ലോക മുസ്ലിംകളുടെ ഖിബ്‌ല മക്കയിലെ കഅബയാണ്. ഇസ്ലാമിന്റെ ആദ്യകാലത്ത് ഖിബ്‌ല ഫലസ്തീനിലെ ബൈതുല്‍ മുക്വദ്ദസ് ആയിരുന്നു. നബി ﷺ മക്കയിലായിരിക്കെ ബൈതുല്‍ മുക്വദ്ദസിലേക്ക് തിരിഞ്ഞു കൊണ്ടാണ് നമസ്‌കരിച്ചിരുന്നത്. അപ്പോഴും കഅ്ബ നബി ﷺ യുടെ മുന്നില്‍ തന്നെയായിരുന്നു. മദീനയിലേക്ക് ഹിജ്‌റ പോയപ്പോഴും ബൈതുല്‍ മുക്വദ്ദസ് തന്നെയായിരുന്നു ഖിബ്‌ല. 16 മാസത്തിലധികം ഈ അവസ്ഥ തുടര്‍ന്നു.
നബി ﷺ തന്റെ പൂര്‍വ പിതാവായ ഇബ്‌റാഹീം നബി عليه السلام യുടെ ഖിബ്‌ലയായ കഅ്ബയിലേക്കു മാറിക്കിട്ടാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. മാത്രവുമല്ല, യഹൂദികള്‍ നബി ﷺ യെ ഇപ്രകാരം പറഞ്ഞ് പരിഹസിക്കാറുമുണ്ടായിരുന്നു: ‘മുഹമ്മദ് നമ്മളോട് എതിരാകുന്നു. എന്നാല്‍ അവന്‍ നമ്മുടെ ക്വിബ്‌ലയെ പിന്തുടരുകയും ചെയ്യുന്നു.’ അതുകൊണ്ടുതന്നെ കഅബയെ ഖിബ്‌ലയായി ലഭിക്കാൻ നബി ﷺ ധാരാളമായിപ്രാര്‍ഥിക്കാറുണ്ടായിരുന്നു. ഹിജ്‌റ രണ്ടാം വര്‍ഷം റജബിന്റെ പകുതിയില്‍ കഅ്ബയിലേക്ക് ഖിബ്‌ല മാറ്റുവാനുള്ള അല്ലാഹുവിന്റെ കല്‍പനയുണ്ടായി.
عَنِ الْبَرَاءِ بْنِ عَازِبٍ، قَالَ: صَلَّيْنَا مَعَ رَسُولِ اللَّهِ صلى الله عليه وسلم نَحْوَ بَيْتِ الْمَقْدِسِ سِتَّةَ عَشَرَ شَهْرًا أَوْ سَبْعَةَ عَشَرَ شَهْرًا ثُمَّ صُرِفْنَا نَحْوَ الْكَعْبَةِ .
ബര്‍റാഅ്ബിന്‍ ആസിബ് رضى الله عنهما പറയുന്നു: ‘ഞങ്ങള്‍ നബി ﷺ യോടൊപ്പം ബൈതുല്‍ മുക്വദ്ദസിലേക്ക് മുന്നിട്ട് പതിനാറോ പതിനേഴോ മാസം നമസ്‌കരിച്ചു. ശേഷം ഞങ്ങള്‍ കഅ്ബയിലേക്ക് തിരിക്കപ്പെട്ടു’ (മുസ്‌ലിം: 525)
ഇബ്‌നു അബ്ബാസ് رضى الله عنهما പറയുന്നു: നബി ﷺ മക്കയിലായിരിക്കെ ബൈത്തുല്‍ മുക്വദ്ദസിലേക്ക് തിരിഞ്ഞു കൊണ്ടാണ് നമസ്‌കരിച്ചിരുന്നത്. കഅ്ബ നബി ﷺ യുടെ മുമ്പിലായിരുന്നു. മദീനയിലേക്ക് ഹിജ്‌റ പോയതിനു ശേഷം 16 മാസം അതേ അവസ്ഥ തുടരുകയും പിന്നീട് കഅ്ബയിലേക്ക് തിരിക്കപ്പെടുകയും ചെയ്തു. (അഹ്മദ്: 2991)
മക്കയിലായിരിക്കെ ബൈതുല്‍ മുക്വദ്ദസിലേക്ക് തിരിയുമ്പോള്‍ തന്നെയും ഇടയില്‍ കഅ്ബ ഉണ്ടായിരുന്നു. അത്‌കൊണ്ടു തന്നെ രണ്ടു ഖിബ്‌ലയും അന്ന് ലഭിച്ചിരുന്നു. മദീനയില്‍ എത്തിയതിനു ശേഷം രണ്ട് ഖിബ്‌ലയെയും ഒന്നിപ്പിച്ച് നമസ്‌കരിക്കാന്‍ സാധിച്ചില്ല. അതു കൊണ്ടു തന്നെ നബി ﷺ നിരന്തരമായി പ്രാര്‍ത്ഥിക്കുകയും ഖിബ്‌ല മാറ്റത്തില്‍ പ്രതീക്ഷിച്ച് അത് സംബന്ധിച്ച് വഹ്‌യ് വരുന്നതും പ്രതീക്ഷിച്ച് ആകാശത്തേക്ക് നോക്കിക്കൊണ്ടിരിക്കുകയും ചെയ്യാറുണ്ടായിരുന്നു. അങ്ങനെയാണ് അല്ലാഹു ഈ ആയത്ത് അവതരിപ്പിക്കുന്നത്:
