അല്ലാഹു സംസാരിക്കാത്ത വിഭാഗം

THADHKIRAH

മനുഷ്യന് ലഭിക്കുന്ന പാരത്രിക അനുഗ്രഹങ്ങളിൽ മഹത്വരമായിട്ടുള്ളതാണ് അവന്റെ സൃഷ്ടാവ് തന്നോട് സംസാരിക്കുകയെന്നത്.  എന്നാൽ ഈ അനുഗ്രഹങ്ങളിൽ നിന്ന് തടയപ്പെടുന്ന ചില വിഭാഗങ്ങളുണ്ട്. അഥവാ ചില വിഭാഗം ആളുകളോട് അവരുടെ ചില തിൻമകളാൽ, നാളെ പരലോകത്ത് വെച്ച് അല്ലാഹു  സംസാരിക്കുകയോ അവരെ നോക്കുകയോ ചെയ്യുകയില്ല. അത്തരം ആളുകൾ ചെയ്ത തിൻമകളെ കുറിച്ച് മനസ്സിലാക്കൽ ഓരോരുത്തരുടെയും ബാധ്യതയാണ്. എങ്കിൽ മാത്രമേ അത്തരം തിൻമകളിൽ നിന്നൊക്കെ നമുക്ക് വിട്ടുനിൽക്കുവാൻ കഴിയുകയുള്ളൂ.

1. അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥങ്ങളില്‍ നിന്ന് സത്യം മൂടിവെക്കുന്നവർ

അല്ലാഹു വേദഗ്രന്ഥം അവതരിപ്പിച്ചതിന്റെ ലക്ഷ്യം ഭൂലോകജനതയുടെ വിജയവും, മോക്ഷവുമാണ്. വേദഗ്രന്ഥത്തിലുള്ളത് ജനങ്ങൾക്ക് പറഞ്ഞുകൊടുക്കൽ അത് പഠിച്ചവരുടെ ബാധ്യതയാണ്.അത് ജനങ്ങള്‍ക്ക് വെളിവാക്കിക്കൊടുക്കാതെ, ഐഹികമായ ലാഭങ്ങളോ താല്‍കാലിക നേട്ടങ്ങളോ മറ്റെന്തെങ്കിലും താൽപ്പര്യങ്ങളോ ഉദ്ദേശിച്ച് മൂടിവെക്കുന്നവരോട് അല്ലാഹു നാളെ പരലോകത്ത് വെച്ച്  സംസാരിക്കുകയോ അവരെ സംശുദ്ധരാക്കുകയോ ചെയ്യുകയില്ല.

إِنَّ ٱلَّذِينَ يَكْتُمُونَ مَآ أَنزَلَ ٱللَّهُ مِنَ ٱلْكِتَٰبِ وَيَشْتَرُونَ بِهِۦ ثَمَنًا قَلِيلًا ۙ أُو۟لَٰٓئِكَ مَا يَأْكُلُونَ فِى بُطُونِهِمْ إِلَّا ٱلنَّارَ وَلَا يُكَلِّمُهُمُ ٱللَّهُ يَوْمَ ٱلْقِيَٰمَةِ وَلَا يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ ‎﴿١٧٤﴾‏ أُو۟لَٰٓئِكَ ٱلَّذِينَ ٱشْتَرَوُا۟ ٱلضَّلَٰلَةَ بِٱلْهُدَىٰ وَٱلْعَذَابَ بِٱلْمَغْفِرَةِ ۚ فَمَآ أَصْبَرَهُمْ عَلَى ٱلنَّارِ ‎﴿١٧٥﴾

അല്ലാഹു അവതരിപ്പിച്ച, വേദഗ്രന്ഥത്തിലുള്ള കാര്യങ്ങള്‍ മറച്ചുവെക്കുകയും, അതിന്നു വിലയായി തുച്ഛമായ നേട്ടങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നവരാരോ അവര്‍ തങ്ങളുടെ വയറുകളില്‍ തിന്നു നിറക്കുന്നത് നരകാഗ്നിയല്ലാതെ മറ്റൊന്നുമല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ (പാപങ്ങളില്‍ നിന്ന്‌) അവരെ സംശുദ്ധരാക്കുകയോ ചെയ്യുകയില്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും. സന്‍മാര്‍ഗത്തിനു പകരം ദുര്‍മാര്‍ഗവും, പാപമോചനത്തിനു പകരം ശിക്ഷയും വാങ്ങിയവരാകുന്നു അവര്‍. നരകശിക്ഷ അനുഭവിക്കുന്നതില്‍ അവര്‍ക്കെന്തൊരു ക്ഷമയാണ്‌! (ഖുർആൻ:2/174-175)

