‘ഇസ്തിഗ്ഫാര്‍’ എന്നത് ഇസ്‌ലാമില്‍ വളരെയേറെ പുണ്യകരമായ കാര്യമാണ്. പാപങ്ങൾ മായ്ച്ചുകളഞ്ഞ്, അത് പൊറുത്തു തരാനുള്ള അല്ലാഹുവിനോടുള്ള ആത്മാർത്ഥമായ തേട്ടത്തിനാണ് ‘ഇസ്തിഗ്ഫാർ’ എന്ന് പറയുന്നത്.
‘ഗഫറ’ എന്ന ക്രിയാ പദത്തില്‍ നിന്നാണ് ‘ഇസ്തിഗ്ഫാര്‍’ ഉണ്ടായിട്ടുള്ളത്. ‘മറയ്ക്കുക’ എന്നാകുന്നു ഗഫറയുടെ അര്‍ഥം. ‘ഗഫറല്ലാഹു ദന്‍ബഹു’ എന്നു പറഞ്ഞാല്‍ ‘അല്ലാഹു അവന്റെ പാപം മറച്ചുകളഞ്ഞു’ എന്നാണര്‍ഥം. ‘അല്‍ ഗഫൂര്‍’, ‘അല്‍ ഗഫ്ഫാര്‍’, ‘അല്‍ ഗാഫിര്‍’ എന്നിവ അല്ലാഹുവിന്റെ വിശിഷ്ട നാമങ്ങളില്‍ പെട്ടതാണ്. അടിമകളുടെ പാപങ്ങള്‍ മറച്ചു കളയുകയും ഏറെ പൊറുത്തു കൊടുക്കുകയും ചെയ്യുന്നവനാണ് അല്ലാഹു എന്നാണ് ഇതിന്റെ വിവക്ഷ. പാപമോചനവും പശ്ചാത്താപവും കൊണ്ടല്ലാതെ പാപങ്ങൾ മായ്ക്കപെടുകയില്ല.
قال ابن الجوزي رحمه الله : المعاصي سلسلة في عنق العاصي لا يفكه منها إلا الاستغفار والتوبة
ഇബ്നുൽ ജൗസി رحمه الله പറഞ്ഞു: പാപങ്ങൾ പാപിയുടെ കഴുത്തിലെ ചങ്ങലയാണ്, പാപമോചനവും, പശ്ചാത്താപവും കൊണ്ടല്ലാതെ അതഴിക്കുക സാധ്യമല്ല. (التذكرة في الوعظ – 96)
പശ്ചാത്തപിക്കാനും (തൗബ) പാപമോചനാര്‍ത്ഥന (ഇസ്തിഗ്ഫാര്‍) നടത്താനും ഖുര്‍ആനിലൂടെ അല്ലാഹു നമ്മോട് ആവശ്യപ്പെടുന്നു.
ﻭَﻣَﻦ ﻳَﻌْﻤَﻞْ ﺳُﻮٓءًا ﺃَﻭْ ﻳَﻈْﻠِﻢْ ﻧَﻔْﺴَﻪُۥ ﺛُﻢَّ ﻳَﺴْﺘَﻐْﻔِﺮِ ٱﻟﻠَّﻪَ ﻳَﺠِﺪِ ٱﻟﻠَّﻪَ ﻏَﻔُﻮﺭًا ﺭَّﺣِﻴﻤًﺎ
ആരെങ്കിലും വല്ല തിന്‍മയും ചെയ്യുകയോ, സ്വന്തത്തോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്തിട്ട് അല്ലാഹുവോട് പാപമോചനം തേടുന്ന പക്ഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായി അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്. (ഖു൪ആന്‍: 4/110)
എല്ലാ ഇബാദത്തുകളുടെയും അടിസ്ഥാനമായ തൗഹീദിനോട് ചേർത്ത് വിശുദ്ധ ഖുർആനിൽ ഇസ്തിഗ്ഫാര്‍ പരാമർശിച്ചിട്ടുള്ളതായി കാണാം. ഇത് ഇസ്തിഗ്ഫാറിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു.
فَٱعْلَمْ أَنَّهُۥ لَآ إِلَٰهَ إِلَّا ٱللَّهُ وَٱسْتَغْفِرْ لِذَنۢبِكَ
ആകയാല്‍ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്ന് നീ മനസ്സിലാക്കുക. നിന്‍റെ പാപത്തിന് നീ പാപമോചനം തേടുക. (ഖു൪ആന്‍: 47/19)
ഗഫൂര്‍ (പാപമോചനം നല്‍കുന്നവന്‍) എന്നത് അല്ലാഹുവിന്റെ വിശേഷ നാമങ്ങളില്‍ പെട്ടതാണ്. പാപങ്ങളില്‍ നിന്ന് പശ്ചാത്തപിച്ച് മടങ്ങി പൊറുക്കലിനെ തേടിക്കൊണ്ടിരിക്കുമ്പോഴെല്ലാം അല്ലാഹു തന്റെ ദാസന്മാരുടെ പാപങ്ങള്‍ പൊറുത്തു കൊണ്ടിരിക്കും.
ﻭَٱﺳْﺘَﻐْﻔِﺮِ ٱﻟﻠَّﻪَ ۖ ﺇِﻥَّ ٱﻟﻠَّﻪَ ﻛَﺎﻥَ ﻏَﻔُﻮﺭًا ﺭَّﺣِﻴﻤًﺎ
അല്ലാഹുവോട് പാപമോചനം തേടുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.(ഖു൪ആന്‍: 4/106)
ﻓَﺴَﺒِّﺢْ ﺑِﺤَﻤْﺪِ ﺭَﺑِّﻚَ ﻭَٱﺳْﺘَﻐْﻔِﺮْﻩُ ۚ ﺇِﻧَّﻪُۥ ﻛَﺎﻥَ ﺗَﻮَّاﺑًۢﺎ
നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവനെ പ്രകീര്‍ത്തിക്കുകയും, നീ അവനോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു. (ഖു൪ആന്‍: 110/3)
ﺛُﻢَّ ﺇِﻥَّ ﺭَﺑَّﻚَ ﻟِﻠَّﺬِﻳﻦَ ﻋَﻤِﻠُﻮا۟ ٱﻟﺴُّﻮٓءَ ﺑِﺠَﻬَٰﻠَﺔٍ ﺛُﻢَّ ﺗَﺎﺑُﻮا۟ ﻣِﻦۢ ﺑَﻌْﺪِ ﺫَٰﻟِﻚَ ﻭَﺃَﺻْﻠَﺤُﻮٓا۟ ﺇِﻥَّ ﺭَﺑَّﻚَ ﻣِﻦۢ ﺑَﻌْﺪِﻫَﺎ ﻟَﻐَﻔُﻮﺭٌ ﺭَّﺣِﻴﻢٌ
പിന്നെ തീര്‍ച്ചയായും നിന്റെ രക്ഷിതാവ്, അവിവേകം മൂലം തിന്‍മ പ്രവര്‍ത്തിക്കുകയും പിന്നീട് അതിന് ശേഷം ഖേദിച്ചുമടങ്ങുകയും (ജീവിതം) നന്നാക്കിത്തീര്‍ക്കുകയും ചെയ്തവര്‍ക്ക് (വിട്ടുവീഴ്ച ചെയ്യുന്നവനാകുന്നു.) തീര്‍ച്ചയായും നിന്റെ രക്ഷിതാവ് അതിന് ശേഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍: 16/119)
ഒരു സത്യവിശ്വാസി അല്ലാഹുവിനോട് മാത്രമാണ് ഇസ്തിഗ്ഫാര്‍ നടത്തേണ്ടത്.കാരണം അവന്‍ മാത്രമാണ് പാപം പൊറുത്തു കൊടുക്കുന്നത്.
وَمَن يَغْفِرُ الذُّنُوبَ إِلَّا اللَّهُ
അല്ലാഹു അല്ലാതെ ആരാണ് പാപങ്ങള്‍ പൊറുക്കുക? (ഖു൪ആന്‍: 3/135)
അല്ലാഹുവിന്റെ ഒരു ദാസന്‍ തെറ്റുകളില്‍ നിന്നെല്ലാം പശ്ചാത്തപിച്ച് ഇസ്തിഗ്ഫാ൪ പറയുമ്പോഴെല്ലാം അല്ലാഹു സന്തോഷിക്കുന്നതാണെന്ന് നബി ﷺ അറിയിച്ച് തന്നിട്ടുണ്ട്.
