മുസ്ലിംലോകം ഒന്നടങ്കം വിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രാമാണികമായി കണക്കാക്കുന്ന ഗ്രന്ഥമാണ് ഇമാം ബുഖാരിയുടെ(റ) സ്വഹീഹുല്‍ ബുഖാരി. സ്വഹീഹുല്‍ ബുഖാരിയിലെ ഹദീസുകള്‍ മുഴുവനും സ്വഹീഹാണെന്നതിന് മുസ്ലിം ഉമ്മത്തിന്റെ ‘ഇജ്മാഉ’ ഉള്ളതായി പണ്ഢിതന്‍മാ൪ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സ്വഹീഹുല്‍ ബുഖാരിയിലും ദു൪ബല ഹദീസുളുണ്ടെന്നും ബുഖാരിയിലെ മുഴുവന്‍ ഹദീസുകളും സ്വീകാര്യമാണെന്ന് പറയണമെങ്കില്‍ അതിന് പ്രമാണം വേണമെന്നും അതിലെ മുഴുവന്‍ ഹദീഥുകളും സ്വീകരിക്കുന്നവന്‍ അന്ധവിശ്വാസിയായി തീരുമെന്നുമുള്ള ചില അപശബ്ദങ്ങള്‍ നമ്മുടെ നാടുകളില്‍ കേള്‍ക്കുന്നുണ്ട്.
ആദ്യമായി ഇമാം ബുഖാരിയെ(റ) കുറിച്ചും സ്വഹീഹുല്‍ ബുഖാരിയെ സംബന്ധിച്ചും ചുരുങ്ങിയ രീതിയില്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. അബൂഅബ്ദില്ലാ മുഹമ്മദ് ഇബ്നു ഇസ്മാഈല്‍ അല്‍ബുഖാരി എന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. ഖുറാസാനിലെ ‘ബുഖാറാ’ എന്ന സ്ഥലത്ത് ഹിജ്റ 194 ശവ്വാല്‍ 13ന് ജനിച്ചു. പത്താം വയസ്സില്‍തന്നെ അദ്ദേഹം ഹദീസ് പഠനം ആരംഭിച്ചു. തന്റെ ജന്മനാടായ ബുഖാറയില്‍ നിന്നു തന്നെയാണ് ഇമാം ബുഖാരി(റ) വിജ്ഞാനത്തിന്റെ വഴിയിലേക്കുള്ള ആദ്യ കാല്‍വെയ്പ് നടത്തുന്നത്. നാട്ടിലെ വിജ്ഞാന സമ്പാദനത്തിന് ശേഷം അറിവ് അന്വേഷിച്ച് ഇമാം ബുഖാരി(റ) പിന്നീട് ഹിജാസിലേക്കാണ് പോയത്. ഹിജ്റ 210 ല്‍ മാതാവിനോടും സഹോദരനോടുമൊപ്പം പതിനാറാം വയസ്സില്‍ ഹജ്ജിനായി മക്കയില്‍ എത്തി. ഹജ്ജിന് ശേഷം അദ്ദേഹം മക്കയില്‍ തന്നെ കഴിച്ചു കൂട്ടി. മക്കയില്‍ നിന്നുള്ള വജ്ഞാന സമ്പാദനമായിരുന്നു ലക്ഷ്യം. മക്കയില്‍ നിന്നും വിജ്ഞാനം നേടിയ ശേഷം ഹിജ്റ 212 ല്‍ അദ്ദേഹം മദീനയില്‍ എത്തി.
വിജ്ഞാനം അന്വേഷിച്ച് ഇമാം ബുഖാരി പിന്നീട് ബസ്വറയിലേക്കാണ് നീങ്ങിയത്. അതിനുശേഷം കൂഫയിലേക്കും പിന്നീട് ബഗ്ദാദിലേക്കും യാത്ര ചെയ്തു. ബാഗ്ദാദിലെ അദ്ദേഹത്തിന്റെ ഉസ്താദുമാരില്‍ ഏറ്റവും പ്രഗല്‍ഭനാണ് ഇമാം അഹ്മദ്ബിന്‍ ഹമ്പല്‍(റഹി).
ഇങ്ങനെ ഏതെങ്കിലുമൊരു നാട്ടില്‍ ഹദീസ് അറിയുന്ന പണ്ഢിതന്‍ ഉണ്ടെന്നറിഞ്ഞാല്‍ ആ പണ്ഢിതന്റെ അടുത്ത് ചെന്ന് പഠിക്കുകയായിരുന്നു ഇമാം ബുഖാരിയുടെ(റ) രീതി. 16 വ൪ഷം കൊണ്ടാണ് അദ്ദേഹം സ്വഹീഹുല്‍ ബുഖാരി എന്ന ഗ്രന്ഥം തയ്യാറാക്കിയത്. അതിലെ ഓരോ ഹദീസും സ്വയം പഠിച്ചു. അതിന്റെ പരമ്പര (സനദ്) ശരിയാണെന്ന് ഉറപ്പുവരുത്തി. പിന്നീട് രണ്ടു റക്അത്ത് സുന്നത്ത് നമസ്കരിച്ച്, പിഴവുകള്‍ വരാതിരിക്കാന്‍ അല്ലാഹുവോടു പ്രാര്‍ത്ഥിച്ച ശേഷമാണ് ഹദീസുകള്‍ അദ്ദേഹം രേഖപ്പെടുത്തിയിരുന്നത്. ഇമാം ബുഖാരി (റ) തന്റെ ഗ്രന്ഥരചന പൂര്‍ത്തിയാക്കിയ ശേഷം ഇമാം അഹ്മദ് (റ), ഇബ്നുല്‍ മഈന്‍, ഇബ്നുല്‍ മദീനി തുടങ്ങിയ അക്കാലത്തെ ഏറ്റവും പ്രമുഖ പണ്ഡിതന്മാര്‍ക്ക് അത് വായിച്ചു കേള്‍പ്പിക്കുകയും അവര്‍ അത് അംഗീകരിക്കുകയും ചെയ്തു. ഹിജ്റ 256ല്‍ 62 ാമത്തെ വയസ്സില്‍അദ്ദേഹം മരണപ്പെട്ടു.
മറ്റു ഹദീസ് ഗ്രന്ഥങ്ങളില്‍നിന്ന് ‘സ്വഹീഹുല്‍ ബുഖാരി’യെ വേര്‍തിരിക്കുന്ന നിരവധി പ്രത്യേകതകളുണ്ട്. അദ്ദേഹത്തിന് മുമ്പ് ജീവിച്ചവരും സമകാലികരുമായ ഹദീസ് പണ്ഡിതന്മാര്‍ സ്വീകാര്യമാണെന്ന് ഏകകണ്ഠമായി അംഗീകരിച്ച ഹദീസുകള്‍ മാത്രമാണ് ‘സ്വഹീഹുല്‍ ബുഖാരി’യില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഹദീസുകള്‍ സ്വഹാബിയില്‍നിന്ന് പ്രബലരായ രണ്ടു താബിഉകളും അവരില്‍നിന്ന് ഇമാം ബുഖാരിയില്‍(റ) എത്തുന്നത് വരെയുള്ള ഘട്ടങ്ങളില്‍ വിശ്വസ്തരായ രണ്ടു പ്രാമാണികരും റിപ്പോര്‍ട്ടു ചെയ്തിരിക്കണമെന്ന കര്‍ശനമായ നിബന്ധന അദ്ദേഹം പുലര്‍ത്തിയിരുന്നു. മാത്രമല്ല, റിപ്പോര്‍ട്ടു ചെയ്ത വ്യക്തിയും(റാവി) ആരില്‍നിന്നാണോ റിപ്പോര്‍ട്ടു ചെയ്തത് ആ വ്യക്തിയും ഒരേ കാലത്ത് ജീവിച്ചവരാണെന്ന് മാത്രമല്ല, തമ്മില്‍ കണ്ടുമുട്ടിയിട്ടുണ്ടെന്ന് സംശയമന്യേ സ്ഥാപിതമാവുകയും ചെയ്താല്‍ മാത്രമേ ഇമാം ബുഖാരി(റ) ആ റിപ്പോര്‍ട്ട് സ്വീകരിക്കുമായിരുന്നുള്ളൂ. ഇത്രയധികം സൂക്ഷ്മത പാലിച്ചതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും സ്വീകാര്യമായ ഹദീസ് ഗ്രന്ഥം എന്ന ബഹുമതി നേടാന്‍ സ്വഹീഹുല്‍ ബുഖാരിക്ക് സാധിച്ചത്.
സ്വഹീഹുല്‍ ബുഖാരിക്ക് എണ്‍പതില്‍ അധികം വ്യാഖ്യാനങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ പ്രശസ്തമായ വ്യാഖ്യാനമാണ് ഇമാം ഇബ്നു ഹജ൪ അസ്ക്വലാനിയുടെ (റഹി) ‘ഫത്ഹുല്‍ ബാരി’.
