അല്ലാഹുവിന്റെ കൈകള്‍
അല്ലാഹുവിന് അനുഗ്രഹങ്ങളും ദാനവും ചൊരിയുന്ന നിവര്‍അഅപ്പെട്ട കൈകളുണ്ട് എന്നതാണ് അഹ്ലുസ്സുന്നത്തി വല്‍ജമാഅയുടെ വിശ്വാസം. അവ അല്ലാഹുവിന്റെ മഹത്വത്തിന് അനുയോജ്യമായ നിലയില്‍ യഥാര്‍ത്ഥത്തിലുള്ള അവന്റെ സത്താപരമായ വിശേഷണമായി സ്ഥിരപ്പെട്ടതാകുന്നു. വിശുദ്ധഖുര്‍ആനും സുന്നത്തും അവ സ്ഥിരപ്പെടുത്തുന്നു. അല്ലാഹു പറയുന്നു:
قَالَ يَٰٓإِبْلِيسُ مَا مَنَعَكَ أَن تَسْجُدَ لِمَا خَلَقْتُ بِيَدَىَّ ۖ أَسْتَكْبَرْتَ أَمْ كُنتَ مِنَ ٱلْعَالِينَ
അവന്‍ (അല്ലാഹു) പറഞ്ഞു: ഇബ്ലീസേ, എന്‍റെ കൈകൊണ്ട് ഞാന്‍ സൃഷ്ടിച്ചുണ്ടാക്കിയതിനെ നീ പ്രണമിക്കുന്നതിന് നിനക്കെന്ത് തടസ്സമാണുണ്ടായത്? നീ അഹങ്കരിച്ചിരിക്കുകയാണോ, അതല്ല നീ പൊങ്ങച്ചക്കാരുടെ കൂട്ടത്തില്‍ പെട്ടിരിക്കുകയാണോ? (ഖുര്‍ആൻ:38/75)
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ يَدُ اللَّهِ مَلأَى لاَ يَغِيضُهَا نَفَقَةٌ، سَحَّاءُ اللَّيْلَ وَالنَّهَارَ ـ وَقَالَ ـ أَرَأَيْتُمْ مَا أَنْفَقَ مُنْذُ خَلَقَ السَّمَوَاتِ وَالأَرْضَ، فَإِنَّهُ لَمْ يَغِضْ مَا فِي يَدِهِ
അബൂഹുറൈറ رضى الله عنه വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ കൈ നിറഞ്ഞിരിക്കുന്നു. ഇടതടവില്ലാതെ രാപ്പകല്‍ ചിലവഴിച്ചാലും അത് കുറയുകയില്ല. ആകാശ ഭൂമികള്‍ സൃഷ്ടിച്ചതു മുതല്‍ അവന്‍ ചിലവഴിച്ചുകൊണ്ടേയിരിക്കുന്നത് നിങ്ങള്‍ മനസ്സിലാക്കുന്നില്ലേ. എന്നിട്ടും അവന്റെ കയ്യിലുള്ളത് കുറയുന്നില്ല. (ബുഖാരി: 7411)
അവ രണ്ടും യഥാര്‍ത്ഥത്തിലുള്ള കൈകളാകുന്നുവെന്നും അത് സൃഷ്ടികളുടെ കൈകള്‍ക്ക് സാദൃശ്യമാകുകയില്ല എന്നും അഹ്ലുസ്സുന്നത്തി വല്‍ജമാഅയുടെ പണ്ഡിതന്മാര്‍ അഭിപ്രായ ഐകൃമുള്ളവരാകുന്നു.മാത്രമല്ല അവയുടെ അര്‍ത്ഥത്തെ ശക്തി, അനുഗ്രഹം എന്നിങ്ങനെ ഭേദഗതി ചെയ്യല്‍ പല കാരണങ്ങള്‍ കൊണ്ടും ശരിയാവുകയില്ല. അവയില്‍ ചിലത്:
ഒന്ന് : തെളിവിന്റെ പിന്‍ബലമില്ലാതെ വാചകത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തിനു പകരമായി ആലങ്കാരികാര്‍ത്ഥം (مجازي) ഉപയോഗിക്കലാകുന്നു.
