സകരിയ്യാ നബി(അ)യുടെ നിരാശയില്ലാതെയുള്ള നിരന്തര പ്രാര്‍ത്ഥനയുടെ ഫലമായി അല്ലാഹു അദ്ദേഹത്തിന് ഒരു സന്താനത്തെ നല്‍കി. ആ സന്താനത്തിന് യഹ്‌യാ എന്ന പേരും അല്ലാഹു തന്നെ നല്‍കി. അദ്ദേഹത്തിന് ചെറുപ്രായത്തില്‍ തന്നെ പക്വത വന്നിരുന്നുവെന്നും നുബുവ്വത്ത് (പ്രവാചകത്വം) ലഭിച്ചിരുന്നുവെന്നുമാണ് അഭിപ്രായം. സകരിയ്യാ നബി(അ)യുടെയും യഹ്‌യാ നബി(അ)യുടെയും മര്‍യം ബീവി(റ)യുടെയും ഈസാ നബി(അ)യുടെയും ചരിത്രം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്.
فَنَادَتْهُ ٱلْمَلَٰٓئِكَةُ وَهُوَ قَآئِمٌ يُصَلِّى فِى ٱلْمِحْرَابِ أَنَّ ٱللَّهَ يُبَشِّرُكَ بِيَحْيَىٰ مُصَدِّقًۢا بِكَلِمَةٍ مِّنَ ٱللَّهِ وَسَيِّدًا وَحَصُورًا وَنَبِيًّا مِّنَ ٱلصَّٰلِحِينَ
അങ്ങനെ അദ്ദേഹം മിഹ്‌റാബില്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ മലക്കുകള്‍ അദ്ദേഹത്തെ വിളിച്ചുകൊണ്ടു പറഞ്ഞു: യഹ്‌യാ (എന്ന കുട്ടി) യെപ്പറ്റി അല്ലാഹു നിനക്ക് സന്തോഷവാര്‍ത്ത അറിയിക്കുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു വചനത്തെ ശരിവെക്കുന്നവനും നേതാവും ആത്മനിയന്ത്രണമുള്ളവനും സദ്‌വൃത്തരില്‍ പെട്ട ഒരു പ്രവാചകനും ആയിരിക്കും അവന്‍. (ഖു൪ആന്‍:3/39)
يَٰيَحْيَىٰ خُذِ ٱلْكِتَٰبَ بِقُوَّةٍ ۖ وَءَاتَيْنَٰهُ ٱلْحُكْمَ صَبِيًّا
ഹേ, യഹ്‌യാ വേദഗ്രന്ഥം(തൗറാത്ത്) ബലമായി സ്വീകരിച്ച് കൊള്ളുക. (എന്ന് നാം പറഞ്ഞു:) കുട്ടിയായിരിക്കെത്തന്നെ അദ്ദേഹത്തിന് നാം ജ്ഞാനം നല്‍കുകയും ചെയ്തു. (ഖു൪ആന്‍:19/12)
യഹ്‌യാ നബിയോട് അല്ലാഹു അഞ്ച് കാര്യങ്ങള്‍ പ്രാവ൪ത്തികമാക്കാനും അത് ബനൂഇസ്‌റാഈല്യകാരും പ്രാവ൪ത്തികമാക്കാനായി അവരോട് കല്‍പ്പിക്കാനും അല്ലാഹു നി൪ദ്ദേശിച്ചു. ഈ കാര്യം അല്ലാഹു വഹ്‌യിലൂടെ മുഹമ്മദ് നബിﷺക്ക് പറഞ്ഞുകൊടുത്തു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ കല്‍പ്പിച്ചിട്ടുള്ള ഈ കാര്യം അല്ലാഹു വഹ്‌യിലൂടെ മുഹമ്മദ് നബിﷺക്ക് അറിയിച്ചതില്‍ ഈ ഉമ്മത്തും അത് അറിയണമെന്നും പഠിക്കണമെന്നും പ്രാവ൪ത്തികമാക്കണമെന്നും സൂചനയുണ്ട്. യഹ്‌യാ നബിയോട് അല്ലാഹു കല്‍പ്പിച്ച അഞ്ച് കാര്യങ്ങളും വളരെ പ്രധാനപ്പെട്ടതും മതത്തിന്റെ അടിസ്ഥാന കാര്യങ്ങളില്‍ പെട്ടതുമാണ്. ഇക്കാര്യം നബി ﷺ നമുക്ക് പറഞ്ഞു തന്നിട്ടുള്ളത് കാണുക:
عَنِ الْحَارِثَ الأَشْعَرِيَّ عَنِ النَّبِيِّ صلى الله عليه وسلم قَالَ: إِنَّ اللَّهَ أَمَرَ يَحْيَى بْنَ زَكَرِيَّا بِخَمْسِ كَلِمَاتٍ أَنْ يَعْمَلَ بِهَا وَيَأْمُرَ بَنِي إِسْرَائِيلَ أَنْ يَعْمَلُوا بِهَا وَإِنَّهُ كَادَ أَنْ يُبْطِئَ بِهَا فَقَالَ عِيسَى إِنَّ اللَّهَ أَمَرَكَ بِخَمْسِ كَلِمَاتٍ لِتَعْمَلَ بِهَا وَتَأْمُرَ بَنِي إِسْرَائِيلَ أَنْ يَعْمَلُوا بِهَا فَإِمَّا أَنْ تَأْمُرَهُمْ وَإِمَّا أَنَا آمُرُهُمْ . فَقَالَ يَحْيَى أَخْشَى إِنْ سَبَقْتَنِي بِهَا أَنْ يُخْسَفَ بِي أَوْ أُعَذَّبَ فَجَمَعَ النَّاسَ فِي بَيْتِ الْمَقْدِسِ فَامْتَلأَ الْمَسْجِدُ وَقَعَدُوا عَلَى الشُّرَفِ
നബി ﷺ പറഞ്ഞു: തീര്‍ച്ചയായും അല്ലാഹു യഹ്‌യ ബ്‌നു സകരിയ്യയോട് അഞ്ച് വചനങ്ങളെ കൊണ്ട് (അതു പ്രകാരം ചെയ്യാന്‍) കല്‍പിച്ചു, ബനൂഇസ്‌റാഈല്യരോട് അതിനായി കല്‍പ്പിക്കാനും നിര്‍ദേശിച്ചു. അദ്ദേഹം അതില്‍ അല്‍പം താമസം കാണിച്ചു. അപ്പോള്‍ ഈസാ(അ) പറഞ്ഞു: ‘തീര്‍ച്ചയായും അല്ലാഹു താങ്കളോട് അഞ്ച് വചനങ്ങള്‍ പ്രാവര്‍ത്തികമാക്കുവാനും ബനൂഇസ്‌റാഈല്യരോട് അത് പ്രാവര്‍ത്തികമാക്കുവാന്‍ നിര്‍ദേശിക്കുവാനും കല്‍പിക്കുകയുണ്ടായി. എന്നാല്‍ താങ്കള്‍ അവരോട് കല്‍പിക്കണോ അതോ ഞാന്‍ അവരോട് കല്‍പിക്കണോ?’ അപ്പോള്‍ യഹ്‌യാ(അ) പറഞ്ഞു: ‘താങ്കള്‍ അവകൊണ്ട് എന്നെ മുന്‍കടന്നാല്‍ ഞാന്‍ ഭൂമിയില്‍ ആഴ്ത്തപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നതിനെ പറ്റി ഞാന്‍ പേടിക്കുന്നു.’ അങ്ങനെ ജനങ്ങളെ അദ്ദേഹം ബൈതുല്‍ മഖ്ദിസില്‍ ഒരുമിച്ചുകൂട്ടി. പള്ളി നിറഞ്ഞു. അവര്‍ ഒരു ഉയര്‍ന്ന സ്ഥലത്ത് ഇരുന്നു.
