മതത്തിന്റെ വിലക്കുകളോട് ഒരാള്‍ക്ക് ആദരവുണ്ടെങ്കില്‍ അതിന്റെ സ്ഥലങ്ങളില്‍നിന്നും അതിലേക്കെത്തിക്കുന്ന കാര്യങ്ങളില്‍നിന്നും അതിന്റെ പ്രേരകങ്ങളില്‍നിന്നുമൊക്കെ വിട്ടകന്നു നില്‍ക്കാന്‍ അയാള്‍ അതീവ താല്‍പര്യം കാണിക്കും. അതിലേക്ക് അടുപ്പിക്കുന്ന എല്ലാവഴികളും അയാള്‍ കയ്യൊഴിക്കും; ദുഷ്ചിത്രങ്ങളും രൂപങ്ങളും പ്രദര്‍ശിപ്പിക്കുന്ന സ്ഥലങ്ങളില്‍നിന്ന് വിട്ടകന്നുപോകുന്ന ആളുകളെ പോലെ. കാരണം ആ ചിത്രങ്ങളും രൂപങ്ങളുമാണ് പല അനാശാസ്യങ്ങള്‍ക്കും തുടക്കമിടുന്നത്. അതിനാല്‍ ആ അപകടത്തെ ഭയന്നുകൊണ്ട് അയാള്‍ അവിടെനിന്നും ഓടിയകലും. എത്രത്തോളമെന്നാല്‍, പ്രസ്തുത സൂക്ഷ്മതയുടെയും ജാഗ്രതയുടെയും ഭാഗമായി കുഴപ്പത്തെ പേടിച്ചുകൊണ്ട് കുഴപ്പമില്ലാത്തതുവരെ കയ്യൊഴിക്കുന്ന സ്ഥിതിയുണ്ടാകും. മതം അനഭിലഷണിയമായിക്കണ്ട കാര്യങ്ങളില്‍ (മക്‌റൂഹ്) പെട്ടുപോകുമെന്ന് ഭയന്ന് മതം അനുവദിച്ച കാര്യങ്ങളിലെ (മുബാഹ്) അത്യാവശ്യമില്ലാത്തവയെ കയ്യൊഴിക്കുന്നതിലേക്ക് അയാള്‍ എത്തും. അപ്രകാരംതന്നെ മതം വിലക്കിയ അത്തരം അരുതായ്മകള്‍ പരസ്യമായി ചെയ്യുന്നവര്‍, അതിനെ ന്യായീകരിക്കുന്നവര്‍, അതിലേക്ക് പ്രേരിപ്പിക്കുന്നവര്‍, അതിന്റെ ഗൗരവം കുറച്ചുകാണുന്നവര്‍, ആ അരുതായ്മകള്‍ ചെയ്യുന്നത് ഗൗനിക്കാത്തവര്‍ എന്നിവരില്‍നിന്നും അയാള്‍ വിട്ടകന്നുപോകും. തീര്‍ച്ചയായും ഇത്തരത്തിലുള്ളവരുമായുള്ള കൂടിക്കലരലും അവരോട് ഇഴുകിച്ചേരലും അല്ലാഹുവിന്റെ ശാപകോപങ്ങളിലേക്ക് ഒരാളെ എത്തിക്കുന്നതാണ്. അല്ലാഹുവിനോടും അവന്റെ വിധിവിലക്കുകളോടുമുള്ള ആദരവ് മനസ്സില്‍നിന്ന് നഷ്ടപ്പെട്ടുപോയവര്‍ക്കല്ലാതെ ഇതുമായി ഇഴുകിച്ചേരാന്‍ കഴിയുകയില്ല.
ഒരു ഉദാഹരണം: ചൂട് കഠിനമാകുന്ന സന്ദര്‍ഭങ്ങളില്‍ ദുഹ്ര്‍ നമസ്‌കാരം പിന്തിപ്പിച്ചു നിര്‍വഹിക്കാനുള്ള നിര്‍ദേശം നബി ﷺ യുടെ സുന്നത്തില്‍ വന്നിട്ടുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ ദുഹ്‌റിന്റെ നിര്‍ണിത സമയം തെറ്റിക്കുകയും ഏറ്റവും അവസാന സമയത്തേക്ക് അത് പിന്തിപ്പിക്കുകയും ചെയ്യല്‍ ഒരുതരം ‘വരണ്ട’ ഇളവെടുക്കലാണ്.