രണ്ട് : അല്ലാഹുവിലേക്ക് ചേര്‍ത്തു പറഞ്ഞിട്ടുള്ള ഇതുപോ ലുള്ള സന്ദര്‍ഭത്തില്‍ ഇപ്രകാരം അര്‍ത്ഥം പറയല്‍ അറബി ഭാഷയിലില്ലാത്തതാകുന്നു. ഉദാഹണം, അല്ലാഹു പറയുന്നു: لِمَا خَلَقْتُ بِيَدَىَّ (എന്‍റെ കൈകൊണ്ട് ഞാന്‍ സൃഷ്ടിച്ചുണ്ടാക്കിയതിനെ) എന്ന പ്രയോഗത്തിന് ‘എന്റെ അനുഗ്രഹം കൊണ്ട് ഞാന്‍ സൃഷ്ടിച്ചുണ്ടാക്കിയതിനെ’, ‘എന്റെ അനുഗ്രഹം കൊണ്ട് ഞാന്‍ സൃഷ്ടിച്ചുണ്ടാക്കിയതിനെ’ എന്നിങ്ങനെ ഇതിന് അര്‍ത്ഥം നല്‍കല്‍ ശരിയാവുകയില്ല.
മൂന്ന് : അത് അല്ലാഹുവിലേക്ക് നേർക്കുനേരെ ചേർത്തുകൊണ്ട് ദ്വിവചന രൂപത്തിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഖുർആനിലോ സുന്നത്തിലോ ഒരിടത്തും ദ്വിവചന രൂപത്തിൽ അല്ലാഹുവിലേക്ക് ചേർത്തുകൊണ്ട് അനുഗ്രഹമോ ശക്തിയോ ഉദ്ധരിക്കപ്പെട്ടിട്ടില്ല. പിന്നെങ്ങനെയാണ് ഇതിനെ (അല്ലാഹുവിൻറെ ഇരുകൈകളെ) ഇപ്രകാരം വ്യാഖ്യാനിക്കുക?
നാല് : അല്ലാഹുവിന്ന് രണ്ട് കൈകള്‍ എന്നതുകൊണ്ട് ശക്തി എന്നാണ് വിവക്ഷയെങ്കില്‍ അല്ലാഹു ഇബ്ലീസിനെ പടച്ചത് അവന്റെ കൈകൊണ്ടാണെന്ന് പറയുന്നത് ശരിയാകുമായിരുന്നു. പക്ഷേ അത് പാടില്ലാത്തതാകുന്നു. അങ്ങനെ പറയാമായിരുന്നുവെങ്കില്‍ ‘എന്റെ കൈകൊണ്ട് ഞാന്‍ സൃഷ്ടിച്ചുക്കിയതിനെ നീ പ്രണമിക്കുന്നതിന് നിനക്കെന്ത് തടസ്സമാണുണ്ടായത്’ എന്ന് അല്ലാഹു ഇബ്ലീസിനോട് പറഞ്ഞ സന്ദര്‍ഭത്തില്‍ ഇബ്ലീസിന് പ്രതിഷേധിക്കാമായിരുന്നു.
അഞ്ച് : അല്ലാഹു അവനിലേക്ക് ചേര്‍ത്തു പറഞ്ഞ കൈകള്‍ക്ക് അനുഗ്രഹം, ശക്തി എന്നീ അര്‍ത്ഥം നല്കാന്‍ സാധ്യമല്ലാത്ത വിധത്തില്‍ കൈ, കൈപ്പടം എന്നിങ്ങനെ ഉപയോഗിച്ചിരിക്കുന്നു. അപ്രകാരം അവന് വിരലുകളുണ്ടെന്നും അവന്‍ പിടിക്കുമെന്നും വിറപ്പിക്കുമെന്നുമെല്ലാം പ്രമാണങ്ങളില്‍ സ്ഥിരപെട്ടതാകുന്നു. നബി ﷺ പറഞ്ഞു: അല്ലാഹു ഭൂമിയെ എടുത്തു പിടിക്കും. ആകാശത്തെ അവന്റെ കൈകൊണ്ട് ചുരുട്ടിപ്പിടിക്കുകയും ചെയ്യും. എന്നിട്ട് അവന്‍ പറയും: ഞാനാണ് രാജാവ്. ഭൂമിയിലെ രാജാക്കന്മാരെവിടെ? (ബുഖാരി,മുസ്ലിം)
ആകയാല്‍ അല്ലാഹുവിന്റെ കൈകളെ കൊണ്ടുള്ള ഈ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ, അല്ലാഹുവിന്റെ കൈകൊണ്ടുള്ള വിവക്ഷ അനുഗ്രഹവും ശക്തിയുമാണെന്ന ദുര്‍വ്യാഖ്യാനത്തെ ഖണ്ഡിക്കാന്‍ മതിയായതാണ്.
