നന്മകൾ സ്വർഗ്ഗത്തിലേക്കും തിന്മകൾ നരകത്തിലേക്കുമാണ് അതിൻറെ ആളുകളെ നയിക്കുക. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം നന്മയെ പോലെ പ്രാധാന്യമർഹിക്കുന്നതാണ് തിന്മയുടെ കാര്യവും. അതായത് നന്മകൾ പ്രവർത്തിക്കുന്നതുപോലെ തിൻമകളിൽ നിന്ന് വിട്ടുനിൽക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ തിന്മകളിൽ നിന്ന് ബോധപൂർവ്വം വിട്ടുനിൽക്കുന്നവരാണ് സത്യവിശ്വാസികൾ. എന്നാൽ ചിലർക്ക് ചില തിന്മകളിൽ നിന്ന് എത്ര ശ്രമിച്ചിട്ടും വിട്ടുനിൽക്കാൻ കഴിയാറില്ല. അതിനായി ആത്മാർത്ഥമായി അവര്‍ ആഗ്രഹിക്കുന്നുമുണ്ട്. അല്ലാഹുവിനെ കുറിച്ചും പരലോകത്തെ കുറിച്ചും പറയുകയും കേൾക്കുകയും ചെയ്തിട്ടും ഈ തിൻമകൾ ഒഴിവാക്കാൻ അവർക്ക് കഴിയുന്നില്ല. അവരതിൽ അകപ്പെടുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ തിൻമകളിൽ നിന്ന് വിട്ടുനിൽക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ഓര്‍മ്മിപ്പിക്കുന്നു.
ഒന്നാമതായി, മനസ്സിന് തിൻമകളോട് ഒരു ആഭിമുഖ്യമണ്ട്.
وَمَآ أُبَرِّئُ نَفْسِىٓ ۚ إِنَّ ٱلنَّفْسَ لَأَمَّارَةُۢ بِٱلسُّوٓءِ إِلَّا مَا رَحِمَ رَبِّىٓ ۚ إِنَّ رَبِّى غَفُورٌ رَّحِيمٌ
ഞാന്‍ എന്‍റെ മനസ്സിനെ കുറ്റത്തില്‍ നിന്ന് ഒഴിവാക്കുന്നില്ല. തീര്‍ച്ചയായും മനസ്സ് ദുഷ്പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. എന്‍റെ രക്ഷിതാവിന്‍റെ കരുണ ലഭിച്ച മനസ്സൊഴികെ. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖുർആൻ: 12/53)
[النفس الأمارة بالسوء] التي يغلب عليها اتباع هواها بفعل الذنوب والمعاصي
തിന്മകളിലേക്ക് പ്രേരിപ്പിക്കുന്ന മനസ്സ് : അത് അതിന്റെ ദേഹേച്ഛയെ പിന്‍പറ്റിയും പാപങ്ങള്‍ പ്രവ൪ത്തിച്ചും അല്ലാഹുവിനെ ധിക്കരിച്ചും അതിനെ അതിജയിക്കും. (ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله – മജ്മൂഅ്)
മനുഷ്യ മനസ്സ് ദുഷ്പ്രേരണകള്‍ക്കും, ദുര്‍വികാരണങ്ങള്‍ക്കും വിധേയമാകുന്നതാണല്ലോ. അല്ലാഹുവിന്‍റെ കാരുണ്യംകൊണ്ട് രക്ഷപ്പെടുന്നവര്‍ മാത്രമേ ഇതില്‍നിന്നു ഒഴിവായിരിക്കുകയുള്ളു. (അമാനി തഫ്സീര്‍)
രണ്ടാമതായി, ദേഹേച്ചക്ക് വഴങ്ങിയും പിശാചിന്‍റെ പ്രേരണ മൂലവുമാണ് തിൻമകൾ പ്രവര്‍ത്തിക്കുന്നത്. ദേഹേച്ഛകളില്‍ നിന്നു മനസ്സിനെ തടഞ്ഞുനിറുത്താൻ കഴിഞ്ഞാൽ വിജയിച്ചു.
