കെ.ഉമര്‍ മൗലവി رحمه الله യുടെ ‘ഓര്‍മകളുടെ തീരത്ത്‌’ എന്ന ഗ്രന്ഥത്തിൽ നിന്നും

റബീഉല്‍ അവ്വല്‍ പിറന്നു. നബി ﷺ യെ പ്രസവിച്ച മാസം. പോരേ പൂരം! മാസം ഒന്നു മുതല്‍ പന്ത്രണ്ട് വരെ അവിടെ ഒരു മതപ്രസംഗ പരമ്പര തീരുമാനിക്കപ്പെട്ടു. പ്രന്തണ്ടാം തീയതി വിപുലമായ നബിദിനാഘോഷവും. സമ്മേളന ദിവസം വന്നു. എന്റെ അമ്മാവനും ഗുരുനാഥനുമായ അബുബക്കര്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷന്‍. സ്വാഗതവും അദ്ധ്യക്ഷ പ്രസംഗവും കഴിഞ്ഞു. ശേഷം ഒരു മുസ്ലിയാര്‍ പ്രസംഗിച്ചു. അത്‌ കഴിഞ്ഞപ്പോള്‍ അദ്ധ്യക്ഷന്‍ എഴുന്നേറ്റ്‌ പറഞ്ഞു: “ഇതുവരെ നിങ്ങള്‍ ഇന്നിന്ന വിഷയങ്ങളെക്കുറിച്ച്‌ വിശദീകരണങ്ങള്‍ കേട്ടല്ലോ. ഇനി മൗലിദ്‌ ഓതുന്നതിന്റെ ഫളാഇല്‍ – നെ (ശ്രേഷ്ഠതകള്‍) കുറിച്ച്‌ എന്റെ ശിഷ്യനും മരുമകനുമായ ഉമര്‍ മുസ്‌ലിയാര്‍ സംസാരിക്കും.”

ഞാന്‍ ഞെട്ടി! യാതൊരു മുന്നറിയിപ്പുമില്ലായിരുന്നു. എന്റെ തൊണ്ട വരണ്ടു. ആലോചിച്ചു നില്‍ക്കാന്‍ നേരമില്ല. നേരത്തെ കിട്ടിയ വിവരത്തിന്റെ വെളിച്ചത്തില്‍ ഇവരൊപ്പിച്ച കെണിയാണിതെന്ന്‌ മനസ്സിലായി. ശരിക്കും വെട്ടിലാകുകയായിരുന്നു ഞാന്‍. കുറഞ്ഞ നിമിഷങ്ങൾകൊണ്ട്‌ ഒരുപാട്‌ കാര്യങ്ങള്‍ ചിന്തിച്ചുപോയി. മനസ്സ്‌ എന്ന അത്ഭുത പ്രതിഭാസം ഇതിന്‌ സഹായിക്കുന്നു. മനഃസാക്ഷിക്കെതിരില്‍ സംസാരിച്ചാല്‍ സത്യം എപ്പോഴെങ്കിലും പുറത്ത്‌ വരാതിരിക്കില്ല. അപ്പോള്‍ കാപട്യം പ്രകടിപ്പിച്ചതില്‍ ഖേദിക്കേണ്ടിവരും. വരുംപോലെ കാണാം എന്നുറച്ചു. നിമിഷങ്ങള്‍ക്കകം ഒരുപാട്‌ കാര്യങ്ങള്‍ മനസ്സില്‍ കയറിയിറങ്ങി. തീരുമാനവും നടന്നു!

ഞാന്‍ സ്റ്റേജിലെത്തി. റബ്ബിനെ സ്തുതിച്ചു. അവന്റെ സഹായം തേടി. ധൈര്യമായി തുടങ്ങി. മൌലിദ്‌ ഓതുന്നതിന്റെ ദോഷങ്ങളെക്കുറിച്ചാണ്‌ ഞാന്‍ പ്രസംഗിച്ചത്‌. ഈ വിഷയത്തില്‍ നമ്മുടെ പ്രസംഗകരും എഴുത്തുകാരും പൊതുവെ അവലംബിക്കുന്ന രീതി എനിക്ക്‌ ഹൃദയമായി തോന്നിയിട്ടില്ല. മൌലിദിന്റെ ഉള്ളടക്കത്തിലുള്ള തെറ്റുകളും ദോഷങ്ങളുമാണ്‌ അധികവും വിമര്‍ശന വിധേയമാക്കുന്നത്‌. മൌലിദ്‌ പ്രവാചകചര്യയിലുള്ളതല്ലെന്നും അതിനാല്‍ ദീനില്‍ പുതിയതെന്ന നിലക്ക്‌ അത്‌ ദുരാചാരമാണെന്നും വര്‍ജ്ജിക്കേണ്ടതാണെന്നും എടുത്തു പറയുകയും ചെയ്യാറുണ്ട്‌. രണ്ടും ശരിതന്നെ. വേണ്ടതുമാണ്‌.

