അല്ലാഹുവിൽ ഭരമേല്പിക്കൽ

THADHKIRAH

സത്യവിശ്വാസികള്‍ക്കുണ്ടായിരിക്കേണ്ട, വളരെ പ്രധാനപ്പെട്ട ഒരു സ്വഭാവമാണ് അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക എന്നുള്ളത്. ‘തവക്കുല്‍‘ എന്നാണ് അറബിയില്‍ ഇതിന് പറയുക. ഇസ്‌ലാമിന്റെ അടിസ്ഥാന ആദര്‍ശമായ ഏകദൈവ വിശ്വാസത്തിന്റെ (തൗഹീദ്) അതിപ്രധാനമായ ഒരു ആശയമാണ് ‘തവക്കുല്‍’. ഒരു സത്യവിശ്വാസിക്ക് അതില്‍ നിന്നൊഴിഞ്ഞുമാറി ജീവിക്കുക സാധ്യമല്ല. അത് അല്ലാഹുവുമായുള്ള ബന്ധത്തിന്റെ താക്കോലാണ്. സൃഷ്ടികളായ നമ്മുടെ കഴിവില്‍പെട്ട കാര്യങ്ങള്‍ നാം ചെയ്ത ശേഷം അതിനപ്പുറത്തുള്ളതൊക്കെ ലോകസ്രഷ്ടാവും സംരക്ഷകനും നിയന്താവുമായ അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊണ്ട് മുന്നേറുക എന്നതാണ് തവക്കുലിന്റെ താല്‍പര്യം.

തവക്കുലിനെ കുറിച്ച് ചുരുക്കത്തില്‍‍ ഇപ്രകാരം മനസ്സിലാക്കാം.

  • ദുനിയാവിന്റേയും പരലോകത്തിന്റേയും കാര്യങ്ങളില്‍ പെട്ട നന്മകള്‍ കിട്ടാനും തിന്മകള്‍ തടുക്കാനും സത്യസന്ധമായി അല്ലാഹുവിനെ ആശ്രയിക്കലാണ് തവക്കുല്‍.
  • മറ്റാരെയും അവലംബിക്കാത്തവിധം അല്ലാഹുവിനെ കൊണ്ട് മാത്രമുള്ള ഹൃദയദാര്‍ഢ്യമാകുന്നു തവക്കുല്‍.
  • സര്‍വ്വ കാര്യങ്ങളും അറിയുന്നവനാണ് അല്ലാഹു എന്ന് തൗഹീദിനാൽ ഹൃദയതലങ്ങളിൽ ഉറപ്പിച്ച് മനസ്സിലാക്കി, മുഴുവന്‍ വിഷയങ്ങളിലും അവന്റെ മേല്‍ ഭരമേല്‍പ്പിക്കലും അവനുമായി ബന്ധപ്പെടലുമാണ് തവക്കുല്‍.
  • തവക്കുല്‍ എന്നുവെച്ചാല്‍ കാര്യങ്ങള്‍ അവനിലേക്ക് വിട്ടുകൊടുക്കുക, എല്ലായ്പ്പോഴും അവനെ അവലംബിക്കുക, സ്വന്തം കഴിവും ശേഷിയും വിട്ട് അവനെ മാത്രം ആശ്രയിക്കുക എന്നാണ്.
  • അല്ലാഹുവിലുള്ളതുകൊണ്ട് ദൃഢമായി ഉറപ്പ് വെച്ചുപുലര്‍ത്തലും ജനങ്ങളുടെ പക്കലുള്ളതില്‍ നിന്ന് ആശ മുറിയലുമാകുന്നു തവക്കുല്‍.

വിശുദ്ധ ഖുര്‍ആനില്‍ ധാരാളം സ്ഥലങ്ങളില്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കാന്‍ സത്യവിശ്വാസികളെ ഉണര്‍ത്തുന്നുണ്ട്.

ﻭَﺗَﻮَﻛَّﻞْ ﻋَﻠَﻰ ٱﻟْﺤَﻰِّ ٱﻟَّﺬِﻯ ﻻَ ﻳَﻤُﻮﺕُ ﻭَﺳَﺒِّﺢْ ﺑِﺤَﻤْﺪِﻩِۦ ۚ ﻭَﻛَﻔَﻰٰ ﺑِﻪِۦ ﺑِﺬُﻧُﻮﺏِ ﻋِﺒَﺎﺩِﻩِۦ ﺧَﺒِﻴﺮًا

ഒരിക്കലും മരിക്കാതെ ജീവിച്ചിരിക്കുന്നവനില്‍ നീ ഭരമേല്‍പിക്കുക. അവനെ സ്തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിക്കുകയും ചെയ്യുക. തന്റെ ദാസന്‍മാരുടെ പാപങ്ങളെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനായിട്ട് അവന്‍ തന്നെ മതി.(ഖു൪ആന്‍:25/58)

അല്ലാഹു ഒരിക്കലും മരണം ബാധിക്കാത്തവനും, എന്നെന്നും ജീവിച്ചിരിക്കുന്നവനുമാണെന്നിരിക്കെ ഇന്നല്ലെങ്കില്‍ നാളെ മരിച്ചുപോകുന്നവരില്‍ ഭരമേല്‍പ്പിക്കുന്നതില്‍ യാതൊരു പ്രയോജനവുമില്ലെന്നും സൂചന നല്‍കിയിരിക്കുന്നു.

ٱﻟﻠَّﻪُ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّ ﻫُﻮَ ۚ ﻭَﻋَﻠَﻰ ٱﻟﻠَّﻪِ ﻓَﻠْﻴَﺘَﻮَﻛَّﻞِ ٱﻟْﻤُﺆْﻣِﻨُﻮﻥَ

അല്ലാഹു, അവനല്ലാതെ യാതൊരു ദൈവവുമില്ല.അതിനാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവില്‍ മാത്രം ഭരമേല്‍പ്പിക്കട്ടേ. (ഖു൪ആന്‍:64/13)

ﻭَﺗَﻮَﻛَّﻞْ ﻋَﻠَﻰ ٱﻟْﻌَﺰِﻳﺰِ ٱﻟﺮَّﺣِﻴﻢِ

പ്രതാപിയും കരുണാനിധിയുമായിട്ടുള്ളവനില്‍ നീ ഭരമേല്‍പിക്കുക.   (ഖു൪ആന്‍:26/217)

ﻭَﻣَﻦ ﻳَﺘَﻮَﻛَّﻞْ ﻋَﻠَﻰ ٱﻟﻠَّﻪِ ﻓَﺈِﻥَّ ٱﻟﻠَّﻪَ ﻋَﺰِﻳﺰٌ ﺣَﻜِﻴﻢٌ……

വല്ലവനും അല്ലാഹുവിന്റെ മേല്‍ ഭരമേല്‍പ്പിക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.(ഖു൪ആന്‍:8/49)

എല്ലാം കാര്യങ്ങളും അല്ലാഹുവില്‍ ഭാരമേല്‍പ്പിക്കുന്നതിന് വേണ്ടി ആളുകളോട് പ്രഖ്യാപിക്കാന്‍ നബി ﷺ യോട് അല്ലാഹു ആവശ്യപ്പെടുന്നു.

ۚ ﻗُﻞْ ﺣَﺴْﺒِﻰَ ٱﻟﻠَّﻪُ ۖ ﻋَﻠَﻴْﻪِ ﻳَﺘَﻮَﻛَّﻞُ ٱﻟْﻤُﺘَﻮَﻛِّﻠُﻮﻥَ

….പറയുക: എനിക്ക് അല്ലാഹു മതി. ഭാരമേല്‍പ്പിക്കുന്നവരൊക്കെയും അവനില്‍ ഭാരമേല്‍പ്പിക്കട്ടേ.  (ഖു൪ആന്‍:39/38)

മുഹ്’യിദ്ദാന്‍ ശൈഖ് (റഹി.) തന്റെ മകന്‍ അബ്ദുള്‍ വഹാബിനോട് തന്റെ മരണ വേളയില്‍ വസ്വിയത്തായി പറഞ്ഞു: അല്ലാഹുവിലേക്ക് മുഴുവന്‍ കാര്യങ്ങളും നീ ഭാരമേല്‍പ്പിക്കണം.അവ നീ അവനില്‍ നിന്ന് മാത്രം തേടണം. അല്ലാഹുവിനെ കൂടാതെ നീ ആരേയും വിശ്വസിക്കരുത്.അവനെയല്ലാതെ ആരേയും നീ അവലംബമായി സ്വീകരിക്കരുത്.തൗഹീദ്.. തൗഹീദ്..തൗഹീദ്.. എല്ലാറ്റിന്റേയും സംഗമം തൗഹീദ് ആണ്.(ഫത്ഹു റബ്ബാനി)

സത്യവിശ്വാസികളുടെ ഗുണങ്ങള്‍ വിവരിക്കുമ്പോള്‍ അല്ലാഹു അവരുടെ ഒരു ഗുണമായി കൊണ്ട് പറഞ്ഞിട്ടുള്ളത് അവ൪ എല്ലാ കാര്യങ്ങളും അല്ലാഹുവില്‍ ഭാരമേല്‍പ്പിക്കുന്നവരെന്നാണ്.

