ജൂതന്മാരും ക്രിസ്ത്യാനികളും അറുത്തത് ഭക്ഷിക്കുന്നതിന്റെ വിധി

THADHKIRAH

ജൂതന്മാരും ക്രിസ്ത്യാനികളും അറുത്തത് ഭക്ഷിക്കുന്നതിന്റെ വിധി എന്താണ്?

ജൂതന്മാരും ക്രിസ്ത്യാനികളും അറുത്തത് മുസ്ലിംകൾക്ക് ഭക്ഷിക്കാവുന്നതാണ്. അത് ഇസ്ലാം അനുവദിച്ച രീതിയിൽ അറുത്തതായിരിക്കണം. ചത്തതിനെയോ ഇസ്‌ലാം അനുവദിക്കാത്ത മറ്റേതെങ്കിലും രീതിയിൽ കൊന്ന മൃഗത്തിന്റെയോ മാംസമായിരിക്കരുത്. അതേപോലെ അവർ ‘ബിസ്മില്ലാഹ്’ ചൊല്ലിയിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതില്ല. അല്ലാഹു അല്ലാത്തവരുടെ പേര് ഉച്ചരിച്ചാണ് അവർ അറുത്തതെന്ന് അറിയാത്തിടത്തോളം അത് ഭക്ഷിക്കാവുന്നതാണ്.

അല്ലാഹു പറയുന്നു:

وَطَعَامُ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ حِلٌّ لَّكُمْ وَطَعَامُكُمْ حِلٌّ لَّهُمْ

വേദം നല്‍കപ്പെട്ടവരുടെ ഭക്ഷണം നിങ്ങള്‍ക്ക് അനുവദനീയമാണ്‌. നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാണ്‌. (ഖുർആൻ:5/5)

ഭക്ഷണം (طَعَام) എന്ന വാക്കില്‍ എല്ലാ ഭക്ഷ്യവസ്തുക്കളും ഉള്‍പെടുമെങ്കിലും ഇവിടെ പ്രധാനമായും ഉദ്ദേശ്യം അവരാല്‍ അറുക്കപ്പെട്ട വസ്തുക്കളുടെ മാംസമാണെന്ന് സന്ദര്‍ഭം കൊണ്ടു മനസ്സിലാക്കാം. മാത്രമല്ല, ധാന്യവര്‍ഗ്ഗങ്ങള്‍, ഫലവര്‍ഗ്ഗങ്ങള്‍ മുതലായ വസ്തുക്കള്‍ ആരുടേതായാലും ഭക്ഷിക്കുന്നതിനു വിരോധമില്ലെന്നുള്ളത് പരക്കെ സംശയരഹിതമായ കാര്യമാണ്. അതുകൊണ്ട് വേദക്കാരുടെ ഇതര ഭക്ഷ്യവസ്തുക്കളെപ്പോലെത്തന്നെ അവര്‍ അറുത്തതിന്റെ മാംസവും ഭക്ഷിക്കാമെന്നാണ് ‘വേദം നല്‍കപ്പെട്ടവരുടെ ഭക്ഷണം നിങ്ങള്‍ക്ക് അനുവദനീയമാണ് (وَطَعَامُ الَّذِينَ أُوتُوا الْكِتَابَ حِلٌّ لَّكُمْ) എന്ന് പറഞ്ഞതിന്റെ താല്‍പര്യമെന്നതില്‍ ആര്‍ക്കും ഭിന്നാഭിപ്രായമില്ല. (അമാനി തഫ്സീർ – ഖുർആൻ:5/5 ന്റെ വിശദീകരണത്തിൽ നിന്ന്)

عَنْ عَائِشَةَ ـ رضى الله عنها ـ أَنَّ قَوْمًا، قَالُوا يَا رَسُولَ اللَّهِ، إِنَّ قَوْمًا يَأْتُونَنَا بِاللَّحْمِ لاَ نَدْرِي أَذَكَرُوا اسْمَ اللَّهِ عَلَيْهِ أَمْ لاَ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ سَمُّوا اللَّهَ عَلَيْهِ وَكُلُوهُ ‏”‏‏.‏