[ശൈഖ് മുഹമ്മദ് ബ്നു സ്വാലിഹുല്‍ ഉഥൈമീൻ رحمه الله യുടെ فتح رب البرية بتلخيص الحموية എന്ന ഗ്രന്ഥത്തിൽ നിന്നും]
അല്ലാഹുവിൻറെ ഇരു കൈകൾ
അല്ലാഹുവിന് രണ്ട് കൈകൾ ഉണ്ടെന്നത് ഖുർആൻ, സുന്നത്ത്, സലഫുകളുടെ ഇജ്മാഅ് എന്നിവ കൊണ്ട് സ്ഥിരപ്പെട്ടതാണ്. അല്ലാഹു പറയുന്നു:
بَلْ يَدَاهُ مَبْسُوطَتَانِ يُنفِقُ كَيْفَ يَشَآءُ
അല്ല, അവന്‍റെ ഇരു കൈകളും നിവര്‍ത്തപ്പെട്ടവയാകുന്നു. അവന്‍ എങ്ങനെ ഉദ്ദേശിക്കുന്നുവോ അങ്ങനെ ചെലവഴിക്കുന്നു. (ഖുര്‍ആൻ:5/64)
قَالَ رَسُولُ اللَّهِ صلى الله عليه وسلم يَمِينُ اللَّهِ مَلأَى لاَ يَغِيضُهَا سَحَّاءُ اللَّيْلَ وَالنَّهَارَ أَرَأَيْتُمْ مَا أَنْفَقَ مُذْ خَلَقَ السَّمَاءَ وَالأَرْضَ فَإِنَّهُ لَمْ يَغِضْ مَا فِي يَمِينِهِ ” . قَالَ ” وَعَرْشُهُ عَلَى الْمَاءِ وَبِيَدِهِ الأُخْرَى الْقَبْضُ يَرْفَعُ وَيَخْفِضُ ”
നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ വലതു (കൈ) നിറഞ്ഞുനിൽക്കുന്നതാണ്. രാത്രിയിലെയോ പകലിലെയോ ചിലവഴിക്കലുകൾ അതിനെയൊട്ടും തന്നെ കുറവ് വരുത്തുകയില്ല ……………. അവൻറെ മറ്റേ (കൈ) കൊണ്ട് സ്വീകരിക്കുകയും ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നു. (മുസ്ലിം)
പൂർവികരായ സലഫുകളെല്ലാം അല്ലാഹുവിന് രണ്ട് കൈകൾ ഉണ്ടെന്നും അത് രണ്ടും യഥാർത്ഥത്തിൽ ഉള്ളതാണെന്നും യാതൊരുവിധ മാറ്റ തിരുത്തലോ നിരാകരിക്കലോ വിശേഷിപ്പിക്കലോ ഉദാഹരിക്കലോ കൂടാതെ തന്നെ സ്ഥിരപ്പെടുത്തിയവരായിരുന്നു.
എന്നാൽ ദുർവ്യാഖ്യാനക്കാർ അല്ലാഹുവിൻറെ അനുഗ്രഹം, ശക്തി എന്നതൊക്കെയാണ് കൈകൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വിശദീകരിക്കാറുണ്ട്. നമുക്ക് അവരോട് നാലാം നമ്പർ നിയമത്തിൽ നാം സൂചിപ്പിച്ചത് തന്നെയാണ് പറയാനുള്ളത്. കൂടാതെ നാലാമതൊരു മാർഗത്തിലൂടെയും നമുക്ക് അതിനെ കണ്ണിക്കാൻ കഴിയും. അത് എന്തെന്നാൽ, സൂറ: സ്വാദിൽ വന്നിട്ടുള്ള لِمَا خَلَقْتُ بِيَدَىَّ (എന്‍റെ കൈകൊണ്ട് ഞാന്‍ സൃഷ്ടിച്ചുണ്ടാക്കിയതിനെ) എന്നതും മേൽ ഹദീസിൽ പറയപ്പെട്ട وَبِيَدِهِ الأُخْرَى (അവൻറെ മറ്റേ കൈകൊണ്ട്) എന്നിവയുടെ സന്ദർഭവും മേൽ പറയപ്പെട്ട രണ്ട് വ്യാഖ്യാനത്തെയും (അനുഗ്രഹം, ശക്തി) തീർത്തും എതിർക്കുന്നവയാണ് എന്നതു തന്നെ.
