‘അന്നസ്വീഹത്’ അഥവാ ‘ഗുണകാംക്ഷ’ എന്നത് മതത്തിന്റെ തൂണും അതിന്റെ കാതലുമാണ്. ഉദ്ദേശ ശുദ്ധിയും പ്രവൃത്തിയും നന്നാക്കി ഇഹപര വിജയം ലക്ഷ്യമിട്ട് നേരാംവിധം ഓരോ വ്യക്തിയോടും ഇടപഴകുക എന്നതാണ് ഇതിന്റെ വിവക്ഷ. ഇസ്‌ലാമില്‍ നസ്വീഹത്തിന് മഹത്തായ സ്ഥാനവും വിശാലമായ വിവക്ഷയുമുണ്ട്. ഗുണകാംക്ഷയെ സംബന്ധിച്ചുള്ള ഇസ്‌ലാമിന്റെ പൊതു നിര്‍ദേശം ഉൾക്കൊള്ളുന്ന “ഇസ്‌ലാമിന്റെ അച്ചുതണ്ട്” എന്ന് പണ്ഡിതന്മാര്‍ വിശേഷിപ്പിച്ച ഒരു ഹദീസ് കാണുക:
عَنْ تَمِيمٍ الدَّارِيِّ أَنَّ النَّبِيَّ صلى الله عليه وسلم قَالَ ” الدِّينُ النَّصِيحَةُ ” قُلْنَا لِمَنْ قَالَ ” لِلَّهِ وَلِكِتَابِهِ وَلِرَسُولِهِ وَلأَئِمَّةِ الْمُسْلِمِينَ وَعَامَّتِهِمْ ” .
അബൂറുക്വയ്യഃ തമീം ഇബ്‌നു ഔസ് അദ്ദാരി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ഇസ്‌ലാം നസ്വീഹത്താണ്(ഗുണകാംക്ഷയാണ്)’.ഞങ്ങള്‍ ചോദിച്ചു: ‘ആരോട്? നബി ﷺ പറഞ്ഞു: ‘അല്ലാഹുവോട്, അല്ലാഹുവിന്റെ കിതാബിനോട്, അല്ലാഹുവിന്റെ റസൂലിനോട്, മുസ്‌ലിം നേതാക്കളോട്, മുസ്‌ലിംകളിലെ സാധാരണക്കാരോട്.’ (മുസ്‌ലിം:55)
ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇമാം അല്‍ഖത്വാബി رحمه الله പറഞ്ഞു: ‘അല്ലാഹുവോടുള്ള നസ്വീഹത്ത് എന്നാല്‍ അവന്റെ ഏകത്വത്തിലുള്ള ശരിയായ വിശ്വാസവും ആരാധനയില്‍ നിയ്യത്തിലെ (ഉദ്ദേശ്യത്തിലെ) നിഷ്‌കളങ്കതയുമാകുന്നു. അല്ലാഹുവിന്റെ കിതാബിനോടുള്ള നസ്വീഹത്ത് എന്നാല്‍ അതിലുള്ള വിശ്വാസവും അതിലുള്ളതനുസരിച്ചുള്ള പ്രവര്‍ത്തനവുമാണ്. അല്ലാഹുവിന്റെ റസൂലിനോടുള്ള നസ്വീഹത്ത് എന്നാല്‍ പ്രവാചകത്വത്തെ സത്യപ്പെടുത്തലും കല്‍പിച്ചതിലും വിരോധിച്ചതിലും തിരുദൂതരോടുള്ള വിധേയത്വം വിനിയോഗിക്കലുമാണ്. വിശ്വാസികളുടെ നേതാക്കളോടുള്ള നസ്വീഹത്തെന്നാല്‍ സത്യത്തിന്റെ വിഷയത്തില്‍ അവരെ അനുസരിക്കലും അവര്‍ അന്യായം ചെയ്താലും വാളെടുത്ത് അവര്‍ക്കെതിരില്‍ പുറപ്പെടാതിരിക്കലുമാണ്. മുസ്‌ലിം പൊതുജനത്തോടുള്ള നസ്വീഹത്ത് എന്നാല്‍ അവര്‍ക്കു ഗുണപ്രദമായ കാര്യങ്ങളില്‍ അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കലാണ്.’
ഇമാം നവവി رحمه الله പറയുന്നു: അല്ലാഹുവിനോടുള്ള ഗുണകാംക്ഷ എന്നാല്‍ അല്ലാഹുവില്‍ വിശ്വസിച്ച്, ശിര്‍ക്കിനെ വെടിഞ്ഞ്, അവന്റെ വിശേഷണങ്ങളെ ദുര്‍വ്യാഖ്യാനിക്കാതെ, സകല ന്യൂനതകളില്‍ നിന്നും അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തലും അവനെ അനുസരിച്ചും ധിക്കരിക്കുന്നതിനെ തടഞ്ഞും അവന്റെ മാര്‍ഗത്തെ പിന്‍പറ്റുന്നവരെ ഇഷ്ടപ്പെട്ടും എതിര്‍ക്കുന്നവരെ വെറുത്തും അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിച്ചും കഴിയുക എന്നതാണ്.
