അല്ലാഹുവിനോടുള്ള കരാർ പാലിച്ചുവോ?

THADHKIRAH

ഒരു മനുഷ്യൻ മുസ്‌ലിമാകുന്നത് അവൻ അല്ലാഹുവുമായി കരാറിൽ ഏർപ്പെടുമ്പോഴാണ്. അല്ലാഹുവും അവന്റെ അടിമയുമായുള്ള ഈ കരാറിനാണ് ശഹാദത്ത് എന്ന് പറയുന്നത്.

“യഥാർത്ഥ ആരാധ്യനായി അല്ലാഹുവെല്ലാതെ മറ്റാരുമില്ലെന്നും, മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ റസൂലാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു”

ഈ ലോകവും അതിലെ സകലതിനെയും സൃഷ്ടിച്ച് സംവിധാനിച്ച് സംരക്ഷിക്കുന്ന അല്ലാഹു മാത്രമാണ് യഥാ൪ത്ഥ ആരാധ്യനെന്നും മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ റസൂലാണെന്നും ഒരാള്‍ക്ക് ബോധ്യപ്പെടുമ്പോഴാണ് അയാള്‍ അത് അംഗീകരിച്ചുകൊണ്ട് ശഹാദത്ത് പറയുന്നത്. ഒരാൾ ഈ ശഹാദത്ത് പറയുന്നതോടു കൂടിയാണ് ഇസ്‌ലാമിന്റെ വൃത്തത്തിലേക്ക് കടക്കുന്നത്.

നാം മുസ്ലിംകളാണ്. ശഹാദത്തിലൂടെ നാം അല്ലാഹുവുമായി കരാറിലായിക്കഴിഞ്ഞു. തൌഹീദും സുന്നത്തും അനുസരിച്ച് നമ്മുടെ ജീവിതം ചിട്ടപ്പെടുത്തണമെന്നത് കരാറിന്റെ താല്പര്യമാണ്. കരാർ പാലിക്കുന്നവർക്ക് സ്വർഗമാണ് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത്.

തീര്‍ച്ചയായും സത്യവിശ്വാസികളുടെ പക്കല്‍ നിന്ന്‌, അവര്‍ക്ക് സ്വര്‍ഗമുണ്ടായിരിക്കുക എന്നതിനുപകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു. (ഖുർആൻ:9/111)

ഒന്നാമത്തെ കരാർ തൗഹീദിന്റെ കാര്യത്തിലാണ്. ഇരുലോകത്തും വിജയത്തിന് വേണ്ട പ്രഥമമായ നിബന്ധനയാണ് തൌഹീദ്. ഇസ്ലാമിന്റെ അടിസ്ഥാനശിലയാണ് തൗഹീദ്. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ ഇസ്ലാമിന്റെ അടിവേരാണ് തൗഹീദ്. ഇസ്ലാമിന്റെ ജീവനാണ് തൗഹീദ്. ജീവൻ നഷ്ടമായാൽ, അടിത്തറ തകർന്നാൽ, അടിവേര് പൊട്ടിയാൽ അതോടുകൂടി എല്ലാം തകർന്നു തരിപ്പണമാകും. ഒരാളിലെ തൗഹീദ് തകർന്നാൽ അവനിലെ ഇസ്ലാം തകർന്ന് തരിപ്പണമാകും. തൗഹീദ് എന്താണെന്ന് നാം മനസ്സിലാക്കിയിട്ടുണ്ടോ? ഇമാം ബുഖാരി رَحِمَهُ اللهُ തന്റെ സ്വഹീഹുൽ ‘കിത്താബുത്തൗഹീദ്’ എന്ന പേരിൽ ഒരു അദ്ധ്യായം തന്നെ നൽകിയിരിക്കുന്നു. ഈ ഹെഡിംഗിനെ വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്നുഹജർ അസ്ഖലാനി رَحِمَهُ اللهُ പറയുന്നു:

തൗഹീദ് (അല്ലാഹുവിനെ ഏകാനാക്കി) എന്നാൽ : അല്ലാഹുവിന്റെ സത്തയിൽ അവൻ ഏകനാണ്, അവന് ഘടകങ്ങളില്ല. അവന്റെ ഗുണവിശേഷണങ്ങളിൽ അവൻ ഏകനാണ്, അവന് സദൃശങ്ങളില്ല. അവന്റെ ആരാധനയിലും അധികാരത്തിലും നിയന്ത്രണത്തിലും അവന് യാതൊരു പങ്കുകാരുമില്ല. അവന് പുറമേ മറ്റൊരു രക്ഷിതാവോ സൃഷ്ടാവോ ഇല്ല. (ഫത്ഹുൽബാരി)