അല്ലാഹുവിന് വിശേഷണമായി കൈ എന്നത് വിവിധ രൂപത്തിൽ വന്നത് എങ്ങനെ യോജിപ്പിക്കും എന്ന് നോക്കാം
ഒന്ന് : ഏകവചനം
تَبَٰرَكَ ٱلَّذِى بِيَدِهِ ٱلْمُلْكُ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ
ആധിപത്യം ഏതൊരുവന്റെ കയ്യിലാണോ അവന്‍ അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. അവന്‍ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു. (ഖുര്‍ആൻ:67/1)
രണ്ട് : ദ്വിവചനം
بَلْ يَدَاهُ مَبْسُوطَتَانِ يُنفِقُ كَيْفَ يَشَآءُ
അല്ല, അവന്‍റെ ഇരു കൈകളും നിവര്‍ത്തപ്പെട്ടവയാകുന്നു. അവന്‍ എങ്ങനെ ഉദ്ദേശിക്കുന്നുവോ അങ്ങനെ ചെലവഴിക്കുന്നു. (ഖുര്‍ആൻ:5/64)
മൂന്ന് : ബഹുവചനം
أَوَلَمْ يَرَوْا۟ أَنَّا خَلَقْنَا لَهُم مِّمَّا عَمِلَتْ أَيْدِينَآ أَنْعَٰمًا فَهُمْ لَهَا مَٰلِكُونَ
നമ്മുടെ കൈകള്‍ നിര്‍മിച്ചതില്‍പ്പെട്ട കാലികളെ അവര്‍ക്ക് വേണ്ടിയാണ് നാം സൃഷ്ടിച്ചിരിക്കുന്നത് എന്ന് അവര്‍ കണ്ടില്ലേ? അങ്ങനെ അവര്‍ അവയുടെ ഉടമസ്ഥരായിരിക്കുന്നു. (ഖുര്‍ആൻ:36/71
അല്ലാഹുവിൻറെ സഹായത്താൽ നമുക്ക് മേൽ കൊടുത്ത ആയത്തുകളെ ഇനി പറയുന്ന വിധം യോജിപ്പിക്കാവുന്നതാണ്.
ആദ്യം പറഞ്ഞ ഏക വചനം അല്ലാഹുവിന് സ്ഥിരീകരിച്ച കൈ എന്ന അർത്ഥത്തിലാണ്. അതൊരിക്കലും ദ്വിവചനത്തിന് എതിരാകുന്നില്ല. അതുപോലെ ബഹുവചനം പറഞ്ഞത് മൂന്നോ അതിലധികമോ വരുന്ന നിശ്ചിത എണ്ണം അർത്ഥത്തിലല്ല ,മറിച്ച് ബഹുമാന സൂചകമായി ഉപയോഗിച്ചിട്ടുള്ളതാണ്. എന്നാൽ അതും രണ്ട് കൈകൾ എന്ന ദ്വിവചനത്തിന് എതിരാകുന്നില്ല. أقل الجمع اثنين (ബഹുവചനത്തിൽ ഏറ്റവും കുറവ് രണ്ടാണ്) എന്ന തത്വമനുസരിച്ച് അതും അടിസ്ഥാനപരമായി ദ്വിവചനത്തോട് എതിരാകുന്നില്ല.
[ശൈഖ് മുഹമ്മദ് ബ്നു സ്വാലിഹുല്‍ ഉഥൈമീൻ رحمه الله യുടെ شرح لمعة الاعتقاد الهادي إلى سبيل الرشاد എന്ന ഗ്രന്ഥത്തിൽ നിന്നും]
‘അല്ലാഹുവിന്റെ ഇടതുകൈ,’ ‘അല്ലാഹുവിന്റെ രണ്ട് കൈയും വലത്ത് ‘ തുടങ്ങിയ പരാമർശങ്ങളിൽ വൈരുധ്യമുണ്ടോ?
കേരളത്തിലെ ബിദ്അത്തിന്റെ കക്ഷികൾ സലഫികളെ ആക്ഷേപിക്കാനായി എല്ലാ കാലത്തും ഉപയോഗിക്കുന്ന ഒരു കളവാണ്, “മുമ്പ് സലഫികൾ അല്ലാഹുവിന് ഇടതുകൈയും വലതുകൈയും ഉണ്ടെന്നെഴുതി, കുറെ കഴിഞ്ഞപ്പോൾ അവർ അല്ലാഹുവിന്റെ രണ്ട് കൈയും വലതാണെന്ന് എഴുതി” എന്ന്. അങ്ങനെ അല്ലാഹുവിന്റെ ഇടതു കൈയിനെ മാറ്റിക്കളഞ്ഞു എന്നെല്ലാം പരിഹാസ്യ രൂപേണ പല സ്‌റ്റേജുകളിലും അവര്‍ ആളുകളെ കബളിപ്പിക്കാറുണ്ട്.
