രണ്ട് ആളുകൾക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കാൻ, ഒരാൾ പറഞ്ഞത് മറ്റൊരാൾക്ക് എത്തിച്ചു കൊടുക്കുന്നതിനാണ് നമീമത്ത് (ഏഷണി) എന്ന് പറയുന്നത്.
قال النووي رَحِمَهُ اللَّهُ :هِيَ (النميمة) نَقْلُ كَلَامِ النَّاسِ بَعْضِهِمْ إِلَى بَعْضٍ ، عَلَى جِهَةِ الْإِفْسَادِ
ഇമാം നവവി رَحِمَهُ اللَّهُ പറഞ്ഞു: ജനങ്ങളുടെ സംസാരം അവർക്കിടയിൽ കുഴപ്പമുണ്ടാക്കാനായി പരസ്പരം എത്തിക്കുന്ന പണിയാണ് നമീമത്ത്. (ശറഹ് സ്വഹീഹു മുസ്ലിം:16/159)
هَمَّازٍ مَّشَّآءِۭ بِنَمِيمٍ
കുത്തുവാക്ക് പറയുന്നവനും ഏഷണിയുമായി നടക്കുന്നവനുമായ. (ഖു൪ആന്‍:68/11)
{ഏഷണിയുമായി നടക്കുന്നവന്‍} ജനങ്ങള്‍ക്കിടയില്‍ ഏഷണിയുമായി നടക്കുന്നു. ജനങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷണവും ഉണ്ടാക്കുന്നതിനും കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതിനും സംസാരങ്ങളെ പരസ്പരം എത്തിച്ചുകൊടുത്തുകൊണ്ടിരിക്കുക എന്നതാണ് ഏഷണി. (തഫ്സീറുസ്സഅ്ദി)
ശൈഖ് ഉഥ്മാൻ അൽ ഖമീസ് حَفِظَهُ اللَّهُ പറയുന്നു: ജനങ്ങൾക്കിടയിൽ കുഴപ്പങ്ങളുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ നടക്കുന്നവനാണ് നമീമത്തുകാരൻ. പറയുന്നത് സത്യമാണെങ്കിലും, പ്രശ്നങ്ങളുണ്ടാക്കാൻ വേണ്ടി ഒരാളുടെ സംസാരം മറ്റൊരാൾക്ക് എത്തിച്ചു കൊടുക്കുന്നവനാണ് നമീമത്തുകാരൻ. ഇപ്പോൾ, ഉദാഹരണത്തിന് ഞാനൊരാളെ പറ്റി പരദൂഷണം പറഞ്ഞു, അല്ലെങ്കിൽ വേറെന്തെങ്കിലും പറഞ്ഞു. എന്റെ സംസാരം കേട്ടവൻ, ആരെക്കുറിച്ചാണോ ഞാൻ സംസാരിച്ചത്, അവന് അത് എത്തിച്ചുകൊടുത്തു. എന്തിന് വേണ്ടിയാണ് അവനെന്റെ സംസാരം മറ്റെയാൾക്ക് എത്തിച്ച് കൊടുത്തത്? ഇനി പരദൂഷണം തന്നെയാകണമെന്നില്ല; അനുവദനീയമായ സംസാരങ്ങൾ പോലും, കുഴപ്പമുണ്ടാക്കാൻ വേണ്ടി ഒരാളുടെ സംസാരം മറ്റൊരാൾക്ക് എത്തിച്ചു കൊടുക്കുന്നവനും നമീമത്തുകാരനാണ്. ആളുകൾക്കിടയിൽ കുഴപ്പമുണ്ടാക്കാൻ വേണ്ടി ചെയ്യുന്നു എന്നതാണ് കാര്യം. നബിﷺ പറഞ്ഞു: “ക്വത്താത് സ്വർഗത്തിൽ പ്രവേശിക്കുകയില്ല.” നമീമത്ത് പറയുന്നവനാണ് ‘ക്വത്താത്ത്’ എന്ന് പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. ആകയാൽ, നമീമത്ത് പറയൽ വൻപാപമാണ്. (https://youtu.be/fiBeOWNEsD4)
عَنْ أَسْمَاءَ بِنْتِ يَزِيدَ قَالَتْ: قَالَ النَّبِيُّ صلى الله عليه وسلم: …. أَفَلاَ أُخْبِرُكُمْ بِشِرَارِكُمْ؟ قَالُوا: بَلَى، قَالَ: الْمَشَّاؤُونَ بِالنَّمِيمَةِ، الْمُفْسِدُونَ بَيْنَ الأَحِبَّةِ، الْبَاغُونَ الْبُرَآءَ الْعَنَتَ.