ഏകനായ അല്ലാഹുവിന് മാത്രം ഇബാദത്തുകൾ അർപ്പിക്കുകയും അവന്‍ മാത്രമാണ് എല്ലാ നിലക്കുമുള്ള ഇബാദത്തുക്കള്‍ക്ക് അ൪ഹനെന്ന് വിശ്വസിക്കുകയും അല്ലാഹുവല്ലാത്തവ൪ക്കുള്ള ഇബാദത്തുക്കള്‍ പൂ൪ണ്ണമായും വെടിയുകയും അത് ഏറ്റവും വലിയ തിന്‍മയാണെന്ന് അംഗീകരിക്കുകയും അല്ലാഹുവല്ലാത്തവ൪ക്ക് ഇബാദത്ത് ചെയ്യുന്നവന്‍ ഇസ്ലാമില്‍ നിന്ന് പുറത്ത് പോകുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നതുമെല്ലാം തൌഹീദിന്റെ ഭാഗമാണ്. ചുരുക്കത്തിൽ എല്ലാ നിലക്കുമുള്ള ഇബാദത്തുകൾ അല്ലാഹുവിന് മാത്രം സമ൪പ്പിച്ചുകൊണ്ട് അവനെ ഏകനാക്കലാണ് തൌഹീദ്. ഈ തൌഹീദ് പ്രാവ൪ത്തികമാക്കുന്നതോടെ അടിമയുടെ നമസ്കാരവും പ്രാ൪ത്ഥനയും നേ൪ച്ചകളും മറ്റെല്ലാ ഇബാദത്തുകളും അല്ലാഹുവിന് മാത്രമേ നല്‍കപ്പെടാവൂ.

തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ആരാധ്യനുമില്ല. അതിനാല്‍ എന്നെ നീ ആരാധിക്കുകയും, എന്നെ ഓര്‍മിക്കുന്നതിനായി നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. (ഖു൪ആന്‍ :20/14)

നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു. (ഖു൪ആന്‍ :1/5)

ഈ തൗഹീദിലേക്കാണ് ലോകത്തേക്ക് അയക്കപ്പെട്ട മുഴുവൻ പ്രവാചകന്മാരും അവരുടെ സമൂഹത്തെ ക്ഷണിച്ചത്.

ഞാനല്ലാതെ യാതൊരു ആരാധ്യനുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല. (ഖു൪ആന്‍:21/25)

മുഹമ്മദ് നബി ﷺ പറഞ്ഞു: ഞാനും എനിക്ക് മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്മാരും പറഞ്ഞതിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ‘ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു’ (യഥാര്‍‍ത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല, അവൻ ഏകനാണ്, അവന് പങ്കുകാരേയില്ല) എന്ന വാക്യമാണ്. (മുവത്വ)

പക്ഷേ ഖേദകരമെന്ന് പറയട്ടെ, മുസ്ലിം സമുദായത്തിലെ ഭൂരിഭാഗവും ഈ ഒരു കാര്യം മനസ്സിലാക്കാതെയാണ് ജീവിക്കുന്നത്. മുസ്ലിം കുടുംബത്തിൽ ജനിച്ചുവെന്നതിനപ്പുറം ആദർശ തലത്തിൽ ഇസ്ലാമിനെ മനസ്സിലാക്കാനോ ഉൾക്കൊള്ളാനോ അവർക്ക് കഴിഞ്ഞിട്ടില്ല. ഈ സമൂഹം തൗഹീദിൽ നിന്നും വ്യതിചലിക്കുമെന്ന് വഹ്‌യിന്റെ അടിസ്ഥാനത്തിൽ നബി ﷺ അറിയിച്ചിട്ടുണ്ട്.

നബി ﷺ പറഞ്ഞു: ജനങ്ങൾ ലാത്തയെയും ഉസ്സയെയും ആരാധിക്കുന്നതുവരെ രാപ്പകലുകളുടെ (വ്യവസ്ഥിതി) അവസാനിക്കുകയില്ല. (മുസ്ലിം:2907)

നബി ﷺ പറഞ്ഞു: എന്റെ ഉമ്മത്തില്‍ പെട്ട ചില സംഘങ്ങള്‍ വിഗ്രഹങ്ങളെ ആരാധിക്കുകയും മുശ്രിക്കുകളുമായി കൂടിച്ചേരുകയും ചെയ്യുന്നതുവരെ അന്ത്യനാള്‍ സംഭവിക്കുകയില്ല. (തിർമിദി)

നബി ﷺ യുടെ ഈ മുന്നറിയിപ്പ് മുസ്ലിം സമുദായത്തിൽ സംഭവിച്ചു കഴിഞ്ഞിട്ടുണ്ട്. അതിന് തുടക്കമിട്ടത് ശിയാക്കളായിരുന്നു. പല വ്യക്തികൾക്കും അവർ അപ്രമാദിത്വം കൽപ്പിച്ചുകൊണ്ടും പല വ്യക്തികളിലും ദൈവികത്വം നൽകിക്കൊണ്ടും അവർ ശിർക്കിനെയും കുഫ്റിനെയും നെഞ്ചിലേറ്റി. അങ്ങനെ എല്ലാം കാണുന്ന, എല്ലാം അറിയുന്ന, എവിടെ നിന്ന് വിളിച്ചാലും പ്രാർത്ഥന കേൾക്കുന്ന, സഹായിക്കുന്ന, ഉത്തരം നൽകുന്ന, പല വ്യക്തികളേയും അവർ പരിചയപ്പെടുത്തി. ശിയാക്കളിൽ നിന്നും സൂഫികൾ അത് ഏറ്റടുത്തു. അങ്ങനെ തസ്വവുഫിന്റെയും ത്വരീഖത്തിന്റെയും പേരിൽ ഈ അനാചാരം നമ്മുടെ നാട്ടിലുമെത്തി. ഈ ത്വരീഖത്തുകളെ ചില  മുസ്ലിം സംഘടനകൾ തന്നെ ഏറ്റെടുത്തതോടെ ഈ സമൂഹത്തിൽ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പ്രചാരണം എളുപ്പത്തിലായി. അവരൊക്ക തങ്ങൾ സുന്നത്ത് ജമാഅത്തിന്റെ ആതർശത്തിലാണെന്ന് ജൽപ്പിക്കുകയും ചെയ്യുന്നു.