ക്വുര്‍ആനിനോടുള്ള ഗുണകാംക്ഷ എന്നാല്‍ അത് അല്ലാഹുവിന്റെ സംസാരവും അവനില്‍ നിന്ന് ഇറങ്ങിയതും സൃഷ്ടികളില്‍ ആര്‍ക്കും അത് പോലുള്ള ഒന്ന് കൊണ്ടുവരിക സാധ്യമല്ലെന്ന് വിശ്വസിക്കലുമാണ്. ക്വുര്‍ആനിനെ മഹത്ത്വപ്പെടുത്തി, അതിന്റെ പാരായണത്തെ നന്നാക്കി, ഭയഭക്തിയോടെ പഠിച്ചും പഠിപ്പിച്ചും അതില്‍ പറഞ്ഞ മതവിധികള്‍ക്ക് കീഴ്‌പ്പെട്ടും അതിനെ ദുര്‍വ്യാഖ്യാനിക്കുന്നതും എതിര്‍ക്കുന്നതും തടഞ്ഞ് അതിലുള്ളതിനെ പരിപൂര്‍ണമായും സത്യപ്പെടുത്തി നിലകൊള്ളുക എന്നതാണ്.
പ്രവാചകനോടുള്ള ഗുണകാംക്ഷ എന്നാല്‍ പ്രവാചക സന്ദേശത്തെ സത്യപ്പെടുത്തലും അതിന് ആദരവും ബഹുമാനവും സഹായവും നല്‍കി അവിടുന്ന് കല്‍പിച്ചതിലും വിരോധിച്ചതിലും വിശ്വാസവും അനുസരണവും കാണിച്ച്, നബിചര്യയെ ജീവിപ്പിച്ചും വ്യാപിപ്പിച്ചും അതിന് നേരെയുള്ള ആക്ഷേപങ്ങളെ ഖണ്ഡിച്ചും അതിനെ പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും മര്യാദ കാണിച്ചും അതിന്റെ അനുയായികളെ സ്‌നേഹിച്ചും പുത്തനാചാരക്കാരില്‍ നിന്ന് അകന്നും ജീവിക്കുക എന്നതാണ്.
മുസ്‌ലിം നേതാക്കളോടുള്ള ഗുണകാംക്ഷ എന്നാല്‍ ‘സത്യ’ത്തിനായി അവരെ സഹായിക്കലും അനുസരിക്കലും അത് കൊണ്ട് കല്‍പിക്കലുമാണ്. ബാധ്യതാ നിര്‍വഹണത്തില്‍ അവര്‍ അശ്രദ്ധരായാല്‍ അവരെ ഉണര്‍ത്തുന്നേടത്ത് അനുകമ്പയും മൃദുലതയും കൈക്കൊണ്ട്, അവര്‍ക്കെതിരെ തിരിയാതെ അവരെ അനുസരിക്കുന്നതിലേക്ക് ജനമനസ്സുകളെ ഇണക്കലുമാണ്.
പൊതുജനത്തോടുള്ള ഗുണകാംക്ഷ എന്നാല്‍ ഇരുലോകത്തും നന്മയാകുന്ന കാര്യങ്ങളിലേക്ക് അവരെ വഴിനടത്തുക, പ്രയാസങ്ങള്‍ നീക്കുക, മത വിഷയങ്ങളില്‍ അറിയാത്തത് പഠിപ്പിക്കുക, ന്യൂനതകള്‍ മറച്ചുവെക്കുക, ആത്മാര്‍ഥതയോടും സൗഹൃദത്തോടെയും നന്മ കല്‍പിക്കുക, തിന്മ വിരോധിക്കുക, അസൂയയും ചതിയും വെടിഞ്ഞ് അവരിലെ വലിയവരെ ബഹുമാനിക്കുക, ചെറിയവരോട് കരുണ കാണിക്കുക, അവരുടെ അഭിമാനത്തിന് ക്ഷതമേല്‍പിക്കാതെ സ്വന്തത്തിന് ഇഷ്ടപ്പെടുന്ന നന്മ അവര്‍ക്കും ആഗ്രഹിച്ച് പെരുമാറുക എന്നതാണ്. (ശര്‍ഹു മുസ്‌ലിം, ഇമാം നവവി, വാള്യം1, പേജ് 249,250)
മേൽ ഹദീസിൽ ഗുണകാംക്ഷയുണ്ടാകണ്ടത് ആരോടാണെന്ന് പറഞ്ഞതിൽ അവസാനം സൂചിപ്പിച്ചത് “മുസ്‌ലിംകളിലെ സാധാരണക്കാരോട്” എന്നാണല്ലോ. ഇതിനെ കുറിച്ച് ചില കാര്യങ്ങൾ പ്രത്യേകം ഓർമ്മിപ്പിക്കുന്നു. ഈ വിഷയത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്ന ചില ഹദീസുകൾ കാണുക:
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” حَقُّ الْمُسْلِمِ عَلَى الْمُسْلِمِ سِتٌّ ” . قِيلَ مَا هُنَّ يَا رَسُولَ اللَّهِ قَالَ ” إِذَا لَقِيتَهُ فَسَلِّمْ عَلَيْهِ وَإِذَا دَعَاكَ فَأَجِبْهُ وَإِذَا اسْتَنْصَحَكَ فَانْصَحْ لَهُ وَإِذَا عَطَسَ فَحَمِدَ اللَّهَ فَسَمِّتْهُ وَإِذَا مَرِضَ فَعُدْهُ وَإِذَا مَاتَ فَاتَّبِعْهُ ” .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ഒരു മുസ്‌ലിമിനു മറ്റൊരു മുസ്‌ലിമിന്റെ മേല്‍ ബാധ്യതകള്‍ ആറെണ്ണമാകുന്നു.’ ചോദിക്കപ്പെട്ടു: ‘അല്ലാഹുവിന്റെ തിരുദൂതരേ, അവ ഏതാണ്?’ നബി ﷺ പറഞ്ഞു: ‘നീ അവനെ കണ്ടുമുട്ടിയാല്‍ അവനോട് സലാം പറയുക, അവന്‍ ക്ഷണിച്ചാല്‍ ഉത്തരമേകുക, അവന്‍ നസ്വീഹത്ത് ആവശ്യപ്പെട്ടാല്‍ അവന് നസ്വീഹത്ത് നല്‍കുക, അവന്‍ തുമ്മുകയും അല്‍ഹംദുലില്ലാഹ് ചൊല്ലുകയും ചെയ്താല്‍ അവനെ തശ്മീത് നടത്തുക, അവന്‍ രോഗിയായാല്‍ നീ അവനെ സന്ദര്‍ശിക്കുക, അവന്‍ മരണപ്പെട്ടാല്‍ അവനെ അനുഗമിക്കുക’ (മുസ്‌ലിം:262)
അബൂയസീദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിലൊരാള്‍ തന്റെ സഹോദരനോട് നസ്വീഹത്ത് ആവശ്യപ്പെട്ടാല്‍ അവന്‍ സഹോദരന് നസ്വീഹത്ത് നല്‍കട്ടെ. (ബുഖാരി)
عَنْ جَرِيرِ بْنِ عَبْدِ اللَّهِ، قَالَ بَايَعْتُ رَسُولَ اللَّهِ صلى الله عليه وسلم عَلَى إِقَامِ الصَّلاَةِ، وَإِيتَاءِ الزَّكَاةِ، وَالنُّصْحِ لِكُلِّ مُسْلِمٍ.
ജരീര്‍ ഇബ്‌നുഅബ്ദില്ലാഹ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: നമസ്‌കാരം നേരാംവിധം നിലനിര്‍ത്തുക, സകാത്ത് നല്‍കുക, എല്ലാ മുസ്‌ലിമിനോടും നസ്വീഹത്ത് വെച്ചുപുലര്‍ത്തുക എന്നതിന് ഞാന്‍ അല്ലാഹുവിന്റെ റസൂലി ﷺ ന് ബൈഅത്ത് (അനുസരണ പ്രതിജ്ഞ) ചെയ്തു. (ബുഖാരി:524)
മുസ്‌ലിംകള്‍ക്ക് ഗുണപ്രദമായ കാര്യങ്ങളില്‍ അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കലാണ് അവരോടുള്ള നസ്വീഹത്ത്. മാര്‍ഗനിര്‍ദേശം നല്‍കുന്നവന്‍ പ്രവാചകന്മാരുടെ പാതയിലാണ്. അവര്‍ക്ക് മഹത്തായ പ്രതിഫലവുമാണ്. പ്രവാചകന്മാരുടെ വിഷയത്തില്‍ അവതീര്‍ണമായ ഏതാനും വിശുദ്ധ വചനങ്ങള്‍ കാണുക:
നൂഹ് നബി عليه السلام പറഞ്ഞതായി ഖുര്‍ആന്‍ പറയുന്നു:
أُبَلِّغُكُمْ رِسَٰلَٰتِ رَبِّى وَأَنصَحُ لَكُمْ وَأَعْلَمُ مِنَ ٱللَّهِ مَا لَا تَعْلَمُونَ
എന്‍റെ രക്ഷിതാവിന്‍റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചുതരികയും, നിങ്ങളോട് ആത്മാര്‍ത്ഥമായി ഉപദേശിക്കുകയുമാകുന്നു. നിങ്ങള്‍ക്കറിഞ്ഞ് കൂടാത്ത പലതും അല്ലാഹുവിങ്കല്‍ നിന്ന് ഞാന്‍ അറിയുന്നുമുണ്ട്. (ഖുര്‍ആന്‍:7/62)
ഹൂദ് നബി عليه السلام പറഞ്ഞതായി ഖുര്‍ആന്‍ പറയുന്നു:
أُبَلِّغُكُمْ رِسَٰلَٰتِ رَبِّى وَأَنَا۠ لَكُمْ نَاصِحٌ أَمِينٌ
എന്‍റെ രക്ഷിതാവിന്‍റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചുതരുന്നു. ഞാന്‍ നിങ്ങളുടെ വിശ്വസ്തനായ ഗുണകാംക്ഷിയുമാകുന്നു. (ഖുര്‍ആന്‍:7/68)
സ്വാലിഹ് നബി عليه السلام പറഞ്ഞതായി ഖുര്‍ആന്‍ പറയുന്നു:
فَتَوَلَّىٰ عَنْهُمْ وَقَالَ يَٰقَوْمِ لَقَدْ أَبْلَغْتُكُمْ رِسَالَةَ رَبِّى وَنَصَحْتُ لَكُمْ وَلَٰكِن لَّا تُحِبُّونَ ٱلنَّٰصِحِينَ
അനന്തരം സ്വാലിഹ് അവരില്‍ നിന്ന് പിന്തിരിഞ്ഞു പോയി. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു എന്‍റെ രക്ഷിതാവിന്‍റെ സന്ദേശം എത്തിച്ചുതരികയും, ആത്മാര്‍ത്ഥമായി ഞാന്‍ നിങ്ങളോട് ഉപദേശിക്കുകയുമുണ്ടായി. പക്ഷെ, സദുപദേശികളെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. (ഖുര്‍ആന്‍:7/79)