സ്വഹീഹുല്‍ ബുഖാരിയിലെ ഹദീസുകളെല്ലാം സ്വഹീഹാണെന്ന് പറയുമ്പോള്‍ ഈ ഗ്രന്ഥത്തില്‍ സനദോടു കൂടി നിവേദനം ചെയ്യപ്പെട്ട ഹദീസുകള്‍ മുഴുവനും സ്വഹീഹാണെന്നാണ് ഉദ്ദേശിക്കുന്നത്.
ഇങ്ങനെ ലോകത്തിലെ ഏറ്റവും സ്വീകാര്യമായ ഹദീസ് ഗ്രന്ഥമെന്ന ബഹുമതി നേടിയ സ്വഹീഹുല്‍ ബുഖാരിയിലും ദു൪ബലമായ ഹദീസുകളുണ്ടെന്നാണ് ചില പിഴച്ച കക്ഷികള്‍ പറയുന്നത്.സ്വഹീഹുല്‍ ബുഖാരിയിലെ ഹദീസുകളോടുള്ള അരിശം ഹദീസ് വിരോധികള്‍ക്ക് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നൂറ്റാണ്ടുകളുടെ പഴക്കം അതിനുണ്ട്. ഖവാരിജുകളില്‍ തുടങ്ങി മുഅസിലികളിലൂടെയും ശിയാക്കളിലൂടെയും കടന്നുവന്ന് ഇന്ന് ഇത്തരം അഖ്’ലാനികളില്‍ എത്തിനില്‍ക്കുകയാണത്. സ്വഹീഹുല്‍ ബുഖാരിയില്‍ പലതും കൊള്ളാത്തതുണ്ട് എന്ന് വരുത്തിത്തിര്‍ക്കലാണ് ഈ കക്ഷികളുടെയെല്ലാം ഉന്നം. ഇത്തരമൊരു അവസ്ഥയില്‍ പൂ൪വ്വസൂരികളുടെ അടുക്കല്‍ സ്വഹീഹുല്‍ ബുഖാരിക്ക് എന്ത് സ്ഥാനമാണുള്ളതെന്നും അതിലെ ഹദീസുകളോട് മുസ്ലിം ഉമ്മത്തിലെ പൗരാണികരും ആധുനികരുമായ പണ്ഢിതന്മാര്‍ എന്തുനിലപാട് സ്വീകരിച്ചെന്നും അന്വേഷിക്കുന്നത് നന്നായിരിക്കും.
ഇമാം അബൂഇസ്ഹാഖ് അസ്ഫറാഈനി റഹി. (ഹിജ്റ 418) പറയുന്നു: ‘ബുഖാരിയിലേയും മുസ്ലിമിലേയും മുഴുവന്‍ ഹദീസുകളും സനദിന്റേയും (പരമ്പര) മത്’നിന്റേയും (ആശയം) അടിസ്ഥാനത്തില്‍ പൂ൪ണ്ണമായും ശരിയാണെന്ന കാര്യത്തില്‍ മുഹദ്ദിസുകള്‍ ഏകാഭിപ്രായക്കാരാണ്.ഈ അഭിപ്രായത്തില്‍ യാതൊരു അഭിപ്രായ ഭിന്നതയുമില്ല’. (അന്നൂകത്ത് അലബിനിസ് സ്വലാഹ് : സ൪കശി പേജ് 13)
ഇമാം ഇബ്നു സ്വലാഹ് (റ) പറയുന്നു: ‘ബുഖാരിയും മുസ്ലിമും ഏകോപിച്ച് നിവേദനം ചെയ്ത ഹദീസുകളും ഒരാള്‍ സ്വന്തം ഉദ്ദരിച്ച ഹദീസുകളും എല്ലാം തന്നെ സ്വഹീഹാണെന്ന കാര്യം ഖണ്ഢിതമാണ്.’ (മുഖദ്ദിമത്തുബ്നു സ്വലാഹ് : പേജ് 28)
ഖാളി അബൂയഅല അല്‍ഫറാഉ (റ) പറയുന്നു: ‘മുസ്ലിം ഉമ്മത്ത് ഏകോപിച്ച് ഒരു കാര്യം സ്വീകരിച്ചാല്‍ അത് കൊണ്ട് തെളിവെടുക്കല്‍ നി൪ബന്ധമാണ് (ബുഖാരിയിലേയും മുസ്ലിമിലേയും ഹദീസുകളെ പോലെ).കാരണം മുസ്ലിം സമൂഹം ഒരു തിന്‍മയില്‍ യോജിക്കില്ല.ഉമ്മത്തിന്റെ സ്വീകരണം അവയിലുള്ളത് മുഴുവന്‍ സ്വഹീഹാണെന്ന കാര്യമാണ് അറിയിക്കുന്നത്.’ (അല്‍ ഉദ്ദ ഫീഉസൂലില്‍ ഫിഖ്ഹ് :3/900)
ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ്യ (റ) പറയുന്നു: ‘ഖു൪ആനിന് ശേഷം ആകാശത്തിന് ചുവട്ടില്‍ ബുഖാരി, മുസ്ലിമിനേക്കാള്‍ ശ്രേഷ്ടകരമായ മറ്റൊരു ഗ്രന്ഥമില്ല.’ (മജ്മൂഉല്‍ ഫതാവാ:18/74)
ഇമാം ഇബ്നുല്‍ ഖയ്യിം(റ) പറയുന്നു: ‘അറിയുക, ശൈഖുല്‍ ഇസ്ലാം അബൂഅംറിനെ പോലെയും അദ്ദേഹത്തിന്റെ മുന്‍ഗാമിയായ അബൂതാഹിറിനെ പോലെയുമുള്ള പണ്ഢിതന്‍മാ൪ പറഞ്ഞതുപോലെ ബുഖാരിയിലേയും മുസ്ലിമിലേയും ഹദീസുകള്‍ ഈ ഗണത്തില്‍പെടും. അവയെ മുഹദ്ദിസുകള്‍ പൂ൪ണ്ണമായും സ്വീകരിച്ച് സത്യപ്പെടുത്തിയിട്ടുണ്ട്.അവമൂലം ഖണ്ഢിതമായ ജ്ഞാനം ലഭിക്കുന്നതാണ്. അവയിലെ ഹദീസുകളെ കുറിച്ച് ഉസൂലികളും അഹ്’ലുല്‍ കലാമിന്റെ ആളുകളുമായ ചില൪ ചില എതി൪പ്പുകള്‍ പറഞ്ഞത് ഒട്ടും പരഗണനീയമല്ല. കാരണം മതകാര്യങ്ങളിലെ ഇജാമാഇല്‍ പരിഗണിക്കുന്നത് മതപണ്ഢിതരുടെ വാക്കിനെയാണ്. ഇത്തരക്കാരുടേയല്ല.’ (മുഖ്തസറുസ്സവാഇഖില്‍ മു൪സല :2/374)
ഹാഫിള് സ്വലാഹുദ്ദീന്‍ അല്‍അലാഇ റഹി. (ഹിജ്റ 761) പറയുന്നു: ‘ബുഖാരിയിലേയും മുസ്ലിമിലേയും മുഴുവന്‍ ഹദീസുകളും സ്വഹീഹാണെന്നതില്‍ മുസ്ലിം ഉമ്മത്തിന്റെ ഇജ്മാഉ ഉണ്ട്.’ (തഹ്ഖീകുല്‍ മുറാദ് ഫീ അന്നന്നഹ്’യാ യക്തളി അല്‍ഫസാദ്: പേജ് 114)
അല്ലാമാ അബ്ദുല്‍ ഫൈള് അല്‍ഫാരിസി റഹി. (ഹിജ്റ 837) പറയുന്നു: ‘ബുഖാരിയും മുസ്ലിമും യോജിച്ച് ഉദ്ദരിച്ചതോ അല്ലെങ്കില്‍ ആരെങ്കിലും ഒരാള്‍ ഉദ്ദരിച്ചതോ ആയ മുഴുവന്‍ ഹദീസുകളും സ്വഹീഹാമെന്ന കാര്യം ഖണ്ഢിതമാണ്.’ (ജവാഹിറുല്‍ ഉസൂല്‍:20,21)
അല്ലാമാ മുല്ല അലിയ്യുല്‍ ഖാരി (റ) പറയുന്നു: ‘ബുഖാരിയിലേയും മുസ്ലിമിലേയും ഹദീസുകളെ പൂ൪ണ്ണമായും സ്വീകരിക്കേണ്ടതാണെന്ന കാര്യത്തില്‍ പണ്ഢിതന്‍മാ൪ ഏകോപിച്ചിരിക്കുന്നു.’ (അല്‍ മി൪ഖാത്ത് :1/15)
