ഭ൪ത്താവ് മരണപ്പെട്ട സ്ത്രീകളെയാണ് വിധവകള്‍ എന്ന് പറയുന്നത്. വിധവകളെ ശാപമായി കാണുന്ന സമൂഹങ്ങളുണ്ട്. ശുഭകാര്യങ്ങള്‍ നടക്കുന്ന ഇടങ്ങളില്‍ അപശകുനമായി കടന്നുചെല്ലാതെ നാലാള്‍ കൂടുന്നിടത്തു നിന്ന് സ്വയം പിന്‍വാങ്ങി സ്വന്തം ലോകത്ത് ഒതുങ്ങി കഴിയേണ്ടവരാണ് വിധവകളെന്ന് പല സമൂഹങ്ങളും വിധിയെഴുതിയിട്ടുണ്ട്. വിധവകൾ മറ്റൊരു വിവാഹ ജീവിതത്തെ കുറിച്ചൊന്നും ചിന്തിക്കാതെ കുട്ടികളെയും നോക്കി ശേഷിച്ച കാലം ജീവിക്കണമെന്നാണ് മറ്റ് ചില സമൂഹങ്ങള്‍ വിധിയെഴുതിയിട്ടുള്ളത്. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഓരോ നാട്ടിലും സമൂഹത്തിലും എന്താണ് ആചാരവും നാട്ടുനടപ്പും എന്നുളളതല്ല, ഈ വിഷയത്തില്‍ ഇസ്ലാമിന്റെ സമീപനം എന്താണെന്ന് മനസ്സലാക്കി അതനുസരിച്ച് പ്രവ൪ത്തിക്കലാണ് വേണ്ടത്.
ഒരു വിധവ, വിധവയായി ജനിച്ചു വള൪ന്നു വന്നതല്ല. അവള്‍ക്കൊരു ഇണയുണ്ടായിരുന്നു. അവള്‍ക്കും സന്തോഷകരമായ നല്ലൊരു ജീവിതമുണ്ടായിരുന്നു. ഭ൪ത്താവും മക്കളുമൊത്ത് ജീവിച്ചു വന്നിരുന്ന അവള്‍ക്കും സ്വപ്നങ്ങളുണ്ടായിരുന്നു. അതിനിടയില്‍ അല്ലാഹുവിന്റെ അലംഘനീയമായി വിധിക്ക് ഉത്തരം നല്‍കി അവളുടെ ഇണ ഈ ലോകത്ത് നിന്നും വിട പറഞ്ഞുവെന്ന് മാത്രം. സഹോദരിമാരെ, അടുത്ത നിമിഷം നിങ്ങള്‍ വിധവകളായേക്കാം. സഹോദന്‍മാരെ, അടുത്ത നിമിഷം നിങ്ങളുടെ ഭാര്യയോ മകളോ സഹോദരിയോ മാതാവോ വിധവകളായേക്കാം. മരണം ഓരോരുത്ത൪ക്കും അവരുടെ ചെരുപ്പിന്റെ വാറിനേക്കാള്‍ അടുത്ത് നില്‍ക്കുന്നതാണ്.
സാമൂഹ്യവും സാമ്പത്തികവും മാനസികവുമായി പല പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ് വിധവകള്‍. തന്റെ ഇണയുടെ മരണത്തോടെ അവള്‍ സമൂഹത്തില്‍ ഒറ്റപ്പെടുന്നു. കുടുംബത്തിന്റെ ഏകവരുമാന മാ൪ഗവും നിലച്ചിരിക്കുന്നു. ഏതവസ്ഥയിലും തനിക്ക് തുണയും ആശ്വാസവുമായിരുന്നയാള്‍ എന്നെന്നേക്കുമായി തന്നെ വിട്ടുപോയിരിക്കുന്നു. സത്യവിശ്വാസികളെ, നമ്മുടെ കുടുംബത്തില്‍ വിധവകളുണ്ട്, നമ്മുടെ സമൂഹത്തില്‍ വിധവകളുണ്ട്. നമുക്ക് അവരോട് ചില ബാധ്യതകളുണ്ട്, വ്യക്തിപരമായും സാമൂഹികപരമായും.
വിധവകള്‍ക്ക് മരണപ്പെട്ട ഭ൪ത്താവിന്റെ സ്വത്തില്‍ അവകാശമുണ്ട്.
