എല്ലാ തരം നന്‍മകളെ കുറിച്ചും തിന്‍മകളെ കുറിച്ചും ഇസ്ലാം നമുക്ക് അറിയിച്ച് തന്നിട്ടുണ്ട്. നന്‍മകളുടെയും തിന്‍മകളുടെയും പ്രതിഫലം എപ്രകാരമായിരിക്കുമെന്നും ഇസ്ലാം പഠിപ്പിച്ച് തന്നിട്ടുണ്ട്. സത്യവിശ്വാസികള്‍ അതെല്ലാം വേ൪തിരിച്ച് പഠിച്ച് മനസ്സിലാക്കേണ്ടതാണ്.
നന്മക്ക് ഇരട്ടിയിരട്ടിയായ പ്രതിഫലവും തിന്മക്ക് തതുല്യ പ്രതിഫലവും ലഭിക്കും
മനുഷ്യ൪ ചെയ്യുന്ന നന്‍മകള്‍ക്ക് വലിയ പ്രതിഫലമാണ് അല്ലാഹു നല്‍കുന്നത്. ഒരാള്‍ ചെയ്യുന്ന നന്മക്ക് ഇരട്ടിയിരട്ടിയായിട്ടാണ് അല്ലാഹു പ്രതിഫലം നല്‍കുന്നത്. എന്നാല്‍ ഒരു തിന്മ ചെയ്‌താല്‍ അതിനുമാത്രം അല്ലാഹു പ്രതിഫലം നല്‍കുന്നു.
إِنَّ ٱللَّهَ لَا يَظْلِمُ مِثْقَالَ ذَرَّةٍ ۖ وَإِن تَكُ حَسَنَةً يُضَٰعِفْهَا وَيُؤْتِ مِن لَّدُنْهُ أَجْرًا عَظِيمًا
തീര്‍ച്ചയായും അല്ലാഹു ഒരു അണുവോളം അനീതി കാണിക്കുകയില്ല. വല്ല നന്‍മയുമാണുള്ളതെങ്കില്‍ അതവന്‍ ഇരട്ടിച്ച് കൊടുക്കുകയും, അവന്റെ പക്കല്‍ നിന്നുള്ള വമ്പിച്ച പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്. (ഖു൪ആന്‍:4/40)
مَن جَآءَ بِٱلْحَسَنَةِ فَلَهُۥ خَيْرٌ مِّنْهَا ۖ وَمَن جَآءَ بِٱلسَّيِّئَةِ فَلَا يُجْزَى ٱلَّذِينَ عَمِلُوا۟ ٱلسَّيِّـَٔاتِ إِلَّا مَا كَانُوا۟ يَعْمَلُونَ
ആര് നന്‍മയും കൊണ്ട് വന്നുവോ അവന് അതിനേക്കാള്‍ ഉത്തമമായതുണ്ടായിരിക്കും. വല്ലവനും തിന്‍മയും കൊണ്ടാണ് വരുന്നതെങ്കില്‍ തിന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമല്ലാതെ നല്‍കപ്പെടുകയില്ല. (ഖു൪ആന്‍:28/84)
مَن جَآءَ بِٱلْحَسَنَةِ فَلَهُۥ عَشْرُ أَمْثَالِهَا ۖ وَمَن جَآءَ بِٱلسَّيِّئَةِ فَلَا يُجْزَىٰٓ إِلَّا مِثْلَهَا وَهُمْ لَا يُظْلَمُونَ
വല്ലവനും ഒരു നന്‍മ കൊണ്ടു വന്നാല്‍ അവന് അതിന്റെ പതിന്‍മടങ്ങ് ലഭിക്കുന്നതാണ്. വല്ലവനും ഒരു തിന്‍മകൊണ്ടു വന്നാല്‍ അതിന് തുല്യമായ പ്രതിഫലം മാത്രമേ അവന്ന് നല്‍കപ്പെടുകയുള്ളൂ. അവരോട് യാതൊരു അനീതിയും കാണിക്കപ്പെടുകയില്ല. (ഖു൪ആന്‍:6/160)
മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു: ‘ആരെങ്കിലും എല്ലാ മാസവും മൂന്നു നോമ്പു (വീതം) നോറ്റാല്‍, അവന്‍ മുഴുവന്‍ കാലവും നോമ്പ് പിടിച്ചമാതിരിയായി’ എന്നും, ‘ഒരു ജുമുഅഃ ആ ജുമുഅഃയുടെയും അടുത്ത ജുമുഅഃയുടെയും ഇടക്കുള്ള പാപവും, കൂടുതലായി മൂന്നു ദിവസത്തെ പാപവും പൊറുക്കപ്പെടുന്നതാണ്’ എന്നുംമറ്റും ഒന്നിനു പത്തിരട്ടി പ്രതിഫലം കാണിച്ചുകൊണ്ടുള്ള ഹദീസുകള്‍ ഈ വചനത്തിന് നബി(ﷺ) നല്‍കിയ വിശദീകരണവും, ഉദാഹരണങ്ങളുമാകുന്നു. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 6/160 ന്റെ വിശദീകരണത്തില്‍ നിന്ന്)
عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم فِيمَا يَرْوِي عَنْ رَبِّهِ عَزَّ وَجَلَّ قَالَ قَالَ : إِنَّ اللَّهَ كَتَبَ الْحَسَنَاتِ وَالسَّيِّئَاتِ، ثُمَّ بَيَّنَ ذَلِكَ فَمَنْ هَمَّ بِحَسَنَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ لَهُ عِنْدَهُ حَسَنَةً كَامِلَةً، فَإِنْ هُوَ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللَّهُ لَهُ عِنْدَهُ عَشْرَ حَسَنَاتٍ إِلَى سَبْعِمِائَةِ ضِعْفٍ إِلَى أَضْعَافٍ كَثِيرَةٍ
ഇബ്നുഅബ്ബാസില്‍(റ) നിന്ന് നിവേദനം: നബി(ﷺ) പറഞ്ഞു: അല്ലാഹു നന്‍മകളെയും തിന്‍മകളെയും നിര്‍ണ്ണയിച്ചു. എന്നിട്ടത് വിശദീകരിച്ചു. അപ്പോള്‍ ഒരാള്‍ നന്‍മ പ്രവര്‍ത്തിക്കാനുദ്ദേശിച്ചു. പക്ഷെ പ്രവര്‍ത്തിച്ചില്ല. എങ്കില്‍ അവന്റെ ഉദ്ദേശത്തെ ഒരുപൂര്‍ണ്ണ പുണ്യകര്‍മ്മമായി അല്ലാഹു രേഖപ്പെടുത്തും. ഇനി ആ പുണ്യകര്‍മ്മം പ്രവര്‍ത്തിക്കാനുദ്ദേശിക്കുകയും അത് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ആ പുണ്യകര്‍മ്മത്തെ അല്ലാഹു തന്റെയടുക്കല്‍ പത്ത് മുതല്‍ എഴുന്നൂറ് ഇരട്ടിയായും അതിന് മേല്‍പ്പോട്ട് എത്രയോ ഇരട്ടിയായും രേഖപ്പെടുത്തിവെക്കും …. (ബുഖാരി:6491)
നന്മ ചെയ്‌യുന്നവ൪ക്ക് അതിന്റെ പത്തിരട്ടി മുതല്‍ അല്ലാഹു ഉദ്ദേശിക്കുന്നയത്രവരെയുള്ള പ്രതിഫലം നല്‍കുപ്പെടുന്നതാണ്.
