അന്ത്യപ്രവാചകനായ മുഹമ്മദ് നബി ﷺ ക്ക് 40 -ാം വയസ്സില്‍ പ്രവാചകത്വം ലഭിച്ചതു മുതല്‍ 63-ാം വയസ്സില്‍ അവിടുത്തെ വിയോഗമുണ്ടായതുവരെയുള്ള കാലഘട്ടത്തില്‍ – പല സന്ദര്‍ഭങ്ങളിലായി – അല്ലാഹു അവതരിപ്പിച്ചു കൊടുത്തിട്ടുള്ള ഒരു വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ‘മുസ്വ്ഹഫ്’ എന്ന പേരില്‍ ഈ വിശുദ്ധ ഗ്രന്ഥം അറിയപ്പെടുന്നു. ചെറുതും വലുതുമായി 114 അദ്ധ്യായങ്ങളും (സൂറത്തുകളും) 6000ത്തില്‍ പരം വചനങ്ങളും (ആയത്തുകളും) 77,000 ത്തില്‍ പരം പദങ്ങളും (കലിമത്തുകളും) 3,20,000 ത്തിലധികം അക്ഷരങ്ങളും അതുള്‍ക്കൊള്ളുന്നു. ഏകദേശം സമവലിപ്പത്തിലുള്ള 30 ഭാഗങ്ങളായി (ജുസ്ഉകളായി) അത് ഭാഗിക്കപ്പെട്ടിരിക്കുന്നു. സൂറത്തുകളുടെ ചെറുപ്പവലിപ്പങ്ങള്‍ക്കനുസരിച്ചും, വിഷയങ്ങളെ ആസ്പദമാക്കിയും പല വിഭാഗങ്ങള്‍ (റുകൂഉകള്‍) ആയി വീണ്ടും അവ വിഭജിക്കപ്പെട്ടിരിക്കുന്നു. ഒരു മാസംകൊണ്ട് ഖുര്‍ആന്‍ ഒരാവര്‍ത്തി (ഒരു ഖതം) പാരായണം ചെയ്തു തീര്‍ക്കുന്നവര്‍ക്കും, നമസ്‌കാരത്തില്‍ ഓരോ റക്അത്തിലും കുറേശ്ശെ ഓതി വരുന്നവര്‍ക്കും ഈ വിഭജനങ്ങള്‍ വളരെ പ്രയോജനകരമാകുന്നു. കൂടാതെ, ജുസ്ഉകള്‍ പകുതികളായും (നിസ്വ്ഫ്), കാലുകളായും (റുബുഉ്) മറ്റും ഭാഗിക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാം സാധാരണ മുസ്വ്ഹഫുകളില്‍ അടയാളപ്പെടുത്തിക്കാണാവുന്നതാണ്. ഇതിനെല്ലാം പുറമെ 1/8, 1/7, 1/4, 1/2 എന്നിങ്ങനെയും ഭാഗിച്ചു അടയാളപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. ഖുര്‍ആന്‍പാരായണം ചെയ്യുന്നവരുടെ സൗകര്യാര്‍ത്ഥം മുന്‍കാലത്തുള്ള ചില മഹാന്മാര്‍ ചെയ്തു വെച്ച സേവനങ്ങളത്രെ ഇതെല്ലാം. പൂര്‍വ്വ മുസ്‌ലിംകള്‍ ഖുര്‍ആനിനെ സംബന്ധിച്ച് എത്രമാത്രം ഗൗനിച്ചുവന്നിരുന്നുവെന്നും, ജനങ്ങള്‍ ആ ഗ്രന്ഥം എത്രത്തോളം ഉപയോഗപ്പെടുത്തി വന്നിരുന്നുവെന്നും ഇതില്‍ നിന്നൊക്കെ ഗ്രഹിക്കാവുന്നതാണ്.
അവതരണം
മുഹമ്മദ് നബി ﷺ ക്ക് പ്രവാചകത്വം (നുബുവ്വത്ത്) ലഭിക്കുന്നതിനു അല്പം മുമ്പായി അവിടുന്ന് പല സ്വപ്നങ്ങള്‍ കാണുകയും, അവ പ്രഭാതവെളിച്ചം പോലെ യഥാര്‍ത്ഥമായി പുലരുകയും പതിവായിരുന്നു. കുറേ കഴിഞ്ഞപ്പോള്‍ ജനങ്ങളില്‍ നിന്ന് വേറിട്ട് ഏകാന്തവാസം ചെയ്യുവാന്‍ നബി ﷺ ക്ക് ആഗ്രഹം തോന്നുകയുണ്ടായി. അതനുസരിച്ച് അവിടുന്ന് മക്കയുടെ അടുത്തുള്ള ഹിറാ ഗുഹയില്‍ പോയി ആരാധനാ നിമഗ്നനായിക്കൊണ്ട് ഇരിക്കാറുണ്ടായിരുന്നു. കുറേ ദിവസത്തേക്കുള്ള ഭക്ഷണ സാധനങ്ങളോട് കൂടിയാണ് നബി ﷺ ഹിറാ ഗുഹയിലേക്ക് പോയിരുന്നത്. അത് തീരുമ്പോള്‍, പത്‌നിയായ ഖദീജഃ (റ)യുടെ അടുക്കല്‍ വന്നു വീണ്ടും കുറേ ദിവസത്തേക്കുള്ള ഭക്ഷണം ശരിപ്പെടുത്തിക്കൊണ്ടുപോകും.
ഇങ്ങനെയിരിക്കെ, ഒരിക്കല്‍ ഗുഹയില്‍ അല്ലാഹുവിന്‍റെ ‘വിശ്വസ്തദൂതനാ’യ മലക്ക് ജിബ്രീൽ(അ) പ്രത്യക്ഷപ്പെട്ടു. ‘മുഹമ്മദേ, സന്തോഷിച്ചുകൊളളുക! ഞാന്‍ ജിബ്‌രീലാണ്. താങ്കള്‍ ഈ സമുദായത്തിലേക്ക് അല്ലാഹുവിങ്കല്‍ നിന്നുള്ള ദൂതനാകുന്നു (റസൂലാണ്)’ എന്നറിയിച്ചു. അനന്തരം മലക്ക് പറഞ്ഞു: ‘ഇക്വ്‌റഅ്’ (വായിക്കുക). നബി ﷺ മറുപടി പറഞ്ഞു: ‘എനിക്ക് വായിക്കുവാന്‍ അറിഞ്ഞുകൂടാ’, പിന്നീട്, നബി ﷺ ക്ക് വിഷമം തോന്നുമാറ് മലക്ക് അദ്ദേഹത്തെ ഒന്നു കൂട്ടിപ്പിടിക്കുകയും, ഉടനെ വിടുകയും ചെയ്തു. രണ്ടാമതും മൂന്നാമതും ഇതേ പ്രകാരം ആവര്‍ത്തിക്കപ്പെട്ടശേഷം, ‘സൂറത്തുല്‍ അലക്വി’ലെ ആദ്യവചനങ്ങള്‍ മലക്ക് ഓതിക്കേള്‍പ്പിച്ചു. ഇതായിരുന്നു ഖുര്‍ആന്‍ അവതരണത്തിന്‍റെ ആരംഭം.
നബി ﷺ ക്ക് വിഷമം ഉണ്ടാകുമാറ് മലക്ക് കൂട്ടിപ്പിടിച്ചതിന്‍റെ യഥാര്‍ത്ഥ രഹസ്യം എന്താണെന്ന് നമുക്കറിഞ്ഞുകൂടാ. എങ്കിലും, ആത്മീയ ലോകവും ഭൗതികലോകവും തമ്മിലുള്ള ഒരു കൂട്ടി ഇണക്കലായിരുന്നു അതെന്നു പറയാം. അഥവാ, ദൈവിക സന്ദേശങ്ങള്‍ സ്വീകരിക്കുവാന്‍ പ്രവാചക ഹൃദയത്തിനു പക്വത വരുത്തുവാനായിരിക്കും അത്. ഒന്നാമതായി പ്രസ്തുത വചനങ്ങൾ കാണുക:
ٱقْرَأْ بِٱسْمِ رَبِّكَ ٱلَّذِى خَلَقَ ﴿١﴾
خَلَقَ ٱلْإِنسَٰنَ مِنْ عَلَقٍ ﴿٢﴾
ٱقْرَأْ وَرَبُّكَ ٱلْأَكْرَمُ ﴿٣﴾
ٱلَّذِى عَلَّمَ بِٱلْقَلَمِ ﴿٤﴾
عَلَّمَ ٱلْإِنسَٰنَ مَا لَمْ يَعْلَمْ ﴿٥﴾
സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക.
മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.
നീ വായിക്കുക നിന്‍റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു.
പേന കൊണ്ട് പഠിപ്പിച്ചവന്‍.
മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു. (ഖുർആൻ:96/1-5)
എഴുത്തും വായനയുമാണ് മനുഷ്യന് അറിവ് ലഭിക്കുവാനുള്ള രണ്ട് പ്രധാന മാര്‍ഗങ്ങള്‍. ഇവ രണ്ടും അവന് അല്ലാഹു നല്‍കിയ രണ്ട് പ്രത്യേകാനുഗ്രഹങ്ങളാണെന്ന് ഇതില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു. മനുഷ്യന്‍റെ ഉത്ഭവത്തെക്കുറിച്ച് ചിന്തിക്കുന്ന പക്ഷം, സ്രഷ്ടാവായ അല്ലാഹുവിലുള്ള വിശ്വാസത്തിലേക്ക് അവനെ അത് നയിക്കുന്നതും, അല്ലാഹുവിന്‍റെ ആജ്ഞക്കൊത്ത് ജീവിക്കുവാന്‍ അവനെ പ്രേരിപ്പിക്കുന്നതുമാകുന്നു. ഇതാണ് ഈ വചനങ്ങള്‍ ഒന്നാമതായി മനുഷ്യനെ ഉണര്‍ത്തുന്നത്.
