അല്ലാഹുവിന്റെ അർശിനെ കുറിച്ച് വിശുദ്ധ ഖുർആൻ സൂചിപ്പിക്കുന്നത് കാണുക:
ذُو ٱلْعَرْشِ ٱلْمَجِيدُ
സിംഹാസനത്തിന്‍റെ ഉടമയും, മഹത്വമുള്ളവനുമാണവൻ. (ഖുർആൻ:85/14-15)
وَهُوَ رَبُّ ٱلْعَرْشِ ٱلْعَظِيمِ
അവനാണ് മഹത്തായ സിംഹാസനത്തിന്‍റെ നാഥന്‍. (ഖുർആൻ:9/129)
‘അർശ്’ (الۡعَرۡش) എന്നാൽ ‘സിംഹാസനം, രാജകീയപീഠം’ എന്നൊക്കെയാണ് വാക്കർത്ഥം.
وَكَانَ عَرْشُهُۥ عَلَى ٱلْمَآءِ
അവന്‍റെ അര്‍ശ് (സിംഹാസനം) വെള്ളത്തിന്‍മേലായിരുന്നു. (ഖുർആൻ:11/7)
قَالَ رَسُولُ اللَّهِ صلى الله عليه وسلم : …. كَانَ اللَّهُ وَلَمْ يَكُنْ شَىْءٌ قَبْلَهُ، وَكَانَ عَرْشُهُ عَلَى الْمَاءِ، ثُمَّ خَلَقَ السَّمَوَاتِ وَالأَرْضَ، وَكَتَبَ فِي الذِّكْرِ كُلَّ شَىْءٍ
നബി ﷺ പറഞ്ഞു: അല്ലാഹു ഉണ്ടായിരുന്നു. അവനല്ലാതെ ഒന്നും ഉണ്ടായിരുന്നില്ല. അവന്റെ സിംഹാസനം വെള്ളത്തിനു മുകളിലായിരുന്നു. പിന്നീടവന്‍ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചു. ദിക്റി’ല്‍ (പ്രമാണരേഖയില്‍) അവന്‍ എല്ലാം രേഖപ്പെടുത്തുകയും ചെയ്തു. (ബുഖാരി:7418)
ആകാശഭൂമികളെ സൃഷ്ടിക്കുകയും, അവ രൂപം കൊള്ളുകയും ചെയ്യുന്നതിന്‍റെ മുമ്പത്തെ അവസ്ഥയെക്കുറിച്ചാണ് وَكَانَ عَرْشُهُ عَلَى الْمَاءِ (അവന്‍റെ അ൪ശ് വെള്ളത്തിന്മേലായിരുന്നു) എന്നു പറഞ്ഞതെന്ന് അല്ലാഹു പറഞ്ഞ വാചകത്തില്‍നിന്നും, നബി ﷺ യുടെ ഈ പ്രസ്താവനയില്‍നിന്നും സ്പഷ്ടമാകുന്നു. എന്നിരിക്കെ, വെള്ളം (الْمَاءِ) കൊണ്ട് ഇവിടെ വിവക്ഷ നമുക്കു സുപരിചിതമായ അര്‍ത്ഥത്തിലുള്ള വെള്ളമായിരിക്കുവാന്‍ തരമില്ല. ഏതായാലും വെള്ളം (الْمَاء) എന്ന് പറയാവുന്ന ഒരു വസ്തു ആകാശഭൂമികളെ സൃഷ്ടിക്കുന്നതിനു മുമ്പുതന്നെ ഉണ്ടായിരുന്നുവെന്ന് തീര്‍ച്ചതന്നെ. ശാസ്ത്രീയ നിരീക്ഷണങ്ങള്‍ക്ക് അത് വേണ്ടതുപോലെ വ്യക്തമാക്കുവാന്‍ കഴിഞ്ഞിട്ടില്ല എന്നതുകൊണ്ടു ആ വാസ്തവത്തിന് ദോഷമൊന്നുമില്ല. നമുക്ക് അറിയാത്തതിനെപ്പറ്റി ‘അല്ലാഹുവിനറിയാം’ എന്നു സമാധാനിക്കുവാനേ നമുക്ക് നിവൃത്തിയുള്ളു. അത് നമ്മുടെ കടമയുമാണ്. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 11/7ന്റെ വിശദീകരണം)
ഇതിന്റെ അടിസ്ഥാനത്തില്‍ അര്‍ശാണ് അല്ലാഹു സൃഷ്‌ടിച്ച ആദ്യവസ്‌തുവെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
إِنَّ رَبَّكُمُ ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ يُغْشِى ٱلَّيْلَ ٱلنَّهَارَ يَطْلُبُهُۥ حَثِيثًا وَٱلشَّمْسَ وَٱلْقَمَرَ وَٱلنُّجُومَ مُسَخَّرَٰتِۭ بِأَمْرِهِۦٓ ۗ أَلَا لَهُ ٱلْخَلْقُ وَٱلْأَمْرُ ۗ تَبَارَكَ ٱللَّهُ رَبُّ ٱلْعَٰلَمِينَ
തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആറുദിവസങ്ങളിലായി (ഘട്ടങ്ങളിലായി) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവന്‍ അര്‍ശില്‍ ഇസ്തിവാഅ് ചെയ്തിരിക്കുന്നു (സിംഹാസനസ്ഥനായിരിക്കുന്നു). രാത്രിയെക്കൊണ്ട് അവന്‍ പകലിനെ മൂടുന്നു. ദ്രുതഗതിയില്‍ അത് പകലിനെ തേടിച്ചെല്ലുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും തന്‍റെ കല്‍പനയ്ക്കു വിധേയമാക്കപ്പെട്ട നിലയില്‍ (അവന്‍ സൃഷ്ടിച്ചിരിക്കുന്നു.) അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന്നുതന്നെയാണ.് ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂര്‍ണ്ണനായിരിക്കുന്നു. (ഖുർആൻ:7/54)
ٱلرَّحْمَٰنُ عَلَى ٱلْعَرْشِ ٱسْتَوَىٰ
പരമകാരുണികന്‍ അര്‍ശില്‍ ഇസ്തിവാഅ് ചെയ്തിരിക്കുന്നു (സിംഹാസനസ്ഥനായിരിക്കുന്നു). (ഖുർആൻ:20/5)
അല്ലാഹു അര്‍ശില്‍ ഇസ്തിവാഅ് ചെയ്തിരിക്കുന്നു എന്നാണ് വിശുദ്ധ ഖുർആൻ വ്യക്തമാക്കിയിട്ടുള്ളത്. ‘അര്‍ശ്’ എന്നതിന്റെ അര്‍ഥം സിംഹാസനം എന്നാണെന്ന് പറഞ്ഞുവല്ലോ. ‘ഇസ്തിവാഅ്’ എന്ന വാക്കിന് ‘ആരോഹണം’ എന്നും അര്‍ത്ഥം പറയാം.