അങ്ങനെ അല്ലാഹുവിന്റെ ഗുണവിഷേണങ്ങൾ വരെ അല്ലാഹു അല്ലാത്തവർക്ക് വകവെച്ചുകൊടുക്കുന്നത് നമ്മുടെ നാടുകളിൽ വ്യാപകമായി. മാത്രമല്ല മഹാന്മാരായ ആളുകൾ അല്ലാഹു ചെയ്യുന്നതൊക്കെ ചെയ്യുമെന്നും അല്ലാഹു കാണുന്നതൊക്കെ കാണുമെന്നും അവർ പ്രചരിപ്പിച്ചു. തൗഹീദിന്റെ ഇനങ്ങളായി പഠിപ്പിക്കപ്പെട്ട അല്ലാഹുവിന്റെ നിയന്ത്രണാധികാരമെന്നതിലും അട്ടിമറി നടത്തി. ഔലിയാക്കൾ ലോകം നിയന്തിക്കുന്നവരാണെന്ന സൂഫികളുടെ ആശയം നമ്മുടെ നാട്ടിൽവരെ പ്രചരിപ്പിക്കപ്പെട്ടു. ചില ഔലിയാക്കൾക്കാണ് ലോകത്തിൻറെ നിയന്ത്രണം എന്ന് വിശ്വസിക്കൽ നിർബന്ധമാണെന്ന് വരെ പറയുന്ന അവസ്ഥയുണ്ടായി. മക്കയിലെ മുശ്രിക്കുകൾക്ക് പോലും ഈ വിശ്വാസമില്ലെന്നതാണ് വസ്തുത.

പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്‌? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്‌? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്‌? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്‌? അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? (ഖുർആൻ:10/31)

എന്തുകൊണ്ടാണ് ഈ വ്യതിയാനങ്ങൾ സംഭവിച്ചത്? അല്ലാഹു മഹാൻമാർക്ക് യഥേഷ്ടമുള്ള കഴിവ് നൽകി എന്നും അതായത് അഭൗതികമായ കഴിവ് അഥവാ കാര്യകാരണങ്ങൾക്ക് അതീതമായ കഴിവ് അല്ലാഹുവിന് മാത്രം അല്ലെന്നും മഹാൻമാർക്കും ഉണ്ടെന്നുമുള്ള വിശ്വാസം സ്വീകരിച്ചപ്പോഴാണ് ഈ വ്യതിയാനം സംഭവിച്ചത്. യഥാർത്ഥത്തിൽ അഭൗതികമായ മാർഗങ്ങളിലുള്ള അഥവാ കാര്യകാരണങ്ങൾക്ക് അതീതമായ കഴിവ് അല്ലാഹു ആർക്കും നൽകിയിട്ടില്ല. അങ്ങനെ അല്ലാഹു ആർക്കെങ്കിലും കഴിവ് നൽകി എന്ന് പറഞ്ഞാൽ അല്ലാഹു സ്വയം ഒരു പങ്കാളിയെ സ്വീകരിച്ചു എന്നാണ്. നഊദു ബില്ലാഹ്. അതൊരിക്കലും ഉണ്ടാവുകയില്ല.

തൗഹീദിന് എതിരാണ് ശിർക്ക്. അതാകട്ടെ ഒരാളെ ഇസ്ലാമിൽ നിന്ന് പുറത്തെത്തിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇസ്ലാമില്‍ ഏറ്റവും വലിയ പാപം ശി൪ക്കാണ്.

അബ്ദില്ല (റ) പറയുന്നു : ഞാന്‍ നബി ﷺ യോട് ചോദിച്ചു: ഏത് തിന്‍മയാണ് ഏറ്റവും ഗൌരവമുള്ളത്. നബി ﷺ പറഞ്ഞു: നിന്നെ സൃഷ്ടിച്ചവന്‍ അല്ലാഹുവാണെന്നിരിക്കെ, നീ അവന് പങ്കാളിയെ നിശ്ചയിക്കലാണ്. (ബുഖാരി:7520)