പക്ഷെ, അതിഗുരുതരമായ മറ്റൊരു താത്ത്വിക വശം മൌലിദ്‌ കഴിക്കുന്നതിലുണ്ട്‌. അതായത്‌, സൃഷ്ടികളുടെ തൃപ്തി ആഗ്രഹിച്ച്‌ നടത്തുന്ന ഒരു ആരാധനയാണ്‌ മൌലിദ്‌. ഉദാഹരണം മുഹ്യിദ്ദീന്‍ ശൈഖിന്റെ പൊരുത്തം മോഹിച്ച്‌ ആരെങ്കിലും ബദര്‍ മൌലിദ്‌ ഓതാറുണ്ടോ? ഇല്ല, മറിച്ചും അങ്ങനെതന്നെ. ആരുടെ രക്ഷയും പൊരുത്തവുമാണോ ഓതുന്നവനും ഓതിക്കുന്നവനും ആശിക്കുന്നത്‌, അവരുടെ പേരില്‍ നിര്‍മ്മിതമായ മാലിദാണ്‌ അവിടെ കഴിക്കപ്പെടുന്നത്. ഈ ആശയും മോഹവും അദൃശ്യമായ മാര്‍ഗത്തിലൂടെയാണെന്നത്‌ ഇതിന്റെ കഴമ്പാണ്‌താനും. അപ്പോള്‍ പദ്യങ്ങളിലും പ്രാര്‍ത്ഥനാ കീര്‍ത്തനങ്ങളിലും ദോഷകരമായ യാതൊന്നും പ്രകടമല്ലാത്ത മാലീദ്‌ ആയാല്‍ പോലും അത്‌ ശിര്‍ക്കിന്റെ നടപടി തന്നെയാണ്‌. എന്തുകൊണ്ടെന്നാല്‍ അല്ലാഹുവല്ലാത്ത സൃഷ്ടികളുടെ പൊരുത്തവും രക്ഷയും ഇച്ഛിച്ചുകൊണ്ട്‌ ഒരു പുണ്യകര്‍മ്മം നിഷിദ്ധമാണ്‌. അത്‌ ശിര്‍ക്കും കുഫ്റുമാണ്‌. ഖുതുബിയ്യത്ത്‌ റാത്തീബിനു മുമ്പ്‌ നടത്തുന്ന പ്രന്തണ്ട്‌ റക്‌അത്ത്‌ നമസ്കാരം പോലും ഈ വകുപ്പിൽ പെടുന്നതാണ്‌. അല്ലാഹുവും അവന്റെ ദുതനും ഇങ്ങനെ ഒരു നമസ്കാരം പഠിപ്പിച്ചിട്ടില്ല. ഉപദേശിച്ചിട്ടുമില്ല. മുഹ്യിദ്ദീന്‍ ശൈഖിന്റെ പൊരുത്തം ആശിച്ചുകൊണ്ടായതിനാല്‍ ആ നമസ്കാരം പോലും ശിര്‍ക്കായിത്തീരുമെന്നതാണ്‌ അതിദയനീയമായ കാര്യം. ആയതിനാല്‍ ദോഷമുക്തമായ മൗലിദ് എന്ന ഒരു കാര്യം ഇല്ലതന്നെ.

