നന്ദി അനിവാര്യമാക്കുന്ന കാര്യങ്ങൾ

THADHKIRAH

വിശുദ്ധ ഖുർആനിൽ 5 സ്ഥലത്ത് وَٱشْكُرُوا۟  (നിങ്ങള്‍ അല്ലാഹുവിന് നന്ദികാണിക്കുക) എന്ന് പറഞ്ഞിട്ടുള്ളതായി കാണാം. ഇവിടെയൊക്കെ പരാമർശിച്ചിട്ടുള്ള വിഷയങ്ങൾ പരിശോധിച്ചാൽ അതൊക്കെ നന്ദി അനിവാര്യമാക്കുന്ന കാര്യങ്ങളാണെന്ന് കാണാൻ കഴിയും. അതിനെ കുറിച്ചാണ് താഴെ സൂചിപ്പിക്കുന്നത്.

ഒന്ന്: പ്രവാചക നിയോഗം (അൽബഖറ 151-152)

كَمَآ أَرْسَلْنَا فِيكُمْ رَسُولًا مِّنكُمْ يَتْلُوا۟ عَلَيْكُمْ ءَايَٰتِنَا وَيُزَكِّيكُمْ وَيُعَلِّمُكُمُ ٱلْكِتَٰبَ وَٱلْحِكْمَةَ وَيُعَلِّمُكُم مَّا لَمْ تَكُونُوا۟ تَعْلَمُونَ ‎﴿١٥١﴾‏ فَٱذْكُرُونِىٓ أَذْكُرْكُمْ وَٱشْكُرُوا۟ لِى وَلَا تَكْفُرُونِ ‎﴿١٥٢﴾‏

നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതികേള്‍പിച്ച് തരികയും, നിങ്ങളെ സംസ്കരിക്കുകയും, നിങ്ങള്‍ക്ക് വേദവും വിജ്ഞാനവും പഠിപ്പിച്ചുതരികയും, നിങ്ങള്‍ക്ക് അറിവില്ലാത്തത് നിങ്ങള്‍ക്ക് അറിയിച്ചുതരികയും ചെയ്യുന്ന, നിങ്ങളുടെ കൂട്ടത്തില്‍ നിന്നു തന്നെയുള്ള ഒരു ദൂതനെ നിങ്ങളിലേക്ക് നാം നിയോഗിച്ചത് (വഴി നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം) പോലെത്തന്നെയാകുന്നു ഇതും. ആകയാല്‍ എന്നെ നിങ്ങള്‍ ഓര്‍ക്കുക. നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ്‌. എന്നോട് നിങ്ങള്‍ നന്ദികാണിക്കുക. നിങ്ങളെന്നോട് നന്ദികേട് കാണിക്കരുത്‌. (ഖുര്‍ആൻ:2/151-152)

മനുഷ്യര്‍ക്ക് സന്‍മാര്‍ഗം കാണിച്ചു തരാനായി മുഹമ്മദ് ﷺ യെ റസൂലായി അല്ലാഹു അയച്ചിട്ടുള്ളത്  അവന്റെ ഏറ്റവും വലിയ അനുഗ്രഹമാണെന്ന് ഈ വചനത്തില്‍ അല്ലാഹു സത്യവിശ്വാസികളെ ഉണര്‍ത്തുന്നു. മുഹമ്മദ് ﷺ യുടെ ദൗത്യങ്ങളെ കുറിച്ചും തുടര്‍ന്ന് സൂചിപ്പിക്കുന്നു. അല്ലാഹുവിന്റെ ആയത്തുകള്‍ ഓതിക്കേള്‍പ്പിച്ച് അല്ലാഹുവിന്റെ എകത്വം, മരണാനന്തരജീവിതം തുടങ്ങിയ സംബന്ധിച്ച് ആവശ്യമായ ലക്ഷ്യദൃഷ്ടാന്തങ്ങള്‍ വിവരിച്ചുകൊടുക്കുക, മാനുഷിക ജീവിതത്തിന്റെ എല്ലാ തുറകളിലും സംസ്‌കരണം നടത്തുക, വിശുദ്ധ ഖുര്‍ആന്‍ ആളുകളെ പഠിപ്പിക്കുക, വിശുദ്ധ ഖുര്‍ആന്‍ ഉൾപ്പടെയുള്ള അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്ന സന്ദേശങ്ങളുടെയും നിയമനിര്‍ദേശങ്ങളുടെയും പ്രാവര്‍ത്തികരൂപവും, അവയനുസരിച്ചുള്ള ജീവിതക്രമവും ആളുകൾക്ക് വിവരിച്ചുകൊടുക്കുക, വഹ്‌യ് മൂലവും പ്രവാചകന്‍ മുഖേനയുമല്ലാതെ അറിയുവാന്‍ കഴിയാത്ത കാര്യങ്ങള്‍ പലതും പഠിപ്പിക്കുക എന്നിവ അവിടുത്തെ ദൗത്യങ്ങളിൽ പെട്ടതാണ്. ഇതൊക്കെ നന്ദി അനിവാര്യമാക്കുന്ന കാര്യങ്ങളാകുന്നു. അതാണ്‌ എന്നോട് നിങ്ങള്‍ നന്ദികാണിക്കുക എന്ന് അല്ലാഹു പറഞ്ഞത്.