നന്‍മ-തിന്‍മകള്‍ പ്രവ൪ത്തിക്കാന്‍ തീരുമാനിച്ചതിന് ശേഷം പ്രവ൪ത്തിക്കാതിരുന്നാല്‍ നന്‍മയായി രേഖപ്പെടുത്തും
നന്മക്ക് ഇരട്ടിയിരട്ടിയായ പ്രതിഫലവും തിന്മക്ക് തതുല്യ പ്രതിഫലവുമാണെന്ന് നാം മനസ്സിലാക്കി. എന്നാല്‍ ഒരാള്‍ നന്‍മ പ്രവര്‍ത്തിക്കാനുദ്ദേശിച്ചിട്ട് പ്രവര്‍ത്തിക്കാതിരുന്നാല്‍ അവന്റെ ഉദ്ദേശത്തെ ഒരുപൂര്‍ണ്ണ സല്‍ക്കര്‍മ്മമായി അല്ലാഹു രേഖപ്പെടുത്തും. അതവന്‍ പ്രവ൪ത്തിച്ചാല്‍ ഇരട്ടിയിരട്ടിയായ പ്രതിഫലവും ലഭിക്കും.
ഒരാള്‍ ഒരു തിന്‍മ പ്രവര്‍ത്തിക്കാനുദ്ദേശിച്ചിട്ട് പ്രവര്‍ത്തിക്കാതിരുന്നാല്‍ അവന്റെ ആദ്യത്തെ ഉദ്ദേശ്യത്തിന് തിന്മ രേഖപ്പെടുത്തത്തില്ലെന്ന് മാത്രമല്ല, അവന്‍ തിന്‍മയില്‍ നിന്ന് പിന്‍മാറിയത്തിനാല്‍ അത് ഒരുപൂര്‍ണ്ണ സല്‍ക്കര്‍മ്മമായി അവന്റെ പേരില്‍ അല്ലാഹു രേഖപ്പെടുത്തും. ആ തിന്‍മ പ്രവ൪ത്തിച്ചാല്‍ അവന് ആ തിന്‍മയുടെ തതുല്യമായ പ്രതിഫലമാണ് ലഭിക്കുന്നത്.
قَالَ رَسُولُ اللَّهِ صلى الله عليه وسلم : وَمَنْ هَمَّ بِحَسَنَةٍ فَلَمْ يَعْمَلْهَا كُتِبَتْ لَهُ حَسَنَةً فَإِنْ عَمِلَهَا كُتِبَتْ لَهُ عَشْرًا وَمَنْ هَمَّ بِسَيِّئَةٍ فَلَمْ يَعْمَلْهَا لَمْ تُكْتَبْ شَيْئًا فَإِنْ عَمِلَهَا كُتِبَتْ سَيِّئَةً وَاحِدَةً
നബി(ﷺ) പറഞ്ഞു: ആരെങ്കിലും ഒരു നന്‍മ ചെയ്യാന്‍ ഉദ്ദേശിക്കുകയും അത് പ്രവ൪ത്തിക്കാതിരിക്കുകയും ചെയ്താല്‍ അത് അവന് നന്‍മയായി രേഖപ്പെടുത്തും (നന്‍മ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നതിനാല്‍). ആരെങ്കിലും ഒരു തിന്‍മ ചെയ്യാന്‍ ഉദ്ദേശിക്കുകയും അത് പ്രവ൪ത്തിക്കാതിരിക്കുകയും ചെയ്താല്‍ യാതൊന്നും രേഖപ്പെടുത്തുകയില്ല. (തിന്‍മയില്‍ നിന്ന് പിന്‍മാറിയതിനാല്‍ അവന്റെ ആദ്യത്തെ ഉദ്ദേശത്തിന് ശിക്ഷയില്ല). ഇനി അവന്‍ അത്(തിന്‍മ) പ്രവ൪ത്തിച്ചാലോ ഒരു തിന്‍മ മാത്രം രേഖപ്പെടുത്തും (മുസ്ലിം:162)
عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم فِيمَا يَرْوِي عَنْ رَبِّهِ عَزَّ وَجَلَّ قَالَ قَالَ : إِنَّ اللَّهَ كَتَبَ الْحَسَنَاتِ وَالسَّيِّئَاتِ، ثُمَّ بَيَّنَ ذَلِكَ فَمَنْ هَمَّ بِحَسَنَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ لَهُ عِنْدَهُ حَسَنَةً كَامِلَةً، فَإِنْ هُوَ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللَّهُ لَهُ عِنْدَهُ عَشْرَ حَسَنَاتٍ إِلَى سَبْعِمِائَةِ ضِعْفٍ إِلَى أَضْعَافٍ كَثِيرَةٍ، وَمَنْ هَمَّ بِسَيِّئَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ لَهُ عِنْدَهُ حَسَنَةً كَامِلَةً، فَإِنْ هُوَ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللَّهُ لَهُ سَيِّئَةً وَاحِدَةً
ഇബ്നുഅബ്ബാസില്‍(റ) നിന്ന് നിവേദനം: നബി(ﷺ) പറഞ്ഞു: അല്ലാഹു നന്‍മകളെയും തിന്‍മകളെയും നിര്‍ണ്ണയിച്ചു. എന്നിട്ടത് വിശദീകരിച്ചു. അപ്പോള്‍ ഒരാള്‍ നന്‍മ പ്രവര്‍ത്തിക്കാനുദ്ദേശിച്ചു. പക്ഷെ പ്രവര്‍ത്തിച്ചില്ല. എങ്കില്‍ അവന്റെ ഉദ്ദേശത്തെ ഒരുപൂര്‍ണ്ണ പുണ്യകര്‍മ്മമായി അല്ലാഹു രേഖപ്പെടുത്തും. ഇനി ആ പുണ്യകര്‍മ്മം പ്രവര്‍ത്തിക്കാനുദ്ദേശിക്കുകയും അത് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ആ പുണ്യകര്‍മ്മത്തെ അല്ലാഹു തന്റെയടുക്കല്‍ പത്ത് മുതല്‍ എഴുന്നൂറ് ഇരട്ടിയായും അതിന് മേല്‍പ്പോട്ട് എത്രയോ ഇരട്ടിയായും രേഖപ്പെടുത്തിവെക്കും. മറിച്ച്, ഒരു ദുഷ്കൃത്യം ചെയ്യുവാന്‍ ഉദ്ദേശിച്ചു. പക്ഷെ പ്രവര്‍ത്തിച്ചില്ല. എങ്കില്‍ അതു ഒരുപൂര്‍ണ്ണമായ സല്‍ക്കര്‍മ്മമായി അവന്റെ പേരില്‍ അല്ലാഹു രേഖപ്പെടുത്തും. പ്രവര്‍ത്തിച്ചാല്‍ മറ്റൊരു ദുഷ്കൃത്യം അവന്‍ ചെയ്തതായി മാത്രമെ അല്ലാഹു രേഖപ്പെടുത്തുകയുള്ളൂ. (ബുഖാരി:6491)
നന്മ അറിയിച്ച് കൊടുക്കുന്നവ൪ക്ക് നന്‍മ ചെയ്ത പ്രതിഫലം
നന്മ അറിയിച്ച് കൊടുക്കുന്നവ൪ക്ക് നന്‍മ ചെയ്ത പ്രതിഫലമാണ് ലഭിക്കുന്നത്. ഉദാ:- ഒരു പള്ളി നി൪മ്മിക്കുന്ന ആവശ്യത്തിലേക്ക് സാമ്പത്തിക സഹായത്തിനായി നമുക്ക് അവസരമുണ്ടാകുമ്പോള്‍ നമുക്ക് അതിനുള്ള ശേഷിയില്ലെങ്കിലും അത് മറ്റുള്ളവരിലേക്ക് എത്തിക്കുകയും അങ്ങനെ മറ്റുള്ളവ൪ അതിന് സഹായം ചെയ്യുകയും ചെയ്യുമ്പോള്‍ അതിന് കാരണക്കാരനായവനും പ്രസ്തുത നന്‍മയുടെ പ്രതിഫലം ലഭിക്കുന്നു.
عَنْ أَبِي مَسْعُودٍ الأَنْصَارِيِّ، قَالَ جَاءَ رَجُلٌ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ إِنِّي أُبْدِعَ بِي فَاحْمِلْنِي فَقَالَ ” مَا عِنْدِي ” . فَقَالَ رَجُلٌ يَا رَسُولَ اللَّهِ أَنَا أَدُلُّهُ عَلَى مَنْ يَحْمِلُهُ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ ” .