അല്ലാഹുവിനെ കുറിച്ച് വിശുദ്ധ ഖുർആനിലോ തിരുസുന്നത്തിലോ അറിയിച്ച കാര്യങ്ങള്‍ മാറ്റത്തിരുത്തലുകളോ ഏറ്റക്കുറച്ചിലുകളോ കൂടാതെ വിശ്വസിക്കുക എന്നതാണ് അഹ്ലുസ്സുന്ന വല്‍ ജമാഅഃയുടെ നിലപാട്. ഇത്തരം കാര്യങ്ങളില്‍ അല്ലാഹുവിനെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തുകയോ, അല്ലാഹുവിന്റെ വിശേഷണങ്ങള്‍ക്കോ പ്രവര്‍ത്തനങ്ങള്‍ക്കോ രൂപം പറയുകയോ ചെയ്യുന്നത് സലഫുകള്‍ പിന്തുടര്‍ന്ന മാര്‍ഗമല്ല. അവനെ കുറിച്ച് ഖുര്‍ആനിലും സ്വഹീഹായ ഹദീഥിലും വന്ന ഒരു കാര്യമെങ്കിലും നിഷേധിക്കുകയോ നിരസിക്കുകയോ ചെയ്യുന്നത് ഒരു വിശ്വാസിക്ക് അഭിലഷണീയമല്ല.
അല്ലാഹുവിന്റെ സിംഹാസനാരോഹണം അവന്റെ പരിശുദ്ധിക്ക് യോജിച്ച തരത്തിലാണെന്ന് വിശ്വസിക്കണം. അത്യുന്നതനായ അല്ലാഹുവിന്റെ സ്വിഫാത്തുകളെ എങ്ങനെയാണ് മനസ്സിലാക്കേണ്ടതെന്ന് പണ്ഢിതൻമാർ വിശദീകരിച്ചിട്ടുണ്ട്.
ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ്യ (റഹി) പറഞ്ഞു: യാതൊരുവിധ മാറ്റവും വരുത്താതെയും നിഷേധിക്കാതെയും രൂപപ്പെടുത്താതെയും ചിത്രീകരിക്കാതെയും നാം വിശ്വസിക്കുന്നുവെന്നതാണ് നമ്മുടെ നിലപാട്.
ഇസ്തിവാഅ് എങ്ങനെയാണെന്നോ അതിന്റെ രൂപം എങ്ങനെയാണെന്നോ മനുഷ്യര്‍ തങ്ങളുടെ ഇരിപ്പിടങ്ങളില്‍ ഇരിക്കുന്നത് പോലെയാണോ അതെന്നോ അന്വേഷിക്കുകയോ വിചാരിക്കുകയോ ചെയ്യരുത്.
ഇമാം മാലിക് ബ്നു അനസ് رَحِمَهُ اللَّهُ യോട് ഒരാള്‍ ചോദിച്ചു: അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നു:
ٱلرَّحْمَٰنُ عَلَى ٱلْعَرْشِ ٱسْتَوَىٰ
“റഹ്മാനായ (അല്ലാഹു) അര്‍ശില്‍ ഇസ്തിവാഅ് ചെയ്തിരിക്കുന്നു” എങ്ങനെയാണ് അല്ലാഹു ഇസ്തിവാഅ് ചെയ്തത്? ഇമാം മാലിക് رحمه الله പറഞ്ഞു:
الإِسْتِوَاءُ مَعْلُومٌ، وَالكَيْفُ مَجْهُولٌ، وَالإِيمَانُ بِهِ وَاجِبٌ، وَالسُّؤَالُ عَنْهُ بِدْعَةٌ
ഇസ്തിവാഅ് അറിയപ്പെട്ടതാണ്. അതിന്റെ രൂപം അജ്ഞമാണ്. അതില്‍ വിശ്വസിക്കല്‍ നിര്‍ബന്ധമാണ്. അതിനെ കുറിച്ചുള്ള (ഇത്തരം) ചോദ്യം ബിദ്അത്തുമാണ്.