ആയിശാ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം:  ഒരു വിഭാഗം ജനങ്ങള്‍ നബി ﷺ യോട് ചോദിച്ചു. പ്രവാചകരേ! ചില ആളുകള്‍ ഞങ്ങള്‍ക്ക് മാംസം കൊണ്ടു വന്നു തരാറുണ്ട്. ബിസ്മി ചൊല്ലി അറുത്തതാണോ അല്ലയോ അതെന്ന് ഞങ്ങള്‍ക്കറിയില്ല. അപ്പോള്‍ നബി ﷺ അരുളി: നിങ്ങള്‍ ബിസ്മി ചൊല്ലി തിന്നുകൊള്ളുക. (ബുഖാരി:2057)

عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ـ أَنَّ يَهُودِيَّةً، أَتَتِ النَّبِيَّ صلى الله عليه وسلم بِشَاةٍ مَسْمُومَةٍ، فَأَكَلَ مِنْهَا فَجِيءَ بِهَا فَقِيلَ أَلاَ نَقْتُلُهَا‏.‏ قَالَ ‏ “‏ لاَ ‏”‏‏.‏ فَمَا زِلْتُ أَعْرِفُهَا فِي لَهَوَاتِ رَسُولِ اللَّهِ صلى الله عليه وسلم‏.‏

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരു ജൂതസ്ത്രീ നബി ﷺ ക്ക് വിഷം കലര്‍ത്തിയ ആട്ടിന്‍റെ മാംസം പാരിതോഷികം നല്‍കി. നബി ﷺ അതില്‍ നിന്ന് തിന്നു. ഞങ്ങള്‍ അവളെ വധിക്കട്ടെയോ എന്ന് ചോദിക്കപ്പെട്ടു. പാടില്ലെന്ന് നബി ﷺ പറഞ്ഞു. അനസ് رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ യുടെ ചെറുനാക്കില്‍ അതിന്‍റെ ശല്യം ദര്‍ശിച്ചു കൊണ്ടിരുന്നു. (ബുഖാരി:2617)

അഹ്‌ലുൽ കിതാബ് (ജൂതന്മാരും ക്രിസ്ത്യാനികളും) അറുത്തത് ഭക്ഷിക്കുന്നതിന്റെ വിധിയെന്താണ്? അവർ ബിസ്മി ചൊല്ലുകയില്ലല്ലോ? ഇസ്‌ലാം അനുവദിക്കുന്ന രീതിയിൽ തന്നെയാണോ അവർ അറുത്തത് എന്ന് ചോദിച്ചറിയൽ നിർബന്ധമാണോ?

ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉഥൈമീൻ حَفِظَهُ اللَّهُ പറയുന്നു: അഹ്‌ലുൽ കിതാബ് (ജൂതന്മാരും ക്രിസ്ത്യാനികളും) അറുത്തത് നമുക്ക് അനുവദനീയമാണ്. കാരണം, വേദക്കാർ അറുത്തത് അനുവദനീയമാണെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. (ഖുർആൻ:5/5)

അവർ എങ്ങനെയാണ് അറുത്തതെന്നോ, അറുക്കുന്നതിന് മുമ്പ് അവർ ബിസ്മി ചൊല്ലിയിട്ടുണ്ടോ ഇല്ലേ എന്നൊന്നും ചോദിച്ചറിയൽ നിർബന്ധമല്ല. അങ്ങനെ ചോദിച്ചറിയാൻ പഠിപ്പിക്കപ്പെട്ടിട്ടുമില്ല.