قَدْ نَرَىٰ تَقَلُّبَ وَجْهِكَ فِى ٱلسَّمَآءِ ۖ فَلَنُوَلِّيَنَّكَ قِبْلَةً تَرْضَىٰهَا ۚ فَوَلِّ وَجْهَكَ شَطْرَ ٱلْمَسْجِدِ ٱلْحَرَامِ ۚ وَحَيْثُ مَا كُنتُمْ فَوَلُّوا۟ وُجُوهَكُمْ شَطْرَهُۥ ۗ
(നബിയേ,) നിന്റെ മുഖം ആകാശത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല്‍ നിനക്ക് ഇഷ്ടമാകുന്ന ഒരു ഖിബ്‌ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്. ഇനിമേല്‍ നീ നിന്റെ മുഖം മസ്ജിദുല്‍ ഹറാമിന്റെ നേര്‍ക്ക് തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിന്റെ നേര്‍ക്കാണ് നിങ്ങള്‍ മുഖം തിരിക്കേണ്ടത് …… (ഖു൪ആന്‍:2/144)
عَنِ الْبَرَاءِ، قَالَ لَمَّا قَدِمَ رَسُولُ اللَّهِ صلى الله عليه وسلم الْمَدِينَةَ صَلَّى نَحْوَ بَيْتِ الْمَقْدِسِ سِتَّةَ عَشَرَ، أَوْ سَبْعَةَ عَشَرَ شَهْرًا، وَكَانَ يُحِبُّ أَنْ يُوَجَّهَ إِلَى الْكَعْبَةِ فَأَنْزَلَ اللَّهُ تَعَالَى {قَدْ نَرَى تَقَلُّبَ وَجْهِكَ فِي السَّمَاءِ فَلَنُوَلِّيَنَّكَ قِبْلَةً تَرْضَاهَا} فَوُجِّهَ نَحْوَ الْكَعْبَةِ،
ബര്‍റാഅ്ബിന്‍ ആസിബ് رضى الله عنهما പറയുന്നു: നബി ﷺ മദീനയിലെത്തിയപ്പോൾ ബൈതുല്‍ മുക്വദ്ദസിലേക്ക് മുന്നിട്ട് പതിനാറോ പതിനേഴോ മാസം നമസ്‌കരിച്ചു. നബി ﷺ ക്ക് കഅബയിലേക്ക് തിരിഞ്ഞ് നമസ്കരിക്കാൻ ഇഷ്ടമായിരുന്നു. അങ്ങനെ അല്ലാഹു ആയത്ത് അവതരിപ്പിച്ചു:{(നബിയേ,) നിന്റെ മുഖം ആകാശത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല്‍ നിനക്ക് ഇഷ്ടമാകുന്ന ഒരു ഖിബ്‌ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്} അങ്ങനെ അവിടുന്ന് കഅബയിലേക്ക് തരിഞ്ഞു നമസ്കരിച്ചു….. (ബുഖാരി: 7252)
കഅ്ബയിലേക്ക് ഖിബ്‌ല മാറ്റുവാനുള്ള കല്‍പന ലഭിച്ചതിനുശേഷം ആദ്യമായിക്കൊണ്ട് നബി ﷺ നമസ്‌കരിച്ചത് അസ്വ്ര്‍ ആയിരുന്നു. മറ്റ് സ്ഥലങ്ങളിൽ ബൈതുല്‍ മുക്വദ്ദസിലേക്ക് തിരിഞ്ഞ് നമസ്‌കരിച്ചുകൊണ്ടിരുന്നവർ, ഖിബ്‌ല മാറ്റത്തെ കുറിച്ച് അറിവ് ലഭിച്ചപ്പോള്‍ അവരും നമസ്കാരത്തിൽതന്നെ കഅ്ബയിലേക്ക് തിരിയുകയുണ്ടായി.