ﺇِﻧَّﻤَﺎ ٱﻟْﻤُﺆْﻣِﻨُﻮﻥَ ٱﻟَّﺬِﻳﻦَ ﺇِﺫَا ﺫُﻛِﺮَ ٱﻟﻠَّﻪُ ﻭَﺟِﻠَﺖْ ﻗُﻠُﻮﺑُﻬُﻢْ ﻭَﺇِﺫَا ﺗُﻠِﻴَﺖْ ﻋَﻠَﻴْﻬِﻢْ ءَاﻳَٰﺘُﻪُۥ ﺯَاﺩَﺗْﻬُﻢْ ﺇِﻳﻤَٰﻨًﺎ ﻭَﻋَﻠَﻰٰ ﺭَﺑِّﻬِﻢْ ﻳَﺘَﻮَﻛَّﻠُﻮﻥَ

അല്ലാഹുവിനെകുറിച്ച് പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച് നടുങ്ങുകയും, അവന്റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പ്പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍.(ഖു൪ആന്‍:8/2)

തവക്കുല്‍ കര്‍മ്മങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമല്ല. മനുഷ്യനോട് ഓരോ രംഗത്തും ചെയ്യാന്‍ കല്പിച്ചത് അവന്റെ പരമാവധി കഴിവ് ഉപയോഗിച്ചു അവന്‍ നിര്‍വ്വഹിക്കണം. കൂടെ അല്ലാഹുവിനോടുള്ള പ്രാര്‍ത്ഥനയും തവക്കുലും വേണം. മനുഷ്യര്‍ ചെയ്യാനുള്ളത് കഴിവിന്റെ പരമാവധി ചെയ്യുകയും ബാക്കി മുഴുവന്‍ കാര്യങ്ങളും അല്ലാഹുവിലേക്ക് വിടുകയും ചെയ്യണം

ഒരിക്കല്‍ പ്രവാചകനെ സന്ദര്‍ശിക്കാനെത്തിയ ഒരാള്‍ തന്റെ ഒട്ടകത്തില്‍ നിന്നിറങ്ങിയ ശേഷം അതിനെ അഴിച്ചുവിടാന്‍ ഉദ്ദേശിച്ചുകൊണ്ട് പ്രവാചകനോട് ചോദിച്ചു: ഞാനിതിനെ കെട്ടിയിട്ടാണോ തവക്കുല്‍ ചെയ്യേണ്ടത്, അതോ അഴിച്ച് വിട്ട് തവക്കുല്‍ ചെയ്യണമോ? നബി ﷺ പറഞ്ഞു: ആദ്യം ഒട്ടകത്തെ കെട്ടുക, പിന്നെ തവക്കുല്‍ ചെയ്യുക (ഇബ്‌നു ഹിബ്ബാന്‍).

പ്രവാചകന്‍മാ൪ അവരുടെ ജീവിതത്തിന്റെ എല്ലാ രംഗത്തും അല്ലാഹുവില്‍ ഭാരമേല്‍പ്പിക്കുന്നവ൪ ആയിരുന്നു.

ﻭَﻣَﺎ ﻟَﻨَﺎٓ ﺃَﻻَّ ﻧَﺘَﻮَﻛَّﻞَ ﻋَﻠَﻰ ٱﻟﻠَّﻪِ ﻭَﻗَﺪْ ﻫَﺪَﻯٰﻧَﺎ ﺳُﺒُﻠَﻨَﺎ ۚ ﻭَﻟَﻨَﺼْﺒِﺮَﻥَّ ﻋَﻠَﻰٰ ﻣَﺎٓ ءَاﺫَﻳْﺘُﻤُﻮﻧَﺎ ۚ ﻭَﻋَﻠَﻰ ٱﻟﻠَّﻪِ ﻓَﻠْﻴَﺘَﻮَﻛَّﻞِ ٱﻟْﻤُﺘَﻮَﻛِّﻠُﻮﻥَ

അല്ലാഹു ഞങ്ങളെ ഞങ്ങളുടെ വഴികളില്‍ ചേര്‍ത്ത് തന്നിരിക്കെ അവന്റെ മേല്‍ ഭരമേല്‍പ്പിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കെന്ത് ന്യായമാണുള്ളത്‌? നിങ്ങള്‍ ഞങ്ങളെ ദ്രോഹിച്ചതിനെപ്പറ്റി ഞങ്ങള്‍ ക്ഷമിക്കുക തന്നെ ചെയ്യും. അല്ലാഹുവിന്റെ മേലാണ് ഭരമേല്‍പിക്കുന്നവരെല്ലാം ഭരമേല്‍പിക്കേണ്ടത്‌.   (ഖു൪ആന്‍:14/12)

ﻭَٱﺗْﻞُ ﻋَﻠَﻴْﻬِﻢْ ﻧَﺒَﺄَ ﻧُﻮﺡٍ ﺇِﺫْ ﻗَﺎﻝَ ﻟِﻘَﻮْﻣِﻪِۦ ﻳَٰﻘَﻮْﻡِ ﺇِﻥ ﻛَﺎﻥَ ﻛَﺒُﺮَ ﻋَﻠَﻴْﻜُﻢ ﻣَّﻘَﺎﻣِﻰ ﻭَﺗَﺬْﻛِﻴﺮِﻯ ﺑِـَٔﺎﻳَٰﺖِ ٱﻟﻠَّﻪِ ﻓَﻌَﻠَﻰ ٱﻟﻠَّﻪِ ﺗَﻮَﻛَّﻠْﺖُ ﻓَﺄَﺟْﻤِﻌُﻮٓا۟ ﺃَﻣْﺮَﻛُﻢْ ﻭَﺷُﺮَﻛَﺎٓءَﻛُﻢْ ﺛُﻢَّ ﻻَ ﻳَﻜُﻦْ ﺃَﻣْﺮُﻛُﻢْ ﻋَﻠَﻴْﻜُﻢْ ﻏُﻤَّﺔً ﺛُﻢَّ ٱﻗْﻀُﻮٓا۟ ﺇِﻟَﻰَّ ﻭَﻻَ ﺗُﻨﻈِﺮُﻭﻥِ

(നബിയേ) നീ അവര്‍ക്ക് നൂഹിനെപ്പറ്റിയുള്ള വിവരം ഓതികേള്‍പ്പിക്കുക. അദ്ദേഹം തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം: എന്റെ ജനങ്ങളേ, എന്റെ സാന്നിദ്ധ്യവും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റിയുള്ള എന്റെ ഉല്‍ബോധനവും നിങ്ങള്‍ക്ക് ഒരു വലിയ ഭാരമായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ അല്ലാഹുവിന്റെ മേല്‍ ഞാനിതാ ഭരമേല്‍പിച്ചിരിക്കുന്നു. എന്നാല്‍ നിങ്ങളുടെ കാര്യം നിങ്ങളും നിങ്ങള്‍ പങ്കാളികളാക്കിയവരും കൂടി തീരുമാനിച്ചുറപ്പിച്ചു കൊള്ളൂ. പിന്നെ നിങ്ങളുടെ കാര്യത്തില്‍ (തീരുമാനത്തില്‍) നിങ്ങള്‍ക്ക് ഒരു അവ്യക്തതയും ഉണ്ടായിരിക്കരുത്‌. എന്നിട്ട് എന്റെ നേരെ നിങ്ങള്‍ (ആ തീരുമാനം) നടപ്പില്‍ വരുത്തൂ. എനിക്ക് നിങ്ങള്‍ ഇടതരികയേ വേണ്ട.   (ഖു൪ആന്‍ : 10/71)

ഫി൪ഔനില്‍ നിന്ന് രക്ഷപെട്ട മൂസാനബിയും(അ) അനുയായികളും ചെങ്കടലിന്റെ അടുത്തെത്തിയ സന്ദ൪ഭം വിശുദ്ധ ഖു൪ആന്‍ വിവരിക്കുന്നുണ്ട്.മുമ്പില്‍ മഹാസമുദ്രം.പിന്നില്‍ ഫി൪ഔനും സൈന്യങ്ങളും. ഉറപ്പായും നാം പിടികൂടപ്പെടുമെന്ന് മൂസാനബിയുടെ(അ) അനുയായികള്‍ പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് എന്നോടൊപ്പം എന്റെ രക്ഷിതാവുണ്ട്, അവന്‍ എനിക്ക് വഴി കാണിച്ചുതരുമെന്നാണ്.

ﻓَﻠَﻤَّﺎ ﺗَﺮَٰٓءَا ٱﻟْﺠَﻤْﻌَﺎﻥِ ﻗَﺎﻝَ ﺃَﺻْﺤَٰﺐُ ﻣُﻮﺳَﻰٰٓ ﺇِﻧَّﺎ ﻟَﻤُﺪْﺭَﻛُﻮﻥَﻗَﺎﻝَ ﻛَﻼَّٓ ۖ ﺇِﻥَّ ﻣَﻌِﻰَ ﺭَﺑِّﻰ ﺳَﻴَﻬْﺪِﻳﻦِ

അങ്ങനെ രണ്ട് സംഘവും പരസ്പരം കണ്ടപ്പോള്‍ മൂസായുടെ അനുചരന്‍മാര്‍ പറഞ്ഞു: തീര്‍ച്ചയായും നാം പിടിയിലകപ്പെടാന്‍ പോകുകയാണ്‌. അദ്ദേഹം (മൂസാ) പറഞ്ഞു: ഒരിക്കലുമില്ല, തീര്‍ച്ചയായും എന്നോടൊപ്പം എന്റെ രക്ഷിതാവുണ്ട് അവന്‍ എനിക്ക് വഴി കാണിച്ചുതരും.  (ഖു൪ആന്‍ : 26/62)

ഒരു മകന് പിന്നാലെ മറ്റൊരു മകനെയും നഷ്ടമായപ്പോള്‍ യഅഖൂബ് നബിയുടെ(അ) നിലപാട് ഏറെ ശ്രദ്ധേയമാണ്.

ﻭَﻗَﺎﻝَ ﻳَٰﺒَﻨِﻰَّ ﻻَ ﺗَﺪْﺧُﻠُﻮا۟ ﻣِﻦۢ ﺑَﺎﺏٍ ﻭَٰﺣِﺪٍ ﻭَٱﺩْﺧُﻠُﻮا۟ ﻣِﻦْ ﺃَﺑْﻮَٰﺏٍ ﻣُّﺘَﻔَﺮِّﻗَﺔٍ ۖ ﻭَﻣَﺎٓ ﺃُﻏْﻨِﻰ ﻋَﻨﻜُﻢ ﻣِّﻦَ ٱﻟﻠَّﻪِ ﻣِﻦ ﺷَﻰْءٍ ۖ ﺇِﻥِ ٱﻟْﺤُﻜْﻢُ ﺇِﻻَّ ﻟِﻠَّﻪِ ۖ ﻋَﻠَﻴْﻪِ ﺗَﻮَﻛَّﻠْﺖُ ۖ ﻭَﻋَﻠَﻴْﻪِ ﻓَﻠْﻴَﺘَﻮَﻛَّﻞِ ٱﻟْﻤُﺘَﻮَﻛِّﻠُﻮﻥَ

അദ്ദേഹം പറഞ്ഞു: എന്റെ മക്കളേ, (ആ സ്ഥലത്തേക്ക്) നിങ്ങള്‍ ഒരേ വാതിലിലൂടെ പ്രവേശിക്കാതെ വ്യത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കുക. അല്ലാഹുവില്‍ നിന്നുണ്ടാകുന്ന യാതൊന്നും നിങ്ങളില്‍ നിന്ന് തടുക്കുവാന്‍ എനിക്കാവില്ല. വിധികര്‍തൃത്വം അല്ലാഹുവിന് മാത്രമാകുന്നു. അവന്റെ മേല്‍ ഞാന്‍ ഭരമേല്‍പിക്കുന്നു. അവന്റെ മേല്‍ തന്നെയാണ് ഭരമേല്‍പ്പിക്കുന്നവര്‍ ഭരമേല്‍പ്പിക്കേണ്ടത്‌.    (ഖു൪ആന്‍ : 12/67)

അല്ലാഹു ഈ രണ്ട് മക്കളേയും യഅഖൂബ് നബിക്ക്(അ) തിരിച്ച് നല്‍കുന്നുണ്ട്.