അബൂമസ്ഊദുല്‍ അന്‍സാരിയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി(ﷺ)യുടെ അടുക്കല്‍ ഒരാള്‍ വന്നുകൊണ്ട് പറഞ്ഞു: എന്റെ വാഹനം നഷ്ടപ്പെട്ട് ഞാന്‍ അവശനായിട്ടുണ്ട്, നിങ്ങള്‍ എന്നെ സഹായിക്കണം. നബി(ﷺ) പറഞ്ഞു: എന്റെ അടുക്കല്‍ ഒന്നുമില്ല. അപ്പോള്‍ ഒരാള്‍ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അദ്ദേഹത്തെ സഹായിക്കാന്‍ കഴിയുന്ന ഒരാളെ അദ്ദേഹത്തിന് ഞാന്‍ കാണിച്ചുകൊടുക്കാം.അപ്പോള്‍ നബി(ﷺ) പറഞ്ഞു: നന്മ അറിയിച്ചുകൊടുക്കുന്നതാരോ അവന് അത് പ്രവര്‍ത്തിച്ചതിനു തുല്യമായ പ്രതിഫലം ലഭിക്കുന്നതാണ്. (മുസ്‌ലിം 1893)
നന്മയിലേക്കും തിന്മയിലേക്കും ക്ഷണിച്ചാല്‍
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَنْ دَعَا إِلَى هُدًى كَانَ لَهُ مِنَ الأَجْرِ مِثْلُ أُجُورِ مَنْ تَبِعَهُ لاَ يَنْقُصُ ذَلِكَ مِنْ أُجُورِهِمْ شَيْئًا وَمَنْ دَعَا إِلَى ضَلاَلَةٍ كَانَ عَلَيْهِ مِنَ الإِثْمِ مِثْلُ آثَامِ مَنْ تَبِعَهُ لاَ يَنْقُصُ ذَلِكَ مِنْ آثَامِهِمْ شَيْئًا
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(ﷺ) പറഞ്ഞു: ആരെങ്കിലും സന്‍മാ൪ഗത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചാല്‍ അതിനെ പിന്തുടരുന്നവരുടെ പ്രതിഫലം അവനുമുണ്ടാകും. അവരുടെ പ്രതിഫലത്തില്‍ നിന്നും ഒട്ടും കുറയാതെതന്നെ. ആരെങ്കിലും ദു൪മാ൪ഗത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചാല്‍ അതിനെ പിന്തുടരുന്നവരുടെ പാപം അവനുമുണ്ടാകും. അവരുടെ പാപത്തില്‍ നിന്നും ഒട്ടും കുറയാതെതന്നെ. (മുസ്ലിം:2674)
മനുഷ്യരെ വഴിപിഴപ്പിക്കുന്ന നേതാക്കളെപ്പറ്റി അല്ലാഹു പറയുന്നു:
وَلَيَحْمِلُنَّ أَثْقَالَهُمْ وَأَثْقَالًا مَّعَ أَثْقَالِهِمْ ۖ وَلَيُسْـَٔلُنَّ يَوْمَ ٱلْقِيَٰمَةِ عَمَّا كَانُوا۟ يَفْتَرُونَ
തങ്ങളുടെ പാപഭാരങ്ങളും സ്വന്തം പാപഭാരങ്ങളോടൊപ്പം വെറെയും പാപഭാരങ്ങളും അവര്‍ വഹിക്കേണ്ടിവരും. അവര്‍ കെട്ടിച്ചമച്ചിരുന്നതിനെപ്പറ്റി ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ചോദ്യം ചെയ്യപ്പെടുന്നതുമാണ്. (ഖു൪ആന്‍ :29/13)
لِيَحْمِلُوٓا۟ أَوْزَارَهُمْ كَامِلَةً يَوْمَ ٱلْقِيَٰمَةِ ۙ وَمِنْ أَوْزَارِ ٱلَّذِينَ يُضِلُّونَهُم بِغَيْرِ عِلْمٍ ۗ أَلَا سَآءَ مَا يَزِرُونَ
തങ്ങളുടെ പാപഭാരങ്ങള്‍ മുഴുവനായിട്ടും, യാതൊരു വിവരവുമില്ലാതെ തങ്ങള്‍ ആരെയെല്ലാം വഴിപിഴപ്പിച്ച് കൊണ്ടിരിക്കുന്നുവോ അവരുടെ പാപഭാരങ്ങളില്‍ ഒരു ഭാഗവും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവര്‍ വഹിക്കുവാനത്രെ (അത് ഇടയാക്കുക.) ശ്രദ്ധിക്കുക: അവര്‍ പേറുന്ന ആ ഭാരം എത്ര മോശം!(ഖു൪ആന്‍ :16/25)