وَلَهُنَّ ٱلرُّبُعُ مِمَّا تَرَكْتُمْ إِن لَّمْ يَكُن لَّكُمْ وَلَدٌ ۚ فَإِن كَانَ لَكُمْ وَلَدٌ فَلَهُنَّ ٱلثُّمُنُ مِمَّا تَرَكْتُم ۚ مِّنۢ بَعْدِ وَصِيَّةٍ تُوصُونَ بِهَآ أَوْ دَيْ
നിങ്ങള്‍ക്ക് സന്താനമില്ലെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോയ ധനത്തില്‍ നിന്ന് നാലിലൊന്നാണ് അവര്‍ക്ക് (ഭാര്യമാര്‍ക്ക്) ഉള്ളത്. ഇനി നിങ്ങള്‍ക്ക് സന്താനമുണ്ടായിരുന്നാല്‍ നിങ്ങള്‍ വിട്ടേച്ചു പോയതില്‍ നിന്ന് എട്ടിലൊന്നാണ് അവര്‍ക്കുള്ളത്. നിങ്ങള്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്. ….. (ഖു൪ആന്‍ :4/12)
വിധവാ വിവാഹം
വിധവകൾ മറ്റൊരു വിവാഹ ജീവിതത്തെ കുറിച്ചൊന്നും ചിന്തിക്കാതെ കുട്ടികളെയും നോക്കി ശേഷിച്ച കാലം ജീവിക്കണമെന്നാണ് സമൂഹത്തില്‍ പൊതുവെയുള്ള ധാരണ. ഭാര്യ മരണപ്പെട്ട ഒരു പുരുഷൻ സാധാരണ ഗതിയിൽ കുറച്ച് കഴിയുമ്പോഴേക്കും പുതിയ ഇണയെ കണ്ടെത്തുകയും പുതിയ വൈവാഹിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നു. എന്നാൽ, ഭർത്താവ് മരണപ്പെട്ട സ്ത്രീ, അവള്‍ യുവതിയാണെങ്കില്‍ അവളെ വിവാഹം കഴിപ്പിക്കാറുണ്ടെങ്കിലും അവള്‍ മധ്യവയസ്കയും രണ്ടോ മൂന്നോ കുട്ടികളുള്ളവളുമാണെങ്കില്‍ അവളെ വിവാഹം കഴിപ്പിച്ച് പുതിയൊരു ജീവിതം ആരംഭിക്കുന്നതിന് സമൂഹം പൊതുവെ താല്‍പ്പര്യം കാണിക്കാറില്ല. സാധാരണ ഗതിയിൽ ശിഷ്ടജീവിതം അവരുടെ മോഹങ്ങളും സ്വപ്നങ്ങളും കുഴിച്ചു മൂടി കുട്ടികളേയും മറ്റും നോക്കി ഒതുങ്ങി കഴിഞ്ഞു കൂടേണ്ടതായി വരുന്നു. അല്ലാഹു പരിശുദ്ധ ഖുർആനിലൂടെ ഭാര്യമരണപ്പെട്ട പുരുഷന്റെ വിവാഹകാര്യത്തെ കുറിച്ചു പറയാതെ ഭർത്താവു മരണപ്പെട്ട സ്ത്രീകളുടെ പുനർ വിവാഹത്തെ കുറിച്ച് പ്രത്യേകമായി എടുത്തു പറഞ്ഞത് ഇതിനോട് ചേ൪ത്ത് വായിക്കുക.
ഭൂരിഭാഗം വിധവകളും പുനര്‍ വിവാഹിതരാവാതെ ജീവിക്കുന്നത് നാട്ടുകാരെയും വീട്ടുകാരെയും മക്കളെയും ഒക്കെ ഭയന്നിട്ടാണ്. ആദ്യ വിവാഹത്തില്‍ സന്തോഷകരമായ ജീവിതമായിരുന്നെങ്കില്‍ മരിക്കും വരെ മനസ്സിലുണ്ടാവും ആ ജീവിതം. മാഞ്ഞുപോവുകയൊന്നുമില്ല അത് .ഒരു കൂട്ട് വേണമെന്ന് അവര്‍ ആഗ്രഹിക്കുന്നത് മരിച്ചുപോയ ഭര്‍ത്താവിനെ മറന്നു പോയത് കൊണ്ടോ ലൈംഗികത കൊണ്ടുമാത്രമോ അല്ല. മറിച്ചു തങ്ങള്‍ അനുഭവിക്കുന്ന അസഹനീയമായ ഏകാന്തതയില്‍ നിന്നും അരക്ഷിതാവസ്ഥയില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയുമാണ്.
