ക്രിസ്താബ്ദം പതിനെട്ടാം നൂറ്റാണ്ടില്‍ മതപ്രബോധനരംഗത്ത് മുസ്‌ലിം ലോകം കണ്ട ഏറ്റവും വലിയ നവോത്ഥാന നായകനാണ് മുഹമ്മദ് ബ്നു അബ്ദില്‍ വഹാബ്(റഹി). സലഫുകളുടെ (മുന്‍ഗാമികളുടെ) മന്‍ഹജില്‍ നിന്ന് മുസ്‌ലിം സമൂഹത്തിന് മാര്‍ഗഭ്രംശം സംഭവിക്കുകയും ഇസ്‌ലാമിന്റെ വിശ്വാസ, ആചാര സംബന്ധമായ മേഖലകളില്‍ നവീനമായ വാദങ്ങളുമായി പൗരോഹിത്യം ചൂഷണം ചെയ്യാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ ഇസ്ലാമിന്റെ തനതായ രീതിയിലേക്ക് അദ്ദേഹം ആളുകളെ നയിച്ചു. എന്നാല്‍ പുരോഹിതന്മാരും അവരുടെ അനുയായികളും അദ്ദേഹത്തെ പുത്തന്‍ പ്രസ്ഥാനക്കാരന്‍ എന്ന് വിളിച്ചാക്ഷേപിക്കുകയും കഴിയുംവിധം അവര്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ‘നജ്ദില്‍ നിന്നാണ് പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുക’ എന്ന് നബി ﷺ പറഞ്ഞിട്ടുണ്ടെന്നും ‘പിശാചിന്റെ കൊമ്പ്’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മുഹമ്മദ് ബ്നു അബ്ദില്‍ വഹാബിനെയാണ് എന്നുമുള്ള കുപ്രരണങ്ങൾ അവ൪ അഴിച്ചുവിട്ടു. ഇങ്ങ് കേരളത്തില്‍ വരെ അതിന്റെ സ്വാധീനം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളത്തിലെ മുസ്‌ലിം പുരോഹിതന്മാര്‍ പാടി പ്രചരിപ്പിച്ചിരുന്ന ചില വരികള്‍ നമ്മക്ക് ഇങ്ങനെ വായിക്കം:
‘നജ്ദിലെ ശൈത്വാന്‍ അറിവുണ്ടാ
വടിവിഴുങ്ങീട്ട് കഥകണ്ടാ
വിഡ്ഢിത്തങ്ങള്‍ വളരേണ്ടാ
വഹാബികളെ തുടരേണ്ടാ.’
പ്രാര്‍ഥന അല്ലാഹുവിനോട് മാത്രമെ പാടുള്ളു എന്നും മാലകളിലും മൗലിദ് കിതാബുകളിലും മറ്റും അല്ലാഹുവല്ലാത്തവരോടുള്ള പ്രാര്‍ഥനകള്‍ ഉള്‍ക്കൊള്ളുന്നുണ്ടെന്നും സലഫികള്‍ സമൂഹത്തെ ബോധ്യപ്പെടുത്താനിറങ്ങിയപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലെന്ന് ബോധ്യമായ പുരോഹിതര്‍ അഴിച്ചുവിട്ട പ്രചാരണങ്ങളില്‍ ഒന്നാണ് നാം മുകളില്‍ വായിച്ചത്. ‘നജ്ദില്‍ നിന്നാണ് പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുക’ എന്ന് നബി ﷺ പറഞ്ഞിട്ടുണ്ടോ? എങ്കില്‍ അതിന്റെ ഉദ്ദേശ്യം എന്താണ്? ‘പിശാചിന്റെ കൊമ്പ്’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മുഹമ്മദ് ബ്നു അബ്ദില്‍ വഹാബിനെയാണോ? എന്നീ കാര്യങ്ങളെയാണ് പ്രമാണബദ്ധമായി ഇവിടെ പരിശോധിക്കുന്നത്.
