സത്യവിശ്വാസികള്‍ പരസ്പരം സ്‌നേഹിക്കല്‍ ഈമാനിന്റെ ഭാഗമാണ്. ഈമാന്‍ പരിപൂര്‍ണമാകണമെങ്കില്‍ ഈ സ്‌നേഹം കൂടിയേ തീരൂ. ഈ സ്‌നേഹം സ്വര്‍ഗത്തിലേക്കുള്ള മാര്‍ഗ്ഗവുമാണ്.
إِنَّمَا ٱلْمُؤْمِنُونَ إِخْوَةٌ
സത്യവിശ്വാസികള്‍ (പരസ്പരം) സഹോദരങ്ങള്‍ തന്നെയാകുന്നു. (ഖുർആൻ :49/10)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ تَدْخُلُونَ الْجَنَّةَ حَتَّى تُؤْمِنُوا وَلاَ تُؤْمِنُوا حَتَّى تَحَابُّوا . أَوَلاَ أَدُلُّكُمْ عَلَى شَىْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ أَفْشُوا السَّلاَمَ بَيْنَكُمْ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സത്യവിശ്വാസികളാവാതെ നിങ്ങൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. പരസ്പരം സ്‌നേഹിക്കുന്നതുവരെ നിങ്ങള്‍ വിശ്വാസികളാവുകയുമില്ല. ഞാൻ നിങ്ങൾക്ക് ഒരു കാര്യം അറിയിച്ചു തരട്ടയോ? അത് പ്രാവർത്തികമാക്കിയാൽ നിങ്ങൾ പരസ്പരം സ്നേഹമുള്ളവരായിരിക്കും. നിങ്ങൾക്കിടയിൽ നിങ്ങൾ സലാം വ്യാപിപ്പിക്കുക. (മുസ്‌ലിം: 54)
പരസ്പരം സ്‌നേഹിക്കുക എന്നത് സത്യവിശ്വാസികളുടെ അടയാളമാണെന്ന് ഈ ഹദീസിൽ നിന്ന് വ്യക്തമാണ്. എന്നാൽ ഈ സ്നേഹം അല്ലാഹുവിന് വേണ്ടിയയായിരിക്കണം. ഈമാനിന്റെ ശക്തമായ പാശങ്ങളില്‍ പെട്ടതാണ് അല്ലാഹുവിന് വേണ്ടിയുള്ള സ്‌നേഹം. അല്ലാഹുവിന് വേണ്ടി സ്‌നേഹിക്കുകയും വെറുക്കുകയും നല്‍കുകയും തടയുകയും ചെയ്യല്‍ ഒരുവന്റെ ഈമാനിന്റെ പൂർത്തീകരണത്തിന്റെ അടയാളമാണ്.
عَنْ أَبِي أُمَامَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ : مَنْ أَحَبَّ لِلَّهِ وَأَبْغَضَ لِلَّهِ وَأَعْطَى لِلَّهِ وَمَنَعَ لِلَّهِ فَقَدِ اسْتَكْمَلَ الإِيمَانَ
അബൂഉമാമ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ അല്ലാഹുവിനു വേണ്ടി സ്‌നേഹിച്ചു, അല്ലാഹുവിനു വേണ്ടി വെറുത്തു, അല്ലാഹുവിനുവേണ്ടി നല്‍കി, അല്ലാഹുവിന് വേണ്ടി തടഞ്ഞു എങ്കില്‍ അവന്റെ വിശ്വാസം (ഈമാന്‍) പരിപൂര്‍ണമായി. (അബൂദാവൂദ്:4681 – സ്വഹീഹ് അൽബാനി)
قال الإمام أحمد رحمه الله : من أفضل خصال الإيمان الحب في الله والبغض في الله
ഇമാം അഹ്മദ് ബ്നു ഹമ്പൽ رحمه الله പറഞ്ഞു: അല്ലാഹുവിന്റെ മാർഗത്തിൽ സ്നേഹിക്കുകയും, വെറുക്കുകയും ചെയ്യുന്നത് ഈമാനിന്റെ ഏറ്റവും ശ്രേഷ്ഠമായ ഘടകങ്ങളിലൊന്നാണ്. [ത്വബഖാത്തുൽ ഹനാബില: 2 /275]
അല്ലാഹുവിന് വേണ്ടി സ്‌നേഹിക്കുകയും വെറുക്കുകയും ചെയ്യുന്നത് എങ്ങനെയാണ്? ഒരാൾ അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുന്നയാളാണെങ്കിൽ അക്കാരണത്താൽ അല്ലാഹുവിന്റെ പ്രീതിയും പൊരുത്തവും ഉദ്ദേശിച്ച് അയാളെ സ്നേഹിക്കുവാൻ നമുക്ക് കഴിയണം. ഒരാൾ തിൻമകളിലൂടെയും മറ്റുമായി അല്ലാഹുവിൽ നിന്ന് അകലുകയാണെങ്കിൽ അല്ലാഹുവിന്റെ പ്രീതിയും പൊരുത്തവും ഉദ്ദേശിച്ച് അയാളിൽ നിന്ന് അകലുവാനും നമുക്ക് കഴിയണം.
