സ്വഹാബികള്‍ : അഹ്‌ലുസ്സുന്നയുടെ സമീപനം

THADHKIRAH

മുഹമ്മദ് നബി ﷺ തന്റെ പ്രവാചകത്വ ദൗത്യവുമായി കടന്നുവന്നപ്പോള്‍ മുന്‍ പ്രവാചകന്‍മാര്‍ക്കെല്ലാം ഉണ്ടായതുപോലെയുള്ള അനുഭവങ്ങളുണ്ടായി. ശക്തമായ എതിര്‍പ്പുകളും തീഷ്ണമായ ശത്രുതയും കൊണ്ട് ഭൂരിപക്ഷം വരുന്ന ഒരു വിഭാഗം ഒരു ഭാഗത്ത്. സത്യസന്ധമായ സ്‌നേഹവും ആത്മാര്‍ഥമായ പിന്തുണയും നല്‍കിക്കൊണ്ട് ഒരു ചെറുസംഘം മറുപക്ഷത്തും. ഇങ്ങനെ കൈമെയ് മറന്ന് പ്രവാചകനെ പിന്തുണക്കുകയും സഹായിക്കുകയും ചെയ്ത അനുയായിവൃന്ദമാണ് സ്വഹാബികള്‍.

قال ابن حجر العسقلاني: … وأصح ما وقفت عليه من ذلك أن الصحابي من لقي النبي صلى الله عليه وسلم مؤمنًا به، ومات على الإسلام

ഇബ്‌നു ഹജര്‍ അല്‍അസ്ഖലാനി(റഹി) പറയുന്നു: സത്യവിശ്വാസം സ്വീകരിച്ചുകൊണ്ട് മുഹമ്മദ് നബിﷺയെ കണ്ടുമുട്ടുകയും മുസ്‌ലിമായിത്തന്നെ മരിക്കുകയും ചെയ്തവര്‍ക്കാണ് സ്വഹാബത്ത് എന്നു പറയുക. (അല്‍ ഇസ്വാബ. പേജ്: 71).

ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും അതുല്യചരിത്രമാണ് സ്വഹാബത്തിന്റെത്. ബോധ്യപ്പെട്ട സത്യത്തിന്റെ കൂടെ എന്തുവില കൊടുത്തും ഉറച്ച് നില്‍ക്കുവാനുള്ള ആദര്‍ശപരമായ കരുത്താണ് സ്വഹാബത്തിന്റെ വിശിഷ്യാ ആദ്യ കാലഘട്ടത്തിലുള്ളവരുടെ ഏറ്റവും വലിയ പ്രത്യേകത. തൌറാത്തിലും ഇഞ്ചീലിലും മുഹമ്മദ് നബിﷺയുടെ സ്വഹാബികളെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.

مُّحَمَّدٌ رَّسُولُ ٱللَّهِ ۚ وَٱلَّذِينَ مَعَهُۥٓ أَشِدَّآءُ عَلَى ٱلْكُفَّارِ رُحَمَآءُ بَيْنَهُمْ ۖ تَرَىٰهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِّنَ ٱللَّهِ وَرِضْوَٰنًا ۖ سِيمَاهُمْ فِى وُجُوهِهِم مِّنْ أَثَرِ ٱلسُّجُودِ ۚ ذَٰلِكَ مَثَلُهُمْ فِى ٱلتَّوْرَىٰةِ ۚ وَمَثَلُهُمْ فِى ٱلْإِنجِيلِ كَزَرْعٍ أَخْرَجَ شَطْـَٔهُۥ فَـَٔازَرَهُۥ فَٱسْتَغْلَظَ فَٱسْتَوَىٰ عَلَىٰ سُوقِهِۦ يُعْجِبُ ٱلزُّرَّاعَ لِيَغِيظَ بِهِمُ ٱلْكُفَّارَ ۗ وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ مِنْهُم مَّغْفِرَةً وَأَجْرًا عَظِيمًۢا

മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ (സ്വഹാബികള്‍) സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്‌. അതാണ് തൌറാത്തില്‍ അവരെ(സ്വഹാബികളെ) പറ്റിയുള്ള ഉപമ. ഇന്‍ജീലില്‍ അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത് അതിന്റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജിച്ചു. അങ്ങനെ അത് കര്‍ഷകര്‍ക്ക് കൌതുകം തോന്നിച്ചു കൊണ്ട് അതിന്റെ കാണ്ഡത്തിന്‍മേല്‍ നിവര്‍ന്നു നിന്നു. (സത്യവിശ്വാസികളെ ഇങ്ങനെ വളര്‍ത്തിക്കൊണ്ട് വരുന്നത്‌) അവര്‍ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍ വേണ്ടിയാകുന്നു. അവരില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കു അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു. (ഖു൪ആന്‍ :48/29)

തൌറാത്തില്‍ സ്വഹാബികളെ കുറിച്ച് പ്രതിപാദിച്ചതിന്റെ ചുരുക്കം ഇപ്രകാരമാണ് : സത്യനിഷേധികളുടെയും, സന്മാര്‍ഗ്ഗവിരോധികളുടെയും കാര്യത്തില്‍ സ്വഹാബികള്‍ കഠിനഹൃദയന്മാരാണ്. അവരുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു അവ൪. എന്നാല്‍ അവര്‍ അന്യോന്യം ദയാലുക്കളാകുന്നു. അല്ലാഹുവിന് ആരാധനാവണക്കങ്ങള്‍ ചെയ്യുന്നതില്‍ നിരതന്മാരാണവര്‍. വിശേഷിച്ചും നമസ്കാരകര്‍മ്മത്തില്‍. അതിന്റെ ലക്ഷണവും അടയാളവും അവരുടെ മുഖങ്ങളില്‍ പ്രതിഫലിക്കും.

ഇഞ്ചീലില്‍ സ്വഹാബികളെ ഒരു വിളയോട് ഉപമിച്ചിരിക്കുകയാണ്. മുളയില്‍തന്നെ കരുത്തോടെ കൂമ്പിട്ട് മുളക്കുകയും, ചിനച്ച്‌ തടിച്ചു വളര്‍ന്ന് തഴച്ച് മുറ്റുകയും, തളരാതെ, വീഴാതെ, മുറ്റിനില്‍ക്കുകയും ചെയ്യുന്ന കൃഷിക്കാര്‍ക്ക് ആശ്ചര്യവും കൗതുകവും ജനിപ്പിക്കുന്ന കേമമായ ഒരു വിളക്കു തുല്യമാണ് അവര്‍. വിള ആദ്യം മെല്ലെയാണ് വളരുന്നത്, ഇസ്ലാമാകുന്ന വിള നബി ﷺ ആദ്യം ഭൂമിയില്‍ ഇറക്കിയപ്പോള്‍, ആരംഭത്തില്‍ അതിനെ ആശ്ലേഷിച്ചതു ഒറ്റയും തറ്റയുമായ സഹാബികളായിരുന്നു. വിള അതിന്റെ കൂമ്പ് പുറത്ത് കാണിക്കുകയും എന്നിട്ടതിനെ പുഷ്ടിപ്പെടുത്തുകയും കരുത്താര്‍ജിക്കുകയും ചെയ്തു. അങ്ങനെ അത് കര്‍ഷകര്‍ക്ക് കൌതുകം തോന്നിച്ചു കൊണ്ട് അതിന്റെ കാണ്ഡത്തിന്‍മേല്‍ നിവര്‍ന്നു നിന്നു. അതെ, ഇസ്ലാം ആശ്ലേഷിച്ച സഹാബികള്‍ ഒരു കാറ്റിലും കോളിലും ഇളകാത്ത ആ൪ജ്ജവത്തിന്റെ ഉടമകളായി മാറി.

മുഹമ്മദ് നബിﷺയുടെ സ്വഹാബികളെ കുറിച്ച് അവരും അവരുടെ പിതാക്കളും ജനിക്കുന്നതിനും എത്രയോ മുമ്പ് തന്നെ അല്ലാഹു മുന്‍ വേദഗ്രന്ഥങ്ങളിലൂടെ പ്രതിപാദിച്ചു എന്നത് അവരുടെ മഹത്വമാണ് അറിയിക്കുന്നത്.