ശുഹൈബ് നബി عليه السلام പറഞ്ഞതായി ഖുര്‍ആന്‍ പറയുന്നു:
فَتَوَلَّىٰ عَنْهُمْ وَقَالَ يَٰقَوْمِ لَقَدْ أَبْلَغْتُكُمْ رِسَٰلَٰتِ رَبِّى وَنَصَحْتُ لَكُمْ ۖ فَكَيْفَ ءَاسَىٰ عَلَىٰ قَوْمٍ كَٰفِرِينَ
അനന്തരം അദ്ദേഹം അവരില്‍ നിന്ന് പിന്തിരിഞ്ഞ് പോയി. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, തീര്‍ച്ചയായും എന്‍റെ രക്ഷിതാവിന്‍റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതരികയും ഞാന്‍ നിങ്ങളോട് ആത്മാര്‍ത്ഥമായി ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയിരിക്കെ സത്യനിഷേധികളായ ജനതയുടെ പേരില്‍ ഞാന്‍ എന്തിനു ദുഃഖിക്കണം? (ഖുര്‍ആന്‍:7/93)
മുഹമ്മദ് നബി ﷺ യും അവിടുത്തെ ജീവിതത്തിൽ ഏറെ ഗുണകാംക്ഷയുള്ളയാളായിരുന്നു. ജാബിര്‍ ഇബ്‌നു അബ്ദുല്ല رَضِيَ اللَّهُ عَنْهُ നിവേദനം ചെയ്യുന്ന സുദീർഘമായ ഒരു ഹദീസിൽ ഇപ്രകാരം കാണാം. നബി ﷺ ചോദിച്ചു:
وَأَنْتُمْ تُسْأَلُونَ عَنِّي فَمَا أَنْتُمْ قَائِلُونَ ” . قَالُوا نَشْهَدُ أَنَّكَ قَدْ بَلَّغْتَ وَأَدَّيْتَ وَنَصَحْتَ . فَقَالَ بِإِصْبَعِهِ السَّبَّابَةِ يَرْفَعُهَا إِلَى السَّمَاءِ وَيَنْكُتُهَا إِلَى النَّاسِ ” اللَّهُمَّ اشْهَدِ اللَّهُمَّ اشْهَدْ ” .
‘എന്നെക്കുറിച്ച് (നാളെ) ചോദിക്കപ്പെടുമ്പോള്‍ നിങ്ങള്‍ എന്ത് (മറുപടി) പറയും?’ അവര്‍ പറഞ്ഞു: ‘അങ്ങ്(അല്ലാഹുവിന്റെ) സന്ദേശം എത്തിച്ചുതന്നു. (ഉത്തരവാദിത്തം) നിറവേറ്റി. (സമുദായത്തിന്) ആവശ്യമായ ഗുണകാംക്ഷ നല്‍കി.’ അപ്പോള്‍ അവിടുന്ന് ചൂണ്ടുവിരല്‍ ആകാശത്തേക്ക് ഉയര്‍ത്തുകയും ജനങ്ങളിലേക്ക് താഴ്ത്തി ചൂണ്ടുകയും ചെയ്തു കൊണ്ട് മൂന്ന് തവണ ‘അല്ലാഹുവേ, നീ ഇതിന് സാക്ഷിയാണ്’ എന്ന് പറഞ്ഞു” (മുസ്‌ലിം:128).
ഈ വിഷയത്തിലെ സ്വഹാബത്തിന്റെ നിലപാടും ഏറെ മാതൃകാപരമാണ്.
عَنْ جَرِيرِ بْنِ عَبْدِ اللَّهِ، قَالَ بَايَعْتُ رَسُولَ اللَّهِ صلى الله عليه وسلم عَلَى إِقَامِ الصَّلاَةِ، وَإِيتَاءِ الزَّكَاةِ، وَالنُّصْحِ لِكُلِّ مُسْلِمٍ.
ജരീര്‍ ഇബ്‌നുഅബ്ദില്ലാഹ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: നമസ്‌കാരം നേരാംവിധം നിലനിര്‍ത്തുക, സകാത്ത് നല്‍കുക, എല്ലാ മുസ്‌ലിമിനോടും നസ്വീഹത്ത് വെച്ചുപുലര്‍ത്തുക എന്നതിന് ഞാന്‍ അല്ലാഹുവിന്റെ റസൂലി ﷺ ന് ബൈഅത്ത് (അനുസരണ പ്രതിജ്ഞ) ചെയ്തു. (ബുഖാരി:524)
ഗുണകാംക്ഷാനിര്‍ഭരമായ ഉപദേശനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതില്‍ നിറഞ്ഞ മാതൃകയായിരുന്നു നബി ﷺ . ഏതേതു വിഷയങ്ങളിലും തികഞ്ഞ മാതൃകകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ചിലത് ഇവിടെ നല്‍കുന്നു:
عَنْ أَنَسٍ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم رَأَى عَلَى عَبْدِ الرَّحْمَنِ بْنِ عَوْفٍ أَثَرَ صُفْرَةٍ قَالَ ” مَا هَذَا ”. قَالَ إِنِّي تَزَوَّجْتُ امْرَأَةً عَلَى وَزْنِ نَوَاةٍ مِنْ ذَهَبٍ. قَالَ ” بَارَكَ اللَّهُ لَكَ، أَوْلِمْ وَلَوْ بِشَاةٍ ”.
