ശൈഖ് അൽബാനി رَحِمـهُ الله യുടെ صفه صلاه النبى من التكبير إلى التسليم كأنك تراها എന്ന പ്രഗൽഭ ഗ്രന്ഥത്തിന്റെ, അദ്ധഹം തന്നെ തയ്യാറാക്കിയ സംക്ഷിപ്ത രൂപത്തിന്റെ വിവര്ത്തനം
صفه صلاه النبى من التكبير إلى التسليم كأنك تراها (നബി ﷺ യുടെ നമസ്കാരത്തിന്റെ വിവരണം, തക്ബീർ മുതൽ തസ്ലീം വരെ നിങ്ങൾ നോക്കിക്കാണുന്ന രൂപത്തിൽ) എന്ന എന്റെ ഗ്രന്ഥം സംക്ഷിപ്തമാക്കി സാധാരണ ജനങ്ങൾക്ക് വായിച്ച് മനസ്സിലാക്കാവുന്നവിധം തയ്യാറാക്കാൻ ചില സഹോദരന്മാർ എന്നോട് ആവശ്യപ്പെട്ടു.
അത് ഒരു നല്ല നിർദേശമായി എനിക്ക് തോന്നി. വളരെ കാലങ്ങളായി എന്റെ മനസിൽ തോന്നിയ ആ ആശയത്തോട് ഞാൻ യോജിക്കുകയും ചെയ്തു. അത്തരം ഉപദേശം ഞാൻ എന്റെ സഹോദരന്മാരിൽനിന്നും സുഹൃത്തുക്കളിൽനിന്നും നിരന്തരം കേൾക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ, വൈജ്ഞാനികമായ പ്രവർത്തനങ്ങൾകൊണ്ട് തിരക്ക് പിടിച്ച എന്റെ സമയത്തിന്റെ ഒരു ചെറിയ ഭാഗം അതിനായി നീക്കിവെക്കാൻ ഇത് എനിക്ക് പ്രോത്സാഹനമായി. ഈ നിർദേശം നടപ്പിലാക്കുന്നതിനായി എന്റെ കഴിവനുസരിച്ച് ഞാൻ ധൃതി കാണിച്ചു-അതോടൊപ്പം, ഇത് അല്ലാഹുവിന്റെ ‘വജ്ഹ്’ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരു കർമ്മമാക്കുകയും എന്റെ മുസ്ലിം സഹോദരന്മാർക്ക് ഉപകാരപ്പെടുകയും ചെയ്യുന്ന ഒന്നാക്കുവാൻ, അന്യൂനനും ഉന്നതനുമായ എൻ്റെ രക്ഷിതാവിനോട് ഞാൻ പ്രാർത്ഥിക്കുന്നു.
‘സ്വിഫത്തുസ്വലാത്തി’ലേതിനേക്കാൾ ഉപകാരപ്രദമായ ചില കാര്യങ്ങൾ ഞാൻ ഇതിൽ കൂടുതലായി ഉദ്ധരിച്ചിട്ടുണ്ട്. എന്റെ ശ്രദ്ധയിൽപെട്ട കാര്യങ്ങളാണിവ. ഈ സംഗ്രഹത്തിൽ അവ സൂചിപ്പിക്കുന്നത് അനുയോജ്യമായി ഞാൻ കാണുന്നു.
ചില ഹദീഥുകളിലും പ്രാർത്ഥനകളിലും കാണപ്പെടുന്ന വാചകങ്ങൾ വിശദീകരിക്കുവാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഓരോ ഭാഗത്തിനും പ്രധാന ശീർഷകങ്ങളും കൂടുതൽ വ്യക്തതക്ക് വേണ്ടി ഉപശീർഷകങ്ങളും നൽകി യിട്ടുണ്ട്. ഇവക്ക് കീഴിൽ വിഷയങ്ങൾ ഓരോന്നും തുടർച്ചയായി അക്കങ്ങളിട്ട് ഉദ്ധരിച്ചു. ഓരോ വിഷയത്തിനുമരികിൽ, അതിന്റെ വിധികൾ – അത് ‘റുക്ൻ’ ആണോ ‘വാജിബ്’ ആണോ എന്നുള്ളത് – ഉദ്ധരിച്ചു. ഞാൻ മൗനം പാലിച്ചതും വിധി പറയാത്തതുമായ വിഷയങ്ങളാകട്ടെ, അവ ഐഛിക (സുന്നത്ത്)ങ്ങളാണ്. അവയിൽ ചിലത് നിർബന്ധം (വാജിബ്) ആണെന്ന് പറയാൻ സാധ്യതയുള്ളതാണ്. ഇതിൽ ഏതെങ്കിലും ഒന്ന് ഉറപ്പിച്ചു പറയൽ വൈജ്ഞാനികമായ സ്ഥിരീകരണത്തിന് യോജിക്കുന്നതല്ല. (ആമുഖത്തിൽ നിന്നും)
കഅ്ബയെ അഭിമുഖീകരിക്കൽ
1. നിങ്ങൾ നമസ്കാരത്തിനായി എഴുന്നേറ്റുനിന്നാൽ, എവിടെയായിരുന്നാലും കഅ്ബയെ അഭിമുഖീകരിക്കുക – നിർബന്ധ നമസ്കാരങ്ങളിലും ഐച്ഛിക നമസ്കാരങ്ങളിലും – അത് നമസ്കാരത്തിന്റെ ഒരു റുക്നാണ്; അതില്ലാതെ നമസ്കാരം ശരിയാവുകയില്ല.
2. കഠിനമായ യുദ്ധത്തിന്റെ അവസരത്തിലും അതിയായ ഭയത്തിന്റെ നമസ്കാരത്തിലും കഅ്ബയെ അഭിമുഖീകരിക്കേണ്ട അനിവാര്യത ഒഴിവാക്കിയിട്ടുണ്ട്.
രോഗിയെ പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും അതല്ലെങ്കിൽ കപ്പലിലോ കാറിലോ വിമാനത്തിലോ യാത്രചെയ്യുന്ന നമസ്കാര സമയം കഴിഞ്ഞുപോകുമെന്ന് ഭയപ്പെടുന്നവരെയും അതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
മൃഗത്തിൻമേലോ വാഹനത്തിലോ സുന്നത്തും വിത്റും നമസ്കരിക്കുന്നവനെയും അതിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ സാധിക്കുമെങ്കിൽ പ്രാരംഭ തക്ബീറിന്റെ സന്ദർഭത്തിൽ ക്വിബ്ലയെ അഭിമുഖീകരിക്കൽ അഭികാമ്യമാണ്. ശേഷം അത് ഏതു ഭാഗത്തേക്ക് തിരിയുന്നുവോ, അങ്ങോട്ട് അവന്ന് തിരിയാവുന്നതാണ്.
3. കഅ്ബ നേരിൽ കാണുന്നവർക്ക് അതിനെ നേരിട്ട് അഭിമുഖീകരിക്കൽ നിർബന്ധമാണ്. എന്നാൽ, നേരിൽ കാണാൻ സാധിക്കാത്തവർ, അതിന്റെ ദിശയിലേക്ക് തിരിയേണ്ടതാണ്.
അബദ്ധത്തിൽ കഅ്ബയുടെതല്ലാത്ത ദിശയിലേക്ക് തിരിഞ്ഞുകൊണ്ട് നമസ്കരിക്കുന്നതിന്റെ വിധി
4. മേഘം മൂടിയതിനാലോ മറ്റുവല്ല കാരണത്താലോ നേരായ ദിശ കണ്ടെത്താനുള്ള പരിശ്രമത്തിനും അന്വേഷണത്തിനും ശേഷം ക്വിബ്ലയുടെതല്ലാത്ത ദിശയിലേക്ക് തിരിഞ്ഞുകൊണ്ട് ആരെങ്കിലും നമസ്കരിച്ചാൽ, അവന്റെ നമസ്കാരം സ്വീകാര്യമാണ്. അവൻ അത് മടക്കി നമസ്കരിക്കേണ്ടതില്ല.
5. എന്നാൽ, അവൻ നമസ്കരിക്കുമ്പോൾ, വിശ്വസ്തനായ ഒരാൾ വന്ന് നേരായ ദിശ അവന്ന് അറിയിച്ചുകൊടുത്താൽ, അവൻ ധൃതിയിൽ ആ ദിശയിലേക്ക് തിരിയേണ്ടതാണ്. അവന്റെ നമസ്കാരം ശരിയാവുകയും ചെയ്യും.
നിറുത്തം (ക്വിയാം)
6. നിന്നുകൊണ്ട് നമസ്കരിക്കൽ നിർബന്ധമാണ്. താഴെ പറയുന്നവർക്കൊഴികെ അത് റുക്നാണ്:
അതിയായ ഭയത്തിന്റെ സന്ദർഭത്തിലും കഠിനമായ പോരാട്ടത്തിന്റെ അവസരത്തിലും നമസ്കാരം നിർവഹിക്കുന്നവൻ: അവന് യാത്രചെയ്തുകൊണ്ട് നമസ്കരിക്കുന്നത് അനുവദനീയമാണ്. നിന്ന് നമസ്കരിക്കാൻ ബുദ്ധിമുട്ടുള്ള രോഗി സാധിക്കുമെങ്കിൽ ഇരുന്ന് നമസ്കരിക്കണം; അല്ലെങ്കിൽ ഒരു വശത്തേക്ക് ചെരിഞ്ഞ് കിടന്നുകൊണ്ട്. ഐഛിക നമസ്കാരം നിർവഹിക്കുന്നവന് സഞ്ചരിച്ചുകൊണ്ടോ അവൻ ഉദ്ദേശിക്കുകയാണെങ്കിൽ ഇരുന്നുകൊണ്ടോ നമസ്കരിക്കാവുന്നതാണ്-റുകൂഉം സുജൂദും തല കുനിച്ചുകൊണ്ട് നിർവഹിക്കണം. അപ്രകാരം തന്നെയാണ് രോഗിയും. റുകൂഇനെക്കാൾ കൂടുതൽ തലകുനിച്ചുകൊണ്ടാണ് സുജൂദ് ചെയ്യേണ്ടത്.
7. ഇരുന്നുകൊണ്ട് നമസ്കരിക്കുന്നയാൾക്ക്, സുജൂദ് ചെയ്യുന്നതിനുവേണ്ടി തറയിൽനിന്നും ഉയർന്ന് നിൽക്കുന്നവിധം വല്ലതും വെക്കാൻ പാടുള്ളതല്ല. പ്രത്യുത, നിലത്ത് നെറ്റി പതിപ്പിക്കാൻ സാധിക്കുന്നില്ലെങ്കിൽ, മുമ്പ് പറഞ്ഞതുപോലെ, റുകൂഇനെക്കാൾ കൂടുതൽ തലകുനിച്ചുകൊണ്ട് സുജൂദ് ചെയ്യണം.
കപ്പലിലും വിമാനത്തിലും വെച്ചുള്ള നമസ്കാരം
8. കപ്പലിൽ വെച്ച് നിർബന്ധനമസ്കാരം നിർവഹിക്കുന്നത് അനുവദനീയമാണ്; അപ്രകാരം തന്നെ വിമാനത്തിലും.
9. വീഴുമെന്ന ഭയമുണ്ടെങ്കിൽ അവ രണ്ടിലും ഇരുന്നുകൊണ്ട് നമസ്കരിക്കൽ അനുവദനീയമാണ്.
10. പ്രായാധിക്യം കാരണമോ ശരീരത്തിന്റെ ദുർബലത നിമിത്തമോ വടിയിന്മേലോ തൂണിന്മേലോ ചാരിനിന്നുകൊണ്ട് നമസ്കരിക്കുന്നത് അനുവദനീയമാണ്.