സത്യത്തില്‍ ഈ ഇളവിലെ യുക്തി, കഠിനമായചൂടുള്ള സന്ദര്‍ഭത്തിലെ നമസ്‌ക്കാരം ഭക്തിയും മനഃസാന്നിധ്യവുമില്ലാത്ത, അലസതയോടെയും വെറുപ്പോടുകൂടിയുമുള്ള ഒരുതരം യാന്ത്രികമായ ആരാധനയായിരിക്കുമെന്നതിനാല്‍ ആ ചൂട് ശമിക്കുന്നതുവരെ അത് പിന്തിപ്പിക്കാന്‍ മതം നിര്‍ദേശിച്ചു എന്നതാണ്. അപ്പോള്‍ ഹൃദയസാന്നിധ്യത്തോടെയും ഭക്തിയോടുകൂടിയും നമസ്‌കരിക്കാനും നമസ്‌കാരത്തിന്റെ ലക്ഷ്യവും മര്‍മവുമായ ഭയഭക്തിയും പടച്ചവനിലേക്ക് പൂര്‍ണമായി തിരിയുവാനും അതിലൂടെ സാധിക്കും. ഇതേപോലെ തന്നെയാണ് വിശന്നിരിക്കുന്ന സന്ദര്‍ഭത്തില്‍ ഭക്ഷണം മുന്നില്‍വെച്ച് നമസ്‌കരിക്കാന്‍ നില്‍ക്കുന്നതും മലമൂത്ര വിസര്‍ജനത്തിനായി മുട്ടിക്കൊണ്ടിരിക്കുമ്പോള്‍ അത് ശമിപ്പിക്കാതെ ആരാധനക്കൊരുമ്പെടുന്നതും. ഇവ രണ്ടും നബി ﷺ വിലക്കിയിട്ടുണ്ട്. കാരണം ഇത്തരം സന്ദര്‍ഭങ്ങളില്‍ നമസ്‌കാരം എന്ന ശ്രേഷ്ഠമായ ആരാധനാകര്‍മത്തിന്റെ ലക്ഷ്യത്തില്‍നിന്ന് മനസ്സിനെ അലോസരപ്പെടുത്തുന്ന കാര്യങ്ങളുമായി മനസ്സ് വ്യാപൃതമായിരിക്കും. അപ്പോള്‍ പ്രസ്തുത ആരാധനയുടെ ലക്ഷ്യം കൈവരിക്കാനാവുകയില്ല. അതിനാല്‍ ഒരാളുടെ ആരാധനയെ സംബന്ധിച്ചുള്ള ഗ്രാഹ്യതയുടെ ഭാഗമാണ് തന്റെ മനസ്സിനെ അസ്വസ്ഥമാക്കുന്ന കാര്യങ്ങള്‍ തീര്‍ത്തിട്ട് പൂര്‍ണമനസ്സുമായി നമസ്‌കാരത്തിനു നില്‍ക്കുകയെന്നത്.
അങ്ങനെയാകുമ്പോള്‍ തന്റെ മനസ്സും മുഖവും ശരീരവുമെല്ലാമായി പരിപൂര്‍ണമായി ആ ആരാധനയിലേക്ക് തിരിയാന്‍ അയാള്‍ക്ക് സാധിക്കും. ഇങ്ങനെയുള്ള രണ്ടു റക്അത് നമസ്‌കാരത്തിലൂടെ തന്റെ കഴിഞ്ഞുപോയ പാപങ്ങള്‍ അയാള്‍ക്ക് പൊറുക്കപ്പെടുന്നതായിരിക്കും. അതായത് മതത്തിലെ ഇളവുകള്‍ അയാള്‍ സ്വീകരിക്കുന്നത് മതനിയമങ്ങളോടുള്ള ഒരുതരം ‘വരണ്ട’ നീരസം കൊണ്ടല്ല എന്ന് സാരം.