عَنْ أَنَسُ بْنُ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: لَلَّهُ أَشَدُّ فَرَحًا بِتَوْبَةِ عَبْدِهِ حِينَ يَتُوبُ إِلَيْهِ مِنْ أَحَدِكُمْ كَانَ عَلَى رَاحِلَتِهِ بِأَرْضِ فَلاَةٍ فَانْفَلَتَتْ مِنْهُ وَعَلَيْهَا طَعَامُهُ وَشَرَابُهُ فَأَيِسَ مِنْهَا فَأَتَى شَجَرَةً فَاضْطَجَعَ فِي ظِلِّهَا قَدْ أَيِسَ مِنْ رَاحِلَتِهِ فَبَيْنَا هُوَ كَذَلِكَ إِذَا هُوَ بِهَا قَائِمَةً عِنْدَهُ فَأَخَذَ بِخِطَامِهَا ثُمَّ قَالَ مِنْ شِدَّةِ الْفَرَحِ اللَّهُمَّ أَنْتَ عَبْدِي وَأَنَا رَبُّكَ . أَخْطَأَ مِنْ شِدَّةِ الْفَرَحِ
അനസിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:യാത്രാമദ്ധ്യേ മരുഭൂമിയില്‍ വെച്ച് ഭക്ഷണവും വെള്ളവും ചുമന്നിരുന്ന ഒട്ടകം നിങ്ങളിലൊരാള്‍ക്ക് നഷ്ടപ്പെട്ടു. തെരഞ്ഞു പിടിക്കുന്നതിനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ട് ഒരു വൃക്ഷ ചുവട്ടില്‍ ഇരിക്കുമ്പോഴതാ ഒട്ടകം അവന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. മൂക്കുകയര്‍ പിടിച്ച് അതിരറ്റ സന്തോഷത്താല്‍ അവന്‍ പറഞ്ഞുപോയി. അല്ലാഹുവേ, നീ എന്റെ ദാസനും ഞാന്‍ നിന്റെ നാഥനുമാണ്. സന്തോഷാധിക്യത്താല്‍ അദ്ദേഹം മാറി പറഞ്ഞതാണ്. അയാളേക്കാള്‍ ഉപരിയായി തന്റെ ദാസന്റെ പശ്ചാത്താപത്തില്‍ സന്തോഷിക്കുന്നവനാണ് അല്ലാഹു. (മുസ്ലിം:2747)
മനുഷ്യന്‍ തെറ്റുകള്‍ ചെയ്യുന്നവനാണ്. അത്തരമൊരു പ്രകൃതിയിലാണവന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. പാപസുരക്ഷിതത്വം മനുഷ്യര്‍ക്കെല്ലാവ൪ക്കുമില്ല. എന്നാല്‍ അല്ലാഹുവിന്റെ പ്രത്യേക സംരക്ഷണമുള്ള പ്രവാചകന്മാര്‍ക്ക് പാപസുരക്ഷിതത്വമുണ്ട്. മനുഷ്യനെ തെറ്റിലേക്ക് നയിക്കുന്ന ധാരാളം സാഹചര്യങ്ങള്‍ ചുറ്റുപാടുമുണ്ട്.മനുഷ്യന്റെ മുഖ്യ ശത്രുവായ പിശാചിന്റെ പ്രേരണയാല്‍ മനുഷ്യ മനസ്സ് തെറ്റ് ചെയ്യാന്‍ വെമ്പല്‍ കൊള്ളാറുണ്ട്.
ﻭَﻣَﺎٓ ﺃُﺑَﺮِّﺉُ ﻧَﻔْﺴِﻰٓ ۚ ﺇِﻥَّ ٱﻟﻨَّﻔْﺲَ ﻷََﻣَّﺎﺭَﺓٌۢ ﺑِﭑﻟﺴُّﻮٓءِ ﺇِﻻَّ ﻣَﺎ ﺭَﺣِﻢَ ﺭَﺑِّﻰٓ ۚ ﺇِﻥَّ ﺭَﺑِّﻰ ﻏَﻔُﻮﺭٌ ﺭَّﺣِﻴﻢٌ
ഞാന്‍ എന്റെ മനസ്സിനെ കുറ്റത്തില്‍ നിന്ന് ഒഴിവാക്കുന്നില്ല. തീര്‍ച്ചയായും മനസ്സ് ദുഷ്പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. എന്റെ രക്ഷിതാവിന്റെ കരുണ ലഭിച്ച മനസ്സൊഴികെ. തീര്‍ച്ചയായും എന്റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍: 12/53)
പൈശാചിക പ്രേരണകള്‍ക്കും സ്വന്തം ദേഹേച്ഛകള്‍ക്കും അടിമപ്പെടുമ്പോഴാണ് മനുഷ്യന്‍ തെറ്റുകള്‍ ചെയ്യുന്നത്. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒരു തെറ്റ് സംഭവിച്ച് പോയാല്‍ ഉടന്‍ അല്ലാഹുവിനെ ഓ൪ക്കുകയും ആ തെറ്റില്‍ നിന്ന് പിന്‍മാറുകയും അല്ലാഹുവിനോട് പൊറുക്കലിനെ ചോദിക്കുകയുമാണ് വേണ്ടത്. സ്വ൪ഗ്ഗവാസികളായ മുത്തഖീങ്ങളുടെ ഗുണമായി അല്ലാഹു പറഞ്ഞിട്ടുള്ളതില്‍ ഒന്ന്, അവ൪ ഇപ്രകാരം ചെയ്യുന്നവരാണെന്നാണ്.
وَٱلَّذِينَ إِذَا فَعَلُوا۟ فَٰحِشَةً أَوْ ظَلَمُوٓا۟ أَنفُسَهُمْ ذَكَرُوا۟ ٱللَّهَ فَٱسْتَغْفَرُوا۟ لِذُنُوبِهِمْ وَمَن يَغْفِرُ ٱلذُّنُوبَ إِلَّا ٱللَّهُ وَلَمْ يُصِرُّوا۟ عَلَىٰ مَا فَعَلُوا۟ وَهُمْ يَعْلَمُونَ
أُو۟لَٰٓئِكَ جَزَآؤُهُم مَّغْفِرَةٌ مِّن رَّبِّهِمْ وَجَنَّٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا ۚ وَنِعْمَ أَجْرُ ٱلْعَٰمِلِينَ
വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പ് തേടുകയും ചെയ്യുന്നവരാണവ൪. പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്? ചെയ്തുപോയ (ദുഷ്) പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍. അത്തരക്കാര്‍ക്കുള്ള പ്രതിഫലം തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുമാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം എത്ര നന്നായിരിക്കുന്നു. (ഖു൪ആന്‍: 3/135, 136)
പാപങ്ങൾ മനുഷ്യസഹജമാണ് എന്നു കരുതിയോ ചെറുപാപമാണ് ചെയ്തതെന്ന് വിചാരിച്ചോ പാപങ്ങളെ നിസ്സാരവത്കരിക്കരുത്.
عن عائشة رضي الله عنها قالت : إنكم لن تلقوا الله بشيء هو أفضل من قلة الذنوب
ആയിശാ (റ)പറഞ്ഞു: കുറച്ചു മാത്രം പാപങ്ങളാണ് ഉള്ളതെങ്കിൽ അതിനെക്കാൾ ഉത്തമമായ ഒരു കാര്യം കൊണ്ടും നിങ്ങൾ അല്ലാഹുവിനെ കണ്ടുമുട്ടുന്നില്ല. (മൗസൂഅതു ഇബ്നി അബിദ്ദുന്യാ 1/196)
നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന ചെറിയ പാപങ്ങൾ ഇസ്തിഗ്ഫാറിലൂടെ പരിഹരിക്കാൻ ശ്രമിച്ചില്ലെങ്കിൽ അത് ഒരുമിച്ചുകൂടി നമ്മെ നശിപ്പിച്ചുകളയും.
عَنْ سَهْلِ بْنِ سَعْدٍ رضي الله عنه قَالَ: قَالَ رَسُولُ اللهِ صلَّى اللهُ عليه وسلَّم: إِيَّاكُمْ وَمُحَقَّرَاتِ الذُّنُوبِ فَإِنَّمَا مَثَلُ مُحَقَّرَاتِ الذُّنُوبِ كَقَوْمٍ نَزَلُوا فِي بَطْنِ وَادٍ، فَجَاءَ ذَا بِعُودٍ، وَجَاءَ ذَا بِعُودٍ حَتَّى أَنْضَجُوا خُبْزَتَهُمْ، وَإِنَّ مُحَقَّرَاتِ الذُّنُوبِ مَتَى يُؤْخَذْ بِهَا صَاحِبُهَا تُهْلِكْهُ
സഹ്ലിബ്നു സഅ്ദില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിസ്സാരവല്‍ക്കരിക്കപ്പെടുന്ന (ചെറിയ) തിന്മകളെ നിങ്ങള്‍ സൂക്ഷിക്കുക. അവയുടെ ഉപമ ഒരു കൂട്ടമാളുകളെ പോലെയാണ്. അവരൊരു താഴ്വാരത്തില്‍ ഇറങ്ങി. അതിലൊരാള്‍ ഒരു ചെറിയ കമ്പുമായി വന്നു. മറ്റൊരാള്‍ വേറൊരു വിറകു കൊള്ളിയുമായി വന്നു. അങ്ങനെ (ഒരുമിച്ചു കൂട്ടിയ വിറകുകള്‍ കൊണ്ട്) അവര്‍ തങ്ങളുടെ ഭക്ഷണം വേവിച്ചു. (ചെറുപാപങ്ങളെ നിങ്ങള്‍ സൂക്ഷിക്കുക) നിശ്ചയം ചെറുപാപങ്ങള്‍ കാരണത്താല്‍ ഒരാള്‍ എപ്പോഴാണോ പിടികൂടുന്നത് അപ്പോള്‍ അവ അയാളെ നശിപ്പിക്കും.(അഹ്മദ്)
ചെറുപാപങ്ങളുടെ ഗൌരവം ഒരു ഉദാഹരണത്തിലൂടെ നബി ﷺ വ്യക്തമാക്കുകയാണ് ചെയ്തിട്ടുള്ളത്. അവ൪ക്കാവശ്യമായ വിറക് ഒരാള്‍ തന്നെ കണ്ടെത്തണമെങ്കില്‍ അതവന് പ്രയാസമായിരിക്കും. ചിലപ്പോള്‍ ആ പ്രവൃത്തിയില്‍ നിന്ന് അവന്‍ പിന്‍വാങ്ങുകയും ചെയ്യും. എന്നാല്‍ ഒരോരുത്തരും ഓരോ വിറക് കൊള്ളിയുമായി വന്നപ്പോള്‍ അതവ൪ക്ക് എളുപ്പമായി. അതേപോലെ ചെറുപാപങ്ങള്‍ ഒരുമിച്ച് കൂട്ടിയാല്‍ വന്‍പാപമായി മാറും. ചെറിയ മരക്കഷണങ്ങള്‍ ഒരുമിച്ച് കൂട്ടിയപ്പോള്‍ തീക്കുണ്ഢം ഒരുക്കാന്‍ കഴിഞ്ഞു. അതുകൊണ്ടാണ് ചെറുപാപങ്ങളെ സൂക്ഷിക്കണെന്നും അവ നമ്മെ നശിപ്പിക്കുമെന്നും നബി ﷺ പഠിപ്പിച്ചിട്ടുള്ളത്.