നവാബ് സിദ്ദീഖ് ഹസന്‍ഖാന്‍(റ) പറയുന്നു: ‘ബുഖാരിയും മുസ്ലിമും ഏറ്റവും സ്വഹീഹായ ഗ്രന്ഥങ്ങളാണ്.ആരെങ്കിലും അവയെ ആക്ഷേപിക്കുകയോ അവയിലെ ഹദീസുകളെ നിസ്സാരവല്‍ക്കരിക്കുകയോ ചെയ്താല്‍ അവന്‍ മുബ്തദിഉം (നൂതനവാദി) വിശ്വാസികളുടെ മാ൪ഗത്തില്‍ നിന്ന് തെറ്റിയവനുമാണ്. മുഴുവന്‍ പണ്ഢിതന്‍മാരും തങ്ങളുടെ ഗ്രന്ഥങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.’ (അസ്സിറാജുല്‍ വഹ്ഹാജ് : പേജ് 3)
അല്ലാമാ അഹ്മദ് മുഹമ്മദ് ശാക്കി൪(റ) പറയുന്നു: ‘ബുഖാരിയിലേയും മുസ്ലിമിലേയും മുഴുവന്‍ ഹദീസുകളും സ്വഹീഹാണ്. ദു൪ബലമോ ആക്ഷേപാ൪ഹമായതോ ആയ ഒന്നുംതന്നെ അവയിലില്ല’. (അല്‍ബാഇസൂല്‍ ഹസീസിന്റെ ഹാശിയ : പേജ് 22)
ഇബ്നു കസീ൪(റ) പറയുന്നു: ‘അതിലുള്ളതില്‍ ( സ്വഹീഹുല്‍ ബുഖാരിയില്‍) സ്വഹീഹാണെന്നതിലും അവ സ്വീകരിക്കണമെന്നതിലും പണ്ഡിതന്മാ൪ യോജിച്ചിരിക്കുന്നു.അതുപോലെ ഇസ്ലാമിലെ മുഴുവന്‍ ആളുകളും’.(അല്‍ബിദായ വന്നിഹായ)
ഇബ്നു സുബ്കി (റ) പറയുന്നു: ‘അദ്ദേഹത്തിന്റെ (ഇമാം ബുഖാരി) ഗ്രന്ഥം അല്‍ ജാമിഉ സ്വഹീഹ് അല്ലാഹുവിന്റെ ഗ്രന്ഥം കഴിഞ്ഞാല്‍ ഇസ്ലാമിന്റെ ഏറ്റവും മഹത്തായ ഗ്രന്ഥമാകുന്നു.’ (ത്വബക്കാതുശ്ശാഫിഈയതുല്‍ കുബ്റ)
അബൂ അംറ് ഇബ്നു സ്വലാഹ് (റ) പറയുന്നു: ‘അവ൪ രണ്ടാളുടേയും (ഇമാം ബുഖാരി, ഇമാം മുസ്ലിം) ഗ്രന്ഥങ്ങള്‍ (സ്വഹീഹുല്‍ ബുഖാരി, സ്വഹീഹ് മുസ്ലിം) പ്രതാപവാനായ അല്ലാഹുവിന്റെ ഗ്രന്ഥം കഴിഞ്ഞാല്‍ ഏറ്റവും ശരിയായ ഗ്രന്ഥങ്ങളാകുന്നു.അതിന് ശേഷം പറയുകയുണ്ടായി: ആ രണ്ട് ഗ്രന്ഥങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപകാരവും ശരിയായതും ഇമാം ബുഖാരിയുടെ ഗ്രന്ഥമാകുന്നു’.(ഉലൂമുല്‍ ഹദീസ്)
ഇമാം നവവി (റ) പറയുന്നു: ‘പ്രതാപവാനായ അല്ലാഹുവിന്റെ ഗ്രന്ഥം കഴിഞ്ഞാല്‍ ഏറ്റവും ശരിയായ ഗ്രന്ഥങ്ങള്‍ രണ്ട് സ്വഹീഹുകളായ സ്വഹീഹുല്‍ ബുഖാരിയും സ്വഹീഹ് മുസ്ലിമുമാകുന്നു എന്നതില്‍ പണ്ഢിതന്മാ൪ ഏകോപിച്ചിരിക്കുന്നു. മുസ്ലിം സമുദായം അത് സ്വീകരിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. ആ രണ്ട് ഗ്രന്ഥങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപകാരവും ശരിയായതും ഇമാം ബുഖാരിയുടെ ഗ്രന്ഥമാകുന്നു’.(സ്വഹീഹ് മുസ്ലിമിന്റെ വിശദീകരണത്തിന്റെ മുഖവുരയില്‍ നിന്ന്)
ആധുനികനായ ശാഹ് മുഹദ്ദിസ് അദ്ദഹ്’ലവി (റ) പറയുന്നു: ‘ബുഖാരിയിലെയും മുസ്‌ലിമിലെയും മുഴുവന്‍ ഹദീസുകളെ സംബന്ധിച്ച് , അവ പൂ൪ണ്ണമായും സ്വഹീഹാണ് എന്നതിലും അവ രണ്ടും അതിന്റെ ഗ്രന്ഥകാരന്മാരിലേക്ക് മുതവാത്വിറായിതന്നെ എത്തിച്ചേരുന്നു എന്ന വിഷയത്തിലും മുഴുവന്‍ ഹദീസ് പണ്ഢിതന്മാരും യോജിച്ചിരിക്കുന്നു. ആരെങ്കിലും ആ ഗ്രന്ഥങ്ങളിലെ ഹദീസുകള്‍ക്കെതിരെ നിസ്സാര സ്വഭാവത്തില്‍ സംസാരിച്ചാല്‍ അവന്‍ പുത്തന്‍വാദിയും വിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്‍പറ്റിയവനുമാണ്.’ (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ:1/134)
സ്വഹീഹുല്‍ ബുഖാരിയില്‍ ഉള്‍പ്പെടുത്തേണ്ട ഓരോ ഹദീസും സ്വയം പഠിച്ച് അതിന്റെ പരമ്പര (സനദ്) ശരിയാണെന്ന് ഉറപ്പുവരുത്തി പിന്നീട് രണ്ടു റക്അത്ത് സുന്നത്ത് നമസ്കരിച്ച്, പിഴവുകള്‍ വരാതിരിക്കാന്‍ അല്ലാഹുവോടു പ്രാര്‍ത്ഥിച്ചശേഷമാണ് അദ്ദേഹം ഹദീസുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇമാം ബുഖാരി (റ) തന്റെ ഗ്രന്ഥരചന പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹത്തിന്റെ സമകാലികരായ ഹദീഥ് വിജ്ഞാന രംഗത്തെ കുലപതികളായ ഇമാം അഹ്’മദ്ബിന്‍ ഹമ്പല്‍ (റ), യഹ്‌യബിന്‍ മഈന്‍ തുടങ്ങിയവര്‍ ആദ്യന്തം പരിശോധിച്ചു.അവര്‍ പറഞ്ഞ തിരുത്തുകള്‍ നടത്തിയ ശേഷമാണ് ഇമാം ബുഖാരി (റ) താന്‍ ക്രോഡീകരിച്ച കാര്യങ്ങള്‍ സമൂഹത്തിന് നല്‍കിയത്. പിന്നീട് വന്ന പണ്ഢിതന്മാരും ഹദീഥ് വിജ്ഞാനത്തിന്റെ സകല മേഖലകളും മുന്നില്‍ വെച്ചുകൊണ്ട് ഈ ഹദീസുകളെ പരിശോധിച്ചു. എന്നിട്ടവര്‍ എത്തിച്ചേര്‍ന്ന അഭിപ്രായമാണ് മുകളില്‍ ഉദ്ധരിച്ചത്. അഹ്’ലുസുന്നത്തിന്റെ സുസമ്മതരും, തലയെടുപ്പുള്ളവരുമായ അഇമ്മത്തിന്റെ ഈ ഉദ്ധരണികൾ തട്ടിക്കളയാൻ, അവരുടെ സമകാലികരോ, പിൽകാലക്കാരോ ആയ ഒരാൾക്കും കഴിയില്ല. അവർ എത്ര മഹാന്മാരാണെങ്കിലും. കാരണം, ഇവർ ഹദീസുകളിൽ അഗാധമായ പാണ്ഢിത്യമുള്ളവരും, ഇൽമുൽ ഹദീസെന്ന വിജ്ഞാന ശാസ്ത്രത്തിൽ അങ്ങേയറ്റം അവഗാഹമുള്ളവരുമാണ്. ഇവരുടെ വാക്കുകൾക്കും, വിലയിരുത്തലുകൾക്കും അനിഷേധ്യ സ്ഥാനവും മഹോന്നതമായ ആശയവുമുണ്ട്.
ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ്യ(റ) പറയുന്നു: ‘സ്വഹീഹുല്‍ ബഖാരിയിലേയും മുസ്ലിമിലേയും ഹദീസുകള്‍ അവ൪ രണ്ടുപോ൪ മാത്രമല്ല നിവേദനം ചെയ്തിട്ടുള്ളത്.മറിച്ച് എണ്ണമറ്റ പണ്ഢിതരും മുഹദ്ദിസുകളും അതിന്റെ നിവേദകരാണ്. അവരുടെ പൂ൪വ്വികരും സമകാലികരും ശേഷക്കാരുമായ നിരവധിപേ൪ അത് നിവേദനം ചെയ്തുവെന്ന് മാത്രമല്ല അവയെ സസൂക്ഷമം പരിശോധിച്ചിട്ടുമുണ്ട്.അന്നത്തെ ഹദീസ് നിരൂപകന്‍മാ൪ നിരൂപണത്തില്‍ അഗ്രേസന്‍മാ൪ ആയിരുന്നു.ചുരുക്കത്തില്‍ ബുഖാരിയിലേയും മുസ്ലിമിലേയും ഹദീസുകളെ റിപ്പോ൪ട്ട് ചെയ്യുന്നതിലും അതിനെ സ്വഹീഹെന്ന് വിധിയെഴുതുന്നതിലും അവ൪ രണ്ടുപേ൪ മാത്രമല്ല ഉള്ളതെന്ന് സാരം. (മിന്‍ഹാജുസ്സുന്ന :4/58-59)
അല്ലാമാ സിദ്ദീഖ് ഹസന്‍ഖാന്‍(റ) പറയുന്നു: ‘ബുഖാരിയും മുസ്ലിമും തങ്ങള്‍ ഉദ്ദരിക്കുന്ന ഓരാ ഹദീസുകളും തങ്ങളുടെ ശൈഖന്‍മാരെകൊണ്ട് പരിശോധിപ്പിച്ചതിന് ശേഷമല്ലാതെ അവരുടെ ഗ്രന്ഥത്തില്‍ അവയെ ചേ൪ത്തിട്ടില്ല’. (ഇത്തിഹാഫുന്നു ബലാഉ – പേജ് :138)
മുസ്‌ലിം ഉമ്മത്തിന്റെ നിലപാട് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുക എന്നല്ലാതെ മറിച്ചൊരു നിലപാട് കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഈ വിഷയത്തില്‍ ആദ്യകാല ഇസ്ലാഹീ പണ്ഢിതന്മാര്‍ എഴുതിയ ചില വരികള്‍ നമുക്ക് വായിക്കാം.1950 മെയ് മാസത്തിലെ അല്‍മനാര്‍ മാസികയില്‍ (മൂന്നാം ലക്കം) എന്‍.വി. അബ്ദുസ്സലാം മൗലവി(റഹി) എഴുതി: ‘മുസ്‌ലിം ലോകത്ത് മുഴുവനും ശ്രുതിപ്പെട്ടിരിക്കുന്ന സ്വഹീഹുല്‍ ബുഖാരി ഇദ്ദേഹം രചിച്ചതത്രെ. ഈ കിതാബില്‍ സനദോടു കൂടി നിവേദനം ചെയ്യപ്പെട്ട ഹദീസുകള്‍ മുസ്‌ലിം പണ്ഢിതന്മാര്‍ ചോദ്യം ചെയ്യാതെ സ്വീകരിച്ചു വരാറുണ്ട്.’ (പേജ്:11).
കെ.എന്‍.എം പുറത്തിറക്കിയ ‘ഹദീഥ് ഗ്രന്ഥങ്ങള്‍ ഒരു പഠനം’ എന്ന ശൈഖ് മുഹമ്മദ് മൗലവിയുടെ കൃതിയില്‍ ഇപ്രകാരം കാണാം: ‘അതിലെ (സ്വഹീഹുല്‍ ബുഖാരിയിലെ) മുസ്‌നദായ (സനദോടുകൂടി പറയുന്ന) ഹദീസുകളെല്ലാം സ്വഹീഹും ലക്ഷ്യത്തിനു പറ്റുന്നതുമാകുന്നു” (പേജ്:10).
ഇവിടെ സ്വാഭാവികമായും ചില സംശയങ്ങളും ഉയ൪ന്നു വാരം.ബുഖാരിയിലെ ചില ഹദീസുകളെ ചില൪ വിമ൪ശിച്ചിട്ടുണ്ടെന്നത് ശരിയല്ലേ എന്ന്.വിമ൪ശിച്ചെന്നത് ശരിയാണ്.എന്നാല്‍ ആ വിമ൪ശനങ്ങള്‍ എത്രമാത്രം ശരിയാണെന്നാണ് നാം മനസ്സിലാക്കേണ്ടത്. ഇമാം ദാറഖുത്’നി ഇമാം നസാഇ എന്നിവ൪ ബുഖാരിയിലെ ചില ഹദീസുകളെ സനദിന്റെ അടിസ്ഥാനത്തില്‍ വിമ൪ശിച്ചെന്നത് ശരിയാണ്. എന്നാല്‍ ബുഖാരിക്കെതിരെയുള്ള മുഴുവന്‍ വിമ൪ശനങ്ങള്‍ക്കും സമ്പൂ൪ണ്ണ മറുപടികള്‍ പണ്ഢിതന്‍മാ൪ നല്‍കിയിട്ടുണ്ട്.വിമ൪ശനങ്ങളെ ആറ് ഭാഗങ്ങളായി തിരിച്ച് അവക്ക് ഓരോന്നിനും ഇബ്നു ഹജ൪ അസ്ക്വലാനി(റഹി) മറുപടി പറയുകയും വിമ൪ശനങ്ങള്‍ ശരിയല്ലെന്ന് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. (ഹദ്’യുസ്സാരി :346-484)
ഇബ്നു ഹജ൪ അസ്ക്വലാനി(റഹി) പറയുന്നു: ഇമാം ദാറഖുത്’നി ബുഖാരിയിലെ ചില ഹദീസുകളെ വിമ൪ശിച്ചിട്ടുണ്ട്.എന്നാല്‍ അത്തരം വിമ൪ശനങ്ങളെല്ലാം തന്നെ മുഹദ്ദിസുകളുടെ നിയമത്തിനെതിരും വളരെ ദു൪ബലവും ഭൂരിപക്ഷത്തിന്റെ നിലപാടിന് വിരുദ്ധവുമാണ്. (ഹദ്’യുസ്സാരി :346)
ഇമാം നവവി(റഹി) പറയുന്നു: ബുഖാരിയും മുസ്ലിമും തങ്ങളുടെ ഗ്രന്ഥങ്ങളില്‍ തെളിവ് പിടിച്ച ആളുകളെ ചില൪ വിമ൪ശിച്ചത് അവ്യക്തവും ദു൪ബലവുമാണ്.(ശറഹുമുസ്ലിം:1/25)
ബുഖാരിക്കും മുസ്ലിമിനും എതിരെയുള്ള ദാറഖുത്’നിയുടെ വിമ൪ശനങ്ങള്‍ ഒന്നുപോലും ശരിയല്ലെന്ന് ഇമാം ഖതീബ് ബാഗ്ദാദി റഹി. (ഖവാഇദു തഹ്ദീസ്:190), ഇമാം സൈലഇ റഹി. (നസ്ബു൪റായ്യ :1/341),ഇമാം അലാഇ റഹി. (ജാമിഉ തഹ്സീല്‍- പേജ് :81). ഇമാം ശൌകാനി റഹി. (ഖത്റുല്‍ വലിയ്യ – പേജ് :230), അല്ലാമാ ഇബ്നു ദഖീഖ് അല്‍ ഈദ് റഹി. (ഇഖ്തിറാഹ് :325), അല്ലാമാ ബദ്റുദ്ദീനുല്‍ ഐനി റഹി. (ഉംദത്തുല്‍ ഖാരി :1/18-19, 2/54, 4/147, 10/120) എന്നിവ൪ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ വിഷയത്തിലും മുസ്‌ലിം ഉമ്മത്തിന്റെ നിലപാട് തന്നെയാണ് കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനത്തിനുമുള്ളത്.1972 ഫെബ്രുവരി മാസത്തിലെ അല്‍മനാറില്‍ ശൈഖ് മുഹമ്മദ് മൗലവി എഴുതിയ ഒരു ലേഖനത്തിന്റെ തലവാചകം തന്നെ ‘സ്വഹീഹുല്‍ ബുഖാരി സ്ഥിരപ്പെട്ട നബിവചനങ്ങളുടെ വിലപ്പെട്ട സമാഹാരം’ എന്നായിരുന്നു. പ്രസ്തുത ലേഖനത്തില്‍ ഇപ്രകാരം കാണാം: ‘ദിവ്യവചനങ്ങളായ പരിശുദ്ധ ഖുര്‍ആനിന് ശേഷം ഏറ്റവും സ്വീകാര്യവും സ്വഹീഹുമായ ഹദീസ് ശേഖരം, അതത്രെ സ്വഹീഹുല്‍ ബുഖാരി. സ്വഹീഹുല്‍ ബുഖാരിയുടെ സ്വീകാര്യതയും പാവനത്വവും അംഗീകരിക്കാത്ത ഒരൊറ്റ പണ്ഢിതനും മുസ്‌ലിം ലോകത്തുണ്ടായിട്ടില്ല. സ്വഹീഹുല്‍ ബുഖാരിയെപ്പറ്റി ഒട്ടേറെ ആക്ഷേപങ്ങളുണ്ട്. എല്ലാം ഈയിടെ പൊങ്ങിവന്നവ. യുക്തിയുടെ പേരില്‍ സ്വന്തം അഭിപ്രായങ്ങള്‍ക്കും തോന്നലുകള്‍ക്കും യോജിക്കാത്തതെല്ലാം തള്ളിപ്പറയുന്ന കുത്സിത ബുദ്ധികള്‍ ഞൊടിഞ്ഞുണ്ടാക്കുന്ന കള്ളപ്രചാരണങ്ങള്‍ വാസ്തവത്തില്‍ മറുപടിയേ അര്‍ഹിക്കുന്നില്ല. ഇക്കൂട്ടത്തില്‍ സ്വഹീഹുല്‍ ബുഖാരിയെ പറ്റിയുള്ള ആക്ഷേപങ്ങളും പെടുത്താം. തന്റെ ചില നിഗമനങ്ങളോട് വിയോജിച്ചതിനാല്‍ മാത്രം സ്വഹീഹുല്‍ ബുഖാരി തോട്ടിലെറിയണമെന്നു പറയുന്നവര്‍, നാടുനീളെ നാക്കിട്ടടിച്ചു നടക്കുന്നവര്‍ ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്.’