അസ്മാഅ് ബിൻത് യസീദ് رضى الله عنها യിൽ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളുടെ കൂട്ടത്തിലെ ഏറ്റവും മോശപ്പെട്ടവർ ആരാണെന്ന് ഞാൻ അറിയിച്ചു തരട്ടെ? അവര്‍ പറഞ്ഞു:അതെ. നബി ﷺ പറഞ്ഞു: നിരന്തരം നമീമത്തുമായി നടക്കുന്നവർ, (അതിലൂടെ) സ്നേഹിക്കുന്നവർക്കിടയിൽ കുഴപ്പമുണ്ടാക്കുകയും, നിരപരാധികളായവരുടെ നാശം കൊതിക്കുകയും ചെയ്യുന്നവർ. (അദബുൽ മുഫ്രദ്:323 – ഹസൻ അൽബാനി)
ഒരിക്കൽ ഉമർ ഇബ്‌നുഅബ്ദുൽഅസീസ് رَحِمَهُ اللَّهُ തനിക്ക് ദോഷം വരുത്തുന്ന ചില കിംവദന്തികൾ കൈമാറിയ ഒരാളോട് പറഞ്ഞു: നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നമുക്ക് ഈ കാര്യം പരിശോധിക്കാം. നിങ്ങൾ പറഞ്ഞത് കളവാണെങ്കിൽ, ഈ സൂക്തത്തിൽ പരാമർശിച്ചിരിക്കുന്ന ആളുകളിൽ ഒരാളായിരിക്കുംനിങ്ങൾ: {ഹേ, വിശ്വസിച്ചവരേ, ദുർമാർഗിയായ ഒരാൾ നിങ്ങളുടെ അടുക്കൽ വല്ല വൃത്താന്തവും കൊണ്ടുവന്നാൽ, നിങ്ങൾ അതിനെപ്പറ്റി അന്വേഷിച്ചു വ്യക്തമായി അറിഞ്ഞുകൊള്ളുവിൻ; അറിയാതെ വിഡ്ഢിത്തത്തിൽ വല്ല ജനങ്ങൾക്കും നിങ്ങൾ ആപത്തുണ്ടാക്കുകയും എന്നിട്ട് നിങ്ങൾ ചെയ്തതിന്റെ പേരിൽ നിങ്ങൾ ഖേദക്കാരായിത്തീരുകയും ചെയ്‌തേക്കുമെന്നതിനാൽ’ (ഹുജുറാത്ത് 6)} ഇനി, നിങ്ങൾ പറയുന്നത് സത്യമാണെങ്കിൽ, ഈ സൂക്തത്തിൽ പരാമർശിച്ചിരിക്കുന്ന ആളുകളിൽ ഒരാളായിരിക്കും നിങ്ങൾ: {കുത്തുവാക്ക് പറയുന്നവനും, ഏഷണിയുമായി നടക്കുന്നവനും…’ (ഖലം 11} അതല്ല, ഞങ്ങൾ നിങ്ങളോട് ക്ഷമിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, ഇക്കാര്യം ഞങ്ങൾ ക്ഷമിക്കാം.’ അന്നേരം ആ വ്യക്തി പറഞ്ഞു: ‘അമീറുൽമുഅ്മിനീൻ, എന്നോട് നിങ്ങൾ ക്ഷമിക്കൂ, ഇനിയൊരിക്കലും ഞാൻ ഇപ്രകാരം ആവർത്തിക്കുകയില്ല. (ഇഹ്‌യാ ഉലൂമുദ്ദീൻ 3/156)
നമീമത്തുമായി ബന്ധപ്പെട്ടുകൊണ്ട് പണ്ഡിതന്മാർ ഉദ്ധരിക്കാറുളള മറ്റൊരു ചരിത്രസംഭവമാണ് ഭരണാധികാരിയായ സുലൈമാൻ ഇബ്‌നു അബ്ദുൽമാലിക് തന്നെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചെന്നറിഞ്ഞ ഒരാളെ ഇമാം അസ്സുഹ്‌രിയുടെ സാന്നിധ്യത്തിൽ ശാസിച്ചത്. അന്നേരം ആ മനുഷ്യൻ അത് നിഷേധിച്ചു. അപ്പോൾ സുലൈമാൻ ഇബ്‌നു