നിറുത്തവും ഇരുത്തവും ഒരുമിച്ച് നിർവഹിക്കൽ
11. പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെതന്നെ രാത്രിനമസ്കാരം ഇരുന്നുകൊണ്ടും നിന്നുകൊണ്ടും അവ രണ്ടും സമ്മിശ്രമായും നിർവഹിക്കുന്നത് അനുവദനീയമാണ്. അങ്ങനെ നമസ്കരിക്കുമ്പോൾ ഇരുന്നുകൊണ്ട് പാരായണം ചെയ്യുകയും റുകൂഇന് അൽപം മുമ്പായി നിൽക്കുകയും, പിന്നെ അതിൽ ബാക്കിയുള്ള ആയത്തുകൾ നിന്നുകൊണ്ട് ഓതുകയും ചെയ്യാവുന്നതാണ്. ശേഷം റുകൂഉം സുജൂദും ചെയ്യുകയും രണ്ടാമത്തെ റക്അത്തിൽ അതുപോലെതന്നെ ചെയ്യാവുന്നതുമാണ്.
12. ഇരുന്നുകൊണ്ട് നമസ്കരിക്കുകയാണെങ്കിൽ ചമ്രംപടിഞ്ഞിരിക്കുകയോ സൗകര്യപ്രദമായ മറ്റേതെങ്കിലും രൂപത്തിൽ ഇരിക്കുകയോ ചെയ്യാം.
പാദരക്ഷകൾ ധരിച്ചുകൊണ്ടുള്ള നമസ്കാരം
13. പാദരക്ഷകൾ ധരിച്ചുകൊണ്ട് നമസ്കരിക്കുന്നതും നഗ്നപാദനായി നമസ്കരിക്കുന്നതും അനുവദനീയമാണ്.
14. ഒരിക്കൽ ഇപ്രകാരം (അതായത്, നഗ്നപാദനായി), മറ്റൊരിക്കൽ ഇപ്രകാരം (അതായത്, പാദരക്ഷ ധരിച്ചുകൊണ്ട്) എന്ന രീതിയിൽ അവന്റെ സൗകര്യാര്ത്ഥം നമസ്കരിക്കുന്നതാണ് ഏറ്റവും ഉത്തമം. നമസ്കാരത്തിൽ അത് ധരിക്കുവാനോ ഊരിവെക്കാനോ നിർബന്ധിക്കാൻ പാടുള്ളതല്ല. പ്രത്യുത, നഗ്നപാദനായിരിക്കുകയാണങ്കിൽ നഗ്നപാദനായിത്തന്നെ നമസ്കരിക്കണം. എന്നാൽ പാദരക്ഷ ധരിച്ചവനാണെങ്കിൽ, പാദരക്ഷ ധരിച്ചുകൊണ്ടുതന്നെ നമസ്കരിക്കണം; പ്രത്യേക സാഹചര്യം ഉണ്ടായെങ്കിലല്ലാതെ.
15. പാദരക്ഷ ഊരിവെക്കുകയാണെങ്കിൽ തന്റെ വലതുഭാഗത്ത് വെക്കരുത്; തന്റെ ഇടതുഭാഗത്ത് ആരും നമസ്കരിക്കുന്നില്ലെങ്കിൽ ഇടതുഭാഗത്ത് ഊരിവെക്കണം. അല്ലെങ്കിൽ, അവ രണ്ട് കാൽപാദങ്ങൾക്കിടയിൽ വെക്കട്ടെ.(1) ഈ കാര്യം നബിﷺയിൽനിന്നും സ്ഥിരപ്പെട്ടതാണ്.
(1) ഞാൻ (അൽബാനി) പറയുന്നു: അവ മുന്നിൽ വെക്കരുതെന്ന വ്യക്തമായ സൂചന ഇതിലുണ്ട്. നമസ്കാരക്കാരിൽ ഭൂരിഭാഗവും അവഗണിക്കുന്ന ഒരു മര്യാദയാണിത്. അവർ പാദരക്ഷയിലേക്ക് തിരിഞ്ഞു കൊണ്ട് നമസ്കരിക്കുന്നത് കാണാം!
മിമ്പറിന്മേൽ വെച്ചുള്ള നമസ്കാരം
16. ജനങ്ങളെ പഠിപ്പിക്കുന്നതിനായി ഇമാം ഉയർന്ന ഒരു സ്ഥലത്ത് നിന്നുകൊണ്ട് നമസ്കരിക്കുന്നത് അനുവദനീയമാണ്. അതിന് മുകളിൽ വെച്ചുതന്നെ അദ്ദേഹം നിൽക്കുകയും തക്ബീർ ചൊല്ലുകയും ക്വുർആൻ പാരായണം ചെയ്യുകയും റുകൂഅ് നിർവഹിക്കുകയും വേണം. ശേഷം, മിമ്പറിന് താഴെ, തറയിൽ സുജൂദ് ചെയ്യുന്നതിനുവേണ്ടി പിന്നോട്ട് ഇറങ്ങിവരണം. പിന്നീട്, മിമ്പറിലേക്ക് തന്നെ മടങ്ങും. പിന്നീട്, ഒന്നാമത്തെ റക്അത്തിൽ ചെയ്തപോലെ അടുത്ത റക്അത്തിലും ചെയ്യണം.
മറ സ്വീകരിച്ചുകൊണ്ടും അതിനടുത്ത് നിന്നുകൊണ്ടും നമസ്കരിക്കേണ്ടതിന്റെ അനിവാര്യത
17. മറ (സുത്റ) സ്വീകരിച്ചുകൊണ്ട് നമസ്കരിക്കൽ നിർബന്ധമാണ്. അതിൽ പള്ളിയെന്നോ മറ്റ് സ്ഥലങ്ങളെന്നോ വലിയ പള്ളിയെന്നോ ചെറിയ പള്ളിയെന്നോ ഉള്ള വേർതിരിവില്ല. കാരണം നബിﷺയുടെ പൊതുവായ കൽപന അതിനുണ്ട്.
لا تُصلِّ إلَّا إلى سُترةٍ، ولا تدَع أحدًا يمرُّ بينَ يديكَ، فإن أبَى فَلْتُقاتلْهُ، فإنَّ معَهُ القَرِينَ
മറ സീകരിച്ചുകൊണ്ടല്ലാതെ നിങ്ങൾ നമസ്കരിക്കരുത്. നിങ്ങളുടെ മുന്നിലൂടെ ആരെയും കടന്നുപോകാൻ അനുവദിക്കുകയും അരുത്. (തടയുമ്പോൾ) ആരെങ്കിലും ചെറുത്തുനിന്നാൽ അവനുമായി മല്ലിടുക, കാരണം അവനോടൊപ്പം ഒരു ക്വരീൻ (അതായത്, ശൈത്വാൻ) ഉണ്ട്).
18. അതിനടുത്ത് നിൽക്കൽ നിർബന്ധമാണ്, കാരണം നബിﷺ അപ്രകാരം കൽപിച്ചിട്ടുണ്ട്.
19. നബിﷺ സുജൂദ് ചെയ്യുന്ന സ്ഥലത്തിനും (മറയായി സ്വീകരിച്ച) മതിലിനുമിടയിൽ ഒരു ആടിന് നടന്നുപോകാനുള്ള സ്ഥലം മാത്രമെ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ, ആരെങ്കിലും അങ്ങനെ ചെയ്താൽ, അവൻ അനിവാര്യമായ രീതിയിൽ മറ സ്വീകരിച്ചു.(2)
(2) ഞാൻ (അൽബാനി) പറയുന്നു: സിറിയയിലെയും മറ്റും പള്ളികളിൽ ജനങ്ങൾ ചെയ്യുന്നതായി കണ്ടപോലെ, മതിലിൽനിന്നും തൂണുകളിൽനിന്നും അകന്നുകൊണ്ട് പള്ളിയുടെ മധ്യത്തിൽ നിൽക്കുന്നത് പ്രവാചക കൽപനയെകുറിച്ചും ചര്യയെ കുറിച്ചുമുള്ള തികഞ്ഞ അജ്ഞതയല്ലാതെ മറ്റൊന്നുമല്ല എന്നാണ് നാം മനസ്സിലാക്കുന്നത്.
മറയുടെ ഉയരം
20. സുത്റ തറയിൽനിന്നും ഒരു ചാൺ, അല്ലെങ്കിൽ രണ്ടു ചാൺ (ഒരുചാൺ = 9 ഇഞ്ച് = 23 സെന്റിമീറ്റർ) ഉയർന്നതായിരിക്കൽ നിർബന്ധമാണ്. നബിﷺയുടെ വാക്കുകളിൽനിന്നും അതാണ് ഗ്രഹിക്കാൻ സാധിക്കുന്നത്.
إذا وضَعَ أحَدُكُمْ بيْنَ يَدَيْهِ مِثْلَ مُؤْخِرَةِ الرَّحْلِ فَلْيُصَلِّ، ولا يُبالِ مَن مَرَّ وراءَ ذلكَ
നിങ്ങളിലാരെങ്കിലും ഒട്ടകക്കട്ടിലിന്റെ പിൻഭാഗത്തെ വടിയുടെ(3) അത്രയുള്ള വല്ലതും മുന്നിൽ വെച്ചാൽ, അവൻ (അതിലേക്ക് തിരിഞ്ഞ്) നമസ്കരിക്കട്ടെ. അതിന് അപ്പുറത്ത് കൂടി ആരെങ്കിലും കടന്നുപോകുന്നുവെങ്കിൽ അതവൻ ശ്രദ്ധിക്കേണ്ടതില്ല.
(3) ‘മുഅ്ഖിറതുർറഹ്ൽ’: ഒട്ടകക്കട്ടിലിന്റെ പിന്നിൽ ചാരിയിരിക്കുന്നതിന് വേണ്ടിയുള്ള ചെറിയ മരത്തടി. നിലത്ത് വര വരക്കുന്നത് അനുവദനീയമല്ലെന്ന സൂചന ഈ ഹദീസിലുണ്ട്. അത് സംബന്ധമായി വന്നിട്ടുള്ള ഹദീസുകളെല്ലാം ദുർബലമാണ്.
21. നമസ്കരിക്കുന്നവൻ മറയുടെ നേരെ തിരിഞ്ഞ് നമസ്കരിക്കണം. മറ സ്വീകരിച്ചുകൊണ്ട് നമസ്കരിക്കാനുള്ള കൽപനയിൽനിന്നും വ്യക്തമാകുന്നത് അതാണ്. എന്നാൽ, അതിനുനേരെ നിൽക്കാതെ, അതിന്റെ വലതുഭാഗത്തേക്കോ, ഇടതുഭാഗത്തെക്കോ ആയി അൽപം ചെരിഞ്ഞു നിൽക്കുക എന്നത് സ്ഥിരപ്പെട്ടിട്ടില്ല.
22. ഭൂമിയിൽ നാട്ടിവെച്ച വടിയിലേക്കോ അതുപോലുള്ളതിലേക്കോ തിരിഞ്ഞുകൊണ്ടും മരത്തിലേക്കോ തൂണിലേക്കോ തിരിഞ്ഞുകൊണ്ടും കിടക്കയിൽ പുതപ്പ് മൂടികിടക്കുന്ന ഭാര്യയിലേക്ക് തിരിഞ്ഞുകൊണ്ടും തന്റെ വാഹനമൃഗത്തിലേക്ക് – അത് ഒട്ടകമായിരുന്നാൽ പോലും – തിരിഞ്ഞുകൊണ്ടും നമസ്കരിക്കുന്നത് അനുവദനീയമാണ്.
ക്വബ്റിലേക്ക് തിരിഞ്ഞ് നമസ്കരിക്കൽ നിഷിദ്ധം
23. ക്വബ്റിനു നേരെ തിരിഞ്ഞുകൊണ്ട് നമസ്കരിക്കുന്നത് അനുവദനീയമല്ല. അത് പ്രവാചകന്മാരുടെ ക്വബ്റായാലും അതല്ലാത്തവരുടെതായാലും സമമാണ്.