1971 ഡിസംബര്‍ മാസത്തിലെ അല്‍മനാറില്‍ ശൈഖ് മുഹമ്മദ് മൗലവി (റ)തന്നെ എഴുതിയ മറ്റൊരു ലേഖനത്തിന്റെ തല വാചകം ‘സ്വഹീഹുല്‍ ബുഖാരിയില്‍ നിര്‍മ്മിത ഹദീസുകളോ?’ എന്നാണ്. പ്രസ്തുത ലേഖനത്തിലെ ചില വരികള്‍ കാണുക: ‘കഴിഞ്ഞുപോയ മുസ്‌ലിം കാലഘട്ടങ്ങള്‍ ഓരോന്നും പ്രസ്തുത പരാമാര്‍ത്ഥം കണിശമായും അംഗീകരിക്കുകയും സ്വഹീഹുല്‍ ബുഖാരിയെ ഉല്‍കൃഷ്ടമായും ആദരവോടെയും കൈകാര്യ ചെയ്തിട്ടുണ്ട്. എന്നാല്‍ മറ്റെല്ലാ വിഷയത്തിലുമെന്നപോലെ പൊളിച്ചെഴുത്തിന്റെ പുതിയ കാലഘട്ടം സ്വഹീഹുല്‍ ബുഖാരിയെയും കരിതേക്കാതെ, കശക്കിയെറിയാതെ വിട്ടില്ല. ചിലര്‍ ഗ്രന്ഥം ആകപ്പാടെ തോട്ടിലെറിയണമെന്നാക്രോശിച്ചപ്പോള്‍ മറ്റുചിലര്‍ നല്ലപിള്ള ചമഞ്ഞ്ചുളുവില്‍ നിഷേധത്തിന് ധൃഷ്ടരായിരിക്കുന്നു.’
ശൈഖ് മുഹമ്മദ് മൗലവി ബുഖാരിക്കെതിരെയുള്ള ദാറഖുത്’നിയുടെ വിമ൪ശനങ്ങള്‍ ഉദ്ദരിച്ചുകൊണ്ട് അത്തരം വിമ൪ശനങ്ങളുടെ അ൪ത്ഥശൂന്യത ഉദാഹരണസഹിതം വ്യക്തമാക്കിയതിന് ശേഷം എഴുതുന്നു: ‘ഈ ഉദാഹരണങ്ങളില്‍ നിന്ന് ബുഖാരിയുടേയും മുസ്ലിമിന്റേയും റിപ്പോ൪ട്ടമാരെ സംബന്ധിച്ചുള്ള ആക്ഷേപത്തിന്റെ നില നല്ലപോലെ വ്യക്തമാവുന്നതാണ്. അപ്പോള്‍ ആക്ഷേപങ്ങള്‍ നൂറ് ശതമാനവും ഈ തരത്തില്‍പെട്ടതാകുന്നു’.(മിശ്കാത്തുല്‍ ഹുദാ മാസികയില്‍ വന്ന ലേഖനം അല്‍മനാ൪ മാസിക പുനപ്രസിദ്ധീകരിച്ചത് :1994 ഒക്ടോബ൪)
ഇന്നലെ എഴുതിയ ലേഖനം പോലെ തോന്നുന്ന ഇതിലെ ഓരോ വാചകത്തിനും വര്‍ത്തമാനകാല സാഹചര്യത്തില്‍ ഏറെ പ്രസക്തിയുണ്ട്. ചുരുക്കത്തില്‍, മുസ്‌ലിം ഉമ്മത്ത് സ്വീകരിച്ച നിലപാട് തന്നെയാണ് സ്വഹീഹുല്‍ ബുഖാരിയുടെ വിഷയത്തില്‍ കേരളത്തിലെ ഇസ്ലാഹി പ്രസ്ഥനവും സ്വീകരിച്ചിരുന്നത്. മാത്രവുമല്ല ബുഖാരിക്കെതിരെ ചേകന്നൂ൪ മൌലവിയും സി.എന്‍.അഹമ്മദ് മൌലവിയും രംഗത്തുവന്നപ്പോള്‍ ശക്തമായ ഭാഷയില്‍ തന്നെ അവര്‍ക്ക് മറുപടി നല്‍കിയതും ഇസ്ലാഹി പ്രസ്ഥാന നേതാക്കള്‍ തന്നെയായിരുന്നു.
ഹദീസുകളിൽ സ്വീകാര്യതയുടെ കാര്യത്തിൽ ഏറ്റവും കുറ്റമറ്റ നിവേദക പരമ്പരകളിലൂടെ രിവായത് ചെയ്യപ്പെട്ടിട്ടും ബുഖാരിയിലെ ഹദീസുകൾ തള്ളിക്കളയാനും അതിന്റെ സ്വീകാര്യതയിൽ സംശയം പ്രകടിപ്പിക്കാനും, ദുർബലത ആരോപിക്കാനും ഈ കക്ഷികളെ പ്രേരിപ്പിക്കുന്ന ഘടകമെന്താണെന്ന് കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. സ്വഹീഹുല്‍ ബുഖാരിയിലെ മുഴുവന്‍ ഹദീസുകളും സ്വീകാര്യമല്ലെന്ന് പറയുന്നവരുടെ പ്രധാനപ്പെട്ട ന്യായം അതില്‍ ഖു൪ആനിനെതിരായ ഹദീസുകള്‍ ഉണ്ടെന്നാണ്.ഇവിടെയും അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. ഖുർആനിനെതിരായി സ്വഹീഹായ ഒരു ഹദീസും വരില്ല. കാരണം ഖുർആൻ അല്ലാഹുവിന്റെ വചനമാണ്. ഹദീസ് നബിയുടെ വചനമാണെങ്കിലും അല്ലാഹുവില്‍ നിന്നുള്ള വഹ്’യി ന്റെ അടിസ്ഥാനത്തിലാണ് നബി(സ്വ)സംസാരിച്ചിട്ടുള്ളത്.
ﻭَﻣَﺎ ﻳَﻨﻄِﻖُ ﻋَﻦِ ٱﻟْﻬَﻮَﻯٰٓﺇِﻥْ ﻫُﻮَ ﺇِﻻَّ ﻭَﺣْﻰٌ ﻳُﻮﺣَﻰٰ
അദ്ദേഹം (നബി) തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല.അത് (നബി സംസാരിക്കുന്നത്) അദ്ദേഹത്തിന് നല്‍കപ്പെടുന്ന ദിവ്യസന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാകുന്നു.(ഖു൪ആന്‍ : 53/3-4)
സ്വഹീഹായ ഹദീസുകളെല്ലാം അല്ലാഹുവില്‍ നിന്നുള്ള വഹ്’യിന്റെ അടിസ്ഥാനത്തിലാണ് നബി(സ്വ)സംസാരിച്ചതാണെന്ന് ഇതില്‍നിന്നും മനസ്സിലാക്കാം. സ്വഹീഹുല്‍ ബുഖാരിയിലെ സനദോടു കൂടി നിവേദനം ചെയ്യപ്പെട്ട ഹദീസുകള്‍ മുഴുവനും സ്വഹീഹാണെന്നതിന് മുസ്ലിം ഉമ്മത്തിന്റെ ‘ഇജ്മാഉ’ ഉള്ളതായി പണ്ഢിതന്‍മാ൪ രേഖപ്പെടുത്തിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ബുഖാരിയിലെ ഹദീസുകളില്‍ ഒന്നുപോലും തള്ളിക്കളയാവുന്നതല്ല.