അബ്ദുൽമാലിക് പറഞ്ഞു: ‘എന്നോട് ഈ കാര്യം പറഞ്ഞത് കള്ളം പറയാത്ത ഒരുത്തനാണ്. ആ സന്ദർഭത്തിൽ സുഹ്‌രി പ്രതികരിച്ചത്, ‘നമീമത്ത് പ്രചരിപ്പിക്കുന്ന ഒരാൾക്ക് ഒരിക്കലും സത്യസന്ധനാകാൻ കഴിയില്ല’ എന്നാണ്. ഇതുകേട്ട സുലൈമാൻ ഇബ്‌നു അബ്ദുൽമാലിക്, സുഹ്‌രിയുടെ വാക്കുകളെ ശരിവെക്കുകയും ആരോപണവിധേയനായ ആളെ സമാധാനപൂർവം വിട്ടയക്കുകയും ചെയ്തു. (ഇഹ്‌യാ ഉലൂമുദ്ദീൻ 3/156)
ഏഷണിയുടെ അതിമോശമായ രൂപമാണ് ഭാര്യാഭർത്താക്കന്മാർ തമ്മിൽ തല്ലാനും, അവർ തമ്മിലുള്ള ബന്ധം വഷളാക്കാനും നടത്തുന്ന ചതിപ്രയോഗങ്ങൾ. ചില ജോലിക്കാർ സഹജീവികളെ വെട്ടിവീഴ്ത്താനും ഉപദ്രവമേൽപ്പിക്കാനും അവരുടെ ഭാഷണങ്ങളുമായി ഓഫീസ് മാനേജറേയോ കാര്യസ്‌ഥന്മാരേയോ സമീപിക്കുന്നതും ഏഷണിയിലാണ് എണ്ണപ്പെടുക. ഇതെല്ലാം നിഷിദ്‌ധമാണ്.
സിഹ്റിന്റെ ഇനം
സിഹ്റിന്റെ വിവിധ ഇനങ്ങളിൽ ഒന്നാണ് നമീമത്ത്.
عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، قَالَ إِنَّ مُحَمَّدًا صلى الله عليه وسلم قَالَ : أَلاَ أُنَبِّئُكُمْ مَا الْعَضْهُ هِيَ النَّمِيمَةُ الْقَالَةُ بَيْنَ النَّاسِ
ഇബ്‌നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: (സിഹ്റിന്റെ ഇനങ്ങളിൽ ഒന്നായ) ‘അള്ഹു ‘ എന്താണെന്ന് ഞാൻ നിങ്ങൾക്ക് അറിയിച്ചുതരട്ടെയോ? ജനങ്ങൾക്കിടയിൽ ഏഷണി പ്രചരിപ്പിക്കലാണത്. (മുസ്‌ലിം: 2606)
قال ابن عباس رضي الله عنهما: الكذب ذل، والنميمة لؤم، فمن كذب فجر، ومن نم سحر.
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പറയുന്നു: കളവ് പറയുന്നത് അപമാനമാണ്, ഏഷണി ആക്ഷേപമാണ്. കളവ് പറയുന്നവൻ അതിക്രമം ചെയ്തു, ഏഷണി പറഞ്ഞവൻ സിഹ്റ് ചെയ്തു. (أخبار الدولة العباسية: [1/114]).
ഏഷണിക്കാരൻ കുഴപ്പങ്ങൾ ഉണ്ടാക്കുന്നവനാണ്. ഒരു സാഹിർ ഒരു വർഷം കൊണ്ട് ചെയ്യാത്തത്രയും കുഴപ്പങ്ങൾ ഒരു മണിക്കൂർ കൊണ്ട് ഒരു ഏഷണിക്കാരൻ ചെയ്യും.
قال الشيخ صالح الفوزان – حفظه الله -: النميمة نوع من أنواع السحر؛ لأنها تفعل ما يفعله السحر من التفريق بين القلوب والإفساد بين الناس، لا أنّ النمام يأخذ حُكم الساحر من حيث الكفر وغيره.