عَنِ ابْنِ عُمَرَ ـ رضى الله عنهما ـ أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم وَهْوَ مُسْتَقْبِلٌ الْمَشْرِقَ يَقُولُ : أَلاَ إِنَّ الْفِتْنَةَ هَا هُنَا مِنْ حَيْثُ يَطْلُعُ قَرْنُ الشَّيْطَانِ
ഇബ്‌നു ഉമറില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ കിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞുനിന്നുകൊണ്ട് പറയുന്നതായി ആദേഹാം കേട്ടു: ‘അറിയണേ, കുഴപ്പങ്ങള്‍ ഇവിടെ നിന്നാകുന്നു. അതായത്, പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുന്നിടത്തു നിന്ന്.’ (ബുഖാരി : 7093)
عَنِ ابْنِ عُمَرَ، قَالَ ذَكَرَ النَّبِيُّ صلى الله عليه وسلم ”اللَّهُمَّ بَارِكْ لَنَا فِي شَأْمِنَا، اللَّهُمَّ بَارِكْ لَنَا فِي يَمَنِنَا” . قَالُوا وَفِي نَجْدِنَا. قَالَ ”اللَّهُمَّ بَارِكْ لَنَا فِي شَأْمِنَا، اللَّهُمَّ بَارِكْ لَنَا فِي يَمَنِنَا”. قَالُوا يَا رَسُولَ اللَّهِ وَفِي نَجْدِنَا فَأَظُنُّهُ قَالَ فِي الثَّالِثَةَ هُنَاكَ الزَّلاَزِلُ وَالْفِتَنُ، وَبِهَا يَطْلُعُ قَرْنُ الشَّيْطَانِ””
ഇബ്‌നു ഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘അല്ലാഹുവേ, ഞങ്ങള്‍ക്ക് ഞങ്ങളുടെ ശാമില്‍ നീ അനുഗ്രഹം ചെയ്യേണമേ. അല്ലാഹുവേ, ഞങ്ങളുടെ യമനില്‍ നീ ഞങ്ങള്‍ക്ക് അനുഗ്രഹം ചെയ്യേണമേ.’ സ്വഹാബികള്‍ പറഞ്ഞു: ‘പ്രവാചകരേ, ഞങ്ങളുടെ നജ്ദിലും.’ നബി ﷺ പറഞ്ഞു: ‘അല്ലാഹുവേ, ഞങ്ങളുടെ ശാമില്‍ നീ ഞങ്ങള്‍ക്ക് അനുഗ്രഹം ചെയ്യേണമേ, ഞങ്ങളുടെ യമനില്‍ ഞങ്ങള്‍ക്ക് നീ അനുഗ്രഹം ചെയ്യേണമേ.’ അവര്‍ പറഞ്ഞു: ‘പ്രവാചകരേ, ഞങ്ങളുടെ നജ്ദിലും.’ മൂന്നാമത്തെ തവണയാണെന്ന് തോന്നുന്നു; നബി ﷺ ഇപ്രകാരം പറഞ്ഞു: ‘അവിടെയാണ് ഭൂമികുലുക്കങ്ങളും കുഴപ്പങ്ങളും; അവിടെയാണ് പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടലും.’ (ബുഖാരി : 7094)
സ്വഹീഹുല്‍ ബുഖാരിയിലും സ്വഹീഹ് മുസ്‌ലിമിലും ഇമാം മാലികിന്റെ മുവത്വയിലും ഇമാം അഹ്മദിന്റെ മുസ്നദിലുമെല്ലാം വ്യത്യസ്തങ്ങളായ രീതിയില്‍ ഇത് ആവ൪ത്തിച്ച് വന്നിട്ടുണ്ട്.