നമുക്ക് ഇന്ന് പലരെയും ഇഷ്ടമാണ്. പക്ഷെ, ആ ഇഷ്ടം എന്തിന് വേണ്ടിയാണ്? നാം അല്ലാഹുവിനു വേണ്ടി സ്നേഹിക്കുന്നവരാണോ? സ്‌നേഹവായ്പുകളും പ്രകടനങ്ങളും കേവലം ഭൗതികലാഭങ്ങള്‍ക്കും സങ്കുചിത താല്‍പര്യങ്ങള്‍ക്കുമാകരുത്. അതല്ലെങ്കിൽ യാതൊരു ഉദ്ദേശ്യമോ ലക്ഷ്യമോ ഇല്ലാതെയാകരുത് അത്. പ്രത്യുത അല്ലാഹുവിന്റെ ദീനിന്റെ വിഷയത്തിലും ആദര്‍ശനിഷ്ഠയുടെ വിഷയത്തിലുമായിരിക്കണം. എങ്കിൽ മാത്രമേ അതുകൊണ്ട് പ്രയോജനം ലഭിക്കുകയുള്ളൂ.
عن ابن عباس – رضي الله عنهما – قال: من أحب في الله, وأبغض في الله, ووالى في الله, وعادى في الله، فإنما تنال ولاية الله بذلك، ولن يجد عبد طعم الإيمان وإن كثرت صلاته وصومه حتى يكون كذلك، وقد صارت عامة مؤاخاة الناس على أمر الدنيا, وذلك لا يجدي على أهله شيئاً
ഇബ്നു അബ്ബാസ് رضي الله عنهما പറഞ്ഞു: ഒരാള്‍ അല്ലാഹുവിനു വേണ്ടി സ്‌നേഹിച്ചു, അല്ലാഹുവിനു വേണ്ടി വെറുത്തു, അല്ലാഹുവിനു വേണ്ടി മൈത്രി ബന്ധം വെച്ചുപുലര്‍ത്തി, അല്ലാഹുവിനു വേണ്ടി വിരോധം വെച്ചുപുലര്‍ത്തി. അപ്പോള്‍ അതിലൂടെയാണ് അല്ലാഹുവിന്റെ വിലായത്ത് (അടുപ്പം) നേടിയെടുക്കപ്പെടുന്നത്. ഒരു അടിമയും സത്യവിശ്വാസത്തിന്റെ മാധുര്യം അനുഭവിക്കില്ല, അയാൾ അപ്രകാരം ആകുന്നത് വരെ. അയാളുടെ നമസ്കാരവും നോമ്പും എത്രവർദ്ധിച്ചാലും ശരി. മുഴുവൻ ജനങ്ങളുടെയും (പരസ്പര ) സ്നേഹബന്ധം ഇന്ന് ഐഹികമായ കാര്യങ്ങൾക്ക് വേണ്ടി (മാത്രം) ആയിരിക്കുന്നു. അതാകട്ടെ അതിന്റെ വക്താക്കൾക്ക് യാതൊരു ഉപകാരവും ചെയ്യില്ല. (ഇമാം ഇബ്‌നു ജരീർ അദ്ദേഹത്തിന്റെ തഫ് സീറിലും, ഇമാം അബ്ദുല്ലാഹിബ്നു മുബാറക് കിതാബുസ്സുഹ് ദിലും ഉദ്ധരിച്ചത്)
അല്ലാഹുവിനുവേണ്ടിയാണ് പലരേയും സ്നേഹിക്കുന്നതെന്ന് നാം വിചാരിക്കാറുണ്ട്. അത് അങ്ങനെ തന്നെയാണോയെന്ന് നാം സ്വയം വിലയിരുത്തണം. കുടുംബ ബന്ധത്തിന്റെയും നാടിന്റെയും പേരിൽ പരസ്പരം സ്നേഹിച്ചിട്ട് അല്ലാഹുവിനുവേണ്ടിയാണ് സ്നേഹിക്കുന്നതെന്ന് പറയുന്നവരാകരുത്. അല്ലാഹുവിനെ അനുസരിക്കുന്നവനും സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നവനാണെന്നും നമുക്ക് തോന്നുന്ന ഒരു അന്യസംസ്ഥാനക്കാരനെ നാം സ്നേഹിക്കാറുണ്ടോ? നമ്മുടെ സ്നേഹം നാടിന്റെ പേരിലും മറ്റ് പേരിലുമുള്ളതാണോയെന്ന് സ്വയം വിലയിരുത്തണമെന്ന് പറഞ്ഞത് അതുകൊണ്ടാണ്.
അല്ലാഹുവിനു വേണ്ടി സ്‌നേഹിക്കുന്നതിന്റെ പ്രാധാന്യവും ശ്രേഷ്ടതകളും നാം മനസ്സിലാക്കേണ്ടതുണ്ട്.
ٱلْأَخِلَّآءُ يَوْمَئِذِۭ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلَّا ٱلْمُتَّقِينَ
സുഹൃത്തുക്കള്‍ ആ ദിവസം അന്യോന്യം ശത്രുക്കളായിരിക്കും. സൂക്ഷ്മത പാലിക്കുന്നവരൊഴികെ. (ഖുർആൻ:43/67)
كل صداقة وصحابة لغير الله فإنها تنقلب يوم القيامة عداوة إلا ما كان لله ، عز وجل ، فإنه دائم بدوامه
അല്ലാഹുവിന് വേണ്ടിയല്ലാതെയുള്ള എല്ലാ സൗഹൃദവും സഹവാസവും ഉയിർത്തെഴുന്നേൽപിൻറെ നാളിൽ ശത്രുതയായി മാറും, പ്രതാപിയും അത്യുന്നതനുമായ അല്ലാഹുവിന് വേണ്ടിയുള്ളത് ഒഴികെ, അത് ശാശ്വതമാണ്. (തഫ്സീർ ഇബ്നുകസീർ)
قال أبو عمرو الأوزاعي : حدثني عبدة بن أبي لبابة ، عن مجاهد – ولقيته فأخذ بيدي فقال : إذا تراءى المتحابان في الله ، فأخذ أحدهما بيد صاحبه ، وضحك إليه ، تحاتت خطاياهما كما يتحات ورق الشجر. قال عبدة : فقلت له : إن هذا ليسير ! فقال : لا تقل ذلك ؛ فإن الله تعالى يقول :{ لَوْ أَنفَقْتَ مَا فِى ٱلْأَرْضِ جَمِيعًا مَّآ أَلَّفْتَ بَيْنَ قُلُوبِهِمْ }. قال عبدة : فعرفت أنه أفقه مني .
