‘മനസ്’ എന്നത് അല്ലാഹുവിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്. ആകാശം, ഭൂമി, സൂര്യൻ, ചന്ദ്രൻ, പകൽ, രാത്രി എന്നീ ദൃഷ്ടാന്തങ്ങളോടൊപ്പം അല്ലാഹു മനസിനെകൊണ്ട് സത്യം ചെയ്തു പറഞ്ഞതിൽ നിന്ന് ഇത് വ്യക്തമാണ്.
وَنَفْسٍ وَمَا سَوَّىٰهَا
നഫ്സിനെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം. (ഖുര്‍ആൻ:91/7)
അല്ലാഹു സൂറ: ശംസിൽ മനസ്സിന്റെ കാര്യത്തിലാണ് അവന്റെ മഹത്തായ ഏഴ് ദൃഷ്ടാന്തങ്ങളെ തൊട്ട് സത്യം ചെയ്ത് പറഞ്ഞിട്ടുള്ളത്.
وَأَقْسَمَ بِكُلِّ نَفْسٍ، وَأَقْسَمَ بِخَلْقِ اللَّهِ لَهَا سَوِيَّةً.
എല്ലാ നഫ്സിനെയും (മനസ്സിനെയും) അവയെ അല്ലാഹു കൃത്യതയോടെ സൃഷ്ടിച്ച രീതിയെ കൊണ്ടും അവൻ സത്യം ചെയ്തിരിക്കുന്നു. (തഫ്സീർ മുഖ്തസ്വർ)
{وَنَفْسٍ وَمَا سَوَّاهَا} يُحْتَمَلُ أَنَّ الْمُرَادَ نَفْسُ سَائِرِ الْمَخْلُوقَاتِ الْحَيَوَانِيَّةِ، كَمَا يُؤَيِّدُ هَذَا الْعُمُومُ، وَيُحْتَمَلُ أَنَّ الْإِقْسَامَ بِنَفْسِ الْإِنْسَانِ الْمُكَلَّفِ، بِدَلِيلِ مَا يَأْتِي بَعْدَهُ. وَعَلَى كُلٍّ، فَالنَّفْسُ آيَةٌ كَبِيرَةٌ مِنْ آيَاتِهِ الَّتِي يَحِقُّ الْإِقْسَامُ بِهَا فَإِنَّهَا فِي غَايَةِ اللُّطْفِ وَالْخِفَّةِ، سَرِيعَةُ التَّنَقُّلِ وَالْحَرَكَةِ وَالتَّغَيُّرِ وَالتَّأَثُّرِ وَالِانْفِعَالَاتِ النَّفْسِيَّةِ، مِنَ الْهَمِّ، وَالْإِرَادَةِ، وَالْقَصْدِ، وَالْحُبِّ، وَالْبُغْضِ، وَهِيَ الَّتِي لَوْلَاهَا لَكَانَ الْبَدَنُ مُجَرَّدَ تِمْثَالٍ لَا فَائِدَةَ فِيهِ، وَتَسْوِيَتُهَا عَلَى مَا هِيَ عَلَيْهِ آيَةٌ مِنْ آيَاتِ اللَّهِ الْعَظِيمَةِ.
{മനസ്സിനെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ് സത്യം} പൊതുവായ അര്‍ഥം കല്പിക്കുമ്പോള് എല്ലാ ജീവികളുടെയും മനസ്സ് ഇതില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇവിടെ മനസ്സിനെക്കൊണ്ട് സത്യം ചെയ്യുമ്പോള്‍ മതപരമായ ബാധ്യതകള്‍ നിര്‍വഹിക്കാന്‍ കല്പിക്കപ്പെട്ട മനുഷ്യന്റെ മനസ്സുകൊണ്ടാണ് സത്യം ചെയ്യുന്നത് എന്ന അര്‍ഥ പരിഗണനയാണ് ശേഷം വരുന്ന പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നത്.
