ചുറ്റുപാടുമുള്ള പ്രദേശങ്ങളേക്കാൾ വളരെ ഉയർന്ന ഭൂവിഭാഗമാണ് പർവ്വതം എന്നറിയപ്പെടുന്നത്. ഭൂനിരപ്പിൽ നിന്ന് 900 മീറ്ററിലധികം ഉയരവും, ഏതാണ്ട് അതിന്റെ ഉപരിതലത്തിന്റെ പകുതിഭാഗം ചെങ്കുത്തായ ചരിവുമുള്ളതാണ് ഒരു പർവ്വതം. പർവ്വതവും, കുന്നും തമ്മിൽ വ്യത്യാസങ്ങളുണ്ട്. കുന്ന് പർവ്വതത്തേക്കാൾ ഉയരം കുറഞ്ഞ ഭൂപ്രകൃതിയാണ്. പർവ്വതത്തിന്റെ ഉയരം ആയിരക്കണക്കിന് മീറ്ററായി സൂചിപ്പിക്കുമ്പോൾ, കുന്നിന്റെ ഉയരം ഏതാ‍നും നൂറ് മീറ്ററായി മാത്രമാണ് സൂചിപ്പിക്കുന്നത്. പർവ്വതങ്ങളെക്കുറിച്ചുള്ള പഠനശാഖ ഓറോഗ്രാഫി എന്നറിയപ്പെടുന്നു.  (wikipedia)

വിശുദ്ധ ഖുര്‍ആനിൽ പര്‍വ്വതങ്ങളെ കുറിച്ച് ധാരാളം സ്ഥലത്ത് പ്രതിപാദിച്ചിട്ടുണ്ട്. ദൈവാസ്തിത്വത്തിന്റെ തെളിവുകളായി ഇസ്‌ലാം മുന്നോട്ട് വെക്കുന്ന തെളിവുകളിൽ ഒന്ന് പര്‍വ്വതത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ്. പര്‍വ്വതത്തെ കുറിച്ച് ആഴത്തിൽ പഠിക്കുന്നവര്‍ക്കറിയാം,  പല വര്‍ണങ്ങളിലുള്ള മണ്ണും കല്ലും പലയിനം ഖനിജങ്ങളും ചേര്‍ന്നുറച്ചുനില്‍ക്കുന്ന ഈ പര്‍വതങ്ങൾ ഉയര്‍ന്നുവന്നതിന്റെ പിന്നിൽ  ഒരു സൃഷ്ടാവുണ്ടെന്ന്.  അതാണ് വിശുദ്ധ ഖുര്‍ആൻ ഇപ്രകാരം ചോദിച്ചിട്ടുള്ളത്:

وَإِلَى ٱلْجِبَالِ كَيْفَ نُصِبَتْ

പര്‍വ്വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെയാണ് നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നതെന്ന്. (ഖു൪ആന്‍ : 88/19)

وَيَنْظُرُونَ إِلَى الجِبَالِ كَيْفَ نَصَبَهَا وَثَبَّتَ بِهَا الأَرْضَ أَنْ تَضْطَرِبَ بِالنَّاسِ

പർവ്വതങ്ങളിലേക്ക് അവർ നോക്കുന്നില്ലേ?! എങ്ങനെയാണ് അല്ലാഹു അതിനെ നാട്ടിനിർത്തുകയും, അതിലൂടെ ഭൂമിയെ ഇളകിമറിയാത്ത വിധം ഉറപ്പിച്ചു നിർത്തുകയും ചെയ്തതെന്ന്. (തഫ്സീർ മുഖ്തസ്വർ)

وَإِلَى الْجِبَالِ كَيْفَ نُصِبَتْ بِهَيْئَةٍ بَاهِرَةٍ، حَصَلَ بِهَا الِاسْتِقْرَارُ لِلْأَرْضِ وَثَبَاتُهَا عَنِ الِاضْطِرَابِ، وَأَوْدَعَ فِيهَا مِنَ الْمَنَافِعِ الْجَلِيلَةِ مَا أَوْدَعَ.

{പര്‍വതങ്ങളിലേക്ക് അവര്‍ നോക്കുന്നില്ലേ? അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നുവെന്നത്} വ്യക്തമായി കാണുന്ന രൂപത്തില്‍ ഭൂമിയെ ഉറപ്പിച്ചുനിര്‍ത്താന്‍ ഉപകരിക്കുന്നതും ഇളകാതെ നിര്‍ത്തുന്നതും ധാരാളം പ്രയോജനങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ നിലയില്‍. (തഫ്സീറുസ്സഅ്ദി)

അതെ, ഭൂമിയുടെ ഉപരിതലത്തിലെ സന്തുലിതാവസ്ഥ സ്ഥിരപ്പെടുത്തുന്നതിലും പർവതങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അവയാണ് ഭൂമിയുടെ ഇളക്കത്തെ തടഞ്ഞു നിര്‍ത്തുന്നത്.