നജ്ദില്‍ നിന്നാണ് കുഴപ്പങ്ങളുടെ ഉല്‍ഭവം, അവിടെയാണ് പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടല്‍ എന്നീ കാര്യങ്ങള്‍ പ്രസ്തുത ഹദീസുകളില്‍ നിന്ന് വ്യക്തമാണ്. ഇനി പരിശോധിക്കേണ്ടത് മുഹമ്മദ് ബ്നു അബ്ദില്‍ വഹാബ്(റഹി) ജനിച്ച നജ്ദാണോ ഇവിടെ ഉദ്ദേശിക്കുന്നത്, ‘പിശാചിന്റെ കൊമ്പ്’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അദ്ദേഹത്തെയാണോ എന്നീ കാര്യങ്ങളാണ്.
രാജ്യങ്ങളെ കുറിച്ച് വിശാലമായി പ്രതിപാദിക്കുന്ന വിശ്വപ്രസിദ്ധ ഗ്രന്ഥമാണ് യാകൂത്ത് അല്‍ഹമാവി രചിച്ച ‘മുഅ്ജമുല്‍ ബുല്‍ദാന്‍.’ അതില്‍ നമുക്ക് ഇപ്രകാരം കാണാം: ‘അറേബ്യയില്‍ തന്നെ ധാരാളം നജ്ദുകള്‍. അതില്‍ പെട്ടതാണ് യമാമയിലെ ഒരു താഴ്‌വരയായ നജ്ദുല്‍ ബര്‍ഖ്, നജ്ദുല്‍ഖാല്‍ തുടങ്ങിയവ…’ ധാരാളമുള്ളതില്‍ നിന്ന് പന്ത്രണ്ടെണ്ണം മാത്രം അദ്ദേഹം പ്രസ്തുത ഗ്രന്ഥത്തില്‍ എടുത്തു കൊടുത്തതായി കാണാം. ഈ നജ്ദുകളെല്ലാം ശപിക്കപ്പെട്ട സ്ഥലങ്ങളാണെന്നും അവിടെ നിന്നെല്ലാം പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുമെന്നും ആരും ഏതായാലും പറയില്ല. എങ്കില്‍ പിന്നെ ഈ നജ്ദുകളില്‍ ഏതിനെ കുറിച്ചാണ് നബി ﷺ അങ്ങനെ പ്രവചിച്ചത്? ആ പ്രവചനത്തിലൂടെ അദ്ദേഹം ഉദ്ദേശിച്ച നജ്ദില്‍ തന്നെയാണോ മുഹമ്മദ്ബ്‌നു അബ്ദില്‍വഹാബ് ജനിച്ചത്? ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും അതിന് മുന്‍ഗാമികള്‍ നല്‍കിയ വ്യാഖ്യാനങ്ങളും നമുക്ക് പരിശോധിക്കാം:
പദപ്രയോഗങ്ങളില്‍ ചെറിയ വ്യത്യാസങ്ങളുണ്ടെങ്കിലും പ്രസ്തുത റിപ്പോര്‍ട്ടുകളിലെല്ലാം തന്നെ നബി ﷺ കിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ടാണ് ഇത് പറയുന്നത് എന്ന് വ്യക്തമാണ്. മാത്രവുമല്ല, എല്ലാ കുഴപ്പങ്ങളുടെയും കേന്ദ്രമാണ് കിഴക്കന്‍ ഭാഗമെന്ന് മറ്റ് ധാരാളം ഹദീഥുകളിലും കാണാവുന്നതാണ്.
“عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “رَأْسُ الْكُفْرِ نَحْوَ الْمَشْرِقِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘കുഫ്‌റിന്റെ കേന്ദ്രം കിഴക്ക് ഭാഗമാകുന്നു’.