മുഹമ്മദ് അമാനി മൗലവി (റഹി) എഴുതുന്നു: ‘അര്‍ശ്’ (عَرْش) എന്ന വാക്ക് ‘രാജകീയ സിംഹാസനം’ എന്ന അര്‍ത്ഥത്തില്‍ സാധാരണ ഉപയോഗിക്കപ്പെടുന്നു. വീടുകളുടെ മേല്‍പുര, മുന്തിരിത്തോട്ടത്തിന്റെ പന്തല്‍ എന്നിവ പോലെ ഉയരത്തില്‍ സ്ഥാപിക്കപെടുന്ന ചില വസ്തുക്കള്‍ക്കും ആ വാക്ക് ഉപയോഗിക്കപ്പെടും. എന്നാല്‍, മഹാന്‍മാരായ പലരും പ്രസ്താവിച്ചതുപോലെ, അല്ലാഹുവിന്റെ അര്‍ശ് എപ്രകാരത്തിലുള്ളതായിരിക്കുമെന്ന് കണക്കാക്കുവാന്‍ നമുക്ക് സാധിക്കുകയില്ല. ഇമാം റാഗിബ് رحمه الله അദ്ദേഹത്തിന്റെ ‘അല്‍മുഫ്റദാത്ത്’ എന്ന നിഘണ്ടുവില്‍ പറയുന്നു: അല്ലാഹുവിന്റെ അര്‍ശിനെക്കുറിച്ച് അതിന്റെ പേരല്ലാതെ അതിന്റെ യാഥാര്‍ത്ഥ്യത്തെപ്പറ്റി മനുഷ്യര്‍ക്ക് അറിയാവതല്ല. പൊതുജനങ്ങള്‍ ഊഹിക്കുന്നതുപോലെയുള്ളതല്ല അത്. അങ്ങിനെയാണെങ്കില്‍, അത് അവനെ (അല്ലാഹുവിനെ) വഹിച്ചുകൊണ്ടിരിക്കുന്നതായിരിക്കണമല്ലോ. അല്ലാഹുവാകട്ടെ, അതില്‍നിന്നും എത്രയോ ഉന്നതനുമാകുന്നു.
അല്ലാഹു സൃഷ്ടികളില്‍ നിന്നെല്ലാം വ്യത്യസ്തനും, അവരുടെ ഭാവനകള്‍ക്കെല്ലാം അതീതനുമാകുന്നു. അതെ, لَيْسَ كَمِثْلِهِ شَيْءٌ (അവനെപോലെ ഒരു വസ്തുവും ഇല്ല). وَلَمْ يَكُن لَّهُ كُفُوًا أَحَدٌ (അവനു തുല്യനായി ഒരാളും ഇല്ല). അതുകൊണ്ട്, അല്ലാഹു അര്‍ശില്‍ ആരോഹണം ചെയ്തു (اسْتَوَىٰ عَلَى الْعَرْشِ) എന്ന വാക്യത്തെപ്പറ്റി മുന്‍ഗാമികളായ മഹാന്‍മാര്‍ക്കു പൊതുവിലും, പിന്‍ഗാമികളില്‍ അവരുടെ മാതൃക പിന്‍പറ്റിയവര്‍ക്കും പറയുവാനുള്ളതു ഇതാകുന്നു: ‘സിംഹാസനാരോഹണമെന്നതു നമുക്കറിയാം. പക്ഷെ, അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അതിന്റെ മാതിരി എങ്ങിനെയാണെന്നുള്ളതു നമുക്കു അജ്ഞാതമാകുന്നു. (الاستواء معلومٌ والكيفية مجهولةٌ). താഴെ സൂചിപ്പിക്കുന്നതുപോലെയുള്ള ചില വ്യാഖ്യാനങ്ങള്‍ കൊണ്ടു തൃപ്തി അടയുന്നതും, കൂടുതല്‍ അന്വേഷണത്തിനും വിമര്‍ശനത്തിനും മുതിരുന്നതും അബദ്ധത്തിനു കാരണമായിരിക്കുന്നതാണ്. ആകയാല്‍, പ്രസ്തുത മഹാന്മാര്‍ സ്വീകരിച്ച അതേ മാര്‍ഗ്ഗം തന്നെയാണു നമുക്കും സ്വീകരിക്കുവാനുള്ളത്. അതാണു കൂടുതല്‍ സുരക്ഷിതമായ മാര്‍ഗ്ഗവും.
‘അര്‍ശില്‍ അവന്‍ ആരോഹണം ചെയ്തു’ (اسْتَوَىٰ عَلَى الْعَرْشِ) എന്ന വാക്യത്തിന്റെ ഭാഷാര്‍ത്ഥത്തെ മാത്രം അടിസ്ഥാനമാക്കി അല്ലാഹു അര്‍ശിന്‍മേല്‍ ഇരിക്കുകയാണെന്നും മറ്റും ചില ആളുകള്‍ പറഞ്ഞിട്ടുള്ളതു സ്വീകാര്യമല്ലതന്നെ. അല്ലാഹുവിനെ സൃഷ്ടികളോടു സമപ്പെടുത്തലും, അവന്റെ ഗുണവിശേഷങ്ങളുടെ പരിശുദ്ധിയെ നിരാകരിക്കലുമാണത്. അവന്‍ അര്‍ശിന്റെ മേലുള്ള അധികാരം ഏറ്റെടുത്തു, അല്ലെങ്കില്‍ ആകാശഭൂമികളുടെ നിയന്ത്രണം ഔപചാരികമായി സ്വീകരിച്ചു എന്നിങ്ങിനെയുള്ള അര്‍ത്ഥങ്ങളിലും ചില പണ്ഡിതന്‍മാര്‍ അതിനെ വ്യാഖ്യാനിക്കാറുണ്ട്. വേറെ ചിലര്‍, ‘അര്‍ശ്’ എന്നൊരു പ്രത്യേക വസ്തു യഥാര്‍ത്ഥത്തില്‍ ഇല്ലെന്നും, ‘അധികാരം’ എന്നാണതുകൊണ്ടു വിവക്ഷയെന്നും വരുമാറുള്ള ചില വ്യാഖ്യാനങ്ങളും നല്‍കിക്കാണുന്നു. ഇതു തികച്ചും വാസ്തവ വിരുദ്ധമാകുന്നു. അര്‍ശിന്റെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചു നമുക്കു അറിഞ്ഞുകൂടാ. എങ്കിലും ‘അര്‍ശ്’ എന്ന അതിമഹത്തായ ഒരു സൃഷ്ടി യഥാര്‍ത്ഥത്തില്‍ ഉണ്ടെന്നുള്ളതു ക്വുര്‍ആന്‍ വചനങ്ങളില്‍ നിന്നും, നബി വചനങ്ങളില്‍ നിന്നും അനിഷേധ്യമായി അറിയപ്പെട്ടിട്ടുള്ളതാണ്. ഒരു കാര്യം ഇവിടെ വിസ്മരിക്കാവതല്ല. اسْتَوَىٰ عَلَى الْعَرْشِ എന്ന വാക്യത്തിന്റെ അര്‍ത്ഥം, അവന്‍ അധികാരം ഏറ്റെടുത്തുവെന്നല്ലെങ്കിലും ആകാശഭൂമികളുടെ ആജ്ഞാധികാരവും, കൈകാര്യ നിയന്ത്രണവും അവന്റെ പക്കലാണെന്നു ആ വാക്യം സൂചിപ്പിക്കുന്നുവെന്നുള്ളതില്‍ സംശയമില്ല. ആ വാക്യത്തെത്തുടര്‍ന്നു – സൂ: യൂനുസിലും, സജദഃയിലും കാണാവുന്നതുപോലെ – അവന്‍ കാര്യം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു (يُدَبِّرُ الْأَمْرَ) എന്നോ, ആ അര്‍ത്ഥത്തിലുള്ളതോ ആയ വാചകങ്ങള്‍ പല സൂറത്തുകളിലും കാണുന്നതു അതുകൊണ്ടാകുന്നു. ഈ വചനത്തിലും തന്നെ തുടര്‍ന്നുകൊണ്ട് രാപ്പകലുകളുടെയും, സൂര്യചന്ദ്ര നക്ഷത്രങ്ങളുടെയും നിയന്ത്രണങ്ങളും, എല്ലാറ്റിന്റെയും, സൃഷ്ടിപ്പും ആജ്ഞാധികാരവും അവനാണെന്നും പറഞ്ഞിരിക്കുന്നു. والله أعلم
ഇബ്നു കഥീര്‍ رحمه الله ഈ വിഷയത്തില്‍ ഇവിടെ ചെയ്ത പ്രസ്താവന ശ്രദ്ധേയമാണ്. അദ്ദേഹം പറയുന്നത്: ‘ജനങ്ങള്‍ക്കു ഈ രംഗത്തു വളരെയധികം സംസാരങ്ങളുണ്ട്. അതിവിടെ വിസ്തരിക്കേണ്ടുന്ന സന്ദര്‍ഭമല്ല. സദ്‌വൃത്തരും പൗരാണികരുമായ മാലിക്, ഔസാഈ, ഥൌരീ, ലൈഥ്, ശാഫിഈ, അഹ്മദു, ഇസ്ഹാക്വ് رحمهم الله മുതലായവരും മറ്റുമായി മുന്‍കാലത്തും പിന്‍കാലത്തുമുള്ള മുസ്‌ലിം നേതാക്കള്‍ സ്വീകരിച്ച അതേ മാര്‍ഗ്ഗമാണു നാം ഇതില്‍ സ്വീകരിക്കുന്നത്. രൂപനിര്‍ണയമോ, സൃഷ്ടികളോടു സാമ്യപ്പെടുത്തലോ, അല്ലാഹുവിന്റെ മഹല്‍ ഗുണങ്ങള്‍ക്കു കോട്ടം തട്ടിക്കലോ കൂടാതെ (ക്വുര്‍ആനിലും ഹദീഥിലും) എങ്ങിനെ വന്നുവോ അതുപോലെ സ്വീകരിക്കുക എന്നുള്ളതാണു ആ മാര്‍ഗ്ഗം. അല്ലാഹുവിനെ സൃഷ്ടികളുമായി സാമ്യപ്പെടുത്തുന്നവരുടെ മനസ്സില്‍ പ്രത്യക്ഷപ്പെടുന്നതൊന്നും തന്നെ അതില്‍ ഉണ്ടാവാന്‍ പാടില്ല. لَيْسَ كَمِثْلِهِ شَيْءٌ ۖ وَهُوَ السَّمِيعُ الْبَصِيرُ (അവനെപ്പോലെ ഒരു വസ്തുവും ഇല്ല. അവന്‍ കേള്‍ക്കുന്നവനാണു, കാണുന്നവനാണ്) എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നുവല്ലോ. അത്രയുമല്ല, ബുഖാരിയുടെ ഗുരുവായ നുഐമുബ്നു ഹമ്മാദില്‍ ക്വുസാഈ رحمه الله പറഞ്ഞതുപോലെ, ‘അല്ലാഹുവിനെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തുന്നവനും, അവന്റെ ഗുണവിശേഷങ്ങളായി അവന്‍ പറഞ്ഞതിനെ നിഷേധിക്കുന്നവനും അവിശ്വാസിയാകുന്നു. അല്ലാഹുവിന്റെ ഗുണവിശേഷണങ്ങളായി അവനോ, അവന്റെ റസൂലോ പറഞ്ഞതിലൊന്നും തന്നെ സാദൃശ്യപ്പെടുത്തല്‍ ഇല്ല. വ്യക്തമായ ക്വുര്‍ആന്‍ വചനങ്ങളിലും, ബലവത്തായ ഹദീഥുകളിലും, വന്നതൊക്കെ അല്ലാഹുവിനോട് യോജിക്കുന്നവിധം സ്ഥിരപ്പെടുത്തുകയും, അവനോട് യോജിക്കാത്ത കാര്യമൊക്കെ നിരസിക്കുകയും ചെയ്യുന്നത് ആരാണോ അവര്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിച്ചു. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 7/54ന്റെ വിശദീകരണം)
