അല്ലാഹുവിന്റെ അസ്തിത്വം സമ്മതിക്കുന്ന, അതോടൊപ്പം അല്ലാഹുവല്ലാത്തവര്‍ക്ക് ആരാധനകൾ അര്‍പ്പിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരോട് അല്ലാഹു ചോദിക്കുന്നു:

أَلَيْسَ ٱللَّهُ بِكَافٍ عَبْدَهُ

അല്ലാഹുവിന്റെ അടിമക്ക് അവൻ (അല്ലാഹു) മതിയായവനല്ലേ? (ഖുര്‍ആൻ:39/36)

അല്ലാഹുവല്ലാത്തവര്‍ക്ക് ആരാധനകൾ അര്‍പ്പിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവർ, തങ്ങളുടെ എല്ലാ കാര്യങ്ങൾക്കും അല്ലാഹു മതിയാകുകയില്ലെന്ന ധാരണയിൽനിന്നാണ് അതെല്ലാം ചെയ്യുന്നത്. യഥാർത്ഥ ആരാധ്യനായി അല്ലാഹുവെല്ലാതെ മറ്റാരുമില്ലെന്ന് സാക്ഷ്യം വഹിച്ചിട്ടുള്ള ഒരു മുസ്ലിമിന്, അല്ലാഹുവിന്റെ ചോദ്യത്തിന് ഇപ്രകാരം മറുപടി കൊടുക്കാൻ കഴിയണം:

حَسْبِيَ اللهُ

എനിക്ക് അല്ലാഹു മതി.

ഇബ്രാഹിം നബി عليه السلام യും മുഹമ്മദ് നബി ﷺ യും സ്വഹാബികളും മറുപടി നൽകിയതുപോലെ.

عَنِ ابْنِ عَبَّاسٍ، ‏{‏حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ‏}‏ قَالَهَا إِبْرَاهِيمُ عَلَيْهِ السَّلاَمُ حِينَ أُلْقِيَ فِي النَّارِ، وَقَالَهَا مُحَمَّدٌ صلى الله عليه وسلم حِينَ قَالُوا ‏{‏إِنَّ النَّاسَ قَدْ جَمَعُوا لَكُمْ فَاخْشَوْهُمْ فَزَادَهُمْ إِيمَانًا وَقَالُوا حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ‏}‏

ഇബ്നു അബ്ബാസ് رضى الله عنه വിൽ നിന്ന് നിവേദനം: حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ‏ (നമുക്ക് അല്ലാഹു മതി, അവന്‍ ഭരമേല്‍പ്പിക്കുന്നവരില്‍ ഉത്തമനായിരിക്കുന്നു) എന്ന വാക്യം  തീയിൽ എറിയപ്പെട്ടപ്പോൾ ഇബ്റാഹീം നബി عليه السلام പറഞ്ഞു. ശത്രുക്കൾ ഭയപ്പെടുത്തിയപ്പോൾ മുഹമ്മദ് നബി ﷺ യും ആ വാക്യം പറഞ്ഞു. ശത്രുക്കൾ പറഞ്ഞു:{ (മക്കക്കാരായ) ആളുകള്‍ നിങ്ങള്‍ക്കെതിരില്‍ വലിയ ശക്തി ശേഖരിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അവരെ ഭയപ്പെടുക എന്ന് ചില ആളുകള്‍ അവരോട് പറഞ്ഞു. അപ്പോള്‍ അതവരുടെ വിശ്വാസത്തെ വര്‍ധിപ്പിക്കുകയും ‘ഞങ്ങള്‍ക്ക് അല്ലാഹു ﷻ മതി, കാര്യങ്ങള്‍ ഭരമേല്‍പിക്കപ്പെടുവാന്‍ അവന്‍ എത്ര നല്ലവന്‍!’ എന്ന് പറയുകയും ചെയ്തവരാണവര്‍ – ഖുര്‍ആൻ:3/173} (ബുഖാരി: 4563)

അഗ്നികുണ്ഠത്തിലേക്ക് വലിച്ചെറിയപ്പെട്ട ഇബ്രാഹിം നബി عليه السلام യുടെ വാക്കുകള്‍ حَسْبِى الْلَّه وَنِعْم الْوَكِيْل (എനിക്ക് അല്ലാഹു മതി, ഭരമേല്‍പ്പിക്കുവാന്‍ അവനാണ് ഏററവും ഉത്തമന്‍) എന്ന് മാത്രമായിരുന്നു.