وَصَلَّى مَعَهُ رَجُلٌ الْعَصْرَ، ثُمَّ خَرَجَ فَمَرَّ عَلَى قَوْمٍ مِنَ الأَنْصَارِ فَقَالَ هُوَ يَشْهَدُ أَنَّهُ صَلَّى مَعَ النَّبِيِّ صلى الله عليه وسلم وَأَنَّهُ قَدْ وُجِّهَ إِلَى الْكَعْبَةِ. فَانْحَرَفُوا وَهُمْ رُكُوعٌ فِي صَلاَةِ الْعَصْرِ.
…… നബി ﷺ യോടൊപ്പം ഒരാൾ അസ്ർ നമസ്കരിച്ചു. ശേഷം അയാൾ പുറപ്പെട്ട് അൻസ്വാരികളിൽ പെട്ട ഒരു ജനതയുടെ അടുത്തെത്തി. (അവർ അസ്ർ നമസ്കരിക്കുകയായിരുന്നു). അദ്ദേഹം പറഞ്ഞു: നബി ﷺ യോടൊപ്പം നമസ്കാരിച്ചയാൾ സാക്ഷിയായിരിക്കുന്നു, അദ്ദേഹം കഅബയിലേക്ക് തിരിഞ്ഞിരിക്കുന്നുവെന്നതിന്. അങ്ങനെ അവർ അസ്ർ നമസ്കാരത്തിൽ റുകൂഅ് ചെയ്തുകൊണ്ടിരിക്കെ കഅബയിലേക്ക് തിരിഞ്ഞു. (ബുഖാരി: 7252)
ഖുബാഇലുള്ള ആളുകള്‍ക്ക് ഖിബ്‌ല മാറ്റത്തെ കുറിച്ച് അറിവ് ലഭിക്കുന്നത് അടുത്ത ദിവസം സ്വുബ്ഹിക്കാണ്. അവരും അപ്രകാരം നമസ്കാരത്തിൽതന്നെ കഅ്ബയിലേക്ക് തിരിഞ്ഞു.
عَنْ عَبْدِ اللَّهِ بْنِ عُمَرَ، قَالَ بَيْنَا النَّاسُ بِقُبَاءٍ فِي صَلاَةِ الصُّبْحِ إِذْ جَاءَهُمْ آتٍ فَقَالَ إِنَّ رَسُولَ اللَّهِ صلى الله عليه وسلم قَدْ أُنْزِلَ عَلَيْهِ اللَّيْلَةَ قُرْآنٌ، وَقَدْ أُمِرَ أَنْ يَسْتَقْبِلَ الْكَعْبَةَ فَاسْتَقْبِلُوهَا، وَكَانَتْ وُجُوهُهُمْ إِلَى الشَّأْمِ، فَاسْتَدَارُوا إِلَى الْكَعْبَةِ.