നമസ്കരിക്കുന്നവന്റെ മുന്നിലൂടെ കടന്നുപോകൽ നിഷിദ്ധം
24. മറ സ്വീകരിച്ചുകൊണ്ട് നമസ്കരിക്കുന്നവന്റെ മുന്നിലൂടെ കടന്നുപോകുന്നത് അനുവദനീയമല്ല. അതിന് മസ്ജിദിൽ ഹറാമെന്നോ, അല്ലാത്തതെന്നോ ഉള്ള വേർതിരിവില്ല. അനുവദനീയമല്ല എന്ന കാര്യത്തിൽ അവയെല്ലാം സമമാണ്. നബിﷺയുടെ പൊതുവായ കൽപനയിൽനിന്നും ഗ്രഹിക്കാവുന്നതാണ് അത്.
لَوْ يَعْلَمُ الْمَارَ بين يدَي المُصلِّي مَاذَا عَلَيْهِ فِي ذَلِكَ لَكَانَ أنْ يَقِفَ أَرْبَعِينَ سَنَةٍ خَيْرًا لَهُ مِنْ أَن يَمُرَّ بَيْنَ يَدَيْهِ
“നമസ്കരിക്കുന്നവന്റെ മുന്നിലൂടെ കടന്നുപോകുന്നവൻ, താൻ ചെയ്യുന്നതിന്റെ ഗൗരവം അറിഞ്ഞിരുന്നെങ്കിൽ, നാൽപത് വർഷംവരെ കാത്തിരിക്കുന്നതായിരിക്കും അതിനെക്കാൾ അവന്ന് ഗുണകരമായിരിക്കുക.’’ അതായത്: അവന്റെയും അവന്റെ സുജൂദിന്റെയും സ്ഥാനത്തിനിടയിലൂടെ നടന്നു പോകുന്നത്. (4)
(4) എന്നാൽ, ‘മറയൊന്നും കൂടാതെ ത്വവാഫ് ചെയ്യുന്ന സ്ഥലത്തിന്റെ അറ്റത്ത് നിന്നുകൊണ്ട് നബി നമസ്കരിക്കുകയും അദ്ദേഹത്തിന്റെ മുന്നിലൂടെ ജനങ്ങൾ നടക്കുകയും ചെയ്തു’ എന്ന ഹദീസ് സ്വഹീഹല്ല. മാത്രമല്ല, അദ്ദേഹത്തിന്റെയും അദ്ദേഹം സുജൂദ് ചെയ്യുന്ന സ്ഥലത്തിനുമിടയിലൂടെയാണ് നടന്നത് എന്നും അതിലില്ല.
നമസ്കരിക്കുന്നവന്റെ മുന്നിലൂടെ കടന്നുപോകുന്നവനെ തടയേണ്ടതിന്റെ അനിവാര്യത
25. മറ സ്വീകരിച്ചുകൊണ്ട് നമസ്കരിക്കുന്ന ഒരുവന്, തന്റെ മുന്നിലൂടെ കടന്നുപോകുന്ന ആരെയും തടയാതെ വിടുന്നത് അനുവദനീയമല്ല. മുമ്പ് പറഞ്ഞ ‘നിങ്ങളുടെ മുന്നിലൂടെ കടന്നുപോകാൻ ആരെയും അനുവദിക്കരുത്….’ എന്ന ഹദീസ് തന്നെയാണ് കാരണം. കൂടാതെ, നബിﷺയുടെ പറഞ്ഞു:
إذا صلَّى أحدُكم إلى شيءٍ يسترُهُ من النَّاسِ فأرادَ أحدٌ أنْ يجتازَ بين يديهِ فليدفعْ في نحرِهِ، وليدرَأْ ما استطاعَ، (وفي رواية: فَلْيَمْنَعُهُ مَرَّتَيْنِ) فإنْ أبَى فليقاتلْهُ، فإنَّما هو شيطانٌ
ജനങ്ങളിൽനിന്നും തന്നെ മറയ്ക്കുന്ന ഒരു വസ്തുവിന്റെ നേർക്ക് തിരിഞ്ഞ് നമസ്കരിക്കുമ്പോൾ, അവന്റെ മുന്നിലൂടെ ആരെങ്കിലും കടന്നുപോകുവാൻ ഉദ്ദേശിക്കുകയാണെങ്കിൽ, അവൻ അയാളുടെ കഴുത്തിന് പിടിച്ച് തള്ളുകയും സാധ്യമാകുംവിധം തടയുകയും ചെയ്യട്ടെ.
മറ്റൊരു റിപ്പോർട്ടിൽ: “അവൻ അയാളെ രണ്ടുതവണ തടയുകയും ചെയ്യട്ടെ. അയാൾ വിസമ്മതിക്കുകയാണെങ്കിൽ അയാളുമായി യുദ്ധം ചെയ്തുകൊള്ളട്ടെ! കാരണം, അയാൾ ഒരു പിശാചാണ്.’’
തടയാൻ വേണ്ടി മുന്നോട്ട് നടക്കൽ
26. മൃഗമോ കുട്ടിയോ പോലെ ‘തക്ലീഫ്’ (നിയമം അനുസരിക്കൽ ബാധ്യതയുള്ളവൻ) ഇല്ലാത്ത ആരെങ്കിലും മുന്നിലൂടെ കടന്നുപോകുന്നതിനെ തടയുന്നതിനുവേണ്ടി, അവ പിറകിലൂടെ കടന്നുപോകുവോളം ഒന്നോ അതിലധികമോ ചുവടുകൾ മുന്നോട്ട് നടക്കുന്നത് അനുവദനീയമാണ്.
നമസ്കാരത്തിന് വിഘ്നം വരുത്തുന്നവ
27. നമസ്കാരത്തിൽ മറ സ്വീകരിക്കുന്നതിന്റെ പ്രാധാന്യങ്ങളിലൊന്ന് ഇതാണ്: മറ സ്വീകരിക്കാതെ നമസ്കരിക്കുന്ന ഒരാളിൽ നിന്ന് വ്യത്യസ്തമായി, തന്റെ മുന്നിലൂടെ കടന്നുപോകുന്നതിലൂടെ തന്റെ നമസ്കാരത്തിന് വിഘ്നം വരുന്നത് മറ സ്വീകരിച്ച വ്യക്തിയെ അത് തടയുന്നു എന്നതാണ്. മറ സ്വീകരിക്കാതെ നമസ്കരിക്കുന്നവനാകട്ടെ, തന്റെ മുന്നിലൂടെ പ്രായപൂർത്തിയായ ഒരു സ്ത്രീയോ ഒരു കഴുതയോ കറുത്ത നായയോ കടന്നുപോയാൽ തന്റെ നമസ്കാരത്തിന് അത് വിഘ്നം വരുത്തും.
നിയ്യത്ത്
28. നമസ്കരിക്കാൻ പോകുന്നവൻ താൻ നമസ്കരിക്കാൻ പോകുന്ന ആ നമസ്കാരത്തെ മനസ്സിൽ കരുതൽ അനിവാര്യമാണ്. ഉദാഹരണത്തിന് ദ്വുഹ്ർ, അസ്വ്ർ എന്നിങ്ങനെ നിർബന്ധ നമസ്കാരങ്ങളെന്നോ അവയുടെ സുന്നത്തുകളെന്നോ ഉള്ളത്- അത് ശർത്വ് അല്ലെങ്കിൽ റുക്ന് ആണ്. എന്നാൽ അത് നാവുകൊണ്ട് ചൊല്ലിപ്പറയുന്നത് നബിചര്യക്കെതിരായ ബിദ്അത്താണ്. മുക്വല്ലിദുകൾ പിൻപറ്റുന്ന ഒരു ഇമാമും ഇത് പറഞ്ഞിട്ടില്ല.
തക്ബീർ
29. അവൻ നമസ്കാരം ആരംഭിക്കുന്നത് اللهُ أَكْبَرُ (അല്ലാഹുവാണ് ഏറ്റവും വലിയവൻ) എന്ന് പറഞ്ഞുകൊണ്ടായിരിക്കണം. ഇത് റുക്നാണ്. കാരണം നബിﷺ പറഞ്ഞു:
مِفْتَاحُ الصَّلاةِ الطُّهُورُ وتَحْرِيمُهَا التَّكبِيرُ وتَحْلِيلُهَا التَّسْلِــيمُ
നമസ്കാരത്തിന്റെ താക്കോൽ ശുദ്ധീകരണമാകുന്നു; തക്ബീറോടുകൂടി അതിലേക്ക് പ്രവേശിക്കുകയും തസ്ലീമോടുകൂടി(5) അതിൽനിന്നും പുറത്ത് വരികയും വേണം.
(5) അതായത്, ഭാഷാപരമായി “തഹ്രീം” (ഹറാമാക്കൽ) എന്നാൽ പ്രവൃത്തികളിൽനിന്നും അല്ലാഹു നിഷിദ്ധമാക്കിയവ. അതുപോലെ, “തഹ്ലീൽ” (ഹലാലാക്കൽ) എന്നാൽ നമസ്കാരത്തിന് പുറ ത്ത് അല്ലാഹു അനുവദിച്ച പ്രവൃത്തികൾ.
30. ഇമാമൊഴികെ മറ്റാരും ഒരു നമസ്കാരത്തിലും തക്ബീർ ചൊല്ലുമ്പോൾ ശബ്ദമുയർത്തരുത്.
31. ആവശ്യമായി വരികയാണെങ്കിൽ- ഇമാമിന് രോഗം ബാധിക്കുകയും ശബ്ദം ദുർബലമാവുകയും ചെയ്താൽ; അതല്ലെങ്കിൽ പിന്നിൽ നമസ്കരിക്കുന്നവർ വർധിച്ചാൽ- ഇമാമിന്റെ ശബ്ദം ജനങ്ങളെ കേൾപിക്കുന്നതിനുവേണ്ടി മുഅദ്ദിൻ അത് ആവർത്തിക്കുന്നത് അനുവദനീയമാണ്.
32. ഇമാം തക്ബീർ ചൊല്ലിക്കഴിഞ്ഞാലല്ലാതെ മഅ്മൂം തക്ബീർ ചൊല്ലരുത്.
കൈകൾ ഉയർത്തലും അതിന്റെ രൂപവും
33. തക്ബീർ ചൊല്ലുന്നതോടൊപ്പം, അതല്ലെങ്കിൽ അതിനു മുമ്പ്, അതുമല്ലെങ്കിൽ അതിനുശേഷം കൈകൾ ഉയർത്തണം. ഇവയെല്ലാം സുന്നത്തിൽ സ്ഥിരപ്പെട്ടതാണ്.
34. വിരലുകൾ നിവർത്തിക്കൊണ്ട് കൈകൾ ഉയർത്തണം.
35. കൈപ്പടങ്ങൾ ചുമലുകൾക്ക് നേരെയാകുന്നത് വരെ ഉയർത്തണം; ചിലപ്പോൾ, കുറച്ചുകൂടി മേലോട്ടുയർത്തി ചെവികളുടെ നേരെയാക്കാം.(6)
(6) ഞാൻ (അൽബാനി) പറയുന്നു: ‘എന്നാൽ തന്റെ തള്ളവിരലുകൾകൊണ്ട് ചെവികൾ തൊടുന്നതിന് നബിചര്യയിൽ അടിസ്ഥാനമില്ലാത്തതാണ്. പ്രത്യുത, എന്റെ വീക്ഷണത്തിൽ അത് ‘വസ്വാസി’നെ ക്ഷണിച്ചുവരുത്തലാണ്.’
കൈ കെട്ടലും അതിന്റെ രൂപവും
36. തക്ബീറിനു ശേഷം വലതുകൈ ഇടതുകൈയിന്മേൽ വെക്കണം. ഇത് പ്രവാചകന്മാരുടെ ചര്യയിൽ പെട്ടതാണ്. അല്ലാഹുവിന്റെ ദൂതർﷺ സ്വഹാബികളോട് കൽപിച്ചതും അപ്രകാരം തന്നെയാണ്. അതിനാൽ, കൈകൾ താഴ്ത്തിയിടുന്നത് അനുവദനീയമല്ല.
37. തന്റെ വലതുകൈ ഇടത്തെ കൈപ്പത്തിയുടെ പുറകുവശത്തും മണിബന്ധത്തിലും കൈത്തണ്ടയിലുമായി വെക്കണം.