വിധവകളുടെ പുനർവിവാഹം പ്രോത്സാഹിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി, 18 നും 45 നും മധ്യേ പ്രായമുള്ള വിധവകളെ വിവാഹം ചെയ്യുന്നവർക്ക് 2 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശിലെ സാമൂഹ്യ ക്ഷേമ വകുപ്പ് പുതിയ പദ്ധതി ആവിഷ്കരിച്ചത് ഏറ്റവും പുതിയ വാ൪ത്തയാണ്. 1400 വ൪ഷങ്ങള്‍ക്ക് മുമ്പുതന്നെ ഇസ്ലാം വിധവാ വിവാഹത്തെ പ്രോല്‍സാഹിപ്പിച്ചിട്ടുണ്ട്. പ്രവാചക പത്നിമാരെ വിളിച്ച് കൊണ്ട് അല്ലാഹു പറയുന്നത് കാണുക:
عَسَىٰ رَبُّهُۥٓ إِن طَلَّقَكُنَّ أَن يُبْدِلَهُۥٓ أَزْوَٰجًا خَيْرًا مِّنكُنَّ مُسْلِمَٰتٍ مُّؤْمِنَٰتٍ قَٰنِتَٰتٍ تَٰٓئِبَٰتٍ عَٰبِدَٰتٍ سَٰٓئِحَٰتٍ ثَيِّبَٰتٍ وَأَبْكَارًا
(പ്രവാചക പത്നിമാരേ,) നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളെക്കാള്‍ നല്ലവരായ ഭാര്യമാരെ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ രക്ഷിതാവ് പകരം നല്‍കിയേക്കാം. മുസ്ലിംകളും സത്യവിശ്വാസിനികളും ഭയഭക്തിയുള്ളവരും പശ്ചാത്താപമുള്ളവരും ആരാധനാനിരതരും വ്രതമനുഷ്ഠിക്കുന്നവരും വിധവകളും കന്യകകളുമായിട്ടുള്ള സ്ത്രീകളെ. (ഖു൪ആന്‍:66/5)
ഇവിടെ വിധവകളെ കന്യകകളോടൊപ്പമാണ് അല്ലാഹു എടുത്ത് പറഞ്ഞിട്ടുള്ളത്. പ്രവാചക പത്നിമാരില്‍ ആയിശ(റ) ഒഴിച്ചുള്ളവരെല്ലാം വിധവകളോ വിവാഹ മേചിതരോ ആയിരുന്നു.
ഭർത്താവ് മരണപ്പെട്ട സ്ത്രീകളുടെ ഇദ്ദാ കാലയളവ് നാലുമാസവും പത്തു ദിവസവുമായാണ് അല്ലാഹു നിശ്ചയിച്ചിട്ടുള്ളത്. ഇദ്ദാ കാലയളവിന് ശേഷം അവള്‍ക്ക് പുന൪വിവാഹം കഴിക്കാവുന്നതാണ്.
وَٱلَّذِينَ يُتَوَفَّوْنَ مِنكُمْ وَيَذَرُونَ أَزْوَٰجًا يَتَرَبَّصْنَ بِأَنفُسِهِنَّ أَرْبَعَةَ أَشْهُرٍ وَعَشْرًا ۖ فَإِذَا بَلَغْنَ أَجَلَهُنَّ فَلَا جُنَاحَ عَلَيْكُمْ فِيمَا فَعَلْنَ فِىٓ أَنفُسِهِنَّ بِٱلْمَعْرُوفِ ۗ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ
നിങ്ങളില്‍ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചു കൊണ്ട് മരണപ്പെടുകയാണെങ്കില്‍ അവര്‍ (ഭാര്യമാര്‍) തങ്ങളുടെ കാര്യത്തില്‍ നാലുമാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്. എന്നിട്ട് അവരുടെ ആ അവധിയെത്തിയാല്‍ തങ്ങളുടെ കാര്യത്തിലവര്‍ മര്യാദയനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമൊന്നുമില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്. (ഖു൪ആന്‍:2/234)
ഇദ്ദയുടെ കാലയളവില്‍ അവള്‍ക്ക് മറ്റൊരു വിവാഹമോ വിവാഹാലോചനയോ പാടില്ല. എന്നാല്‍ ഈ ചുരുങ്ങിയ കാലയളവ് കഴിഞ്ഞിട്ട് മാത്രമേ മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കാവൂ എന്നൊന്നും ഇസ്ലാം പറയുന്നില്ല. ഈ കാലയളവില്‍ തന്നെ മറ്റൊരു വിവാഹത്തെ കുറിച്ച് അവള്‍ക്ക് ചിന്തിക്കാവുന്നതാണ്.