അനസ് ഇബ്‌നു മാലിക് رَضِيَ اللَّهُ عَنْهُ വില്‍ നിന്നും നിവേദനം: ‘അബ്ദുര്‍റഹ്മാന്‍ ഇബ്‌നുഔഫ് رَضِيَ اللَّهُ عَنْهُ വില്‍ നബി ﷺ കുങ്കുമത്തിന്റെ പാട് കണ്ടു. നബി ﷺ ചോദിച്ചു: ‘എന്താണ് കാര്യം?’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ തിരുദൂതരേ, ഞാന്‍ ഒരു മഹതിയെ വിവാഹം കഴിച്ചിരിക്കുന്നു.’ നബി ﷺ ചോദിച്ചു: ‘താങ്കള്‍ അവര്‍ക്ക് എന്താണ് മഹ്ര്‍ നല്‍കിയത്?’ അദ്ദേഹം പറഞ്ഞു: ‘ഒരു ഈത്തപ്പനക്കുരുവിന്റെ തൂക്കം സ്വര്‍ണം.’ നബി ﷺ പ്രതികരിച്ചു: ‘താങ്കളില്‍ അല്ലാഹു അനുഗ്രഹം അരുളട്ടെ. ഒരു ആടിനെയെങ്കിലും അറുത്ത് വിവാഹ സല്‍കാരം നടത്തുക’ (ബുഖാരി:5155)
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഞാന്‍ നബി ﷺ യുടെ അടുക്കലായിരുന്നു. അപ്പോള്‍ നബി ﷺ യുടെ അടുക്കല്‍ ഒരാള്‍ വരികയും അന്‍സ്വാരികളില്‍പെട്ട ഒരു സ്ത്രീയെ അദ്ദേഹം വിവാഹം കഴിക്കുവാനുദ്ദേശിക്കുന്നു എന്നുണര്‍ത്തുകയും ചെയ്തു. അപ്പോള്‍ നബി ﷺ അദ്ദേഹത്തോടു ചോദിച്ചു: ‘താങ്കള്‍ ആ സ്ത്രീയെ കണ്ടുവോ?’ അദ്ദേഹം പറഞ്ഞു: ‘ഇല്ല.’ നബി ﷺ പറഞ്ഞു: ‘എങ്കില്‍ താങ്കള്‍ പോയി അവരെ കാണുക. കാരണം അന്‍സ്വാരികളുടെ കണ്ണിന് അല്‍പം ചെറുപ്പമുണ്ട്. (ബുഖാരി).
…… “ هَلْ تَزَوَّجْتَ بِكْرًا أَمْ ثَيِّبًا ”. فَقُلْتُ تَزَوَّجْتُ ثَيِّبًا. فَقَالَ ” هَلاَّ تَزَوَّجْتَ بِكْرًا تُلاَعِبُهَا وَتُلاَعِبُكَ ”. ….
നബി ﷺ ജാബിർ رَضِيَ اللَّهُ عَنْهُ വിനോട് ചോദിച്ചു: നീ കല്യാണം കഴിച്ചത് കന്യകയെയാണോ അതോ മുമ്പ് വിവാഹം കഴിഞ്ഞ സ്ത്രീയാണോ. ഞാൻ പറഞ്ഞു: മുമ്പ് വിവാഹം കഴിഞ്ഞ സ്ത്രീയെയാണ് പ്രവാചകരേ ഞാൻ കല്യാണം കഴിച്ചത്. നബി ﷺ ചോദിച്ചു നിനക്ക് ഒരു കന്യകയെ കല്യാണം കഴിക്കാമായിരുന്നില്ലേ. എങ്കിൽ നിനക്ക് അവളെയും അവൾക്ക് നിന്നെയും കളിപ്പിക്കാമല്ലോ. (ബുഖാരി: 2967)
عَنِ ابْنِ عَبَّاسٍ،. أَنَّ امْرَأَةَ، ثَابِتِ بْنِ قَيْسٍ أَتَتِ النَّبِيَّ صلى الله عليه وسلم فَقَالَتْ يَا رَسُولَ اللَّهِ ثَابِتُ بْنُ قَيْسٍ مَا أَعْتُبُ عَلَيْهِ فِي خُلُقٍ وَلاَ دِينٍ، وَلَكِنِّي أَكْرَهُ الْكُفْرَ فِي الإِسْلاَمِ. فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” أَتَرُدِّينَ عَلَيْهِ حَدِيقَتَهُ ”. قَالَتْ نَعَمْ. قَالَ رَسُولُ اللَّهِ صلى الله عليه وسلم ” اقْبَلِ الْحَدِيقَةَ وَطَلِّقْهَا تَطْلِيقَةً ”.