തന്റെ പ്രവാചകന്റെ അനുചരന്മാരായും ദീനിന്റെ പ്രചാരകരായും അല്ലാഹു സ്വഹാബികളെ തെരഞ്ഞെടുത്തു. അവരെപ്പോലെ മതപരമായ അറിവുള്ളവര്‍ വേറെയില്ല. തെളിഞ്ഞതും ശുദ്ധവുമായ സ്രോതസ്സില്‍നിന്ന് ദീന്‍ പഠിച്ചവരാണ് സ്വഹാബികള്‍. വാക്കിലൂടെയും പ്രവൃത്തിയിലൂടെയും അംഗീകാരത്തിലൂടെയുമുള്ള പ്രവാചകന്റെ ചര്യകളെ അവര്‍ തങ്ങളുടെ ജീവിതത്തില്‍ പകര്‍ത്തി. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒരാളുടെയും ആക്ഷേപങ്ങളെ ഭയപ്പെടാതെ, ശത്രുചേരിയില്‍ അണിനിരന്നത് സ്വന്തം മാതാപിതാക്കളോ സന്താനങ്ങളോ അടുത്ത ബന്ധുക്കളോ ആരുതന്നെയായിരുന്നാലും അതൊന്നും പരിഗണിക്കാതെ അല്ലാഹുവിനോടും റസൂലിനോടും തികഞ്ഞ കൂറു പുലര്‍ത്തിക്കൊണ്ടുള്ള നിഷ്‌കളങ്കമായ നിലപാടുകളായിരുന്നു സ്വഹാബത്തിന്റെത്. ശത്രുക്കളുടെ പീഢനം സഹിക്കവയ്യാതെ പ്രവാചകന്‍ മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം ചെയ്തപ്പോള്‍ സ്വഹാബികള്‍ സകലതും വിട്ടെറിഞ്ഞ് പ്രവാചകനോടൊപ്പം ഹിജ്റ ചെയ്തു. മദീനയിലേക്ക്‌ ഹിജ്‌റഃ പോന്ന സത്യവിശ്വാസികളാണ്‌ മുഹാജിറുകള്‍. അവരുടെ ഗുണങ്ങൾ വിളിച്ചറിയിക്കുന്ന ഒരു ആയത്ത് കാണുക:

لِلْفُقَرَآءِ ٱلْمُهَٰجِرِينَ ٱلَّذِينَ أُخْرِجُوا۟ مِن دِيَٰرِهِمْ وَأَمْوَٰلِهِمْ يَبْتَغُونَ فَضْلًا مِّنَ ٱللَّهِ وَرِضْوَٰنًا وَيَنصُرُونَ ٱللَّهَ وَرَسُولَهُۥٓ ۚ أُو۟لَٰٓئِكَ هُمُ ٱلصَّٰدِقُونَ

അതായത് സ്വന്തം വീടുകളില്‍ നിന്നും സ്വത്തുക്കളില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട മുഹാജിറുകളായ ദരിദ്രന്‍മാര്‍ക്ക് (അവകാശപ്പെട്ടതാകുന്നു ആ ധനം.) അവര്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടുകയും അല്ലാഹുവെയും അവന്‍റെ റസൂലിനെയും സഹായിക്കുകയും ചെയ്യുന്നു. അവര്‍ തന്നെയാകുന്നു സത്യവാന്‍മാര്‍. (ഖുർആൻ:59/8)

മുഹാജിറുകളുടെ നാല് ശ്രേഷ്ടതകൾ ഈ ആയത്ത് അറിയിക്കുന്നു.

(ഒന്ന്) സർവ്വതും ത്യജിച്ച് ഹിജ്റ ചെയ്തവാരാണവർ

(രണ്ട്) അല്ലാഹുവിന്റെ പൊരുത്തം മാത്രമാണ് ഹിജ്റയുടെ ഉദ്ദേശം

(മൂന്ന്) അല്ലാഹുവെയും അവന്‍റെ റസൂലിനെയും സഹായിക്കുന്നു.

(നാല്) അവരുടെ സത്യസന്ധത

ഇസ്‌ലാമിനെയും നബിﷺയെയും മുഹാജിറുകളെയും മദീനയില്‍ സ്വീകരിക്കുകയും അവ൪ക്ക് അഭയം നല്‍കുകയും ചെയ്തവരായിരുന്നു അന്‍സ്വാറുകള്‍. നബി ﷺ മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കും ഇടയില്‍ സാഹോദര്യം ഉണ്ടാക്കി.

തങ്ങളുടെ സഹോദരന്മാരായ മുഹാജിറുകളുടെ ഒറ്റപ്പെടലിന്റെ വേദനകള്‍ ലഘൂകരിക്കാന്‍ ആവശ്യമായ നിലയ്ക്ക് എന്തൊരു കാര്യവും ചെയ്തുകൊടുക്കാന്‍ മത്സരിച്ച് മുന്നേറുന്നവരായിരുന്നു അന്‍സ്വാറുകള്‍. സ്വന്തമായിട്ടുള്ളതില്‍ നിന്ന് അവ൪ തങ്ങളുടെ സഹോദരങ്ങളായ മുഹാജിറുകള്‍ക്ക് പകുത്ത് നല്കി. മുഹാജിറുകളും അന്‍സ്വാറുകളും തമ്മിലുള്ള ആ ആദര്‍ശ ബന്ധത്തിന്റെയും സ്‌നേഹത്തിന്റെയും ഉദാഹരണങ്ങള്‍ ലോകചരിത്രത്തില്‍ തന്നെ തുല്യതയില്ലാത്ത സഹകരണത്തിന്റെയും അര്‍പ്പണത്തിന്റെയും മാതൃകകളാണ്. അവരെ പ്രശംസിച്ചുകൊണ്ട് അല്ലാഹു പറയുന്നു:

وَٱلَّذِينَ تَبَوَّءُو ٱلدَّارَ وَٱلْإِيمَٰنَ مِن قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِى صُدُورِهِمْ حَاجَةً مِّمَّآ أُوتُوا۟ وَيُؤْثِرُونَ عَلَىٰٓ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ ۚ وَمَن يُوقَ شُحَّ نَفْسِهِۦ فَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ

അവരുടെ (മുഹാജിറുകളുടെ) വരവിന് മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവര്‍ (അന്‍സാറുകള്‍). തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞു വന്നവരെ അവര്‍ സ്നേഹിക്കുന്നു. അവര്‍ക്ക് (മുഹാജിറുകള്‍ക്ക്‌) നല്‍കപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളില്‍ ഒരു ആവശ്യവും അവര്‍ (അന്‍സാറുകള്‍) കണ്ടെത്തുന്നുമില്ല. തങ്ങള്‍ക്ക് ദാരിദ്യ്‌രമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. ഏതൊരാള്‍ തന്റെ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍. (ഖു൪ആന്‍:59/9)

അൻസ്വാരികളുടെ നാല് ശ്രേഷ്ടതകൾ ഈ ആയത്ത് അറിയിക്കുന്നു.

(ഒന്ന്) ഇസ്ലാമിന് വേണ്ടി സൗകര്യങ്ങളൊരുക്കി

(രണ്ട്) ഹിജ്റ ചെയ്തു വന്നവരെ അവര്‍ സ്നേഹിക്കുന്നു

(മൂന്ന്) നബി ﷺ മുഹാജിറുകള്‍ക്ക്‌ നല്‍കിയതിൽ ഒരു പ്രയാസവുമില്ല

(നാല്) സ്വദേഹങ്ങളെക്കാള്‍ മുഹാജിറുകള്‍ക്ക്‌ അവർ പ്രാധാന്യം നല്‍കുന്നു

ഇക്കാരണത്താല്‍ തന്നെ അന്‍സ്വാറുകള്‍ എന്നെന്നേക്കും ലോകത്തിനു മാതൃകയാവുകയും അവരെ സ്‌നേഹിക്കല്‍ ഈമാനിന്റെ ഭാഗമാണെന്ന് നിശ്ചയിക്കുകയും ചെയ്തു.