ശി൪ക്ക് എന്നാല്‍ ‘അത് വിഗ്രഹാരാധനയാണ് അല്ലെങ്കില്‍ ഒരുപാട് ദൈവങ്ങളുണ്ടെന്ന് വിശ്വസിക്കലാണ് അതുമല്ലെങ്കില്‍ മഹാന്‍മാ൪ക്ക് സ്വന്തമായി കഴിവുണ്ടെന്ന് വിശ്വസിക്കലാണ് ‘ എന്നൊക്കെയാണെന്ന് ആളുകള്‍ കരുതിപോകുന്നത്. അതെല്ലാം ശി൪ക്കാണെങ്കിലും അത് മാത്രമല്ല ശിർക്ക്. അല്ലാഹുവിന് തുല്ല്യനായി ഒരാളെ നിശ്ചയിക്കുന്നതാണ് ശി൪ക്ക് എന്ന് ഒറ്റ വാക്കില്‍ പറയാം. അഥവാ, അല്ലാഹുവിന് മാത്രം പ്രത്യേകമായിട്ടുള്ള കാര്യങ്ങളില്‍ അവന് പങ്കാളിയെ നിശ്ചയിക്കുന്നതാണ് ശി൪ക്ക്. ശിർക്ക് ഒരു മനുഷ്യനെ സ്വർഗത്തിൽ നിന്ന് അകറ്റുകയും നരകത്തിലെത്തിക്കുകയും ചെയ്യും.

അല്ലാഹുവിനോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. (ഖു൪ആന്‍: 5/72)

നബി ﷺ പറഞ്ഞു: സ്വഫക്ക് മുകളില്‍ ഉറുമ്പരിക്കുന്നതിനേക്കാള്‍ ഗോപ്യമാണ് എന്റെ ഉമ്മത്തില്‍ ശിര്‍ക്ക് സംഭവിക്കുന്നത്. (സ്വഹീഹുല്‍ ജാമിഅ്: 3730)

മുസ്ലിം സമൂഹത്തിലേക്ക് ഇന്ന് ശി൪ക്ക് വിവിധ രൂപത്തിലാണ് കടന്നു വരുന്നത്. ഒരിക്കലും നിനച്ചിരിക്കാത്തതും കണക്ക് കൂട്ടാത്തതുമായ വഴികളിലുടെയുമാണ് അത് കടന്നു വരുന്നത്. ഇത്തരം വഴികളെ കുറിച്ചെല്ലാം നാം വ്യക്തമായി അറിഞ്ഞിരിക്കണം. അതിൽ പ്രധാനപ്പെട്ടതാണ് കെട്ടി ഉയ൪ത്തപ്പെട്ട മഖ്ബറകള്‍.

ഖബ്ർ സിയാറത്ത് എന്നപേരിലാണ് പുരോഹിതൻമാർ ആളുകളെ കെട്ടി ഉയ൪ത്തപ്പെട്ട മഖ്ബറകളിലെത്തിക്കുന്നത്. ഇസ്ലാമില്‍ ഖബ്ർ സിയാറത്ത്‌ സുന്നത്താക്കപ്പെട്ടത് രണ്ട് കാര്യങ്ങള്‍ക്ക് വേണ്ടിയാണ്. ഒന്നാമത്തേത്, ഖബ്ർ സിയാറത്തുകൊണ്ട് മരണചിന്തയും പരലോക ചിന്തയും ഉണ്ടാക്കും. രണ്ടാമത്തേത് ഖബ്റിലുള്ള സത്യവിശ്വാസികള്‍ക്ക് വേണ്ടി പ്രാ൪ത്ഥിക്കുന്നതിനാണത്.  നമ്മുടെ നാട്ടിലുള്ള പള്ളികളിലെ നമ്മുടെ ബന്ധുക്കളേയും മറ്റുള്ളവരേയും അടക്കം ചെയ്തിട്ടുള്ള പൊതു ഖബ൪സ്ഥാനിലെല്ലാം ഇപ്രകാരം ഖബ്ർ സിയാറത്ത് സുന്നത്താണ്.

എന്നാൽ ഖബ്ർ സിയാറത്തിന്റെ ലക്ഷ്യമായി നബി ﷺ എന്ത്‌ പഠിപ്പിച്ചോ അതിൽ നിന്ന്‌ സമൂഹം ഇന്ന് ഏറെ വ്യതിചലിച്ചിരിക്കുന്നു. ഖബ്ര്‍ സിയാറത്ത് എന്തിനുവേണ്ടിയാണോ സുന്നത്താക്കിയിരിക്കുന്നത് ആ കാര്യം തന്നെ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഖബ്റാളിക്ക് വേണ്ടി പ്രാ൪ത്ഥിക്കുന്നതിന് പകരം ഖബ്റിലുള്ളയാളോട് പ്രാ൪ത്ഥിക്കുന്നതിന് വേണ്ടി ഖബ്ർ സിയാറത്ത് ചെയ്യുന്നു. അതിനുവേണ്ടി നമ്മുടെ നാടുകളില്‍ മഹാന്‍മാരാണെന്ന് പറയുന്ന പലരുടെയും ഖബ്റുകള്‍ കെട്ടി ഉയ൪ത്തുകയും അതിന്‍മേല്‍ കെട്ടിടം നി൪മ്മിച്ചതായും കാണാവുന്നതാണ്. അവിടേക്ക് ആളുകള്‍ സിയാറത്ത് ചെയ്യുന്നു. അത്തരം സിയാറത്തുകളില്‍ മരണചിന്തയും പരലോക ചിന്തയും ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, ദുന്‍യാവിലെ ആവശ്യങ്ങള്‍ക്കാണ് അത്തരം സിയാറത്തുകള്‍ ചെയ്യുന്നതും. ഇസ്ലാം സുന്നത്തായ ഖബ്ര്‍ സിയാറത്ത് ചെയ്യുമ്പോള്‍ അല്ലാഹുവിന്റെ പ്രതിഫലമാണ് ലഭിക്കുന്നതെങ്കില്‍ ഇസ്ലാം വിരോധിച്ച ഖബർ സിയാറത്ത് ചെയ്യുന്നതുവഴി അല്ലാഹുവിന്റെ ശിക്ഷയാണ് ലഭിക്കുന്നത്. മരണപ്പെട്ട വ്യക്തിയോട് സഹായം തേടുമ്പോള്‍, ബ൪സഖിലുള്ള വ്യക്തി തന്റെ ആവശ്യങ്ങള്‍ അറിയുമെന്ന് വിശ്വസിക്കുകവഴി അല്ലാഹുവിന്റെ കഴിവില്‍ പങ്ക് ചേ൪ക്കുന്നു. ചുരുക്കത്തില്‍ ഇസ്ലാം വിരോധിച്ച ഖബ്ർ സിയാറത്ത് ചെയ്യുന്നതുവഴി ഇസ്ലാമില്‍ നിന്നും പുറത്തുപോകുന്നു. പുണ്യം പ്രതീക്ഷിച്ചുള്ള സിയാറത്ത് യാത്ര പാടുള്ളത് മൂന്ന് സ്ഥലങ്ങളിലേക്ക് മാത്രമാണെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