സ്വയം പിഴച്ചുപോയതിന്റെയും, വ്യാജം കെട്ടിപ്പറഞ്ഞതിന്റെയും, വിവരമില്ലാത്തവരെ വഴിപിഴപ്പിക്കുവാന്‍ ശ്രമിച്ചതിന്റെയും കുറ്റങ്ങള്‍ക്ക് പുറമെ, ആ വഴിപിഴച്ചവര്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്കൊക്കെ കാരണക്കാരായതിന്റെ പേരിലും ഇവര്‍ ശിക്ഷാര്‍ഹരായിത്തീരുന്നു.
നന്മ – തിന്മകള്‍ക്ക് തുടക്കം കുറിച്ചാല്‍
إِنَّا نَحْنُ نُحْىِ ٱلْمَوْتَىٰ وَنَكْتُبُ مَا قَدَّمُوا۟ وَءَاثَٰرَهُمْ ۚ وَكُلَّ شَىْءٍ أَحْصَيْنَٰهُ فِىٓ إِمَامٍ مُّبِينٍ
തീര്‍ച്ചയായും നാം തന്നെയാണ് മരിച്ചവരെ ജീവിപ്പിക്കുന്നത്. അവര്‍ ചെയ്തു വെച്ചതും അവരുടെ (പ്രവര്‍ത്തനങ്ങളുടെ) അനന്തരഫലങ്ങളും നാം എഴുതിവെക്കുകയും ചെയ്യുന്നു. എല്ലാകാര്യങ്ങളും വ്യക്തമായ ഒരു രേഖയില്‍ നാം നിജപ്പെടുത്തി വെച്ചിരിക്കുന്നു. (ഖു൪ആന്‍ :36/12)
മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു: മരണത്തിനു മുന്‍പ് ഓരോരുത്തനും ചെയ്ത എല്ലാ കര്‍മ്മങ്ങളും – അവ നല്ലതോ ചീത്തയോ ആയിക്കൊള്ളട്ടെ – ‘അവര്‍ മുന്ചെയ്തു വെച്ചത് (ماقدمو) എന്ന വാക്കില്‍ ഉള്‍പ്പെടുന്നു. പ്രസ്തുത കര്‍മ്മങ്ങളുടെ ഫലമായി അവശേഷിക്കുന്ന എല്ലാ നന്മകളും, തിന്മകളും ‘അവരുടെ അവശിഷ്ടങ്ങള്‍, അഥവാ പ്രവര്‍ത്തന ഫലങ്ങള്‍ (آثارهم) എന്ന് പറഞ്ഞതിലും ഉള്‍പ്പെടുന്നു. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 13/13 ന്റെ വിശദീകരണത്തില്‍ നിന്ന്)
നന്‍മകള്‍ക്കും തിന്‍മകള്‍ക്കും അതിന്റേതായ പ്രതിഫലമുണ്ടെന്ന് നാം മനസ്സിലാക്കി. നന്‍മകളുടെയും തിന്‍മകളുടെയും അനന്തരഫലങ്ങള്‍ക്കും പ്രതിഫലമുണ്ടെന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്. അഥവാ ആരെങ്കിലും ഒരു നന്‍മക്ക് തുടക്കം കുറിച്ചാല്‍ ആ നന്‍മയുടെ പ്രതിഫലവും ആ നന്‍മയില്‍ നിന്ന് ആരൊക്കെ ഉപകാരമെടുക്കുന്നുവോ അതിന്റെ ഒരു പ്രതിഫലവും ലഭിക്കും. തിന്‍മയുടെ കാര്യവും അങ്ങനെ തന്നെ. ഉദാ: ഒരു നാട്ടില്‍ ഒരു പള്ളി പണിതു. അതിനുള്ള പ്രതിഫലം കൂടാതെ, ആ പള്ളിയില്‍ ആരെല്ലാം നമസ്‌കരിക്കുകയും മറ്റ് ആരാധന കര്‍മങ്ങള്‍ ചെയ്യുന്നുവോ അതിന്റെയെല്ലാം പ്രതിഫലം ആ പള്ളി പണിത വ്യക്തിക്ക് നല്‍കപ്പെടുന്നതാണ്. ഒരാള്‍ ഒരു മദ്യഷോപ്പ് തുടങ്ങി. അതിനുള്ള പ്രതിഫലം(ശിക്ഷ) കൂടാതെ, അവിടെ നിന്ന് ആരെല്ലാം മദ്യം ഉപയോഗിക്കുന്നുവോ അതിന്റെയെല്ലാം പ്രതിഫലം(ശിക്ഷ) ആ മദ്യഷോപ്പ് തുടങ്ങി വ്യക്തിക്ക് നല്‍കപ്പെടുന്നതാണ്.
من سن سنة حسنة فله أجرها ما عمل بها في حياته وبعد مماته حتى تترك
നബി(ﷺ) പറഞ്ഞു: ആരെങ്കിലും ഒരു നല്ല ചര്യ നടപ്പാക്കിയാല്‍, അത് പ്രവ൪ത്തിക്കപ്പെടുന്ന കാലത്തോളം അയാളുടെ ജീവിതകാലത്തും മരണശേഷവും അതിനുള്ള പ്രതിഫലം അയാള്‍ക്കുണ്ട്. പ്രസ്തുത ചര്യ ഉപേക്ഷിക്കപ്പെടുന്നതുവരെ. (ത്വബ്റാനി – മുഅ്ജമുല്‍ കബീ൪, അല്‍ബാനി ഹദീസിനെ സ്വഹീഹുന്‍ ഹസനെന്ന് വിശേഷിപ്പിച്ചു)