عَنْ أَنَسِ بْنِ مَالِكٍ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ آيَةُ الإِيمَانِ حُبُّ الأَنْصَارِ، وَآيَةُ النِّفَاقِ بُغْضُ الأَنْصَارِ‏

അനസിൽ(റ) നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു: അന്‍സാറുകളെ സ്നേഹിക്കല്‍ ഈമാനിന്റെ അടയാളമാണ്, അന്‍സാറുകളോട് ദേഷ്യം പിടിക്കല്‍ നിഫാഖിന്റെ അടയാളമാണ്. (ബുഖാരി:17)

عَنِ الْبَرَاءَ ـ رضى الله عنه ـ قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم أَوْ قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏: الأَنْصَارُ لاَ يُحِبُّهُمْ إِلاَّ مُؤْمِنٌ، وَلاَ يُبْغِضُهُمْ إِلاَّ مُنَافِقٌ، فَمَنْ أَحَبَّهُمْ أَحَبَّهُ اللَّهُ، وَمَنْ أَبْغَضَهُمْ أَبْغَضَهُ اللَّهُ ‏‏

ബറാഇല്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അന്‍സാറുകളെ സത്യവിശ്വാസികളല്ലാതെ സ്നേഹിക്കുകയില്ല, മുനാഫിഖുകളല്ലാതെ അവരെ വെറുക്കുകയുമില്ല. ആരെങ്കിലും അന്‍സാറുകളെ സ്നേഹിച്ചാല്‍ അവരെ അല്ലാഹു സ്നേഹിക്കുന്നതാണ്. ആരെങ്കിലും അന്‍സാറുകളെ വെറുത്താല്‍ അവരെ അല്ലാഹു വെറുക്കുന്നതാണ്. (ബുഖാരി:3783)

മുഹാജിറുകളുടെയും അന്‍സാറുകളുടെയും ഈ നിലയ്ക്കുള്ള ത്യാഗവും സമര്‍പ്പണവും പരസ്പര സ്‌നേഹവും ഇഹപര വിജയത്തിന് കാരണമായി മാറി. അല്ലാഹുവിന്റെ തൃപ്തി നേടുവാനുള്ള ഒരു ഉപാധിയായും മാറി.

ﻭَٱﻟﺴَّٰﺒِﻘُﻮﻥَ ٱﻷَْﻭَّﻟُﻮﻥَ ﻣِﻦَ ٱﻟْﻤُﻬَٰﺠِﺮِﻳﻦَ ﻭَٱﻷَْﻧﺼَﺎﺭِ ﻭَٱﻟَّﺬِﻳﻦَ ٱﺗَّﺒَﻌُﻮﻫُﻢ ﺑِﺈِﺣْﺴَٰﻦٍ ﺭَّﺿِﻰَ ٱﻟﻠَّﻪُ ﻋَﻨْﻬُﻢْ ﻭَﺭَﺿُﻮا۟ ﻋَﻨْﻪُ ﻭَﺃَﻋَﺪَّ ﻟَﻬُﻢْ ﺟَﻨَّٰﺖٍ ﺗَﺠْﺮِﻯ ﺗَﺤْﺘَﻬَﺎ ٱﻷَْﻧْﻬَٰﺮُ ﺧَٰﻠِﺪِﻳﻦَ ﻓِﻴﻬَﺎٓ ﺃَﺑَﺪًا ۚ ﺫَٰﻟِﻚَ ٱﻟْﻔَﻮْﺯُ ٱﻟْﻌَﻈِﻴﻢُ

മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവ൪ അതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം.(ഖു൪ആന്‍:9/100)

വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പരിശോധിച്ചാല്‍ സ്വഹാബികളുടെ മഹത്വം വിളിച്ചറിയിക്കുന്ന ധാരാളം വചനങ്ങള്‍ കാണാനാകും. നിര്‍ണായകമായ ഹുദൈബിയയുടെ ഘട്ടത്തില്‍ പ്രവാചകന്റെ കരം പിടിച്ച് മരണം വരെയും പോരാടുമെന്ന് പ്രതിജ്ഞ ചെയ്ത സ്വഹാബത്തിന്റെ ആത്മാര്‍ഥമായ വിശ്വാസവും സഹനവും ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ﻟَّﻘَﺪْ ﺭَﺿِﻰَ ٱﻟﻠَّﻪُ ﻋَﻦِ ٱﻟْﻤُﺆْﻣِﻨِﻴﻦَ ﺇِﺫْ ﻳُﺒَﺎﻳِﻌُﻮﻧَﻚَ ﺗَﺤْﺖَ ٱﻟﺸَّﺠَﺮَﺓِ ﻓَﻌَﻠِﻢَ ﻣَﺎ ﻓِﻰ ﻗُﻠُﻮﺑِﻬِﻢْ ﻓَﺄَﻧﺰَﻝَ ٱﻟﺴَّﻜِﻴﻨَﺔَ ﻋَﻠَﻴْﻬِﻢْ ﻭَﺃَﺛَٰﺒَﻬُﻢْ ﻓَﺘْﺤًﺎ ﻗَﺮِﻳﺒًﺎ

ആ മരത്തിന്റെ ചുവട്ടില്‍ വെച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ളത് അവന്‍ അറിയുകയും, അങ്ങനെ അവര്‍ക്ക് മനസ്സമാധാനം ഇറക്കികൊടുക്കുകയും, ആസന്നമായ വിജയം അവര്‍ക്ക് പ്രതിഫലമായി നല്‍കുകയും ചെയ്തു.   (ഖു൪ആന്‍:48/18)

عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم: لاَ تَسُبُّوا أَصْحَابِي، فَلَوْ أَنَّ أَحَدَكُمْ أَنْفَقَ مِثْلَ أُحُدٍ ذَهَبًا مَا بَلَغَ مُدَّ أَحَدِهِمْ وَلاَ نَصِيفَهُ ‏

അബൂസഈദില്‍ ഖുദ്രിയ്യില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ എന്റെ അനുചരന്മാരെ ചീത്ത പറയരുത്. നിങ്ങളിലൊരാള്‍ ഉഹ്ദ് മലയോളം സ്വര്‍ണം ചെലവഴിച്ചാലും അവര്‍ ചെലവഴിച്ച ഇടങ്ങഴിയുടെയും നാഴിയുടെയും സ്ഥാനത്തേക്കെത്തുകയില്ല. (ബുഖാരി:3673)

النُّجُومُ أَمَنَةٌ لِلسَّمَاءِ فَإِذَا ذَهَبَتِ النُّجُومُ أَتَى السَّمَاءَ مَا تُوعَدُ وَأَنَا أَمَنَةٌ لأَصْحَابِي فَإِذَا ذَهَبْتُ أَتَى أَصْحَابِي مَا يُوعَدُونَ وَأَصْحَابِي أَمَنَةٌ لأُمَّتِي فَإِذَا ذَهَبَ أَصْحَابِي أَتَى أُمَّتِي مَا يُوعَدُونَ ‏

നബി ﷺ പറഞ്ഞു: ആകാശത്തിന്റെ കാവല്‍ഭടന്മാരാണ് നക്ഷത്രങ്ങള്‍. നക്ഷത്രങ്ങള്‍ നീങ്ങിയാല്‍, ആകാശത്ത് അതിന് താക്കീത് നല്‍കപ്പെട്ടത് സംഭവിക്കുകയായി. ഞാന്‍ എന്റെ സ്വഹാബികളുടെ കാവലാളാണ്. ഞാന്‍ മരണപ്പെട്ടാല്‍. അവര്‍ക്ക് താക്കീത് നല്‍കപ്പെട്ടത് അവരില്‍ വന്നെത്തുകയായി. എന്റെ സ്വഹാബികള്‍ എന്റെ സമുദായത്തിന്റെ കാവലാളുകളാണ്. അവര്‍ വിടപറഞ്ഞാല്‍ എന്റെ ഉമ്മത്തില്‍ അവര്‍ക്ക് താക്കീത് നല്‍കപ്പെട്ടത് സംഭവിക്കുകയായി. (മുസ്‌ലിം:2531)

ഈ ഹദീസിനെ ഇമാം നവവി(റ) ഇപ്രകാരം വിവരിക്കുന്നു: “തീർച്ചയായും നക്ഷത്രങ്ങൾ അവശേഷിക്കുന്ന കാലത്തോളം ആകാശവും അവശേഷിക്കുന്നതാണ്. നക്ഷത്രങ്ങൾ ഉതിർന്നുവീഴൽ അന്ത്യനാളിലാണ്. അങ്ങനെയായാൽ ആകാശം പൊട്ടിപ്പിളരുകയും അത് പോകുകയും ചെയ്യുന്നതാണ്. ഞാൻ എന്റെ സ്വഹാബിമാർക്കുള്ള സുരക്ഷയാണ്. ഞാൻ പോയാൽ എന്റെ സ്വഹാബിമാർക്ക് വാഗ്ദാനം ചെയ്യപ്പെട്ടത് വരുന്നതാണ്’ എന്ന നബി ﷺ യുടെ വാക്കിന്റെ (അർഥം); അതായത് കുഴപ്പങ്ങളും യുദ്ധങ്ങളും അഅ്റാബികളിൽനിന്ന് ചിലർ മതഭ്രഷ്ടരായതും ഹൃദയങ്ങൾ ഭിന്നിച്ചതും (അടക്കമുള്ള) നബിﷺ വ്യക്തമായ രൂപത്തിൽ മുന്നറിയിപ്പ് നൽകിയ എല്ലാമാകുന്നു. അതെല്ലാം സംഭവിക്കുകയും ചെയ്തു. ‘എന്റെ സ്വഹാബിമാർ എന്റെ സമുദായത്തിനുള്ള സുരക്ഷയുമാണ്. എന്റെ സ്വഹാബിമാർ പോയാൽ എന്റെ ഉമ്മത്തിന് വാഗ്ദാനം ചെയ്യപ്പെട്ടത് വരുന്നതാകുന്നു’ എന്ന് അവിടുന്ന് പറഞ്ഞതിന്റെ അർഥം; ബിദ്അത്തുകളും പുതിയ കാര്യങ്ങളും മതത്തിൽ പ്രത്യക്ഷപ്പെടലും, മതത്തിൽ കുഴപ്പങ്ങൾ ഉണ്ടാകലും, പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടലും റോമിന്റെ വിജയവും അവരല്ലാത്തവരുടെ മേലുള്ള വിജയവും മക്കയിലും മദീനയിലും കുഴപ്പങ്ങൾ ഉണ്ടാകലും അതല്ലാത്തതുമാണ്. ഇതെല്ലാം നബിﷺ യുടെ മുഅ്ജിസത്തിൽ പെട്ടതാകുന്നു’’ (ശർഹു മുസ്‌ലിം).

