള സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇന്ന് ആക്ഷേപങ്ങളും, പരിഹാസങ്ങളും കേൾക്കുമ്പോൾ അൽഭുതപ്പെടേണ്ടതില്ല.
മൂന്നാമതായി, ഇസ്ലാം വെറുപ്പും മുസ്ലിം വിദ്വേഷവും പ്രചരിപ്പിക്കുന്ന സ്ഥാപിത താൽപ്പര്യക്കാരുടെ ലക്ഷ്യം നാം തിരിച്ചറിയേണ്ടതുണ്ട്. ഏകദൈവാരാധനയില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുള്ള ഇസ്ലാമിനോടുള്ള ശത്രുത ഇതിൽ പ്രധാനമാണ്. പരലോകത്ത് സ്വർഗ പ്രവേശനം സാധ്യമാകണമെങ്കിൽ ഇസ്ലാമിലൂടെ മാത്രമെന്ന ഇസ്ലാമിന്റെ നിലപാടിനോടുള്ള വൈമനസ്യം, ഇസ്ലാമിന്റെ വളർച്ച, എല്ലാ രംഗത്തും ധാർമ്മിക മൂല്യങ്ങൾ കാത്തുസൂക്ഷിക്കണമെന്നുള്ള ഇസ്ലാമിന്റെ നിലപാടിനോടുള്ള കുത്തക കച്ചവടക്കാരുടെ ശത്രുത, ജീവിതത്തിന്റെ എല്ലാ രംഗത്തും ഇസ്ലാം ഇടപെടുന്നത്, ലഹരിയുടെയും സ്ത്രീകളുടെയും കാര്യത്തിലുള്ള ഇസ്ലാമിന്റെ നിലപാടിനോടുള്ള കുത്തക കച്ചവടക്കാരുടെ ശത്രുത തുടങ്ങിയവയെല്ലാം അതിൽ പ്രധാനമാണ്.
ഇസ്ലാം വെറുപ്പും മുസ്ലിം വിദ്വേഷവും പ്രചരിപ്പിക്കുന്ന മറ്റ് ചിലരുടെ ലക്ഷ്യം നാം കാണാതിരിക്കരുത്. ഇത് സോഷ്യൽ മീഡിയയുെടെ കാലമാണ്. യൂടൂബ് ജനങ്ങളുടെ അഭിവാജ്യ ഘടകമായി മാറിയിരിക്കുന്നു. യൂടൂബിലൂടെ ധാരാളം ആളുകൾ വ്യത്യസ്തങ്ങളായ പ്രോഗ്രാമുകളിലൂടെ വരുമാനം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഒരാളുടെ യൂടൂബ് ചാനലിൽ മിനിമം ഇത്ര സബ്സ്ക്രൈബറും ഇത്ര കാഴ്ചക്കാരും ഉണ്ടാകുമ്പോഴാണ് യൂടൂബിൽ നിന്ന് വരുമാനം ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ ചിലരുടെ തന്ത്രമാണ് ഇത്തരം സോഷ്യൽ മീഡിയകളിലൂടെ ഇസ്ലാം വെറുപ്പും മുസ്ലിം വിദ്വേഷവും പ്രചരിപ്പിച്ച് അത് ധാരാളം പേരിലേക്ക് എത്തിക്കുക എന്നുള്ളത്. ചില ഓൺലൈൻ മാധ്യമങ്ങളും ഇതൊരു അവസരമായി കാണുന്നു.
നാലാമതായി, ഇത്തരം ആക്ഷേപങ്ങളും, പരിഹാസങ്ങളും കേൾക്കുമ്പോൾ സത്യവിശ്വാസികളുടെ പ്രഥമമായ നിലപാട് ക്ഷമിക്കുക എന്നത് തന്നെയാണ്. ക്ഷമ ഒരു ദൗർബല്യമേ അല്ല. ജൂതക്രൈസ്തവരിൽ നിന്നും ബഹുദൈവാരാധകരില്‍ നിന്നും ആക്ഷേപങ്ങളും, പരിഹാസങ്ങളും ഉണ്ടാകാമെന്ന് അല്ലാഹു അറിയിച്ച അതേ വചനത്തിൽതന്നെ (ഖുർആൻ:3/186) സത്യവിശ്വാസികൾ സ്വീകരിക്കേണ്ട നിലപാട് അല്ലാഹു തുടർന്ന് പറഞ്ഞിട്ടുണ്ട്. “നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു“ എന്നാണ് അല്ലാഹു പറഞ്ഞിട്ടുള്ളത്.
