ഭൗതിക വിഭവങ്ങൾ ദൃശ്യലോകത്ത് അനുഭവിക്കുന്നതാണ്. സ്വർഗ്ഗീയ സുഖങ്ങൾ വാഗ്ദാനം ചെയ്യപ്പെടുന്ന അദൃശ്യകാര്യങ്ങളാണ്. കയ്യിൽകിട്ടിയ ഒന്നിനെ ഭാവിയിൽ കിട്ടുമെന്ന് പറയുന്ന ഒന്നിനുവേണ്ടി കയ്യൊഴിക്കുക എന്നത് അധികമാളുകൾക്കും ഭാരമേറിയതാണ്; വിശിഷ്യാ വാഗ്ദാനം ചെയ്യപ്പെടുന്നത് മരണാനന്തരമാണെങ്കിൽ. അത് കാരണത്താൽ തന്നെ അല്ലാഹു ഭൗതിക വിഭവങ്ങളേയും സ്വർഗ്ഗീയാനുഗ്രഹങ്ങളേയും താരതമ്യപ്പെടുത്തി സ്വർഗ്ഗീയാനുഗ്രഹങ്ങളാണ് ഉത്തമവും ഉൽകൃഷ്ടവുമെന്ന് വ്യക്തമാക്കി. അല്ലാഹു ദുനിയാവിൽ വിരക്തിയുൺണ്ടാക്കുന്ന വിഷയത്തിലും സ്വർഗ്ഗത്തിന്റെ മഹത്വം വിവരിക്കുന്ന വിഷയത്തിലും ദീർഘമായ അവതരണങ്ങൾ നടത്തി. എല്ലാം അടിയാറുകൾ പരലോക സുഖം തേടുവാനും അവിടുത്തെ അനുഗ്രഹം ആശിക്കുവാനും വേണ്ടി മാത്രം.
അല്ലാഹു പറയുന്നു:
لَٰكِنِ الَّذِينَ اتَّقَوْا رَبَّهُمْ لَهُمْ جَنَّاتٌ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا نُزُلًا مِّنْ عِندِ اللَّهِ ۗ وَمَا عِندَ اللَّهِ خَيْرٌ لِّلْأَبْرَارِ ﴿١٩٨﴾
എന്നാൽ തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചതാരോ അവർക്കാണ് താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകുന്ന സ്വർഗ്ഗത്തോപ്പുകളുള്ളത്. അവരതിൽ നിത്യവാസികളായിരിക്കും. അല്ലാഹുവിന്റെ പക്കൽനിന്നുള്ള സൽക്കാരം! അല്ലാഹുവിന്റെ അടുക്കലുള്ളതാകുന്നു പുണ്യവാന്മാർക്ക് ഏറ്റവും ഉത്തമം. (വി. ക്വു. ആലു ഇംറാൻ: 198)
وَلَا تَمُدَّنَّ عَيْنَيْكَ إِلَىٰ مَا مَتَّعْنَا بِهِ أَزْوَاجًا مِّنْهُمْ زَهْرَةَ الْحَيَاةِ الدُّنْيَا لِنَفْتِنَهُمْ فِيهِ ۚ وَرِزْقُ رَبِّكَ خَيْرٌ وَأَبْقَىٰ ﴿١٣١﴾
അവരിൽ (മനുഷ്യരിൽ) പല വിഭാഗങ്ങൾക്ക് നാം ഐഹികജീവി താലങ്കാരം അനുഭവിപ്പിച്ചതിലേക്ക് നിന്റെ ദൃഷ്ടികൾ നീ പായിക്കരുത്. അതിലൂടെ നാം അവരെ പരീക്ഷിക്കാൻ (ഉദ്ദേശിക്കുന്നു.) നിന്റെ രക്ഷിതാവ് നൽകുന്ന ഉപജീവനമാകുന്നു കൂടുതൽ ഉത്തമവും നിലനിൽക്കുന്നതും. (വി. ക്വു. ത്വാഹാ : 131)
സ്വർഗ്ഗീയാനുഗ്രഹങ്ങൾക്ക് ഭൗതികവിഭവങ്ങളേക്കാൾ മഹത്വം ഏറെയാണെന്നതിലടങ്ങിയ രഹസ്യം വിവിധങ്ങളായ വിഷയങ്ങൾ പരിഗണിച്ചാണെന്ന് പ്രമാണങ്ങളെ മുൻനിറുത്തി നമുക്ക് മനസ്സിലാക്കാം.