നബി ﷺ ഏതൊരു പ്രദേശത്തുവെച്ച് എന്റെയൊരു സ്വഹാബി മരണപ്പെടുന്നുവോ, അവര്‍ക്കുവേണ്ടി ക്വിയാമത്തു നാളില്‍ ഒരു നേതാവിനെയും പ്രകാശത്തെയും അല്ലാഹു നിശ്ചയിക്കുന്നതാണ് (മുസ്‌ലിം)

പ്രവാചകന്‍മാര്‍ കഴിഞ്ഞാല്‍ പിന്നെ മനുഷ്യരുടെ കൂട്ടത്തില്‍ ഏറ്റവും മഹത്വവും ശ്രേഷ്‌ഠതയും ഒത്തിണങ്ങിയവരാണ്‌ സ്വഹാബികള്‍ എന്ന കാര്യത്തില്‍ ലോക മുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല.

عَنْ عَبْدِ اللَّهِ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏:‏ خَيْرُ النَّاسِ قَرْنِي، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ الَّذِينَ يَلُونَهُمْ

അബ്ദില്ലയില്‍(റ) നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു: ജനങ്ങളില്‍ ഏറ്റവും ഉത്തമര്‍ എന്റെ നൂറ്റാണ്ടാണ്‌. പിന്നീട് അതിനുശേഷം വന്നവര്‍, പിന്നീട് അവര്‍ക്ക് ശേഷം വന്നവര്‍. (ബുഖാരി:2652)

ഇങ്ങനെയുള്ള സ്വഹാബത്തിനെ ആദരിക്കുവാനും സ്‌നേഹിക്കുവാനുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അവരുടെ നന്മകള്‍ മനസ്സിലാക്കി അവരുടെ മാര്‍ഗം പിന്‍പറ്റുവാനുമാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്.

ﻓَﺈِﻥْ ءَاﻣَﻨُﻮا۟ ﺑِﻤِﺜْﻞِ ﻣَﺎٓ ءَاﻣَﻨﺘُﻢ ﺑِﻪِۦ ﻓَﻘَﺪِ ٱﻫْﺘَﺪَﻭا۟ ۖ

നിങ്ങള്‍ (സ്വഹാബികള്‍) ഈ വിശ്വസിച്ചത് പോലെ അവരും (വേദക്കാ൪) വിശ്വസിച്ചാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. (ഖു൪ആന്‍:2/137)

സ്വഹാബിയായ അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറയുന്നു:ആരെങ്കിലും മാതൃകയാക്കുന്നുവെങ്കിൽ മരിച്ചുപോയവരെ (സലഫുകളെ) മാതൃകയാക്കട്ടെ, കാരണം ജീവിച്ചിരിക്കുന്നവരിൽ മാർഗഭ്രംശമുണ്ടാകുന്നതിനെ കുറിച്ച് നിർഭയപ്പെടാനാവില്ല.

മരിച്ചു പോയവർ എന്ന് പറഞ്ഞാൽ അല്ലാഹുവിന്റെ റസൂലിന്റെ ﷺ സ്വഹാബാക്കളാണ്. അവരാണ് ഈ സമുദായത്തിലെ ഉത്തമർ. നന്മ നിറഞ്ഞ ഹൃദയമുള്ളവർ, അറിവുള്ളവർ, കൃത്രിമത്വം ഒട്ടുമില്ലാത്തവർ. തന്റെ പ്രാവചകന്റെ ﷺ ചാരത്ത്‌ നിൽക്കുവാനും ദീൻ സ്ഥാപിക്കുവാനും അല്ലാഹു തിരഞ്ഞെടുത്തവരാണവർ. നിങ്ങൾ അവരുടെ ശ്രേഷ്ഠത അംഗീകരിക്കണം. അവരുടെ കാൽപാടുകളെ നിങ്ങൾ പിൻപറ്റണം.അവരുടെ ദീനി ചിട്ടയും സ്വഭാവ മഹിമകളും കഴിവതും നിങ്ങൾ പിൻപറ്റണം.കാരണം അവരായിരുന്നു നേർമാർഗ്ഗത്തിൽ നിലകൊണ്ടവർ. (ശറഹു ത്തഹാവിയ്യ 2/546)

قال العلامة ابن عثيمين رحمه الله : إذا أردتم الخير فوالله لا نعلم طريقًا خيرًا من طريق السلف رضي الله عنهم ، فعضوا على سنة رسول الله صلى الله عليه وسلم بالنواجذ ، واسلكوا طريق السلف الصالح ، وكونوا على ما كانوا عليه .(الإبداع في كمال الشرع(٢٤/١

ഇബ്നു ഉസൈമീന്‍(റഹി) പറഞ്ഞു:നിങ്ങള്‍ നന്‍മ ഉദ്ധേശിച്ചാൽ അല്ലാഹുവാണെ, സലഫുകളുടെ (സ്വഹാബത്തിന്‍റെ) മാര്‍ഗത്തേക്കാള്‍ നല്ലൊരു മാര്‍ഗം നമുക്കറിയില്ല. അല്ലാഹുവിന്‍റെ റസൂല്‍ ﷺ യുടെ സുന്നത്തിനെ അണപ്പല്ല് കൊണ്ട് നിങ്ങള്‍ കടിച്ച് പിടിക്കുക.നല്ലവരായ മുന്‍ഗാമികളുടെ മാര്‍ഗത്തില്‍ നിങ്ങള്‍ പ്രവേശിക്കുക.അവര്‍ ഏതൊന്നിലായിരുന്നുവോ, അതില്‍ നിങ്ങളും ആയിത്തീരുക.

قال الشيخ/ سليمان الرحيلي وفقه الله: صحابة رسول الله ﷺ هم رأس أهل السنة والجماعة وعلامَتُهم، وهم سلف الأمة، وهم مبتدأ الخير بعد الرسول ﷺ، ومن بعدهم من المسلمين يوزنون بهم، ويُعرف حقهم من باطلهم بميزان صحابة رسول الله ﷺ، فمن كان على عقيدتهم، وسار على طريقتهم ومنهاجهم، فهو من أهل السنة والجماعة، ومن السلف. (أصول أهل السنة هداية وأمان ص ٨)

ശൈഖ് സുലൈമാൻ റുഹൈലി حَفِظَهُ اللَّهُ പറയുന്നു: നബി ﷺ യുടെ സ്വഹാബാക്കൾ, അവരാണ് അഹ്ലുസ്സുന്നയുടെ നേതാക്കളും അടയാളങ്ങളും, അവരാണ് ഈ സമുദായത്തിന്റെ പൂർവ്വികർ. അവരാണ് നബി ﷺ ക്ക് ശേഷം നന്മയുടെ തുടക്കക്കാർ. അവർക്ക് ശേഷമുള്ള മുസ്ലിംകൾ അവരെയാണ് അളവുകോലാക്കിയിട്ടുള്ളത്, സത്യത്തെയും വ്യർത്ഥത്തെയും മനസ്സിലാക്കാറുള്ളത് സ്വഹാബാക്കളുടെ തുലാസിന്റെ(മനസ്സിലാക്കിയതിന്റെ) അടിസ്ഥാനത്തിലാണ്. ആരാണോ അവരുടെ വിശ്വാസത്തിലും, മാർഗത്തിലും, രീതിയിലുമുള്ളത് അവൻ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിലാണ്, സലഫിയ്യത്തിലാണ്.