ഇമാം മുജാഹിദ് رحمه الله അബദത്ത ബ്നു അബീ ലുബാദ رحمه الله വിനെ കണ്ടുമുട്ടി. അദ്ദേഹത്തിന്റെ കൈ പിടിച്ചുകൊണ്ട് അദ്ദേഹത്തോട് ഇമാം മുജാഹിദ് رحمه الله പറഞ്ഞു: അല്ലാഹുവിന്റെ മാർഗത്തിൽ സ്നേഹിക്കുകയും പരസ്പരം കണ്ടുമുട്ടുകയും അതിലൊരാൾ മറ്റൊരാളുടെ കൈ പിടിക്കുകയും അവർ പരസ്പരം പുഞ്ചിരിക്കുകയും അങ്ങനെ സംസാരിക്കുകയും ചെയ്താൽ അവരുടെ അവരുടെ പാപങ്ങൾ മരത്തിന്റെ ഇലകൾ പോലെ മാഞ്ഞുപോകുന്നു. അബദത്ത ബ്നു അബീ ലുബാദ رحمه الله പറഞ്ഞു: ഞാൻ അദ്ദേഹത്തോട് പറഞ്ഞു: ഇത് എളുപ്പമാണല്ലോ! ഇമാം മുജാഹിദ് رحمه الله പറഞ്ഞു: അങ്ങനെ പറയരുത്, അല്ലാഹു പറയുന്നത് ഇപ്രകാരമാണ്: {ഭൂമിയിലുള്ളത് മുഴുവന്‍ നീ ചെലവഴിച്ചാല്‍ പോലും അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ ഇണക്കിചേര്‍ക്കാന്‍ നിനക്ക് സാധിക്കുമായിരുന്നില്ല} അബദത്ത ബ്നു അബീ ലുബാദ رحمه الله പറഞ്ഞു: അദ്ദേഹം എന്നെക്കാൾ അറിവുള്ളവനാണെന്ന് എനിക്കറിയാമായിരുന്നു. (തഫ്സീർ ഇബ്നുകസീർ – ഖുർആൻ:8/63 ന്റെ വിശദീകരണം)
قَالَ رَسُولُ اللَّهِ صلى الله عليه وسلم : قَالَ اللَّهُ تَبَارَكَ وَتَعَالَى وَجَبَتْ مَحَبَّتِي لِلْمُتَحَابِّينَ فِيَّ وَالْمُتَجَالِسِينَ فِيَّ وَالْمُتَزَاوِرِينَ فِيَّ وَالْمُتَبَاذِلِينَ فِيَّ
നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞിരിക്കുന്നു: എനിക്ക് വേണ്ടി പരസ്പരം സ്നേഹിക്കുന്നവർക്കും എന്റെ കാര്യത്തിൽ പരസ്പരം കൂടിയിരിക്കുന്നവർക്കും, എനിക്ക് വേണ്ടി പരസ്പരം സന്ദർശനം നടത്തുന്നവർക്കും എനിക്ക് വേണ്ടി പരസ്പരം ചെലവഴിക്കുന്നവർക്കും എന്റെ സ്നേഹം നിർബന്ധമായി. (ഇമാം മാലിക് മുവത്വ:51/1748)
عن عبادة بن الصامت قال : سَمِعْتُ رسولَ اللهِ صلَّى اللهُ عليهِ وسلَّمَ : يَأْثُرُ عن ربِه تباركَ وتعالى يقولُ : حقَّتْ مَحَبَّتِي لِلْمُتَحابِّينَ فِيَّ
ഉബാദത്തുുബ്നു സ്വാമിത് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞിരിക്കുന്നു: എനിക്ക് വേണ്ടി പരസ്പരം സ്നേഹിക്കുന്നവർക്കും എന്റെ സ്നേഹം യാഥാർത്ഥ്യമായിരിക്കുന്നു. (സ്വഹീഹു ത്തർഗീബ്)
عَنْ مُعَاذُ بْنُ جَبَلٍ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : قَالَ اللَّهُ تَبَارَكَ وَتَعَالَى وَجَبَتْ مَحَبَّتِي لِلْمُتَحَابِّينَ فِيَّ وَالْمُتَجَالِسِينَ فِيَّ وَالْمُتَزَاوِرِينَ فِيَّ وَالْمُتَبَاذِلِينَ فِيَّ