ഇബ്നു അബ്ബാസ് رضى الله عنهما വില്‍ നിന്നു നിവേദനം: ‘ഥാബിത് ഇബ്‌നുക്വയ്‌സിന്റെ ഭാര്യ നബി ﷺ യുടെ അടുക്കല്‍ ചെന്നുകൊണ്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ തിരുദൂതരേ, ഥാബിത് ഇബ്‌നുക്വയ്‌സിന്റെ സ്വഭാവത്തെയോ മതനിഷ്ഠയെയോ കുറിച്ച് എനിക്ക് യാതൊരു ആക്ഷേപവുമില്ല. പക്ഷേ, ഇസ്‌ലാമില്‍ കുഫ്‌റിനെ (ഭര്‍ത്താവിന്റെ സല്‍പെരുമാറ്റത്തെ നിഷേധിക്കുന്നതിനെ) ഞാന്‍ ഇഷ്ടപ്പെടുന്നില്ല.’ നബി പറഞ്ഞു: ‘അദ്ദേഹം (നിങ്ങള്‍ക്കു മഹ്ര്‍) നല്‍കിയ തോട്ടം അദ്ദേഹത്തിനു നിങ്ങള്‍ തിരിച്ചുനല്‍കുമോ?’ അവര്‍ പറഞ്ഞു: ‘അതെ.’ അപ്പോള്‍ നബി ﷺ (ഥാബിതിനോടു) പറഞ്ഞു: ‘തോട്ടം തിരിച്ചു വാങ്ങി അവരെ ത്വലാക്വ് ചൊല്ലുക’. (ബുഖാരി:5273).
عَنْ جَابِرَ بْنَ عَبْدِ اللَّهِ ـ رضى الله عنهما ـ قَالَ : طُلِّقَتْ خَالَتِي فَأَرَادَتْ أَنْ تَجُدَّ نَخْلَهَا فَزَجَرَهَا رَجُلٌ أَنْ تَخْرُجَ فَأَتَتِ النَّبِيَّ صلى الله عليه وسلم فَقَالَ “ بَلَى فَجُدِّي نَخْلَكِ فَإِنَّكِ عَسَى أَنْ تَصَدَّقِي أَوْ تَفْعَلِي مَعْرُوفًا ” .
ജാബിര്‍ ഇബ്‌നു അബ്ദുല്ല رضى الله عنهما പറഞ്ഞു: എന്റെ മാതൃസഹോദരി വിവാഹമോചിതയായി. അവര്‍ ഒരു ഈത്തപ്പന മുറിക്കുവാന്‍ (പുറത്തിറങ്ങുവാന്‍) ഉദ്ദേശിച്ചു. അപ്പോള്‍ അവര്‍ പുറത്തിറങ്ങുന്നത് ഒരു വ്യക്തി തടഞ്ഞു. അവര്‍ തിരുദൂതരു ﷺ ടെ അടുക്കല്‍ ചെന്നു (വിഷയം ആരാഞ്ഞു). തിരുനബി പറഞ്ഞു: ‘നിങ്ങള്‍ നിങ്ങളുടെ ഈത്തപ്പന മുറിച്ചുകൊള്ളൂ. ഒരുവേള നിങ്ങള്‍ അതു ദാനം ചെയ്യുമായിരിക്കും. അല്ലെങ്കില്‍ വല്ല നല്ല കാര്യവും ചെയ്യുമായിരിക്കും. (മുസ്‌ലിം:1483)
عَنْ عَائِشَةَ، أَنَّ هِنْدَ بِنْتَ عُتْبَةَ، قَالَتْ يَا رَسُولَ اللَّهِ إِنَّ أَبَا سُفْيَانَ رَجُلٌ شَحِيحٌ، وَلَيْسَ يُعْطِينِي مَا يَكْفِينِي وَوَلَدِي، إِلاَّ مَا أَخَذْتُ مِنْهُ وَهْوَ لاَ يَعْلَمُ فَقَالَ “ خُذِي مَا يَكْفِيكِ وَوَلَدَكِ بِالْمَعْرُوفِ
ആയിശ رضي الله عنها യിൽ നിന്ന് നിവേദനം: അബൂസുഫിയാന്റെ ഭാര്യ ഹിന്ദ് നബി ﷺ യോട് പരാതി പറഞ്ഞു: അബൂസുഫിയാൻ പിശുക്കനാണ്. എനിക്കും കുട്ടികൾക്കും ആവശ്യമായത് നൽകാറില്ല. അദ്ദേഹം അറിയാതെ ഞാൻ എടുക്കുന്നത് ഒഴികെ. അപ്പോൾ നബി ﷺ പറഞ്ഞു: നിനക്കും കുട്ടികൾക്കും ന്യായമായ ആവശ്യത്തിനു അനിവാര്യമായത് എടുത്തുകൊള്ളുക. (ബുഖാരി:5364)
عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، أَنَّ رَجُلاً، أَتَى النَّبِيَّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ إِنَّ لِي مَالاً وَوَلَدًا وَإِنَّ وَالِدِي يَجْتَاحُ مَالِي . قَالَ “ أَنْتَ وَمَالُكَ لِوَالِدِكَ إِنَّ أَوْلاَدَكُمْ مِنْ أَطْيَبِ كَسْبِكُمْ فَكُلُوا مِنْ كَسْبِ أَوْلاَدِكُمْ ” .
