നമസ്കാരം, നോമ്പ് തുടങ്ങിയ ഇബാദത്തുകള്‍ നി൪വ്വഹിക്കുന്നതില്‍ മുസ്ലിം സമൂഹം പൊതുവെ ഉല്‍സാഹം കാണിക്കാറുണ്ട്. എന്നാല്‍ മറ്റുള്ളവരെ സഹായിക്കല്‍, അഗതികള്‍ക്കും അനാഥകള്‍ക്കും വിധവകള്‍ക്കും പാവപ്പെട്ടവ൪ക്കും ഭക്ഷണം, വസ്ത്രം, പാ൪പ്പിടം എന്നിവയില്‍ സഹായിക്കല്‍, അവരുടെ ആവശ്യങ്ങള്‍ നി൪വ്വഹിച്ചു കൊടുക്കല്‍ എന്നിവയില്‍ പൊതുവെ ആളുകള്‍ ഉല്‍സാഹം കാണിക്കാറില്ല. എന്നാല്‍ അത്തരം ആളുകളുടെ കാര്യത്തില്‍ സജീവമായി പ്രവ൪ത്തിക്കുന്നവരുമുണ്ട്. എന്തിനാണ് നമ്മുടെ ശരീരവും സമ്പത്തും സമയവും അത്തരം കാര്യങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കുന്നത് ? എന്തിനുവേണ്ടിയാണ് അത്തരം പ്രവ൪ത്തനങ്ങളില്‍ ഏ൪പ്പെടുന്നതെന്ന് വിശുദ്ധ ഖു൪ആനും തിരുസുന്നത്തും നമുക്ക് വ്യക്തമാക്കി തരുന്നുണ്ട്.
എല്ലാ മനുഷ്യര്‍ക്കും അല്ലാഹു ഒരേ സാമ്പത്തികാവസ്ഥയല്ല നല്‍കിയിരിക്കുന്നത്. മനുഷ്യരുടെ ഉപജീവനമാര്‍ഗവും വ്യത്യസ്ഥമാണ്. അല്ലാഹു പറയുന്നു:
لَهُۥ مَقَالِيدُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ ۚ إِنَّهُۥ بِكُلِّ شَىْءٍ عَلِيمٌ
ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോലുകള്‍ അവന്‍റെ അധീനത്തിലാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം അവന്‍ വിശാലമാക്കുന്നു. (മറ്റുള്ളവര്‍ക്ക്) അവന്‍ അത് ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. (ഖു൪ആന്‍:42/12)
മനുഷ്യരെ സംബന്ധിച്ചിടത്തോളം ഐഹികജീവിതം പരീക്ഷണ ഘട്ടമാണ്. തനിക്ക് സര്‍വശക്തന്‍ കനിഞ്ഞുനല്‍കിയ ജീവന്‍, ആരോഗ്യം, സമ്പത്ത് തുടങ്ങിയ എല്ലാ അനുഗ്രഹങ്ങള്‍ക്കും പകരമായി ആ സ്രഷ്ടാവിനോട് നന്ദി കാണിക്കുക എന്നത് അവന്റെ കടമയാണ്. ചിലരെ സമ്പന്നരും മറ്റു ചിലരെ ദരിദ്രരുമായി മാറ്റിയതും അവര്‍ക്കുള്ള പരീക്ഷണമാണ്. ഏത് അവസ്ഥയിലും സ്രഷ്ടാവിനെ മറക്കാതിരിക്കുക എന്നത് സത്യവിശ്വാസികള്‍ക്കുണ്ടായിരിക്കേണ്ട സദ്ഗുണമാണ്. ഉള്ളവന്‍ ഇല്ലാത്തവനെ സഹായിക്കണം. അത് മനുഷ്യത്വത്തിന്റെ അടയാളമാണ്. സമ്പന്നരുടെമേല്‍ നിര്‍ബന്ധദാനം അഥവാ സകാത്ത് ഇസ്‌ലാം നിര്‍ബന്ധമാക്കിയിരിക്കുന്നത് ഈ മാനുഷികഗുണം ഊട്ടിയുറപ്പിക്കുവാന്‍ വേണ്ടി കൂടിയാണ്.
‘കിഴക്കോട്ടോ പടിഞ്ഞാറോട്ടോ മുഖംതിരിക്കുക എന്നതിലല്ല’ അഥവാ മതത്തിന്റെ ബാഹ്യമായ ചില ആചാരങ്ങള്‍ സ്വീകരിക്കുകയോ കേവലം ഒരു ചടങ്ങെന്നോണം ചില നിശ്ചിത കര്‍മങ്ങള്‍ നിര്‍വഹിക്കുകയോ ഭക്തിയുടെ ചില അംഗീകൃത രൂപങ്ങള്‍ പ്രകടിപ്പിക്കുകയോ ചെയ്യുന്നതിലല്ല പുണ്യമുള്ളതെന്ന് പറഞ്ഞുകൊണ്ട്, എന്തൊക്കെയാണ് പുണ്യമെന്ന് വിശുദ്ധ ഖു൪ആന്‍ എണ്ണുന്നുണ്ട്. ‘തങ്ങളുടെ സ്വത്തുക്കള്‍, അതിനോട് ഏറെ ഇഷ്ടം ഉണ്ടായിട്ടും അനാഥര്‍ക്കും പാവങ്ങള്‍ക്കും നല്‍കുക യെന്നത് പുണ്യമായി അല്ലാഹു എണ്ണിയിട്ടുള്ളതാണ്. അതായത് അവശതയും പ്രയാസവുമനുഭവിക്കുന്ന, സമൂഹത്തില്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ആളുകളെ സാമ്പത്തികമായി സഹായിക്കുക. അവര്‍ക്ക് ഒരുകൈത്താങ്ങായി മാറുക.
لَّيْسَ ٱلْبِرَّ أَن تُوَلُّوا۟ وُجُوهَكُمْ قِبَلَ ٱلْمَشْرِقِ وَٱلْمَغْرِبِ وَلَٰكِنَّ ٱلْبِرَّ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ وَٱلْمَلَٰٓئِكَةِ وَٱلْكِتَٰبِ وَٱلنَّبِيِّۦنَ وَءَاتَى ٱلْمَالَ عَلَىٰ حُبِّهِۦ ذَوِى ٱلْقُرْبَىٰ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينَ وَٱبْنَ ٱلسَّبِيلِ وَٱلسَّآئِلِينَ وَفِى ٱلرِّقَابِ وَأَقَامَ ٱلصَّلَوٰةَ وَءَاتَى ٱلزَّكَوٰةَ وَٱلْمُوفُونَ بِعَهْدِهِمْ إِذَا عَٰهَدُوا۟ ۖ وَٱلصَّٰبِرِينَ فِى ٱلْبَأْسَآءِ وَٱلضَّرَّآءِ وَحِينَ ٱلْبَأْسِ ۗ أُو۟لَٰٓئِكَ ٱلَّذِينَ صَدَقُوا۟ ۖ وَأُو۟لَٰٓئِكَ هُمُ ٱلْمُتَّقُونَ
നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം എന്നാല്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്‍മാരിലും വിശ്വസിക്കുകയും, സ്വത്തിനോട് പ്രിയമുണ്ടായിട്ടും അത് ബന്ധുക്കള്‍ക്കും, അനാഥകള്‍ക്കും, അഗതികള്‍ക്കും, വഴിപോക്കന്നും, ചോദിച്ചു വരുന്നവര്‍ക്കും, അടിമമോചനത്തിന്നും നല്‍കുകയും, പ്രാര്‍ത്ഥന (നമസ്കാരം) മുറപ്രകാരം നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, കരാറില്‍ ഏര്‍പെട്ടാല്‍ അത് നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്‍മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു (ദോഷബാധയെ) സൂക്ഷിച്ചവര്‍. (ഖു൪ആന്‍:2/177)
അല്ലാഹുവിനെ അല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്ന തൌഹീദിന്റെ കല്‍പ്പനയോട് ചേ൪ത്താണ് അനാഥകള്‍ക്കും അഗതികള്‍ക്കും നന്‍മ ചെയ്യണമെന്ന് വിശുദ്ധ ഖു൪ആന്‍ പറഞ്ഞിട്ടുള്ളത്.