എന്നാല്‍, പില്‍ക്കാലക്കാരായ പണ്ഡിതന്‍മാരില്‍ ഒരു വിഭാഗക്കാര്‍, ഇത്തരം വിഷയങ്ങളില്‍ ‘തഅ്‌വീല്‍ ’ (تأويل) എന്ന പേരില്‍ അറിയപ്പെടുന്ന ഒരു പുതിയ നയം സ്വീകരിക്കാറുണ്ട്. അതായത് : സന്ദര്‍ഭത്തോടു യോജിക്കുമെന്നു കാണപ്പെടുന്ന ഒരു വ്യാഖ്യാനം കൊടുത്തു യോജിപ്പിക്കുക എന്നാണ് അതുകൊണ്ടു വിവക്ഷ. മുന്‍ഗാമികള്‍ സ്വീകരിച്ചു വന്ന നയമാണു കൂടുതല്‍ സുരക്ഷിതമായി നാം കാണുന്നത്. അതില്‍ പിഴവും അബദ്ധവും പിണയുവാനില്ല. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 20/5ന്റെ വിശദീകരണം)
അല്ലാഹു അര്‍ശില്‍ ആരോഹിതനായതിനെ കുറിച്ച് അബുൽ അഅ്ലാ മഅ്ദൂദി, പ്രപഞ്ച സൃഷ്ടിക്ക് ശേഷം അല്ലാഹു ഭരണാധിപത്യത്തിന്റെ കടിഞ്ഞാണ്‍ കയ്യിലെടുക്കുകയെന്നര്‍ത്ഥം നല്കി വ്യാഖ്യാനിച്ചത് കാണുക:
അല്ലാഹുവിന്റെ ഈ സിംഹാസനാരോഹണം ഏതുതരത്തിലുള്ളതാണെന്നു മനസ്സിലാക്കുക നമ്മെ സംബന്ധിച്ചിടത്തോളം പ്രയാസകരമാണ്. ഒരുപക്ഷേ, അവന്‍ പ്രപഞ്ചത്തെ സൃഷ്ടിച്ചശേഷം വല്ല സ്ഥലവും തന്റെ അനന്തസാമ്രാജ്യത്തിന്റെ തലസ്ഥാനമായി നിശ്ചയിച്ചിരിക്കാം. അവിടം അവന്റെ വെളിപാടുകളുടെ കേന്ദ്രമായി അംഗീകരിച്ചിരിക്കുകയുമാവാം. ആ വിശിഷ്ട സ്ഥാനത്തിനാവണം അര്‍ശ് (സിംഹാസനം) എന്നു നാമകരണം ചെയ്തത്. സമസ്തലോകത്തിന് അസ്തിത്വത്തിന്റെയും ശക്തിയുടെയും അനുഗ്രഹം ചൊരിയുന്നതും പ്രപഞ്ചകാര്യങ്ങള്‍ നിയന്ത്രിക്കപ്പെടുന്നതും അവിടെനിന്നാവാം. അഥവാ ഭരണാധിപത്യമെന്ന് മാത്രവുമാവാം സിംഹാസനത്തിന്റെ വിവക്ഷ. ‘സിംഹാസനത്തില്‍ ഉപവിഷ്ടനാവുക’ എന്നാല്‍ പ്രപഞ്ചസൃഷ്ടിക്ക് ശേഷം അല്ലാഹു ഭരണാധിപത്യത്തിന്റെ കടിഞ്ഞാണ്‍ കൈയിലെടുക്കുകയെന്നര്‍ഥം. (തഹ്ഫീമുൽ ഖുർആൻ – ഖു൪ആന്‍ : 7/54ന്റെ വിശദീകരണം)
സലഫുകളുടെ (മുൻഗാമികളുടെ) മൻഹജ് പിനൻപറ്റുന്നവരെ സംബന്ധിച്ചിടത്തോളം ഇത്തരം വ്യാഖ്യാനങ്ങളെ അവഗണിക്കുകയല്ലാതെ മറ്റ് മാർഗങ്ങളൊന്നുമില്ല. അറിവില്ലാത്ത വിഷയത്തില്‍ അനുമാനങ്ങളെ മുന്‍നിര്‍ത്തി വ്യാഖ്യാനിക്കുവാന്‍ പാടുള്ളതല്ലെന്ന് വിശുദ്ധ ഖുർആൻ ഉണർത്തിയിട്ടുമുണ്ട്:
ﻭَﻻَ ﺗَﻘْﻒُ ﻣَﺎ ﻟَﻴْﺲَ ﻟَﻚَ ﺑِﻪِۦ ﻋِﻠْﻢٌ ۚ ﺇِﻥَّ ٱﻟﺴَّﻤْﻊَ ﻭَٱﻟْﺒَﺼَﺮَ ﻭَٱﻟْﻔُﺆَاﺩَ ﻛُﻞُّ ﺃُﻭ۟ﻟَٰٓﺌِﻚَ ﻛَﺎﻥَ ﻋَﻨْﻪُ ﻣَﺴْـُٔﻮﻻً
നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റേയും പിന്നാലെ നീ പോകരുത്. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്. (ഖു൪ആന്‍:17/36)
അല്ലാഹുവിന്റെ അർശ് വ്യാഖാനിച്ച് അനുമാനിക്കേണ്ടതല്ലെന്നും അത് യാഥാർത്ഥ്യമാണെന്നതിനും ഇസ്ലാമിക പ്രമാണങ്ങളിൽ ധാരാളം തെളിവുകളുണ്ട്. ചിലത് കാണുക:
عَنْ أَبِي ذَرٍّ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم لأَبِي ذَرٍّ حِينَ غَرَبَتِ الشَّمْسُ ” تَدْرِي أَيْنَ تَذْهَبُ ”. قُلْتُ اللَّهُ وَرَسُولُهُ أَعْلَمُ. قَالَ ” فَإِنَّهَا تَذْهَبُ حَتَّى تَسْجُدَ تَحْتَ الْعَرْشِ، فَتَسْتَأْذِنَ فَيُؤْذَنَ لَهَا، وَيُوشِكُ أَنْ تَسْجُدَ فَلاَ يُقْبَلَ مِنْهَا، وَتَسْتَأْذِنَ فَلاَ يُؤْذَنَ لَهَا، يُقَالُ لَهَا ارْجِعِي مِنْ حَيْثُ جِئْتِ. فَتَطْلُعُ مِنْ مَغْرِبِهَا، فَذَلِكَ قَوْلُهُ تَعَالَى {وَالشَّمْسُ تَجْرِي لِمُسْتَقَرٍّ لَهَا ذَلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ }”.