ഹിജ്‌റഃ വര്‍ഷത്തിന് 13 കൊല്ലം മുമ്പ് – ക്രിസ്ത്വബ്ദം 610ല്‍- റമളാന്‍ മാസത്തിലെ ഒരു പുണ്യദിനത്തിലാണ് ഖുര്‍ആന്‍ അവതരണമാരംഭിച്ചത്. ഈ ദിവസം ഏതായിരുന്നുവെന്ന് ഖണ്ഡിതമായി പറയുക സാധ്യമല്ല. അന്ന് റമദ്വാന്‍ 17 ആയിരുന്നുവെന്നാണ് ചില മഹാന്‍മാര്‍ പറയുന്നത്. അത് ജൂലായ് മാസത്തിലാണെന്നും ഫിബ്രുവരി മാസത്തിലാണെന്നും രണ്ട് പക്ഷമുണ്ട്. الله أعلم
നബി ﷺ ‘ഉമ്മിയ്യ് (എഴുത്തും വായനയും അറിയാത്ത ആള്‍) ആയിരുന്നു. അവിടുത്തെ ജനതയും ‘ഉമ്മിയ്യു’കള്‍ തന്നെ. വേദഗ്രന്ഥങ്ങളുമായി അവര്‍ക്ക് യാതൊരു പരിചയവുമില്ല, എന്നിരിക്കെ, ഖുര്‍ആന്‍ ഒരേ പ്രാവശ്യം ഒന്നായി അവതരിപ്പിക്കപ്പെടുന്ന പക്ഷം, അവര്‍ക്ക് – നബിക്ക് തന്നെയും – അത് പല വിഷമങ്ങള്‍ക്കും കാരണമാകുമല്ലോ. ക്രമേണ ആവശ്യവും സന്ദര്‍ഭവും അനുസരിച്ച് അവതരിച്ചുകൊണ്ടിരിക്കുമ്പോള്‍, എല്ലാവര്‍ക്കും അത് ഗ്രഹിക്കുവാനും പഠിക്കുവാനും കൂടുതല്‍ സൗകര്യപ്രദമായിരിക്കുന്നതാണ്. പ്രവാചകത്വം സിദ്ധിച്ചതിനു ശേഷം ആദ്യത്തെ 13 കൊല്ലം സ്വദേശമായ മക്കയിലും അനന്തരം 10 കൊല്ലം മദീനായിലുമാണ് നബി ﷺ ജീവിച്ചത്. നബി ﷺ മക്കയില്‍ വസിച്ചിരുന്ന കാലത്താണ് മിക്ക സൂറത്തുകളും അവതരിച്ചിട്ടുള്ളത്. ഹിജ്റക്ക് മുമ്പ് അവതരിച്ച സൂറത്തുകള്‍ക്ക് ‘മക്കിയ്യ’ എന്നും ഹിജ്റക്ക് ശേഷം അവതരിച്ച സൂറത്തുകള്‍ക്ക് ‘മദനിയ്യ’ എന്നും പറയുന്നു. തൗഹീദ് (ഏക ദൈവ വിശ്വാസം), പരലോക വിശ്വാസം, മരണാനന്തര ജീവിതം, പ്രവാചകത്വം, ഖുര്‍ആന്‍റെ സത്യത തുടങ്ങിയ മൗലിക സിദ്ധാന്തങ്ങളാണ് മക്കീ സൂറത്തുകളില്‍ പ്രധാനമായും പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്. കര്‍മാനുഷ്ഠാനങ്ങള്‍, സാമുദായികവും സാമൂഹികവുമായ കടമകള്‍ മുതലായവയെ സ്പര്‍ശിക്കുന്ന മതവിധികള്‍ മദനീ സൂറത്തുകളിലാണ് മിക്കവാറും പ്രതിപാദിക്കപ്പെടുന്നത്. ഈ രണ്ടു വിഭാഗങ്ങള്‍ ക്കിടയില്‍ ശൈലിയിലും സ്വരത്തിലും സാമാന്യം വ്യത്യാസങ്ങള്‍ കാണാവുന്നതാണ്. വിഷയ വ്യത്യാസങ്ങള്‍ക്കുപുറമെ മക്കയിലും മദീനയിലുമുള്ള ജനങ്ങളുടെ പരിതഃസ്ഥിതികളും അതിന് കാരണമായിരിക്കും. ഖുര്‍ആനിലെ 2, 3, 4, 5, 8, 9, 22, 24, 33, 47, 48, 49, 57, 58, 59, 60, 61, 62, 63, 64, 65, 66, 110 എന്നീ ഇരുപത്തിമൂന്നു സൂറത്തുകള്‍ മദനീ വിഭാഗത്തില്‍ പെട്ടവയാകുന്നു. ബാക്കിയെല്ലാം മക്കീ സൂറത്തുകളത്രെ. 13, 55, 76, 98, 99 എന്നീ സൂറഃകളും മദനിയ്യാണെന്ന് അഭിപ്രായമുണ്ട്.الله أعلم
‘എന്തുകൊണ്ടാണ്, ഇവന് ഖുര്‍ആന്‍ ഒട്ടാകെ ഒന്നായി ഇറക്കപ്പെടാത്തത്?’ എന്ന് മുശ്‌രിക്കുകള്‍ ആക്ഷേപിച്ചതിന് അല്ലാഹു മറുപടി പറഞ്ഞത് ഇപ്രകാരമാണ്:
وَقُرْءَانًا فَرَقْنَٰهُ لِتَقْرَأَهُۥ عَلَى ٱلنَّاسِ عَلَىٰ مُكْثٍ وَنَزَّلْنَٰهُ تَنزِيلًا
നീ ജനങ്ങള്‍ക്ക് സാവകാശത്തില്‍ ഓതികൊടുക്കേണ്ടതിനായി ഖുര്‍ആനിനെ നാം (പല ഭാഗങ്ങളായി) വേര്‍തിരിച്ചിരിക്കുന്നു. നാം അതിനെ ക്രമേണയായി ഇറക്കുകയും ചെയ്തിരിക്കുന്നു. (ഖുർആൻ:17/106)
وَقَالَ ٱلَّذِينَ كَفَرُوا۟ لَوْلَا نُزِّلَ عَلَيْهِ ٱلْقُرْءَانُ جُمْلَةً وَٰحِدَةً ۚ كَذَٰلِكَ لِنُثَبِّتَ بِهِۦ فُؤَادَكَ ۖ وَرَتَّلْنَٰهُ تَرْتِيلًا
സത്യനിഷേധികള്‍ പറഞ്ഞു; ഇദ്ദേഹത്തിന് ഖുര്‍ആന്‍ ഒറ്റതവണയായി ഇറക്കപ്പെടാത്തതെന്താണെന്ന്. അത് അപ്രകാരം (ഘട്ടങ്ങളിലായി അവതരിപ്പിക്കുക) തന്നെയാണ് വേണ്ടത്. അത് കൊണ്ട് നിന്‍റെ ഹൃദയത്തെ ഉറപ്പിച്ച് നിര്‍ത്തുവാന്‍ വേണ്ടിയാകുന്നു. ശരിയായ സാവകാശത്തോടെ നാമത് പാരായണം ചെയ്ത് കേള്‍പിക്കുകയും ചെയ്തിരിക്കുന്നു. (ഖുർആൻ:25/32)
ഒരു വേദ ഗ്രന്ഥമോ, പ്രവാചകത്വമോ ലഭിച്ചേക്കാമെന്ന പ്രതീക്ഷയാലോ, ലഭിക്കുവാനുള്ള ആഗ്രഹത്താലോ, അല്ലെങ്കില്‍ അതിനുള്ള പരിശ്രമമായോ ആരുന്നില്ല നബി ﷺ ഹിറാഗുഹയില്‍ പോയി ഏകാന്തവാസം അനുഷ്ഠിച്ചുവന്നത്. പരിശ്രമം, പരിശീലനം, ആഗ്രഹം, സല്‍കര്‍മം, ആത്മസംയമനം ആദിയായ ഏതെങ്കിലും ഒന്നിന്‍റെ ഫലമായി നേടുവാന്‍ കഴിയുന്ന ഒരു കാര്യമല്ല നുബുവ്വത്തും രിസാലത്തും (പ്രവാചകത്വവും ദിവ്യദൗത്യവും). അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് – അവന്‍ ഉദ്ദേശിക്കുമ്പോള്‍ – അവന്‍ അത് കൊടുക്കുന്നു. പക്ഷേ, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ അതിനായി തിരഞ്ഞെടുക്കുകയും, അവരറിയാതെത്തന്നെ അതിനവരെ പാകപ്പെടുത്തിക്കൊണ്ടുവരികയും ചെയ്യുന്നു. അതിനാവശ്യമായ പരിശുദ്ധിയും പരിശീലനവുമെല്ലാം അവന്‍ അവരില്‍ സംജാതമാക്കുകയും ചെയ്യും. സീനാ താഴ്‌വരയില്‍ വെച്ച് മൂസാ നബി (അ)ക്ക് ദിവ്യദൗത്യം ലഭിച്ച അവസരത്തില്‍ അല്ലാഹുവിന്‍റെ തിരുവചനങ്ങള്‍ കേള്‍ക്കുവാനുളള മഹാഭാഗ്യം അദ്ദേഹത്തിനുണ്ടായല്ലോ. ഈ അവസരത്തില്‍ അദ്ദേഹത്തിന് അല്ലാഹു നല്‍കിയിട്ടുള്ള ചില അനുഗ്രഹങ്ങളെ എടുത്തു പറഞ്ഞ കൂട്ടത്തില്‍ അല്ലാഹു പറയുന്നത് കാണുക:
ثُمَّ جِئْتَ عَلَىٰ قَدَرٍ يَٰمُوسَىٰ ﴿٤٠﴾
وَٱصْطَنَعْتُكَ لِنَفْسِى ﴿٤١﴾
പിന്നീട് ഹേ; മൂസാ, നീ (എന്‍റെ) ഒരു നിശ്ചയപ്രകാരം ഇതാ വന്നിരിക്കുന്നു. (40) എന്‍റെ സ്വന്തം കാര്യത്തിനായി നിന്നെ ഞാന്‍ വളര്‍ത്തിയെടുത്തിരിക്കുന്നു. (ഖുർആൻ:20/40-41)
ലോകജനത പൊതുവിലും, സ്വജനങ്ങള്‍ പ്രത്യേകിച്ചും അജ്ഞാനാന്ധകാരത്തില്‍ മുഴുകി നട്ടംതിരിഞ്ഞു കൊണ്ടിരിക്കുന്ന കാഴ്ച കണ്ടു സഹിക്കവയ്യാതെ, അവരെ സത്യത്തിന്‍റെയും, സന്‍മാര്‍ഗത്തിന്‍റെയും പ്രകാശത്തിലേക്ക് കൊണ്ടുവരാനുള്ള മാര്‍ഗം അന്വേഷിച്ചുകൊണ്ടും, അതിന് വേദ ദിവ്യ പ്രകാശം തേടിക്കൊണ്ടുമായിരുന്നു നബി ﷺ ഹിറാ ഗുഹയില്‍ ഏകാന്തവാസം നടത്തിയിരുന്നത് എന്ന് ചിലയാളുകള്‍ ധരിച്ചുവശായിട്ടുണ്ട്. ഖുര്‍ആന്‍ അവയെ വ്യക്തമായി ഖണ്ഡിച്ചിരിക്കുകയാണ്. അല്ലാഹു പറയുന്നത് കാണുക:
وَكَذَٰلِكَ أَوْحَيْنَآ إِلَيْكَ رُوحًا مِّنْ أَمْرِنَا ۚ مَا كُنتَ تَدْرِى مَا ٱلْكِتَٰبُ وَلَا ٱلْإِيمَٰنُ وَلَٰكِن جَعَلْنَٰهُ نُورًا نَّهْدِى بِهِۦ مَن نَّشَآءُ مِنْ عِبَادِنَا ۚ وَإِنَّكَ لَتَهْدِىٓ إِلَىٰ صِرَٰطٍ مُّسْتَقِيمٍ
അപ്രകാരം തന്നെ നിനക്ക് നാം നമ്മുടെ കല്‍പനയാല്‍ ഒരു ചൈതന്യവത്തായ സന്ദേശം ബോധനം ചെയ്തിരിക്കുന്നു. വേദഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന് നിനക്കറിയുമായിരുന്നില്ല. പക്ഷെ, നാം അതിനെ ഒരു പ്രകാശമാക്കിയിരിക്കുന്നു. അതുമുഖേന നമ്മുടെ ദാസന്‍മാരില്‍ നിന്ന് നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം വഴി കാണിക്കുന്നു. തീര്‍ച്ചയായും നീ നേരായ പാതയിലേക്കാകുന്നു മാര്‍ഗദര്‍ശനം നല്‍കുന്നത്. (ഖുർആൻ:42/52)
وَمَا كُنتَ تَرْجُوٓا۟ أَن يُلْقَىٰٓ إِلَيْكَ ٱلْكِتَٰبُ إِلَّا رَحْمَةً مِّن رَّبِّكَ ۖ فَلَا تَكُونَنَّ ظَهِيرًا لِّلْكَٰفِرِينَ