വിശുദ്ധ ഖുര്‍ആനും അതിന്റെ വിശദീകരണമായ തിരുസുന്നത്തും നബി ﷺ യുടെ അടുത്തുനിന്നും നേരിട്ട് പഠിക്കുകയും അതിന്റെ പ്രാവര്‍ത്തിക രൂപം നേരിട്ടുകാണുകയും ചെയ്തുവെന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. നബി ﷺ പറഞ്ഞു:

لَيْسَ الْخَبَرُ كَالْمُعَايَنَة

വിവരമറിയല്‍ നേരിട്ട് ദര്‍ശിക്കുന്നത് പോലെയല്ല.(സ്വഹീഹ് ജാമിഉ)

അപ്പോള്‍ നബിﷺയെ കാണുകയും തിരുനബിയില്‍ നിന്ന് നേരിട്ട് കേള്‍ക്കുകയും നബിയുടെ അമലുകള്‍ സ്വന്തം കണ്‍മുന്നില്‍ നോക്കി പഠിക്കുകയും ചെയ്ത സ്വഹാബികള്‍ അവര്‍ക്കുശേഷം വന്നവരുമായി താരതമ്യം ചെയ്യാന്‍ കഴിയാത്ത വിധം മഹത്വവും ശ്രേഷ്ടതയുമുള്ളവരാണ്. അവ൪ പ്രവാചകനില്‍ നിന്നു നേരിട്ട് ഖുര്‍ആനും പ്രവാചക വചനങ്ങളും ഗ്രഹിക്കുകയും പഠിക്കുകയും ചെയ്‌തു. അതുകൊണ്ടുതന്നെ സ്വഹാബികള്‍ എങ്ങനെയാണോ ഖുര്‍ആനും പ്രവാചക വചനങ്ങളും വ്യാഖ്യാനിക്കുകയും വിശദീകരിക്കുകയും ചെയ്‌തത്‌ അപ്രകാരമാണ്‌ നാമും വ്യാഖ്യാന വിശദീകരണങ്ങള്‍ നല്‍കേണ്ടത്‌. ഇതിനാണ്‌ ഫഹ്‌മുസ്സ്വഹാബ: (സ്വഹാബത്തിന്റെ ധാരണ – അറിവ്‌ – അവബോധം) എന്ന്‌ പറയുന്നത്‌. അപ്രകാരം തന്നെ ഖുര്‍ആനും സുന്നത്തും മനസ്സിലാക്കുന്നതില്‍ സ്വഹാബത്ത്‌ സ്വീകരിച്ച ഒരു രീതിശാസ്‌ത്രമുണ്ട്‌. അതിനാണ്‌ മല്‍ഹജു സ്സ്വഹാബഃ എന്നു പറയുന്നത്‌. ഈ രീതിശാസ്‌ത്രത്തിന്നനുസരിച്ച്‌ വ്യാഖ്യാന വിശദീകരണങ്ങള്‍ നല്‍കുക എന്നതാണ്‌ നാം സ്വീകരിക്കേണ്ട നിലപാട്‌.

നബി ﷺ ഖുര്‍ആനിന്റെ വിവരണം അവിടുത്തെ സുന്നത്തിലൂടെയാണ് നിര്‍വഹിച്ചത്. പ്രസ്തുത സുന്നത്ത് മൂന്ന് രൂപത്തിലാണ്. അഥവാ നബിﷺ യുടെ വാക്ക്, പ്രവൃത്തി, അംഗീകാരം എന്നിങ്ങനെ. ഈ സുന്നത്തിലേക്ക് നമുക്കുമെത്തിച്ചേരുവാനും അത് മനസ്സിലാക്കുവാനും സ്വഹാബികളിലൂടെയല്ലാതെ സാധിക്കുകയില്ല. ഫിര്‍ക്വത്തുന്നാജിയയില്‍ (രക്ഷപ്പെടുന്ന കക്ഷി) ഉള്‍പ്പെടണമെന്ന ആത്മാര്‍ഥവും സത്യസന്ധവുമായ വിചാരമുണ്ടെങ്കില്‍ അത് അനിവാര്യമാണ്.

വിശുദ്ധ ക്വുര്‍ആനിന് ക്വുര്‍ആന്‍ കൊണ്ടും സുന്നത്ത് കൊണ്ടുമുള്ള വ്യാഖ്യാനം കഴിഞ്ഞാല്‍ പിന്നെ ഏറ്റവും പ്രധാനപ്പെട്ടതും അവലംബനീയവുമായ വ്യാഖ്യാനമാണ് സ്വഹാബികളുടെ വ്യാഖ്യാനം.

ശൈഖുല്‍ ഇസ്‌ലാം പറയുന്നു: ക്വുര്‍ആനിലോ സുന്നത്തിലോ തഫ്‌സീര്‍ നാം കണ്ടില്ലെങ്കില്‍ സ്വഹാബികളുടെ വാക്കുകളിലേക്ക് നാം മടങ്ങുന്നതാണ്. കാരണം അവരാണ് ഈ വിഷയത്തില്‍ ഏറ്റവും അറിവുള്ളവര്‍. അവരാണ് കൂടുതല്‍ മനസ്സിലാക്കിയവര്‍. അവരിലാണ് ശരിയായ അറിവും സല്‍കര്‍ങ്ങളുമുള്ളത്. (മുഖദ്ദിമ).

ഇമാം ശാത്വിബി പറയുന്നു: സംഭവങ്ങളില്‍ നേരിട്ട് ഇടപെട്ടതും കിതാബും സുന്നത്തുമാകുന്ന വഹ്‌യിന്റെ ഇറങ്ങലിന് സാക്ഷ്യം വഹിച്ചതും സ്വഹാബികളായതിനാല്‍ ക്വുര്‍ആന്‍ മനസ്സിലാക്കുവാനുള്ള കൂടുതല്‍ കഴിവ് അവര്‍ക്കാണുണ്ടാവുക. അവതരണ കാരണങ്ങളെപ്പറ്റി അവര്‍ക്കാണ് കൂടുതല്‍ അറിയുക. മറ്റുള്ളവര്‍ക്ക് ലഭിക്കാത്തത് അവര്‍ക്ക് ലഭിച്ചിരിക്കുന്നു. ഹാജറില്ലാത്തവന്‍ കാണുന്നതിനെക്കാള്‍ ഹാജറുള്ളവന്‍ കാണുമല്ലോ. നിരുപാധികമായി പറഞ്ഞതിന് ഉപാധിവെച്ചുകൊണ്ടും പൊതുവായി പറഞ്ഞതിനെ പ്രത്യേകമാക്കിക്കൊണ്ടുമുള്ള വിവരണങ്ങള്‍ അവരില്‍ നിന്ന് എപ്പോള്‍ വന്നുവോ അപ്പോള്‍ അതനുസരിച്ച് കര്‍മം ചെയ്യേണ്ടതാണ്. എന്നാല്‍ അവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ള വിഷയമാണെങ്കില്‍ ആ മസ്അല (പ്രശ്‌നം) ഇജ്തിഹാദി (ഗവേഷണാത്മകം) ആയിരിക്കും. (അല്‍മുവാഫക്വാത്ത്).

സ്വഹാബികളുടെ വ്യാഖ്യാനം ഇജ്തിഹാദിന് ഇടമില്ലാത്തതാണെങ്കില്‍, അതുപോലെ അവതരണ കാരണവുമായി ബന്ധപ്പെട്ടതാണെങ്കില്‍ റസൂലിന്റെ വിശദീകരണം പോലെ പരിഗണിക്കേണ്ടതാണ് എന്ന് പണ്ഡിതന്‍മാര്‍ പ്രസ്താവിച്ചിരിക്കുന്നു.