മുആദ് ഇബ്‌നുജബൽ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്റെ മാര്‍ഗത്തില്‍ പരസ്പരം സ്‌നേഹിക്കുന്നവര്‍ക്കും എന്റെ മാര്‍ഗത്തില്‍ പരസ്പരം കൂടിയിരിക്കുന്നവര്‍ക്കും എന്റെ മാര്‍ഗത്തില്‍ പരസ്പരം സന്ദര്‍ശിക്കുന്നവര്‍ക്കും എന്റെ മാര്‍ഗത്തില്‍ പരസ്പരം ചെലവഴിക്കുന്നവര്‍ക്കും എന്റെ സ്‌നേഹം അനിവാര്യമായി. (മുവത്വ ഇമാം മാലിക് – സ്വഹീഹ് അൽബാനി)
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم “ أَنَّ رَجُلاً زَارَ أَخًا لَهُ فِي قَرْيَةٍ أُخْرَى فَأَرْصَدَ اللَّهُ لَهُ عَلَى مَدْرَجَتِهِ مَلَكًا فَلَمَّا أَتَى عَلَيْهِ قَالَ أَيْنَ تُرِيدُ قَالَ أُرِيدُ أَخًا لِي فِي هَذِهِ الْقَرْيَةِ . قَالَ هَلْ لَكَ عَلَيْهِ مِنْ نِعْمَةٍ تَرُبُّهَا قَالَ لاَ غَيْرَ أَنِّي أَحْبَبْتُهُ فِي اللَّهِ عَزَّ وَجَلَّ . قَالَ فَإِنِّي رَسُولُ اللَّهِ إِلَيْكَ بِأَنَّ اللَّهَ قَدْ أَحَبَّكَ كَمَا أَحْبَبْتَهُ فِيهِ ” .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു വ്യക്തി മറ്റൊരു നാട്ടിലുള്ള തന്റെ സഹോദരനെ കാണാനിറങ്ങി . അദ്ദേഹം പോകുന്ന വഴിയിൽ (അല്ലാഹു) ഒരു മലക്കിനെ (മനുഷ്യ രൂപത്തിൽ) നിയോഗിച്ച് അവിടെ പ്രതീക്ഷിച്ചിരുന്നു . ഈ വ്യക്തി വന്നപ്പോൾ മലക്ക് ചോദിച്ചു . എങ്ങോട്ടാണ് പോകുന്നത് ? (യാത്ര ചെയ്യുന്ന) വ്യകതി പറഞ്ഞു. ഈ ഗ്രാമത്തിലുള്ള തന്റെ സഹോദരനെ സന്ദർശിക്കാൻ വന്നതാണ്. മലക്ക് ചോദിച്ചു. നിങ്ങൾക്ക് അദ്ദേഹത്തിൽ നിന്ന് കിട്ടിയ വല്ല അനുഗ്രഹത്തിനും പകരമായി അദ്ദേഹത്തിന് വല്ലതും കൊടുക്കാനാണോ (ഇത്ര ദൂരം യാത്ര ചെയ്ത്) പോകുന്നത് ? യാത്ര ചെയ്യുന്ന വ്യക്തി പറഞ്ഞു: അല്ല, പക്ഷേ ഞാൻ അല്ലാഹുവിന് വേണ്ടി ഞാനാ സഹോദരനെ സ്നേഹിക്കുന്നു. മലക്ക് പറഞ്ഞു: ഞാൻ താങ്കളിലേക്ക് അയക്കപ്പെട്ട അല്ലാഹു വിന്റെ ദൂതനാണ് . താങ്കൾ ആ സഹോദരനെ സ്നേഹിച്ച പോലെ അല്ലാഹു നിങ്ങളേയും സ്നേഹിച്ചിരിക്കുന്നു. ( മുസ്ലിം: 2567 )
عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ “ ثَلاَثٌ مَنْ كُنَّ فِيهِ وَجَدَ حَلاَوَةَ الإِيمَانِ أَنْ يَكُونَ اللَّهُ وَرَسُولُهُ أَحَبَّ إِلَيْهِ مِمَّا سِوَاهُمَا، وَأَنْ يُحِبَّ الْمَرْءَ لاَ يُحِبُّهُ إِلاَّ لِلَّهِ، وَأَنْ يَكْرَهَ أَنْ يَعُودَ فِي الْكُفْرِ كَمَا يَكْرَهُ أَنْ يُقْذَفَ فِي النَّارِ ”.