വിഷമകരമായ സാഹചര്യങ്ങളിലും വിശ്വാസികള്‍ക്കുണ്ടാകേണ്ട നിലപാട് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത് കാണുക:
ٱﻟَّﺬِﻳﻦَ ﺇِﺫَآ ﺃَﺻَٰﺒَﺘْﻬُﻢ ﻣُّﺼِﻴﺒَﺔٌ ﻗَﺎﻟُﻮٓا۟ ﺇِﻧَّﺎ ﻟِﻠَّﻪِ ﻭَﺇِﻧَّﺎٓ ﺇِﻟَﻴْﻪِ ﺭَٰﺟِﻌُﻮﻥَ
തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ സത്യവിശ്വാസികളായ ക്ഷമാശീലര്‍) പറയുന്നത്, ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും. (ഖു൪ആന്‍:2/156)
ഈ പ്രഖ്യാപനമാവട്ടെ വിശ്വാസികളില്‍ ഉണ്ടാക്കുന്നത് ശക്തമായ വിശ്വാസമാണ്. ഫിര്‍ഔനിന്റെ ജനതയിലെ, അല്ലാഹുവിലും മൂസാ നബി عليه السلام യിലും വിശ്വസിച്ചവരെ ധിക്കാരിയായ ഭരണാധികാരി ഫിര്‍ഔന്‍ ഭീഷണിപ്പെടുത്തി. അല്ലാഹു പറയുന്നത് കാണുക:
لَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُم مِّنْ خِلَٰفٍ ثُمَّ لَأُصَلِّبَنَّكُمْ أَجْمَعِينَ
നിങ്ങളുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി ഞാന്‍ മുറിച്ചുകളയുക തന്നെ ചെയ്യും. പിന്നെ നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യും; തീര്‍ച്ച. (ഖു൪ആന്‍:7/124)
ഇത് കേട്ടയുടനെ സത്യവിശ്വാസികള്‍ പ്രതികരിച്ചത് ഇപ്രകാരമാണ്:
قَالُوٓا۟ إِنَّآ إِلَىٰ رَبِّنَا مُنقَلِبُونَ
അവര്‍ പറഞ്ഞു: തീര്‍ച്ചയായും ഞങ്ങളുടെ രക്ഷിതാവിങ്കലേക്കാണല്ലോ ഞങ്ങള്‍ തിരിച്ചെത്തുന്നത്. (ഖു൪ആന്‍:7/125)
കൊടുംനീചനായ ഭരണാധികാരിക്ക് മുമ്പില്‍ പോലും വിശ്വാസത്തിന്റെ ദൗര്‍ബല്യം കാണിച്ച് ഭയവിഹ്വലരായി, അധമത്വം പേറി ജീവിക്കുവാനല്ല അവര്‍ ശ്രമിച്ചത്. മറിച്ച് ദൃഢവിശ്വാസത്തിന്റെ അചഞ്ചലത ധൈര്യസമേതം വ്യക്തമാക്കുകയാണ് അവര്‍ ചെയ്തത്. കാരണം ഈ ഭൂമിയില്‍ ആര്‍ക്കും സ്ഥിരതാമസമില്ല എന്ന് അവർക്ക് നന്നായിട്ടറിയാമായിരുന്നു. അക്രമിക്കും അക്രമിക്കപ്പെടുന്നവനും മരണം ഒരു പോലെ. രണ്ട് കൂട്ടരും റബ്ബിന്റെയടുക്കല്‍ ഒരുമിച്ച് കൂട്ടപ്പെടും.
ഇന്ന് ഇസ്‌ലാമിനും മുസ്ലിംകൾക്കും ഇസ്ലാമിന്റെ പ്രവാചകനും ഖുർആനിനും ഇസ്ലാമിക നിയമങ്ങൾക്കും എതിരെയുള്ള എല്ലാ ആക്ഷേപങ്ങളും, പരിഹാസങ്ങളും കേൾക്കുമ്പോൾ ഇസ്ലാമിൽ നിന്നും ഉൾവലിയുകയല്ല വേണ്ടത്. ക്ഷമിക്കുകയും ഇസ്ലാമിനെ നെഞ്ചോട് ചേർത്ത് ദൃഢവിശ്വാസത്തോടെ ജീവിക്കുകയാണ് വേണ്ടത്. ഈ മഹാ പ്രപഞ്ചത്തിനുതന്നെ പര്യവസാനമുണ്ടെന്നും സൃഷ്ടികള്‍ മുഴുവനും നശിക്കുമെന്നും തുടര്‍ന്നുള്ള മടക്കം ലോകങ്ങളുടെ സ്രഷ്ടാവും നിയന്താവുമായ അല്ലാഹുവിന്റെ അടുക്കലേക്കാണെന്നും അവിടെവച്ച് നന്മതിന്മകളെയും ധര്‍മാധര്‍മങ്ങളെയും കുറിച്ച് വിചാരണനടത്തി പൂര്‍ണമായ നീതി നടപ്പിലാക്കപ്പെടുമെന്നും മനസ്സില്‍ ഉറച്ച് വിശ്വസിക്കുന്ന ഒരു മുസ്‌ലിമിനെ ഭൗതിക പരീക്ഷങ്ങള്‍ തളര്‍ത്തുകയില്ല.