ഇതൊക്കെ എന്റെ പ്രസംഗത്തില്‍ ഞാന്‍ പരാമര്‍ശിച്ചു. സാധാരണക്കാരുടെ ശ്രദ്ധ കൂടുതല്‍ പതിയുന്നതിന്‌ വേണ്ടി മങ്കൂസ്‌ മൌലിദില്‍ നിന്ന്‌ ചിലത്‌ എടുത്ത്‌ പറയുകയും ചെയ്തു. “ഇര്‍തകബ്തു അലല്‍ ഖത്വഅ്…. സയ്യിദീ ഖൈറന്നബീ” എന്ന പദ്യമാണ്‌ പ്രധാനമായി ചൂണ്ടിപ്പറഞ്ഞത്‌. “ഞങ്ങളുടെ യജമാനരേ, പ്രവാചക ശ്രേഷ്ഠരേ, ഞാന്‍ കണക്കറ്റ്‌ പാപം ചെയ്തുപോയി. അതേക്കുറിച്ച്‌ അവിടത്തോട്‌ ഞാനിതാ സങ്കടം പറയുന്നു.” ഇതാണ്‌ ആ വരികളുടെ സാരം.

പ്രാര്‍ത്ഥന അല്ലാഹുവിനോട്‌ മാത്രമേ പാടുള്ളു. അതാണ്‌ ഇസ്ലാം ദീന്‍. മറ്റിതര മതങ്ങളില്‍ നിന്നും ഇസ്ലാമിനെ വേര്‍തിരിക്കുന്ന സുപ്രധാന വിഷയവും ഇത്‌ തന്നെ. ഈ വ്യത്യാസം മങ്കൂസ്‌ മൌലിദ്‌ “കഴിച്ചു” കൊണ്ടു നാം ഇല്ലാതാക്കുന്നു. അപകടകരമായ പ്രവൃത്തി! അപമാനകരമായ അവസ്ഥ! നിര്‍ഭാഗ്യകരമായ സ്ഥിതി!

എന്റെ അന്നത്തെ പ്രസംഗ ചാതുര്യത്തിന്റെ പരിമിതിയില്‍ നിന്നു കൊണ്ട്‌ മേല്‍പറഞ്ഞ വിഷയങ്ങള്‍ ഞാന്‍ വിവരിച്ചു. എന്നെ അനുകൂലിക്കുന്ന ഒരൊറ്റയാള്‍പോലും ആ സദസ്സിലില്ലെന്ന്‌ എനിക്ക്‌ ഉറപ്പായിരുന്നു. പക്ഷെ, നിശബ്ദവും നിശ്ചലവുമായ ഒരവസ്ഥ! അത്‌ ഉപയോഗപ്പെടുത്താതിരിക്കുന്നത്‌ അക്ഷന്തവ്യമായ അപരാധമായിപ്പോകുമെന്ന തോന്നൽ നിമിത്തം അനന്തര ഫലങ്ങളെക്കുറിച്ച്‌ ഞാന്‍ കാര്യമായി ചിന്തിച്ചതേയില്ലു. ഞാന്‍ വിശ്വാസപരമായ ഒരു വൈകാരിക അടിമത്ത്വത്തിൽ അമരുകയായിരുന്നുവെന്ന്‌ പലര്‍ക്കും തോന്നിയേക്കാം. അല്ല, തികച്ചും വിചാരപരമായി തന്നെയായിരുന്നു എന്റെ പ്രവൃത്തി.
പ്രസംഗം ഞാന്‍ അവസാനിപ്പിച്ചു. അദ്ധ്യക്ഷന്‍ എഴുന്നേറ്റു. ഇടയ്ക്ക്‌ ഒന്നു പറഞ്ഞോട്ടെ. സമുദായവും പണ്ഡിതവര്‍ഗവും ഏറെ പുരോഗമിച്ചുവെന്ന്‌ കരുതുന്ന ഇക്കാലത്ത്‌ പോലും എനിക്ക്‌ ഈ തരത്തില്‍ ഒരു പ്രസംഗം പൂര്‍ത്തിയാക്കാന്‍ പറ്റുമോ? അദ്ധ്യക്ഷപദത്തിലിരിക്കുന്ന ഫൈസി – സഖാഫിമാരുടെ ആംഗ്യത്തിന്റെ ഫലമായി ജനം എന്റെ കഥ അവിടെ വെച്ചുതന്നെ കഴിക്കും. രണ്ടു വിഭാഗത്തിനും സ്വതന്ത്രമായി അവരവരുടെ വിഷയങ്ങള്‍ വിശദികരിക്കാനുള്ള വേദിയൊരുക്കി ക്ഷണിച്ചിട്ടുപോലും മുസ്ല്യാക്കൾ ഹാജരാകുന്നില്ല. അത്തരം യോഗങ്ങള്‍ കൂകി വിളിച്ചും അസഭ്യ മുദ്രാവാകൃങ്ങള്‍ കൊണ്ടും കലക്കാന്‍ അനുയായികളെ ശട്ടംകെട്ടി അയക്കുകയാണ്‌ ചെയ്യുന്നത്‌. മുമ്പ്‌ ഇത്രയധികം പോക്കിരിത്തരം ഇല്ലായിരുന്നു. ചിന്താപരമായി ഉയര്‍ന്നത്‌ ഏതു വിഷയത്തിലാണെന്ന്‌ ആറു പതിറ്റാണ്ടുകള്‍ക്കു മുമ്പ്‌ നടന്ന സംഭവവുമായി ഇന്നത്തെ സ്ഥിതി തുലനം ചെയ്താല്‍ മനസ്സിലാകും.