38. ചിലപ്പോൾ, വലതുകൈകൊണ്ട് ഇടതുകൈ കൂട്ടിപിടിക്കുകയും ചെയ്യാം.(7)
(7) എന്നാൽ, പിൽക്കാലക്കാരായ ചിലർ പരത്തിവെക്കലും കുട്ടിപ്പിടിക്കലും ഒന്നിച്ച് ചെയ്യുന്നത് നല്ലതായി കണ്ടിട്ടുണ്ട്. അത് അടിസ്ഥാനമില്ലാത്തതാണ്.
കൈകൾ വെക്കേണ്ട സ്ഥാനം
39. കൈകൾ രണ്ടും നെഞ്ചിന്മേൽ മാത്രമെ വെക്കാൻ പാടുള്ളൂ. ഇതിൽ പുരുഷനും സ്ത്രീയും സമമാണ്. (8)
(8) ഞാൻ (അൽബാനി) പറയുന്നു: ‘കൈകൾ നെഞ്ചല്ലാത്തതിന്മേൽ വെക്കുന്നത് ഒന്നുകിൽ ദുർബലമാണ്, അല്ലെങ്കിൽ അടിസ്ഥാനരഹിതമാണ്.’
40. വലതുകൈ ഊരമേൽ വെക്കുന്നത് അനുവദനീയമല്ല.
ഭക്തിയും സുജൂദിന്റെ സ്ഥാനത്തേക്ക് നോക്കലും
41. നമസ്കാരത്തിൽ ഭക്തിയുണ്ടാകലും അലങ്കാരങ്ങളും ചിത്രപ്പണികളുമുള്ള, നമസ്കരിക്കുന്നയാളുടെ ശ്രദ്ധ തിരിക്കുന്ന എല്ലാംതന്നെ ഒഴിവാക്കലും സ്വന്തം ബാധ്യതയാണ്. ഭക്ഷണം വിളമ്പിക്കഴിഞ്ഞാലും മൂത്ര വിസർജനത്തിനോ മലവിസർജനത്തിനോ തോന്നിയാലും നമസ്കരിക്കാൻ പാടുള്ളതല്ല.
42. നിൽക്കുമ്പോൾ സുജൂദിന്റെ സ്ഥാനത്തേക്കുതന്നെ നോക്കണം.
43. വലത്തോട്ടും ഇടത്തോട്ടും തിരിഞ്ഞുനോക്കരുത്, കാരണം തിരിഞ്ഞുനോക്കൽ അടിമയുടെ നമസ്കാരത്തിൽനിന്നും പിശാചിന്റെ റാഞ്ചിയെടുക്കലാണ്.
44. ആകാശത്തേക്ക് (ഉപരിഭാഗത്തേക്ക്) കണ്ണുകൾ ഉയർത്തുന്നത് അനുവദനീയമല്ല.
പ്രാരംഭ പ്രാർഥന
45. നബിﷺയിൽനിന്നും സ്ഥിരപ്പെട്ട പ്രാർഥനകളിലൊന്നുകൊണ്ട് തുടങ്ങണം. പ്രാർഥനകൾ ധാരാളമുണ്ട്; അവയിൽ ഏറ്റവും അറിയപ്പെട്ടത് ഇതാണ്:
سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ وَتَبَارَكَ اسْمُكَ وَتَعَالَى جَدُّكَ وَلَا إِلَهَ غَيْرُكَ
അല്ലാഹുവേ, നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്നെ വാഴ്ത്തുകയും ചെയ്യുന്നു. നിന്റെ നാമം അനുഗൃഹീതമായിരിക്കുന്നു. നിന്റെ മഹത്ത്വം ഉയർന്നിരിക്കുന്നു. നീയല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല.
ഇതിനുള്ള കൽപന സ്ഥിരപ്പെട്ടതാണ്. അതിനാൽ അത് പതിവാക്കൽ അനിവാര്യമാണ്.(9)
(9) ബാക്കിയുള്ള പ്രാർഥനകൾ അറിയാൻ ഉദ്ദേശിക്കുന്നവർ ‘നബിﷺയുടെ നമസ്കാരം’ (പേജ് 93-101. മലയാള പരിഭാഷ) കാണുക.
ക്വുർആൻ പാരായണം
46. ശേഷം, അല്ലാഹുവോട് രക്ഷതേടൽ നിർബന്ധമാണ്; ഒഴിവാക്കുന്നത് പാപവും.
47. ചിലപ്പോൾ നബിﷺ ഇപ്രകാരം പറയും:
أَعُوذُ بِاللهِ مِنَ الشَّيْطَانِ الرَّجِيمِ مِنْ هَمْزِهِ وَنَفْخِهِ وَنَفْثِهِ
“ശപിക്കപ്പെട്ട പിശാചിൽനിന്നും അവന്റെ ബാധയിൽനിന്നും അവന്റെ അഹങ്കാരത്തിൽനിന്നും അവന്റെ കവിതയിൽനിന്നും ഞാൻ അല്ലാഹുവിനോട് രക്ഷതേടുന്നു”
النَّفْثُ(കവിത) കൊണ്ടുദ്ദേശിക്കപ്പെടുന്നത് ആക്ഷേപാർഹമായ കവിതയാണ്.
48. മറ്റുചിലപ്പോൾ ഇപ്രകാരം പറയും:
أَعُوذُ بِاللهِ السَّمِيعِ الْعَلِيمِ مِنَ السَّيْطَانِ الرَّجِيم
“എല്ലാം കേൾക്കുന്നവനും അറിയുന്നവനുമായ അല്ലാഹുവിനോട് ഞാൻ ശപിക്കപ്പെട്ട പിശാചിൽനിന്നും രക്ഷതേടുന്നു.’’
49. ശേഷം, ഉറക്കെ ഓതുന്ന നമസ്കാരങ്ങളിലും പതുക്കെ ഓതുന്ന നമസ്കാരങ്ങളിലും ശബ്ദം താഴ്ത്തിക്കൊണ്ട് ഇങ്ങനെ പറയണം.
بِسمِ اللّٰهِ الرَّحْمٰنِ الرَّحِيم
“പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ.’’
ഫാതിഹ ഓതൽ
50. ശേഷം, സൂറത്തുൽ ഫാതിഹ പൂർണമായും ഓതണം ‘ബിസ്മില്ലാഹി…’ അതിലുള്ള ഒരായത്താണ്. ഇത് ഒരു റുക്നാണ്. ഇതില്ലാതെ നമസ്കാരം ശരിയാവുകയില്ല. അതിനാൽ അറബി അറിയാത്തവരും അത് മനഃപാഠമാക്കൽ നിർബന്ധമാണ്.
51. എന്നാൽ, അതിനും സാധിക്കുന്നില്ലെങ്കിൽ അവൻ ഇപ്രകാരം പറഞ്ഞാൽ മതിയാകും:
سُبْحَانَ اللهِ وَالْحَمْدُ لِلَّهِ وَلَا إِلَهَ إِلا اللَّهُ وَاللَّهُ أَكْبَرُ وَلَا حَولَ وَلَا قُوَّةَ إِلَّا بِاللَّهِ
“അല്ലാഹു പരിശുദ്ധൻ, സ്തുതി അവന്നാകുന്നു. അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല. അല്ലാഹുവാണ് ഏറ്റവും വലിയവൻ. അല്ലാഹുവിനല്ലാതെ ഒരു കഴിവും മഹത്ത്വവുമില്ല.’’
52. ഓതുമ്പോൾ, ഓരോ ആയത്തും മുറിച്ച് മുറിച്ച് ഓതലാണ് നബിചര്യ. ഓരോ ആയത്തിന്റെയും അവസാനത്തിൽ നിർത്തണം.
بِسمِ اللّٰهِ الرَّحْمٰنِ الرَّحِيم
“പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ.’’
ശേഷം അൽപം നിർത്തണം. എന്നിട്ട് പറയണം: الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ {സർവസ്തുതിയും സർവലോക രക്ഷിതാവായ അല്ലാഹുവിന്നാകുന്നു} ശേഷം അൽപം നിർത്തണം. എന്നിട്ട് പറയണം: الرَّحْمَٰنِ الرَّحِيمِ {പരമകാരുണികനും കരുണാനിധിയും} ശേഷം അൽപം നിർത്തണം. എന്നിട്ട് പറയണം: مَالِكِ يَوْمِ الدِّينِ {പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥൻ} ശേഷം അൽപം നിർത്തണം. ഇപ്രകാരം അവസാനം വരെ തുടരണം. നബിﷺയുടെ എല്ലാ പാരായണവും ഈ രൂപത്തിൽ തന്നെയായിരുന്നു. ഓരോ ആയത്തിന്റെയും അവസാനത്തിൽ നിർത്തി, ശേഷമുള്ള ആയത്തുമായി ചേർക്കാതെ ഓതും; ആശയപരമായി പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ആയത്തുകളാണെങ്കിൽ പോലും.
53. مَالِكِ (മാലികി-ഉടമസ്ഥൻ) എന്നും مَلِكِ (മലികി-രാജാവ്) എന്നും ഓതുന്നത് അനുവദനീയമാണ്.
മഅ്മൂമിന്റെ പാരായണം
54. പതുക്കെയോതുന്ന നമസ്കാരങ്ങളിൽ, ഇമാമിന് പിന്നിൽ നമസ്കരിക്കുന്നവൻ ഫാതിഹ ഓതൽ നിർബന്ധമാണ്. ഉറക്കെയോതുന്ന നമസ്കാരങ്ങളിൽ, ഇമാം ഓതുന്നത് അവൻ കേൾക്കുന്നില്ലെങ്കിൽ, അതല്ലെങ്കിൽ മഅ്മൂമിന് ഓതാൻ വേണ്ടി ഇമാം സ്വന്തം പാരായണത്തിനുശേഷം മൗനമായി നിൽക്കുകയാണെങ്കിൽ അവൻ അത് ഓതേണ്ടതാണ്. എന്നാൽ, ഈ മൗനമായി നിൽക്കൽ സുന്നത്തിൽ സ്ഥിരപ്പെട്ടിട്ടില്ല എന്നാണ് നമ്മുടെ അഭിപ്രായം.(10)
(10) ഞാൻ (അൽബാനി) പറയുന്നു: ‘അതിനെ അനുകൂലിക്കുന്നവർ ഉപയോഗിക്കുന്ന തെളിവുകളും അതിനുള്ള മറുപടിയും ഞാൻ സിൽസിലതുൽ അഹാദീസുള്ളഈഫയിൽ (ന: 546, 547) വിശദീകരിച്ചിട്ടുണ്ട്.
ഫാതിഹക്ക് ശേഷമുളള പാരായണം
55. ആദ്യത്തെ രണ്ട് റക്അത്തുകളിൽ ഫാതിഹക്ക് ശേഷം മറ്റൊരു സൂറത്തോ അല്ലെങ്കിൽ കുറച്ച് സൂക്തങ്ങളോ ഓതുന്നത് നബിചര്യയാണ് – അത് മയ്യിത്ത് നമസ്കാരത്തിലാണെങ്കിലും.
56. അതിനുശേഷമുള്ള പാരായണം നബിﷺ ചിലപ്പോൾ ദീർഘിപ്പിക്കും. മറ്റുചിലപ്പോൾ, യാത്രയോ ചുമയോ അസുഖമോ കുഞ്ഞിന്റെ കരച്ചിലോ കാരണമായി അത് ചുരുക്കുകയും ചെയ്യും.
57. വ്യത്യസ്ത നമസ്കാരങ്ങൾക്കനുസരിച്ച് പാരായണവും വ്യത്യാസപ്പെട്ടിരുന്നു. പ്രഭാതനമസ്കാരത്തിലെ പാരായണം അഞ്ച് നമസ്കാരങ്ങളിൽ വെച്ച് ഏറ്റവും ദൈർഘ്യമേറിയതായിരുന്നു. പിന്നെ ദ്വുഹ്ർ, പിന്നെ അസ്വ്റും ഇശാഉം; പിന്നെ മഗ്രിബ്.