സ്വഹാബികള്‍ സ്വീകരിച്ചിട്ടില്ലാത്ത വിശ്വാസങ്ങളും ആദര്‍ശങ്ങളും കര്‍മ്മാനുഷ്ഠാനങ്ങളും വല്ലവനും സ്വീകരിച്ചാല്‍ തീര്‍ച്ചയായും അത് നരകത്തിലേക്കുള്ള വഴിയാണ്:

ﻭَﻣَﻦ ﻳُﺸَﺎﻗِﻖِ ٱﻟﺮَّﺳُﻮﻝَ ﻣِﻦۢ ﺑَﻌْﺪِ ﻣَﺎ ﺗَﺒَﻴَّﻦَ ﻟَﻪُ ٱﻟْﻬُﺪَﻯٰ ﻭَﻳَﺘَّﺒِﻊْ ﻏَﻴْﺮَ ﺳَﺒِﻴﻞِ ٱﻟْﻤُﺆْﻣِﻨِﻴﻦَ ﻧُﻮَﻟِّﻪِۦ ﻣَﺎ ﺗَﻮَﻟَّﻰٰ ﻭَﻧُﺼْﻠِﻪِۦ ﺟَﻬَﻨَّﻢَ ۖ ﻭَﺳَﺎٓءَﺕْ ﻣَﺼِﻴﺮًا

തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്‌. അതെത്ര മോശമായ പര്യവസാനം! (ഖു൪ആന്‍:4/115)

അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅയാണ് യഥാ൪ത്ഥ മാ൪ഗമെന്ന് പറയുമ്പോള്‍ അത് സ്വഹാബത്തിനെ ഒഴിവാക്കിക്കൊണ്ട് സാധ്യമല്ല. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅയുടെ വിവക്ഷ എന്താണെന്ന് ഇമാം ബര്‍ബഹാരി പറയുന്നത് കാണുക:

സുന്നത്ത് എന്നാല്‍ നബി ﷺ ചര്യയാക്കിയതും ജമാഅത്തെന്നാല്‍ അബൂബക്ര്‍(റ), ഉമര്‍(റ), ഉഥ് മാന്‍(റ) എന്നിവരുടെ ഖിലാഫത്ത് കാലത്ത് സ്വഹാബികള്‍ ഏകോപിച്ചതുമായ കാര്യമാണ്. (ശറഹുസ്സുന്ന)

عَنْ عَبْدِ اللَّهِ بنِ عَمْرٍو، قَالَ: قَالَ رَسُولُ الله صَلَّى الله عَلَيْهِ وَسَلَّم:«وَإِنَّ بني إسرائيل تَفَرَّقَتْ عَلَى ثِنْتَيْنِ وَسَبْعِينَ مِلَّةً، وَتَفْتَرِقُ أُمَّتِي عَلَى ثَلاَثٍ وَسَبْعِينَ مِلَّةً، كُلُّهُمْ فِي النَّارِ إِلاَّ مِلَّةً وَاحِدَةً. قَالُوا: وَمَنْ هِيَ يَا رَسُولَ اللهِ؟ قَالَ: مَا أَنَا عَلَيْهِ وَأَصْحَابِي

അബ്ദുല്ലാഹിബ്നു അംറില്‍ നിന്നും നിവേദനം: നബി ﷺ പറഞ്ഞുഃ തീര്‍ച്ചയായും ബനൂ ഇസ്രാഈല്യര്‍ എഴുപത്തിരണ്ട് കക്ഷികളായി പിരിഞ്ഞു. എന്റെ സമുദായം എഴുപത്തിമൂന്ന് കക്ഷികളായി പിരിയും. അവരില്‍ ഒന്നൊഴിച്ച് മറ്റെല്ലാ മില്ലത്തും നരകത്തിലായിരിക്കും. അവര്‍ (സഹാബികള്‍) ചോദിച്ചുഃ അല്ലാഹുവിന്റെ റസൂലേ, ആരാണ് അവര്‍ (ആ രക്ഷപെടുന്നവ൪)? നബി ﷺ പറഞ്ഞുഃ ഞാനും എന്റെ സ്വഹാബത്തും ഏതൊരു നിലപാടിലാണോ ആ നിലപാടിലുള്ളവര്‍. (തിര്‍മിദി:2641)

قَالَ الإِمَامُ أَحْمَدُ: أُصُولُ السُّنَّةِ عِنْدَنَا التَّمَسُّكُ بِمَا كَانَ عَلَيْهِ أَصْحَابُ رَسُولِ اللَّهِ -ﷺ- وَالاقْتِدَاءُ بِهِمْ

ഇമാം അഹ്മദ് (റഹി) പറയുന്നു: നബി ﷺ യുടെ സ്വഹാബികൾ എന്തൊന്നിലായിരുന്നോ, അതിനെ മുറുകെ പിടിക്കലും, അത് മാതൃകയാക്കലും നമ്മുടെ അടുക്കൽ അഹ്ലുസ്സുന്നത്തിന്റെ അടിത്തറകളാണ്. (ഉസ്വൂലുസ്സുന്നഃ)

ശിയാക്കളും മുഅ്തസിലിയാക്കളും ഖവാരിജുകളും ക്വദ്‌രിയാക്കളുമെല്ലാം രൂപംകൊണ്ടതും സുന്നത്ത് ജമാഅത്തിന്റെ മാര്‍ഗത്തില്‍ നിന്നും തെറ്റിപ്പോയതും സ്വഹാബത്തിന്റെ മാര്‍ഗം കൈവിട്ടതിനാലാണ്.

സമൂഹത്തില്‍ ഭിന്നതയും അഭിപ്രായ വ്യത്യാസങ്ങളുമുണ്ടാവുമ്പോള്‍ പിന്‍പറ്റേണ്ടത് സുരക്ഷിത മാര്‍ഗമായി നബി ﷺ ഉണര്‍ത്തിയ ”ഞാനും എന്റെ സ്വഹാബത്തും നിലകൊണ്ട” മാര്‍ഗത്തെയാണ്.

عَنْ عَبْدِ الرَّحْمَنِ بْنِ عَمْرٍو السَّلَمِيِّ، أَنَّهُ سَمِعَ الْعِرْبَاضَ بْنَ سَارِيَةَ، يَقُولُ وَعَظَنَا رَسُولُ اللَّهِ ـ صلى الله عليه وسلم ـ مَوْعِظَةً ذَرَفَتْ مِنْهَا الْعُيُونُ وَوَجِلَتْ مِنْهَا الْقُلُوبُ فَقُلْنَا يَا رَسُولَ اللَّهِ إِنَّ هَذِهِ لَمَوْعِظَةُ مُوَدِّعٍ فَمَاذَا تَعْهَدُ إِلَيْنَا قَالَ ‏ “‏ قَدْ تَرَكْتُكُمْ عَلَى الْبَيْضَاءِ لَيْلُهَا كَنَهَارِهَا لاَ يَزِيغُ عَنْهَا بَعْدِي إِلاَّ هَالِكٌ مَنْ يَعِشْ مِنْكُمْ فَسَيَرَى اخْتِلاَفًا كَثِيرًا فَعَلَيْكُمْ بِمَا عَرَفْتُمْ مِنْ سُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ عَضُّوا عَلَيْهَا بِالنَّوَاجِذِ وَعَلَيْكُمْ بِالطَّاعَةِ وَإِنْ عَبْدًا حَبَشِيًّا فَإِنَّمَا الْمُؤْمِنُ كَالْجَمَلِ الأَنِفِ حَيْثُمَا قِيدَ انْقَادَ ‏”‏ ‏.‏

ഇര്‍ബാള് ബ്നു സാരിയ(റ) നിവേദനം: ഒരിക്കല്‍ നബി ﷺ ഞങ്ങളെ ഉപദേശിച്ചു. ഹൃദയ സ്പര്‍ശിയും കണ്ണുകളെ നനയിക്കുന്നതുമായിരുന്നു ആ ഉപദേശം. അപ്പോള്‍ ഞങ്ങള്‍ ചോദിച്ചു: പ്രവാചകരെ ഇതൊരു വിടവാങ്ങല്‍ ഉപദേശം പോലുണ്ടല്ലോ? ഞങ്ങള്‍ക്ക് വസ്വിയ്യത്ത് നല്‍കിയാലും. നബി ﷺ പറഞ്ഞു: “ഞാന്‍ നിങ്ങളെ വിട്ടേച്ച് പോകുന്നത് തെളിഞ്ഞ ഒരു മാർഗത്തിലാണ്. അതിന്റെ രാത്രി പകൽ പോലെ വ്യക്തമാണ്. നശിച്ചവനല്ലാതെ എനിക്ക് ശേഷം അതില്‍ നിന്നും വഴി തെറ്റുകയില്ല. നിശ്ചയം, നിങ്ങളില്‍ ആരാണോ എനിക്ക് ശേഷം ജീവിക്കുന്നത് അവര്‍ക്ക് ധാരാളം ഭിന്നതകള്‍ കാണാം. അപ്പോള്‍ എന്‍റെ സുന്നത്തും സച്ചരിതരായ എന്‍റെ ഖുലഫാഉറാഷിദുകളുടെ (സഹാബികൾ) ചര്യയും നിങ്ങളുടെ മേല്‍ നിര്‍ബന്ധമാണ്. അവ മുറുകെ പിടിക്കുകയും അണപ്പല്ലുകള്‍ കൊണ്ട് കടിച്ച് പിടിക്കുകയും ചെയ്യുക.. (ഇബ്നുമാജ 1/145)

ഇമാം ഔസാഈ (റഹി) പറയുന്നു: നീ സുന്നത്തില്‍ ക്ഷമിച്ച് നില്‍ക്കുക സ്വഹാബികള്‍ നിന്നിടത്ത്.