പ്രസ്തുത ഹദീസിന്റെ ആദ്യഭാഗമാണ് മേല്‍ കൊടുത്തിട്ടുള്ളത്. അഞ്ച് കാര്യങ്ങള്‍ പ്രാവ൪ത്തികമാക്കാന്‍ ബനൂഇസ്‌റാഈല്യകാരോട് കല്‍പ്പിക്കുന്നതിന് മുമ്പ് അത് സ്വന്തമായി പ്രാവ൪ത്തികമാക്കാനാണ് അല്ലാഹു നി൪ദ്ദേശിച്ചിട്ടുള്ളത്. ഇത് മതത്തിലെ ഗൗരവമേറിയതുമായ ഒരു പൊതുതത്വം ആകുന്നു. അല്ലാഹു വിശുദ്ധ ഖു൪ആനിലൂടെ പറയുന്നത് കാണുക:
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لِمَ تَقُولُونَ مَا لَا تَفْعَلُونَ
كَبُرَ مَقْتًا عِندَ ٱللَّهِ أَن تَقُولُوا۟ مَا لَا تَفْعَلُونَ
സത്യവിശ്വാസികളേ, നിങ്ങള്‍ ചെയ്യാത്തതെന്തിന് നിങ്ങള്‍ പറയുന്നു? നിങ്ങള്‍ ചെയ്യാത്തത് നിങ്ങള്‍ പറയുക എന്നുള്ളത് അല്ലാഹുവിങ്കല്‍ വലിയ ക്രോധത്തിന് കാരണമായിരിക്കുന്നു. (ഖു൪ആന്‍ :61/2-3)
യഹൂദീ പണ്ഡിതന്മാരെ കുറിച്ച് അല്ലാഹു പറയുന്നു:
أَتَأْمُرُونَ ٱلنَّاسَ بِٱلْبِرِّ وَتَنسَوْنَ أَنفُسَكُمْ وَأَنتُمْ تَتْلُونَ ٱلْكِتَٰبَ ۚ أَفَلَا تَعْقِلُونَ
നിങ്ങള്‍ ജനങ്ങളോട് നന്‍മ കല്‍പിക്കുകയും നിങ്ങളുടെ സ്വന്തം കാര്യത്തില്‍ (അത്) മറന്നുകളയുകയുമാണോ ? നിങ്ങള്‍ വേദഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ. നിങ്ങളെന്താണ് ചിന്തിക്കാത്തത് ? (ഖു൪ആന്‍ :2/44)
അഞ്ച് കാര്യങ്ങള്‍ പ്രാവ൪ത്തികമാക്കാന്‍ ബനൂഇസ്‌റാഈല്യകാരോട് കല്‍പ്പിക്കുന്നതില്‍ യഹ്‌യാ(അ) കുറച്ച് വൈകിയപ്പോള്‍ ഈസാ നബി(അ) അതേ കുറിച്ച് അദ്ദേഹത്തെ ഓ൪മ്മിപ്പിക്കുകയും അങ്ങനെ അതിനായി അദ്ദേഹം ബനൂഇസ്‌റാഈല്യകാലെ ബൈത്തുല്‍ മുഖദ്ദസില്‍ വിളിച്ചു കൂട്ടുകയും അഞ്ച് കാര്യങ്ങള്‍ പ്രാവ൪ത്തികമാക്കാന്‍ ബനൂഇസ്‌റാഈല്യകാരോട് കല്‍പ്പിക്കുകയും ചെയ്തു.
فَقَالَ إِنَّ اللَّهَ أَمَرَنِي بِخَمْسِ كَلِمَاتٍ أَنْ أَعْمَلَ بِهِنَّ وَآمُرَكُمْ أَنْ تَعْمَلُوا بِهِنَّ أَوَّلُهُنَّ أَنْ تَعْبُدُوا اللَّهَ وَلاَ تُشْرِكُوا بِهِ شَيْئًا وَإِنَّ مَثَلَ مَنْ أَشْرَكَ بِاللَّهِ كَمَثَلِ رَجُلٍ اشْتَرَى عَبْدًا مِنْ خَالِصِ مَالِهِ بِذَهَبٍ أَوْ وَرِقٍ فَقَالَ هَذِهِ دَارِي وَهَذَا عَمَلِي فَاعْمَلْ وَأَدِّ إِلَىَّ فَكَانَ يَعْمَلُ وَيُؤَدِّي إِلَى غَيْرِ سَيِّدِهِ فَأَيُّكُمْ يَرْضَى أَنْ يَكُونَ عَبْدُهُ كَذَلِكَ
എന്നിട്ട് അദ്ദേഹം (യഹ്‌യാ നബി) പറഞ്ഞു: ‘തീര്‍ച്ചയായും അല്ലാഹു എന്നോട് അഞ്ച് വചനങ്ങളെ കൊണ്ട് പ്രവര്‍ത്തിക്കുവാനും അവകൊണ്ട് പ്രവര്‍ത്തിക്കുവാന്‍ നിങ്ങളോട് കല്‍പിക്കുവാനും എന്നോട് കല്‍പിക്കുകയുണ്ടായി. അവയില്‍ ആദ്യത്തേത്, നിങ്ങള്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനില്‍ യാതൊന്നും പങ്കുചേര്‍ക്കാതിരിക്കലുമാകുന്നു. തീര്‍ച്ചയായും അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവന്‍ ഒരുവനെപോലെയാകുന്നു: അയാള്‍ തന്റെ ധനത്തിലെ മുന്തിയതായ സ്വര്‍ണമോ വെള്ളിയോ കൊണ്ട് ഒരു അടിമയെ വാങ്ങി. എന്നിട്ട് അയാള്‍ പറഞ്ഞു: ഇതാണ് എന്റെ വീട്. ഇതാണ് എന്റെ ജോലി. അതിനാല്‍ നീ (ജോലി) ചെയ്യുകയും എനിക്കുള്ളത് നല്‍കുകയും ചെയ്യുക. അങ്ങനെ (അടിമ) ജോലി ചെയ്യും. യജമാനനല്ലാത്തവര്‍ക്ക് അടിമ നല്‍കുകയും ചെയ്യും. അങ്ങനെയുള്ള അയാളുടെ അടിമയെ നിങ്ങളില്‍ ആരെങ്കിലും തൃപ്തിപ്പെടുമോ?