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാളില്‍ മൂന്ന് ഗുണവിശേഷങ്ങള്‍ ഉണ്ടെങ്കില്‍ അയാള്‍ ഈമാനിന്റെ മാധുര്യം ആസ്വദിച്ചിരിക്കുന്നു. ഒന്ന്) മറ്റാരോടുമുള്ളതിനേക്കാള്‍ പ്രിയം അല്ലാഹുവിനോടും അവന്റെ ദൂതനോടും ഉണ്ടായിരിക്കുക, രണ്ട്) മനുഷ്യനെ അല്ലാഹുവിന്‍റെ പ്രീതി ഉദ്ദേശിച്ചു കൊണ്ട് മാത്രം സ്നേഹിക്കുക, മൂന്ന്) ദൈവനിഷേധത്തിലേക്ക് മടങ്ങുന്നതിനെ നരകത്തിലേക്ക് തള്ളപ്പെടുന്നതിനെയെന്ന പോലെ വെറുക്കുക. (ബുഖാരി:16)
عَنْ مُعَاذُ بْنُ جَبَلٍ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : قَالَ اللَّهُ عَزَّ وَجَلَّ الْمُتَحَابُّونَ فِي جَلاَلِي لَهُمْ مَنَابِرُ مِنْ نُورٍ يَغْبِطُهُمُ النَّبِيُّونَ وَالشُّهَدَاءُ
മുആദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു. അല്ലാഹു പറഞ്ഞിരിക്കുന്നു : എന്റെ മഹാത്മ്യത്തിന്റെ പേരിൽ പരസ്പരം സ്നേഹിക്കുന്നവർക്ക് പ്രകാശപീഠങ്ങൾ ഉണ്ടായിരിക്കും. പ്രവാചകന്മാർ, രക്തസാക്ഷികൾ എന്നിവർപോലും ആ പദവി ആഗ്രഹിക്കും. (തിർമുദി: 2390 – സ്വഹീഹ് അൽബാനി)
قال الشوكاني رحمه الله:بت ليلة من الليالي على الفراش أتقلب أتذكر حديث النبي صلى الله عليه وسلم {إن المتحابين في الله على منابر من نور يغبطهم النبيون و الشهداء} فكنت أتقلب كيف أوجه هذا الحديث! كيف محبة في الله تغبط من النبيين والشهداء على منابر من نور! فقلت المحبة الموجودة بين الناس الآن أغلبها ليست حباً في الله؛ الزوج يحب زوجته ليس حباً في الله، الزوجة تحب زوجها ليس حباً في الله، اﻵباء يحبوا أبنائهم ليس حباً في الله، اﻷبناء يحبوا آبائهم ليس حباً في الله، وكذلك: تحب اﻷمير، تحب التاجر، تحب المسؤول، تحب فلان من أجل جماله، من أجل صوته، من أجل ماله،،،فعرفت أن المحبه في الله أندر من الكبريت اﻷحمر![كتاب الفتح الرباني ج9]
ഇമാം ശൗകാനി رحمه الله പറയുന്നു: ഒരു രാത്രി കിടക്കയിൽ, നബി ﷺ യുടെ ഈ ഹദീസ് ഓർത്ത് ഞാൻ തിരിഞ്ഞു കിടന്നു: {അല്ലാഹുവിന് വേണ്ടി പരസ്പരം സ്നേഹിക്കുന്നവർ പ്രകാശത്തിന്റെ പീഠങ്ങളിലാണ്, പ്രവാചകന്മാരും രക്തസാക്ഷികളും അത് ആഗ്രഹിക്കും} ഈ ഹദീസ് എങ്ങനെ മനസ്സിലാക്കണമെന്ന് ഞാൻ കുറെ ചിന്തിച്ചു. എങ്ങനെയാണ് അല്ലാഹുവിന് വേണ്ടിയുള്ള സ്നേഹത്തിന് പ്രവാചകന്മാരും രക്തസാക്ഷികളും പ്രകാശത്തിന്റെ പീഠങ്ങളിൽ ആഗ്രഹിക്കുന്നത്? അപ്പോൾ ഞാൻ പറഞ്ഞു: ഇപ്പോൾ ആളുകൾക്കിടയിൽ നിലനിൽക്കുന്ന സ്നേഹം, അതിൽ ഭൂരിഭാഗവും അല്ലാഹുവിന് വേണ്ടിയുള്ള സ്നേഹമല്ല. ഭർത്താവ് ഭാര്യയെ സ്നേഹിക്കുന്നത് അല്ലാഹുവിന് വേണ്ടിയല്ല, ഭാര്യ ഭർത്താവിനെ സ്നേഹിക്കുന്നത് അല്ലാഹുവിന് വേണ്ടിയല്ല, പിതാക്കന്മാർ മക്കളെ സ്നേഹിക്കുന്നത് അല്ലാഹുവിന് വേണ്ടിയല്ല, പുത്രന്മാർ പിതാവിനെ സ്നേഹിക്കുന്നത് അല്ലാഹുവിന് വേണ്ടിയല്ല, കൂടാതെ അവർ അമീറിനെ സ്നേഹിക്കുന്നു, വ്യാപാരിയെ സ്നേഹിക്കുന്നു. ഉദ്യോഗസ്ഥനെ സ്നേഹിക്കുന്നു, അവന്റെ സൗന്ദര്യത്തെ സ്നേഹിക്കുന്നു, അവന്റെ ശബ്ദം കാരണം, അവന്റെ പണത്തിന്, അല്ലാഹുവിന് വേണ്ടിയുള്ള സ്നേഹം കിബ്രീതുൽ അഹ്മറിനേക്കാൾ (വില കൂടിയ ഒരുതരം കല്ല്) അപൂർവമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.
عَنْ عُمَرَ بْنَ الْخَطَّابِ، قَالَ النَّبِيُّ صلى الله عليه وسلم ” إِنَّ مِنْ عِبَادِ اللَّهِ لأُنَاسًا مَا هُمْ بِأَنْبِيَاءَ وَلاَ شُهَدَاءَ يَغْبِطُهُمُ الأَنْبِيَاءُ وَالشُّهَدَاءُ يَوْمَ الْقِيَامَةِ بِمَكَانِهِمْ مِنَ اللَّهِ تَعَالَى ” . قَالُوا يَا رَسُولَ اللَّهِ تُخْبِرُنَا مَنْ هُمْ . قَالَ ” هُمْ قَوْمٌ تَحَابُّوا بِرُوحِ اللَّهِ عَلَى غَيْرِ أَرْحَامٍ بَيْنَهُمْ وَلاَ أَمْوَالٍ يَتَعَاطَوْنَهَا فَوَاللَّهِ إِنَّ وُجُوهَهُمْ لَنُورٌ وَإِنَّهُمْ عَلَى نُورٍ لاَ يَخَافُونَ إِذَا خَافَ النَّاسُ وَلاَ يَحْزَنُونَ إِذَا حَزِنَ النَّاسُ ” . وَقَرَأَ هَذِهِ الآيَةَ { أَلاَ إِنَّ أَوْلِيَاءَ اللَّهِ لاَ خَوْفٌ عَلَيْهِمْ وَلاَ هُمْ يَحْزَنُونَ } .