മുഹമ്മദ് നബി ﷺ യും അബൂബക്ക൪ സിദ്ദീഖും(റ) കൂടി ഹിജ്റ പോകുന്നതിനായി പുറപ്പെട്ട് രാത്രി സൗ൪ മലയിലെ ഗുഹയില്‍ പോയി ഒളിച്ചിരുന്ന സന്ദ൪ഭത്തില്‍, ഗുഹക്ക് മുകളിലുള്ള ശത്രുക്കള്‍ തങ്ങളെ കാണുമോയെന്ന് അബൂബക്ക൪ സിദ്ദീഖ്(റ) ഭയപ്പെട്ടപ്പോള്‍ നബി ﷺ പറഞ്ഞത് അല്ലാഹു നമ്മുടെ കൂടെയുണ്ടെന്നാണ്.

ﺇِﺫْ ﻫُﻤَﺎ ﻓِﻰ ٱﻟْﻐَﺎﺭِ ﺇِﺫْ ﻳَﻘُﻮﻝُ ﻟِﺼَٰﺤِﺒِﻪِۦ ﻻَ ﺗَﺤْﺰَﻥْ ﺇِﻥَّ ٱﻟﻠَّﻪَ ﻣَﻌَﻨَﺎ

… അവര്‍ രണ്ടുപേരും ആ ഗുഹയിലായിരുന്നപ്പോള്‍ അദ്ദേഹം(നബി) തന്റെ കൂട്ടുകാരനോട്‌ പറഞ്ഞു: ദുഃഖിക്കേണ്ട. തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട്    (ഖു൪ആന്‍ : 9/40)

حَدَّثَنَا أَنَسٌ، قَالَ حَدَّثَنِي أَبُو بَكْرٍ ـ رضى الله عنه ـ قَالَ كُنْتُ مَعَ النَّبِيِّ صلى الله عليه وسلم فِي الْغَارِ، فَرَأَيْتُ آثَارَ الْمُشْرِكِينَ قُلْتُ يَا رَسُولَ اللَّهِ، لَوْ أَنَّ أَحَدَهُمْ رَفَعَ قَدَمَهُ رَآنَا‏.‏ قَالَ ‏ :‏ مَا ظَنُّكَ بِاثْنَيْنِ اللَّهُ ثَالِثُهُمَا ‏‏

അബൂബക്കർ رَضِيَ اللَّهُ عَنْهُ തന്നോട്‌ ഇപ്രകാരം പറഞ്ഞതായി അനസ്‌ رَضِيَ اللَّهُ عَنْهُ ഉദ്ധരിക്കുന്നു: ഞങ്ങള്‍ ഗുഹയിലായിരുന്നപ്പോള്‍ ഞാന്‍ നബി ﷺ യോട് പറഞ്ഞു: അവരില്‍ (ശത്രുക്കളില്‍) ആരെങ്കിലും അവരുടെ കാലടിക്കു താഴോട്ടു നോക്കിയാല്‍ നമ്മെ കാണുമല്ലോ. അപ്പോള്‍ നബി ﷺ പറഞ്ഞു: അബൂബക്കറേ, അല്ലാഹു മൂന്നാമനായിക്കൊണ്ടുള്ള രണ്ടുപേരെപ്പറ്റി താങ്കളുടെ വിചാരമെന്താണ്‌?   (ബുഖാരി:4663)

وَقَالَ مُوسَىٰ يَٰقَوْمِ إِن كُنتُمْ ءَامَنتُم بِٱللَّهِ فَعَلَيْهِ تَوَكَّلُوٓا۟ إِن كُنتُم مُّسْلِمِينَ

മൂസാ പറഞ്ഞു: എന്‍റെ ജനങ്ങളേ,നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിട്ടുണ്ടെങ്കില്‍ അവന്‍റെ മേല്‍ നിങ്ങള്‍ ഭരമേല്‍പിക്കുക- നിങ്ങള്‍ അവന്ന് കീഴ്പെട്ടവരാണെങ്കില്‍.   (ഖു൪ആന്‍ : 10/84)

قال ابن القيم رحمه الله : ولو توكل العبد على الله حق توكله في إزالة جبل عن مكانه، وكان مأموراً بإزالته، لأزاله

ഇബ്നുൽ ഖയ്യിം رحمه الله  പറഞ്ഞു: അടിമ അല്ലാഹുവിന്റെ മേൽ ഒരു പർവ്വതം അതിന്റെ സ്ഥാനത്ത് നിന്ന് നീങ്ങുന്ന വിഷയത്തിൽ യഥാർത്ഥ തവക്കുൽ ചെയ്യുകയാണെങ്കിൽ,
അവനതിന്റെ നീങ്ങലിന് കൽപ്പിക്കപ്പെട്ടവനുമാണെങ്കിൽ, പർവ്വതം അതിന്റെ സ്ഥാനത്തു നിന്ന് നീങ്ങുന്നതാണ്.   (മദാരിജു സ്സാലികീൻ)

ജീവിതത്തിലുടനീളം അല്ലാഹുവില്‍ തവക്കുല്‍ ചെയ്യുന്നവ൪ക്ക് ധാരാളം പ്രതിഫലങ്ങള്‍ ലഭിക്കുന്നതാണ്.

1 .അല്ലാഹുവിന്റെ ഇഷ്ടം ലഭിക്കും.

ﻓَﺒِﻤَﺎ ﺭَﺣْﻤَﺔٍ ﻣِّﻦَ ٱﻟﻠَّﻪِ ﻟِﻨﺖَ ﻟَﻬُﻢْ ۖ ﻭَﻟَﻮْ ﻛُﻨﺖَ ﻓَﻈًّﺎ ﻏَﻠِﻴﻆَ ٱﻟْﻘَﻠْﺐِ ﻟَﭑﻧﻔَﻀُّﻮا۟ ﻣِﻦْ ﺣَﻮْﻟِﻚَ ۖ ﻓَﭑﻋْﻒُ ﻋَﻨْﻬُﻢْ ﻭَٱﺳْﺘَﻐْﻔِﺮْ ﻟَﻬُﻢْ ﻭَﺷَﺎﻭِﺭْﻫُﻢْ ﻓِﻰ ٱﻷَْﻣْﺮِ ۖ ﻓَﺈِﺫَا ﻋَﺰَﻣْﺖَ ﻓَﺘَﻮَﻛَّﻞْ ﻋَﻠَﻰ ٱﻟﻠَّﻪِ ۚ ﺇِﻥَّ ٱﻟﻠَّﻪَ ﻳُﺤِﺐُّ ٱﻟْﻤُﺘَﻮَﻛِّﻠِﻴﻦَ

(നബിയേ) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൌമ്യമായി പെരുമാറിയത്‌. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പ് കൊടുക്കുകയും, അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്‌. (ഖു൪ആന്‍ : 3/159)

2. എല്ലാ കാര്യത്തിനും അല്ലാഹു മതിയാവുന്നതാണ്.

ﻣَﻦ ﻳَﺘَﻮَﻛَّﻞْ ﻋَﻠَﻰ ٱﻟﻠَّﻪِ ﻓَﻬُﻮَ ﺣَﺴْﺒُﻪُۥٓ ۚ ﺇِﻥَّ ٱﻟﻠَّﻪَ ﺑَٰﻠِﻎُ ﺃَﻣْﺮِﻩِۦ ۚ ﻗَﺪْ ﺟَﻌَﻞَ ٱﻟﻠَّﻪُ ﻟِﻜُﻞِّ ﺷَﻰْءٍ ﻗَﺪْﺭًا

……വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന് അല്ലാഹു തന്നെ മതിയാകുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു തന്റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.   (ഖു൪ആന്‍ : 65/3)

قال الامام ابن رجب رحمه الله:- ‏والتوكل من أعظم الأسباب التي تطلب بها الحوائج ، فإن الله يكفي من توكل عليه ، كما قال ومن يتوكل على الله فهو حسبه – نور الاقتباس ٢١٢

ഇബ്നു റജബ്‌ رحمه الله പറഞ്ഞു : ” ആവശ്യങ്ങൾ നേടിയെടുക്കാനുള്ള മഹത്തായ കാരണങ്ങളിൽ പെട്ടതാണു തവക്കുൽ എന്നത്‌ , കാരണം അല്ലാഹുവിൽ ഭരമേൽപ്പിച്ചവനു അവൻ തന്നെ മതിയായവനാണു , അല്ലാഹു പറഞ്ഞത്‌ പോലെ : { വല്ലവനും അല്ലാഹുവിൽ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്‌ } – 3 : سورة الطلاق

അല്ലാഹുവിന്റെ മേല്‍ കാര്യങ്ങളെ ഭാരമേല്‍പ്പിക്കുന്നവര്‍ക്ക് അല്ലാഹു തന്നെ മതി എന്നതിനുള്ള കാരണവും ഇതോടൊപ്പം അല്ലാഹു എടുത്തുകാട്ടിയിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ച കാര്യം അവന്‍ പ്രാപിക്കും. അതിനു യാതൊരു തടസ്സമോ വിഘ്നമോ നേരിടുകയില്ല. അതില്‍ ആരും അവനെ പരാജയപ്പെടുത്തുവാനുമില്ല.

അഗ്നികുണ്ഠത്തിലേക്ക് വലിച്ചെറിയപ്പെട്ട ഇബ്രാഹിം നബിയുടെ (അ) വാക്കുകള്‍ حَسْبِى الْلَّه وَنِعْم الْوَكِيْل (എനിക്ക് അല്ലാഹു മതി, ഭരമേല്‍പ്പിക്കുവാന്‍ അവനാണ് ഏററവും ഉത്തമന്‍) എന്ന് മാത്രമായിരുന്നു. ഏഴാകാശത്തിന് മുകളില്‍ മഹത്തായ അര്‍ശിലിരിക്കുന്ന അല്ലാഹുവിന്റെ ഇടപെടല്‍ ഉടന്‍ ഉണ്ടായത് ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നു.