അഞ്ചാമതായി, ഇസ്ലാമിനെതിരെ തെറ്റിദ്ധാരണകളും കളവുകളും പ്രചരിപ്പിക്കുമ്പോൾ ഈ സ്ഥാപിത താൽപ്പര്യക്കാരുടെ കുതന്ത്രങ്ങളിൽ മുസ്ലിംകൾ വീഴരുത്. മുസ്ലിംകളെ പ്രകോപ്പിച്ച് അവരെ അക്രമവും അനീതിയും ചെയ്യുന്നവരാക്കാനാണ് എതിരാളികൾ ശ്രമിക്കുന്നത്. എന്നിട്ട് പൊതുസമൂഹത്തിന് മുന്നിൽ മുസ്ലിംകളെ വഷളാക്കാനും. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിവരദോഷികളുടെ വിവരക്കേടുകൾക്ക് ശ്രദ്ധകൊടുക്കാതിരിക്കുക. മുസ്‌ലിംകള്‍ തെരുവുകളിറങ്ങി അക്രമം നടത്തണമെന്ന ഇത്തരക്കാരുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നവരാകരുത് മുസ്‌ലിംകള്‍.
وَٱلْفِتْنَةُ أَكْبَرُ مِنَ ٱلْقَتْلِ
ഫിത്‌ന (കുഴപ്പം) കൊലയെക്കാള്‍ വലിയതാകുന്നു. (ഖു൪ആന്‍:2/217)
ഒരു ഇസ്ലാമിക രാജ്യത്ത് ആളുകളുടെ സമാധാന ജീവിതത്തിന് തടസ്സം വരുത്തുന്ന വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ഭരണകൂടമാണ് നടപടി സ്വീകരിക്കുന്നത്. പൊതുജനങ്ങൾക്കതിന് അവകാശമല്ല. ഇത് ഇന്ത്യയെ പോലെയുള്ള ജനാധിപത്യ രാജ്യത്താണെങ്കിലും പൊതുജനങ്ങൾക്കതിന് അവകാശമല്ല. സര്‍ക്കാരിനാണ് ബാധ്യതയുള്ളത്. അതിനായി ജനാധിപത്യപരമായ മാർഗങ്ങൾ സ്വീകരിക്കുകയാണ് നാമും വേണ്ടത്.
മാത്രമല്ല മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഇതൊന്നുമല്ല യഥാർത്ഥ വിഷയം. ഐഹിക ജീവിതം ഒരു പരീക്ഷണാലയമാണെന്ന് പറഞ്ഞുവല്ലോ. അതിനായി അഹ്ലുസ്സുന്നത്തി വൽ ജമാഅയുടെ അഥവാ ഇസ്ലാമിന്റെ മാർഗത്തിൽതന്നെ നിലകൊള്ളേണ്ടതുണ്ട്. ശത്രുക്കളുടെ പ്രകോപനങ്ങളിൽ പ്രകോപിതരായി അക്രമത്തിന്റെ മാർഗം സ്വീകരിക്കുന്ന ഏതൊരു കൂട്ടായ്മയും അഹ്ലുസ്സുന്നത്തി വൽ ജമാഅയുടെ മൻഹജിലല്ല നിലകൊള്ളുന്നതെന്ന് കാണാൻ കഴിയും. ഇസ്ലാമിൽ നിന്നും തെറിച്ച് പോയിയെന്ന് നബി ﷺ വിശേഷിപ്പിച്ച ഖവാരിജുകളുടെ മാർഗത്തിലായിരിക്കും ഇക്കൂട്ടർ അകപ്പെടുക. അതാകട്ടെ സ്വർഗ പ്രവേശനത്തിന് തടസ്സമാകുന്ന കാര്യവുമാണ്.
ഇത്തരം സാഹചര്യങ്ങളിൽ സത്യവിശ്വാസികളുടെ നിലപാട് എന്തായിരിക്കണമെന്ന് വിശുദ്ധ ഖുർആൻ പറഞ്ഞു തരുന്നുണ്ട്:
فَٱصْدَعْ بِمَا تُؤْمَرُ وَأَعْرِضْ عَنِ ٱلْمُشْرِكِينَ ﴿٩٤﴾ إِنَّا كَفَيْنَٰكَ ٱلْمُسْتَهْزِءِينَ ﴿٩٥﴾ ٱلَّذِينَ يَجْعَلُونَ مَعَ ٱللَّهِ إِلَٰهًا ءَاخَرَ ۚ فَسَوْفَ يَعْلَمُونَ ﴿٩٦﴾ وَلَقَدْ نَعْلَمُ أَنَّكَ يَضِيقُ صَدْرُكَ بِمَا يَقُولُونَ ﴿٩٧﴾ فَسَبِّحْ بِحَمْدِ رَبِّكَ وَكُن مِّنَ ٱلسَّٰجِدِينَ ﴿٩٨﴾ وَٱعْبُدْ رَبَّكَ حَتَّىٰ يَأْتِيَكَ ٱلْيَقِينُ ﴿٩٩﴾