2. അല്ലാഹുവോടുള്ള കരാറും പ്രതിജ്ഞയും ലംഘിക്കുന്നവർ

إِنَّ ٱلَّذِينَ يَشْتَرُونَ بِعَهْدِ ٱللَّهِ وَأَيْمَٰنِهِمْ ثَمَنًا قَلِيلًا أُو۟لَٰٓئِكَ لَا خَلَٰقَ لَهُمْ فِى ٱلْـَٔاخِرَةِ وَلَا يُكَلِّمُهُمُ ٱللَّهُ وَلَا يَنظُرُ إِلَيْهِمْ يَوْمَ ٱلْقِيَٰمَةِ وَلَا يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ ‎﴿٧٧﴾‏

അല്ലാഹുവോടുള്ള കരാറും സ്വന്തം ശപഥങ്ങളും തുച്ഛവിലയ്ക്ക് വില്‍ക്കുന്നവരാരോ അവര്‍ക്ക് പരലോകത്തില്‍ യാതൊരു ഓഹരിയുമില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ, അവരുടെ നേര്‍ക്ക് (കാരുണ്യപൂര്‍വ്വം) നോക്കുകയോ ചെയ്യുന്നതല്ല. അവന്‍ അവര്‍ക്ക് വിശുദ്ധി നല്‍കുന്നതുമല്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുന്നതുമാണ്‌. (ഖുർആൻ:3/77)

അല്ലാഹുവോടുള്ള കരാറും സ്വന്തം ശപഥങ്ങളും തുച്ഛവിലയ്ക്ക് വില്‍ക്കുന്നവരാട് , നാളെ പരലോകത്ത് വെച്ച് അല്ലാഹു  സംസാരിക്കുകയോ അവരെ നോക്കുകയോ ചെയ്യുകയില്ല. അതായത് അല്ലാഹുവിന്‍റെ അസ്തിത്വം, ഏകത്വം, ആരാധ്യത മുതലായവ ഗ്രഹിക്കുവാനും അംഗീകരിക്കുവാനും സ്വയം ബാധ്യസ്ഥനായ  മനുഷ്യന്‍, ഈ ബാദ്ധ്യത നിറവേറ്റാത്തപക്ഷം, അല്ലാഹുവോടുള്ള കരാർ ലംഘിച്ചവനാണ്. അവനോടും  നബി ﷺ യില്‍ വിശ്വസിക്കുക, അവിടുന്ന് കൊണ്ടു വന്ന മാര്‍ഗം പിന്‍പറ്റുക മുതലായവ ചെയ്തുകൊള്ളാമെന്ന നിശ്ചയവും പ്രതിജ്ഞയുമെടുത്തിട്ട് അത് ലംഘിച്ചവനോടും  അല്ലാഹു  സംസാരിക്കുകയോ അവരെ നോക്കുകയോ ചെയ്യുകയില്ല.

3. വസ്ത്രം നെരിയാണിക്ക് താഴെ വലിച്ചിഴക്കുന്ന പുരുഷൻ
4. കൊടുത്തത് എടുത്ത് പറയുന്നവന്‍
5. കള്ള സത്യം ചെയ്ത് തന്റെ ചരക്ക് വിറ്റൊഴിക്കുന്നവന്‍

عَنْ أَبِي ذَرٍّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ ثَلاَثَةٌ لاَ يُكَلِّمُهُمُ اللَّهُ يَوْمَ الْقِيَامَةِ وَلاَ يَنْظُرُ إِلَيْهِمْ وَلاَ يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ ‏”‏ قَالَ فَقَرَأَهَا رَسُولُ اللَّهِ صلى الله عليه وسلم ثَلاَثَ مِرَارٍ ‏.‏ قَالَ أَبُو ذَرٍّ خَابُوا وَخَسِرُوا مَنْ هُمْ يَا رَسُولَ اللَّهِ قَالَ ‏”‏ الْمُسْبِلُ وَالْمَنَّانُ وَالْمُنَفِّقُ سِلْعَتَهُ بِالْحَلِفِ الْكَاذِبِ ‏”‏ ‏.‏