(മുസ്‌ലിം : 52, ബുഖാരി : 3301)
അപ്പോള്‍ ഏതാണ് ഈ കിഴക്കുഭാഗം? നബി ﷺ മദീനയില്‍നിന്നാണ് ഇത് പറഞ്ഞത്. മദീനയിലെ കിഴക്ക് ഭാഗമെന്നത് കൂഫാ, ബാഗ്ദാദ്, ബസ്വറ എന്നിവ ഉള്‍കൊള്ളുന്ന ഇറാഖ് ആണ് എന്നത് ഭൂപടത്തില്‍ നിന്നുതന്നെ വളരെ വ്യക്തമാണ്. അതെ, പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുന്ന, കുഴപ്പങ്ങളുടെ ഉല്‍ഭവ സ്ഥാനമായ നജ്ദ് എന്നതുകൊണ്ട് നബി നബി ﷺ ഉദ്ദേശിച്ചത് മദീനയുടെ കിഴക്കന്‍ പ്രദേശമായ ഇറാഖാണ്.
ഇമാം ബുഖാരി ഉദ്ധരിച്ച 7094 ആം ഹദീഥിനെ വിശദീകരിക്കവെ ഇമാം ഇബ്നു ഹജര്‍ അസ്ക്വലാനി (റഹി) പറയുന്നു :
قال الخطابي: نجد من جهة المشرق، ومن كان بالمدينة كان نجده بادية العراق، ونواحيها، وهي شرق أهل المدينة
ഖത്താബി പറഞ്ഞിരിക്കുന്നു:കിഴക്ക് ഭാഗത്താണ് നജ്ദ് സ്ഥിതി ചെയ്യുന്നത്. മദീനക്കാരുടെ നജ്ദ് ഇറാഖും അതിന്റെ പ്രാന്തപ്രദേശങ്ങളുമാണ്. അതാണ് മദീനക്കാരുടെ കിഴക്കുഭാഗം. (ഫത്ഹുല്‍ബാരി)
ചിലഹദീസുകളും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിത്തരുന്നത് കാണാം. ഇമാം മുസ്‌ലിം(റഹി) തന്റെ സ്വഹീഹില്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ് കാണുക:
قَالَ سَالِمَ بْنَ عَبْدِ اللَّهِ : يَا أَهْلَ الْعِرَاقِ مَا أَسْأَلَكُمْ عَنِ الصَّغِيرَةِ وَأَرْكَبَكُمْ لِلْكَبِيرَةِ سَمِعْتُ أَبِي عَبْدَ اللَّهِ بْنَ عُمَرَ يَقُولُ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ”إِنَّ الْفِتْنَةَ تَجِيءُ مِنْ هَا هُنَا”. وَأَوْمَأَ بِيَدِهِ نَحْوَ الْمَشْرِقِ ”مِنْ حَيْثُ يَطْلُعُ قَرْنَا الشَّيْطَانِ” . وَأَنْتُمْ يَضْرِبُ بَعْضُكُمْ رِقَابَ بَعْضٍ وَإِنَّمَا قَتَلَ مُوسَى الَّذِي قَتَلَ مِنْ آلِ فِرْعَوْنَ خَطَأً فَقَالَ اللَّهُ عَزَّ وَجَلَّ لَهُ {وَقَتَلْتَ نَفْسًا فَنَجَّيْنَاكَ مِنَ الْغَمِّ وَفَتَنَّاكَ فُتُونًا}
സാലിം ഇബ്‌നു അബ്ദുല്ലാഹ്(റ) പറയുന്നു: ‘അല്ലയോ ഇറാഖുകാരേ, ചെറിയ കാര്യങ്ങളെക്കുറിച്ചു പോലും നിങ്ങള്‍ ചോദിച്ചറിയുന്നു. എന്നാല്‍ വലിയ വലിയ കാര്യങ്ങള്‍ (തിന്മകള്‍) നിങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നിങ്ങളുടെ കാര്യം എത്ര ആശ്ചര്യം! എന്റെ പിതാവ് അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട് : കിഴക്ക് ഭാഗത്തേക്ക് ചൂണ്ടിക്കൊണ്ട് തീർച്ചയായും കുഴപ്പങ്ങളെല്ലാം