58. ഇവയെല്ലാറ്റിനെക്കാളും ദൈർഘ്യമുള്ളതായിരുന്നു രാത്രി നമസ്കാരത്തിലെ (തഹജ്ജുദിലെ) പാരായണം.
59. ഒന്നാമത്തെ റക്അത്തിലെ പാരായണം രണ്ടാമത്തേതിനെക്കാൾ ദീർഘിപ്പിക്കലാണ് നബിചര്യ.
60. അവസാന രണ്ട് റക്അത്തുകളിലെ പാരായണം ആദ്യരണ്ട് റക്അത്തിനെക്കാൾ ചുരുക്കലും പകുതിയോളമാക്കലും (നബിചര്യയാണ്).(11)
(11) ഇതിന്റെ വിശദരൂപം നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ ‘നബിﷺയുടെ നമസ്കാരം’ (പേജ് 118-137; മലയാള പരിഭാഷ) കാണുക.
എല്ലാ റക്അത്തിലും ഫാതിഹ ഓതൽ
61 എല്ലാ റക്അത്തിലും ഫാതിഹ ഓതൽ നിർബന്ധമാണ്
62. ചിലപ്പോൾ, അവസാന രണ്ട് റക്അത്തുകളിലും അതോടൊപ്പം വല്ലതും കൂടുതലായി ഓതുന്നത് നബിചര്യയിൽപെട്ടതാണ്.
63. നബിചര്യയിൽ വന്നതിനെക്കാളധികം ഇമാമിന് പാരായണം നീട്ടാവതല്ല. അങ്ങനെ ചെയ്യുന്നതുമൂലം പിന്നിൽ നമസ്കരിക്കുന്ന പ്രായാധിക്യമുള്ളവർക്കും രോഗികൾക്കും മുലയൂട്ടേണ്ട സ്ത്രീകൾക്കും മറ്റാവശ്യങ്ങളുള്ളവർക്കും ബുദ്ധിമുട്ട് നേരിടും.
ഉറക്കെയും പതുക്കെയുമുള്ള പാരായണം
64. സ്വുബ്ഹി നമസ്കാരം, ജുമുഅ നമസ്കാരം, രണ്ട് പെരുന്നാൾ നമസ്കാരങ്ങൾ, മഴക്കുവേണ്ടിയുള്ള നമസ്കാരം, ഗ്രഹണ നമസ്കാരം, മഗ്രിബിന്റെയും ഇശാഇന്റെയും ആദ്യത്തെ രണ്ട് റക്അത്തുകൾ എന്നിവയിൽ ഉറക്കെ ഓതണം. ദ്വുഹ്ർ, അസ്വ്ർ നമസ്കാരങ്ങളിലും മഗ്രിബ് നമസ്കാരത്തിന്റെ മൂന്നാമത്തെ റക്അത്തിലും ഇശാഅ് നമസ്കാരത്തിന്റെ അവസാന രണ്ട് റക്അത്തുകളിലും പതുക്കെ ഓതണം.
65. പതുക്കെയോതുന്ന നമസ്കാരങ്ങളിൽ, ചിലപ്പോൾ ജനങ്ങളെ കേൾപ്പിക്കുന്നതിനുവേണ്ടി ഒരായത്ത് ശബ്ദമുയർത്തി ഓതുന്നത് അനുവദനീയമാണ്.
66. എന്നാൽ വിത്ർ നമസ്കാരത്തിലും രാത്രി നമസ്കാരത്തിലും ചിലപ്പോൾ പതുക്കെയും മറ്റുചിലപ്പോൾ ഉറക്കെയും ഓതാവുന്നതാണ്. എന്നാൽ ശബ്ദമുയർത്തുന്നത് ഒരു മധ്യനിലയിലായിരിക്കണം (അധികം ഉറക്കെയും തീരെ പതുക്കെയുമല്ലാത്ത നിലയിൽ).
ക്വുർആൻ ‘തർത്തീലോ’ടുകൂടി ഓതൽ
67. മത്സരിക്കുകയോ ധൃതിപ്പെടുകയോ ചെയ്യാതെ, സാവകാശം ഓതലാണ് നബിചര്യ. ഓരോ അക്ഷരവും വ്യക്തമായി മനസ്സിലാകുന്ന രൂപത്തിലായിരിക്കണം ഓതുന്നത്. തന്റെ ശബ്ദംകൊണ്ട് ക്വുർആനെ അലങ്കരിക്കുകയും പണ്ഡിതന്മാർക്കിടയിൽ അറിയപ്പെടുന്ന തജ്വീദിന്റെ നിയമങ്ങളനുസരിച്ച് ഭംഗിയായി ഓതുകയും ചെയ്യണം. നൂതനമായ താളമൊപ്പിച്ചുകൊണ്ടുള്ള രീതിയിലും രാഗാത്മകമായും ഓതാവതല്ല.
ഇമാമിനെ തിരുത്തൽ
68. ഇമാമിന് പാരായണത്തിൽ അവ്യക്തതയുണ്ടാകുമ്പോൾ പിന്നിൽ നമസ്കരിക്കുന്നവർ അത് തിരുത്തിക്കൊടുക്കേണ്ടതാണ്.
റുകൂഅ്
69. ക്വുർആൻ പാരായണം പൂർത്തിയായാൽ അൽപസമയം മൗനമായി നിൽക്കണം -ശ്വാസോഛ്വാസം നേരെയാകാൻ എടുക്കുന്നത്ര സമയം.
70. ശേഷം, മുമ്പ് വിവരിച്ച (33,34,35) രീതിയിൽ തക്ബീറത്തുൽ ഇഹ്റാമിൽ ചെയ്തതുപോലെ കൈകളുയർത്തണം
71. തക്ബീർ ചൊല്ലുകയും ചെയ്യുക; അത് വാജിബാണ്.
72. ശേഷം എല്ലാ അസ്ഥികളും അതിന്റെതായ സ്ഥാനത്ത് വരുന്നതുവരെ അടങ്ങിനിന്നുകൊണ്ട് റുകൂഅ് ചെയ്യണം; അത് റുക്നാണ്.
റുകൂഇന്റെ രൂപം
73. തന്റെ ഇരുകൈകളും കാൽമുട്ടുകളിൽ ഉറപ്പിച്ചുവെക്കണം; കൈവിരലുകൾകൊണ്ട് കാൽമുട്ടുകൾ കൂട്ടിപ്പിടിക്കുന്നതുപോലെ. അവ വിടർത്തിവെക്കുകയും വേണം. ഇവയെല്ലാം വാജിബാണ്.
74. മുതുക് പരത്തിവെക്കുകയും അത് നേരെയാക്കുകയും ചെയ്യണം. എത്രത്തോളമെന്നാൽ, അതിന്മേൽ വെള്ളം ഒഴിച്ചാൽ, (ആ വെള്ളം ഒഴുകിപ്പോകാതെ) അവിടെത്തന്നെ നിൽക്കുന്ന വിധം.
75. തല താഴ്ത്തുകയോ (മുതുകിനെക്കാൾ ഉയരത്തിൽ) പൊക്കിപ്പിടിക്കുകയോ ചെയ്യുകയല്ല; മുതുകിന് സമാനമാക്കുകയാണ് വേണ്ടത്.
76. കൈമുട്ടുകൾ പാർശ്വങ്ങളിൽനിന്നും അകറ്റിനിർത്തണം.
77. റുകൂഇൽ മൂന്ന് പ്രാവശ്യമോ അതിലധികമോ(12) ഇങ്ങനെ പറയണം:
سُبْحَانَ رَبِّيَ الْعَظِيم {മഹാനായ എന്റെ രക്ഷിതാവ് പരിശുദ്ധൻ}
(12) ഈ റുക്നിൽ വേറെയും പ്രാർഥനകളുണ്ട്. അവയിൽ, നീണ്ടതും മധ്യമനിലയിലുള്ളതും ചെറുതും ഉണ്ട്. ‘നബി ﷺയുടെ നമസ്കാരം’ (പേജ് 144-146; മലയാള പരിഭാഷ) പരിശോധിക്കുക.
റുക്നുകൾ തുല്യദൈർഘ്യമുള്ളതാക്കൽ
78. റുക്നുകൾ തുല്യദൈർഘ്യമുള്ളതാക്കൽ നബിചര്യയിൽപെട്ടതാണ്. അതിനാൽ, റുകൂഉം റുകൂഇന് ശേഷമുള്ള നിറുത്തവും സുജൂദും രണ്ട് സുജൂദുകൾക്കിടയിലുള്ള ഇരുത്തവും ഏകദേശം തുല്യദൈർഘ്യമുള്ളതാക്കണം.
79. റുകൂഇലും സുജൂദിലും ക്വുർആൻ ഓതാൻ പാടുള്ളതല്ല.
റുകൂഇൽ നിന്നും നിവർന്ന് നിൽക്കൽ
80. ശേഷം റുകൂഇൽനിന്നും മുതുക് ഉയർത്തി നേരെ നിവർന്നു നിൽക്കണം. ഇത് ഒരു റുക്നാണ്.
81. നേരെ നിവർന്നു നിൽക്കുന്ന അവസരത്തിൽ ഇങ്ങനെ പറയണം:
سَمِعَ اللهُ لِمَنْ حَمِدَهُ {അല്ലാഹുവിനെ സ്തുതിച്ചവന്റെ സ്തുതി അവൻ കേട്ടു} ഇത് വാജിബാണ്.
82. നേരെ നിവർന്നു നിൽക്കുമ്പോൾ (ഇഅ്തിദാലിൽ) നേരത്തെ വിവരിച്ചതുപോലെ (33,34,35) കൈകളുയർത്തണം.
83. ശേഷം, എല്ലാ അസ്ഥികളും പൂർവസ്ഥിതിയിലേക്ക് വരുന്നവിധം നേരെ നിവർന്ന് അടങ്ങി നിൽക്കണം.
84. ഈ നിറുത്തത്തിൽ ഇങ്ങനെ പറയണം:
رَبَّنَا وَلَكَ الْـحَمْدُ {ഞങ്ങളുടെ രക്ഷിതാവേ! സർവസ്തുതിയും നിനക്കത്രെ} (13)
(13) ഇവിടെയും ചൊല്ലാവുന്ന വേറെ പ്രാർഥനകളുണ്ട്. ‘നബിﷺയുടെ നമസ്കാരം’ (പേജ് 148-152; മലയാള പരിഭാഷ) പരിശോധിക്കുക.
നമസ്കരിക്കുന്ന എല്ലാവർക്കും ഇത് നിർബന്ധമാണ്; ഇമാമിന് പിന്നിൽ നമസ്കരിക്കുന്നവനായാലും. (14) കാരണം, അത് ഈ നിറുത്തത്തിൽ പറയാൻ വേണ്ടിയുള്ളതാണ്. എന്നാൽ سَمِعَ اللهُ لِمَنْ حَمِدَهُ എന്നത് റുകൂഇൽനിന്നും നിവരുമ്പോൾ പറയാനുള്ളതാണ്.
(14) ഒരു റിപ്പോർട്ടിലും വന്നിട്ടില്ലാത്തതു കാരണം, ഈ നിറുത്തത്തിൽ കൈകെട്ടാൻ പാടില്ല. കൂടുതൽ വിശദമായ ചർച്ചക്ക് ‘നബിﷺയുടെ നമസ്കാരം’ (പേജ് 153; മലയാള പരിഭാഷ) കാണുക.
85. മുമ്പ് പറഞ്ഞതുപോലെ, ഈ നിറുത്തവും റുകൂഉം തുല്യദൈർഘ്യമുള്ളതാക്കേണ്ടതാണ്.
86. ശേഷം اللهُ أَكْبَرُ {അല്ലാഹുവാണ് ഏറ്റവും വലിയവൻ} എന്ന് പറയണം. ഇത് വാജിബാണ്.
87. ചിലപ്പോൾ, കൈകൾ ഉയർത്തുകയും ചെയ്യാം.