وَلَا جُنَاحَ عَلَيْكُمْ فِيمَا عَرَّضْتُم بِهِۦ مِنْ خِطْبَةِ ٱلنِّسَآءِ أَوْ أَكْنَنتُمْ فِىٓ أَنفُسِكُمْ ۚ عَلِمَ ٱللَّهُ أَنَّكُمْ سَتَذْكُرُونَهُنَّ وَلَٰكِن لَّا تُوَاعِدُوهُنَّ سِرًّا إِلَّآ أَن تَقُولُوا۟ قَوْلًا مَّعْرُوفًا ۚ وَلَا تَعْزِمُوا۟ عُقْدَةَ ٱلنِّكَاحِ حَتَّىٰ يَبْلُغَ ٱلْكِتَٰبُ أَجَلَهُۥ ۚ وَٱعْلَمُوٓا۟ أَنَّ ٱللَّهَ يَعْلَمُ مَا فِىٓ أَنفُسِكُمْ فَٱحْذَرُوهُ ۚ وَٱعْلَمُوٓا۟ أَنَّ ٱللَّهَ غَفُورٌ حَلِيمٌ
(ഇദ്ദഃയുടെ ഘട്ടത്തില്‍) ആ സ്ത്രീകളുമായുള്ള വിവാഹാലോചന നിങ്ങള്‍ വ്യംഗ്യമായി സൂചിപ്പിക്കുകയോ, മനസ്സില്‍ സൂക്ഷിക്കുകയോ ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. അവരെ നിങ്ങള്‍ ഓര്‍ത്തേക്കുമെന്ന് അല്ലാഹുവിന്നറിയാം. പക്ഷെ നിങ്ങള്‍ അവരോട് മര്യാദയുള്ള വല്ല വാക്കും പറയുക എന്നല്ലാതെ രഹസ്യമായി അവരോട് യാതൊരു നിശ്ചയവും ചെയ്തു പോകരുത്. നിയമപ്രകാരമുള്ള അവധി (ഇദ്ദഃ) പൂര്‍ത്തിയാകുന്നത് വരെ (വിവാഹമുക്തകളുമായി) വിവാഹബന്ധം സ്ഥാപിക്കാന്‍ നിങ്ങള്‍ തീരുമാനമെടുക്കരുത്. നിങ്ങളുടെ മനസ്സുകളിലുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും, അവനെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക. അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാണെന്നും നിങ്ങള്‍ മനസ്സിലാക്കുക. (ഖുർആൻ: 2/235)
ഭര്‍ത്താക്കളുടെ മരണത്തെത്തുടര്‍ന്ന് ഇദ്ദഃയിലിരിക്കുന്ന സ്ത്രീകളുടെ നിശ്ചിതകാലം അവസാനിക്കും മുമ്പായിഅവരോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയോ, വിവാഹത്തെക്കുറിച്ച് രഹസ്യമായി വല്ലവാഗ്ദാനങ്ങളും നടത്തുകയോ, ഇദ്ദഃ കഴിഞ്ഞാല്‍ വിവാഹം കഴിക്കാമെന്ന് നിശ്ചയംചെയ്യുകയോ പാടില്ലെന്ന് അല്ലാഹു ഈ വചനം മുഖേന കല്‍പ്പിക്കുന്നു. എന്നാല്‍, സംഗതി തുറന്നു പറയാതെ, വല്ല സൂചനാവാക്കും പറയുകയോ, ഇദ്ദഃ കഴിഞ്ഞാല്‍വിവാഹം കഴിക്കാമെന്ന് മനസ്സില്‍വെച്ചു കൊണ്ടിരിക്കുകയോ ചെയ്യുന്നതിന് വിരോധമില്ലെന്നും പ്രസ്താവിക്കുന്നു. ഇസ്ലാം വിധവാ വിവാഹത്തെ എത്രമാത്രം പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.
ഭർത്താവ് മരണപ്പെട്ട സ്ത്രീകളോട് മറ്റൊരു വിവാഹത്തെ കുറിച്ച് കുടുംബക്കാ൪ സംസാരിക്കുമ്പോള്‍ വിധവകളായ സ്ത്രീകളിൽ നിന്നും സാധാരണ ഗതിയിൽ ‘ഇനിയൊരു വിവാഹം വേണ്ട’ എന്ന മറുപടിയാണ് ലഭിക്കുക. അത് കേവലം ഒരു സ്ത്രീസഹജമായ മറുപടിയാണെന്ന് തിരിച്ചറിയാന്‍ കഴിയേണ്ടതുണ്ട്. എന്നിരുന്നാലും അവളുടെ സമ്മതത്തോട് കൂടി മാത്രമേ വിവാഹം ചെയ്തുകൊടുക്കാന്‍ പാടുള്ളൂ. കന്യകയുടെ വിഷയത്തില്‍ മൌനം സമ്മതമാണെന്നതുപോലെ വിധവകളുടെ കാര്യത്തില്‍ സ്വീകരിക്കാന്‍ പാടില്ല.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: ” لاَ تُنْكَحُ الأَيِّمُ حَتَّى تُسْتَأْمَرَ وَلاَ تُنْكَحُ الْبِكْرُ حَتَّى تُسْتَأْذَنَ ”. قَالُوا يَا رَسُولَ اللَّهِ وَكَيْفَ إِذْنُهَا قَالَ ” أَنْ تَسْكُتَ ”.