അതുകൊണ്ടുതന്നെ ഒരു സത്യവിശ്വാസി യാതൊരു കാരണവശാലും ഇസ്തിഗ്ഫാ൪ വൈകിപ്പിക്കാന്‍ പാടില്ല. അല്ലാഹുവിങ്കല്‍ നിന്ന് പാപമോചനം നേടാന്‍ ധൃതി കാണിക്കണമെന്നു് അല്ലാഹു സത്യവിശ്വാസികളെ ഓ൪മ്മിപ്പിക്കുന്നു.
ﻭَﺳَﺎﺭِﻋُﻮٓا۟ ﺇِﻟَﻰٰ ﻣَﻐْﻔِﺮَﺓٍ ﻣِّﻦ ﺭَّﺑِّﻜُﻢْ ﻭَﺟَﻨَّﺔٍ ﻋَﺮْﺿُﻬَﺎ ٱﻟﺴَّﻤَٰﻮَٰﺕُ ﻭَٱﻷَْﺭْﺽُ ﺃُﻋِﺪَّﺕْ ﻟِﻠْﻤُﺘَّﻘِﻴﻦَ
നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക് വേണ്ടി ഒരുക്കി വെക്കപ്പെട്ടതത്രെ അത്. (ഖു൪ആന്‍: 3/133)
عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ : كُلُّ بَنِي آدَمَ خَطَّاءٌ وَخَيْرُ الْخَطَّائِينَ التَّوَّابُونَ
അനസ് (റ) വില്‍ നിവേദനം:നബി ﷺ പറഞ്ഞു: ‘ആദം സന്തതികളില്‍ മുഴുവനും തെറ്റ് ചെയ്യുന്നവരാണ്. എന്നാല്‍ തെറ്റ് ചെയ്യുന്നവരില്‍ ഉത്തമര്‍ പശ്ചാത്തപിക്കുന്നവരും’. (ഇബ്നു മാജ:37/4392)
عَنِ ابْنَ عُمَرَ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : يَا أَيُّهَا النَّاسُ تُوبُوا إِلَى اللَّهِ فَإِنِّي أَتُوبُ فِي الْيَوْمِ إِلَيْهِ مِائَةَ مَرَّةٍ
ഇബ്നു ഉമർ(റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു: ജനങ്ങളെ , നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടങ്ങുകയും അവനോട് പാപമോചനത്തിന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുക. കാരണം ഞാന്‍ ദിവസവും നൂറ് പ്രാവശ്യം (അല്ലാഹുവിലേക്ക് ഖേദിച്ച്) മടങ്ങുന്നു. (മുസ്ലിം:2702)
قال شيخ الإسلام ابن تيمية رحمه الله : من رأى أنه لا ينشرح صدره،ولا يحصل له حلاوة الإيمان ونور الهداية فليكثر التوبة والاستغفار
ശൈഖുൽ ഇസ്ലാം ഇബ്ന് തൈമിയ്യ (റഹി) പറഞ്ഞു : ഹൃദയ വിശാലതയും ഈമാന്റെ മാധുര്യവും സന്മാർഗത്തിന്റെ പ്രകാശവും അനുഭവപ്പെടാത്തവർ തൗബയും ഇസ്തിഗ്ഫാറും വർദ്ധിപ്പിച്ചു കൊള്ളട്ടെ (അൽ ഫതാവാ അൽ കുബ്റാ :5/6)
قال شيخ الإسلام ابن تيمية رحمه الله : أَكْثِرُوا مِنَ الاسْتِغْفَارِ فِي بُيُوتِكُمْ وَعَلى مَوَائِدِكُمْ وَفِي طُرُقِكُمْ وَفِي أَسْوَاقِكُمْ وَفِي مَجَالِسِكُمْ وَأَيْنَمَا كُنْتُمْ فَإنَّكُمْ مَا تَدْرُونَ مَتَی َ تَنْزِلُ المَغْفِرَةُ .
ഹസനുൽ ബസരി(റഹി) പറഞ്ഞു: നിങ്ങളുടെ വീടുകളിലും , തീൻമേശകളിലും, വഴികളിലും, അങ്ങാടികളിലും, സദസ്സുകളിലും, നിങ്ങൾ എവിടേയാണങ്കിലും നിങ്ങൾ ഇസ്തിഗ്ഫാർ(പാപമോചന പ്രാർത്ഥന) വർധിപ്പിക്കുക.കാരണം, എപ്പോഴാണ് മഗ്ഫിറത്ത് (പാപമോചനം) ഇറങ്ങുക എന്ന് നിങ്ങൾക്കറിയില്ല. [ جامع العلوم (344) ]
قال شيخ الإسلام ابن تيمية رحمه الله : وكل ما يصيب المؤمن من الشر فإنما هو بذنوبه، والاستغفار يمحو الذنوب فيزيل العذاب، كما قال تعالى: ﴿وَمَا كَانَ اللَّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ﴾
ശൈഖുൽ ഇസ്ലാം ഇബ്ന് തൈമിയ്യ (റഹി) പറഞ്ഞു : ഒരു സത്യവിശ്വാസിയെ ബാധിക്കുന്ന എല്ലാ ഉപദ്രവവും അവന്‍റെ പാപങ്ങള്‍ നിമിത്തമാണ്. ഇസ്തിഗ്ഫാര്‍ പാപങ്ങളെ മായ്ക്കുകയും, ശിക്ഷയെ നീക്കുകയും ചെയ്യും. അല്ലാഹു പറഞ്ഞതുപോലെ : അവര്‍ പാപമോചനം തേണ്ടിക്കൊണ്ടിരിക്കുമ്പോൾ അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല. (جامع المسائل ٢٧٤/٦)
قال قتادة رحمه الله :إن هذا القرآن يدلكم على دائكم ودوائكم ، فأما داؤكم : فالذنوب ، وأما دواؤكم : فالاستغفار
ഖതാദ رحمه الله പറഞ്ഞു :നിശ്ചയം ഈ ഖുർആൻ നിങ്ങൾക്ക് നിങ്ങളുടെ രോഗവും മരുന്നും കാണിച്ചു തരുന്നു. രോഗം എന്നാൽ പാപങ്ങളും മരുന്ന് എന്നാൽ പാപമോചനം തേടലുമാകുന്നു. (ശുഅബുൽ ഈമാൻ: 6883)
ഇസ്തിഗ്ഫാറിനെ സംബന്ധിച്ച് ഒരു തെറ്റിദ്ധാരണ, അത് കേവലം നാവു കൊണ്ട് ഉരുവിട്ടാല്‍ മതി എന്നതാണ്. എന്നാല്‍, ‘അസ്തഗ്ഫിറുല്ലാ’ (ഞാന്‍ അല്ലാഹുവോട് പാപമോചനം തേടുന്നു) എന്ന വചനം അര്‍ഥവും ആശയവും ഗ്രഹിച്ചുകൊണ്ട് തികഞ്ഞ ആത്മാര്‍ഥതയോടെ പറയുമ്പോഴാണ് ഇസ്തിഗ്ഫാര്‍ ചൈതന്യ പൂര്‍ണമാവുന്നത്. അതോടൊപ്പം സംഭവിച്ചുപോയ തിൻമകളിൽ നിന്ന് പരിപൂർണ്ണമായി ഒഴിഞ്ഞ് നിന്നിട്ടേ പാപമാചനതേട്ടം നടത്താവൂ. സലഫുകൾ ഇപ്രകാരം പറയുമായിരുന്നു:
الْمُسْتَغْفِرُ مِنَ الذَّنْبِ وَهُوَ مُقِيمٌ كَالْمُسْتَهْزِئِ بِرَبِّهِ
പാപങ്ങളിൽ ഉറച്ചു നിന്നുകൊണ്ട് അതിൽ നിന്ന് പാപമോചനം തേടുന്നവൻ തന്റെ റബ്ബിനെ പരിഹസിക്കുന്നത് പോലെയാണ്.
ഇസ്തിഗ്ഫാര്‍ ചൊല്ലുന്ന ഒരു സത്യവിശ്വാസി താന്‍ ചെയ്തു പോയ തെറ്റുകളെ ഓ൪ത്ത് ഖേദിക്കുന്നതോടൊപ്പം അല്ലാഹുവില്‍ നിന്നുള്ള പാപമോചനത്തിന്റെ കാര്യത്തില്‍ നല്ല പ്രതീക്ഷയുള്ളവനായിരിക്കുകയും വേണം.