وَجَعَلْنَا فِيهَا رَوَٰسِىَ شَٰمِخَٰتٍ وَأَسْقَيْنَٰكُم مَّآءً فُرَاتًا

അതില്‍ (ഭൂമിയിൽ) ഉന്നതങ്ങളായി ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ നാം വെക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കു നാം സ്വച്ഛജലം കുടിക്കാന്‍ തരികയും ചെയ്തിരിക്കുന്നു. (ഖുർആൻ:77/27)

وَجَعَلْنَا فِيهَا رَوَاسِيَ أَيْ: جِبَالًا تُرْسِي الْأَرْضَ، لِئَلَّا تَمِيدَ بِأَهْلِهَا، فَثَبَّتَهَا اللَّهُ بِالْجِبَالِ الرَّاسِيَاتِ {الشَّامِخَاتِ} أَيِ: الطِّوَالِ الْعِرَاضِ،

{അതില്‍ ഉന്നതങ്ങളായി ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങളെ നാം വെക്കുകയും ചെയ്തിരിക്കുന്നു} ഭൂമിയിലുള്ളവരെ കൊണ്ട് ഭൂമി ചാഞ്ഞുപോകാതിരിക്കാന്‍ ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങളെ ഉണ്ടാക്കി. ഉയര്‍ന്നു നില്‍ക്കുന്ന, ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങളെ കൊണ്ട് ഭൂമിയെ ഉറപ്പിച്ചുനിര്‍ത്തി. അതായത് നീണ്ടതും വിശാലവുമായ പര്‍വതങ്ങള്‍. (തഫ്സീറുസ്സഅ്ദി)

وَأَلْقَىٰ فِى ٱلْأَرْضِ رَوَٰسِىَ أَن تَمِيدَ بِكُمْ

ഭൂമി നിങ്ങളെയും കൊണ്ട് ഇളകാതിരിക്കുവാനായി അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിച്ചിരിക്കുന്നു. (ഖുർആൻ:16/15)

ഒരു എത്തും പിടിയും കൂടാതെ അന്തരീക്ഷത്തില്‍ നിലകൊള്ളുന്ന ഭൂഗോളം അതിലെ നിവാസികള്‍ സഹിതം ചരിഞ്ഞോ മറിഞ്ഞോ തെറിച്ചോ പോകാതിരിക്കുവാന്‍വേണ്ടി – സമുദ്രത്തില്‍ കപ്പലുകള്‍ നങ്കൂരമിട്ടുറപ്പിച്ചു നിറുത്തുന്നതുപോലെ – ഭാരമേറിയ പര്‍വ്വതങ്ങളാകുന്ന നങ്കൂരങ്ങള്‍ വഴി അതിനെ അല്ലാഹു ഉറപ്പിച്ചുനിര്‍ത്തിയിരിക്കുന്നു. (അമാനി തഫ്സീര്‍)

ഇവിടെ പര്‍വ്വതങ്ങളെ കുറിച്ചുള്ള വിശുദ്ധ ഖുര്‍ആനിന്റെ പ്രയോഗം ശ്രദ്ധേയമാണ്.

وَٱلْجِبَالَ أَوْتَادًا

പര്‍വ്വതങ്ങളെ ആണികളാക്കുകയും (ചെയ്തില്ലേ?) (ഖുർആൻ:78/7)

وَجَعَلْنَا الجِبَالَ عَلَيْهَا بِمَنْزِلَةِ أَوْتَادٍ تَمْنَعُهَا مِنَ الاضْطِرَابِ.

ഭൂമി ഇളകി പോകാതിരിക്കുന്നതിനായി നാം അതിന് മുകളിൽ ആണികളെ പോലെ നിലകൊള്ളുന്ന പർവ്വതങ്ങളെ നിശ്ചയിച്ചില്ലേ? (തഫ്സീർ മുഖ്തസ്വർ)

ഭൂമിക്കു ഇളക്കം പറ്റാതെ അതിനെ ഉറപ്പിച്ചു നിറുത്തുന്നതിനായി അതിന് മുകളിൽ ആണികളെ പോലെ നിലകൊള്ളുന്ന പർവ്വതങ്ങളെ അല്ലാഹു നിശ്ചയിച്ചു. അതേപോലെ പർവ്വതങ്ങൾക്ക് ഭൂമിയുടെ ഉപരിതലത്തിനടിയിൽ ആഴത്തിലുള്ള വേരുകളുണ്ടെന്നും ആധുനിക ഭൗമശാസ്ത്രങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഭൂമിയിൽ ഉറച്ച് നിൽക്കുന്ന പര്‍വ്വതങ്ങളുടെ അന്ത്യനാളിലെ അവസ്ഥ എന്താണ്? വിശുദ്ധ ഖുര്‍ആൻ പറയുന്നു:

وَتَسِيرُ ٱلْجِبَالُ سَيْرًا

പര്‍വ്വതങ്ങള്‍ (അവയുടെ സ്ഥാനങ്ങളില്‍ നിന്ന്‌) നീങ്ങി സഞ്ചരിക്കുകയും ചെയ്യുന്ന ദിവസം. (ഖുർആൻ:52/10)

നിശ്ചലമായിക്കാണുന്ന ഈ വമ്പിച്ച പര്‍വ്വതങ്ങള്‍ ഖിയാമത്തുനാളില്‍ അടിപുഴങ്ങി മേഘംപോലെ അതിവേഗതയില്‍ ഓടിക്കറങ്ങുന്നതാണ്.