അതിനാല്‍ നീ കല്‍പിക്കപ്പെടുന്നതെന്തോ അത് ഉറക്കെ പ്രഖ്യാപിച്ച് കൊള്ളുക. ബഹുദൈവവാദികളില്‍ നിന്ന് തിരിഞ്ഞുകളയുകയും ചെയ്യുക. പരിഹാസക്കാരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ തീര്‍ച്ചയായും നാം മതിയായിരിക്കുന്നു. അതായത് അല്ലാഹുവോടൊപ്പം മറ്റുദൈവത്തെ സ്ഥാപിക്കുന്നവര്‍ (പിന്നീട്) അവര്‍ അറിഞ്ഞ് കൊള്ളും. അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് നിമിത്തം നിനക്ക് മനഃപ്രയാസം അനുഭവപ്പെടുന്നുണ്ട് എന്ന് തീര്‍ച്ചയായും നാം അറിയുന്നുണ്ട്. ആകയാല്‍ നിന്‍റെ രക്ഷിതാവിനെ സ്തുതിച്ച് കൊണ്ട് നീ സ്തോത്രകീര്‍ത്തനം നടത്തുകയും, നീ സുജൂദ് ചെയ്യുന്നവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക. ഉറപ്പായ കാര്യം (മരണം) നിനക്ക് വന്നെത്തുന്നത് വരെ നീ നിന്‍റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക. (ഖു൪ആന്‍:15/94-99)
ഈ വചനങ്ങളിൽ പരാമാർശിച്ചിട്ടുള്ളത് ശ്രദ്ധിക്കുക. ഇത്തരം സാഹചര്യങ്ങളിൽ പതറി നിൽക്കാതെ സത്യവിശ്വാസികൾ അവരുടെ ഉത്തരവാദിത്തം നിർവ്വഹിക്കുക അതായത് അല്ലാഹുവിന്റെ ദീൻ ജനങ്ങൾക്ക് എത്തിച്ചു കൊടുക്കുന്നതിൽ ശ്രദ്ധിക്കുക, തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നവരെ അവഗണിക്കുക, ആക്ഷേപങ്ങളിൽ നിന്നുണ്ടാകുന്ന ഉപദ്രവങ്ങളൊന്നും ഭയപ്പെടേണ്ടതായില്ല അതെല്ലാം അല്ലാഹു തടുത്തുകൊള്ളുകയും അതില്‍ നിന്നു രക്ഷനല്‍കുകയും ചെയ്തുകൊള്ളും, അല്ലാഹുവിനെ ധാരാളമായി സ്തുതിക്കുക, നിർബന്ധ നമസ്കാരങ്ങളിൽ വീഴ്ച വരുത്താതിരിക്കുക, സുന്നത്ത് നമസ്കാരങ്ങൾ വർദ്ധിപ്പിക്കുക, അപകർഷത തോന്നാതെ മരണം വരെ അല്ലാഹുവിനുള്ള ഇബാദത്തുകളിൽ മുഴുകുക എന്നിവയാണവ.
ആറാമതായി, ഒരു ജനതയോടുള്ള അമര്‍ഷം അവരോട് നീതിപാലിക്കാതിരിക്കുവാന്‍ പ്രേരിപ്പിക്കരുതെന്ന ഖുർആൻ വചനം വിസ്മരിക്കരുത്. ഒരു കൂട്ടരോട് ഏതെങ്കിലും കാരണത്താൽ വല്ല ഈര്‍ഷ്യതയും വെറുപ്പുമുണ്ടെങ്കില്‍ അവരോട് അതിന്റെ പേരില്‍ അനീതിയും അക്രമവും പ്രവര്‍ത്തിക്കുവാന്‍ പാടില്ലെന്നും, നീതിയും മര്യാദയും പാലിക്കുന്നതിന് ഒരിക്കലും അതു തടസ്സമാകരുതെന്നും അല്ലാഹു കല്‍പ്പിക്കുന്നത് കാണുക:
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُونُوا۟ قَوَّٰمِينَ لِلَّهِ شُهَدَآءَ بِٱلْقِسْطِ ۖ وَلَا يَجْرِمَنَّكُمْ شَنَـَٔانُ قَوْمٍ عَلَىٰٓ أَلَّا تَعْدِلُوا۟ ۚ ٱعْدِلُوا۟ هُوَ أَقْرَبُ لِلتَّقْوَىٰ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ خَبِيرُۢ بِمَا تَعْمَلُونَ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മ്മനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു. (ഖു൪ആന്‍:5/8)
ഏഴാമതായി, ഇസ്ലാം വിമർശനവും പരിഹാസവും പ്രചരിപ്പിക്കുമ്പോൾ എല്ലാ സാധാരണക്കാരും അതിന് മറുപടി പറയുന്ന സാഹചര്യമുണ്ടാകരുത്. ഇസ്ലാമിക വിഷയങ്ങളിൽ പണ്ഢിതൻമാർ മറുപടി പറയട്ടെ. മുസ്‌ലിം സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പണ്ഡിതന്മാരും നേതാക്കളും തീരുമാനമെടുക്കുന്നതിനു മുമ്പായി സ്വന്തം അഭിപ്രായ പ്രകാരം ധൃതി കാട്ടി എടുത്തുചാടുകയും വികാര പ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്ന ചിലരുണ്ട്. ഇത് പലപ്പോഴും സമുദായത്തിന് ചീത്തപ്പേര് മാത്രമെ സമ്മാനിക്കുകയുള്ളൂ. അല്ലാഹു പറയുന്നത് കാണുക:
وَإِذَا جَآءَهُمْ أَمْرٌ مِّنَ ٱلْأَمْنِ أَوِ ٱلْخَوْفِ أَذَاعُوا۟ بِهِۦ ۖ وَلَوْ رَدُّوهُ إِلَى ٱلرَّسُولِ وَإِلَىٰٓ أُو۟لِى ٱلْأَمْرِ مِنْهُمْ لَعَلِمَهُ ٱلَّذِينَ يَسْتَنۢبِطُونَهُۥ مِنْهُمْ ۗ وَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ لَٱتَّبَعْتُمُ ٱلشَّيْطَٰنَ إِلَّا قَلِيلًا
സമാധാനവുമായോ (യുദ്ധ) ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാര്‍ത്തയും അവര്‍ക്ക് വന്നുകിട്ടിയാല്‍ അവരത് പ്രചരിപ്പിക്കുകയായി. അവരത് റസൂലിന്‍റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന് വിട്ടിരുന്നുവെങ്കില്‍ അവരുടെ കൂട്ടത്തില്‍ നിന്ന് നിരീക്ഷിച്ച് മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അതിന്‍റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊള്ളുമായിരുന്നു. നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളില്‍ അല്‍പം ചിലരൊഴികെ പിശാചിനെ പിന്‍പറ്റുമായിരുന്നു. (ഖു൪ആന്‍:4/83)
എട്ടാമതായി, അല്ലാഹുവിന്റെ ഇസ്ലാം ദീനിനെ ലോകത്ത് നിന്ന് നിഷ്കാസനം ചെയ്യാന്‍ ആ൪ക്കും കഴിയില്ല. ഈ ദീന്‍ അല്ലാഹു അവതരിപ്പിച്ചത് മറ്റെല്ലാറ്റിനും മുകളില്‍ വിജയക്കൊടി പാറിപ്പിക്കാന്‍ തന്നെയാണ്. അത് സംഭവിക്കുകതന്നെ ചെയ്യും, അല്ല അത് സംഭവിച്ചിട്ടുള്ളതാണ്.
هُوَ ٱلَّذِىٓ أَرْسَلَ رَسُولَهُۥ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ ۚ وَكَفَىٰ بِٱللَّهِ شَهِيدًا
സന്‍മാര്‍ഗവും സത്യമതവുമായി തന്‍റെ റസൂലിനെ നിയോഗിച്ചത് അവനാകുന്നു. അതിനെ എല്ലാ മതത്തിനും മീതെ തെളിയിച്ചുകാണിക്കാന്‍ വേണ്ടി. സാക്ഷിയായിട്ട് അല്ലാഹു തന്നെ മതി.(ഖു൪ആന്‍:48/28)
يُرِيدُونَ أَن يُطْفِـُٔوا۟ نُورَ ٱللَّهِ بِأَفْوَٰهِهِمْ وَيَأْبَى ٱللَّهُ إِلَّآ أَن يُتِمَّ نُورَهُۥ وَلَوْ كَرِهَ ٱلْكَٰفِرُونَ
അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്‍റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അത് അനിഷ്ടകരമായാലും. (ഖു൪ആന്‍:9/32)
يُرِيدُونَ لِيُطْفِـُٔوا۟ نُورَ ٱللَّهِ بِأَفْوَٰهِهِمْ وَٱللَّهُ مُتِمُّ نُورِهِۦ وَلَوْ كَرِهَ ٱلْكَٰفِرُونَ
അവര്‍ അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്‍റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു. (ഖു൪ആന്‍:61/8)
قَالَ رَسُولُ اللَّهِ صلى الله عليه وسلم : اَلْإِسْلَامِ يَعْلُو, وَلَا يُعْلَى
നബി ﷺ പറഞ്ഞു: ഇസ്ലാം ഉയർന്നു കൊണ്ടേയിരിക്കും. മറ്റൊന്നും അതിനെ മികച്ചു നിൽക്കുകയില്ല. (الجامع الصغير)