യഹ്‌യാ നബി(അ)യോട് അല്ലാഹു കല്‍പിച്ചതും അദ്ദേഹം ജനങ്ങളോട് കല്‍പ്പിച്ചതുമായ അഞ്ച് കാര്യങ്ങളില്‍ ഒന്നാമത്തേത് ‘അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനില്‍ യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യുക’ എന്നതാകുന്നു. മനുഷ്യന്റെ കടമകളില്‍വെച്ച് പരമപ്രധാനമായത് അവന്റെ സ്രഷ്ടാവും, രക്ഷിതാവുമായ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനോട് മറ്റൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യുകയാണെന്നാണ് വിശുദ്ധ ഖു൪ആനിന്റെ അദ്ധ്യാപനം.
وَٱعْبُدُوا۟ ٱللَّهَ وَلَا تُشْرِكُوا۟ بِهِۦ شَيْـًٔا ۖ
നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യുക … (ഖു൪ആന്‍:4/36)
ഈ ലോകത്തേക്ക് കടന്നു വന്നിട്ടുള്ള എല്ലാ പ്രവാചകരും ഒന്നാമതായി ആളുകളോട് പ്രബോധനം ചെയ്തിട്ടുള്ളതും ഇക്കാര്യം തന്നെയാകുന്നു.
ﻭَﻣَﺎٓ ﺃَﺭْﺳَﻠْﻨَﺎ ﻣِﻦ ﻗَﺒْﻠِﻚَ ﻣِﻦ ﺭَّﺳُﻮﻝٍ ﺇِﻻَّ ﻧُﻮﺣِﻰٓ ﺇِﻟَﻴْﻪِ ﺃَﻧَّﻪُۥ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّٓ ﺃَﻧَﺎ۠ ﻓَﭑﻋْﺒُﺪُﻭﻥِ
ഞാനല്ലാതെ യാതൊരു ആരാധ്യനുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല.(ഖു൪ആന്‍:21/25)
ﻭَﻟَﻘَﺪْ ﺑَﻌَﺜْﻨَﺎ ﻓِﻰ ﻛُﻞِّ ﺃُﻣَّﺔٍ ﺭَّﺳُﻮﻻً ﺃَﻥِ ٱﻋْﺒُﺪُﻭا۟ ٱﻟﻠَّﻪَ ﻭَٱﺟْﺘَﻨِﺒُﻮا۟ٱﻟﻄَّٰﻐُﻮﺕَ ۖ
തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് പ്രബോധനം ചെയ്യുന്നതിന് വേണ്ടി… (ഖു൪ആന്‍:16/36)
അല്ലാഹുവിനോട് പങ്ക് ചേ൪ക്കുന്നതിനെ കുറിച്ച് മനോഹരമായ ഒരു ഉദാഹരണത്തിലൂടെയാണ് യഹ്‌യാ നബി(അ) ആളുകള്‍ക്ക് വിവരിച്ചു കൊടുക്കുന്നത്. ഒരാള്‍ വലിയ വില കൊടുത്ത് വാങ്ങിയ ഒരു അടിമ യജമാനന് ജോലി ചെയ്യാതെ മറ്റുള്ളവ൪ക്ക് ജോലി ചെയ്താല്‍ എങ്ങനെയിരിക്കും. യജമാനന് വേണ്ടി അധ്വാനിക്കേണ്ടുന്നതിന് പകരം മറ്റൊരാള്‍ക്ക് വേണ്ടി അധ്വാനിക്കുന്നത് യജമാനനില്‍ വലിയ ക്രോധം ഉളവാക്കുമല്ലോ. നമ്മെ ഓരോരുത്തരെയും പടക്കുകയും നമുക്ക് ആവശ്യമായതെല്ലാം നല്‍കുകയും ചെയ്തത് ഏകദൈവമായ അല്ലാഹുവാണ്. അവന് മാത്രം ആരാധനകള്‍ അര്‍പ്പിക്കുന്നതിന് പകരം മറ്റുള്ളവരിലേക്ക് അത് തിരിച്ചുവിടുന്നത് അല്ലാഹുവിന് കോപമുണ്ടാക്കുന്ന കാര്യമാണെന്നതില്‍ സംശയമില്ല. ചിന്തിപ്പിക്കുന്ന തരത്തില്‍ സോദാഹരണമാണ് ആദ്യമായി യഹ്‌യ(അ) ജനങ്ങളെ ഉപദേശിച്ചതും കല്‍പന നല്‍കിയതും. അദ്ദേഹത്തിന്റെ രണ്ടാമത്തെ കല്‍പ്പന കാണുക:
وَإِنَّ اللَّهَ أَمَرَكُمْ بِالصَّلاَةِ فَإِذَا صَلَّيْتُمْ فَلاَ تَلْتَفِتُوا فَإِنَّ اللَّهَ يَنْصِبُ وَجْهَهُ لِوَجْهِ عَبْدِهِ فِي صَلاَتِهِ مَا لَمْ يَلْتَفِتْ
അല്ലാഹു നിങ്ങളോട് നമസ്‌കാരത്തെ കൊണ്ടും കല്‍പിക്കുന്നു. നിങ്ങള്‍ നമസ്‌കാരത്തിലായാല്‍ (നിങ്ങളുടെ മുഖത്തെ) തിരിക്കരുത്. തീര്‍ച്ചയായും അല്ലാഹു തന്റെ അടിമ നമസ്‌കാരത്തില്‍ തിരിഞ്ഞു നോക്കാത്തവനായിരിക്കുമ്പോള്‍ തന്റെ അടിമയുടെ മുഖത്തിന് നേരെ അവന്റെ മുഖത്തെയാക്കുന്നതാണ്.
രണ്ടാമത്തെ കല്‍പന നമസ്‌കാരത്തെക്കുറിച്ചായിരുന്നു. നമസ്‌കാരം എന്നത് അല്ലാഹുവുമായി അവന്റെ അടിമ നടത്തുന്ന രഹസ്യസംഭാഷണമാണ്. നമസ്‌കാരവേളയില്‍ അങ്ങോട്ടും ഇങ്ങോട്ടും തിരിയാവതല്ല. എങ്ങോട്ട് തിരിയാന്‍ കല്‍പിച്ചിട്ടുണ്ടോ അങ്ങോട്ടു തന്നെ തിരിഞ്ഞാകണം നമസ്‌കാരം നിര്‍വഹിക്കുന്നത്. ആത്മാര്‍ഥതയോടെ, അല്ലാഹുവിനോട് മുഖാമുഖം സംസാരിക്കുന്നു എന്ന ബോധത്തോടെയാണ് നമസ്‌കരിക്കേണ്ടത്. യഹ്‌യ നബിയുടെ(അ) ഇതേ നി൪ദ്ദേശം തന്നെ നബി ﷺ നമ്മോടും നി൪ദ്ദേശിച്ചിട്ടുള്ളതായി കാണാം.