സത്യത്തിൽ ഈ രണ്ട് പരാമർശങ്ങളും ഹദീസുകളിൽ വന്നതാണ്. അത് അർത്ഥ സഹിതം പുസ്തകങ്ങളിൽ കൊടുത്തു എന്ന് മാത്രം. എന്നാൽ ഇത് ഹദീസിൽ വന്നതാണെന്ന് മറച്ചുവച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും സലഫികളെ പരിഹസിക്കുകയുമാണ് അവര്‍ ചെയ്യാറുള്ളത്. സത്യത്തിൽ ഇവരുടെ പരിഹാസം ചെന്ന് കൊള്ളുന്നത് അല്ലാഹുവിന്റെ റസൂൽ ﷺ യിലേക്ക് തന്നെയാണെന്നും അതിന്റെ ഗൗരവം എത്രയാണെന്നും അവര്‍ മനസ്സിലാക്കുന്നില്ല. പ്രസ്തുത രണ്ട് ഹദീസുകളും താഴെ കൊടുക്കുന്നു:
عَنْ عَبْدُ اللَّهِ بْنُ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : يَطْوِي اللَّهُ عَزَّ وَجَلَّ السَّمَوَاتِ يَوْمَ الْقِيَامَةِ ثُمَّ يَأْخُذُهُنَّ بِيَدِهِ الْيُمْنَى ثُمَّ يَقُولُ أَنَا الْمَلِكُ أَيْنَ الْجَبَّارُونَ أَيْنَ الْمُتَكَبِّرُونَ ثُمَّ يَطْوِي الأَرَضِينَ بِشِمَالِهِ ثُمَّ يَقُولُ أَنَا الْمَلِكُ أَيْنَ الْجَبَّارُونَ أَيْنَ الْمُتَكَبِّرُونَ.
അബ്ദുല്ലാഹിബ്നു ഉമർ رضى الله عنهما വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു ആകാശങ്ങളെ അന്ത്യനാളിൽ ചുരുട്ടും. ശേഷം തന്റെ വലതുകൈ കൊണ്ട് അവയെ എടുക്കും. ശേഷം പറയും: ഞാനാണ് രാജാവ്. സ്വേച്ഛാധിപതികൾ എവിടെ? അഹങ്കാരികൾ എവിടെ? ശേഷം ഏഴ് ഭൂമികളെയും ചുരുട്ടും. ശേഷം അവയെ തന്റെ ഇടത് കൈയിൽ എടുക്കും. ശേഷം പറയും: ഞാനാണ് രാജാവ്, സ്വേച്ഛാധിപതികൾ എവിടെ? അഹങ്കാരികൾ എവിടെ? (മുസ്ലിം:2788)
عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ الْمُقْسِطِينَ عِنْدَ اللَّهِ عَلَى مَنَابِرَ مِنْ نُورٍ عَنْ يَمِينِ الرَّحْمَنِ عَزَّ وَجَلَّ وَكِلْتَا يَدَيْهِ يَمِينٌ الَّذِينَ يَعْدِلُونَ فِي حُكْمِهِمْ وَأَهْلِيهِمْ وَمَا وَلُوا
അംറ് ബ്നു ആസ് رضى الله عنهما വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീർച്ചയായും നീതി പാലിക്കുന്നവർ റഹ്‌മാനായ അല്ലാഹുവിന്റെ വലതു കൈക്കരികിൽ പ്രകാശത്താലുള്ള ഒരു മിമ്പറിൽ ആയിരിക്കും. അല്ലാഹുവിന്റെ ഇരു കരങ്ങളും വലത്താണ്, തന്റെ കുടുംബത്തിലുള്ളവരോടും ത ന്റെ അധീനതയിലുള്ളവരോടും നീതിയോടെ പെരുമാറുന്നവരാണ വർ. (മുസ്ലിം: 1827)
ഈ രണ്ട് ഹദീസുകളും എടുത്ത് കൊടുത്തു എന്ന കാരണം കൊണ്ട്, സലഫികൾ അല്ലാഹുവിനെ ഒരിടത്ത് അവയവമുള്ളവനാക്കി, പിന്നീട് അല്ലാഹുവിന്റെ കൈ വെട്ടി മാറ്റി ( نعوذ بالله ) എന്നൊക്കെ ആരോപിക്കുന്നത് എന്ത് മാത്രം മ്ലേച്ചമാണ്?