ഉമറുബ്നു ഖത്വാബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘പുനരുത്ഥാന നാളില്‍ അല്ലാഹുവിന്റെ ദാസന്‍മാരായ പ്രവാചകന്‍മാരോ രക്തസാക്ഷികളോ അല്ലാത്ത ചിലര്‍ക്ക് അല്ലാഹു നല്‍കുന്ന സ്ഥാനമാനങ്ങള്‍ കാണുമ്പോള്‍ പ്രവാചകന്‍മാര്‍ക്കും രക്തസാക്ഷികള്‍ക്കും അവരോട് അസൂയ തോന്നും. കുടുംബബന്ധമോ സാമ്പത്തിക കൊള്ളക്കൊടുക്കലുകളോ മൂലമല്ലാതെ അല്ലാഹുവിന് വേണ്ടി മാത്രമായി പരസ്പരം സ്‌നേഹിച്ചവരാണ് അവര്‍. അവരുടെ മുഖങ്ങള്‍ പ്രകാശമാനമായിരിക്കും; അവരുടെ പീഠങ്ങള്‍ പ്രകാശിക്കുന്നതായിരിക്കും. ജനങ്ങള്‍ ഭയപ്പാടിലാകുന്ന സന്ദര്‍ഭത്തില്‍ അവര്‍ക്ക് ഭയമൊന്നുമുണ്ടാവുകയില്ല. ജനങ്ങള്‍ ഭീതിയിലായിരിക്കുമ്പോഴും അവര്‍ സമാധാനചിത്തരായിരിക്കും’ ഇത് പറഞ്ഞുകൊണ്ട് നബി ﷺ പാരായണം ചെയ്തു: തീര്‍ച്ചയായും അല്ലാഹുവിന്റെ മിത്രങ്ങളാരോ അവര്‍ക്ക് യാതൊരു ഭയവുമില്ല; അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല (ഖുർആൻ:10/62). (അബൂദാവൂദ്:3527 – സ്വഹീഹ് അല്‍ബാനി)
عَنْ أبو الدرداء، قَالَ قال رسول الله صلى الله عليه وسلم:لَيَبعَثَنَّ اللهُ أقوامًا يَومَ القيامةِ في وُجوهِهمُ النُّورُ على مَنابِرِ اللُّؤلُؤِ، يَغبِطُهمُ الناسُ، ليسوا بأنبياءَ ولا شُهَداءَ. قال: فجَثا أعرابيٌّ على رُكبَتَيْه فقال: يا رَسولَ اللهِ، جَلِّهم لنا نَعرِفْهم. قال: همُ المُتَحابُّونَ في اللهِ مِن قَبائِلَ شَتَّى وبِلادٍ شَتَّى، يَجتَمِعونَ على ذِكرِ اللهِ يَذكُرونَه.
അബുദ്ദര്‍ദാഅ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു അന്ത്യനാളില്‍ ഒരു വിഭാഗം ആളുകളെ ഉയിര്‍ത്തെഴുന്നേല്‍പിക്കുകതന്നെ ചെയ്യും, അവരുടെ മുഖങ്ങളില്‍ പ്രകാശമുണ്ട്. മുത്തുകള്‍കൊണ്ടുള്ള മിമ്പറുകളിലായിരിക്കും അവര്‍. ജനങ്ങള്‍ അവരിലേക്ക് ആഗ്രഹംജനിച്ചു ചെല്ലും. അവരാകട്ടെ നബിമാരോ ശുഹദാക്കളോ അല്ല.” അപ്പോള്‍ ഒരു ഗ്രാമീണ അറബി മുട്ടുകുത്തിയിരുന്നുകൊണ്ട് ചോദിച്ചു: ”അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ അവരെ അറിയുന്നതിനുവേണ്ടി ഒന്നു വ്യക്തമാക്കിത്തരൂ.” തിരുമേനി ﷺ പറഞ്ഞു: ”അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പരസ്പരം സ്‌നേഹിച്ച, വ്യത്യസ്ത ദേശങ്ങളില്‍ പെട്ടവരും വ്യത്യസ്ത ഗോത്രങ്ങളില്‍ പെട്ടവരുമാണ്. അല്ലാഹുവിനെ സ്മരിക്കുവാന്‍ അവര്‍ ഒരുമിച്ചുകൂടിയിരിക്കുന്നു. അവര്‍ അല്ലാഹുവിനെ സ്മരിച്ചുകൊണ്ടിരിക്കുന്നു. (ത്വബ്‌റാനി. ഇമാം അല്‍മുന്‍ദിരി ഹസനെന്ന് വിശേഷിപ്പിച്ചു. ഇമാം അല്‍ഹയ്ഥമി ഹദീഥിന്റെ നിവേദകര്‍വിശ്വസ്തരാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്)
പുനരുത്ഥാനത്തെ തുടർന്ന് മനുഷ്യരെ മഹ്ശറയില്‍ വിചാരണക്കായി അല്ലാഹു ഒരുമിച്ചു കൂട്ടുന്നതാണ്. അന്ന് സൂര്യന്‍ തലക്ക് മുകളില്‍ കത്തിജ്വലിച്ച് നില്‍ക്കും. അല്ലാഹുവിന്റെ തണലല്ലാതെ മറ്റൊരു തണലുമില്ലാത്ത ദിവസം അല്ലാഹുവിനു വേണ്ടി പരസ്പരം സ്‌നേഹിച്ചവര്‍ക്ക് അവന്‍ തന്റെ തണല്‍ നല്‍കും. മറ്റൊരു തണലും ലഭി ക്കാത്ത വിചാരണനാളില്‍ അല്ലാഹുവിന്റെ തണലു ലഭിക്കുന്ന ഏഴ് വിഭാഗത്തില്‍ ഒരു വിഭാഗമായി നബി ﷺ എണ്ണിയത് അല്ലാഹുവിന്റെ പേരിൽ പരസ്‌പരം സ്നേഹിക്കുന്നവരെയാണ്.