وَأَمَّا مَنْ خَافَ مَقَامَ رَبِّهِۦ وَنَهَى ٱلنَّفْسَ عَنِ ٱلْهَوَىٰ ﴿٤٠﴾ فَإِنَّ ٱلْجَنَّةَ هِىَ ٱلْمَأْوَىٰ ﴿٤١﴾
അപ്പോള്‍ ഏതൊരാള്‍ തന്‍റെ രക്ഷിതാവിന്‍റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തുവോ (അവന്ന്) സ്വര്‍ഗം തന്നെയാണ് സങ്കേതം. (ഖുർആൻ:79/40-41)
ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻻَ ﺗَﺘَّﺒِﻌُﻮا۟ ﺧُﻄُﻮَٰﺕِ ٱﻟﺸَّﻴْﻄَٰﻦِ ۚ ﻭَﻣَﻦ ﻳَﺘَّﺒِﻊْ ﺧُﻄُﻮَٰﺕِ ٱﻟﺸَّﻴْﻄَٰﻦِ ﻓَﺈِﻧَّﻪُۥ ﻳَﺄْﻣُﺮُ ﺑِﭑﻟْﻔَﺤْﺸَﺎٓءِ ﻭَٱﻟْﻤُﻨﻜَﺮِ ۚ
സത്യവിശ്വാസികളേ, പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റരുത്. വല്ലവനും പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റുന്ന പക്ഷം തീര്‍ച്ചയായും അവന്‍ (പിശാച്) കല്‍പിക്കുന്നത് നീചവൃത്തിയും ദുരാചാരവും ചെയ്യാനായിരിക്കും.(ഖു൪ആന്‍:24/21)
മൂന്നാമതായി, മനസ് ആസ്വാദനങ്ങളെ ആഗ്രഹിക്കുന്നു. തിൻമകൾക്ക് ഒരു ആസ്വാദനമുണ്ട്. നൻമകൾക്കും ആസ്വാദനമുണ്ട്. തിൻമകളുടെ രുചി ശൈത്വാന്റെ ഭാഗത്ത് നിന്നുള്ളതാണ്, നൻമകളുടെ രുചി അല്ലാഹുവിന്റെ ഭാഗത്ത് നിന്നുള്ളതും. നന്മയുടെ രുചിയേക്കാൾ തിൻമയുടെ രുചി മനസ്സ് ആസ്വദിച്ചാൽ തിൻമകളിൽ അധപതിക്കും. നന്മയുടെ രുചി ഉപേക്ഷിക്കാൻവരെ മനുഷ്യൻ തയ്യാറാകും. ഏതെങ്കിലും ഒരു ദുർബല നിമിഷത്തിൽ തിന്മയുടെ രുചി ആസ്വദിച്ചാൽ, പിന്നീട് അവന്റെ മനസ്സിന് നന്മയുടെ രുചിയേക്കാൾ തിന്മയുടെ രുചി ആസ്വദിക്കാനായിരിക്കും ഇഷ്ടം. തിന്മയുടെ രൂചി ആസ്വദിച്ചിട്ടുള്ളവരെ ശൈത്വാൻ പ്രലോഭിച്ചു കൊണ്ടിരിക്കും. അതിനാൽ തിൻമകളിൽ നിന്ന് വിട്ടുനിൽക്കാൻ ബോധപൂര്‍വ്വം ശ്രമിക്കണം, നൻമകൾ വര്‍ദ്ധിപ്പിക്കാനും.
നാലാമതായി, മനുഷ്യന്‍ ഒറ്റക്കാകുമ്പോൾ ശൈത്വാന് അവനില്‍ താല്‍പ്പര്യം ജനിക്കുന്നു. അതിനാൽ ഒറ്റക്കാകുന്ന സാഹചര്യം പരമാവധി ഒഴിലാക്കുക.
അഞ്ചാമതായി,ചിലര്‍ക്ക് ചില ദൗര്‍ബല്യങ്ങളുണ്ട്. അത്തരം ദൗർബല്യങ്ങളിൽ കുടുക്കാൻ ശൈത്വാൻ പരിശ്രമിക്കും.