ശൈഖ് സ്വാലിഹുൽ ഫൗസാൻ حفظه الله പറയുന്നു: ഏഷണി സിഹ്റിന്റെ ഇനങ്ങളിൽ ഒന്നാണ്, കാരണം സാഹിര്‍ ജനങ്ങൾക്കിടയിൽ അവരുടെ ഹൃദയങ്ങളെ അകറ്റുകയും കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നത് പോലെയാണ് ഏഷണിക്കാനും പ്രവർത്തിക്കുന്നത്. എന്നാൽ ഏഷണി പറയുന്നവൻ സാഹിറിന്റെ വിധിയെ എടുക്കുന്നില്ല, കുഫ്റിന്റെയും മറ്റു കാര്യങ്ങളുടെയും കാര്യത്തിൽ (സിഹ്ര്‍ കുഫ്റാണ്, എന്നാൽ ഏഷണി കുഫ്റല്ല എന്നതുപോലെ). المُلخص في شرح كتاب التّوْحيد (٢١١)
ഏഷണിക്കുള്ള ശിക്ഷ
عَنِ ابْنِ عَبَّاسٍ، قَالَ مَرَّ النَّبِيُّ صلى الله عليه وسلم بِقَبْرَيْنِ فَقَالَ ” إِنَّهُمَا لَيُعَذَّبَانِ، وَمَا يُعَذَّبَانِ فِي كَبِيرٍ أَمَّا أَحَدُهُمَا فَكَانَ لاَ يَسْتَتِرُ مِنَ الْبَوْلِ، وَأَمَّا الآخَرُ فَكَانَ يَمْشِي بِالنَّمِيمَةِ ”. ثُمَّ أَخَذَ جَرِيدَةً رَطْبَةً، فَشَقَّهَا نِصْفَيْنِ، فَغَرَزَ فِي كُلِّ قَبْرٍ وَاحِدَةً. قَالُوا يَا رَسُولَ اللَّهِ، لِمَ فَعَلْتَ هَذَا قَالَ ” لَعَلَّهُ يُخَفَّفُ عَنْهُمَا مَا لَمْ يَيْبَسَا ”.
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പറയുന്നു: മക്കയിലോ മദീനയിലോ ഒരു തോട്ടത്തിനടുത്തുകൂടെ നബി ﷺ നടന്നുപോയി. ആ സമയത്ത് ഖബറിൽ ശിക്ഷിക്കപ്പെടുന്ന രണ്ട് മനുഷ്യരുടെ ശബ്ദം അവിടുന്ന് കേട്ടു. അപ്പോൾ നബി ﷺ പറഞ്ഞു. അവർ രണ്ടുപേരും ശിക്ഷിക്കപ്പെടുകയാണ്. വലിയ കാര്യത്തിനല്ല അവർ ശിക്ഷിക്കപ്പെടുന്നത്. പിന്നെ നബി ﷺ പറഞ്ഞു. അവരിലൊരാൾ മൂത്രമൊഴി ക്കുമ്പോൾ വൃത്തിയാക്കുന്നതിൽ ശ്രദ്ധിച്ചിരുന്നില്ല. മറ്റെയാൾ ഏഷണിയുമായി നടക്കുന്നവനായിരുന്നു. പിന്നെ നബി ﷺ ഒരു ഈത്തപ്പനയോലത്തണ്ട് കൊണ്ടു വരാൻ പറഞ്ഞു. അത് രണ്ടാക്കി ചീന്തി രണ്ടുപേരുടെ ഖബറിന്മേലും ഓരോ ചീന്ത് കുത്തി. ചോദിക്കപ്പെട്ടു: ഇങ്ങനെ ചെയ്‌തതെന്തിനാണ് അല്ലാഹുവിന്റെ റസൂലേ? അവിടുന്ന് പറഞ്ഞു: ഇത് ഉണങ്ങാതിരിക്കുവോളം അവരുടെ ശിക്ഷ ലഘുകരിക്കപ്പെട്ടേക്കാം. (ബുഖാരി:218)
عن كعب رضى الله عنه قال: اتقوا النميمة ، فإن صاحبها لا يستريح من عذاب القبر .
കഅബ് ഇബ്നു മാലിക് رضى الله عنه പറഞ്ഞു: നിങ്ങൾ ഏഷണിയെ സൂക്ഷിക്കുക. നിശ്ചയം, ഏഷണിക്കാരന് ഖബ്ർ ശിക്ഷയിൽ നിന്ന് മോചനം ലഭിക്കുകയില്ല. [ موسوعة ابن أبي الدنيا 4/405 ]
عَنْ حُذَيْفَةُ عَنِ النَّبِيِّ صلى الله عليه وسلم قَالَ : للاَ يَدْخُلُ الْجَنَّةَ نَمَّامٌ
ഹുദൈഫ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം : നബി ﷺപറഞ്ഞു: ഏഷണിക്കാരൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. (മുസ്‌ലിം : 105)