عَنْ أَبَا ذَرٍّ، يَقُولُ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ يَزَالُ اللَّهُ عَزَّ وَجَلَّ مُقْبِلاً عَلَى الْعَبْدِ فِي صَلاَتِهِ مَا لَمْ يَلْتَفِتْ فَإِذَا صَرَفَ وَجْهَهُ انْصَرَفَ عَنْهُ
അബൂദ൪റില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു തന്റെ അടിമയുടെ നേരെ അയാളുടെ നമസ്കാരത്തിന്റെ സമയത്ത് മുന്നിട്ട് നോക്കിക്കൊണ്ടേയിരിക്കും, അയാള്‍ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് നോക്കുന്നില്ലെങ്കില്‍. അയാള്‍ തന്റെ മുഖം തിരിച്ചു കളഞ്ഞാലോ അല്ലാഹുവും അയാളില്‍ നിന്ന് തിരിഞ്ഞു കളയും. (നസാഇ:1195 – അബൂദാവൂദ് – സ്വഹീഹുത്ത൪ഗീബ് :555)
عَنْ عَائِشَةَ، قَالَتْ سَأَلْتُ رَسُولَ اللَّهِ صلى الله عليه وسلم عَنْ الاِلْتِفَاتِ فِي الصَّلاَةِ فَقَالَ : هُوَ اخْتِلاَسٌ يَخْتَلِسُهُ الشَّيْطَانُ مِنْ صَلاَةِ الْعَبْدِ
ആയിശയില്‍(റ) നിന്ന് നിവേദനം: അവ൪ പറയുന്നു: നമസ്‌കാരത്തിൽ തിരിഞ്ഞു നോക്കുന്നതിനെക്കുറിച്ച് ഞാൻ അല്ലാഹുവിന്റെ റസൂലിനോട് ചോദിച്ചു. അപ്പോൾ അവിടുന്നു പറഞ്ഞു: അത് ഒരു അടിമയെ തന്റെ നമസ്‌കാരത്തിൽ നിന്ന് പിശാച് തട്ടിയെടുക്കുന്ന രംഗമാണ്. (ബുഖാരി: 751)
നമസ്‌കാരം എന്നത് മുന്‍കാലം മുതലേയുള്ള ഒരു ആരാധനയാണ്. പല നബിമാരുടെ ചരിത്രത്തിലും നമസ്‌കാരത്തെ പറ്റിയുള്ള വിവരണം കാണാം . യഹ്‌യാ നബി(അ)യുടെ കാലത്തും നമസ്‌കാരം ഉണ്ടായിരുന്നു എന്നത് ഈ വിവരണം നമുക്ക് വ്യക്തമാക്കി തരുന്നുണ്ട്. എന്നാല്‍ അന്നത്തെ നമസ്‌കാരത്തിന്റെ രൂപം എങ്ങനെയായിരുന്നു എന്ന് പ്രമാണങ്ങളില്‍ വ്യക്തമാക്കുന്നില്ല.
യഹ്‌യാ നബി(അ)യുടെ മൂന്നാമത്തെ കല്‍പ്പന കാണുക:
وَآمُرُكُمْ بِالصِّيَامِ فَإِنَّ مَثَلَ ذَلِكَ كَمَثَلِ رَجُلٍ فِي عِصَابَةٍ مَعَهُ صُرَّةٌ فِيهَا مِسْكٌ فَكُلُّهُمْ يَعْجَبُ أَوْ يُعْجِبُهُ رِيحُهَا وَإِنَّ رِيحَ الصَّائِمِ أَطْيَبُ عِنْدَ اللَّهِ مِنْ رِيحِ الْمِسْكِ
(അടുത്തതായി) ഞാന്‍ നിങ്ങളോട് നോമ്പ് കൊണ്ട് കല്‍പിക്കുന്നു. തീര്‍ച്ചയായും അതിന്റെ ഉപമ ഒരു ചെറിയ സംഘത്തില്‍ സഞ്ചിയില്‍ കസ്തൂരിയുമായി നടക്കുന്ന ഒരാളെ പൊലെയാകുന്നു. അങ്ങനെ അവര്‍ എല്ലാവരും (അതിനെ പറ്റി) ആശ്ചര്യപ്പെടുന്നു. അല്ലെങ്കില്‍ അതിന്റെ സുഗന്ധം അദ്ദേഹത്തെ (ആശ്ചര്യപ്പെടുത്തുന്നു). തീര്‍ച്ചയായും നോമ്പുകാരന്റെ (വായയുടെ) മണം അല്ലാഹുവിന്റെ അടുക്കല്‍ കസ്തൂരിയുടെ മണത്തെക്കാള്‍ സുഗന്ധമുള്ളതാകുന്നു.
മൂന്നാമത്തെ കല്‍പന നോമ്പിനെക്കുറിച്ചാണ്. നോമ്പുകാരന്റെ വായക്ക് വാസനയുണ്ടായിരിക്കുമല്ലോ. അത് അടുത്തു പെരുമാറുന്നവര്‍ക്ക് വിഷമം ഉണ്ടാക്കാനും സാധ്യത കൂടുതലാണ്. എന്നാല്‍ ആ മണം അല്ലാഹുവിങ്കല്‍ കസ്തൂരിയെക്കാള്‍ സുഗന്ധമുള്ളതാണെന്ന സന്തോഷവാര്‍ത്ത അദ്ദേഹം അല്ലാഹു അറിയിച്ചതനുസരിച്ച് ജനങ്ങള്‍ക്ക് ഒരു ഉദാഹരണത്തിലൂടെ എത്തിച്ചുകൊടുക്കുന്നു. നോമ്പുകാരന്റെ വായയുടെ ഗന്ധം അല്ലാഹുവിന്റെ അടുക്കൽ കസ്തൂരിയേക്കാൾ സുഗന്ധമുള്ളതാണെന്ന് നബി(സ്വ)യും നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്.