നിനക്ക് വേദഗ്രന്ഥം നല്‍കപ്പെടണമെന്ന് നീ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യത്താല്‍ (അതു ലഭിച്ചു) ആകയാല്‍ നീ സത്യനിഷേധികള്‍ക്കു സഹായിയായിരിക്കരുത്. (ഖുർആൻ:28/86)
إِنَّكَ لَا تَهْدِى مَنْ أَحْبَبْتَ وَلَٰكِنَّ ٱللَّهَ يَهْدِى مَن يَشَآءُ ۚ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ
നിശ്ചയമായും നീ ഇഷ്ടപ്പെട്ടവര്‍ക്ക് നീ മാര്‍ഗദര്‍ശനം നല്‍കുന്നതല്ല. എങ്കിലും അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ മാര്‍ഗദര്‍ശനം നല്‍കുന്നു. (ഖുർആൻ:28/56)
നബിമാര്‍ക്ക് പ്രവാചകത്വം ലഭിക്കാറുളളത് സാധാരണ 40 വയസ്സാകുമ്പോഴാണ്. എന്നാല്‍, ഇതൊരു സാര്‍വ്വത്രികമായ നിയമമാണെന്നു പറയാവതല്ല. യഹ്‌യാ നബി (അ)യെപ്പറ്റി وَاتيناه الحكم صبيا (ശിശുവായിരിക്കെ അദ്ദേഹത്തിന് നാം ‘ഹുക്മ്’ കൊടുത്തു.) എന്ന് സൂറ: മര്‍യമില്‍ കാണാം. ‘ഹുക്മ്’ കൊണ്ടുദ്ദേശ്യം പ്രവാചകത്വമാണെന്നും, വിജ്ഞാനമാണെന്നും ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ രണ്ട് പക്ഷമുണ്ട്. രണ്ടായിരുന്നാലും, അദ്ദേഹം ശിശുവായിരിക്കെത്തന്നെ ഒരു ജ്ഞാനിയായികഴിഞ്ഞിട്ടുണ്ട്. ജനനം കഴിഞ്ഞ ഉടനെത്തന്നെ ഈസാ (അ) തൊട്ടിലിലായിരിക്കെ, ജനങ്ങളോട് സംസാരിച്ചതും സൂറ: മര്‍യമില്‍ കാണാം. അതില്‍ وجعلنى نبيا (എന്നെ അവന്‍ – അല്ലാഹു – പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു.) എന്നും പറഞ്ഞിട്ടുണ്ട്. അന്ന് അദ്ദേഹം പ്രവാചകനായി കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. ഭാവിയെക്കുറിച്ചുള്ള ഒരു പ്രവചനമായിരുന്നു അത്. പരിശ്രമംകൊണ്ടോ മറ്റോ ലഭിക്കുന്ന ഒന്നായിരുന്നു പ്രവാചകത്വമെങ്കില്‍ ഈ വാക്കിന് വിശേഷിച്ച് അര്‍ത്ഥമില്ല. അല്ലാഹു പറഞ്ഞിട്ടുള്ളതുതന്നെയാണ് സത്യം. അല്ലാഹു പറയുന്നു:
ٱللَّهُ أَعْلَمُ حَيْثُ يَجْعَلُ رِسَالَتَهُۥ
തന്‍റെ ദൗത്യം എവിടെയാണ് ഏര്‍പ്പെടുത്തേണ്ടതെന്ന് അല്ലാഹുവിന് നല്ലപോലെ അറിയാം. (ഖുർആൻ:6/124)
ٱللَّهُ يَصْطَفِى مِنَ ٱلْمَلَٰٓئِكَةِ رُسُلًا وَمِنَ ٱلنَّاسِ ۚ إِنَّ ٱللَّهَ سَمِيعُۢ بَصِيرٌ
മലക്കുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും അല്ലാഹു ദൂതന്‍മാരെ തെരഞ്ഞെടുക്കുന്നു. തീര്‍ച്ചയായും അല്ലാഹു കേള്‍ക്കുന്നവനും കാണുന്നവനുമത്രെ. (ഖുർആൻ:22/75)
നബി ﷺ ക്ക് ഖുര്‍ആന്‍ മാത്രമല്ല അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. മറ്റനേകം വഹ്‌യുകളും (ദൈവിക സന്ദേശങ്ങളും) ലഭിക്കാറുണ്ടായിരുന്നു. അതിലേക്കുള്ള തെളിവ് കാണുക:
عَنِ الْمِقْدَامِ بْنِ مَعْدِيكَرِبَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ : أَلاَ إِنِّي أُوتِيتُ الْكِتَابَ وَمِثْلَهُ مَعَهُ
മിഖ്ദാമി ബ്നു മഅ്ദീകരിബയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അറിയുക; നിശ്ചയം, എനിക്ക് കിതാബും (ഖുര്‍ആന്‍) അതിന്റെ കൂടെ അത് പോലുള്ളതും നല്‍കപ്പെട്ടിരിക്കുന്നു (അബൂദാവൂദ് : 4604 – സ്വഹീഹ് അല്‍ബാനി)
നബി വചനങ്ങങ്ങളില്‍ നിന്നു മാത്രമല്ല, പല ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും ഈ വാസ്തവം മനസ്സിലാക്കാം. നബി ﷺ യോടായി അല്ലാഹു പറയുന്നു:
وَأَنزَلَ ٱللَّهُ عَلَيْكَ ٱلْكِتَٰبَ وَٱلْحِكْمَةَ وَعَلَّمَكَ مَا لَمْ تَكُن تَعْلَمُ ۚ وَكَانَ فَضْلُ ٱللَّهِ عَلَيْكَ عَظِيمًا
അല്ലാഹു നിനക്ക് വേദഗ്രന്ഥവും ഹിക്മത്തും – വിജ്ഞാനവും – ഇറക്കിത്തന്നിരിക്കുന്നു. (ഖുർആൻ:4/113)
സത്യവിശ്വാസികളോടായി യോടായി അല്ലാഹു പറയുന്നു:
وَٱذْكُرُوا۟ نِعْمَتَ ٱللَّهِ عَلَيْكُمْ وَمَآ أَنزَلَ عَلَيْكُم مِّنَ ٱلْكِتَٰبِ وَٱلْحِكْمَةِ يَعِظُكُم بِهِۦ
അല്ലാഹു നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുക. നിങ്ങള്‍ക്ക് സാരോപദേശം നല്‍കിക്കൊണ്ട് അവനവതരിപ്പിച്ച വേദവും വിജ്ഞാനവും ഓര്‍മിക്കുക. (ഖുർആൻ:2/231)
പ്രവാചകന്മാരോട് അല്ലാഹു വാങ്ങിയിട്ടുള്ള ഒരു കരാറിനെക്കുറിച്ച് ഇപ്രകാരം പറഞ്ഞിരിക്കുന്നു:
وَإِذْ أَخَذَ ٱللَّهُ مِيثَٰقَ ٱلنَّبِيِّـۧنَ لَمَآ ءَاتَيْتُكُم مِّن كِتَٰبٍ وَحِكْمَةٍ ثُمَّ جَآءَكُمْ رَسُولٌ مُّصَدِّقٌ لِّمَا مَعَكُمْ لَتُؤْمِنُنَّ بِهِۦ وَلَتَنصُرُنَّهُۥ ۚ
അല്ലാഹു പ്രവാചകന്‍മാരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധിക്കുക) : ഞാന്‍ നിങ്ങള്‍ക്ക് വേദഗ്രന്ഥവും വിജ്ഞാനവും നല്‍കുകയും, അനന്തരം നിങ്ങളുടെ പക്കലുള്ളതിനെ ശരിവെച്ചുകൊണ്ട് ഒരു ദൂതന്‍ നിങ്ങളുടെ അടുത്ത് വരികയുമാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും, അദ്ദേഹത്തെ സഹായിക്കുകയും ചെയ്യേണ്ടതാണ് എന്ന്. (ഖുർആൻ:3/81)
നബി ﷺ യുടെ ദൗത്യോദ്ദേശ്യം വിവരിക്കുന്ന മദ്ധ്യേ അല്ലാഹു പറയുന്നു”
هُوَ ٱلَّذِى بَعَثَ فِى ٱلْأُمِّيِّـۧنَ رَسُولًا مِّنْهُمْ يَتْلُوا۟ عَلَيْهِمْ ءَايَٰتِهِۦ وَيُزَكِّيهِمْ وَيُعَلِّمُهُمُ ٱلْكِتَٰبَ وَٱلْحِكْمَةَ
അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്‍റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കുകയും അവരെ സംസ്കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. (ഖുർആൻ:62/2)
ഖുര്‍ആന്‍ മാത്രമല്ല, അതിനു പുറമെ ഹിക്മത്താകുന്ന വിജ്ഞാനങ്ങളും അല്ലാഹു നബി ﷺ ക്ക് ഇറക്കിക്കൊടുക്കുകയും, വഹ്‌യ് നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് ഇതില്‍ നിന്നെല്ലാം സ്പഷ്ടമാണ്. നബിമാര്‍ക്കെല്ലാം ദൈവിക സന്ദേശങ്ങളാകുന്ന വഹ്‌യ് ലഭിക്കുന്നത് മലക്ക് മുഖാന്തരവും അല്ലാതെയും ഉണ്ടാവാറുണ്ട് എന്ന് താഴെ പ്രസ്താവിക്കുന്നതില്‍നിന്നു മനസ്സിലാക്കാം. ഇന്ന തരത്തില്‍ പെട്ട വഹ്‌യുകള്‍ മലക്കു മുഖാന്തരവും, അല്ലാത്തവ മറ്റു പ്രകാരത്തിലുമാണ് ലഭിക്കുക എന്നൊരു വിഭജനമോ, വിശദീകരണമോ ഖുര്‍ആനിലും ഹദീഥിലും ഇല്ലതാനും. പക്ഷേ, ഖുര്‍ആന്‍ അവതരിച്ചത് ജിബ്‌രീല്‍ (അ) എന്ന മലക്ക് മുഖാന്തരമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. വഹ്‌യുമായി വരുന്ന മലക്ക് അദ്ദേഹമാണ്. എന്നാല്‍ ഖുര്‍ആന്‍ മാത്രമാണ് -അല്ലെങ്കില്‍ വേദഗ്രന്ഥങ്ങള്‍ മാത്രമാണ്- ജിബ്‌രീല്‍ (അ) മുഖാന്തരം അവതരിച്ചിട്ടുള്ളതെന്നും, വേദഗ്രന്ഥത്തിനു പുറമെയുള്ള വിജ്ഞാനങ്ങളൊന്നും മലക്കു മുഖാന്തരം ലഭിച്ച വഹ്‌യുകളല്ലെന്നും മറ്റും ചില വക്രതാല്‍പര്യക്കാര്‍ ജല്‍പിക്കാറുണ്ട്. ഇതു വാസ്തവ വിരുദ്ധവും, താല്‍പര്യപൂര്‍വ്വം കെട്ടിച്ചമയ്ക്കപ്പെട്ട കള്ളവാദവുമാകുന്നു. വേദഗ്രന്ഥം എത്തിച്ചുകൊടുക്കുകയെന്ന ആവശ്യാര്‍ത്ഥമല്ലാതെ തന്നെ നബിമാരുടെ അടുക്കല്‍ മലക്കു വരാറുണ്ടെന്ന് ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും ശരിക്കും ഗ്രാഹ്യമാണ്.