നബി ﷺ പറഞ്ഞു: മൂന്ന് പള്ളികളിലേക്കല്ലാതെ നിങ്ങൾ (പുണ്യം പ്രതീക്ഷിച്ച്) യാത്ര ചെയ്യരുത്. മസ്‌ജിദുൽ ഹറാം, റസൂൽ ﷺ യുടെ പള്ളി (മദീനയിലെ മസ്ജിദുന്നബവി), മസ്‌ജിദുൽ അഖ്‌സാ എന്നിവയാണവ. (ബുഖാരി: 1189)

അജ്മീർ, ഏർവാടി, നാഗൂർ തുടങ്ങിയ അന്യസംസ്ഥാനങ്ങളിലെ സ്ഥലങ്ങളിലാകട്ടെ, ബീമാ പള്ളി, മമ്പുറം പള്ളി തുടങ്ങിയ കേരളത്തിലെ സ്ഥലങ്ങളിലാകട്ടെ, പുണ്യം പ്രതീക്ഷിച്ച് യാത്ര ചെയ്യുന്നവർക്ക് പുണ്യം ലഭിക്കുകയില്ലെന്നു മാത്രമല്ല നബി ﷺ യുടെ നിർദ്ദേശം തള്ളികളഞ്ഞതിന് ശിക്ഷയാണ് ലഭിക്കുക. മരണപ്പെട്ടു പോയ ഔലിയാക്കളുടെയും മഹാന്മാരുടെയും പേരിൽ അവരുടെ മഖ്ബറക്ക് സമീപം നടത്തപ്പെടുന്ന ഉറൂസുകൾ ഇസ്ലാമികമല്ലെന്നും ഇതിൽ നിന്ന് വ്യക്തമാണ്.

മരണപ്പെട്ട മഹാൻമാരോട് സഹായം ചോദിച്ചാൽ അവർ അല്ലാഹുവിന്റെ അടുക്കല്‍ നമുക്ക് വേണ്ടി ശുപാർശ ചെയ്യുമെന്നും പുരോഹിതൻമാർ തെറ്റിദ്ധരിപ്പിക്കാറുണ്ട്. ഇങ്ങനെയുള്ള ശുപാർശ ഇസ്ലാം പഠിപ്പിച്ചിട്ടില്ല. ഇത് മക്കയിലെ മുശ്രിക്കുകളുടെ ആദർശമാണ്.

അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. (നബിയേ,) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിന് അറിയാത്ത വല്ലകാര്യവും നിങ്ങളവന് അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു. (ഖു൪ആന്‍:10/18)

പുരോഹിതൻമാർ ചിലപ്പോൾ പറയാറുള്ളത്,  മരണപ്പെട്ട മഹാൻമാർ അല്ലാഹുവിങ്കലേക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കുന്നതിന് വേണ്ടിയാകുന്നുവന്നാണ്. ഇതും മക്കയിലെ മുശ്രിക്കുകളുടെ ആദർശമാണ്.

അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം. അവന് പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. തീര്‍ച്ചയായും നുണയനും നന്ദികെട്ടവനു-മായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല. (ഖു൪ആന്‍:39/3)

മഹാന്‍മാരുടെ ഖബ്റുകള്‍ കെട്ടി ഉയ൪ത്തുകയും അതിന്‍മേല്‍ കെട്ടിടം നി൪മ്മിച്ചും ആരാധനാ ക൪മ്മങ്ങള്‍ നി൪വ്വഹിക്കുന്നത് ജൂതക്രൈസ്തവരുടെ സമ്പ്രദായമാണ്.