ഏതായിരുന്നാലും മനസ്സെന്നത് സത്യം ചെയ്ത് പറയാന്‍ മാത്രം അര്‍ഹതപ്പെട്ട അല്ലാഹുവിന്റെ ഏറ്റവും വലിയൊരു ദൃഷ്ടാന്തമാണ്. അത് അങ്ങേയറ്റം ലോലവും സുതാര്യവും പെട്ടെന്ന് മാറ്റ വ്യത്യാസങ്ങള്‍ക്ക് വിധേയമാകുന്നതും സ്വാധീനിക്കുന്നതുമാണ്. ഉദ്ദേശ്യലക്ഷ്യം, സ്നേഹം, ദേഷ്യം തുടങ്ങിയ വികാരങ്ങള്‍ പ്രകടമാക്കുന്നതുമാണ്. ഈ മനസ്സില്ലെങ്കില്‍ ശരീരം വെറും ഒരു പ്രതിരൂപം മാത്രമാണ്. അതുകൊണ്ട് ഒരു പ്രയോജനവും സാധ്യമല്ല. ഈ വിധത്തിലാണ് അവന് അതിനെ സംവിധാനിച്ച് ശരിപ്പെടുത്തിയത്. തീര്‍ച്ചയായും ഇത് അല്ലാഹുവിന്റെ മഹത്തായ ഒരു ദൃഷ്ടാന്തം തന്നെയാണ്. (തഫ്സീറുസ്സഅ്ദി)
ആ നഫ്സിന് അതിന്റെ ദുഷ്ടതയും അതിന്റെ സൂക്ഷ്മതയും സംബന്ധിച്ച് അല്ലാഹുതന്നെ ബോധം നല്‍കിയിട്ടുണ്ട്.
فَأَلْهَمَهَا فُجُورَهَا وَتَقْوَىٰهَا
എന്നിട്ട് അതിന്ന് അതിന്റെ ദുഷ്ടതയും അതിന്റെ സൂക്ഷ്മതയും സംബന്ധിച്ച് അവന് ബോധം നല്‍കുകയും ചെയ്തിരിക്കുന്നു. (ഖുര്‍ആൻ:91/8)
فَأَفْهَمَهَا مِنْ غَيْرِ تَعْلِيمٍ مَا هُوَ شَرٌّ لِتَجْتَنِبَهُ، وَمَا هُوَ خَيْرٌ لِتَأْتِيَهُ.
പഠനമേതുമില്ലാതെ തന്നെ ഉപദ്രവകരമായവ ഏതെന്നും ഉപകാരപ്രദമായവ ഏതെന്നും അവൻ അവക്ക് മനസ്സിലാക്കി നൽകുകയും ചെയ്തിരിക്കുന്നു. തിന്മകളിൽ നിന്ന് അവർ വിട്ടുനിൽക്കുന്നതിനും, നന്മകൾ അവർ പ്രവർത്തിക്കുന്നതിനും വേണ്ടിയത്രെ അത്. (തഫ്സീർ മുഖ്തസ്വർ)
അപ്പോൾ മനുഷ്യന്റെ മനസ്സ് ഒന്നുകിൽ അത് പരിശുദ്ധിയുള്ളതായിരിക്കും അല്ലെങ്കിൽ മോശമായതായിരിക്കും. മനസ്സിനെ നന്നാക്കിയവൻ വിജയിച്ചു. അതിനെ കളങ്കപ്പെടുത്തിയവന് പരാജയപ്പെട്ടു.
قَدْ أَفْلَحَ مَن زَكَّىٰهَا
തീര്‍ച്ചയായും അതിനെ (നഫ്സിനെ) പരിശുദ്ധമാക്കിയവന് വിജയം കൈവരിച്ചു. (ഖുര്‍ആൻ:91/9)
قَدْ فَازَ بِمَطْلُوبِهِ مَنْ طَهَّرَ نَفْسَهُ بِتَحْلِيَتِهَا بِالفَضَائِلِ، وَتَخْلِيَتِهَا عَنِ الرَّذَائِلِ.