സുജൂദ്
കൈകൾ വെച്ചുകൊണ്ട് സുജൂദിലേക്ക് പോകൽ
88. പിന്നീട്, കാൽമുട്ടുകൾക്ക് മുമ്പായി കൈകൾ നിലത്തുവെച്ചുകൊണ്ട് സുജൂദിലേക്ക് പോകണം. ഇതാണ് അല്ലാഹുവിന്റെ ദൂതൻﷺ കൽപിച്ചത്. ഇതുതന്നെയാണ് അവിടുത്തെ പ്രവൃത്തിയിലൂടെ സ്ഥിരപ്പെട്ടതും. ഒട്ടകം മുട്ട് കുത്തുന്ന രൂപത്തിൽ മുട്ട് കുത്തുന്നതിനെ അവിടുന്ന് വിരോധിക്കുകയും ചെയ്തു. ഒട്ടകമാകട്ടെ, അതിന്റെ കാൽമുട്ടുകളാണ് – അത് അതിന്റെ മുൻകാലുകളിലാണുള്ളത്- ആദ്യം വെക്കുന്നത്.
89. സുജൂദ് ചെയ്യുമ്പോൾ – അത് ഒരു റുക്നാണ് – ഉള്ളം കൈകൾ നിലത്തു വെക്കണം. അവ രണ്ടും നിവർത്തിവെക്കുകയും വേണം.
90. കൈവിരലുകൾ ചേർത്തുപിടിക്കുകയും ചെയ്യണം.
91. അവ ക്വിബ്ലക്ക് അഭിമുഖമായി വെക്കണം.
92. അവയെ (കൈപ്പത്തികളെ) ചുമലിനുനേരെ ആക്കുകയും വേണം.
93. ചിലപ്പോൾ ചെവികൾക്ക് നേരെയും ആക്കാം.
94. കൈമുട്ടുകൾ തറയിൽനിന്നും ഉയർത്തിവെക്കണം. ഇത് വാജിബാണ്. നായ കൈകൾ പരത്തിവെക്കുന്നതുപോലെ പരത്തിവെക്കാവതല്ല.
95. മൂക്കും നെറ്റിയും നിലത്ത് ഉറപ്പിച്ച് വെക്കണം. ഇത് ഒരു റുക്നാണ്.
96. കാൽമുട്ടുകളും ഉറപ്പിച്ച് നിറുത്തണം.
97. അപ്രകാരംതന്നെ കാൽവിരൽത്തലപ്പുകളും.
98. അവ കുത്തിനിർത്തുകയും വേണം. ഇവയെല്ലാം വാജിബാണ്.
99. കാൽവിരലുകളുടെ അറ്റങ്ങൾ ക്വിബ്ലക്ക് അഭിമുഖമാക്കിവെക്കണം.
100. മടമ്പുകൾ ചേർത്തുവെക്കുകയും വേണം.
സുജൂദിൽ നേരെ നിൽക്കൽ
101. സുജൂദിൽ അടങ്ങി നിൽക്കൽ നിർബന്ധമാണ്. സുജൂദ് ചെയ്യുമ്പോൾ തറയിൽ സ്പർശിക്കുന്ന മുഴുവൻ ശരീരഭാഗങ്ങളെയും ഒരുപോലെ ആശ്രയിക്കുമ്പോഴാണ് ഇത് സാധ്യമാകുന്നത്. അവ: നെറ്റിയും മൂക്കും ഒന്നായി, രണ്ട് കൈകൾ, രണ്ട് കാൽമുട്ടുകൾ, രണ്ട് കാൽവിരലുകൾ.
102. ഇപ്രകാരം തന്റെ സുജൂദിൽ ആര് അടങ്ങി നിൽക്കുന്നുവോ, അവൻ തീർച്ചയായും കൃത്യമായ അടങ്ങി നിൽക്കൽ (തുമഅ്നീനത്ത്) പ്രാപിച്ചു. സുജൂദിലെ അടങ്ങി നിൽക്കലും റുക്നാണ്.
103. അതിൽ അവൻ പറയണം: سُبْحَانَ رَبِّيَ الْأَعْلَى {അത്യുന്നതനായ എന്റെ രക്ഷിതാവ് പരിശുദ്ധൻ}. മൂന്ന് തവണയോ അതിൽ കൂടുതലോ.(15)
(15) ഇതിൽ വേറെയും പ്രാർഥനകളുണ്ട്. ‘നബിﷺയുടെ നമസ്കാരം’ (പേജ് 160-163; മലയാള പരിഭാഷ) കാണുക.
104. സുജൂദിലായിരിക്കുമ്പോൾ പ്രാർഥന വർധിപ്പിക്കുന്നത് നല്ലതാണ്. കാരണം, അത് ഉത്തരം ചെയ്യപ്പെടാൻ സാധ്യതയുള്ളതാണ്.
105. സുജൂദ് – മുമ്പ് പറഞ്ഞതുപോലെ- റുകൂഇനോട് ഏകദേശം തുല്യ ദൈർഘ്യമുള്ളതാക്കണം.
106. നിലത്തും നിലത്തുവിരിച്ച തുണിയിലും വിരിപ്പിന്മേലും പായയിലും അതുപോലുള്ളവയിലും സുജൂദ് ചെയ്യൽ അനുവദനീയമാണ്.
107. സുജൂദിലായിരിക്കെ ക്വുർആൻ ഓതാൻ പാടുള്ളതല്ല.
രണ്ട് സുജൂദുകൾക്കിടയിലുള്ള ‘ഇഫ്തിറാശും’ ‘ഇക്വ്ആ’ഉം
108. ശേഷം തക്ബീർ ചൊല്ലിക്കൊണ്ട് തലയുയർത്തണം. ഇത് വാജിബാണ്.
109. ചിലപ്പോൾ, കൈകൾ ഉയർത്തുകയും ചെയ്യാം.
110. പിന്നെ അസ്ഥികളെല്ലാം അതിന്റെതായ സ്ഥാനം സ്വീകരിക്കുന്നതുവരെ അടങ്ങിയിരിക്കണം. ഇത് റുക്നാണ്.
111. ഇടതുകാൽ നിലത്തുവിരിച്ച് അതിന്മേൽ ഇരിക്കണം (ഇഫ്തിറാശ്). ഇത് വാജിബാണ്.
112. വലതുകാൽ കുത്തിനിർത്തുകയും വേണം.
113. കാൽവിരലുകൾ ക്വിബ്ലക്ക് അഭിമുഖമായി വെക്കണം.
114. ചിലപ്പോൾ, മടമ്പിന്മേലും ഇരിക്കാവുന്നതാണ് (ഇക്വ്ആഅ്). അതായത്, ഇരു കാൽപാദങ്ങളും കുത്തിനിർത്തിയശേഷം കാൽപാദങ്ങളുടെ വെള്ളയിലും മടമ്പിന്മേലുമായി ഇരിക്കുക.
115. ഈ ഇരുത്തത്തിൽ ഇങ്ങനെ പറയണം.
اَللّهُمَّ اغْفِرْ لِي وَارْحَمْنِي وَاجْبُرْنِي وَارْفَعْنِي وَعَافِنِي وَارْزُقْنِي
അല്ലാഹുവേ എനിക്ക് നീ പൊറുത്തുതരികയും എന്നോട് കരുണ കാണിക്കുകയും എന്റെ ന്യൂനതകൾ പരിഹരിച്ചുതരികയും എന്നെ ഉയർത്തുകയും എനിക്ക് പാപമോചനം നൽകുകയും എനിക്ക് ആഹാരം നൽകുകയും ചെയ്യേണമേ.
116. ഇങ്ങനെയും പറയാം:
رَبِّ اغْفِرْ لِي رَبِّ اغْفِرْ لِي
എന്റെ രക്ഷിതാവേ! എനിക്ക് പൊറുത്തു തരേണമേ. എന്റെ രക്ഷിതാവേ, എനിക്ക് പൊറുത്തു തരേണമേ.
117. ഈ ഇരുത്തവും ഏകദേശം സുജൂദിനോളം ദീർഘിപ്പിക്കണം.
രണ്ടാമത്തെ സുജൂദ്
118. പിന്നെ, തക്ബീർ ചൊല്ലണം.
119. ഈ തക്ബീറിനോടൊപ്പം, കൈകൾ ഉയർത്താവുന്നതാണ്.
120. രണ്ടാമത്തെ സുജൂദ് ചെയ്യണം. ഇതും ഒരു റുക്നാണ്.
121. ഒന്നാമത്തെ സുജൂദിൽ ചെയ്തതുപോലെതന്നെ ഇതിലും ചെയ്യണം.
ഇസ്തിറാഹത്തിന്റെ ഇരുത്തം
122. രണ്ടാമത്തെ സുജൂദിൽനിന്നും തലയുയർത്തുകയും, രണ്ടാമത്തെ റക്അത്തിനായി എഴുന്നേൽ ക്കാനുദ്ദേശിക്കുകയും ചെയ്താൽ തക്ബീർ ചൊല്ലണം. ഇത് വാജിബാണ്.
123. കൈകൾ ഉയർത്തുകയുമാകാം.
124. എഴുന്നേൽക്കുന്നതിന് മുമ്പായി, എല്ലാ അസ്ഥികളും പൂർവസ്ഥിതിയിലേക്ക് തിരിച്ച് വരുന്നവിധം ഇടതുകാലിന്മേൽ ശാന്തമായി നേരെ നിവർന്നിരിക്കണം.
രണ്ടാമത്തെ റക്അത്ത്
125. മാവ് കുഴക്കുന്നയാൾ ചുരുട്ടിപ്പിടിക്കുന്നതുപോലെ രണ്ട് കൈകളും ചുരുട്ടിപ്പിടിച്ച് നിലത്ത് ഊന്നി രണ്ടാമത്തെ റക്അത്തിനായി എഴുന്നേൽക്കണം. അത് ഒരു റുക്നാണ്.
126. ഒന്നാമത്തെ റക്അത്തിൽ ചെയ്തത് പോലെ ഇതിലും ചെയ്യണം.
127. ഇതിൽ, പ്രാരംഭ പ്രാർഥന ചൊല്ലേണ്ടതില്ല എന്നുമാത്രം.
128. ഇത് ഒന്നാമത്തെ റക്അത്തിനെക്കാൾ ചുരുക്കുകയും വേണം.
തശഹ്ഹുദിന്റെ ഇരുത്തം
129. രണ്ടാമത്തെ റക്അത്തിൽനിന്ന് വിരമിച്ചശേഷം തശഹ്ഹുദിനായി ഇരിക്കണം. ഇത് വാജിബാണ്.
130. മുമ്പ് പറഞ്ഞതുപോലെ, രണ്ട് സുജൂദുകൾക്കിടയിലുള്ള ‘ഇഫ്തിറാശി’ന്റെ ഇരുത്തം ഇരിക്കണം.
131. എന്നാൽ ഇവിടെ ‘ഇക്വ്ആഅ്’ അനുവദനീയമല്ല.
132. വലതുകൈ വലതുതുടയിലും കാൽമുട്ടിലുമായി വെക്കണം. വലതു കൈമുട്ടിന്റെ അറ്റം അകറ്റിവെക്കാതെ തുടയിൽ വെക്കുകയും വേണം.
133. ഇടതുകൈ ഇടതുകാലിന്റെ തുടയിലും കാൽമുട്ടിലുമായി പരത്തിവെക്കണം.
134. കൈയിന്മേൽ ഊന്നിക്കൊണ്ട് ഇരിക്കുന്നത് അനുവദനീയമല്ല. വിശിഷ്യാ ഇടതുകൈയിന്മേൽ.
വിരൽ ചലിപ്പിക്കലും അതിലേക്ക് നോക്കലും
135. വലതുകൈയിലെ വിരലുകളെല്ലാം ചുരുട്ടിപ്പിടിക്കുകയും തള്ളവിരൽ നടുവിരലിന്മേൽ വെക്കുകയും ചെയ്യാം.
136. മറ്റുചിലപ്പോൾ ഈ രണ്ട് വിരലുകളും വൃത്താകൃതിയിൽ വെക്കുകയുമാവാം.