ജുന്‍ദുബ്(റ) പറയുന്നു: നബി ﷺ പറഞ്ഞു: …………….. നിങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയവ൪ അവരിലെ നബിമാരുടേയും സ്വാലിഹീങ്ങളുടേയും ഖബ്റുകളെ ആരാധനാ കേന്ദ്രങ്ങളാക്കുമായിരുന്നു. അറിയുക: നിങ്ങള്‍ ഖബ്റുകളെ ആരാധനാ കേന്ദ്രങ്ങളാക്കരുത്. ഞാന്‍ നിങ്ങളോട് അത് തടയുന്നു. (മുസ്ലിം :532)

മരണപ്പെട്ടുപോയ മഹാൻമാരോടും  ബദ്രീങ്ങളോടും മുഹിയിദ്ദീന്‍ ശൈഖിനോടുെല്ലാമുള്ള സഹായതേട്ടം പ്രാ൪ത്ഥനയാണ്. അല്ലാഹുവിന് മാത്രം സമ൪പ്പിക്കേണ്ട ഇത്തരം വിളികള്‍ അല്ലാഹുവല്ലാത്തവ൪ക്ക് നല്‍കുന്നതുവഴി ശി൪ക്ക് സംഭവിക്കുന്നു. ഇസ്ലാമിക പ്രമാണങ്ങള്‍ പരിശോധിച്ച് നോക്കിയാല്‍ മരിച്ചവ൪ കേള്‍ക്കുമെന്നതിന് യാതൊരു തെളിവും കണ്ടെത്താന്‍ കഴിയില്ല. മരണപ്പെട്ടവര്‍ കേള്‍ക്കുകയില്ലെന്ന് മാത്രമല്ല, അവര്‍ ഈ ദുനിയാവില്‍ നടക്കുന്ന ഒരു കാര്യവും അറിയുന്നില്ല എന്നതാണ് വസ്തുത. കാരണം ഉയ൪ത്തെഴുന്നേല്‍പ്പ് നാള്‍ വരെ അവ൪ ബ൪സഖിലാണ്. മരണപ്പെട്ടവര്‍ക്ക് മരണശേഷം നിരുപാധികമായ കാഴ്ചയും കേള്‍വിയും കഴിവും പോയിട്ട് സാധാരണ കാഴ്ചയും കേള്‍വിയും കഴിവും ഉണ്ടാകില്ലെന്നും അവരോടുള്ള പ്രാ൪ത്ഥന നിര൪ത്ഥകമാണെന്നും അല്ലാഹു അറിയിച്ചിട്ടുണ്ട്.

(നബിയേ) നിശ്ചയമായും മരണപ്പെട്ടവരെ നിനക്ക് കേള്‍പ്പിക്കാനാവുകയില്ല. ബധിരന്‍മാര്‍ പുറംതിരിച്ചു മാറിപോയാല്‍ അവരെയും നിനക്ക് വിളികേള്‍പ്പിക്കാനാവില്ല. (ഖു൪ആന്‍ :27/80)

ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ കേള്‍പ്പിക്കുന്നു. നിനക്ക് ഖബ്‌റുകളിലുള്ളവരെ കേള്‍പിക്കാനാവില്ല.(ഖു൪ആന്‍ :35/22)

നിങ്ങള്‍ അവരോട് പ്രാര്‍ത്ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളിലാകട്ടെ നിങ്ങളുടെ ഈ ശി൪ക്കിനെ (നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്‌. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ) പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല. (ഖു൪ആന്‍ :35/14)

പ്രാ൪ത്ഥന അല്ലാഹുവിനോട് മാത്രമേ പാടുള്ളൂവെന്ന് വിശുദ്ധ ഖു൪ആനിലെ അനവധി ആയത്തുകളിലൂടെ അല്ലാഹു നമ്മെ അറിയിച്ചുള്ളതാണ്.

പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ത്ഥിക്കരുത്.(ഖു൪ആന്‍ : 72/18)

(നബിയേ)പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.(ഖു൪ആന്‍:72/20)

പ്രാ൪ത്ഥന ഒരു ഇബാദത്താണ്. അത് അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

നബി ﷺ പറഞ്ഞു: നിശ്ചയം പ്രാർത്ഥന അതുതന്നെയാണ്‌ ആരാധന. ശേഷം നബി ﷺ ഓതി നിങ്ങളുടെ നാഥൻ അരുളിയരിക്കുന്നു: “എന്നോട്‌ നിങ്ങൾ പ്രാർത്ഥിക്കുക. ഞാൻ നിങ്ങൾക്ക്‌ ഉത്തരം നൽകും. നിശ്ചയം, എനിക്ക്‌ ഇബാദത്തെടുക്കുവാൻ അഹങ്കരിക്കുന്നവർ നിന്ദ്യരായി നരകത്തിൽ പ്രവേശിക്കുന്നതാണ്‌.”(ഖു൪ആന്‍ : 40/60) (തിർമുദി, ഇബ്‌നുമാജ, അഹ്‌മദ്‌-സ്വഹീഹ്)

അല്ലാഹുവുമായിട്ടുള്ള നമ്മുടെ രണ്ടാമത്തെ കരാർ സുന്നത്തിന്റെ കാര്യത്തിലാണ്. അല്ലാഹുവിന്റെ റസൂലായ മുഹമ്മദ് നബി ﷺ യെ സമ്പൂ൪ണ്ണമായി അനുസരിക്കുന്നതാണെന്ന് ശഹാദത്തിലൂടെ നാം ഓരോരുത്തരും പ്രഖ്യാപിച്ചിട്ടുണ്ട്.