ആറാമതായി, മനുഷ്യനെ തിന്‍മയിലേക്കും പാപത്തിലേക്കും കൊണ്ടു പോകുന്നതിന് ശൈത്വാന്‍ കഠിനമായി പരിശ്രമിക്കും. ശൈത്വാന്‍ മനസ്സിനോട് പുതിയ പാപം ചെയ്യാന്‍ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും. എന്നാല്‍ മനസ് ഇല്‍മിന്റെയും തഖ്‌വയുടെയും മനസ്സാണെങ്കില്‍ അതില്‍ നിന്ന് ഒഴിഞ്ഞുമാറും.
പുതിയ പാപം ചെയ്യാന്‍ മനസ് താല്‍പ്പര്യം കാണിക്കുന്നില്ലെങ്കില്‍ ശൈത്വാന്‍ മനസ്സിനോട് പഴയ പാപത്തെ കുറിച്ച് ഓ൪മ്മിപ്പിക്കും. അതിന്റെ ആസ്വാദനം ഇട്ടുകൊടുക്കും. അങ്ങനെ മനസ് അതിനെ ഇഷ്ടപ്പെടും. അത് പ്രവ൪ത്തിക്കുന്നതിന് ശരീരത്തെ പ്രേരിപ്പിക്കും. ധാരാളം സത്യവിശ്വാസികള്‍ കാലിടറി വീഴുന്നത് ഇവിടെയാണ്. അവിഹിത ബന്ധങ്ങള്‍ അവസാനിപ്പിച്ചവരിലും അശ്ലീലതകള്‍ കാണുകയും ചിന്തിക്കുകയും ആസ്വദിക്കുകയും ചെയ്തിരുന്നത് അവസാനിപ്പിച്ച് സംശുദ്ധ ജീവിതം ആരംഭിച്ചവരിലുമുള്ള പലരും അങ്ങനെ അതിലേക്ക് മടങ്ങുന്നു. മനസ്സിന്റെ തസ്കിയത്തിനായി കഠിനാദ്ധ്വാനം ചെയ്യുന്നവ൪ക്ക് മാത്രമാണ് ഇവിടെ പിടിച്ചു നില്‍ക്കാന്‍ കഴിയുന്നത്.
ഏഴാമതായി, മനുഷ്യർ ചെയ്യുന്ന തിൻമകൾക്ക് അനന്തരഫലങ്ങളുണ്ട്. ദുനിയാവിലും ആഖിറത്തിലും പാപത്തിന്റെ അനന്തരഫലം വേദനാജനകമായിരിക്കും. ഇത് മനസ്സിലേക്ക് കൊണ്ടുവന്നാൽ തിൻമകളിൽ നിന്നും വിട്ടുനിൽക്കാൻ സഹായിക്കും. പാപത്തിന്റെ ചില അനന്തരഫലങ്ങളെ കുറിച്ച് അറിയാൻ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.
എട്ടാമതായി, തിൻമകളുടെ അനന്തര ഫലങ്ങൾ മനുഷ്യൻ മനസ്സിലാക്കിയിട്ടുണ്ടെങ്കിലും, തിൻമയുടെ രുചി അതവനെ മറപ്പിക്കും. അവനാ തിൻമ പ്രവര്‍ത്തിക്കും. അത് ചെയ്തശേഷം അവന്റെ മനസ് അവനെ കുറ്റപ്പെടുത്തുകയും ചെയ്യും. അതാകട്ടെ അവന്റെ പ്രകൃതത്തിലുള്ളതുമാണ്.