137. ചൂണ്ടുവിരൽ ക്വിബ്ലക്ക് നേരെ ചൂണ്ടണം.
138. അതിലേക്ക് നോക്കുകയും വേണം.
139. തശഹ്ഹുദിന്റെ ആദ്യാവസാനം അത് ചലിപ്പിച്ചുകൊണ്ടിരിക്കണം.
140. നബിﷺ തന്റെ ഇടതുകൈയിലെ വിരൽകൊണ്ട് ചൂണ്ടിയിരുന്നില്ല.
141. ഇതെല്ലാം എല്ലാ തശഹ്ഹുദിലും ചെയ്യണം.
തശഹ്ഹുദിന്റെ രൂപവും അതിന് ശേഷമുള്ള പ്രാർഥനയും
142. തശഹ്ഹുദ് വാജിബാണ്. ഇത് മറന്നുപോയാൽ മറവിയുടെ രണ്ടു സുജൂദ് ചെയ്യണം.
143. അത് പതുക്കെ ഓതണം.
144. അതിന്റെ രൂപം:
التَّحِيَّاتُ لِلّهِ وَالصَّلَوَاتُ وَالطَّيِّبَاتُ السَّلامُ عَلَى النَّبِيِّ وَرَحْمَتُ اللهِ وَبَرَكَاتُهُ السَّلاَمُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ. أَشْهَدُ أَنْ لَا إِلَهَ إِلّا اللَّهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ
എല്ലാ അഭിവാദ്യങ്ങളും അല്ലാഹുവിനുള്ളതാണ്. ആരാധനകളും വിശിഷ്ടമായവയും, അല്ലാഹുവിന് തന്നെ. നബിയുടെമേൽ(16) സമാധാനവും അല്ലാഹുവിന്റെ കാരുണ്യവും അവന്റെ അനുഗ്രഹങ്ങളും ലഭിക്കുമാറാകട്ടെ. നമുക്കും നല്ലവരായ അല്ലാഹുവിന്റെ എല്ലാ അടിമകൾക്കും സമാധാനമുണ്ടായിരിക്കട്ടെ. അല്ലാഹുവല്ലാതെ ആരാധനക്കർഹനായി ആരുംതന്നെയില്ലെന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു. മുഹമ്മദ് അവന്റെ ദൂതനും അടിമയുമാണെന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു.(17)
(16) പ്രവാചകന്റെ മരണശേഷം പറയാൻ അനുശാസിക്കപ്പെട്ടതാണിത്. ഈ വാചകം, ഇബ്നു മസ്ഊദ്(റ), ആഇശ(റ), ഇബ്നുസ്സുബൈർ(റ), ഇബ്നു അബ്ബാസ്(റ) എന്നിവരുടെ തശഹ്ഹുദിൽ സ്ഥിരപ്പെട്ടതാണ്. അതിന്റെ വിശദീകരണം ആഗ്രഹിക്കുന്നവർ എന്റെ ഗ്രന്ഥമായ ‘നബിﷺയുടെ നമസ്കാരം’ (പേജ് 178-202; മലയാള പരിഭാഷ) പരിശോധിക്കുക.
(17) സ്ഥിരപ്പെട്ട മറ്റു രൂപങ്ങൾ മുമ്പ് പറഞ്ഞ എന്റെ ഗ്രന്ഥത്തിലുണ്ട്. ‘നബിﷺയുടെ നമസ്കാരം’ (പേജ് 180-202 മലയാള പരിഭാഷ). ഇവിടെ പരാമർശിച്ചത് ഏറ്റവും സ്വഹീഹായതാണ്.
145. അതിനുശേഷം നബിﷺയുടെ മേൽ ഇപ്രകാരം സ്വലാത്ത് ചൊല്ലുക:
اللّهُمَّ صَلِّ عَلَى مُحَمَّدٍ النَّبِيِّ الْأُمِّيِّ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ، وَبَارِكْ عَلَى مُحَمَّدٍ النَّبِيِّ الأُمِّيِّ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ
അല്ലാഹുവേ, മുഹമ്മദിനും മുഹമ്മദിന്റെ കുടുംബത്തിനും നീ ഗുണം ചെയ്യേണമേ; ഇബ്റാഹീമിനും ഇബ്റാഹീമിന്റെ കുടുംബത്തിനും നീ ഗുണം ചെയ്തതുപോലെ. നീ സ്തുത്യർഹനും മഹാനുമത്രെ. അല്ലാഹുവേ, മുഹമ്മദിനെയും മുഹമ്മദിന്റെ കുടുംബത്തെയും നീ അനുഗ്രഹിക്കേണമേ! ഇബ്റാഹീമിനെയും ഇബ്റാഹീമിന്റെ കുടുംബത്തെയും നീ അനുഗ്രഹിച്ചതുപോലെ. നീ സ്തുത്യർഹനും മഹാനുമത്രെ!
146. ചുരുക്കരൂപം ഉദ്ദേശിക്കുകയാണെങ്കിൽ ഇങ്ങനെ പറയുക:
اَللّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ وَبَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ
അല്ലാഹുവേ, മുഹമ്മദിനും മുഹമ്മദിന്റെ കുടുംബത്തിനും നീ ഗുണം ചെയ്യേണമേ! മുഹമ്മദിനെയും മുഹമ്മദിന്റെ കുടുംബത്തെയും നീ അനുഗ്രഹിക്കണമേ. ഇബ്റാഹീമിനും ഇബ്റാഹീമിന്റെ കുടുംബത്തിനും നീ ഗുണം ചെയ്തതുപോലെയും നീ അനുഗ്രഹം ചെയ്തത് പോലെയും. നീ സ്തുത്യർഹനും മഹാനുമത്രെ.
147. പിന്നെ, നബിﷺയിൽനിന്നും ഉദ്ധരിക്കപ്പെടുന്ന പ്രാർഥനകളിൽനിന്നും തനിക്കിഷ്ടപ്പെട്ടത് തെരഞ്ഞെടുത്ത് ഈ തശഹ്ഹുദിൽ അല്ലാഹുവോട് പ്രാർഥിക്കാവുന്നതാണ്.
മൂന്നാമത്തെയും നാലാമത്തെയും റക്അത്ത്
148. പിന്നെ, വാജിബായ തക്ബീർ ചൊല്ലണം. ഇരുന്നുകൊണ്ട് തന്നെ തക്ബീർ ചൊല്ലുന്നതാണ് നബിചര്യ.
149. നബിﷺ ചിലപ്പോൾ, തന്റെ കൈകൾ ഉയർത്തും.
150. ശേഷം മൂന്നാമത്തെ റക്അത്തിനായി എഴുന്നേൽക്കണം. ഇത് ഇതിനുശേഷം വരുന്നതുപോലെ, ഒരു റുക്നാണ്.
151. നാലാമത്തെ റക്അത്തിനായി എഴുന്നേൽക്കാനുദ്ദേശിച്ചാൽ ഇപ്രകാരം തന്നെ ചെയ്യണം.
152. എന്നാൽ, എഴുന്നേൽക്കുന്നതിനു മുമ്പ് അസ്ഥികളെല്ലാം അതിന്റെതായ സ്ഥാനത്ത് മടങ്ങിവരുന്ന വിധം, ശാന്തമായി ഇടതുകാലിന്മേൽ നേരെ ഇരിക്കണം.
153. പിന്നെ, രണ്ടാമത്തെ റക്അത്തിനായി എഴുന്നേൽക്കുമ്പോൾ ചെയ്തതുപോലെ, ഇരുകൈകളിലും ഊന്നിക്കൊണ്ട് എഴുന്നേൽക്കണം.
154. ശേഷം, മൂന്നാമത്തെയും നാലാമത്തെയും റക്അത്തുകളിലോരോന്നിലും സൂറത്തുൽ ഫാതിഹ ഓതണം. ഇത് വാജിബാണ്.
155. ചിലപ്പോൾ, ഒരായത്തോ അതിലധികമോ ഫാതിഹയോട് അനുബന്ധമായി ഓതാവുന്നതാണ്.
ആപൽഘട്ടങ്ങളിലെ ക്വുനൂത്തും അതിന്റെ സ്ഥാനവും
156. മുസ്ലിംകൾക്ക് ബാധിച്ച ആപത്ത് കാരണമായി ക്വുനൂത്ത് നിർവഹിക്കുകയും അവർക്കു വേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നത് സുന്നത്താണ്.
157. ഈ ക്വുനൂത്തിന്റെ സ്ഥാനം റുകൂഅ് കഴിഞ്ഞ് رَبَّنَا وَلَكَ الْـحَمْدُ {ഞങ്ങളുടെ നാഥാ! നിനക്ക് തന്നെയാകുന്നു സ്തുതി} എന്നു പറഞ്ഞ ശേഷമാണ്.
158. സ്ഥിരമായ ഒരു പ്രാർഥന അതിനില്ല. പ്രത്യുത, ആ ആപത്തിനോട് യോജിച്ച രീതിയിൽ പ്രാർഥിക്കുകയാണ് വേണ്ടത്.
159. ഈ പ്രാർഥനയിൽ ഇരുകൈകളും ഉയർത്തണം.
160. ഇമാമാണെങ്കിൽ ഉറക്കെ പ്രാർഥിക്കണം.
161. പിന്നിലുള്ളവർ അതിന് ‘ആമീൻ’ പറയുകയും വേണം.
162. അതിൽനിന്നും വിരമിച്ചാൽ, തക്ബീർ ചൊല്ലുകയും സുജൂദ് നിർവഹിക്കുകയും വേണം.
വിത്റിലെ ക്വുനൂത്തിന്റെ സ്ഥാനവും രൂപവും
163. വിത്റിലുള്ള ക്വുനൂത് നബിﷺ ചിലപ്പോൾ മാത്രമെ നിർവഹിച്ചിരുന്നുള്ളൂ.
164. ആപൽഘട്ടങ്ങളിലുള്ള ക്വുനൂതിന് വിരുദ്ധമായി റുകൂഇന്റെ മുമ്പാണ് അതിന്റെ സ്ഥാനം.
165. താഴെ വരുന്ന പ്രാർഥന അതിൽ ചൊല്ലാം:
اللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ، وَعَافِنِي فِيمَنْ عَافَيْتَ، وَتَوَلَّنِي فِيمَنْ تَوَلَّيْتَ، وَبَارِكْ لِي فِيمَا أَعْطَيْتَ، وَقِنِي شَرَّ مَا قَضَيْتَ، فَإِنَّكَ تَقْضِي وَلَا يُقْضَى عَلَيْكَ، وَإِنَّهُ لَا يَذِلُّ مَنْ وَالَيْتَ، وَلَا يَعِزُّ مَنْ عَادَيْتَ، تَبَارَكْتَ رَبَّنَا وَتَعَالَيْتَ، لَا مَنجَا مِنكَ إِلَّا إِلَيْكَُ
അല്ലാഹുവേ! നീ നേർമാർഗത്തിലാക്കിയവരോടൊപ്പം എന്നെ നീ നേർമാർഗത്തിലാക്കേണമേ; നീ സൗഖ്യം നൽകിയവരോടൊപ്പം എന്നെ നീ സൗഖ്യത്തിലാക്കേണമേ; നീ ബന്ധം ചേർത്തവരോടൊപ്പം എന്നെയും നീ ചേർക്കണമേ; നീ നൽകിയതിൽ എനിക്ക് നീ അനുഗ്രഹം ചെയ്യേണമേ; നീ വിധിച്ചതിന്റെ തിന്മയിൽനിന്നും എന്നെ നീ രക്ഷപ്പെടുത്തേണമേ; എന്തെന്നാൽ നീ വിധിക്കുന്നു, നിനക്കെതിരായി വിധിക്കാൻ ആരുമില്ല; നീ ബന്ധം സ്ഥാപിച്ചവനെ നിന്ദിക്കാൻ ആരുമില്ലതന്നെ. നീ ശത്രുവാക്കിയവനെ പ്രതാപിയാക്കാനുമാരുമില്ല. ഞങ്ങളുടെ നാഥാ! നീ അനുഗൃഹീതനും ഉന്നതനുമാണ്. നിന്നിൽനിന്നുള്ള രക്ഷാമാർഗം നീയല്ലാതെ ഒന്നുമില്ല.