وَإِذْ أَخَذْنَا مِيثَٰقَ بَنِىٓ إِسْرَٰٓءِيلَ لَا تَعْبُدُونَ إِلَّا ٱللَّهَ وَبِٱلْوَٰلِدَيْنِ إِحْسَانًا وَذِى ٱلْقُرْبَىٰ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينِ وَقُولُوا۟ لِلنَّاسِ حُسْنًا وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ ثُمَّ تَوَلَّيْتُمْ إِلَّا قَلِيلًا مِّنكُمْ وَأَنتُم مُّعْرِضُونَ
അല്ലാഹുവെ അല്ലാതെ നിങ്ങള്‍ ആരാധിക്കരുത്; മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും നന്‍മ ചെയ്യണം; ജനങ്ങളോട് നല്ല വാക്ക് പറയണം; പ്രാര്‍ത്ഥന മുറ പ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യണം എന്നെല്ലാം നാം ഇസ്രായീല്യരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക). (എന്നാല്‍ ഇസ്രായീല്‍ സന്തതികളേ,) പിന്നീട് നിങ്ങളില്‍ കുറച്ച് പേരൊഴികെ മറ്റെല്ലാവരും വിമുഖതയോടെ പിന്‍മാറിക്കളയുകയാണ് ചെയ്തത്. (ഖു൪ആന്‍:2/83)
എങ്ങനെയാണ് ചിലവഴിക്കേണ്ടതെന്ന ചോദ്യത്തിന് വിശുദ്ധ ഖു൪ആനിന്റെ മറുപടിയിലും അനാഥര്‍ക്കും അഗതികള്‍ക്കും വേണ്ടിയെന്നും വന്നിട്ടുണ്ട്. മാത്രമല്ല, കുടുംബത്തിന് ചെലവഴിക്കുന്നതിനോട് ചേ൪ത്തുമാണ് ഇത് പറഞ്ഞിട്ടുള്ളത്.
يَسْـَٔلُونَكَ مَاذَا يُنفِقُونَ ۖ قُلْ مَآ أَنفَقْتُم مِّنْ خَيْرٍ فَلِلْوَٰلِدَيْنِ وَٱلْأَقْرَبِينَ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينِ وَٱبْنِ ٱلسَّبِيلِ ۗ وَمَا تَفْعَلُوا۟ مِنْ خَيْرٍ فَإِنَّ ٱللَّهَ بِهِۦ عَلِيمٌ
(നബിയേ) അവര്‍ നിന്നോട് ചോദിക്കുന്നു, അവരെന്താണ് ചെലവഴിക്കേണ്ടതെന്ന്. നീ പറയുക: നിങ്ങള്‍ നല്ലതെന്ത് ചെലവഴിക്കുകയാണെങ്കിലും മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും വഴിപോക്കന്‍മാര്‍ക്കും വേണ്ടിയാണത് ചെയ്യേണ്ടത്. നല്ലതെന്ത് നിങ്ങള്‍ ചെയ്യുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നവനാകുന്നു. (ഖു൪ആന്‍:2/215)
മനുഷ്യര്‍ അല്ലാഹുവിന്റെ ആക്ഷേപത്തിന് വിധേയരാകാന്‍ കാരണമായി പറയുന്നത് ഖുര്‍ആന്‍ പറയുന്നത് കാണുക:
كَلَّا ۖ بَل لَّا تُكْرِمُونَ ٱلْيَتِيمَ
وَلَا تَحَٰٓضُّونَ عَلَىٰ طَعَامِ ٱلْمِسْكِينِ
അല്ല, പക്ഷെ നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല. പാവപ്പെട്ടവന്‍റെ ആഹാരത്തിന് നിങ്ങള്‍ പ്രോത്സാഹനം നല്‍കുന്നുമില്ല. (ഖു൪ആന്‍:89/17-18)
എഴുപത് മുഴമുള്ള ചങ്ങലയില്‍ ബന്ധിക്കപ്പെട്ടു നരകാഗ്‌നിയുടെ ആഴങ്ങളിലേക്ക് വലി ച്ചെറിയപ്പെടുന്ന ആളുകള്‍ അതില്‍ പ്രവേശിക്കുവാനുള്ള കാരണമായി ഖുര്‍ആന്‍ പറയുന്നത് കാണുക:
إِنَّهُۥ كَانَ لَا يُؤْمِنُ بِٱللَّهِ ٱلْعَظِيمِ
وَلَا يَحُضُّ عَلَىٰ طَعَامِ ٱلْمِسْكِينِ
തീര്‍ച്ചയായും അവന്‍ മഹാനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല. സാധുവിന് ഭക്ഷണം കൊടുക്കുവാന്‍ അവന്‍ പ്രോത്സാഹിപ്പിച്ചിരുന്നുമില്ല. (ഖു൪ആന്‍ :69/33-34)
നരകത്തില്‍ പ്രവേശിച്ചവരോട്, എന്ത് കാരണത്താലാണ് നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചതെന്ന ചോദ്യത്തിന് അവ൪ നല്‍കുന്ന മറുപടി കാണുക:
ﻣَﺎ ﺳَﻠَﻜَﻜُﻢْ ﻓِﻰ ﺳَﻘَﺮَ
ﻗَﺎﻟُﻮا۟ ﻟَﻢْ ﻧَﻚُ ﻣِﻦَ ٱﻟْﻤُﺼَﻠِّﻴﻦَ
وَلَمْ نَكُ نُطْعِمُ ٱلْمِسْكِينَ
(കുറ്റവാളികളോട് ചോദിക്കപ്പെടും) നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചത് എന്ത് കാരണത്താലാണ്? അവര്‍ (കുറ്റവാളികള്‍) മറുപടി പറയും: ഞങ്ങള്‍ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായില്ല. ഞങ്ങള്‍ അഗതിക്ക് ആഹാരം നല്‍കുമായിരുന്നില്ല. (ഖു൪ആന്‍ :74/42-43)
അനാഥകളെ വേണ്ടതുപോലെ പരിഗണിക്കാത്തവനും പാവപ്പെട്ടവന്‍റെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുന്നവനും മതത്തെ കളവാക്കിയവനാണെന്നാണ് വിശുദ്ധ ഖു൪ആന്‍ പറഞ്ഞിട്ടുള്ളത്.
أَرَءَيْتَ ٱلَّذِى يُكَذِّبُ بِٱلدِّينِ
فَذَٰلِكَ ٱلَّذِى يَدُعُّ ٱلْيَتِيمَ
وَلَا يَحُضُّ عَلَىٰ طَعَامِ ٱلْمِسْكِينِ
മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന് നീ കണ്ടുവോ? അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്. പാവപ്പെട്ടവന്‍റെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍. (ഖു൪ആന്‍ :107/1-3)
എല്ലാവർക്കും മറ്റുള്ളവരെ സഹായിക്കാൻ കഴിയണമെന്നില്ല അഥവാ അതിനുള്ള ശേഷിയുണ്ടാകണമെന്നില്ല. എന്നാൽ ഇത്തരം ആളുകൾ പോലും അതിന് വേണ്ടി പരിശ്രമിക്കേണ്ടതുണ്ടെന്ന് മേല്‍ വചനങ്ങള്‍ സൂചിപ്പിക്കുന്നു. തനിക്ക് അതിനുള്ള ശേഷിയില്ലെങ്കിൽ അതിന് കഴിയുന്നവരെ കണ്ട് അവർ മുഖാന്തിരമെങ്കിലും പാവപ്പെട്ടവരെ സഹായിക്കണമെന്നർത്ഥം. അല്ലാഹുവിന്റെ പ്രയോഗം ‘പാവപ്പെട്ടവന്‍റെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍’ എന്നാണ്.