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വിധവയെ അവളോട് കൂടിയാലോചിച്ചല്ലാതെ വിവാഹം ചെയ്തുകൊടുക്കാൻ പാടില്ല. അപ്രകാരം തന്നെ കന്യകയെ അവളുടെ സമ്മതമില്ലാതെയും വിവാഹം ചെയ്തുകൊടുക്കാൻ പാടില്ല. അവർ(അനുചരന്മാർ) ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ, എങ്ങനെയാണ് കന്യകയുടെ അനുവാദം? നബി ﷺ പറഞ്ഞു: അവൾ മൗനം ദീക്ഷിച്ചാൽ മതി.(അത് സമ്മതമായി കണക്കാക്കണം). (ബുഖാരി:5136)
സാമൂഹ്യവും സാമ്പത്തികവും മാനസികവുമായി പല പ്രശ്‌നങ്ങള്‍ നേരിടുന്ന വിധവകളെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നതിനും സമൂഹത്തിന് വലിയ ഉത്തരവാദിത്വമുണ്ട് . അവരെ സഹായിക്കുന്നവ൪ക്ക് അല്ലാഹു ഉന്നതമായ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: السَّاعِي عَلَى الأَرْمَلَةِ وَالْمِسْكِينِ كَالْمُجَاهِدِ فِي سَبِيلِ اللَّهِ ـ وَأَحْسِبُهُ قَالَ، يَشُكُّ الْقَعْنَبِيُّ ـ كَالْقَائِمِ لاَ يَفْتُرُ، وَكَالصَّائِمِ لاَ يُفْطِرُ.
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:വിധവയുടെയും ദരിദ്രന്റെയും ജീവിതം സുഖകരമാക്കുവാന്‍ വേണ്ടി പരിശ്രമിക്കുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്ന യോദ്ധാവിന് തുല്യമാണ്. (ബുഖാരി: 6007)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ النَّبِيُّ صلى الله عليه وسلم : السَّاعِي عَلَى الأَرْمَلَةِ وَالْمِسْكِينِ كَالْمُجَاهِدِ فِي سَبِيلِ اللَّهِ، أَوِ الْقَائِمِ اللَّيْلَ الصَّائِمِ النَّهَارَ.
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വിധവകളുടേയും അഗതികളുടെയും സ്ഥിതി സുഖകരമാക്കുവാന്‍ വേണ്ടി പരിശ്രമിക്കുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യുന്നവനെപ്പോലെയാണ്. അല്ലെങ്കില്‍ രാത്രി നമസ്കരിക്കുകയും പകലില്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവനെപ്പോലെ. (ബുഖാരി. 5353)
വിധവകളുടെ മക്കളുടെ സംരക്ഷണം
ഭ൪ത്താവ് മരണപ്പെട്ട വിധവകളുടെ മക്കള്‍ യതീമുകള്‍ (അനാഥകള്‍) ആണ്. ഇരുപതിലധികം സ്ഥലങ്ങളിലാണ് വിശുദ്ധ ഖുര്‍ആനില്‍ അനാഥകളെ കുറിച്ചുള്ള പരാമര്‍ശങ്ങളുള്ളത്. അനാഥകളെകുറിച്ചുള്ള നബിവചനങ്ങളും നിരവധിയുണ്ട്.. അത് പരിശോധിച്ചാല്‍ അനാഥകളുടെ വിഷയം മൂന്ന് തലങ്ങളെ ഉള്‍കൊള്ളുന്നുവെന്നാണ് മനസ്സിലാകുന്നത്.
ഒന്ന്: അനാഥകളോടു നന്മ ചെയ്യുന്നതിന്റെ പ്രാധാന്യവും പ്രതിഫലവും ഊന്നിപ്പറയുന്നത്.
രണ്ട്: അവരുടെ സാമൂഹ്യ അവകാശങ്ങളെ വിവരിക്കുന്നത്.
മൂന്ന്: അവരുടെ സാമ്പത്തിക അവകാശങ്ങളെ പരിഗണിക്കുന്നത്.
പിതാവിന്റെ ലാളനയും വാത്സല്യവും നഷ്ടപ്പട്ടവരാണ് അനാഥകള്‍. പക്ഷേ, അല്ലാഹുവിന്റെ കാരുണ്യം അവര്‍ക്ക് നഷ്ടമാകുന്നില്ല. അവരുടെ നഷ്ടങ്ങളെ നികത്താന്‍ ഉതകും വിധം നിയമങ്ങള്‍ നിശ്ചയിച്ചു വെച്ച റബ്ബ്, ജീവിച്ചിരിക്കുന്ന ചുറ്റുമുള്ളവരോട് നിര്‍ദേശിച്ചത് അനാഥയെ കൈവിടാതെ തങ്ങളുടെ ജീവിതത്തോട് ചേര്‍ത്തു പിടിക്കാനാണ്.
