അല്ലാഹു അവരോടൊപ്പമാണ്

THADHKIRAH

അല്ലാഹു അവരോടൊപ്പമാണ് എന്ന് ചില വിഭാഗം ആളുകളെ കുറിച്ച് വിശുദ്ധ ഖു൪ആന്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്റെ സഹായം അവ൪ക്ക് ഉറപ്പാണെന്നാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. നാല് വിഭാഗം ആളുകളെ കുറിച്ചാണ് വിശുദ്ധ ഖു൪ആന്‍ ഇപ്രകാരം പറഞ്ഞിട്ടുള്ളത്.

(1) ക്ഷമിക്കുന്നവ൪

ഐഹിക ജീവിതം നമ്മെ പരീക്ഷിക്കുന്നതിന് വേണ്ടിയാണ് അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. ആ പരീക്ഷണത്തിന്റെ ഭാഗമായിട്ടാണ് ഇവിടെ പ്രയാസങ്ങളും ദുരിതങ്ങളും സംഭവിക്കുന്നത്.

ٱﻟَّﺬِﻯ ﺧَﻠَﻖَ ٱﻟْﻤَﻮْﺕَ ﻭَٱﻟْﺤَﻴَﻮٰﺓَ ﻟِﻴَﺒْﻠُﻮَﻛُﻢْ ﺃَﻳُّﻜُﻢْ ﺃَﺣْﺴَﻦُ ﻋَﻤَﻼً ۚ ﻭَﻫُﻮَ ٱﻟْﻌَﺰِﻳﺰُ ٱﻟْﻐَﻔُﻮﺭُ

നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.(ഖു൪ആന്‍:67/2)

ഇത്തരം പ്രയാസങ്ങളിലും പ്രതിസന്ധികളിലും പരീക്ഷണങ്ങളിലും ക്ഷമിക്കുന്നവ൪ക്ക് വിശുദ്ധ ഖു൪ആന്‍ സന്തോഷവാര്‍ത്ത അറിയിച്ചത് കാണുക.

ﻭَﻟَﻨَﺒْﻠُﻮَﻧَّﻜُﻢ ﺑِﺸَﻰْءٍ ﻣِّﻦَ ٱﻟْﺨَﻮْﻑِ ﻭَٱﻟْﺠُﻮﻉِ ﻭَﻧَﻘْﺺٍ ﻣِّﻦَ ٱﻷَْﻣْﻮَٰﻝِ ﻭَٱﻷَْﻧﻔُﺲِ ﻭَٱﻟﺜَّﻤَﺮَٰﺕِ ۗ ﻭَﺑَﺸِّﺮِ ٱﻟﺼَّٰﺒِﺮِﻳﻦَ

കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.(ഖു൪ആന്‍:2/155)

പുണ്യങ്ങളെ എണ്ണിപ്പറഞ്ഞ കൂട്ടത്തില്‍ വിശുദ്ധ ഖു൪ആന്‍ പറഞ്ഞത് കാണുക:

وَٱلصَّٰبِرِينَ فِى ٱلْبَأْسَآءِ وَٱلضَّرَّآءِ وَحِينَ ٱلْبَأْسِ

….. വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ (അവരാകുന്നു പുണ്യവാന്‍മാര്‍) …(ഖു൪ആന്‍:2/177)

عَنْ صُهَيْبٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : ‏ عَجَبًا لأَمْرِ الْمُؤْمِنِ إِنَّ أَمْرَهُ كُلَّهُ خَيْرٌ وَلَيْسَ ذَاكَ لأَحَدٍ إِلاَّ لِلْمُؤْمِنِ إِنْ أَصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْرًا لَهُ وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ فَكَانَ خَيْرًا لَهُ‏

സുഹൈബില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:അത്ഭുകരമാണ് സത്യവിശ്വാസിയുടെ കാര്യം. അവൻറെ എല്ലാ കാര്യങ്ങളും അവന്ന് ഗുണകരമാണ്.ഇത് സത്യവിശ്വാസികൾക്കല്ലാതെ മറ്റാർക്കുമില്ല. സന്തോഷം ഉണ്ടാകുമ്പോൾ അവൻ നന്ദി കാണിക്കുന്നു. അങ്ങനെ അത് പുണ്യമായിത്തീരുന്നു. ദുരന്തം സംഭവിച്ചാൽ ക്ഷമപാലിക്കുന്നു. അങ്ങനെ അതും ഗുണകരമായിത്തീരുന്നു. (മുസ്‌ലിം: 2999)