ﻗُﻞْ ﻳَٰﻌِﺒَﺎﺩِﻯَ ٱﻟَّﺬِﻳﻦَ ﺃَﺳْﺮَﻓُﻮا۟ ﻋَﻠَﻰٰٓ ﺃَﻧﻔُﺴِﻬِﻢْ ﻻَ ﺗَﻘْﻨَﻄُﻮا۟ ﻣِﻦﺭَّﺣْﻤَﺔِ ٱﻟﻠَّﻪِ ۚ ﺇِﻥَّ ٱﻟﻠَّﻪَ ﻳَﻐْﻔِﺮُ ٱﻟﺬُّﻧُﻮﺏَ ﺟَﻤِﻴﻌًﺎ ۚ ﺇِﻧَّﻪُۥ ﻫُﻮَ ٱﻟْﻐَﻔُﻮﺭُ ٱﻟﺮَّﺣِﻴﻢُ
പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്റെ ദാസന്‍മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും. (ഖു൪ആന്‍: 39/53)
ﻗَﺎﻝَ ﻭَﻣَﻦ ﻳَﻘْﻨَﻂُ ﻣِﻦ ﺭَّﺣْﻤَﺔِ ﺭَﺑِّﻪِۦٓ ﺇِﻻَّ ٱﻟﻀَّﺎٓﻟُّﻮﻥَ
അദ്ദേഹം (ഇബ്രാഹീം നബി) പറഞ്ഞു: തന്റെ രക്ഷിതാവിന്റെ കാരുണ്യത്തെപ്പറ്റി ആരാണ് നിരാശപ്പെടുക? വഴിപിഴച്ചവരല്ലാതെ. (ഖു൪ആന്‍: 15/56)
قال ابن عثيمين رحمه الله : أنت عند ما تقول : أستغفر الله تسأل الله شيئين هما الأول : ستر الذنب. الثاني: التجاوز عنه بحيث لا يعاقبك الله عليه.
ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു: അസ്തഗ്ഫിറുള്ളാഹ്” എന്ന് നീ പറയുമ്പോൾ രണ്ടു കാര്യങ്ങളാണ് നീ അല്ലാഹുവിനോട് ചോദിക്കുന്നത്. ഒന്ന്: പാപങ്ങളെ മറയിടാൻ. (അഥവാ സൃഷ്ടികളിൽ നിന്നും പാപങ്ങളെ പരസ്യപ്പെടുത്താതെ മൂടിവെക്കാൻ ) രണ്ട്: പാപം കാരണമായി അല്ലാഹു നിന്നെ ശിക്ഷിക്കാതെ വിട്ടുവീഴ്ചചെയ്യാൻ. (അല്ലിഖാഉശഹ്’രീ: 5/22)
ഇസ്തിഗ്ഫാര്‍ നടത്തുന്നതിനായി സ്ത്രീകളോട് നബി ﷺ പ്രത്യേകം നി൪ദ്ദേശം നല്‍കിയിട്ടുള്ളതായി കാണാം.
عَنْ عَبْدِ اللَّهِ بْنِ عُمَرَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ ” يَا مَعْشَرَ النِّسَاءِ تَصَدَّقْنَ وَأَكْثِرْنَ الاِسْتِغْفَارَ فَإِنِّي رَأَيْتُكُنَّ أَكْثَرَ أَهْلِ النَّارِ ” . فَقَالَتِ امْرَأَةٌ مِنْهُنَّ جَزْلَةٌ وَمَا لَنَا يَا رَسُولَ اللَّهِ أَكْثَرَ أَهْلِ النَّارِ . قَالَ ” تُكْثِرْنَ اللَّعْنَ وَتَكْفُرْنَ الْعَشِيرَ
അബ്ദില്ലാഹിബ്നു ഉമർ(റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘സ്ത്രീ സമൂഹമേ, നിങ്ങള്‍ ദാനധര്‍മങ്ങള്‍ ചെയ്യുക. പാപമോചനാര്‍ഥന വര്‍ധിപ്പിക്കുക. കാരണം, നിങ്ങളില്‍ കൂടുതല്‍ പേരെയും നരകാവകാശികളായാണ് ഞാന്‍ കാണുന്നത്. അപ്പോള്‍ ഒരു സ്ത്രീ ചോദിച്ചു: പ്രവാചകരേ, ഞങ്ങളില്‍ കൂടുതല്‍ പേരും നരകാവകാശികളാകാന്‍ കാരണമെന്താണെന്ന് പറഞ്ഞു തന്നാലും. അവിടുന്ന് പറഞ്ഞു : ശാപ വാക്ക് കൂടുതലായി ഉച്ചരിച്ചുകൊണ്ടിരിക്കുകയും ഭര്‍ത്താക്കന്മാരുടെ അവകാശങ്ങള്‍ നിഷേധിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവര്‍ നിങ്ങള്‍ സ്ത്രീകളാണ്.’ (മുസ്‌ലിം:79).
ആദ്യ മനുഷ്യന്‍ മുതല്‍ തന്നെ ഇസ്തിഗ്ഫാര്‍ നടത്തി വരുന്നുണ്ട്. അറിഞ്ഞിടത്തോളം ആദ്യ മനുഷ്യന്റെ ആദ്യത്തെ തേട്ടവും ഇസ്തിഗ്ഫാര്‍ തന്നെയാണ്.
ﻗَﺎﻻَ ﺭَﺑَّﻨَﺎ ﻇَﻠَﻤْﻨَﺎٓ ﺃَﻧﻔُﺴَﻨَﺎ ﻭَﺇِﻥ ﻟَّﻢْ ﺗَﻐْﻔِﺮْ ﻟَﻨَﺎ ﻭَﺗَﺮْﺣَﻤْﻨَﺎ ﻟَﻨَﻜُﻮﻧَﻦَّ ﻣِﻦَ ٱﻟْﺨَٰﺴِﺮِﻳﻦَ
അവര്‍ രണ്ടുപേരും (ആദം നബിയും ഹവ്വായും) പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും, കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും. (ഖു൪ആന്‍: 7/23)
മറ്റുള്ള പ്രവാചകന്‍മാരും ഇസ്തിഗ്ഫാര്‍ നടത്തിയിട്ടുള്ളതായി വിശുദ്ധ ഖു൪ആനില്‍ കാണാവുന്നതാണ്.
ﻗَﺎﻝَ ﺭَﺏِّ ﺇِﻧِّﻰٓ ﺃَﻋُﻮﺫُ ﺑِﻚَ ﺃَﻥْ ﺃَﺳْـَٔﻠَﻚَ ﻣَﺎ ﻟَﻴْﺲَ ﻟِﻰ ﺑِﻪِۦ ﻋِﻠْﻢٌ ۖ ﻭَﺇِﻻَّ ﺗَﻐْﻔِﺮْ ﻟِﻰ ﻭَﺗَﺮْﺣَﻤْﻨِﻰٓ ﺃَﻛُﻦ ﻣِّﻦَ ٱﻟْﺨَٰﺴِﺮِﻳﻦَ
അദ്ദേഹം (നൂഹ്) പറഞ്ഞു: എന്റെ രക്ഷിതാവേ, എനിക്ക് അറിവില്ലാത്ത കാര്യം നിന്നോട് ആവശ്യപ്പെടുന്നതില്‍ നിന്ന് ഞാന്‍ നിന്നോട് ശരണം തേടുന്നു. നീ എനിക്ക് പൊറുത്തു തരികയും, നീ എന്നോട് കരുണ കാണിക്കുകയും ചെയ്യാത്ത പക്ഷം ഞാന്‍ നഷ്ടക്കാരുടെ കൂട്ടത്തിലായിരിക്കും. (ഖു൪ആന്‍: 11/47)
ﺭَّﺏِّ ٱﻏْﻔِﺮْ ﻟِﻰ ﻭَﻟِﻮَٰﻟِﺪَﻯَّ ﻭَﻟِﻤَﻦ ﺩَﺧَﻞَ ﺑَﻴْﺘِﻰَ ﻣُﺆْﻣِﻨًﺎ ﻭَﻟِﻠْﻤُﺆْﻣِﻨِﻴﻦَ ﻭَٱﻟْﻤُﺆْﻣِﻨَٰﺖِ ﻭَﻻَ ﺗَﺰِﺩِ ٱﻟﻈَّٰﻠِﻤِﻴﻦَ ﺇِﻻَّ ﺗَﺒَﺎﺭًۢا
എന്റെ രക്ഷിതാവേ, എന്റെ മാതാപിതാക്കള്‍ക്കും എന്റെ വീട്ടില്‍ വിശ്വാസിയായിക്കൊണ്ട് പ്രവേശിച്ചവനും സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും നീ പൊറുത്തുതരേണമേ. അക്രമകാരികള്‍ക്ക് നാശമല്ലാതൊന്നും നീ വര്‍ദ്ധിപ്പിക്കരുതേ. (ഖു൪ആന്‍: 71/28)
وَٱلَّذِىٓ أَطْمَعُ أَن يَغْفِرَ لِى خَطِيٓـَٔتِى يَوْمَ ٱلدِّينِ
(ഇബ്രാഹിം നബി പറഞ്ഞു:) പ്രതിഫലത്തിന്‍റെ നാളില്‍ അവന്‍(അല്ലാഹു) എന്‍റെ തെറ്റ് പൊറുത്തുതരുമെന്ന് ഞാന്‍ ആശിക്കുന്നു. (ഖു൪ആന്‍: 26/82)
ﻗَﺎﻝَ ﺭَﺏِّ ﺇِﻧِّﻰ ﻇَﻠَﻤْﺖُ ﻧَﻔْﺴِﻰ ﻓَﭑﻏْﻔِﺮْ ﻟِﻰ ﻓَﻐَﻔَﺮَ ﻟَﻪُۥٓ ۚ ﺇِﻧَّﻪُۥ ﻫُﻮَ ٱﻟْﻐَﻔُﻮﺭُ ٱﻟﺮَّﺣِﻴﻢُ
അദ്ദേഹം (മൂസാ നബി) പറഞ്ഞു: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തു തരേണമേ. അപ്പോള്‍ അദ്ദേഹത്തിന് അവന്‍ (അല്ലാഹു) പൊറുത്തു കൊടുത്തു. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.(ഖു൪ആന്‍: 28/16)
عَنِ ابْنَ عُمَرَ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : يَا أَيُّهَا النَّاسُ تُوبُوا إِلَى اللَّهِ فَإِنِّي أَتُوبُ فِي الْيَوْمِ إِلَيْهِ مِائَةَ مَرَّةٍ
