ഏറെ സ്നേഹിക്കുന്ന പൊറുക്കുന്ന റബ്ബ്

THADHKIRAH

إِنَّ رَبَّكَ وَٰسِعُ ٱلْمَغْفِرَةِ ۚ هُوَ أَعْلَمُ بِكُمْ إِذْ أَنشَأَكُم مِّنَ ٱلْأَرْضِ وَإِذْ أَنتُمْ أَجِنَّةٌ فِى بُطُونِ أُمَّهَٰتِكُمْ ۖ

… തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് വിശാലമായി പാപമോചനം നല്‍കുന്നവനാകുന്നു. നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ചുണ്ടാക്കിയ സന്ദര്‍ഭത്തിലും, നിങ്ങള്‍ നിങ്ങളുടെ ഉമ്മമാരുടെ വയറുകളില്‍ ഗര്‍ഭസ്ഥശിശുക്കളായിരിക്കുന്ന സന്ദര്‍ഭത്തിലും അവനാകുന്നു നിങ്ങളെ പറ്റി കൂടുതല്‍ അറിവുള്ളവന്‍ … (ഖു൪ആന്‍: 53/32)

▪️ നിങ്ങളുടെ സാഹചര്യങ്ങള്‍ ഏറ്റവും നന്നായി അറിയുന്നവന്‍ അല്ലാഹുവാകുന്നു.

▪️അല്ലാഹു കല്‍പിച്ച അധിക കാര്യങ്ങളിലും നിങ്ങളുടെ പ്രകൃതിയനുസരിച്ചുള്ള ദുര്‍ബലതയും കഴിവുകേടും അവന് നന്നായറിയാം.

▪️അതുപോലെത്തന്നെ തിന്മയിലേക്കുള്ള ധാരാളം പ്രചോദനങ്ങളെക്കുറിച്ചും ആകര്‍ഷണീയതയെക്കുറിച്ചും അവന് നന്നായറിയാം.

▪️പ്രതിരോധിക്കാനുള്ള കഴിവില്ലായ്മയും ദുര്‍ബലതയും ഭൂമിയിലേക്ക് നിങ്ങളെ കൊണ്ടുവന്നപ്പോള്‍ തന്നെയുള്ളതാണ്. നിങ്ങള്‍ ഗര്‍ഭപാത്രത്തില്‍ ആയിരുന്നപ്പോഴും ഇപ്പോഴും അതുണ്ടുതാനും.

▪️നിങ്ങളോട് കല്‍പിച്ചത് ചെയ്യാനുള്ള കഴിവ് അല്ലാഹു നിങ്ങള്‍ക്ക് തന്നിട്ടുണ്ടെങ്കിലും ദുര്‍ബലത നിങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. ഈ അവസ്ഥകളെല്ലാം അല്ലാഹുവിന് നന്നായറിയാം.

എന്നാല്‍ ദൈവികമായ യുക്തിയും ഔദാര്യവും താല്‍പര്യപ്പെടുന്നത് നിങ്ങളെ അവന്റെ കാരുണ്യംകൊണ്ട് മൂടാനും നിങ്ങള്‍ക്ക് പാപമോചനവും വിട്ടുവീഴ്ചയും നല്‍കാനുമാണ്. അവന്റെ നന്മകള്‍കൊണ്ട് നിങ്ങളെ വലയം ചെയ്യാനും പാപങ്ങളും കുറ്റങ്ങളും നിങ്ങളില്‍ നിന്നകറ്റാനുമാണ്. പ്രത്യേകിച്ചും, ഒരടിമ സദാസമയവും തന്റെ റബ്ബിന്റെ പ്രീതി ഉദ്ദേശിക്കുന്നവനാണെങ്കില്‍. അതോടൊപ്പം അധികസമയവും അവനോടടുക്കാവുന്ന പരിശ്രമങ്ങളില്‍ നിരതനുമാണെങ്കില്‍. തന്റെ യജമാനന്റെ കോപമുണ്ടാകുന്ന പാപങ്ങളില്‍നിന്ന് അവന്‍ ഓടിയകലുകയും ചെയ്യണം.

എന്നിട്ടും അവനില്‍നിന്ന് ചെറിയ ചെറിയ പിഴവുകള്‍ സംഭവിച്ചാല്‍ തീര്‍ച്ചയായും അല്ലാഹു ഔദാര്യം ചെയ്യുന്നവരില്‍ ഏറ്റവും ഔദാര്യവാനാണ്. ഒരു മാതാവിന് തന്റെ കുഞ്ഞിനോടുള്ളതിനെക്കാളും സ്‌നേഹമവന് തന്റെ അടിമയോടുണ്ട്. ഇത്തരം കാര്യങ്ങളില്‍ തന്റെ റബ്ബിന്റെ പാപമോചനം വളരെ അടുത്തായിരിക്കും. ഏത് സന്ദര്‍ഭത്തിലും അവന് അല്ലാഹു ഉത്തരം നല്‍കും.

അല്ലാഹുവിന്റെ പാപമോചനം ഇല്ലായിരുന്നുവെങ്കില്‍ അടിമകളും നാടുകളും നശിച്ചുപോകുമായിരുന്നു. അവന്റെ ക്ഷമയും വിട്ടുവീഴ്ചയും ഇല്ലായിരുന്നുവെങ്കില്‍ ആകാശം ഭൂമിക്കുമേല്‍ പതിക്കുമായിരുന്നു. അതില്‍ ഒരു ജീവിയും അവശേഷിക്കുമായിരുന്നില്ല.

അവലംബം: തഫ്സീറുസ്സഅ്ദി

Leave a Reply

Your email address will not be published.

Similar Posts