ഭൂമിയിലെ കാർഷികോൽപന്നങ്ങൾക്ക് സകാത്ത് നിർബന്ധമാണെന്നതിനു താഴെ കൊടുക്കുന്ന വിശുദ്ധ വചനമാണ് അടിസ്ഥാനം. അല്ലാഹു പറഞ്ഞു:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَنفِقُوا۟ مِن طَيِّبَٰتِ مَا كَسَبْتُمْ وَمِمَّآ أَخْرَجْنَا لَكُم مِّنَ ٱلْأَرْضِ ۖ

സത്യവിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളില്‍ നിന്നും, ഭൂമിയില്‍ നിന്ന് നിങ്ങള്‍ക്ക് നാം ഉല്‍പാദിപ്പിച്ച് തന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുവിന്‍. (ഖു൪ആന്‍:2/267)

പാലുറക്കുകയും മൂക്കുകയും ചെയ്താൽ ധാന്യങ്ങൾക്കു സകാത്ത് നിർബന്ധമായി. ഭക്ഷ്യയോഗ്യമാം വിധം നല്ലനിലയിൽ ഫലങ്ങളായിത്തീരുന്നതിലൂടെ നിലനിൽപ് വെളിപ്പെട്ടാൽ ഫലങ്ങളിലും സകാത്ത് നിർബന്ധമായി. വർഷം തികയൽ അതിൽ നിബന്ധനയാക്കപ്പെടുകയില്ല. കാരണം, അല്ലാഹു പറഞ്ഞു:

وَءَاتُوا۟ حَقَّهُۥ يَوْمَ حَصَادِهِۦ ۖ

അതിന്‍റെ വിളവെടുപ്പ് ദിവസം അതിലുള്ള ബാധ്യത നിങ്ങള്‍ കൊടുത്ത് വീട്ടുകയും ചെയ്യുക. (ഖു൪ആന്‍:6/141)

ഗോതമ്പ്, ബാർലി, കമ്പം, നെല്ല്, കാരക്ക, ഉണക്കമുന്തിരി പോലുള്ള ഫലങ്ങളിൽനിന്നും ധാന്യങ്ങളിൽനിന്നും മുദ്ദഖറും (സൂക്ഷിച്ചുവെക്കപ്പെടുന്നത്) മകീലു(അളക്കപ്പെടുന്നത്)മായതിലെല്ലാം സകാത്ത് നിർബന്ധമാകുന്നു. പഴങ്ങളിലും പച്ചക്കറികളിലും സകാത്തു നിർബന്ധമാവുകയില്ല. ധാന്യങ്ങളും ഫലങ്ങളും മകീലും മുദ്ദഖറുമല്ലാത്ത കാലത്തോളം അവയിൽ സകാത്തില്ല.

കാർഷിക വിളകളിൽ സകാത്തിന്റെ ശർത്ത്വുകൾ

ധാന്യങ്ങളിലും ഫലങ്ങളിലും സകാത്തു നിർബന്ധമാകുവാൻ രണ്ടു നിബന്ധനകളുണ്ട്:

1) നിസ്വാബ് എത്തൽ: അഞ്ചു വസ്‌ക്വുകളാകുന്നു അത്. നബിﷺ പറഞ്ഞു:

ليس فيما دون خمسة أوسق صدقة

അഞ്ചു വസ്‌ക്വിനു താഴെയുള്ള കാർഷികോൽപന്നങ്ങൾക്കു സകാത്തില്ല. (ബുഖാരി, മുസ്ലിം)

ഒരു വസ്‌ക്വ് ഒരു ഒട്ടകം വഹിക്കുന്ന ഭാരമാകുന്നു. നബിﷺ ഉപയോഗിച്ചിരുന്ന സ്വാഉകൊണ്ട് അറുപതു സ്വാആകുന്നു അത്. അഞ്ചു വസ്‌ക്വുകൾ മുന്നൂറു സ്വാആകുന്നു. അപ്പോൾ ഒരു സ്വാഇന്റെ തൂക്കം രണ്ടു കിലോ നാനൂറു ഗ്രാം എന്ന പരിഗണനയിൽ മുന്തിയതരം ഗോതമ്പിന്റെ നിസ്വാബിനുള്ള തൂക്കം ഏകദേശം അറുന്നൂറ്റി പന്ത്രണ്ട് കിലോ ആകുന്നു.

2) സകാത്ത് നിർബന്ധമാകുന്ന സമയത്ത് നിസ്വാബ് എത്തിയിരിക്കണം.

നിർബന്ധമായി നൽകേണ്ട വിഹിതം

നനയില്ലാതെ തന്നെ വേരുകൾ വലിച്ചെടുത്തോ നദിയിലെ വെള്ളം ഉപജീവിച്ചോ ചെലവു കൂടാതെ വെള്ളം ലഭിച്ചുണ്ടായ ധാന്യങ്ങളിലും കായ്കനികളിലും പത്തിലൊന്നും, ബക്കറ്റുകളോ ആധുനിക യന്ത്രങ്ങളോ മൃഗങ്ങളുപയോഗിച്ചു തേവിയോ മറ്റോ ചെലവോടുകൂടി വെള്ളം നനച്ചുണ്ടാക്കിയതിൽ ഇരുപതിലൊന്നുമാണ് നിർബന്ധമായ സകാത്ത്. തിരുനബിﷺ പറഞ്ഞു:

فيما سقت السماء والأنهار والعيون، أو كان بَعْلاً، العشر، وفيما سقي بالسواني، أو النضح، نصف العشر

മഴവെള്ളമോ നദികളിലെയും അരുവികളിലെയും വെള്ളമോ ഉപജീവിച്ചുണ്ടായ കൃഷിയുൽപന്നങ്ങൾക്കും നനയില്ലാതെതന്നെ വേരുകൾ വലിച്ചെടുത്തുണ്ടാകുന്ന കൃഷിയുൽപന്നങ്ങൾക്കും പത്തിലൊന്നാകുന്നു (പത്തുശതമാനം) സകാത്ത്. തേവി നനച്ചുണ്ടാക്കിയ കൃഷിയുൽപന്നങ്ങൾക്ക് പത്തിലൊന്നിന്റെ പകുതിയും (അഞ്ചു ശതമാനവും). (ബുഖാരി)

ഒരു സംഘം പണ്ഡിതന്മാർ രചിച്ച الفقه الميسر في ضوء الكتاب والسنة എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്

വിവര്‍ത്തനം : അബ്ദുൽ ജബ്ബാർ മദീനി

Leave a Reply

Your email address will not be published.

Similar Posts