ഒന്ന്: ഭൗതിക വിഭവങ്ങൾ തുച്ഛമാണ്.
സ്വർഗ്ഗീയാനുഗ്രഹങ്ങൾ അതിവിശാലവും യഥേഷ്ഠവുമാണ്. എന്നാൽ ഭൗതിക വിഭവങ്ങൾ പരലോകത്തെ അപേക്ഷിച്ച് വളരേ കുറച്ചും തുച്ഛവുമാണ്. അല്ലാഹു പറഞ്ഞു:
قُلْ مَتَاعُ الدُّنْيَا قَلِيلٌ وَالْآخِرَةُ خَيْرٌ لِّمَنِ اتَّقَىٰ
പറയുക: ഇഹലോകത്തെ സുഖാനുഭവം വളരെ തുച്ഛമായതാണ്. പരലോകമാണ് സൂക്ഷ്മതപാലിക്കുന്നവർക്ക് കൂടുതൽ ഗുണകരം. (വി. ക്വു. അന്നിസാഅ്: 77)
യഹ്യാ ഇബ്നു സഈദിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
وَاللَّهِ مَا الدُّنْيَا فِى الآخِرَةِ إِلاَّ مِثْلُ مَا يَجْعَلُ أَحَدُكُمْ إِصْبَعَهُ هَذِهِ وَأَشَارَ يَحْيَى بِالسَّبَّابَةِ فِى الْيَمِّ فَلْيَنْظُرْ بِمَ يَرْجِعُ
“അല്ലാഹുവാണേ സത്യം, ആഖിറത്തിനെ സംബന്ധിച്ചിടത്തോളം ദുനിയാവ് നിങ്ങളിൽ ഒരാൾ തന്റെ വിരൽ (യഹ്യാ തന്റെ ചൂണ്ടുവിരൽ ചൂണ്ടി) കടലിൽ വെക്കുന്നതുപോലെ മാത്രമാണ്. വിരൽതിരിച്ചെടുക്കുമ്പോൾ (എത്ര വെള്ളം അതിലുൺണ്ടാകുമെന്ന്) അവൻ നോക്കട്ടെ”. (മുസ്ലിം)
അതുകൊണ്ടണ്ടാണ് പരലോക അനുഗ്രഹങ്ങളേക്കാൾ ഭൗതിക വിഭവങ്ങൾക്ക് പ്രാമുഖ്യം കൽപ്പിക്കുന്നവരെ അല്ലാഹു ആക്ഷേപിച്ചത്.
يَا أَيُّهَا الَّذِينَ آمَنُوا مَا لَكُمْ إِذَا قِيلَ لَكُمُ انفِرُوا فِي سَبِيلِ اللَّهِ اثَّاقَلْتُمْ إِلَى الْأَرْضِ ۚ أَرَضِيتُم بِالْحَيَاةِ الدُّنْيَا مِنَ الْآخِرَةِ ۚ فَمَا مَتَاعُ الْحَيَاةِ الدُّنْيَا فِي الْآخِرَةِ إِلَّا قَلِيلٌ ﴿٣٨﴾
സത്യവിശ്വാസികളേ, നിങ്ങൾക്കെന്തുപറ്റി ? അല്ലാഹുവിന്റെ മാർഗത്തിൽ (ധർമ്മസമരത്തിന്ന്) നിങ്ങൾ ഇറങ്ങിപ്പുറപ്പെട്ട് കൊള്ളുക. എന്ന് നിങ്ങളോട് പറയപ്പെട്ടാൽ നിങ്ങൾ ഭൂമിയിലേക്ക് തൂങ്ങിക്കളയുന്നു! പരലോകത്തിന് പകരം ഇഹലോകജീവിതം കൊണ്ട് നിങ്ങൾ തൃപ്തിപ്പെട്ടിരിക്കുകയാണോ? എന്നാൽ പരലോകത്തിന്റെ മുമ്പിൽ ഇഹലോകത്തിലെ സുഖാനുഭവം തുച്ഛം മാത്രമാകുന്നു. (വി. ക്വു. അത്തൗബഃ : 38)
രണ്ട്: സ്വർഗ്ഗീയ വിഭവങ്ങളെല്ലാം അതിശ്രേഷ്ഠമാണ്
സ്വർഗ്ഗവാസികളുടെ വസ്ത്രം, ഭക്ഷണം, പാനീയം, വാസ സ്ഥലം, ആഭരണം, തുടങ്ങിയവയെല്ലാം ഭൗതിക വിഭവങ്ങളേക്കാൾ അത്യുത്തമമാണ്. എന്നുമാത്രമല്ല, സ്വർഗ്ഗ വിഭവങ്ങളേയും ഭൗതിക വിഭവങ്ങളേയും പരസ്പരം താരതമ്യപ്പെടുത്തുന്നതിന് യാതൊരു ന്യായവുമില്ല. അല്ലാഹുവിന്റെ റസൂൽ ﷺ സ്വർഗ്ഗത്തിൽ വടിവെക്കുന്ന സ്ഥലത്തെ കുറിച്ച് പറയുന്നത് നോക്കൂ:
مَوْضِعُ سَوْطٍ فِى الْجَنَّةِ خَيْرٌ مِنَ الدُّنْيَا وَمَا فِيهَا
“സ്വർഗ്ഗത്തിൽ ഒരു ചാട്ട വെക്കുവാനുള്ള സ്ഥലം ഈ ദുനിയാവി നേക്കാളും അതിലുള്ളതിനേക്കാളും ഉത്തമമാകുന്നു” (ബുഖാരി)
സ്വർഗ്ഗീയ സ്ത്രീകളുടെ ശിരോവസ്ത്രത്തെ കുറിച്ച് അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
وَلَوْ أَنَّ امْرَأَةً مِنْ أَهْلِ الْجَنَّةِ اطَّلَعَتْ إِلَى أَهْلِ الأَرْضِ لأَضَاءَتْ مَا بَيْنَهُمَا وَلَمَلأَتْهُ رِيحًا ، وَلَنَصِيفُهَا عَلَى رَأْسِهَا خَيْرٌ مِنَ الدُّنْيَا وَمَا فِيهَا
“…സ്വർഗ്ഗ വാസികളിലെ ഒരു സ്ത്രീ ഭൂവാസികളിലേക്ക് എത്തി നോക്കിയിരുന്നുവെങ്കിൽ അവൾ വാനത്തിനും ഭൂമിക്കുമിടയിൽ പ്രഭ പരത്തുമായിരുന്നു. അവൾ അവിടം സുഗന്ധം നിറക്കുമായിരുന്നു. അവളുടെ തലയിലുള്ള ശിരോവസ്ത്രം ഈ ദുൻയാവിനേ ക്കാളും അതിലുള്ളതിനേക്കാളും ഉത്തമമാണ്”. (ബുഖാരി)
മൂന്ന്: ഭൗതികലോകത്തെ മായങ്ങളിൽനിന്നും മാലി ന്യങ്ങളിൽനിന്നും സ്വർഗ്ഗം മുക്തമാണ്
നജസുകൾ, വൃത്തികേടുകൾ, ദുർവൃത്തികൾ, ദുർഗന്ധങ്ങൾ എന്നിത്യദികളിൽനിന്നെല്ലാം സ്വർഗ്ഗം സംശുദ്ധമാണ്.
സ്വർഗ്ഗത്തിലെ കള്ളിനെ അല്ലാഹു വർണ്ണിക്കുന്നത് നോക്കൂ:
بَيْضَاءَ لَذَّةٍ لِّلشَّارِبِينَ ﴿٤٦﴾ لَا فِيهَا غَوْلٌ وَلَا هُمْ عَنْهَا يُنزَفُونَ ﴿٤٧﴾
വെളുത്തതും കുടിക്കുന്നവർക്ക് ഹൃദ്യവുമായ പാനീയം. അതിൽ യാതൊരു ദോഷവുമില്ല. അത് നിമിത്തം അവർക്ക് ലഹരി ബാധിക്കുകയുമില്ല”. (വി.ക്വു. അസ്സ്വാഫാത്ത്: 46,47)
وَأَنْهَارٌ مِّنْ خَمْرٍ لَّذَّةٍ لِّلشَّارِبِينَ
കുടിക്കുന്നവർക്ക് ആസ്വാദ്യമായ മദ്യത്തിന്റെ നദികളും. (വി. ക്വു. മുഹമ്മദ്: 15)
لَّا يُصَدَّعُونَ عَنْهَا وَلَا يُنزِفُونَ ﴿١٩﴾
അതു (കുടിക്കുക) മൂലം അവർക്ക് തലവേദനയുണ്ടാവുകയോ, ലഹരി ബാധിക്കുകയോ ഇല്ല. (വി.ക്വു.അൽവാക്വിഅഃ: 19)
ആർത്തവ രക്തവും പ്രസവരക്തവുമുണ്ടാകാത്ത വിശുദ്ധകളായ ഇണകളെ അല്ലാഹു വിവരിക്കുന്നു:
وَلَهُمْ فِيهَا أَزْوَاجٌ مُّطَهَّرَةٌ ۖ
പരിശുദ്ധരായ ഇണകളും അവർക്കവിടെ ഉണ്ടായിരിക്കും. (വി. ക്വു. അൽബക്വറഃ : 25)
സ്വർഗ്ഗവാസികളുടെ ഹൃദയങ്ങൾ തെളിഞ്ഞതും വാക്കുകൾ നല്ലതും പ്രവർത്തികൾ സ്വാലിഹായതും മാത്രമാണ്. അവരെ സ്വർഗ്ഗത്തിലാക്കുമ്പോൾ തന്നെ അല്ലാഹു അവരുടെ ഹൃദയങ്ങളിലെ പകയെല്ലാം എടുത്തുമാറ്റുന്നതാണ്.
