ചില സുന്നത്ത് നമസ്കാരങ്ങളിൽ നബി ﷺ, ഒന്നാമത്തെ റക്അത്തിൽ സൂറ: കാഫിറൂനും രണ്ടാമത്തേതിൽ സൂറ: ഇഖ്‌ലാസും പാരായണം ചെയ്തിരുന്നു.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَرَأَ فِي رَكْعَتَىِ الْفَجْرِ { قُلْ يَا أَيُّهَا الْكَافِرُونَ} وَ { قُلْ هُوَ اللَّهُ أَحَدٌ}
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:നിശ്ചയം അല്ലാഹുവിന്റെ റസൂല്‍ ﷺ ഫജ്൪ (സുബ്ഹ്) നമസ്കാരത്തിന് മുമ്പുള്ള 2 റക്അത്തുകളില്‍ സൂറത്തുല്‍ കാഫിറൂനും സൂറത്തുല്‍ ഇഖ്‌ലാസും പാരായണം ചെയ്തു.(മുസ്ലിം:726)
عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، . أَنَّ النَّبِيَّ ـ صلى الله عليه وسلم ـ كَانَ يَقْرَأُ فِي الرَّكْعَتَيْنِ بَعْدَ صَلاَةِ الْمَغْرِبِ {قُلْ يَا أَيُّهَا الْكَافِرُونَ} وَ {قُلْ هُوَ اللَّهُ أَحَدٌ }
ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:അദ്ദേഹം പറഞ്ഞു:നിശ്ചയം നബി ﷺ മഗ്’രിബ് നമസ്കാരത്തിന് ശേഷമുള്ള 2 റക്അത്തുകളില്‍ സൂറത്തുല്‍ കാഫിറൂനും സൂറത്തുല്‍ ഇഖ്‌ലാസും പാരായണം ചെയ്തു. (സുനനു ഇബ്നുമാജ:5/1221 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
നബി ﷺ യുടെ ഉംറ വിവരിച്ചുകൊണ്ട് ജാബിർ رَضِيَ اللَّهُ عَنْهُ പറയുന്ന സുദീര്‍ഘമായ ഹദീസിൽ, മക്വാമു ഇബ്‌റാഹീമിനടുത്ത് നിന്ന് രണ്ടു റക്അത്ത് നമസ്‌കരിച്ചതിനെ കുറിച്ച് ഇപ്രകാരം പറഞ്ഞതായി കാണാം:
كَانَ يَقْرَأُ فِي الرَّكْعَتَيْنِ { قُلْ هُوَ اللَّهُ أَحَدٌ} وَ { قُلْ يَا أَيُّهَا الْكَافِرُونَ}
നബി ﷺ സൂറ: ഇഖ്‌ലാസും സൂറ: കാഫിറൂനും പാരായണം ചെയ്തിരുന്നു. (മുസ്‌ലിം 1218)
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
قُلْ يَٰٓأَيُّهَا ٱلْكَٰفِرُونَ ﴿١﴾ لَآ أَعْبُدُ مَا تَعْبُدُونَ ﴿٢﴾ وَلَآ أَنتُمْ عَٰبِدُونَ مَآ أَعْبُدُ ﴿٣﴾ وَلَآ أَنَا۠ عَابِدٌ مَّا عَبَدتُّمْ ﴿٤﴾ وَلَآ أَنتُمْ عَٰبِدُونَ مَآ أَعْبُدُ ﴿٥﴾ لَكُمْ دِينُكُمْ وَلِىَ دِينِ ﴿٦﴾
(നബിയേ,) പറയുക: അവിശ്വാസികളേ, നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല. ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല. നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല. ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല. നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും. (സൂറ: കാഫിറൂൻ)
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
قُلْ هُوَ ٱللَّهُ أَحَدٌ ﴿١﴾ ٱللَّهُ ٱلصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُۥ كُفُوًا أَحَدُۢ ﴿٤﴾
(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും. (സൂറ:ഇഖ്‌ലാസ്)