അപ്രകാരംതന്നെ പ്രതിബന്ധങ്ങളുള്ള സാഹചര്യങ്ങളില്‍ രണ്ട് നമസ്‌കാരങ്ങള്‍ തമ്മില്‍ ‘ജംഅ്’ആക്കി ഒരു സമയത്ത് നിര്‍വഹിക്കാന്‍ യാത്രക്കാരന് ഇളവുണ്ട്. യാത്ര തുടരുന്ന സാഹചര്യത്തില്‍ ഓരോ നമസ്‌കാരവും അതാതിന്റെ സമയങ്ങളില്‍ നിര്‍വഹിക്കുകയെന്നത് പ്രയാസകരമാകുമെന്നത് പറയേണ്ടതില്ലല്ലോ. എന്നാല്‍ ഒരുസ്ഥലത്ത് രണ്ടോ മൂന്നോ ദിവസം തമ്പടിക്കാന്‍ തീരുമാനിച്ചാല്‍, അല്ലെങ്കില്‍ ആ ദിവസം യാത്രയില്ലാതെ അവിടെത്തന്നെ നില്‍ക്കുകയാണെങ്കില്‍ രണ്ടു നമസ്‌കാരങ്ങള്‍ തമ്മില്‍ ജംആക്കുന്നതിനു യാതൊരു ആവശ്യവുമില്ല. കാരണം, ഓരോ നമസ്‌കാരവും അതാതിന്റെ സമയത്ത് നിര്‍വഹിക്കുവാന്‍ യാതൊരു പ്രയാസവുമില്ലാതെ തന്നെ അയാള്‍ക്ക് സാധിക്കും. അതായത്, ഭൂരിഭാഗം യാത്രക്കാരും ധരിച്ചുവെച്ചതുപോലെ പ്രയാസങ്ങളുണ്ടായാലും ഇല്ലെങ്കിലും യാത്രയില്‍ അനിവാര്യമായും അനുവര്‍ത്തിക്കേണ്ട ഒരു സുന്നത്തൊന്നുമല്ല ജംആക്കുകയെന്നത്. മറിച്ച് ആവശ്യ സന്ദര്‍ഭത്തില്‍ എടുക്കാവുന്ന ഒരു ഇളവ് മാത്രമാണ് ജംഅ്. എന്നാല്‍ ‘ക്വസ്വ്ര്‍’ (നാലു റക്അത്തുള്ള നമസ്‌കാരം രണ്ടുറക്അത്തായി ചുരുക്കി നമസ്‌ക്കരിക്കല്‍) യാത്രയില്‍ അനുവര്‍ത്തിക്കേണ്ട പ്രബലമായ സുന്നത്ത് തന്നെയാണ്. അഥവാ, പ്രയാസങ്ങളുണ്ടായാലും ഇല്ലെങ്കിലും നാലു റക്അത്തുള്ള നമസ്‌കാരം രണ്ടുറക്അത്താക്കി ചുരുക്കി നമസ്‌ക്കരിക്കല്‍ യാത്രക്കാരനുള്ള സുന്നത്താണ്. എന്നാല്‍ രണ്ടു സമയങ്ങളിലെ നമസ്‌കാരം ഒരു സമയത്തായി നിര്‍വഹിക്കാന്‍ (ജംആക്കല്‍) ആവശ്യ സന്ദര്‍ഭങ്ങളിലുള്ള ഒരു ഇളവ് മാത്രമാണ്. രണ്ടും രണ്ടായിത്തന്നെ ഗ്രഹിക്കേണ്ടതുണ്ട്.
ഇതേപോലെ തന്നെയാണ് വിശപ്പ് മാറുവോളം ഭക്ഷണം കഴിക്കല്‍; അത് ഒരു ഇളവാണ്. നിഷിദ്ധമല്ല. എന്നാല്‍ അതില്‍ അതിരുവിട്ട് മൂക്കറ്റം തിന്നുകയും ശ്വാസംമുട്ടുവോളം ഭക്ഷിക്കുകയും ചെയ്യല്‍ ചെയ്യല്‍ ഒരിക്കലും പാടുള്ളതല്ല. അപ്പോള്‍ ഭക്ഷണത്തിലെ വൈവിധ്യങ്ങള്‍ അയാള്‍ തേടിക്കൊണ്ടിരിക്കും. ഭക്ഷണത്തിനു മുമ്പും ശേഷവും അത്തരക്കാരുടെ മുഖ്യവിഷയം തന്റെ വയറുതന്നെയായിരിക്കും. എന്നാല്‍ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കുക എന്നതാണ്. വിശപ്പ് മാറുവോളം തിന്നാം. ഭക്ഷണത്തോട് താല്‍പര്യമുണ്ടായിരിക്കെ ഭക്ഷണമൊഴിവാക്കാന്‍, അഥവാ തീറ്റ അവസാനിപ്പിക്കാന്‍ കഴിയണം. അതിന്റെ മാനദണ്ഡം നബി ﷺ പറഞ്ഞ ഈ വാക്കുകളാണ്:
ثلث لطعامه وثلث لشرابه وثلث لنفسه
‘മൂന്നില്‍ ഒരുഭാഗം തന്റെ ഭക്ഷണത്തിനും മൂന്നില്‍ ഒന്ന് പാനീയത്തിനും ബാക്കി മൂന്നിലൊന്ന് ശ്വാസോഛ്വാസത്തിനുമാണ്.’