وَلَآ أُقْسِمُ بِٱلنَّفْسِ ٱللَّوَّامَةِ
കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യം ചെയ്തു പറയുന്നു. (ഖു൪ആന്‍:75/2)
ഒമ്പതാമതായി, ഇന്ന് നന്നാവുന്നതിനേക്കാൾ പ്രയാസമാണ് നാളെ നന്നാകുന്നത് എന്ന സത്യം തിരിച്ചറിയുക. തിൻമകളുടെ രുചി ഓര്‍ക്കുമ്പോൾ, ഇന്ന് കൂടി ചെയ്ത് അവസാനിപ്പിക്കാമെന്ന് അവൻ ചിന്തിക്കും, അത് ശൈത്വാനിന്റെ ഭാഗത്ത് നിന്നുള്ളതാണ്. ഇന്ന് കഴിയട്ടെ, നാളെ മുതൽ നന്നാകാം എന്ന ചിന്തയും ശൈത്വാൻ ഇട്ടുകൊടുക്കുന്നതാണ്. ആ തിൻമ ചെയ്തു കഴിയുമ്പോഴാകട്ടെ, അത് ചെയ്യേണ്ടിയിരുന്നില്ല എന്നവന് തോന്നും. മേൽ പറഞ്ഞതുപോലെ അവന്റെ മനസ് അവനെ ആക്ഷേപിക്കുകയും ചെയ്യും.
പത്താമതായി, തിൻകളിലേക്ക് എത്തപ്പെടുന്ന സാഹചര്യങ്ങളെ ഒഴിവാക്കുക. വ്യഭിചാരത്തിൽ നിന്നും അന്യസ്തീകളുമായുള്ള ലൈംഗിക ചിന്തകളിൽ നിന്നും ഒഴിവാകണമെങ്കിൽ അന്യസ്ത്രീകളിൽ നിന്നും ദൃഷ്ടികളെ താഴ്ത്താൻ കഴിയണം. എന്നാൽ ദൃഷ്ടികളെ താഴ്ത്താതെ അത് തുറന്നു വിടുമ്പോൾ ലൈെഗികപരമായ തിൻമകളിലേക്ക് അധപതിക്കുന്നതിനുള്ള കവാടം തുറന്നുവെക്കുകയാണ്. പുരുഷന്റെ ദൗർബല്യം, ശൈത്വാന്റെ ഇടപെടൽ എന്നിവയൊക്കെ അതിന് കാരണമാകുന്നു.
خُلِقَ ٱلۡإِنسَٰنُ ضَعِيفٗا
ദുര്‍ബലനായിക്കൊണ്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. (ഖു൪ആന്‍:4/28)
ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇപ്രകാരം കാണാം:
عن طاوس : ( خلق الإنسان ضعيفا ) أي : في أمر النساء
ത്വാവൂസിൽ നിന്ന് നിവേദനം: {ദുര്‍ബലനായിക്കൊണ്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്} അതായത്: സ്ത്രീകളുടെ കാര്യത്തിൽ. (ഇബ്നുകസീർ)
عَنْ أُسَامَةَ بْنِ زَيْدٍ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَا تَرَكْتُ بَعْدِي فِتْنَةً أَضَرَّ عَلَى الرِّجَالِ مِنَ النِّسَاءِ
ഉസാമ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എനിക്ക് പിന്നിൽ സ്ത്രീകളേക്കാൾ പുരുഷന്മാർക്ക് നാശകരമായ മറ്റൊന്നിനെയും ഞാൻ വിട്ടുപോകുന്നില്ല. (ബുഖാരി: 5096)
അന്യസ്ത്രീകളെ തൊട്ട് കണ്ണ് താഴ്ത്താതെ വീണ്ടും വീണ്ടും നോക്കുന്നവൻ വ്യഭിചാരത്തിലേക്ക് എത്തപ്പെടും. ചുരുങ്ങിയപക്ഷം മനസ്സ് കൊണ്ടെങ്കിലും അവൻ വ്യഭിചരിക്കും.
وَإِذَا سَأَلْتُمُوهُنَّ مَتَٰعًا فَسْـَٔلُوهُنَّ مِن وَرَآءِ حِجَابٍ ۚ ذَٰلِكُمْ أَطْهَرُ لِقُلُوبِكُمْ وَقُلُوبِهِنَّ ۚ
നിങ്ങള്‍ അവരോട് (നബിയുടെ ഭാര്യമാരോട്) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട് മറയുടെ പിന്നില്‍ നിന്ന് ചോദിച്ചുകൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവ രുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്. (ഖുര്‍ആന്‍: 33/53)
ഈ ആയത്ത് വിശദീകരിക്കവെ ശൈഖ് നാസിര്‍ അസ്സഅദി رحمة الله പറയുന്നു:
وكلما بعد الإنسان عن الأسباب الداعية إلى الشر، فإنه أسلم له، وأطهر لقلبه. فلهذا، من الأمور الشرعية التي بين اللّه كثيرًا من تفاصيلها، أن جميع وسائل الشر وأسبابه ومقدماته، ممنوعة، وأنه مشروع، البعد عنها، بكل طريق.