സ്വകാര്യമായി വിവരമറിയിക്കുക എന്നാണ് ഭാഷയില്‍ ‘വഹ്‌യി ‘ന്‍റെ അര്‍ത്ഥം.അല്ലാഹുവില്‍നിന്ന് നബിമാര്‍ക്ക് ലഭിക്കുന്ന സന്ദേശങ്ങള്‍ക്കാണ് സാധാരണ ‘വഹ്‌യ്’ എന്നു പറയുന്നത്. വഹ്‌യിന്‍റെ ഇനങ്ങള്‍ പലതുണ്ട്. നബി ﷺ ക്ക് വഹ്‌യ് ലഭിക്കുന്നത് എങ്ങിനെയാണെന്ന് ചോദിക്കപ്പട്ടപ്പോള്‍, അവിടുന്ന് നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു:
عَنْ عَائِشَةَ أُمِّ الْمُؤْمِنِينَ ـ رضى الله عنها ـ أَنَّ الْحَارِثَ بْنَ هِشَامٍ ـ رضى الله عنه ـ سَأَلَ رَسُولَ اللَّهِ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ كَيْفَ يَأْتِيكَ الْوَحْىُ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم “ أَحْيَانًا يَأْتِينِي مِثْلَ صَلْصَلَةِ الْجَرَسِ ـ وَهُوَ أَشَدُّهُ عَلَىَّ ـ فَيُفْصَمُ عَنِّي وَقَدْ وَعَيْتُ عَنْهُ مَا قَالَ، وَأَحْيَانًا يَتَمَثَّلُ لِيَ الْمَلَكُ رَجُلاً فَيُكَلِّمُنِي فَأَعِي مَا يَقُولُ ”. قَالَتْ عَائِشَةُ رضى الله عنها وَلَقَدْ رَأَيْتُهُ يَنْزِلُ عَلَيْهِ الْوَحْىُ فِي الْيَوْمِ الشَّدِيدِ الْبَرْدِ، فَيَفْصِمُ عَنْهُ وَإِنَّ جَبِينَهُ لَيَتَفَصَّدُ عَرَقًا.
ആയിശ (റ) വിൽ നിന്ന് നിവേദനം: ഹിശാമിന്‍റെ മകന്‍ ഹാരീസ് ഒരിക്കല്‍ നബി ﷺ യോട് ചോദിക്കുകയുണ്ടായി. അല്ലാഹുവിന്‍റെ പ്രവാചകരേ! താങ്കള്‍ക്ക് ദൈവീകസന്ദേശം വന്നുകിട്ടുന്നതെങ്ങനെയാണ്? നബി ﷺ പറഞ്ഞു: മണിനാദം മുഴങ്ങുന്നതുപോലെ ചിലപ്പോള്‍എനിക്ക് ദിവ്യസന്ദേശം ലഭിക്കും. ഇതാണ് എനിക്ക് താങ്ങാന്‍ ഏറ്റവും പ്രയാസമായിട്ടുള്ളത്. പിന്നീട് അത് നിലക്കുമ്പോഴേക്കും ആ സന്ദേശവാഹകന്‍ പറഞ്ഞത് ഞാന്‍ ശരിക്കും ഹൃദിസ്ഥമാക്കിക്കഴിഞ്ഞിട്ടുണ്ടാവും. മറ്റുചിലപ്പോള്‍ പുരുഷരൂപത്തില്‍ മലക്ക് എന്‍റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട് സംസാരിക്കും. മലക്ക് പറഞ്ഞതെല്ലാം ഞാന്‍ ഹൃദിസ്ഥമാക്കുകയും ചെയ്യുന്നു. ആയിശ(റ) പറയുന്നു: കഠിനശൈത്യമുള്ള ദിവസം നബി ﷺ ക്ക് ദിവ്യസന്ദേശം കിട്ടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതില്‍ നിന്ന് വിരമിച്ച് കഴിയുമ്പോള്‍ അവിടുത്തെ നെറ്റിത്തടം വിയര്‍ത്തൊലിക്കുന്നുണ്ടാവും. (ബുഖാരി:2)
നബി ﷺ വാഹനപ്പുറത്തായിരിക്കെ വഹ്‌യ് വരുമ്പോള്‍, അതിന്‍റെ ഭാരം നിമിത്തം, വാഹനം നിലംപതിക്കാറായിപ്പോകുമെന്നും ഹദീസുകളില്‍ വന്നിരിക്കുന്നു.
എന്താണ് ഈ ഭാരം? മണി അടിക്കുന്ന ശബ്ദം എങ്ങിനെ ഉണ്ടാകുന്നു?. അതില്‍ നിന്ന് എങ്ങിനെയാണ് നബി ﷺ ക്ക് കാര്യം മനസ്സിലാവുക? എന്നീ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയുക നമുക്ക് സാദ്ധ്യമല്ല. ആത്മീയ ലോകത്തിനും, ഭൗതികലോക ത്തിനുമിടക്ക്, അഥവാ ദിവ്യലോകത്തിനും, മനുഷ്യലോകത്തിനുമിടക്ക് നടക്കുന്ന ഒരു വാര്‍ത്താ ബന്ധമാണത്. അതിനെ പറ്റി അല്ലാഹുവും, അവന്‍റെ റസൂൽ ﷺ യും പറഞ്ഞു തന്നത് മാത്രം മനസ്സിലാക്കുവാനേ നമുക്ക് നിവൃത്തിയുള്ളൂ . അത് നാം വിശ്വസിക്കുകയും വേണം. മേല്‍ കണ്ട രൂപങ്ങള്‍ക്കു പുറമെ, ചിലപ്പോള്‍ സ്വപ്നങ്ങള്‍ വഴിയും, മറ്റു ചിലപ്പോള്‍ ഹൃദയത്തില്‍ തോന്നിപ്പിക്കുക വഴിയും വഹ്‌യ് ലഭിക്കാറുള്ളതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. മലക്ക് മുഖേനയുള്ള വഹ്‌യിനെക്കുറിച്ചാണ് മേല്‍ ഉദ്ധരിച്ച ഹദീസില്‍ പ്രസ്താവിച്ചിരിക്കുന്നത് . നബിമാര്‍ക്ക് ദിവ്യസന്ദേശങ്ങള്‍ ലഭിക്കുന്ന മാര്‍ഗങ്ങളെപറ്റി ഖുര്‍ആന്‍ ഇപ്രകാരം പറയുന്നു:
ﻭَﻣَﺎ ﻛَﺎﻥَ ﻟِﺒَﺸَﺮٍ ﺃَﻥ ﻳُﻜَﻠِّﻤَﻪُ ٱﻟﻠَّﻪُ ﺇِﻻَّ ﻭَﺣْﻴًﺎ ﺃَﻭْ ﻣِﻦ ﻭَﺭَآﺉِ ﺣِﺠَﺎﺏٍ ﺃَﻭْ ﻳُﺮْﺳِﻞَ ﺭَﺳُﻮﻻً ﻓَﻴُﻮﺣِﻰَ ﺑِﺈِﺫْﻧِﻪِۦ ﻣَﺎ ﻳَﺸَﺎٓءُ ۚ ﺇِﻧَّﻪُۥ ﻋَﻠِﻰٌّ ﺣَﻜِﻴﻢٌ
(നേരിട്ടുള്ള) ഒരു ബോധനം എന്ന നിലയിലോ ഒരു മറയുടെ പിന്നില്‍ നിന്നായിക്കൊണ്ടോ, ഒരു ദൂതനെ അയച്ച് അല്ലാഹുവിന്റെ അനുവാദപ്രകാരം അവന്‍ ഉദ്ദേശിക്കുന്നത് അദ്ദേഹം (ദൂതന്‍) ബോധനം നല്‍കുക എന്ന നിലയിലോ അല്ലാതെ അല്ലാഹു തന്നോട് സംസാരിക്കുകയെന്ന കാര്യം യാതൊരു മനുഷ്യനും ഉണ്ടാവുകയില്ല. തീര്‍ച്ചയായും അവന്‍ ഉന്നതനും യുക്തിമാനുമാകുന്നു. (ഖു൪ആന്‍ :42/51)
മലക്ക് മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെടാറുണ്ടെന്ന് ഹദീസില്‍ കണ്ടുവല്ലോ. വളരെസുന്ദരനും, സുമുഖനുമായിരുന്ന ദഹിയ്യത്തുല്‍ കല്‍ബീ (റ) എന്ന സ്വഹാബിയുടെ രൂപത്തില്‍ ജിബ്‌രീല്‍ (അ) വന്നിരുന്നതായും മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന ചില സന്ദര്‍ഭങ്ങളില്‍ സ്വഹാബികള്‍ ആ ‘മനുഷ്യനെ’ കണ്ടിട്ടുള്ളതായും, അദ്ദേഹത്തിന്‍റെ സംസാരം കേട്ടതായും ഹദീസുകളില്‍ വന്നിരിക്കുന്നു. പക്ഷേ, പിന്നീട് നബി ﷺ അവര്‍ക്ക് പറഞ്ഞു കൊടുത്തതിനു ശേഷമേ അത് മലക്കായിരു ന്നുവെന്ന് അവര്‍ അറിഞ്ഞിരുന്നുള്ളൂ .
എന്തിനു വേണ്ടി അവതരിച്ചു?