عَنْ جَرِيرِ بْنِ عَبْدِ، اللَّهِ قَالَ جَاءَ نَاسٌ مِنَ الأَعْرَابِ إِلَى رَسُولِ اللَّهِ صلى الله عليه وسلم عَلَيْهِمُ الصُّوفُ فَرَأَى سُوءَ حَالِهِمْ قَدْ أَصَابَتْهُمْ حَاجَةٌ فَحَثَّ النَّاسَ عَلَى الصَّدَقَةِ فَأَبْطَئُوا عَنْهُ حَتَّى رُئِيَ ذَلِكَ فِي وَجْهِهِ – قَالَ – ثُمَّ إِنَّ رَجُلاً مِنَ الأَنْصَارِ جَاءَ بِصُرَّةٍ مِنْ وَرِقٍ ثُمَّ جَاءَ آخَرُ ثُمَّ تَتَابَعُوا حَتَّى عُرِفَ السُّرُورُ فِي وَجْهِهِ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ سَنَّ فِي الإِسْلاَمِ سُنَّةً حَسَنَةً فَعُمِلَ بِهَا بَعْدَهُ كُتِبَ لَهُ مِثْلُ أَجْرِ مَنْ عَمِلَ بِهَا وَلاَ يَنْقُصُ مِنْ أُجُورِهِمْ شَىْءٌ وَمَنْ سَنَّ فِي الإِسْلاَمِ سُنَّةً سَيِّئَةً فَعُمِلَ بِهَا بَعْدَهُ كُتِبَ عَلَيْهِ مِثْلُ وِزْرِ مَنْ عَمِلَ بِهَا وَلاَ يَنْقُصُ مِنْ أَوْزَارِهِمْ شَىْءٌ
ജരീറുബ്‌നു അബ്ദുല്ലയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഗ്രാമീണരായ ഒരു സംഘം നബി(ﷺ)യുടെ അടുക്കല്‍ വന്നു. അവര്‍ കമ്പിളി അണിഞ്ഞിരുന്നു. അവര്‍ സഹായം ആവശ്യമുള്ള വിഷമാവസ്ഥയിലാണെന്ന് നബി(ﷺ) മനസ്സിലാക്കി. അപ്പോള്‍ നബി(ﷺ) ജനങ്ങളെ ദാനം നല്‍കുന്നതിനായി പ്രേരിപ്പിച്ചു. ജനങ്ങള്‍ അറച്ചു നിന്നു. അതിന്റെ നീരസം നബി(ﷺ)യുടെ മുഖത്ത് പ്രകടമായി. തദവസരത്തില്‍ ഭാരംകൊണ്ട് കുഴഞ്ഞു പേകുമാറുള്ള വെള്ളി നാണയ സഞ്ചിയുമായി ഒരു അന്‍സാരി വന്നു. പിന്നെ മറ്റൊരാള്‍ വന്നു. അത് കണ്ടപ്പോള്‍ മറ്റുള്ളവരും (ദാനം ചെയ്യല്‍) തുടര്‍ന്നുകൊണ്ടിരുന്നു. അങ്ങനെ നബി(ﷺ)യുടെ സന്തോഷം മുഖത്ത് പ്രകാശിച്ചു. നബി(ﷺ) പറഞ്ഞു: ആരെങ്കിലും ഇസ്‌ലാമില്‍ നല്ലചര്യ നടപ്പാക്കിയാല്‍, അതിന് ശേഷം അത് പ്രാവര്‍ത്തികമാക്കപ്പെട്ടാല്‍, നല്ല പ്രവൃത്തി ചെയ്തവനെപോലെയുള്ള പ്രതിഫലം (നടപ്പിലാക്കിയവന്) ലഭിക്കുന്നതാണ്. അതു അവരുടെ (തുടങ്ങുന്നവരുടെ) പ്രതിഫലത്തില്‍ ഒരു കുറവും വരുത്തുന്നതല്ല. ആരെങ്കിലും ചീത്തയായ ചര്യയാണ് നടപ്പില്‍ വരുത്തുന്നതെങ്കില്‍, അതിനുശേഷം അത് പ്രാവര്‍ത്തികമാക്കപ്പെട്ടാല്‍, അതുചെയ്യുന്നവരുടേതിന് തുല്ല്യമായ പാപഭാരം നടപ്പിലാക്കിയവന്റെ മേലും ചാര്‍ത്തപ്പെടും. അത് അവരുടെ കുറ്റത്തില്‍ നിന്ന് കുറവുവരുത്തുകയില്ല. (മുസ്‌ലിം: 1017)
قَالَ رَسُولُ اللَّهِ صلى الله عليه وسلم ” مَنْ سَنَّ فِي الإِسْلاَمِ سُنَّةً حَسَنَةً فَلَهُ أَجْرُهَا وَأَجْرُ مَنْ عَمِلَ بِهَا بَعْدَهُ مِنْ غَيْرِ أَنْ يَنْقُصَ مِنْ أُجُورِهِمْ شَىْءٌ وَمَنْ سَنَّ فِي الإِسْلاَمِ سُنَّةً سَيِّئَةً كَانَ عَلَيْهِ وِزْرُهَا وَوِزْرُ مَنْ عَمِلَ بِهَا مِنْ بَعْدِهِ مِنْ غَيْرِ أَنْ يَنْقُصَ مِنْ أَوْزَارِهِمْ شَىْءٌ