തിന്മയിലേക്ക് നയിച്ചേക്കാവുന്ന കാര്യങ്ങളിൽനിന്ന് ഒരാൾ എത്രമാത്രം ഒഴിവായി അകന്ന് നിൽക്കുന്നുവോ അത്രത്തോളം അത് സുരക്ഷിതവും ഹൃദയത്തിന് ഏറ്റവും വിശുദ്ധവുമാണ്. അതിനാൽ, തിന്മക്ക് കാരണമാകുന്നതോ അതിലേക്ക് നയിക്കുന്നതോ ആയ എല്ലാ മാർഗങ്ങളും നിഷിദ്ധമാണെന്നും സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും അവയിൽനിന്ന് അകന്നുനിൽക്കണമെന്നും നിർദേശിക്കപ്പെട്ടിരിക്കുന്നു. (തഫ്സീറുസ്സഅ്ദി)
പതിനൊന്നാമതായി, മനസ്സിനെ പരിശീലിപ്പിക്കുകയും അതിനോട് ജിഹാദ് ചെയ്യുകയും ചെയ്യുക. മനസ്സിന്റെ തസ്കിയത്തിനായി കഠിനാദ്ധ്വാനം ചെയ്യുന്നവ൪ക്ക് മാത്രമാണ് ഇവിടെ പിടിച്ചു നില്‍ക്കാന്‍ കഴിയുന്നത്. ഒരാളുടെ മനസ്സ് അവൻ അതിനെ ശീലിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും. അവന് ദൃഢനിശ്ചയം ഉണ്ടായിരിക്കുകയും, അവന്റെ മനസ്സിനെ അവൻ ഉറച്ചതീരുമാനത്തിനാൽ ശീലിപ്പിക്കുകയും ചെയ്താൽ, അത് ഉറച്ച തീരുമാനത്തിൽ ആയിത്തീരുന്നതാണ്. മറിച്ച് അവൻ ആ വിഷയത്തെ നിസ്സാരമായി കാണുകയും, അവന്റെ മനസ്സിനെ അവഗണനയാൽ ശീലിപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അത് അപ്രകാരം ആയിത്തീരുന്നതാണ്. അതിനാൽ മനസ്സിനെ ദൃഢനിശ്ചയത്തിൽ ആകുവാൻ പഠിപ്പിക്കുക. അതുവഴി ക്ഷമ കൈക്കൊള്ളുക. അല്ലാഹു മനസ്സിൽ അത് ഉപേക്ഷിക്കാനുള്ള ഉറച്ച തീരുമാനം വർധിപ്പിച്ചു തരുന്നതാണ്. ക്ഷമ വർധിപ്പിച്ചു തരുന്നതാണ്.
قَالَ رَسُولُ اللَّهِ صلى الله عليه وسلم: وَمَنْ يَتَصَبَّرْ يُصَبِّرْهُ اللَّهُ.