സ്വര്‍ഗ പ്രവേശനത്തിനുള്ള വലിയൊരു കാരണമാണ് പാവപ്പെട്ടവന്റെ വിശപ്പ് മാറ്റാന്‍ സഹായിക്കല്‍. സ്വ൪ഗത്തില്‍ പ്രവേശിക്കപ്പെട്ടവ൪ അഗതികള്‍ക്കും അനാഥകള്‍ക്കുമെല്ലാം ആഹാരം നല്‍കുന്നവരായിരുന്നു.
وَيُطْعِمُونَ ٱلطَّعَامَ عَلَىٰ حُبِّهِۦ مِسْكِينًا وَيَتِيمًا وَأَسِيرًا
إِنَّمَا نُطْعِمُكُمْ لِوَجْهِ ٱللَّهِ لَا نُرِيدُ مِنكُمْ جَزَآءً وَلَا شُكُورًا
ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത് നല്‍കുകയും ചെയ്യും.(അവര്‍ പറയും:) അല്ലാഹുവിന്‍റെ പ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്കു ആഹാരം നല്‍കുന്നത്. നിങ്ങളുടെ പക്കല്‍ നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. (ഖു൪ആന്‍ :76/8-9)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” مَنْ أَصْبَحَ مِنْكُمُ الْيَوْمَ صَائِمًا ” . قَالَ أَبُو بَكْرٍ أَنَا . قَالَ ” فَمَنْ تَبِعَ مِنْكُمُ الْيَوْمَ جَنَازَةً ” . قَالَ أَبُو بَكْرٍ أَنَا . قَالَ ” فَمَنْ أَطْعَمَ مِنْكُمُ الْيَوْمَ مِسْكِينًا ” . قَالَ أَبُو بَكْرٍ أَنَا . قَالَ ” فَمَنْ عَادَ مِنْكُمُ الْيَوْمَ مَرِيضًا ” . قَالَ أَبُو بَكْرٍ أَنَا . فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” مَا اجْتَمَعْنَ فِي امْرِئٍ إِلاَّ دَخَلَ الْجَنَّةَ ” .
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: (ഒരു സദസ്സില്‍) നബി ﷺ ചോദിച്ചു: ഇന്ന് ആരാണ് നിങ്ങളില്‍ നോമ്പുകാരനായിരുന്നത്? അബൂബക്കര്‍ (റ) പറഞ്ഞു ‘ഞാന്‍’. നബി ﷺ ചോദിച്ചു: ഇന്ന് ആരാണ് ജനാസയെ അനുഗമിച്ചത്? അബൂബക്കര്‍ (റ) പറഞ്ഞു: ‘ഞാന്‍’. നബി ﷺ ചോദിച്ചു : നിങ്ങളില്‍ ആരാണ് ഒരു അഗതിക്ക് ഭക്ഷണം നല്‍കിയത്. അബൂബക്കര്‍ (റ)പറഞ്ഞു: ‘ഞാന്‍’. നബി ﷺ ചോദിച്ചു:നിങ്ങളില്‍ ആരാണ് ഇന്ന് രോഗിയെ സന്ദര്‍ശിച്ചത്. അബൂബക്കര്‍ (റ) പറഞ്ഞു: ‘ഞാന്‍’. അപ്പോള്‍ നബി ﷺ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം ഒരു മനുഷ്യനില്‍ ഒരുമിച്ചുവന്നാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കാതിരിക്കില്ല.(മുസ്‌ലിം:1028)
നബി(ﷺ) പറഞ്ഞു: വിശക്കുന്നവനെ ഭക്ഷിപ്പിക്കലും ദാഹിക്കുന്നവനെ കുടിപ്പിക്കലും സ്വർഗ പ്രവേശനത്തിന് സഹായകമാണ്. (അഹ്മദ്)
عَنْ عَلِيٍّ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ” إِنَّ فِي الْجَنَّةِ غُرَفًا تُرَى ظُهُورُهَا مِنْ بُطُونِهَا وَبُطُونُهَا مِنْ ظُهُورِهَا ” . فَقَامَ أَعْرَابِيٌّ فَقَالَ لِمَنْ هِيَ يَا رَسُولَ اللَّهِ قَالَ ” لِمَنْ أَطَابَ الْكَلاَمَ وَأَطْعَمَ الطَّعَامَ وَأَدَامَ الصِّيَامَ وَصَلَّى لِلَّهِ بِاللَّيْلِ وَالنَّاسُ نِيَامٌ ” .
നബി(ﷺ) പറഞ്ഞു: തീര്‍ച്ചയായും സ്വര്‍ഗത്തില്‍ ചില മുറികളുണ്ട്. അവയുടെ പുറം ഭാഗം അകത്തിരുന്നും അകത്തളങ്ങള്‍ പുറമെ നിന്നും കാണാം. അല്ലാഹുവിന്റെ ദൂതരെ, അത് ആര്‍ക്കുള്ളതാണെന്നു ചോദിക്കപ്പെട്ടപ്പോള്‍ നബി ﷺ പറഞ്ഞു: ‘നല്ലത് സംസാരിച്ചവര്‍ക്കും, മറ്റുള്ളവര്‍ക്ക് ഭക്ഷണം നല്‍കിയവ൪ക്കും, സ്ഥിരമായി നോമ്പ് നോല്‍ക്കുന്നവ൪ക്കും, ജനങ്ങള്‍ ഉറങ്ങുമ്പോള്‍ രാത്രി എണീറ്റ് നമസ്കരിക്കുകയും ചെയ്തവര്‍ക്കുമാണത് ലഭിക്കുക.(തിര്‍മിദി:1984)
عَنِ الْبَرَاءَ بْنَ عَازِبٍ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَنْ مَنَحَ مَنِيحَةَ لَبَنٍ أَوْ وَرِقٍ أَوْ هَدَى زُقَاقًا كَانَ لَهُ مِثْلُ عِتْقِ رَقَبَةٍ
ബറാഅ ബ്നു ആസിബില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും തന്റെ സഹോദരന് (അവന്റെ ദാഹം മാറ്റാനായി) പാല്‍ നല്‍കി, അല്ലെങ്കില്‍ (അവന്റെ പ്രയാസങ്ങള്‍ മാറ്റാനായി) നാണയങ്ങള്‍ നല്‍കി, അല്ലെങ്കില്‍ വഴിയറിയാത്തവന് വഴി കാണിച്ച് നല്‍കി എങ്കില്‍ അവന്‍ ഒരു അടിമയെ മോചിപ്പിച്ചവനെ പോലെയാണ് (അടിമയെ മോചിപ്പിച്ച പ്രതിഫലമുണ്ട്). (തി൪മിദി:1957)
ഇത്തരം ദുർബലരായ ആളുകളെ സഹായിച്ചാൽ അല്ലാഹു നമ്മുടെ ഉപജീവനം വിശാലമാക്കി നൽകുന്നതാണ്.