നബി(ﷺ) പറഞ്ഞു:ആരെങ്കിലും ഇസ്‌ലാമില്‍ നല്ലചര്യ നടപ്പാക്കിയാല്‍ അതിനുള്ള പ്രതിഫലവും ശേഷം അത് ചെയ്യുന്നവരുടെ പ്രതിഫലവും അവന് ലഭിക്കുന്നതാണ്, അവരുടെ പ്രതിഫലത്തില്‍ നിന്നും ഒട്ടും കുറയാതെതന്നെ. ആരെങ്കിലും ഇസ്‌ലാമില്‍ തിന്‍മ നടപ്പാക്കിയാല്‍ അതിനുള്ള പാപഭാരവും ശേഷം അത് ചെയ്യുന്നവരുടെ പാപഭാരവും അവന് ലഭിക്കുന്നതാണ്, അവരുടെ പാപഭാരത്തില്‍ നിന്നും ഒട്ടും കുറയാതെതന്നെ. (മുസ്ലിം:1017)
عَنْ عَبْدِ اللَّهِ، قَالَ قَالَ النَّبِيُّ صلى الله عليه وسلم : لَيْسَ مِنْ نَفْسٍ تُقْتَلُ ظُلْمًا إِلاَّ كَانَ عَلَى ابْنِ آدَمَ الأَوَّلِ كِفْلٌ مِنْهَا
അബ്ദുല്ലയില്‍(റ) നിന്ന് നിവേദനം: നബി(ﷺ) പറഞ്ഞു:ഭൂമിയില്‍ ആരും അന്യായമായി കൊലചെയ്യപ്പെടുന്നില്ല, ആദമിന്റെ പുത്രനില്‍ അതിന്റെ (പാപത്തിന്റെ) ഒരു വിഹിതം ഉണ്ടായിട്ടല്ലാതെ. കാരണം, അവനാണ് കൊലയുടെ ആദ്യത്തെ ചര്യ തുടങ്ങിയത്. (ബുഖാരി:7321)
قال الإمام الشاطبي رحمه الله :طُوبَى لِمَنْ مَاتَ وَمَاتَتْ مَعَهُ ذُنُوبُهُ، وَالْوَيْلُ الطَّوِيلُ لِمَنْ يَمُوتُ وَتَبْقَى ذُنُوبُهُ مِائَةَ سَنَةٍ وَمِائَتَيْ سَنَةٍ، يُعَذَّبُ بِهَا فِي قَبْرِهِ، وَيُسْأَلُ عَنْهَا إِلَى انْقِرَاضِهَا
ഇമാം ശാത്വിബി(റഹി) പറഞ്ഞു:മരിക്കുമ്പോൾ തൻ്റെ തിന്മകളും കൂടെ മരിച്ചു തീരുന്നവന് മംഗളം. മരിച്ച ശേഷവും നൂറും ഇരുന്നൂറും വർഷങ്ങൾ തൻ്റെ തിന്മകൾ അവശേഷിക്കുകയും, അവ നശിച്ച് തീരുവോളം ഖബ്റിൽ അതിൻ്റെ പേരിൽ ചോദ്യം ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നവന് ഒരു പാട് കാലം നീണ്ട് നിൽക്കുന്ന നാശം. الموافقات【١\٣٦١】
നന്മ – തിന്മകളുടെ വിഷയത്തില്‍ സത്യവിശ്വാസികളുടെ നിലപാട്
നന്‍മ-തിന്മകളുടെ വിഷയത്തില്‍ ഒരു സത്യവിശ്വാസിയുടെ നിലപാട് എന്തായിരിക്കണമെന്ന് നബി(ﷺ) പഠിപ്പിച്ച് തന്നിട്ടുണ്ട്. എല്ലാ നന്‍മയും ഒരാള്‍ക്ക് ചെയ്യാന്‍ കഴിയണമെന്നില്ല. അതുകൊണ്ടുതന്നെ നന്‍മകളില്‍ കഴിവിന്റെ പരമാവധി പ്രവ൪ത്തിക്കുകയും തിന്‍മകളില്‍ നിന്നും യാതൊന്നും പ്രവ൪ത്തിക്കാതിരിക്കുകയും ചെയ്യുകയാണ് വേണ്ടത്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم :مَا نَهَيْتُكُمْ عَنْهُ فَاجْتَنِبُوهُ وَمَا أَمَرْتُكُمْ بِهِ فَافْعَلُوا مِنْهُ مَا اسْتَطَعْتُمْ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(ﷺ) പറഞ്ഞു: ഞാന്‍ നിങ്ങളോട് വിരോധിച്ചത് മുഴുവനും നിങ്ങള്‍ കയ്യൊഴിക്കുക, കല്‍പ്പിച്ചതാകട്ടെ നിങ്ങള്‍ കഴിവിന്റെ പരമാവധി പ്രവ൪ത്തിക്കുക. (മുസ്ലിം:1337)
ചെറിയ നന്‍മകളെയും ചെറിയ തിന്‍മകളെയും നിസ്സാരവല്‍ക്കരിക്കരുത്
നമുക്ക് ചെറുതായി തോന്നുന്ന ഒരു നന്‍മയെ പോലും നിസ്സാരമായി കാണരുതെന്നാണ് നബി(ﷺ) നമുക്ക് പഠിപ്പിച്ച് തന്നിട്ടുള്ളത്.