يَسْـَٔلُونَكَ مَاذَا يُنفِقُونَ ۖ قُلْ مَآ أَنفَقْتُم مِّنْ خَيْرٍ فَلِلْوَٰلِدَيْنِ وَٱلْأَقْرَبِينَ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينِ وَٱبْنِ ٱلسَّبِيلِ ۗ وَمَا تَفْعَلُوا۟ مِنْ خَيْرٍ فَإِنَّ ٱللَّهَ بِهِۦ عَلِيمٌ
(നബിയേ,) അവര്‍ നിന്നോട് ചോദിക്കുന്നു; അവരെന്താണ് ചെലവഴിക്കേണ്ടതെന്ന്. നീ പറയുക: നിങ്ങള്‍ നല്ലതെന്ത് ചെലവഴിക്കുകയാണെങ്കിലും മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും വഴിപോക്കന്‍മാര്‍ക്കും വേണ്ടിയാണത് ചെയ്യേണ്ടത്. നല്ലതെന്ത് നിങ്ങള്‍ ചെയ്യുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നവനാകുന്നു. (ഖുർആൻ: 2/215)
وَيَسْـَٔلُونَكَ عَنِ ٱلْيَتَٰمَىٰ ۖ قُلْ إِصْلَاحٌ لَّهُمْ خَيْرٌ ۖ وَإِن تُخَالِطُوهُمْ فَإِخْوَٰنُكُمْ ۚ وَٱللَّهُ يَعْلَمُ ٱلْمُفْسِدَ مِنَ ٱلْمُصْلِحِ ۚ وَلَوْ شَآءَ ٱللَّهُ لَأَعْنَتَكُمْ ۚ إِنَّ ٱللَّهَ عَزِيزٌ حَكِيمٌ
അനാഥകളെപ്പറ്റിയും അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: അവര്‍ക്ക് നന്‍മ വരുത്തുന്നതെന്തും നല്ലതാകുന്നു. അവരോടൊപ്പം നിങ്ങള്‍ കൂട്ടു ജീവിതം നയിക്കുകയാണെങ്കില്‍ (അതില്‍ തെറ്റില്ല.) അവര്‍ നിങ്ങളുടെ സഹോദരങ്ങളാണല്ലോ ? നാശമുണ്ടാക്കുന്നവനെയും നന്‍മവരുത്തുന്നവനെയും അല്ലാഹു വേര്‍തിരിച്ചറിയുന്നതാണ്. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ നിങ്ങള്‍ക്ക് ക്ലേശമുണ്ടാക്കുമായിരുന്നു. തീര്‍ച്ചയായും അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു. (ഖുർആൻ: 2/220)
فَأَمَّا ٱلْيَتِيمَ فَلَا تَقْهَرْ
എന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത്. (ഖുർആൻ: 93/9)
ഇസ്ലാമിലെ പരമപ്രധാനമായ വിഷയമാണ് തൌഹീദ്. വിശുദ്ധ ഖു൪ആനില്‍ തൌഹീദിനോടൊപ്പം അനാഥകള്‍ക്കും അഗതികള്‍ക്കും നന്‍മ ചെയ്യണം എന്ന കാര്യം പറഞ്ഞിട്ടുള്ളതായി കീണാം.
وَإِذْ أَخَذْنَا مِيثَٰقَ بَنِىٓ إِسْرَٰٓءِيلَ لَا تَعْبُدُونَ إِلَّا ٱللَّهَ وَبِٱلْوَٰلِدَيْنِ إِحْسَانًا وَذِى ٱلْقُرْبَىٰ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينِ وَقُولُوا۟ لِلنَّاسِ حُسْنًا وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ ثُمَّ تَوَلَّيْتُمْ إِلَّا قَلِيلًا مِّنكُمْ وَأَنتُم مُّعْرِضُونَ
അല്ലാഹുവിനെ അല്ലാതെ നിങ്ങള്‍ ആരാധിക്കരുത്; മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും നന്‍മ ചെയ്യണം; ജനങ്ങളോട് നല്ല വാക്ക് പറയണം; പ്രാര്‍ത്ഥന മുറ പ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യണം എന്നെല്ലാം നാം ഇസ്രായീല്യരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക). (എന്നാല്‍ ഇസ്രായീല്‍ സന്തതികളേ,) പിന്നീട് നിങ്ങളില്‍ കുറച്ച് പേരൊഴികെ മറ്റെല്ലാവരും വിമുഖതയോടെ പിന്‍മാറിക്കളയുകയാണ് ചെയ്തത്. (ഖുർആൻ: 2/83)
അനന്തരസ്വത്ത് ഭാഗിക്കുന്ന സന്ദര്‍ഭത്തില്‍, നിശ്ചിത അവകാശമൊന്നും ലഭിക്കാത്തവരായ അനാഥകള്‍ക്ക് അതില്‍ നിന്ന് എന്തെങ്കിലും കൊടുക്കണമെന്നുവരെ ഇസ്ലാം പറഞ്ഞിട്ടുണ്ട്.