രണ്ട്,മൂന്ന്: ഭക്ഷണം (അൽബഖറ 172, അന്നഹ്ൽ 114)

മനുഷ്യരെ പൊതുവില്‍ സംബോധന ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു:

يَٰٓأَيُّهَا ٱلنَّاسُ كُلُوا۟ مِمَّا فِى ٱلْأَرْضِ حَلَٰلًا طَيِّبًا وَلَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَٰنِ ۚ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ

നുഷ്യരേ, ഭൂമിയിലുള്ളതില്‍ നിന്ന് അനുവദനീയവും, വിശിഷ്ടവുമായത് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. പിശാചിന്‍റെകാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രു തന്നെയാകുന്നു. (ഖു൪ആന്‍: 2/168)

സത്യവിശ്വാസികളെ പ്രത്യേകം സംബോധന ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُلُوا۟ مِن طَيِّبَٰتِ مَا رَزَقْنَٰكُمْ وَٱشْكُرُوا۟ لِلَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ

സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്‍കിയ വസ്തുക്കളില്‍ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക, അവനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍. (ഖു൪ആന്‍: 2/172)

മനുഷ്യരോടുള്ള പൊതുവായ കല്‍പനയോടൊപ്പം അല്ലാഹു അനുവദിച്ചുതന്ന ചില വസ്തുക്കളെ നിഷിദ്ധമാക്കുക പോലുള്ള പൈശാചിക സമ്പ്രദായങ്ങളെക്കുറിച്ച് താക്കീത് ചെയ്കയുണ്ടായി. സത്യവിശ്വാസികളോടുള്ള കല്‍പനയോടൊപ്പം പറഞ്ഞത് ‘നിങ്ങള്‍ അല്ലാഹുവിനെയാണ് ആരാധിക്കുന്നതെങ്കില്‍ അവന് നന്ദിയും ചെയ്യണം’ എന്നാണ്. അല്ലാഹു അനുഗ്രഹിച്ച് നൽകിയിട്ടുള്ള ഭക്ഷണത്തിന് അവനോട് നന്ദി കാണിക്കൽ സത്യവിശ്വാസികളുടെ ബാധ്യതയാണ്. മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു:

فَكُلُوا۟ مِمَّا رَزَقَكُمُ ٱللَّهُ حَلَٰلًا طَيِّبًا وَٱشْكُرُوا۟ نِعْمَتَ ٱللَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ

ആകയാല്‍ അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ളതില്‍ നിന്ന് അനുവദനീയവും വിശിഷ്ടവുമായിട്ടുള്ളത് നിങ്ങള്‍ തിന്നുകൊള്ളുക. അല്ലാഹുവിന്‍റെ അനുഗ്രഹത്തിന് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക; നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍. (ഖു൪ആന്‍: 16/114)

 നാല്: തൗഹീദ് (അൻകബൂത്ത് 16-17)

وَإِبْرَٰهِيمَ إِذْ قَالَ لِقَوْمِهِ ٱعْبُدُوا۟ ٱللَّهَ وَٱتَّقُوهُ ۖ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ ‎﴿١٦﴾‏ إِنَّمَا تَعْبُدُونَ مِن دُونِ ٱللَّهِ أَوْثَٰنًا وَتَخْلُقُونَ إِفْكًا ۚ إِنَّ ٱلَّذِينَ تَعْبُدُونَ مِن دُونِ ٱللَّهِ لَا يَمْلِكُونَ لَكُمْ رِزْقًا فَٱبْتَغُوا۟ عِندَ ٱللَّهِ ٱلرِّزْقَ وَٱعْبُدُوهُ وَٱشْكُرُوا۟ لَهُۥٓ ۖ إِلَيْهِ تُرْجَعُونَ ‎﴿١٧﴾‏

ഇബ്രാഹീമിനെയും (നാം അയച്ചു,) അദ്ദേഹം തന്‍റെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ.): നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, അവനെ സൂക്ഷിക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ മനസ്സിലാക്കുന്നുവെങ്കില്‍. നിങ്ങള്‍ അല്ലാഹുവിന് പുറമെ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും കള്ളം കെട്ടിയുണ്ടാക്കുകയുമാണ് ചെയ്യുന്നത്‌. അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നത് ആരെയാണോ അവര്‍ നിങ്ങള്‍ക്കുള്ള ഉപജീവനം അധീനമാക്കുന്നില്ല. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിങ്കല്‍ ഉപജീവനം തേടുകയും അവനെ ആരാധിക്കുകയും അവനോട് നന്ദികാണിക്കുകയും ചെയ്യുക. അവങ്കലേക്കാണ് നിങ്ങള്‍ മടക്കപ്പെടുന്നത്‌. (ഖു൪ആന്‍: 29/16-17)