അബൂദർറ് رضى الله عنه വിൽ നിന്ന് നിവേദനം: ഒരു ദിവസം സൂര്യൻ അസ്തമിച്ചപ്പോൾ നബി ﷺ അബൂദർറിനോട് പറഞ്ഞു; സൂര്യൻ എങ്ങോട്ടാണ് പോകുന്നതെന്ന് നിനക്കറിയാമോ? ഞാൻ പറഞ്ഞു: അല്ലാഹുവിനും അവന്റെ ദൂതനുമാണ് ഏറ്റവും അറിയാവുന്നത്. നബി ﷺ പറഞ്ഞു: അത് പോകുന്നത് അർശിനു താഴെ സുജൂദ് ചെയ്യാനാണ്. വീണ്ടും ഉദിക്കാൻ അനുമതി ചോദിക്കുന്നു; അപ്പോൾ അതിന് അനുമതി ലഭിക്കുന്നു.
പിന്നെയും അത് (കാലാന്തരത്തിൽ) സുജൂദ് ചെയ്യാറാകുന്നു. എന്നാലത് സ്വീകരിക്കപ്പെടുകയില്ല. അതിനോട് പറയപ്പെടും: നീ വന്നേടത്തേക്കു തന്നെ മടങ്ങിക്കൊള്ളുക. അപ്പോൾ അത് അതിന്റെ അസ്തമയസ്ഥാനത്തുനിന്ന് ഉദിക്കുന്നു. “സൂര്യൻ അതിനുള്ള സങ്കേതത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പ്രതാപശാലിയും സർവ്വജ്ഞനുമായ അല്ലാഹു കണിശമായി നിർണയിച്ചു വെച്ചതത്രെ അത്“ (യാസീൻ 38) എന്ന ഖുർആൻ സൂക്തം ഇതിലേക്ക് ചൂണ്ടുന്നു. (ബുഖാരി: 3199)
عَنْ جَابِرٍ ـ رضى الله عنه ـ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ : …. اهْتَزَّ عَرْشُ الرَّحْمَنِ لِمَوْتِ سَعْدِ بْنِ مُعَاذٍ
ജാബിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറയുന്നത് ഞാൻ കേട്ടു: സഅദ്ബ്നു മുആദിന്റെ മരണം നിമിത്തം (അല്ലാഹുവിന്റെ) അർശ് കുലുങ്ങി. (ബുഖാരി: 3803)
عَنْ جَابِرِ بْنِ عَبْدِ اللَّهِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ “ أُذِنَ لِي أَنْ أُحَدِّثَ عَنْ مَلَكٍ مِنْ مَلاَئِكَةِ اللَّهِ مِنْ حَمَلَةِ الْعَرْشِ إِنَّ مَا بَيْنَ شَحْمَةِ أُذُنِهِ إِلَى عَاتِقِهِ مَسِيرَةُ سَبْعِمِائَةِ عَامٍ ” .
ജാബിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ മലക്കുകളില്‍ പെട്ട അ൪ശ് വഹിക്കുന്ന ഒരു മലക്കിനെ കുറിച്ച് നിങ്ങളെ അറിയിക്കാന്‍ അല്ലാഹു എനിക്ക് അനുമതി നല്‍കി. അതിന്റെ ചെവിയുടെ അടിഭാഗം മുതൽ അതിന്റെ തോൾ വരെ 700 വർഷം യാത്രചെയ്യാനുളള ദൂരമുണ്ട്. (അബൂദാവൂദ് : 4727 – സ്വഹീഹ് അല്‍ബാനി)
അല്ലാഹുവിന്റെ അ൪ശിന്റെ വലിപ്പം
عن ابن عباس ـ رضي الله عنهما ـ أنه قال: الكرسي موضع القدمين، والعرش لا يقدر أحد قدره.
ഇബ്‌നു അബ്ബാസ് رضى الله عنهما വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: “കുര്‍സിയ്യ്” എന്നാല്‍ അല്ലാഹുവിന്റെ രണ്ടു കാല്‍പാദങ്ങളുടെ പീഠമാണ്. “അര്‍ശ്’ എന്നാല്‍ അതിനെ അളക്കാന്‍ അല്ലാഹുവിനല്ലാതെ കഴിയുകയില്ല.”
قال ابن زيد: حدثني أبي، قال: قال رسول الله صلى الله عليه وسلم: ما السماوات السبع في الكرسي إلا كدراهم سبعة ألقيت في ترس
ഇബ്നു സൈദ് رَضِيَ اللَّهُ عَنْهُ തന്റെ പിതാവിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: കുർസിയ്യുമായി ഏഴ് ആകാശങ്ങൾ (താരതമ്യം ചെയ്താൽ അവയുടെ വലിപ്പം) ഒരു പരിചയിൽ കൊണ്ടിടപ്പെട്ട ഏഴ് ദിർഹമുകളെ പോലെ മാത്രമാണ്. (തഫ്സീർ ഇബ്നു ജരീർ – ശൈഖ് അൽബാനി ഹദീഥിനെ അസ്സ്വഹീഹ കൊടുത്തിട്ടുണ്ട്)
ആകാശഭൂമികളേക്കാൾ എത്രയോ വലിപ്പമുള്ളതാണ് കുർസിയ്യ് എന്ന് വ്യക്തം. ഈ കുർസിയ്യിനേക്കാൾ എത്രയോ വലിപ്പമുള്ളതാണ് അർശ്.