وَالَّذِي نَفْسِي بِيَدِهِ لَخُلُوفُ فَمِ الصَّائِمِ أَطْيَبُ عِنْدَ اللَّهِ تَعَالَى مِنْ رِيحِ الْمِسْكِ
നബി ﷺ പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കൈയ്യിലാണോ (ആ അല്ലാഹുവിനെ തന്നെയാണെ) സത്യം, നോമ്പുകാരന്റെ വായയുടെ ഗന്ധം അല്ലാഹുവിന്റെ അടുക്കൽ കസ്തൂരിയേക്കാൾ സുഗന്ധമുള്ളതാണ്… (ബുഖാരി: 1894)
നമസ്‌കാരത്തെപ്പോലെ നോമ്പും മുന്‍കാലം മുതലേയുള്ള ഒരു ആരാധനയാണെന്നും ഇതില്‍ നിന്നും വ്യക്തമാണ്. വിശുദ്ധ ഖു൪ആനിലും ഇത് സംബന്ധിച്ച സൂചന കാണാം.
ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻛُﺘِﺐَ ﻋَﻠَﻴْﻜُﻢُ ٱﻟﺼِّﻴَﺎﻡُ ﻛَﻤَﺎ ﻛُﺘِﺐَ ﻋَﻠَﻰ ٱﻟَّﺬِﻳﻦَ ﻣِﻦ ﻗَﺒْﻠِﻜُﻢْ ﻟَﻌَﻠَّﻜُﻢْ ﺗَﺘَّﻘُﻮﻥَ
സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ തഖ്‌വയുള്ളവരായിത്തീരുവാന്‍ വേണ്ടിയത്രെ അത്.(ഖു൪ആന്‍: 2 /183)
യഹ്‌യാ നബി(അ)യുടെ നാലാമത്തെ കല്‍പ്പന കാണുക:
وَآمُرُكُمْ بِالصَّدَقَةِ فَإِنَّ مَثَلَ ذَلِكَ كَمَثَلِ رَجُلٍ أَسَرَهُ الْعَدُوُّ فَأَوْثَقُوا يَدَهُ إِلَى عُنُقِهِ وَقَدَّمُوهُ لِيَضْرِبُوا عُنُقَهُ فَقَالَ أَنَا أَفْدِيهِ مِنْكُمْ بِالْقَلِيلِ وَالْكَثِيرِ. فَفَدَى نَفْسَهُ مِنْهُمْ
(അടുത്തതായി) നിങ്ങളോട് ഞാന്‍ സ്വദക്വഃയെ കൊണ്ടും കല്‍പിക്കുന്നു. തീര്‍ച്ചയായും അതിന്റെ ഉപമ ശത്രു ബന്ധനസ്ഥനാക്കിയ ഒരാളെ പോലെയാകുന്നു. എന്നിട്ട് അവര്‍ അയാളുടെ കൈകള്‍ അയാളുടെ പിരടിയിലേക്ക് ശക്തിയായി (കെട്ടി). (എന്നിട്ട്) അയാളുടെ പിരടി വെട്ടുന്നതിനായി അവര്‍ ചാടി വീണു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാന്‍ നിങ്ങളില്‍ നിന്ന് (ഒരാള്‍ക്ക്) കുറച്ചായും ധാരാളമായും മോചനദ്രവ്യം നല്‍കാം. എന്നാല്‍ അവരില്‍ നിന്ന് എന്നെ നിങ്ങള്‍ മോചിപ്പിക്കുമോ?
നാലാമത്തെ കല്‍പന ദാനധര്‍മത്തെക്കുറിച്ചായിരുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അല്‍പമോ കൂടുതലോ ചെലവഴിക്കുന്നവര്‍ അവരുടെ ശരീരത്തെ നരകത്തില്‍ നിന്ന് അല്‍പാല്‍പമായി മോചിപ്പിക്കുകയാണ് ചെയ്യുന്നത്. അതിന് ഒരു ഉദാഹരണം ഇപ്രകാരമാണ്: ഒരാളെ ഒരു സംഘമാളുകള്‍ കൊല്ലാന്‍ തീരുമാനിച്ചു. മോചനദ്രവ്യം നല്‍കിയാല്‍ ആ കൊലയില്‍ നിന്ന് അയാള്‍ക്ക് രക്ഷപ്പെടാം എന്ന് അവര്‍ അറിയിക്കുകയും ചെയ്തു. അങ്ങനെ അയാള്‍ ആ മരണത്തില്‍ നിന്ന് രക്ഷപ്പെടാനായി മോചനദ്രവ്യം നല്‍കുന്നു. കൊലയില്‍ നിന്ന് രക്ഷ കിട്ടുന്നു. തന്റെ മരണത്തില്‍ നിന്ന്, അല്‍പമായും ധാരാളമായും ചെലവഴിക്കുന്നതിലൂടെ അയാള്‍ രക്ഷപ്പെടുന്നത് പോലെയാണ് നരകത്തില്‍ നിന്നും ദാനധര്‍മം വഴി ഒരാള്‍ക്ക് മോചനം ലഭിക്കുന്നത്.
ഒരു മനുഷ്യന്റെ പാപങ്ങളാണ് അവനെ നരകത്തിലെത്തിക്കുന്നത്. സ്വദഖ നല്‍കുമ്പോള്‍ അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടുന്നു. അവന്‍ നരകത്തില്‍ നിന്ന് മോചിതനാകുകയും ചെയ്യുന്നു.