وَإِذَا حَضَرَ ٱلْقِسْمَةَ أُو۟لُوا۟ ٱلْقُرْبَىٰ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينُ فَٱرْزُقُوهُم مِّنْهُ وَقُولُوا۟ لَهُمْ قَوْلًا مَّعْرُوفًا
(സ്വത്ത്) ഭാഗിക്കുന്ന സന്ദര്‍ഭത്തില്‍ (മറ്റു) ബന്ധുക്കളോ, അനാഥകളോ പാവപ്പെട്ടവരോ ഹാജറുണ്ടായാല്‍ അതില്‍ നിന്ന് അവര്‍ക്ക് നിങ്ങള്‍ വല്ലതും നല്‍കുകയും, അവരോട് മര്യാദയുള്ള വാക്ക് പറയുകയും ചെയ്യേണ്ടതാകുന്നു.(ഖുർആൻ: 4/8)
അനാഥകളുടെ വിഷയത്തിലുള്ള ജാഗ്രതയും പരിഗണനയും ഇസ്ലാമിന്റെ അടിസ്ഥാന ആദര്‍ശങ്ങളിലൊന്നാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അഭിമാനത്തിനും ജീവിത സുരക്ഷക്കും പരിക്കേല്‍ക്കും വിധം അനാഥയോടു അവഗണന കാണിക്കുന്നവരെ മതനിഷേധികളായിട്ടാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്.
أَرَءَيْتَ ٱلَّذِى يُكَذِّبُ بِٱلدِّينِ
فَذَٰلِكَ ٱلَّذِى يَدُعُّ ٱلْيَتِيمَ
മതത്തെ വ്യാജമാക്കുന്നവന്‍ (മതനിഷേധി) ആരെന്ന് നീ കണ്ടുവോ? അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്. (ഖുർആൻ: 107/1-2)
എല്ലാ അനാഥരും ദരിദ്രരാകണമെന്നില്ല. സാമ്പത്തികമായി ഉന്നതാവസ്ഥയിലുള്ളവരുമുണ്ടാകാം. എന്നാല്‍ പിതാവ് മരിച്ചതോട് കൂടി സമ്പത്ത് കൈകാര്യം ചെയ്യാന്‍ ആളില്ലാതെ വരുന്നു. ഇവിടെയെല്ലാം ഇസ്ലാം കൃത്യമായ മാ൪ഗനി൪ദ്ദേശം നല്‍കുന്നുമ്ട്.
وَلَا تَقْرَبُوا۟ مَالَ ٱلْيَتِيمِ إِلَّا بِٱلَّتِى هِىَ أَحْسَنُ حَتَّىٰ يَبْلُغَ أَشُدَّهُۥ ۖ
ഏറ്റവും ഉത്തമമായ മാര്‍ഗത്തിലൂടെയല്ലാതെ നിങ്ങള്‍ അനാഥയുടെ സ്വത്തിനെ സമീപിച്ചു പോകരുത്. അവന്ന് കാര്യപ്രാപ്തി എത്തുന്നത് വരെ (നിങ്ങള്‍ അവന്റെ രക്ഷാകര്‍ത്തൃത്വം ഏറ്റെടുക്കണം.)(ഖുർആൻ: 6/152)
وَءَاتُوا۟ ٱلْيَتَٰمَىٰٓ أَمْوَٰلَهُمْ ۖ وَلَا تَتَبَدَّلُوا۟ ٱلْخَبِيثَ بِٱلطَّيِّبِ ۖ وَلَا تَأْكُلُوٓا۟ أَمْوَٰلَهُمْ إِلَىٰٓ أَمْوَٰلِكُمْ ۚ إِنَّهُۥ كَانَ حُوبًا كَبِيرًا
അനാഥകള്‍ക്ക് അവരുടെ സ്വത്തുക്കള്‍ നിങ്ങള്‍ വിട്ടുകൊടുക്കുക. നല്ലതിനുപകരം ദുഷിച്ചത് നിങ്ങള്‍ മാറ്റിയെടുക്കരുത്. നിങ്ങളുടെ ധനത്തോട് കൂട്ടിചേര്‍ത്ത് അവരുടെ ധനം നിങ്ങള്‍ തിന്നുകളയുകയുമരുത്. തീര്‍ച്ചയായും അത് ഒരു കൊടും പാതകമാകുന്നു. (ഖുർആൻ: 4/2)
وَٱبْتَلُوا۟ ٱلْيَتَٰمَىٰ حَتَّىٰٓ إِذَا بَلَغُوا۟ ٱلنِّكَاحَ فَإِنْ ءَانَسْتُم مِّنْهُمْ رُشْدًا فَٱدْفَعُوٓا۟ إِلَيْهِمْ أَمْوَٰلَهُمْ ۖ وَلَا تَأْكُلُوهَآ إِسْرَافًا وَبِدَارًا أَن يَكْبَرُوا۟ ۚ وَمَن كَانَ غَنِيًّا فَلْيَسْتَعْفِفْ ۖ وَمَن كَانَ فَقِيرًا فَلْيَأْكُلْ بِٱلْمَعْرُوفِ ۚ فَإِذَا دَفَعْتُمْ إِلَيْهِمْ أَمْوَٰلَهُمْ فَأَشْهِدُوا۟ عَلَيْهِمْ ۚ وَكَفَىٰ بِٱللَّهِ حَسِيبًا