ലോക രക്ഷിതാവായ അല്ലാഹു എന്താവശ്യാര്‍ത്ഥമാണ് വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് സാമാന്യമായെങ്കിലും അറിയാത്ത ആളുകളുണ്ടായിരിക്കുകയില്ല. ഭൂലോകജനതയുടെ വിജയവും, മോക്ഷവുമാണ് അതിന്‍റെ ലക്ഷ്യമെന്ന് ഒറ്റ വാക്യത്തിൽ പറയാം. ഖുര്‍ആന്‍, അതിന്‍റെ അവതരണോദ്ദേശ്യങ്ങളെക്കുറിച്ച് പല സ്ഥലങ്ങളിലും പ്രസ്താവിച്ചിരിക്കുന്നത് കാണാം. അവയില്‍ ചിലത് കാണുക:
الٓمٓ ﴿١﴾ ذَٰلِكَ ٱلْكِتَٰبُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ ﴿٢﴾
അലിഫ് ലാം മീം. ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്. (ഖു൪ആന്‍ :2/1-2)
الٓر ۚ كِتَٰبٌ أَنزَلْنَٰهُ إِلَيْكَ لِتُخْرِجَ ٱلنَّاسَ مِنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ بِإِذْنِ رَبِّهِمْ إِلَىٰ صِرَٰطِ ٱلْعَزِيزِ ٱلْحَمِيدِ
അലിഫ് ലാം റാ മനുഷ്യരെ അവന്‍റെ രക്ഷിതാവിന്‍റെ അനുമതി പ്രകാരം ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുവാന്‍ വേണ്ടി നിനക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള ഗ്രന്ഥമാണിത്. അതായത്, പ്രതാപിയും സ്തുത്യര്‍ഹനും ആയിട്ടുള്ളവന്‍റെ മാര്‍ഗത്തിലേക്ക്. (ഖു൪ആന്‍ :14/1)
كِتَٰبٌ أُنزِلَ إِلَيْكَ فَلَا يَكُن فِى صَدْرِكَ حَرَجٌ مِّنْهُ لِتُنذِرَ بِهِۦ وَذِكْرَىٰ لِلْمُؤْمِنِينَ
(നബിയേ,) നിനക്ക് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമത്രെ ഇത്. അതിനെ സംബന്ധിച്ച് നിന്‍റെ മനസ്സില്‍ ഒരു പ്രയാസവും ഉണ്ടായിരിക്കരുത്. അതു മുഖേന നീ താക്കീത് നല്‍കുവാന്‍ വേണ്ടിയും സത്യവിശ്വാസികള്‍ക്ക് ഉല്‍ബോധനം നല്‍കുവാന്‍ വേണ്ടിയുമാണത്. (ഖു൪ആന്‍ :7/1)
إِنَّ هَٰذَا ٱلْقُرْءَانَ يَهْدِى لِلَّتِى هِىَ أَقْوَمُ وَيُبَشِّرُ ٱلْمُؤْمِنِينَ ٱلَّذِينَ يَعْمَلُونَ ٱلصَّٰلِحَٰتِ أَنَّ لَهُمْ أَجْرًا كَبِيرًا ﴿٩﴾
وَأَنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا ﴿١٠﴾
തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു. പരലോകത്തില്‍ വിശ്വസിക്കാത്തവരാരോ അവര്‍ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട് എന്നും (സന്തോഷവാര്‍ത്ത അറിയിക്കുന്നു.) (ഖു൪ആന്‍ :17/9-10)
طسٓ ۚ تِلْكَ ءَايَٰتُ ٱلْقُرْءَانِ وَكِتَابٍ مُّبِينٍ ﴿١﴾
هُدًى وَبُشْرَىٰ لِلْمُؤْمِنِينَ ﴿٢﴾
ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَيُؤْتُونَ ٱلزَّكَوٰةَ وَهُم بِٱلْـَٔاخِرَةِ هُمْ يُوقِنُونَ ﴿٣﴾
ത്വാ-സീന്‍. ഖുര്‍ആനിലെ, അഥവാ കാര്യങ്ങള്‍ സ്പഷ്ടമാക്കുന്ന ഗ്രന്ഥത്തിലെ വചനങ്ങളത്രെ അവ.
സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും സന്തോഷവാര്‍ത്തയുമത്രെ അത്.
നമസ്കാരം മുറപോലെ നിവ്വഹിക്കുകയും, സകാത്ത് നല്‍കുകയും, പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക്. (ഖു൪ആന്‍ :27/1-3)
كِتَٰبٌ أَنزَلْنَٰهُ إِلَيْكَ مُبَٰرَكٌ لِّيَدَّبَّرُوٓا۟ ءَايَٰتِهِۦ وَلِيَتَذَكَّرَ أُو۟لُوا۟ ٱلْأَلْبَٰبِ
നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി. (ഖു൪ആന്‍ :38/29)
സൂറത്തുല്‍ മാഇദഃയില്‍ (46-48) തൗറാത്തിനെക്കുറിച്ച് പ്രസ്താവിച്ച ശേഷം, ഈസാ (അ)നെ സംബന്ധിച്ചും ഇന്‍ജീലിനെ സംബന്ധിച്ചും ഇപ്രകാരം പറയുന്നു:
وَمُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ ٱلتَّوْرَىٰةِ
അതിന്‍റെ മുമ്പിലുള്ള തൌറാത്തിനെ ശരിവെക്കുന്നതാണത്. (ഖു൪ആന്‍ :5/46)
ഇന്‍ജീലിനെപ്പറ്റി ഇപ്രകാരം പറയുന്നു:
وَهُدًى وَمَوْعِظَةً لِّلْمُتَّقِينَ
ഭയഭക്തന്മാര്‍ക്ക് മാര്‍ഗദര്‍ശനവും, സദുപദേശവുമൈണത്. (ഖു൪ആന്‍ :5/46)
പിന്നീട് തുടര്‍ന്നുകൊണ്ട് ഖുര്‍ആനിനെ പറ്റി നബി ﷺ യോട് അല്ലാഹു ഇങ്ങിനെ പറയുന്നു:
وَأَنزَلْنَآ إِلَيْكَ ٱلْكِتَٰبَ بِٱلْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ ٱلْكِتَٰبِ وَمُهَيْمِنًا عَلَيْهِ ۖ فَٱحْكُم بَيْنَهُم بِمَآ أَنزَلَ ٱللَّهُ ۖ وَلَا تَتَّبِعْ أَهْوَآءَهُمْ عَمَّا جَآءَكَ مِنَ ٱلْحَقِّ ۚ لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا
(നബിയേ,) നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അതിന്‍റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്. അതിനാല്‍ നീ അവര്‍ക്കിടയില്‍ നാം അവതരിപ്പിച്ച് തന്നതനുസരിച്ച് വിധികല്‍പിക്കുക. നിനക്ക് വന്നുകിട്ടിയ സത്യത്തെ വിട്ട് നീ അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിപോകരുത്. നിങ്ങളില്‍ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കര്‍മ്മമാര്‍ഗവും നാം നിശ്ചയിച്ച് തന്നിരിക്കുന്നു. (ഖു൪ആന്‍ :5/48)
അപ്പോള്‍, ഇന്‍ജീലും ഈസാ നബി (അ)യും അതിന് മുമ്പുള്ള വേദഗ്രന്ഥമായ തൗറാത്തിന്‍റെ സത്യത സ്ഥാപിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നു. അതുപോലെ, ഖുര്‍ആന്‍ അതിനു മുമ്പുള്ള എല്ലാ വേദഗ്രന്ഥങ്ങളെയും സത്യപ്പെടുത്തുന്നുണ്ട്. അതേ സമയത്ത് അവയുടെയെല്ലാം ഒരു മേലന്വേഷണം കൂടി ഖുര്‍ആന്‍ നടത്തുന്നുവെന്ന് ഇതില്‍ നിന്നു സ്പഷ്ടമാകുന്നു. മുന്‍വേദക്കാര്‍ അവരുടെ വേദഗ്രന്ഥങ്ങളില്‍ കൈകടത്തിയിട്ടുള്ള ഭാഗങ്ങള്‍ ചൂണ്ടിക്കാട്ടുക, അതതു കാലത്തെ പരിതഃസ്ഥിതിക്കനുസരിച്ച് മാത്രം നടപ്പാക്കപ്പെട്ടിരുന്ന നിയമങ്ങളും, അനുഷ്ഠാന മുറകളും ദുര്‍ബ്ബലപ്പെടുത്തി അതിനു പകരം സുസ്ഥിരവും കൂടുതല്‍ പ്രായോഗികവുമായ നിയമാനുഷ്ഠാനങ്ങള്‍ നടപ്പില്‍ വരുത്തുക മുതലായവയാണ് ഇതുകൊണ്ട് വിവക്ഷിക്കപ്പെട്ടിരിക്കുന്നത്.
ബുദ്ധിയും, ശ്രദ്ധയും കൊടുത്തു ചിന്തിക്കുവാനും, മനസ്സമാധാനവും, ബോദ്ധ്യവും വന്നാല്‍ പഴയതെല്ലാം വിട്ട് ഖുര്‍ആനിന്‍റെ മാര്‍ഗദര്‍ശനം നിരുപാധികം സ്വീകരിക്കുവാനും തയ്യാറുള്ളവര്‍ക്ക് മാത്രമേ ഖുര്‍ആന്‍ ഫലം ചെയ്യുകയുള്ളൂ . സത്യം സ്വീകരിക്കുവാനും നിഷ്പക്ഷമായി ചിന്തിക്കാനും തയ്യാറില്ലാത്തവര്‍ക്ക് ഖുര്‍ആന്‍ അനുഗ്രഹമായിത്തീരുന്നതല്ല. നേരേമറിച്ച് കൂടുതല്‍ നാശനഷ്ടത്തിന്ന് അതു വഴിവെക്കുന്നതുമാണ്. നബി ﷺ ഈ വസ്തുത ഇങ്ങിനെ ചൂണ്ടിക്കാട്ടുന്നു.
إِنَّ اللَّهَ يَرْفَعُ بِهَذَا الْكِتَابِ أَقْوَامًا، وَيَضَعُ بِهِ آخَرِينَ
നിശ്ചയമായും, ഈ വേദഗ്രന്ഥം മുഖേന അല്ലാഹു ചില ജനങ്ങളെ ഉയര്‍ത്തിവെക്കുകയും, വേറെ ചില ജനങ്ങളെ താഴ്ത്തിവെക്കുകയും ചെയ്യുന്നു. (മുസ്ലിം:817)
ഗ്രന്ഥരൂപത്തിലാക്കിയതും ക്രമീകരണവും
സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് കൂറേശ്ശെയായി 23 കൊല്ലംകൊണ്ടാണ് ക്വുര്‍ആന്‍റെ അവതരണം പൂര്‍ത്തിയായതെന്ന് പറഞ്ഞുവല്ലോ. ഒരിക്കല്‍ അവതരിച്ച ഭാഗത്തിന്‍റെ തുടര്‍ന്നുള്ള ഭാഗം തന്നെ അടുത്ത പ്രാവശ്യം അവതരിച്ചുകൊളളണമെന്നില്ലെന്നും, ആദ്യം തൊട്ട് അവസാനംവരെ ഒരേ ക്രമത്തില്‍ അവതരിക്കാറില്ലെന്നും ഇതില്‍നിന്നു വ്യക്തമാണ്. അപ്പോള്‍ മുഴുവന്‍ ഭാഗവും അവതരിച്ച് തീരുന്നതിനു മുമ്പ് ഒരേ ഏടില്‍ അവ ക്രമപ്രകാരം രേഖപ്പെടുത്തിവെക്കുവാന്‍ സാധിക്കാതെയിരിക്കുന്നതും സ്വാഭാവികമാണ്. അതത് സമയത്ത് അവതരിക്കുന്ന ഭാഗം എഴുതിവെക്കുവാന്‍ നബി ﷺ അവിടുത്തെ എഴുത്തുകാരോട് കല്‍പ്പിക്കും. അവരത് എഴുതി സൂക്ഷിക്കുകയും ചെയ്യും. ഇന്നിന്ന ഭാഗം, ഇന്നിന്ന സൂറത്തിന്‍റെ ഇന്നിന്ന ഭാഗത്തു ചേര്‍ക്കണമെന്ന നബി ﷺ അവര്‍ക്കു പ്രത്യേകം നിര്‍ദ്ദേശം കൊടുക്കുക പതിവായിരുന്നു. മക്കയിലായിരുന്നപ്പോഴും, മദീനയിലായിരുന്നപ്പോഴും നബി ﷺ ക്ക് എഴുത്തുകാരുമുണ്ടായിരുന്നു. അങ്ങിനെ, അപ്പപ്പോള്‍ ലഭിക്കുന്ന വഹ്‌യുകള്‍ ഒന്നിലധികം ആളുകള്‍ എഴുതിവെക്കുമായിരുന്നു. എങ്കിലും, എല്ലാ ഭാഗവും കൂടി – ആദ്യം തൊട്ട് അവസാനം വരെ – ക്രമപ്രകാരം ഒരേ ഏടില്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.