قال أبو ذر رضي الله عنه: سمعت رسول الله صلى الله عليه وسلم يقول:ما الكرسي في العرش إلا كحلقة من حديد ألقيت بين ظهري فلاة من الأرض
അബൂദർറ് رَضِيَ اللَّهُ عَنْهُ പറയുന്നു:നബി ﷺ പറയുന്നത് ഞാൻ കേട്ടു: അർശുമായി (അല്ലാഹുവിന്റെ മഹിത സിംഹാസനം) (താരതമ്യം ചെയ്താൽ) കുർശിയ്യ് (പാദസ്ഥാനം) വിജനമായ ഒരു ഭൂമിയുടെ പരപ്പിൽ കൊണ്ടിടപ്പെട്ട ഒരു ഇരുമ്പിന്റെ വളയത്തെ പോലെ മാത്രമാണ്. (തഫ്സീർ ഇബ്നു ജരീർ – ശൈഖ് അൽബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അല്ലാഹുവിന്റെ അ൪ശിന്റെ ഭാരം
എല്ലാ ദിവസവും രാവിലെ ചൊല്ലാൻ പഠിപ്പിക്കപ്പെട്ട ഒരു ദിക്റ് ഇപ്രകാരമാണ്:
سُبْحـانَ اللهِ وَبِحَمْـدِهِ عَدَدَ خَلْـقِه ، وَرِضـا نَفْسِـه ، وَزِنَـةَ عَـرْشِـه ، وَمِـدادَ كَلِمـاتِـه
അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവനെ ഞാന്‍ പരിശുദ്ധപ്പെടുത്തുന്നു. (എത്രത്തോളമെന്നുവെച്ചാല്‍) അവന്റെ സൃഷ്ടികളുടെ എണ്ണത്തോളവും അവന്റെ തൃപ്തിയോളവും അവന്റെ അര്‍ശിന്റെ ഭാരത്തോളവും, അവന്റെ (എണ്ണമറ്റ) വചനങ്ങളുടെ മഷിയുടെ അളവോളവും (അവനെ സ്തുതിക്കുന്നതോടൊപ്പം ഞാന്‍ പരിശുദ്ധപ്പെടുത്തുന്നു). (മുസ്ലിം :2726)
ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ അ൪ശിന്റെ ഭാരം വലുതായിരിക്കുമെന്ന് പണ്ഢിതൻമാർ വിശദീകരിച്ചിട്ടുണ്ട്.
സൃഷ്ടികളിൽ ഏറ്റവും മുകളിലാണ് അർശ്
قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ فِي الْجَنَّةِ مِائَةَ دَرَجَةٍ أَعَدَّهَا اللَّهُ لِلْمُجَاهِدِينَ فِي سَبِيلِ اللَّهِ، مَا بَيْنَ الدَّرَجَتَيْنِ كَمَا بَيْنَ السَّمَاءِ وَالأَرْضِ، فَإِذَا سَأَلْتُمُ اللَّهَ فَاسْأَلُوهُ الْفِرْدَوْسَ، فَإِنَّهُ أَوْسَطُ الْجَنَّةِ وَأَعْلَى الْجَنَّةِ، أُرَاهُ فَوْقَهُ عَرْشُ الرَّحْمَنِ، وَمِنْهُ تَفَجَّرُ أَنْهَارُ الْجَنَّةِ ”. قَالَ مُحَمَّدُ بْنُ فُلَيْحٍ عَنْ أَبِيهِ ” وَفَوْقَهُ عَرْشُ الرَّحْمَنِ
നബി ﷺ പറഞ്ഞു: തീർച്ചയായും സ്വർഗ്ഗത്തിന് നൂറ് പദവികളുണ്ട്. അതെല്ലാം അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള മുജാഹിദുകൾക്ക് (ധർമ്മ സമര യോദ്ധാക്കൾക്ക് ) ഒരുക്കി വെച്ചതാകുന്നു. ഓരോ പദവികൾക്കുമിടയിൽ ആകാശ ഭൂമികൾക്കിടയിലുള്ള അത്ര ദൂരമുണ്ട്. നിങ്ങൾ അല്ലാഹുവിനോട് (സ്വർഗ്ഗം) ചോദിക്കുമ്പോൾ ഫിർദൗസ് ചോദിക്കുക. കാരണം അത് സ്വര്ഗ്ഗത്തിന്റെ മദ്ധ്യവും സ്വർഗ്ഗത്തിന്റെ അത്യുന്നതവുമാകുന്നു. അതിന് മുകളിലാണ് കരുണാനിധിയായ അല്ലാഹുവിന്റെ സിംഹാസനം. അതിൽ നിന്നാണ് സ്വർഗ്ഗീയ നദികൾ പൊട്ടി ഒഴുകുന്നത്. (ബുഖാരി:2790)
അല്ലാഹുവിന്റെ അ൪ശിന്റെ വാഹകര്‍
ٱﻟَّﺬِﻳﻦَ ﻳَﺤْﻤِﻠُﻮﻥَ ٱﻟْﻌَﺮْﺵَ ﻭَﻣَﻦْ ﺣَﻮْﻟَﻪُۥ ﻳُﺴَﺒِّﺤُﻮﻥَ ﺑِﺤَﻤْﺪِ ﺭَﺑِّﻬِﻢْ ﻭَﻳُﺆْﻣِﻨُﻮﻥَ ﺑِﻪِۦ ﻭَﻳَﺴْﺘَﻐْﻔِﺮُﻭﻥَ ﻟِﻠَّﺬِﻳﻦَ ءَاﻣَﻨُﻮا۟
സിംഹാസനം വഹിക്കുന്നവരും അതിന്‍റെ ചുറ്റിലുള്ളവരും (മലക്കുകള്‍) തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീര്‍ത്തനം നടത്തുകയും അവനില്‍ വിശ്വസിക്കുകയും, വിശ്വസിച്ചവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുന്നു. (ഖു൪ആന്‍:40/7)