ശ്രേഷ്ഠകരമായ നന്മകൾ കൊണ്ട് കൊണ്ട് തൻ്റെ ആത്മാവിനെ അലങ്കരിക്കുകയും, മ്ലേഛമായ തിന്മകളിൽ നിന്ന് അതിനെ ശുദ്ധീകരിക്കുകയും ചെയ്തു കൊണ്ട് പരിശുദ്ധി പ്രാപിച്ചവൻ തൻ്റെ ലക്ഷ്യം നേടുകയും, വിജയിക്കുകയും ചെയ്തിരിക്കുന്നു. (തഫ്സീർ മുഖ്തസ്വർ)
وَقَوْلُهُ: {قَدْ أَفْلَحَ مَنْ زَكَّاهَا} أَيْ: طَهَّرَ نَفْسَهُ مِنَ الذُّنُوبِ، وَنَقَّاهَا مِنَ الْعُيُوبِ، وَرَقَّاهَا بِطَاعَةِ اللَّهِ، وَعَلَّاهَا بِالْعِلْمِ النَّافِعِ وَالْعَمَلِ الصَّالِحِ.
{തീര്‍ച്ചയായും അതിനെ (മനസ്സിനെ) പരിശുദ്ധമാക്കിയവന് വിജയം കൈവരിച്ചു} തെറ്റുകളില്‍ നിന്ന് മനസ്സിനെ ശുദ്ധമാക്കുകയും ന്യൂനതകളില്‍ നിന്ന് പരിഹരിക്കുകയും അല്ലാഹുവിന് കീഴ്പ്പെട്ടുകൊണ്ട് അതിനെ വളര്‍ത്തുകയും പ്രയോജനകരമായ വിജ്ഞാനത്തിലും സല്‍പ്രവര്‍ത്തനങ്ങളിലും അതിനെ ഉന്നതമാക്കുകയും ചെയ്തവന് വിജയം വരിച്ചു എന്നര്‍ഥം. (തഫ്സീറുസ്സഅ്ദി)
وَقَدْ خَابَ مَن دَسَّىٰهَا
അതിനെ (നഫ്സിനെ) കളങ്കപ്പെടുത്തിയവന് തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു. (ഖുര്‍ആൻ:91/10)
وَقَدْ خَسِرَ مَنْ دَسَّ نَفْسَهُ مُخْفِيًا إِيَّاهَا فِي المَعَاصِي وَالآثَامِ.
തിന്മകളിലും വൃത്തികേടുകളിലും സ്വന്തം ആത്മാവിനെ മുക്കിക്കളഞ്ഞവൻ പരാജിതനാകുകയും ചെയ്തിരിക്കുന്നു. (തഫ്സീർ മുഖ്തസ്വർ)
{وَقَدْ خَابَ مَنْ دَسَّاهَا} أَيْ: أَخْفَى نَفْسَهُ الْكَرِيمَةَ، الَّتِي لَيْسَتْ حَقِيقَةً بِقَمْعِهَا وَإِخْفَائِهَا، بِالتَّدَنُّسِ بِالرَّذَائِلِ، وَالدُّنُوِّ مِنَ الْعُيُوبِ، وَالذُّنُوبِ، وَتَرْكِ مَا يُكَمِّلُهَا وَيُنَمِّيهَا، وَاسْتِعْمَالُ مَا يَشِينُهَا وَيُدَسِّيهَا.