ഇമാം മാലിക് (റഹി) പറഞ്ഞു: ‘ഈ ഉമ്മത്തിലെ മുന്‍ഗാമികള്‍ ഏതൊരു കാര്യം മുഖേനയാണോ നേര്‍പാതയില്‍ ആയിത്തീര്‍ന്നത് അത് പിന്തുടരാതെ ഈ ഉമ്മത്തിലെ പിന്‍ഗാമികള്‍ നേര്‍പാതയിലാവുകയില്ല’.

സ്വഹാബികളുടെ നന്മകള്‍ മനസ്സിലാക്കി അവരുടെ മാര്‍ഗം പിന്‍പറ്റുന്നതോടൊപ്പം അവര്‍ക്ക് നന്മക്കായി പ്രാര്‍ത്ഥിക്കുകയും അവരെക്കുറിച്ച് നല്ല ചിന്തകള്‍ വെച്ചുപുലര്‍ത്തുകയും വേണം. സഹാബികളുടെ ശേഷം വരുന്ന അവരുടെ മാതൃകകളെ പിന്‍പറ്റിക്കൊണ്ടു പില്‍ക്കാലങ്ങളില്‍ ജീവിച്ചു പോന്ന, സത്യവിശ്വാസികളുടെ പ്രാ൪ത്ഥന വിശുദ്ധ ഖു൪ആന്‍ എടുത്ത് കൊടുത്തിട്ടുള്ളത് കാണുക:

وَٱلَّذِينَ جَآءُو مِنۢ بَعْدِهِمْ يَقُولُونَ رَبَّنَا ٱغْفِرْ لَنَا وَلِإِخْوَٰنِنَا ٱلَّذِينَ سَبَقُونَا بِٱلْإِيمَٰنِ وَلَا تَجْعَلْ فِى قُلُوبِنَا غِلًّا لِّلَّذِينَ ءَامَنُوا۟ رَبَّنَآ إِنَّكَ رَءُوفٌ رَّحِيمٌ

അവരുടെ ശേഷം വന്നവര്‍ക്കും. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും വിശ്വാസത്തോടെ ഞങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍:59/10)

ശൈഖ് സ്വാലിഹ് അൽ ഫൗസാൻ (ഹഫിള്വഹുല്ലാഹ്) പറയുന്നു: സ്വഹാബിമാരെ സ്നേഹിക്കൽ ഈമാനിന്റെ ഭാഗമാണ്. അവരെ വെറുക്കുന്നവർ ഇസ്‌ലാമിനോടാണ് വെറുപ്പ് കാണിക്കുന്നത്. കാരണം, അവർ ദീനിന്റെ വാഹകരാണ്. സ്വഹാബിമാരോടുള്ള സ്നേഹം നബിﷺയോടുള്ള സ്നേഹമാണ്. അവരോടുള്ള വെറുപ്പ് നബിﷺയോടുള്ള വെറുപ്പുമാണ്. (തഅ്ലീക്വാത്തു അക്വീദത്തി ത്വഹാവിയ്യ: പേ.232)

സ്വഹാബികളെ ആക്ഷേപിക്കലോ ചീത്തപറയലോ സത്യവിശ്വാസികള്‍ക്ക് പാടുള്ളതല്ല. നബി ﷺ അക്കാര്യം പ്രത്യേകം ഉണ൪ത്തിയിട്ടുണ്ട്.

عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم: لاَ تَسُبُّوا أَصْحَابِي ‏

അബൂസഈദില്‍ ഖുദ്രിയ്യില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ എന്റെ അനുചരന്മാരെ ചീത്ത പറയരുത്….. (ബുഖാരി:3673)

ذروا أصحابي ، لا تقولوا فيهم إلا خيرا

നബി ﷺ പറഞ്ഞു:നിങ്ങൾ എന്റെ സ്വഹാബത്തിനെ വിട്ടേക്കുക, അവരെ കുറിച്ച് നന്മയല്ലാതെ ഒന്നും നിങ്ങൾ പറയരുത്.

عن ابن مسعود أن النبي صلى الله عليه وسلم قال : إذا ذُكر أصحابي فأمسكوا

ഇബ്നു മസ്ഊദില്‍(റ) നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു: എന്റെ സ്വാഹാബത്തിനെ കുറിച്ച് പറയപ്പെട്ടാൽ നിങ്ങൾ നിങ്ങളെ നിയന്ത്രിക്കുക. (ത്വബ്റാനി – സില്‍സിലത്തുല്‍ സ്വഹീഹ)

قال النبي صلى الله عليه وسلم : من سب أصحابي فعليه لعنة الله

നബി ﷺ പറഞ്ഞു: ആരെങ്കിലും എന്റെ സ്വഹാബതിനെ ആക്ഷേപിച്ചാല്‍ അവന്റെ മേല്‍അല്ലാഹുവിന്റെ ശാപമുണ്ടാവും.

قال النبي صلى الله عليه وسلم : من سب أصحابي فعليه لعنة الله والملائكة والناس أجمعين

നബി ﷺ പറഞ്ഞു: ആരെങ്കിലും എന്റെ സ്വഹാബത്തിനെ ചീത്തപറഞ്ഞാല്‍ അവന് അല്ലാഹുവിന്റേയും മലക്കുകളുടെയും മുഴുവന്‍ മനുഷ്യരുടെയും ശാപമുണ്ടായിരിക്കുന്നതാണ്‌.

ഹിജ്‌റ 239-321 കാലഘട്ടത്തില്‍ ജീവിച്ച അബൂജഅ്ഫര്‍ അത്ത്വഹാവി(റഹി)യുടെ അക്വീദതുത്ത്വഹാവിയ്യയില്‍ പറയുന്നു: നമ്മള്‍ നബിﷺയുടെ അനുചരന്മാരെ സ്‌നേഹിക്കുന്നു. അവരില്‍ ഒരാളുടെയും സ്‌നേഹത്തില്‍ നാം അതിരുകവിയുകയോ അവരില്‍ ഒരാളെയും തള്ളിപ്പറയുകയോ ചെയ്യില്ല. അവരോട് വിദ്വേഷം വെച്ചുപുലര്‍ത്തുന്നവരോടും നല്ലതല്ലാത്ത രൂപത്തില്‍ അവരെ പരാമര്‍ശിക്കുന്നവരോടും നമുക്ക് വിദ്വേഷമാണുള്ളത്. നമ്മള്‍ അവരെക്കുറിച്ച് നല്ലതു മാത്രമെ പറയുകയുള്ളൂ. അവരോടുള്ള സ്‌നേഹം മതവും സത്യവിശ്വാസവും നന്‍മയും (ദീനും, ഈമാനും, ഇഹ്‌സാനും) ആണ്. അവരോടുള്ള വെറുപ്പും വിദ്വേഷവുമാകട്ടെ കുഫ്‌റും (അവിശ്വാസം) നിഫാക്വും (കാപട്യം) അക്രമവുമാകുന്നു. (ഇബ്‌നു അബില്‍ ഇസ്സ്-ശര്‍ഹുത്ത്വഹാവിയ്യ: പേജ്-475).

ശൈഖുൽ ഇസ്‌ലാം ഇബ്നു തയ്മിയ്യ (റഹി) പറഞ്ഞു: അഹ്ലുസുന്ന വൽ ജമാഅയുടെ വിശ്വാസങ്ങളിൽ പെട്ടതാണ് , അവരുടെ ഹൃദങ്ങളും , നാവുകളും സ്വഹാബത്തിനെ കുറിച്ച് മോശം പറയുന്നതിൽ നിന്ന് മോചിതരായിരിക്കും, സ്വഹാബത്തിനെ കുറിച്ചും അവരുടെ ശ്രേഷ്ഠതകളെ കുറിച്ചും ഒരേ അഭിപ്രായത്തിലായിരിക്കും.(അഖീദത്തുൽ വാസ്വിതിയ)

ഖതീബുല്‍ ബാഗ്ദാദി(റഹി) പറയുന്നു: നബിﷺയുടെ അനുചരന്മാരില്‍ ഏതെങ്കിലും ഒരാളെ ഒരുത്തന്‍ അപഹസിക്കുന്നതായി നീ കണ്ടാല്‍ അവന്‍ മതനിഷേധിയാണെന്ന് നീ മനസ്സിലാക്കിക്കൊള്ളുക. കാരണം നബിﷺയും വിശുദ്ധ ക്വുര്‍ആനും നമ്മുടെ പക്കല്‍ സത്യമാണ്. ഈ ക്വുര്‍ആനും പ്രവാചക ചര്യകളും നമ്മിലേക്ക് എത്തിച്ചു തന്നത് നബിﷺയുടെ അനുചരന്‍മാരാണ്. തീര്‍ച്ചയായും (ഇസ്‌ലാമിന്റെ ശത്രുക്കള്‍) ക്വുര്‍ആനിനെയും സുന്നത്തിനെയും തകര്‍ക്കാനായി നമ്മുടെ സാക്ഷികളെ ആക്ഷേപിക്കുകയാണ്. എന്നാല്‍ ആക്ഷേപം അവര്‍ക്കാണ് ഏറ്റവും അനുയോജ്യമായിട്ടുള്ളത്. അവര്‍ മത നിഷേധികളാണ്. (അല്‍കിഫായ :പേജ്-93 മുതല്‍).