അങ്ങനെ അദ്ധ്യക്ഷന്‍ എഴുന്നേറ്റു പറഞ്ഞു: “പേപ്പട്ടി കടിച്ചവനെ മിടുക്കനായ വൈദ്യരുടെ അടുക്കല്‍ കൊണ്ടു ചെന്നാല്‍ വിഷത്തിന്റെ വീര്യം എത്രത്തോളമെന്ന്‌ അറിയാനുള്ള മരുന്നാണ്‌ ആദ്യം കൊടുക്കുക. പിന്നീടാണ്‌ യഥാര്‍ത്ഥ ചികിത്സ. ഇതുപോലെയാണ്‌ ഉമറിന്‌ ഞാന്‍ ഈ വിഷയം തന്നെ കൊടുത്തത്‌. ഇവന്‍ മലബാറില്‍ പോയപ്പോള്‍ ഒരു പേപ്പട്ടി അവനെ കടിച്ചതായി അറിഞ്ഞിരുന്നു. ആ പേപ്പട്ടി ആരാണെന്ന്‌ നിങ്ങള്‍ക്കറിയേണ്ടേ?” എന്നു പറഞ്ഞുകൊണ്ട്‌ എന്റെ ബഹുമാന ഗുരുനാഥന്‍ കെ.എം. മനലവിയെ അസഹ്യമായ നിലയില്‍ ചീത്ത പറഞ്ഞു. എന്റെ മനസ്സ്‌ തേങ്ങിക്കരഞ്ഞു. അതൊക്കെ ഇവിടെ എടുത്ത്‌ പറയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. തുടര്‍ന്ന്‌ എന്റെ അമ്മാവന്റെ പ്രഖ്യാപനം വന്നു. “ഉമറിനെ നിങ്ങള്‍ ബഹിഷ്കരിക്കുക! ഇന്നുമുതല്‍ ഇവനുമായി നമുക്ക്‌ യാതൊരു ബന്ധവുമില്ല!!! സലാം പറയരുത്‌! സലാംമടക്കരുത്!

ഉടനെ നാട്ടിലെ പൗരപ്രധാനിയായ ജമാല്‍ മുഹമ്മദ്‌ ലബ്ബ എഴുന്നേറ്റു. (ഇദ്ദേഹം എന്റെ ശിഷ്യനാണ്‌. ഞാന്‍ കിതാബ് ഓതിക്കൊടുത്തിട്ടുണ്ട്) ഇദ്ദേഹം പറയുന്നത്‌ ആദരപൂര്‍വം സ്വീകരിക്കുന്ന ഒരവസ്ഥയാണ്‌ നാട്ടിലുള്ളത്‌. അദ്ദേഹം പറഞ്ഞു. “ഹേ കൂട്ടരേ, നമ്മുടെ ബഹുമാനപ്പെട്ട അദ്ധ്യക്ഷന്‍ പറഞ്ഞത്‌ കേട്ടല്ലോ. അതിന്റെ അടിസ്ഥാനത്തില്‍ എനിക്ക്‌ ചിലത്‌ പറയാനുണ്ട്‌. ഉമര്‍ മുസ്‌ലിയാരെ രക്തബന്ധത്തിലുള്ള ഒരു സഹോദരനെപ്പോലെയാണ്‌ നാം കരുതിയിരുന്നത്‌. എന്നാല്‍ ഇന്നുമുതല്‍ ഇയാള്‍ നമ്മുടെ ശ്രതുവാകുന്നു.”