ഖു൪ആനും ഹദീസും വഹ്’യായതിനാല്‍ ഖുർആനിനെതിരായി സ്വഹീഹായ ഒരു ഹദീസും വരില്ല.ചില ഹദീസുകള്‍ നോക്കുമ്പോള്‍ അത് ഖു൪ആനിന് എതിരാണെന്ന് നമുക്ക് തോന്നുന്നുവെങ്കില്‍ ഉടന്‍ തള്ളുകയല്ല വേണ്ടത്. ഉദാഹരണത്തിന് ശവം ഹറാമാണെന്ന് മൂന്ന് തവണ (2:173, 5:3, 16:115) അല്ലാഹു ആവര്‍ത്തിച്ച് പ്രഖ്യാപിച്ചതാണ്. ഒരു ശവത്തെയും ഇതില്‍ പ്രത്യേകമായി ഒഴിച്ചു നിര്‍ത്തിയിട്ടില്ല. എന്നാല്‍ കടലിലെ വെള്ളം ശുദ്ധിയുള്ളതും അതിലെ ശവം നിങ്ങള്‍ക്ക് അനുവദനീയവുമാണെന്ന് നബി(സ്വ) പറഞ്ഞതായി ഹദീസില്‍ കാണാം. (നസാഈ 59-അബൂദാവൂദ്:83) പ്രത്യക്ഷത്തില്‍ നോക്കിയാല്‍ ഇത് ഖുര്‍ആനിനെതിരാണെന്ന് തോന്നാം. യഥാര്‍ത്ഥത്തില്‍ കാര്യം അങ്ങനെയല്ല. നബിയുടെ(സ്വ) സംസാരം ഖുര്‍ആനിന്റെ വിശദീകരണവും വ്യാഖ്യാനവുമാണ്. ചില ഹദീസുകളുടെ ലക്ഷ്യം ഖുര്‍ആനില്‍ ഇല്ലാത്ത ചില കാര്യങ്ങള്‍ വിശദീകരിക്കലുമായിരിക്കും. അതുകൊണ്ടുതന്നെ സൂക്ഷ്മ നിരീക്ഷണം നടത്തിയാല്‍ അവ തമ്മില്‍ വൈരുദ്ധ്യമില്ലെന്നും ഒന്ന് മറ്റൊന്നിനെ വിശദീകരിക്കുകയാണ് ചെയ്യുന്നതെന്നും മനസ്സിലാക്കാന്‍ കഴിയും.
ഇമാം ഇബ്നുല്‍ ഖയ്യിം(റഹി) പറഞ്ഞു: ‘അല്ലാഹുവിനേയും അവന്റെ മലക്കുകളേയും സാക്ഷി നിര്‍ത്തി നാം ഉറപ്പിച്ചു തന്നെ പറയട്ടെ.നബിയുടെ(സ്വ) ഹദീസില്‍ ഖുര്‍ആനിന് വിരുദ്ധമായതോ തെളിഞ്ഞ ബുദ്ധിക്ക് നിരക്കാത്തതോ ആയ ഒന്നും തന്നെയില്ല. നബിയുടെ(സ്വ) സംസാരം ഖുര്‍ആനിന്റെ വിശദീകരണവും വ്യാഖ്യാനവുമാണ്. ഖുര്‍ആനിനെതിരാണെന്ന് പറഞ്ഞ് ആരെങ്കിലും വല്ല ഹദീസുകളെയും തള്ളുന്നുവെങ്കില്‍, അതെല്ലാം ഖുര്‍ആനിനോട് യോജിക്കുന്നത് തന്നെയായിരിക്കും. അത്തരം ഹദീസുകളുടെ ലക്ഷ്യം ഖുര്‍ആനില്‍ ഇല്ലാത്ത ചില കാര്യങ്ങള്‍ വിശദീകരിക്കലായിരിക്കും. അത് സ്വീകരിക്കാനാണ് നബി (സ്വ) കല്‍പിച്ചതും’. (അസ്വവാഇഖുല്‍ മുര്‍സലാ. 2/529)
സ്വഹീഹായ ഹദീസുകളെ തള്ളാന്‍ ഖുര്‍ആനിന്റെ മറപിടിച്ചു കൊണ്ട് ചിലര്‍ രംഗപ്രവേശം നടത്തിയപ്പോള്‍ അതിനെ ശക്തമായി പ്രതിരോധിച്ച് അവരുടെ തെറ്റായ വാദങ്ങളെ തകര്‍ത്തെറിഞ്ഞവരായിരുന്നു നമ്മുടെ മുന്‍ഗാമികള്‍. ഖവാരിജുകളാണ് ഈയൊരു പുത്തന്‍ വാദത്തിന് തുടക്കമിട്ടത്. അവരുടെ നിലപാടുകളെക്കുറിച്ച് ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ(റഹി) പറയുന്നു: ‘ഖുര്‍ആനിനെ അങ്ങേയറ്റം മഹത്വവല്‍കരിക്കുക എന്നതാണ് ഇവരുടെ നയം. അത് പിന്‍പറ്റാന്‍ ഇവര്‍ പ്രത്യേകമായി പറയും. അഹ്’ലുസ്സുന്നയില്‍നിന്ന് തെറ്റിപ്പോയവരാണവര്‍. ഖുര്‍ആനിന് എതിരാണെന്ന് അവര്‍ക്ക് തോന്നിയ കാര്യങ്ങള്‍ തള്ളുന്നവരാണവര്‍. വ്യഭിചാരിണിയെ എറിഞ്ഞ് കൊല്ലല്‍, കട്ടവന്റെ കൈ മുറിക്കാനാവശ്യമായ കളവിന്റെ മൂല്യം എന്നിവ ഉദാഹരണം. പിഴച്ചുപോയ വിഭാഗമാണവര്‍. കാരണം, അല്ലാഹുവിന്റെ റസൂലിനാണ് ഖുര്‍ആനെ കുറിച്ച് കൂടുതല്‍ അറിയുക’. (ഫതാവാ. 3/208.)
അപ്പോള്‍, തങ്ങള്‍ക്ക് അനുകൂലമല്ലാത്തതിനെ ഖുര്‍ആന്‍ വിരുദ്ധമെന്ന് പറഞ്ഞ് തള്ളുന്ന പ്രവണത ഖവാരിജുകളാണ് തുടങ്ങിയത്. ഇത് പിന്നീട് പലരും ഏറ്റെടുത്തു. ഇസ്ലാമിനെ തകര്‍ക്കാന്‍ വേഷം കെട്ടിയ ഓറിയന്റലിസ്റ്റുകള്‍ അത് പ്രചരിപ്പിച്ചു.
നബി(സ്വ) വഹ്’യി ന്റെ അടിസ്ഥാനത്തില്‍ സംസാരിച്ച സ്വഹീഹായ ഹദീസുകളേക്കാള്‍ തങ്ങളുടെ പരിമിതമായ ബുദ്ധിക്ക് പ്രാധാന്യം കൊടുക്കുന്ന ചില൪ മുസ്ലിം ലോകത്ത് പില്‍കാലത്ത് ഉടലെടുക്കുകയും ബുഖാരിയിലെ ഹദീസുകളെ തങ്ങളുടെ ബുദ്ധിക്കും യുക്തിക്കും വഴങ്ങുന്നില്ലെന്നും പറഞ്ഞ് തള്ളിക്കളയുകയും അവയെകുറിച്ച് നി൪മ്മിതം, ദു൪ബലം എന്നിങ്ങനെ വിധിയെഴുതുകയും ചെയ്തു.ഇസ്ലാമിക അദ്ധ്യാപനങ്ങളില്‍ നിന്നും ബഹുദൂരം അകന്നുപോയ മുഅതസില വിഭാഗത്തില്‍ നിന്നാണ് ഇത്തരം ശബ്ദം മുസ്ലിംലോകം ആദ്യം ശ്രവിച്ചത്.
ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ബുദ്ധിയേക്കാളും പ്രമാണങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്.പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടത് ബുദ്ധിക്കെതിരാണെങ്കിലും അത് അംഗീകരിച്ചേ തീരൂ.വിശുദ്ധ ഖു൪ആന്‍ പരിശോധിച്ചാല്‍ ബുദ്ധിക്കെതിരാണെന്ന് തോന്നുന്ന പല സംഭവങ്ങളും അതില്‍ കാണാം. ഉറുമ്പിന്റെ സംസാരം സുലൈമാന്‍ നബി(അ) കേട്ടത്, മൂസാനബിക്ക്(അ) വേണ്ടി ചെങ്കടല്‍ പിള൪ന്നത് എന്നിവ ഉദാഹരണം. ഇതെല്ലാം നാം അപ്രകാരംതന്നെ അംഗീകരിക്കുന്നു.ഹദീസിന്റെ വിഷയത്തിലും ഇതേ നിലപാടാണ് നാം അനുവ൪ത്തിക്കേണ്ടത്. ഹദീസ് സ്ഥിരപ്പെട്ടതാണോയെന്ന കാര്യത്തില്‍ അഥവാ നബി(സ്വ) പറഞ്ഞിട്ടുള്ളതാണോയെന്ന കാര്യത്തില്‍ നമുക്ക് നമ്മുടെ ബുദ്ധി ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ നമ്മുടെ ബുദ്ധി ഉപയോഗിച്ച് അത് നബി(സ്വ) പറഞ്ഞിട്ടുള്ളതാണെന്ന് മനസ്സിലാക്കികഴിഞ്ഞാല്‍ പിന്നെ ഹദീസില്‍ പറഞ്ഞ കാര്യം ശരിയാണോയെന്ന് നമ്മുടെ ബുദ്ധികൊണ്ട് ചിന്തിക്കാന്‍ പാടില്ല. കാരണം നബി(സ്വ) പറഞ്ഞ കാര്യമാണ് അതെന്ന് ബോധ്യപ്പെട്ടാല്‍ പിന്നെ അതിലേക്ക് കീഴൊതുങ്ങുകയാണ് സത്യവിശ്വാസി ചെയ്യേണ്ടത്.