{അതിനെ മലിനപ്പെടുത്തിയന് തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു} അടിച്ചമര്‍ത്താനും മലിനമാക്കാനും പാടില്ലാത്ത പരിശുദ്ധമായ മനസ്സിനെ മോശമായ കാര്യങ്ങളെക്കൊണ്ടും കുറ്റങ്ങളും കുറവുകളും ചേര്‍ത്തും അതിനെ പരിപോഷിപ്പിക്കുകയും പുരോഗതിപ്പെടുത്തുകയും ചെയ്യുന്ന കാര്യങ്ങള്‍ ഉപേക്ഷിച്ചും മോശവും മലിനവുമായ കാര്യങ്ങള്‍ ചെയ്തും അതിനെ മലിനപ്പെടുത്തരുത് എന്നര്‍ഥം. (തഫ്സീറുസ്സഅ്ദി)
മേല്‍കണ്ട സത്യങ്ങളെത്തുടര്‍ന്നു ഈ വചനങ്ങളില്‍ അല്ലാഹു രണ്ടു മൗലിക യാഥാര്‍ത്ഥ്യങ്ങളാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ആത്മപരിശുദ്ധി വരുത്തിയവന് ഭാഗ്യവാനും വിജയിയുമാണ്. ആത്മകളങ്കം ചെയ്തവന് ദുര്‍ഭാഗ്യവാനും പരാജിതനുമാണ് എന്നത്രെ അത്. സത്യവിശ്വാസം, സല്‍കര്‍മ്മം, സല്‍സ്വഭാവം ആദിയായവ മൂലമാണ് ആത്മപരിശുദ്ധിയുണ്ടാകുന്നത്. നിഷേധം, ദുര്‍വൃത്തി, ദുഃസ്വഭാവം ആദിയായവ ആത്മാവിനെ കളങ്കപ്പെടുത്തുകയും ചെയ്യുന്നു. (അമാനി തഫ്സീര്‍)
ചുരുക്കത്തിൽ മനസ് രണ്ട് തരമാണ് : പരിശുദ്ധിയുള്ള മനസ്സും, കളങ്കപ്പെട്ട മനസ്സും. സ്വന്തത്തിന് നന്മ ഉദ്ദേശിക്കുന്ന ഒരുവൻ എപ്പോഴും പരിശുദ്ധി നേടിയ മനസ്സിനെ കുറിച്ച് അറിയാൻ പരിശ്രമിക്കും. അതിന്റെ ഗുണങ്ങളെയും വിശേഷങ്ങളെയും, അങ്ങനെ അവന്റെ മനസ്സും അപ്രകാരം ആയിത്തീരുവാൻ വേണ്ടി, അതുപോലെ അതിനു വിപരീതമാകാതിരിക്കാനും അവൻ ശ്രദ്ധിക്കും
ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: ഒരു നല്ല മനസ്സ് ഏറ്റവും നല്ലതും ഉയർന്ന സ്ഥാനവും, നല്ല പര്യവസാനമുള്ളതുമായ കാര്യം കൊണ്ടല്ലാതെ തൃപ്തിയടയുകയില്ല. എന്നാൽ ഒരു മോശം മനസ്സ് മ്ലേച്ഛമായ കാര്യത്തിന്റെ പിന്നാലെയാണ് പോകുക, ഈച്ചകൾ മാലിന്യത്തിൻറെ പിന്നാലെ പോകുന്നത് പോലെ. ഉന്നതമായ നല്ല മനസ്സ് ഒരിക്കലും അക്രമം, അശ്ലീലത, മോഷണം, വഞ്ചന തുടങ്ങിയവയോട് തൃപ്തിപ്പെടുകയില്ല. കാരണം അത് ഇതിനേക്കാളൊക്കെ ഉയർന്ന നിലയിലാണ്. എന്നാൾ മോശമായ വിലകുറഞ്ഞ ഒരു മനസ്സ് ഇതിന് നേർവിപരീതമായിരിക്കും. ഓരോ മനസ്സും അതേ ഗണത്തിൽപെട്ട അതിന് യോജിക്കുന്നതിലേക്കാണ് ചായുന്നത്. (അൽഫവാഇദ്)