قُلْنَا يَا نَارُ كُونِي بَرْداً وَسَلَاماً عَلَى إِبْرَاهِيمَ

നാം പറഞ്ഞു: തീയേ, നീ ഇബ്രാഹിമിന് തണുപ്പും സമാധാനവുമായിരിക്കുക   (ഖു൪ആന്‍ : 21/69)

3.  പിശാചിന്റെ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷ ലഭിക്കും.

ﺇِﻧَّﻪُۥ ﻟَﻴْﺲَ ﻟَﻪُۥ ﺳُﻠْﻄَٰﻦٌ ﻋَﻠَﻰ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻭَﻋَﻠَﻰٰ ﺭَﺑِّﻬِﻢْ ﻳَﺘَﻮَﻛَّﻠُﻮﻥَ
ﺇِﻧَّﻤَﺎ ﺳُﻠْﻄَٰﻨُﻪُۥ ﻋَﻠَﻰ ٱﻟَّﺬِﻳﻦَ ﻳَﺘَﻮَﻟَّﻮْﻧَﻪُۥ ﻭَٱﻟَّﺬِﻳﻦَ ﻫُﻢ ﺑِﻪِۦ ﻣُﺸْﺮِﻛُﻮﻥَ

വിശ്വസിക്കുകയും, തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭാരമേല്‍പിക്കുകയും ചെയ്യുന്നവരാരോ അവരുടെ മേല്‍ അവന് (പിശാചിന്‌ ) തീര്‍ച്ചയായും യാതൊരു അധികാരവുമില്ല. അവന്റെ അധികാരം അവനെ രക്ഷാധികാരിയാക്കുന്നവരുടെയും അല്ലാഹുവോട് പങ്കുചേര്‍ക്കുന്നവരുടെയും മേല്‍ മാത്രമാകുന്നു.  (ഖു൪ആന്‍ : 16/99-100)

4.  നല്ല ഉപജീവനം ലഭിക്കും

عَنْ عُمَرَ بْنِ الْخَطَّابِ قَالَ قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ « لَوْ أَنَّكُمْ كُنْتُمْ تَوَكَّلُونَ عَلَى اللَّهِ حَقَّ تَوَكُّلِهِ لَرُزِقْتُمْ كَمَا تُرْزَقُ الطَّيْرُ تَغْدُو خِمَاصًا وَتَرُوحُ بِطَانًا » -ترمذي

ഉമറുബ്‌നുല്‍ ഖത്താബി(റ)ല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: നബി ﷺ അരുള്‍ ചെയ്തിരിക്കുന്നു: നിശ്ചയം, നിങ്ങള്‍ അല്ലാഹുവില്‍ യഥാവിധി കാര്യങ്ങള്‍ ഭരമേല്‍പ്പിക്കുകയാണെങ്കില്‍, പക്ഷികള്‍ക്ക് ആഹാരം നല്‍കപ്പെടുംപോലെ നിങ്ങള്‍ക്കും ആഹാരം നല്‍കപ്പെടും. അവ പ്രഭാതത്തില്‍ ഒട്ടിയ വയറുമായി പുറപ്പെടുന്നു. വൈകുന്നേരം നിറഞ്ഞ വയറുമായി മടങ്ങുന്നു. (തിര്‍മിദി)

അല്ലാഹുവില്‍ ഭരമേല്‍പിക്കുകയെന്നത് ഒരു ജോലിയും ചെയ്യാതെ ചടഞ്ഞിരിക്കുന്നതിന്റെ പേരല്ലെന്നും ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം. ചെയ്യേണ്ടത് ചെയ്ത ശേഷം കാര്യങ്ങള്‍ അല്ലാഹുവിന് സമര്‍പ്പിക്കുകയും അവന്‍ തരുമെന്ന പ്രതീക്ഷയോടെ കിട്ടിയതില്‍ സംതൃപ്തിയടഞ്ഞു കഴിയലുമാണത്. പക്ഷികള്‍ കൂട്ടില്‍ അടങ്ങി ഇരിക്കാറില്ല.അവ രാവിലെ ആഹാരം അന്വേഷിച്ച് ഒട്ടിയ വയറുമായി പുറപ്പെടുന്നു.വൈകിട്ട് നിറഞ്ഞ വയറുമായി തിരിച്ചുവരും.

5.  പ്രതിസന്ധികളില്‍ പിടിച്ച് നില്‍ക്കാനുള്ള ശക്തി ലഭിക്കും

അല്ലാഹുവില്‍ തവക്കുല്‍ ചെയ്യുന്ന സത്യവിശ്വാസിയുടെ ജീവിതത്തില്‍ എന്തെങ്കിലും ദുരിതമോ പ്രയാസമോ പ്രതിസന്ധികളോ ബാധിച്ചാല്‍ അവന്‍ നിരാശപ്പെട്ട് പരാജയപ്പെടില്ല.
അല്ലാഹു പറയുന്നു:

ﻗُﻞ ﻟَّﻦ ﻳُﺼِﻴﺒَﻨَﺎٓ ﺇِﻻَّ ﻣَﺎ ﻛَﺘَﺐَ ٱﻟﻠَّﻪُ ﻟَﻨَﺎ ﻫُﻮَ ﻣَﻮْﻟَﻰٰﻧَﺎ ۚ ﻭَﻋَﻠَﻰ ٱﻟﻠَّﻪِ ﻓَﻠْﻴَﺘَﻮَﻛَّﻞِ ٱﻟْﻤُﺆْﻣِﻨُﻮﻥَ

പറയുക: അല്ലാഹു ഞങ്ങള്‍ക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങള്‍ക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനന്‍. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികള്‍ ഭാരമേല്‍പ്പിക്കേണ്ടത്‌.   (ഖു൪ആന്‍ :9/51)

نِ ابْنِ عَبَّاسٍ، قَالَ كُنْتُ خَلْفَ رَسُولِ اللَّهِ صلى الله عليه وسلم يَوْمًا فَقَالَ ‏:‏ يَا غُلاَمُ إِنِّي أُعَلِّمُكَ كَلِمَاتٍ احْفَظِ اللَّهَ يَحْفَظْكَ احْفَظِ اللَّهَ تَجِدْهُ تُجَاهَكَ إِذَا سَأَلْتَ فَاسْأَلِ اللَّهَ وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ وَاعْلَمْ أَنَّ الأُمَّةَ لَوِ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ لَمْ يَنْفَعُوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ لَكَ وَلَوِ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْكَ رُفِعَتِ الأَقْلاَمُ وَجَفَّتِ الصُّحُفُ

അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) നിവേദനം: റസൂൽ(ﷺ)യുടെ പിന്നിലായിരിക്കെ റസൂൽ (ﷺ) പറഞ്ഞു: കുട്ടീ, നിനക്ക് ചില വാചകങ്ങൾ പഠിപ്പിച്ചു തരട്ടെ! നീ അല്ലാഹുവിനെ സൂക്ഷിക്കുക. എന്നാൽ അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്. നീ അല്ലാഹുവിനെ സൂക്ഷിച്ചാൽ നിനക്ക് അവന്റെ നിന്റെ മുമ്പിൽ കാണാവുന്നതാണ്. നീ വല്ലതും ചോദിക്കുകയാണെങ്കിൽ അല്ലാഹുവിണോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക.നീ അറിയണം; ഒരു സമൂഹം നിനക്ക് വല്ല ഉപകാരവും ചെയ്യാന്‍ ഒരുമിച്ച് കൂടിയാലും അല്ലാഹു നിനക്ക് വേണ്ടി നിശ്ചയിച്ചുറപ്പിച്ചതിനപ്പുറം ഒന്നും അവര്‍ക്ക് ചെയ്തുതരാന്‍ കഴിയില്ല. പേനകള്‍ ഉയര്‍ത്തപ്പെട്ടു, താളുകള്‍ ഉണങ്ങി. (തിർമിദി:2516)

ഇസ്‌ലാമിക വിശ്വാസത്തിന്റെ വലിയൊരു പാഠമാണ് നബി ﷺ ഇവിടെ പഠിപ്പിക്കുന്നത്. നിരാശയെയും അഹന്തയെയും അറുത്തുമാറ്റി സ്രഷ്ടാവായ അല്ലാഹുവിനെ മാത്രം ആശ്രയിച്ചും അവലംബിച്ചും അവനില്‍ പരിപൂര്‍ണമായ വിശ്വാസമര്‍പിച്ചും അല്ലാഹുവിനെക്കുറിച്ചുള്ള സദ്‌വിചാരങ്ങള്‍ കൊണ്ട് മനസ്സ് നിറച്ചും അവന്റെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചും അവന്റെ തീരുമാനങ്ങളില്‍ പരിപൂര്‍ണ സംതൃപ്തിരേഖപ്പെടുത്തിയും കൊണ്ട് ജീവിക്കുന്ന ഒരു യഥാര്‍ഥ വിശ്വാസിക്ക് ലഭിക്കുന്ന നിര്‍ഭയത്വവും സമാധാനവും അനിര്‍വചനീയമാണ്. അല്ലാഹു ഉദ്ദേശിച്ചതും കണക്കാക്കിയതുമല്ലാത്ത യാതൊരു കാര്യവും സംഭവിക്കുകയില്ലെന്നുള്ള ചിന്ത മനസ്സില്‍ വരുമ്പോള്‍ തന്നെ അവന്റെ മനസ്സിന് ആശ്വാസം ലഭിക്കുന്നു.

ٱﻟَّﺬِﻳﻦَ ﻗَﺎﻝَ ﻟَﻬُﻢُ ٱﻟﻨَّﺎﺱُ ﺇِﻥَّ ٱﻟﻨَّﺎﺱَ ﻗَﺪْ ﺟَﻤَﻌُﻮا۟ ﻟَﻜُﻢْ ﻓَﭑﺧْﺸَﻮْﻫُﻢْ ﻓَﺰَاﺩَﻫُﻢْ ﺇِﻳﻤَٰﻨًﺎ ﻭَﻗَﺎﻟُﻮا۟ ﺣَﺴْﺒُﻨَﺎ ٱﻟﻠَّﻪُ ﻭَﻧِﻌْﻢَ ٱﻟْﻮَﻛِﻴﻞُ

ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ (സൈന്യത്തെ) ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം എന്നു ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്‌. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ.   (ഖു൪ആന്‍ : 3/173)

6. അല്ലാഹുവിന്റെ സഹായം ലഭിക്കും.