ഇവിടെനിന്നാണ് അതായത്, പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുന്നിടത്തുനിന്ന് എന്ന് നബി ﷺ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. മൂസാനബി(അ) ഫി൪ഔന്‍ കുടുംബത്തില്‍പെട്ട ഒരാളെ അബദ്ധത്തില്‍ കൊല ചെയ്തതിനെ കുറിച്ചുപോലും ഖു൪ആന്‍ പറഞ്ഞത് നീ ഒരാളെ കൊല്ലുകയുണ്ടായി (സൂറ:ത്വാഹാ – 40) എന്നാണ്. നിങ്ങളാകട്ടെ പരസ്പരം കൊന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. (മുസ്ലിം:2905)
ഇമാം അഹ്മദ് (റഹി) ഉദ്ധരിച്ച ഒരു ഹദീസിൽ ഇതൊന്നുകൂടി വ്യക്തമാക്കുന്നത് കാണുക:
عَنِ ابْنِ عُمَرَ، قَالَ : رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُشِيرُ بِيَدِهِ يَؤُمُّ الْعِرَاقَ هَا إِنَّ الْفِتْنَةَ هَاهُنَا هَا إِنَّ الْفِتْنَةَ هَاهُنَا ثَلَاثَ مَرَّاتٍ مِنْ حَيْثُ يَطْلُعُ قَرْنُ الشَّيْطَانِ
ഇബ്‌നു ഉമറില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ തന്റെ കൈ ഇറാഖിനുനേരെ ചൂണ്ടിക്കൊണ്ട് പറഞ്ഞു. ഇതാ അവിടെനിന്നാണ് കുഴപ്പങ്ങൾ, ഇതാ അവിടെനിന്നാണ് കുഴപ്പങ്ങൾ എന്ന് മൂന്നുതവണ പറഞ്ഞു. പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുന്നത് അവിടെ നിന്നാകുന്നു. (അഹ്മദ് 6020)
عَنِ ابْنِ أَبِي نُعْمٍ، قَالَ كُنْتُ شَاهِدًا لاِبْنِ عُمَرَ وَسَأَلَهُ رَجُلٌ عَنْ دَمِ الْبَعُوضِ. فَقَالَ مِمَّنْ أَنْتَ فَقَالَ مِنْ أَهْلِ الْعِرَاقِ. قَالَ انْظُرُوا إِلَى هَذَا، يَسْأَلُنِي عَنْ دَمِ الْبَعُوضِ وَقَدْ قَتَلُوا ابْنَ النَّبِيِّ صلى الله عليه وسلم وَسَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ “هُمَا رَيْحَانَتَاىَ مِنَ الدُّنْيَا”.
ഇബ്നു അബീ നുഐം(റ) പറയുന്നു: “ഞാൻ ഇബ്നു ഉമറിന്റെ(റ) കൂടെ നിൽക്കുമ്പോൾ ഒരാൾ അദ്ദേഹത്തോട് കൊതുകിന്റെ രക്തത്തെക്കുറിച്ച് (കൊതുകിനെ കൊല്ലുന്നത് / കൊതുകുരക്തം വസ്ത്രത്തിലായാലുള്ള വിധി സംബന്ധിച്ച്) ചോദിക്കുകയുണ്ടായി. അപ്പോൾ ഇബ്നു ഉമർ(റ) ചോദിച്ചു: നീ ഏത് നാട്ടുകാരനാണ്. അദ്ദേഹം പറഞ്ഞു:ഞാന്‍ ഇറാഖിയാണ്. ഇബ്നു ഉമർ(റ)പറഞ്ഞു: ഇവരുടെ കാര്യം നിങ്ങൾ ഒന്ന് നോക്കൂ. ഇവർ ഒരു കൊതുകിന്റെ രക്തത്തിന്റെ കാര്യത്തിലാണ് എന്നോട് ചോദിക്കുന്നത്. അവരാകട്ടെ നബിﷺയുടെ പേരക്കുട്ടിയെ കൊന്നവരാണ് താനും. (ബുഖാരി:5994)
നബിﷺയുടെ പ്രാർത്ഥനയെ കുറിച്ചുതന്നെ വന്ന റിപ്പോർട്ടുകളിൽ തന്നെയും ‘നജ്ദിന് വേണ്ടിയും’ എന്ന സ്ഥാനത്ത് ‘ഇറാഖിന് വേണ്ടിയും’ എന്ന് തന്നെ വന്നതായി കാണാം.