عَنْ مُصْعَبِ بْنِ سَعْدٍ، قَالَ النَّبِيُّ صلى الله عليه وسلم : هَلْ تُنْصَرُونَ وَتُرْزَقُونَ إِلاَّ بِضُعَفَائِكُمْ
മുസ്അബിബ്നു സഅദിൽ(റ) നിന്ന് നിവേദനം: നബിﷺപറഞ്ഞു: നിങ്ങൾ സഹായിക്കപ്പെട്ടുന്നതും ഉപജീവനം നൽകപ്പെടുന്നതും നിങ്ങളുടെ ദുർബലരെ കൊണ്ടല്ലാതെയാണോ? (ബുഖാരി:2896)
പ്രവാചക ജീവിതത്തിന് മുമ്പ് തന്നെ ഇത്തരം വിശിഷ്ട ഗുണങ്ങള്‍ ഒത്തുചേര്‍ന്ന മഹല്‍ വ്യക്തിത്വമായിരുന്നു നബി ﷺ എന്ന് പ്രവാചകന്റെ പ്രിയപത്‌നി ഖദീജ(റ) സാക്ഷ്യം വഹിച്ചിട്ടുണ്ട്. പ്രവാചകത്വം ലഭിച്ച അന്ന് ആദ്യമായി ജിബ്‌രീലിനെ കണ്ട വേളയില്‍ ഭയപ്പെട്ട് ഭാര്യയുടെ അടുക്കല്‍ എത്തിയ നബിയെ അവര്‍ ആശ്വസിപ്പിക്കുന്നത് ഇപ്രകാരമാണ്: ”അവിടുന്ന് ഒന്നുകൊണ്ടും ഭയപ്പെടേണ്ട. അങ്ങയെ അല്ലാഹു ഒരിക്കലും നിന്ദിക്കുകയില്ല. അങ്ങ് കുടുംബബന്ധം പുലര്‍ത്തുന്നു, വിഷമങ്ങള്‍ സഹിക്കുന്നു, നിരാലംബരെ സഹായിക്കുന്നു, അതിഥിയെ സല്‍കരിക്കുന്നു. ഇങ്ങനെയുള്ള അങ്ങയെ അല്ലാഹു ഒരിക്കലും ഒഴിവാക്കുകയില്ല.”
മദീനയിലേക്ക് ഹിജ്‌റ വന്ന പ്രവാചകനില്‍ നിന്നും താന്‍ ആദ്യം കേട്ട വാക്കുകള്‍ എന്തായിരുന്നുവെന്ന് ഒരുകാലത്ത് ജൂതനായിരുന്ന, പിന്നീട് പ്രവാചക ശിഷ്യനായി മാറിയ അബ്ദുല്ലാഹ് ഇബ്‌നു സലാം(റ) പറയുന്നുണ്ട്:
يَا أَيُّهَا النَّاسُ أَفْشُوا السَّلاَمَ وَأَطْعِمُوا الطَّعَامَ وَصِلُوا الأَرْحَامَ وَصَلُّوا بِاللَّيْلِ وَالنَّاسُ نِيَامٌ تَدْخُلُوا الْجَنَّةَ بِسَلاَمٍ
ജനങ്ങളേ, സലാം വ്യാപിപ്പിക്കുക, ഭക്ഷണം കൊടുക്കുക, രാത്രിയില്‍ ജനങ്ങള്‍ ഉറങ്ങുമ്പോള്‍ നിങ്ങള്‍ എഴുന്നേറ്റ് നമസ്‌കരിക്കുക. എന്നാല്‍ സുരക്ഷിതരായി നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. (തി൪മിദി:29/3374)
പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കല്‍ എത്രമാത്രം പുണ്യകരമാണെന്ന് ഒരു ക്വുദ്‌സിയ്യായ ഹദീഥിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും: പരലോകത്ത് മനുഷ്യരെ വിചാരണ ചെയ്യുന്ന സന്ദ൪ഭം വിവരിക്കുന്ന ഹദാസില്‍ ഇപ്രകാരം കാണാം.
يَا ابْنَ آدَمَ اسْتَطْعَمْتُكَ فَلَمْ تُطْعِمْنِي . قَالَ يَا رَبِّ وَكَيْفَ أُطْعِمُكَ وَأَنْتَ رَبُّ الْعَالَمِينَ . قَالَ أَمَا عَلِمْتَ أَنَّهُ اسْتَطْعَمَكَ عَبْدِي فُلاَنٌ فَلَمْ تُطْعِمْهُ أَمَا عَلِمْتَ أَنَّكَ لَوْ أَطْعَمْتَهُ لَوَجَدْتَ ذَلِكَ عِنْدِي
‘ആദമിന്റെ പുത്രാ, ഞാന്‍ നിന്നോട് ഭക്ഷണം ആവശ്യപ്പെട്ടു; പക്ഷേ, നീ എന്നെ ഭക്ഷിപ്പിച്ചില്ല.’ അപ്പോള്‍ അയാള്‍ ചോദിക്കുന്നു: ‘പ്രപഞ്ചത്തിന്റെ രക്ഷിതാവായ നിന്നെ ഞാനെങ്ങനെ ഭക്ഷിപ്പിക്കാനാണ്?’ അല്ലാഹു പറയും: ‘നിനക്കറിയില്ലേ, എന്റെ ഒരു അടിമ നിന്നോട് ഭക്ഷണം ആവശ്യപ്പെട്ടു, അപ്പോള്‍ നീ അവനത് നല്‍കിയില്ല. നീയെങ്ങാനും അവന് വല്ലതും ഭക്ഷിക്കുവാന്‍ കൊടുത്തിരുന്നുവെങ്കില്‍ അത് എന്റെ അടുക്കല്‍ നിനക്ക് കാണാമായിരുന്നു. (മുസ്ലിം:2569)
ഈ വിഷയത്തില്‍ ഖു൪ആനിലും സുന്നത്തിലും ധാരാളം ഉപദേശങ്ങള്‍ കാണാന്‍ കഴിയും.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱرْكَعُوا۟ وَٱسْجُدُوا۟ وَٱعْبُدُوا۟ رَبَّكُمْ وَٱفْعَلُوا۟ ٱلْخَيْرَ لَعَلَّكُمْ تُفْلِحُونَ
സത്യവിശ്വാസികളേ, നിങ്ങള്‍ കുമ്പിടുകയും, സാഷ്ടാംഗം ചെയ്യുകയും, നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുകയും, നന്‍മ പ്രവര്‍ത്തിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം. (ഖു൪ആന്‍ : 22/77)
ഏറ്റവും വലിയ സല്‍കര്‍മം ഏതാണെന്ന് ചോദിച്ച സ്വഹാബിയോട് നബി ﷺ യുടെ മറുപടി ഇപ്രകാരമായിരുന്നു: ”ജനങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുക, നിനക്ക് പരിചയമുള്ളവരോടും ഇല്ലാത്തവരോടും സലാം പറയുക.”
أن رجلا شكا إلى رسول الله ﷺ قسوةَ قلبِه فقال له : إنْ أردْتَ تَلْيِينَ قلبِكَ ، فَأَطْعِمْ المِسْكِينَ ، و امْسَحْ رَأْسَ اليَتِيمِ
ഒരാൾ തന്റെ ഹൃദയം കടുത്ത് പോയി എന്ന് അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم യോട് ആവലാതി പറഞ്ഞു. അപ്പോൾ അദ്ദേഹം അയാളോട് പറഞ്ഞു:” നീ നിന്റെ ഹൃദയം ലോലമാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നീ സാധുവിന് ഭക്ഷണം നൽകുകയും, അനാഥയുടെ തല തടവികൊടുക്കുകയും ചെയ്യുക ” السلسلة الصحيحة -رقم: (854)
عن ابن عمر قال رسول الله صلى الله عليه وسلم :خير الناس أنفعهم للناس
ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം : നബി ﷺപറഞ്ഞു: ജനങ്ങള്‍ക്ക് ഉപകാരം ചെയ്യുന്നവരാണ് ജനങ്ങളില്‍ ഉത്തമ൪. (ത്വബ്റാനി – സ്വഹീഹുല്‍ ജാമിഅ് :3289)
عَنْ أَبِي بُرْدَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ” عَلَى كُلِّ مُسْلِمٍ صَدَقَةٌ ”. فَقَالُوا يَا نَبِيَّ اللَّهِ فَمَنْ لَمْ يَجِدْ قَالَ ” يَعْمَلُ بِيَدِهِ فَيَنْفَعُ نَفْسَهُ وَيَتَصَدَّقُ ”. قَالُوا فَإِنْ لَمْ يَجِدْ قَالَ ” يُعِينُ ذَا الْحَاجَةِ الْمَلْهُوفَ ”. قَالُوا فَإِنْ لَمْ يَجِدْ. قَالَ ” فَلْيَعْمَلْ بِالْمَعْرُوفِ، وَلْيُمْسِكْ عَنِ الشَّرِّ فَإِنَّهَا لَهُ صَدَقَةٌ ”.