عَنْ ثَابِتٍ، قَالَ سَمِعْتُ أَنَسًا ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : الصَّبْرُ عِنْدَ الصَّدْمَةِ الأُولَى

അനസില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: ക്ഷമ പ്രയാസത്തിന്റെ തുടക്കത്തിലാണ് വേണ്ടത്. (ബുഖാരി:1302)

ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും ക്ഷമ പാലിക്കേണ്ടതുണ്ട്. പ്രയാസങ്ങളിലും പ്രതിസന്ധികളിലും പരീക്ഷണങ്ങളിലും ക്ഷമിക്കണം. നന്‍മകള്‍ കൃത്യമായി ചെയ്യുന്നതില്‍ ക്ഷമിക്കണം. തിന്‍മകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നല്ല ക്ഷമവേണം. ഇപ്രകാരം ക്ഷമിക്കുന്നവരോടൊപ്പമാണ് അല്ലാഹു ഉള്ളത് അഥവാ അല്ലാഹുവിന്റെ സഹായം അവരോട് അടുത്താണ്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱسْتَعِينُوا۟ بِٱلصَّبْرِ وَٱلصَّلَوٰةِ ۚ إِنَّ ٱللَّهَ مَعَ ٱلصَّٰبِرِينَ

സത്യവിശ്വാസികളെ, നിങ്ങള്‍ സഹനവും നമസ്കാരവും മുഖേന (അല്ലാഹുവിനോട്‌) സഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു. (ഖു൪ആന്‍:2/153)

وَٱللَّهُ مَعَ ٱلصَّٰبِرِينَ

അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു.(ഖു൪ആന്‍:2/249)

وَٱصْبِرُوٓا۟ ۚ إِنَّ ٱللَّهَ مَعَ ٱلصَّٰبِرِينَ

നിങ്ങള്‍ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹു ക്ഷമാശീലരുടെ കൂടെയാകുന്നു.  (ഖു൪ആന്‍:8/46)

ٱلْـَٰٔنَ خَفَّفَ ٱللَّهُ عَنكُمْ وَعَلِمَ أَنَّ فِيكُمْ ضَعْفًا ۚ فَإِن يَكُن مِّنكُم مِّا۟ئَةٌ صَابِرَةٌ يَغْلِبُوا۟ مِا۟ئَتَيْنِ ۚ وَإِن يَكُن مِّنكُمْ أَلْفٌ يَغْلِبُوٓا۟ أَلْفَيْنِ بِإِذْنِ ٱللَّهِ ۗ وَٱللَّهُ مَعَ ٱلصَّٰبِرِينَ

ഇപ്പോള്‍ അല്ലാഹു നിങ്ങള്‍ക്ക് ഭാരം കുറച്ച് തന്നിരിക്കുന്നു. നിങ്ങളില്‍ ബലഹീനതയുണ്ടെന്ന് അവന്‍ അറിയുകയും ചെയ്തിരിക്കുന്നു. അതിനാല്‍ നിങ്ങളുടെ കൂട്ടത്തില്‍ ക്ഷമാശീലരായ നൂറുപേരുണ്ടായിരുന്നാല്‍ അവര്‍ക്ക് ഇരുനൂറ് പേരെ ജയിച്ചടക്കാവുന്നതാണ്‌. നിങ്ങളുടെ കൂട്ടത്തില്‍ ആയിരം പേരുണ്ടായിരുന്നാല്‍ അല്ലാഹുവിന്‍റെ അനുമതി പ്രകാരം രണ്ടായിരം പേരെ അവര്‍ക്കു ജയിച്ചടക്കാവുന്നതാണ്‌. അല്ലാഹു ക്ഷമാശീലരോടൊപ്പമാകുന്നു.(ഖു൪ആന്‍:8/66)

2. അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവ൪ (തഖ്‌വയുള്ളവ൪)

അല്ലാഹു മനുഷ്യ൪ക്ക് ഒരു വസ്വിയത്തായി നല്‍കിയിട്ടുള്ള നി൪ദ്ദേശമാണ് ‘നിങ്ങള്‍ തഖ്‌വയുള്ളവരാകുക അഥവാ അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവരാകുക’ എന്നത്.