ഇബ്നു ഉമർ(റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ജനങ്ങളെ , നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടങ്ങുകയും അവനോട് പാപമോചനത്തിന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുക. കാരണം ഞാന്‍ ദിവസവും നൂറ് പ്രാവശ്യം (അല്ലാഹുവിലേക്ക് ഖേദിച്ച്) മടങ്ങുന്നു. (മുസ്ലിം:2702)
عن جابِر رضي الله عنه أن رسول الله ﷺ قال: مُعلِّم الخيرِ يستغفرُ له كُلّ شيئٍ حتى الحِيتان في البحرِ
ജാബിർ(റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നന്മ പഠിപ്പിക്കുന്നവർക്കുവേണ്ടി എല്ലാ വസ്തുക്കളും പാപമോചനം തേടും, കടലിലെ മൽസ്യങ്ങൾ വരെ. (أخرجه الطبراني في الاوسط سلسة الصحيحة 3024)
ഇസ്തിഗഫാ൪ ചൊല്ലുന്നവ൪ക്കുള്ള പ്രതിഫലങ്ങള്‍
1. ഹൃദയം ശുദ്ധീകരിക്കപ്പെടും
عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ : إِنَّ الْعَبْدَ إِذَا أَخْطَأَ خَطِيئَةً نُكِتَتْ فِي قَلْبِهِ نُكْتَةٌ سَوْدَاءُ فَإِذَا هُوَ نَزَعَ وَاسْتَغْفَرَ وَتَابَ سُقِلَ قَلْبُهُ وَإِنْ عَادَ زِيدَ فِيهَا حَتَّى تَعْلُوَ قَلْبَهُ وَهُوَ الرَّانُ الَّذِي ذَكَرَ اللَّهُ : ( كلاَّ بَلْ رَانَ عَلَى قُلُوبِهِمْ مَا كَانُوا يَكْسِبُونَ )
അബൂഹുറൈറ(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു അടിമ പാപം ചെയ്താല്‍ അതവന്റെ ഹൃദയത്തില്‍ ഒരു കറുത്ത പുള്ളിയാവും. അവന്‍ പാപത്തില്‍നിന്ന് ഖേദിച്ച് വിരമിക്കുകയും പാപമോചനത്തിന് പ്രാര്‍ഥിക്കുകയും പശ്ചാത്തപിക്കുകയും ചെയ്താല്‍ അവന്റെ ഹൃദയം പാപത്തില്‍നിന്ന് ശുദ്ധീകരിക്കപ്പെടും. പാപം വര്‍ധിപ്പിക്കുകയാണെങ്കില്‍ ആ കറുത്ത പുള്ളിയും വര്‍ധിക്കും. അതിനെക്കുറിച്ചാണ് അല്ലാഹു (ഖുര്‍ആനില്‍) പറഞ്ഞത്: ‘അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് അവരുടെ ഹൃദയങ്ങളില്‍ കറയുണ്ടാക്കിയിരിക്കും (ഖു൪ആന്‍: 83/14) (തിർമിദി:47/3654)
2. പാപം പൊറുക്കപ്പെടും
ഒരു വിശ്വാസിയുടെ ആത്മാർത്ഥമായ ഇസ്തിഗ്ഫാറിലൂടെ അവന്റെ പാപങ്ങള്‍ പൊറത്തുകിട്ടുന്നതാണ്.
ﻭَﻣَﻦ ﻳَﻌْﻤَﻞْ ﺳُﻮٓءًا ﺃَﻭْ ﻳَﻈْﻠِﻢْ ﻧَﻔْﺴَﻪُۥ ﺛُﻢَّ ﻳَﺴْﺘَﻐْﻔِﺮِ ٱﻟﻠَّﻪَ ﻳَﺠِﺪِ ٱﻟﻠَّﻪَ ﻏَﻔُﻮﺭًا ﺭَّﺣِﻴﻤًﺎ
ആരെങ്കിലും വല്ല തിന്‍മയും ചെയ്യുകയോ, സ്വന്തത്തോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്തിട്ട് അല്ലാഹുവോട് പാപമോചനം തേടുന്ന പക്ഷം ഏറെപൊറുക്കുന്നവനും കരുണാനിധിയുമായി അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്. (ഖു൪ആന്‍ :4/110)
ﻭَٱﺳْﺘَﻐْﻔِﺮِ ٱﻟﻠَّﻪَ ۖ ﺇِﻥَّ ٱﻟﻠَّﻪَ ﻛَﺎﻥَ ﻏَﻔُﻮﺭًا ﺭَّﺣِﻴﻤًﺎ
അല്ലാഹുവോട് പാപമോചനം തേടുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍: 4/106)
وَٱلَّذِينَ إِذَا فَعَلُوا۟ فَٰحِشَةً أَوْ ظَلَمُوٓا۟ أَنفُسَهُمْ ذَكَرُوا۟ ٱللَّهَ فَٱسْتَغْفَرُوا۟ لِذُنُوبِهِمْ وَمَن يَغْفِرُ ٱلذُّنُوبَ إِلَّا ٱللَّهُ وَلَمْ يُصِرُّوا۟ عَلَىٰ مَا فَعَلُوا۟ وَهُمْ يَعْلَمُونَ
أُو۟لَٰٓئِكَ جَزَآؤُهُم مَّغْفِرَةٌ مِّن رَّبِّهِمْ وَجَنَّٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا ۚ وَنِعْمَ أَجْرُ ٱلْعَٰمِلِينَ
വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പ് തേടുകയും ചെയ്യുന്നവരാണവ൪. പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്? ചെയ്തുപോയ (ദുഷ്) പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍. അത്തരക്കാര്‍ക്കുള്ള പ്രതിഫലം തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുമാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം എത്ര നന്നായിരിക്കുന്നു.(ഖു൪ആന്‍: 3/135, 136)
3. പൊതു ശിക്ഷ നല്‍കി അല്ലാഹു ശിക്ഷിക്കുന്നതല്ല.
ﻭَﻣَﺎ ﻛَﺎﻥَ ٱﻟﻠَّﻪُ ﻟِﻴُﻌَﺬِّﺑَﻬُﻢْ ﻭَﺃَﻧﺖَ ﻓِﻴﻬِﻢْ ۚ ﻭَﻣَﺎ ﻛَﺎﻥَ ٱﻟﻠَّﻪُ ﻣُﻌَﺬِّﺑَﻬُﻢْ ﻭَﻫُﻢْ ﻳَﺴْﺘَﻐْﻔِﺮُﻭﻥَ
എന്നാല്‍ (നബിയേ) താങ്കള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല. അവര്‍ പാപമോചനം തേണ്ടിക്കൊണ്ടിരിക്കുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല. (ഖു൪ആന്‍: 8/33)
قال شيخ الإسلام ابن تيمية رحمه الله : وكل ما يصيب المؤمن من الشر فإنما هو بذنوبه، والاستغفار يمحو الذنوب فيزيل العذاب، كما قال تعالى: ﴿وَمَا كَانَ اللَّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ﴾
ശൈഖുൽ ഇസ്ലാം ഇബ്ന് തൈമിയ്യ (റഹി) പറഞ്ഞു : ഒരു സത്യവിശ്വാസിയെ ബാധിക്കുന്ന എല്ലാ ഉപദ്രവവും അവന്‍റെ പാപങ്ങള്‍ നിമിത്തമാണ്. ഇസ്തിഗ്ഫാര്‍ പാപങ്ങളെ മായ്ക്കുകയും, ശിക്ഷയെ നീക്കുകയും ചെയ്യും. അല്ലാഹു പറഞ്ഞതുപോലെ : അവര്‍ പാപമോചനം തേണ്ടിക്കൊണ്ടിരിക്കുമ്പോൾ അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല. ((جامع المسائل ٢٧٤/٦)
ഒരു സമൂഹം ചെയതു പോയ തെറ്റിനെ കുറിച്ച് ആത്മാ൪ത്ഥമായി അല്ലാഹുവിനോട് ഇസ്തിഗ്ഫാ൪ (പാപമോചനം) നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഒരു പൊതു ശിക്ഷ നല്‍കി അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല.