ﺇِﻥ ﺗُﻘْﺮِﺿُﻮا۟ ٱﻟﻠَّﻪَ ﻗَﺮْﺿًﺎ ﺣَﺴَﻨًﺎ ﻳُﻀَٰﻌِﻔْﻪُ ﻟَﻜُﻢْ ﻭَﻳَﻐْﻔِﺮْ ﻟَﻜُﻢْ ۚ ﻭَٱﻟﻠَّﻪُ ﺷَﻜُﻮﺭٌ ﺣَﻠِﻴﻢٌ
നിങ്ങള്‍ അല്ലാഹുവിന് ഉത്തമമായ കടം കൊടുക്കുന്ന പക്ഷം അവനത് നിങ്ങള്‍ക്ക് ഇരട്ടിയാക്കിത്തരികയും നിങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറ്റവും അധികം നന്ദിയുള്ളവനും സഹനശീലനുമാകുന്നു. (ഖു൪ആന്‍:64/17)
وَالصَّدَقَةُ تُطْفِئُ الْخَطِيئَةَ كَمَا يُطْفِئُ الْمَاءُ النَّارَ
നബി ﷺ പറയുന്നു: ‘വെള്ളം ‘തീ’യെ അണക്കുന്നത് പോലെ ദാനധര്‍മം പാപത്തെ നീക്കിക്കളയും’.(തിര്‍മുദി:2616)
عَنْ عَدِيِّ بْنِ حَاتِمٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَا مِنْكُمْ أَحَدٌ إِلاَّ سَيُكَلِّمُهُ رَبُّهُ، لَيْسَ بَيْنَهُ وَبَيْنَهُ تَرْجُمَانٌ، فَيَنْظُرُ أَيْمَنَ مِنْهُ فَلاَ يَرَى إِلاَّ مَا قَدَّمَ مِنْ عَمَلِهِ، وَيَنْظُرُ أَشْأَمَ مِنْهُ فَلاَ يَرَى إِلاَّ مَا قَدَّمَ، وَيَنْظُرُ بَيْنَ يَدَيْهِ فَلاَ يَرَى إِلاَّ النَّارَ تِلْقَاءَ وَجْهِهِ، فَاتَّقُوا النَّارَ وَلَوْ بِشِقِّ تَمْرَةٍ
അദിയ്യ്ബ്നു ഹാതിം(റ) പറയുന്നു: നബി ﷺ പറയുന്നത് ഞാൻ കേട്ടു: നിങ്ങളില്‍ ഒരാളുമില്ല, അവനോട് അല്ലാഹു സംസാരിക്കാതെ. അവനും അല്ലാഹുവിനും ഇടയില്‍ യാതൊരു പരിഭാഷകരും ഉണ്ടായിരിക്കില്ല. ഒരാള്‍ തന്റെ വലത് ഭാഗത്തേക്ക് നോക്കും. താന്‍ കാലേകൂട്ടി ചെയ്തതല്ലാതെ അയാള്‍ യാതൊന്നും കാണില്ല. അയാള്‍ തന്റെ ഇടത്ത് ഭാഗത്തേക്ക് നോക്കും. അപ്പോഴും താന്‍ തനിക്ക് മുന്‍കൂട്ടി ചെയ്തതല്ലാതെ അയാള്‍ യാതൊന്നും കാണില്ല. അപ്പോള്‍ അയാള്‍ തന്റെ മുന്നിലേക്ക് നോക്കും. തന്റെ മുന്നില്‍ നരകമല്ലാതെ യാതൊന്നും കാണില്ല. അതിനാല്‍ ഒരു കാരക്കക്കീറ് ധർമ്മം ചെയ്തിട്ടെങ്കിലും നിങ്ങള്‍ നരകത്തെ കാക്കുക. (ബുഖാരി:7512)
നബി ﷺ സ്ത്രീ സമൂഹത്തോട് പറഞ്ഞു:
يَا مَعْشَرَ النِّسَاءِ تَصَدَّقْنَ، فَإِنِّي أُرِيتُكُنَّ أَكْثَرَ أَهْلِ النَّارِ
‘സ്ത്രീകളേ, നിങ്ങള്‍ ദാനം ചെയ്യുക. നിങ്ങളെയാണ് നരകത്തില്‍ കൂടുതലും ഞാന്‍ കണ്ടിട്ടുള്ളത്. (ബുഖാരി:304)
تَصَدَّقْنَ فَإِنَّ أَكْثَرَكُنَّ حَطَبُ جَهَنَّمَ
നിങ്ങൾ സ്വദഖ കൊടുക്കുക കാരണം നിങ്ങൾ അധികപേരും നരകത്തിലെ വിറകുകളാണ്. (മുസ്ലിം: 885)
ഈ ഹദീസ് വിശകലനം ചെയ്ത് കൊണ്ട് ഇബ്നു ഹജര്‍(റ) എഴുതുന്നു: ‘സ്വദഖ, ശിക്ഷയെ തടയുമെന്നതിനും സൃഷ്ടികള്‍ക്കിടയിലുള്ള പാപങ്ങളെ പൊറുപ്പിക്കുമെന്നതിനും ഈ ഹദീസ് രേഖയാണ്’ (ഫത്ഹുല്‍ബാരി).
യഹ്‌യാ നബി(അ)യുടെ അഞ്ചാമത്തെ കല്‍പ്പന കാണുക:
وَآمُرُكُمْ أَنْ تَذْكُرُوا اللَّهَ فَإِنَّ مَثَلَ ذَلِكَ كَمَثَلِ رَجُلٍ خَرَجَ الْعَدُوُّ فِي أَثَرِهِ سِرَاعًا حَتَّى إِذَا أَتَى عَلَى حِصْنٍ حَصِينٍ فَأَحْرَزَ نَفْسَهُ مِنْهُمْ كَذَلِكَ الْعَبْدُ لاَ يُحْرِزُ نَفْسَهُ مِنَ الشَّيْطَانِ إِلاَّ بِذِكْرِ اللَّهِ
നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കണമെന്നും ഞാന്‍ നിങ്ങളോട് കല്‍പിക്കുന്നു. തീര്‍ച്ചയായും അതിന്റെ ഉപമ ഒരാളെ പോലെയാകുന്നു. ശത്രു അയാളുടെ കാല്‍പാദങ്ങളെ പിന്തുടര്‍ന്ന് വേഗത്തില്‍ പുറപ്പെട്ടു. (അങ്ങനെ) അയാള്‍ ഒരു കോട്ടക്ക് അകത്ത് ഒളിച്ചു. അവരില്‍ (ശത്രുക്കളില്‍) നിന്ന് അയാളുടെ ശരീരത്തെ രക്ഷിച്ചു. അപ്രകാരം ഒരു അടിമ അല്ലാഹുവിനെ കൊണ്ടുള്ള സ്മരണകൊണ്ടല്ലാതെ പിശാചില്‍ നിന്നും അയാളുടെ ശരീരത്തെ രക്ഷിക്കുന്നില്ല. (തിര്‍മിദി:44/3102)
അല്ലാഹുവിനെ ധാരാളം ഓര്‍ക്കണം എന്നതാണ് അഞ്ചാമത്തെ കല്‍പന. ഇക്കാര്യം വിശുദ്ധ ഖു൪ആന്‍ ധാരാളം സ്ഥലത്ത് കല്‍പ്പിക്കുന്നുണ്ട്.
ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ٱﺫْﻛُﺮُﻭا۟ ٱﻟﻠَّﻪَ ﺫِﻛْﺮًا ﻛَﺜِﻴﺮًا ﻭَﺳَﺒِّﺤُﻮﻩُ ﺑُﻜْﺮَﺓً ﻭَﺃَﺻِﻴﻼً
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുകയും, രാവിലേയും വൈകുന്നേരവും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുവിന്‍.(ഖു൪ആന്‍ : 33/41-42)
ﻭَﻟَﺬِﻛْﺮُٱﻟﻠَّﻪِ ﺃَﻛْﺒَﺮُ ۗ
അല്ലാ ഹുവെ ഓര്‍മ്മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു. (ഖു൪ആന്‍ :29/45)
എല്ലാ സമയത്തും അല്ലാഹുവിനെ കുറിച്ചുള്ള ഓ൪മ്മ നിലനി൪ത്തുന്നവ൪ക്ക് ഒട്ടനവധി പ്രതിഫലം ലഭിക്കുന്നതാണ്. ദിക്റുള്ള വഴി പിശാചിന്റെ ആക്രമണത്തില്‍ നിന്നും സുരക്ഷിതനായിരിക്കുമെന്നാണ് യഹ്‌യാ നബി(അ) ആളുകളെ പഠിപ്പിക്കുന്നത്. ശത്രുവില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ഒരിക്കലും തകര്‍ക്കാന്‍ കഴിയാത്ത ഒരു കോട്ടയില്‍ ഒരാള്‍ അഭയം പ്രാപിച്ചാല്‍ അയാളുടെ ശരീരം എത്ര സുരക്ഷിതമാകുമോ അതേപോലെയാണ് ദിക്റുള്ള വഴി മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവായ പിശാചില്‍ നിന്ന് രക്ഷനേടുന്നത്.. ഒരു ഹദീസ് സാന്ദ൪ഭികമായി ഓ൪മ്മിപ്പക്കുന്നു:
عَنْ جَابِرِ بْنِ عَبْدِ اللَّهِ، أَنَّهُ سَمِعَ النَّبِيَّ صلى الله عليه وسلم يَقُولُ: إِذَا دَخَلَ الرَّجُلُ بَيْتَهُ فَذَكَرَ اللَّهَ عِنْدَ دُخُولِهِ وَعِنْدَ طَعَامِهِ قَالَ الشَّيْطَانُ لاَ مَبِيتَ لَكُمْ وَلاَ عَشَاءَ . وَإِذَا دَخَلَ فَلَمْ يَذْكُرِ اللَّهَ عِنْدَ دُخُولِهِ قَالَ الشَّيْطَانُ أَدْرَكْتُمُ الْمَبِيتَ . وَإِذَا لَمْ يَذْكُرِ اللَّهَ عِنْدَ طَعَامِهِ قَالَ أَدْرَكْتُمُ الْمَبِيتَ وَالْعَشَاءَ
ജാബിറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ തന്റെ വീട്ടില്‍ പ്രവേശിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അല്ലാഹുവിന്റെ നാമം ഉച്ചരിച്ചാല്‍ പിശാച് (അവന്റെ പിശാചുക്കളായ കൂട്ടാളികളോട) പറയും: ‘നിങ്ങള്‍ക്ക് ഇവിടെ രാത്രിയില്‍ താമസിക്കാന്‍ സൗകര്യമില്ല, ഭക്ഷണവുമില്ല’. ഇനി ,പ്രവേശന സമയത്ത് അല്ലാഹുവിന്റെ നാമം ഉച്ചരിക്കാതിരുന്നാല്‍ (അനുയായികളോടുള്ള) പിശാചിന്റെ പ്രതികരണം മേല്‍ പറഞ്ഞ താമസ സൗകര്യം ലഭ്യമാണ് എന്നായിരിക്കും. ഭക്ഷണ സമയത്ത് അല്ലാഹുവിന്റെ നാമം അവഗണിച്ചാല്‍ അവന്‍ പറയുന്നത് “നിങ്ങള്‍ക്കുള്ള ഭക്ഷണം നിങ്ങള്‍ നേടി കഴിഞ്ഞു” എന്നായിരിക്കും. (മുസ്‌ലിം:2018)
പ്രസ്തുത ഹദീസിന്റെ അവസാനം നബി ﷺ പറഞ്ഞിട്ടുള്ള ചില കാര്യങ്ങള്‍ കാണുക:
قَالَ النَّبِيُّ صلى الله عليه وسلم ” وَأَنَا آمُرُكُمْ بِخَمْسٍ اللَّهُ أَمَرَنِي بِهِنَّ السَّمْعُ وَالطَّاعَةُ وَالْجِهَادُ وَالْهِجْرَةُ وَالْجَمَاعَةُ فَإِنَّهُ مَنْ فَارَقَ الْجَمَاعَةَ قِيدَ شِبْرٍ فَقَدْ خَلَعَ رِبْقَةَ الإِسْلاَمِ مِنْ عُنُقِهِ إِلاَّ أَنْ يَرْجِعَ وَمَنِ ادَّعَى دَعْوَى الْجَاهِلِيَّةِ فَإِنَّهُ مِنْ جُثَا جَهَنَّمَ ” . فَقَالَ رَجُلٌ يَا رَسُولَ اللَّهِ وَإِنْ صَلَّى وَصَامَ قَالَ ” وَإِنْ صَلَّى وَصَامَ فَادْعُوا بِدَعْوَى اللَّهِ الَّذِي سَمَّاكُمُ الْمُسْلِمِينَ الْمُؤْمِنِينَ عِبَادَ اللَّهِ ”
നബി ﷺ പറഞ്ഞു: അല്ലാഹു എന്നോട് കല്‍പ്പിച്ചിട്ടുള്ള അഞ്ച് കാര്യങ്ങള്‍ ഞാന്‍ നിങ്ങളോടും കല്‍പ്പിക്കുന്നു. (ഇസ്ലാമിക ഭരണാധികാരികളെ) കേള്‍ക്കലും, അനുസരിക്കലും, ജിഹാദ്, ഹിജ്റ, ജമാഅത്ത് (ഒന്നിച്ച് നില്‍ക്കല്‍) എന്നിവയാണത്. ആരെങ്കിലും ഒരു ചാണ്‍ ജമാഅത്തില്‍ നിന്ന് അകന്നാല്‍ അവന്‍ അവന്റെ കഴുത്തില്‍ നിന്ന് ഇസ്ലാമിന്റെ കയ൪ മുറിക്കുകയാണ് ചെയ്യുന്നത്. ആരെങ്കിലും ജാഹിലിയത്തിന്റെ വിളികൊണ്ട് വിളിച്ചാല്‍ അവന്‍ നരകത്തിന്റെ തടിയാണ്. അപ്പോള്‍ ഒരാള്‍ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അവന്‍ നമസ്കരിച്ചാലും നോമ്പ് നോറ്റാലും ? നബി ﷺ പറഞ്ഞു: അവന്‍ നമസ്കരിച്ചാലും നോമ്പ് നോറ്റാലും (നരകത്തിലാണ്). അല്ലാഹു നിങ്ങളെ വിളിച്ച പേര് കൊണ്ട് നിങ്ങള്‍ പരസ്പരം വിളിക്കുക, അതായത് മുസ്ലിംകളെ, മുഅ്മിനുകളെ, അല്ലാഹുവിന്റെ അടിമകളെ. (തിര്‍മിദി:44/3102)
അല്ലാഹു മുഹമ്മദ് നബിയോട് കല്‍പ്പിച്ചിട്ടുള്ള അഞ്ച് കാര്യങ്ങള്‍ അദ്ദേഹം നമ്മളോടും കല്‍പ്പിക്കുന്നു. ഇസ്ലാമിക ഭരണാധികാരികളെ കേള്‍ക്കലും, അനുസരിക്കലുനാണ് ഒന്നാമതായും രണ്ടാമതായും കല്‍പ്പിച്ചിട്ടുള്ളത്. മൂന്നാമതായി പറഞ്ഞിട്ടുള്ളത് ജിഹാദിനെ കുറിച്ചാണ്. ജിഹാദില്‍ ഇന്ന് നമുക്ക് സാധ്യമായിട്ടുള്ളതില്‍ ഏറ്റവും പ്രധാനം സ്വന്തത്തോടുള്ള ജിഹാദാണ്. അല്ലാഹു കല്‍പ്പിച്ചത് പ്രവ൪ത്തിക്കാനും വിരോധിച്ചത് വെടിയാനും വേണ്ടി.