ഉഹ്ദുയുദ്ധം കഴിഞ്ഞപ്പോൾ  ശത്രുക്കൾ അടുത്ത കൊല്ലം ബദ്‌റില്‍ വെച്ച് കാണാമെന്ന് പറഞ്ഞ് വെല്ലുവിളിക്കുകയും, നബി ﷺ അത് സമ്മതിച്ച് കൊടുക്കുകയും ചെയ്തിരുന്നു. അങ്ങനെ ആ സമയം വന്നപ്പോള്‍, ക്വുറൈശികള്‍ക്ക് ക്ഷാമം പിടിപെട്ടിരിക്കയായിരുന്നത് നിമിത്തം അവര്‍ക്ക് യുദ്ധ സന്നാഹം ചെയ്യാന്‍ സാധിച്ചില്ല. വാഗ്ദത്തലംഘനത്തിന്റെ അപമാനത്തില്‍ നിന്ന് രക്ഷപ്പെടുവാന്‍ വേണ്ടി അവര്‍ ഒരു തന്ത്രം പ്രയോഗിച്ചു. ക്വുറൈശികള്‍ വമ്പിച്ച യുദ്ധസന്നാഹം നടത്തിക്കൊണ്ടിരിക്കുന്നതായി മദീനായില്‍ പ്രചാരണം നടത്തുക; അങ്ങനെ മദീനാനിവാസികളില്‍ ഭീതി ഉളവാക്കുകയും യുദ്ധത്തിന് ഒരുങ്ങാതിരിക്കത്തക്കവണ്ണം മുസ്‌ലിംകളെ അധൈര്യപ്പെടുത്തുകയും ചെയ്യുക. ഇതായിരുന്നു തന്ത്രം. അങ്ങനെ “ആളുകൾ നിങ്ങളോട് നേരിടുവാന്‍ ആളുകളെ ശേഖരിച്ചിരിക്കുന്നു” എന്ന് പ്രചരണം നടത്തിയപ്പോൾ നബി ﷺ ക്കും സത്യവിശ്വാസികൾക്കും വിശ്വാസം വര്‍ദ്ധിപ്പിക്കുകയും,  حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ (ഞങ്ങള്‍ക്ക് അല്ലാഹു മതി! അവന്‍ എത്രയോ നല്ല ഭരമേല്‍പിക്കപെടുന്നവന്‍) എന്ന് അവര്‍ പറയുകയും ചെയ്തു

തൗഹീദ് ഉൾക്കൊള്ളുകയും മുഴുവൻ കാര്യങ്ങളും അല്ലാഹുവിൽ ഭാരമേല്പിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ ഇപ്രകാരം പറയാൻ കഴിയുകയുള്ളൂ.

ﻣَﻦ ﻳَﺘَﻮَﻛَّﻞْ ﻋَﻠَﻰ ٱﻟﻠَّﻪِ ﻓَﻬُﻮَ ﺣَﺴْﺒُﻪُ

വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന് അല്ലാഹു തന്നെ മതിയാകുന്നതാണ്‌. (ഖു൪ആന്‍ : 65/3)

അല്ലാഹുവല്ലാത്തവരെ ആശ്രയിക്കുന്നവര്‍ എന്തു കാര്യത്തിനാണോ അവരെ ആശ്രയിച്ചിട്ടുള്ളത് ആകാര്യങ്ങളുടെയെല്ലാം ഉടമസ്ഥൻ അല്ലാഹു മാത്രമാണെന്ന് അറിഞ്ഞിരുന്നെങ്കിൽ അല്ലാഹുവല്ലാത്തവരെ വെടിഞ്ഞ് അല്ലാഹുവിലേക്ക് ഇരുകൈയും നീട്ടി ഓടിയെത്തിയെനെ.

لَهُۥ مَقَالِيدُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ ۚ إِنَّهُۥ بِكُلِّ شَىْءٍ عَلِيمٌ ‎

ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോലുകള്‍ അവന്‍റെ അധീനത്തിലാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം അവന്‍ വിശാലമാക്കുന്നു. (മറ്റുള്ളവര്‍ക്ക്‌) അവന്‍ അത് ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. (ഖു൪ആന്‍ : 42/12)