നബി ﷺ പറഞ്ഞു: അല്ലാഹുവേ, ഞങ്ങളുടെ മദീനയിലും ഞങ്ങളുടെ മുദ്ദിലും ഞങ്ങളുടെ സ്വാഇലും ഞങ്ങളുടെ യമനിലും ഞങ്ങളുടെ ശാമിലും നീ ഞങ്ങൾക്ക് ബർക്കത്ത് ചെയ്യണേ. അപ്പോൾ ഒരാൾ പറഞ്ഞു: നബിയേ ഞങ്ങളുടെ ഇറാഖിലും. അപ്പോൾ നബി ﷺ പറഞ്ഞു: അവിടെയാണ് ഭൂകമ്പങ്ങളും കുഴപ്പങ്ങളും ഉണ്ടാവുക. അവിടെനിന്നുതന്നെയാണ് പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടലും. (ഇമാം ഫസ്വി തന്റെ ‘അൽമഅ്രിഫത്തു വത്താരീഖ്’ എന്ന ഗ്രന്ഥത്തിൽ 2/746 ൽ കൂഫയെക്കുറിച്ച് പറയുന്ന അദ്ധ്യായം എന്ന ശീർഷകത്തിൽ കൊടുത്തിട്ടുള്ളത്)
പതിനാല് നൂറ്റാണ്ടിനിടയില്‍ അഹ്ലുസ്സുന്നയുടെ പണ്ഡിതന്‍മാരില്‍ ഒരാള്‍ പോലും വിശദീകരിക്കാത്ത രൂപത്തില്‍ ഹദീസുകളെ ദുര്‍വ്യാഖ്യാനിച്ചിട്ടാണ് പുരോഹിതന്മാര്‍ തങ്ങളുടെ പിഴച്ചവാദത്തിന് കഴമ്പുണ്ടാക്കാന്‍ നോക്കുന്നത്.
നജ്ദുകൊണ്ടുള്ള ഉദ്ദേശം ഇബ്‌നു അബ്ദില്‍ വഹാബിന്റെ ജന്മനാടായ സുഊദി അറേബ്യയിലെ നജ്ദ് ആണെങ്കില്‍ ഹദീസില്‍ സൂചിപ്പിക്കപ്പെട്ട ഭൂകമ്പങ്ങളും കുഴപ്പങ്ങളും ഉണ്ടാകുമെന്നതും കുഫ്‌റിന്റെ കേന്ദ്രമാണെന്നതുമെല്ലാം ആ നജ്ദിന്റെ ചരിത്രത്തില്‍ കാണാന്‍ സാധിക്കേണ്ടതാണ്. പക്ഷേ, ചരിത്ര ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ അങ്ങനെ ഒന്ന് കാണാവതല്ല. എന്നാല്‍ അന്നുമുതല്‍ ഇന്നുവരെ എല്ലാ കുഴപ്പങ്ങളുടെയും കേന്ദ്രം ഇറാഖാണ് എന്ന് കാണാം. ഇതൊരു വസ്തുതയാണ്. മുസ്‌ലിം സമുദായത്തിന്റെ ഐക്യം തകര്‍ത്തതും അനൈക്യവും ഛിദ്രതയും വിദ്വേഷവും സമ്മാനിച്ചതും ഇറാഖ് തന്നെ. പിഴച്ച കക്ഷികള്‍ മിക്കവാറും ഉത്ഭവിച്ചത് ഇറാഖില്‍നിന്നാണെന്ന് കാണാം.