ഇബ്നുഉമര്‍ رَضِيَ اللَّهُ عَنْهُ നിവേദനം: ഖുബാഇല്‍ ജനങ്ങള്‍ സുബഹ് നമസ്കരിച്ച് കൊണ്ടിരിക്കുമ്പോള്‍ അവരുടെ അടുത്തു ഒരാള്‍ വന്നു പറഞ്ഞു: നിശ്ചയം ഇന്നു രാത്രിയില്‍ നബി ﷺ ക്ക് ഖൂര്‍ആന്‍ അവതരിപ്പിച്ചപ്പോള്‍ കഅ്ബാലയത്തെ ഖിബ് ല: യാക്കുവാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അപ്പോള്‍ അവര്‍ (നമസ്കാരത്തില്‍ തന്നെ) അതിന്‍റെ നേരെ തിരിഞ്ഞു. ആദ്യം അവര്‍ ശാമിന്‍റെ നേരെ തിരിഞ്ഞാണ് നമസ്കരിച്ചിരുന്നത്. അങ്ങനെ അവര്‍ കഅ്ബയുടെ നേരെ ചുറ്റിത്തിരിഞ്ഞു. (ബുഖാരി:403)
ഖിബ്‌ല മാറ്റം സംഭവിച്ചതിനു ശേഷം സത്യനിഷേധികളും കപട വിശ്വാസികളും ജൂതന്മാരും ‘നിങ്ങള്‍ നിലവിലുണ്ടായിരുന്ന ഖിബ്‌ലയില്‍ നിന്നും എന്തു കൊണ്ടാണ് മാറിയത്’ എന്ന് ചോദിക്കുമെന്ന് അല്ലാഹു നബി ﷺ യെ അറിയിച്ചു. അല്ലാഹു പറയുന്നു:
سَيَقُولُ ٱلسُّفَهَآءُ مِنَ ٱلنَّاسِ مَا وَلَّىٰهُمْ عَن قِبْلَتِهِمُ ٱلَّتِى كَانُوا۟ عَلَيْهَا ۚ قُل لِّلَّهِ ٱلْمَشْرِقُ وَٱلْمَغْرِبُ ۚ يَهْدِى مَن يَشَآءُ إِلَىٰ صِرَٰطٍ مُّسْتَقِيمٍ
ഇവര്‍ ഇതുവരെ (പ്രാര്‍ഥനാവേളയില്‍) തിരിഞ്ഞുനിന്നിരുന്ന ഭാഗത്ത് നിന്ന് ഇവരെ തിരിച്ചുവിട്ട കാരണമെന്താണെന്ന് മൂഢന്‍മാരായ ആളുകള്‍ ചോദിച്ചേക്കും. (നബിയേ,) പറയുക: അല്ലാഹുവിന്റെത് തന്നെയാണ് കിഴക്കും പടിഞ്ഞാറുമെല്ലാം. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേരായ മാര്‍ഗത്തിലേക്ക് നയിക്കുന്നു. (ഖു൪ആന്‍:2/142)
അല്ലാഹു പറഞ്ഞതുപോലെതന്നെ സംഭവിച്ചു. ഖിബ്‌ല മാറ്റം സംഭവിച്ചതോടു കൂടി പല തരത്തിലുള്ള സംസാരങ്ങൾ പ്രകടമാകാന്‍ തുടങ്ങി. മുസ്‌ലിംകളായിട്ടുള്ളവര്‍ പറഞ്ഞു: “ഞങ്ങളിതാ കേട്ടിരിക്കുന്നു. ഞങ്ങള്‍ അനുസരിക്കുകയും ചെയ്തിരിക്കുന്നു.” അവരാണ് അല്ലാഹുവില്‍ നിന്നുമുള്ള നേര്‍മാര്‍ഗം ലഭിച്ചവര്‍.
എന്നാല്‍ മുശ്‌രിക്കുകള്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു: “മുഹമ്മദ് നമ്മുടെ ഖിബ്‌ലയിലേക്ക് മടങ്ങിയത് പോലെ നമ്മുടെ പഴയ മതത്തിലേക്കും അവന്‍ മടങ്ങും എന്നാണ് തോന്നുന്നത്. നമ്മുടെ ഖിബ്‌ലയാണ് സത്യം എന്നത് കൊണ്ട് തന്നെയാണ് മുഹമ്മദ് അതിലേക്ക് മടങ്ങിയത്.”
