സ്വഹാബികൾ, അഹ്ലുസ്സുന്നയുടെ ആദർശം (വിവർത്തകക്കുറിപ്പ്)

THADHKIRAH

സുഹൃത്തെ,
 പ്രമുഖ പണ്ഡിതൻ ശെയ്ഖ് മുഹമ്മദ് ഇബ്നു അബ്ദില്ലാഹ് അൽവുഹയ്ബി തയ്യാറാക്കിയ ‘ഇഅ്തിക്വാദു അഹ്ലിസ്സുന്നഃ ഫി സ്സ്വഹാബഃ رَضِيَ اللَّهُ عَنْهُم ‘ എന്ന കൃതിയുടെ വിവർത്തനമാണ് സ്വഹാബികൾ, അഹ്ലുസ്സുന്നയുടെ ആദർശം’ എന്നപേരിൽ താങ്കളുടെ മുമ്പിൽ. പ്രമാണങ്ങളെ അവലംബിച്ച്, പ്രാമാണികരുടെ വാക്കുകൾ കൂട്ടുപി ടിച്ച്, സച്ഛരിതരായ പൂർവീകരുടെ രീതിയെ അനുകരിച്ച്, അഹ്ലുസ്സുന്നഃയുടെ ആദർശബലത്തിൽ, സ്വഹാബത്തിനോട് നാം പുലർ ത്തേണ്ടതും അവരോട് അരുതാത്തതുമായ കാര്യങ്ങളും, സ്വഹാബത്തിനെ ഇകഴ്ത്തുന്നവർ ആരോടൊക്കെയാണ് ശത്രുവാകുന്നെതെന്നും അതിന്റെ ഫലങ്ങൾ എന്താകുമെന്നും ഈ കൃതി നമ്മോടോതുന്നു. സ്വഹാബികളുടെ വിഷയത്തിൽ ചിലർ, തെറ്റായ വിശ്വാസങ്ങളും വ്യാജവും ദുർബലവുമായ ധാരണകളും വെച്ച് പുലർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. അത്തരക്കാരെ ഗുണദോഷിക്കുവാൻ ഉതകുമെന്ന വിശ്വാസമാണ്  ഈ കൃതി വിവർത്തനം ചെയ്യുവാൻ പ്രേരകമായത്. 
സഊദി അറേബ്യയിലെ ഇസ്ലാമിക മന്ത്രാലയം പുറത്തിറക്കിയ കോപ്പിയാണ് വിവർത്തനം ചെയ്യുവാൻ ഉപയോഗിച്ചത്. കുറിപ്പുകൾ നൽകുവാനും, ഹദീഥുകൾ, ആഥാറുകൾ എന്നിവക്ക് തഹ്ക്വീക്വും തഖ്രീജും നൽകുവാനും ഗ്രന്ഥകാരന്റെ  കുറിപ്പു കളെ തന്നെയാണ്  അവലംബിച്ചിട്ടുള്ളത്. ചില സന്ദർഭങ്ങളിൽ കാര്യങ്ങൾ ഗ്രഹിക്കുവാൻ ഉപകരിക്കും വിധം ചെറിയ കുറിപ്പുകൾ വേറേയും നൽകിയിട്ടുണ്ട്. അവക്ക് ശേഷം ബ്രേകറ്റിൽ വിവ: എന്നെഴുതി ശെയ്ഖിന്റെ കുറിപ്പുകളിൽനിന്ന് അവയെ വേർതിരിച്ചിട്ടുമുണ്ട്. ആയത്തുകളുടേയും ഹദീഥുകളുടേയും ആഥാറുകളുടേയും അറബി നസ്സ്വുകൾ ചേർത്തിരിക്കുന്നു. വിവർത്തനത്തിൽ കഴിവതും സൂക്ഷ്മത പുലർത്തുവാൻ ശ്രമിച്ചിട്ടുണ്ട്. വല്ല തെറ്റുകളും ശ്രദ്ധയിൽപ്പെടുന്നുവെങ്കിൽ നല്ലനിയ്യത്തോടെ ഉണർത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ കൃത്യം നമുക്കെല്ലാം ഇഹലോകത്തും പരലോകത്തും ഉപകാരപ്പെടുമാറാകട്ടെ….
ഈ മഹത് സംരംഭത്തിന് തൗഫീക്വും കഴിവും ശേഷിയും പ്രദാനം ചെയ്ത പ്രപഞ്ചനാഥന് മാത്രമാണ് ഹംദുകളെല്ലാം. പ്രോത്സാഹിപ്പിച്ചവരും പ്രയത്നിച്ചവരും ധാരാളമാണ്. ഇതിന്റെ പരിശോധന നടത്തി അനിവാര്യമായ തിരുത്തലുകൾ നിർദ്ദേശിച്ചത് ബഹുമാന്യർ മുഹമ്മദ് സ്വാദിക്വ് അൽ മദനിയും, ഷറഫുദ്ദീൻ പൂന്തുറ അവർകളുമാണ്. കൂടാതെ, ഗുണകാംക്ഷികളായവർ വേറേയുമുണ്ട്.
അല്ലാഹു എല്ലാവർക്കും തക്കപ്രതിഫലം നൽകുമാറാകട്ടെ…  ആമീൻ.
അല്ലാഹുവേ, തിരുദൂതരോടൊപ്പവും സ്വഹാബത്തിനോടൊപ്പവും നിന്റെ സ്വർഗ്ഗീയ പൂങ്കാവനത്തിൽ ഒരു ഇടമേകി നീ ഞങ്ങളോട് കനിയേണമേ…
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല.

Leave a Reply

Your email address will not be published.

Similar Posts