നബി ﷺ പറഞ്ഞു: വല്ലവനും അല്ലാഹുവോട് ക്ഷമിക്കുവാനുള്ള തൗഫീക്വിനു വേണ്ടി തേടിയാല്‍ അല്ലാഹു അവനു ക്ഷമ എളുപ്പമാക്കിക്കൊടുക്കും. (ബുഖാരി:1469)
സൂറ:അഹ്സാബ് 32 ആയത്ത് വിശദീകരിച്ച് ശൈഖ് നാസിര്‍ അസ്സഅദി رحمه الله പറയുന്നു: …. അതിനാൽ ഒരു ദാസൻ തന്നിൽ അത്തരം ഒരു ആഗ്രഹമുണ്ടായാൽ, അതായത് നിഷിദ്ധ പ്രവർത്തിക്ക് പ്രേരിപ്പിക്കുന്ന വല്ലതും കാണുകയോ കേൾക്കുകയോ ചെയ്താൽ താൻ പ്രചോദിപ്പിക്കപ്പെടുന്നുണ്ട് എന്ന് മനസ്സിലാക്കി, ഇത് ഒരുതരം രോഗമാണെന്ന് തിരിച്ചറിഞ്ഞ് ഈ രോഗത്തെ ദുർബലമാക്കാനും അതിനെതിരെ പോരാടാനും കുഴപ്പത്തിലേക്ക് നയിച്ചേക്കാവുന്ന ദുഷിച്ച ചിന്തകൾ അവസാനിപ്പിക്കാനും ഗുരുതരമായ ഈ രോഗത്തെ മറികടക്കാനും ശ്രമിക്കണം. അവനെ സംരക്ഷിക്കാനും സഹായിക്കാനും അല്ലാഹുവിനോട് അപേക്ഷിക്കുകയും വേണം. ലൈംഗിക മോഹങ്ങളെ നിയന്ത്രിക്കാനുള്ള കൽപന ഇതിലെല്ലാം അടങ്ങിയിട്ടുണ്ട്. (തഫ്സീറുസ്സഅ്ദി: 33/32)
പന്ത്രണ്ടാമതായി, മനസ് ആഗ്രഹിച്ച ഒരു തിൻമ അല്ലാഹുവിന്റെ വജ്ഹ് ഉദ്ദേശിച്ച്, ചെയ്യാതെ ഒഴിവാക്കിയാൽ അത് അല്ലാഹുവിന്റെ ഇഷ്ടവും സാമീപ്യവും ലഭിക്കാൻ കാരണമാണ്. ഇഹലോഹത്തും പരലോകത്തും അത് ഉപകാരപ്പെടും. അല്ലാഹു പറഞ്ഞതായി നബി ﷺ അറിയിക്കുന്നു.
وَمَنْ هَمَّ بِسَيِّئَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ لَهُ عِنْدَهُ حَسَنَةً كَامِلَةً،
ഒരാൾ ഒരു തിൻമ ചെയ്യാന്‍ ഉദ്ദേശിച്ചു. പക്ഷെ പ്രവര്‍ത്തിച്ചില്ല. എങ്കില്‍ അതു ഒരുപൂര്‍ണ്ണമായ സല്‍ക്കര്‍മ്മമായി അവന്‍റെ പേരില്‍ അല്ലാഹു രേഖപ്പെടുത്തും. (ബുഖാരി:6491)
പതിമൂന്നാമതായി, അല്ലാഹുവിനു വേണ്ടി ഒരു കാര്യം ഉപേക്ഷിച്ചാൽ, അല്ലാഹു അതിനേക്കാൾ നല്ലതായ ഒന്ന് പകരം നൽകുന്നതാണ്.
قال رسول الله صلى الله عليه وسلم :إنك لن تدع شيئاً لله عز وجل إلا بدلك الله به ما هو خير لك منه
നബി ﷺ പറഞ്ഞു: നീ അല്ലാഹുവിന്‍റെ പ്രീതി കാംക്ഷിച്ചുകൊണ്ട് (നിഷിദ്ധമായ) ഒരു കാര്യം ഉപേക്ഷിച്ചാല്‍, അതിനേക്കാള്‍ നല്ലത് അവന്‍ നിനക്ക് പകരം നല്‍കാതിരിക്കില്ല’ (മുസ്നദ് അഹ്മദ്: 21996 – സ്വഹീഹ് അല്‍ബാനി)
പതിനാലാമതായി, ഇത്തരം സാഹചര്യങ്ങളിൽ ശൈത്വാനോടും മനസ്സിനോടും ജിഹാദ് ചെയ്ത് തിൻമയിൽ നിന്ന് വിട്ടുമാറാതെ, അതിലേക്ക് കാലെടുത്ത് വെക്കുകയാണെങ്കിൽ പിന്നെ ശൈത്വാനായിരിക്കും അവനെ നിയന്ത്രിക്കുക. അവന്റെ മനസ് കൊതിക്കുന്ന തിൻമയിലേക്കായിരിക്കും അവൻ പോകുക.