ഒരേ ഗ്രന്ഥത്തില്‍ അതു ക്രോഡീകരിക്കപ്പെടാതിരുന്നതിന് ഇതു മാത്രമല്ല കാരണം. അക്കാലത്ത് എഴുതുവാനും, രേഖപ്പെടുത്തുവാനുമുള്ള ഉപകരണങ്ങളുടെയും, സൗകര്യങ്ങളുടെയും വിരളതയും അതിന് കാരണമാകുന്നു. ആയിരമോ, പതിനായിരമോ പുറങ്ങളുള്ള ഒരു പുസ്തകം തയ്യാറാക്കുവാന്‍ ഇന്ന് നമുക്ക് പ്രയാസമില്ല. കടലാസിനും, മഷിക്കും പണം ചിലവാക്കിയാല്‍ മതി. അക്കാലത്ത് എഴുതുവാനുള്ള ഉപകരണങ്ങള്‍, ഈന്തപ്പനയുടെ വീതിയുള്ള മടല്‍, മരക്കഷ്ണം, തോല്‍ക്കഷ്ണം, കനം കുറഞ്ഞ കല്ല്, എല്ല് ആദിയായ കണ്ടം തുണ്ടം വസ്തുക്കളായിരുന്നു. അപ്പോള്‍, ഖുര്‍ആനിന്‍റെ മുഴുവന്‍ ഭാഗമോ, ഏതാനും ഭാഗമോ എഴുതിവെച്ചിട്ടുള്ള ഒരാളുടെ പക്കല്‍ കേവലം ഒരു പുസ്തകമല്ല ഉണ്ടായിരിക്കുക. അതതു സമയത്തു തരപ്പെട്ടു കിട്ടിയ ഇത്തരം ചില വസ്തുക്കളുടെ ശേഖരമായിരിക്കും. അതുകൊണ്ട് അവ ഒരു തലതൊട്ട് മറ്റേ തല വരെ ക്രമപ്പെടുത്തിവെക്കുവാന്‍ പ്രയാസവുമായിരിക്കും. ഖുര്‍ആന്‍ അല്ലാത്ത മറ്റു വല്ലതും – വഹ്‌യുകളാകട്ടെ, മറ്റു വിജ്ഞാന മൊഴികളാകട്ടെ – അക്കൂട്ടത്തില്‍ കലര്‍ന്ന് പിശക് പറ്റാതിരിക്കുവാനായി നബി ﷺ ആദ്യമേ തന്നെ നടപടി എടുത്തിരുന്നു. അവിടുന്ന് പറയുമായിരുന്നു:
لا تكتبوا عنى شيئا غيرا القران
ഖുര്‍ആന്‍ അല്ലാത്തതൊന്നും എന്നില്‍ നിന്നും നിങ്ങള്‍ എഴുതിവെക്കരുത്. (മുസ്ലിം)
ആവശ്യമായ കാര്യങ്ങള്‍ പുസ്തകങ്ങളില്‍ കുറിച്ചുവെക്കുകയും, സന്ദര്‍ഭം നേരിടുമ്പോള്‍ അതു നോക്കി ഓര്‍മ്മ പുതുക്കുകയും ചെയ്യുക നമ്മുടെ പതിവാണ്. എന്നാല്‍, അറബികളുടെ സ്ഥിതി ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. എഴുത്തറിയുന്ന വ്യക്തികള്‍ വളരെ വിരളം. എഴുതുവാനുള്ള ഉപകരണങ്ങളും തൃപ്തികരമല്ല. കേട്ടതെല്ലാം അപ്പടി മനഃപാഠമാക്കുവാനും, വേണ്ടുമ്പോഴെല്ലാം അതു ഓര്‍മയില്‍ നിന്ന് ഉദ്ധരിക്കുവാനും അല്ലാഹു അവര്‍ക്കൊരു പ്രത്യേക കഴിവു കൊടുത്തിരുന്നു. ഇക്കാര്യത്തില്‍ അക്കാലത്ത് പ്രത്യേകിച്ചും അറബികള്‍ക്കുള്ള വൈഭവം മറ്റേതു ജനതയെയും കവച്ചുവെക്കുമായിരുന്നു. ആയിരക്കണക്കിലുള്ള പദ്യങ്ങളും, നീണ്ട നീണ്ട വാര്‍ത്തകളും അക്ഷരം തെറ്റാതെ പലരും സ്മൃതിപഥത്തില്‍ സൂക്ഷിക്കുക പതിവാണ്. ആകയാല്‍, ഖുര്‍ആന്‍ എഴുതി സൂക്ഷിച്ചിരുന്ന വ്യക്തികളെക്കാള്‍ എത്രയോ അധികം ആളുകള്‍ ഖുര്‍ആന്‍ മുഴുവനും ഹൃദിസ്ഥമാക്കീട്ടുണ്ടായിരുന്നു.
ഹിജ്‌റഃ 4-ാം കൊല്ലത്തില്‍, നജ്ദിന്‍റെ ഭാഗത്തേക്കു മതോപദേശാര്‍ത്ഥം നബി ﷺ എഴുപത് പേരെ അയക്കുകയും, ശത്രുക്കളുടെ വഞ്ചനാപരമായ അക്രമം നിമിത്തം അവരില്‍ ഒന്നോ, രണ്ടോ പേരൊഴിച്ച് ബാക്കിയുളളവരെല്ലാം ബിഅ്ര്‍മഊയില്‍ വെച്ച് കൊല്ലപ്പെടുകയുമുണ്ടായി. ഈ എഴുപത് പേരും ഖുര്‍ആന്‍ പാരായണക്കാര്‍ എന്ന പേരില്‍ അറിയപ്പെടുന്നവരായിരുന്നു. ഇവരുടെ നഷ്ടത്തില്‍ നബി ﷺ അത്യധികം വ്യസനിച്ചതും, ഒരു മാസത്തോളം നമസ്‌കാരത്തില്‍ പ്രത്യേക പ്രാര്‍ത്ഥന (ഖുനൂത്ത്) നടത്തിയതും പ്രസിദ്ധമാണ്. അതുവരെ അവതരിച്ച ഖുര്‍ആന്‍ മിക്കവാറും മനഃപാഠമായി ഓതിവന്നിരുന്നതുകൊണ്ടാണ് അവര്‍ക്ക് ‘ക്വുര്‍റാഅ്’ എന്ന് പേരുണ്ടായത്. ഈ സംഭവത്തില്‍ നിന്നുതന്നെ, ഖുര്‍ആന്‍ മനഃപാഠമാക്കിയിരുന്നവര്‍ സ്വഹാബികളില്‍ ധാരാളമുണ്ടായിരുന്നുവെന്ന് വ്യക്തമാണ്. നബി ﷺ നമസ്‌കാരത്തില്‍ വളരെ അധികം ഖുര്‍ആന്‍ ഓതാറുണ്ടായിരുന്നു. ഇതു കേട്ടാണ് പലരും അതു പാഠമിട്ടിരുന്നത്. സമയം കിട്ടുമ്പോഴെല്ലാം ഖുര്‍ആന്‍ പാരായണം നടത്തലും അതു കേള്‍ക്കലും സ്വഹാബികളുടെ പതിവുമായിരുന്നു. ഇങ്ങനെ, ലിഖിതങ്ങളിലും, ഹൃദയങ്ങളിലുമായി ഖുര്‍ആനിന്‍റെ പൂര്‍ണഭാഗം പലരുടെയും വശം തയ്യാറുണ്ടായിരിക്കെയാണ് നബി ﷺ യുടെ വഫാത്ത് (വിയോഗം) സംഭവിച്ചത്.
നബി ﷺ യുടെ വഫാത്തോടുകൂടി അറബികളില്‍ പല ഗോത്രങ്ങളും ഇസ്‌ലാമില്‍ നിന്നു അകന്നുപോയതും ഒന്നാം ഖലീഫഃ അബൂബക്ര്‍ (റ) അവരുടെ നേരെ വമ്പിച്ച സൈന്യനടപടികള്‍ എടുത്തതും അതിനെത്തുടര്‍ന്ന് അവരെല്ലാം ഇസ്‌ലാമിലേക്ക് തിരിച്ചുവന്ന് അന്തരീക്ഷം ശാന്തമായതും ചരിത്ര പ്രസിദ്ധമാണല്ലോ. അന്നത്തെ സംഭവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു, മുസൈലമത്ത് എന്ന കള്ള പ്രവാചകനുമായുണ്ടായ ഏറ്റുമുട്ടല്‍. ആ യുദ്ധത്തില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയിരുന്ന നൂറുക്കണക്കിലുള്ള സ്വഹാബികള്‍ രക്തസാക്ഷികളായിത്തീര്‍ന്നു. ഇതുപോലെ ഇനിയും വല്ല സംഭവങ്ങളും ഉണ്ടായേക്കുന്ന പക്ഷം, ഖുര്‍ആന്‍ പാഴായിപ്പോകുമെന്നും, അതുകൊണ്ട് ഖുര്‍ആന്‍ ആദ്യന്തം ഒരേ ഗ്രന്ഥത്തില്‍ എഴുതി സൂക്ഷിക്കണമെന്നും ഉമര്‍ (റ) ഖലീഫഃ അബൂബക്ര്‍ (റ)നെ ഉണര്‍ത്തി. നബി ﷺ ചെയ്തിട്ടില്ലാത്ത ഒരു പ്രവൃത്തി താന്‍ എങ്ങിനെ ചെയ്യുമെന്ന് കരുതി അദ്ദേഹം ആദ്യം വിസമ്മതിച്ചു. എങ്കിലും ഭവിഷ്യത്തിനെപ്പറ്റി ഉമര്‍ (റ) വിശദീകരിച്ചുകൊടുത്തപ്പോള്‍, അദ്ദേഹം അതിന് മുമ്പോട്ടു വരികതന്നെ ചെയ്തു.
അങ്ങനെ, അദ്ദേഹം സൈദുബ്‌നുഥാബിത്ത് (റ) വിനെ വിളിച്ചു വരുത്തി കാര്യം മനസ്സിലാക്കിക്കൊടുത്തു. അബൂബക്ര്‍ (റ) പറഞ്ഞു: ‘താങ്കള്‍ ബുദ്ധിമാനായ ഒരു യുവാവാകുന്നു. ഞങ്ങള്‍ക്ക് താങ്കളെപറ്റി യാതൊരു തെറ്റിദ്ധാരണയും ഇല്ല. താങ്കള്‍ നബി ﷺ യുടെ വഹ്‌യുകള്‍ എഴുതിയിരുന്ന ആളാണല്ലോ. ആകയാല്‍, താങ്കള്‍ ശരിക്ക് അന്വേഷണം നടത്തി ഖുര്‍ആനെ ഒന്നായി ശേഖരിക്കണം’. സൈദ് (റ) തന്നെ ഒരിക്കല്‍ പ്രസ്താവിച്ചതുപോലെ, ‘ഒരു പര്‍വ്വതം അതിന്‍റെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിനെക്കാള്‍ ഭാരിച്ചതായ’ ആ കൃത്യം അദ്ദേഹം ഏറ്റെടുത്തു. ആ കൃത്യത്തിന് സൈദ് (റ)നെ തെരഞ്ഞെടുക്കുവാനുള്ള കാരണവും, അതിനുള്ള അദ്ദേഹത്തിന്‍റെ അര്‍ഹതയും അബൂബക്ര്‍ (റ) വിന്‍റെ ഈ പ്രസ്താവനയില്‍ നിന്നു തന്നെ മനസ്സിലാക്കാവുന്നതാണ്.