അബൂദ൪റില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് വിഭാഗം ആളുകള്‍, അല്ലാഹു അന്ത്യദിനത്തില്‍ അവരോട് സംസാരിക്കുകയോ അവരിലേക്ക് നോക്കുകയോ അവരെ ശുദ്ധീകരിക്കുകയോ ചെയ്യില്ല. വേദനജനകമായ ശിക്ഷ അവര്‍ക്കുണ്ടായിരിക്കും. അബൂദ൪റ്(റ) പറയുന്നു: നബി ﷺ ഇത് മൂന്ന് പ്രവാശ്യം പറഞ്ഞു. ഞാന്‍ ചോദിച്ചു. അല്ലാഹുവിന്റെ റസൂലെ, അവര്‍ ആരാണ്? എങ്കില്‍ അവര്‍ പരാജയപെടുകയും അവര്‍ക്ക് നഷ്ടപ്പെടുകയും ചെയ്തു. നബി ﷺ പറഞ്ഞു. വസ്ത്രം (നെരിയാണിക്ക് താഴെ)വലിച്ചിഴക്കുന്നവന്‍, കൊടുത്തത് എടുത്ത് പറയുന്നവന്‍, കള്ള സത്യം ചെയ്ത് തന്റെ ചരക്ക് വിറ്റൊഴിക്കുന്നവന്‍. (മുസ്ലിം:106)

6. യാത്രക്കാരന് കൊടുക്കാതെ വെള്ളം തടഞ്ഞ് വെച്ചവൻ
7. ഭൌതിക നേട്ടം മാത്രം ലക്ഷ്യം വെച്ച് ഇമാമിനോട് അനുസരണ പ്രതിജ്ഞ ചെയ്തവൻ

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: ثَلاَثَةٌ لاَ يَنْظُرُ اللَّهُ إِلَيْهِمْ يَوْمَ الْقِيَامَةِ، وَلاَ يُزَكِّيهِمْ، وَلَهُمْ عَذَابٌ أَلِيمٌ رَجُلٌ كَانَ لَهُ فَضْلُ مَاءٍ بِالطَّرِيقِ، فَمَنَعَهُ مِنِ ابْنِ السَّبِيلِ، وَرَجُلٌ بَايَعَ إِمَامًا لاَ يُبَايِعُهُ إِلاَّ لِدُنْيَا، فَإِنْ أَعْطَاهُ مِنْهَا رَضِيَ، وَإِنْ لَمْ يُعْطِهِ مِنْهَا سَخِطَ، وَرَجُلٌ أَقَامَ سِلْعَتَهُ بَعْدَ الْعَصْرِ، فَقَالَ وَاللَّهِ الَّذِي لاَ إِلَهَ غَيْرُهُ لَقَدْ أَعْطَيْتُ بِهَا كَذَا وَكَذَا، فَصَدَّقَهُ رَجُلٌ‏.‏ ثُمَّ قَرَأَ هَذِهِ الآيَةَ ‏{‏إِنَّ الَّذِينَ يَشْتَرُونَ بِعَهْدِ اللَّهِ وَأَيْمَانِهِمْ ثَمَنًا قَلِيلاً‏}‏

അബൂഹുറൈറ(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് വിഭാഗം മനുഷ്യന്മാര്‍ ഉണ്ട്. അന്ത്യദിനത്തില്‍ അല്ലാഹു അവരുടെ നേരെ (പരിഗണനാപൂര്‍വം) നോക്കുകയോ പരിശുദ്ധപ്പെടുത്തുകയോ ചെയ്യുകയില്ല. അവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. 1) വഴിയരികില്‍ മിച്ചമുളള വെളളമുണ്ടായിട്ട് അത് യാത്രക്കാരന് കൊടുക്കാതെ തടഞ്ഞുവെക്കുന്ന മനുഷ്യന്‍. 2) ഭൌതിക നേട്ടം മാത്രം ലക്ഷ്യം വെച്ച് ഇമാമിനോട് അനുസരണ പ്രതിജ്ഞ ചെയ്ത മനുഷ്യന്‍. ഇമാം അവന് വല്ല കാര്യലാഭവും നേടിക്കൊടുത്താല്‍ അവന്‍ സംതൃപ്തനാകും, ഇല്ലെങ്കിലോ വെറുപ്പും. 3) തന്റെ ചരക്ക് അസറിന് ശേഷം അങ്ങാടിയിലിറക്കി അല്ലാഹുവാണ് സത്യം, ഞാന്‍‌ ഈ ചരക്ക് ഇന്ന നിലവാരത്തില്‍ വാങ്ങിയതാണ് എന്ന് ഒരാള്‍ സത്യം ചെയ്തു പറഞ്ഞു. ഇതുകേട്ട് വിശ്വസിച്ച് മറ്റൊരാള്‍ ചരക്ക് വാങ്ങി. ആ മനുഷ്യനും. അനന്തരം നബി ﷺ ഇപ്രകാരം ഓതി :നിശ്ചയം തന്റെ പ്രതിജ്ഞയേയും അല്ലാഹുവിനോട് ചെയ്ത കരാറുകളും വിലക്ക് വാങ്ങുന്നവര്‍. (ബുഖാരി:2358)