ﺇِﻥ ﻳَﻨﺼُﺮْﻛُﻢُ ٱﻟﻠَّﻪُ ﻓَﻼَ ﻏَﺎﻟِﺐَ ﻟَﻜُﻢْ ۖ ﻭَﺇِﻥ ﻳَﺨْﺬُﻟْﻜُﻢْ ﻓَﻤَﻦ ﺫَا ٱﻟَّﺬِﻯ ﻳَﻨﺼُﺮُﻛُﻢ ﻣِّﻦۢ ﺑَﻌْﺪِﻩِۦ ۗ ﻭَﻋَﻠَﻰ ٱﻟﻠَّﻪِ ﻓَﻠْﻴَﺘَﻮَﻛَّﻞِ ٱﻟْﻤُﺆْﻣِﻨُﻮﻥَ

…….നിങ്ങളെ അല്ലാഹു സഹായിക്കുന്ന പക്ഷം നിങ്ങളെ തോല്‍പ്പിക്കാനാരുമില്ല. അവന്‍ നിങ്ങളെ കൈവിട്ടുകളയുന്ന പക്ഷം അവനു പുറമെ ആരാണ് നിങ്ങളെ സഹായിക്കാനുള്ളത്‌? അതിനാല്‍ (അല്ലാഹുവിന്റെ സഹായത്തിനായി) സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കട്ടെ. (ഖു൪ആന്‍ : 3/160)

അല്ലാഹുവില്‍ ഭരമേല്‍പിച്ചവന് അവനറിയാത്ത വഴികളിലൂടെ അല്ലാഹുവിന്റെ സഹായമെത്തും. ഹിജ്‌റ വേളയിലും, ബദ്‌റ്, അഹ്‌സാബ് യുദ്ധവേളകളിലും മറ്റ് പ്രതിസന്ധിഘട്ടങ്ങളിലുമെല്ലാം അല്ലാഹുവിന്റെ അദൃശ്യമായ സഹായങ്ങള്‍ നബി ﷺ ക്കും സ്വഹാബികള്‍ക്കും ലഭിച്ചിട്ടുണ്ട്.

7. സ്വ൪ഗ്ഗം ലഭിക്കും.

وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ لَنُبَوِّئَنَّهُم مِّنَ ٱلْجَنَّةِ غُرَفًا تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا ۚ نِعْمَ أَجْرُ ٱلْعَٰمِلِينَ ‎﴿٥٨﴾‏ ٱلَّذِينَ صَبَرُوا۟ وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ ‎﴿٥٩﴾

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് നാം സ്വര്‍ഗത്തില്‍ താഴ്ഭാഗത്ത് കൂടി നദികള്‍ ഒഴുകുന്ന ഉന്നത സൌധങ്ങളില്‍ താമസസൌകര്യം നല്‍കുന്നതാണ്‌. അവര്‍ അവിടെ നിത്യവാസികളായിരിക്കും. പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം. ക്ഷമ കൈക്കൊള്ളുകയും, തങ്ങളുടെ രക്ഷിതാവിനെ ഭരമേല്‍പിച്ചു കൊണ്ടിരിക്കുകയും ചെയ്തവരത്രെ അവര്‍. (ഖു൪ആന്‍ : 29/58-59)

8. വിചാരണ കൂടാതെ സ്വ൪ഗ്ഗത്തില്‍ പ്രവേശിക്കാന്‍ കഴിയും.

حَدَّثَنَا عِمْرَانُ بْنُ مَيْسَرَةَ حَدَّثَنَا ابْنُ فُضَيْلٍ حَدَّثَنَا حُصَيْنٌ عَنْ عَامِرٍ عَنْ عِمْرَانَ بْنِ حُصَيْنٍ رَضِيَ اللَّهُ عَنْهُمَا قَالَ لَا رُقْيَةَ إِلَّا مِنْ عَيْنٍ أَوْ حُمَةٍ فَذَكَرْتُهُ لِسَعِيدِ بْنِ جُبَيْرٍ فَقَالَ حَدَّثَنَا ابْنُ عَبَّاسٍ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عُرِضَتْ عَلَيَّ الْأُمَمُ فَجَعَلَ النَّبِيُّ وَالنَّبِيَّانِ يَمُرُّونَ مَعَهُمْ الرَّهْطُ وَالنَّبِيُّ لَيْسَ مَعَهُ أَحَدٌ حَتَّى رُفِعَ لِي سَوَادٌ عَظِيمٌ قُلْتُ مَا هَذَا أُمَّتِي هَذِهِ قِيلَ بَلْ هَذَا مُوسَى وَقَوْمُهُ قِيلَ انْظُرْ إِلَى الْأُفُقِ فَإِذَا سَوَادٌ يَمْلَأُ الْأُفُقَ ثُمَّ قِيلَ لِي انْظُرْ هَا هُنَا وَهَا هُنَا فِي آفَاقِ السَّمَاءِ فَإِذَا سَوَادٌ قَدْ مَلَأَ الْأُفُقَ قِيلَ هَذِهِ أُمَّتُكَ وَيَدْخُلُ الْجَنَّةَ مِنْ هَؤُلَاءِ سَبْعُونَ أَلْفاً بِغَيْرِ حِسَابٍ ثُمَّ دَخَلَ وَلَمْ يُبَيِّنْ لَهُمْ فَأَفَاضَ الْقَوْمُ وَقَالُوا نَحْنُ الَّذِينَ آمَنَّا بِاللَّهِ وَاتَّبَعْنَا رَسُولَهُ فَنَحْنُ هُمْ أَوْ أَوْلَادُنَا الَّذِينَ وُلِدُوا فِي الْإِسْلَامِ فَإِنَّا وُلِدْنَا فِي الْجَاهِلِيَّةِ فَبَلَغَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَخَرَجَ فَقَالَ هُمْ الَّذِينَ لَا يَسْتَرْقُونَ وَلَا يَتَطَيَّرُونَ وَلَا يَكْتَوُونَ وَعَلَى رَبِّهِمْ يَتَوَكَّلُونَ فَقَالَ عُكَاشَةُ بْنُ مِحْصَنٍ أَمِنْهُمْ أَنَا يَا رَسُولَ اللَّهِ قَالَ نَعَمْ فَقَامَ آخَرُ فَقَالَ أَمِنْهُمْ أَنَا قَالَ سَبَقَكَ بِهَا عُكَّاشَةُ 

നബി ﷺ പറഞ്ഞു: ‘(പരലോകത്തെ ചില) സമുദായങ്ങളെ എനിക്ക് കാണിച്ചു തരികയുണ്ടായി. ഒന്നും രണ്ടുമൊക്കെ നബിമാരും അവരോടൊപ്പം കൊച്ചു സംഘവും കടന്നു പോയിക്കൊണ്ടിരുന്നു. ചില നബിമാരുടെ കൂടെ ഒരാള്‍ പോലുമില്ല. അതിനിടെ ഒരു വലിയ കറുപ്പ് (സംഘം ആളുകള്‍) എനിക്കു കാണിക്കപ്പെട്ടു. ഞാന്‍ ചോദിച്ചു, എന്റെ സമുദായമാണോ ഇത് ? അല്ല, ഇത് മൂസായും (അ) അദ്ദേഹത്തിന്റെ ജനതയുമാണെന്ന് മറുപടിയുണ്ടായി. പിന്നെ പറഞ്ഞു: താങ്കള്‍ ചക്രവാളത്തിലേക്ക് നോക്കൂ.ഞാന്‍ നോക്കിയപ്പോഴുണ്ട്, ചക്രവാളം നിറഞ്ഞ ഒരു കറുപ്പ്. പിന്നെ എന്നോട് പറഞ്ഞു. താങ്കള്‍ ഇങ്ങോട്ടും ഇങ്ങോട്ടും (ആകാശ ചക്രവാളങ്ങളില്‍) നോക്കൂ. അപ്പോഴുണ്ട്, ചക്രവാളങ്ങളാകെ നിറഞ്ഞു നില്‍ക്കുന്ന കറുപ്പ്. പിന്നെ എന്നോട് പറഞ്ഞു. ഇതാണ് താങ്കളുടെ സമുദായം. ഇവരില്‍ എഴുപതിനായിരം ആളുകള്‍ വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. ഇത്രയും പറഞ്ഞ് നബി ﷺ വീടിനകത്തേക്ക് പ്രവേശിച്ചു. അവര്‍ക്ക് കൂടുതല്‍ വിശദീകരണം നല്‍കിയില്ല. ആളുകള്‍ ചര്‍ച്ചയിലേക്ക് കടന്നു. അവര്‍ പറഞ്ഞു. അല്ലാഹുവില്‍ വിശ്വസിക്കുകയും അവന്റെ റസൂലിനെ പിന്‍പററുകയും ചെയ്ത നമ്മളായിരിക്കും (വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്ന വിഭാഗം). അതല്ലെങ്കില്‍ ഇസ്ലാമില്‍ ജനിച്ച നമ്മുടെ സന്താനങ്ങള്‍. നാം ജനിച്ചത് ജാഹിലിയ്യത്തിലാണല്ലൊ. സംസാരംനബി ﷺ യുടെ അടുത്തെത്തി. അവിടുന്ന് പുറത്തേക്ക് വന്നു പറഞ്ഞു. അവര്‍ (വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നവര്‍) മന്ത്രിക്കാനാവശ്യപ്പെടാത്തവരും പക്ഷികളെക്കൊണ്ട് ശകുനം നോക്കാത്തവരും ചൂട് വെക്കാത്തവരും തങ്ങളുടെ റബ്ബിന്‍മേല്‍ ഭരമേല്‍പ്പിക്കുന്നവരുമാണ്. അപ്പോള്‍ ഉക്കാശത്ത് ഇബ്നു മിഹ്സ്വന്‍ ചോദിച്ചു. അവരില്‍ ഞാന്‍ ഉള്‍പ്പെടുമോ അല്ലാഹുവിന്റെ റസൂലേ ? നബി ﷺ പറഞ്ഞു. അതെ. അപ്പോള്‍ മറെറാരാള്‍ എഴുന്നേററ് ചോദിച്ചു, അവരില്‍ ഞാന്‍ ഉള്‍പ്പെടുമോ? നബി ﷺ പറഞ്ഞു. അതില്‍ ഉക്കാശ നിന്നെ മുന്‍കടന്നു.  (ബുഖാരി:1968)