ഞാന്‍ എല്ലാം കേള്‍ക്കുകയാണ്‌. മനസ്സിനകത്ത്‌ ഒരു നീറ്റല്‍. അല്ലാഹുവിന്റെ ദീനില്‍ ഒരു സത്യം തുറന്നുപറഞ്ഞ ഏക കാരണത്താല്‍ മുസ്‌ലിംകളെന്ന്‌ അഭിമാനിക്കുന്ന സമൂഹം എനിക്കെതിരില്‍ ശിക്ഷ പ്രഖ്യാപിക്കുകയാണ്‌. സത്യത്തിന്റെ പ്രതിഫലമായി ശിക്ഷ ഏറ്റുവാങ്ങണം. അല്ലാഹുവിന്റെ തൃപ്തിക്കും പരലോക മോക്ഷത്തിനും വേണ്ടി. ചരിത്രത്തില്‍ എത്രയെത്ര ഉദാഹരണങ്ങള്‍! എന്തെന്തെല്ലാം പാഠങ്ങള്‍! ആദര്‍ശം ഉയര്‍ത്തിപ്പിടിക്കുന്ന ഏതൊരാള്‍ക്കും അത്‌ ആശ്വാസം നല്‍കും. ആവേശം പകരുകയും ചെയ്യും. എന്നാല്‍ ഇവിടെയോ?

സദസ്സില്‍ നിന്നും മറ്റൊരാള്‍ എണീറ്റു. എനിക്ക്‌ വിവാഹം ആലോചിച്ച യുവതിയുടെ പിതാവായിരുന്നു അത്‌. അദ്ദേഹം വിളിച്ചു പറഞ്ഞു: “അബുബക്കര്‍ ഉസ്താദും ലബ്ബാസാഹിബും പറഞ്ഞത്‌ മനസ്സിലായി. എതിരു പറയാന്‍ ഞങ്ങള്‍ക്കാവില്ല. എന്നാല്‍ ഒരപേക്ഷയുണ്ട്‌. ഉമര്‍ മുസ്‌ലിയാര്‍ ഇവിടെ ഹാജരുണ്ടല്ലോ. അദ്ദേഹത്തെ ഈ പിഴവില്‍ നിന്നും മടക്കിക്കൊണ്ടുവരാന്‍ അബൂബക്കര്‍ ഉസ്താദിന്‌ ശ്രമിച്ചുകുടേ? എന്നിട്ട്‌ പോരെ ബാക്കി തീരുമാനങ്ങള്‍.”

ഉടനെ മറ്റൊരാള്‍ വിളിച്ചു ചോദിക്കുകയാണ്‌. “ഉമര്‍ മുസ്‌ലിയാര്‍ വാദ പ്രതിവാദത്തിന്‌ ഒരുക്കമുണ്ടോ?” ആ ചോദ്യം പലരും ആവര്‍ത്തിച്ചു. ഒരുക്കമാണെന്ന്‌ പറയുകയല്ലാതെ മറ്റൊരു പോംവഴിയുമില്ലായിരുന്നു. അവിടെ വെച്ച്‌ അപ്പോള്‍ തന്നെ തുടങ്ങി. ഇര്‍തകബ്തു …. എന്ന മങ്കൂസ്‌ മൌലീദിന്റെ പദൃശകലമാണ്‌ ആദ്യ വിഷയം.