ആദ്യം കൊടുത്ത ഹദീസിൽ അല്ലാഹുവിന്റെ ‘വലത് കൈ’ എന്നും ‘ഇടത് കൈ’ എന്നും വന്നിരിക്കുന്നു. സ്വഹീഹ് മുസ്ലിമിൽ വന്ന ഹദീസാണെങ്കിലും ഈ ഹദീസ് ഷാദ്ദ് ആണെന്ന് ചില പണ്ഡിതൻമാർ അഭിപ്രായപ്പെട്ടു. ഇടത് എന്നത് ഒരു ന്യൂനത സൂചിപ്പിക്കുന്ന വാക്കാണെന്നും അതിനാൽ അഭിപ്രായ വിത്യസമുണ്ടെന്നും ഇമാം ബൈഹഖി തന്റെ അസ്മാഉ വ സിഫാത്ത് എന്ന ഗ്രന്ഥത്തിൽ അഭിപ്രായപ്പെടുമ്പോൾ, ഈ ഹദീസ് സ്വഹീഹാണെന്ന് ഇമാം ബഗവി അഭിപ്രായപ്പെടുന്നു.
ഈ ഹദീസ് സ്വഹീഹാണെന്ന അഭിപ്രായം സ്വീകരിച്ചാൽതന്നെ വൈരുധ്യമില്ല, അല്ലാഹുവിനു രണ്ട് കൈകൾ ഉണ്ടെന്നും ഒന്ന് ഇടതും ഒന്ന് വലതുമാണെന്നും അതിന്റെ രൂപം നമുക്കറിയില്ലെന്നും ഹദീസിൽ വന്നതുപ്രകാരം നമ്മൾ വിശ്വസിക്കുന്നു, മാത്രമല്ല അല്ലാഹുവിന്റെ സ്വിഫതാകയാൽ സൃഷ്ടികൾക്കുള്ള യാതൊരു സാദൃശ്യവും ഇവകൾക്കില്ല. സൃഷ്ടികൾക്കുള്ള ഇടത് എന്ന ഒരു ന്യൂനതയും അല്ലാഹുവിലേക്ക് ചേർക്കുമ്പോൾ ഉദ്ദേശിക്കാവതുമല്ല.
ഇനി രണ്ടാമത്തെ ഹദീസും ആദ്യത്തെ ഹദീസിന് എതിരാകുന്നില്ല. ‘അല്ലാഹുവിന്റെ ഇരു കൈകളും വലത്താണ്’ എന്ന് ഹദീസിൽ വന്നത് വായിക്കുമ്പോൾ അല്ലാഹുവിനെ കൈകളുള്ള ഒരു മനുഷ്യനായി സങ്കൽപ്പിക്കുകയും എന്നിട്ട് വലതു ഭാഗത്ത് രണ്ട് കൈകളുള്ള,ഇടതു ഭാഗം ശൂന്യമായ ഒരു വ്യക്തിയെ മനസ്സിൽ സങ്കൽപ്പിക്കുകയും ചെയ്യുന്നവർക്കാണ് സത്യത്തിൽ പ്രശ്നം. അല്ലാഹുവിന്റെ റസൂൽ ﷺ ഇപ്രകാരം പറഞ്ഞിട്ടുണ്ട്, അതെങ്ങനെ എന്ന് നമുക്കറിയില്ല, ഞാൻ അത് വിശ്വസിക്കുന്നു എന്ന് തീരുമാനിച്ചാൽ പ്രശ്‌നം തീർന്നു. അല്ലാഹുവിന് ഇടതുകൈയുണ്ട് എന്ന് പറഞ്ഞ റസൂൽ ﷺ തന്നെയാണ് അല്ലാഹുവിന്റെ രണ്ട് കൈകളും വലതാണെന്ന് പറഞ്ഞത്. സൃഷ്ടികൾക്കുള്ള ഇടതിന്റെ യാതൊരു ന്യൂനതകളും ഇല്ലാത്ത, കൈകൾ രണ്ടും കുറവുകളിൽനിന്ന് മുക്തമാണ് എന്നാണ് ഈ ഹദീസിന്റെ ഉദ്ദേശ്യം.