عن أبي جري الهجيمي قال: أتيت رسول الله صلى الله عليه وسلم فقلت: يا رسول الله إنا قوم من أهل البادية فعلمنا شيئا ينفعنا الله تبارك وتعالى به، قال: لا تحقرن من المعروف شيئا ولو أن تفرغ من دلوك في إناء المستسقي، ولو أن تكلم أخاك ووجهك إليه منبسط
അബൂ ജരീ അൽ ഹുജൈമിയിൽ (റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു : ഞാന്‍ നബി(ﷺ)യുടെ സന്നിധില്‍ വന്ന് ചോദിച്ചു: ഓ പ്രവാചകരെ, ഞങ്ങള്‍ ഭൂനിവാസികളാണ്. അനുഗ്രഹീതനും മഹത്വമുള്ളവനുമായ അല്ലാഹുവിങ്കല്‍ ഞങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന എന്തെങ്കിലും പഠിപ്പിച്ച് തരൂ. നബി(ﷺ) പറഞ്ഞു : ഒരു നൻമയെയും നിങ്ങൾ നിസാരമായി കാണരുത്. താൻ വെള്ളമെടുക്കുന്ന തൊട്ടിയിൽ നിന്ന് മറ്റൊരാളുടെ പാത്രത്തിലേക്ക് കുടിക്കാനായി വെള്ളം ഒഴിച്ച് കൊടുക്കുന്നതോ പ്രസന്ന മുഖത്തോടുകൂടി തന്റെ സഹോദരനെ സമീപിക്കുന്നതോ പോലും. (മുസ്നദ് അഹ്മദ് : 5/36 – സില്‍സിലത്തുസ്വഹീഹ:1352)
ആ൪ക്കെങ്കിലും കൊടുക്കാനായി കിണറ്റില്‍ നിന്നും വെള്ളം പാത്രത്തില്‍ ഒഴിച്ച് കൊടുക്കുന്നത്, ഒരാളെ കാണുമ്പോള്‍ പുഞ്ചിരിക്കുന്നത് എന്നിവ ചെറിയ നന്‍മകള്‍ക്ക് ഉദാഹരണമായി പറഞ്ഞതാണ്. നമുക്ക് ചെറുതായി തോന്നുന്ന ഒരു നന്‍മയെ പോലും നിസ്സാരമായി കാണരുതെന്നാണ് നബി(ﷺ) ഇതിലൂടെ നമുക്ക് പഠിപ്പിച്ച് തന്നിട്ടുള്ളത്. മാത്രമല്ല; ഇത്തരം ചെറിയ നന്മകളായിരിക്കാം പലപ്പോഴും നമ്മുടെ നന്മകളുടെ പട്ടികയെ അധികരിപ്പിക്കുകയും, പരലോകത്ത് നന്‍മ-തിന്‍മകള്‍ തൂക്കുന്ന അവസരത്തില്‍ നന്‍മയുടെ തുലാസുകളുടെ കനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നത്.
ﻓَﻤَﻦ ﻳَﻌْﻤَﻞْ ﻣِﺜْﻘَﺎﻝَ ﺫَﺭَّﺓٍ ﺧَﻴْﺮًا ﻳَﺮَﻩُۥ
അപ്പോള്‍ ആര് ഒരു അണുവിന്റെ തൂക്കം നന്‍മ ചെയ്തിരുന്നുവോ (പരലോകത്ത്) അവനത് കാണും.(ഖു൪ആന്‍ :99/7)
അതേപോലെ നമുക്ക് ചെറുതായി തോന്നുന്ന ഒരു തിന്‍മയെയും നിസ്സാരമായി കാണാൻ പാടില്ല. വന്‍പാപങ്ങള്‍ വന്നുപോകാതിരിക്കാന്‍ ശ്രദ്ധിക്കാറുള്ളതുപോലെതന്നെ ചെറിയ പാപങ്ങള്‍ വന്നുപോകാതിരിക്കാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്.