{لَهُ مَقَالِيدُ السَّمَاوَاتِ وَالأَرْضِ} أَيْ: لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ، وَبِيَدِهِ مَفَاتِيحُ الرَّحْمَةِ وَالْأَرْزَاقِ، وَالنِّعَمِ الظَّاهِرَةِ وَالْبَاطِنَةِ. فَكُلُّ الْخَلْقِ مُفْتَقِرُونَ إِلَى اللَّهِ، فِي جَلْبِ مَصَالِحِهِمْ، وَدَفْعِ الْمَضَارِّ عَنْهُمْ، فِي كُلِّ الْأَحْوَالِ، لَيْسَ بِيَدِ أَحَدٍ مِنَ الْأَمْرِ شَيْءٌ. وَاللَّهُ تَعَالَى هُوَ الْمُعْطِي الْمَانِعُ، الضَّارُّ النَّافِعُ، الَّذِي مَا بِالْعِبَادِ مِنْ نِعْمَةٍ إِلَّا مِنْهُ، وَلَا يَدْفَعُ الشَّرَّ إِلَّا هُوَ،

{ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോലുകൾ അവന്റെ അധീനത്തിലാകുന്നു} ആകാശ ഭൂമികളുടെ അധികാരം അവനുതന്നെ എന്നർഥം. സർവ അനുഗ്രഹത്തിന്റെയും ഭക്ഷണത്തിന്റെയും കാരുണ്യത്തിന്റെയും താക്കോലുകൾ അവന്റെ കൈകളിലാണ്. ഏത് സാഹചര്യങ്ങളിലും ഉപകാരത്തിനും ഉപദ്രവങ്ങൾ തടുക്കാനും എല്ലാ പടപ്പുകളും അല്ലാഹുവിനെ ആവശ്യമുള്ളവരാണ്. മറ്റൊരാൾക്കും യാതൊരു കാര്യത്തിനുമാകില്ല. അല്ലാഹുവാണ് ഉപദ്രവം വരുത്തുന്നവനും ഉപകാരം ചെയ്യുന്നവനും നൽകുന്നവനും തടയുന്നവനുമെല്ലാം. അവങ്കൽനിന്നല്ലാതെ സൃഷ്ടികൾക്ക് യാതൊരു അനുഗ്രഹവും ലഭിക്കില്ല. അവനല്ലാതെ യാതൊരു ഉപദ്രവവും തടയുകയുമില്ല.

مَّا يَفْتَحِ ٱللَّهُ لِلنَّاسِ مِن رَّحْمَةٍ فَلَا مُمْسِكَ لَهَا ۖ وَمَا يُمْسِكْ فَلَا مُرْسِلَ لَهُۥ مِنۢ بَعْدِهِۦ ۚ

അല്ലാഹു മനുഷ്യർക്ക് വല്ല കാരുണ്യവും തുറന്നുകൊടുക്കുന്നക്ഷം, അത് പിടിച്ചുവെക്കാനാരുമില്ല. അവൻ വല്ലതും പിടിച്ചുവെക്കുന്നപക്ഷം അതിനുശേഷം അത് വിട്ടുകൊടുക്കാനും ആരുമില്ല. (ഖു൪ആന്‍ : 35/2) (തഫ്സീറുസ്സഅ്ദി)

ഉപജീവനം വിശാലമാക്കുന്നതും  ഇടുങ്ങിയതാക്കുന്നതും തുടങ്ങി മറ്റെല്ലാം കാര്യങ്ങളും അല്ലാഹുവിന്റെ അറിവും യുക്തിയും ഉദ്ദേശ്യവും താൽപര്യവും  അനുസരിച്ചാണ്. പിന്നെന്തിന് അല്ലാഹു അല്ലാത്തവരെ ആശ്രയിക്കണം.

“അല്ലാഹുവിന്റെ അടിമക്ക് അവൻ (അല്ലാഹു) മതിയായവനല്ലേ?” എന്ന ചോദ്യത്തിന് ശേഷം “അവന്ന് പുറമെയുള്ളവരെ പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു” എന്ന് വിശുദ്ധ ഖുര്‍ആൻ പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാണ്.

أَلَيْسَ ٱللَّهُ بِكَافٍ عَبْدَهُۥ ۖ وَيُخَوِّفُونَكَ بِٱلَّذِينَ مِن دُونِهِۦ ۚ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِنْ هَادٍ

തന്‍റെ ദാസന്ന് അല്ലാഹു മതിയായവനല്ലയോ? അവന്ന് പുറമെയുള്ളവരെ പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്ന പക്ഷം അവന്ന് വഴി കാട്ടാന്‍ ആരുമില്ല. (ഖു൪ആന്‍ : 39/2)

ഹൂദ് നബി  عليه والسلام യുടെ ജനത അദ്ദേഹത്തോട് പറഞ്ഞു:

إِن نَّقُولُ إِلَّا ٱعْتَرَىٰكَ بَعْضُ ءَالِهَتِنَا بِسُوٓءٍ

ഞങ്ങളുടെ ദൈവങ്ങളില്‍ ഒരാള്‍ നിനക്ക് എന്തോ ദോഷബാധ ഉളവാക്കിയിരിക്കുന്നു എന്ന് മാത്രമാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്‌.