അംറ് ഇബ്‌നുല്‍ആസ്വ് رَضِيَ اللَّهُ عَنْهُ വില്‍ നിന്നും നിവേദനം: ഒരാൾ നബി ﷺ യുടെ അടുക്കൽ വന്നിട്ട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, എനിക്ക് സമ്പത്തും മക്കളുമുണ്ട്. എന്റെ പിതാവ് സ്വത്ത് മുടിപ്പിക്കുന്നു. നബി ﷺ പറഞ്ഞു: ‘നീയും നിന്റെ സ്വത്തും നിന്റെ പിതാവിനുള്ളതാണ്. നിങ്ങളുടെ സന്തതികള്‍ നിങ്ങളുടെ മഹത്തരമായ സമ്പാദ്യത്തില്‍ പെട്ടതാണ്. അതിനാല്‍ നിങ്ങളുടെ സന്തതികളുടെ സമ്പാദ്യത്തില്‍നിന്ന് നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. (അബൂദാവൂദ്:3530 – സ്വഹീഹ് അല്‍ബാനി)
عَنِ ابْنِ عَبَّاسٍ، قَالَ بَيْنَا النَّبِيُّ صلى الله عليه وسلم يَخْطُبُ إِذَا هُوَ بِرَجُلٍ قَائِمٍ فَسَأَلَ عَنْهُ فَقَالُوا أَبُو إِسْرَائِيلَ نَذَرَ أَنْ يَقُومَ وَلاَ يَقْعُدَ وَلاَ يَسْتَظِلَّ وَلاَ يَتَكَلَّمَ وَيَصُومَ. فَقَالَ النَّبِيُّ صلى الله عليه وسلم “ مُرْهُ فَلْيَتَكَلَّمْ وَلْيَسْتَظِلَّ وَلْيَقْعُدْ وَلْيُتِمَّ صَوْمَهُ ”.
ഇബ്‌നു അബ്ബാസ് رضى الله عنهما വില്‍ നിന്നു നിവേദനം: നബി ﷺ ഖുത്വുബ നിര്‍വഹിച്ചുകൊണ്ടിരിക്കെ അതാ ഒരു വ്യക്തി നില്‍ക്കുന്നു! നബി ﷺ അയാളെക്കുറിച്ച് ചോദിച്ചു. അവര്‍ പ്രതികരിച്ചു: ‘അബൂ ഇസ്‌റാഈല്‍ എന്ന വ്യക്തിയാണ്. സൂര്യനു താഴെ ചൂടേറ്റുനില്‍ക്കുവാനും തണലേല്‍ക്കാതിരിക്കുവാനും സംസാരിക്കാതിരിക്കുവാനും നോമ്പെടുക്കുവാനും അയാള്‍ പ്രതിജ്ഞയെടുത്തിരിക്കുന്നു.’ നബി ﷺ പറഞ്ഞു: ‘സംസാരിക്കുവാനും തണല്‍കൊള്ളുവാനും ഇരിക്കുവാനും നോമ്പ് പൂര്‍ത്തിയാക്കുവാനും അയാളോട് കല്‍പിക്കുക. (ബുഖാരി:6704)
عَنْ عُمَرَ بْنَ أَبِي سَلَمَةَ، قَالَ: كُنْتُ غُلاَمًا فِي حَجْرِ رَسُولِ اللَّهِ صلى الله عليه وسلم وَكَانَتْ يَدِي تَطِيشُ فِي الصَّحْفَةِ فَقَالَ لِي رَسُولُ اللَّهِ صلى الله عليه وسلم : “ يَا غُلاَمُ سَمِّ اللَّهَ، وَكُلْ بِيَمِينِكَ وَكُلْ مِمَّا يَلِيكَ ”. فَمَا زَالَتْ تِلْكَ طِعْمَتِي بَعْدُ.
ഉമറുബ്നു അബീസലമ رضى الله عنهما യയിൽ നിന്ന് നിവേദനം: ഞാൻ നബി ﷺ യുടെ സംരക്ഷണത്തിലുള്ള ഒരു കുട്ടിയായിരുന്നു. (ഭക്ഷണം കഴിക്കുമ്പോൾ) എന്റെ കൈ പാത്രത്തിന്റെ എല്ലാ ഭാഗത്തുകൂടിയും പരതുമായിരുന്നു. അപ്പോൾ നബി ﷺ എന്നോട് പറഞ്ഞു: കുട്ടീ, അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക (ബിസ്മില്ലാഹ് ചൊല്ലുക). വലതുകൈകൊണ്ട് ഭക്ഷിക്കുക. പാത്രത്തിന്റെ നിന്നിലേക്ക് അടുത്ത ഭാഗത്തുനിന്ന് തിന്നുക. പിന്നീട് ആ വിധമായിരുന്നു എന്റെ ഭക്ഷണരീതി. (ബുഖാരി: 5376)
عَنِ ابْنَ عَبَّاسٍ، قَالَ لَمَّا بَعَثَ النَّبِيُّ صلى الله عليه وسلم مُعَاذًا نَحْوَ الْيَمَنِ قَالَ لَهُ : إِنَّكَ تَقْدَمُ عَلَى قَوْمٍ مِنْ أَهْلِ الْكِتَابِ فَلْيَكُنْ أَوَّلَ مَا تَدْعُوهُمْ إِلَى أَنْ يُوَحِّدُوا اللَّهَ تَعَالَى فَإِذَا عَرَفُوا ذَلِكَ فَأَخْبِرْهُمْ أَنَّ اللَّهَ فَرَضَ عَلَيْهِمْ خَمْسَ صَلَوَاتٍ فِي يَوْمِهِمْ وَلَيْلَتِهِمْ، فَإِذَا صَلُّوا فَأَخْبِرْهُمْ أَنَّ اللَّهَ افْتَرَضَ عَلَيْهِمْ زَكَاةً فِي أَمْوَالِهِمْ تُؤْخَذُ مِنْ غَنِيِّهِمْ فَتُرَدُّ عَلَى فَقِيرِهِمْ، فَإِذَا أَقَرُّوا بِذَلِكَ فَخُذْ مِنْهُمْ وَتَوَقَّ كَرَائِمَ أَمْوَالِ النَّاسِ.