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” أَتَدْرُونَ مَا الْمُفْلِسُ ” . قَالُوا الْمُفْلِسُ فِينَا مَنْ لاَ دِرْهَمَ لَهُ وَلاَ مَتَاعَ . فَقَالَ ” إِنَّ الْمُفْلِسَ مِنْ أُمَّتِي يَأْتِي يَوْمَ الْقِيَامَةِ بِصَلاَةٍ وَصِيَامٍ وَزَكَاةٍ وَيَأْتِي قَدْ شَتَمَ هَذَا وَقَذَفَ هَذَا وَأَكَلَ مَالَ هَذَا وَسَفَكَ دَمَ هَذَا وَضَرَبَ هَذَا فَيُعْطَى هَذَا مِنْ حَسَنَاتِهِ وَهَذَا مِنْ حَسَنَاتِهِ فَإِنْ فَنِيَتْ حَسَنَاتُهُ قَبْلَ أَنْ يُقْضَى مَا عَلَيْهِ أُخِذَ مِنْ خَطَايَاهُمْ فَطُرِحَتْ عَلَيْهِ ثُمَّ طُرِحَ فِي النَّارِ ”
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം : നബിﷺ ചോദിച്ചു: ‘പാപ്പരായവര്‍ ആരാണെന്ന് അറിയുമോ?’ സ്വഹാബികള്‍ പറഞ്ഞു: ‘പണവും വിഭവങ്ങും ഇല്ലാത്തവനാണ് പാപ്പരായവന്‍.’ നബിﷺ പറഞ്ഞു: ‘എന്റെ സമുദായത്തിലെ പാപ്പരായവന്‍ ഒരുനാണ്, നമസ്‌കാരവും നോമ്പും സകാത്തുമായി അവന്‍ വരും. പക്ഷേ, അവന്‍ ഒരുത്തനെ ശകാരിച്ചിരിക്കും. മറ്റൊരുത്തനെപ്പറ്റി അപവാദം പറഞ്ഞിരിക്കും. വേറൊരുത്തന്റെ സ്വത്ത് തിന്നിരിക്കും. മറ്റൊരുത്തന്റെ രക്തം ചിന്തിയിരിക്കും. അങ്ങനെ അവര്‍ക്കൊക്കെ അവന്റെ പുണ്യങ്ങളെടുത്തുകൊടുക്കും. അവന്റെ കടം തീരുന്നതിന് മുമ്പ് പുണ്യം കഴിഞ്ഞുപോയാല്‍ അവരുടെ പാപമെടുത്ത് ഇവന് കൊടുക്കും. അങ്ങനെ അവന്‍ നരകത്തില്‍ തള്ളപ്പെടും’. (മുസ്‌ലിം:2581)
قال شيخ الإسلام ابن تيمية رحمه الله: أسوأ أنواع الكرم هو : كرمك في إهداء حسناتك للآخرين غيبة و نميمة و بهتاناً و سباً و شتماً
ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ പറഞ്ഞു: ചീത്ത പറയൽ , ആക്ഷേപം, കള്ളാരോപണം, ഏഷണി, പരദൂഷണം ഈ വക കാര്യങ്ങൾ ചെയ്തു കൊണ്ട് നിന്റെ നന്മകളെ മറ്റുള്ളവർക്ക് സംഭാവനയായി നൽകലാണത് നീ ചെയ്യുന്ന ഔദാര്യങ്ങളിൽ ഏറ്റവും മോശപ്പെട്ടവ. (മജ്മൂഉൽ ഫതാവാ: 8/454)
വിശ്വാസം നന്നാക്കുക
قال الإمام عبد العزيز بن عبد الله بن باز رحمه الله: “فإذا رأيت من نفسك إيذاءًا لأخيك أو أختك في الله بالغيبة أو بالسب أو بالنميمة أو بالكذب أو غير هذا، فاعرف أن إيمانك ناقص وأنك ضعيف الإيمان، لو كان إيمانك مستقيمًا كاملًا لما فعلت مافعلت من ظلم أخيك”
ശൈഖ് ഇബ്നുബാസ് رَحِمَهُ اللَّهُ പറഞ്ഞു:”അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള (മുസ്‌ലിമായ) നിന്റെ സഹോദരനെയോ, സഹോദരിയെയോ ഏഷണി കൊണ്ടോ, അസഭ്യം കൊണ്ടോ, പരദൂഷണം കൊണ്ടോ, കളവ് പറഞ്ഞു കൊണ്ടോ, അതുപോലെയുള്ള കാര്യങ്ങൾ കൊണ്ടോ നീ ഉപദ്രവിക്കുന്നുണ്ടെങ്കിൽ മനസ്സിലാക്കുക; നിന്റെ ഈമാനിൽ (വിശ്വാസത്തിൽ) കുറവ് സംഭവിച്ചിരിക്കുന്നു. കാരണം, നിന്റെ ഈമാൻ നേരെചൊവ്വെയുള്ള പരിപൂർണ്ണമായ ഈമാനാണ് എങ്കിൽ; നിന്റെ സഹോദരനോട് ഈ അക്രമങ്ങൾ ഒരിക്കലും നീ ചെയ്യുകയില്ലായിരുന്നു.” [سلسة رسائل ومقالات للإمام ابن باز: ٣١٥]