ഈ ഹദീസിനെ പണ്ഡിതന്മാർ എങ്ങനെ വിശദീകരിച്ചു എന്ന് കൂടി നമുക്ക് നോക്കാം. ചില ഉദ്ധരണികൾ കാണുക:
ഇബ്നു കുത്തയ്‌ബ അൽ ദീനവരി رحمه الله (ഹിജ്‌റ 213-276)
إن هذا الحديث صحيح وليس هو مستحيلا وإنما أراد بذلك معنى التمام والكمال لان كل شئ فمياسره تنقص عن ميامنه في القوة والبطش والتمام وكانت العرب تحب التيامن وتكره التياسر لما في اليمين من التمام وفي اليسار من النقص ولذلك ………. وإن على الاوانة من عقيل * فتى كلتا اليدين له يمين
തീർച്ചയായും ഈ ഹദീസ് സ്വഹീഹാണ്. മാത്രമല്ല അത് അസാധ്യവുമല്ല,അത് കൊണ്ടുള്ള ഉദ്ദേശം പരിപൂർണ്ണതയാണ്, കാരണം എല്ലാ വസ്തുക്കളിലും ഇടത് എന്നാൽ വലതിനെ അപേക്ഷിച്ചു പൂർണ്ണതയിലും ശക്തിയിലും കുറവുള്ളതാണ്. അറബികൾ വലതിനെ ഇഷ്ടപ്പെടുകയും ഇടതിനെ വെറുക്കുകയും ചെയ്തിരുന്നു കാരണം വലത് പൂർണ്ണതയും ഇടത് കുറവുമാണ് …. ശേഷം അദ്ദേഹം ഒരു കവിതാ ശകലം കൊടുക്കുന്നു ഉദാരനായ ഒരു വ്യക്തിയെ സൂചിപ്പിക്കാൻ അയാളുടെ രണ്ട് കൈയ്യും വലത്താണെന്ന് അറബികൾ കവിതയിൽ പറഞ്ഞിരുന്നു. അതിനർത്ഥം അയാൾക്ക് ഇടത് കൈ ഇല്ല എന്നല്ല അയാളുടെ വലതു ഭാഗത്ത് രണ്ട് കൈ ഉണ്ട്. എന്നുമല്ല അയാളുടെ നല്ല ഗുണത്തെ സൂചിപ്പിക്കാനുള്ള ഒരു പ്രയോഗം മാത്രമാണത്. (تأويل مختلف الحديث – صفحة ٣٠٤ )
ഇമാം അബുസഈദ് ദാരിമി رحمه الله (ഹിജ്‌റ 200-280)
وكِلتا يَديهِ يَمِين، أي: مُنَزَّهٌ عن النَّقصِ والضَّعفِ، كما في أيدينا الشِّمال مِن النَّقصِ وعدَمِ البَطشِ، فقال: «كِلتا يدي الرَّحمنِ يَمِينٌ»؛ إجلالًا لله، وتعظيمًا أنْ يُوصَفَ بالشِّمالِ، وقد وُصِفَت يداه بالشِّمالِ واليَسارِ، وكذلك لو لم يجزْ إطلاقُ الشِّمالِ واليَسارِ؛ لَمَا أَطلقَ رسولُ الله صلَّى اللهُ عليه وسلَّم،
അല്ലാഹുവിന്റെ ഇരു കരങ്ങളും വലതാണ് : അഥവാ ന്യൂനതയെ തൊട്ടും ബലഹീനതയെ തൊട്ടും പരിശുദ്ധമായ രണ്ട് കൈകൾ അവനുണ്ട്, നമ്മുടെ കൈകളിൽ ന്യൂനതയും ശക്തികുറവുമുള്ള ഇടത് അവനില്ല, അത് കൊണ്ടാണ് നബി ﷺ പറഞ്ഞത്: ‘റഹ്മാനായ റബ്ബിന്റെ രണ്ട് കയ്യും വലതാണ്’. ന്യൂനതയുടെ അടയാളമായ ഇടത് എന്ന വിശേഷണം അല്ലാഹുവിനില്ല എന്നറിയിക്കാനും അല്ലാഹുവിനെ മഹത്വപ്പെടുത്താനുമാണ് നബി ﷺ അങ്ങിനെ പറഞ്ഞത്. എന്നാൽ അല്ലാഹുവിന്റെ ഇടത് കൈ എന്ന് നബി ﷺ യിൽ നിന്ന് വന്നിട്ടുണ്ട്. ഇടത് എന്ന് പറയാൻ പാടില്ലായിരുന്നെങ്കിൽ നബി ﷺ യിൽ നിന്ന് അങ്ങിനെ ഒരിക്കലും വരുമായിരുന്നില്ല. (رد الدارمي على بشر المريس – صفحة 155)
ശൈഖ് സ്വലിഹ് ഉസൈമീൻ رحمه الله