വിവിധ മാര്‍ഗങ്ങളിലൂടെ അല്ലാഹുവിന്‍റെ മതത്തെ നിഷ്‌പ്രഭമാക്കുവാനാണ് ആദ്യകാലത്തെ വേദക്കാരടക്കമുള്ള അവിശ്വാസികളുടെ ഉദ്ദേശ്യം. ഇസ്ലാമാകുന്ന പ്രകാശത്തെ വായകൊണ്ട് ഊതിക്കെടുക്കുവാനോ, ദുരാരോപണങ്ങളും അപവാദങ്ങളുംവഴി കെടുത്തിക്കളയുവാനോ ആര്‍ക്കും സാധ്യമല്ല. സൂര്യപ്രകാശം വായകൊണ്ട് ഊതിക്കെടുത്തുവാന്‍ സാധ്യമല്ലല്ലോ. അതുപോലെ, ഇസ്‌ലാമാകുന്ന പ്രകാശത്തെ വായകൊണ്ട് ഊതിക്കെടുത്തി ഇവിടെ അന്ധകാരമയമാക്കുവാന്‍ അവര്‍ക്ക് സാധ്യമല്ല. അതിന് ഒരിക്കലും അല്ലാഹു അനുവദിക്കുകയില്ല. ആ പ്രകാശത്തെ പരിപൂര്‍ണമാക്കി പ്രകാശിപ്പിക്കുവാനാണ് അവന്‍ ഉദ്ദേശിക്കുന്നത്. ആ ആവശ്യാര്‍ത്ഥം, വേണ്ടത്ര ലക്ഷ്യദൃഷ്‌ടാന്തങ്ങള്‍ സഹിതം ആ മതം അതിന്‍റെ സാക്ഷാല്‍ രൂപത്തില്‍ പ്രബോധനം ചെയ്യുവാനും, മറ്റെല്ലാ മതങ്ങളെയും വെല്ലുമാറ് അതിനെ ലോകത്ത് പ്രത്യക്ഷപ്പെടുത്തുവാനും വേണ്ടിയാണ് അന്ത്യപ്രവാചകനായ മുഹമ്മദ് നബി ﷺ യെ അവന്‍ അയച്ചിരിക്കുന്നതും. വേദക്കാര്‍ക്കോ, ബഹുദൈവ വിശ്വാസികൾക്കോ, മറ്റേതെങ്കിലും സത്യനിഷേധികള്‍ക്കോ അതില്‍ വെറുപ്പും പ്രതിഷേധവും ഉണ്ടായിരുന്നാലും ശരി, അല്ലാഹു അത് നടപ്പില്‍ വരുത്തുകയും ചെയ്യും, അല്ല അല്ലാഹു അക്കാര്യം നടപ്പില്‍ വരുത്തിയിട്ടുണ്ടുതാനും.
അല്ലാഹുവിന്റെ മതം പ്രചരിപ്പിക്കുന്നതിനും വളർത്തുന്നതിനും അവന് കഴിവുണ്ട്. അതിന് ആരുടെയും മുസ്ലിംകളുടെപോലും ഔദാര്യം ആവശ്യമില്ല. ഇസ്‌റാഈല്യരില്‍ ജനിക്കുന്ന ആണ്‍കുഞ്ഞുങ്ങളെ ഉടനെ കൊലപ്പെടുത്തുവാൻ ഫിർഔൻ തീരുമാനിക്കുകയും അപ്രകാരം ചെയ്യുകയും ചെയ്യുന്ന അവസരത്തിൽ അതേ ഫിർഔനിന്റെ കൊട്ടാരത്തിലാണ് അല്ലാഹു മൂസാ നബി عليه السلامയെ വളർത്തി കൊണ്ടുവന്നത്. അങ്ങനെ മൂസാ നബി عليه السلام മുഖേനെ ഫിർഔനിന്റെ പതനത്തിനും ഫിഔനിന്റെ കഠിനയാതനകളില്‍ നിന്ന് ഇസ്‌റാഈല്യര്‍ക്ക് മോചനത്തിനും കാരണമായി. അത് ഇന്നും സംഭവിച്ചു കൊണ്ടിരിക്കുന്നു. ആളുകൾ ധാരാളമായി കൊണ്ട് യാതൊരു നിർബന്ധവുമില്ലാതെ ഇസ്ലാമിലേക്ക് വന്നുകൊണ്ടിരിക്കും. അത് അല്ലാഹുവിന്റെ മതത്തിന്റെ മേൻമയാണ്. ഇസ്ലാമിന്റെ ശത്രുക്കൾ ഇസ്ലാമിനെ വികൃതമാക്കി പ്രചരിപ്പിച്ചാലും മുസ്ലിംകളിൽ പെട്ടവർതന്നെ ഇസ്ലാമിനെ വികൃതമാക്കി അവതരിപ്പിച്ചാലും യഥാർത്ഥ ഇസ്ലാം (ഖുർആനും സുന്നത്തും) അന്ത്യനാൾ വരെയും നിലനിൽക്കും. ഇനി മുസ്ലിംകൾ തന്നെയും സുഖലോലുപതയുടെ ആളുകളായി മാറി ഇസ്ലാമിനെ കൈവിട്ടാലും മറ്റൊരു സമൂഹത്തിൽ നിന്നും ആളുകളെ ഇസ്ലാമിലേക്ക് കൊണ്ടുവരും. അല്ലാഹു പറഞ്ഞതുപോലെ:
وَإِن تَتَوَلَّوْا۟ يَسْتَبْدِلْ قَوْمًا غَيْرَكُمْ ثُمَّ لَا يَكُونُوٓا۟ أَمْثَٰلَكُم
നിങ്ങള്‍ പിന്തിരിഞ്ഞു കളയുകയാണെങ്കില്‍ നിങ്ങളല്ലാത്ത ഒരു ജനതയെ അവന്‍ പകരം കൊണ്ടുവരുന്നതാണ്. എന്നിട്ട് അവര്‍ നിങ്ങളെപ്പോലെയായിരിക്കുകയുമില്ല. (ഖു൪ആന്‍:47/38)
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ مَن يَرْتَدَّ مِنكُمْ عَن دِينِهِۦ فَسَوْفَ يَأْتِى ٱللَّهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُۥٓ أَذِلَّةٍ عَلَى ٱلْمُؤْمِنِينَ أَعِزَّةٍ عَلَى ٱلْكَٰفِرِينَ يُجَٰهِدُونَ فِى سَبِيلِ ٱللَّهِ وَلَا يَخَافُونَ لَوْمَةَ لَآئِمٍ ۚ ذَٰلِكَ فَضْلُ ٱللَّهِ يُؤْتِيهِ مَن يَشَآءُ ۚ وَٱللَّهُ وَٰسِعٌ عَلِيمٌ
സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്‍റെ മതത്തില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്. അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടും. ഒരു ആക്ഷേപകന്‍റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല. അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വ്വജ്ഞനുമത്രെ. (ഖു൪ആന്‍:5/54)
ഒമ്പതാമതായി, മുസ്ലിംകൾ അവരുടെ ജീവിതം നന്നാക്കുക അതായത് വിശ്വാസരംഗത്തും കർമ്മരംഗത്തും ഇസ്ലാം പറഞ്ഞതുപോലെ ജീവിതം ചിട്ടപ്പെടുത്തുക. അതാണ് വിജയത്തിനാധാരം. അല്ലാഹുവിന്റെ മതത്തിന് ഏതുകാലത്തും അതിന്റേതായ പ്രതാപം ഉണ്ടായിരിക്കും. എന്നാൽ മുസ്ലിംകളുടെ കാര്യം അങ്ങനെയല്ല. അല്ലാഹുവിന്റെ സഹായത്തിനനുസരിച്ചാണ് മുസ്ലിംകളുടെ നിലനിൽപ്പ്.
كان عمر بن الخطاب رضي الله عنه يستنصر بالدعاء على عدوه ، وكان أعظم جنديه ، وكان يقول لأصحابه : “لستم تنصرون بالكثرة ، وإنما تنصرون من السماء
ഉമർ (റ) അദ്ദേഹത്തിന്റെ ശത്രുക്കൾക്കെതിരെ പ്രാർത്ഥിച്ചു കൊണ്ട് അല്ലാഹുവിനോട് സഹായം തേടാറുണ്ടായിരുന്നു, അദ്ദേഹമാകട്ടെ വൻ സൈന്യമുള്ളവനുമായിരുന്നു. എന്നിട്ടും തന്റെ അനുയായികളോട് അദ്ദേഹം ഇപ്രകാരം പറയാറുണ്ടായിരുന്നു : നിങ്ങളൊരിക്കലും ആധിക്യം കൊണ്ടല്ല സഹായിക്കപ്പെടുന്നത്, മറിച്ച് ആകാശത്തു നിന്നാണ് നിങ്ങൾ സഹായിക്കപ്പെടുന്നത്. (അദ്ദാഉ വദ്ദവാ: 18)
അല്ലാഹുവിന്റെ സഹായം അവന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത് ചില നിബന്ധനകളോടെയാണ്. അതാണ് സത്യവിശ്വാസവും സൽകർമ്മവും. പിഴച്ച വിശ്വാസം പുൽകുമ്പോൾ, മ്ലേഛത വര്‍ദ്ധിക്കുമ്പോൾ, തിൻമകളും പാപങ്ങളും പ്രവർത്തിക്കുമ്പോൾ, നബിചര്യ അവഗണിക്കുമ്പോൾ മുസ്ലിംകൾക്ക് നിന്ദ്യതയാണ് ഉണ്ടാകുക.
قال شيخ الإسلام رحمه الله:من أسباب تسلط العدو على ديار المسلمين، ظهور الإلحاد والنفاق والبدع.
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു: മുസ്‌ലിമീങ്ങളുടെ മേൽ ശത്രുക്കൾ ആധിപത്യം നേടാനുള്ള കാരണങ്ങളിൽ പെട്ടതാണ് മതനിഷേധവും കപടതയും ബിദ്അത്തുകളുമെല്ലാം |മുസ്‌ലിമീങ്ങളിൽ|സംഭവിക്കൽ. (മജ്മൂഉൽ ഫതാവാ:13/170)
قال شيخ الإسلام رحمه الله: وإذا كان في المسلمين ضعفاً وكان عدوهم مستظهراً عليهم ، كان ذلك بسبب ذنوبهم وخطاياهم.
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു: മുസ്‌ലിമീങ്ങളില്‍ ബലഹീനത ഉണ്ടായിക്കഴിഞ്ഞാല്‍,അവരുടെ ശത്രുക്കള്‍ അവരെ കീഴടക്കുന്നവരാകും.അവരുടെ തെറ്റിന്‍റേയും, പാപത്തിന്‍റേയും കാരണം കൊണ്ടാണ് അങ്ങനെയായത്. (മജ്മൂഉൽ ഫതാവാ:11/645)
ഈ സമുദായത്തിന് ബാധിച്ച നിന്ദ്യതയില്‍ നിന്ന് കരകയറാന്‍ എന്താണ് വഴി? അല്ലാഹുവിന്റെ ദീനിലേക്ക് തിരിച്ചു പോകുക മാത്രമാണ് അതിനുള്ള പോംവഴി.