അല്ലാഹുവിനുപുറമെ നിങ്ങള്‍ ആരാധിച്ചുവരുന്നവരാരും തന്നെ നിങ്ങളുടെ ജീവിതത്തിന് അനിവാര്യമായ ആഹാരം തരുവാന്‍ ശക്തരല്ല. ആഹാരം നല്‍കുന്നവന്‍ അല്ലാഹു മാത്രമാണ്. ആകാശത്തുനിന്ന് മഴ പെയ്യിപ്പിച്ച് ഭൂമിയെ ഉല്‍പ്പാദനയോഗ്യമാക്കുന്നതും, ആഹാരങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതും അവന്‍ മാത്രമാണ്. എന്നിരിക്കെ, ഉപജീവനമാര്‍ഗ്ഗം അന്വേഷിക്കേണ്ടതും, അതിനപേക്ഷിക്കേണ്ടതും അവനോടത്രെ. അതുപോലെത്തന്നെ, ജനങ്ങളുടെ സൃഷ്ടാവും, രക്ഷിതാവുമെല്ലാം അവന്‍ മാത്രമായിരിക്കെ ജനങ്ങളുടെ എല്ലാ വിധേനയുമുള്ള ആരാധനയും, കൂറും, ഭക്തിയും അവനുമാത്രം അവകാശപ്പെട്ടതാണ്. (അമാനി തഫ്സീര്‍)

അഞ്ച്: മെച്ചപ്പെട്ട താമസ-ജീവിത സാഹചര്യങ്ങൾ (സബഅ് 15)

لَقَدْ كَانَ لِسَبَإٍ فِى مَسْكَنِهِمْ ءَايَةٌ ۖ جَنَّتَانِ عَن يَمِينٍ وَشِمَالٍ ۖ كُلُوا۟ مِن رِّزْقِ رَبِّكُمْ وَٱشْكُرُوا۟ لَهُۥ ۚ بَلْدَةٌ طَيِّبَةٌ وَرَبٌّ غَفُورٌ

തീര്‍ച്ചയായും സബഅ് ദേശക്കാര്‍ക്ക് തങ്ങളുടെ അധിവാസ കേന്ദ്രത്തില്‍ തന്നെ ദൃഷ്ടാന്തമുണ്ടായിരുന്നു. അതയാത്‌, വലതുഭാഗത്തും ഇടതുഭാഗത്തുമായി രണ്ടു തോട്ടങ്ങള്‍. (അവരോട് പറയപ്പെട്ടു:) നിങ്ങളുടെ രക്ഷിതാവ് തന്ന ഉപജീവനത്തില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും, അവനോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക. നല്ലൊരു രാജ്യവും ഏറെ പൊറുക്കുന്ന രക്ഷിതാവും. (ഖു൪ആന്‍:34/15)

യമനിലുണ്ടായിരുന്ന ഒരു പ്രസിദ്ധ ഗോത്രമാണ് ‘സബഅ്.’ മഅ്‌രിബ് ദേശത്തായിരുന്നു അവർ താമസിച്ചിരുന്നത്.  അല്ലാഹു അവർക്ക് അനുഗ്രഹങ്ങൾ നൽകിയതും ആപത്തുക്കളിൽനിന്നും രക്ഷിച്ചതുമാണ് ഇവിടെ അനുഗ്രഹം കൊണ്ടുദ്ദേശ്യം. അത് അല്ലാഹുവിനെ മാത്രം ആരാധിക്കാനും അവന് നന്ദി ചെയ്യാനും അനിവാര്യമാക്കി.

ധാരാളം മഴ ലഭിക്കുന്ന ഒരു വലിയ താഴ്‌വര അവർക്കുണ്ടായിരുന്നു. വെള്ളം ശേഖരിക്കാൻ അവർ വലിയ അണക്കെട്ടുകൾ നിർമിച്ചു. അതിലേക്ക് ധാരാളം അരുവികൾ ഒഴുകിയെത്തി. വെള്ളം അതിൽ നിറഞ്ഞു. ഇടതും വലതും ഉള്ള താഴ്‌വരകളിലേക്കെല്ലാം അതിൽനിന്ന് അവർ വെള്ളം വിതരണം ചെയ്തു. ആ രണ്ട് കൂറ്റൻ തോട്ടങ്ങൾ അവർക്ക് മതിയായ ഫലങ്ങളും വിളകളും നൽകി. അവർക്ക് വളരെയധികം സന്തോഷം നൽകി. അതിനാൽ തങ്ങൾക്ക് ലഭിച്ച നിരവധി അനുഗ്രഹങ്ങൾക്കു നന്ദി ചെയ്യാൻ അല്ലാഹു അവരോട് നിർദേശിച്ചു.

Leave a Reply

Your email address will not be published.

Similar Posts