അബൂമൂബു൪ദയില്‍(റ) നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ഓരോ മുസ്‌ലിമും ദാനം ചെയ്യേണ്ടതുണ്ട്. അപ്പോള്‍ സഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരെ, ഒരാളുടെ കൈവശം അതിന് ഒന്നും ലഭ്യമല്ലെങ്കിലോ? അവിടുന്ന് പറഞ്ഞു: തന്റെ കൈകള്‍ കൊണ്ട് അധ്വാനിക്കുക, എന്നിട്ട് സ്വന്തത്തിന് വേണ്ടി ഉപയോഗിക്കുക, ദാനവും ചെയ്യുക. അവര്‍ ചോദിച്ചു: അതിന് കഴിഞ്ഞില്ലെങ്കിലോ? അവിടുന്ന് പറഞ്ഞു: അവന്‍ ആലംബഹീനനായ ആവശ്യക്കാരനെ സഹായിക്കുക. അവര്‍ ചോദിച്ചു: അതിനും സാധിച്ചില്ലെങ്കിലോ? അവിടുന്ന് പറഞ്ഞു: നല്ലത് (നന്‍മ) പ്രവര്‍ത്തിക്കുകയും തിന്മയില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്യുക. നിശ്ചയം അത് സ്വദഖയാണ്. (ബുഖാരി: 1445)
عَنْ جَابِرِ بْنِ عَبْدِ اللَّهِ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : كُلُّ مَعْرُوفٍ صَدَقَةٌ
ജാബിറില്‍(റ) നിന്ന് നിവേദനം :നബി ﷺ പറഞ്ഞു: എല്ലാ സല്‍പ്രവ൪ത്തനങ്ങളും സ്വദഖയാണ്. (ബുഖാരി:6021)
عَنِ ابْنِ عَبَّاسٍ، أَظُنُّهُ رَفَعَهُ، شَكَّ لَيْثٌ، قَالَ: فِي ابْنِ آدَمَ سِتُّونَ وَثَلاَثُمِئَةِ سُلاَمَى، أَوْ عَظْمٍ، أَوْ مَفْصِلٍ، عَلَى كُلِّ وَاحِدٍ فِي كُلِّ يَوْمٍ صَدَقَةٌ، كُلُّ كَلِمَةٍ طَيْبَةٍ صَدَقَةٌ، وَعَوْنُ الرَّجُلِ أَخَاهُ صَدَقَةٌ، وَالشَّرْبَةُ مِنَ الْمَاءِ يَسْقِيهَا صَدَقَةٌ، وَإِمَاطَةُ الأَذَى عَنِ الطَّرِيقِ صَدَقَةٌ
ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: ആദം സന്ധതികളുടെ 360 സന്ധികൾക്കും വേണ്ടി എല്ലാ ദിവസത്തിലും സ്വദഖ നിർവഹിക്കേണ്ടതുണ്ട്. എല്ലാ നല്ല വാക്കുകളും സ്വദഖയാണ്. ഒരാള്‍ തന്റെ സഹോദരനെ സഹായിക്കുന്നത് സ്വദഖയാണ്. കുടി വെള്ളം നല്‍കുന്നത് സ്വദഖയാണ്. വഴിയിലെ ഉപദ്രവം നീക്കുന്നതും ധർമ്മമാണ്. (അദബുല്‍ മുഫ്രദ് : 422 – സ്വഹീഹ് അല്‍ബാനി)
عَنْ سَعْدِ بْنِ عُبَادَةَ قَالَ : مَرَّ بِي رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقُلْتُ : يَا رَسُولَ اللَّهِ ، دُلَّنِي عَلَى صَدَقَةٍ ؟ قَالَ : اسْقِ الْمَاءَ
സഅ്ദ് ബ്നു ഉബാദത്തില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ എന്റെ അടുത്തു കൂടി നടന്നുപോയി. അപ്പോള്‍ ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, എനിക്ക് സ്വദഖയെ കുറിച്ച് പറഞ്ഞു തന്നാലും. നബി ﷺ പറഞ്ഞു: (നീ) വെള്ളം കുടിപ്പിക്കുക (മുസ്നദ് അഹ്മദ്:21421)
عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنْ النَّبِيِّ صلى الله عليه و سلم قَالَ: “مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا نَفَّسَ اللَّهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللَّهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِما سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ ، وَاَللَّهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ،
അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം :നബി (ﷺ)പറഞ്ഞു :വിശ്വാസിയായ ആള്‍ക്ക് ഇഹലോകത്ത് വെച്ചുള്ള ഒരു പ്രയാസത്തില്‍ നിന്ന് ആരെങ്കിലും ആശ്വാസം നല്‍കിയാല്‍ പരലോകത്ത് വെച്ച് അവരുടെയൊരു പ്രയാസം അല്ലാഹു നീക്കി കൊടുക്കുന്നതാണ്. ബുദ്ധിമുട്ട് അനുഭവിക്കുന്നവന് ആരെങ്കിലും എളുപ്പം ഉണ്ടാക്കികൊടുത്താല്‍ ഇഹലോകത്തും പരലോകത്തും അല്ലാഹു അവര്‍ക്ക് എളുപ്പം നല്‍കുന്നതാണ്. ഒരു മുസ്‌ലിമിന്‍റെ പോരായ്മകള്‍ ആരെങ്കിലും മറച്ചു വെച്ചാല്‍ അവരുടെ ന്യൂനതകള്‍ ഇഹലോകത്തും പരലോകത്തും അല്ലാഹു മൂടി വെക്കും. അല്ലാഹു തന്‍റെയൊരു ദാസനെ സഹായിച്ചുകൊണ്ടേയിരിക്കും, അവന്‍ തന്‍റെ സഹോദരനെ സഹായിക്കുമ്പോളെല്ലാം. (മുസ്‌ലിം : 245)
ഈ ഹദീസിനെ വിശദീകരിച്ച് ഇമാം നവവി(റഹി) പറഞ്ഞു: മുസ്ലിംകളുടെ ആവശ്യങ്ങള്‍ നിവൃത്തിച്ച് കൊടുക്കുക, വിജ്ഞാനം, ധനം, വിഭവം, നി൪ദ്ദേശം, ഉപദേശം തുടങ്ങിയവില്‍ നിന്ന് കഴിയുന്ന ഉപദേശങ്ങള്‍ അവ൪ക്ക് വേണ്ടി ചെയ്തു കൊടുക്കുക, മുസ്ലിംകളുടെ പോരായ്മകള്‍ മറച്ച് വെക്കുക, പ്രയാസമനുഭവിക്കുന്നവരോട് അനുകമ്പ കാണിക്കുക തുടങ്ങിയവയുടെ മഹത്വത്തെയാണ് ഈ ഹദീസ് വ്യക്തമാക്കുന്നത്. (ശറഹു മുസ്ലിം)
قال شيـخُ الإسـلامِ ابن تيمية رحمه الله – : و مَن أحبَّ أن يلحـق بدرجـة الأبرار ، و يتشبَّـه بالأخيـار ، فلينو في كُلّ يـومٍ تطلعُ فيه الشَّـمس نفعَ الخلقِ ، فيما يسَّـر اللهُ مِن مَصَالِحهم على يديه
ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ പറഞ്ഞു;പുണ്യവാന്‍മാരുടെ പദവിയില്‍ എത്തിപ്പെടാനും, അവരോട് സാദൃശ്യപെടാനും ആരെങ്കിലും ഇഷ്ടപ്പെട്ടാല്‍, സൂര്യന്‍ ഉദിക്കുന്ന എല്ലാ ദിവസത്തിലും സൃഷ്ടികള്‍ക്ക് ഉപകാരം ചെയ്യാന്‍ അവന്‍ കരുതിക്കൊള്ളട്ടെ. (تحقيق الإيمان الأوسط | 233)