عَنِ ابْنِ عُمَرَ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: إِذَا تَبَايَعْتُمْ بِالْعِينَةِ وَأَخَذْتُمْ أَذْنَابَ الْبَقَرِ وَرَضِيتُمْ بِالزَّرْعِ وَتَرَكْتُمُ الْجِهَادَ سَلَّطَ اللَّهُ عَلَيْكُمْ ذُلاًّ لاَ يَنْزِعُهُ حَتَّى تَرْجِعُوا إِلَى دِينِكُمْ
ഇബ്നു ഉമർ رضي الله عنه വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നിങ്ങള്‍ ഈനത് (പലിശ) കച്ചവടം നടത്തുകയും, കന്നുകാലികളുടെ വാല്‍ പിടിക്കുകയും (ദുന്‍യാവിന്റെ ചിന്തയില്‍ മാത്രം കഴിഞ്ഞുകൂടുകയും), കൃഷിയില്‍ നിങ്ങള്‍ തൃപ്തരാവുകയും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ത്യാഗസമരം നിങ്ങള്‍ ഒഴിവാക്കുകയും ചെയ്താല്‍; അല്ലാഹു നിങ്ങളുടെ മേല്‍ നിന്ദ്യത വരുത്തി വെക്കും. നിങ്ങളുടെ ദീനിലേക്ക് തിരിച്ചു പോകുന്നത് വരെ അല്ലാഹു അത് നിങ്ങളുടെ മേല്‍ നിന്ന് എടുത്തുമാറ്റില്ല. (അബൂദാവൂദ്: 3462)
പത്താമതായി, ഒരു നാട്ടിൽ എല്ലാവരും സ്വൈര്യമായി കഴിഞ്ഞുകൂടുന്നതിന് എല്ലാവർക്കും അവരുടേതായ ബാധ്യതയുണ്ട്. വ്യക്തികൾക്കും കൂട്ടായ്മകൾക്കും ബാധ്യതയുണ്ട്. ഒരു നാടിനെ അസ്വസ്ഥജനകമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരുതന്നെ നടത്തിയാലും അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.
നാട്ടിലെ സമാധാന അന്തരീക്ഷം കാത്തുസൂക്ഷിക്കുന്നതിന് മാധ്യമങ്ങൾക്കും ബാധ്യതയുണ്ട്. ഒരു പ്രശ്നം ഉണ്ടായാൽ അതിനെ പർവ്വതീകരിക്കുന്നതിനപ്പുറം അത് അണക്കുന്നതിനാണ് മാധ്യമങ്ങൾ പരിശ്രമിക്കേണ്ടത്. ദൗർഭാഗ്യകരമെന്ന് പറയട്ടെ, ഇന്ന് മാധ്യമങ്ങളും പരസ്പരം മൽസരത്തിലാണ്, ഒന്നാമതെത്താൻ. അതിനായി വാർത്തകൾ അനിവാര്യമായിരിക്കും. ആ സാഹചര്യത്തിൽ ഇത്തരം വാർത്തകൾ വലിയ ചർച്ചകളാക്കുന്നു.
വര്‍ഗീയത പച്ചയ്ക്ക് പറയുന്നവര്‍ക്ക് അടുത്തകാലംവരെ മലയാള മുഖ്യധാരാ ചാനലുകള്‍ വലിയ പരിഗണന നല്‍കിയിരുന്നില്ല. എന്നാല്‍ സമീപകാലത്ത് അത്തരം ആളുകളെ പ്രത്യേകം തിരഞ്ഞുപിടിച്ച് അന്തിച്ചര്‍ച്ചകളിലേക്ക് കൊണ്ടുവരാന്‍ ചാനലുകള്‍ പരസ്പരം മത്സരിക്കുന്നതുപോലെ തോന്നുന്നു. കേരളജനതയെ വര്‍ഗീയമായി ധ്രുവീകരിക്കാന്‍ ചില കേന്ദ്രങ്ങള്‍ ഒരുക്കിയ കെണികളില്‍ അറിഞ്ഞും അറിയാതെയും മാധ്യമങ്ങള്‍ ഭാഗമാകുന്നുണ്ട്. വര്‍ഗീയ സംഘടനകള്‍ സ്വന്തം അനുയായികളില്‍ നിശാക്യാമ്പുകളില്‍വച്ച് കുത്തിവെക്കുന്ന വര്‍ഗീയവിഷം ഒട്ടും ചോരാതെ പൊതുസമൂഹത്തിനുമുന്നില്‍ വിളമ്പാന്‍ ചില ചാനലുകള്‍ യഥേഷ്ടം സമയം നല്‍കുന്നത് ആ വിഷത്തിന്റെ സമൂലമായ വ്യാപനത്തിന് കാരണമാകുമെന്നും അത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും വിസ്മരിച്ചുകൂടാ.