പതിനഞ്ചാമതായി, തിന്മയിൽ അകപ്പെടാതെ രക്ഷപ്പെടാൻ ആഗ്രഹിക്കുകയും എന്നാൽ ശൈത്വാനും നഫ്സിനും കീഴടങ്ങണമെന്ന് ഭയപ്പെടുകയും ചെയ്യുന്ന സന്ദർഭത്തിൽ നമസ്കാരത്തെ മുറുകെ പിടിക്കുക. നമസ്കാരം അതിന്റെ ബാഹ്യമായ രൂപത്തിൽ വെറുതെ ചെയ്താൽ മാത്രം പോര. മറിച്ച്, അതിന്റെ ‘അർകാനു’കളും ,’വാജിബാതു’കളും,’ശുറൂതു’കളും പൂർണമായ രീതിയിൽ നിർവഹിക്കണം. പതിവായും, കൃത്യമായും, പരിപൂര്‍ണ്ണമായും, ഭയഭക്തിയോടും കൂടിയും നമസ്‌കരിക്കണം. പരോക്ഷമായി അതിന്റെ അന്തസത്ത ഉൾകൊണ്ട് കൊണ്ടും, ഹൃദയ സാന്നിദ്ധ്യത്തോടു കൂടിയും, പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് ചിന്തിച്ചുകൊണ്ടും നിർവഹിക്കണം. പുരുഷൻമാര്‍ പള്ളിയിൽ പോയി ജമാഅത്തായി നമസ്കരിക്കുക. ഉറപ്പായും തിൻമയിൽ നിന്നും വിട്ടുനിൽക്കാൻ സാധിക്കും.
إِنَّ ٱلصَّلَوٰةَ تَنْهَىٰ عَنِ ٱلْفَحْشَآءِ وَٱلْمُنكَرِ ۗ
തീര്‍ച്ചയായും നമസ്കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധകര്‍മ്മത്തില്‍ നിന്നും തടയുന്നു. (ഖു൪ആന്‍ :29/45)
പതിനാറാമതായി, സന്മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവര്‍ക്ക് അല്ലാഹു കൂടുതല്‍ മാര്‍ഗ്ഗദര്‍ശനം നല്‍കുകയും, അവര്‍ക്കു വേണ്ടുന്ന ഭയഭക്തി നല്‍കുകയും ചെയ്യുമെന്ന കാര്യം ഓര്‍ക്കുക.
وَٱلَّذِينَ جَٰهَدُوا۟ فِينَا لَنَهْدِيَنَّهُمْ سُبُلَنَا ۚ وَإِنَّ ٱللَّهَ لَمَعَ ٱلْمُحْسِنِينَ
നമ്മുടെ മാർഗത്തിൽ സമരത്തിൽ ഏർപ്പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുകതന്നെ ചെയ്യുന്നതാണ്. തീർച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു. (ഖു൪ആന്‍:28/69)
അങ്ങനെ ചെയ്യുന്ന പക്ഷം, ഉയർന്ന ഈമാനും, ഭയഭക്തിയും ഉളള ഒരു നിലയിലേക്ക് അല്ലാഹു ഉയര്‍ത്തുന്നതാണ്. പിന്നെ ഇത്തരം തിന്മകളിലേക്ക് തിരിഞ്ഞു നോക്കുകയില്ല. അങ്ങനെ അല്ലാഹുവിന്റെ തൗഫീഖ് കൊണ്ട് ഇത്തരം തിന്മകളിൽ നിന്ന് വിട്ടുനിൽക്കുന്നതിൽ ആസ്വാദനം കണ്ടെത്തുന്നതാണ്. തിൻമകളിൽ നിന്ന് ലഭിക്കുന്ന ആസ്വാദനത്തേക്കാൾ വലുതായിരിക്കും അത്.