ﻓَﻼَ ﻭَﺭَﺑِّﻚَ ﻻَ ﻳُﺆْﻣِﻨُﻮﻥَ ﺣَﺘَّﻰٰ ﻳُﺤَﻜِّﻤُﻮﻙَ ﻓِﻴﻤَﺎ ﺷَﺠَﺮَ ﺑَﻴْﻨَﻬُﻢْ ﺛُﻢَّ ﻻَ ﻳَﺠِﺪُﻭا۟ ﻓِﻰٓ ﺃَﻧﻔُﺴِﻬِﻢْ ﺣَﺮَﺟًﺎ ﻣِّﻤَّﺎ ﻗَﻀَﻴْﺖَ ﻭَﻳُﺴَﻠِّﻤُﻮا۟ ﺗَﺴْﻠِﻴﻤًﺎ
ഇല്ല, നിന്റെ രക്ഷിതാവിനെതന്നെയാണെ സത്യം, അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പ്പിച്ചതിനെകുറിച്ച് (അല്ലെങ്കില്‍ നീ പറഞ്ഞിട്ടുള്ളതിനെകുറിച്ച്) പിന്നീട് അവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ല. (ഖു൪ആന്‍ :4/65)
ഹദീസുകളെ സ്വീകരിക്കുന്ന വിഷയത്തിലെ മുഅതസില ചിന്താഗതി കേരളത്തിലേക്കും പട൪ന്നിട്ടുള്ളത് നാം ഗൌരവപൂ൪വ്വം മനസ്സിലാക്കേണ്ടതുണ്ട്. അവരെല്ലാം ഒറ്റക്കല്ല, ഓരോ കൂട്ടായമകളായിട്ടാണ് പ്രവ൪ത്തിക്കുന്നതെന്നതും ഗൌരവതരമാണ്. ബഖാരിയില്‍ ദു൪ബലഹദീസുകളുണ്ടെന്ന് ധ്വനിപ്പിക്കുന്ന രീതിയില്‍ ലേഖനം എഴുതുന്നേടത്തും ബുഖാരിയിലെ ചില ഹദീസുകള്‍ ആരുതന്നെ പറഞ്ഞാലും ഞങ്ങള്‍ക്കത് സ്വീകാര്യമല്ലെന്ന് പരസ്യമായി പറയുന്നേടത്തും വരെ കാര്യങ്ങളെത്തി. തങ്ങളുടെ ബുദ്ധിയുടെ തേരോട്ടത്തിനിടയില്‍ സ്വഹീഹുല്‍ ബുഖാരിക്ക് സമൂഹമനസ്സിലുണ്ടായിരുന്ന സ്ഥാനവും ആദരവും തക൪ന്നുവീഴുന്നത് ഒരുപക്ഷേ ഇവ൪പോലും അറിയുന്നില്ല.
സ്വഹീഹുല്‍ .ബഖാരിയിലെ ഏതെങ്കിലും ഒരു ഹദീസ് തള്ളിക്കളയുന്നത് ഹദീസ് നിഷേധത്തില്‍പെട്ടതു തന്നെയാണ്.ബുഖാരിയിലെ ഹദീസുകളില്‍ സംശയത്തിന്റെ നിഴല്‍ പരത്തുന്നത് ഹദീസ് നിഷേധത്തിന്റെ ഒന്നാം പടിയാണ്.ആധുനിക ലോകത്തെ എല്ലാ ഹദീസ് നിഷേധികളും ആദ്യം കൈവെച്ചത് സ്വഹീഹുല്‍ ബുഖാരിയിലായിരുന്നു.
അല്ലാമാ അഹ്’മദ് മുഹമ്മദ് ശാക്കി൪(റ) പറയുന്നു: ‘പ്രവാചകന്റെ ഹദീസുകളെ ജനമധ്യത്തില്‍ വിലകുറച്ച് കാണിക്കാനോ മുഹദ്ദിസുകളുടെ പരിശ്രമങ്ങളെ നിസ്സാരവല്‍ക്കരിക്കാനോ ശ്രമിക്കുന്നവ൪ ബുഖാരിയിലേയും മുസ്ലിമിലേയും ഹദീസുകളെ പ്രത്യേകിച്ച് ബുഖാരിയിലെ ഹദീസുകളില്‍ സംശയം ജനിപ്പിക്കുകയായിരിക്കും ആദ്യം ചെയ്യുക.അവയില്‍ സംശയം സൃഷ്ടിച്ചാല്‍ ബാക്കിയുള്ള ഹദീസ് ഗ്രന്ഥങ്ങളുടെ ആധികാരികതയില്‍ സംശയം സൃഷ്ടിക്കാന്‍ എളുപ്പമായിരിക്കുമല്ലോ.എന്നാല്‍ അറിയുക, അവയിലെ മുഴുവന്‍ ഹദീസുകളും പണ്ഢിതന്‍മാരുടെ പക്കല്‍ പൂ൪ണ്ണമായും സ്വഹീഹാണ്.’ (സ്വഹാബിഉല്‍ ഫീ വജ്ഹിസ്സുന്ന :108)
ആധുനിക മുസ്ലിംലോകത്ത് ഹദീസ് നിഷേധികള്‍ക്ക് മറുപടി എഴുതിയിട്ടുള്ള വ്യക്തിയാണ് അബുല്‍ അഅലാ മൌദൂദി സാഹിബ്.എന്നാല്‍ തന്റെ ബുദ്ധിക്ക് വഴങ്ങാത്ത ഹദീസുകള്‍ അത് സ്വഹീഹുല്‍ ബുഖാരിയിലുള്ളതാണെങ്കില്‍ പോലും അദ്ദേഹം അംഗീകരിക്കാതിരുന്നിട്ടുണ്ട്. അദ്ദേഹം പറയുന്നു: ‘പൂ൪ണ്ണമായും ശരിയായ ഗ്രന്ഥം ഖു൪ആന്‍ മാത്രമാണ്.അതിന്ശേഷം സ്വഹീഹുല്‍ ബുഖാരി. പക്ഷേ സനദിന്റെ (പരമ്പരയുടെ) അടിസ്ഥാനത്തില്‍ മാത്രമാണത്. മത്’നിന്റെ (ആശയത്തിന്റെ) അടിസ്ഥാനത്തില്‍ അതിലുള്ളതെല്ലാം പൂ൪ണ്ണമായും സ്വഹീഹാണെന്ന് ഉറപ്പിച്ച് പറയാനാവില്ല’. (മൌഖിഫില്‍ ജമാഅത്തില്‍ ഇസ്ലാമിയ്യ മിനല്‍ ഹദീസിന്നബവി)
മൌദൂദി സാഹിബിനെ തുട൪ന്ന് അദ്ദേഹത്തിന്റെ അനുയായികളും ബുഖാരിയിലെ ഹദീസുകള്‍ ഖുര്‍ആനിനെതിരാണെന്ന് പറഞ്ഞ് തള്ളുന്നുണ്ട്. ഒ.അബ്ദുല്‍ റഹ്മാന്‍ സാഹിബ് എഴുതുന്നു: ‘മറ്റ് ചില ഹദീസുകളില്‍ മുഹമ്മദ് നബിക്ക് (സ്വ) സിഹ്റ് ബാധിച്ചിരുന്നതായി പറയുന്നു. നബി(സ്വ) സിഹ്റ് ചെയ്യുന്നവനോ സിഹ്റ് ബധിച്ചവനോ ആയിരുന്നുവെന്ന ശത്രുക്കളുടെ ആരോപണത്തെ ഖണ്ഢിതമായി നിരാകരിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ നിലവിലിരിക്കെയാണ്, സിഹ്റ് ബാധിച്ചതിനാല്‍ കുറെ ദിവസങ്ങളോളം അല്ലെങ്കില്‍ മാസങ്ങളോളം മറവി ബാധിച്ചു നടന്നു എന്ന ഹദീസുകള്‍. അതും യഹൂദി സിഹ്൪ ചെയ്തതു കൊണ്ട്. (പ്രബോധനം ഹദീസ് പതിപ്പ് 2007 – പേജ് :129)
കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയുടെ പ്രസാധക വിഭാഗമായ IPH ‘സിഹ്൪’ എന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടി.മുഹമ്മദ് ആണ് ഗ്രന്ഥ ക൪ത്താവ്.ഈ ഗ്രന്ഥത്തില്‍ സ്വഹീഹുല്‍ ബുഖാരിയിലെ സിഹ്റിന്റെ ഹദീസുകള്‍ കൊടുത്തിട്ടുണ്ട്. അവസാനം അതെല്ലാം ഖു൪ആനിനെതിരാണെന്ന് പറഞ്ഞ് തള്ളുകയാണ് ചെയ്തിട്ടുള്ളത്.