ഹജ്ജത്തുൽ വദാഇൽ വെച്ചാണ്‌ ഇസ്‌ലാം സമ്പൂർണ്ണമാകുന്നത്‌. അല്ലാഹു പറയുന്നു:

ഇന്ന്‌ ഞാൻ നിങ്ങൾക്ക്‌ നിങ്ങളുടെ മതം പൂർത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക്‌ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാൻ നിങ്ങൾക്ക്‌ തൃപ്തിപ്പെട്ടു തന്നിരിക്കുന്നു. (ഖു൪ആന്‍: 5/3)

നബി ﷺ യുടെ അവസാന കാലത്ത് അവതരിച്ച വിശുദ്ധ ഖു൪ആനിലെ ആയത്താണിത്. ഈ വചനം അവതരിച്ചതിന് ശേഷം ഏതാനും ചില ആയത്തുകള്‍ അവതരിച്ചിട്ടുണ്ടെങ്കിലും നിയമപരമായ പുതിയ വിധികളൊന്നും പിന്നീട് അവതരിക്കുകയുണ്ടായിട്ടില്ല. അല്ലാഹു അവന്റെ മതത്തെ – ഇസ്ലാമിനെ – പൂര്‍ത്തിയാക്കിയിട്ടുള്ള കാര്യമാണ് ഇതിലൂടെ അറിയിക്കുന്നത്. അഥവാ മതത്തില്‍ ആവശ്യമായ സര്‍വ്വ നിയമ നിര്‍ദ്ദേശങ്ങളും പ്രശ്‌ന പരിഹാരങ്ങളും നല്‍കി കഴിഞ്ഞിരിക്കുന്നു. അതില്‍ ഇനി ഒന്നും കൂട്ടുകയോ കുറക്കുകയോ ചെയ്യേണ്ടതില്ലെന്ന് ചുരുക്കം.

നബി ﷺ പറഞ്ഞു : നിങ്ങളെ സ്വ൪ഗ്ഗത്തിലേക്ക് അടുപ്പിക്കുന്ന ഒരു കാര്യവും നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞുതരാതെ വിട്ടുപോയിട്ടില്ല. നിങ്ങളെ നരകത്തില്‍ നിന്ന് അകറ്റുന്ന ഒരു കാര്യവും പറഞ്ഞുതരാതെ പോയിട്ടില്ല. (സിൽസിലത്തു സ്വഹീഹ)

അല്ലാഹു അവന്റെ അവസാന പ്രവാചകനിലൂടെ ലോകത്തിന് മുന്നില്‍ തുറന്ന് വെച്ചിട്ടുള്ള മാതൃക തെളിമയുള്ളതും പ്രകാശപൂര്‍ണവുമാണ്.

തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്‌. (ഖു൪ആന്‍ :33/21)

നബി ﷺ പറഞ്ഞു: അല്ലാഹു തന്നെയാണ് സത്യം, നിങ്ങളെ ഞാന്‍ വിട്ടേച്ച് പോകുന്നത് തെളിമയാര്‍ന്ന ഒരു മാര്‍ഗത്തിലാകുന്നു, അതിന്റെ രാവും പകലും ഒരുപോലെയാകുന്നു. എന്റെ കാലശേഷം അതിൽ നിന്ന് നാശകാരിയല്ലാതെ തെറ്റുകയില്ല. (ഇബ്‌നുമാജ)

മതം പൂര്‍ത്തിയായതിനു ശേഷം അതിന്റ പേരില്‍ പുതുതായുണ്ടാക്കുന്ന കാര്യങ്ങളെല്ലാം ബിദ്അത്താണ്. നബി ﷺ അതിനെ കുറിച്ച് താക്കീത് ചെയ്തിട്ടുണ്ട്.

നബി ﷺ പറഞ്ഞു: നിശ്ചയം, സത്യസന്ധമായ സംസാരം അല്ലാഹുവിന്റെ ഗ്രന്ഥമാണ്. ഏറ്റവും നല്ല മാര്‍ഗം മുഹമ്മദിന്റെ മാര്‍ഗമാണ്. കാര്യങ്ങളില്‍ ഏറ്റവും മോശം ബിദ്അത്തുകളാണ്. എല്ലാ ബിദ്അത്തുകളും വഴികേടുകളാണ്.(ബിദ്അത്താകുന്ന) എല്ലാ വഴികേടുകളും നരകത്തിലാണ്‌. (നസാഇ:1578)

ദീനിൽ നിർമ്മിച്ചുണ്ടാക്കുന്ന സകല ബിദ്അത്തുകളും അനാചാരങ്ങളാണെന്നാണ്‌ സ്വഹാബികൾ അടക്കമുള്ള സ്വലഫുകൾ മനസ്സിലാക്കിയത്‌. ഇബ്‌നു ഉമർ‌ؓ(റ) പറയുന്നു: എല്ലാ അനാചാരങ്ങളും വഴി കേടാണ്‌. ജനങ്ങൾ അതെത്ര നല്ലതായി കണ്ടാലും ശരി. (ബൈഹഖി)

ഇന്ന് സുന്നത്തിന്റ സ്ഥാനത്ത് ബിദ്അത്ത് (പുത്തനാചാരം) കടന്നുകൂടിയിരുക്കുന്നു. ബിദ്അത്ത് ഇന്ന് ആദർശമായി ആളുകൾ കൊണ്ടുനടക്കുന്നു. നബി ﷺ ക്ക് ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞ് എഴുതിയുണ്ടാക്കിയ മാല-മൗലിദുകൾ റമളാനിലും അല്ലാത്തപ്പോഴും ഇബാദത്തായി  ആളുകൾ പാരായണം ചെയ്യുന്നു. നബി ﷺ ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞ് ജീവിച്ച ശൈഖ് ജീലാനിയുടെ പേരിൽ ജീലാനി ദിനം ഇബാദത്തായി നിർവ്വഹിക്കുന്നു.