ജൂതന്‍മാര്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു: “മുഹമ്മദ് തനിക്ക് മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്‍മാരുടെ ഖിബ്‌ലയില്‍ നിന്നും മാറിയിരിക്കുന്നു. മുഹമ്മദ് യഥാര്‍ഥ നബി ആയിരുന്നുവെങ്കില്‍ മുന്‍കഴിഞ്ഞ നബിമാരുടെ ഖിബ്‌ലയിലേക്ക് തിരിഞ്ഞുകൊണ്ടായിരുന്നു നമസ്‌കരിക്കേണ്ടിയിരുന്നത്.”
കപട വിശ്വാസികള്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു: “എവിടേക്ക് തിരിഞ്ഞു കൊണ്ടാണ് നമസ്‌കരിക്കേണ്ടത് എന്നു തന്നെ മുഹമ്മദിന് അറിയുകയില്ല. ആദ്യം തിരിഞ്ഞിരുന്ന ഭാഗമാണ് ശരിയെങ്കില്‍ ആ ശരി ഇപ്പോള്‍ മുഹമ്മദ് ഉപേക്ഷിച്ചു. ഇനി അതല്ല ഇപ്പോള്‍ അവന്‍ തിരിഞ്ഞ ഖിബ്‌ലയാണ് ശരിയെങ്കില്‍ ആദ്യം മുഹമ്മദ് അസത്യത്തില്‍ ആയിരുന്നു.”
ചുരുക്കിപ്പറഞ്ഞാല്‍ ഖിബ്‌ല മാററിയത് നിമിത്തം മതത്തിന്റെ അടിത്തറ തന്നെ പൊളിഞ്ഞുപോയതായി ശത്രുക്കള്‍ വ്യാഖ്യാനിച്ചുകൊണ്ടിരുന്നു. ഈ ആരോപണങ്ങളെക്കുറിച്ചോ, അവയുടെ വക്താക്കളെക്കുറിച്ചോ വിശദീകരണമൊന്നും കൂടാതെ അവയെല്ലാം ഉള്‍ക്കൊള്ളുന്ന ഒരൊറ്റവാക്യംകൊണ്ട് അല്ലാഹു മതിയാക്കിയിരിക്കുകയാണ്. കിഴക്കും പടിഞ്ഞാറുമെല്ലാം അഥവാ ഭൂമിയുടെ മുഴുവന്‍ ഭാഗവും അല്ലാഹുവിനുള്ളതാണ്. ഏതെങ്കിലും ഒരു നിശ്ചിത സ്ഥാനം ഖിബ്‌ലയാക്കി ആ ഭാഗത്തേക്ക് തിരിയുവാന്‍ അവന്‍ കല്‍പിച്ചാല്‍ അങ്ങോട്ട് തിരിയണമെന്നല്ലാതെ ഇന്നഭാഗത്തേക്ക് തിരിയല്‍ അനിവാര്യമാണെന്ന് വരത്തക്ക പ്രത്യേകത ഒരിടത്തിനുമില്ല എന്ന് സാരം.