وَرَجُلاَنِ تَحَابَّا فِي اللَّهِ اجْتَمَعَا عَلَيْهِ وَتَفَرَّقَا عَلَيْهِ
അല്ലാഹുവിന്റെ പേരിൽ പരസ്‌പരം സ്നേഹിക്കുകയും അതായത് അവന്റെ പേരിൽ ഒന്നിക്കുകയും അവന്റെ പേരിൽ ഭിന്നിക്കുകയും ചെയ്ത രണ്ട് ആളുകൾ (ബുഖാരി:1323)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ اللَّهَ يَقُولُ يَوْمَ الْقِيَامَةِ أَيْنَ الْمُتَحَابُّونَ بِجَلاَلِي الْيَوْمَ أُظِلُّهُمْ فِي ظِلِّي يَوْمَ لاَ ظِلَّ إِلاَّ ظِلِّي
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീ൪ച്ചയായും അല്ലാഹു പറയും: എന്റെ മഹത്വം കൊണ്ട് പരസ്പരം സ്നേഹിച്ചവ൪ എവിടെയാണ് ? എന്റെ തണലല്ലാതെ വേറെ യാതൊരു തണലും ലഭിക്കാത്ത ഇന്നേ ദിവസം അവ൪ക്ക് എന്റെ തണല്‍ ഞാന്‍ നല്‍കുന്നതാണ്. (മുസ്‌ലിം:2566)
അല്ലാഹുവിന് വേണ്ടി നാം ഒരാളെ സ്നേഹിക്കുമ്പോൾ അത് അയാളെ അറിയിക്കുന്നതിന് പ്രാധാന്യമുണ്ട്.
عَنِ الْمِقْدَامِ بْنِ مَعْدِيكَرِبَ، – وَقَدْ كَانَ أَدْرَكَهُ – عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِذَا أَحَبَّ الرَّجُلُ أَخَاهُ فَلْيُخْبِرْهُ أَنَّهُ يُحِبُّهُ
മിഖ്ദാദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരൾ തൻ്റെ സഹോദരനെ സ്നേഹിക്കുന്നുവെങ്കിൽ അക്കാര്യം അയാളെ അറിയിച്ചുകൊള്ളട്ടെ. (അബൂദാവൂദ്: 5124 – സ്വഹീഹ് അൽബാനി)
عَنْ مُعَاذِ بْنِ جَبَلٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم أَخَذَ بِيَدِهِ وَقَالَ : يَا مُعَاذُ وَاللَّهِ إِنِّي لأُحِبُّكَ وَاللَّهِ إِنِّي لأُحِبُّكَ
മുആദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ എൻ്റെ കൈ പിടിച്ച് കൊണ്ട് പറഞ്ഞു: മുആദ്, അല്ലാഹുവാണെ ഞാൻ നിന്നെ സ്നേഹിക്കുന്നു. അല്ലാഹുവാണെ ഞാൻ നിന്നെ സ്നേഹിക്കുന്നു. (അബൂദാവൂദ്: 1522- സ്വഹീഹ് അൽബാനി)
عن أنس بن مالك رضي الله عنه : مَرَّ رجُلٌ بالنَّبيِّ صلَّى اللهُ عليه وسلَّم وعِندَ النَّبيِّ صلَّى اللهُ عليه وسلَّم رجُلٌ جالِسٌ، فقال الرَّجُلُ: واللهِ يا رسولَ اللهِ، إنِّي لَأُحِبُّ هذا في اللهِ، فقال رسولُ اللهِ صلَّى اللهُ عليه وسلَّم: أخبَرْتَه بذلك؟ قال: لا، قال: قُمْ فأَخبِرْهُ؛ تَثْبُتِ المَودَّةُ بيْنكما. فقام إليه فأخبَرَه، فقال: إنِّي أُحِبُّك في اللهِ، أو قال: أُحِبُّك للهِ، فقال الرَّجُلُ: أَحَبَّك الذي أحبَبْتَني فيه.