വിശുദ്ധ ഖു൪ആനും തിരുസുന്നത്തും പരിശോധിച്ചാല്‍ സത്യവിശ്വാസിയുടെ ജീവിതത്തില്‍ അലിഞ്ഞു ചേരേണ്ട ഗുണവിശേഷമാണ് തവക്കുല്‍ എന്ന് മനസ്സിലാക്കാന്‍ കഴിയും.എന്നാല്‍ ഇന്ന് മുസ്ലിംകളായ ധാരാളം ആളുകള്‍ക്ക് പോലും എല്ലാ കാര്യങ്ങളും അല്ലാഹുവില്‍ തവക്കുല്‍ ആക്കാന്‍ കഴിയുന്നില്ല. അവ൪ വസതുക്കളിലും സമ്പത്തിലും ജോലിയിലും ആരോഗ്യത്തിലും തവക്കുല്‍ ചെയ്യുന്നു.അല്ലാഹുവിനെ കുറിച്ച ശരിയായ അറിവ് ഇല്ലാത്തത് കൊണ്ടാണ് അവ൪ക്ക് എല്ലാ കാര്യങ്ങളും അല്ലാഹുവില്‍ തവക്കുല്‍ ആക്കാന്‍ കഴിയാത്തത്. അല്ലാഹുവിനെ അവന്റെ ഉല്‍കൃഷ്ട നാമങ്ങളും ഉന്നത വിശേഷണങ്ങളും സഹിതം പൂര്‍ണമായി മനസ്സിലാക്കുമ്പോള്‍ അവനില്‍ തവക്കുല്‍ ചെയ്യാന്‍ നാം തയ്യാറാവും.അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ ദു൪ബലതയും മറ്റൊരു കാരണമാണ്. ഒരു മകന് പിന്നാലെ മറ്റൊരു മകനെയും നഷ്ടമായപ്പോള്‍ യഅഖൂബ് നബി(അ) തക൪ന്ന് പോകാതെ അല്ലാഹുവില്‍ തവക്കുല്‍ ആക്കിയതും മുന്നില്‍ ചെങ്കടലും പിന്നില്‍ ഫറോവയും സൈന്യങ്ങളും വന്ന സന്ദ൪ഭത്തില്‍ സഹായിക്കാന്‍ അല്ലാഹു ഉണ്ടെന്ന് മൂസാ നബിയും(അ) സൗ൪ ഗുഹയില്‍ ശത്രുക്കള്‍ പിടികൂടാന്‍ സാധ്യതയുള്ള സന്ദ൪ഭത്തില്‍ അല്ലാഹു നമ്മോടൊപ്പമുണ്ടെന്ന് അബൂബക്ക൪ സിദ്ദീഖിനോട് (റ) മുഹമ്മദ് നബി ﷺ യും പറഞ്ഞതും അവ൪ക്ക് അല്ലാഹുവിനെ കുറിച്ച് ശരിയായ അറിവ് ഉള്ളത് കൊണ്ടും അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ ദാ൪ഢ്യത കൊണ്ടുമാണ്.

قال ابن القيم : من صدق توكله على الله في حصول شيء ناله –  مدارج السالكين ٢ / ١١٤

ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു : എന്തെങ്കിലും കാര്യം ലഭിക്കുവാൻ അല്ലാഹുവിലുള്ള തവക്കുലിൽ ആരെങ്കിലും സത്യസന്ധത കാണിച്ചാൽ അതവനു ലഭിക്കും.

ഈ ഭൗതികലോകത്ത് ഓരോ കാര്യത്തിനും പടച്ചവന്‍ വ്യവസ്ഥപ്പെടുത്തിയ കാരണങ്ങളെ സമീപിക്കുന്നത് ഈ വിശ്വാസത്തിനും ആദര്‍ശത്തിനും ഒരിക്കലും എതിരല്ല. പ്രത്യുത അത് തവക്കുലിന്റെ ഭാഗം തന്നെയാണ്.

وَمَآ أَرْسَلْنَا قَبْلَكَ مِنَ ٱلْمُرْسَلِينَ إِلَّآ إِنَّهُمْ لَيَأْكُلُونَ ٱلطَّعَامَ وَيَمْشُونَ فِى ٱلْأَسْوَاقِ ۗ وَجَعَلْنَا بَعْضَكُمْ لِبَعْضٍ فِتْنَةً أَتَصْبِرُونَ ۗ وَكَانَ رَبُّكَ بَصِيرًا

ഭക്ഷണം കഴിക്കുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്യുന്നവരായിട്ടല്ലാതെ നിനക്കുമുമ്പ് ദൂതന്‍മാരില്‍ ആരെയും നാം അയക്കുകയുണ്ടായിട്ടില്ല. നിങ്ങള്‍ ക്ഷമിക്കുമോ എന്ന് നോക്കാനായി നിങ്ങളില്‍ ചിലരെ ചിലര്‍ക്ക് നാം ഒരു പരീക്ഷണമാക്കിയിരിക്കുന്നു. (നിന്റെ രക്ഷിതാവ് (എല്ലാം) കണ്ടറിയുന്നവനാകുന്നു.   (ഖു൪ആന്‍ :25/20)

ക്വുര്‍ആനിലെ ഈ വചനം വിവരിക്കുമ്പോള്‍ ഇമാം ക്വുര്‍ത്വുബി തന്റെ തഫ്‌സീറില്‍ രേഖപ്പെടുത്തിയത് ശ്രദ്ധേയമാണ്. കാരണങ്ങളെ സമീപിക്കല്‍ അല്ലാഹു നിശ്ചയിച്ച നടപടിക്രമങ്ങളുടെ ഭാഗവും പ്രവാചകചര്യയില്‍ പെട്ടതുമാണ് എന്ന് പറഞ്ഞ ശേഷം അതിന് ഉപോല്‍ബലകമായി ധാരാളം തെളിവുകള്‍ നിരത്തുകയും ചെയ്യുന്നുണ്ട് അദ്ദേഹം. ശത്രുക്കളെ നേരിടാനുള്ള സന്നാഹങ്ങളൊരുക്കുവാന്‍ അല്ലാഹു പറഞ്ഞു:

وَأَعِدُّوا۟ لَهُم مَّا ٱسْتَطَعْتُم مِّن قُوَّةٍ وَمِن رِّبَاطِ ٱلْخَيْلِ تُرْهِبُونَ بِهِۦ عَدُوَّ ٱللَّهِ وَعَدُوَّكُمْ وَءَاخَرِينَ مِن دُونِهِمْ لَا تَعْلَمُونَهُمُ ٱللَّهُ يَعْلَمُهُمْ ۚ وَمَا تُنفِقُوا۟ مِن شَىْءٍ فِى سَبِيلِ ٱللَّهِ يُوَفَّ إِلَيْكُمْ وَأَنتُمْ لَا تُظْلَمُونَ

അവരെ നേരിടാന്‍ വേണ്ടി നിങ്ങളുടെ കഴിവില്‍പെട്ട എല്ലാ ശക്തിയും കെട്ടിനിര്‍ത്തിയ കുതിരകളെയും നിങ്ങള്‍ ഒരുക്കുക. അതുമുഖേന അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുവെയും അവര്‍ക്ക് പുറമെ നിങ്ങള്‍ അറിയാത്തവരും അല്ലാഹു അറിയുന്നവരുമായ മറ്റുചിലരെയും നിങ്ങള്‍ ഭയപ്പെടുത്തുവാന്‍ വേണ്ടി. നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഏതൊരു വസ്തു ചെലവഴിച്ചാലും നിങ്ങള്‍ക്കതിന്റെ പൂര്‍ണമായ പ്രതിഫലം നല്‍കപ്പെടും. നിങ്ങളോട് അനീതി കാണിക്കപ്പെടുന്നതല്ല.   (ഖു൪ആന്‍ :8/60)

മൂസാ നബി(അ)യോട് അല്ലാഹു പറഞ്ഞു:

‏ فَأَوْحَيْنَآ إِلَىٰ مُوسَىٰٓ أَنِ ٱضْرِب بِّعَصَاكَ ٱلْبَحْرَ ۖ فَٱنفَلَقَ فَكَانَ كُلُّ فِرْقٍ كَٱلطَّوْدِ ٱلْعَظِيمِ

അപ്പോള്‍ നാം മൂസായ്ക്ക് ബോധനം നല്‍കി; നീ നിന്റെ വടികൊണ്ട് കടലില്‍ അടിക്കൂ എന്ന്. അങ്ങനെ അത് (കടല്‍) പിളരുകയും എന്നിട്ട് (വെള്ളത്തിന്റെ) ഓരോ പൊളിയും വലിയ പര്‍വതം പോലെ ആയിത്തീരുകയും ചെയ്തു. (ഖു൪ആന്‍ :26/63)

മൂസാ നബി(അ) വടികൊണ്ട് അടിക്കാതെ തന്നെ ചെങ്കടല്‍ പിളര്‍ത്താന്‍ കഴിവുള്ളവനാണല്ലോ അല്ലാഹു. എന്നിട്ടും അദ്ദേഹത്തോട് വടികൊണ്ട് അടിക്കുവാന്‍ അല്ലാഹു പറഞ്ഞു.

അപ്രകാരം തന്നെ മര്‍യം ബീവിയോട് പറഞ്ഞു:

وَهُزِّىٓ إِلَيْكِ بِجِذْعِ ٱلنَّخْلَةِ تُسَٰقِطْ عَلَيْكِ رُطَبًا جَنِيًّا

നീ ഈന്തപ്പനമരം നിന്റെ അടുക്കലേക്ക് പിടിച്ചുകുലുക്കിക്കൊള്ളുക. അത് നിനക്ക് പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്.   (ഖു൪ആന്‍ :19/25)

മറിയം ഈത്തപ്പന കുലുക്കാതെ തന്നെ പാകമായ ഈത്തപ്പഴം വീഴ്ത്തിക്കൊടുക്കാന്‍ അല്ലാഹുവിന് കഴിയുന്നതാണ്. എന്നിട്ടും അവരോട് അങ്ങനെ ചെയ്യുവാന്‍ പ്രത്യേകം നിര്‍ദേശിച്ചതും ശ്രദ്ധേയമാണ്.

ഇതോടൊപ്പം തന്നെ ഏതെങ്കിലും വ്യക്തികളെ അവരുടെ സ്വന്തം കാര്യത്തിലോ അവര്‍ മുഖേന മറ്റുള്ളവരുടെ കാര്യത്തിലോ അല്ലാഹു ആദരിക്കുകയോ സഹായിക്കുകയോ ചെയ്യുന്നതും നിഷേധിക്കാനാവുന്നതല്ല. എന്നാല്‍ അതിന്റെ പേരില്‍ മതം പഠിപ്പിച്ച ഈ പൊതുതത്ത്വങ്ങളെയോ മാന്യമായ നിര്‍ദേശങ്ങളെയോ നിരാകരിക്കാന്‍ ഒരിക്കലും സാധിക്കുകയില്ല.