المجاهد من جاهد نفسه في طاعة الله
നബി ﷺ പറഞ്ഞു: അല്ലാഹുവിനെ അനുസരിക്കുന്നതിനായി സ്വന്തത്തെ പരിശീലിപ്പിക്കുന്നവന്‍ മുജാഹിദാണ്.
നാലാമതായി പറഞ്ഞിട്ടുള്ളത് ഹിജ്റയെ കുറിച്ചാണ്. മതമനുസരിച്ച് ജീവിക്കുവാന്‍ വേണ്ടി അതിന് സാധ്യമല്ലാത്ത നാട്ടില്‍ നിന്ന് സാധ്യമായ നാട്ടിലേക്ക് പലായനം ചെയ്യലാണ് ഹിജ്റ. നമ്മെ സംബന്ധിച്ചിടത്തോളം ഇന്ന് അത്തരം ഹിജ്റയുടെ ആവശ്യമില്ല. എന്നാല്‍ മുസ്‌ലിം സദാസമയവും മുഹാജിര്‍ ആയിരിക്കണം. ‘ഹിജ്റ’ എന്ന പദത്തിന്റെ അ൪ത്ഥം ‘ഒഴിവാക്കുക’ എന്നാണ്. തിന്മകളില്‍ നിന്നും അധാ൪മ്മികതകളില്‍ നിന്നും സംസ്‌കാരത്തിന് യോജിക്കാത്ത എല്ലാറ്റില്‍ നിന്നും മുസ്‌ലിം മുഹാജിര്‍ ആകണം. തിന്മയില്‍ നിന്നും നന്മ യിലേക്കുള്ള ഓട്ടം ഹിജ്‌റയാണ്.
الْمُهَاجِرُ مَنْ هَجَرَ الْخَطَايَا وَالذُّنُوبَ
നബി ﷺ പറഞ്ഞു: അല്ലാഹുവിനെ ധിക്കരിക്കുന്നതും പാപങ്ങളും വെടിയുന്നവന്‍ മുഹാജിറാണ്.
അഞ്ചാമതായി പറഞ്ഞിട്ടുള്ളത് ജമാഅത്തിനെ കുറിച്ചാണ്. നാം ഒന്നിച്ച് നില്‍ക്കുന്നരായിരിക്കണം. അഥവാ ഖു൪ആനിനോടും സുന്നത്തിനോടും സ്വഹാബികളുടെ നിലപാടിനോടും യോജിച്ച് നില്‍ക്കുന്നവരായിരിക്കണം. മുസ്ലിംകള്‍ ഒന്നിച്ച് ചേ൪ന്ന് നില്‍ക്കുന്നവരായിരിക്കണം എന്ന അ൪ത്ഥത്തിലും ഇത് പറയപ്പെട്ടിട്ടുണ്ട്.
وَٱعْتَصِمُوا۟ بِحَبْلِ ٱللَّهِ جَمِيعًا وَلَا تَفَرَّقُوا۟ ۚ
നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്. (ഖു൪ആന്‍:3/103)
مِنَ ٱلَّذِينَ فَرَّقُوا۟ دِينَهُمْ وَكَانُوا۟ شِيَعًا ۖ كُلُّ حِزْبٍۭ بِمَا لَدَيْهِمْ فَرِحُونَ
അതായത്, തങ്ങളുടെ മതത്തെ ഛിന്നഭിന്നമാക്കുകയും, പലകക്ഷികളായി തിരിയുകയും ചെയ്തവരുടെ കൂട്ടത്തില്‍. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതില്‍ സന്തോഷമടയുന്നവരത്രെ. (ഖു൪ആന്‍:30/32)
ആരെങ്കിലും ജാഹിലിയത്തിന്റെ വിളികൊണ്ട് വിളിച്ചാല്‍ അവന്‍ നരകത്തിന്റെ തടിയാണെന്നും ഓ൪മ്മിപ്പിക്കുന്നു.
وَلَا تَنَابَزُوا۟ بِٱلْأَلْقَٰبِ ۖ بِئْسَ ٱلِٱسْمُ ٱلْفُسُوقُ بَعْدَ ٱلْإِيمَٰنِ ۚ
നിങ്ങള്‍ (അസഭ്യമായ) അർത്ഥപ്പേരുകളിൽ അന്യോന്യം വിളിച്ചപമാനിക്കുകയും അരുത്. സത്യവിശ്വാസത്തിന് ശേഷം ദുഷ്ടപ്പേര്(ഉപയോഗിക്കൽ) എത്ര ചീത്ത! (ഖു൪ആന്‍:49/11)
സത്യവിശ്വാസം സ്വീകരിച്ചുകഴിഞ്ഞാൽ പിന്നെ ദുഷിച്ച പേരുകൾ ഉപയോഗിക്കുന്നത് വളരെ ചീത്തയാണ്. അതൊന്നും സത്യവിശ്വാസികൾക്ക് യോജിച്ചതല്ല, ഇസ്‌ലാമിക സംസ്കാരത്തിന് നിരക്കുകയുമില്ല. അത് ജാഹിലിയ്യാ സമ്പ്രദായമാണ്, സംസ്കാര വിരുദ്ധവുമാണ്. മുസ്‌ലിംകളുടെ വായിൽനിന്ന് അത്തരം വാക്കുകൾ പുറത്തുവരുകയോ, മുസ്‌ലിംകളെപറ്റി അവ ഉപയോഗിക്കുകയോ ചെയ്തുകൂടാ . അല്ലാഹു വിളിച്ച പേര് കൊണ്ട് പരസ്പരം വിളിക്കുകയാണ് വേണ്ടത്. അതായത് മുസ്ലിംകളെ, മുഅ്മിനുകളെ, അല്ലാഹുവിന്റെ അടിമകളെ എന്ന്.
هُوَ سَمَّىٰكُمُ ٱلْمُسْلِمِينَ مِن قَبْلُ وَفِى هَٰذَا
മുമ്പും, ഇതിലും (മുന്‍ വേദഗ്രന്ഥങ്ങളിലും ഈ വേദത്തിലും) നിങ്ങള്‍ക്കു ‘മുസ്ലിംകള്‍’ എന്നു് അവന്‍ പേരുവെച്ചിരിക്കുന്നു. (ഖു൪ആന്‍:22/78)