ഇമാം ഇബ്നു ഹജര്‍ അസ്ക്വലാനി (റഹി) പറയുന്നു : ഒന്നാമത്തെ കുഴപ്പം കിഴക്ക് ഭാഗത്ത് നിന്നായിരുന്നു. അത് മുസ്ലിംകള്‍ക്കിടയില്‍ ഭിന്നിപ്പിന് കാരണമായി. അതാകട്ടെ പിശാചിന് അങ്ങേയറ്റം സന്തോഷമുള്ള കാര്യമാണല്ലോ. അതുപോലെ ബിദ്അത്തുകള്‍ ഉല്‍ഭവിച്ചതും ആ ഭാഗത്ത് നിന്നു തന്നെയാണ്.
عَنْ عَبْدِ اللَّهِ بنِ عَمْرٍو، قَالَ: قَالَ رَسُولُ الله صَلَّى الله عَلَيْهِ وَسَلَّم:وَإِنَّ بني إسرائيل تَفَرَّقَتْ عَلَى ثِنْتَيْنِ وَسَبْعِينَ مِلَّةً، وَتَفْتَرِقُ أُمَّتِي عَلَى ثَلاَثٍ وَسَبْعِينَ مِلَّةً، كُلُّهُمْ فِي النَّارِ إِلاَّ مِلَّةً وَاحِدَةً. قَالُوا: وَمَنْ هِيَ يَا رَسُولَ اللهِ؟ قَالَ: مَا أَنَا عَلَيْهِ وَأَصْحَابِي
അബ്ദുല്ലാഹിബ്നു അംറില്‍(അ) നിന്നും നിവേദനം: നബി ﷺ പറഞ്ഞുഃ തീര്‍ച്ചയായും ബനൂ ഇസ്രാഈല്യര്‍ എഴുപത്തിരണ്ട് കക്ഷികളായി പിരിഞ്ഞു. എന്റെ സമുദായം എഴുപത്തിമൂന്ന് കക്ഷികളായി പിരിയും. അവരില്‍ ഒന്നൊഴിച്ച് മറ്റെല്ലാ മില്ലത്തും നരകത്തിലായിരിക്കും. അവര്‍ (സഹാബികള്‍) ചോദിച്ചുഃ അല്ലാഹുവിന്റെ റസൂലേ, ആരാണ് അവര്‍ (ആ രക്ഷപെടുന്നവ൪)?നബി (സ)പറഞ്ഞുഃ ഞാനും എന്റെ സ്വഹാബത്തും ഏതൊരു നിലപാടിലാണോ ആ നിലപാടിലുള്ളവര്‍. (തിര്‍മിദി:2641)
ഇതിന് ചരിത്രം സാക്ഷിയുമാണ്. ഉസ്മാന്‍(റ)വിന് എതിരെയുള്ള കലാപങ്ങളുടെ തുടക്കം ഇറാഖ് ഭാഗത്തുനിന്നായിരുന്നു. ജമല്‍, സ്വിഫ്ഫീന്‍ യുദ്ധങ്ങള്‍ നടന്നതും ആ പ്രദേശങ്ങളില്‍ തന്നെ. അലി(റ) വധിക്കപ്പെടുന്നതും ഇറാഖില്‍വച്ചുതന്നെ. മുഅ്തസിലി, ശീഈ, ഖവാരിജ്, നജ്ജാരിയ്യ, ജബ്‌രിയ്യ, മുശബ്ബിഹ, ഹുലൂലിയ്യ തുടങ്ങിയവരെല്ലാം ഉടലെടുത്തതും അവിടെനിന്നുതന്നെ. മാത്രമല്ല, കള്ളപ്രവാചകനായ മുഖ്താര്‍ പ്രവാചകത്വം വാദിച്ചതും അവിടെനിന്നുതന്നെ. ദജ്ജാലിന്റെയും യഅ്ജൂജ് മഅ്ജൂജിന്റെയും പുറപ്പാട് ആ ഭാഗത്തുനിന്നായിരിക്കുമെന്ന് ഹദീഥുകള്‍ വ്യക്തമാക്കുന്നുമുണ്ട്.