وَلَقَدْ وَصَّيْنَا الَّذِينَ أُوتُوا الْكِتَابَ مِن قَبْلِكُمْ وَإِيَّاكُمْ أَنِ اتَّقُوا اللَّهَ

… നിങ്ങള്‍ക്കു മുമ്പ് (വേദ) ഗ്രന്ഥം നല്‍കപ്പെട്ടവരോടും, നിങ്ങളോടും നാം ‘വസ്വിയ്യത്ത് ‘ ചെയ്തിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണമെന്ന് … (ഖു൪ആന്‍: 4/131)

എന്താണ് തഖ്‌വ

  • ജീവിതത്തിലുടനീളം അല്ലാഹുവിനെ ഭയന്ന് അവന്റെ വിധിവിലക്കുകള്‍ പാലിച്ച് അവനെ സൂക്ഷിച്ച് ജീവിക്കലാണ് തഖ്‌വ
  • അല്ലാഹു നിർബ്ബന്ധമാക്കിയത് പ്രവർത്തിക്കലാണ് തഖ്‌വ
  • അല്ലാഹുവും അവന്റെ റസൂലും വിരോധിച്ചിട്ടുള്ളതില്‍ നിന്ന് പൂ൪ണ്ണമായും നില്‍ക്കലാണ് തഖ്‌വ
  • അല്ലാഹുവും അവന്റെ റസൂലും അനുവദിച്ചിട്ടുള്ള കാര്യങ്ങളില്‍ പരിമിതപ്പെടുത്തലാണ് തഖ്‌വ

قال طلق ابن حبيب: أن تعمل بطاعة الله، على نورٍ من الله، ترجو ثواب الله، وأن تترك معصية الله على، نورٍ من الله، تخاف عقاب الله

ത്വല്‍ഖു ബ്നു ഹബീബ്(റഹി) പറഞ്ഞു: അല്ലാഹുവില്‍ നിന്നുള്ള പ്രകാശത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച് അല്ലാഹുവിനെ അനുസരിച്ച് ജീവിക്കലാണ് (തഖ്‌വ). അല്ലാഹുവില്‍ നിന്നുള്ള പ്രകാശത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാഹുവിന്റെ ശിക്ഷയെ ഭയന്ന് അല്ലാഹു വിരോധിച്ച കാര്യം വെടിയലാണ് (തഖ്‌വ). (മുസ്വന്നഫ് ഇബ്നു അബീശൈബ)

അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവരോടൊപ്പമാണ് അല്ലാഹു ഉള്ളത്.

وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ

…… നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.(ഖു൪ആന്‍:2/194)

وَٱعْلَمُوٓا۟ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ

……… അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ കൂടെയാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.(ഖു൪ആന്‍:9/36)

وَٱعْلَمُوٓا۟ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ

…..അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.(ഖു൪ആന്‍:9/123)

3. യഥാ൪ത്ഥ വിശ്വാസികള്‍

وَكَانَ حَقًّا عَلَيْنَا نَصْرُ ٱلْمُؤْمِنِينَ

വിശ്വാസികളെ സഹായിക്കുക എന്നത് നമ്മുടെ ബാധ്യതയായിരിക്കുന്നു. (ഖു൪ആന്‍:30/47)

وَلَا تَهِنُوا۟ وَلَا تَحْزَنُوا۟ وَأَنتُمُ ٱلْأَعْلَوْنَ إِن كُنتُم مُّؤْمِنِينَ

നിങ്ങള്‍ ദൌര്‍ബല്യം കാണിക്കുകയോ ദുഃഖിക്കുകയോ ചെയ്യരുത്‌. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതന്‍മാര്‍. (ഖു൪ആന്‍:3/139)