സ്വന്തം മനഃപാഠത്തെയോ, മറ്റു പലരുടെയും മനഃപാഠങ്ങളെയോ, അല്ലെങ്കില്‍ എഴുതിവെച്ചിട്ടുള്ളവരുടെ ഏടുകളെയോ മാത്രം ആസ്പദമാക്കിയായിരുന്നില്ല, സൈദ് (റ) തന്‍റെ കൃത്യം നിര്‍വ്വഹിച്ചത്. ഇതിനെല്ലാം പുറമെ ലിഖിതങ്ങളിലെ ഉള്ളടക്കങ്ങള്‍ അതേപടി നബി ﷺ യില്‍ നിന്നു നേരിട്ടു കേട്ടെഴുതിയതാണെന്നു രണ്ടു സാക്ഷികളെങ്കിലും സാക്ഷ്യപ്പെടുത്തുക കൂടി ചെയ്തശേഷമേ അദ്ദേഹം അതു സ്വീകരിച്ചിരുന്നുള്ളൂ. നബി ﷺ യില്‍ നിന്ന് ആരെങ്കിലും ഖുര്‍ആന്‍റെ വല്ല ഭാഗവും കേട്ടു രേഖപ്പെടുത്തിവെച്ചിട്ടുണ്ടെങ്കില്‍, അതെല്ലാം ഹാജരാക്കണം’ എന്ന് ഉമര്‍ (റ) വിളംബരപ്പെടുത്തുകയും ചെയ്തിരുന്നു. അപ്പോള്‍ രണ്ടോ, നാലോ പേരുടെ സാക്ഷ്യത്തെ അടിസ്ഥാനമാക്കിയല്ല- നിരവധി സ്വഹാബികളുടെ ഏകകണ്ഠമായ അറിവിനെ അടിസ്ഥാനമാക്കിയാണ്- ആദ്യന്തം ഈ സംഗതി നടന്നതെന്നു വ്യക്തമാണ്. ഖുര്‍ആനിന്‍റെ ഓരോ വചനവും متواتر (‘മുതവാതിര്‍’ – സംശയത്തിന് പഴുതില്ലാത്തവിധം നിരവധി ആളുകളാല്‍ അറിയപ്പെട്ടത്) ആണെന്ന് പറയുന്നത് ഇതുകൊണ്ടാണ്. ഇപ്രകാരം സ്വഹാബികളുടെയെല്ലാം അറിവോടുകൂടി, സൈദ് (റ) വിന്‍റെ കയ്യായി ഖുര്‍ആന്‍ മുഴുവന്‍ ഭാഗവും നാം ഇന്നു കാണുന്ന പ്രകാരം ഒരു ഏടില്‍ സമാഹൃതമായി. ഈ ഏടിന്ന് അബൂബക്ര്‍ (റ) ‘മുസ്വ്ഹഫ്’ (المصحف – രണ്ടു ചട്ടക്കിടയില്‍ ഏടാക്കി വെക്കപ്പെട്ടത്) എന്ന് നാമകരണവും ചെയ്തു. അദ്ദേഹത്തിന്‍റെ വിയോഗം വരെ അദ്ദേഹവും, പിന്നീട് ഉമറും (റ) അത് സൂക്ഷിച്ചുപോന്നു. ഉമര്‍ (റ) വിന്‍റെ വിയോഗാനന്തരം അദ്ദേഹത്തിന്‍റെ മകളും, നബി ﷺ യുടെ പത്‌നിയുമായിരുന്ന ഹഫ്‌സ്വ (റ)യുടെ അടുക്കലായിരുന്നു ആ മുസ്വ്ഹഫ്.
ഉഥ്മാന്‍ (റ) വിന്‍റെ ഖിലാഫത്തു കാലമായപ്പോഴേക്ക് അതിവിദൂര പ്രദേശങ്ങളായ പല നാട്ടിലും ഇസ്‌ലാമിന് പ്രചാരം സിദ്ധിക്കുകയും, മുസ്‌ലിംകള്‍ പെരുകിക്കൊണ്ടിരിക്കുകയും ചെയ്തുവല്ലോ. പലപ്രദേശക്കാരും, ഭാഷക്കാരുമായ ആളുകള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍, അവര്‍ക്കിടയില്‍ വായനയില്‍ അല്‍പാല്‍പ വ്യത്യാസങ്ങള്‍, അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നതായി ഹുദൈഫത്തുബ്‌നുല്‍യമാന്‍ (റ) മനസ്സിലാക്കി . വിദൂരസ്ഥലങ്ങളില്‍പോയി യുദ്ധത്തില്‍ പങ്കെടുത്തിരുന്ന ഒരു സ്വഹാബിയായിരുന്നു ഹുദൈഫഃ (റ). ഈ നില തുടരുന്ന പക്ഷം, ജൂതരും, ക്രിസ്ത്യാനികളും അവരുടെ വേദഗ്രന്ഥങ്ങളില്‍ ഭിന്നിച്ചതുപോലെ, മുസ്‌ലിംകളും ഭാവിയില്‍ ഭിന്നിച്ചുപോകുവാന്‍ ഇടയുണ്ടെന്ന് അദ്ദേഹം ഉഥ്മാന്‍ (റ)നെ ധരിപ്പിച്ചു. ഉടനടി ഇതിന് പരിഹാരമുണ്ടാക്കണമെന്നുണര്‍ത്തി. അങ്ങിനെ, അദ്ദേഹം ഹഫ്‌സ്വഃ (റ) യുടെ പക്കല്‍ നിന്ന് ആ ‘മുസ്വ്ഹഫ്’ അതിന്‍റെ പലപകര്‍പ്പുകളും എടുക്കുവാന്‍ ഒരു സംഘം സ്വഹാബികളെ ഏല്‍പ്പിച്ചു. ഈ സംഘത്തിന്‍റെ തലവനും സൈദുബ്‌നുഥാബിത് (റ) തന്നെ ആയിരുന്നു.
പകര്‍പ്പുകള്‍ എടുത്ത ശേഷം മുസ്വ്ഹഫ് ഹഫ്‌സ്വഃ (റ)ക്ക് തന്നെ തിരിച്ചു കൊടുക്കുകയും പകര്‍ത്തെടുത്ത കോപ്പികള്‍ നാടിന്‍റെ നാനാഭാഗത്തുമുള്ള പ്രധാന കേന്ദ്രങ്ങളിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. മേലില്‍ ഖുര്‍ആന്‍ പാരായണം പ്രസ്തുത മുസ്വ്ഹഫുകളിലെ ക്രമമനുസരിച്ചായിരിക്കണമെന്ന് ഖലീഫഃ വിളംബരപ്പെടുത്തുകയും ചെയ്തു. ഉഥ്മാന്‍ (റ) വിന്‍റെ കാലത്ത് പല രാജ്യങ്ങളിലേക്കും അയച്ച ഈ മുസ്വ്ഹഫുകളില്‍ നിന്നുള്ള നേര്‍പകര്‍പ്പുകളാണ് ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലുമുള്ള മുസ്വ്ഹഫുകള്‍. ഇക്കാരണംകൊണ്ടാണ് മുസ്വ്ഹഫുകള്‍ക്ക് ‘ഉഥ്മാനി മുസ്വ്ഹഫ്’ എന്നു പറയപ്പെടുന്നത്.
ഓരോ സന്ദര്‍ഭത്തിലും അവതരിച്ചിരുന്ന ഖുര്‍ആന്‍ വചനങ്ങള്‍ അതിനു മുമ്പ് അവതരിച്ചു കഴിഞ്ഞിട്ടുള്ള ഭാഗങ്ങളുടെ ഏതേതു സ്ഥാനങ്ങളില്‍ ചേര്‍ക്കണമെന്ന് നബി ﷺ എഴുത്തുകാര്‍ക്ക് അപ്പപ്പോള്‍ നിര്‍ദ്ദേശം നല്‍കാറുണ്ടായിരുന്നുവെന്നു പറഞ്ഞുവല്ലോ. ആകയാല്‍, അതതു സൂറത്തുകള്‍ ഉള്‍കൊള്ളുന്ന ആയത്തുകളും ഓരോ സൂറത്തിന്‍റെയും ആദ്യാവസാനങ്ങളും നബി ﷺ പറഞ്ഞുകൊടുത്തിട്ടുള്ളതാണെന്നു സ്പഷ്ടമാണ്. മാത്രമല്ല, ഓരോ സൂറത്തും ബിസ്മി കൊണ്ട് വേര്‍തിരിക്കപ്പെടുകയും ചെയ്തിരുന്നു. ഒരു സൂറത്തും മറ്റേ സൂറത്തും തമ്മില്‍ നബി ﷺ വേര്‍ തിരിച്ചറിഞ്ഞിരുന്നത് ‘ബിസ്മി’ അവതരിക്കുന്നതുകൊണ്ടായിരുന്നു വെന്ന് അബൂദാവൂദ് (റ) നിവേദനം ചെയ്ത ഒരു ഹദീഥില്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇന്ന് മുസ്വ്ഹഫുകളില്‍ കണ്ടുവരുന്ന ക്രമമനുസരിച്ച് ഓരോ സൂറത്തും അതാതിന്‍റെ സ്ഥാനങ്ങളിലായി, ഇന്നതിനു ശേഷം ഇന്നതു എന്ന നിലക്ക് നബി ﷺ യുടെ കാലത്ത് ക്രമീകരിക്കപ്പെട്ടിരുന്നോ എന്നതിനെ പറ്റി പണ്ഡിതന്മാര്‍ക്കിടയില്‍ രണ്ട് അഭിപ്രായമുണ്ട്. ഇല്ലെന്ന അഭിപ്രായപ്രകാരം ഇന്ന്കാണപ്പെടുന്ന രൂപത്തില്‍ 114 സൂറത്തുകള്‍ ക്രമപ്പെടുത്തിയതും പല കഷ്ണങ്ങളിലായി രേഖപ്പെടുത്തപ്പെട്ടിരുന്ന ഭാഗങ്ങളെല്ലാം ഒന്നിച്ചു ചേര്‍ത്തു ഒരു ഗ്രന്ഥത്തില്‍ ആക്കിയതുമാണ് സൈദു്‌നുഥാബിത്ത് (റ) മുഖാന്തരം അബൂബക്ര്‍ (റ) ചെയ്തത്. സൈദ് (റ) തയ്യാറാക്കിയ കോപ്പിയും, മറ്റു ചില സ്വഹാബികളുടെ കയ്‌വശം നിലവിലുണ്ടായിരുന്ന കോപ്പികളും തമ്മില്‍, സൂറത്തുകളുടെ ക്രമീകരണത്തില്‍ സ്വല്പം വ്യത്യാസം ഉണ്ടായിരുന്നെങ്കിലും, ഓരോ സൂറത്തും ഉള്‍കൊള്ളുന്ന ആയത്തുകളിലും, അവയുടെ ക്രമത്തിലും വ്യത്യാസമുണ്ടായിരുന്നില്ല. നമസ്‌കാരത്തിലൊ മറ്റോ പാരായണം ചെയ്യുമ്പോള്‍, അവരവര്‍ തങ്ങളുടെ പക്കലുളള ക്രമമനുസരിച്ച് സൂറത്തുകള്‍ ഓതുകയും ചെയ്തിരിക്കാം. സൂറത്തുകളുടെ അവതരണക്രമമനുസരിച്ചായിരിക്കും മിക്കവാറും അവര്‍ അവക്ക് ക്രമം നല്‍കിയിരിക്കുക എന്നു കരുതാം. ഉഥ്മാന്‍ (റ) വിന്‍റെ കാലത്ത് മുസ്വ്ഹഫിന്‍റെ കോപ്പികള്‍ വിതരണം ചെയ്യപ്പെടുകയും, അതിലെ ക്രമം എല്ലാവരും സ്വീകരിക്ക ണമെന്നു കല്പിക്കപ്പെടുകയും ചെയ്തതിനെത്തുടര്‍ന്ന് സൂറത്തുകളുടെ ക്രമത്തിലും ഇന്നീ കാണുന്ന ഐക്യരൂപം നിലവില്‍ വന്നു.