وَتَرَى ٱلْجِبَالَ تَحْسَبُهَا جَامِدَةً وَهِىَ تَمُرُّ مَرَّ ٱلسَّحَابِ ۚ صُنْعَ ٱللَّهِ ٱلَّذِىٓ أَتْقَنَ كُلَّ شَىْءٍ ۚ إِنَّهُۥ خَبِيرُۢ بِمَا تَفْعَلُونَ

പര്‍വ്വതങ്ങളെ നീ കാണുമ്പോള്‍ അവ ഉറച്ചുനില്‍ക്കുന്നതാണ് എന്ന് നീ ധരിച്ച് പോകും. എന്നാല്‍ അവ മേഘങ്ങള്‍ ചലിക്കുന്നത് പോലെ ചലിക്കുന്നതാണ്‌. എല്ലാകാര്യവും കുറ്റമറ്റതാക്കിത്തീര്‍ത്ത അല്ലാഹുവിന്‍റെ പ്രവര്‍ത്തനമത്രെ അത്‌. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. (ഖുർആൻ:27/88)

പര്‍വതങ്ങള്‍ സഞ്ചരിക്കുകയും ചിതറപ്പെട്ട ധൂളികളെപ്പോലെ ആയിത്തീരുകയും ചെയ്യും.

وَسُيِّرَتِ ٱلْجِبَالُ فَكَانَتْ سَرَابًا

പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുകയും അങ്ങനെ അവ മരീചിക പോലെ ആയിത്തീരുകയും ചെയ്യും. (ഖുർആൻ:78/20)

وجُعِلَتِ الجِبَالُ تَسِيرُ حَتَّى تَتَحَوَّلَ هَبَاءً مَنْثُورًا، فَتَصِيرَ مِثْلَ السَّرَابِ.

പർവ്വതങ്ങൾ സഞ്ചരിപ്പിക്കപ്പെടും; അവ ഊതിപ്പറത്തിയ ധൂളികൾ ആയിത്തീരും. അങ്ങനെ അവ മരീചിക പോലെയാവുകയും ചെയ്യും. (തഫ്സീർ മുഖ്തസ്വർ)

പര്‍വ്വതങ്ങളെല്ലാം അന്നു പൊടിപൊടിയായി പാറ്റപ്പെടുന്നു, യാതൊരു കുന്നും കുഴിയുമില്ലാതെ ഭൂമി സമനിരപ്പാക്കപ്പെടുന്നു. അങ്ങിനെ, അതിന്റെ സ്ഥിതിതന്നെ മറ്റൊന്നായി മാറുന്നു.

وَيَسْـَٔلُونَكَ عَنِ ٱلْجِبَالِ فَقُلْ يَنسِفُهَا رَبِّى نَسْفًا ‎﴿١٠٥﴾‏ فَيَذَرُهَا قَاعًا صَفْصَفًا ‎﴿١٠٦﴾‏ لَّا تَرَىٰ فِيهَا عِوَجًا وَلَآ أَمْتًا ‎﴿١٠٧﴾

പര്‍വ്വതങ്ങളെ സംബന്ധിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: എന്‍റെ രക്ഷിതാവ് അവയെ പൊടിച്ച് പാറ്റിക്കളയുന്നതാണ്‌. എന്നിട്ട് അവന്‍ അതിനെ സമനിരപ്പായ മൈതാനമാക്കി വിടുന്നതാണ്‌. ഇറക്കമോ കയറ്റമോ നീ അവിടെ കാണുകയില്ല. (ഖുർആൻ:25/105-107)

പര്‍വ്വതങ്ങളടക്കമുള്ള എല്ലാ വസ്തുക്കളെയും, അതിസമര്‍ത്ഥമാംവണ്ണം വ്യവസ്ഥാപിതമായി കൈകാര്യം ചെയ്യുന്ന അതേ ലോകനിയന്താവായ അല്ലാഹുവിന്‍റെ പ്രവര്‍ത്തനം തന്നെയാണ് അന്നത്തെ ദിവസം പര്‍വ്വതങ്ങളില്‍ ഈ വമ്പിച്ച മാറ്റം ഉണ്ടാക്കുന്നതും.

Leave a Reply

Your email address will not be published.

Similar Posts