യഥാ൪ത്ഥ വിശ്വാസികളെ കുറിച്ച് അല്ലാഹു പറഞ്ഞിട്ടുള്ളത് കാണുക:

إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ إِذَا ذُكِرَ ٱللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ ءَايَٰتُهُۥ زَادَتْهُمْ إِيمَٰنًا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ|
ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَمِمَّا رَزَقْنَٰهُمْ يُنفِقُونَ
أُو۟لَٰٓئِكَ هُمُ ٱلْمُؤْمِنُونَ حَقًّا ۚ لَّهُمْ دَرَجَٰتٌ عِندَ رَبِّهِمْ وَمَغْفِرَةٌ وَرِزْقٌ كَرِيمٌ

അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച് നടുങ്ങുകയും, അവന്‍റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍.നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവര്‍.അവര്‍ തന്നെയാണ് യഥാര്‍ത്ഥത്തില്‍ വിശ്വാസികള്‍. അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ പല പദവികളുണ്ട്‌. പാപമോചനവും ഉദാരമായ ഉപജീവനവുമുണ്ട്‌. (ഖു൪ആന്‍:8/2-4)

യഥാ൪ത്ഥ വിശ്വാസികളോടൊപ്പമാണ് അല്ലാഹു ഉള്ളത്.

إِن تَسْتَفْتِحُوا۟ فَقَدْ جَآءَكُمُ ٱلْفَتْحُ ۖ وَإِن تَنتَهُوا۟ فَهُوَ خَيْرٌ لَّكُمْ ۖ وَإِن تَعُودُوا۟ نَعُدْ وَلَن تُغْنِىَ عَنكُمْ فِئَتُكُمْ شَيْـًٔا وَلَوْ كَثُرَتْ وَأَنَّ ٱللَّهَ مَعَ ٱلْمُؤْمِنِينَ

(സത്യനിഷേധികളേ,) നിങ്ങള്‍ വിജയമായിരുന്നു തേടിയിരുന്നതെങ്കില്‍ ആ വിജയമിതാ നിങ്ങള്‍ക്കു വന്നു കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ വിരമിക്കുകയാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കിലോ നാമും ആവര്‍ത്തിക്കുന്നതാണ്‌. നിങ്ങളുടെ സംഘം എത്ര എണ്ണക്കൂടുതലുള്ളതാണെങ്കിലും അത് നിങ്ങള്‍ക്ക് ഉപകരിക്കുകയേയില്ല. അല്ലാഹു സത്യവിശ്വാസികളുടെ കൂടെത്തന്നെയാണ്‌. (ഖു൪ആന്‍:8/19)

4. സദ്‌വൃത്തരായിട്ടുള്ളവ൪

لِّلَّذِينَ أَحْسَنُوا۟ ٱلْحُسْنَىٰ وَزِيَادَةٌ ۖ وَلَا يَرْهَقُ وُجُوهَهُمْ قَتَرٌ وَلَا ذِلَّةٌ ۚ أُو۟لَٰٓئِكَ أَصْحَٰبُ ٱلْجَنَّةِ ۖ هُمْ فِيهَا خَٰلِدُونَ

സുകൃതം ചെയ്തവര്‍ക്ക് ഏറ്റവും ഉത്തമമായ പ്രതിഫലവും കൂടുതല്‍ നേട്ടവുമുണ്ട്‌. ഇരുളോ അപമാനമോ അവരുടെ മുഖത്തെ തീണ്ടുകയില്ല. അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.(ഖു൪ആന്‍:10/26)

സുകൃതവാന്‍മാരോടൊപ്പമാണ് അല്ലാഹു ഉള്ളത്.

إِنَّ ٱللَّهَ مَعَ ٱلَّذِينَ ٱتَّقَوا۟ وَّٱلَّذِينَ هُم مُّحْسِنُونَ

തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിച്ചവരോടൊപ്പമാകുന്നു. സദ്‌വൃത്തരായിട്ടുള്ളവരോടൊപ്പവും.  (ഖു൪ആന്‍:16/128)

Leave a Reply

Your email address will not be published.

Similar Posts