ശത്രുക്കളുടെ ആരോപണം ദുര്‍ബലഹൃദയരായ മുസ്‌ലിംകളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുവാന്‍ കാരണമാക്കി. മുസ്‌ലിംകളിൽ ചിലർ പരസ്പരം ഇപ്രകാരം പറയുകയുണ്ടായി: ‘നമ്മള്‍ ബൈതുല്‍ മുക്വദ്ദസിലേക്ക് തിരിഞ്ഞു നിര്‍വഹിച്ച നമസ്‌കാരത്തിന്റെ അവസ്ഥയെന്താണ്? ബൈതുല്‍ മുക്വദ്ദസിലേക്ക് തിരിഞ്ഞു കൊണ്ട് നമസ്‌കരിച്ച് നമ്മില്‍ നിന്നും മരണപ്പെട്ടുപോയ ആളുകളുടെ അവസ്ഥ എന്താണ്?’ അപ്പോള്‍ അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചു:
وَكَذَٰلِكَ جَعَلْنَٰكُمْ أُمَّةً وَسَطًا لِّتَكُونُوا۟ شُهَدَآءَ عَلَى ٱلنَّاسِ وَيَكُونَ ٱلرَّسُولُ عَلَيْكُمْ شَهِيدًا ۗ وَمَا جَعَلْنَا ٱلْقِبْلَةَ ٱلَّتِى كُنتَ عَلَيْهَآ إِلَّا لِنَعْلَمَ مَن يَتَّبِعُ ٱلرَّسُولَ مِمَّن يَنقَلِبُ عَلَىٰ عَقِبَيْهِ ۚ وَإِن كَانَتْ لَكَبِيرَةً إِلَّا عَلَى ٱلَّذِينَ هَدَى ٱللَّهُ ۗ وَمَا كَانَ ٱللَّهُ لِيُضِيعَ إِيمَٰنَكُمْ ۚ إِنَّ ٱللَّهَ بِٱلنَّاسِ لَرَءُوفٌ رَّحِيمٌ
അപ്രകാരം നാം നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും വേണ്ടി. റസൂലിനെ പിന്‍പറ്റുന്നതാരൊക്കെയെന്നും പിന്‍മാറിക്കളയുന്നതാരൊക്കെയെന്നും തിരിച്ചറിയുവാന്‍ വേണ്ടി മാത്രമായിരുന്നു നീ ഇതുവരെ തിരിഞ്ഞു നിന്നിരുന്ന ഭാഗത്തെ നാം ഖിബ്‌ലയായി നിശ്ചയിച്ചത്. അല്ലാഹു നേര്‍വഴിയിലാക്കിയവരൊഴിച്ച് മറ്റെല്ലാവര്‍ക്കും അത് (ഖിബ്‌ല മാറ്റം) ഒരു വലിയ പ്രശ്‌നമായിത്തീര്‍ന്നിരിക്കുന്നു. അല്ലാഹു നിങ്ങളുടെ വിശ്വാസത്തെ പാഴാക്കിക്കളയുന്നതല്ല. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് അത്യധികം ദയയുള്ളവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍:2/143)
ആദ്യം ബൈതുല്‍ മുക്വദ്ദസിനെ ഖിബ്‌ലയായി നിശ്ചയിച്ചതിലും ശേഷം അത് കഅ്ബയിലേക്ക് മാറ്റിയതിലും വലിയ യുക്തി അടങ്ങിയിട്ടുണ്ട്. മുസ്‌ലിംകള്‍ക്കും ജൂതന്മാര്‍ക്കും കപട വിശ്വാസികള്‍ക്കും അതൊരു പരീക്ഷണമായിരുന്നു. നല്ലതില്‍ നിന്ന് ചീത്തയെ വേര്‍തിരിക്കുവാനും മുഹമ്മദ് നബി ﷺ യെ ആര് പിന്‍പറ്റുന്നു എന്ന് അറിയുവാനും തന്റെ അടിമകളില്‍ അല്ലാഹു നടത്തിയ പരീക്ഷണമായിരുന്നു അത്.
നബി ﷺ യുടെ കല്‍പനകള്‍ അക്ഷരംപ്രതി സ്വീകരിക്കേണ്ടതുണ്ടെന്ന് ജനങ്ങള്‍ അറിയുക എന്നത് ഈ നിയമം നടപ്പിലാക്കുന്നതിലൂടെ അല്ലാഹു ഉദ്ദേശിച്ചിരിക്കുന്നു. കാരണം, ശത്രുക്കളുടെ ജല്‍പനങ്ങള്‍ അത്രമേല്‍ ശക്തമായിരുന്നു. മുഹമ്മദിന്റെ മതം അല്ലാഹു ഇറക്കിയതല്ലെന്നും, അവന്‍ സ്വയം നിര്‍മിച്ചെടുത്തതാണെന്നും, അതിനാലാണ് സ്ഥിരതയില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റക്കളിക്കുന്നതെന്നും, അവന്റെ കൂടെ കൂടിയവര്‍ക്ക് നഷ്ടമാണ് സംഭവിക്കുക എന്നുമൊക്കെയാണല്ലോ പ്രചാരണം. ഇവരുടെ ഈ ദുഷ്പ്രചാരണത്തില്‍ ചിലര്‍ പെട്ടുപോകുകയും ഇസ്‌ലാമില്‍നിന്ന് പുറത്തു പോകുകയും ചെയ്തിട്ടുണ്ട്. ഈ പ്രചാരണവേലയില്‍ കുടുങ്ങാതെ നബി ﷺ യില്‍ വിശ്വസിച്ച് അടിയുറച്ച് നില്‍ക്കാന്‍ സാധിക്കണമെങ്കില്‍ കടുത്ത ഈമാന്‍ തന്നെ വേണ്ടതുണ്ട്. ആ ഈമാന്‍ ആര്‍ക്കാണുള്ളത് എന്ന് പരീക്ഷിക്കുകയാണ് അല്ലാഹു ഈ നിയമം നടപ്പിലാക്കുന്നതിലൂടെ ചെയ്തത്.