നബിﷺയുടെ പേരില്‍ ലക്ഷക്കണക്കായ ഹദീസുകള്‍ വ്യാജമായി നിര്‍മിച്ചുണ്ടാക്കപ്പെട്ടതില്‍ ഭൂരിഭാഗവും ഇറാഖില്‍നിന്നായിരുന്നുവെന്നത് ഒരു ചരിത്ര യാഥാര്‍ഥ്യം കൂടിയാണല്ലോ. ഒരുകാലത്ത് ‘ഹദീസ് അടിക്കുന്ന കേന്ദ്രം’ എന്ന അപരനാമത്തില്‍ കുപ്രസിദ്ധമായതും ഇറാഖായിരുന്നുവല്ലോ. ഇക്കാര്യം ഹദീസ് പണ്ഡിതന്മാര്‍ വ്യക്തമാക്കിയതുമാണ്.
നബി ﷺ പ്രാര്‍ഥിക്കാന്‍ വിസമ്മതിച്ചതുംഫിത്‌നയുടെ കേന്ദ്രമായും പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുന്ന സ്ഥലമായുമൊക്കെ പറഞ്ഞതും ഇറാഖിലെ നജ്ദിനെക്കുറിച്ചാണെന്ന് പ്രമാണങ്ങള്‍കൊണ്ടും ചരിത്ര യാഥാര്‍ഥ്യങ്ങള്‍കൊണ്ടും വ്യക്തമാണ്.
എന്നാല്‍ ശൈഖ് മുഹമ്മദ്ബ്‌നു അബ്ദില്‍വഹാബിന്റെ(റഹി) ജന്മസ്ഥലമായ ഇന്നത്തെ സഊദി അറേബ്യയുടെ ഭാഗമായ നജ്ദ് ഏതെങ്കിലും രൂപത്തില്‍ ശപിക്കപ്പെട്ടതായി ഹദീഥുകളില്‍ വന്നിട്ടുണ്ടാ? ഇല്ലെന്ന് മാത്രമല്ല നബി ﷺ ബര്‍കത്തിനായി പ്രാര്‍ഥിച്ച പ്രദേശങ്ങളില്‍ പെട്ടതാണ് അത് എന്നതാണ് യാഥാര്‍ഥ്യം. അതായത് നബി ﷺ ശാമിനും യമനിനും വേണ്ടി പ്രാര്‍ഥിക്കുകയും അവയെ പുകഴ്ത്തുകയും ചെയ്തത് ധാരാളം ഹദീസുകളില്‍ സ്ഥിരപ്പട്ടിട്ടുണ്ട്. മക്ക തിഹാമയില്‍ പെട്ടതും തിഹാമ യമനില്‍ പെട്ടതുമാണ് എന്ന് ഇമാം നവവി(റഹി), അസ്‌ക്വലാനി(റഹി) തുടങ്ങിയവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മക്കയുടെയും യമനിന്റയും ഇടക്കുള്ള പ്രദേശമാണല്ലോ സഊദി അറേബ്യയിലെ നജ്ദ്. ഈ പ്രദേശം മുമ്പ് നജ്ദുല്‍ യമാമ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഈ പ്രദേശത്തെ കുറിച്ച് നജ്ദ് എന്നും നജ്ദുല്‍ യമാമ എന്നും ബുഖാരി-മുസ്ലിം ഉദ്ദരിച്ച ഹദീസില്‍ വന്നിട്ടുണ്ട്.