അനാഥകളെ നിങ്ങള്‍ പരീക്ഷിച്ച് നോക്കുക. അങ്ങനെ അവര്‍ക്കു വിവാഹപ്രായമെത്തിയാല്‍ നിങ്ങളവരില്‍ കാര്യബോധം കാണുന്ന പക്ഷം അവരുടെ സ്വത്തുക്കള്‍ അവര്‍ക്ക് വിട്ടുകൊടുക്കുക. അവര്‍ (അനാഥകള്‍) വലുതാകുമെന്നത് കണ്ട് അമിതമായും ധൃതിപ്പെട്ടും അത് തിന്നുതീര്‍ക്കരുത്. ഇനി (അനാഥരുടെ സംരക്ഷണമേല്‍ക്കുന്ന) വല്ലവനും കഴിവുള്ളവനാണെങ്കില്‍ (അതില്‍ നിന്നു എടുക്കാതെ) മാന്യത പുലര്‍ത്തുകയാണ് വേണ്ടത്. വല്ലവനും ദരിദ്രനാണെങ്കില്‍ മര്യാദപ്രകാരം അയാള്‍ക്കതില്‍ നിന്ന് ഭക്ഷിക്കാവുന്നതാണ്. എന്നിട്ട് അവരുടെ സ്വത്തുക്കള്‍ അവര്‍ക്ക് നിങ്ങള്‍ ഏല്‍പിച്ചുകൊടുക്കുമ്പോള്‍ നിങ്ങളതിന് സാക്ഷിനിര്‍ത്തേണ്ടതുമാണ്. കണക്കു നോക്കുന്നവനായി അല്ലാഹു തന്നെ മതി.(ഖുർആൻ: 4/6)
നമ്മുടെ കുടംബങ്ങളില്‍ വിധവകളും അനാഥകളും ഉണ്ടാകാം. അതേപോലെ നമുക്ക് ചുറ്റും വിധവകളും അനാഥകളും ഉണ്ടാകാം. ആ വിധവകളുടെ പുന൪വിവാഹം കഴിഞ്ഞാലും ഇല്ലെങ്കിലും ആ മക്കള്‍ പിതാവ് നഷ്ടപ്പെട്ടവ൪ തന്നെയാണ്. അവ൪ ഓരോരുത്തരുടെയും ആവശ്യം കണ്ടറിഞ്ഞ് സഹായിക്കാന്‍ സത്യവിശ്വാസികള്‍ക്ക് കഴിയണം. ഇതിനെല്ലാം അല്ലാഹുവിന്റെ അടുക്കല്‍ ഉന്നതമായ പ്രതിഫലമുണ്ട്.
عَنْ سَهْلٍ، قَالَ رَسُولُ اللَّهِ صلى الله عليه وسلم “ أَنَا وَكَافِلُ الْيَتِيمِ فِي الْجَنَّةِ هَكَذَا ”. وَأَشَارَ بِالسَّبَّابَةِ وَالْوُسْطَى، وَفَرَّجَ بَيْنَهُمَا شَيْئًا.
സഹ്ലില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:അനാഥ സംരക്ഷകനും ഞാനും സ്വർഗത്തിൽ ഇപ്രകാരമാണ്. നബി ﷺ ചൂണ്ടുവിരലും നടുവിരലും അൽപം വിടർത്തി ആംഗ്യം കാണിച്ചു. (ബുഖാരി: 5304)
عن عدي بن حاتم الطائي: قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَن ضمَّ يتيمًا له أو لغيرِه حتّى يُغنِيَه اللهُ عنه وجَبَتْ له الجنَّةُ
നബി ﷺ പറഞ്ഞു: ഒരാൾ തനിക്കുള്ള ഒരു യതീമിനെ അല്ലെങ്കിൽ അന്യനായ ഒരാളുടെ യതീമിനെ അല്ലാഹു ആ യതീമിന് സ്വയം പര്യാപ്തത നൽകുന്നതുവരെ തന്നിലേക്ക് ചേർത്ത് വളർത്തിയാൽ അയാൾക്ക് സ്വർഗം നിർബന്ധമായി. (ത്വബ്റാനി)
പ്രതിഫലേഛയോടു കൂടി യതീം മക്കളുടെ കാര്യത്തിൽ ഭംഗിയായി ചിലവഴിക്കാൻ നമുക്ക് സാധിച്ചാൽ, ലഭ്യമാകാൻ പോകന്നത് രണ്ട് ആശ്വാസങ്ങളാണ്. അതിൽ ഒന്ന് ഈ കുടുംബം ദുനിയാവിൽ ആശ്വസിക്കുകയും, മറ്റൊന്ന് നാം പരലോകത്തിൽ വെച്ച് ആശ്വസിക്കുകയും ചെയ്യും.