മുസ്വ്ഹഫില്‍ സൂറത്തുകള്‍ ക്രമപ്പെടുത്തിയത് അവയുടെ അവതരണക്രമം അനുസരിച്ചായിരുന്നില്ല. ഇന്നിന്ന സൂറത്തുകള്‍ക്ക് ശേഷം, അല്ലെങ്കില്‍ മുമ്പ്, ഇന്നിന്ന സൂറത്തുകള്‍ മാത്രമെ പാരായണം ചെയ്യാവൂ എന്ന് ഒരു നിര്‍ദ്ദേശവും നബി ﷺ യില്‍ നിന്ന് ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഉഥ്മാന്‍ (റ) വിന്‍റെ വിളംബരത്തിനു ശേഷവും കുറേകാലം ഇബ്‌നുമസ്ഊദ് (റ) താന്‍ എഴുതി സൂക്ഷിച്ചിരുന്ന ക്രമം കൈവിടാതെ പാരായണം ചെയ്തിരുന്നത്. ഉഥ്മാന്‍ (റ) വിന്‍റെ നിര്‍ദ്ദേശം എല്ലാ സ്വഹാബികളും സ്വീകരിച്ചിരുന്നുവെന്ന് മാത്രമല്ല, ആ കൃത്യം അദ്ദേഹം ചെയ്തിട്ടില്ലായിരുന്നുവെങ്കില്‍ നിശ്ചയമായും താനത് ചെയ്യുമായിരുന്നുവെന്ന് അലി (റ) പ്രസ്താവിക്കുകപോലുമുണ്ടായി. ഇബ്‌നുമസ്ഊദ് (റ) തന്നെയും, പിന്നീട് ആ അഭിപ്രായം ശരിവെച്ചു.
നബി ﷺ യുടെ അടുക്കല്‍ റമദ്വാന്‍ മാസത്തില്‍ ജിബ്‌രീല്‍ (അ) വന്ന് ഖുര്‍ആന്‍ പാഠം നോക്കാറുണ്ടായിരുന്നു. നബി ﷺ യുടെ വിയോഗമുണ്ടായ കൊല്ലത്തില്‍ മലക്ക് വന്ന് രണ്ട് പ്രാവശ്യം അങ്ങിനെ ഒത്തുനോക്കിയിരുന്നു. ഈ അവസരങ്ങളില്‍, സൂറത്തുകള്‍ക്കിടയില്‍ ഏതെങ്കിലും ഒരു ക്രമം സ്വീകരിക്കപ്പെട്ടിരിക്കുമെന്നത് തീര്‍ച്ചയാണ്. അതുകൊണ്ട് സൂറത്തുകളുടെ ക്രമീകരണവും-ആയത്തുകളുടെ ക്രമീകരണം പോലെത്തന്നെ – നബി ﷺ സ്വഹാബികള്‍ക്ക് കാട്ടികൊടുത്തിരിക്കുമെന്നും, ആ ക്രമീകരണം തന്നെയാണ് സൈദ് (റ) സ്വീകരിച്ചിരിക്കുന്നതെന്നുമാണ് മറ്റു ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. ഏതായാലും പാരായണ വേളയിലും, പഠിക്കുമ്പോഴും മുസ്വ്ഹഫുകളില്‍ കാണുന്ന ഈ ക്രമമനുസരിച്ച് തന്നെ സൂറത്തുകള്‍ വഴിക്കുവഴിയായി ഓതുന്നതാണ് ഏറ്റവും നല്ലത് എന്നതില്‍ സംശയമില്ല. പക്ഷേ, ഇത് ഒഴിച്ചുകൂടാത്ത ഒരു നിര്‍ബന്ധ കടമയല്ല. അതേ സമയത്ത് ഓരോ സൂറത്തിലേയും ആയത്തുകള്‍ മുസ്വ്ഹഫില്‍ നാം കാണുന്ന വഴിക്കുവഴി ക്രമത്തില്‍ തന്നെ സ്വീകരിക്കല്‍ നിര്‍ബന്ധവുമാകുന്നു. ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായവും, സൂക്ഷ്മജ്ഞാനികളായ പല മഹാന്മാരും ബലപ്പെടുത്തിയിട്ടുള്ളതും ഇപ്പറഞ്ഞ പ്രകാരമാകുന്നു. നബി ﷺ നമസ്‌കാരങ്ങളില്‍ സ്വീകരിച്ചുവന്നിരുന്ന പതിവുകള്‍ പരിശോധിക്കുമ്പോഴും ഈ അഭിപ്രായമാണ് ശരിയെന്ന് കാണാവുന്നതാണ്. മുസ്‌ലിംകള്‍ക്കിടയില്‍ പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളതും ഇതുതന്നെ. മാത്രമല്ല, ആ ക്രമം മാറ്റി മറ്റൊരു ക്രമം സ്വീകരിക്കുന്നത് പല അനര്‍ത്ഥങ്ങള്‍ക്കും കാരണമായി ത്തീരുന്നതുമാകുന്നു.
സൂറത്തുകളുടെ വലിപ്പവും, ഏറെക്കുറെ വിഷയങ്ങളും പരിഗണിച്ചാണ് അവക്രമീകരിക്കപ്പെട്ടിരിക്കുന്നത്. വലിപ്പം അനുസരിച്ച് സൂറത്തുകള്‍ നാലു വിഭാഗങ്ങളായി ഗണിക്കപ്പെടാറുണ്ട്.
(1). ആദ്യത്തെ ഏഴു വലിയ സൂറത്തുകള്‍ (السبع الطوال)
(2). നൂറും അതിലധികവും ആയത്തുകള്‍ ഉള്‍ക്കൊള്ളുന്നവ (المئون)
(3). നൂറിന് അല്പം താഴെ ആയത്തുള്ളവ (الم ثاني)
(4). ചെറിയ ആയത്തുകള്‍ ഉള്‍കൊളളുന്നവ (المفصل).
ഇവയില്‍ ആദ്യത്തെ വിഭാഗം തൗറാത്തിന്‍റെ സ്ഥാനത്തും, രണ്ടാം വിഭാഗം ഇന്‍ജീലിന്‍റെ സ്ഥാനത്തും, മൂന്നാമത്തെത് സബൂറിന്‍റെ സ്ഥാനത്തും നിലകൊള്ളുന്നുവെന്നും, നാലാമത്തെ വിഭാഗം നബി ﷺ ക്ക് ലഭിച്ച പ്രത്യേക തരം വിഭാഗമാണെന്നും കാണിക്കുന്ന ചില രിവായത്തുകള്‍ (നിവേദനങ്ങള്‍) മഹാനായ ഇബ്‌നുജരീര്‍ (റ) അദ്ദേഹത്തിന്‍റെ സുപ്രസിദ്ധ തഫ്‌സീര്‍ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വിശുദ്ധ ഖുർആനിലെ 114 സൂറത്തുകളില്‍, ഒന്നൊഴിച്ച് ബാക്കിയെല്ലാം ‘ബിസ്മി’ കൊണ്ട് വേര്‍തിരിക്കപ്പെട്ട് കാണാം. ഒമ്പതാമത്തെ സൂറഃയായ തൗബഃയുടെ തുടക്കത്തില്‍ മാത്രമാണ് ബിസ്മിയില്ലാത്തത്. അതിന് പല കാരണങ്ങള്‍ പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. യഥാസ്ഥാനത്ത് അത് വിശദീകരിക്കുന്നതാണ്. ഏതായാലും അബൂബക്ര്‍ (റ) വിന്‍റെ കാലത്തുണ്ടായ ക്രമീകരണവും, ഉഥ്മാന്‍(റ) വിന്‍റെ കോപ്പി വിതരണവും മുഖേന വിശുദ്ധ ഖുര്‍ആനില്‍ ഭിന്നിപ്പുണ്ടായേക്കുവാനുള്ള മാര്‍ഗങ്ങള്‍ അടക്കപ്പെട്ടു.
إِنَّا نَحْنُ نَزَّلْنَا ٱلذِّكْرَ وَإِنَّا لَهُۥ لَحَٰفِظُونَ
തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍:15/9)
ഖുര്‍ആനിലെ ഏറ്റവും വലിയ അധ്യായമായ അല്‍ബക്വറഃയില്‍ 286 ആയത്തുകള്‍ അടങ്ങുന്നു. അതേ സമയത്ത് ചെറിയ ചില സൂറത്തുകളില്‍ മൂന്നു ആയത്തുകള്‍ മാത്രമാണ് കാണുക. ആയത്തുകളുടെ വലിപ്പത്തിലും ഇതേ സ്വഭാവം കാണാവുന്നതാണ്. ചില ആയത്തുകള്‍ ഏറെക്കുറെ ഒരു പേജോളം വലിപ്പം ഉണ്ടെങ്കില്‍, വേറെ ചില ആയത്തുകള്‍ ഒന്നോ, രണ്ടോ പദങ്ങള്‍ മാത്രം അടങ്ങുന്നതായിരിക്കും. ആയത്തുകള്‍ തമ്മില്‍ വിഷയപരമായ ബന്ധങ്ങള്‍ മാത്രമല്ല-പലപ്പോഴും-ഘടനാപരവും, വ്യാകരണപരവുമായ ബന്ധങ്ങളും ഉണ്ടായിരിക്കും. അഥവാ ചില അവസരങ്ങളില്‍ ഒന്നിലധികം ആയത്തുകള്‍ കൂടിച്ചേര്‍ന്നായിരിക്കും ഒരു വാക്യം പൂര്‍ത്തിയാവുന്നത്.
അതേസമയത്ത് ചില ആയത്തുകള്‍, ഒന്നിലധികം പൂര്‍ണ വാക്യങ്ങള്‍ അടങ്ങുന്നതുമായിരിക്കും. ഇങ്ങിനെയുള്ള പല കാരണങ്ങള്‍കൊണ്ടാണ് ചില ആയത്തുകളുടെ അവസാനത്തില്‍ പൂര്‍ത്തിയായ നിറുത്തി വായന (الوقف التام) ചെയ്യാതിരിക്കണമെന്നും, ചില ആയത്തുകള്‍ അവസാനിക്കും മുമ്പായി അതിന്‍റെ വാചകങ്ങള്‍ക്കിടയില്‍ ഒന്നിലധികം സ്ഥലത്ത് നിറുത്തി വായിക്കേതുണ്ടെന്നും വരുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, വിഷയത്തിന്‍റെയൊ, വാചകഘടനയുടെയോ സ്വഭാവവും വലിപ്പവും മാത്രം ഗൗനിച്ചുകൊല്ല ആയത്തുകളുടെ ആദ്യാവസാനങ്ങള്‍ കണക്കാക്കപ്പെട്ടിട്ടുള്ളത്. വായനാപരവും, സാഹിത്യപരവും, ആലങ്കാരികവുമായ പല കാര്യങ്ങള്‍ കൂടി പരിഗണിക്കപ്പെട്ടിട്ടുണ്ട്.