അതിനാല്‍ ആ മൂന്നു ഭാഗവും മുഴുവനായി ഭക്ഷണത്തിനു മാത്രമാക്കരുത്.
വിധിവിലക്കുകളില്‍ അതിരുവിട്ട തീവ്രത കാണിക്കുന്നതും ഇസ്‌ലാമികമല്ല; വുദൂഅ് എടുക്കുമ്പോള്‍ ‘വസ്‌വാസ്’ കാണിച്ച് അതില്‍ അതിരുവിടുകയും അവസാനം നമസ്‌കാരത്തിന്റെ ശ്രേഷ്ഠമായ സമയം നഷ്ടപ്പെടുത്തുകയും ചെയ്യുന്നതുപോലെ. അല്ലെങ്കില്‍ നമസ്‌കരിക്കാന്‍ നില്‍ക്കുമ്പോള്‍ തക്ബീറത്തുല്‍ ഇഹ്‌റാം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഇമാമിനോടൊപ്പമുള്ള ഫാതിഹ പാരായണം നഷ്ടപ്പെടുത്തുന്നത് പോലെ. ചിലപ്പോള്‍ ആ റക്അത്ത് തന്നെ നഷ്ടപ്പെടുകയും ചെയ്‌തേക്കും! അതുമല്ലെങ്കില്‍ ഭക്തിയുടെയും സൂക്ഷ്മതയുടെയും പേരില്‍ അതിരുവിട്ട് പൊതുവിലുള്ള മുസ്‌ലിംകളുടെ, അഥവാ മറ്റുള്ളവരുടെ ഭക്ഷണസാധനങ്ങളൊന്നും കഴിക്കാതെ തീവ്രത പുലര്‍ത്തുന്നതുപോലെ. ഹറാമുകളെന്നു സംശയിക്കപ്പെടുന്ന സാമ്പാദ്യങ്ങള്‍ അതില്‍ വന്നിട്ടുണ്ടോ എന്ന പേടിയിലാണത്രെ അവ ഒഴിവാക്കുന്നത്!
മതത്തിലെ വിധിവിലക്കുകളോടുള്ള ആദരവിന്റെ യാഥാര്‍ഥ്യം എന്നത് അവയൊരിക്കലും അതിരുവിട്ട ഇളവുകള്‍ തേടിപ്പോകുന്നതിലേക്കും തീവ്രമായ അതിരുകവിച്ചിലിലേക്കും വഴിമാറാതെ, അല്ലാഹുവിലേക്ക് എത്തിക്കുന്ന മിതത്വത്തിന്റെ നേര്‍മാര്‍ഗത്തിലൂടെ സഞ്ചരിക്കുകയെന്നതാണ്.
അല്ലാഹു കല്‍പിച്ച ഏതൊരു കാര്യത്തിലും പിശാചിന് രണ്ടുരൂപത്തിലുള്ള ദുര്‍ബോധനങ്ങളുണ്ടാകും. ഒന്നുകില്‍ അതിലുള്ള അവഗണനയും വീഴ്ചവരുത്തലും. അല്ലെങ്കില്‍ അതില്‍ അതിരുകവിയലും തീവ്രത പുലര്‍ത്തലും. ഈ രണ്ടില്‍ ഏതിലൂടെയാണ് ഒരാളെ കീഴ്‌പെടുത്തി വിജയംനേടാന്‍ സാധിക്കുക എന്നതാണ് അവന്റെ നോട്ടം. അങ്ങനെ അവന്‍ ഒരാളുടെ ഹൃദയത്തിലേക്ക് ചെന്ന് ‘മണം പിടിക്കും.’ അയാളില്‍ അലസതയുടെയും ആലസ്യത്തിന്റെയും പിന്തിരിപ്പിക്കലിന്റെയും തളര്‍ച്ചയുടെയും ഇളവ് അന്വേഷിക്കലിന്റെയുമൊക്കെ ലക്ഷണങ്ങളാണ് കാണുന്നതെങ്കില്‍ ആ വഴിയിലൂടെ അവന്‍ അയാളെ പിടികൂടും. അങ്ങനെ അയാളെ മടിയനും ക്ഷീണിതനും ആലസ്യക്കാരനുമാക്കി ഇരുത്തിക്കളയും. എന്നിട്ട് ന്യായീകരണത്തിന്റെയും പ്രതീക്ഷയുടെയും പല വ്യാഖ്യാനങ്ങളും ഇട്ടുകൊടുക്കും. അങ്ങനെ ചിലപ്പോള്‍ കല്‍പിക്കപ്പെട്ട നിര്‍ബന്ധ ബാധ്യതകള്‍ പൂര്‍ണമായിത്തന്നെ കയ്യൊഴിക്കുന്ന അവസ്ഥയിലേക്കെത്തും.