അനസ് ഇബ്‌നുമാലിക് رضي الله عنه വിൽ നിന്ന് നിവേദനം: ഒരു വ്യക്തി നബി ﷺ യുടെ അരികിലൂടെ നടന്നു. നബിയുടെ അടുക്കല്‍ (അന്നേരം) ഒരു വ്യക്തി ഇരിക്കുന്നുണ്ടായിരുന്നു. അയാള്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ തിരുദൂതരേ, അല്ലാഹുവാണെ സത്യം! ഈ വ്യക്തിയെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഞാന്‍ സ്‌നേഹിക്കുന്നു.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അത് നിങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞുവോ?’ അയാള്‍ പറഞ്ഞു: ‘ഇല്ല.’ നബി ﷺ പറഞ്ഞു: ‘താങ്കള്‍ എഴുന്നേറ്റ് അതു പറയുക. നിങ്ങള്‍ക്കിടയില്‍ സ്‌നേഹം സുദൃഢമാകും.’ അപ്പോള്‍ അയാള്‍ എഴുന്നേറ്റ് അയാളോടു പറഞ്ഞു: ‘നിശ്ചയം, ഞാന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ താങ്കളെ ഇഷ്ടപ്പെടുന്നു-അല്ലെങ്കില്‍ അല്ലാഹുവിനു വേണ്ടി ഞാന്‍ താങ്കളെ ഇഷ്ടപ്പെടുന്നു.’ അപ്പോള്‍ അയാള്‍ പറഞ്ഞു: ‘ഏതൊരുവന്റെ മാര്‍ഗത്തിലാണോ താങ്കള്‍ എന്നെ സ്‌നേഹിച്ചത് അവന്‍(അല്ലാഹു) താങ്കളെ ഇഷ്ടപ്പെടട്ടെ. (മുസ്‌നദുഅഹ്മദ്, അര്‍നാഊത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു).
അല്ലാഹുവിന് വേണ്ടി സ്നേഹിക്കുന്നയാളോട് إِنِي أُحِبُّكَ فِي الله (ഇന്നീ ഉഹിബുക്ക ഫീല്ലാഹ് – അല്ലാഹുവിന് വേണ്ടി താങ്കളെ ഞാന്‍ സ്നേഹിക്കുന്നു) എന്ന് പറയാവുന്നതാണ്.
അല്ലാഹുവിന് വേണ്ടി താങ്കളെ ഞാന്‍ സ്നേഹിക്കുന്നുവെന്ന് ആരെങ്കിലും പറഞ്ഞാൽ അയാൾക്ക് ഇപ്രകാരം മറുപടി പറയാവുന്നതാണ്.
أَحَبَّكَ الَّذِي أَحْبَبْتَنِي لَهُ
അഹബ്ബക്കല്ലദീ അഹ്ബബ്തനീ ലഹു
താങ്കള്‍ ആര്‍ക്കുവേണ്ടി എന്നെ സ്നേഹിച്ചുവോ, അവന്‍ (അല്ലാഹു) താങ്കളേയും സ്നേഹിക്കട്ടെ. (അബൂദാവൂദ്: 5124)
ഇന്നത്തെ പല സ്‌നേഹങ്ങളും ബന്ധങ്ങളും ദുന്‍യാവിനു വേണ്ടി മാത്രമാണ്. ദുന്‍യാവിനുവേണ്ടി ഒരുമിച്ചുകൂടുന്നു. അതിന്റെ പേരില്‍ വേര്‍പിരിയുന്നു. അതിന്റെ പേരില്‍ പരസ്പരം ഇണങ്ങുകയും പിണങ്ങുകയും കൊടുക്കുകയും തടയുകയും ചെയ്യുന്നു. എന്നാല്‍ ഇത്തരം ബന്ധങ്ങളെല്ലാം മരണത്തോടെ അവസാനിക്കുന്നതാണ്. അല്ലാഹുവിന് വേണ്ടിയുള്ള ബന്ധങ്ങളാകട്ടെ, അത് മുറിയുന്നതല്ല.
قَـال ابن العُثَيْمِينْ رَحِمهُ الله : المُتحابين في الله لا يقطع محبتهم في الله شيء من أمور الدُّنيا، وإنَّما هم مُتحابون في الله لا يُفرقهم إلًّا الموت، حتى لو أن بعضهم أخطأ على بعض، أو قصَّر في حق بعض، فإنَّ هذا لا يهمهم.
ശൈഖ് ഇബ്നു ഉഥൈമീൻ رَحِمهُ الله പറയുന്നു: അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ പരസ്പരം സ്നേഹിച്ചവര്‍, അല്ലാഹുവിന്‍റെ മാര്‍ഗത്തിലുള്ള അവരുടെ സ്നേഹം ദുനിയാവിന്‍റെ കാര്യങ്ങള്‍ക്കായ് മുറിയുന്നതല്ല. തീര്‍ച്ചയായും അവര്‍ പരസ്പരം സ്നേഹിച്ചത് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ മാത്രണ്. മരണമല്ലാതെ അവരെ വേര്‍പെടുത്തുന്നതല്ല. (ശറഹു രിയാളുസ്വാലിഹീൻ:3/623)
عَنْ أَنَسٍ، أَنَّ رَسُولَ اللهِ صلى الله عليه وسلم قَالَ: مَا تَوَادَّ اثْنَانِ فِي اللهِ جَلَّ وَعَزَّ أَوْ فِي الإِسْلاَمِ، فَيُفَرِّقُ بَيْنَهُمَا إِلاَّ بِذَنْبٍ يُحْدِثُهُ أَحَدُهُمَا.
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ മാർഗത്തിൽ അഥവാ ഇസ്‌ലാമിന്റെ കാര്യത്തിൽ പരസ്പരം ഇഷ്ടപ്പെട്ട രണ്ടുപേരെ പിന്നീട് അല്ലാഹു ഭിന്നിപ്പിക്കുകയാണെങ്കിൽ അത് അവരിലൊരാൾ ചെയ്ത ഏതെങ്കിലുമൊരു പാപം കാരണമായിട്ടായിരിക്കും. (അൽഅദബുൽ മുഫ്‌റദ്: 401)