4. ശത്രുക്കൾക്കെതിരെ വിജയം ലഭിക്കും
وَكَأَيِّن مِّن نَّبِىٍّ قَٰتَلَ مَعَهُۥ رِبِّيُّونَ كَثِيرٌ فَمَا وَهَنُوا۟ لِمَآ أَصَابَهُمْ فِى سَبِيلِ ٱللَّهِ وَمَا ضَعُفُوا۟ وَمَا ٱسْتَكَانُوا۟ ۗ وَٱللَّهُ يُحِبُّ ٱلصَّٰبِرِينَ
وَمَا كَانَ قَوْلَهُمْ إِلَّآ أَن قَالُوا۟ رَبَّنَا ٱغْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَا فِىٓ أَمْرِنَا وَثَبِّتْ أَقْدَامَنَا وَٱنصُرْنَا عَلَى ٱلْقَوْمِ ٱلْكَٰفِرِينَ
فَـَٔاتَىٰهُمُ ٱللَّهُ ثَوَابَ ٱلدُّنْيَا وَحُسْنَ ثَوَابِ ٱلْـَٔاخِرَةِ ۗ وَٱللَّهُ يُحِبُّ ٱلْمُحْسِنِينَ
എത്രയെത്ര പ്രവാചകന്‍മാരോടൊപ്പം അനേകം ദൈവദാസന്‍മാര്‍ യുദ്ധം ചെയ്തിട്ടുണ്ട്. എന്നിട്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ തങ്ങള്‍ക്ക് നേരിട്ട യാതൊന്നു കൊണ്ടും അവര്‍ തളര്‍ന്നില്ല. അവര്‍ ദൌര്‍ബല്യം കാണിക്കുകയോ ഒതുങ്ങികൊടുക്കുകയോ ചെയ്തില്ല. അത്തരം ക്ഷമാശീലരെ അല്ലാഹു സ്നേഹിക്കുന്നു. അവര്‍ പറഞ്ഞിരുന്നത് ഇപ്രകാരം മാത്രമായിരുന്നു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പാപങ്ങളും, ഞങ്ങളുടെ കാര്യങ്ങളില്‍ വന്നുപോയ അതിക്രമങ്ങളും ഞങ്ങള്‍ക്ക് നീ പൊറുത്തുതരേണമേ. ഞങ്ങളുടെ കാലടികള്‍ നീ ഉറപ്പിച്ചു നിര്‍ത്തുകയും, സത്യനിഷേധികളായ ജനതക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ. തന്‍മൂലം ഇഹലോകത്തെ പ്രതിഫലവും, പരലോകത്തെ വിശിഷ്ടമായ പ്രതിഫലവും അല്ലാഹു അവര്‍ക്ക് നല്‍കി. അല്ലാഹു സല്‍കര്‍മ്മകാരികളെ സ്നേഹിക്കുന്നു. (ഖു൪ആന്‍: 3/146-148)
5. ഐഹിക ജീവിതത്തില്‍ സൌഖ്യം ലഭിക്കും.
ﻭَﺃَﻥِ ٱﺳْﺘَﻐْﻔِﺮُﻭا۟ ﺭَﺑَّﻜُﻢْ ﺛُﻢَّ ﺗُﻮﺑُﻮٓا۟ ﺇِﻟَﻴْﻪِ ﻳُﻤَﺘِّﻌْﻜُﻢ ﻣَّﺘَٰﻌًﺎ ﺣَﺴَﻨًﺎ ﺇِﻟَﻰٰٓ ﺃَﺟَﻞٍ ﻣُّﺴَﻤًّﻰ ﻭَﻳُﺆْﺕِ ﻛُﻞَّ ﺫِﻯ ﻓَﻀْﻞٍ ﻓَﻀْﻠَﻪُۥ ۖ ﻭَﺇِﻥ ﺗَﻮَﻟَّﻮْا۟ ﻓَﺈِﻧِّﻰٓ ﺃَﺧَﺎﻑُ ﻋَﻠَﻴْﻜُﻢْ ﻋَﺬَاﺏَ ﻳَﻮْﻡٍ ﻛَﺒِﻴﺮٍ
നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ നിര്‍ണിതമായ ഒരു അവധിവരെ അവന്‍ നിങ്ങള്‍ക്ക് നല്ല സൌഖ്യമനുഭവിപ്പിക്കുകയും, ഉദാരമനസ്ഥിതിയുള്ള എല്ലാവര്‍ക്കും തങ്ങളുടെ ഉദാരതയ്ക്കുള്ള പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്. നിങ്ങള്‍ തിരിഞ്ഞുകളയുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തിലെ ശിക്ഷ നിങ്ങളുടെ മേല്‍ ഞാന്‍ നിശ്ചയമായും ഭയപ്പെടുന്നു. (ഖു൪ആന്‍: 11/3)
അല്ലാഹുവിനോട് ഇസ്തിഗ്ഫാറും (പാപമോചനം) തൌബയും (പശ്ചാത്താപം) നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഐഹിക ജീവിതത്തില്‍ സൌഖ്യം ലഭിക്കും. മാത്രമല്ല, നേര്‍വഴിക്ക് ജീവിച്ചും നന്‍മകള്‍ പ്രവര്‍ത്തിച്ചുംകൊണ്ട് ശ്രേഷ്ടമായ നിലപാട് സമ്പാദിച്ചുവെച്ചിട്ടുള്ള ഓരോ വ്യക്തിക്കും അവരുടെ യഥാര്‍ത്ഥ പദവി ഇരു ജീവിതത്തിലും അംഗീകരിക്കപ്പെടുകയും ചെയ്യും. നേരെമറിച്ച് ഇതൊന്നും സ്വീകരിക്കുവാന്‍ തയ്യാറില്ലാതെ പിന്‍തിരിഞ്ഞു കളയുന്നപക്ഷം, ഖിയാമത്ത് നാളാകുന്ന ആ ഭയങ്കര ദിവസത്തില്‍ അവ൪ വമ്പിച്ച ശിക്ഷക്ക് വിധേയരായിത്തീരുന്നതാണ്.
6. നരകമോചനം ലഭിക്കും
عَنْ عَبْدِ اللَّهِ بْنِ عُمَرَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ : يَا مَعْشَرَ النِّسَاءِ تَصَدَّقْنَ وَأَكْثِرْنَ الاِسْتِغْفَارَ فَإِنِّي رَأَيْتُكُنَّ أَكْثَرَ أَهْلِ النَّارِ . فَقَالَتِ امْرَأَةٌ مِنْهُنَّ جَزْلَةٌ وَمَا لَنَا يَا رَسُولَ اللَّهِ أَكْثَرَ أَهْلِ النَّارِ . قَالَ : تُكْثِرْنَ اللَّعْنَ وَتَكْفُرْنَ الْعَشِيرَ
അബ്ദില്ലാഹിബ്നു ഉമർ(റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘സ്ത്രീ സമൂഹമേ, നിങ്ങള്‍ ദാനധര്‍മങ്ങള്‍ ചെയ്യുക. ഇസ്തിഗ്ഫാർ വര്‍ധിപ്പിക്കുക. കാരണം, നിങ്ങളില്‍ കൂടുതല്‍ പേരെയും നരകാവകാശികളായാണ് ഞാന്‍ കാണുന്നത്. അപ്പോള്‍ ഒരു സ്ത്രീ ചോദിച്ചു: പ്രവാചകരേ, ഞങ്ങളില്‍ കൂടുതല്‍ പേരും നരകാവകാശികളാകാന്‍ കാരണമെന്താണെന്ന് പറഞ്ഞു തന്നാലും. അവിടുന്ന് പറഞ്ഞു : ശാപ വാക്ക് കൂടുതലായി ഉച്ചരിച്ചുകൊണ്ടിരിക്കുകയും ഭര്‍ത്താക്കന്മാരുടെ അവകാശങ്ങള്‍ നിഷേധിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവര്‍ നിങ്ങള്‍ സ്ത്രീകളാണ്.’ (മുസ്‌ലിം:79).
عَنْ عَائِشَةَ، قَالَتْ قُلْتُ يَا رَسُولَ اللَّهِ ابْنُ جُدْعَانَ كَانَ فِي الْجَاهِلِيَّةِ يَصِلُ الرَّحِمَ وَيُطْعِمُ الْمِسْكِينَ فَهَلْ ذَاكَ نَافِعُهُ قَالَ : لاَ يَنْفَعُهُ إِنَّهُ لَمْ يَقُلْ يَوْمًا رَبِّ اغْفِرْ لِي خَطِيئَتِي يَوْمَ الدِّينِ
ആഇശ(റ) വില്‍ നിന്ന് നിവേദനം:അവർ പറഞ്ഞു: ഞാൻ നബി ﷺ യോട് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഇബ്‌നു ജുദ്ആന്‍ ജാഹിലിയ്യത്തില്‍ കുടുംബ ബന്ധം ചേര്‍ത്തിരുന്നു. അഗതികള്‍ക്ക് ഭക്ഷണം കൊടുത്തിരുന്നു. അത് അയാള്‍ക്ക് (പരലോകത്ത്) ഉപകരിക്കുമോ? നബി ﷺ പറഞ്ഞു: അത് അയാള്‍ക്ക് ഉപകാരപ്പെടുകയില്ല. കാരണം അയാള്‍ ഒരു ദിവസം പോലും, എന്റെ നാഥാ! പ്രതിഫലനാളില്‍ എന്റെ തെറ്റുകള്‍ എനിക്ക് പൊറുത്തുതരേണമേ എന്ന് പറഞ്ഞിട്ടില്ല. (മുസ്‌ലിം:214)
7. സ്വ൪ഗ്ഗം ലഭിക്കും.