عَنْ سَهْلِ بْنِ سَعْدٍ رضي الله عنه قَالَ: قَالَ رَسُولُ اللهِ صلَّى اللهُ عليه وسلَّم: إِيَّاكُمْ وَمُحَقَّرَاتِ الذُّنُوبِ فَإِنَّمَا مَثَلُ مُحَقَّرَاتِ الذُّنُوبِ كَقَوْمٍ نَزَلُوا فِي بَطْنِ وَادٍ، فَجَاءَ ذَا بِعُودٍ، وَجَاءَ ذَا بِعُودٍ حَتَّى أَنْضَجُوا خُبْزَتَهُمْ، وَإِنَّ مُحَقَّرَاتِ الذُّنُوبِ مَتَى يُؤْخَذْ بِهَا صَاحِبُهَا تُهْلِكْهُ
സഹ്ലിബ്നു സഅ്ദില്‍(റ) നിന്ന് നിവേദനം:നബി(ﷺ) പറഞ്ഞു: നിസ്സാരവല്‍ക്കരിക്കപ്പെടുന്ന (ചെറിയ) തിന്മകളെ നിങ്ങള്‍ സൂക്ഷിക്കുക. അവയുടെ ഉപമ ഒരു കൂട്ടമാളുകളെ പോലെയാണ്. അവരൊരു താഴ്വാരത്തില്‍ ഇറങ്ങി. അതിലൊരാള്‍ ഒരു ചെറിയ കമ്പുമായി വന്നു. മറ്റൊരാള്‍ വേറൊരു വിറകു കൊള്ളിയുമായി വന്നു. അങ്ങനെ (ഒരുമിച്ചു കൂട്ടിയ വിറകുകള്‍ കൊണ്ട്) അവര്‍ തങ്ങളുടെ ഭക്ഷണം വേവിച്ചു. (ചെറുപാപങ്ങളെ നിങ്ങള്‍ സൂക്ഷിക്കുക) നിശ്ചയം ചെറുപാപങ്ങള്‍ കാരണത്താല്‍ ഒരാള്‍ എപ്പോഴാണോ പിടികൂടുന്നത് അപ്പോള്‍ അവ അയാളെ നശിപ്പിക്കും.(അഹ്മദ്)
ചെറുപാപങ്ങളുടെ ഗൌരവം ഒരു ഉദാഹരണത്തിലൂടെ നബി(ﷺ) വ്യക്തമാക്കുകയാണ് ചെയ്തിട്ടുള്ളത്. അവ൪ക്കാവശ്യമായ വിറക് ഒരാള്‍ തന്നെ കണ്ടെത്തണമെങ്കില്‍ അതവന് പ്രയാസമായിരിക്കും. ചിലപ്പോള്‍ ആ പ്രവൃത്തിയില്‍ നിന്ന് അവന്‍ പിന്‍വാങ്ങുകയും ചെയ്യും. എന്നാല്‍ ഒരോരുത്തരും ഓരോ വിറക് കൊള്ളിയുമായി വന്നപ്പോള്‍ അതവ൪ക്ക് എളുപ്പമായി. അതേപോലെ ചെറുപാപങ്ങള്‍ ഒരുമിച്ച് കൂട്ടിയാല്‍ വന്‍പാപമായി മാറും. ചെറിയ മരക്കഷണങ്ങള്‍ ഒരുമിച്ച് കൂട്ടിയപ്പോള്‍ തീക്കുണ്ഢം ഒരുക്കാന്‍ കഴിഞ്ഞു. അതുകൊണ്ടാണ് ചെറുപാപങ്ങളെ സൂക്ഷിക്കണെന്നും അവ നമ്മെ നശിപ്പിക്കുമെന്നും നബി(ﷺ) പഠിപ്പിച്ചിട്ടുള്ളത്.
മനുഷ്യന്‍ നിസ്സാരമായി ഗണിച്ചിരിക്കുന്ന പല പാപങ്ങളും വന്‍പാപങ്ങളില്‍ പെട്ടതായിട്ടാണ് സലഫുകള്‍ മനസ്സിലാക്കിയിരുന്നത്. താഴെ പറയുന്ന ഹദീസുകളില്‍ നിന്നും ഇത് കൂടുതല്‍ വ്യക്തമാണ്.
عَنْ أَنَسٍ ـ رضى الله عنه ـ قَالَ إِنَّكُمْ لَتَعْمَلُونَ أَعْمَالاً هِيَ أَدَقُّ فِي أَعْيُنِكُمْ مِنَ الشَّعَرِ، إِنْ كُنَّا نَعُدُّهَا عَلَى عَهْدِ النَّبِيِّ صلى الله عليه وسلم الْمُوبِقَاتِ
അനസില്‍(റ) നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു:നിശ്ചയം നിങ്ങള്‍ ചില പ്രവ൪ത്തനങ്ങള്‍ ചെയ്യുന്നു. അത് നിങ്ങളുടെ കണ്ണില്‍ ഒരു രോമത്തേക്കാള്‍ വളരെ ലോലമാണ്. നബി(ﷺ)യുടെ കാലഘട്ടത്തില്‍ (സല്‍കര്‍മ്മങ്ങളെ) നശിപ്പിച്ചുകളയുന്ന വന്‍പാപമായിട്ടാണ് ഞങ്ങള്‍ അവയെ കണ്ടിരുന്നത്. (ബുഖാരി:6492)
മാത്രമല്ല, ഇത്തരം ചെറിയ തിന്മകളായിരിക്കാം പലപ്പോഴും നമ്മുടെ തിന്മകളുടെ പട്ടികയെ അധികരിപ്പിക്കുകയും, പരലോകത്ത് നന്‍മ-തിന്‍മകള്‍ തൂക്കുന്ന അവസരത്തില്‍ തിന്‍മയുടെ തുലാസുകളുടെ കനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നത്.
ﻭَﻣَﻦ ﻳَﻌْﻤَﻞْ ﻣِﺜْﻘَﺎﻝَ ﺫَﺭَّﺓٍ ﺷَﺮًّا ﻳَﺮَﻩُ
ആര് ഒരു അണുവിന്റെ തൂക്കം തിന്‍മ ചെയ്തിരുന്നുവോ അവന്‍ അതും (പരലോകത്ത്) കാണും.(ഖു൪ആന്‍ :99/8)