ഇനി ഒരാളില്‍ ജാഗ്രതയും സൂക്ഷ്മതയും ആവേശവും ഊര്‍ജസ്വലതയുമൊക്കെ ദര്‍ശിക്കുകയും മടിയനാക്കി തളര്‍ത്തി ഇരുത്തിക്കളയാന്‍ സാധിക്കുകയില്ലെന്നു തിരിച്ചറിയുകയും ചെയ്താല്‍ കൂടുതല്‍ പ്രയത്‌നിക്കുവാന്‍ അയാളെ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും. ചെയ്തുകൊണ്ടിരിക്കുന്ന കര്‍മങ്ങള്‍ തനിക്ക് അപര്യാപ്തമാണെന്നും ഇതിനെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അവരൊക്കെ ചെയ്തത് തനിക്ക് പോരാത്തതിനാല്‍ അതിലുപരി ചെയ്യേണ്ടതുണ്ടെന്നും അയാളെ തോന്നിപ്പിച്ചുകൊണ്ടിരിക്കും. അവര്‍ ഉറങ്ങിയാലും നീ ഉറങ്ങിക്കൂടാ. അവര്‍ നോമ്പ് എടുക്കാത്തപ്പോള്‍ നീ നോമ്പ് ഉപേക്ഷിക്കരുത്. അവര്‍ ക്ഷീണിച്ചാലും നീ ക്ഷീണിക്കരുത്. അവരില്‍ ഒരാള്‍ തന്റെ കയ്യും മുഖവും മൂന്നു പ്രാവശ്യമാണ് കഴുകിയതെങ്കില്‍ നീ ഒരു ഏഴുതവണയെങ്കിലും കഴുകണം. അവര്‍ നമസ്‌കാരത്തിനായി വുദൂഅ് എടുക്കുകയാണ് ചെയ്തിരുന്നതെങ്കില്‍ നീ അതിന്നുവേണ്ടി കുളിക്കണം എന്നിങ്ങനെ അതിരുകവിച്ചിലിന്റെയും തീവ്രതയുടെയും അന്യായത്തിന്റെയും വഴികള്‍ ചൂണ്ടിക്കാട്ടി തീവ്രതക്കും പരിധിവിടുന്നതിനും മിതത്വത്തിന്റെ നേരായമാര്‍ഗം വിട്ടുകടക്കുന്നതിനും അയാളെ പ്രേരിപ്പിക്കും. ആദ്യത്തെയാളെ നേര്‍മാര്‍ഗത്തിലേക്ക് അടുക്കുവാന്‍പോലും അനുവദിക്കാതെ അതില്‍ വീഴ്ചവരുത്തിച്ചുകൊണ്ട്, അലസനാക്കിക്കൊണ്ട് വഴിതെറ്റിച്ചതുപോലെ ഇയാളെ ഈ രൂപത്തിലും വഴിപിഴപ്പിക്കുന്നു.
രണ്ടുപേരുടെ കാര്യത്തിലും അവന്റെ ലക്ഷ്യം അവരെ നേര്‍മാര്‍ഗത്തില്‍നിന്നു തെറ്റിച്ചു പുറത്തുകളയുകയെന്നതാണ്. ഒരാളെ അതിലേക്ക് അടുപ്പിക്കാതെയും മറ്റെയാളെ അതില്‍ ശരിയായ രീതിയില്‍ നിലനിര്‍ത്താതെ പരിധിവിട്ടും അന്യായം ചെയ്യിപ്പിച്ചും.