وَنَزَعْنَا مَا فِي صُدُورِهِم مِّنْ غِلٍّ إِخْوَانًا عَلَىٰ سُرُرٍ مُّتَقَابِلِينَ ﴿٤٧﴾
അവരുടെ ഹൃദയങ്ങളിൽ വല്ല വിദ്വേഷവുമുണ്ടെങ്കിൽ നാമത് നീക്കം ചെയ്യുന്നതാണ്. സഹോദരങ്ങളെന്ന നിലയിൽ അവർ കട്ടി ലുകളിൽ പരസ്പരം അഭിമുഖമായി ഇരിക്കുന്നവരായിരിക്കും. (വി.ക്വു.അൽഹിജ്ർ: 47)
അതിൽപിന്നെ സ്വർഗ്ഗത്തിൽ പാപം, വ്യാജം, വ്യർത്ഥം, തുടങ്ങിയ അന്യായങ്ങളൊന്നുമേയില്ല.
അല്ലാഹു പറയുന്നു:
يَتَنَازَعُونَ فِيهَا كَأْسًا لَّا لَغْوٌ فِيهَا وَلَا تَأْثِيمٌ ﴿٢٣﴾
അവിടെ അനാവശ്യവാക്കോ, അധാർമ്മിക വൃത്തിയോ ഇല്ല. (വി. ക്വു. അത്ത്വൂർ :23 )
لَا يَسْمَعُونَ فِيهَا لَغْوًا وَلَا تَأْثِيمًا ﴿٢٥﴾
അനാവശ്യവാക്കോ കുറ്റപ്പെടുത്തലോ അവർ അവിടെ വെച്ച് കേൾക്കുകയില്ല. (വി. ക്വു. അൽവാക്വിഅഃ : 25 )
لَّا يَسْمَعُونَ فِيهَا لَغْوًا وَلَا كِذَّابًا ﴿٣٥﴾
അവിടെ അനാവശ്യമായ ഒരു വാക്കോ ഒരു വ്യാജവാർത്തയോ അവർ കേൾക്കുകയില്ല. (വി. ക്വു. അന്നബഅ്: 35 )
لَّا تَسْمَعُ فِيهَا لَاغِيَةً ﴿١١﴾
അവിടെ യാതൊരു നിരർത്ഥകമായ വാക്കും നീ കേൾക്കുകയില്ല. (വി. ക്വു. അൽഗാശിയ:11)
നാല്: ഐഹിക സുഖം നശ്വരമാണ്, പാരത്രിക സുഖം അനശ്വരമാണ്.
ഐഹികലോകത്ത് ജനങ്ങൾക്ക് അലംകൃതമാക്കപ്പെട്ടതെല്ലാം നീങ്ങിപ്പോകുന്ന വിഭവങ്ങൾ മാത്രമാണ്. എന്നാൽ പരലോകത്തെ സുഖാനുഭൂതികൾ എന്നെന്നും നിലനിൽക്കുന്നതാണ്.