ഇബ്നുല്‍ ഖയ്യിം (റഹി) പറഞ്ഞു: ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ്യ ( റഹിമഹുല്ലാഹ് ) ജനങ്ങളുടെ അവശ്യങ്ങളില്‍ കഠിനമായി പ്രയത്നിക്കുമായിരുന്നു. കാരണം, അദ്ദേഹം മനസിലാക്കുന്നു,അദ്ദേഹം മറ്റുള്ളവനെ സഹായിക്കുമ്പോഴെല്ലാം, അല്ലാഹു അദ്ദേഹത്തെ സഹായിക്കുമെന്ന്. (റൗളത്തുല്‍മുഹിബ്ബീന്‍ – 1/168)
عن ابن عمر ـ رضي الله عنهما: أن رجلاً جاء إلى النبي صلى الله عليه وسلم فقال يا رسول الله: أي الناس أحب إلى الله؟ وأي الأعمال أحب إلى الله؟ فقال رسول الله صلى الله عليه وسلم: أحب الناس إلى الله تعالى أنفعهم للناس، وأحب الأعمال إلى الله تعالى سرور تدخله على مسلم، أو تكشف عنه كربة، أو تقضي عنه ديناً، أو تطرد عنه جوعاً، ولأن أمشي مع أخ في حاجة أحب إلي من أن أعتكف في هذا المسجد ـ يعني مسجد المدينة ـ شهراً، ومن كف غضبه ستر الله عورته، ومن كظم غيظه ـ ولو شاء أن يمضيه أمضاه ـ ملأ الله قلبه رجاء يوم القيامة، ومن مشى مع أخيه في حاجة ـ حتى يثبتها له ـ أثبت الله قدمه يوم تزول الأقدام.
ഇബ്നു ഉമറില്‍ (റ) നിന്ന് നിവേദനം :നബി (ﷺ)പറഞ്ഞു :അല്ലാഹുവിന് ഏറ്റവും പ്രിയം ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരം ചെയ്യുന്നവരെയാണ്. അല്ലാഹുവിന് ഏറ്റവും പ്രിയമുള്ള ക൪മ്മം ഒരു മുസ്ലിമില്‍ സന്തോഷമുണ്ടാക്കുക, അല്ലെങ്കില്‍ അവന്റെ പ്രയാസമകറ്റുക, അല്ലെങ്കില്‍ അവന്റെ കടബാധ്യതയെ നിവൃത്തിച്ച് കൊടുക്കുക, അതുമല്ലെങ്കില്‍ അവന്റെ വിശപ്പിന് പരിഹാരം കാണുക എന്നതാണ്. ഒരു മുസ്ലിം സഹോദരന്റെ ആവശ്യ നിവൃത്തിക്കായി അവനോടൊപ്പം നടക്കുന്നതാണ് ഒരു മാസം മദീന പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം .….. ഏതൊരാള്‍ തന്റെ സഹോദരന്റെ ആവശ്യങ്ങള്‍ പൂ൪ത്തീകരിച്ചു കൊടുക്കുവാന്‍ അവനോടൊപ്പം ചെല്ലുകയും അങ്ങനെ ആ ആവശ്യങ്ങള്‍ സ്ഥാപിച്ചു കൊടുക്കുകയും ചെയ്യുന്നുവോ അവന്റെ പാദത്തെ കാലുകള്‍ അടിതെറ്റുന്ന നാളില്‍ അല്ലാഹു ഉറപ്പിച്ചു നി൪ത്തുന്നതാണ്. (ഇബ്നു അബിദ്ദുന്‍യാ – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
عَنْ أَنسِ رضي الله عنه قالَ: قال رسولُ اللهِ صلى الله عليه وسلم: المعرُوفُ إِلى النَّاسِ يَـقِي صاحِبَها مَصارِعَ السُّوءِ، والآفاتِ، والهَلَكَاتِ، وأَهْلُ المعرُوفِ في الدُّنيا هُمْ أَهلُ المعرُوفِ في الآخِرَةِ
അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ജനങ്ങൾക്ക് നന്മകൾ ചെയ്യുന്നവന് തന്റെ പ്രവർത്തനം അപകടങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും നാശങ്ങളിൽ നിന്നും രക്ഷയേകും. ഭൂമിയിലെ നന്മയുടെ ആളുകളാണ് പരലോകത്തിലെയും നന്മയുടെ ആളുകൾ. (മുസ്തദറകുൽ ഹാകിം)
قال رسولُ اللهِ صلى الله عليه وسلم: : صنائع المعروف تقي مصارع السوء، والصدقة خفيا تطفئ غضب الرب، وصلة الرحم زيادة في العمر.
നബി (ﷺ)പറഞ്ഞു : കാരുണ്യം ഉപദ്രവങ്ങളില്‍ നിന്ന് സുരക്ഷ നല്‍കും. രഹസ്യമായി നല്‍കുന്ന സ്വദഖ റബ്ബിന്റെ കോപത്തെ കെടുത്തിക്കളയും. കുടുംബബന്ധം ചേ൪ക്കുന്നത് ആയുസ്സില്‍ വ൪ദ്ധനവുണ്ടാക്കും. (ത്വബ്റാനി – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
നബി (ﷺ)പറഞ്ഞു : ഏറ്റവും ശ്രേഷ്ടമായ ക൪മ്മങ്ങള്‍ ഇവയാണ് : ഒരു മുഅ്മിനിന് സന്തോഷമേകുക, അവന് നഗ്നത മറക്കാന്‍ നീ വസ്ത്രം നല്‍കുക, അവന്റെ വിശപ്പകറ്റാന്‍ നീ ഭക്ഷണമേകുക, അവന്റെ ഒരാവശ്യം നീ നിവൃത്തിച്ച് നല്‍കുക. (ത്വബ്റാനി അല്‍ ഔസത്വില്‍ രേഖപ്പെടുത്തിയത് – അല്‍ബാനി ഹസനുന്‍ ലി ഗയ്’രിഹീ എന്ന് വിശേഷിപ്പിച്ചു)
عَنْ عبدالله بن عمرو رضي الله عنه قالَ: قال رسولُ اللهِ صلى الله عليه وسلم: إنَّ للهِ عندَ أقوامٍ نعمًا أقرَّهَا عندَهُم ؛ ما كانوا في حَوائجِ المسلمينَ ما لَم يَمَلُّوهُم ، فإذا مَلُّوهُم نقلَها إلى غيرِهِم
അബ്ദില്ലാഹിബ്നു അംറ്(റ) വിൽ നിന്ന് നിവേദനം: നബി (ﷺ)പറഞ്ഞു :അല്ലാഹു ചില ആളുകളുടെ അടുക്കൽ അവന്റെ അനുഗ്രഹങ്ങൾ നിലനിർത്തും ; അവർ ആ അനുഗ്രഹങ്ങൾ മടികൂടാതെ മുസ്ലിമീങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടി ഉപയോഗിക്കുന്നിടത്തോളം കാലം. ഇനി അവർ മുസ്ലിമീങ്ങളോട് മടുപ്പ് കാണിച്ചാൽ അല്ലാഹു ആ അനുഗ്രഹങ്ങൾ അവരിൽ നിന്ന് മറ്റു വല്ലവരിലേക്കും മാറ്റും. (صحيح الترغيب)
മുസ്ലിംകളുടെയും – മുഅ്മിനുകളുടെയും – മുഴുവന്‍ മനുഷ്യരുടെയും ആവശ്യങ്ങള്‍ നി൪വ്വഹിക്കുക, അവരെ സഹായിക്കുക എന്നെല്ലാം ഹദീസില്‍ വന്നിട്ടുണ്ട്. ഓരോ സാഹചര്യങ്ങളില്‍ ഓരോന്നിന്റെയും പ്രാധാന്യവും പ്രതിഫലവും എടുത്തു പറയുകയാണ് ചെയ്തിട്ടുള്ളത്. ചുരുക്കത്തില്‍ മുഴുവന്‍ മനുഷ്യരെയും പരിഗണിക്കണമെന്നാണ് ഖു൪ആനിന്റെയും സുന്നത്തിന്റെയും ആഹ്വാനം.