ഈ രൂപത്തിലൂടെ വളരെയധികം ആളുകളെ പിശാച് കുഴപ്പത്തിലാക്കിയിട്ടുണ്ട്. രൂഢമൂലമായ അറിവും ശക്തമായ ഈമാനും പിശാചിനെതിരെ പൊരുതുവാനുള്ള ശേഷിയും മിതത്വത്തിന്റെ നേര്‍മാര്‍ഗം കടുകിട വ്യതിചലിക്കാതെ അനുധാവനം ചെയ്യലുമാണ് അതില്‍നിന്നുള്ള രക്ഷാമാര്‍ഗം. അല്ലാഹു മാത്രമാണ് സഹായി.
മതത്തിലെ വിധിവിലക്കുകളോടുള്ള ആദരവിന്റെ ഭാഗമാണ് അല്ലാഹുവിന്റെ ഏതെങ്കിലും ഒരു കല്‍പനക്ക് കീഴൊതുങ്ങുന്നതിനും അത് പ്രയോഗവല്‍കരിക്കുന്നതിനും തടസ്സമായ വല്ല ന്യായവാദങ്ങളും നിരത്തി അതില്‍നിന്ന് പിന്നാക്കം പോകാതിരിക്കുകയെന്നത്. മറിച്ച് അല്ലാഹുവിന്റെ കല്‍പനക്കും വിധിവിലക്കുകള്‍ക്കും, അതിനെ പ്രയോഗവല്‍കരിച്ചുകൊണ്ട് കീഴ്‌പെടുകയെന്നതാണ് ഒരു വിശ്വാസിയുടെ കടമ. അതിലെ യുക്തിരഹസ്യങ്ങള്‍ നമുക്ക് ബോധ്യപ്പെട്ടാലും ഇല്ലെങ്കിലും പ്രസ്തുത വിധിവിലക്കുകള്‍ അനുസരിക്കുകയാണ് വേണ്ടത്. മതത്തിന്റെ യുക്തിരഹസ്യങ്ങള്‍ ആ നിയമത്തില്‍ ബോധ്യമായാല്‍ ആ കല്‍പനാനിര്‍ദേശങ്ങള്‍ക്ക് കീഴ്‌പെടാന്‍ കൂടുതല്‍ പ്രേരകമാവുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അത് ബോധ്യപ്പെട്ടില്ല എന്നതിന്റെ പേരില്‍ പ്രസ്തുത നിയമത്തില്‍നിന്ന് ഊരിപ്പോകുവാനോ പൂര്‍ണമായും അതിനെ കയ്യൊഴിയുവാനോ പ്രേരിപ്പിക്കാവതല്ല. തസ്വവ്വുഫിലേക്ക് ചേര്‍ത്ത് പറയുന്നവര്‍ക്കും കുറെ മതനിഷേധികള്‍ക്കും സംഭവിച്ചത് അതാണ്.
അല്ലാഹു അഞ്ച് നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ നിയമമാക്കിയത് അവനെ സ്മരിക്കുന്നതിനു വേണ്ടിയാണ്. ഹൃദയവും ശരീരാവയവങ്ങളും നാവുമെല്ലാം അവനു കീഴ്‌പെടുന്നതില്‍ ഉപയോഗിച്ചുകൊണ്ടുള്ള സ്മരണ. അവയ്ക്ക് ഓരോന്നിനും ആ കീഴ്‌പെടലിന്റെ വിഹിതം നല്‍കിക്കൊണ്ടാണ് അത് നിര്‍വഹിക്കേണ്ടത്. അതാണല്ലോ ഒരു ദാസന്റെ സൃഷ്ടിപ്പിന്റെ ലക്ഷ്യം. അങ്ങനെയാകുമ്പോള്‍ പ്രസ്തുത കീഴ്‌പെടലിന്റെ (ഉബൂദിയ്യത്ത്) ഏറ്റവും പരിപൂര്‍ണമായ പദവിയിലാണ് ആ നമസ്‌കാരം നിശ്ചയിക്കപ്പെട്ടിട്ടുള്ളതെന്നു കാണാനാവും.
ഇബ്നുല്‍ ഖയ്യിം رحمه الله രചിച്ച ‘അല്‍ വാബിലുസ്സ്വയ്യിബ്’ എന്ന ഗ്രന്ഥത്തിൽ നിന്നും
വിവർത്തനം: ശമീര്‍ മദീനി