إِنَّ هَٰذَا لَرِزْقُنَا مَا لَهُ مِن نَّفَادٍ ﴿٥٤﴾
തീർച്ചയായും ഇത് നാം നൽകുന്ന ഉപജീവനമാകുന്നു. അത് തീർന്നു പോകുന്നതല്ല. (വി. ക്വു. സ്വാദ്: 54)
مَا عِندَكُمْ يَنفَدُ ۖ وَمَا عِندَ اللَّهِ بَاقٍ ۗ
നിങ്ങളുടെ അടുക്കലുള്ളത് തീർന്ന് പോകും. അല്ലാഹുവിങ്കലുള്ളത് അവശേഷിക്കുന്നതത്രെ. (വി. ക്വു. അന്നഹ്ൽ : 96)
ഭൗതികവിഭവങ്ങൾ പെട്ടന്ന് നീങ്ങിപ്പോവുകയും നാമാവശേഷമാവുകയും ചെയ്യുമെന്നതിന് അല്ലാഹു ഉപമ വിവരിക്കു ന്നത് കാണുക:
وَاضْرِبْ لَهُم مَّثَلَ الْحَيَاةِ الدُّنْيَا كَمَاءٍ أَنزَلْنَاهُ مِنَ السَّمَاءِ فَاخْتَلَطَ بِهِ نَبَاتُ الْأَرْضِ فَأَصْبَحَ هَشِيمًا تَذْرُوهُ الرِّيَاحُ ۗ وَكَانَ اللَّهُ عَلَىٰ كُلِّ شَيْءٍ مُّقْتَدِرًا ﴿٤٥﴾ الْمَالُ وَالْبَنُونَ زِينَةُ الْحَيَاةِ الدُّنْيَا ۖ وَالْبَاقِيَاتُ الصَّالِحَاتُ خَيْرٌ عِندَ رَبِّكَ ثَوَابًا وَخَيْرٌ أَمَلًا ﴿٤٦﴾
(നബിയേ,) നീ അവർക്ക് ഐഹികജീവിതത്തിന്റെ ഉപമ വിവരിച്ചു കൊടുക്കുക: ആകാശത്തുനിന്ന് നാം വെള്ളം ഇറക്കി. അതു മൂലം ഭൂമിയിൽ സസ്യങ്ങൾ ഇടകലർന്നുവളർന്നു. താമസിയാതെ അത് കാറ്റുകൾ പറത്തിക്കളയുന്ന തുരുമ്പായിത്തീർന്നു. (അതു പോലെയത്രെ ഐഹികജീവിതം.) അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു. സ്വത്തും സന്താനങ്ങളും ഐഹികജീവിതത്തിന്റെ അലങ്കാരമാകുന്നു. എന്നാൽ നിലനിൽക്കുന്ന സൽകർമ്മങ്ങളാണ് നിന്റെ രക്ഷിതാവിങ്കൽ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷ നൽകുന്നതും. (വി.ക്വു. അൽകഹ്ഫ്: 45,46)
പരലോക സുഖങ്ങളാകട്ടെ അവ നീങ്ങിപ്പോവുകയോ നശിക്കുകയോ ഇല്ല.
وَلَدَارُ الْآخِرَةِ خَيْرٌ ۚ وَلَنِعْمَ دَارُ الْمُتَّقِينَ ﴿٣٠﴾ جَنَّاتُ عَدْنٍ يَدْخُلُونَهَا…
പരലോകഭവനമാകട്ടെ കൂടുതൽ ഉത്തമമാകുന്നു. സൂക്ഷ്മത പാലിക്കുന്നവർക്കുള്ള ഭവനം എത്രയോ നല്ലത്! അതെ, അവർ പ്രവേശിക്കുന്ന സ്ഥിരവാസത്തിനുള്ള സ്വർഗ്ഗത്തോപ്പുകൾ… (വി. ക്വു. അന്നഹ്ൽ: 30,31)
അഞ്ച്: പരലോകത്തെ മറക്കലും എെഹികതയുടെ വിഭവങ്ങൾക്കായി പണിയെടുക്കലും ഖേദവും നിരാ ശയും നരകവും മാത്രമാണ് സമ്മാനിക്കുക.
അല്ലാഹു പറയുന്നു:
كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ ۖ فَمَن زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ ۗ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ ﴿١٨٥﴾
ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങൾ ഉയിർത്തെഴുന്നേൽപിന്റെ നാളിൽ മാത്രമേ നിങ്ങൾക്ക് പൂർണ്ണമായി നൽകപ്പെടുകയുള്ളൂ. അപ്പോൾ ആർ നരകത്തിൽ നിന്ന് അകറ്റിനിർത്തപ്പെടുകയും സ്വർഗ്ഗത്തിൽ പ്രവേശി പ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല. (വി. കു. ആലുഇംറാൻ: 185)
അബ്ദുൽ ജബ്ബാർ അബ്ദുല്ല