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ മുആദ് ബ്നു ജബലിനെ (പ്രബോധകനായി) യമനിലേക്ക് അയച്ചപ്പോള്‍ ഇപ്രകാരം ഉപദേശിച്ചു:ഹേ മുആദ്, വേദക്കാരുടെ നാട്ടിലേക്കാണ് താങ്കള്‍ പോകുന്നത്. നീ അവരെ ആദ്യം ക്ഷണിക്കുന്നത് തൌഹീദിലേക്കായിരിക്കണം. അവ൪ അത് മനസ്സിലാക്കി അംഗീകരിച്ച് കഴിഞ്ഞാല്‍ അല്ലാഹു അവരുടെ മേല്‍ പകലും രാത്രിയുമായി അഞ്ച് നേരത്തെ നമസ്കാരം നി൪ബന്ധമാക്കിയിരിക്കുന്നുവെന്നുള്ള കാര്യം അവരെ ബോധ്യപ്പെടുത്തുക. അവർ നമസ്കാരം നിർവ്വഹിക്കുന്നവരായാൽ, അല്ലാഹു അവരുടെ മേല്‍ അവരിലെ ധനികരില്‍ നിന്ന് വാങ്ങുകയും അവരിലെ തന്നെ ദരിദ്രര്‍ക്കു തിരിച്ചു കൊടുക്കുകയും ചെയ്യുന്ന സക്കാത്ത് നി൪ബന്ധമാക്കിയിരിക്കുന്നുവെന്നുള്ള കാര്യം അവരെ ബോധ്യപ്പെടുത്തുക. അവരത് സമ്മതിച്ച് കഴിഞ്ഞാൽ അവരിൽ നിന്നും (സക്കാത്ത്) വാങ്ങുക, ജനങ്ങളുടെ സമ്പത്തിലെ മാന്യമായിട്ടുള്ളതിൽ നീ സൂക്ഷ്മത പാലിക്കുക. (ബുഖാരി:7372)
ഖയ്ബര്‍ യുദ്ധദിനം അലിയ്യ് رَضِيَ اللَّهُ عَنْهُ വിന് പതാക നല്‍കിയശേഷം നബി ﷺ ഇപ്രകാരം പറഞ്ഞു:
انْفُذْ عَلَى رِسْلِكَ حَتَّى تَنْزِلَ بِسَاحَتِهِمْ، ثُمَّ ادْعُهُمْ إِلَى الإِسْلاَمِ، وَأَخْبِرْهُمْ بِمَا يَجِبُ عَلَيْهِمْ مِنْ حَقِّ اللَّهِ فِيهِ، فَوَاللَّهِ لأَنْ يَهْدِيَ اللَّهُ بِكَ رَجُلاً وَاحِدًا خَيْرٌ لَكَ مِنْ أَنْ يَكُونَ لَكَ حُمْرُ النَّعَمِ
സമാധാനത്തിലും മര്യാദയിലും താങ്കള്‍ മുന്നോട്ട് ഗമിക്കുക; താങ്കള്‍ ജൂതരുടെ (കോട്ട)മുറ്റത്ത് ചെന്നിറങ്ങിയാല്‍ താങ്കള്‍ അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുക. ഇസ്‌ലാമില്‍ അവരുടെമേല്‍ നിര്‍ബന്ധമായ അല്ലാഹുവിന്റെ അവകാശങ്ങള്‍ താങ്കള്‍ അവരെ അറിയിക്കുക. അല്ലാഹുവാണെ സത്യം! താങ്കളിലൂടെ ഒരാള്‍ക്ക് അല്ലാഹു ഹിദായത്ത് നല്‍കലാണ് താങ്കള്‍ക്ക് ഒരു ചുവന്ന ഒട്ടകം ഉണ്ടാകുന്നതിനെക്കാള്‍ ഉത്തമം. (ബുഖാരി:3701)
يَا أَبَا ذَرٍّ مَا أُحِبُّ أَنَّ أُحُدًا لِي ذَهَبًا يَأْتِي عَلَىَّ لَيْلَةٌ أَوْ ثَلاَثٌ عِنْدِي مِنْهُ دِينَارٌ، إِلاَّ أُرْصِدُهُ لِدَيْنٍ، إِلاَّ أَنْ أَقُولَ بِهِ فِي عِبَادِ اللَّهِ هَكَذَا وَهَكَذَا وَهَكَذَا
അബൂദർറ് رَضِيَ اللَّهُ عَنْهُ വിനോട് നബി ﷺ പറഞ്ഞു: ”അബൂദര്‍റ്, ഉഹുദ് മലയോളം സ്വര്‍ണം എനിക്ക് ഉണ്ടാവുകയും അതില്‍ ഒരു ദീനാര്‍ എന്റെ കയ്യില്‍ ബാക്കിയുണ്ടാവുകയും അല്ലാഹുവിന്റെ അടിയാറുകള്‍ക്കിടയില്‍ അത് ഇപ്രകാരം വീതിച്ചുനല്‍കാതെ (തിരുമേനി തന്റെ കൈകൊണ്ട് ഞങ്ങള്‍ക്കത് കാണിച്ചുതന്നു) ഒന്നോ അല്ലെങ്കില്‍ മൂന്നോ രാത്രി എനിക്ക് വരുകയും ചെയ്യുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല; ഞാന്‍ കടം വീട്ടുവാന്‍ എടുത്തുവെക്കുന്ന ദീനാര്‍ ഒഴികെ.’ (ബുഖാരി:6268)