അതിലെന്താണ്‌ തെറ്റ്‌? എന്നായിരുന്നു ആദ്യത്തെ ചോദ്യം. ഞാന്‍ മറുപടി തുടങ്ങി. പദ്യത്തിന്റെ മലയാള അര്‍ത്ഥം ആദ്യം കേള്‍പ്പിച്ചു. ഞാന്‍ തുടര്‍ന്നു. നമ്മള്‍ വല്ല പാപങ്ങളും ചെയ്തുപോയാല്‍ അതിനെക്കുറിച്ച്‌ ആവലാതി ബോധിപ്പിക്കേണ്ടതും മാപ്പിരക്കേണ്ടതും അല്ലാഹുവിനോടാണ്‌. അല്ലാഹു അല്ലാതെ പാപം പൊറുക്കുന്നവന്‍ ആരുണ്ട്‌ എന്ന്‌ ഖുര്‍ആന്‍ ചോദിക്കുന്നു. ആയതിനാല്‍ നബി ﷺ യോട്‌ സങ്കടം പറയാന്‍ പാടില്ല. നബി ﷺ  നമുക്കിടയില്‍ ജീവിച്ചിരിക്കുന്നുണ്ടായിരുന്നെങ്കില്‍ നമുക്ക്‌ വേണ്ടി അല്ലാഹുവിനോട്‌ പ്രാര്‍ത്ഥിക്കാന്‍ അപേക്ഷിക്കാമായിരുന്നു എന്നു മാത്രം. പ്രവാചകന്‍ പ്രബോധകനാണ്‌. പാപം പൊറുക്കുന്നവനല്ല. ക്രിസ്ത്യാനികള്‍ പോപ്പിനും പുരോഹിതര്‍ക്കും മരിച്ചുപോയ പുണ്യാളന്മാര്‍ എന്നു വിളിക്കപ്പെടുന്നവര്‍ക്കും ഇത്തരം ഒരു പദവി അംഗീകരിച്ചു കൊടുത്തിട്ടുണ്ട്‌. അവരാകട്ടെ അത്‌ അര്‍ഹതയില്ലാതെ സ്ഥാപിച്ചെടുത്തതുമാണ്‌.

ഉടനെ എതിര്‍വാദം വന്നു. “മഴക്കാലം സസ്യങ്ങള്‍ മുളപ്പിച്ചു” എന്നു പറയുന്നതില്‍ തെറ്റില്ലല്ലോ. മുളപ്പിച്ചത്‌ യഥാര്‍ത്ഥത്തില്‍ അല്ലാഹു ആണെങ്കിലും. ഇതുപോലെയാണ്‌ നബി ﷺ യോട്‌ സങ്കടം പറയുന്നത്‌. അല്ലാഹു തന്നെയാണ്‌ യഥാര്‍ത്ഥത്തില്‍ മാപ്പു നല്‍കുന്നവന്‍. അതുകൊണ്ട് ഈ പദ്യത്തില്‍ യാതൊരു തെറ്റുമില്ല.

ആ വാദത്തെ ഞാന്‍ ഖണ്ഢിച്ചു. “മഴക്കാലം സസ്യങ്ങള്‍ മുളപ്പിച്ചു” എന്നത്‌ ഒരു ആലങ്കാരിക (മജാസി) പ്രയോഗമാണ്‌. “ഹേ, മഴക്കാലമേ! ഞങ്ങള്‍ക്ക്‌ സസ്യങ്ങള്‍ മുളപ്പിച്ചു തരേണമേ’ എന്നു തേടിയാല്‍ അത്‌ ശിര്‍ക്കാകും. തേടിയവന്‍ കാഫിറാകും. മഴമൂലം വെള്ളപ്പൊക്കമുണ്ടായാലും ഇങ്ങനെ തന്നെയാണ്‌ വേണ്ടത്‌.” എന്നും ഞാന്‍ ചേര്‍ത്തുപറഞ്ഞു. എന്റെ വിശദീകരണം അവര്‍ പ്രതീക്ഷിക്കാത്തതായിരുന്നു. അമ്മാവന്‍ ഏതാണ്ട്‌ വെട്ടില്‍വീണ ഒരവസ്ഥയിലായി. അതോടെ മുസ്ലിയാക്കളുടെ യഥാര്‍ത്ഥ സ്വഭാവം വെളിപ്പെട്ടു. കോപിഷ്ഠനാകുകയും എതിര്‍വാദവും മറുപടിയുമില്ലാത്ത നിലയില്‍ അധികാര സ്വരത്തില്‍ എന്നെ ഒരു പാട്‌ ചീത്ത പറയുകയും വഹാബികളെ രൂക്ഷമായി ആക്ഷേപിക്കുകയുമാണ്‌ ചെയ്തത്‌. ജനസ്വാധീനമാണ്‌ എല്ലാകാലത്തും മുസ്ലിയാക്കളുടെ മുഖ്യ പിന്‍ബലം! ഇവിടെയും നടന്നത്‌ അതു തന്നെ. സംസാരം അനാവശ്യമായി ദീര്‍ഘനേരം നീണ്ടു. ഇടയ്ക്കിടെ ഞാനും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.

Leave a Reply

Your email address will not be published.

Similar Posts