8. വൃദ്ധനായ വ്യഭിചാരി
9. കള്ളം പറയുന്ന രാജാവ്‌
10. അഹങ്കാരിയായ ദരിദ്രന്‍

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ ثَلاَثَةٌ لاَ يُكَلِّمُهُمُ اللَّهُ يَوْمَ الْقِيَامَةِ وَلاَ يُزَكِّيهِمْ – قَالَ أَبُو مُعَاوِيَةَ وَلاَ يَنْظُرُ إِلَيْهِمْ – وَلَهُمْ عَذَابٌ أَلِيمٌ شَيْخٌ زَانٍ وَمَلِكٌ كَذَّابٌ وَعَائِلٌ مُسْتَكْبِرٌ ‏

അബൂഹുറൈറ(റ) വില്‍ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു: അന്ത്യദിനത്തില്‍ മൂന്ന് വിഭാഗം ആളുകളോട്‌ അല്ലാഹു സംസാരിക്കുകയോ അവരെ ശുദ്ധിയാക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യുകയില്ല. മാത്രമല്ല, വേദനാജനകമായ ശിക്ഷയും അവര്‍ക്കുണ്ട്‌. 1. വൃദ്ധനായ വ്യഭിചാരി 2. കള്ളം പറയുന്ന രാജാവ്‌ 3. അഹങ്കാരിയായ ദരിദ്രന്‍. (മുസ്ലിം:107)

عن سلمان قال: قال رسول الله صلى الله عليه وسلم : ثَلاثَةٌ لا يَنْظُرُ اللَّهُ إِلَيْهِمْ يَوْمَ الْقِيَامَةِ: أُشَيْمِطٌ زَانٍ، وَعَائِلٌ مُسْتَكْبِرٌ، وَرَجُلٌ جَعَلَ اللَّهَ بِضَاعَةً، لا يَشْتَرِي إِلا بِيَمِينِهِ، وَلا يَبِيعُ إِلا بِيَمِينِهِ

സല്‍മാന്‍ (റ) വില്‍ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് വിഭാഗം ആളുകളോട്‌, അല്ലാഹു സംസാരിക്കുകയോ, അവരെ സംസ്കരിക്കുകയോ ഇല്ല. അവര്‍ക്ക് വേദനിക്കുന്ന ശിക്ഷയുണ്ട് വ്യഭിചാരിയായ വൃദ്ധന്‍ , അഹങ്കാരിയായ ദരിദ്രന്‍ , അല്ലാഹുവെ കൊണ്ട് സത്യം ചെയ്ത് ക്രയവിക്രയം നടത്തുന്ന വ്യാപാരി. ( ത്വബ്റാനി : 5989 – സ്വഹീഹുൽ ജാമിഅ്:3072)

11. മാതാപിതാക്കളോട് അനുസരണക്കേട് കാണിക്കുന്നവൻ
12. പുരുഷവേഷത്തിൽ നടക്കുന്ന സ്ത്രീ
13. സ്വന്തം സംരക്ഷണത്തിലുള്ള സ്ത്രീകളെ മറ്റുള്ളവർക്ക് കാഴ്ച വെക്കുന്നവൻ

عن عبدالله بن عمر، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ ثَلاَثَةٌ لاَ يَنْظُرُ اللَّهُ عَزَّ وَجَلَّ إِلَيْهِمْ يَوْمَ الْقِيَامَةِ الْعَاقُّ لِوَالِدَيْهِ وَالْمَرْأَةُ الْمُتَرَجِّلَةُ وَالدَّيُّوثُ

അബ്ദില്ലാഹിബ്നു അംറ്(റ) വില്‍ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് വിഭാഗം ആളുകളോട്‌ അല്ലാഹു അന്ത്യദിനത്തില്‍ സംസാരിക്കുകയില്ല. മാതാപിതാക്കളോട് അനുസരണക്കേട് കാണിക്കുന്നവർ, പുരുഷവേഷത്തിൽ നടക്കുന്ന സ്ത്രീകൾ, സ്വന്തം സംരക്ഷണത്തിലുള്ള സ്ത്രീകളെ മറ്റുള്ളവർക്ക് കാഴ്ച വെക്കുന്നവർ എന്നിവരാണവർ. (നസാഇ:2562)

14. ഭാര്യയുമായി ഗുദമൈഥുനം നടത്തുന്നവൻ

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ قَالَ ‏ :‏ لاَ يَنْظُرُ اللَّهُ إِلَى رَجُلٍ جَامَعَ امْرَأَتَهُ فِي دُبُرِهَا

അബൂഹുറൈറ(റ) വില്‍ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു:  ഭാര്യയുമായി ഗുദമൈഥുനം നടത്തുന്നവനെ അല്ലാഹു നോക്കുകയില്ല. (നസാഇ:1923)

Leave a Reply

Your email address will not be published.

Similar Posts