قَالَ الإمامُ البَرْبَهَاريُّ -رحمَهُ اللهُ-:وإذَا رَأَيتَ الرَّجُلَ يَطْعَنُ عَلَى أَحَدٍ مِنْ أصْحَابِ رَسُولِ اللهِ صَلَّى اللهُ عَلَيهِ وَسَلَّمَ فَاعْلَمْ أَنَّهُ صَاحِبُ قَولِ سُوءٍ وهَوًى

ഇമാം ബർബഹാരി(റഹി) പറയുന്നു:ഒരാൾ നബി ﷺ യുടെ സ്വഹാബത്തിൽ ആരെയെങ്കിലും ആക്ഷേപിക്കുന്നതായിട്ടു നീ കണ്ടാൽ അയാൾ തന്നിഷ്ടത്തിന്റെയും ചീത്ത വർത്തമാനത്തിന്റെയും ആളെണെന്നു നീ മനസ്സിലാക്കുക. (ശറഹു സ്സുന്ന)

സ്വഹാബത്തിനെ അധിക്ഷേപിക്കുന്നത് വന്‍പാപങ്ങളില്‍ പെട്ടതാണെന്ന് ഇമാം ദഹബി(റഹി) തന്റെ ‘അല്‍കബാഇര്‍’ ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ന് ചിലര്‍ അവരുടെ ക്രൂരമായ അഭിപ്രായ പ്രകടനങ്ങള്‍ക്കും ആക്ഷേപശരങ്ങള്‍ക്കും സ്വഹാബത്തിനെയും വിധേയമാക്കിയിട്ടുണ്ട്. ഉഥ്മാന്‍(റ), മുആവിയ(റ), അബൂഹുറയ്‌റ(റ) തുടങ്ങി പല മഹത്തുക്കളെയും ഇത്തരക്കാര്‍ ക്രൂരമായി ഭത്സിച്ചിട്ടുണ്ട്. സ്വഹാബത്തിനെ ചീത്ത പറയല്‍ പുണ്യമായിക്കാണുന്ന ജൂതന്മാരുടെ മസ്തിഷ്‌ക സന്തതികളായ ശിയാക്കളുടെ ചുവടു പിടിച്ചാണ് ഇത്തരം നീച കൃത്യത്തിന് ഇക്കൂട്ടര്‍ ഒരുമ്പെടുന്നതും ന്യായങ്ങള്‍ കണ്ടെത്തുന്നതും.

സ്വഹാബികളെല്ലാവരും പാപസുരക്ഷിതരാണെന്നോ അവര്‍ക്കൊരു പിഴവും സംഭവിച്ചിട്ടില്ലെന്നോ അല്ല ഇപ്പറഞ്ഞതിന്റെ അര്‍ഥം. ചരിത്ര ഗ്രന്ഥങ്ങളില്‍ കാണുന്ന പലതും സൂക്ഷ്മ പരിശോധനയില്‍ ശരിയല്ലായെന്ന് ബോധ്യപ്പെടുന്നതാണ്.

ശൈഖുൽ ഇസ്‌ലാം ഇബ്നു തയ്മിയ്യ (റഹി) പറഞ്ഞു: സ്വഹാബത്തിനെ ആക്ഷേപിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളില്‍ പലതും ശത്രുക്കളുടെ അപനിര്‍മിതികളാണ്. അതല്ലെങ്കില്‍ വികൃതമാക്കപ്പെട്ട ചരിത്ര സംഭവങ്ങളാണ്. യാഥാര്‍ഥ്യത്തെ തമസ്‌കരിച്ചുകൊണ്ടുള്ള ശത്രുക്കളുടെ ബോധപൂര്‍വമായ കൈക്രിയകള്‍ക്ക് വിധേയമായ ചരിത്രം! അവയില്‍ സ്ഥിരപ്പെട്ടുവന്നവയാകട്ടെ അവരെ ആക്ഷേപിക്കാന്‍ ന്യായമില്ലാത്ത മനുഷ്യസഹജമായ കാര്യങ്ങളോ, ഗവേഷണാത്മകമായ നിലപാടുകളോ മനഃപൂര്‍വമല്ലാത്ത നീക്കങ്ങളോ ആയിരിക്കും. (മജ്മൂഉല്‍ ഫതാവ വാള്യം-3, പേജ്-152 മുതല്‍ കാണുക)

ഇമാം ബർബഹാരി(റഹി) പറയുന്നു: അലിയും, മുആവിയയും, ആയിശയും, ത്വൽഹത്തും, സുബൈറും(റ)അവർ തമ്മിലുണ്ടായ യുദ്ധത്തിൽ നീ മൗനം പാലിക്കുക. അവരുടെ കാര്യത്തെ അനുഗ്രഹീതനും പരമോന്നതുനുമായ അല്ലാഹുവിൽ നീ ഭരമേല്പിക്കുകയും അതിൽ തർക്കിക്കാതിരിക്കുകയും ചെയ്യുക. (ശറഹു സ്സുന്ന)

അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നുവെന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ച അല്ലാഹുവിന്റെ റസൂല്‍ ﷺ പുകഴ്ത്തിപ്പറഞ്ഞിട്ടുള്ള സ്വഹാബിമാരെ ആക്ഷേപിക്കാന്‍ നമുക്കെന്ത് ന്യായം. വിശ്വാസത്തിലും കര്‍മങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലുമെല്ലാം ഈ സ്വഹാബികളാകട്ടെ നമ്മുടെ മാതൃക. അവരുടെ മാര്‍ഗത്തിലൂടെയല്ലാതെ വിജയം നേടുക നമുക്ക് സാധ്യമല്ല.

അതിനാല്‍ സ്വര്‍ഗം ആഗ്രഹിക്കുന്നവര്‍ സ്വഹാബത്തിന്റെ മാര്‍ഗം സ്വീകരിക്കുക. ഏറ്റക്കുറച്ചിലുകളില്ലാതെ അല്ലാഹുവിനെ ആരാധിച്ചവരാണവര്‍. ആരാധനക്കര്‍ഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്നും അല്ലാഹു മാത്രമാണ് സര്‍വത്തിന്റെയും സൃഷ്ടാവും ഉടമസ്ഥനും നിയന്താവുമെന്നും അല്ലാഹുവിന് ചില നാമവിശേഷണങ്ങള്‍ ഉണ്ടെന്നും അവര്‍ ഉറച്ചുവിശ്വസിക്കുകയും അവയുടെ അനിവാര്യതകളനുസരിച്ചുകൊണ്ട് അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. നിഷേധമോ വ്യാഖ്യാനമോ രൂപപ്പെടുത്തലോ സാദൃശ്യപ്പെടുത്തലോ ഇല്ലാതെ അല്ലാഹുവും അവന്റെ റസൂലും അല്ലാഹുവിനുണ്ടെന്നു പറഞ്ഞ എല്ലാ വിശേഷണങ്ങളിലും അവര്‍ വിശ്വസിച്ചു. അറിവോടും ഉള്‍ക്കാഴ്ചയോടും അവര്‍ അല്ലാഹുവിനെ ആരാധിച്ചു. പ്രവാചക ചര്യകളെ അവര്‍ സ്‌നേഹിക്കുകയും മുറുകെ പിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. സുന്നത്തുകളെ സ്‌നേഹിച്ചവരെയും അവര്‍ സ്‌നേഹിച്ചു. ബിദ്അത്തിനെയും അതിന്റെ ആളുകളെയും അവര്‍ വെറുത്തു. സദുപദേശത്തോടെയും ഉള്‍ക്കാഴ്ചയോടെയും തൗഹീദിന് പ്രാധാന്യം നല്‍കിക്കൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ജനങ്ങളെ അവര്‍ ക്ഷണിച്ചു.

Leave a Reply

Your email address will not be published.

Similar Posts