നമ്മുടെ മുന്നിൽ യാചിച്ചു വരുന്നവർക്കൊക്കെ നാം എന്തെങ്കിലുമൊക്കെ കൊടുക്കാറുണ്ട്.യാചിക്കേണ്ട അവസ്ഥയുണ്ടായിട്ടും മാന്യത കാത്തുസൂക്ഷിച്ചുകൊണ്ട് യാചനയുടെ മാര്‍ഗം സ്വീകരിക്കാത്തവരും സമൂഹത്തിലുണ്ടായിരിക്കും. അത്തരക്കാരെ കണ്ടെത്തുവാനും അവരെ സഹായിക്കുവാനും സത്യവിശ്വാസികള്‍ക്ക് കഴിയേണ്ടതുണ്ട്.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ لَيْسَ الْمِسْكِينُ بِالَّذِي تَرُدُّهُ التَّمْرَةُ وَالتَّمْرَتَانِ وَلاَ اللُّقْمَةُ وَاللُّقْمَتَانِ إِنَّمَا الْمِسْكِينُ الْمُتَعَفِّفُ اقْرَءُوا إِنْ شِئْتُمْ { لاَ يَسْأَلُونَ النَّاسَ إِلْحَافًا} ” .
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം.: നബി ﷺ പറഞ്ഞു: ”ഒന്നോ രണ്ടോ കാരക്കയോ, ഒന്നോ രണ്ടോ പിടി ഭക്ഷണമോ കൊടുത്ത് തിരിച്ചയക്കാവുന്നവനല്ല ദരിദ്രന്‍, പ്രത്യുത യാചിക്കാതെ മാന്യത പുലര്‍ത്തുന്നവനാണ്. നിങ്ങള്‍ (കൂടുതല്‍ മനസ്സിലാക്കുവാന്‍) അല്ലാഹുവിന്റെ വചനം കൂടി വായിക്കുക:
لِلْفُقَرَآءِ ٱلَّذِينَ أُحْصِرُوا۟ فِى سَبِيلِ ٱللَّهِ لَا يَسْتَطِيعُونَ ضَرْبًا فِى ٱلْأَرْضِ يَحْسَبُهُمُ ٱلْجَاهِلُ أَغْنِيَآءَ مِنَ ٱلتَّعَفُّفِ تَعْرِفُهُم بِسِيمَٰهُمْ لَا يَسْـَٔلُونَ ٱلنَّاسَ إِلْحَافًا ۗ وَمَا تُنفِقُوا۟ مِنْ خَيْرٍ فَإِنَّ ٱللَّهَ بِهِۦ عَلِيمٌ
ഭൂമിയില്‍ സഞ്ചരിച്ച് ഉപജീവനം തേടാന്‍ സൗകര്യപ്പെടാത്ത വിധം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യാപൃതരായിട്ടുള്ള ദരിദ്രന്‍മാര്‍ക്ക് വേണ്ടി (നിങ്ങള്‍ ചെലവ് ചെയ്യുക.) (അവരെപ്പറ്റി) അറിവില്ലാത്തവന്‍ (അവരുടെ) മാന്യത കണ്ട് അവര്‍ ധനികരാണെന്ന് ധരിച്ചേക്കും. എന്നാല്‍ അവരുടെ ലക്ഷണം കൊണ്ട് നിനക്കവരെ തിരിച്ചറിയാം. അവര്‍ ജനങ്ങളോട് ചോദിച്ച് വിഷമിപ്പിക്കുകയില്ല. നല്ലതായ എന്തൊന്ന് നിങ്ങള്‍ ചെലവഴിക്കുകയാണെങ്കിലും അല്ലാഹു അത് നല്ലത് പോലെ അറിയുന്നവനാണ്.(ഖു൪ആന്‍ :2/273) ( മുസ്‌ലിം:1039)
നബി ﷺ യുടെ മറ്റൊരു വചനം ശ്രദ്ധിക്കുക:
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” لَيْسَ الْمِسْكِينُ بِهَذَا الطَّوَّافِ الَّذِي يَطُوفُ عَلَى النَّاسِ فَتَرُدُّهُ اللُّقْمَةُ وَاللُّقْمَتَانِ وَالتَّمْرَةُ وَالتَّمْرَتَانِ ” . قَالُوا فَمَا الْمِسْكِينُ يَا رَسُولَ اللَّهِ قَالَ ” الَّذِي لاَ يَجِدُ غِنًى يُغْنِيهِ وَلاَ يُفْطَنُ لَهُ فَيُتَصَدَّقَ عَلَيْهِ وَلاَ يَسْأَلُ النَّاسَ شَيْئًا ” .
അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം :നബി (ﷺ) പറഞ്ഞു : ”ജനങ്ങളുടെ സമീപം കറങ്ങിനടക്കുകയും ഒന്നോ രണ്ടോ പിടി ഭക്ഷണമോ ഒന്നോ രണ്ടോ കാരക്കയോ കിട്ടിയാല്‍ തിരിച്ചുപോകുന്നവനുമല്ല സാധു.” അനുചരന്മാര്‍ ചോദിച്ചു: ”അല്ലാഹുവിന്റെ ദൂതരേ, എങ്കില്‍ പിന്നെ ആരാണ് സാധു?” നബി ﷺ പറഞ്ഞു: ”തന്നെ പര്യാപ്തനാക്കുന്ന സമ്പത്ത് അവനില്ല. ആരെങ്കിലും അവനെ ശ്രദ്ധിച്ച് ധര്‍മം നല്‍കുന്നുമില്ല. അവനാകട്ടെ ജനങ്ങളോട് ഒന്നും ചോദിക്കുന്നുമില്ല. അവനാണ് സാധു” (മുസ്‌ലിം:1039)
സാമൂഹ്യവും സാമ്പത്തികവും മാനസികവുമായി പല പ്രശ്‌നങ്ങള്‍ നേരിടുന്ന വിധവകളെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നതിനും സമൂഹത്തിന് വലിയ ഉത്തരവാദിത്വമുണ്ട് . അവരെ സഹായിക്കുന്നവ൪ക്ക് അല്ലാഹു ഉന്നതമായ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: السَّاعِي عَلَى الأَرْمَلَةِ وَالْمِسْكِينِ كَالْمُجَاهِدِ فِي سَبِيلِ اللَّهِ ـ وَأَحْسِبُهُ قَالَ، يَشُكُّ الْقَعْنَبِيُّ ـ كَالْقَائِمِ لاَ يَفْتُرُ، وَكَالصَّائِمِ لاَ يُفْطِرُ.