ഖിബ്‌ല മാറ്റ സംഭവത്തിൽ നിന്നും സത്യവിശ്വാസികള്‍ക്ക് പലപാഠങ്ങളുമുണ്ട്. അവയിൽ ചിലത് സൂചിപ്പിക്കുന്നു.
ഒന്നാമതായി, ഒരു പ്രത്യേക ഭാഗം ഖിബ്‌ലയാക്കി നിശ്ചയിക്കപ്പെടുന്നത് അല്ലാഹു ആ ഭാഗത്തായത് കൊണ്ടോ, ആ ഭാഗത്തോട് അവന് പ്രത്യേക ബന്ധമുള്ളതുകൊണ്ടോ അല്ല. സമുദായത്തിന്റെ ഏകീകരണം, സൗകര്യം തുടങ്ങിയ പല ലക്ഷ്യങ്ങളെയും ഉന്നമാക്കിക്കൊണ്ടാണത്.
قُل لِّلَّهِ ٱلْمَشْرِقُ وَٱلْمَغْرِبُ ۚ يَهْدِى مَن يَشَآءُ إِلَىٰ صِرَٰطٍ مُّسْتَقِيمٍ
(നബിയേ,) പറയുക: അല്ലാഹുവിന്റെത് തന്നെയാണ് കിഴക്കും പടിഞ്ഞാറുമെല്ലാം. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേരായ മാര്‍ഗത്തിലേക്ക് നയിക്കുന്നു. (ഖു൪ആന്‍:2/142)
وَلِلَّهِ ٱلْمَشْرِقُ وَٱلْمَغْرِبُ ۚ فَأَيْنَمَا تُوَلُّوا۟ فَثَمَّ وَجْهُ ٱللَّهِ ۚ إِنَّ ٱللَّهَ وَٰسِعٌ عَلِيمٌ
കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേത് തന്നെയാകുന്നു. നിങ്ങള്‍ എവിടേക്ക് തിരിഞ്ഞ് നിന്ന് പ്രാര്‍ത്ഥിച്ചാലും അവിടെ അല്ലാഹുവിന്റെ മുഖമുണ്ടായിരിക്കും. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും സര്‍വ്വജ്ഞനുമാകുന്നു. (ഖു൪ആന്‍:2/115)
രണ്ടാമതായി, അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അതിന് സമ്പൂർണ്ണമായി കീഴ്പ്പെടാൻ സത്യവിശ്വാസികൾക്ക് കഴിയണം. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം അല്ലാഹുവും അവന്റെ റസൂലും കൽപ്പിച്ചത് ചോദ്യം ചെയ്യുകയോ വിമര്‍ശിക്കുകയോ ചെയ്യാതെ സ്വീകരിക്കുകയാണ് അവരുടെ കടമ. അതിന് തയ്യാറില്ലാത്തവരുടെ വിശ്വാസം യഥാര്‍ത്ഥ വിശ്വാസമായിരിക്കയില്ല.
وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُۥٓ أَمْرًا أَن يَكُونَ لَهُمُ ٱلْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ فَقَدْ ضَلَّ ضَلَٰلًا مُّبِينًا
അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.(ഖു൪ആന്‍:33/36)
إِنَّمَا كَانَ قَوْلَ ٱلْمُؤْمِنِينَ إِذَا دُعُوٓا۟ إِلَى ٱللَّهِ وَرَسُولِهِۦ لِيَحْكُمَ بَيْنَهُمْ أَن يَقُولُوا۟ سَمِعْنَا وَأَطَعْنَا ۚ وَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ
തങ്ങള്‍ക്കിടയില്‍ (റസൂല്‍) തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാല്‍ സത്യവിശ്വാസികളുടെ വാക്ക്, ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന് പറയുക മാത്രമായിരിക്കും. അവര്‍ തന്നെയാണ് വിജയികള്‍. (ഖു൪ആന്‍:24/51)
അല്ലാഹു ഇപ്രകാരം ഖിബ്ല നിശ്ചയിച്ചത്, അതില്‍ ആരൊക്കെയാണ് നബി ﷺ യെ പിന്‍പറ്റുകയെന്നും ആരൊക്കെയാണ് അതിന്റെ പേരില്‍ (അവിശ്വാസത്തിലേക്ക് തന്നെ) മടങ്ങിപ്പോകുകയെന്നും പ്രത്യക്ഷത്തില്‍ വേര്‍തിരിഞ്ഞു കണ്ടറിയുവാന്‍ വേണ്ടി മാത്രമാണ്.
അല്ലാഹുവിന്റെയുെം അവന്റെ റസൂൽ ﷺ യുടെയും കൽപ്പന ചോദ്യം ചെയ്യാതെ, അനിഷ്ടം കൂടാതെ സ്വീകരിക്കുന്നതിൽ സ്വഹാബത്തിന്റെ താൽപ്പര്യം ഈ സംഭവത്തിൽ നിന്നും വ്യക്തമാണ്. ശാമിലേക്ക് തിരിഞ്ഞ് നമസ്‌കരിച്ചുകൊണ്ടിരിക്കെ ഖിബ്‌ല മാറ്റത്തെ കുറിച്ച് അറിവ് ലഭിച്ചപ്പോള്‍ അവരും കഅ്ബയിലേക്ക് തിരിയുകയുണ്ടായി. ഈ നമസ്കാരം കഴിയട്ടെയെന്നോ മറ്റോ അവർ ചിന്തിച്ചില്ല.
മൂന്നാമതായി, ഖുർആനല്ലാതെയും നബി ﷺ ക്ക് അല്ലാഹുവിൽ നിന്ന് വഹ്‌യ് ലഭിക്കുന്നതാണെന്ന് ഈ സംഭവം അറിയിക്കുന്നു. 143 ാം വചനത്തിൽ “റസൂലിനെ പിന്‍പറ്റുന്നതാരൊക്കെയെന്നും പിന്‍മാറിക്കളയുന്നതാരൊക്കെയെന്നും തിരിച്ചറിയുവാന്‍ വേണ്ടി മാത്രമായിരുന്നു നീ ഇതുവരെ തിരിഞ്ഞു നിന്നിരുന്ന ഭാഗത്തെ നാം ഖിബ്‌ലയായി നിശ്ചയിച്ചത്” എന്നാണ് പറഞ്ഞിട്ടുള്ളത്. അതായത് ബൈത്തുൽ മുക്വദ്ദിസിനെ ഖിബ്ലയാക്കാൻ അല്ലാഹുവിന്റെ കൽപ്പനയുണ്ടായി എന്നർത്ഥം. എന്നാൽ ഇങ്ങനെയൊരു കൽപ്പന ഖുർആനിലില്ല. അതെ, ഖുർആനല്ലാതെയും നബി ﷺ ക്ക് അല്ലാഹുവിൽ നിന്ന് വഹ്‌യ് ലഭിക്കാറുണ്ട്.
عَنِ الْمِقْدَامِ بْنِ مَعْدِيكَرِبَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ : أَلاَ إِنِّي أُوتِيتُ الْكِتَابَ وَمِثْلَهُ مَعَهُ
മിഖ്ദാമി ബ്നു മഅ്ദീകരിബ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അറിയുക; നിശ്ചയം, എനിക്ക് കിതാബും (ഖുര്‍ആന്‍) അതിന്റെ കൂടെ അത് പോലുള്ളതും നല്‍കപ്പെട്ടിരിക്കുന്നു (അബൂദാവൂദ് : 4604 – സ്വഹീഹ് അല്‍ബാനി)