അസ്മാഉല്ലാഹ് തൗക്വീഫിയ്യഃ ആണ്

THADHKIRAH

അസ്മാഉല്ലാഹ് തൗക്വീഫിയ്യഃ ആണ്

അല്ലാഹുവിന്റെ നാമങ്ങളായി ക്വുർആനിലും സുന്നത്തിലും വന്ന പദങ്ങളിലും ആശയങ്ങളിലും പരിമിതപ്പെടുകയാണു വേണ്ടത്. അസ്മാഉല്ലാഹ് തൗക്വീഫിയ്യഃ ആണെന്ന് പണ്ഡിതന്മാർ പറയുന്നതിന്റെ ഉദ്ദേശ്യം ഇതാണ്.
അല്ലാഹു തനിക്കുവെച്ച പേരുകൊണ്ടും അല്ലാഹുവിന് നബി(സ്വ) സ്ഥിരീകരിച്ച പേരുകൊണ്ടും മാത്രമേ നാം അല്ലാഹുവിന് പേരുവെക്കാവൂ. ബുദ്ധിക്ക് അതിൽ യാതൊരു സ്ഥാനമില്ല; കാരണം അല്ലാഹു അർഹിക്കുന്നത് എത്തിപ്പിടിക്കുവാൻ മനുഷ്യബുദ്ധി പര്യാപ്തമല്ല. മാത്രവുമല്ല നാമങ്ങളിൽ അല്ലാഹുവിന്റെ നാമങ്ങളേക്കാൾ ഉത്തമമായതോ തതുല്യമായതോ അവയുടെ സ്ഥാനത്ത് വെക്കാവുന്നതോ അവ പ്രദാനം ചെയ്യുന്ന വിശേഷണങ്ങൾ പ്രദാനം ചെയ്യുന്നതോ ഇല്ലതന്നെ.

അല്ലാഹു തനിക്ക് സ്വീകരിക്കാത്ത പേരുകൊണ്ട് അവന് പേരുവെക്കലും അല്ലാഹു അവനുവെച്ച പേര് നിഷേധിക്കലും അവനോടു ചെയ്യുന്ന അന്യായമാണ്.

وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ ۚ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَٰئِكَ كَانَ عَنْهُ مَسْئُولً

നിനക്ക്‌ അറിവില്ലാത്ത യാതൊരു കാര്യത്തിന്‍റെയും പിന്നാലെ നീ പോകരുത്‌. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്‌. (വി. ക്വു. 17: 36)

قُلْ إِنَّـمَا حَرَّمَ رَبِّيَ الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَالإِثْمَ وَالْبَغْيَ بِغَيْرِ الـْحَقِّ وَأَن تُشْرِكُواْ بِاللَّهِ مَا لَمْ يُنَزِّلْ بِهِ سُلْطَانًا وَأَن تَقُولُواْ عَلَى اللَّهِ مَا لاَ تَعْلَمُونَ

പറയുക: എന്റെ രക്ഷിതാവ് നിഷിദ്ധമാക്കിയിട്ടുള്ളത് പ്രത്യക്ഷമായതും പരോക്ഷമായതുമായ നീചവൃത്തികളും,അധർമ്മവും, ന്യായം കൂടാതെയുള്ള കയ്യേറ്റവും, യാതൊരു പ്രമാണവും അല്ലാഹു ഇറക്കിത്തന്നിട്ടില്ലാത്തതിനെ അവനോട് നിങ്ങൾ പങ്കുചേർക്കുന്നതും, അല്ലാഹുവിന്റെ പേരിൽ നിങ്ങൾക്കു വിവരമില്ലാത്തത് നിങ്ങൾ പറഞ്ഞുണ്ടാക്കുന്നതും മാത്രമാണ് (അൽ അഅ്റാഫ് :33).

ഇമാം ഇബ്നു ഹസം (റ ഹി) പറഞ്ഞു: അല്ലാഹു തനിക്ക് വെച്ച പേരുകൊണ്ടും തന്നെക്കുറിച്ച് പ്രസ്താവിച്ചതുകൊണ്ടുമല്ലാതെ അവനു പേരുനൽകപ്പെടലും പ്രസ്താവിക്കപ്പെടലും അനുവദനീയമല്ല. അത് അവന്റെ ഗ്രന്ഥത്തിലും അവന്റെ ദൂതന്റെ സുന്നത്തിലും മുഴുവൻ മുസ്ലിംകളുടേയും ഇജ്മാഅ് ആയി സ്വഹീഹായി ദൃഢപ്പെട്ടതിലുമാണ്; ഇവയിൽ വന്നതിനപ്പുറം വർദ്ധിപ്പിക്കപ്പെടാവതേയല്ല. അർത്ഥം ശരിയാണെങ്കിൽ പോലും അതറിയിക്കുന്ന പദം അല്ലാഹുവെ കുറിച്ച് പറയപ്പെടാവതല്ല. അല്ലാഹുവാണ് ആകാശത്തെ നിർമ്മിച്ചതെന്ന് നാം ദൃഢമായും അറിഞ്ഞിരിക്കുന്നു. അല്ലാഹുപറഞ്ഞു:

وَالسَّمَاءَ بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ

ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട്‌ നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു. (വി. ക്വു. 51: 47).

അല്ലാഹുവിനു ബന്നാഅ് (നിർമ്മാതാവ്) എന്ന് പേരു നൽകൽ അനുവദനീയമല്ല.

അല്ലാഹുവാണ് സസ്യലതാദികൾക്കും ജീവജാലങ്ങൾക്കും വർണങ്ങൾ പടച്ചതെന്ന് നാം ഉറപ്പായും അറിഞ്ഞിരിക്കുന്നു. അല്ലാഹുപറഞ്ഞു:

صِبْغَةَ اللَّهِ ۖ وَمَنْ أَحْسَنُ مِنَ اللَّهِ صِبْغَةً ۖ وَنَحْنُ لَهُ عَابِدُونَ

അല്ലാഹു നല്‍കിയ വര്‍ണമാകുന്നു (നമ്മുടെത്‌.) അല്ലാഹുവെക്കാള്‍ നന്നായി വര്‍ണം നല്‍കുന്നവന്‍ ആരുണ്ട്‌ ? അവനെയാകുന്നു ഞങ്ങള്‍ ആരാധിക്കുന്നത്‌.(വി. ക്വു. 2: 138)

എന്നാൽ സബ്ബാഗ് എന്ന് അല്ലാഹുവിനു പേരുവെക്കൽ അനുവദനീയമല്ല…. അല്ലാഹു സ്വന്തത്തിനു സ്വീകരിച്ചിട്ടില്ലാത്ത എല്ലാ പേരുകളും ഇപ്രകാരമാണ്.

വിശുദ്ധ ഖുർആനിലും, തിരുസുന്നത്തിലും തെളിവില്ലാത്തവ കൊണ്ട് അല്ലാഹുവിനെ നാമകരണം ചെയ്യുന്നതും, ഉള്ളത് നിഷേധിക്കുന്നതും വലിയ പാപം തന്നെയാണ്. അതുകൊണ്ട് അല്ലാഹുവിന്റെ നാമവിശേഷണങ്ങളിൽ പ്രമാണങ്ങൾക്കനുസരിച്ചായിരിക്കണം വിശ്വാസിയുടെ നിലപാട്.

Leave a Reply

Your email address will not be published.

Similar Posts