സത്യവിശ്വാസികളുടെ തന്നെ ഏതൊരു ക൪മ്മവും അല്ലാഹു സ്വീകരിക്കണമെങ്കില്‍ രണ്ട് കാര്യം നി൪ബന്ധമാണ്. (1) ചെയ്യുന്ന ക൪മ്മം അല്ലാഹുവിന്റെ പൊരുത്തം ഉദ്ദേശിച്ചുള്ളതായിരിക്കുക (ഇഖ്’ലാസ്.) (2) ചെയ്യുന്ന ക൪മ്മം നബി ﷺ യുടെ ചര്യക്കനുസൃതമായിരിക്കണം (സുന്നത്ത്). ചെയ്യുന്ന ക൪മ്മം അല്ലാഹുവിന്റെ പൊരുത്തം മാത്രം ഉദ്ദേശിച്ചുള്ളതാണെങ്കിലും അതിന് നബി ﷺ യുടെ മാതൃകയില്ലെങ്കില്‍ അത് തള്ളപ്പെടും. ബിദ്അത്തായ ക൪മ്മം അല്ലാഹു സ്വീകരിക്കുകയില്ല എന്ന൪ത്ഥം.

നബി ﷺ പറഞ്ഞു: നമ്മുടെ ഈ കാര്യത്തിൽ (ദീനിൽ) അതിൽ ഇല്ലാത്തത്‌ പുതുതായി വല്ലവനും ഉണ്ടാക്കിയാൽ അത് തള്ളേണ്ടതാണ്‌. (ബുഖാരി:2697)

നബി ﷺ പറഞ്ഞു: ആരെങ്കിലും നമ്മുടെ കല്‍പ്പനയില്ലാത്ത ഒരു പ്രവര്‍ത്തനം ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്. (മുസ്ലിം:1718)

പരലോകത്ത്‌ ദാഹാർത്ഥനായി എത്തുമ്പോള്‍ വിശ്വാസികള്‍ക്ക് കുടിക്കുന്നതിനായി നബി ﷺ യുടെ കൈയ്യില്‍ നിന്ന് ഹൗളുൽ കൗസറിലെ വെള്ളം ലഭിക്കും. എന്നാല്‍ ബിദ്അത്ത് ചെയ്യുന്നവ൪ക്ക് അതില്‍ നിന്ന് കുടിക്കാന്‍ കഴിയില്ല. അവരുടെയും നബി ﷺ യുടേയും ഇടയില്‍ മറ ഇടപ്പെടുന്നതാണ്. നബി ﷺ പറയുന്നത് കാണുക:

അപ്പോള്‍ ഞാന്‍ വിളിച്ചു പറയും: അവര്‍ എന്നില്‍ (എന്റെ സമുദായത്തല്‍) പെട്ടവരാണല്ലോ. അന്നേരം പറയപ്പെടും: താങ്കള്‍ക്ക് ശേഷം അവര്‍ (മതത്തില്‍) പുതുതായുണ്ടാക്കിയത് താങ്കള്‍ അറിയില്ല. തല്‍സമയം ഞാന്‍ പറയും: എനിക്ക് ശേഷം മതത്തെ (ബിദ്അത്തുകളുണ്ടാക്കി) വ്യതിയാനപ്പെടുത്തിയവര്‍ ദൂരെപ്പോകൂ ദൂരെപ്പോകൂ. (ബുഖാരി:6584)

ബിദ്അത്തുകാ൪ക്ക് ഹൌളില്‍ നിന്ന് കുടിക്കാന്‍ ലഭിക്കാത്തതിന്റെ കാരണം മതത്തില്‍ നബി ﷺ പഠിപ്പിക്കാത്ത പുതിയ കാര്യങ്ങള്‍ അനുഷ്ഠിച്ചതാണ്‌. അവ൪ ബിദ്അത്തുകാരാണെന്ന് അറിയുമ്പോള്‍ നബി ﷺ യുടെ പ്രതികരണം കടുത്തതായിരിക്കുമെന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം.

സത്യവിശ്വാസികളെ, നാം ആത്മാർത്ഥമായി ചിന്തിക്കുക. നാം അല്ലാഹുവുമായുള്ള കരാർ പാലിക്കുന്നവരാണോ? തൗഹീദും സുന്നത്തും അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുക.  അല്ലാഹു അനുഗ്രഹിക്കുമാറാകാട്ടെ. (ആമീൻ)

 

Leave a Reply

Your email address will not be published.

Similar Posts