അതുപോലെ, തങ്ങളുടെ ദൈവങ്ങളുടെ കോപശാപത്തെക്കുറിച്ച് മുശ്രിക്കുകൾ നബി ﷺ യെയും ഭീഷണിപ്പെടുത്താറുണ്ടായിരുന്നു.

വിഗ്രഹാരാധനയെ എതിര്‍ക്കുന്നവരോട് വിഗ്രഹാരാധകൻമാരും, മഹാത്മാക്കളുടെ പേരിൽ നേർച്ച വഴിപാട് മുതലായ ആരാധനാ കർമ്മങ്ങൾ നടത്തുന്നതിനെ ആക്ഷേപിക്കുന്നവരോടു തൽകർത്താക്കളും ഇതുപോലെയുള്ള ഭീഷണികൾ പുറപ്പെടുവിക്കാറുണ്ട്. പക്ഷേ, ശിര്‍ക്കിന്റെ യാതൊരു കലർപ്പും കൂടാതെ അല്ലാഹുവിൽ വിശ്വസിക്കുകയും, അവന്റെ ദാസനായി ജീവിക്കുകയും, നന്മയും തിന്മയും ബാധിക്കുന്നതു അല്ലാഹുവിങ്കൽനിന്നു മാത്രമാണെന്നു ഉറപ്പിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ഇത്തരം ഭീഷണിക്കു യാതൊരു സ്ഥാനവുമില്ല.

അനുഗ്രഹങ്ങൾ ലഭിക്കാൻ വേണ്ടി ആയാലും ശരി പ്രയാസങ്ങളും ബുദ്ധിമുട്ടുകളും തടയപ്പെടാൻ വേണ്ടിയായാലും ശരി നമ്മുടെ വാക്ക് حَسْبِيَ اللهُ (എനിക്ക് അല്ലാഹു മതി) എന്നാണ്.

قُلْ أَفَرَءَيْتُم مَّا تَدْعُونَ مِن دُونِ ٱللَّهِ إِنْ أَرَادَنِىَ ٱللَّهُ بِضُرٍّ هَلْ هُنَّ كَٰشِفَٰتُ ضُرِّهِۦٓ أَوْ أَرَادَنِى بِرَحْمَةٍ هَلْ هُنَّ مُمْسِكَٰتُ رَحْمَتِهِۦ ۚ قُلْ حَسْبِىَ ٱللَّهُ ۖ عَلَيْهِ يَتَوَكَّلُ ٱلْمُتَوَكِّلُونَ

നീ പറയുക: എങ്കില്‍ അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? എനിക്ക് വല്ല ഉപദ്രവവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക് അവന്‍റെ ഉപദ്രവം നീക്കം ചെയ്യാനാവുമോ? അല്ലെങ്കില്‍ അവന്‍ എനിക്ക് വല്ല അനുഗ്രഹവും ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍ അവയ്ക്ക് അവന്‍റെ അനുഗ്രഹം പിടിച്ചു വെക്കാനാകുമോ? പറയുക: എനിക്ക് അല്ലാഹു മതി. അവന്‍റെ മേലാകുന്നു ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കുന്നത്‌. (ഖു൪ആന്‍ : 39/38)

وَلَوْ أَنَّهُمْ رَضُوا۟ مَآ ءَاتَىٰهُمُ ٱللَّهُ وَرَسُولُهُۥ وَقَالُوا۟ حَسْبُنَا ٱللَّهُ سَيُؤْتِينَا ٱللَّهُ مِن فَضْلِهِۦ وَرَسُولُهُۥٓ إِنَّآ إِلَى ٱللَّهِ رَٰغِبُونَ

അല്ലാഹുവും അവന്‍റെ റസൂലും കൊടുത്തതില്‍ അവര്‍ തൃപ്തിയടയുകയും, ഞങ്ങള്‍ക്ക് അല്ലാഹു മതി, അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ നിന്ന് അവനും അവന്‍റെ റസൂലും ഞങ്ങള്‍ക്ക് തന്നുകൊള്ളും. തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിങ്കലേക്കാണ് ആഗ്രഹങ്ങള്‍ തിരിക്കുന്നത്‌. എന്ന് അവര്‍ പറയുകയും ചെയ്തിരുന്നെങ്കില്‍ (എത്ര നന്നായിരുന്നേനെ!)   (ഖു൪ആന്‍ : 9/59)

Leave a Reply

Your email address will not be published.

Similar Posts