ആകാശത്തുനിന്ന് അല്ലാഹു ‘രിസ്‌ക്വ്’ ഇറക്കിത്തരും എന്നു പറഞ്ഞിട്ടുണ്ട് എന്നു പറഞ്ഞ് വെറുതെയിരിക്കാന്‍ പറ്റുമോ? വിശുദ്ധ ക്വുര്‍ആന്‍ 51:22ല്‍ പറഞ്ഞതിന്റെ വിവക്ഷ (‘ആകാശത്തുനിന്ന് നിങ്ങള്‍ക്കുള്ള ഉപജീവനവും നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്ന കാര്യങ്ങളുമുണ്ട്’) മഴയാണെന്നതില്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ വിയോജിപ്പില്ല. കാരണം അല്ലാഹു തന്നെ മറ്റ് വചനങ്ങളിലൂടെ അത് വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു:

هُوَ ٱلَّذِى يُرِيكُمْ ءَايَٰتِهِۦ وَيُنَزِّلُ لَكُم مِّنَ ٱلسَّمَآءِ رِزْقًا ۚ وَمَا يَتَذَكَّرُ إِلَّا مَن يُنِيبُ

അവനാണ് നിങ്ങള്‍ക്ക് തന്റെ ദൃഷ്ടാന്തങ്ങള്‍ കാണിച്ചുതരുന്നത്. ആകാശത്തുനിന്ന് അവന്‍ നിങ്ങള്‍ക്ക്ഉപജീവനം ഇറക്കിത്തരികയും ചെയ്യുന്നു. (അവങ്കലേക്ക്) മടങ്ങുന്നവര്‍ മാത്രമെ ആലോചിച്ച് ഗ്രഹിക്കുകയുള്ളൂ.   (ഖു൪ആന്‍ :40/13)

وَنَزَّلْنَا مِنَ السَّمَاءِ مَاءً مُّبَارَكًا فَأَنبَتْنَا بِهِ جَنَّاتٍ وَحَبَّ الْحَصِيدِ
وَالنَّخْلَ بَاسِقَاتٍ لَّهَا طَلْعٌ نَّضِيدٌ
رِّزْقًا لِّلْعِبَادِ ۖ وَأَحْيَيْنَا بِهِ بَلْدَةً مَّيْتًا ۚ كَذَٰلِكَ الْخُرُوجُ

ആകാശത്തുനിന്ന് നാം അനുഗൃഹീതമായ വെള്ളം വര്‍ഷിക്കുകയും എന്നിട്ട് അതുമൂലം പലതരം തോട്ടങ്ങളും കൊയ്‌തെടുക്കുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്തു. അടുക്കടുക്കായി കുലകളുള്ള ഉയരമുള്ള ഈന്തപ്പനകളും. (നമ്മുടെ) ദാസന്‍മാര്‍ക്ക് ഉപജീവനമായിട്ടുള്ളതത്രെ അവ. നിര്‍ജീവമായ നാടിനെ അതുമൂലം ജീവനുള്ളതാക്കുകയും ചെയ്തു. അപ്രകാരം തന്നെയാകുന്നു (ക്വബ്‌റുകളില്‍നിന്നുള്ള) പുറപ്പാട്”   (ക്വുര്‍ആന്‍ 50:9-11).

ആകാശത്തുനിന്ന് സൃഷ്ടികള്‍ക്ക് ഭക്ഷണമായി റൊട്ടിയും മാംസവും വര്‍ഷിക്കപ്പെടുന്നത് നാമാരും കാണാറുമില്ല. മറിച്ച് അതിനുള്ള കാരണങ്ങളെ സമീപിക്കുവാനാണ് മതം പഠിപ്പിച്ചിട്ടുള്ളത്. നബി ﷺ പറഞ്ഞു: ”ഭൂമിയുടെ മടക്കുകളിലൂടെ നിങ്ങള്‍ ഉപജീവനം തേടുക” (ത്വബ്‌റാനി). ഇത് നബിവചനമായി സ്ഥിരപ്പെട്ടിട്ടില്ലെന്ന് ശൈഖ് അല്‍ബാനി സ്ഥിരീകരിക്കുന്നുണ്ട് (സില്‍സില-2489). ഇനി സ്ഥിരപ്പെട്ടാല്‍ തന്നെ ‘കൃഷിചെയ്തും നിലംപാകപ്പെടുത്തിയും മറ്റുമൊക്കെ ഉപജീവനം കണ്ടെത്തുക’ എന്നാണ് ഇതിലൂടെ നബി ﷺ നിര്‍ദേശിക്കുന്നത് എന്ന് മനസ്സിലാക്കാം.

അവിടുന്ന് പറഞ്ഞു: ”നിങ്ങളിലൊരാള്‍ തന്റെ കയറെടുത്ത് വിറക് ശേഖരിച്ച് ഉപജീവനം കണ്ടെത്തലാണ് ആളുകളോട് യാചിക്കുന്നതിനെക്കാള്‍ ഉത്തമം. അവര്‍ തരട്ടെ, തരാതിരിക്കട്ടെ” (ബുഖാരി).

ചില സ്വഫീചിന്താഗതിക്കാര്‍ ധരിച്ചതുപോലെ ജനങ്ങളില്‍നിന്ന് അകന്ന് വല്ല മലമുകളിലും കഴിഞ്ഞുകൂടലാണ് നല്ലതെങ്കില്‍ ഇങ്ങനെ പറയുമായിരുന്നില്ല. നബി ﷺ പറഞ്ഞു:

”നിങ്ങള്‍ അല്ലാഹുവില്‍ തവക്കുലാക്കേണ്ട പോലെ തവക്കുലാക്കുകയാണെങ്കില്‍ പക്ഷികള്‍ക്ക് ഉപജീവനം നല്‍കപ്പെടുന്നപോലെ നിങ്ങള്‍ക്കും നല്‍കപ്പെടുമായിരുന്നു. അവ പ്രഭാതത്തില്‍ ഒട്ടിയ വയറുമായി കൂടുവിട്ട് പോകുന്നു. പ്രദോഷത്തില്‍ നിറഞ്ഞ വയറുമായി കൂടണയുന്നു” (അഹ്മദ്, തുര്‍മുദി). അവയുടെ കൂടുവിട്ടുള്ള പ്രയാണം ഒരു കാരണമാണ്; അല്ലാതെ അവ സ്വന്തം കൂടുകളില്‍ മടിയന്മാരായി ചടഞ്ഞുകൂടുകയല്ല ചെയ്യുന്നത്.

എന്നാല്‍ തൗഹീദിന്റെയും തവക്കുലിന്റെയും പേരില്‍ ഇത്തരം കാര്യകാരണ ബന്ധങ്ങളില്‍നിന്നെല്ലാം വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നവരുടെ കാര്യമാണ് ഏറെ ആശ്ചര്യകരം! അവരില്‍ പലരും നേരായ തെളിഞ്ഞ മാര്‍ഗം വിട്ട് വളഞ്ഞവഴികള്‍ പുല്‍കുന്നവരാണ്.

ഇബ്‌നുഅബ്ബാസ്(റ) പറഞ്ഞതായി ഇപ്രകാരം സ്വഹീഹുല്‍ ബുഖാരിയില്‍ സ്ഥിരപ്പെട്ടുവന്നിട്ടുണ്ട്: ”യമനുകാരായ ചിലര്‍ യാത്രയക്കാവശ്യമായ പാഥേയമൊരുക്കാതെ തങ്ങള്‍ തവക്കുലാക്കുകയാണെന്നും പറഞ്ഞ് ഹജ്ജിന് പോകുമായിരുന്നു. അപ്പോഴാണ് ‘നിങ്ങള്‍ പാഥേയമൊരുക്കുക” (2:197)  എന്ന വചനം അല്ലാഹു അവതരിപ്പിച്ചത്” (സ്വഹീഹുല്‍ ബുഖാരി: 1523).

നബി ﷺ യോ അനുചരന്മാരോ പാഥേയമില്ലാതെ തങ്ങളുടെ യാത്രപുറപ്പെട്ടതായി യാതൊരു സംഭവവും ഉദ്ധരിക്കപ്പെട്ടുന്നില്ല. അവരാകട്ടെ യഥാര്‍ഥ ‘തവക്കുലി’ന്റെ വക്താക്കളാണെന്നതില്‍ ഒരാള്‍ക്കും സംശയമുണ്ടാവുകയുമില്ല. അപ്പോള്‍ ‘തവക്കുല്‍’ എന്നത് അല്ലാഹു പ്രകൃതിയില്‍ നിശ്ചയിച്ച കാരണങ്ങലെയും ലക്ഷ്യത്തിലേക്കുള്ള മാധ്യമങ്ങളെയും പാടെ നിരാകരിക്കലല്ല. പ്രത്യുത ആവശ്യനിര്‍വഹണത്തിനും ആഗ്രഹസഫലീകരണത്തിന്നും പരിപൂര്‍ണമായും അല്ലാഹുവിനെ ആശ്രയിക്കുകയും ഹൃദയം അവനുമായി ആത്മാര്‍ഥമായി ബന്ധിക്കലുമാണ് തവക്കുല്‍. (കടപ്പാട്: തഫ്‌സീര്‍ ക്വുര്‍ത്വുബി-25:20. വാ.13, പേ.15).

അല്ലാഹു നിശ്ചയിച്ച പ്രകൃതിയിലെ കാരണങ്ങളെ ഉപയോഗപ്പെടുത്തല്‍ ഇസ്‌ലാം പഠിപ്പിക്കുന്ന തൗഹീദിനും തവക്കുലിനും എതിരല്ല എന്നതിന് നബി ﷺ ജീവിതം തന്നെ തെളിവാണ്. പ്രസ്തുത കാരണങ്ങള്‍ സ്വീകരിക്കാന്‍ അവിടുന്ന് പലപ്പോഴും ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്.