ثم يأخذهن بشماله ” كلمة ( شمال ) اختلف فيها الرواة ، فمنهم من أثبتها ، ومنهم من أسقطها ، وقد حكموا على من أثبتها بالشذوذ ، لأنه خالف ثقتين في روايتها عن ابن عمر .……….. . ولكن إذا كانت لفظة ” شمال ” محفوظة ، فهي عندي لا تنافي ” كلتا يديه يمين ” ؛ لأن المعني أن اليد الأخرى ليست كيد الشمال بالنسبة للمخلوق : ناقصة عن اليمني ، فقال : ” كلتا يديه يمين ” ، أي : ليس فيها نقص ، ويؤيد هذا قوله في حديث آدم : ” اخترت يمين ربي ، وكلتا يديه يمين مباركة
“പിന്നെ അല്ലാഹു ഭൂമിയെ ഇടത് കൈ കൊണ്ട് പിടിക്കും” ഈ ഹദീസിലെ ‘ഇടത് ‘എന്ന വാക്ക് ചില പണ്ഡിതന്മാർ സ്ഥിരപ്പെടുത്തിയിട്ടുണ്ട്. ചിലർ നിരാകരിച്ചിട്ടുമുണ്ട്. സ്ഥിരപ്പെടുത്തിയവർ തന്നെ അത് ഇബ്നു ഉമര്‍ رضى الله عنهما യിൽ നിന്ന് വന്ന റിപ്പോർട്ടിനു എതിരാണെന്നത് കൊണ്ട് അത് ഷാദ്ദാണെന്ന് പറഞ്ഞിട്ടുണ്ട്.……. എന്നാൽ ‘ഇടത്’ എന്ന വാക്ക് സ്ഥിരപ്പെട്ടതാകയാൽ തന്നെ അല്ലാഹുവിന്റെ രണ്ട് കയ്യും വലതാണെന്ന ഹദീസിന് വൈരുധ്യമാകുന്നില്ല, കാരണം അതിന്റെ അർത്ഥം സൃഷ്ടികൾക്കുള്ള പോലെ വലതിനേക്കാൾ ന്യൂനതയുള്ള ഇടത് കൈ പോലെയല്ല അല്ലാഹുവിന്റെ കൈ എന്നു മാത്രമാണ്. നബി ﷺ പറഞ്ഞു: “അല്ലാഹുവിന്റെ രണ്ട് കൈകളും വലത്താണ്” എന്ന് വെച്ചാൽ അല്ലാഹുവിന്റെ കൈകൾക്ക് ഒരു ന്യൂനതയുമില്ല എന്നർത്ഥം. ഈ വാക്കിനെ ബാലപ്പെടുത്തുന്നതാണ് ആദം നബിയുമായി ബന്ധപ്പെട്ടു വന്ന ഹദീസ്. (ആദം നബി പറഞ്ഞു) അല്ലാഹുവിന്റെ വലതു കൈ ഞാൻ തിരഞ്ഞെടുത്തു, അല്ലാഹുവിന്റെ ഇരു കൈകളും വലതാണ് ബറക്കത്തുടയവയാണ്. مجموع فتاوى ورسائل ابن عثيمين ” ( 1 / 165 )
ഈ വിശദീകരണങ്ങളിൽ നിന്ന് നമുക്ക് വ്യക്തമായി മനസ്സിലാക്കാവുന്ന ചില കാര്യങ്ങൾ താഴെ കൊടുക്കുന്നു.
(1) അല്ലാഹുവിന്റെ ദാത്തിയായ സിഫാത്തുകളെ, എങ്ങിനെ എന്ന് പറയാനോ, നിഷേധിക്കാനോ, സൃഷ്ടികളോട് സാദൃശ്യപ്പെടുത്താനോ, ഉദാഹരണം പറയാനോ, അർത്ഥം മാറ്റാനോ, വിശദീകരിക്കാനോ നിൽക്കാതെ അതിന്റെ ളാഹിറായ അർത്ഥത്തിൽ സ്ഥിരപ്പെടുത്തി വിശ്വസിക്കുക ഇതാണ് സ്വാഹബാക്കളും താബിഉകളും അടങ്ങുന്ന സലഫുകളുടെ മാർഗ്ഗം സലഫികളും അതേ മാർഗ്ഗത്തിലാണ്.
(2) അല്ലാഹുവിന്റെ സിഫാത്തുകളെ അർത്ഥം മാറ്റി വ്യാഖ്യാനിക്കുന്നത് പിൽക്കാലത്ത് വന്ന അഷ്‌അരികളാണ്.
(3) അല്ലാഹുവിന്റെ കൈകൾ എന്നതും അല്ലാഹുവിന്റെ വലത് കൈ, ഇടത് കൈ എന്നതുമൊക്കെ ഖുർആനിലും ഹദീസിലും സ്ഥിരപ്പെട്ട കാര്യമാണ്.
(4) അല്ലാഹുവിന്റെ രണ്ട് കൈകളും വലത്താണ് എന്ന ഹദീസിൽ വന്ന പ്രയോഗത്തിന്റെ ആശയം അല്ലാഹുവിന്റെ രണ്ട് കൈകളും എല്ലാ ന്യൂനതയിൽ നിന്നും കുറവുകളിൽ നിന്നും മുക്തവും പൂർണ്ണ പരിശുദ്ധവും ആണെന്ന് മഹാന്മാരായ ഇമാമുകൾ വിശദീകരിച്ചിരിക്കുന്നു.