അതേപോലെ കേരളത്തില്‍ ഹദീസ് നിഷേധം പ്രചരിപ്പിച്ച വ്യക്തിയായ ചേകന്നൂ൪ മൌലവിക്ക് മറുപടി എഴുതിയിട്ടുള്ള വ്യക്തിയാണ് അബ്ദുല്‍ സലാം സുല്ലമി.എന്നാല്‍ തന്റെ ബുദ്ധിക്ക് വഴങ്ങാത്ത ഹദീസുകള്‍ അത് സ്വഹീഹുല്‍ ബുഖാരിയില്‍ ആയിരുന്നിട്ടുകൂടി അദ്ദേഹവും തള്ളിക്കളഞ്ഞിട്ടുണ്ട്.
അദ്ദേഹം എഴുതിയ ലേഖനത്തിന്റെ തലവാചകം ‘വിമ൪ശന വിധേയമായ ഹദീസുകള്‍ ബുഖാരിയിലും മുസ്ലിമിലും’ എന്നാണ്. എന്നിട്ട് അദ്ദേഹം ഇരുപതോളം ഹദീസുകള്‍ കൊടുത്തിട്ട് ചില വി൪മ൪ശനങ്ങള്‍ ഉദ്ദരിക്കുന്നു. ബഖാരിയും മുസ്ലിമും ഉദ്ദരിച്ച ഹദീസുകളെ പൂ൪വ്വികരായ ചില പണ്ഢിതന്‍മാ൪ വിമ൪ശിച്ചതിന് ചില ഉദാഹരണങ്ങള്‍ മാത്രം താഴെ ചേ൪ക്കുന്നു. വിമ൪ശനങ്ങള്‍ ഈ ലേഖകന്‍ അംഗീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യുന്നില്ല. നാം മുകളില്‍ വിവരിച്ച തത്വം സ്ഥാപിക്കുക മാത്രമാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. വിമ൪ശനങ്ങള്‍ മൊത്തം ശരിയാണെന്ന് വായനക്കാരും ധരിക്കേണ്ടതില്ല. (പ്രബോധനം ഹദീസ് പതിപ്പ് 2007 – പേജ് :185)
ഇവിടെ അദ്ദേഹം ഉദ്ദരിക്കുന്ന വിമ൪ശനങ്ങള്‍ മൊത്തം ശരിയല്ലെന്ന് അദ്ദേഹത്തിന് അറിയാം.അതുകൊണ്ടാണ് വിമ൪ശനങ്ങള്‍ മൊത്തം ശരിയാണെന്ന് വായനക്കാരും ധരിക്കേണ്ടതില്ലെന്ന് പറഞ്ഞത്. എങ്കില്‍പിന്നെ ഈ വിമ൪ശനങ്ങളൊന്നും ശരിയല്ലെന്ന് പറഞ്ഞാല്‍ പോരേ.അത് പറയാന്‍ അദ്ദേഹത്തിന് കഴിയില്ല. കാരണം ബുഖാരിയിലെ പല ഹദീസുകളും അദ്ദേഹം തള്ളിയിട്ടുണ്ട്.അതുകൊണ്ടാണ് നാം മുകളില്‍ വിവരിച്ച തത്വം സ്ഥാപിക്കുക മാത്രമാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യമെന്ന് പറഞ്ഞിട്ടുള്ളത്.എന്താണ് അദ്ദേഹം മുകളില്‍ വിവരിച്ച തത്വം. ബുഖാരിയിലും മുസ്ലിമിലും വിമ൪ശനവിധേയമായ ഹദീസുകള്‍ ഉണ്ടെന്നും സനദിന്റെയും (പരമ്പരയുടെ) മത്’നിന്റേയും (ആശയം) അടിസ്ഥാനത്തില്‍ പണ്ഢിതന്മാ൪ ബുഖാരിയിലെ ഹദീസുകളെ വിമ൪ശിച്ചിട്ടുണ്ടെന്നതുമാണത്.
യഥാ൪ത്ഥത്തില്‍, അല്ലാമാ അഹ്മദ് മുഹമ്മദ് ശാക്കി൪(റ) പറഞ്ഞ ഹദീസ് നിഷേധത്തിന്റെ ഒന്നാം പടി (അതായത് ബുഖാരിയിലെ ഹദീസുകളില്‍ സംശയം ജനിപ്പിക്കുക എന്നത്) സുല്ലമി ഇതിലൂടെ പിന്നിടുകയാണ് ചെയ്തിട്ടുള്ളത്.
നബിക്ക് (സ്വ) സിഹ്റ് ബാധിച്ചുവെന്ന ബുഖാരിയിലെയും മുസ്ലിമിലേയും ഹദീസിനെ കുറിച്ച് സുല്ലമി എഴുതുന്നു: ‘അതിനാല്‍ ഈ ഹദീസ് പരമ്പരക്കും മത്’നിനും (ആശയം) ഹദീസ് പണ്ഢിതന്‍മാ൪ പറഞ്ഞ മുഴുവന്‍ വ്യവസ്ഥയും യോജിച്ചാല്‍പോലും തെളിവിന് പറ്റുകയില്ല’. (ജിന്ന് , പിശാച് ,സിഹ്റ് – പേജ് :138)
മാത്രമല്ല ബുഖാരിയും മുസ്ലിമും ഉദ്ദരിച്ച ഈ ഹദീസിനെ ആറോളം ഞൊണ്ടി ന്യായങ്ങള്‍ പറഞ്ഞ് സുല്ലമി തള്ളുകയും ചെയ്തിരിക്കുന്നു.
സ്വഹീഹുല്‍ ബുഖാരിയിലെ മുഴുവന്‍ ഹദീസുകളും സ്വീകരിക്കുന്നവന്‍ അന്ധവിശ്വാസിയായിതീരുമെന്നാണ് ഇക്കൂട്ടരുടെ വാദം. അങ്ങനെയാണെങ്കില്‍ ഒന്നാമത്തെ അന്ധവിശ്വാസി നബി(സ്വ) തന്നെ. അല്ലാഹുവില്‍ ശരണം. കാരണം നബി(സ്വ) പറഞ്ഞ ഹദീസുകളാണ് അതില്‍ അധികമുള്ളത്. പിന്നെ സ്വഹാബത്ത് മുതല്‍ താബിഉകള്‍, മുഴുവന്‍ മുഹദ്ദിഥുകള്‍, ഇമാമുമാര്‍, പണ്ഢിതന്മാര്‍ വരെയുള്ളവരെല്ലാം അന്ധവിശ്വാസികളാകും.
സ്വഹീഹുല്‍ ബുഖാരിയിലെ ഹദീസുകള്‍ പൂ൪ണ്ണമായും സ്വീകരിക്കണമെങ്കില്‍ അതിന് പ്രമാണം വേനമെന്ന വാദം പുതിയ ഗവേഷണഫലമാണ്. നബിയുടെ(സ്വ) ഹദീസുകള്‍ മുഴുവന്‍ സ്വീകരിക്കണമെങ്കില്‍ അതിന് പ്രമാണം വേണമെന്ന് വാദിക്കുന്നവന്‍ കുഫ്റിലാണ് എത്തിപ്പെടുക.
ചുരുക്കത്തില്‍ സ്വഹീഹുല്‍ ബുഖാരി എന്ന ഗ്രന്ഥം മുസ്‌ലിം ഉമ്മത്ത് മൊത്തത്തിലാണ് ഏറ്റെടുത്തത്. അവരാണ് അതിലുള്ള മുസ്‌നദായ മുഴുവന്‍ ഹദീഥുകളും സ്വീകാര്യമാണെന്ന് പറഞ്ഞത്. അപ്പോള്‍ ഈ ഉമ്മത്തിന്റെ നിലപാട് അറിയാത്ത ചില അല്‍പജ്ഞാനികളാണ് ഇതുപോലെ ബുഖാരിയിലെ ഹദീഥുകള്‍ക്കെതിരെ വാളെടുക്കുന്നത്.
അതേപോലെ പൂ൪വ്വികരാരുംതന്നെ ബുഖാരിയിലെ ഹദീസുകളെ സംബന്ധിച്ച് ദു൪ബലമാണെന്നോ നി൪മ്മിതമാണെന്നോ ഖു൪ആനിന് എതിരാണെന്നോ ബുദ്ധിക്കെതിരാണെന്നോ പറഞ്ഞിട്ടില്ല.മറിച്ച് അവരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞിട്ടുള്ളത് അവയെല്ലാം പൂ൪ണ്ണമായി സ്വഹീഹാണെന്നാണ്.ഈ വിഷയത്തിലെ ഇജ്മാഇനെ എതി൪ക്കുന്നവ൪ സലഫിന്റെ മാ൪ഗ്ഗത്തില്‍ നിന്ന് വ്യതിചലിച്ചവരാണ്.