അബ്ദുൽ ജബ്ബാർ അബ്ദുല്ലാഹ് അൽ മദീനി
നബി തിരുമേനി ﷺ യുടെ സംരക്ഷകനായിരുന്ന പിതൃവ്യന് അബൂത്വാലിബിന്റേയും പ്രിയ പത്നി ഖദീജ رضي الله عنه യുടേയും മരണം ഒരേ വര്‍ഷം അടുത്തടുത്ത നാളുകളിലായിരുന്നു. തിരുമേനിയുടെ ദുഃഖ വര്‍ഷം.
കാരണം, വേര്‍പിരിഞ്ഞ രണ്ട് പേരും തനിക്ക് താങ്ങും തണലുമായിരുന്നു. അതോടെ ബഹുദൈവ വിശ്വാസികള്‍ ഉപദ്രവങ്ങള്‍ക്ക് കാഠിന്യം കൂട്ടി.
താന്‍ ജനിച്ച് കളിച്ച് വളര്‍ന്ന തന്റെ നാട്ടില്‍ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ താങ്ങാവുന്നതിലും അധികമായപ്പോള്‍ തിരുമേനി മക്കയില്‍നിന്ന് പാലായനം ചെയ്യുവാന്‍ തീരുമാനിച്ചു. ത്വാഇഫിലേക്കാണ് അദ്ദേഹം കണ്ണുനട്ടത്.
ആ നാട്ടുകാരില്‍ നല്ല പ്രതീക്ഷകളോടെ അദ്ദേഹം കാല്‍നടയായി യാത്ര തിരിച്ചു. ത്വാഇഫിലെത്തിയ തിരുമേനി, അവരിലെ ഉത്തരവാദപ്പെട്ടവരോട് തന്റെ ദൗത്യ നിര്‍വ്വഹണത്തിന് തന്നെ സഹായിക്കണമെന്നും തനിക്ക് അഭയം നല്‍കണമെന്നും കേണപേക്ഷിച്ചിട്ടും അവര്‍ കനിഞ്ഞില്ല.
പത്ത് നാളുകള്‍ അവരുടെ പടിമുറ്റങ്ങളില് അഭയാര്‍ത്ഥിയായി യാചിച്ചതിന് അവര്‍ നല്കിയ കൈമടക്ക് പരിഹാസങ്ങളും കുത്തുവാക്കുകളും മാത്ര മായിരുന്നു. ‘മുഹമ്മദ്, നീ ഞങ്ങളുടെ നാട് വിട്ട് പൊയ്കൊള്ളുക’ ചിലരൊക്കെ ഇപ്രകാരം ഗര്‍ജ്ജിച്ചു.
അവസാന സേവനമെന്നോണം അവര്‍, അവിവേകികളേയും അടിമകളേയും അദ്ദേഹത്തിനെതിരില്‍ പ്രലോഭിപ്പിച്ച് ഇളക്കിവിട്ടു.
ആക്ഷേപങ്ങള്‍, കല്ലേറുകള്‍, കളിയാക്കിക്കൂവല്, തുടങ്ങിയ മുറകള്‍ അവര്‍ പുറത്തെടുത്തതോടെ അദ്ദേഹം പ്രാണനും കൊണ്ടോടി. അവര്‍ കൂക്കി വിളിച്ച് പിറകേയും. ഓടുവാന്‍ ഉയര്‍ത്തുന്ന ഓരോ കാലും നോക്കി വഴിവക്കില്‍ കല്ലുകളുമായി കാത്തു നിന്നവര്‍ തിരുമേനിയെ എറിഞ്ഞു. ഇരുകാലുകളിലും മുറിവുകള്‍ വീണു. രക്തം വാര്‍ന്നൊലിച്ചു. വാരകള്‍ക്കപ്പുറം ഒരു മതിലിനുള്ളിലെ തോട്ടത്തില്‍ തിരുമേനി തല്കാലം രക്ഷപ്രാപിച്ചു. ത്വാഇഫുകാര്‍ ഏറും കൂവും മതിയാക്കി മടങ്ങി. മക്കയില്‍ തന്റെ ബദ്ധവൈരികളായ ഉത്ബയുടേയും ശെയ്ബയുടേയുമായിരുന്നു ആ തോട്ടം. അവര്‍ സ്ഥലത്തുണ്ടായിരുന്നു. തിരുമേനിയുടെ നിണമണിഞ്ഞ കാലുകളും വിറക്കുന്ന ശരീരവും പ്രാര്‍ത്ഥനാമയമായ ചുണ്ടുകളും അവരെപ്പോലും അലിവുള്ളവരാക്കി. തങ്ങളുടെ ഭൃത്യന് അദ്ദാസിനോട് ഒരു താലത്തില്‍ കുറേ മുന്തിരിയെടുത്ത് തിരുമേനിക്ക് കൊടുക്കുവാനും അത് കഴിക്കുവാന്‍ ആവശ്യപ്പെടുവാനും അവര്‍ കല്പ്പിച്ചു. മുന്തിരിയെടുക്കുവാന് പാത്രത്തില്‍ കൈവെച്ച തിരുമേനി ‘ബിസ്മില്ലാഹ് ‘ ചൊല്ലി അതില്‍നിന്ന് ഭക്ഷിച്ചു. അദ്ദാസ് തിരുമേനിയുടെ മുഖത്തേക്ക് ഉറ്റുനോക്കി. ശേഷം പറഞ്ഞു: അല്ലാഹുവാണെ, ഈ വാക്ക് ഈ നാട്ടുകാര്‍ പറയാറില്ലല്ലോ. തിരുമേനി: അദ്ദാസ്, താങ്കള്‍ ഏത് നാട്ടുകാരനാണ്? ഏത് മതവിശ്വാസിയാണ്? അദ്ദാസ്: ഞാന്‍ നീനവാ ദേശത്തുകാരനാണ്. ക്രിസ്ത്യാനിയും. തിരുമേനി: പുണ്യപുരുഷന് യൂനുസ് ഇബ്നു മത്തായുടെ നാട്ടില്‍ നിന്നാണോ? അദ്ദാസ്: യൂനുസ് ഇബ്നു മത്തായെ കുറിച്ച് താങ്കള്‍ക്ക് എന്തറിയാം?
തിരമേനി: യൂനുസ് ഇബ്നു മത്താ എന്റെ സഹോദരനാണ്. അദ്ദേഹം പ്രവാചകനാണ്. ഞാനും പ്രവാചകനാണ്.
അതോടെ അദ്ദാസ് തിരുമേനിയെ ആലിംഗനം ചെയ്തു. ശിരസ്സിലും കൈകാലുകളിലും തുരുതുരാ ചുംബിച്ചു. അദ്ദാസ് പറഞ്ഞു: ‘താങ്കള്‍ അല്ലാഹുവിന്റെ തിരുദാസനും ദൂതനുമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു.’ രംഗം വീക്ഷിക്കുകയായിരുന്ന ഉത്ബയും ശെയ്ബയും അടക്കം പറഞ്ഞു: നമ്മുടെ ഭൃത്യനേയും മുഹമ്മദ് കേടാക്കി. അദ്ദാസ് തിരിച്ചുവന്നപ്പോള്‍ അവര്‍ രണ്ടുപേരും പറഞ്ഞു: അദ്ദാസ്, നിനക്ക് നാശം. അയാളുടെ ശിരസ്സിലും കൈകാലുകളിലും ചുംബിക്കുവാന്മാത്രം നിനെക്കെന്ത് പറ്റി? അദ്ദാസ്: യജമാനരേ, ഈ ഭൂമിയുടെ പരപ്പില്‍ ആ മനുഷ്യനോളം ശ്രേഷ്ഠമായ യാതൊന്നുമില്ല. ഒരു പ്രവാചകനല്ലാതെ മറ്റാര്‍ക്കും അറിയാത്ത കാര്യങ്ങളാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഉത്ബയും ശെയ്ബയും: അദ്ദാസ്, നിനക്ക് നാശം. നിന്റെ മതത്തില്‍നിന്ന് അയാള്‍ നിന്നെ തെറ്റിക്കാതിരിക്കട്ടെ. നിന്റെ മതം അയാളുടെ മതത്തേക്കാള്‍ ഉത്തമമാണ്. ഉപരി സൂചിത സംഭവം നടന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമുണ്ടായ ബദര്‍ യുദ്ധത്തില്‍ തങ്ങളുടെ പക്ഷത്തുനിന്ന് യുദ്ധം ചെയ്യുവാന്‍ ഉത്ബയും ശെയ്ബയും അദ്ദാസിനോട് ആവശ്യപ്പെട്ടത് ചരിത്രത്തില്‍ കാണാം. അദ്ദാസ് അവരോട് പറഞ്ഞു: മുമ്പ് നിങ്ങളുടെ തോട്ടത്തില്‍ ഞാന്‍ കണ്ട ആ വ്യക്തിയോടാണോ യുദ്ധം ചെയ്യുന്നത്? അല്ലാഹുവാണേ, പര്‍വ്വതങ്ങള്‍ പോലും അദ്ദേഹത്തോട് എതിരിട്ട് നില്ക്കുകയില്ല. ഉത്ബയും ശെയ്ബയും പ്രതികരിച്ചു: അദ്ദാസ്, നിനക്ക് നാശം. മുഹമ്മദിന്റെ സംസാരം തീര്‍ത്ത മാസ്മരിക വലയ ത്തില്‍ നീയും അകപ്പെട്ടിരിക്കുന്നു.