166. ഈ പ്രാർഥന അല്ലാഹുവിന്റെ റസൂൽ ﷺ പഠിപ്പിച്ചുതന്നതിൽ പെട്ടതാണ്. ഇതിനെക്കാൾ അവിടുന്ന് അധികരിപ്പിച്ചിട്ടില്ല – നബിﷺയുടെ പേരിലുള്ള സ്വലാത്തല്ലാതെ. സ്വഹാബികളിൽനിന്നും ഇത് (സ്വലാത്ത്) സ്ഥിരപ്പെട്ടുവന്നതിനാൽ അത് അനുവദനീയമാണ്.
167. പിന്നെ, റുകൂഉം രണ്ട് സുജൂദുകളും മുമ്പ് പറഞ്ഞതുപോലെ ചെയ്യണം.
അവസാനത്തെ തശഹ്ഹുദും തവർറുകും
168. പിന്നീട് അവസാന തശഹ്ഹുദിന് വേണ്ടി ഇരിക്കണം. ഇവ രണ്ടും വാജിബാണ്.
169. ആദ്യ തശഹ്ഹുദിൽ ചെയ്തതുതന്നെ ഇതിലും ചെയ്യണം.
170. ഇടത് പൃഷ്ടം നിലത്തുവെച്ച് ഇരുകാലുകളും ഒരേ വശത്തേക്ക് (വലതുഭാഗത്തേക്ക്) ആക്കി ഇടതുകാൽപാദം വലതുകണങ്കാലിന്റെ അടിയിൽ വെച്ചുകൊണ്ട് ‘തവർറുക്’ രൂപത്തിൽ ഇരിക്കും എന്നുമാത്രം.
171. വലതുകാൽ കുത്തിനിർത്തുകയും വേണം.
172. ചിലപ്പോൾ, അത് പരത്തിവെക്കുന്നതും അനുവദനീയമാണ്.
173. ഇടതുകൈപ്പടം കൊണ്ട് ഇടതുകാൽ മുട്ടിനെ മുഴുവനായി പൊതിയണം. അതിന്മേൽ ഊന്നുകയും വേണം.
നബിﷺയുടെ മേൽ സ്വലാത്ത് ചൊല്ലുന്നതിന്റെയും നാല് കാര്യങ്ങളിൽനിന്നും രക്ഷതേടുന്നതിന്റെയും അനിവാര്യത:
174. ഈ തശഹ്ഹുദിൽ നബിﷺയുടെ മേൽ സ്വലാത്ത് ചൊല്ലൽ വാജിബാണ്. അതിന്റെ ചില രൂപങ്ങൾ ഒന്നാമത്തെ തശഹ്ഹുദിൽ നാം സൂചിപ്പിച്ചിട്ടുണ്ട്. (ന: 145,146).
175. നാല് കാര്യങ്ങളിൽനിന്നും അല്ലാഹുവോട് രക്ഷതേടിക്കൊണ്ട് ഇപ്രകാരം പറയണം.
اللَّهُمْ إِنِّي أَعُوذُ بِكَ مِنْ عَذَابِ جَهَنَّمَ وَمِنْ عَذَابِ الْقَبْرِ وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ وَمِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّالِ
അല്ലാഹുവേ, നരകശിക്ഷയിൽനിന്നും ക്വബ്റിലെ ശിക്ഷയിൽനിന്നും ജീവിതത്തിലെയും മരണത്തിലെയും കുഴപ്പങ്ങളിൽനിന്നും മസീഹുദ്ദജ്ജാലിന്റെ കുഴപ്പങ്ങളിൽനിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു. (18)
(18) فِتْنَةِ الْمَحْيَا (ജീവിതത്തിലെ കുഴപ്പം) എന്നാൽ മനുഷ്യൻ തന്റെ ജീവിതത്തിൽ നേരിടേണ്ടിവരുന്ന ഇഹലോകത്തെയും അതിന്റെ ഇച്ഛകളുടെയും കുഴപ്പങ്ങൾ. فِتْنَةِ الْمَمَاتِ (മരണത്തിലെ കുഴപ്പം) എന്നാൽ ഖബറിലെ കുഴപ്പങ്ങളും, രണ്ട് മലക്കുകളുടെ ചോദ്യം ചെയ്യലും.فِتْنَةِ الْمَسِيحَ الدَّجَّالِ (മസീഹുദജ്ജാലിന്റെ കുഴപ്പം) എന്നാൽ ജനങ്ങളിൽ ധാരാളം പേരെ വഴിപിഴപ്പിക്കുകയും ദജ്ജാലിന്റെ ദിവ്യത്വവാദത്തെ പിൻപറ്റാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ അവനിൽ നിന്നും വെളിപ്പെടുന്ന അമാനുഷികതകൾ.
സലാം വീട്ടുന്നതിന് മുമ്പുള്ള പ്രാർഥന
176. പിന്നെ ക്വുർആനിലും സുന്നത്തിലും സ്ഥിരപ്പെട്ട, തനിക്ക് സൗകര്യപ്പെടുന്ന ഏത് പ്രാർഥനയും പ്രാർഥിക്കാം-അത് വളരെ കൂടുതലുണ്ട്. അതിലുള്ളതൊന്നും അവൻ സ്വായത്തമാക്കിയിട്ടില്ലെങ്കിൽ അവന്റെ ദീൻകാര്യത്തിലും ഇഹലോകത്തിലും ഉപകാരപ്പെടുന്ന എളുപ്പമുള്ള പ്രാർഥനകൾ പ്രാർത്ഥിക്കാവുന്നതാണ്.
സലാം വീട്ടലും അതിന്റെ ഇനങ്ങളും
177. പിന്നീട്, തന്റെ വലതുഭാഗത്തേക്ക് സലാം വീട്ടണം – അത് ഒരു റുക്നാണ് – തന്റെ വലതു കവിളിന്റെ വെളുപ്പ് കാണുവോളം തിരിയണം.
178. ഇടത് കവിളിന്റെ വെളുപ്പ് കാണുവോളം ഇടതുഭാഗത്തേക്കും (തിരിയണം). മയ്യിത്ത് നമസ്കാരത്തിലാണെങ്കിലും ഇപ്രകാരം ചെയ്യണം.
179. ഇമാം സലാം വീട്ടുമ്പോൾ തന്റെ ശബ്ദമുയർത്തണം. (മയ്യിത്ത് നമസ്കാരത്തിലൊഴികെ)
180. സലാം വീട്ടുന്നതിന് വ്യത്യസ്ത രീതികളുണ്ട്:
1) السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ {അല്ലാഹുവിന്റെ രക്ഷയും കാരുണ്യവും അനുഗ്രഹങ്ങളും നിങ്ങളുടെ മേലുണ്ടാവട്ടെ} എന്ന് വലതുഭാഗത്തേക്ക് തിരിയുമ്പോഴും, السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ {അല്ലാഹുവിന്റെ രക്ഷയും കാരുണ്യവും നിങ്ങളുടെ മേലുണ്ടാവട്ടെ} എന്ന് ഇടതുഭാഗത്തേക്ക് തിരിയുമ്പോഴും പറയുക.
2) മുകളിൽ പറഞ്ഞതിൽനിന്നും وَ بَرَكَاتُهُ (അവന്റെ അനുഗ്രഹങ്ങളും) ഒഴിവാക്കിക്കൊണ്ട് പറയും.
3) السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ {അല്ലാഹുവിന്റെ രക്ഷയും കാരുണ്യവും നിങ്ങളുടെ മേലുണ്ടാവട്ടെ} എന്ന് വലതുഭാഗത്തക്കും, السَّلَامُ عَلَيْكُمْ {അല്ലാഹുവിന്റെ രക്ഷ നിങ്ങളുടെ മേലുണ്ടാവട്ടെ} എന്ന് ഇടതുഭാഗത്തേക്കും.
4) മുഖം നേരെ വച്ച്, വലതുഭാഗത്തേക്ക് അൽപം തിരിച്ചുകൊണ്ട് ഒറ്റ സലാം മാത്രം പറയുക.
എന്റെ മുസ്ലിം സഹോദരാ! ‘നബിﷺയുടെ നമസ്കാരത്തിന്റെ സംക്ഷിപ്ത വിവരണം’ എനിക്ക് സാധിച്ചവിധത്തിൽ ചെയ്തതാണ്. നിങ്ങൾ സ്വന്തം കണ്ണുകൾകൊണ്ട് അത് കാണുന്നതുപോലെ, നിങ്ങൾക്ക് വ്യക്തമാകുകയും നിങ്ങളുടെ മനസ്സിൽ പതിയുകയും ചെയ്യുന്ന രീതിയിൽ അത് എളുപ്പമാക്കുവാൻ ഞാൻ പരിശ്രമിച്ചിട്ടുണ്ട്. അങ്ങനെ, ഞാൻ നിങ്ങൾക്ക് വിവരിച്ചു തന്ന രീതിയിൽ നിങ്ങൾ നമസ്കരിക്കുകയാണെങ്കിൽ, നിങ്ങളിൽനിന്നും അല്ലാഹു അത് സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാരണം, അതിലൂടെ നിങ്ങൾ صَلُّوا كَمَا رَأَيْتُمُونِي أُصَلِّي {ഞാൻ നമസ്കരിക്കുന്നത് കണ്ടതുപോലെ നിങ്ങൾ നമസ്കരിക്കുക} എന്ന നബിവചനം കർമരൂപേണ സത്യപ്പെടുത്തുകയാണല്ലോ ചെയ്യുന്നത്.
ഹൃദയസാന്നിധ്യത്തോടെയും ഭയഭക്തിയോടെയും നമസ്കരിക്കേണ്ടതിന്റെ പ്രാധാന്യം മറന്നുപോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം, അടിമ അല്ലാഹുവിന്റെ മുമ്പിൽ നിൽക്കുന്നതിന്റെ പ്രധാന ലക്ഷ്യം അതാണ്. ഭയഭക്തിയിലും നബിﷺയുടെ നമസ്കാരം അനുകരിക്കുന്നതിലും നിങ്ങൾക്ക് ഈ വിവരിച്ചുതന്നതിൽനിന്ന് നിങ്ങൾ അത് സ്വയം യാഥാർഥ്യമാക്കുന്നതിന്റെ തോതനുസരിച്ചാണ്.
إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ
തീർച്ചയായും, നമസ്കാരം നീചവൃത്തിയിൽനിന്നും നിഷിദ്ധകർമത്തിൽനിന്നും തടയുന്നു. (ഖു൪ആന്:29/45)
എന്ന വാക്കിലൂടെ നമ്മുടെ രക്ഷിതാവ് സൂചിപ്പിച്ച ആ സദ്ഫലം നിങ്ങൾക്ക് ലഭിക്കുക.
അവസാനമായി, നമ്മുടെ നമസ്കാരവും മറ്റുകർമങ്ങളും നമ്മിൽനിന്നും സ്വീകരിക്കണമെന്നും നാം അവനെ കണ്ടുമുട്ടുന്ന – അതായത്,
يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ ﴿٨٨﴾ إِلَّا مَنْ أَتَى اللَّهَ بِقَلْبٍ سَلِيمٍ ﴿٨٩﴾
കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കൽ ചെന്നവർക്കൊഴികെ. സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം. (ഖു൪ആന്:26/88-89)
എന്ന് പറഞ്ഞ ആ ദിവസത്തിലേക്ക് നമ്മുടെ പ്രതിഫലത്തെ നമുക്ക് വേണ്ടി സംരക്ഷിക്കേണമേ എന്ന് അല്ലാഹുവോട് ഞാൻ പ്രാർഥിക്കുന്നു. സർവലോക രക്ഷിതാവിനാകുന്നു സർവസ്തുതിയും.
വിവര്ത്തനം : മുഹമ്മദ് സിയാദ് കണ്ണൂർ