ٱلدين – ദീന്‍ – എന്ന പദം വിശുദ്ധ ഖു൪ആനില്‍ 92 പ്രാവശ്യം വന്നിട്ടുണ്ട്. നാല് അ൪ത്ഥങ്ങളിലാണ് വിശുദ്ധ ഖു൪ആനില്‍ ഈ പദം ഉപയോഗിച്ചിട്ടുള്ളത്.
(1) മതം
മതം എന്ന അ൪ത്ഥത്തില്‍ ‘ദീന്‍’ എന്ന പദം വിശുദ്ധ ഖു൪ആനില്‍ 63 പ്രാവശ്യം വന്നിട്ടുണ്ട്.
ഉദാഹരണം:
إِنَّ ٱلدِّينَ عِندَ ٱللَّهِ ٱلْإِسْلَٰمُ
തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്ലാമാകുന്നു. (ഖു൪ആന്‍:3/19)
ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ ٱلْإِسْلَٰمَ دِينًا ۚ
ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. (ഖു൪ആന്‍:5/3)
(2) പ്രതിഫല നടപടി
‘സൃഷ്ടികളുടെ സകല കര്‍മങ്ങളെയും സംബന്ധിച്ച് പരലോകത്ത് വിചാരണ നടത്തി തീരുമാനമെടുക്കുകയും, ഓരോരുത്ത൪ക്കും തക്ക പ്രതിഫലം നല്‍കുകയും ചെയ്യുന്ന നടപടി’ എന്ന അ൪ത്ഥത്തില്‍ ‘ദീന്‍’ എന്ന പദം വിശുദ്ധ ഖു൪ആനില്‍ 17 പ്രാവശ്യം വന്നിട്ടുണ്ട്.
ഉദാഹരണം:
كَلَّا بَلْ تُكَذِّبُونَ بِٱلدِّينِ
അല്ല; പക്ഷെ, പ്രതിഫല നടപടിയെ നിങ്ങള്‍ നിഷേധിച്ചു തള്ളുന്നു. (ഖു൪ആന്‍:82/9)
مَٰلِكِ يَوْمِ ٱلدِّينِ
പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന്‍. (ഖു൪ആന്‍:1/4)
(3) കീഴ്‌വണക്കം
കീഴ്‌വണക്കം എന്ന അ൪ത്ഥത്തില്‍ ‘ദീന്‍’ എന്ന പദം വിശുദ്ധ ഖു൪ആനില്‍ 11 പ്രാവശ്യം വന്നിട്ടുണ്ട്.
ഉദാഹരണം:
قُلْ إِنِّىٓ أُمِرْتُ أَنْ أَعْبُدَ ٱللَّهَ مُخْلِصًا لَّهُ ٱلدِّينَ
പറയുക: കീഴ്‌വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കിക്കൊണ്ട് അവനെ ആരാധിക്കുവാനാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്. (ഖു൪ആന്‍:39/11)
فَٱدْعُوا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ وَلَوْ كَرِهَ ٱلْكَٰفِرُونَ
അതിനാല്‍ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. അവിശ്വാസികള്‍ക്ക് അനിഷ്ടകരമായാലും ശരി. (ഖു൪ആന്‍:40/14)
(4) ഒരു നാട്ടിലെ രാജാവിന്റെ നിയമം
‘ഒരു നാട്ടിലെ രാജാവിന്റെ നിയമം’ എന്ന അ൪ത്ഥത്തില്‍ ‘ദീന്‍’ എന്ന പദം വിശുദ്ധ ഖു൪ആനില്‍ ഒരു പ്രാവശ്യം വന്നിട്ടുണ്ട്.
فَبَدَأَ بِأَوْعِيَتِهِمْ قَبْلَ وِعَآءِ أَخِيهِ ثُمَّ ٱسْتَخْرَجَهَا مِن وِعَآءِ أَخِيهِ ۚ كَذَٰلِكَ كِدْنَا لِيُوسُفَ ۖ مَا كَانَ لِيَأْخُذَ أَخَاهُ فِى دِينِ ٱلْمَلِكِ إِلَّآ أَن يَشَآءَ ٱللَّهُ ۚ نَرْفَعُ دَرَجَٰتٍ مَّن نَّشَآءُ ۗ وَفَوْقَ كُلِّ ذِى عِلْمٍ عَلِيمٌ
എന്നിട്ട് അദ്ദേഹം (യൂസുഫ്) തന്‍റെ സഹോദരന്‍റെ ഭാണ്ഡത്തേക്കാള്‍ മുമ്പായി അവരുടെ ഭാണ്ഡങ്ങള്‍ പരിശോധിക്കുവാന്‍ തുടങ്ങി. പിന്നീട് തന്‍റെ സഹോദരന്‍റെ ഭാണ്ഡത്തില്‍ നിന്ന് അദ്ദേഹമത് പുറത്തെടുത്തു. അപ്രകാരം യൂസുഫിന് വേണ്ടി നാം തന്ത്രം പ്രയോഗിച്ചു. അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ രാജാവിന്‍റെ നിയമമനുസരിച്ച് അദ്ദേഹത്തിന് തന്‍റെ സഹോദരനെ പിടിച്ചുവെക്കാന്‍ പറ്റുമായിരുന്നില്ല. നാം ഉദ്ദേശിക്കുന്നവരെ നാം പല പദവികള്‍ ഉയര്‍ത്തുന്നു. അറിവുള്ളവരുടെയെല്ലാം മീതെ എല്ലാം അറിയുന്നവനുണ്ട്. (ഖു൪ആന്‍:12/76)
വ്യത്യസ്ത അ൪ത്ഥത്തില്‍ ‘ദീന്‍’ എന്ന പദം വിശുദ്ധ ഖു൪ആനിലെ ഒരു വചനത്തില്‍ തന്നെ വന്നിട്ടുള്ളത് കാണുക.
وَمَآ أُمِرُوٓا۟ إِلَّا لِيَعْبُدُوا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ حُنَفَآءَ وَيُقِيمُوا۟ ٱلصَّلَوٰةَ وَيُؤْتُوا۟ ٱلزَّكَوٰةَ ۚ وَذَٰلِكَ دِينُ ٱلْقَيِّمَةِ
കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിര്‍ത്തുവാനും സകാത്ത് നല്‍കുവാനും അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം. (ഖു൪ആന്‍:98/5)