നബി ﷺ മക്കയില്‍നിന്ന് മദീനയിലേക്ക് ദേശപരിത്യാഗം ചെയ്ത് (ഹിജ്‌റ) യാത്രപുറപ്പെട്ടപ്പോള്‍ ശത്രുക്കളുടെ കയ്യില്‍ പെടാതിരിക്കാന്‍ ഊടുവഴികള്‍ അറിയുന്ന വിശ്വസ്തനായ അബ്ദുല്ലാഹിബ്‌നുല്‍ ഉറൈക്വിത്വ് എന്ന അമുസ്‌ലിമായ വഴികാട്ടിയെ ഉപയോഗപ്പെടുത്തി. യാത്രക്കിടയില്‍ ‘ഥൗര്‍’ ഗുഹയില്‍ ഒളിച്ചിരുന്നു. അന്നപാനീയങ്ങള്‍ ഉപയോഗിച്ചു. രോഗംവന്നാല്‍ ചികിത്സിക്കുകയും ചികിത്സിക്കാനുപദേശിക്കുകയും ചെയ്തിട്ടുണ്ട്.

സ്വഹാബികള്‍ നബി ﷺ യോട് ചോദിച്ചു: ”അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ ചികിത്സിക്കട്ടെയോ? അവിടുന്ന് പറഞ്ഞു: ‘അതെ, അല്ലാഹുവിന്റെ ദാസന്മാരേ, നിങ്ങള്‍ ചികിത്സിച്ചോളൂ. തീര്‍ച്ചയായും ശമനം നിശ്ചയിച്ചിട്ടില്ലാത്ത ഒരു രോഗവും അല്ലാഹു ഇറക്കിയിട്ടില്ല” (ബുഖാരി-അദ്ബുല്‍ മുഫ്‌റദ്, അബൂദാവൂദ്, തുര്‍മുദി).

അപ്രകാരം തന്നെ നബി ﷺ യുദ്ധത്തില്‍ പടയങ്കി ധരിച്ചിട്ടുണ്ട്. ജീവിതാവശ്യങ്ങള്‍ക്ക് കച്ചവടം ചെയ്തിട്ടുണ്ട്.

എന്നാല്‍ പ്രസ്തുത കാരണങ്ങളെ എല്ലാമെല്ലാമായിക്കണ്ട് ആശ്രയവും അവലംബവുമാക്കി പ്രാര്‍ഥനകളും മതത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളും ഒഴിവാക്കുന്നത് അത്യന്തം ഗുരുതരവും ഇസ്‌ലാമിക വിശ്വാസ ആദര്‍ശങ്ങള്‍ക്ക് എതിരുമാണ്.

നമ്മുടെ ആശ്രയവും അവലംബവും അല്ലാഹു മാത്രമാണ്. അവനോടാണ് നാം ആവലാതികള്‍ ബോധിപ്പിക്കേണ്ടതും പ്രാര്‍ഥിക്കേണ്ടതും. ബാക്കിയുള്ളവരെല്ലാം ദുര്‍ബലരും അശക്തനുമാണ്.

 يَا أَيُّهَا النَّاسُ أَنتُمُ الْفُقَرَاءُ إِلَى اللَّهِ ۖ وَاللَّهُ هُوَ الْغَنِيُّ الْحَمِيدُ

അല്ലാഹു പറയുന്നു: ”മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്റെ ആശ്രിതന്‍മാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യര്‍ഹനുമാകുന്നു” (ഖുർആൻ 35:15).

ഇതിന് വിരുദ്ധമായി വന്നുപോകുന്ന വാക്കുകള്‍ വരെ സൂക്ഷിക്കണമെന്നാണ് നബി ﷺ പഠിപ്പിച്ചത്. ചെറിയ ശിര്‍ക്കിന്റെ ഉദാഹരണങ്ങളായി പണ്ഡിതന്മാര്‍ വിശദീകരിച്ച; ‘നിങ്ങളില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ രക്ഷപ്പെടില്ലായിരുന്നു,’ ‘നിങ്ങള്‍ വിചാരിച്ചാല്‍ കാര്യം നടക്കും’ എന്നീത്യാദി സംസാരങ്ങള്‍ പോലും നാം സൂക്ഷിക്കേണ്ടതുണ്ട്.

തവക്കുലിന്റെയും കാര്യകാരണങ്ങളുടെയും വിഷയത്തില്‍ മനുഷ്യര്‍ക്ക് പലതരം പിഴവുകളുണ്ടായിട്ടുണ്ട്. ചിലര്‍ അത്തരം കാരണങ്ങളെ പരമമായ ആശ്രയമായിക്കണ്ട് പ്രാര്‍ഥനയും തവക്കുലുമെല്ലാം നിരാകരിക്കുന്നു. ഭൗതികവാദികളും നിരീശ്വരനിര്‍മതവാദക്കാരുമൊക്കെ ഇത്തരം രീതിയാണ് സ്വീകരിക്കാറുള്ളത്.

വേറെ ചിലര്‍ പ്രപഞ്ചത്തിലെ കാര്യകാരണബന്ധങ്ങളെ പാടെ അവഗണിച്ചുകൊണ്ട് പോകുന്നു. തീവ്ര സ്വൂഫികള്‍ ആ രീതി കൈക്കൊള്ളുന്നവരാണ്. പ്രാര്‍ഥനയും തവക്കുലും ഒന്നുമില്ലാതെ സൃഷ്ടികളുടെ കഴിവുകളിലും സംവിധാനങ്ങളിലും അമിതവിശ്വാസം പുലര്‍ത്തി അവയെ മാത്രം ആശ്രയമായി കണ്ടുകൊണ്ടുള്ള പോക്ക് ഒരു തരം നിഷേധവും അഹങ്കാരവുമാണ്. അപ്രകാരം തന്നെ അധ്വാനങ്ങളും പരിശ്രമങ്ങളും മുന്‍കരുതലുകളുമില്ലാതെ എല്ലാം ‘ദൈവവിധി’ എന്ന് പറഞ്ഞ് അലസന്മാരായി കഴിഞ്ഞുകൂടുന്നതും മതത്തിന്റെ അധ്യാപനങ്ങളെ കുറിച്ചുള്ള അജ്ഞതയും വഴികേടുമാണ്.

ഇമാം അഹ്മദ് ഇബ്‌നു ഹമ്പലി(റഹി)നോട് ഒരാള്‍ പറഞ്ഞു: ‘ഞാന്‍ തവക്കുലാക്കിക്കൊണ്ട് കാല്‍നടയായി ഹജ്ജിന് പോകുവാന്‍ ഉദേശിക്കുന്നു.’ ഇമാം അവര്‍കള്‍ അയാളോട് ചോദിച്ചു: ‘നീ തനിച്ചാണോ പോകുന്നത്?’ അയാള്‍ പറഞ്ഞു: ‘അല്ല, ആളുകളുണ്ട്.’ അപ്പോള്‍ ഇമാം അഹ്മദ് പറഞ്ഞുവത്രെ: ‘എങ്കില്‍ ആളുകളുടെ ഭക്ഷണപ്പൊതിയിലാണ് ഭരമേല്‍പിച്ചിരിക്കുന്നത്’   (തഫ്‌സീര്‍ ക്വുര്‍ത്വുബിയില്‍ നിന്ന് 15/13).

ഇത്തരം അലസതയെയും അജ്ഞതയെയും തിരുത്തിക്കൊണ്ട് ഉമര്‍(റ) ഇപ്രകാരം പറയാറുണ്ടായിരുന്നുവത്രെ: ”നിങ്ങളാരും (അധ്വാനിച്ച്) ഉപജീവനം തേടാതെ ‘അല്ലാഹുവേ, എനിക്ക് രിസ്‌ക്വ് നല്‍കണേ’ എന്നു പറഞ്ഞ് ചടഞ്ഞിരിക്കരുത്. ആകാശം സ്വര്‍ണമോ വെള്ളിയോ വര്‍ഷിക്കാറില്ല എന്നത് നിങ്ങള്‍ക്കറിയാമല്ലോ”   (ഇഹ്‌യാ ഉലൂമുദ്ദിന്‍).

തന്റെ ഒട്ടകത്തെ മേയാന്‍വിടാന്‍ ഭാവിച്ചുകൊണ്ട് നബി ﷺ യോട് ഒരാള്‍ ചോദിച്ചു: ‘ഞാനിതിനെ കെട്ടിയിടുകയും തവക്കുലാക്കുകയും ചെയ്യണോ? അതല്ല, ഇതിനെ കെട്ടിയിടാതെ തവക്കുല്‍ ആക്കണോ?’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘നീ അതിനെ കെട്ടിയിടുകയും തവക്കുലാക്കുകയും ചെയ്യുക’ (തുര്‍മുദി, ഇബ്‌നുഹിബ്ബാന്‍).

നമ്മുടെ കഴിവില്‍പെട്ടത് നാം ചെയ്തുകൊണ്ടായിരിക്കണം തവക്കുല്‍ ചെയ്യേണ്ടതെന്ന് ഈ സംഭവവും നമ്മെ പഠിപ്പിക്കുന്നു. ഈ വിഷയമായി അല്ലാമാ ഇബ്‌നുല്‍ ക്വയ്യിം(റഹി) പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധേയവും വ്യക്തവുമാണ്:

”അല്ലാഹു നിശ്ചയിച്ച കാരണങ്ങളുമായി ബന്ധപ്പെടാതെ തൗഹീദിന്റെ യാഥാര്‍ഥ്യം പൂര്‍ണമാവുകയില്ല. അവയെ നിരാകരിക്കല്‍ തൗഹീദിന്റെ കാര്യത്തില്‍തന്നെ ന്യൂനതവരുത്തുന്നുണ്ട്. അവയെ സമീപിക്കാതിരിക്കല്‍ തവക്കുലിന് എതിരായ അശക്തതയാണ്. വാസ്തവത്തില്‍ ‘തവക്കുല്‍’ എന്നത് ഒരു അടിമ തന്റെ ദീനിന്റെയും ദുന്‍യാവിന്റെയും കാര്യത്തില്‍ ഉപകാരപ്രദമായത് നേടിയെടുക്കാനും ഉപദ്രവകരമായത് തടയാനുമായി ഹൃദയംകൊണ്ട് അല്ലാഹുവിനെ ആശ്രയിക്കുകയും അവലംബിക്കുകയും ചെയ്യലാണ്. ഈ അവലംബിക്കലില്‍ അനിവാര്യമായും കാരണങ്ങളുമായി ബന്ധപ്പെടേണ്ടതുണ്ട്. അല്ലായെങ്കില്‍ ഒരാള്‍ തന്റെ ശേഷിയില്ലായ്മയെ തവക്കുലും തവക്കുലിനെ കഴിവുകേടും ആയി ഗണിക്കേണ്ടതില്ല”    (സാദുല്‍ മആദ്, വാ: 4, പേജ്: 14).

Leave a Reply

Your email address will not be published.

Similar Posts