സ്വ൪ഗ്ഗവാസികളായ മുത്തഖീങ്ങളുടെ ഗുണമായി അല്ലാഹു പറഞ്ഞിട്ടുള്ളതില്‍ ഒന്ന് , അവ൪ രാത്രിയുടെ അന്ത്യവേളകളില്‍ പാപമോചനം തേടുന്നവരായിരുന്നുവെന്നാണ്.
كَانُوا۟ قَلِيلًا مِّنَ ٱلَّيْلِ مَا يَهْجَعُونَ
وَبِٱلْأَسْحَارِ هُمْ يَسْتَغْفِرُونَ
രാത്രിയില്‍ നിന്ന് അല്‍പഭാഗമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു. (ഖു൪ആന്‍: 51/17-18)
وَٱلَّذِينَ إِذَا فَعَلُوا۟ فَٰحِشَةً أَوْ ظَلَمُوٓا۟ أَنفُسَهُمْ ذَكَرُوا۟ ٱللَّهَ فَٱسْتَغْفَرُوا۟ لِذُنُوبِهِمْ وَمَن يَغْفِرُ ٱلذُّنُوبَ إِلَّا ٱللَّهُ وَلَمْ يُصِرُّوا۟ عَلَىٰ مَا فَعَلُوا۟ وَهُمْ يَعْلَمُونَ
أُو۟لَٰٓئِكَ جَزَآؤُهُم مَّغْفِرَةٌ مِّن رَّبِّهِمْ وَجَنَّٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا ۚ وَنِعْمَ أَجْرُ ٱلْعَٰمِلِينَ
വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പ് തേടുകയും ചെയ്യുന്നവരാണവ൪. പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്? ചെയ്തുപോയ (ദുഷ്) പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍. അത്തരക്കാര്‍ക്കുള്ള പ്രതിഫലം തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുമാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം എത്ര നന്നായിരിക്കുന്നു. (ഖു൪ആന്‍: 3/135, 136)
عن عبدالله بن بسر أن رسول الله ﷺ قال: طُوبَى لِمَنْ وَجَدَ فِي صَحِيفَتِهِ اسْتِغْفَارًا كَثِيرًا
അബ്ദുല്ലാഹി ബ്നു ബുസ്ർ (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു: തന്റെ കർമങ്ങളുടെ ഏടിൽ ധാരാളം ഇസ്തിഗ്ഫാർ കണ്ടെത്താൻ കഴിഞ്ഞവന് ‘ത്വൂബാ’ (സ്വർഗം). (ഇബ്നുമാജ:3818)
ഈ ഹദീസിൽ പറഞ്ഞിട്ടുള്ള ത്വൂബാ എന്നത് സ്വർഗത്തിന്റെ നാമമാണെന്നും സ്വർഗത്തിലെ ഒരു മരമാണെന്നും അഭിപ്രായമുണ്ട്.
قال شيخ الإسلام ابن تيمية رحمه الله تعالى : استـغفار الإنـسان أهـم مـن جميع الأدعـية.
ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ (റഹി)പറഞ്ഞു: ഏതൊരു പ്രാർത്ഥനയേക്കാളും പ്രാധാന്യമുള്ളത് ഒരുവന്റെ ഇസ്തിഗ്ഫാറിനാകുന്നു. (جامع المسائل: ٢٧٧/٦)
8. അല്ലാഹു ശക്തി വ൪ദ്ധിപ്പിച്ച് തരും
ഹൂദ്(അ) യുടെ ജനതയായ ആദ് സമുദായം ശാരീരികമായി ഭയങ്കര ശക്തന്മാരും വലിയ ആകാരമുള്ളവരുമായിരുന്നു. ഈ വലിയ മനുഷ്യരിലേക്കാണ് അല്ലാഹു ഹൂദ്(അ)നെ അയച്ചത്. ആ ജനതയുടെ പ്രത്യേകതകള്‍ അല്ലാഹു വിവരിക്കുന്നത് ഇപ്രകാരമാണ്:
وَٱذْكُرُوٓا۟ إِذْ جَعَلَكُمْ خُلَفَآءَ مِنۢ بَعْدِ قَوْمِ نُوحٍ وَزَادَكُمْ فِى ٱلْخَلْقِ بَصْۜطَةً
നൂഹിന്റെ ജനതയ്ക്കു ശേഷം നിങ്ങളെ അവന്‍ പിന്‍ഗാമികളാക്കുകയും സൃഷ്ടിയില്‍ അവന്‍ നിങ്ങള്‍ക്കു (ശാരീരിക) വികാസം വര്‍ധിപ്പിക്കുകയും ചെയ്തത് നിങ്ങള്‍ ഓര്‍ത്ത് നോക്കുക. (ഖു൪ആന്‍: 7/69)
أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍ
إِرَمَ ذَاتِ ٱلْعِمَادِ
ٱلَّتِى لَمْ يُخْلَقْ مِثْلُهَا فِى ٱلْبِلَٰدِ
ആദ് സമുദായത്തെ കൊണ്ട് നിന്റെ രക്ഷിതാവ് എന്തു ചെയ്തുവെന്ന് നീ കണ്ടില്ലേ? അതായത് തൂണുകളുടെ ഉടമകളായ ഇറം ഗോത്രത്തെ കൊണ്ട്. തത്തുല്യമായിട്ടൊന്ന് രാജ്യങ്ങളില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത ഗോത്രം. (ഖു൪ആന്‍: 89/6-8)
فَأَمَّا عَادٌ فَٱسْتَكْبَرُوا۟ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَقَالُوا۟ مَنْ أَشَدُّ مِنَّا قُوَّةً
എന്നാല്‍ ആദ് സമുദായം ന്യായം കൂടാതെ ഭൂമിയില്‍ അഹംഭാവം നടിക്കുകയും ഞങ്ങളെക്കാള്‍ ശക്തിയില്‍ മികച്ചവര്‍ ആരുണ്ട് എന്ന് പറയുകയുമാണ് ചെയ്തത്. (ഖു൪ആന്‍: 41/15)
ശാരീരികമായ ശക്തിയും വെടിപ്പും ഉള്ളവരായിട്ടാണ് അല്ലാഹു ആദ് സമുദായത്തെ സൃഷ്ടിച്ചത്. നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയാണെങ്കിൽ, നിങ്ങളുടെ ശക്തിയിലേക്ക് അല്ലാഹു കൂടുതല്‍ ശക്തി ചേര്‍ത്തുതരുന്നതാണെന്ന് ഹൂദ്(അ) തന്റെ ജനതയോട് പറയുന്നത് കാണുക:
ﻭَﻳَٰﻘَﻮْﻡِ ٱﺳْﺘَﻐْﻔِﺮُﻭا۟ ﺭَﺑَّﻜُﻢْ ﺛُﻢَّ ﺗُﻮﺑُﻮٓا۟ ﺇِﻟَﻴْﻪِ ﻳُﺮْﺳِﻞِ ٱﻟﺴَّﻤَﺎٓءَ ﻋَﻠَﻴْﻜُﻢ ﻣِّﺪْﺭَاﺭًا ﻭَﻳَﺰِﺩْﻛُﻢْ ﻗُﻮَّﺓً ﺇِﻟَﻰٰ ﻗُﻮَّﺗِﻜُﻢْ ﻭَﻻَ ﺗَﺘَﻮَﻟَّﻮْا۟ ﻣُﺠْﺮِﻣِﻴﻦَ
എന്റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. എന്നിട്ട് അവങ്കലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് സമൃദ്ധമായി മഴ അയച്ചുതരികയും, നിങ്ങളുടെ ശക്തിയിലേക്ക് അവന്‍ കൂടുതല്‍ ശക്തി ചേര്‍ത്തുതരികയും ചെയ്യുന്നതാണ്. നിങ്ങള്‍ കുറ്റവാളികളായിക്കൊണ്ട് പിന്തിരിഞ്ഞ് പോകരുത്. (ഖു൪ആന്‍: 11/52)
9. അല്ലാഹു സമൃദ്ധമായി മഴ നല്‍കും.
10. സ്വത്തുക്കളും മക്കളും വ൪ദ്ധിപ്പിച്ച് ലഭിക്കും.