وَٱلْمَلَكُ عَلَىٰٓ أَرْجَآئِهَا ۚ وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَٰنِيَةٌ
മലക്കുകള്‍ അതിന്‍റെ നാനാഭാഗങ്ങളിലുമുണ്ടായിരിക്കും. നിന്‍റെ രക്ഷിതാവിന്‍റെ സിംഹാസനത്തെ അവരുടെ മീതെ അന്നു എട്ടുകൂട്ടര്‍ വഹിക്കുന്നതാണ്. (ഖു൪ആന്‍:69/17)
‘അർശ്’ (الۡعَرۡش) എന്നാൽ ‘സിംഹാസനം, രാജകീയപീഠം’ എന്നൊക്കെ വാക്കർത്ഥം. അല്ലാഹുവിന്റെ അർശ് എങ്ങിനെയുള്ളതാണെന്ന് നമുക്കറിവില്ല. അതിനെ വഹിക്കുന്ന മലക്കുകൾ ഏതാണ്, എങ്ങിനെയാണ്, എന്തിനുവേണ്ടിയാണ് അവരതു വഹിക്കുന്നതു എന്നും നമുക്കറിഞ്ഞുകൂടാ. ക്വിയാമത്തുനാളിൽ എട്ട് പേരായിരിക്കും അർശ് വഹിക്കുക എന്നു സൂറത്തുൽ ഹാഖ്ഖഃയിൽ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. (وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَانِيَةٌ – الحاقۃ) ഇതുപോലെയുള്ള അദൃശ്യകാര്യങ്ങളെക്കുറിച്ച് അല്ലാഹു ക്വുർആനിലോ നബി ﷺ ഹദീഥിലോ പ്രസ്താവിച്ചു കണ്ടതിനപ്പുറം നമ്മുടെ യുക്തികൊണ്ടോ ബുദ്ധികൊണ്ടോ ഒന്നും അനുമാനിക്കുവാനും, രൂപപ്പെടുത്തുവാനും നിവൃത്തിയില്ല. നാം പരിപൂർണ്ണമായും അതിൽ വിശ്വസിക്കുകയും, അവയുടെ ബാഹ്യാർത്ഥം കൊണ്ടു മനസ്സമാധാനപ്പെടുകയും ചെയ്യുന്നു. അവയുടെ യാഥാർത്ഥ്യങ്ങളെയും, വിശദീകരണങ്ങളെയും അല്ലാഹുവിലേക്കു വിട്ടേക്കുകയും ചെയ്യുന്നു. ചിലർ ചെയ്യാറുള്ളതുപോലെ എന്തെങ്കിലും വ്യാഖ്യാനം നൽകി തൃപ്തിപ്പെടുകയോ മറ്റു ചിലരെപ്പോലെ അതെല്ലാം വെറും അലങ്കാരപ്രയോഗങ്ങളും ഉപമകളുമാക്കി തള്ളിക്കളയുകയോ ചെയ്‌വാൻ നാം മുതിരുന്നുമില്ല. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 40/7 ന്റെ വിശദീകരണം)
عَنْ جَابِرِ بْنِ عَبْدِ اللَّهِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ “ أُذِنَ لِي أَنْ أُحَدِّثَ عَنْ مَلَكٍ مِنْ مَلاَئِكَةِ اللَّهِ مِنْ حَمَلَةِ الْعَرْشِ إِنَّ مَا بَيْنَ شَحْمَةِ أُذُنِهِ إِلَى عَاتِقِهِ مَسِيرَةُ سَبْعِمِائَةِ عَامٍ ” .
ജാബിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ മലക്കുകളില്‍ പെട്ട അ൪ശ് വഹിക്കുന്ന ഒരു മലക്കിനെ കുറിച്ച് നിങ്ങളെ അറിയിക്കാന്‍ അല്ലാഹു എനിക്ക് അനുമതി നല്‍കി. അതിന്റെ ചെവിയുടെ അടിഭാഗം മുതൽ അതിന്റെ തോൾ വരെ 700 വർഷം യാത്രചെയ്യാനുളള ദൂരമുണ്ട്. (അബൂദാവൂദ് : 4727 – സ്വഹീഹ് അല്‍ബാനി)
وَتَرَى ٱلْمَلَٰٓئِكَةَ حَآفِّينَ مِنْ حَوْلِ ٱلْعَرْشِ يُسَبِّحُونَ بِحَمْدِ رَبِّهِمْ ۖ وَقُضِىَ بَيْنَهُم بِٱلْحَقِّ وَقِيلَ ٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ
മലക്കുകള്‍ തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീര്‍ത്തനം ചെയ്തുകൊണ്ട് സിംഹാസനത്തിന്‍റെ ചുറ്റും വലയം ചെയ്യുന്നതായി നിനക്ക് കാണാം. അവര്‍ക്കിടയില്‍ സത്യപ്രകാരം വിധികല്‍പിക്കപ്പെടും. ലോകരക്ഷിതാവായ അല്ലാഹുവിന് സ്തുതി എന്ന് പറയപ്പെടുകയും ചെയ്യും. (ഖു൪ആന്‍:69/17)