നബി ﷺ യുടെ അരികിൽ വന്ന് ചില സ്വഹാബിമാർ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഒരു സമൂഹം ഞങ്ങൾക്ക് മാംസം കൊണ്ടുവന്ന് തന്നിരിക്കുന്നു. അവർ അറുക്കുന്നതിന് മുമ്പ് ബിസ്മി ചൊല്ലിയിട്ടുണ്ടോ ഇല്ലേ എന്ന് ഞങ്ങൾക്കറിയില്ല. അപ്പോൾ നബിﷺ പറഞ്ഞു: നിങ്ങൾ ബിസ്മി ചൊല്ലുകയും അത് ഭക്ഷിക്കുകയും ചെയ്ത് കൊള്ളുക. (ബുഖാരി: 2057)

ഒരാൾ അറുത്തത് ഭക്ഷിക്കൽ നമുക്ക് അനുവദനീയമാണെങ്കിൽ, അയാൾ എങ്ങനെയാണത് അറുത്തതെന്നോ അറുക്കുന്നതിന് മുമ്പ് ബിസ്മി ചൊല്ലിയിട്ടുണ്ടോ ഇല്ലേ എന്നൊന്നും നാം ചോദിച്ചറിയേണ്ടതില്ല എന്നാണ് ഈ സംഭവം അറിയിക്കുന്നത്.മാത്രമല്ല, ഖൈബറിലെ ഒരു  ജൂതപ്പെണ്ണ് നബിﷺയെ ഭക്ഷണത്തിന് ക്ഷണിക്കുകയും അവർ പാകം ചെയ്ത ആട്ടിറച്ചി നബിﷺ ഭക്ഷിക്കുകയും ചെയ്തു. (ബുഖാരി: 2617)ആ ആടിനെ അവർ എങ്ങനെയാണ് അറുത്തത് എന്ന് നബിﷺ ചോദിച്ചറിഞ്ഞിട്ടില്ല. അപ്പോൾ ഏതെങ്കിലും ഒരാൾ അറുത്തത് നമുക്ക് അനുവദനീയമാണെങ്കിൽ, അവർ എങ്ങനെയാണ് അറുത്തതെന്നോ അറുക്കുന്നതിന് മുമ്പ് ബിസ്മി ചൊല്ലിയിട്ടുണ്ടോ ഇല്ലേ എന്നോ ചോദിച്ചറിയാൻ പഠിപ്പിക്കപ്പെട്ടിട്ടില്ല; അത് നബിﷺയുടെ സുന്നത്തുമല്ല.

എന്നാൽ, ശ്വാസം മുട്ടിച്ചുകൊന്ന മൃഗത്തിന്റെയോ വെടിവെച്ച് കൊന്നതിന്റെയോ തിളച്ചുമറിയുന്ന വെള്ളത്തിലേക്കിട്ട് കൊന്നതിന്റെയോ ഇസ്‌ലാം അനുവദിക്കാത്ത മറ്റേതെങ്കിലും രീതിയിൽ കൊന്ന മൃഗത്തിന്റെയോ മാംസമാണ് നിങ്ങളുടെ മുന്നിലേക്ക് കൊണ്ടുവരപ്പെട്ടതെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ, ആ മാംസം ഹലാലല്ല. അത് ഇസ്‌ലാം അനുവദിച്ച രീതിയിൽ അറുത്തതുമല്ല.

ഒരു മുസ്‌ലിമായ മനുഷ്യനാണ് ഈ പറഞ്ഞ രീതികളിൽ അറുത്തത് എങ്കിലും, ആ മാംസം ഹലാലാവുകയില്ല. എങ്കിൽ പിന്നെ, അഹ്‌ലുൽ കിതാബിൽ പെട്ടവരാണ് ഈ രീതിയിൽ മാംസം കൊണ്ടുവന്നത് എങ്കിൽ അത് ഭക്ഷിക്കാൻ പാടില്ല എന്ന് പറയേണ്ടതില്ലല്ലോ. ഇനി, അഹ്‌ലുൽ കിതാബിൽ തന്നെ പല രീതിയിൽ മൃഗത്തെ കൊല്ലുന്നവർ ഉണ്ടാകും. ചിലർ അറുത്തിട്ടായിരിക്കും, മറ്റുചിലർ ശ്വാസം മുട്ടിച്ച് കൊണ്ടായിരിക്കും. അറുത്തതിന്റെ മാംസമാണോ അതല്ല, ശ്വാസംമുട്ടിച്ച് കൊന്നതാണോ എന്നൊക്കെ സംശയമുണ്ടെങ്കിൽ ആ മാംസം ഒഴിവാക്കുന്നതാണ് നല്ലത്. കാരണം, സംശയമുള്ള ഒരു കാര്യം ഒഴിവാക്കി സംശയമില്ലാത്ത ഒരു കാര്യം സ്വീകരിക്കലാണ് സൂക്ഷ്മവും നല്ലതും. (https://bit.ly/310TB0E)