فَقُلْتُ ٱسْتَغْفِرُوا۟ رَبَّكُمْ إِنَّهُۥ كَانَ غَفَّارًا
يُرْسِلِ ٱلسَّمَآءَ عَلَيْكُم مِّدْرَارًا
وَيُمْدِدْكُم بِأَمْوَٰلٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّٰتٍ وَيَجْعَل لَّكُمْ أَنْهَٰرًا
അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു. അവന്‍ നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ചുതരും.സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും, നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികള്‍ ഉണ്ടാക്കിത്തരികയും ചെയ്യും. (ഖു൪ആന്‍: 71/10-12)
11. കാരുണ്യം ലഭിക്കും
ﻗَﺎﻝَ ﻳَٰﻘَﻮْﻡِ ﻟِﻢَ ﺗَﺴْﺘَﻌْﺠِﻠُﻮﻥَ ﺑِﭑﻟﺴَّﻴِّﺌَﺔِ ﻗَﺒْﻞَ ٱﻟْﺤَﺴَﻨَﺔِ ۖ ﻟَﻮْﻻَ ﺗَﺴْﺘَﻐْﻔِﺮُﻭﻥَ ٱﻟﻠَّﻪَ ﻟَﻌَﻠَّﻜُﻢْ ﺗُﺮْﺣَﻤُﻮﻥَ
അദ്ദേഹം (സ്വാലിഹ് നബി) പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ എന്തിനാണ് നന്‍മയെക്കാള്‍ മുമ്പായി തിന്‍മയ്ക്ക് തിടുക്കം കൂട്ടുന്നത്? നിങ്ങള്‍ക്ക് അല്ലാഹുവോട് പാപമോചനം തേടിക്കൂടേ? എങ്കില്‍ നിങ്ങള്‍ക്കു കാരുണ്യം നല്‍കപ്പെട്ടേക്കാം. (ഖു൪ആന്‍: 27/46)
ദുനിയാവിലെ നമ്മുടെ ജീവിതം നൈമിഷികം മാത്രമാണ്.നാം എത്ര ശ്രദ്ധിച്ചാല്‍ പോലും അറിഞ്ഞും അറിയാതെയും ചെറുതും വലുതുമായ ധാരാളം തെറ്റുകള്‍ നാം ചെയ്യാറുണ്ട്.വലിയ തെറ്റുകള്‍ക്ക് നാം തൌബ (പശ്ചാത്താപം), അതിന്റെ നിബന്ധനകള്‍ പാലിച്ച് കൊണ്ട് ചെയ്യുക തന്നെ വേണം.എന്നാല്‍ ചെറിയ തെറ്റുകള്‍ ഇസ്തിഗ്ഫാറിലൂടെ പരിഹരിക്കപ്പെടും. അതുകൊണ്ട് തന്നെ ഇസ്തിഗ്ഫാര്‍ ഒരു സത്യവിശ്വാസി എല്ലായ്പ്പോഴും ചെയ്യേണ്ടതുണ്ട്.ഓരോ നിമിഷവും നാം ധാരാളം തെറ്റുകള്‍ ചെയ്തു വരുന്നു.അല്ലാഹു കാണാന്‍ പാടില്ലെന്ന് പറഞ്ഞത് കാണുന്നു, അല്ലാഹു കേള്‍ക്കാന്‍ പാടില്ലെന്ന് പറഞ്ഞത് കേള്‍ക്കുന്നു അങ്ങനെ പലതും. ചുരുക്കത്തില്‍ ഇസ്തിഗ്ഫാര്‍ എന്നത് ഒരു സത്യവിശ്വാസിയുടെ എല്ലാ സമയത്തുമുള്ള ക൪മ്മമാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.
ഏത് സമയത്ത് വേണമെങ്കിലും നമുക്ക് ഇസ്തിഗ്ഫാര്‍ ചൊല്ലാവുന്നതാണ്. എന്നാല്‍ ഇസ്തിഗ്ഫാര്‍ ചെയ്യുന്നതിനുള്ള പ്രത്യേക ദിവസങ്ങളും സമയങ്ങളും അല്ലാഹുവും അവന്റെ റസൂലും പ്രത്യേകം പഠിപ്പിച്ചിട്ടുണ്ട്.അത്തരം സന്ദ൪ഭങ്ങളില്‍ ഇസ്തിഗ്ഫാര്‍ പ്രത്യേകം ചെയ്യേണ്ടതാണ്.
12. എല്ലാ വിഷമങ്ങളില്‍ നിന്നും രക്ഷ ലഭിക്കും
13. എല്ലാ ദുഃഖത്തില്‍ നിന്നും സമാധാനം ലഭിക്കും
14. ഉപജീവനം ലഭിക്കും
عَنِ ابْنِ عَبَّاسٍ، أَنَّهُ حَدَّثَهُ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ مَنْ لَزِمَ الاِسْتِغْفَارَ جَعَلَ اللَّهُ لَهُ مِنْ كُلِّ ضِيقٍ مَخْرَجًا وَمِنْ كُلِّ هَمٍّ فَرَجًا وَرَزَقَهُ مِنْ حَيْثُ لاَ يَحْتَسِبُ
ഇബ്നുഅബ്ബാസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വല്ലവനും പതിവായി ഇസ്തിഗ്ഫാര്‍ ചെയ്താല്‍ എല്ലാ വിഷമങ്ങളില്‍ നിന്നും അല്ലാഹു അവന്ന് രക്ഷ നല്‍കുന്നതും എല്ലാ ദുഃഖത്തില്‍ നിന്നും സമാധാനം നല്‍കുന്നതും അവനുദ്ദേശിക്കാത്ത ഭാഗത്തിലൂടെ അവന് ആഹാരം നല്‍കുന്നതുമാകുന്നു. (അബൂദാവൂദ്:1518 – ഹദീസ് ദു൪ബലമെന്ന് അല്‍ബാനി വിശേഷിപ്പിച്ചു)
قال الشيخ ابن عثيمين رحمه الله :” هذا الحديث ضعيف ، ولكن معناه صحيح ؛ لأن الله تعالى قال : ( وَأَنْ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُمَتِّعْكُمْ مَتَاعاً حَسَناً إِلَى أَجَلٍ مُسَمًّى وَيُؤْتِ كُلَّ ذِي فَضْلٍ فَضْلَهُ ) ، وقال تعالى عن هود : ( وَيَا قَوْمِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُرْسِلْ السَّمَاءَ عَلَيْكُمْ مِدْرَاراً وَيَزِدْكُمْ قُوَّةً إِلَى قُوَّتِكُمْ وَلا تَتَوَلَّوْا مُجْرِمِينَ ) ، ولا شك أن الاستغفار سبب لمحو الذنوب ، وإذا محيت الذنوب تخلفت آثارها المرتبة عليها ، وحينئذٍ يحصل للإنسان الرزق والفرج من كل كرب ، ومن كل هم ، فالحديث ضعيف السند ، لكنه صحيح المعنى ” انتهى .”فتاوى نور على الدرب” (شروح الحديث والحكم عليها) ( شريط 238 ، وجه أ )
ശൈഖ് ഇബ്നു ഉസൈമീന്‍(റഹി) പറഞ്ഞു : ഈ ഹദീസ് ദു൪ബലമാണ്. എന്നാല്‍ ഇതിന്റെ ആശയം സ്വഹീഹാണ്. അല്ലാഹു പറഞ്ഞു:നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ നിര്‍ണിതമായ ഒരു അവധിവരെ അവന്‍ നിങ്ങള്‍ക്ക് നല്ല സൌഖ്യമനുഭവിപ്പിക്കുകയും, ഉദാരമനസ്ഥിതിയുള്ള എല്ലാവര്‍ക്കും തങ്ങളുടെ ഉദാരതയ്ക്കുള്ള പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്. (ഖു൪ആന്‍: 11/3) അല്ലാഹു പറഞ്ഞു:എന്റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. എന്നിട്ട് അവങ്കലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് സമൃദ്ധമായി മഴ അയച്ചുതരികയും, നിങ്ങളുടെ ശക്തിയിലേക്ക് അവന്‍ കൂടുതല്‍ ശക്തി ചേര്‍ത്തുതരികയും ചെയ്യുന്നതാണ്. നിങ്ങള്‍ കുറ്റവാളികളായിക്കൊണ്ട് പിന്തിരിഞ്ഞ് പോകരുത്.(ഖു൪ആന്‍: 11/52). തീ൪ച്ചയായും ഇസ്തിഗ്ഫാര്‍ പാപങ്ങള്‍ മായ്ച്ചു കളയുന്നതിനുള്ള മാ൪ഗമാണെന്നതിന് യാതൊരു സംശയവുമില്ല. ഇസ്തിഗ്ഫാറിന്റെ പ്രഥമ ഗുണമായ പാപങ്ങള്‍ മായ്ക്കപ്പെട്ടാല്‍ അതിന്റെ പുറകെ ഇസ്തിഗ്ഫാര്‍ മുഖേനെ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന അനന്തരഫലങ്ങളും ലഭിക്കുമെന്നതില്‍ സംശയമില്ല. ഈ സന്ദര്‍ഭത്തില്‍ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ഉപജീവനം, പ്രയാസങ്ങളില്‍ നിന്നുള്ള മോചനം, എല്ലാ മനോദുഖത്തില്‍ നിന്നുള്ള മോചനം അതെല്ലാം ലഭിക്കുന്നതാണ്. ഈ ഹദീസിന്റെ സനദ് ദു൪ബലമാണെങ്കിലും ഇതിന്റെ ആശയം സ്വഹീഹാണ്.
നബി ﷺ പറഞ്ഞു: ആരെങ്കിലും തന്റെ കർമ്മരേഖാ ഏടുകൾ തന്നെ സന്തോഷിപ്പിക്കുന്നത് ഇഷ്ടപ്പെടുന്നുവോ അവൻ പാപമോചനം തേടുന്നതിനെ വർധിപ്പിക്കട്ടേ. (ബൈഹഖി)