സൂറ: കാഫിറൂനും സൂറ: ഇഖ്‌ലാസും പരസ്പരം ബന്ധവും സാമ്യവുമുള്ളതാണ്. ഒന്നാമതായി, ഇസ്‌ലാമിന്റെ പരിപാവന സന്ദേശങ്ങള്‍ പ്രബോധനം ചെയ്യാനും, അത് പ്രായോഗികമായി നടപ്പില്‍ വരുത്തുവാനുമാണല്ലോ നബി ﷺ നിയുക്തനായിട്ടുള്ളത്. ഇസ്‌ലാമിന്റെ പ്രഥമവും പരമ പ്രധാനവുമായ ലക്ഷ്യമാകട്ടെ, ശിര്‍ക്കിനെ നിര്‍മാര്‍ജ്ജനം ചെയ്ത് തൗഹീദിനെ സ്ഥാപിക്കുകയുമാണ്. മറ്റുള്ളതെല്ലാം ഈ ലക്ഷ്യത്തിന്റെ വിശദാംശങ്ങളും അനിവാര്യഫലങ്ങളുമാകുന്നു. അപ്പോള്‍, ബഹുദൈവാരാധനയാകുന്ന ശിര്‍ക്കും, ഏകദൈവാരാധനയാകുന്ന തൗഹീദും തമ്മില്‍ ഭാഗികമോ നാമമാത്രമോ ആയ സന്ധി പോലും ഉണ്ടാകുക സാധ്യമല്ല. രണ്ടും തമ്മില്‍ പൂര്‍വാപരവിരുദ്ധങ്ങളായിരിക്കയേ ഉള്ളു. ഈ യാഥാര്‍ത്ഥ്യം സുസ്പഷ്ടവും ഖണ്ഡിതവുമായ ഭാഷയില്‍ ശക്തിയുക്തം തുറന്നു പ്രഖ്യാപിക്കുന്ന ഒരു ചെറു അദ്ധ്യായം ആണ് സൂറ: കാഫിറൂൻ. തൗഹീദിന്റെ മൗലികവശങ്ങളെ സുവ്യക്തമായ ഭാഷയില്‍ സംക്ഷിപ്തമായി വിവരിക്കുന്ന ഒരു ചെറു അദ്ധ്യായമാണ് സൂറ: ഇഖ്‌ലാസ്. അപ്പോള്‍, ഈ രണ്ട് സൂറത്തുകളും തമ്മിലുള്ള പൊരുത്തവും ബന്ധവും, അവയിലെ ആശയങ്ങളുടെ പ്രാധാന്യവും വ്യക്തമാണല്ലോ. (അമാനി തഫ്സീര്‍ – സൂറ: കാഫിറൂനിന്റെ വിശദീകരണത്തിൽ നിന്നും)
രണ്ടാമതായി, മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ لا إله إلا الله (അല്ലാഹു അല്ലാതെ ഒരു ആരാധ്യനുമില്ല) എന്ന കലിമത്തു തൗഹീദിന്റെ ആദ്യഭാഗമായ لا إله (ഒരാരാധ്യനുമില്ല) എന്നതിന്റെ വിശദീകരണമാണ് സൂറ: കാഫിറൂൻ. ഈ കലിമത്തു തൗഹീദിന്റെ അവസാന ഭാഗമായ إلا الله (അല്ലാഹു ഒഴികെ) എന്നതിന്റെ വിശദീകരണമാണ് സൂ: ഇഖ്‌ലാസ്. ഈ രണ്ടു സൂറത്തുകള്‍ക്കും നബി ﷺ വളരെ പ്രാധാന്യം കല്‍പിച്ചിരുന്നതിന്റെ രഹസ്യം ഇതില്‍ നിന്നു മനസ്സിലാക്കാമല്ലോ. (അമാനി തഫ്സീര്‍ – സൂറ: കാഫിറൂനിന്റെ വിശദീകരണത്തിൽ നിന്നും)
മൂന്നാമതായി, ഈ രണ്ട് സൂറത്തുകളും ഖുര്‍ആനിന്റെ ഭൂരിഭാഗം തത്വങ്ങളെയും ഉൾക്കൊള്ളുന്നതാണ്.
عَنِ ابْنِ عُمَرَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: قُلْ هو اللهُ أحَدٌ تعدلُ ثلثَ القرآنِ. و قُلْ يا أيُّها الكافِرُونَ تعدلُ ربعَ القرآنِ.
ഇബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: قُلْ هو اللهُ أحَدٌ ഖുര്‍ആനിന്റെ മൂന്നിലൊന്നിന് തുല്ല്യമാണ്. قُلْ يا أيُّها الكافِرُونَ എന്ന സൂറത്ത് ഖുര്‍ആനിന്റെ നാലിലൊന്നിന് തുല്ല്യമാണ്. ( صحيح الجامع ٤٤٠٥ )
ഒരാള്‍ ഒന്നാമത്തെ റക്അത്തില്‍ സൂറത്തുല്‍ കാഫിറൂന്‍ ഓതുന്നത് നബി ﷺ കേട്ടു.അപ്പോള്‍ അവിടുന്ന് പറഞ്ഞു:’ഇത് തന്റെ രക്ഷിതാവില്‍ വിശ്വസിച്ച ഒരു അടിമയാണ്.’ അതിന് ശേഷം അയാള്‍ രണ്ടാമത്തെ റക്അത്തില്‍ സൂറത്തുല്‍ ഇഖ്‌ലാസ് ഓതി. അപ്പോള്‍ അവിടുന്ന് പറഞ്ഞു:’ഇത് തന്റെ രക്ഷിതാവിനെ മനസ്സിലാക്കിയ ഒരു അടിമയാണ്.’ (صفة صلاة النبي للألباني)