ശൈഖ് സുലൈമാൻ റുഹൈലി حَفِظَهُ اللَّهُ പറയുന്നു: പ്രിയപ്പെട്ട സഹോദരങ്ങളേ! ഏതെങ്കിലും വിഷയത്തിൽ ഒരു തെളിവ് വന്നിട്ടുണ്ടെങ്കിൽ ആ തെളിവിന് അനുസരിച്ച് നമ്മൾ നിലകൊള്ളണം എന്നതാണ് ഒന്നാമതായും നിർബന്ധമായും നമ്മൾ മനസ്സിലാക്കേണ്ട കാര്യം. അഹ്‌ലുൽ കിതാബ് അറുത്തത് ഹലാലാണ് എന്നതിന് തെളിവ് വന്നിട്ടുണ്ട്. (ഖുർആൻ:5/5)

അപ്പോൾ, ഇസ്‌ലാം അനുവദിക്കുന്ന രീതിയിൽ അറുത്ത മാംസം അഹ്‌ലുൽ കിതാബിൽ നിന്ന് കൊണ്ട് വരപ്പെട്ടാൽ നമ്മൾ അത് സ്വീകരിക്കുകയും ഭക്ഷിക്കുകയും ചെയ്യും. എന്നാലിനി, അറുക്കാതെ തലയോട് കൂടി ഒരു കോഴിയെ അഹ്‌ലുൽ കിതാബിൽ പെട്ട ഒരാൾ കൊണ്ടുവന്ന് തന്നു എന്ന് കരുതുക. അതിനെ ഇസ്‌ലാമിക പരമായി കൊന്നതാണെന്ന് പറയുകയും ചെയ്തു. എന്നാലും അത് കഴിക്കൽ നമുക്ക് അനുവദനീയമല്ല. കാരണം അങ്ങനെ ഒരു കോഴിയെ, നമ്മുടെ അയൽവാസിയും പള്ളിയിൽ നമ്മുടെ തൊട്ടടുത്ത് നിന്ന് നമസ്കരിക്കുന്നവനുമായ ഒരു മുസ്‌ലിം കൊണ്ടുവന്ന് തന്നാൽ പോലും നമുക്ക് അത് അനുവദനീയമല്ല. അതുപോലെത്തന്നെ, അറുക്കുന്ന സമയത്ത് അല്ലാഹു അല്ലാത്തവരുടെ പേര് ഉച്ചരിച്ചാണ് അവർ അറുത്തത് എന്ന് നമുക്കറിയുമെങ്കിൽ, നാം അത് ഭക്ഷിക്കാതെ ഒഴിവാക്കുകയാണ് വേണ്ടത്. ഇനി അതൊന്നും നമുക്കറിയില്ലെങ്കിൽ, അഹ്‌ലുൽ കിതാബ് അറുത്ത മാംസം നാം സ്വീകരിക്കുകയും ബിസ്മി ചൊല്ലി ഭക്ഷിക്കുകയും ചെയ്യും. ഈ ഒരു ഇളവ് അല്ലാഹു നമുക്ക് നൽകിയ നിഅ്മത്താണ്. (https://youtu.be/MQCz3lvU0UM)

Leave a Reply

Your email address will not be published.

Similar Posts