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:വിധവയുടെയും ദരിദ്രന്റെയും ജീവിതം സുഖകരമാക്കുവാന്‍ വേണ്ടി പരിശ്രമിക്കുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്ന യോദ്ധാവിന് തുല്യമാണ്. (ബുഖാരി: 6007)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ النَّبِيُّ صلى الله عليه وسلم : السَّاعِي عَلَى الأَرْمَلَةِ وَالْمِسْكِينِ كَالْمُجَاهِدِ فِي سَبِيلِ اللَّهِ، أَوِ الْقَائِمِ اللَّيْلَ الصَّائِمِ النَّهَارَ.
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വിധവകളുടേയും അഗതികളുടെയും സ്ഥിതി സുഖകരമാക്കുവാന്‍ വേണ്ടി പരിശ്രമിക്കുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യുന്നവനെപ്പോലെയാണ്. അല്ലെങ്കില്‍ രാത്രി നമസ്കരിക്കുകയും പകലില്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവനെപ്പോലെ. (ബുഖാരി. 5353)
عَنْ سَهْلٍ، قَالَ رَسُولُ اللَّهِ صلى الله عليه وسلم “ أَنَا وَكَافِلُ الْيَتِيمِ فِي الْجَنَّةِ هَكَذَا ”. وَأَشَارَ بِالسَّبَّابَةِ وَالْوُسْطَى، وَفَرَّجَ بَيْنَهُمَا شَيْئًا.
സഹ്ലില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:അനാഥ സംരക്ഷകനും ഞാനും സ്വർഗത്തിൽ ഇപ്രകാരമാണ്. നബി ﷺ ചൂണ്ടുവിരലും നടുവിരലും അൽപം വിടർത്തി ആംഗ്യം കാണിച്ചു. (ബുഖാരി: 5304)
ജനസേവനത്തിന്റെ മൂല്യം തിരിച്ചറിഞ്ഞവരായിരുന്നു സഹാബികള്‍. എല്ലാ നല്ല കാര്യങ്ങള്‍ക്കും അവര്‍ മുന്‍പന്തിയിലിലുണ്ടായിരുന്നു. സല്‍കര്‍മങ്ങളില്‍ മല്‍സരിക്കുകയായിരുന്നു അവര്‍. തന്റെ സമയത്തിന്റെയും അധ്വാനത്തിന്റെയും നല്ലൊരു ശതമാനം സേവനങ്ങള്‍ക്കായി മാറ്റിവെച്ച വ്യക്തിയായിരുന്നു അവ൪.
വിശ്വാസ സംരക്ഷണത്തിനുവേണ്ടി മക്കയില്‍ നിന്നും പലായനത്തിന് പുറപ്പെട്ട സമ്പന്നനായിരിന്ന അബൂബക്കറി(റ)നെ വഴിയില്‍വെച്ച് ബഹുദൈവ വിശ്വാസിയായ ഇബ്‌നു ദുഗിന്ന കണ്ടുമുട്ടി. അദ്ദേഹം പറഞ്ഞു: ‘താങ്കളെപ്പോലുള്ളവര്‍ ഇവിടെ നിന്നും പോകുവാനോ പുറത്താക്കപ്പെടുവാനോ പാടില്ല. കാരണം താങ്കള്‍ പാവങ്ങള്‍ക്ക് ധനം നല്‍കുന്നു, കുടുംബബന്ധം ചേര്‍ക്കുന്നു, മറ്റുള്ളവരുടെ ഭാരം വഹിക്കുന്നു, അതിഥിയെ സല്‍കരിക്കുന്നു, ദുരിതങ്ങളും ആപത്തുകളും ബാധിച്ചവരെ സഹായിക്കുന്നു.’
മേൽ പ്രവർത്തനങ്ങൾക്കായി നമ്മുടെ ശരീരവും സമയവും വിനിയോഗിക്കുന്നതോടൊപ്പം നമ്മുടെ സമ്പത്തിൽ നിന്നും ചിലവഴിക്കുമ്പോൾ സ്വദഖയുടെ പ്രതിഫലവും ലഭിക്കുന്നു.
ٱﻟَّﺬِﻳﻦَ ﻳُﻨﻔِﻘُﻮﻥَ ﺃَﻣْﻮَٰﻟَﻬُﻢ ﺑِﭑﻟَّﻴْﻞِ ﻭَٱﻟﻨَّﻬَﺎﺭِ ﺳِﺮًّا ﻭَﻋَﻼَﻧِﻴَﺔً ﻓَﻠَﻬُﻢْ ﺃَﺟْﺮُﻫُﻢْ ﻋِﻨﺪَ ﺭَﺑِّﻬِﻢْ ﻭَﻻَ ﺧَﻮْﻑٌ ﻋَﻠَﻴْﻬِﻢْ ﻭَﻻَ ﻫُﻢْ ﻳَﺤْﺰَﻧُﻮﻥَ
രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്. അവര്‍ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. (ഖു൪ആന്‍:2/274)
സാധുക്കളുടെ പ്രശ്‌നങ്ങള്‍ കണ്ടറിയുകയും അവരുടെ വിശപ്പ് തീര്‍ക്കുകയും ചെയ്യുന്ന ആളുക ളുടെ ജീവിതത്തില്‍ ഐശ്വര്യങ്ങളും ധനവര്‍ധനവും ഉണ്ടാവുക തന്നെ ചെയ്യും. എന്നാല്‍ അവരെ അവഗണിക്കുകയും കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുമ്പോള്‍ അല്ലാഹു നല്‍കിയ പല അനുഗ്രഹങ്ങളും ഇല്ലാതെയാകുവാന്‍ സാധ്യതയുണ്ട്.
സൂറഃ അല്‍ക്വലമില്‍ ഒരു തോട്ടക്കാരുടെ കഥ ക്വുര്‍ആന്‍ വിവരിക്കുന്നുണ്ട്. വിളവെടുപ്പിന് പാകമായ തങ്ങളുടെ തോട്ടത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പാവപ്പെട്ടവര്‍ക്ക് അതില്‍നിന്ന് ഒന്നും കൊടുക്കുകയില്ലെന്ന് ചിലര്‍ തീരുമാനിച്ചു. സാധുക്കള്‍ തങ്ങളെ കാണാതിരിക്കാന്‍ അതിരാവിലെ അവര്‍ അങ്ങോട്ട് പുറപ്പെടുകയും ചെയ്തു. അവരുടെ പ്രവര്‍ത്തനത്തിന്റെ ദുരന്ത ഫലം അപ്പോള്‍ തന്നെ അവര്‍ അനുഭവിച്ചു. എല്ലാം തകര്‍ന്നടിഞ്ഞ തോട്ടത്തെയാണ് അവര്‍ക്ക് അവിടെ ചെന്നപ്പോള്‍ കാണാന്‍ സാധിച്ചത് . പിന്നീട് സംഭവിച്ചത് അവരുടെ വിലാപവും ഖേദപ്രകടനവുമായിരുന്നു.
ഒരുപക്ഷേ, നരകാഗ്‌നിയില്‍ നിന്നും മനുഷ്യനെ കാക്കുന്നത് അവന്‍ ഒരു സാധുവിന് നല്‍കിയ ഒരുപിടി ഭക്ഷണമായിരിക്കും. നബി ﷺ പറഞ്ഞു:
فَاتَّقُوا النَّارَ وَلَوْ بِشِقِّ تَمْرَةٍ
ഒരു കാരക്കക്കീറ് ധർമ്മം ചെയ്തിട്ടെങ്കിലും നിങ്ങള്‍ നരകത്തെ കാക്കുക. (ബുഖാരി:7512)